വിജാതിയതയുടെ ദുരന്തം

'സൂര്യഭഗവാന്‍' കണ്ണുതുറന്നു; 'ഓസോണ്‍ഭഗവാന്‍' കണ്ണടച്ചു!

Print By
about

16 - 09 - 2010

സെപ്തംബര്‍ 16, ലോക 'ഓസോണ്‍' ദിനം! 'ഓസോണ്‍പാളി' എന്നു കേള്‍ക്കാത്തവര്‍ ഇന്നു കുറവായിരിയിരിക്കും. എന്നാല്‍, ഇതെന്താണെന്നും എങ്ങനെ ഉണ്ടാകുന്നുവെന്നും വ്യക്തമായ അറിവ് പലര്‍ക്കും ഉണ്ടാകില്ല. സൂര്യനില്‍നിന്നുമുള്ള 'അള്‍ട്രാവയലറ്റ്' രശ്മികള്‍ നേരിട്ടു ഭൂമിയില്‍ പതിക്കുന്നതിനെ തടഞ്ഞുനിര്‍ത്തുന്നത് 'ഓസോണ്‍'പാളികളാണെന്നു നാം കേട്ടിട്ടുണ്ടല്ലോ! ഓസോണ്‍ പാളികളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നുവെന്നും അത് ഭൂമിക്കും, ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങള്‍ക്കും അപകടമാണെന്നുമുള്ള വാര്‍ത്തയാണ് ഈ പേരിനെ ശ്രദ്ധേയമാക്കിയത്! അല്ലെങ്കില്‍ അറിയപ്പെടാത്ത പല പ്രതിഭാസങ്ങളുംപോലെ ഇവയും അവഗണിക്കപ്പെടുമായിരുന്നു. വളരെ ചുരുങ്ങിയ വാക്കുകളില്‍ 'ഓസോണ്‍'പ്രതിഭാസത്തെക്കുറിച്ച് ചിന്തിച്ചതിനുശേഷം നമ്മുടെ വിഷയത്തിലേക്കു കടക്കുന്നാതാകും നല്ലത്.

ഭൂമിക്ക് ആവശ്യമായ വെയിലും മഴയും മറ്റ് ഘടകങ്ങളും തടയാതെതന്നെ, ഉപദ്രവകാരിയായ 'അള്‍ട്രാവയലറ്റ്' കിരണങ്ങളെ പൂര്‍ണ്ണമായി ഭൗമപ്രതലത്തില്‍ എത്താതെ തടയുന്ന ഒരു രക്ഷാകവചമാണ് ഓസോണ്‍ പാളി! ഈ കവചത്തിന് വിള്ളലുകള്‍ വീഴുകയോ ക്ഷതമേല്‍ക്കുകയോ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വിവരണാതീതമാണ്. ആഗോള താപനം പോലെതന്നെ മനുഷ്യരാശി ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ്, ഓസോണ്‍ പാളിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷതവും.
 
രണ്ട് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓക്സിജന്‍ തന്മാത്ര(O2) ഉണ്ടാകുന്നത്.  മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നാലുണ്ടാകുന്നത് ഓസോണ്‍ തന്മാത്ര(O3)യാണ്. 1725-ല്‍ വാന്‍മാരം എന്ന ശാസ്ത്രജ്ഞന്‍ പ്രത്യേക ഗന്ധത്തോടെയുള്ള ഈ വാതകത്തെ ലോകത്തിനു പരിചയപ്പെടുത്തി. എന്നാല്‍, 1840-ല്‍ ഷേണ്‍ബൈന്‍ ആണ് ഈ വാതകത്തിന് 'ഞാന്‍ മണക്കുന്നു' എന്ന് അര്‍ത്ഥമുള്ള ഓസോണ്‍ എന്ന പേരു നല്‍കിയത്.
 
