ശ്ലൈഹീക സഭ

കത്തോലിക്കാസഭയുടെ ആധികാരികത!

Print By
about

31 - 03 - 2018

ത്തോലിക്കാസഭയുടെ ആധികാരികതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ മറ്റു സഭകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മനോവയ്ക്കറിയാം. എന്നാല്‍, സത്യം പറയാതിരിക്കാന്‍ മനോവയ്ക്കാവില്ല. വെറുതെ പറയുകയെന്നത് മനോവയുടെ ശീലമല്ല; പറയുമ്പോള്‍ അത് ആധികാരികതയോടെതന്നെ ആയിരിക്കണമെന്ന് മനോവയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. ഏതൊരു വിഷയത്തിനും മനോവയ്ക്കു മുന്‍പിലുള്ള ആധികാരിക ദൃഷ്ടാന്തം ബൈബിളാണ്! ആയതിനാല്‍, ബൈബിളിനെ അടിസ്ഥാനമാക്കി കത്തോലിക്കാസഭയുടെ ആധികാരികത തെളിയിക്കാനുള്ള ഉത്തരവാദിത്വം മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നു. ആമുഖം വായിച്ച് അഭിപ്രായം പറയുന്ന രീതിയെ സ്വാഗതം ചെയ്യാന്‍ മനോവ തയ്യാറല്ല. അതിനാല്‍, കത്തോലിക്കാവിരുദ്ധ സഭകള്‍ ഈ ലേഖനം വായിച്ചതിനുശേഷം മാത്രമേ അഭിപ്രായം പറയാവൂ! അങ്ങനെയുള്ള അഭിപ്രായങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആയാലും സ്വാഗതം ചെയ്യുന്നു!

ആദിമസഭയില്‍നിന്ന് അടിമുടി വ്യതിചലിച്ച പാതയിലാണ് ഇന്നത്തെ കത്തോലിക്കാസഭ നിലകൊള്ളുന്നത്. ദൈവീകനിയമങ്ങളെ ആധികാരികതയോടെ അംഗീകരിക്കുകയും ഇടംവലം തിരിയാതെ അനുസരിക്കുകയും ചെയ്ത സഭയായിരുന്നു ആദിമസഭ. കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന ദൈവശാസ്ത്ര പഠിതാക്കളിലൂടെ അധാര്‍മ്മിക നിയമങ്ങള്‍ സഭയുടെ ആധികാരിക നിയമങ്ങളായി മാറിയപ്പോള്‍ ദൈവീകനിയമങ്ങള്‍ക്ക് സഭയില്‍ സ്ഥാനമില്ലാതായി. മനുഷ്യന്റെ ബുദ്ധിയിലും യുക്തിയിലും ആശ്രയം വച്ചതിലൂടെ സഭയിലെ മേലാളന്മാര്‍ അതിന് അടിപ്പെടുകയും ദൈവീകനിയമങ്ങളില്‍ പോരായ്മ കണ്ടെത്തുകയും ചെയ്തു! പ്രായം രണ്ടായിരത്തോട് അടുത്തുവരുന്ന ഈ കാലത്ത് സഭയെ നോക്കുമ്പോള്‍, ആദിമസഭയുടെ യാതൊരു ചൈതന്യവുമില്ലാതെ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി അത് മാറിയെന്നു കാണാന്‍ കഴിയും. ദൈവീകനിയമങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ലോകത്തിന്റെ നിയമങ്ങള്‍ സഭയുടെ നിയമങ്ങളായി സ്വീകരിക്കപ്പെട്ടു! സ്വവര്‍ഗ്ഗ വിവാഹത്തിന്റെ കാര്യത്തിലും ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തിലും മാത്രമല്ല, ദയാവധം, ഗര്‍ഭനിരോധനം, വിവാഹമോചനം, സുവിശേഷ പ്രഘോഷനത്തിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളില്‍ ബഹുദൂരം വ്യതിചലിച്ച അവസ്ഥയിലാണ് ഇന്നത്തെ കത്തോലിക്കാസഭ! അതായത്, ദൈവത്തിന്റെ നിയമങ്ങളെക്കാള്‍ സഭയിലെ ശ്രേഷ്ഠന്മാര്‍ക്കു പ്രിയങ്കരം ലോകത്തിന്റെ നിയമങ്ങളാണ്!

