10 - 02 - 2018
ലോകമെങ്ങും എന്നപോലെ കേരളത്തിലും വിവാഹമോചനങ്ങള്‍ ക്രമാതീതമായാണ് വര്‍ദ്ധിക്കുന്നത്. കോടതികളില്‍ വരുന്ന കേസുകളില്‍ പകുതിയിലേറെയും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇവയില്‍ത്തന്നെ എണ്‍പതു ശതമാനവും സ്ത്രീകളുടെ ആവശ്യപ്രകാരമുള്ള കേസുകളാണെന്നതും പ്രത്യേകം ശ്രദ്ധിക്കണം. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്തവിധം വിവാഹമോചനങ്ങള്‍ ഇക്കാലത്ത് വര്‍ദ്ധിച്ചുവരുന്നത് എന്തുകൊണ്ടാണെന്ന പരിശോധന ഇവിടെ അനിവാര്യമാകുന്നു.
ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ, വിവാഹമോചനങ്ങള്‍ ഇന്ന് നിത്യസംഭവമാണ്. മുന്‍കാലങ്ങളിലൊക്കെ ഗ്രാമങ്ങളില്‍ വിവാഹമോചിതരായ വ്യക്തികളെ കണ്ടെത്താന്‍ വലിയ പ്രയാസമായിരുന്നെങ്കില്‍, ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. രണ്ടു കിലോമീറ്ററിന് ഇടയില്‍ത്തന്നെ വിവാഹമോചിതരായ ഒന്നിലധികം വ്യക്തികളെ കണ്ടെത്താന്‍ സാധിക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ എന്ന അവസ്ഥയിലേക്ക് വിവാഹമോചിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. വിവാഹമോചനം എന്നത് പണ്ടൊക്കെ വലിയ വാര്‍ത്തായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി എന്താണെന്നു നമുക്കറിയാം. വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ദാമ്പത്യജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളെപ്പോലും അതിജീവിക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ദാമ്പത്യജീവിതത്തില്‍ മാത്രമല്ല, ലോകത്തുള്ള എല്ലാ ബന്ധങ്ങളിലും പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങളെ പരിഹരിച്ചു മുന്നോട്ടുപോകുമ്പോള്‍ മാത്രമാണ് ബന്ധങ്ങള്‍ നിലനില്‍ക്കുകയുള്ളു. മക്കളും മാതാപിതാക്കളും തമ്മില്‍ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാത്ത ഒരു ഭവനംപോലും ഈ ലോകത്തുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഇവിടെയൊന്നും വേര്‍പിരിയല്‍ നാം കാണുന്നില്ല. പത്തും പതിനഞ്ചും വര്‍ഷം ഒരുമിച്ചു ജീവിച്ച ദമ്പതിമാര്‍, തങ്ങളുടെ മക്കളുടെ ഭാവിപോലും പരിഗണിക്കാതെ വേര്‍പിരിയാന്‍ തയ്യാറാകുന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
ദാമ്പത്യബന്ധങ്ങള്‍ക്ക് ദൃഢതയില്ലാത്ത അവസ്ഥയുണ്ടാകാന്‍ കാരണങ്ങള്‍ തേടുമ്പോള്‍ ഒന്നാമതായി മുന്നില്‍ തെളിഞ്ഞുവരുന്നത് സാത്താന്റെ ചിത്രമാണ്. എന്തെന്നാല്‍, അന്ത്യകാലം സമീപിച്ചുവെന്ന വ്യക്തമായ ബോധ്യം സാത്താനുണ്ട്. ഇക്കാരണത്താല്‍ത്തന്നെ അവന്റെ ജോലി അവന്‍ ത്വരിതപ്പെടുത്തുന്നു. അവനെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും അധികമായി അവനെ അസ്വസ്ഥപ്പെടുത്തുന്നത് പവിത്രമായ ദാമ്പത്യബന്ധങ്ങളാണ്. ദാമ്പത്യജീവിതത്തിലെ വിശ്വസ്തതയും വിശുദ്ധിയുമാണ് ഒരു കുടുംബത്തിന്റെ കെട്ടുറപ്പിന് ആധാരം. അതുപോലെതന്നെ, നല്ല ദാമ്പത്യബന്ധത്തില്‍നിന്നു മാത്രമേ നല്ല മക്കള്‍ ജനിക്കുകയുള്ളു. ഭര്‍ത്താവും ഭാര്യയും സ്നേഹത്തില്‍ ഒന്നാകുന്നതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഈ ലോകത്തിന് അനുഗൃഹമായി മാറും. മാത്രവുമല്ല, നല്ല കുടുംബങ്ങളില്‍നിന്നു മാത്രമാണ് നല്ല പൗരന്മാരെ ഈ ലോകത്തിനു ലഭിക്കുകയുള്ളു. ഇക്കാര്യങ്ങളിലൊക്കെ മനുഷ്യനെക്കാള്‍ അറിവുള്ളവനാണ് സാത്താന്‍! ആയതിനാല്‍, അവനും അവന്റെ ആളുകളും ഇറങ്ങിയിരിക്കുന്നത് കുടുംബജീവിതങ്ങളില്‍ അന്തഃഛിദ്രതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ദൈവത്തെക്കുറിച്ചുള്ള ചിന്തയില്ലാത്തവരും ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് സ്വീകാര്യമാകുന്നത് സാത്താന്റെ ഉപദേശമായതിനാല്‍ അവന്റെ ജോലി എളുപ്പമാക്കുന്നു!
കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാനുള്ള സാത്താന്റെ പ്രവര്‍ത്തനത്തിനുപിന്നിലെ പ്രധാന കാരണം ദൈവത്തോടുള്ള അവന്റെ പകതന്നെയാണ്. ഈ ഭൂമുഖത്ത് ദൈവം യോജിപ്പിക്കുന്ന ഒരേയൊരു ബന്ധം വിവാഹമാണെന്ന് അവനറിയാം. ഒരിക്കലും വേര്‍പിരിയാന്‍ പാടില്ലെന്ന ദൈവകല്പനയെക്കുറിച്ചും അവനു നല്ല ധാരണയുണ്ട്. ദൈവം ആഗ്രഹിക്കുന്നതിനു വിരുദ്ധമായി മനുഷ്യനെക്കൊണ്ടു ചെയ്യിക്കുക എന്നതാണ് ആദിമുതല്‍ സാത്താന്‍ സ്വീകരിച്ചിട്ടുള്ള ശൈലി! മറ്റൊരു ബന്ധത്തോടും തുലനം ചെയ്യാന്‍ സാധിക്കാത്തവിധം ദാമ്പത്യബന്ധത്തെ ദൈവം പരിഗണിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ബന്ധത്തിന്റെ തകര്‍ച്ചയ്ക്കുവേണ്ടി സാത്താന്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നതെന്നു നാം മനസ്സിലാക്കി. ദാമ്പത്യബന്ധങ്ങളെ തകര്‍ക്കാനായി ആധുനികവും പൗരാണികവുമായ അനേകം മാര്‍ഗ്ഗങ്ങള്‍ അവന്‍ അവംലംബിക്കുന്നുണ്ട്. ഈ മാര്‍ഗ്ഗങ്ങള്‍ ഓരോന്നും പരിശോധിക്കുന്നതിനു മുന്‍പായി വിവാഹബന്ധത്തെ സംബന്ധിച്ച് ദൈവത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു പരിശോധിക്കാം. ബൈബിളിലെ ഒരു ഉപദേശം നോക്കുക: "എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ; മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും"(ഹെബ്രാ: 13; 4). അവിശ്വസ്തരായ ഭര്‍ത്താക്കന്മാരും ഭാര്യമാരും തങ്ങളുടെ മണവറ മലിനമാക്കുന്നവരാണ്. മലിനമാക്കപ്പെട്ട മണവറയില്‍നിന്നു നല്ല ജന്മങ്ങള്‍ ഉണ്ടാകുകയില്ല. ഭര്‍ത്താവോ ഭാര്യയോ തങ്ങളുടെ വിവാഹത്തിനു പുറത്ത് അവിഹിത ബന്ധങ്ങള്‍ സൂക്ഷിക്കുന്നുവെങ്കില്‍, ഇവരുടെ ബന്ധം അവിശ്വസ്തതയുടെ ബന്ധമാണ്. ഈ ബന്ധത്തിലൂടെ ജനിക്കുന്നത് അവിശ്വസ്തതയുടെ സന്തതികളായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരത്തിലുള്ള ജന്മങ്ങളാല്‍ ഈ ഭൂമുഖം നിറയ്ക്കുകയെന്നതാണ് പിശാചിന്റെ പ്രവര്‍ത്തനലക്ഷ്യം!
എത്ര രഹസ്യമായി സൂക്ഷിക്കുന്ന ബന്ധമാമാണെങ്കിലും ഒരുനാള്‍ വെളിച്ചത്തുവരും എന്നത് ദൈവീക നീതിയാണ്. അതിനാല്‍ത്തന്നെ, ഒരു അവിഹിത ബന്ധങ്ങളും എല്ലാക്കാലത്തും രഹസ്യമാക്കി വയ്ക്കപ്പെട്ടിട്ടില്ല. അവിഹിത ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന സാത്താന്‍തന്നെയാണ് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതും. എന്തെന്നാല്‍, ഒരു കുടുംബം പരിപൂര്‍ണ്ണമായും തകരുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. പരസ്പരം അവിശ്വസ്തത പുലര്‍ത്തുന്ന പങ്കാളികള്‍ക്കിടയില്‍നിന്നു ദൈവീകസാന്നിദ്ധ്യം അകന്നുപോകുന്നതിനാല്‍, ഈ അവസരം മുതലാക്കി ആ കുടുംബത്തിന്റെ നിയന്ത്രണം സാത്താന്‍ ഏറ്റെടുത്ത് അവന് ഇഷ്ടമുള്ള രീതിയില്‍ നിയന്ത്രിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതിനു വിരുദ്ധമായ രീതിയില്‍ ലോകത്തെ ആക്കിത്തീര്‍ക്കുക എന്നതാണ് പിശാചിന്റെ സന്തോഷം! ദൈവം യോജിപ്പിക്കുന്ന ബന്ധങ്ങളെ തകര്‍ക്കുന്നതിലൂടെ ഈ ലോകത്തെ പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് അവന്‍ മനസ്സിലാക്കുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടുകയെന്നാല്‍, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി പരിണമിക്കുക എന്നാണ് അര്‍ത്ഥം! ഓരോ കുടുംബങ്ങളെയും ഈ അവസ്ഥയില്‍ ആക്കിത്തീര്‍ക്കാന്‍ ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയും. എന്തെന്നാല്‍, ലോകത്തിന്റെ എല്ലാ സംവീധാനങ്ങളുടെയും നിയന്ത്രണം സാത്താന്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിനാല്‍ത്തന്നെ, ഭൂരിപക്ഷത്തിന്റെ ശബ്ദത്തില്‍ നീതിയുണ്ടെന്നു ധരിക്കുന്നത് വ്യര്‍ത്ഥമാണെന്നു നാം മനസ്സിലാക്കണം. ലോകത്തിന്റെ ശബ്ദം ദൈവത്തിന്റെ നിയമങ്ങളെ അവഗണിക്കുന്നതും പുച്ഛിച്ചുതള്ളുന്നതുമാണ്. ലോകമനുഷ്യനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷത്തോടൊപ്പം നിലയുറപ്പിക്കാനാണു താത്പര്യം. എന്നാല്‍, വേറിട്ടുനില്‍ക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളിലാണ് യഥാര്‍ത്ഥ സത്യം കുടികൊള്ളുന്നത്.