ഭൗമാന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടുണ്ട്. അതില്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള പാളിയായ ട്രോപോസ്ഫിയറില്‍ ആകെയുള്ള ഓസോണിന്റെ 10 ശതമാനം നിലനില്‍ക്കുന്നു. ബാക്കിയുള്ള 90 ശതമാനവും തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ്. അതിനാല്‍തന്നെ, ഈ പാളിയെ 'ഓസോണോസ്ഫിയര്‍' എന്നും വിളിക്കാറുണ്ട്. ഇവിടെ കുറഞ്ഞ തരംഗനീളത്തിലുള്ള സൗര-വികിരണങ്ങള്‍ ഏറ്റ് ഓക്സിജന്‍ തന്മാത്രകള്‍ വിഘടിതമാകുകയും അങ്ങനെ കിട്ടുന്ന അണുക്കള്‍ O2 തന്മാത്രകളോട് സംയോജിച്ച് O3 തന്മാത്രകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
 
ഓസോണിന്‍റെ ശത്രുക്കള്‍!  
 
റഫ്രിജറേറ്ററുകള്‍, സ്പ്രേകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 'ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍ '(സിഎഫ്സി)ആണു മുഖ്യമായും ഓസോണ്‍ പാളിക്കു ക്ഷതമേല്‍പ്പിക്കുന്നത്. 1920 കളോടെ തോമസ് മിഡ്ജേയെന്ന എന്‍ജിനിയറാണ് സിഎഫ്സികള്‍ കണ്ടുപിടിച്ചത്. സ്ട്രാറ്റസ്ഫിയറില്‍ എത്തിച്ചേരുന്ന സിഎഫ്സികള്‍ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് ക്ലോറിനെ സ്വതന്ത്രമാക്കുന്നു. ക്ലോറിന്‍ ഓസോണ്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സിജന്‍ തന്മാത്രകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഒരു ക്ലോറിന്‍ ആറ്റത്തിനു കുറഞ്ഞത് ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്. സിഎഫ്സി കൂടാതെ സൂപ്പര്‍സോണിക് വിമാനങ്ങള്‍, സ്പേസ് ഷട്ടിലുകള്‍ എന്നിവയില്‍നിന്ന് അന്തരീക്ഷത്തിലെത്തുന്ന നൈട്രജന്റെ ഓക്സൈഡുകളും ഓസോണ്‍ പാളിക്ക് നാശംവരുത്തും
 
ഓസോണ്‍ പാളി നശിച്ചാല്‍ എന്തു സംഭവിക്കും?
 
മനുഷ്യരാശിക്കു കണക്കുകൂട്ടാന്‍ കഴിയാത്ത ദുരന്തങ്ങളാണ് ഓസോണ്‍ പാളി നശിക്കുന്നതുമൂലം ഭൂമി നേരിടേണ്ടിവരിക. അത്രമാത്രം മാരകമായ വിനകള്‍ അള്‍ട്രാവയലറ്റ് കിരണങ്ങളിലൂടെ കടന്നുവരും. ഓസോണ്‍ പാളിക്കു വിള്ളല്‍ സംഭവിച്ചാല്‍ ഭൂപ്രതലത്തിലെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുകയും ഇവയേറ്റാല്‍ മനുഷ്യരില്‍ മാലിഗ്നന്റ് മെലാനോമ(Malignant Melanoma)പോലുള്ള മാരകമായ ചര്‍മ്മാര്‍ബുദങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. തിമിരം, ജനിതക വൈകല്യങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയും വ്യാപകമായുണ്ടാകും. സസ്യങ്ങളുടെ സ്വാഭാവികമായ പ്രതിരോധശേഷി അള്‍ട്രാവയലറ്റ് രശ്മികള്‍ നശിപ്പിക്കും. നെല്ലുപോലുള്ള വിളകള്‍ക്ക് ഓസോണ്‍ ശോഷണം വലിയ പ്രഹരമാണുണ്ടാക്കുന്നത്. പയറുവര്‍ഗങ്ങള്‍, തണ്ണിമത്തന്‍,  നിലക്കടല,  സോയാബീന്‍ എന്നിവയുടെ ഉത്പാദനം ക്ഷയിക്കുകയും ചെയ്യുന്നു.
 
അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലായി പതിക്കുന്നത് സമുദ്രത്തിലെ പ്ലാങ്ക്ടണുകളെയും വ്യാപകമായി നശിപ്പിക്കും. അതുമൂലം മത്സ്യസമ്പത്ത് ഗണ്യമായി കുറയും. അള്ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ഭൂമിയിലെത്തിയാല്‍ സ്വാഭാവികമായും അന്ത്രീക്ഷ താപനിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കും. 1930 മുതല്‍ ഓസോണ്‍ പാളിയെക്കുറിച്ച് ശാസ്ത്രലോകത്തിന് അറിയാമായിരുന്നെങ്കിലും, 1970 കളില്‍ മാത്രമാണ് ഇവയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നു കണ്ടെത്തിയത്.  
 
അന്റാര്‍ട്ടിക് മേഖലയ്ക്കുമുകളില്‍ വന്‍ ഓസോണ്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്ന കാര്യം 1986 ഓഗസ്റ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ഹോഫ്മാന്‍, സൂസന്‍ സോളമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കണ്ടെത്തല്‍ നടത്തിയത്. ഈ പശ്ചാത്തലത്തില്‍ 1987 സെപ്റ്റംബര്‍16-ന് 'മോണ്‍ട്രിയല്‍' ഉടമ്പടി രൂപംകൊള്ളുകയും ഓസോണ്‍ ശോഷണത്തിന്റെ ദുരന്തഫലങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1994-ലെ യുഎന്‍ പൊതുസഭ സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമായി പ്രഖ്യാപിച്ചതോടെ ഓസോണ്‍ ശോഷണത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടി! ഇതാണ് ഓസോണിന്റെ കണ്ടുപിടുത്തവും ഇന്നുവരെയുള്ള നാള്‍വഴികളും!
 
ഇതൊരു പ്രവചനത്തിന്റെ പൂര്‍ത്തീകരണം!
 
വിഗ്രഹാരാധകര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളായ വിഗ്രഹങ്ങളാല്‍ത്തന്നെ ശിക്ഷിക്കപ്പെടും. ദൈവമായ യാഹ്‌വെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടുത്തെ വിശുദ്ധരായ പ്രവാചകന്മാരിലൂടെ നല്‍കിയ മുന്നറിയിപ്പാണിത്. വിഗ്രഹങ്ങളെ സേവിക്കുന്നവരെ അതേ വിഗ്രഹങ്ങളാല്‍തന്നെ നശിപ്പിച്ചുകൊണ്ട് ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. ദൈവവചനം നോക്കുക:
"സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം:11;15,16). ഈ വചനത്തിന് ഓസോണ്‍ പാളികളുടെ വിള്ളലുമായി എന്തു ബന്ധമാണുള്ളതെന്ന് ചിന്തിച്ചേക്കാം. എഴുതപ്പെട്ടിരിക്കുന്ന ഒരു വചനവും നിറവേറാതിരിക്കില്ല. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുവിലൂടെതന്നെ ശിക്ഷ കടന്നുവരുമെന്ന് ദൈവം മുന്നറിയിപ്പു തന്നതാണ്! ഇന്ന് ഇത്തരം ദുരന്തങ്ങള്‍ കടന്നു വരുമ്പോള്‍, എവിടെയാണ് തെറ്റുപറ്റിയതെന്നു ചിന്തിക്കുന്നത് നല്ലതാണ്. എന്തെല്ലാം പ്രചരണങ്ങള്‍ നടത്തിയാലും എത്ര പ്രതിരോധം തീര്‍ത്താലും വരുത്തേണ്ടതായ മാറ്റം വരുത്താന്‍ തയ്യാറാകാതെ ദുരന്തങ്ങളില്‍നിന്നു മോചനം ലഭിക്കില്ല.
 
