തിരുക്കുടുംബം

തകര്‍ന്നടിയുന്ന കുടുംബബന്ധങ്ങള്‍!

Print By
about

'കൂടുമ്പോള്‍ ഇമ്പമുള്ളത്' എന്നാണ് കുടുംബത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍, ഇന്ന് ആ അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്താണ് ഇതിന്റെ കാരണം? പല ഉത്തരങ്ങളുണ്ട്. ചില ഘടകങ്ങള്‍ നമുക്ക് ചിന്തിക്കാം!

ഇന്ത്യയിലെ കുടുംബബന്ധങ്ങള്‍ പവിത്രമാണെന്നു കരുതുന്ന ചില പാശ്ചാത്യരാജ്യങ്ങളുണ്ട്. നമ്മുടെ ഗ്രാമീണ മേഖലകളിലുള്ള കുടുംബബന്ധങ്ങളില്‍നിന്ന് വ്യത്യസ്ഥമാണ് നഗരങ്ങളിലെ അവസ്ഥ! തിരക്കും, ജീവിതവ്യഗ്രതയും ബന്ധങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ മുന്‍പേ സംഭവിച്ചത് ഇന്നു നമ്മുടെ നാട്ടിലും കടന്നുവന്നുകൊണ്ടിരിക്കുന്നു. ഈ പ്രതിഭാസം ആഴമുള്ള കുടുംബബന്ധങ്ങളെ ഇല്ലാതാക്കി, ഇന്നത്തെ യൂറോപ്പിന്റെ സ്ഥിതിയിലെത്തിക്കാന്‍ അധികം താമസമില്ല. വികസനത്തിന്റെ വേഗം വര്‍ദ്ധിക്കുമ്പോള്‍ പൈതൃക സംസ്കാരങ്ങളും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ അവസരത്തില്‍, രണ്ടു തലമുറകള്‍ക്കുമുന്‍പ് യൂറോപ്പിലെ കുടുംബങ്ങള്‍ എങ്ങനെയായിരുന്നു എന്നു പഠിക്കുന്നത് നന്നായിരിക്കും. നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നുള്ള അതേ അവസ്ഥയായിരുന്നു രണ്ടു തലമുറകള്‍ക്കു മുന്‍പ് യൂറോപ്പിലും. അപ്പനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കളും എല്ലാം ചേര്‍ന്നുള്ള കുടുംബങ്ങള്‍! ഭാരതത്തിനു, കുടുംബബന്ധങ്ങളിലെ മഹിമയെക്കുറിച്ച് ഊറ്റംകൊള്ളാന്‍ ഒന്നുമില്ല എന്നര്‍ത്ഥം.

ലോകം പുരോഗതി പ്രാപിക്കുന്നതിന് അനുസരണമായി വരുന്ന ഒരു മാറ്റം മാത്രമാണ്, കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണം. ഇന്നും യൂറോപ്പിലെ തന്നെ ചില മേഖലകളില്‍ നല്ല കുടുംബബന്ധങ്ങള്‍ കാണാന്‍ കഴിയും. വളരെ കുറച്ചു മാത്രമെയുള്ളൂ എന്നുമാത്രം. പ്രത്യേകിച്ച് കാര്‍ഷിക മേഖലകളില്‍ നല്ല കൂട്ടുകുടുംബങ്ങള്‍ ഉണ്ട്.

ഇതില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം, പുരോഗതിയില്‍ നമ്മള്‍ എത്ര പിന്നിലാണോ അത്രതന്നെ ബന്ധങ്ങളും നിലനില്‍ക്കുന്നു. പുരോഗതി പ്രാപിക്കുന്നതിനനുസരിച്ചു കുടുംബബന്ധങ്ങളിലും അകല്‍ച്ച സംഭവിച്ചു കൊണ്ടിരിക്കുന്നു.

ഇതു വ്യക്തമാകണമെങ്കില്‍ മുന്‍കാലങ്ങളില്‍ യൂറോപ്പില്‍ കുടിയേറിയ ഇന്ത്യക്കാരുടെ പുതിയ തലമുറയെ നോക്കിയാല്‍ മതി. യൂറോപ്പിലെ ഇളം തലമുറയെപോലെ അവരും വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ട്, സംസ്കാരം രാജ്യത്തിന്റെ പ്രത്യേകതയല്ല. മറിച്ച്, വികസനം പ്രാപിച്ചപ്പോള്‍ മനോഭാവങ്ങളില്‍ വരുന്ന വ്യതിയാനങ്ങളാണ്.