ഇത്രത്തോളം അധഃപതിച്ച അവസ്ഥയില്‍ എത്തിനില്‍ക്കുന്ന കത്തോലിക്കാസഭയാണ് മറ്റു സഭകളെ അപേക്ഷിച്ച് ആധികാരികമെന്നു പറയാന്‍ മനോവയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്നു ചിന്തിക്കുന്ന വായനക്കാരുണ്ടാകാം! എന്നാല്‍, വീണ്ടും മനോവ പറയുന്നു: കത്തോലിക്കാസഭയാണ് ക്രൈസ്തവസഭകളില്‍വച്ച് ആധികാരികതയുള്ള ഏക സഭ! മറ്റു സഭകളില്‍ അംഗങ്ങളായ സകലരും നരകത്തില്‍പ്പോകുമെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നില്ല. ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് സുവിശേഷത്തിന്റെ വ്യാപനത്തിനു വിഘാതമായി നിലകൊള്ളുന്ന വചനവിരോധിയായ ഒരുവന്‍ പോപ്പിന്റെ പദവിയില്‍ ഇരിക്കുമ്പോഴും കത്തോലിക്കാസഭ തന്നെയാണ് ആധികാരിക സഭ എന്നുപറയാന്‍ കാരണങ്ങള്‍ അനേകമുണ്ട്. ഒരു കാരണത്തെ മനസ്സിലാക്കിക്കൊണ്ട് ഈ പഠനം നമുക്ക് ആരംഭിക്കാം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ് അബ്രാഹത്തെ തിരഞ്ഞെടുത്തത്. അബ്രാഹത്തിനു രണ്ടിലധികം സന്തതികള്‍ ജനിച്ചുവെങ്കിലും, ദൈവത്തിന്റെ വാഗ്ദാനപ്രകാരം ഭാര്യ സാറായില്‍ ജനിച്ച യിസഹാക്കിനെയാണ് യഥാര്‍ത്ഥ അവകാശിയായി ദൈവം കണ്ടത്. അതായത്, അബ്രാഹത്തിനു ലഭിച്ച തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ദൈവം അനുവദിച്ചത് യിസഹാക്കിനെയാണ്. യിസഹാക്കിന് രണ്ടു പുത്രന്മാര്‍ ജനിച്ചുവെങ്കിലും അവരില്‍ യാക്കോബ് തിരഞ്ഞെടുക്കപ്പെട്ടു. ഈ യാക്കോബില്‍നിന്നാണ് ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേല്‍ രൂപപ്പെട്ടത്. യാക്കോബിന്റെ സന്തതികളില്‍ ആരെയും യാഹ്‌വെ തള്ളിക്കളഞ്ഞില്ല. യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ പലരും വ്യഭിചാരവും കൊലപാതകവും അടക്കമുള്ള അധാര്‍മ്മിക ജീവിതം നയിച്ചിട്ടുള്ള വ്യക്തികളായിരുന്നു. എന്നാല്‍, ഈ ചെയ്തികളൊന്നും ഇവരുടെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല”(റോമാ: 11; 29). യാക്കോബിനെ തിരഞ്ഞെടുത്ത ദൈവം അവനോടു പറഞ്ഞത് അവന്റെ പിതാക്കന്മാരായ അബ്രാഹത്തോടും യിസഹാക്കിനോടും പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അബ്രാഹത്തോട് അരുളിച്ചെയ്തു: “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങിനെ നീ ഒരു അനുഗ്രഹമായിരിക്കും”(സൃഷ്ടി: 12: 2). അബ്രാഹത്തിന്റെ പിന്തുടര്‍ച്ചാവകാശി യിസഹാക് ആണെന്നതിനെ സംബന്ധിച്ച് എതിര്‍പ്പുകളുമായി ഇസ്ലാം രംഗത്തുണ്ട്.

എന്നാല്‍, പിന്തുടര്‍ച്ചാവകാശി ആരായിരിക്കുമെന്നതിന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു അടയാളം നല്‍കിയിട്ടുണ്ട്. ആ അടയാളം ഇതാണ്: “നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു വര്‍ഷം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും”(സൃഷ്ടി: 15; 13, 14). ഈ അടയാളം ധരിച്ചത് യിസഹാക്കിന്റെ പുത്രനായ യാക്കോബിന്റെ തലമുറയാണ്. അവന്റെ സന്തതികള്‍ ഈജിപ്തില്‍ നാനൂറു കൊല്ലം അടിമകളായി ജീവിച്ചു! ഇതിനപ്പുറമൊരു തെളിവിന്റെ ആവശ്യമുണ്ടോ? മറ്റേതെങ്കിലും ജനതയ്ക്ക് ഈ അടയാളം അവകാശപ്പെടാന്‍ സാധിക്കുമോ? വേറൊരു അടയാളം ശ്രദ്ധിക്കുക: “അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം യിസഹാക്കിനു കൊടുത്തു”(സൃഷ്ടി: 25; 5). തനിക്കുണ്ടായിരുന്നതെല്ലാം കൊടുത്തു എന്നുപറയുമ്പോള്‍, ദൈവമായ യാഹ്‌വെയുടെ തിരഞ്ഞെടുപ്പും വാഗ്ദാനവും ഉള്‍പ്പെടും! ഇത് യിസഹാക്ക് കൈമാറിയത് തന്റെ രണ്ടു മക്കളില്‍ ഒരുവനായ യാക്കോബിനാണ്. ഈ യാക്കോബിന്റെ മക്കളാണ് ഈജിപ്തില്‍ അടിമത്വം അനുഭവിച്ചത്.