ഏലിയായും മോശയും വരുമ്പോള്‍ അവരെ പീഡിപ്പിക്കാനും വധിക്കാനുമായി ഭൂരിപക്ഷത്തെ പിശാച് ഒരുക്കിക്കൊണ്ടിരിക്കുന്നു. ഈ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവര്‍ വരും. അവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുമ്പോള്‍ ലോകം അവരെ നിന്ദിക്കുകയും വധിക്കുകയും ചെയ്യും! ഇതില്‍നിന്നുതന്നെ ഭൂരിപക്ഷത്തിന്റെ ശബ്ദത്തിലുള്ള വ്യര്‍ത്ഥത തിരിച്ചറിയാന്‍ കഴിയും. കുടുംബജീവിതങ്ങളെ തകര്‍ക്കുന്ന സംവീധാനങ്ങള്‍ നിയമത്തിലൂടെ അവതരിക്കപ്പെടുമ്പോള്‍ അതു തിരിച്ചറിയാന്‍ കഴിയുന്നത് യഥാര്‍ത്ഥ ആത്മീയ മനുഷ്യര്‍ക്കു മാത്രമായിരിക്കും. വിവാഹബന്ധത്തിന്റെ സ്ഥിരത എപ്രകാരമായിരിക്കണം എന്നകാര്യത്തില്‍ യേഹ്ശുവാ നമുക്കു നല്‍കിയ ഉപദേശം ശ്രദ്ധിക്കുക: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു"(മത്താ: 5; 32). യേഹ്ശുവാ അറിയിച്ചത് സ്വര്‍ഗ്ഗത്തില്‍നിന്നുള്ള നിയമമാണ്. ഈ നിയമം പാലിക്കാത്തവനു സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കില്ല. എന്താന്നാല്‍, സ്വര്‍ഗ്ഗത്തിന്റെ നിയമങ്ങളെ അംഗീകരിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്കുള്ള അവകാശമാണ് സ്വര്‍ഗ്ഗരാജ്യം! യേഹ്ശുവാ അറിയിച്ച മറ്റൊരു സന്ദേശം നോക്കുക: "പരസംഗം മൂലം അല്ലാതെ മറ്റെന്തെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു"(മത്താ: 19; 9). വിവാഹബന്ധത്തെ നിയമത്താല്‍ ദൃഢമാക്കിയത് സ്വര്‍ഗ്ഗമാണ്. എന്നാല്‍, വിവാഹമോചിതരായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത കല്പിച്ചു നല്കാന്‍ അനേകം സംഘടനകളെയും മാധ്യമങ്ങളെയും സാത്താന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്നു.
ഇവിടെ നാം കണ്ട രണ്ടു വചനങ്ങളിലും ആവര്‍ത്തിച്ചു വായിച്ച ഒരു വാക്കാണ് 'പരസംഗം' എന്നത്. ചിലര്‍ക്കെങ്കിലും ഈ വാക്കിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല എന്ന് മനോവ കരുതുന്നു. 'പരസംഗം' എന്ന വാക്കിന്, അന്യനോടു ചേരല്‍, പരപുരുഷബന്ധം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണുള്ളത്. അതായത്, ഒരുവനു തന്റെ ഇണയെ ഒഴിവാക്കാന്‍ അനുവാദമുള്ളത്, അവള്‍ പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെട്ട് മലിനയായാല്‍ മാത്രമാണ്! ആരുടെയെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യയെ ഉപേക്ഷിക്കരുത്. വ്യക്തമായ തെളിവിന്റെ പിന്‍ബലം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എന്തെന്നാല്‍, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ തന്നെക്കൂടാതെ പല വ്യക്തികളെക്കൂടി പാപത്തിലേക്കു നയിക്കുന്നു. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ മറ്റൊരുവനെ വിവാഹം കഴിക്കുമ്പോള്‍ അവനും അവളും ചെയ്യുന്നത് വ്യഭിചാരമാണ്. അതുപോലെ, ഭാര്യയെ ഉപേക്ഷിച്ചതിനുശേഷം മറ്റൊരുവളെ പരിഗ്രഹിക്കുന്നവനും അവനോടൊപ്പം ചേരുന്ന സ്ത്രീയും വ്യഭിചാരം ചെയ്യുന്നു! ആയതിനാല്‍, വിവാഹമോചനം എന്നത് രണ്ടു വ്യക്തികളെയോ ഒരു കുടുംബത്തെയോ മാത്രമല്ല നശിപ്പിക്കുന്നത്; മറിച്ച്, ഒരു വിവാഹമോചനം പല വ്യക്തികളെയും കുടുംബങ്ങളെയും ബാധിക്കുന്നു.
വിവാഹബന്ധത്തെയും വിവാഹമോചനത്തെയും സംബന്ധിച്ചുള്ള യേഹ്ശുവായുടെ അഭിപ്രായം ബൈബിളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെടുത്തി ഫരിസേയര്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായിട്ടാണ് യേഹ്ശുവാ ഇക്കാര്യങ്ങള്‍ അറിയിച്ചത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും, അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ: 19; 4-6). മനുഷ്യനു വേര്‍പെടുത്താന്‍ അവകാശമില്ലാത്ത ബന്ധമാണ് വിവാഹബന്ധം! വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ദമ്പതിമാരില്‍ ആര്‍ക്കെങ്കിലുമോ ഈ സമൂഹത്തില്‍ ജീവിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ ഒരു വിവാഹബന്ധത്തെ വേര്‍പെടുത്താന്‍ അവകാശമില്ല. അതായത്, ദമ്പതിമാര്‍ പരസ്പര ധാരണയോടെ പിരിയാന്‍ സാധിക്കുന്ന ബന്ധത്തിലല്ല അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: "കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല"(മത്താ: 19; 11). ദൈവത്തില്‍നിന്നു കൃപ സ്വീകരിക്കാത്തവരും സ്വയം തങ്ങള്‍ക്കുവേണ്ടി നാശം കൊയ്യുന്നവരുമാണ് വിവാഹബന്ധം വേര്‍പെടുത്തുന്നത്!
ദാമ്പത്യധര്‍മ്മത്തെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന കല്പന ശ്രദ്ധിക്കുക: "ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മ്മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും. ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം. പ്രാര്‍ത്ഥണാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നുചേരുകയും വേണം. അല്ലാത്തപക്ഷം, നിങ്ങളുടെ സംയമനക്കുറവുനിമിത്തം പിശാച് നിങ്ങളെ പ്രലോഭിപ്പിക്കും"(1 കോറി: 7; 3-5). ഇത്തരത്തില്‍ പരസ്പരം സ്നേഹിച്ചും പരസ്പരം ആലോചനകള്‍ നടത്തിയും ജീവിക്കുന്ന ദമ്പതികള്‍ ഇന്ന് വിരളമാണ്. എന്തെന്നാല്‍, കുടുംബജീവിതങ്ങളുടെമേല്‍ സാത്താന്‍ അത്രമാത്രം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു! സ്ത്രീ ശാക്തീകരണം എന്നപേരില്‍ ചില സ്വൈരിണികള്‍ സമൂഹത്തില്‍ വിഹരിക്കുന്നത് നമുക്കറിയാം. ലോകാരംഭം മുതല്‍ സ്ത്രീകള്‍ക്ക് സമൂഹം നല്‍കിപ്പോന്ന ഉയര്‍ന്ന പല സ്ഥാനങ്ങളും ആദരവും നഷ്ടപ്പെടുത്താന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച സാമൂഹിക ദുരന്തങ്ങളാണ് ഇവര്‍. മതങ്ങള്‍ സ്ത്രീകളെ പുരുഷന്റെ അടിമകളാക്കിയെന്നാണ് ഇവരുടെ വാദം. മറ്റു മതങ്ങള്‍ സ്ത്രീകള്‍ക്കു നല്‍കിയിരിക്കുന്ന ആദരവും പരിഗണനയും ഇവിടെ ചര്‍ച്ചചെയ്യാന്‍ മനോവ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ക്രിസ്തീയതയില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യപരിഗണനയാണു നല്‍കിയിരിക്കുന്നതെന്ന് ധൈര്യപൂര്‍വ്വം പറയാന്‍ മനോവയ്ക്കു സാധിക്കും. പുരുഷനുമേല്‍ ആധിപത്യമുണ്ടായിരിക്കുക എന്നതല്ല സ്ത്രീകള്‍ക്ക് ക്രിസ്തീയത നല്‍കിയിരിക്കുന്ന പരിഗണന; മറിച്ച്, സ്ത്രീകളെ സംരക്ഷിക്കാന്‍ പുരുഷനോടു കല്പിക്കുന്നതാണ് ക്രിസ്തീയതയിലെ നിയമം.
ഭര്‍ത്താവിനെ ഭാര്യ ബഹുമാനിക്കുകയും ഭാര്യയെ സ്വന്തം ശരീരത്തെയെന്നപോലെ ഭര്‍ത്താവു സ്നേഹിക്കുകയും വേണമെന്ന് ബൈബിള്‍ ഉപദേശിക്കുന്നു. ഈ ഉപദേശം ശ്രദ്ധിക്കുക: "ഭാര്യമാരേ, നിങ്ങള്‍ യേഹ്ശുവായ്ക്ക് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം. ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം. അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന് ജലംകൊണ്ട് കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയും ആയിരിക്കുന്നതിനും വേണ്ടിയാണ്. അതുപോലെതന്നെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്. ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.ഇത് ഒരു രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്. ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം"(എഫേ: 5; 22-33). ക്രിസ്തീയ ദാമ്പത്യജീവിതം എന്നത് ഒരു രഹസ്യമാണ്. ദൈവകൃപ ലഭിച്ചവര്‍ക്കു മാത്രമേ ഈ രഹസ്യം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളു.
