അറിഞ്ഞിരിക്കാന്‍

പരിശുദ്ധ ജപമാലയുടെ ഉദ്ഭവവും പരിണാമവും!

Print By
about

യേഹ്ശുവായുടെ കുരിശുമരണത്തിനുശേഷം പന്തക്കുസ്താവരെയുള്ള നാളുകളില്‍ അവിടുത്തെ ശിഷ്യന്മാര്‍ തികച്ചും അരക്ഷിതാവസ്ഥയില്‍ ആയിരുന്നുവെന്ന് ബൈബിള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാകും! യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റുവെങ്കിലും ഈ വികാരം ഇവരില്‍നിന്നു പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നില്ല. ഇടയനില്ലാത്ത ആടുകളുടെ അവസ്ഥയിലായിരുന്ന ശിഷ്യന്മാര്‍ തങ്ങളുടെ പഴയ തൊഴിലുകളിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചതുതന്നെ അവരെ ഗ്രസിച്ചിരുന്ന നിരാശയുടെ തെളിവാണ്! ശിഷ്യന്മാരില്‍ പലരും മത്സ്യത്തൊഴിലാളികളായിരുന്നുവെന്ന്‍ നമുക്കറിയാം. പത്രോസും അവന്റെ സഹോദരന്‍ അന്ത്രയോസും സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും മത്സ്യബന്ധനം ഉപജീവനമാക്കിയവരായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. മത്സ്യത്തെ പിടിച്ചിരുന്ന ഇവര്‍ക്ക് യേഹ്ശുവാ നല്‍കിയ വാഗ്ദാനം ഇതായിരുന്നു: "എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും"(മത്താ:4;19).

യേഹ്ശുവായുടെ വിളി ലഭിച്ചമാത്രയില്‍തന്നെ തങ്ങളുടെ തൊഴില്‍ ഉപേക്ഷിച്ച് അവിടുത്തെ അനുഗമിക്കുകയായിരുന്നു ഇവര്‍! മനുഷ്യരെപ്പിടിക്കുന്നവരാക്കും എന്ന് വാഗ്ദാനം നല്‍കിയവന്റെ വേര്‍പാട് ഇവരെ അലക്ഷ്യതയിലും അരക്ഷിതാവസ്ഥയിലും എത്തിച്ചുവെന്നത് സ്വാഭാവികമാണ്! അതുകൊണ്ടുതന്നെ, ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടം, യേഹ്ശുവായുടെ കുരിശുമരണംമുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള നാല്പതു ദിവസമായിരുന്നു! ദൈവജനത്തിനു ലഭ്യമാകുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും മുന്‍പ് ഒരു നാല്‍പ്പതു കാണാന്‍ കഴിയും! ഇസ്രായേലിനു നിയമങ്ങളും ചട്ടങ്ങളും നല്‍കുമ്പോള്‍ നാല്പതു രാവും നാല്പതു പകലും മോശ പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് വചനം വെളിപ്പെടുത്തുന്നുണ്ട്! ഇസ്രായേല്‍ജനത്തിനു വാഗ്ദത്തനാട്ടില്‍ പ്രവേശിക്കാന്‍ മരുഭൂമിയിലൂടെ നാല്പതുവര്‍ഷം യാത്രചെയ്യേണ്ടി വന്നു. യേഹ്ശുവാ അവിടുത്തെ പരസ്യജീവിതം ആരംഭിച്ചത് നാല്പതു ദിനരാത്രങ്ങള്‍ മരുഭൂമിയില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതിനുശേഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്! നാല്‍പ്പത് മണിക്കൂര്‍, നാല്പതു ദിവസം, നാല്പത് ആഴ്ച, നാല്പതു മാസം, നാല്പതു വര്‍ഷം, നാല്പതു നൂറ്റാണ്ട് എന്നിവ ബൈബിളില്‍ പ്രാധാന്യത്തോടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, വചനവുമായി ബന്ധപ്പെട്ടു നാല്പതിന്റെ പ്രാധാന്യം അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍, 'ബൈബിളില്‍ നാല്‍പ്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!' എന്ന ലേഖനം വായിക്കുക.

യേഹ്ശുവായോടൊപ്പം ജീവിച്ച മൂന്നുവര്‍ഷങ്ങള്‍ ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടുവെന്ന് ചിന്തിക്കാന്‍ കഴിയില്ല. കാരണം, യേഹ്ശുവാ കൂടെയുണ്ടായിരുന്ന നാളുകളില്‍ ഇവര്‍ക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല. ചെല്ലുന്നിടത്തൊക്കെ തങ്ങളെ സ്വീകരിക്കാന്‍ വന്‍ ജനാവലിയും യേഹ്ശുവായുടെ ശിഷ്യരെന്ന പരിഗണനയും ഇവരെ ഹരംപിടിപ്പിച്ചു! യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കാനുള്ള അധികാരം ഭരമേല്പിക്കപ്പെട്ട വ്യക്തികള്‍ എന്നനിലയില്‍ മേനിഭാവിച്ചിട്ടുമുണ്ടാകാം! എന്നാല്‍, ഇവരുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഗുരു വധിക്കപ്പെട്ടു! തങ്ങള്‍ ആരില്‍ പ്രത്യാശവച്ചുവോ അവന്റെ പരാജയം തങ്ങളുടെ സ്വപ്‌നങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയുന്നതിനു കാരണമായി! വാസ്തവത്തില്‍, ക്രിസ്തുവിന്റെ രാജത്വത്തെ ഇവരും പ്രതീക്ഷിച്ചിരുന്നു! യേഹ്ശുവായുടെ മരണം ഒരു പരാജയമായിരുന്നുവെന്ന ചിന്ത മറ്റുള്ളവരിലെന്നപോലെ ശിഷ്യരിലും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്, വള്ളവും വലയുമായി ഇവര്‍ പഴയ തൊഴിലിലേക്കു മടങ്ങിയതിലൂടെ വ്യക്തമാകുന്നത്!

യേഹ്ശുവായാല്‍ വിളിക്കപ്പെട്ടതിനുശേഷം ശിഷ്യന്മാര്‍ നേരിട്ട മരുഭൂമി അനുഭവമായിരുന്നു ഈ നാല്പതു ദിനങ്ങള്‍. മരുഭൂമിയിലെ മരുപ്പച്ചപോലെ വല്ലപ്പോഴുമൊരിക്കല്‍ തങ്ങളുടെ ഗുരുവിന്റെ സാമീപ്യം ലഭിച്ചിരുന്നുവെങ്കിലും വിജാതിയരില്‍നിന്നു വലിയ വ്യത്യാസമില്ലായിരുന്നു ഇവരുടെ അവസ്ഥയ്ക്ക്! വിജാതിയതയ്ക്ക് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്കാറുണ്ട്. ക്രിസ്തുവിനുശേഷമുള്ള കാലഘട്ടത്തില്‍ വിജാതിയര്‍ എന്നു വിളിക്കപ്പെടേണ്ടത്, യേഹ്ശുവായുടെ മരണം പരാജയമായിരുന്നുവെന്ന് കരുതുന്ന വ്യക്തികളെയാകുന്നു. ഇതാണ്, വിജാതിയരെ സംബന്ധിച്ചുള്ള മനോവയുടെ മതം! അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ മരണംമുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള നാല്പതു ദിവസം ശിഷ്യന്മാര്‍ അനുഭവിച്ച മരിവിപ്പ് വിജാതിയതയുടെ വ്യര്‍ത്ഥതായായി പരിഗണിക്കാം! എന്നാല്‍, ഇവരെ വിളിച്ചവന്‍ വിശ്വസ്തനായിരുന്നതുകൊണ്ട്, ഇവരുടെ അവിശ്വാസത്തെ പരിഗണിച്ചില്ല എന്നതാണു വസ്തുത!

ശിഷ്യന്മാരുടെ നിരാശ വ്യക്തമാക്കുന്ന ഒരു സംഭവം വചനത്തിലൂടെ മനസ്സിലാക്കിയതിനുശേഷം നമ്മുടെ വിഷയത്തിലേക്കു കടക്കാം. തിബേരിയാസ് കടല്‍ത്തീരത്തുവച്ചു നടന്ന സംഭവം ഇങ്ങനെ: "ശിമയോന്‍ എന്ന കേപ്പാ, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമാ, ഗെലീലെയായിലെ കാനയില്‍നിന്നുള്ള നാഥാനിയേല്‍, സെബ്ദിയുടെ പുത്രന്മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ എന്ന കേപ്പാ പറഞ്ഞു: ഞാന്‍ മീന്‍പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല"(യോഹ:21;2,3). നമ്മുടെ യുക്തിയെ അനുധാവനം ചെയ്തുകൊണ്ട് ചില വ്യാപാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതു പരാജയമാകുന്നുവെങ്കില്‍, ഈ വചനം സ്മരിക്കുന്നത് നല്ലതാണ്. ദൈവം ഏല്പിക്കാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍, ആ മേഖലയിലെ നമ്മുടെ പ്രാവിണ്യമുണ്ടെങ്കില്‍ത്തന്നെയും പരാജയപ്പെടുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇതുതന്നെയാണ്, കേപ്പായ്ക്കും സഹശിഷ്യന്മാര്‍ക്കും സംഭവിച്ചത്! മത്സ്യബന്ധനത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നിട്ടും ഒരു മീന്‍പോലും കിട്ടാതിരുന്നത് കടലില്‍ മീനില്ലാത്തതുകൊണ്ടായിരുന്നില്ലെന്ന്‍ തുടര്‍ന്നുള്ള വചനത്തിലൂടെ നാം മനസ്സിലാക്കുന്നുണ്ട്! ദൈവഹിതത്തിനു വിപരീതമായ കാര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, അതില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കാന്‍ ദൈവമൊരുക്കുന്ന ക്രമീകരണമാണ് ഇത്തരം ഫലശൂന്യമായ അവസ്ഥകള്‍!