പ്രകൃതി ദുരന്തങ്ങള്‍ക്കുപിന്നിലും പ്രപഞ്ചത്തിലെ മാറിവരുന്ന പ്രതിഭാസങ്ങള്‍ക്കു പിന്നിലുമുള്ള കാരണങ്ങള്‍ വചനത്തിലൂടെ കണ്ടെത്തുകയാണിവിടെ! ബൈബിളില്‍ അനേകം ഇടങ്ങളില്‍ വ്യക്തമായി നല്‍കിയിരിക്കുന്ന ഒരു താക്കീത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും.
"അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ?യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍:8;16). ഇനിയുമുണ്ട് വ്യക്തമായ താക്കീത്; "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം:4;19).
 
സൂര്യനെയും ചന്ദ്രനെയും ഇഴജീവികളെയും പ്രകൃതി ശക്തികളെയും ആരാധനാബിംബങ്ങളാക്കി ദൈവത്തെ പ്രകോപിപ്പിക്കുന്ന അവസ്ഥകള്‍ക്കുള്ള തിരിച്ചടിയാണിതെന്നു ദൈവവചനം വ്യക്തമായും മുന്നറിയിപ്പു തരുന്നു. ഇത് രണ്ടിടത്തുമാത്രം പറഞ്ഞിരിക്കുന്ന കാര്യമല്ല. കാറ്റും കടലും ആരാധിക്കപ്പെടുമ്പോള്‍ ഇവയെ സൃഷ്ടിച്ചവനും സകല ആരാധനകള്‍ക്കും ഉപരിയായവനും സൈന്യങ്ങളുടെ ദൈവവുമായ യാഹ്‌വെ കല്പിച്ചിരിക്കുന്നത് ഇത്തരം ആരാധകര്‍ക്ക് ഇവയിലൂടെ തന്നെ ശിക്ഷ നല്‍കുമെന്നാണ്. ചില ക്രൈസ്തവ സഭകള്‍പോലും ഇതു മുഖവിലക്കെടുക്കാതെ, സൃഷ്ടികളില്‍ ദൈവീക സാന്നിധ്യമുണ്ടെന്നും അവയെ വണങ്ങുന്നതിലൂടെ ദൈവത്തെതന്നെയാണു ആരാധിക്കുന്നതുമെന്നുള്ള അബദ്ധപഠനങ്ങള്‍ നടത്തുകയാണ്. ഇന്ത്യയിലെ ആള്‍ദൈവങ്ങള്‍ പ്രചരിപ്പിക്കുന്ന യോഗയാണു സൂര്യനമസ്കാരത്തിന്റെ പരിശീലനക്കളരി! അതിനുവേണ്ടി ശാസ്ത്രീയമായി യോഗയെ അവതരിപ്പിക്കുകയാണിവര്‍! സൂര്യനമസ്കാരം മാത്രമല്ല മറ്റു പ്രപഞ്ചശക്തികളെയും വണങ്ങുകയും സേവിക്കുകയും ചെയ്യുന്ന രീതി യോഗയിലുണ്ട്.
 
ദൈവം വെറുക്കുന്ന വിഗ്രഹാരാധനയിലേക്ക് മനുഷ്യരെ തന്ത്രപൂര്‍വ്വം നയിക്കുന്ന ഒരു നിഗൂഢമായ പദ്ധതിയാണു യോഗയിലൂടെ സാത്താന്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിനായ നന്മയുടെ ചില മേമ്പൊടികള്‍ അതില്‍ ചേര്‍ത്തിരിക്കുന്നു.  വെറുമൊരു വ്യായാമമുറ മാത്രമാണെന്നാണ്, ഇതു പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്. പ്രകൃതി ശക്തികളില്‍ ദൈവീക സാന്നിധ്യമുണ്ടെന്നും അവയെ വണങ്ങുന്നതിലൂടെ അവയുടെ സൃഷ്ടാവായ ദൈവത്തെയാണു വണങ്ങുന്നതെന്ന അപകടകരമായ ആശയം പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചു. അതാണു യോഗയുടെ പ്രചാരത്തില്‍നിന്നു മനസ്സിലാക്കേണ്ടത്.
 