യാഹ്‌വെ തിരഞ്ഞെടുത്തത് യിസഹാക്കിനെയാണ് എന്നു സ്ഥിരീകരിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ആ രാത്രി യാഹ്‌വെ അവനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാന്‍; നീ ഭയപ്പെടേണ്ടാ ഞാന്‍ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാന്‍ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും”(സൃഷ്ടി: 26; 24). യാക്കോബിലേക്ക് അനുഗൃഹം കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക: “ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ടിയും ദൈവം നിനക്കു നല്‍കട്ടെ! ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തല കുനിക്കട്ടെ! നിന്റെ സഹോദരര്‍ക്ക് നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!”(സൃഷ്ടി: 27; 28, 29). വളരെ അര്‍ത്ഥസമ്പുഷ്ടമായ ഈ അനുഗൃഹ കൈമാറ്റത്തില്‍ വലിയൊരു രഹസ്യം മറനീക്കി പുറത്തുവരുന്നുണ്ട്. എന്തെന്നാല്‍, അബ്രാഹത്തെ അനുഗ്രഹിച്ചപ്പോള്‍ യാഹ്‌വെ പറഞ്ഞ അനുഗൃഹ വാക്കുകള്‍ യിസഹാക്ക് ഇവിടെ ആവര്‍ത്തിക്കുന്നു. അതുവഴി അബ്രാഹത്തിനുമേലുള്ള അനുഗൃഹം യിസഹാക്കുവഴി യാക്കോബില്‍ എത്തിച്ചേരുന്നു. അബ്രാഹത്തിനു യാഹ്‌വെ നല്‍കിയ അനുഗ്രഹം ഇതായിരുന്നു: “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും”(സൃഷ്ടി: 12; 3). ഇനിയുമുണ്ട് അടയാളങ്ങള്‍!

അബ്രാഹത്തോടും യിസഹാക്കിനോടും സംസാരിച്ച യാഹ്‌വെ യാക്കോബിനോടു സംസാരിക്കുകയും പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനം അവനോട് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ട് യാഹ്‌വെ അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും ദൈവമായ യാഹ്‌വെയാണ്. നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. ഇതാ ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും. നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല”(സൃഷ്ടി: 28; 13-15). യാക്കോബിനെ അനുഗ്രഹിച്ചപ്പോള്‍, ആ അനുഗ്രഹത്തിന്റെ ഭാഗമായി സന്തതികളെ മുഴുവന്‍ തിരഞ്ഞെടുക്കുന്നതാണ് നാമിവിടെ കണ്ടത്. യാക്കോബിനുശേഷം അവന്റെ പന്ത്രണ്ടു മക്കളെ തിരഞ്ഞെടുക്കുകയും അവരെ ഗോത്രപിതാക്കന്മാരാക്കുകയും ചെയ്തു. അവരും അവരുടെ സന്തതികളുമാണ് യിസ്രായേല്‍ജനം! ഈ ജനം ഇന്നുവരെയും ലോകത്തില്‍ അദ്ഭുതമായി നിലകൊള്ളുന്നു. ഇവരെ തിരഞ്ഞെടുത്ത ദൈവമായ യാഹ്‌വെയെ മറന്ന് ഇവരുടെ ഹൃദയം അന്യദേവന്മാരിലേക്കു ചാഞ്ഞപ്പോള്‍ അവിടുന്ന് ശിക്ഷണങ്ങള്‍ നല്‍കി. എന്നിരുന്നാലും, ഇവരെ എന്നേക്കുമായി ദൈവം കൈവിട്ടില്ല. ഇതാണ് ദൈവത്തിന്റെ വിളിയുടെയും ദാനത്തിന്റെയും പ്രത്യേകത!

ഈ വചനം ശ്രദ്ധിക്കുക: “പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വെ എന്ന പേര് ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവിധാനത്തിന് എന്റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു. മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ യിസ്രായേല്‍സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു”(യിരെമി: 31; 35-37). യിസ്രായേലിന്റെ പ്രവൃത്തികള്‍മൂലം അവര്‍ പ്രഹരിക്കപ്പെട്ടാലും, അവരുടെ വിളി അവരില്‍നിന്നു പിന്‍വലിക്കപ്പെടുന്നില്ല. ഇനി നമുക്കു കേപ്പായുടെമേല്‍ സ്ഥാപിക്കപ്പെട്ട തന്റെ സഭയ്ക്കു യേഹ്ശുവാ നല്‍കിയ വാഗ്ദാനം പരിശോധിക്കാം! എന്തെന്നാല്‍, യിസ്രായേലിനെ തിരഞ്ഞെടുത്ത ദൈവംതന്നെയാണ് കേപ്ഫായുടെമേലുള്ള തന്റെ സഭയ്ക്ക് അസ്ഥിവാരമിട്ടത്! കേപ്ഫായോട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: “എന്റെ കുഞ്ഞാടുകളെ മേയിക്കുക”(യോഹ: 21; 17). മൂന്നുപ്രാവശ്യം ആവര്‍ത്തിച്ച് അരുളിച്ചെയ്തുകൊണ്ട് സ്ഥിരീകരിച്ച പ്രഖ്യാപനമാണിത്. അതിനുമുമ്പ് മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു. യേഹ്ശുവാ ചോദിച്ച ചോദ്യം ഇതാണ്: “യോഹന്നാന്റെ പുത്രനായ ശിമയോനെ നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ?”(യോഹ: 21; 15). ഈ ചോദ്യത്തിനു കേപ്ഫാ മൂന്നുവട്ടം ആവര്‍ത്തിച്ചു പറഞ്ഞ മറുപടിയാണ് യേഹ്ശുവായെ സന്തോഷിപ്പിച്ചത്.