ഭാര്യയെ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് ഇത്രത്തോളം കാര്‍ക്കശ്യത്തോടെ കല്പിച്ചിട്ടുള്ള മറ്റേതു മതമാണുള്ളത്?! ഈ വിഷയത്തില്‍ പുരുഷനും സ്ത്രീയ്ക്കും രണ്ടു നിയമങ്ങളില്ല. ഇക്കാര്യത്തില്‍ ചില മതങ്ങള്‍ ഇരട്ടനീതി നടപ്പാക്കുമ്പോള്‍, തുല്യനീതിയാണ് ക്രിസ്തീയ നിയമത്തിലുള്ളത്. ഭര്‍ത്താവിനോടു വിധേയത്വവും ബഹുമാനവും പുലര്‍ത്തുകയെന്നത് ഭാര്യയുടെ വ്യക്തിത്വത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് നല്ല സ്ത്രീകള്‍ ചിന്തിക്കില്ല. അഭിസാരികകളും ധാര്‍ഷ്ട്യക്കാരികളുമായ സ്ത്രീകള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകുകയുള്ളു. ഇന്ന് കുടുംബബന്ധങ്ങള്‍ തകര്‍ന്നടിയുന്നതിന്റെ മുഖ്യകാരണങ്ങളില്‍ ഒന്ന് ഇത്തരം അഴിഞ്ഞാട്ടക്കാരികള്‍ക്ക് ലോകം നല്‍കുന്ന ബഹുമതിയാണ്. പിതാവിന് വിധേയയായിരിക്കാത്ത മാതാവിനെ ഏതെങ്കിലും മക്കള്‍ ആദരിക്കുമോ? അപ്പനെ ബഹുമാനിക്കാത്ത അമ്മയെ ഒരു മക്കളും ബഹുമാനിക്കില്ല.
ഈ ഭൂമുഖത്തുള്ള എല്ലാ സംവീധാനങ്ങളിലും ഉയര്‍ന്നതും താഴ്ന്നതുമായ പദവികളുണ്ട്. എന്റെ പദവിക്കു മുകളില്‍ മറ്റൊരു പദവിയുമില്ലെന്ന തോന്നല്‍ വ്യര്‍ത്ഥമാണ്. രാജാവിനു മുകളില്‍ ദൈവമുണ്ട്. ദൈവത്തെ അനുസരിക്കുന്നവനാണ് ഉത്തമനായ രാജാവ്. രാജാവിനു കീഴിലാണ് പ്രജകള്‍ എന്ന് നമുക്കറിയാം. രാജാവിനെ എതിര്‍ത്തുകൊണ്ട് ആര്‍ക്കും രാജ്യത്തു ജീവിക്കാന്‍ സാധിക്കില്ല. അതുപോലെതന്നെ ഓരോ സ്ഥാപനങ്ങളിലും സംഘടനകളിലും തലവന്മാരുണ്ടായിരിക്കും. കുടുംബത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്. ഭര്‍ത്താവ് എല്ലാക്കാര്യത്തിലും ഭാര്യയുടെ ശിരസ്സാണ്. ആരെങ്കിലും ഒരാള്‍ ശിരസ്സായിരിക്കേണ്ടത് അനിവാര്യതയായതുകൊണ്ടുതന്നെ, ശിരസ്സായിരിക്കാന്‍ യോഗ്യത പുരുഷനാണെന്നു ദൈവം മനസ്സിലാക്കി. പുരുഷനില്‍നിന്നാണു സ്ത്രീ ഉണ്ടായതെന്നു നമുക്കറിയാം. ബൈബിള്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: "പുരുഷന്‍ സ്ത്രീയില്‍നിന്നല്ല, സ്ത്രീ പുരുഷനില്‍നിന്നാണ് ഉണ്ടായത്. പുരുഷന്‍ സൃഷ്ടിക്കപ്പെട്ടത് സ്ത്രീയ്ക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ്"(1 കോറി: 11; 8, 9). സ്ത്രീയില്‍നിന്നു വ്യത്യസ്തമായി ദൈവം പുരുഷനില്‍ കാണുന്ന മഹത്വങ്ങള്‍ ഇനിയുമുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പുരുഷന്റെ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു"(1 കോറി: 11; 3). ദൈവത്തിന്റെ ഈ സംവീധാനങ്ങളെ നിഷേധിച്ചുകൊണ്ട് ആര്‍ക്കെങ്കിലും അവിടുത്തെ സമീപിക്കാന്‍ കഴിയുമെന്ന് ധരിക്കരുത്.
പുരുഷനെയും സ്ത്രീയെയും ദൈവമാണ് സൃഷ്ടിച്ചത്. അന്ന് സ്ത്രീയുടെമേല്‍ പുരുഷന് ആധിപത്യം ഉണ്ടായിരുന്നില്ല; അവര്‍ ഇരുവര്‍ക്കും തുല്യപദവിയാണ് ഉണ്ടായിരുന്നത്. എന്നാല്‍, സ്ത്രീ തനിക്ക് പുരുഷനു തുല്യമായി ഉണ്ടായിരുന്ന പദവി നഷ്ടപ്പെടുത്തി. പിശാചിന്റെ ഉപദേശത്തെ ദൈവത്തിന്റെ കല്പനയെക്കാള്‍ കൂടുതലായി അനുസരിച്ചുകൊണ്ടാണ് അവള്‍ തന്റെ പദവി നഷ്ടപ്പെടുത്തിയത്. "ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍, സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു"(1 തിമോത്തി: 2; 14). സ്ത്രീയ്ക്ക് പുരുഷനോടൊപ്പം തുല്യപദവി ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് പുരുഷനെ വഞ്ചിക്കാന്‍ സ്ത്രീയ്ക്ക് സാധിച്ചത്. അന്നുമുതല്‍ പുരുഷനുമേല്‍ അധികാരം പ്രയോഗിക്കാനോ അവനെ ഉപദേശിക്കാനോ ഉള്ള അവകാശം സ്ത്രീക്ക് ഇല്ലാതായി. ഈ വെളിപ്പെടുത്തല്‍ നോക്കുക: "സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല"(1 തിമോത്തി: 2; 11, 12). സ്ത്രീ നഷ്ടപ്പെടുത്തിയ തന്റെ പദവി ഭാഗികമായെങ്കിലും അവള്‍ക്കു തിരികെ ലഭിക്കുന്നത് മാതൃത്വത്തിലൂടെയാണ്. വചനം ശ്രദ്ധിക്കുക: "എങ്കിലും, സ്ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും"(1 തിമോത്തി: 2; 15). ഈ ദൈവീക സംവീധാനങ്ങളോടു സഹകരിച്ചു ജീവിക്കുന്ന ഭാര്യമാരുള്ള ഭവനം നിലനില്‍ക്കും. എന്നാല്‍, ദൈവത്തെക്കുറിച്ചോ നിത്യജീവനെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാത്ത 'അലസ്സമദാലസകള്‍' ഇന്ന് ലോകത്തു വിഹരിക്കുന്നുണ്ട്. ഇക്കൂട്ടരുടെ വാക്കുകളെ ചെവിക്കൊള്ളാന്‍ തയ്യാറാകുന്ന സ്ത്രീകളും ഇവരോടൊപ്പം നിത്യനാശത്തില്‍ നിപതിക്കും. വിവാഹമോചനങ്ങളുടെ അനേകം കാരണങ്ങളില്‍ ഒന്ന് ഈ 'അഭിസാരിക സംഘടനകള്‍' തന്നെയാണ്!
അഴിഞ്ഞാട്ടകാരായ സ്ത്രീകള്‍ ഒന്നിലും തൃപ്തരാകില്ല. പുരുഷന്റെമേല്‍ ഭരണം നടത്താനുള്ള അവകാശം ലഭിച്ചാല്‍പ്പോലും അതിലൊന്നും തൃപ്തരാകാത്ത വര്‍ഗ്ഗമാണിത്. എന്തെന്നാല്‍, സാത്താനില്‍നിന്ന് അഭിഷേകം പ്രാപിച്ചിട്ടുള്ള സകലരുടെയും പൊതുസ്വഭാവമാണ് അസംതൃപ്തി! സ്വര്‍ഗ്ഗത്തിലെ സന്തോഷം ആസ്വദിച്ചു കഴിഞ്ഞ നാളുകളില്‍ സാത്താന്മാര്‍ ദൈവദൂതന്മാരായിരുന്നു. ആ സുഖങ്ങളില്‍ തൃപ്തിവരാത്ത ഒരു വിഭാഗം ദൂതന്മാര്‍ തങ്ങള്‍ക്കു ദൈവത്തെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ വിഭാഗിയത സൃഷ്ടിക്കുകയും ചെയ്തു. ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിച്ച ദൂതന്മാരോടു യുദ്ധം ചെയ്ത ഇവര്‍ പരാജയപ്പെടുകയും ഭൂമിയിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കപ്പെട്ട ദൂതന്മാരാണ് പിശാചുക്കളായി രൂപാന്തരപ്പെട്ടത്. ഹവ്വയെ വശീകരിച്ചതും ഈ പിശാചുക്കളില്‍ ഒരുവനായിരുന്നു. ഇവന്‍ ആഗ്രഹിച്ചിട്ടു ലഭിക്കാത്തത് ഹവ്വായ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് അവളെ ഇവന്‍ വരുതിയിലാക്കിയത്. അതായത്, ദൈവത്തെപ്പോലെയാകാന്‍ അവളും ആഗ്രഹിച്ചു. പറുദീസായിലെ സൗകര്യങ്ങളില്‍ അവള്‍ തൃപ്തയായില്ല. പിശാചിന്റെ സാന്നിദ്ധ്യത്തില്‍ അവന്റെ സ്വഭാവം അവളിലേക്കു പകരപ്പെട്ടു എന്ന് ചിന്തിച്ചാലും തെറ്റില്ല. ആദിമാതാവിലേക്ക് സാത്താനില്‍നിന്നു പകര്‍ന്നുകിട്ടിയ അസംതൃപ്തിയുടെ ആത്മാവ് കുടികൊള്ളുന്ന സ്ത്രീകള്‍ ഇന്നും ലോകത്തുണ്ട്. തലമുറകളിലൂടെ ഇവര്‍ക്കു പകര്‍ന്നുകിട്ടിയതാണ് ഈ ദുരാത്മാവിനെ! ഭര്‍ത്താക്കന്മാര്‍ക്ക് വിധേയപ്പെടാന്‍ ഇവര്‍ക്കു സാധിക്കില്ലെന്നു മാത്രമല്ല, ദൈവത്തിന്റെ മുന്‍പില്‍പ്പോലും ഇവര്‍ വിധേയപ്പെടുകയില്ല. അസംതൃപ്തരായ ഇവര്‍ തങ്ങളില്‍ കുടികൊള്ളുന്ന പൈശാചികത മറ്റു സ്ത്രീകളിലേക്കു പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് ലഭിക്കാത്ത ബഹുമാനം മറ്റൊരു സ്ത്രീയ്ക്കും ലഭിക്കരുതെന്ന വാശിയിലാണ് അഴിഞ്ഞാട്ടക്കാരികള്‍! മാതൃത്വത്തിലൂടെയും അന്തസ്സോടെ കുടുംബം ഭരിച്ചുകൊണ്ടും ഉത്തമയായ ഭാര്യമാര്‍ മഹിമയണിയുന്നതു കണ്ട് ഇക്കൂട്ടര്‍ അസ്വസ്ഥരാകുന്നു. ദൈവത്തോടും തങ്ങളുടെ കുടുംബത്തോടും വിശ്വസ്തത പുലര്‍ത്തുന്ന സ്ത്രീകളെ ഇവര്‍ പുലഭ്യം പറയുന്നു! സാത്താനുവേണ്ടി വിടുവേല ചെയ്യുന്ന സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ അധഃപതനം തിരിച്ചറിയാന്‍ ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി! ഉഭയസമ്മത പ്രകാരമുള്ള ലൈംഗീകബന്ധത്തെയും വിവാഹേതര ലൈംഗീകതയെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നുതന്നെ ഇവരുടെ പൈശാചികത വ്യക്തമാകും. ചുംബന സമരത്തിന്റെ മുന്നിലും ഈ താടകമാര്‍ ഉണ്ടായിരുന്നു. നിയമംമൂലം ദൈവം നിരോധിച്ചിട്ടുള്ള സകലത്തെയും മഹത്വവത്ക്കരിക്കുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവരിലെ പൈശാചികതയുടെ തികവാണ്! വിവാഹബന്ധത്തിന്റെ പവിത്രയും അനിവാര്യമായ സ്ഥിരതയും നഷ്ടപ്പെടാന്‍ വേറെയും കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ എന്തൊക്കെയാണെന്നുള്ള പരിശോധനയിലേയ്ക്കാണ് നാം പ്രവേശിക്കുന്നത്.