നമ്മുടെ വിഷയത്തില്‍ ഈ വചനത്തിന്റെ പ്രാധാന്യം മറ്റൊന്നാണ്! അതിനാല്‍, ആ വിഷയത്തിലേക്കുതന്നെ നമുക്കു തിരിച്ചുവരാം. രാത്രിമുഴുവന്‍ ശ്രമിച്ചിട്ടും ഒരു മത്സ്യത്തെപ്പോലും ലഭിക്കാതിരുന്ന ശിഷ്യന്മാര്‍ക്ക് യേഹ്ശുവാ നല്‍കുന്ന സമ്മാനം പിന്നീടുള്ള വചനത്തില്‍ കാണാം. യേഹ്ശുവാ അവരോടു പറഞ്ഞു: "വള്ളത്തിന്റെ വലത്തുവശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചുകയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല"(യോഹ:21;6). ഇത് വലിയൊരു അടയാളമാണ്. രാത്രിമുഴുവന്‍ വലയിട്ടിട്ടും ഒറ്റ മത്സ്യത്തെപ്പോലും കിട്ടാതിരുന്നിട്ടും, യേഹ്ശുവായുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ അദ്ഭുതം സംഭവിച്ചു! ഇത് യേഹ്ശുവായുടെ വായില്‍നിന്നു പുറപ്പെട്ട വചനത്തിന്റെ ശക്തിയാണ്!

മത്സ്യം ഒരു സമീകൃത ഭക്ഷണമാണെന്നു നമുക്കറിയാം. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ആഹാരത്തെയാണ് സമീകൃതാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്! യേഹ്ശുവായുടെ മരണാനന്തരം ഭൗതീകവും ആദ്ധ്യാത്മികവുമായി തളര്‍ന്നിരുന്ന ശിഷ്യന്മാര്‍ക്ക് ഈ ഭക്ഷണം ശാരീരികമായി മാത്രമല്ല, ആദ്ധ്യാത്മികമായും ഉണര്‍വു നല്കി എന്നതാണു യാഥാര്‍ത്ഥ്യം! പിന്നീടുള്ള സംഭവങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു! യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് നടന്നത്! ഇവയ്ക്കെല്ലാം സാക്ഷിയായിരുന്ന യോഹന്നാനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശാരീരിക ഭക്ഷണം മാത്രമായിരുന്നില്ല അവിടുന്ന് അവര്‍ക്കു നല്‍കിയത് എന്ന വിഷയത്തിലേക്കാണു നാം കടക്കുന്നത്. അതുവരെ നിരാശരായിരുന്ന ശിഷ്യന്മാര്‍ പ്രാതലിനുശേഷം ആത്മീയമായ ഉണര്‍വു കൈവരിക്കുന്നത് ഈ ആത്മീയഭക്ഷണത്തിലൂടെ ആയിരുന്നു! പത്രോസിനെ അജപാലന ദൗത്യം ഏല്‍പ്പിക്കുന്നത് ഈ പ്രാതലിനു ശേഷമായിരുന്നു! ബൈബിളില്‍ ഇങ്ങനെയാണ് ആ സംഭവം വിവരിച്ചിരിക്കുന്നത്: "അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേഹ്ശുവാ ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് യേഹ്ശുവായെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക"(യോഹ:21;15).

മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചോദിക്കുകയും ഉത്തരം പറയിക്കുകയും ചെയ്തതായി പിന്നീടുള്ള വചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിരാശയോടെ കടലിലേക്കു പോയ ശിഷ്യന്മാര്‍ ആത്മീയ ഉണര്‍വു പ്രാപിച്ചതിന്റെ അടയാളം പതോസിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു! ഈ സംഭവത്തിനുശേഷം ബഥാനിയായിലെ ഒലിവുമലയിലേക്കു ശിഷ്യന്മാരെ കൂട്ടിക്കൊണ്ടുപോവുകയും അവിടെനിന്നു സ്വര്‍ഗ്ഗാരോഹണം ചെയ്യുകയുമാണ് ഉണ്ടായത്! മറ്റു സുവിശേഷകരുടെ വെളിപ്പെടുത്തലുകള്‍ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും! യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പത്തുദിവസം ശിഷ്യന്മാര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പരിശുദ്ധാത്മാവിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നു നമുക്കറിയാം. യേഹ്ശുവായില്‍നിന്ന്‍ ഇവര്‍ക്കു ലഭിച്ച ആത്മീയഭക്ഷണത്തില്‍നിന്നാണ് ഈ പ്രാര്‍ത്ഥനാ ചൈതന്യം ഇവര്‍ക്കു ലഭിച്ചതെന്നു മനോവ കരുതുന്നു. ഇത്തരത്തില്‍ ചിന്തിക്കാന്‍ മനോവയ്ക്കു കാരണമുണ്ട്. ആ കാരണവും ജപമാലപ്രാര്‍ത്ഥനയും തമ്മില്‍ വലിയ ബന്ധമുള്ളതുകൊണ്ടാണ്, ഇത്രയും വിവരണം ആവശ്യമായി വന്നത്!

യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണവും ശിഷ്യന്മാരുടെ രക്തസാക്ഷിത്വവുമെല്ലാം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌ ജപമാലപ്രാര്‍ത്ഥന ആരംഭിച്ചതെങ്കിലും, തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ഈ പ്രാര്‍ത്ഥനയ്ക്കുള്ള അടിസ്ഥാനശില സ്ഥാപിച്ചിരുന്നു! അപ്പസ്തോലന്മാര്‍ക്ക് അന്ന്‍ യേഹ്ശുവാ നല്‍കിയ മത്സ്യങ്ങളുടെ എണ്ണവും ജപമാലമണികളുടെ എണ്ണവും തുല്യമായത് ആരും അവഗണിക്കരുത്. കാരണം, ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഓരോ സംഖ്യയും വ്യക്തമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്! ആകസ്മികമായി വന്നുപോയതോ തോന്നിയതുപോലെ എഴുതിവച്ചതോ ആയ ഒന്നും ബൈബിളിലില്ല! കടലില്‍ വീശിയ വലയില്‍ കുരുങ്ങിയ മത്സ്യങ്ങളുടെ എണ്ണം കൃത്യമായി എഴുതിവച്ചിരിക്കുന്നത് വെറുതെയാണെന്നു ചിന്തിക്കാന്‍ കഴിയില്ല! വചനത്തില്‍ ഇങ്ങനെ കാണുന്നു: "അതില്‍ നൂറ്റിയന്‍പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു"(യോഹ:21;11). ഈ യോഹന്നാന്‍ തന്നെയാണ് തന്റെ സുവിശേഷത്തിന്റെ അന്ത്യത്തില്‍ ഇപ്രകാരം എഴുതിയത്: "യേഹ്ശുവാ ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനു തന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്"(യോഹ:21;25). ഏറ്റവും ചുരുക്കത്തില്‍ വിവരിക്കുവാന്‍ ശ്രമിച്ച യോഹന്നാന്‍ മത്സ്യത്തിന്റെ എണ്ണം കുറിച്ചിരിക്കുന്നത്, അതിന്റെ പ്രാധാന്യത്തെയാണു വ്യക്തമാക്കുന്നത്!

നൂറ്റിയന്‍പത്തിമൂന്നുമണി ജപമാലയുടെ ഉത്പത്തിയെക്കുറിച്ചു പരിശോധിക്കുമ്പോള്‍ തിബേരിയാസ് കടല്‍ത്തീരത്തു നടന്ന ഈ സംഭവം തള്ളിക്കളയാന്‍ കഴിയില്ല! കത്തോലിക്കാസഭയില്‍ പാഷാണ്ഡതകള്‍ കടന്നുവരികയും ആദ്ധ്യാത്മിക ശോഷണം സംഭവിക്കുകയുമൊക്കെ ചെയ്തപ്പോള്‍, അതിനെ അതിജീവിക്കാന്‍ ജപമാലപ്രാര്‍ത്ഥന എത്രമാത്രം സഹായിച്ചു എന്നകാര്യം നാം വിസ്മരിക്കരുത്! അതുകൊണ്ടുതന്നെ ഈ പ്രാര്‍ത്ഥനയെ ഇല്ലാതാക്കാന്‍ അനേകം ശ്രമങ്ങള്‍ സാത്താന്‍ നടത്തിയിട്ടുണ്ട്. ജപമാലയുടെ ഉദ്ഭവവും പരിണാമവും പരിശോധിക്കുമ്പോള്‍, ഇതിനെതിരേ ഉയര്‍ന്നുവന്ന ഭീഷണികളും പഠനവിഷയമാക്കണം!