ശിമയോന്‍ എന്ന കേപ്ഫായുടെ മറുപടി ഇപ്രകാരമായിരുന്നു: “ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ”(യോഹ: 21; 15). യേഹ്ശുവായുടെ ചോദ്യവും ശിമയോന്‍ എന്ന കേപ്ഫായുടെ ഉത്തരവും മൂന്നുവട്ടം ആവര്‍ത്തിച്ചതുപോലെ, കേപ്ഫായെ ആടുകളുടെ ഇടയനാക്കിക്കൊണ്ടുള്ള യേഹ്ശുവായുടെ പ്രഖ്യാപനവും മൂന്നുവട്ടം ആവര്‍ത്തിച്ചു സ്ഥിരീകരിക്കപ്പെട്ടതാണ്. യേഹ്ശുവായുടെ മരണവും പുനരുത്ഥാനവും കഴിഞ്ഞ് സ്വര്‍ഗ്ഗാരോഹനത്തിനു തൊട്ടുമുമ്പായിരുന്നു ഇത്. ഇവിടെ നാം മനസ്സിലാക്കേണ്ട വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്. കുറച്ചുനാളുകള്‍ക്ക്‌ മുമ്പ് യേഹ്ശുവായെ മൂന്നുവട്ടം തള്ളിപ്പറഞ്ഞ വ്യക്തിയാണ് കേപ്ഫാ എന്നതാണ് ആ യാഥാര്‍ത്ഥ്യം! മൂന്നുവട്ടമുള്ള ആവര്‍ത്തനവും ഒരു സ്ഥിരീകരണമാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, യേഹ്ശുവായുടെ സഭയെ മേയിക്കാന്‍ എന്തുകൊണ്ടാണ് അവിടുന്ന് കേപ്ഫായെ നിയോഗിച്ചത്? ഈ നിയോഗത്തിനു രണ്ടു കാരണങ്ങളുണ്ട്. ഒരുകാരണം കേപ്ഫായുടെ പശ്ചാത്താപമാണെങ്കില്‍, മറ്റൊരു കാരണം യേഹ്ശുവായുടെ വാഗ്ദാനങ്ങളിലുള്ള വിശ്വസ്തതയും സ്ഥിരതയുമാണ്! യേഹ്ശുവായെ മൂന്നുവട്ടം തള്ളിപ്പറഞ്ഞ കേപ്ഫായുടെ പശ്ചാത്താപത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അവന്‍ പുറത്തുപോയി ഹൃദയംനൊന്തു കരഞ്ഞു”(മത്താ: 26; 75). ഇനി ചിന്തിക്കേണ്ടത് യേഹ്ശുവാ കേപ്ഫായ്ക്കു നല്‍കിയ വാഗ്ദാനം എന്തായിരുന്നുവെന്നാണ്.

യേഹ്ശുവായുടെ പരസ്യശുശ്രൂഷയുടെ കാലത്ത് ഒരിക്കല്‍ അവിടുന്ന് കേപ്ഫായോടും മറ്റു ശിഷ്യന്മാരോടുമായി ചോദിച്ച ചോദ്യവും അതിന് അവര്‍ നല്‍കിയ ഉത്തരവും നോക്കുക: “മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ യേലിയാഹ് എന്നും വേറെ ചിലര്‍ യിരെമിയാഹ് അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്‌. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനാഹിന്റെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്ഫായാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 16; 13-19). വളരെയധികം സത്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ വചനഭാഗത്തെ ശരിയാംവണ്ണം ഒരു സഭകളും മനസ്സിലാക്കിയിട്ടില്ല എന്നതാണു ദുഃഖകരമായ അവസ്ഥ! ഓരോ സഭകളും തങ്ങളായിരിക്കുന്ന സഭയുടെ ആശയങ്ങളെ സാധൂകരിക്കാന്‍ ഈ വചനഭാഗത്തെ ദുരുപയോഗിക്കുന്നു! ഇക്കാര്യത്തില്‍ എല്ലാ സഭകള്‍ക്കും തുല്യപങ്കാണുള്ളത്.

കത്തോലിക്കാസഭയിലെ പല അബദ്ധപഠനങ്ങളും സാധൂകരിക്കാന്‍ ഈ വചനത്തെ ദുരുപയോഗിക്കുന്നുണ്ട്. കെട്ടാനും അഴിക്കാനുമുള്ള അവകാശത്തെ നിയമനിര്‍മ്മാണത്തിനുള്ള അവകാശമായി കത്തോലിക്കാസഭയിലെ പണ്ഡിതനാട്യക്കാര്‍ കരുതുന്നു. ഇത് തികച്ചും തെറ്റായ പഠനമാണെന്നു മനസ്സിലാകണമെങ്കില്‍ പതിനെട്ടാം അദ്ധ്യയംവരെ വായനയും പഠനവും തുടരണം. അവിടെയും നമുക്ക് കെട്ടലും അഴിക്കലും കാണാന്‍ കഴിയും. അത് കേപ്ഫായോടു മാത്രമായി അറിയിക്കുന്ന കെട്ടലും അഴിക്കലും അല്ല. പതിനാറാം അദ്ധ്യായത്തില്‍ നാം വായിക്കുന്നത് നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും..... എന്ന് തുടരുന്ന വചനമാണെങ്കില്‍, പതിനെട്ടാം അദ്ധ്യായത്തില്‍ നിങ്ങള്‍ എന്നാണ് നാം വായിക്കുന്നത്. വചനം നോക്കുക: “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 18; 18). ഈ വചനം പറയാനുണ്ടായ സാഹചര്യംകൂടി പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ സത്യം ഗ്രഹിക്കാന്‍ നമുക്കു സാധിക്കുകയുള്ളു. പരസ്പരം തിരുത്തുക എന്ന ശീര്‍ഷകത്തിനു താഴെ എഴുതപ്പെട്ടിരിക്കുന്ന ആറു വാക്യങ്ങളില്‍ ഒന്നാണ് നാമിവിടെ വായിച്ചത്. എന്നാല്‍, ഈ വാക്യത്തിനുമുമ്പ്‌ മൂന്നു വാക്യങ്ങള്‍ക്കൂടിയുണ്ട്. അത് ഇപ്രകാരമാണ്: “നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 18; 15-18).