പരസ്പരം കൈകോര്‍ത്ത് നടക്കുന്ന വൃദ്ധദമ്പതിമാരെ യൂറോപ്പില്‍ ഇപ്പോഴും കാണാം. ഒരു വിവാഹം മാത്രം കഴിച്ച്, അന്ത്യംവരെ ഒരുമിച്ച് ജീവിക്കുന്ന അനുഗൃഹീത ദമ്പതിമാര്‍! അവര്‍ക്കൊക്കെ നാലും അഞ്ചും മക്കളുമുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ഇന്ന് ഒന്നോ രണ്ടോ മക്കള്‍ എന്ന അവസ്ഥയാണെങ്കില്‍, യൂറോപ്പില്‍ മക്കളില്ലാത്ത അവസ്ഥയില്‍ എത്തി. വരുംകാലങ്ങളില്‍ ഇത് നമ്മുടെ ഇടയിലും സംഭവിച്ചു കൂടെന്നില്ല.

ഭാര്യമാരെ മാറി ഉപയോഗിക്കുന്ന പാശ്ചാത്യരീതി, നമ്മുടെ നഗരങ്ങളിലും എത്തിക്കഴിഞ്ഞു.`കോള്‍ബോയ്, കോള്‍ഗേള്‍` രീതികളൊക്കെ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു.

യൂറോപ്പിലെ ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ തന്നെയാണ് ആദ്ധ്യാത്മിയതയും മെച്ചപ്പെട്ട രീതിയില്‍ ഉള്ളത്. കുടുംബ പ്രാര്‍ത്ഥനയിലും കൗദാശിക ജീവിതത്തിലും ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ചു മുന്‍പന്തിയിലാണ്. ഇതില്‍നിന്നു വ്യക്തമാകുന്ന വലിയൊരുകാര്യം, ആദ്ധ്യാത്മീയതയും കുടുംബബന്ധങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.

അതുകൊണ്ട് സംസ്കാരങ്ങള്‍ നാടിന്റെ പ്രത്യേകതയല്ല, മനുഷന്റെ ചിന്താഗതികളില്‍വന്ന മാറ്റമാണ്. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പ് പഠിക്കാന്‍, വിദേശികള്‍ ഇന്ത്യയില്‍ വരേണ്ട കര്യമില്ല. അവരുടെ രണ്ടുതലമുറ പുറകോട്ട് പഠിച്ചാല്‍ മതി. ഇന്ന് ഇന്ത്യയിലെ ഒരു നഗരത്തിലാണ് വിദേശിയെത്തുന്നതെങ്കില്‍ അവസ്ഥ മാറും!

ആത്മീയത എവിടെ കൈമോശം വന്നുവോ,അവിടെനിന്നും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ആരംഭിക്കും. കുട്ടികള്‍ക്ക് യൂറോപ്പില്‍ അനുവദിച്ചിട്ടുള്ള അമിത സ്വാതന്ത്ര്യം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. അത് ഇവിടെയുമെത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്നതു ചിന്തിച്ചു നോക്കുക. പണ്ടൊക്കെ കുട്ടികളെ മാതാപിതാക്കള്‍ക്കും ഗുരുജനങ്ങളും ശിക്ഷണത്തില്‍ വളര്‍ത്തിയിരുന്നു. യൂറോപ്പില്‍ കുട്ടികളെ ശിക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കുപോലും അവകാശമില്ല. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശമനുസരിച്ചു കുട്ടികളെ വളര്‍ത്തുവാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് ഈ ദുരന്തം!

നിയമതലത്തില്‍തന്നെ മാറ്റങ്ങള്‍ വരുത്തുകയാണു യൂറോപ്പ് ചെയ്യേണ്ടത്. മറിച്ച് സംസ്കാരങ്ങള്‍ പഠിക്കാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയല്ല. ദൈവഭയത്തിലും പ്രാര്‍ത്ഥനയിലും കുടുംബം ഒന്നുചേര്‍ന്നുള്ള ആ പഴമയിലേക്കു തിരിച്ചു നടന്നാല്‍ ദേശ വ്യത്യാസമില്ലാതെ കുടുംബ ബന്ധങ്ങള്‍ സുസ്ഥിരമാകും. ദാമ്പത്യ വിശ്വസ്തതയും ഒരു പ്രധാന ഘടകമാണ്!