അക്കരപ്പച്ചകള്‍!
സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കാണുന്ന ജീവിതങ്ങളെ അനുകരിക്കാനുള്ള പ്രവണത ഏറ്റവും കൂടുതലായുള്ളത് സ്ത്രീകള്‍ക്കാണ്! ചമയ്ക്കപ്പെടുന്ന കഥകളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നു ധരിക്കുന്നവരുടെ മൗഢ്യം ചൂഷണം ചെയ്യാന്‍ പിശാചുക്കള്‍ കാത്തിരിക്കുന്നു. കഥകളിലെ കഥാപാത്രങ്ങളുടെ സ്വഭാവശുദ്ധി തങ്ങളുടെ പങ്കാളികളില്‍ ആഗ്രഹിക്കുന്നവര്‍ മിഥ്യാലോകത്താണ് ജീവിക്കുന്നത്. എന്തെന്നാല്‍, ഏതൊരുവന്റെയും സ്വപ്നത്തിലുള്ള സ്വഭാവസവിശേഷതകളും ആകാരസൗഷ്ഠവവും ഒത്തിണങ്ങിയ ഒരു വ്യക്തി ഈ ഭൂമുഖത്തു ജനിച്ചിട്ടില്ല; ഇനിയൊട്ടു ജനിക്കുകയുമില്ല. തന്റെ പങ്കാളിയുടെ അനേകം നന്മകള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതെ, അന്യന്റെ പങ്കാളിയുടെ ഏതെങ്കിലും സവിശേഷതകളില്‍ ആകൃഷ്ടരാകുന്ന അനേകര്‍ നമുക്കിടയിലുണ്ട്. അക്കരപ്പച്ചകള്‍ അന്വേഷിക്കുന്ന ഇവര്‍ തങ്ങളുടെ കുടുംബജീവിതത്തെ കാഞ്ഞിരം കുടിപ്പിക്കുകയാണു ചെയ്യുന്നത്.
സ്വന്തം ജീവിതപങ്കാളിയുടെ കുറവുകള്‍ മാത്രം കണ്ടെത്തുകയും അന്യന്റെ പങ്കാളിയുടെ നന്മകളില്‍ മാത്രം ശ്രദ്ധപതിപ്പിക്കുകയും ചെയ്യുന്നവരാണ് അധികവും. എന്നാല്‍, തന്റെ ജീവിതപങ്കാളിയുടെ നന്മകളെ കണ്ടെത്താന്‍ ശ്രമിക്കുകയും അന്യന്റെ പങ്കാളിയിലെ നന്മയെയോ തിന്മയെയോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ ദാമ്പത്യജീവിതം മധുരമുള്ളതാക്കി മാറ്റുന്നു. എന്തെന്നാല്‍, അന്യന്റെ പങ്കാളിയുടെ നന്മകള്‍ എത്ര വലുതാണെങ്കിലും അത് നിനക്ക് ആസ്വദിക്കാന്‍ അനുവദിച്ചിട്ടുള്ളതല്ല. ഈ വചനം ശ്രദ്ധിക്കുക: "അയല്‍ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്‍ക്കാതിരിക്കുകയില്ല"(സുഭാഷി: 6; 29). അയല്‍ക്കാരന്റേത് തനിക്കുള്ളതല്ലെന്ന അവബോധം ഉണ്ടായിരിക്കുകയും ശിക്ഷയെ ഭയപ്പെടുകയും ചെയ്യണം. അയല്‍ക്കാരന്റെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ് തന്റെ ജീവിതകാലം മുഴുവന്‍ ആ പാപത്തിന്റെപേരില്‍ വേട്ടയാടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ ചിന്തകളില്‍ ഉണ്ടായിരിക്കണം. തന്റെ ജീവിതപങ്കാളി തന്നെ വഞ്ചിച്ചാല്‍ താന്‍ അനുഭവിക്കുന്ന അതേ വേദനതന്നെയാണ് തന്റെ വഞ്ചനയിലൂടെ തന്റെ ജീവിതപങ്കാളിയും അനുഭവിക്കുന്നതെന്ന ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.
തന്റെ ജീവിതപങ്കാളിയില്‍ കുറവുകളുണ്ടെങ്കില്‍ തന്നിലും കുറവുകളുണ്ടെന്നു ചിന്തിക്കണം. അക്കരപ്പച്ച തേടുന്നവര്‍ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. അക്കരെയുള്ളതിലെ പച്ചപ്പ് അടുത്തുചെല്ലുമ്പോള്‍ ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് പലരും വിസ്മരിക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ സ്വീകരിച്ചിട്ടുള്ള ഓരോരുത്തരും പിന്നീട് തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ട്. താന്‍ ഉപേക്ഷിച്ച പങ്കാളിയുടെ മാഹാത്മ്യം തിരിച്ചറിയുന്നത് അവള്‍ അല്ലെങ്കില്‍ അവന്‍ എന്നേക്കുമായി തനിക്കു നഷ്ടപ്പെട്ടതിനുശേഷം മാത്രമായിരിക്കും. തനിക്കു ലഭിച്ചതില്‍ തൃപ്തരാകുക എന്നതാണ് ഓരോ കുടുംബജീവിതത്തെയും സംബന്ധിച്ചിടത്തോളം ദൈവഹിതം! അക്കരെയുള്ളതിന്റെ ഹരിതാഭതയില്‍ കണ്ണുംനട്ട് സ്വന്തം ജീവിതപങ്കാളിയെയും മക്കളെയും ഉപേക്ഷിച്ച സ്ത്രീകളും പുരുഷന്മാരും ഈ ലോകത്തുവച്ചുതന്നെ ശിക്ഷ ഏറ്റുവാങ്ങും എന്നകാര്യം സുനിശ്ചിതമാണ്! ഇഹലോകത്തു ലഭിക്കുന്ന ശിക്ഷയിലൂടെ വരാനിരിക്കുന്ന നിത്യശിക്ഷയില്‍നിന്നു വിടുതല്‍ ലഭിക്കുമെന്ന ധാരണയും വേണ്ടാ!
വര്‍ദ്ധിച്ച ജീവിത സൗകര്യങ്ങള്‍!
പണ്ടൊക്കെ ഒരു ഗൃഹനാഥയ്ക്ക് പിടിപ്പതു ജോലിയുണ്ടായിരുന്നു. സൂര്യന്‍ ഉദിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ ഉണരുന്ന ഗൃഹനാഥ ഉറങ്ങുന്നത് എല്ലാവരും ഉറങ്ങിയതിനുശേഷമായിരിക്കും. അതായത്, എല്ലാവരും ഉണരുന്നതിനുമുമ്പ് ഉണരുകയും എല്ലാവരും ഉറങ്ങിയതിനുശേഷം ഉറങ്ങുകയും ചെയ്യുന്ന അമ്മമാരെയാണ് പഴമക്കാര്‍ കണ്ടിട്ടുള്ളത്. കുട്ടികള്‍ സ്കൂളില്‍ പോയാലും അമ്മയ്ക്ക് വിശ്രമമില്ല; അടുക്കളയിലേക്ക് വിറക് ഉണ്ടാക്കണം വസ്ത്രങ്ങള്‍ അലക്കണം അവ ഇസ്തിരിയിടണം അങ്ങനെയങ്ങനെ പണികള്‍ക്ക് യാതൊരു കുറവുമില്ല. കുട്ടികള്‍ സ്കൂളില്‍നിന്നു മടങ്ങിവരുമ്പോള്‍ അവര്‍ക്കു കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കിയാലും പണികള്‍ തീരുന്നില്ല. അതിനാല്‍ത്തന്നെ, പിശാചിന്റെ ഉപദേശങ്ങള്‍ക്കു ചെവികൊടുക്കാന്‍ അന്നത്തെ ഭാര്യമാര്‍ക്ക് സമയമില്ലായിരുന്നു. പാപത്തെക്കുറിച്ചു ചിന്തിക്കാനും പാപക്കൂട്ടുകെട്ടുകള്‍ സ്ഥാപിക്കാനും അതു നിലനിര്‍ത്താനും സമയം ഒരു പ്രധാന ഘടകമാണ്. പാപത്തിനുവേണ്ടി സമയം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ദൈനംദിന പ്രവൃത്തികള്‍ അവതാളത്തിലാകും. അതായത്, മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതരായിരിക്കുന്ന ഒരു വ്യക്തിക്ക് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കും.