ഒരു സഹോദരനെ അവന്റെ തെറ്റായ ജീവിതത്തില്‍നിന്നു തിരികെക്കൊണ്ടുവരുന്നതിലൂടെ അവനെ നേടുകയാണ്‌ ചെയ്യുന്നതെന്ന് യേഹ്ശുവാ പറഞ്ഞു. ഈ ഭൂമിയിലുള്ള വിശ്വാസികളുടെ കൂട്ടായ്മയായ സഭയില്‍ ഒരുവനെ ചേര്‍ക്കുവാനോ നിലനിര്‍ത്തുവാനോ ശ്രമിക്കുമ്പോള്‍, അവനെ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടിക്കൂടിയാണ് നേടുന്നത്. ഭൂമിയില്‍ സഭയെ കെട്ടിപ്പടുക്കുന്ന ശുശ്രൂഷയില്‍ ഒരുവന്‍ വ്യാപരിക്കുമ്പോള്‍, അവന്‍ ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും കെട്ടിപ്പടുക്കുന്നു! പരസ്പരം തിരുത്താന്‍ ശ്രമിക്കുന്ന ഏതൊരുവനും ചെയ്യുന്നത് കെട്ടലും അഴിക്കലുമാണ്! ഇത് അപ്പസ്തോലന്മാരുടെ തലവനായ കേപ്ഫായ്ക്കു മാത്രമായി നല്‍കിയ അധികാരമല്ല; മറിച്ച്, ഓരോ ക്രൈസ്തവന്റെമേലുമുള്ള അഭിഷേകമാണ്! അതുപോലെതന്നെ, കത്തോലിക്കാസഭയിലെ പുരോഹിതസമൂഹം അബദ്ധധാരണ വച്ചുപുലര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന മറ്റൊന്നാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍! സ്വര്‍ഗ്ഗത്തിലേക്ക് ഒരുവനെ കയറ്റിവിടുന്നത് കേപ്ഫായും പിന്‍ഗാമികളുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ദണ്ഡവിമോചനവും വിശുദ്ധരെ വാഴിക്കലുമൊക്കെ ഈ അബദ്ധധാരണയില്‍നിന്ന് ഉടലെടുത്ത അപകടങ്ങളാണ്. സ്വര്‍ഗ്ഗരാജ്യത്തേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമേയുള്ളു എന്ന യാഥാര്‍ത്ഥ്യമാണ് അത്. ഒരു വാതില്‍ മാത്രമേയുള്ളുവെങ്കില്‍, താക്കോലുകളുടെ ആവശ്യമില്ല; മറിച്ച്, ഒരു താക്കോല്‍ മാത്രം മതിയാകും!

മാത്രവുമല്ല, താക്കോലുകള്‍ നിനക്കു ഞാന്‍ തരും എന്നാണ് യേഹ്ശുവാ പറഞ്ഞത്. അതായത്, അത് യേഹ്ശുവാ കേപ്ഫായ്ക്കു നല്‍കിയ വാഗ്ദാനമായിരുന്നു. അന്ത്യവിധിക്കുശേഷം മാത്രമാണ് ഈ കൈമാറ്റം സംഭവിക്കുകയുള്ളു. കാരണം, യേഹ്ശുവാതന്നെ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 2, 3). സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായതിനുശേഷമായിരിക്കും താക്കോലുകള്‍ കൈമാറുന്നത്. യേഹ്ശുവായുടെ വീണ്ടുംവരവിനുശേഷമാണ് അന്ത്യവിധിയെന്നു നമുക്കറിയാം. അക്കാലമത്രയും അപ്പസ്തോലനായ കേപ്ഫാ പറുദീസയിലാണു വസിക്കുന്നത്. സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായതിനുശേഷം യേഹ്ശുവാ വീണ്ടുംവരികയും നിത്യജീവനു നിയോഗം ലഭിച്ചിട്ടുള്ളവരെ അവിടത്തോടൊപ്പം സ്വര്‍ഗ്ഗീയഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും. അന്നുമാത്രമാണ് അവിടുത്തെ ഭവനത്തിലെ വാസസ്ഥലങ്ങളുടെ കാര്യസ്ഥനായി കേപ്ഫാ നിയുക്തനാകുന്നത്. ഈ വിഷയത്തിലേക്കു ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ മനോവ ആഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഈ വിഷയത്തെ സസൂക്ഷ്മം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. അത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ചേര്‍ക്കുന്ന 'ലിങ്ക്' സന്ദര്‍ശിക്കുക! 'സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍!'