ജപമാലപ്രാര്‍ത്ഥനയുടെ ആരംഭം!

ജപമാലപ്രാര്‍ത്ഥനയുടെ ഉദ്ഭവത്തെക്കുറിച്ചു വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ പലതും ഈ പ്രാര്‍ത്ഥനയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ജപമാലവിരുദ്ധര്‍ പ്രചരിപ്പിക്കുന്ന നുണകഥകളാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ഏതു വിധത്തിലെങ്കിലും ജപമാലയെ ഇല്ലാതാക്കണമെന്ന ആഗ്രഹത്തോടെ സാത്താന്‍ പ്രവര്‍ത്തിക്കുമ്പോള്‍, അറിഞ്ഞും അറിയാതെയും അവന്റെ ഉപകരണങ്ങളായി നിലകൊള്ളുന്നവര്‍ കത്തോലിക്കാസഭയില്‍ കടന്നുകൂടിയതാണ് ഇതിനു കാരണം!

എന്നാല്‍, ജപമാലപ്രാര്‍ത്ഥനയെ ഔദ്യോഗിക പ്രാര്‍ത്ഥനയായി അംഗീകരിച്ചിരിക്കുന്ന കത്തോലിക്കാസഭയുടെ വെളിപ്പെടുത്തലിനെയാണ് നാം കണക്കിലെടുക്കേണ്ടത്. എതിരാളികളുടെ ന്യായവാദങ്ങളെ പരിഗണിച്ചാല്‍, സത്യം ഗ്രഹിക്കാന്‍ കഴിയില്ലെന്ന അടിസ്ഥാനതത്വം മനോവ ഇവിടെ സ്വീകരിക്കുന്നു! ജപമാലയുടെ ഉദ്ഭവത്തെക്കുറിച്ച് കത്തോലിക്കാസഭ നല്‍കുന്ന വിവരണം ഇങ്ങനെ: ഇന്നത്തെ ഫ്രാന്‍സിലെ പ്രൗവില്‍ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. മാതാവിന്റെ ആ പ്രത്യക്ഷത്തെ, 'ജപമാലമാതാവ്' എന്നറിയപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഡൊമിനിക്കന്‍ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത് അദ്ദേഹമാണ്. എന്നാല്‍, ഡൊമിനിക്കിനും റോക്കിക്കും മുന്‍പേ തുടങ്ങി, ക്രമാനുഗതമായി വികസിച്ചുവന്നതാണ് ഈ പ്രാര്‍ത്ഥന എന്നാണ് മിക്കവാറും പഠനങ്ങളുടെ കണ്ടെത്തല്‍.

എല്ലാ ദിവസവും ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന 'മണിക്കൂറുകളുടെ ആരാധന'(Liturgy of the Hours) എന്ന പ്രാര്‍ത്ഥനാപദ്ധതി ക്രിസ്തീയ സന്യാസാശ്രമങ്ങളില്‍ നിലവിലുണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാതിരുന്ന സാധാരണസന്യാസിമാര്‍ സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതിനു പകരം, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന 150 വട്ടം ആവര്‍ത്തിക്കുന്ന ശൈലി സ്വീകരിച്ചു. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കാം ജപമാലപ്രാര്‍ത്ഥനയുടെ ആശയം ഉടലെടുത്തത്. ഈ പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗ്ഗത്തിന്റെ അംഗീകാരം നല്‍കുകയെന്ന ദൗത്യമായിരുന്നു മാതാവിന്റെ പ്രത്യക്ഷീകരണം! മദ്ധ്യയുഗങ്ങളില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും 'നന്മനിറഞ്ഞ മറിയമേ' എന്ന ജപവും, പ്രാര്‍ത്ഥനാമണികളുടെ സഹായത്തോടെ ചൊല്ലിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏഴാം നൂറ്റാണ്ടിലെ വിശുദ്ധ എലിജിയസ്, 'മേരിയുടെ സങ്കീർത്തനത്തില്‍' 150 'നന്മനിറഞ്ഞമറിയമേ' എന്ന ജപത്തിന്റെ എണ്ണം പിന്തുടരാന്‍ പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിലെ പാരിസിൽ പ്രാര്‍ത്ഥനാമണികള്‍ നിര്‍മ്മിക്കുന്ന നാലു തൊഴില്‍സംഘങ്ങള്‍(Prayer Guilds) നിലവിലുണ്ടായിരുന്നു. ആ തൊഴില്‍സംഘങ്ങളെ 'സ്വര്‍ഗ്ഗസ്ഥനായപിതാവുകാര്‍' എന്നും പ്രാര്‍ത്ഥനാമണികളെ 'സ്വര്‍ഗ്ഗസ്ഥനായ പിതാവുകള്‍' എന്നും വിളിച്ചുപോന്നു. ജപമാലയുടെ ആരംഭകാലത്ത് എല്ലാ മണികളിലും സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് ഇതിലൂടെ അനുമാനിക്കാം. ജപമാലമണികള്‍ നിര്‍മ്മിക്കുന്നവരെ സ്വര്‍ഗ്ഗസ്ഥനായ പിതാവുകാരെന്നു വിളിക്കുകയും അവര്‍ നിര്‍മ്മിക്കുന്ന ജപമാലമണികളെ സ്വര്‍ഗ്ഗസ്ഥനായ പിതാവുകളായി ഗണിക്കുകയും ചെയ്തത് ഇക്കാരണത്താലാകാം! കാലക്രമേണ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ സ്ഥാനത്ത് 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചേര്‍ക്കുകയും ഇന്നത്തെ രൂപത്തിലേക്ക് ഈ ജപം പരിണമിക്കുകയും ചെയ്തു! ഏഴാം നൂറ്റാണ്ടില്‍പ്പോലും ഈ ജപം കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നുവെന്നു നാം കണ്ടു! ഇത്തരത്തില്‍ രൂപന്തരീകരിക്കപ്പെട്ട പ്രാര്‍ത്ഥനയ്ക്കുള്ള സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുദ്രയാണ് വിശുദ്ധ ഡൊമിനിക്കിനു പ്രത്യക്ഷപ്പെട്ട് പരിശുദ്ധ അമ്മ നല്‍കിയത്!

കൊന്തയിലെ ധ്യാനരഹസ്യങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ കാര്‍ത്തൂസിയന്‍ സന്യാസി, പ്രഷ്യയിലെ ഡൊമിനിക്ക് ഏര്‍പ്പെടുത്തിയതാണ്. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേഹ്ശുവായുടെ ജീവിതത്തിന്റെ ജപമാല എന്നു വിളിച്ചു. പില്‍ക്കാലത്ത്, കത്തോലിക്കാസഭയില്‍ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായി ജപമാലപ്രാര്‍ത്ഥന സ്ഥാനംപിടിച്ചു. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമന്‍ ഉള്‍പ്പെടെ പല മാര്‍പ്പാപ്പമാരും ജപമാലഭക്തിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായില്‍ 'പരിശുദ്ധജപമാലയുടെ രാജ്ഞീ' എന്നു കൂട്ടിച്ചേര്‍ത്തതും ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയായിരുന്നു. 1571-ലെ ലെപ്പാന്റോ യുദ്ധത്തില്‍ ക്രിസ്തീയരാഷ്ട്രങ്ങളുടെ 'വിശുദ്ധസഖ്യത്തിന്റെ' വിജയം കൊന്തനമസ്കാരം വഴി ലഭിച്ചതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, പീയൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തില്‍ ഉള്‍പ്പെടുത്തി. ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് കത്തോലിക്കാസഭ 'ജപമാലരാജ്ഞിയുടെ തിരുനാള്‍' ആഘോഷിക്കുന്നു.

ജപമാലയിലെ ദൈവശാസ്ത്രം!

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു പുതിയ വസന്തകാലം വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേഹ്ശുവായോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി കൊന്തഭക്തിയുടെ പുതിയ ഉണര്‍വിനെ കണ്ട അദ്ദേഹം ക്രിസ്തീയ വിശ്വാസം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. ദൈവശാസ്ത്രത്തില്‍ അഗാതമായ പാണ്ഡിത്യമുള്ള വ്യക്തിയും ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ മാര്‍പ്പാപ്പയുമായ ബെനഡിക്ട് പതിനാറാമനിലൂടെ ഈ വെളിപ്പെടുത്തലുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, അതു സ്വര്‍ഗ്ഗത്തിന്റെ തീരുമാനമാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടാ! കത്തോലിക്കാ സഭയിലെ കൊന്ത, യേഹ്ശുവായില്‍ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞന്‍ റൊമാനോ ഗാര്‍ഡിനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. യേഹ്ശുവായിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമന്‍ കത്തോലിക്കാ മരിയശാസ്ത്രത്തിന്റെ നിലപാടാണ് ഈ അഭിപ്രായത്തില്‍ പ്രകടമാകുന്നത്. (ഈ അഭിപ്രായത്തോടു പൂര്‍ണ്ണമായി യോജിക്കാന്‍ മനോവയ്ക്കു കഴിയില്ല!)