അലസന്റെ മനസ്സ് സാത്താന്റെ പണിപ്പുരയാണ്. എന്തെങ്കിലും പ്രവൃത്തികളില്‍ വ്യാപൃതരാകാതെ അലസ്സമായി സമയം ചിലവഴിക്കുന്നവരെയാണ് എളുപ്പത്തില്‍ പിശാചിനു സ്വാധീനിക്കാന്‍ സാധിക്കുന്നത്. എല്ലാത്തരം തിന്മകളും രൂപപ്പെടുന്നത് അലസ്സതയില്‍ ജീവിക്കുന്നവരുടെ മനസ്സിലാണ്! വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് ഇഷ്ടംപോലെ സമയം ഇന്നുണ്ട്. അതുകൊണ്ടുതന്നെ നേരം കളയാനായി പല ബന്ധങ്ങളും കണ്ടെത്താന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ അധികവും മാരക പാപത്തിലേക്കുള്ള വഴികളായി പരിണമിക്കുന്നു. ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുന്ന വ്യക്തികളുടെ ജീവിതത്തില്‍ അവിഹിത ബന്ധങ്ങള്‍ കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. വിപരീത ലിംഗത്തില്‍പ്പെട്ട വ്യക്തികള്‍ മാത്രമാണ് അപകടം കൊണ്ടുവരുന്നതെന്ന് ആരും ചിന്തിക്കരുത്. കുടുംബജീവിതത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാത്തവരും ദാമ്പത്യവിശ്വസ്തത ഇല്ലാത്തവരുമായ വ്യക്തികള്‍ ഏതു ലിംഗത്തില്‍പ്പെട്ടവരാണെങ്കിലും അവരുമായുള്ള കൂട്ടുകെട്ട് അപകടമാണ്. അത്തരക്കാരുടെ ഉപദേശങ്ങള്‍ ദൈവത്തിന്റെ നിയമത്തിനും ഉപദേശങ്ങള്‍ക്കും വിരുദ്ധമായിരിക്കും. പടിപടിയായി ഒരുവനെ ഉന്മൂലനം ചെയ്യാന്‍ ഇവരുടെ ഉപദേശങ്ങള്‍ക്ക് ശക്തിയുണ്ട്.
അവിശ്വാസികളുമായുള്ള കൂട്ടുകെട്ട് എന്നേക്കുമായി ഉപേക്ഷിക്കണമെന്ന ഉപദേശം ബൈബിള്‍ നമുക്കു നല്‍കിയിട്ടുണ്ട്. ഈ ഉപദേശത്തിന്റെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുകയില്ല എന്നതിന്റെ തെളിവാണ് ഇക്കൂട്ടരുമായുള്ള ബന്ധങ്ങളിലൂടെയുള്ള കുടുംബത്തകര്‍ച്ചകള്‍! ഭവനങ്ങള്‍ യന്ത്രവത്ക്കരിക്കപ്പെട്ടതിലൂടെ ലഭിച്ച സമയത്തെ ശരിയായവിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ആരോഗ്യപരമായ കുടുംബജീവിതം നിലനില്‍ക്കും. വചനം മുന്നറിയിപ്പു നല്‍കുന്നു: "സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്"(എഫേ: 4; 27). സാത്താന്‍ അവസരം നോക്കി അലഞ്ഞുനടക്കുന്നവനാണ്. അലസരായ വ്യക്തികളുടെ ജീവിതത്തില്‍ കടന്നുകൂടി അവന്‍ പ്രവര്‍ത്തനനിരതനാകും. ഈ വചനം നോക്കുക: "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍"(1 പത്രോ: 5; 8, 9). ഒരു 'മിസ്ഡ് കോളിനെ' പിന്തുടര്‍ന്ന് ജീവിതം നശിപ്പിച്ച അനേകര്‍ നമുക്കിടയിലുണ്ട്. അവിഹിതമായ ബന്ധങ്ങള്‍ ആരംഭത്തില്‍ത്തന്നെ അവസാനിപ്പിക്കാത്തപക്ഷം അത് ഒരുവന്റെ ജീവനെ അപകടത്തിലാക്കും എന്നകാര്യത്തില്‍ സംശയമില്ല! ഒഴിവുസമയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും ദൈവവചന പഠനത്തിനുമായി വിനിയോഗിച്ചാല്‍ അത് ഓരോരുത്തര്‍ക്കും ജീവന്‍ പ്രദാനംചെയ്യും!
സൈബര്‍ നുഴഞ്ഞുകയറ്റങ്ങള്‍!
ഇന്നത്തെ ദാമ്പത്യബന്ധങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് 'സൈബര്‍ നുഴഞ്ഞുകയറ്റങ്ങള്‍'! മറ്റുള്ളവരുടെ ദാമ്പത്യജീവിതത്തിലേക്ക് എത്തിനോക്കാനും ഇടപെടാനുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന വ്യക്തികള്‍ ലോകത്തുണ്ട്. മറ്റുള്ളവരുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളിലേക്ക് കടന്നുകയറി അവരുടെ ചെറിയ പ്രശ്നങ്ങളെ വലുതാക്കുകയും അവിഹിതബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് വലിയ ദുരന്തമായി മാറിയിരിക്കുന്നു. നവമാധ്യമങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്ന ബന്ധങ്ങളിലൂടെ അനേകം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നുകൊണ്ടിരിക്കുന്നു. പതിമൂന്നും പതിനാലും വയസുള്ള പെണ്‍മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 'ഓണ്‍ലൈന്‍' കാമുകനോടൊപ്പം ഒളിച്ചോടുന്ന സ്ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന് നിത്യസംഭവമായിരിക്കുന്നു. വിദേശത്തു ജോലിചെയ്യുന്ന ഭര്‍ത്താവ് അനുവദിച്ചുകൊടുത്ത ഇലക്ട്രോണിക്സ് സൗകര്യങ്ങള്‍ ദുരുപയോഗിച്ചു കാമുകന്മാരെ തേടുന്ന സ്ത്രീകള്‍ അനേകരാണ്. ഇക്കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒന്നുപോലെ കുറ്റക്കാരാണ്. പുരുഷന്മാരുടെ അവിഹിതബന്ധങ്ങളില്‍ പലതും വിവാഹത്തില്‍ കലാശിക്കാറില്ലെങ്കിലും സ്ത്രീകളുടെ കാര്യം അങ്ങനെയല്ല.
കേരളത്തിലെ ഓണ്‍ലൈന്‍ വൈവാഹിക പരസ്യങ്ങളില്‍ ഏറെയും വിവാഹമോചിതരുടേതാണ്. രണ്ടും മൂന്നും കുട്ടികളുടെ അമ്മമാര്‍ വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ സംഭവിക്കുന്ന ദുരന്തം ചെറുതല്ല. മൂന്നു മക്കളെ ജനിപ്പിക്കുന്നതുവരെ ഇല്ലാതിരുന്ന പ്രശ്നങ്ങള്‍ ഇവരുടെ ദാമ്പത്യജീവിതത്തില്‍ ഉണ്ടായെങ്കില്‍, അത് അവിഹിതബന്ധങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായതാണ് എന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല. അവിഹിതവേഴ്ച്ചകള്‍ പിടിക്കപ്പെടുന്ന സ്ത്രീയ്ക്ക് ഭര്‍ത്താവും കാമുകനും നഷ്ടമാകും എന്നതാണ് വസ്തുത. കമുകനാലും ഭര്‍ത്താവിനാലും കയ്യോഴിയപ്പെട്ട സ്ത്രീകളുടെ പരസ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. തന്റേതല്ലാത്ത കാരണത്താലാണല്ലോ എല്ലാവരുടെയും വിവാഹമോചനങ്ങള്‍ നടക്കുന്നത്! ഇവരെ പരിഗ്രഹിക്കാന്‍ തയ്യാറാകുന്ന പുരുഷന്‍ അവളോടൊപ്പം വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നുവെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല.
ഈ സൈബര്‍ യുഗത്തില്‍ കുടുംബബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥകള്‍ കണ്ടില്ലെന്നു നടിക്കാന്‍ മതാചാര്യന്മാര്‍ക്ക് ആവില്ല. ദൈവവചനം പഠിപ്പിക്കാനും വിവാഹത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കാനും പരാജയപ്പെട്ടെങ്കില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെയുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കപ്പെടണം. ഇക്കാര്യത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. നവമാധ്യമ സൗഹൃദങ്ങള്‍ നിരീക്ഷിക്കുകയും തെറ്റായവ തടയപ്പെടുകയും വേണം. വ്യക്തിസ്വാതന്ത്ര്യം എന്നത് ദമ്പതികള്‍ക്കിടയില്‍ നിയന്ത്രിക്കപ്പെടുക തന്നെവേണം. ഭര്‍ത്താവ് അറിയാത്ത ബന്ധം ഭാര്യയ്ക്കോ, ഭാര്യ അറിയാത്ത ബന്ധം ഭര്‍ത്താവിനോ ആവശ്യമില്ല. ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ശരീരത്തിനുമേല്‍ ഭാര്യയ്ക്കും മാത്രമാണ് അവകാശം. സമൂഹത്തില്‍ വ്യാപരിക്കുന്ന 'സൈബര്‍ ഞരമ്പുരോഗികളെ' തിരിച്ചറിയുകയും ആട്ടിപ്പായിക്കുകയും വേണം. കുടുംബജീവിതങ്ങള്‍ തകര്‍ക്കാനായി സാത്താന്‍ ഉപയോഗിക്കുന്നത് ഇത്തരം ഞരമ്പുരോഗികളെയാണ്! ബാഹ്യമായ ഇടപെടലുകളാണ് കുടുംബജീവിതങ്ങളെ തകര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഈ സൈബര്‍ യുഗത്തില്‍ ഇത്തരം ബാഹ്യ ഇടപെടലുകള്‍ക്ക് വിവിധങ്ങളായ സാധ്യതകളുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണത്തിനു തയ്യാറാകാതിരുന്നാല്‍ വിവാഹമോചനങ്ങളുടെ എണ്ണം ഇനിയും ക്രമാതീതമായി വര്‍ദ്ധിക്കും!