കേപ്ഫായുടെ നേതൃത്വത്തെ നിഷേധിക്കുന്ന കത്തോലിക്കാവിരുദ്ധ സഭകളിലെ അംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ ആശയവും ചിന്തിക്കാതെ പോകുന്നത് ശരിയല്ലല്ലോ! കത്തോലിക്കാസഭയുടെ ആധികാരികത മനസ്സിലാകണമെങ്കില്‍ അത് അനിവാര്യവുമാണ്‌! നീ കേപ്ഫായാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും എന്ന വചനം കത്തോലിക്കാവിരുദ്ധരെ അലോസരപ്പെടുത്തുന്നു. പാറ, പാറക്കഷണം തുടങ്ങിയ വ്യാഖ്യാനങ്ങളുമായാണ് ഇവര്‍ തങ്ങളുടെ ആകുലതകളെ സമാശ്വാസിപ്പിക്കുന്നത്! കത്തോലിക്കാസഭയോടുള്ള വിരോധംമൂലം കേപ്ഫായെപ്പോലും നിഷേധിക്കുന്ന അല്പബുദ്ധികള്‍ ക്രൈസ്തവവേഷത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നു! അങ്ങനെയുള്ളവര്‍ പൗലോസിനെ തങ്ങളുടെ നേതാവായി പരിഗണിക്കുന്നതും ശ്രദ്ധേയമാണ്. എന്നാല്‍, അവരോടു പൗലോസ് പറയുന്നത് ഇപ്രകാരമാണ്: “എന്റെ സഹോദരരേ, നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്ലോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോലോസിന്റേതാണ്, ഞാന്‍ കേപ്ഫായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായത് പൗലോസാണോ? പൗലോസിന്റെ പേരിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?”(1 കോറി: 1; 11-13). 

കേപ്ഫായുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറായാല്‍ തങ്ങള്‍ എടുക്കാത്ത നോട്ടുകള്‍ ആയി മാറുമെന്ന് പല സ്വകാര്യസഭകള്‍ക്കും കുടുംബസഭകള്‍ക്കും അറിയാം!  അതിനാല്‍, കേപ്ഫാ പാറയല്ലെന്നും പാറക്കഷണം മാത്രമാണെന്ന് ഇവര്‍ വാദിക്കുന്നു. യേഹ്ശുവാ അവിടുത്തെ സഭ സ്ഥാപിച്ചത് പാറമേലോ പാറക്കഷണത്തിന്മേലോ എന്നതല്ല, അവിടുന്ന് ഈ വാക്കുകള്‍ ആരോടു പറഞ്ഞു എന്നതാണ് പ്രധാനം! കേപ്ഫായോടു പറഞ്ഞ വാക്കുകളെ യേഹ്ശുവായുടെ ആത്മഗതമായി വ്യാഖ്യാനിക്കുന്നവരുടെ പാണ്ഡിത്യം അപാരംതന്നെ! യേഹ്ശുവാ പറഞ്ഞത് കേപ്ഫായോടുതന്നെയാണെന്ന് വായിക്കുന്ന ഏതൊരുവനും മനസ്സിലാകും. ആ വചനഭാഗം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്ഫായാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 16; 18, 19). ഞാന്‍ നിന്നോടു പറയുന്നുവെന്ന മുഖവുര ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കേപ്ഫായോടാണ് ഇത് പറയുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനുള്ള സാദ്ധ്യതയില്ല. അങ്ങനെയെങ്കില്‍, കേപ്ഫായോടു പറയുന്നതിനിടയില്‍ ഒരു വാചകം മാത്രം ആത്മഗതമായി യേഹ്ശുവാ പറഞ്ഞുവെന്നു വാദിക്കുന്നവരുടെ ലക്‌ഷ്യം ദുരൂഹമാണ്. യേഹ്ശുവാ അവിടുത്തെ സഭയെ സ്ഥാപിച്ചത് താനാകുന്ന പാറയുടെമേലാണെന്നു പ്രഖ്യാപിക്കാനുള്ള വിഫലശ്രമമാണ്‌ സ്വകാര്യസഭകള്‍ നടത്തുന്നത്. ഇവിടെയാണ്‌ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം സൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ടതായി വരുന്നത്. 