ജപമാലയിലെ ഓരോ മണികളിലൂടെയും ദൈവവചനം ആവര്‍ത്തിച്ച് ഉരുവിടുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ ഒരു സമ്പൂര്‍ണ്ണ ജപമാലയില്‍ യേഹ്ശുവായുടെ രക്ഷാകരചരിത്രം പൂര്‍ണ്ണമായും ധ്യാന വിഷയമാകുന്നു. ഈ കാരണത്താല്‍, കൊന്ത ചൊല്ലിയുള്ള പ്രാര്‍ത്ഥന സാത്താനെ സംബന്ധിച്ചിടത്തോളം അരോചകമാണ്. നൂറ്റിയന്‍പതു സങ്കീര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്നവിധം അത്രതന്നെ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന പതിനഞ്ചു രഹസ്യങ്ങളിലായി അര്‍പ്പിക്കുന്നു. കൂടാതെ, ത്രിത്വൈക ദൈവത്തെ സ്മരിച്ചുകൊണ്ട് മൂന്നു നന്മനിറഞ്ഞ മറിയമേ എന്ന ജപവും ജപമാലയിലുണ്ട്. ത്രിത്വൈക ദൈവത്തോടുള്ള സ്മരണയില്‍ യേഹ്ശുവായുടെ രക്ഷാകരചരിത്രം ധ്യാനിക്കുന്ന ഈ പ്രാര്‍ത്ഥനയോളം സമ്പുഷ്ടമായ മറ്റൊരു പ്രാര്‍ത്ഥനയും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, ആത്മാവിനുള്ള സമീകൃതഭക്ഷണമായി ജപമാലയെ പരിഗണിക്കാന്‍ കഴിയും! തിബേരിയാസ് കടല്‍ത്തീരത്തുവച്ച് യേഹ്ശുവാ നല്‍കിയ നൂറ്റിയന്‍പത്തിമൂന്നു മത്സ്യങ്ങളുടെ രഹസ്യം ആത്മീയ നേത്രങ്ങള്‍ തുറന്നാല്‍ ഇവിടെ ചുരുളഴിയും!

'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന പരിപൂര്‍ണ്ണമായും ദൈവവചനമാണെന്നു വ്യക്തമാക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. അതിനാല്‍, ഈ പ്രാര്‍ത്ഥനയെക്കുറിച്ച് ഇനിയുമൊരു വിവരണത്തിലേക്കു കടക്കാന്‍ മനോവ ശ്രമിക്കുന്നില്ല. ആ ലേഖനം വായിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു: `മകരവിളക്ക്`പോലെ മനുഷ്യനിര്‍മ്മിതമോ!? നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ ഈര്‍ഷ്യയോടെ നെറ്റിചുളിക്കുന്ന വ്യക്തികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടം അവര്‍ക്കുമാത്രം ആയിരിക്കും. മരിയഭക്തിയുടെ ദൈവഹിതം അറിയാത്ത ഇവര്‍ക്കുള്ളതിനേക്കാള്‍ അസഹിഷ്ണുത, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയോടും ജപമാലപ്രാര്‍ത്ഥനയോടും പിശാചിനുണ്ട്! അതുകൊണ്ടുതന്നെ ഈ പ്രാര്‍ത്ഥനയെ ഉന്മൂലനം ചെയ്യാന്‍ കാലാകാലങ്ങളായി അവന്‍ പലരെയും നിയോഗിച്ചു! അതിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്നതിനുമുന്‍പ് ജപമാലയെക്കുറിച്ച് അല്പംകൂടി ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു!

ജപമാലയെന്ന 'അദ്ഭുതമാല'!

ജപമാലപ്രാര്‍ത്ഥനയില്‍ കുടികൊള്ളുന്ന ദൈവവചനത്തിന്റെ അദ്ഭുതശക്തിതന്നെയാണ് ഇതിനെ സാത്താന്റെ പ്രധാന ശത്രുവാക്കിയത്. യേഹ്ശുവായുടെ രക്ഷാകരചരിത്ര ധ്യാനം സാത്താന്റെ ശക്തിയെ ക്ഷയിപ്പിക്കുകയും ദൈവരാജ്യത്തിന്റെ മഹത്വത്താല്‍ ഭൂമുഖം നിറയുകയും ചെയ്യുമെന്നു അവനറിയാം. ഉച്ചത്തില്‍ ജപമാല ചൊല്ലുന്ന വ്യക്തികളെയോ ഭവനങ്ങളെയോ സമീപിക്കാന്‍ പിശാചിനു കഴിയില്ല. അതുകൊണ്ടുതന്നെ, ഈ പ്രാര്‍ത്ഥന ദൈവജനത്തിന്റെ അധരങ്ങളില്‍നിന്നു നീക്കം ചെയ്യേണ്ടത് അവന്റെ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യവുമാണ്‌! ഈ ലക്ഷ്യം മുന്‍നിര്‍ത്തി അനേകം സിദ്ധാന്തങ്ങള്‍ കത്തോലിക്കാസഭയിലെ അവന്റെ അജ്ഞാനുവര്‍ത്തികളിലൂടെ അവതരിപ്പിക്കുകയും അതു നടപ്പിലാക്കാന്‍ യത്നിക്കുകയും ചെയ്യുന്നു! യാമപ്രാര്‍ത്ഥനയുടെ മറവില്‍ ജപമാലയെ അപ്രസക്തമാക്കാനുള്ള കുടിലതന്ത്രം പ്രയോഗിക്കുന്നത് അവന്റെ ഉപകരണങ്ങളായി വര്‍ത്തിക്കുന്ന കല്‍ദായവാദികളാണ്! ഈ വിഷയത്തെ സംബന്ധിച്ചുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്.

സമ്പൂര്‍ണ്ണ ജപമാലയെന്നാല്‍, അത് നൂറ്റിയന്‍പത്തിമൂന്നു മണിയാണ്! ഇതു വായിക്കുമ്പോള്‍, ആര്‍ക്കെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയോ ചില ചോദ്യങ്ങള്‍ മസ്തിഷ്കത്തില്‍ ഉയര്‍ന്നുവരികയോ ചെയ്യുന്നുണ്ടെങ്കില്‍, ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു തീരുമാനം സ്വര്‍ഗ്ഗത്തിനില്ല എന്നും ദൈവജനത്തിന് യേഹ്ശുവാ നല്‍കിയവയില്‍ കൂട്ടിചേര്‍ക്കലുകള്‍ അനുവദിച്ചിട്ടില്ലെന്നുമാണ് മനോവ നല്‍കുന്ന ഉത്തരം! സങ്കീര്‍ത്തനങ്ങളില്‍ നൂറ്റിയന്‍പത് അദ്ധ്യായങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നതുപോലെയും തിബേരിയാസ് കടല്‍ത്തീരത്തുവച്ചു യേഹ്ശുവാ നല്‍കിയ മത്സ്യങ്ങള്‍ നൂറ്റിയന്‍പത്തിമൂന്നായി ഇന്നും നിലനില്‍ക്കുന്നതുപോലെയും ജപമാലയിലെ 'നന്മനിറഞ്ഞ മറിയമേ' എന്ന ജപത്തിന്റെ എണ്ണവും മാറ്റമില്ലാതെ തുടരണം! പരിശുദ്ധ കന്യകാമറിയം ഈ ഭൂമുഖത്ത് അനേകം തവണ പ്രത്യക്ഷപ്പെട്ടിട്ടും ഒരിക്കല്‍പ്പോലും ഈ ജപമാലയില്‍ മാറ്റംവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ല! ഓരോ പ്രത്യക്ഷീകരണത്തിലും 'നൂറ്റിയന്‍പത്തിമൂന്നു'മണി ജപത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ജപമാലയില്‍ നടത്തിയ 'തുഗ്ലക്ക്'പരിഷ്കാരങ്ങളുടെ പിന്നിലെ രഹസ്യ അജണ്ട നാം മനസ്സിലാക്കിയിരിക്കണം. ഈ രഹസ്യ അജണ്ടകളുടെ നാള്‍വഴികള്‍ ചിന്തിക്കുന്നതിനുമുന്‍പ് ജപമാല പ്രാര്‍ത്ഥനയുടെ അന്തസത്ത കുറച്ചുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ ജപമാലയുടെ ആകൃതി മാറ്റാനുള്ള ശ്രമങ്ങളുടെ ഗൗരവം വ്യക്തമാകുകയുള്ളു!

ജപമാലയുടെ യഥാര്‍ത്ഥ ഘടന!

പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷം പിതാവായ ദൈവത്തോടും പുത്രനായ ദൈവത്തോടും പരിശുദ്ധാത്മാവായ ദൈവത്തോടും, ത്രിത്വത്തിലെ വ്യക്തികളുടെ സ്വഭാവത്തിനു ചേര്‍ന്നവിധമുള്ള അനുഗൃഹം യാചിച്ചുകൊണ്ട് നന്മനിറഞ്ഞ മറിയമേ എന്ന വചനപ്രാര്‍ത്ഥന മൂന്നുവട്ടം ഉരുവിടുന്നു! പിതാവായ ദൈവത്തോടു വിശ്വാസത്തിനായി അപേക്ഷിക്കുന്നതു വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. വിശ്വാസമെന്നത് ഒരു ദൈവീകദാനമാണെന്നു നമുക്കറിയാം. യേഹ്ശുവായിലുള്ള വിശ്വാസത്തിലൂടെ നിത്യജീവന്‍ പ്രാപിക്കുകയാണ് നമ്മുടെ ജീവിതലക്ഷ്യം! യേഹ്ശുവായില്‍ നാം എത്തിച്ചേരണമെങ്കില്‍ പിതാവിന്റെ ആകര്‍ഷണം അനിവാര്യമാണെന്ന് യേഹ്ശുവാതന്നെ പറയുന്നു: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും"(യോഹ:6;44). യേഹ്ശുവായെ വിശ്വാസത്തോടെ സമീപിക്കാനുള്ള വരത്തിനായി പിതാവിനോടു നാം പ്രാര്‍ത്ഥിക്കേണ്ടത് ഈ കാരണത്താലാണ്!