ഓരോ ദമ്പതികളും അറിഞ്ഞിരിക്കേണ്ട ഈ വചനം സൂക്ഷമതയോടെ ഗ്രഹിക്കുക: "വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക? ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു, ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്റെ പാപങ്ങള്‍ പരിഗണിക്കുകയില്ല. മനുഷ്യനെ മാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; യാഹ്‌വെയുടെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന്‍ അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്റെ എല്ലാ മാര്‍ഗ്ഗങ്ങളും നിരീക്ഷിക്കുകയും ഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു; സൃഷ്ടിക്കുശേഷവും അങ്ങനെതന്നെ. ഈ മനുഷ്യന്‍ നഗരവീഥികളില്‍വച്ചു ശിക്ഷിക്കപ്പെടും; ഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തുവച്ചു പിടിക്കപ്പെടുകയും ചെയ്യും. ഭര്‍ത്താവിനെ ഉപേക്ഷിച്ച് അന്യനില്‍നിന്ന്‍ അവന് അവകാശിയെ നല്‍കുന്ന സ്ത്രീയും ഇങ്ങനെതന്നെ. അവള്‍ അത്യുന്നതന്റെ നിയമം ലംഘിച്ചു; ഭര്‍ത്താവിനെ വഞ്ചിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട് അന്യപുരുഷനില്‍നിന്ന് സന്താനങ്ങള്‍ക്കു ജന്മം നല്‍കി. അവളെ സമൂഹത്തിന്റെ മുമ്പാകെ കൊണ്ടുവരും;അവളുടെ സന്താനങ്ങളുടെമേല്‍ ശിക്ഷയുണ്ടാകും. അവളുടെ കുഞ്ഞുങ്ങള്‍ വേരുപിടിക്കുകയോ ശാഖകള്‍ ഫലം പുറപ്പെടുവിക്കുകയോ ചെയ്യുകയില്ല. അവള്‍ അവശേഷിപ്പിക്കുന്നത് ശാപഗ്രസ്തമായ ഓര്‍മ്മയാണ്; അവളുടെ അപകീര്‍ത്തി മായുകയില്ല"(പ്രഭാ: 23; 18-26). അവിഹിതബന്ധത്തിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തിനു സമാനതകളില്ലാത്തതാണ്.
സമൂഹമാധ്യമങ്ങളിലൂടെ അനേകം നന്മകള്‍ ഉള്ളതുപോലെതന്നെ അനേകം തിന്മകളുമുണ്ട്. അതില്‍ ഏറ്റവും വലിയ തിന്മയാണ് ദാമ്പത്യബന്ധങ്ങളിലേക്കുള്ള കടന്നുകയറ്റം. വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാനകാരണങ്ങളില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഒട്ടും പിന്നിലല്ല. ആത്മീയതയുടെ പൊയ്മുഖമണിഞ്ഞ ഞരമ്പുരോഗികളും നവമാധ്യമങ്ങളില്‍ തങ്ങളുടെ വലയുമായി ഇറങ്ങിയിട്ടുണ്ടെന്നതും ഗൗരവത്തോടെ കാണണം. വൈദീകരുടെയും ഉപദേശികളുടെയും വേഷത്തില്‍ ഇറങ്ങിയിട്ടുള്ളവരാണ് ഇക്കൂട്ടത്തില്‍ ഏറെയും! ഭര്‍ത്താവിന്റെ സാന്നിദ്ധ്യമില്ലാതെ ഭാര്യയെ ഉപദേശിക്കാന്‍ വൈദീകരെപ്പോലും ദൈവം അനുവദിച്ചിട്ടില്ല. ഈ ഭൂമിയില്‍ മനുഷ്യനായി കടന്നുവന്ന യേഹ്ശുവാപോലും സ്ത്രീകള്‍ക്ക് അനുഗൃഹങ്ങള്‍ നല്‍കുമ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നതായി കാണാം. യേഹ്ശുവായോട് സമരിയാക്കാരി സ്ത്രീ ജീവന്റെ ജലം ആവശ്യപ്പെട്ടപ്പോള്‍ എന്താണ് അവിടുന്ന് പറഞ്ഞതെന്ന് ശ്രദ്ധിക്കുക: "നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക"(യോഹ: 4; 16). ഭര്‍തൃമതിയായ ഒരു സ്ത്രീയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവളുടെ ഭര്‍ത്താവിനും, അവിവാഹിതയായ ഒരു സ്ത്രീയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവളുടെ പിതാവിനുമാണ് അവകാശം നല്കപ്പെട്ടിരിക്കുന്നത്. ദൈവീകമായ ഈ നിയമത്തില്‍ കൈകടത്താന്‍ യേഹ്ശുവാപോലും തയ്യാറായിട്ടില്ല. മോശയുടെ നിയമപ്രകാരം ഒരു സ്ത്രീയുടെ നേര്‍ച്ചക്കടം ഇളച്ചുകൊടുക്കാനുള്ള അവകാശവും ഇപ്രകാരം തന്നെയാണു നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീയുടെ നേര്‍ച്ചകള്‍ സാധുവോ അസാധുവോ ആക്കാന്‍ അവള്‍ക്ക് സ്വന്തമായ അവകാശമില്ല. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം അവള്‍ പറുദീസയില്‍ വച്ചു നഷ്ടപ്പെടുത്തിയതാണ്.
പുരുഷന്റെ (പിതാവ്, ഭര്‍ത്താവ്) അനുമതിയോടുകൂടി മാത്രമേ സ്ത്രീയുടെ തീരുമാനത്തിന് സാധുത കൈവരുകയുള്ളു. സ്ത്രീ സ്വമേധയാ എടുത്ത തീരുമാനംമൂലമാണ് ഈ ലോകത്തേക്ക് പാപവും അതുവഴി മരണവും കടന്നുവന്നത്. നേര്‍ച്ചയുടെ നിയമം ശ്രദ്ധിക്കുക: "ഏതെങ്കിലും യുവതി പിതൃഗൃഹത്തില്‍വച്ച് യാഹ്‌വെയ്ക്കു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട് അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസംതന്നെ വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ട് യാഹ്‌വെ അവളോടു ക്ഷമിക്കും. നേര്‍ച്ചയോ ചിന്തിക്കാതെചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും അവളുടെ ഭര്‍ത്താവ് അതു കേട്ടദിവസം ഒന്നും പറയാതിരിക്കുകയും ചെയ്‌താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്റെ കടപ്പാടും അവന്‍ അസാധുവാക്കുന്നു; യാഹ്‌വെ അവളോടു ക്ഷമിക്കും. എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും അവള്‍ക്ക് ബാധകമായിരിക്കും"(സംഖ്യ: 30; 3-9).
ഇവിടെ നാം വായിച്ചത് പിതൃഗൃഹത്തില്‍വച്ച് സ്ത്രീകള്‍ നേരുന്ന നേര്‍ച്ചകളുടെ സാധുതയും അസാധുതയുമാണ്. ഭര്‍തൃഗൃഹത്തില്‍ വച്ചാണ് ഒരു സ്ത്രീ നേര്‍ച്ചകള്‍ നേരുന്നതെങ്കില്‍ എന്താണു നിയമം എന്നു നോക്കുക: "ഏതെങ്കിലും സ്ത്രീ ഭര്‍തൃഗൃഹത്തില്‍വച്ചു നേര്‍ച്ചനേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്‌താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; യാഹ്‌വെ അവളോടു ക്ഷമിക്കും. ഏതു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിന് സാധുവോ അസാധുവോ ആക്കാം. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതുകേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു. എന്നാല്‍, അതു കേട്ടിട്ട് കുറേനാള്‍ കഴിഞ്ഞതിനുശേഷം നിരോധിച്ചാല്‍ അവന്‍ അവളുടെ കുറ്റം ഏറ്റെടുക്കണം. ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്ന് മോശവഴി യാഹ്‌വെ കല്പിച്ച നിയമങ്ങള്‍ ഇവയാണ്"(സംഖ്യ: 30; 10-16).
മുന്‍പിന്‍ നോക്കാതെ നേര്‍ച്ചകള്‍ നേരുന്ന കാര്യത്തില്‍ സ്ത്രീകള്‍ മുന്‍പിലാണെന്ന് നമുക്കറിയാം. ഇവര്‍ നേരുന്ന നേര്‍ച്ചകളെ സംബന്ധിച്ചിടത്തോളം ഇപ്രകാരമൊരു നിയമം ഇല്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിക്കുന്നതു നല്ലതാണ്. സ്ത്രീകളുടെ ഈ എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ക്ക് ദൈവസന്നിധിയില്‍ സാധുതയുണ്ടാകുന്നത് ഭര്‍ത്താവിന്റെ അംഗീകാരം ലഭിക്കുമ്പോള്‍ മാത്രമാണ്. ഈ നിയമത്തെ അംഗീകരിച്ചുകൊണ്ടാണ് യേഹ്ശുവാപോലും പ്രവര്‍ത്തിച്ചത്. ഇക്കാരണത്താല്‍ത്തന്നെ, ഒരു സ്ത്രീയുടെ വിഷയത്തില്‍ മറ്റൊരു പുരുഷന് ഇടപെടാനുള്ള അവകാശമില്ല. കുമ്പസാരക്കൂടിന് പുറത്ത് വൈദീകര്‍ക്കുപോലും സ്ത്രീകളുടെ കാര്യത്തില്‍ അവള്‍ തനിച്ചായിരിക്കുമ്പോള്‍ ഇടപെടാന്‍ പാടില്ല എന്നത് ദൈവീകനിയമമാണ്. ഇക്കാര്യത്തില്‍ വൈദീകര്‍ മാത്രമല്ല, സ്ത്രീകളും കരുതലോടെ വര്‍ത്തിക്കണം. വൈദീകര്‍ അമാനുഷികരല്ല എന്നകാര്യം സ്ത്രീകള്‍ വിസ്മരിക്കരുത്. നേരിട്ടോ സമൂഹമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ വൈദീകരുമായി സല്ലപിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കരുത്. അവരെ പാപത്തിലേക്ക് നയിക്കുന്നവര്‍ എന്ന ശാപം നിങ്ങളുടെ തലമുറകളെ വേരോടെ പിഴുതുകളയും എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കുക. ഒരു പ്രശ്നം വരുമ്പോള്‍ കൂടുതല്‍ അവമാനിതരാകുന്നത് വൈദീകരും സഭയുമായിരിക്കും.