മൂന്നുതരം ആവശ്യക്കാര്‍ക്കുവേണ്ടിയാണു യോഗമുറകള്‍ ക്രമീകരിച്ചിരിക്കുന്നത്. രോഗികള്‍ക്കും രോഗം വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആത്മീയതയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രത്യേകമായ മുറകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ വ്യായാമ മുറകളിലും ക്രിയകളിലും ഒളിഞ്ഞിരിക്കുന്ന വിഗ്രഹാരാധന സൂഷ്മതയോടെ പരിശോധിച്ചാല്‍ മനസ്സിലാകും. ക്രിസ്ത്യാനികളെയും ആത്മീയ മനുഷ്യരെയും നേരിട്ടു വിഗ്രഹാരാധനയിലേക്കു നയിക്കുകയെന്നത് ശ്രമകരമായതിനാല്‍, മറഞ്ഞിരിക്കുന്ന വിഗ്രഹങ്ങളിലേക്ക് ദൈവമക്കളെ നയിക്കാന്‍ ഈ മുറകളിലൂടെ സാധിക്കുന്നു.
 
യോഗയിലെ സുപ്രധാനമായ ഒരു നമസ്ക്കാരത്തെ ശ്രദ്ധിച്ചാല്‍ ഈ നിഗൂഢത മനസ്സിലാകും. സൂര്യനമസ്ക്കാരം എന്നത് യോഗ അഭ്യസിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. ഈ നമസ്ക്കാരത്തിന് ശാസ്ത്രീയമായ ചില ഗുണങ്ങള്‍ വിവരിച്ചുകൊണ്ടാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിന്റെ പ്രചാരകര്‍ പറയുന്ന ശാസ്ത്രീയമായ കാര്യങ്ങള്‍ സത്യവുമാണ്. 
 
ഈ ശാസ്ത്രീയ മാനങ്ങള്‍ ഇവരുടെ ഭാഷ്യത്തില്‍തന്നെ ശ്രദ്ധിക്കാം; പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരംവഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെതന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല. തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്. ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളുമൊക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം, ഹോമം തുടങ്ങിയവകൊണ്ടും സൂര്യനെ വന്ദിക്കുന്നു.
 
സൂര്യപ്രകാശമേല്ക്കാന്‍ വെയിലുകൊണ്ടാല്‍ മതിയെന്നു നമുക്കറിയാം. ഈ പറയുന്ന വിറ്റാമിന്‍-(ഡി) അങ്ങനെയും ലഭിക്കും. എന്നാല്‍, അതിലൂടെ സാത്താന്റെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കപ്പെടുകയില്ലല്ലോ! അതിനു നമസ്ക്കരിക്കുക തന്നെ വേണം! എങ്ങനെയാണു നമസ്ക്കരിക്കേണ്ടതെന്നും യോഗികള്‍ പറയുന്നതു ശ്രദ്ധിക്കാം; നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി; സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തലകുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. (അതായത്, വിഗ്രഹങ്ങളെ വണങ്ങുന്നത് കഴുത്തിന്‌ ഒരു വ്യായാമം ആണെന്നു വിവക്ഷ!  അങ്ങനെയെങ്കില്‍ പല പാപങ്ങളും ചില അവയവങ്ങള്‍ക്ക് ഇതില്‍കൂടുതല്‍ വ്യായാമം നല്‍കുന്നതാണ്). ആദിത്യസേവകൊണ്ട് (സൂര്യനെ വണങ്ങുന്നത്) ക്രമേണ ജ്ഞാനമുണ്ടാകുന്നു.  ഇതുപോലൊരു ‘ഓഫര്‍’ മുന്‍പ് യേഹ്ശുവായ്ക്ക് സാത്താന്‍ കൊടുത്തിരുന്നു. അന്ന് ലോകം മുഴുവനുമായിരുന്നു അവിടുത്തേക്ക്‌ അവന്‍ വാഗ്ദാനം ചെയ്തത്!
 
പ്രസിദ്ധനായ യോഗാചാര്യന്‍ നമസ്ക്കാരങ്ങളെ ഇങ്ങനെ വിവരിക്കുന്നു;
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡ നമസ്കാരം, പാദ നമസ്കാരം എന്നിങ്ങനെയാണ് ഇവ. സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്. സാഷ്ടാംഗ നമസ്കാരം എന്നത് മനുഷ്യ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാല്‍മുട്ട്, കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു. ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടിപോലെ) കിടക്കുന്നതാകുന്നു. ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തറയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല, സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യനമസ്കാരവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു
.