അടുത്തതായി പുത്രനായ ദൈവത്തോട് ദൈവാശ്രയത്തിനുള്ള വരം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നന്മനിറഞ്ഞ മറിയമേ എന്ന വചനപ്രാര്‍ത്ഥന ഉരുവിടുന്നു! പിതാവായ ദൈവത്തിന്റെ നാമവും മുഖവും നമുക്കു വെളിപ്പെടുത്തിത്തന്നത് പുത്രനായ യേഹ്ശുവായാണ്. പിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ട് പുത്രന്റെ സന്നിധിയിലെത്തുന്ന ആരെയും അവിടുന്നു തള്ളിക്കളയുകയോ നഷ്ടപ്പെടുത്തുകയോ ഇല്ലെന്നുള്ളത് വാഗ്ദാനമായി നിലനില്‍ക്കുന്നു! "പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല"(യോഹ:6;37). പിതാവും പുത്രനും തമ്മിലുള്ള ഗാഢമായ ബന്ധത്തില്‍ നമ്മെ ചേര്‍ത്തുനിര്‍ത്തുന്നത് നമ്മിലുള്ള ദൈവാശ്രയമാണ്. ഇത് നമുക്കു പ്രധാനംചെയ്യുന്നത് പുത്രനായ യേഹ്ശുവായാകുന്നു. കാരണം, അവന്റെ രക്തത്താലാണ് നാം സ്വര്‍ഗ്ഗവുമായി കൂട്ടിയിണക്കപ്പെട്ടത്! അതിനാല്‍, ജപമാലയുടെ ആരംഭത്തില്‍ പുത്രനായ ദൈവത്തോട് ദൈവാശ്രയത്തിന്റെ വര്‍ദ്ധനവിനായി പ്രാര്‍ത്ഥിക്കുന്നു.

ദൈവസ്നേഹത്തില്‍ നിറഞ്ഞു വ്യാപരിക്കാനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയാണ് മൂന്നാമതായി നാം ഉരുവിടുന്നത്. പരിശുദ്ധാത്മാവു നല്‍കുന്ന ദാനമാണ് ദൈവസ്നേഹമെന്ന പുണ്യമെന്നു വചനത്തിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. ത്രിത്വൈക ദൈവത്തോടുള്ള പ്രാര്‍ത്ഥനയോടെ ജപമാലയിലെ രഹസ്യങ്ങള്‍ ധ്യാനിക്കുവാന്‍ നാം ആരംഭിക്കുന്നു! സന്തോഷം, ദുഃഖം, മഹിമ എന്നിങ്ങനെ മൂന്നു ഗണങ്ങളായി ജപമാലയെ തിരിച്ചിട്ടുണ്ടെങ്കിലും, ഇവ മൂന്നും ചേര്‍ന്നാല്‍ മാത്രമേ ജപമാല പൂര്‍ണ്ണമാകുന്നുള്ളു! പരിശുദ്ധ അമ്മ നല്‍കുന്ന സന്ദേശങ്ങളിലെല്ലാം സമ്പൂര്‍ണ്ണ ജപമാലയുടെ പ്രാധാന്യവും വെളിപ്പെടുത്തിയിട്ടുണ്ട്!

ജപമാലയെ മൂന്നു ഘടകങ്ങളായി തിരിച്ചിരിക്കുന്നത് ഓരോ ദിവസത്തിനുമുള്ള വേര്‍തിരിവായി പരിഗണിക്കുന്ന ചിലരുണ്ട്. ഇതു വിശ്വാസികളുടെ അപരാധമായല്ല; മറിച്ച്, സഭയിലെ ചിലരുടെ അതിബുദ്ധിയായി മാത്രമേ മനോവ കാണുന്നുള്ളു. പരിശുദ്ധ കുര്‍ബാന നാവില്‍ കൊടുത്താല്‍ 'എയിഡ്സ്' പകരുമെന്ന 'മണ്ടന്‍' സിദ്ധാന്തം പോലെതന്നെ ദുരന്തകരമായ പഠിപ്പിക്കലായിരുന്നു ഇതും! ഒരു സമ്പൂര്‍ണ്ണ ജപമാല പൂര്‍ത്തിയാക്കാന്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെയുള്ള സമയത്തിനുള്ളില്‍ സാധ്യമാകും! എന്നാല്‍, അന്‍പത്തിമൂന്നു മണി ജപം പൂര്‍ത്തിയാക്കാന്‍ അരമണിക്കൂറില്‍ അധികം സമയം ആവശ്യമാണ്‌. പതിനഞ്ചോ ഇരുപതോ മിനിട്ടുകള്‍ ലാഭമുണ്ടാക്കിക്കൊടുക്കാന്‍ ജപമാലയെ അപൂര്‍ണ്ണമാക്കിയത് നീതീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ജപമാലയെ മൂന്നു ഘടകങ്ങളാക്കിയിരിക്കുന്നത് ത്രിത്വൈക ദൈവത്തെ അനുസ്മരിപ്പിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം!

പിതാവായ ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ അടയാളമാണ് സന്തോഷത്തിന്റെ രഹസ്യങ്ങള്‍! സ്വപുത്രനെ ലോകത്തിനു നല്‍കിക്കൊണ്ടുള്ള ദൈവസ്നേഹം മംഗളവാര്‍ത്തയിലുണ്ട്. ഒന്നാമത്തെ രഹസ്യത്തില്‍ നാം ധ്യാനിക്കുന്നത്, യേഹ്ശുവായുടെ ജനനത്തെക്കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്റെ അറിയിപ്പാണെങ്കില്‍, രണ്ടാമത്തെ രഹസ്യത്തിലൂടെ യേഹ്ശുവായെ ഉള്ളില്‍ വഹിക്കുന്ന വ്യക്തിയുടെ നിസ്വാര്‍ത്ഥമായ ശുശ്രൂഷയെയാണ്! മൂന്നാമത്തെ രഹസ്യത്തിലൂടെ മനുഷ്യപുത്രന്റെ ജനനവും നാലാമത്തെ രഹസ്യത്തിലൂടെ ശിശുസ്നാനത്തിന്റെ സാക്ഷ്യവും നമ്മുടെ മുന്നില്‍ തുറന്നുവയ്ക്കുന്നു! പരിച്ഛേദനത്തെ ജ്ഞാനസ്നാനവുമായി ബന്ധിപ്പിക്കുന്ന വചനം ബൈബിളിലുണ്ട്: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന യേഹ്ശുവായുടെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു"(കൊളോ:2;11,12). ദൈവമക്കളെന്ന്‍ അവകാശപ്പെടുന്ന ചില ക്രൈസ്തവസഭകള്‍ക്കു തുറന്നുകിട്ടാത്ത ജ്ഞാനം ജപമാലയിലെ നാലാമത്തെ രഹസ്യത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അഞ്ചാമത്തെ രഹസ്യത്തിലൂടെ യേഹ്ശുവായിലുള്ള ദൈവീകജ്ഞാനം വെളിപ്പെടുന്നതോടൊപ്പം, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരികതയും വ്യക്തമാക്കുന്നു!

പുത്രനായ യേഹ്ശുവായുടെ പീഡാനുഭവവും കുരിശുമരണവും ധ്യാനിക്കുന്ന രണ്ടാമത്തെ ഭാഗത്ത്, അവിടുത്തെ സ്നേഹത്തിന്റെ പാരമ്യതയാണു പ്രകടമാകുന്നത്. ഗത് സെമനിയിലെ പ്രാര്‍ത്ഥന മുതല്‍ കുരിശില്‍ അര്‍പ്പിച്ച ബലിവരെയുള്ള രക്ഷാകര സംഭവങ്ങളുടെ സ്മരണ ഈ രഹസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. യേഹ്ശുവായിലൂടെ ലഭിച്ച രക്ഷയില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നത് പരിശുദ്ധാത്മാവാണെന്നു നമുക്കറിയാം. യേഹ്ശുവായുടെ ഉയിര്‍പ്പും പരിശുദ്ധാത്മാവിന്റെ ആഗമനവും പരിശുദ്ധ കന്യകാമാതാവിന്റെ മഹാത്വീകരണത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസസത്യങ്ങളുമാണ് മൂന്നാംഭാഗത്തു നാം ധ്യാനിക്കുന്നത്! ദൈവത്തിന്റെ പൂര്‍ണ്ണത പരിശുദ്ധ ത്രിത്വത്തില്‍ ആയതുകൊണ്ടുതന്നെ, ജപമാലപ്രാര്‍ത്ഥനയുടെ പൂര്‍ണ്ണത നൂറ്റിയന്‍പത്തിമൂന്നു മണി ജപത്തിലൂടെയാണ് കൈവരുന്നത്!