വൈദീകരുമായുള്ള ബന്ധത്തില്‍ മാത്രമല്ല സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്. മറ്റേതൊരു പുരുഷനുമായി ബന്ധപ്പെട്ടാലും അത് ഭര്‍ത്താവിന്റെ അറിവോടും സമ്മതത്തോടുംകൂടെ മാത്രമായിരിക്കണം. ഇത്തരം നിയമങ്ങള്‍ക്ക് വിലകൊടുക്കാത്തവരുടെ കുടുംബങ്ങളാണ് കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്നത്. കോടതികളില്‍ കെട്ടിക്കിടക്കുന്ന വിവാഹമോചന കേസുകളെ പരിശോധിച്ചാല്‍ ഈ വസ്തുത തിരിച്ചറിയാന്‍ കഴിയും. പുനര്‍വിവാഹം ആഗ്രഹിച്ചു പരസ്യം നല്‍കി കാത്തിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഒരുകാര്യം വിസ്മരിക്കരുത്; നിങ്ങള്‍ക്ക് ഇനി വിവാഹം സാധ്യമായാല്‍ അത് മാംസദാഹം തീര്‍ക്കാന്‍വേണ്ടി മാത്രമുള്ള ബന്ധങ്ങളായിരിക്കും. എന്തെന്നാല്‍, ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; അതുപോലെതന്നെ, ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനോടൊപ്പം ജീവിക്കുന്ന ഏതൊരു സ്ത്രീയും വ്യഭിചാരിണിയാണ്! "വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല"(സുഭാഷി: 6; 32, 33).
ഉത്തമയായ ഭാര്യ!
"ദൈവഭയമില്ലാത്ത ഭാര്യ അധാര്‍മ്മികനു പറ്റിയ തുണ; ഭക്ത ദൈവഭക്തനു തുണയും"(പ്രഭാ: 26; 23). ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും? സോളമന്റെ സുഭാഷിതങ്ങളിലെ ചോദ്യമാണിത്. സോളമന്‍ തുടരുന്നു: "അവള്‍ രത്നങ്ങളെക്കാള്‍ അമൂല്യയത്രേ. ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ വിശ്വാസം അര്‍പ്പിക്കുന്നു; അവന്റെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അവള്‍ ആജീവനാന്തം ഭര്‍ത്താവിനു നന്മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല"(സുഭാഷി: 31; 10-12). ഇങ്ങനെയുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നതായി ബൈബിളില്‍ നമുക്കു കണ്ടെത്താന്‍ സാധിക്കും. ചുരുക്കംചിലരെങ്കിലും ഇക്കാലത്തും ഇല്ലെന്ന് മനോവ പറയുന്നില്ല. ഉത്തമയായ ഭാര്യയായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ മഹത്വം ഇല്ലാതാകുന്ന ഒരു കാര്യമല്ല; മറിച്ച്, സമൂഹത്തിലെ മാന്യരായ വ്യക്തികള്‍ അവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഈ വചനം നോക്കുക: "നിര്‍ലജ്ജയായ സ്ത്രീ സദാ നിന്ദ്യമായി വര്‍ത്തിക്കുന്നു; വിനയവതി ഭര്‍തൃസന്നിധിയിലും സങ്കോചം കാണിക്കും. ധിക്കാരിണിയായ ഭാര്യ ശ്വാവിനു സദൃശയാണ്; ശാലീനയായ ഭാര്യ യാഹ്‌വെയെ ഭയപ്പെടുന്നു. ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും. ഉത്തമയായ സ്ത്രീയുടെ ഭര്‍ത്താവ് സന്തുഷ്ടനാണ്; അവന്റെ ആയുസ്സ് ഇരട്ടിക്കും"(പ്രഭാ: 26; 24-26). എന്നാല്‍, സ്വൈരിണികളായ സ്ത്രീകള്‍ക്ക് ഉത്തമയായ ഭാര്യമാര്‍ എക്കാലത്തും അനഭിമതരാണ്.
മറ്റൊരു വചനം ശ്രദ്ധിക്കുക: "കലഹക്കാരിയായ ഭാര്യയോടൊത്തു വീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍ മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്"(സുഭാഷി: 25; 24). സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സത്യം ഗ്രഹിക്കാന്‍ കഴിയും. ദുഷ്ടയായ ഭാര്യയെ സംബന്ധിച്ചുള്ള വചനം നോക്കുക: "ദുഷ്ടയായ ഭാര്യയോടൊത്തു ജീവിക്കുന്നതിനെക്കാള്‍ അഭികാമ്യം സിംഹത്തിന്റെയോ വ്യാളിയുടെയോകൂടെ ജീവിക്കുന്നതാണ്. ഭാര്യയുടെ ദുഷ്ടത അവളുടെ രൂപം കെടുത്തുന്നു; അവളുടെ മുഖം കരടിയുടേതുപോലെ ഇരുളുന്നു. അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്ഷണം കഴിക്കുന്നു; വേദനാപൂര്‍ണ്ണമായ നെടുവീര്‍പ്പ് അടക്കാന്‍ അവനു കഴിയുന്നില്ല. ഭാര്യയുടെ അകൃത്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെന്തും നിസ്സാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!"(പ്രഭാ: 25; 16-19). ഒരു ഭവനത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും മക്കളുമായി കൂടുതല്‍ സഹവസിക്കുന്നതും ഗൃഹനാഥയായ ഭാര്യയാണ്. അതിനാല്‍ത്തന്നെ, മക്കള്‍ അമ്മയില്‍നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത്. ദുഷ്ചരിതയായ ഒരു അമ്മയുടെ ശിക്ഷണത്തില്‍ വളരുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു. പിതാക്കന്മാര്‍ക്ക് എന്തുമാകാം എന്ന സന്ദേശമല്ല മനോവ ഇവിടെ നല്‍കുന്നത്. അവിശ്വസ്തത ഏതുഭാഗത്തുനിന്ന്‍ ഉണ്ടായാലും അത് കുടുംബത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കും. കാരണം, അങ്ങനെയുള്ള ഭവനങ്ങളില്‍ ദൈവം വസിക്കുന്നില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "അന്തച്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തച്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല"(മത്താ: 12; 25). തകര്‍ന്നുകിടക്കുന്ന ഭവനത്തില്‍നിന്നു നല്ല പൗരന്മാര്‍ കടന്നുവരില്ല.
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഗൗരവത്തോടെ ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. തങ്ങളുടെ മക്കള്‍ ജനിച്ചത് അവരുടെ കുറ്റംകൊണ്ടല്ല; മാതാപിതാക്കളാണ് അവരുടെ ജനനത്തിന്റെ ഉത്തരവാദികള്‍! നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ദമ്പതിമാര്‍ വഴിപിരിയുമ്പോഴും, അവിശുദ്ധമായും അവിശ്വസ്തതയോടെയും സന്തതികള്‍ക്ക് ജന്മം നല്‍കുമ്പോഴും നിങ്ങള്‍ നിങ്ങളുടെ മക്കളോടു ചെയ്യുന്നത് ഒരു കുമ്പസാരക്കൂടിനും പൊറുത്തുതരാന്‍ കഴിയുന്ന തെറ്റല്ല! കത്തോലിക്കാസഭ വിവാഹമോചനം അനുവദിച്ചിട്ടില്ല. എന്നാല്‍, വിവാഹം റദ്ദുചെയ്യുന്ന രീതി സഭയിലുണ്ട്. ഒരു വിവാഹം സാധുവല്ല എന്ന് പ്രഖ്യാപിക്കാന്‍ പല കാരണങ്ങള്‍ സഭ പറയുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി രണ്ടു കാരണങ്ങള്‍ക്കൊണ്ടു മാത്രമേ വിവാഹം റദ്ദുചെയ്യാന്‍ ദൈവം അനുവദിച്ചിട്ടുള്ളു. പരസംഗമാണ് ഒന്നാമത്തെ കാരണമെന്നു നാം കണ്ടുകഴിഞ്ഞു. മറ്റൊരു കാരണം വിശ്വാസസംബന്ധമായ ഭിന്നതയാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു: "അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല"(1 കോറി: 7; 15). ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. വിവഹാത്തിലൂടെ പുരുഷനും സ്ത്രീയും ഏകശരീരമായി മാറുന്നു എന്നത് ക്രിസ്തീയ വിവാഹത്തിലെ ഒരു രഹസ്യമാണെന്നു നാം മനസ്സിലാക്കി. ഒരു ശരീരത്തില്‍ത്തന്നെ രണ്ടുതരം വിശ്വാസങ്ങള്‍ നിലനില്‍ക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്രിസ്ത്യാനിയും ഇസ്ലാമുമായി ഒരുവന് ഒരേസമയം ജീവിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ത്തന്നെ, വ്യത്യസ്തമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന രണ്ടു വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ഒരു വിവാഹത്തിനു ലോകത്തിന്റെ നിയമത്തില്‍ മാത്രമേ അംഗീകാരമുള്ളു. ഇത് ദൈവാലയത്തില്‍ വച്ച് നടന്നാലും ഈ ബന്ധത്തെ ദൈവം യോജിപ്പിക്കുന്നില്ല. ദൈവം യോജിപ്പിക്കുന്ന ബന്ധങ്ങളില്‍ മാത്രമേ ഏകശരീരമായിത്തീരുന്ന പ്രക്രിയ നടക്കുന്നുള്ളു.
ദൈവത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി നടക്കുന്ന ചടങ്ങുകളില്‍ കടന്നുവന്ന് ആശിര്‍വദിക്കാന്‍ യേഹ്ശുവാ തയ്യാറാകുമെന്ന് ആരും കരുതരുത്. വിജാതിയരുമായുള്ള വിവാഹം നിയമംമൂലം നിരോധിച്ചിരിക്കുന്നതിനാല്‍, ഇത്തരം വിവാഹങ്ങള്‍ നിലനില്‍ക്കുന്നതല്ല. ഇങ്ങനെ ജീവിക്കുന്ന എല്ലാ വ്യക്തികളും വ്യഭിചാരം ചെയ്യുന്നു. ഇപ്രകാരമുള്ള ബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ വ്യഭിചാരത്തിന്റെ ഉത്പന്നങ്ങള്‍ മാത്രമാണ്. ഈ വചനം നോക്കുക: "ദൈവം വിചാരണ നടത്തുമ്പോള്‍, അവിഹിതമായ വേഴ്ച്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും"(ജ്ഞാനം: 4; 6). ദൈവം യോജിപ്പിക്കാത്ത ബന്ധങ്ങള്‍ വ്യഭിചാരമായതുകൊണ്ടുതന്നെ പ്രസക്തമാകുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവ്വനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മ്മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും"(ജ്ഞാനം: 3; 16-19). നിയമവിരുദ്ധം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ലോകത്തിന്റെ നിയമത്തെക്കുറിച്ചല്ല; മറിച്ച്, ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ നിയമത്തെക്കുറിച്ചാണ്! ദൈവം അംഗീകരിക്കാത്ത ബന്ധങ്ങളിലൂടെ ജന്മംകൊള്ളുന്ന മക്കള്‍ വേരുപിടിക്കില്ല എന്ന് വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ദൈവത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു മുന്നോട്ടുപോകുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ഒന്നുപോലെ ഈ ലോകത്തിനു ദുരന്തം വരുത്തിവയ്ക്കുന്നു.