 
സൂര്യനുകീഴെ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും തികച്ചും സൗജന്യമായി വിറ്റാമിന്‍-ഡി ലഭിക്കും. ഇതിനു സൂര്യനെ നമസ്കരിക്കേണ്ട ആവശ്യമില്ല. അല്പവസ്ത്രം ധരിക്കുന്നവനു കൂടുതല്‍ ലഭിക്കുന്നതിനാല്‍ വെയിലുകൊണ്ടു കിടക്കുമ്പോള്‍ (സണ്‍ബാത്ത്)ലഭ്യത വര്‍ദ്ധിക്കും. സൂര്യസ്നാനത്തിനുപകരം സൂര്യനമസ്കാരമാകുമ്പോള്‍ അത് ദൈവനിന്ദയാകും! സൂര്യനോ ചന്ദ്രനോ മറ്റേതു ശക്തികള്‍ക്കും നമ്മെ ഒന്നും ചെയ്യാന്‍ കഴിവില്ല. ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് ഇവയെല്ലാം അധീനതയിലാക്കാന്‍ കഴിയും.
"പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിലുംനിന്നു യാഹ്‌വെ നിന്നെ കാത്തുകൊള്ളും; അവിടുന്ന് നിന്റെ ജീവന്‍ സംരക്ഷിക്കും"(സങ്കീ:121;6,7). വിറ്റാമിന്‍-ഡി ലഭിക്കാന്‍ സൂര്യനെ നമസ്കരിക്കുന്നത്,  പൊതു 'ടാപ്പില്‍'നിന്നു വെള്ളമെടുക്കാന്‍ 'ടാപ്പിനെ' ആരാധിക്കുന്നതുപോലെയാണ്!

യോഗയുടെ പ്രചാരകരായ ചില ക്രിസ്തീയ സന്യാസസഭകളും 'ക്രിസ്ത്യന്‍ യോഗികളും'  ബൈബിളിലെ ചില വചനങ്ങള്‍ ഒരിക്കല്‍കൂടി ശ്രദ്ധിക്കുക! "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം:4;19). എസക്കിയേല്‍ പ്രവാചകനിലൂടെ ദൈവമായ യാഹ്‌വെ വീണ്ടും അരുളിച്ചെയ്യുന്നു; "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"  (എസക്കിയേല്‍:8;16,17). 
 
സൂര്യനമസ്ക്കാരക്കാര്‍ക്ക് ജറെമിയാ പ്രവാചകന്‍വഴി യാഹ്‌വെ നല്‍കുന്ന ശക്തമായ താക്കീതുകൂടി നമുക്കു വായിച്ചറിയാം;
"യാഹ്‌വെ അരുളിച്ചെയ്യുന്നു;  അക്കാലത്ത് യൂദാരാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും  പ്രവാചകന്മാരുടെയും ജറുസലെം നിവാസികളുടെയും അസ്ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും. അവര്‍ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്വേഷിക്കുകയും അനുഗമിക്കുകയും ആരാധിക്കുകയും ചെയ്ത സൂര്യചന്ദ്രന്മാരുടെയും ആകാശശക്തികളുടെയും മുമ്പില്‍ അവ നിരത്തിവയ്ക്കപ്പെടും. ആരും അവ ശേഖരിച്ചു സംസ്കരിക്കുകയില്ല"(ജറെ:8;1,2).
 