പത്തോ പതിനഞ്ചോ മിനിറ്റിന്റെ ലാഭത്തിലൂടെ നഷ്ടമാക്കുന്നത് ആദ്ധ്യാത്മിക ഉണര്‍വിന്റെ പൂര്‍ണ്ണതയെയാകുന്നു. രണ്ടോ രണ്ടരയോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണ്ണമായി കാണാനും സീരിയലുകളെന്ന സാമൂഹിക വിപത്തിനെ ജീവിതത്തില്‍ പ്രതിഷ്ഠിക്കാന്‍ അതിലേറെ സമയവും ചിലവഴിക്കാന്‍ തയ്യാറാകുന്നവരാണു ക്രൈസ്തവരില്‍ പലരും! നൈമിഷിക സുഖങ്ങള്‍ക്കായി ചിലവിടുന്ന മണിക്കൂറുകളുടെ ദശാംശം മാത്രം മതിയാകും ഒരു സമ്പൂര്‍ണ്ണ ജപമാല പൂര്‍ത്തിയാക്കാന്‍! ജപമാലയെ ചുരുക്കി ഒറ്റക്കൊന്തയാക്കിയവരും, അതിനെ വീണ്ടും ചുരുക്കിയവരുമാണ് കത്തോലിക്കരായി അഭിമാനിക്കുന്നത്. ഒരു സ്വര്‍ഗ്ഗസ്ഥാനായ പിതാവേ എന്ന പ്രാര്‍ത്ഥനയും ഒരു നമനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ഒരു ത്രിത്വസ്തുതിയും അര്‍പ്പിച്ച് കൊന്തയുടെ ഓരോ രഹസ്യങ്ങളും 'ടെലഗ്രാം' പരുവത്തിലാക്കിയ വിരുതന്മാരും കുറവല്ല! എന്നാല്‍, സമ്പൂര്‍ണ്ണ ജപമാലയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആദ്ധ്യാത്മിക ഭവനങ്ങളും കത്തോലിക്കരുടെയിടയില്‍ ഇന്നുമുണ്ട്.

പ്രകാശത്തിന്റെ രഹസ്യമെന്ന പേരില്‍ ജപമാലയില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ സമ്പൂര്‍ണ്ണ ജപമാല അര്‍പ്പിച്ചിരുന്ന ചിലരെല്ലാം പിന്നീട് ഒറ്റക്കൊന്തയിലേക്കു ചുരുങ്ങിയതും മനോവയ്ക്കറിയാം!

പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ജപമാലഭക്തിയെ ഉയര്‍ത്തിയോ?

യേഹ്ശുവായുടെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളുടെ അനുസ്മരണമാണു ജപമാലയെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍ ഒന്നുപോലും അവഗണിക്കാന്‍ കഴിയുന്നതല്ലെന്നും നമുക്കറിയാം. യേഹ്ശുവായുടെ മുപ്പത്തിമൂന്നു വര്‍ഷത്തെ മനുഷ്യാവതാര ചരിത്രം അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ജപമാലയുണ്ടാക്കിയാല്‍, ആ ജപമാലയില്‍ കോടിക്കണക്കിനു മുത്തുകള്‍ കോര്‍ക്കേണ്ടിവരും! കാരണം, അവിടുന്നു പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ മുഴുവന്‍ കാര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഈ ലോകത്തിനു കഴിയില്ല എന്നതുതന്നെ! അതുകൊണ്ടുതന്നെ, പരിശുദ്ധ ജപമാലയില്‍ ഉള്‍പ്പെടുത്തിയതും പരിശുദ്ധ അമ്മ അംഗീകാരം നല്‍കിയതുമായ പതിനഞ്ചു രഹസ്യങ്ങള്‍, യേഹ്ശുവായുടെ രക്ഷാകരചരിത്രത്തിന്റെ അന്തസത്തയായിരുന്നു. യേഹ്ശുവായുടെ പരസ്യജീവിതത്തിലെ സംഭവങ്ങള്‍ ഇഴചേര്‍ത്തു രൂപപ്പെടുത്തിയിരിക്കുന്ന പ്രകാശത്തിന്റെ രഹസ്യങ്ങളെ തള്ളിപ്പറയുവാന്‍ മനോവയ്ക്കു കഴിയില്ല. കാരണം, യേഹ്ശുവായുടെ മനുഷ്യാവതാര ചരിത്രത്തിലെ മര്‍മ്മപ്രധാനമായ സംഭവങ്ങളാണ് ഇതിലുള്ളത്. എന്നിരുന്നാലും ജപമാലയിലെ നൂറ്റിയന്‍പത്തിമൂന്നു മണികളെ അപ്രസക്തമാക്കുന്ന ഈ തിരുകിക്കയറ്റല്‍, നന്മയുടെ രൂപത്തില്‍ വന്ന തിന്മയായിരുന്നുവെന്ന്‍ പറയാതിരിക്കാനും മനോവയ്ക്കാവില്ല!

ബൈബിളിലെ പ്രധാന സംഭവങ്ങള്‍ ആയതിനാല്‍ത്തന്നെ ആരും ധൈര്യപൂര്‍വ്വം എതിര്‍ക്കില്ല എന്നതായിരുന്നു ഈ പരിഷ്ക്കാരത്തിലെ കൗശലം. മരിച്ചവരെ ഉയിര്‍പ്പിച്ചതും കടലിനുമീതെ നടന്നതും അപ്പം വര്‍ദ്ധിപ്പിച്ചതുമായ സംഭവങ്ങളെല്ലാം ചേര്‍ത്തുകൊണ്ട് അദ്ഭുതങ്ങളുടെ രഹസ്യങ്ങള്‍ നിര്‍മ്മിച്ചാലും ആര്‍ക്കും എതിര്‍ത്തു പറയാന്‍ കഴിയില്ല! എന്നാല്‍, സങ്കീര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന നൂറ്റിയന്‍പത് അദ്ധ്യായങ്ങളും തിബേരിയാസ് കടലില്‍നിന്നു ലഭിച്ച മത്സ്യങ്ങളുടെ എണ്ണത്തിലും മാറ്റം വരില്ല എന്നതുകൊണ്ടുതന്നെ, ജപമാലയില്‍ രൂപമാറ്റം വരുത്തുന്നതും ദൈവഹിതമല്ല! പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുവരെ സമ്പൂര്‍ണ്ണ ജപമാല അര്‍പ്പിച്ചിരുന്ന പല ഭവനങ്ങളിലും അതിനുശേഷം അന്‍പത്തിമൂന്നുമണി ജപത്തിലേക്കു ചുരുങ്ങിയത് ഗുണകരമായ മാറ്റമായി കാണാന്‍ കഴിയില്ല! കത്തോലിക്കാ ഭവനങ്ങളില്‍നിന്നു പ്രാര്‍ത്ഥനാചൈതന്യം അപ്രത്യക്ഷമാക്കാന്‍ മാത്രമേ പുതിയ പരിഷ്കാരം കാരണമായിട്ടുള്ളുവെങ്കില്‍, ഈ രഹസ്യങ്ങള്‍ പ്രകാശം പരത്തിയില്ല എന്ന്‍ അനുമാനിക്കേണ്ടിവരും!

അതായത്, പ്രകാശത്തിന്റെ രഹസ്യങ്ങളില്‍ ധ്യാനിക്കുന്ന വിഷയങ്ങള്‍ അതില്‍ത്തന്നെ മാഹാത്മ്യമുള്ളതാണെങ്കിലും, ജപമാലയില്‍ ഉള്‍പ്പെടുത്തിയതു ദൈവഹിതപ്രകാരം ആയിരുന്നില്ല! പ്രകാശത്തിന്റെ രഹസ്യങ്ങളില്‍ ധ്യാനിക്കുന്ന വിഷയങ്ങള്‍ മാത്രമല്ല, ബൈബിളില്‍ എഴുതിവച്ചിട്ടുള്ളതും യേഹ്ശുവാ പ്രവര്‍ത്തിച്ചതുമായ എല്ലാ കാര്യങ്ങളും മഹത്വപൂര്‍ണ്ണവും ധ്യാനവിഷയമാക്കേണ്ടതുമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടുതന്നെ മനോവ പറയുന്നു: പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ജപമാലയില്‍ ചേര്‍ത്തത് ദൈവഹിതമായിരുന്നില്ല! ഫലത്തില്‍ നിന്നാണ് നാം വൃക്ഷത്തെ തിരിച്ചറിയേണ്ടത്. ജപമാലഭക്തി വര്‍ദ്ധിക്കാന്‍ ഉതകുന്നതല്ലാത്ത ഒരു പരിഷ്കാരവും അതിനു ഭൂഷണമല്ല എന്നതാണ് കാരണം! പ്രകാശരഹസ്യങ്ങള്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ കൂട്ടിച്ചേര്‍ത്തതാണെന്നു കരുതുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെക്കുറിച്ച് ഒന്നുമറിയില്ല എന്നു പറയേണ്ടിവരും. മനോവയുടെ വാക്കുകേട്ട് ആരും പരിഭാവിക്കേണ്ട; മറിച്ച്, പുനര്‍വിചിന്തനത്തിനു തയ്യാറായാല്‍ മതി. ഇതു പറയാനുള്ള കാരണവും മനോവ വ്യക്തമാക്കാം.