യേഹ്ശുവായ്ക്ക് അവിടുത്തെ സഭയുമായുള്ള ബന്ധം വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. സഭയുടെ ശിരസ്സും മൂലക്കല്ലും യേഹ്ശുവായാണ് എന്ന പ്രഖ്യാപനമാണ് ബൈബിളില്‍ നാം വായിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌”(എഫേ: 2; 20). സഭയുടെ മൂലക്കല്ല് ക്രിസ്തുവാണെന്ന സ്ഥിരീകരണം ഈ വെളിപ്പെടുത്തലിലുണ്ട്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാണ് സഭയുടെ അടിത്തറയെങ്കില്‍, അതിലെ ആദ്യത്തെ കല്ലായ മൂലക്കല്ലാണ് ക്രിസ്തു! അതായത്, ക്രിസ്തുവിനോടു ചേര്‍ത്തുവച്ചു പണിയപ്പെട്ട അടിത്തറയിലാണ് സഭ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. സഭ എന്നത് വിശ്വാസികളുടെ സമൂഹമാണെന്നു നമുക്കറിയാം. വ്യക്തമായി പറഞ്ഞാല്‍, സഭയാകുന്ന ഭവനത്തിലെ പടവുകളാണ് വിശ്വാസികള്‍! ഈ ഭവനത്തിന്റെ മേല്‍ക്കൂരയാകുന്ന ശിരസ്സും ക്രിസ്തുതന്നെ! ഭാര്യാഭര്‍തൃബന്ധത്തെ സംബന്ധിച്ചുള്ള വിശദ്ദീകരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്. ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും”(എഫേ: 5; 23). സഭയുടെ ശിരസ്സ് ക്രിസ്തുവാണ്‌; അതുപോലെതന്നെ, ഈ ശിരസ്സിനെ അടിത്തറയുമായി ചേര്‍ത്തുവയ്ക്കുന്ന ശരീരം സഭയാണ്. ഈ സഭ ക്രിസ്തുവിന്റേതാണെന്ന സത്യവും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു! ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ശിരസ്സും മൂലക്കലും ക്രിസ്തുവാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ശരീരം ക്രിസ്തുവാണെന്ന് പ്രഖ്യാപിക്കുന്നില്ല. സഭയുടെ ശരീരം ക്രിസ്തുവാണെന്നല്ല, ക്രിസ്തുവിന്റേതാണെന്ന പ്രഖ്യാപനമാണ് ബൈബിളില്‍ വായിക്കുന്നത്. ക്രിസ്തുവാണെന്നു പറയുന്നതും ക്രിസ്തുവിന്റേതാണെന്നു പറയുന്നതും ഒരേ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴില്ല.

ഞാനാണ് എന്ന് പറയുന്നതും എന്റേതാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞുവെന്ന് മനോവ കരുതുന്നു. ഇനിയിവിടെ നാം ചിന്തിക്കുന്നത് സഭയുമായി ബന്ധപ്പെട്ട് കേപ്ഫായുടെ സ്ഥാനമെന്ത്‌ എന്നതാണ്! അപ്പസ്തോലന്മാരും പ്രവാചകന്മാരും അടങ്ങുന്ന അടിത്തറമേലാണ് സഭ പണിയപ്പെട്ടതെങ്കില്‍ സ്വാഭാവികമായും അടിത്തറയില്‍ കേപ്ഫായുമുണ്ട്. ഇതാണോ സഭയില്‍ കേപ്ഫായ്ക്കുള്ള സ്ഥാനം? സഭയില്‍ കേപ്ഫായ്ക്കുള്ള സ്ഥാനം ഇതുമാത്രമല്ല. എന്തെന്നാല്‍, ഒരു ഭവനം പണിയുമ്പോള്‍ അതിന്റെ അടിത്തറ സ്ഥാപിക്കാന്‍ ഒരു പ്രതലം വേണം. ഉറപ്പുള്ള പ്രതലത്തില്‍ നിര്‍മ്മിച്ചാല്‍ മാത്രമേ അത് ഉറപ്പോടെ നിലനില്‍ക്കുകയുള്ളു. അതുകൊണ്ടാണ് യേഹ്ശുവാ ഇപ്രകാരം അരുളിചെയ്തിരിക്കുന്നത്: “എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു”(മത്താ: 7; 24, 25). ഭൗമികമായ ഭവനത്തിന്റെ കാര്യത്തിലെന്നപോലെ, ആത്മീതയ ഭവനത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്. എന്നാല്‍, ഒരു വ്യത്യാസമുണ്ട്; ആത്മീയ ഭവനമായ സഭ സ്ഥാപിതമായിരിക്കുന്നത് ഭൗമികമായ പാറമേലല്ല! സഭ പണിയപ്പെട്ടിരിക്കുന്ന ഉറപ്പുള്ള പാറ എന്നത് വിശ്വാസത്തിലുള്ള ഉറപ്പാണ്. വിശ്വാസത്തില്‍ ഉറപ്പില്ലാത്ത പ്രതലത്തില്‍ കെട്ടിപ്പൊക്കുന്ന ഏതൊരു പ്രസ്ഥാനവും പ്രതികൂലങ്ങളില്‍ തകര്‍ന്നടിയും. ഇക്കാരണത്താലാണ് കേപ്ഫായുടെ വിശ്വാസം പരീക്ഷിച്ചറിയാന്‍ യേഹ്ശുവാ തയ്യാറായത്. മറ്റു ശിഷ്യന്മാരെ സാക്ഷികളാക്കിക്കൊണ്ട് കേപ്ഫായെക്കൊണ്ടുതന്നെ അവന്റെ വിശ്വാസം അവിടുന്ന് പ്രഖ്യാപിപ്പിച്ചു! കേപ്ഫായുടെ ഈ പ്രഖ്യാപനത്തിനു ശേഷമാണ് സ്വകാര്യസഭകളെ ആലോസരപ്പെടുത്തിക്കൊണ്ടുള്ള യേഹ്ശുവായുടെ പ്രഖ്യാപനമുണ്ടായത്!

കേപ്ഫായുടെമേല്‍ സ്ഥാപിതമായ സഭയും കത്തോലിക്കാസഭയും!