ദാവീദിനുശേഷം യൂദാരാജ്യം ഭരിച്ച ഏറ്റവും ശ്രേഷ്ഠനായ രാജാവെന്നു യാഹ്‌വെ അംഗീകാരം നല്‍കിയിട്ടുള്ളത് ജോസിയാ രാജാവിനാണ്. അവനെ ശ്രേഷ്ഠനായി പരിഗണിക്കാനുണ്ടായ കാരണം രാജാക്കന്മാരുടെ രണ്ടാം പുസ്തകം ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ കാണുന്നുണ്ട്.
"വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രന്മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെ സ്ഥാനഭ്രഷ്ടരാക്കി"(2രാജാ:23;5). സൂര്യനു പ്രതിഷ്ഠിച്ചിരുന്ന സകലതും ജോസിയാ നീക്കംചെയ്തു. എത്രതന്നെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഈ തിന്മയെ വെള്ളപൂശാന്‍ കഴിയില്ല. ചെയ്യുന്ന തെറ്റുകളെ നന്മയാക്കിമാറ്റാന്‍ ശാലോം ടെലിവിഷനിലൂടെ സഭയിലെ ബുദ്ധിജീവികള്‍ ശ്രമിക്കുമ്പോള്‍, ശാലോമിന്റെ ചെയര്‍മാന്‍ ബ്ര. ബെന്നി പുന്നത്തറ എഴുതിയ 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകത്തിലെ 100 മുതല്‍ 103 വരെയുള്ള പേജുകള്‍ വായിക്കുമ്പോള്‍ വിശ്വാസികളെ വഞ്ചിക്കുന്ന കൂട്ടുകെട്ടുകള്‍ മനസ്സിലാകും.  'യോഗാ' ഒരു മാരക തിന്മയാണെന്നു മുന്‍കാലത്തു യോഗ അഭ്യസിച്ചിട്ടുള്ള ബെന്നി സാക്ഷ്യപ്പെടുത്തിയിരുന്നു.  ഇന്ന് ശാലോമിലൂടെ 'യോഗാ' നല്ലതെന്നു പറയുമ്പോള്‍ സംഘപരിവാര്‍ സ്വാധീനം ശാലോമിലും പ്രതിഫലിക്കുന്നു!
 
ഇത്തരം പാപങ്ങളിലേക്ക് മനുഷ്യരെ നയിക്കുന്നവര്‍ വരുംതലമുറകളെപ്പോലും ദുരന്തത്തിനിരയാക്കുകയാണ്. കാരണം, ഒരുവനോ അല്ലെങ്കില്‍ ഒരു സമൂഹമോ ചെയ്യുന്ന തിന്മ അവര്‍ വസിക്കുന്ന ഇടങ്ങളിലുള്ള മറ്റു മനുഷ്യരെയും ജീവജാലങ്ങളെയും ബാധിക്കും എന്നതുകൊണ്ടാണ് ഇത്തരക്കാരെ സമൂഹത്തില്‍ നിന്നുതന്നെ വിച്ഛേദിക്കണമെന്നു പറഞ്ഞിരിക്കുന്നത്. അവര്‍ ചെയ്യുന്നതിനെ നിസംഗതയോടെ കാണുന്നതു ശരിയല്ല. സൂര്യനെ നമസ്കരിക്കാത്തവര്‍ ഇതിലൂടെ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കില്‍ ഈ മഹാതിന്മക്കെതിരെ പോരാടുക തന്നെവേണം. പരിസ്ഥിതിയെ ബാധിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിലും അധികമായി സത്യം പ്രചരിപ്പിക്കാന്‍ തയ്യാറായാല്‍ പ്രകൃതിയിലൂടെയുള്ള ശിക്ഷ നീങ്ങിപ്പോകും. 
 