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുകൊണ്ടുതന്നെ ഈ സത്യാത്മാവിന് തെറ്റുപറ്റുമെന്നു ചിന്തിക്കാന്‍ മനോവയ്ക്കു സാധിക്കില്ല! അതായത്, പ്രകാശരഹസ്യങ്ങള്‍ ദൈവാത്മാവിന്റെ പ്രേരണയില്‍ രൂപപ്പെടുത്തിയതായിരുന്നുവെങ്കില്‍ ഇത്ര ഗുരുതരമായ ഒരു അബദ്ധം സംഭവിക്കുമായിരുന്നില്ല! ഉപദേശത്തിനായി ആയിരക്കണക്കിന് 'ദൈവശാസ്ത്ര പണ്ഡിതന്മാരും' ആദ്ധ്യാത്മിക മല്ലന്മാരും ചുറ്റിലുമുള്ള ജോണ്‍പോള്‍ രണ്ടാമന്‍ ഉണ്ടാക്കിയ പ്രകാശരഹസ്യങ്ങളിലെ അബദ്ധം എന്തായിരുന്നുവെന്ന് മനോവ വ്യക്തമാക്കാം. മുന്‍പ് സൂചിപ്പിച്ചതുപോലെ, ഈ രഹസ്യങ്ങളില്‍ ധ്യാനിക്കുന്ന സംഭവങ്ങള്‍ യേഹ്ശുവായുടെ പരസ്യജീവിതകാലത്തെ മഹാസംഭവങ്ങള്‍ തന്നെയാണ്! എന്നാല്‍, ഇവ ചിട്ടപ്പെടുത്തിയ ക്രമം തെറ്റാണെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകേണ്ടതായിരുന്നു. അതായത്, രണ്ടും മൂന്നും രഹസ്യങ്ങളുടെ ക്രമം പരസ്പരം മാറിപ്പോയി! രണ്ടാമത്തെ രഹസ്യത്തില്‍ ധ്യാനിക്കുന്നത് കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയ സംഭവമാണ്. മൂന്നാമത്തെ രഹസ്യത്തില്‍ സുവിശേഷം പ്രസംഗിക്കുന്നതും അവിടുത്തെ മറ്റു പ്രവര്‍ത്തനങ്ങളും ധ്യാനിക്കുന്നു! യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രം വിവരിച്ചിരിക്കുന്ന കാനായിലെ കല്യാണം നടക്കുന്നത് യേഹ്ശുവായുടെ ശുശ്രൂഷകള്‍ ആരംഭിച്ചതിനുശേഷമാണ്! യേഹ്ശുവാ ഈ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുന്നത് അവിടുത്തെ ശിഷ്യന്മാരോടൊത്താണ്!

യോഹന്നാന്റെ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായം വായിച്ചാല്‍ ഈ അബദ്ധം മനസ്സിലാക്കാന്‍ കഴിയും. സന്തോഷം, ദുഃഖം, മഹിമ തുടങ്ങിയ രഹസ്യങ്ങളിലെല്ലാം വ്യക്തമായ ക്രമത്തോടെ ചിട്ടപ്പെടുത്തിയപ്പോള്‍, പുതിയ പരിഷ്കാരത്തില്‍ ഈ ക്രമം കാണാത്തത് 'കല്ലുകടി' തന്നെയാണ്! ഈ രഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത് പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണ് എന്നു പറഞ്ഞാല്‍ അത് പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നതിനു തുല്യമാകും!

മനോവയുടെ വായനക്കാര്‍ക്കു വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. അവയെ സഹിഷ്ണുതയോടെ മനോവ സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു: കുടുംബപ്രാര്‍ത്ഥനയില്‍ നൂറ്റിയന്‍പത്തിമൂന്നു മണി ജപം അര്‍പ്പിച്ചുകൊണ്ടിരുന്നവരും, പ്രകാശത്തിന്റെ രഹസ്യങ്ങള്‍ വന്നതിനുശേഷവും ഈ പ്രാര്‍ത്ഥനയില്‍ പിന്നോട്ടുപോകാത്തവരുമാണ് ഈ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്!

ജപമാലയെ തകര്‍ക്കാന്‍ കുത്സിതശ്രമങ്ങള്‍!

ജപമാലയുടെ പ്രചാരണത്തിനായി സഭാപിതാക്കന്മാര്‍ യജ്ഞിച്ചതുപോലെതന്നെ, ഈ പ്രാര്‍ത്ഥനയെ തകര്‍ക്കാനുള്ള ശ്രമവും കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളില്‍നിന്ന്‍ ഉണ്ടായിട്ടുണ്ട്! കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ഫ്രീമേസണ്‍സംഘവും സഭയിലെ കല്‍ദായവാദികളും തോളോടുതോള്‍ ചേര്‍ന്നു ജപമാലയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു! ജപമാലയ്ക്കു പകരമായ പ്രാര്‍ത്ഥനകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഇകൂട്ടര്‍ പ്രയോഗിക്കുന്നത്. ജപമാലപ്രാര്‍ത്ഥനയില്‍ പരിഷ്കാരങ്ങള്‍ വരുത്തി അതിന്‍റെ മഹത്വം ഇല്ലാതാക്കാനുള്ള നീക്കങ്ങളും നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പ്രാര്‍ത്ഥനാപരിഷ്കാര സമിതിയുടെ കുതന്ത്രം! കത്തോലിക്കാസഭയിലെ ഫ്രീമേസണ്‍സംഘം നേരിട്ടു നിയന്ത്രിച്ച സൂനഹദോസായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്നകാര്യം മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ലേഖനം വായിച്ചിട്ടില്ലാത്തവര്‍, 'രണ്ടാം വത്തിക്കാന്‍ സൂനഹദോസും `സാത്താന്റെ` പ്രബോധനങ്ങളും' എന്ന ലേഖനം വായിക്കുക.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു തുടക്കമിട്ടത് അന്നത്തെ പോപ്പായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നുവെന്നു നമുക്കറിയാം. യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യത്തെ തള്ളിപ്പറയാനും വിജാതിയതയെ പുകഴ്ത്തുവാനും സാത്താന്‍ ഉപയോഗിച്ച വ്യക്തിയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍! കത്തോലിക്കാസഭയിലെ വിജാതിയ വാദികള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന സിദ്ധാന്തങ്ങളെല്ലാം ഈ സൂനഹദോസിന്റെ സംഭാവനയായിരുന്നു. ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെ തലയിലേറ്റി നടക്കുന്നതും ഈ സൂനഹദോസ് തീരുമാനങ്ങളെയാണ്! വിജാതിയര്‍ പിശാചിനാണു ബലിയര്‍പ്പിക്കുന്നത് എന്ന വചനം ബൈബിളില്‍നിന്നു ചൂണ്ടിക്കാട്ടിയാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് അതു തിരുത്തിയെന്നു വാദിക്കുന്ന സാത്താന്റെ അഭിഷിക്തരും കത്തോലിക്കാസഭയിലുണ്ട്! ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ നിരങ്ങുന്നവരും യേഹ്ശുവായെ വിജാതിയ ദേവന്മാര്‍ക്കു സമനാക്കി അപമാനിക്കുന്നവരും രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സംഭാവനകളാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാപരിഷ്കരണങ്ങളുടെ ശില്പിയായിരുന്ന മോണ്‍സിഞ്ഞോര്‍ അനിബേല്‍ ബുനീനി, കൊന്തയുടെ ഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയ്ക്ക് സ്വീകാര്യമായില്ല. സൂനഹദോസ് അവസാനിക്കുന്നതിനു മുന്‍പുതന്നെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മരണമടഞ്ഞതുകൊണ്ട് സാത്താന്റെ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്നതാണു വസ്തുത! ഇത്ര പ്രചാരവും സ്വീകാര്യതയും കിട്ടിയിരിക്കുന്ന ഒരു പ്രാര്‍ത്ഥനയെ മാറ്റിമറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്നും, പുരാതനമായ ഒരു പ്രാര്‍ത്ഥനയോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെടുമെന്നും മാര്‍പ്പാപ്പ ഭയന്നു. അതിനാല്‍ പതിനാഞ്ചാം നൂറ്റാണ്ടില്‍ ഉറച്ച ഈ പ്രാര്‍ത്ഥനയുടെ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെ മാറ്റമില്ലാതെ തുടര്‍ന്നു. ഫാത്തിമാ പ്രാര്‍ത്ഥന എന്ന ചെറിയ പ്രാര്‍ത്ഥന ദശകങ്ങള്‍ക്കിടയില്‍ ചേര്‍ത്തതു മാത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ മാറ്റം. ഈ കൂട്ടിച്ചേര്‍ക്കല്‍ കൊന്തയുടെ ഘടനയില്‍ യാതൊരു മാറ്റവും വരുത്തിയില്ല എന്നതുകൊണ്ടുതന്നെ ദോഷകരമായിരുന്നില്ല. 