അവിശ്വാസിയായ ജീവിത പങ്കാളിയില്‍നിന്നു വേര്‍പിരിയാനായി കത്തോലിക്കാസഭ അംഗീകരിച്ചിരിക്കുന്ന നിയമത്തിന്റെ പേരാണ് 'പൗളൈന്‍ പ്രിവിലെജ്'! ഈ നിയമപ്രകാരം ഒരുവന്റെ വിവാഹം നിലനില്‍ക്കുന്നതല്ല എന്ന് പ്രഖ്യാപിക്കപ്പെടുന്നു. ഒരുവനു തന്റെ ജീവിതപങ്കാളിയുടെ വിശ്വാസം തിരിച്ചറിയാന്‍ മക്കള്‍ ജനിക്കുന്നതിനു മുമ്പുതന്നെ സാധിക്കുന്നതാണ്. അതിനാല്‍ത്തന്നെ, മക്കളുടെ ജനനത്തിനുശേഷം വിശ്വാസപരമായ കാരണത്താല്‍ ദമ്പതികള്‍ക്കു വേര്‍പിരിയേണ്ടതായി വരികയില്ല. ആയതിനാല്‍, പരസംഗം എന്ന കാരണമല്ലാതെ, മറ്റൊരു കാരണവും വേര്‍പിരിയലിനെ സാധൂകരിക്കുന്നില്ല. ദാമ്പത്യവിശ്വസ്തതയുടെ കാര്യത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. തങ്ങളുടെയും തങ്ങള്‍ ജന്മംനല്‍കിയ തങ്ങളുടെ മക്കളുടെയും നിത്യജീവനെപ്രതി ഓരോരുത്തരും ദാമ്പത്യവിശ്വസ്തത പുലര്‍ത്തണം.
ഭര്‍ത്താവും ഭാര്യയും പരസ്പരം സ്നേഹത്തോടെയും വിശ്വസ്തതയോടെയും സഹവര്‍ത്തിക്കുന്നതു കണ്ടാണ് മക്കള്‍ വളരേണ്ടത്. അങ്ങനെ വളരുന്ന മക്കള്‍ വഴിപിഴച്ചു പോകാനുള്ള സാധ്യത ഇല്ലെന്നുതന്നെ പറയാം. അപ്പനെ ബഹുമാനിക്കുന്ന അമ്മയെ മക്കള്‍ ബഹുമാനിക്കും; അതുപോലെതന്നെ, അമ്മയെ സ്നേഹിക്കുന്ന അപ്പനെ മക്കള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും! അമ്മയുടെയോ അപ്പന്റെയോ അവിഹിതബന്ധങ്ങള്‍ മക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, വാര്‍ദ്ധക്യത്തില്‍ അവരെ അവരുടെ മക്കള്‍ തള്ളിക്കളയുകയും ചെയ്യും. മക്കളുടെ അംഗീകാരം ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ദൈവഭക്തി പരിശീലിക്കണം. എന്തെന്നാല്‍, വചനം ഇപ്രകാരം അറിയിക്കുന്നു: "ദൈവഭയമില്ലാത്ത പിതാവിനെ മക്കള്‍ കുറ്റപ്പെടുത്തും; അവന്‍ നിമിത്തമാണ് അവര്‍ നിന്ദയനുഭവിക്കുന്നത്"(പ്രഭാ: 41; 7).
ഉത്തമയായ ഭാര്യയെക്കുറിച്ചുള്ള ചിന്തയിലേക്കുതന്നെ മടങ്ങിവരാം. തന്റെ ഭാര്യ ഉത്തമയായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു പുരുഷനും ഉണ്ടാകില്ല. എന്നാല്‍, തന്റെ ഭാര്യ ഉത്തമയാകണമെന്ന് ആഗ്രഹിക്കാന്‍ അവകാശമുള്ളത് ഉത്തമനായ ഭര്‍ത്താവിനു മാത്രമാണ്. തന്റെ ഭാര്യയുടെ മനസ്സില്‍ താനല്ലാതെ മറ്റൊരു പുരുഷന്‍ ഉണ്ടായിരിക്കരുതെന്ന് ആഗ്രഹിക്കുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ തന്റെ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയും ഉണ്ടാകാന്‍ പാടില്ല. ബൈബിള്‍ നല്‍കുന്ന ഉപദേശം ഇതാണ്: "മറ്റൊരുവനു സ്വന്തമായ സൗന്ദര്യത്തെ അഭിലഷിക്കരുത്"(പ്രഭാ: 9; 8). പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായുള്ള നിയമമാണിത്! മറ്റൊരുവനു സ്വന്തമായ സൗന്ദര്യത്തെ അഭിലഷിക്കരുത് എന്നപോലെതന്നെ, തന്നില്‍ മറ്റൊരുവന് അഭിലാഷം ജനിപ്പിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കുകയും വേണം. വസ്ത്രധാരണത്തിലൂടെയോ പെരുമാറ്റത്തിലൂടെയോ ആരിലെങ്കിലും പാപകരമായ ആഗ്രഹം ജനിപ്പിക്കുന്നവരും ശിക്ഷിക്കപ്പെടും. ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവും ഭാര്യയും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട ബൈബിള്‍ സന്ദേശം കുറിച്ചുകൊണ്ട് ഈ ലേഖനം മനോവ ഉപസംഹരിക്കുന്നു. സന്ദേശമിതാണ്: "നിന്റെ കിണറ്റില്‍നിന്ന്, നിന്റെ ഉറവയില്‍നിന്നു മാത്രമേ വെള്ളം കുടിക്കാവൂ. നിന്റെ ഉറവകളെ മറുനാട്ടിലും നീരൊഴുക്കുകളെ തെരുവുകളിലും ഒഴുക്കിക്കളയുകയോ? അവ നിന്റെ അടുത്തുള്ള അന്യര്‍ക്കുവേണ്ടിയാവാതെ നിനക്കുവേണ്ടി മാത്രമായിരിക്കട്ടെ. നിന്റെ ഉറവ, നിന്റെ യൗവ്വനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദംകൊള്ളുക"(സുഭാഷി: 5; 15-18).
ഉപസംഹാരം!
ഈ ലേഖനം എങ്ങനെ ഉപസംഹരിക്കണമെന്നു മനോവയ്ക്ക് വ്യക്തമായ ബോധ്യമില്ല. കാരണം, കുടുംബജീവിതത്തിന്റെ സുസ്ഥിരതയ്ക്ക് ആവശ്യമായി ബൈബിള്‍ നല്‍കിയിട്ടുള്ള ഉപദേശങ്ങളില്‍ ഒരുശതമാനംപോലും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്നത് മനോവയെ അസ്വസ്ഥതയിലേക്കു നയിക്കുന്നു. ആയതിനാല്‍, ബൈബിള്‍ നകുന്ന ഉപദേശങ്ങളുടെ അന്തസത്ത ഇവിടെ അപൂര്‍ണ്ണമായെങ്കിലും കുറിക്കാം. കുടുംബജീവത്തിലെ പ്രധാനപ്പെട്ട വ്യക്തികള്‍ ഭര്‍ത്താവും ഭാര്യയുമാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ബാഹ്യമായ ഒരു ഇടപെടലുകളും ദൈവം അനുവദിച്ചിട്ടില്ല. ഒരു പുരുഷന്‍ തന്റെ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്തിനെപ്പോലും തന്റെ കുടുംബജീവിതത്തിലെ താളപ്പിഴകള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായി നിയോഗിക്കരുത്. ഇത്തരത്തില്‍ ഇടനിലക്കാരായ സുഹൃത്തിനോടൊപ്പം അവിഹിതമായി ജീവിക്കുകയോ അവനോടൊപ്പം ഇറങ്ങിപ്പുറപ്പെടുകയോ ചെയ്ത അനേകം അഭിസാരികകള്‍ ഇന്ന് നമുക്കിടയിലുണ്ട്. ആയതിനാല്‍, ഒരു കുടുംബജീവിതത്തില്‍ ഇടപെടാന്‍ ഈ ഭൂമുഖത്തുള്ള ആരെയും അനുവദിക്കരുത്. സ്ത്രീയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടില്‍ പുരുഷന്മാര്‍ ചില പുനര്‍വിചിന്തനത്തിനു വിധേയരാകേണ്ടതും അനിവാര്യമാണ്. സ്ത്രീയുടെ സൗന്ദര്യം അവളുടെ ആകാരഭംഗിയല്ല; മറിച്ച്, വിനയവും വിവേകവും ദൈവഭക്തിയുമാണ്!
ഈ മനോഭാവത്തില്‍ പുരുഷനും സ്ത്രീയും ആയിരിക്കേണ്ടത് അനിവാര്യമാണ്. നിസ്സാര വിഷയങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കരുത്. എന്തെന്നാല്‍, വിവാഹമോചനങ്ങളിലേക്കു വളരാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ ആരംഭദശയില്‍ത്തന്നെ ഇല്ലാതാക്കാന്‍ ദമ്പതികളുടെ തുറന്ന ചര്‍ച്ച ഉപകരിക്കും. വിവാഹമോചനം എന്ന പൈശാചികതയിലേക്കു വളരാന്‍ ഒരു പ്രശ്നത്തെയും അനുവദിക്കാതിരിക്കുക. നമ്മുടെയൊക്കെ മാതാപിതാക്കള്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറായതുകൊണ്ടാണ് അവസാനംവരെ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി നിലകൊണ്ടത്. അതില്‍നിന്നു വ്യത്യസ്തമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും അവഗണിക്കുക! അവരെ നമ്മുടെ ഭവനത്തില്‍ സ്വീകരിക്കാതിരിക്കുക. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ അഭിഷ്ടം ഇതാണ്: " ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്റെ വസ്ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയോടെ വ്യാപരിക്കുക; അവിശ്വസ്തത കാണിക്കരുത്"(മലാക്കി: 2; 16). ഇതിനപ്പുറം മനോവയ്ക്ക് ഒന്നും പറയാനില്ല! ലോകം നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കുന്ന മാര്‍ഗ്ഗം നിങ്ങളുടെ നാശത്തിനുള്ളതാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-