ഈ കഴിഞ്ഞ നാളുകളില്‍ ജര്‍മ്മനിയില്‍ ജീവിക്കുന്ന ഒരു സഹോദരന്‍, തന്റെ അനുഭവം പങ്കുവച്ചു. ഒരിക്കല്‍ അദ്ദേഹത്തിനു ഒരു പേഴ്സ് വീണുകിട്ടി. അതില്‍ പണവും മറ്റു രേഖകളും ഉണ്ടായിരുന്നു. ഉടമസ്ഥനെ കണ്ടെത്തി അതു കൊടുത്തു. ഒരു യുവാവായിരുന്നു ഉടമയെന്നതിനാല്‍, ഒരു ഉപദേശ രൂപേണ ഇങ്ങനെ പറഞ്ഞു: `ഇങ്ങനെയുള്ള രേഖകളൊക്കെ നന്നായി സൂക്ഷിക്കണം.` എന്നാല്‍, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു വക്കീല്‍ നോട്ടീസ് എത്തി. അവനെ ഉപദേശിച്ചതുമൂലം, അവനു മാനഹാനി സംഭവിച്ചു എന്ന് അറിയിച്ചുകൊണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്.യൂറോപ്പിലെ എല്ലാ യുവാക്കളും ഇങ്ങനെയുള്ളവരല്ല.

അമിതമായ അവകാശങ്ങള്‍ പക്വത പ്രാപിക്കാത്തവര്‍ക്കു ലഭിക്കുമ്പോള്‍, അതു ഗുണത്തേക്കാളുപരി ദോഷം ചെയ്യും. ബാല്യത്തില്‍തന്നെ ഇണയെ കണ്ടെത്താനുള്ള അവകാശം പൂര്‍ണ്ണമായും ദുരുപയോഗിക്കപ്പെടുന്നു. മാതാപിതാക്കളില്‍നിന്നു കണ്ടു പഠിക്കുന്ന തലമുറ, തന്റെ വരുംതലമുറയ്ക്കു പകര്‍ന്നുകൊടുക്കുന്നു.

കുട്ടികളെ ശിക്ഷിച്ച് കൊല്ലുകപോലും ചെയ്യുന്ന അദ്ധ്യാപകരും മാതാപിതാക്കളും നമ്മുടെ നാട്ടില്‍ വിരളമായിട്ടെങ്കിലും ഉണ്ട്. അതു തെറ്റാണെങ്കിലും, ചെറിയ ശിക്ഷണങ്ങള്‍ക്കുപോലും അദ്ധ്യാപകര്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളും ആപത്താണ്. ഗുരുശിഷ്യബന്ധം നല്ലരീതിയില്‍ ആയിരിക്കുമ്പോള്‍ നല്ല തലമുറയുണ്ടാകും. മറ്റെല്ലാ സൗകര്യങ്ങളും മക്കള്‍ക്കു ചെയ്തു കൊടുക്കാന്‍ മത്സരിക്കുമ്പോള്‍, ദൈവത്തെ കൊടുക്കാന്‍ വിട്ടുപോകുന്നു. മക്കളെ എങ്ങനെ വളര്‍ത്തണമെന്നും കുട്ടികള്‍ എപ്രകാരം മാതാപിതാക്കളെ അനുസരിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. "മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് യാഹ്‌വെ ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു"(പ്രഭാ: 3; 2).

വചനം വീണ്ടും പറയുന്നു: "പുത്രനെ സ്നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും. മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍മൂലം നന്മയുണ്ടാകും; സ്നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും"(പ്രഭാ: 30; 1, 2).

കുട്ടികളെ ശിക്ഷണത്തില്‍ വളര്‍ത്തേണ്ടതിനെക്കുറിച്ചും, കുട്ടികള്‍ മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിനെക്കുറിച്ചും ബൈബിളില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. സംസ്കാരങ്ങള്‍ വളരുമ്പോള്‍ ദൈവത്തില്‍നിന്നും അകലാതിരുന്നാല്‍, കുടുംബ ബന്ധങ്ങള്‍ വിശുദ്ധിയോടെ നിലനില്‍ക്കും. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 16: 31).

യേഹ്ശുവായിലുള്ള നമ്മുടെ വിശ്വാസം തലമുറയിലേക്കു പകര്‍ന്നു കൊടുക്കാന്‍ തയ്യാറാകുമ്പോള്‍, രക്ഷ സകലരിലും വ്യാപിക്കും. അങ്ങനെ കുടുംബ ബന്ധങ്ങള്‍ സന്തോഷകരമാക്കാം.

"യാഹ്‌വെ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും വരും തലമുറയ്ക്കു വിവരിച്ചു കൊടുക്കണം"(സങ്കീ: 78; 4).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5846 views

LOG IN

Lost your password?

SIGN UP

LOST PASSWORD