കൊന്തയിലെ ധ്യാനരഹസ്യങ്ങളുടെ കാര്യത്തില്‍ 2002-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഒരു പരിഷ്കരണം അവതരിപ്പിച്ചു. ദശകങ്ങളുടെ തുടക്കത്തില്‍ ചൊല്ലാനായി നേരത്തേ ഉണ്ടായിരുന്ന അഞ്ചു ധ്യാനരഹസ്യങ്ങളുടെ മൂന്നു ഗണങ്ങളോട് ഒരു ഗണം ചേര്‍ത്തതായിരുന്നു ആ മാറ്റം. ഈ പുതിയ ഗണം 'ധ്യനരഹസ്യങ്ങള്‍' 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍'Luminous Mysteries) എന്നറിയപ്പെടുന്നു. അതോടെ ധ്യാനരഹസ്യങ്ങളുടെ എണ്ണം പതിനഞ്ചില്‍നിന്ന് ഇരുപതായി ഉയര്‍ന്നു. എന്നാല്‍, പുതുതായി ചേര്‍ത്ത രഹസ്യങ്ങളുടെ ഉപയോഗം നിര്‍ബ്ബന്ധമല്ല എന്ന പ്രഖ്യാപനം മറച്ചുവയ്ക്കപ്പെട്ടു. അവ ഐച്ഛികമായി(ഇഷ്ടമെങ്കില്‍) ഉപയോഗിക്കാനുള്ളവയാണെന്നു സഭയുടെ വിളംബരമുണ്ട്!

കൊന്ത നിര്‍മ്മാണം!

കൊന്തയുടെ മണികള്‍ തടി, സ്ഫടികം, ഉണങ്ങിയ പൂക്കള്‍, രത്നക്കല്ലുകള്‍, പവിഴം, വെള്ളി, സ്വര്‍ണ്ണം ഇവ കൊണ്ടൊക്കെ നിര്‍മ്മിക്കുക പതിവാണ്. 'കൊന്തമണിമരം' എന്നറിയപ്പെടുന്ന ചെടിയില്‍ ഉണ്ടാവുന്ന 'കൊന്തപ്പയറും' കൊന്തയുടെ നിര്‍മ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാല്‍ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികള്‍ സ്ഫടികം, പ്ലാസ്റ്റിക്, മരം എന്നിവയില്‍ ഒന്നുകൊണ്ട് ഉണ്ടാക്കിയവയാണ്. 'മാതാവിന്റെ കൊന്തനിര്‍മ്മാതാക്കള്‍' (Our Lady's Rosary Makers) എന്ന സംഘടന വര്‍ഷംതോറും 70 ലക്ഷത്തോളം കൊന്തകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.

വിശുദ്ധിയുമായി ബന്ധപ്പെട്ടതും ആ സ്മരണ ഉണര്‍ത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയില്‍നിന്നുള്ള 'ജെറ്റ്' കല്ലുകള്‍, ജറുസലേമില്‍ യേഹ്ശുവായുടെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിന്‍ കായ്കള്‍ എന്നിവ മണികളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉള്‍ക്കൊള്ളിച്ചും മണികള്‍ നിര്‍മ്മിക്കാറുണ്ട്. ആശീര്‍വദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു.

ഇതരസഭകളില്‍ ജപമാല!

കൊന്തയ്ക്കു സമാനമായ പ്രാര്‍ത്ഥനാപദ്ധതികളും ജപമാലകളും മറ്റു പല ക്രിസ്തീയ വിഭാഗങ്ങളിലും നിലവിലുണ്ട്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയിലെ പ്രാര്‍ത്ഥനച്ചരട് അത്തരത്തിലൊന്നാണ്. അംഗ്ലിക്കന്‍ സഭയിലും ചില ലൂഥറന്‍ വിഭാഗങ്ങളിലും ജപമാലകള്‍ നിലവിലുണ്ട്. പ്രൊട്ടസ്റ്റന്റ് സഭകള്‍, ബാപ്റ്റിസ്റ്റ് സഭകള്‍, പ്രെസ്‌ബിറ്റേറിയന്‍ സഭകള്‍ തുടങ്ങിയവ ഇത്തരം പ്രാര്‍ത്ഥനകള്‍ ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല അവയെ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്യുന്നു.

അന്ത്യകാല സംഭവങ്ങള്‍!

ജപമാലപ്രാര്‍ത്ഥനയെ തകര്‍ക്കാന്‍ സഭയ്ക്കു പുറത്തുള്ള ആര്‍ക്കും സാധിക്കില്ല! ഈ പ്രാര്‍ത്ഥനയെ വിശ്വാസികളില്‍നിന്നു നീക്കംചെയ്യാന്‍ സഭാധികാരികള്‍ക്കു മാത്രമേ കഴിയുകയുള്ളു! അന്ത്യകാലത്തു സംഭവിക്കുമെന്നു വചനം വ്യക്തമാക്കിയിരിക്കുന്ന ഒരു താക്കീതു ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും! "അവന്റെ സൈന്യം വന്ന്‍ ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും"(ദാനി:11;31). കത്തോലിക്കാസഭയില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളെ നിര്‍ത്തലാക്കാന്‍ ഈ ഭൂമുഖത്തുള്ള ഒരു രാജാക്കന്മാര്‍ക്കും സാധിക്കില്ല എന്നകാര്യം നമുക്കറിയാം. ഐക്യരാഷ്ട്രസഭയും ഭൂമിയിലെ മുഴുവന്‍ ഭരണാധികാരികളും ഒത്തുചേര്‍ന്നാല്‍പ്പോലും ബലിയര്‍പ്പണം പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയില്ല! രഹസ്യമായിട്ടെങ്കിലും ഇത് അര്‍പ്പിക്കപ്പെടും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, കത്തോലിക്കാസഭയുടെ പോപ്പ് തന്റെ അധികാരമുപയോഗിച്ചു നിര്‍ത്തലാക്കിയാല്‍, ഈ ബലികള്‍ നിര്‍ത്തലാക്കപ്പെടും! അങ്ങനെയെങ്കില്‍, അന്ത്യകാലത്തു സംഭവിക്കാനുള്ള ഈ കാര്യങ്ങള്‍ ആരിലൂടെയായിരിക്കും നടപ്പാകാന്‍ പോകുന്നതെന്നു ചിന്തിച്ചുകൊള്ളുക!

ജപമാലയുടെയും മറ്റ് സഭാനിയമങ്ങളുടെയും കാര്യങ്ങളില്‍ തീര്‍പ്പുകല്പിക്കാന്‍ പുറത്തുനില്‍ക്കുന്ന ആര്‍ക്കും സാധിക്കുകയില്ല! അന്ത്യകാലത്തു സംഭവിക്കാനിരിക്കുന്ന മറ്റൊരു കാര്യം നോക്കുക: "നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി:7;25). കത്തോലിക്കാസഭയിലെയോ മറ്റേതെങ്കിലും സഭകളിലെയോ നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റാന്‍ പുറത്തുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ? അപ്പസ്തോലന്മാരുടെ കാലംമുതല്‍ തുടര്‍ന്നുവരുന്ന നിയമങ്ങളും ആചാരങ്ങളും പരിഷ്കരിക്കാന്‍ ആരെങ്കിലും തുനിയുന്നുവെങ്കില്‍, അവരെ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക! മറ്റു മതങ്ങളിലോ സഭകളിലോ നമ്മുടെ ശത്രുക്കളെ തിരയേണ്ട; അതു നമ്മുടെ സഭയില്‍തന്നെയാണ്!

ജപമാലപ്രാര്‍ത്ഥനയിലൂടെ ഈ ഭൂമിയില്‍ സംഭവിച്ചിട്ടുള്ള അദ്ഭുതങ്ങളെ വിവരിക്കുകയെന്നാല്‍, മനുഷ്യനാല്‍ സാധ്യമല്ല. ഫാത്തിമയിലും ലൂര്‍ദ്ദിലും നൂറുകണക്കിനു മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ഓരോ ദിനവും സംഭവിക്കുന്ന അദ്ഭുതങ്ങള്‍ വിവരിച്ചുതീര്‍ക്കാന്‍ മനോവയ്ക്ക് കഴിയില്ലെങ്കിലും ഒരുകാര്യം വ്യക്തമാക്കാം. മനോവയുടെ നിലനില്പ് ജപമാലയില്‍ അധിഷ്ഠിതമായ കര്‍തൃഭക്തിയാണ്! അനേകം സ്ഥലങ്ങളില്‍ ആയിരുന്നുകൊണ്ട് അനേകര്‍ ജപമാലയിലൂടെ മനോവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകരുന്നു!

ചേര്‍ത്തുവായിക്കാന്‍ ഒരു രഹസ്യംകൂടി: യേഹ്ശുവായോടൊപ്പം ശിഷ്യന്മാര്‍ പെസഹാ ഭക്ഷിച്ചതുമുതല്‍ പന്തക്കുസ്താനാളിലെ പരിശുദ്ധാത്മാവിന്റെ ആഗമനംവരെ അമ്പത്തിമൂന്നു ദിവസത്തെ ദൈര്‍ഘ്യമുണ്ടായിരുന്നു!

പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ! ആവേ മരിയ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10700 views

LOG IN

Lost your password?

SIGN UP

LOST PASSWORD