'കടലമ്മ' തരുന്ന സുനാമിയും 'ഭൂമീദേവിയുടെ' ഭൂകമ്പങ്ങളും 'വായുഭഗവാന്റെ' ചുഴലിക്കാറ്റും 'ചിമ്പാന്‍സി'യില്‍നിന്നു(ഹനുമാന്‍) വന്ന 'എയിഡ്സും' മാത്രമല്ല, പന്നിപ്പനിയും പശുപ്പനിയുമെല്ലാം എവിടെനിന്നും വന്നുവെന്നു ജാഗ്രതയോടെ ചിന്തിച്ചാല്‍ മനസ്സിലാകും.
"അവരുടെ മ്ലേച്ഛതകള്‍ കൊണ്ടുതന്നെ അവിടുന്ന് അവരെ പീഡിപ്പിച്ചു. അതിനിന്ദ്യമായ ജന്തുക്കളെപ്പോലും ദൈവങ്ങളായി ആരാധിച്ച് അവര്‍ തെറ്റായ പാതയില്‍ ബഹുദൂരം സഞ്ചരിച്ചു"(ജ്ഞാനം:12;23,24). "ലഘുശിക്ഷകളുടെ താക്കീത് ഗൗനിക്കാത്തവര്‍ ദൈവം നല്‍കുന്ന അര്‍ഹമായ ശിക്ഷ അനുഭവിക്കും. ദേവന്മാര്‍ എന്നു തങ്ങള്‍ കരുതിയിരുന്നവയിലൂടെത്തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് അവയുടെ നേരെ കോപം തോന്നി. തങ്ങള്‍ അറിയാന്‍ കൂട്ടാക്കാഞ്ഞ അവിടുന്നാണ് സത്യദൈവമെന്ന് അവര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അതിനാല്‍, ഏറ്റവും വലിയ ശിക്ഷാവിധി അവര്‍ക്കു ലഭിച്ചില്ല"(ജ്ഞാനം:12;26,27).

ഇന്നു കത്തോലിക്കാ സഭയിലെ 'കന്യാസ്ത്രി' മഠങ്ങളിലും വൈദീക ആശ്രമങ്ങളിലും യോഗ അഭ്യസിച്ചുകൊണ്ട് ദുഷ്പ്രേരണ നല്‍കുന്നത് സഭ ജാഗതയോടെ കാണണം. ആള്‍ദേവതയായ അമൃതാനന്തമയിയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് 'കന്യാസ്ത്രികള്‍' വിശ്വാസികള്‍ക്കു 'നല്ല' സാക്ഷ്യം നല്‍കുകയാണ്!
 
രോഗം വരുമ്പോള്‍ ചികിത്സിക്കുന്നതും രോഗപ്രതിരോധത്തിനായി വ്യായാമ മുറകള്‍ പരിശീലിക്കുന്നതും തെറ്റല്ല; മറിച്ച്, നല്ലതാണ്. എന്നാല്‍, ദൈവം എതിര്‍ക്കുന്നതും ആത്മാവിനെ നശിപ്പിക്കുന്നതുമായ രീതികളുള്ള ഒന്നും ഗുണം ചെയ്യില്ല. അതു ഭീകരമായ ദുരന്തം വിളിച്ചുവരുത്തും. യോഗയില്‍നിന്നു നന്മസ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക; അത് ദൈവത്തെ നിന്ദിക്കാന്‍ സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയാണ്. സൂര്യനമസ്കാരം നടത്തുന്നതുപോലെതന്നെ അതിനെതിരെ കണ്ണടക്കുന്നതും അപകടമായതിനാല്‍, ഈ തിന്മക്കെതിരെ ഉണരുക! വിജതിയരെ അനുകരിച്ച് അവരുടെ ദുരന്തത്തില്‍ ഓഹരി പറ്റുന്നവര്‍ ഓര്‍ക്കുക:
"നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം:4;7,8). 

എന്നിട്ടും വിജാതിയരുടെ നിയമങ്ങളും ആചാരങ്ങളും അന്വേഷിച്ചുപോകുന്ന ക്രിസ്ത്യാനി 'മന്നാ'യുടെ രുചി വായിലുള്ളപ്പോള്‍ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചവരുടെ അപചയത്തിലാണ്. അവര്‍ക്കു ലഭിച്ച ഓഹരി നിങ്ങളെയും കാത്തിരിക്കുന്നു!

സൂര്യനെ നമസ്ക്കരിക്കുന്ന മനുഷ്യന്‍ സൂര്യനാല്‍ത്തന്നെ ശിക്ഷിക്കപ്പെടുന്നു. യോഗയുടെ പ്രചാരകരാണ്‌ ഈ ദുരന്തം ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6577 views

LOG IN

Lost your password?

SIGN UP

LOST PASSWORD