കേപ്ഫായെ സഭയുടെ നേതൃസ്തംഭമായി വിശ്വാസികള്‍ അംഗീകരിച്ചിരുന്നു എന്നതിന് ബൈബിളിന്റെ സാക്ഷ്യമുണ്ട്. അതുപോലെതന്നെ, സഭയുടെ ഉന്നത നേതൃസമിതിയില്‍ കേപ്ഫായോടൊപ്പം യാക്കോബും യോഹന്നാനും അംഗീകരിക്കപ്പെട്ടിരുന്നു. അപ്പസ്തോലസമൂഹത്തിലേക്കു ചേര്‍ക്കപ്പെട്ട പൗലോസിന്റെ സാക്ഷ്യം ശ്രദ്ധിക്കുക: “നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്ഫായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്നുകണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു”(ഗലാ: 2; 9). ഇവിടെ രണ്ടുകാര്യങ്ങളാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഒന്നാമത്തെ കാര്യം, കേപ്ഫായുടെ നേതൃത്വത്തെ അപ്പസ്തോലന്മാര്‍ അംഗീകരിച്ചു എന്നതാണെങ്കില്‍, രണ്ടാമത്തെ കാര്യം കൈവയ്പ്പിന്റെ അനിവാര്യതയാണ്! തോന്നുന്നവര്‍ക്കെല്ലാം പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നല്ല സുവിശേഷപ്രഘോഷണം! അപ്പസ്തോലികമായ കൈവയ്പ്പു ലഭിക്കാത്തവരുടെ ശുശ്രൂഷയ്ക്ക് ആധികാരികതയില്ല. അപ്രകാരം ആധികാരികതയില്ലാത്ത ഒരുവന്റെ ശുശ്രൂഷയെക്കുറിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പസ്തോലനായ പൗലോസിന്റെ കരങ്ങള്‍വഴി വലിയ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതു കണ്ടപ്പോള്‍ ഇറങ്ങിത്തിരിച്ച ചിലരെക്കുറിച്ചാണ് ബൈബിളിലെ പ്രതിപാദ്യം. 

ഈ വെളിപ്പെടുത്തല്‍ നോക്കുക: “പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യെഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേഹ്ശുവായുടെ പേരില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ രക്ഷകനായ യേഹ്ശുവായുടെ പേര് പ്രയോഗിച്ചു നോക്കി. യെഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്കേവായുടെ ഏഴു പുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേഹ്ശുവായെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍, നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി. എഫേസോസില്‍ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരുമായ എല്ലാവരും ഈ വിവരം അറിഞ്ഞു ഭയപ്പെട്ടു”(അപ്പ. പ്രവര്‍: 19; 13-17). കൈവയ്പ്പു ലഭിക്കാത്തവര്‍ പിശാചിനെ ഒഴിപ്പിക്കാനിറങ്ങിയാല്‍ ഇതായിരിക്കും ഫലം! ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള ഒരു സംശയമുണ്ട്. കൈവയ്പ്പു ലഭിക്കാത്ത സ്വകാര്യസഭകളിലുള്ള ചിലര്‍ ഇത്തരം ശുശ്രൂഷകള്‍ ചെയ്തിട്ടും കുഴപ്പമൊന്നും സംഭവിക്കുന്നില്ല! വലിയ അദ്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു! ഇതെല്ലാം അവരുടെ ആധികാരികതയെ സ്ഥിരീകരിക്കുന്ന അടയാളങ്ങളല്ലേ? ബൈബിളിലെ വിവരണം വ്യക്തതയോടെ വായിക്കാത്തവരില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. കാരണം, സ്കേവായുടെ ഏഴു പുത്രന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, അവര്‍ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു എന്നാണ്. അതായത്, അവര്‍ ആക്രമിക്കപ്പെടുന്നതിനുമുമ്പും ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയായിരുന്നു അത്. എന്നാല്‍, അവര്‍ക്ക് തിരിച്ചടി ലഭിച്ചത് പിന്നീടെപ്പോഴോ ആണ്! ആയതിനാല്‍, അദ്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും സ്ഥിരതയില്ലാത്തപക്ഷം അത് ദൈവത്തില്‍നിന്നുള്ളവ ആകണമെന്നില്ല.

വലിയ അദ്ഭുതങ്ങളും അടയാളങ്ങളുമായി ഉയര്‍ന്നുവന്നിട്ടുള്ള പല മുന്നേറ്റങ്ങളും ഇന്നില്ല; അവരൊക്കെ എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല! ആയതിനാല്‍, അദ്ഭുതങ്ങളും അടയാളങ്ങളുമായി മുളച്ചുപൊന്തുന്ന പ്രസ്ഥാനങ്ങളുടെ ആധികാരയാകത വിലയിരുത്തേണ്ടത് അവര്‍ക്കു ലഭിച്ച കൈവയ്പ്പിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. അല്ലാതെ, കുടില്‍ വ്യവസായമായി ആരംഭിക്കാന്‍ സാധിക്കുന്ന ഒന്നല്ല സുവിശേഷശുശ്രൂഷ! അഭിഷേകം പ്രാപിച്ചവരെയാണ് യേഹ്ശുവാ അവിടുത്തെ ശുശ്രൂഷ ഭരമേല്പിച്ചിരിക്കുന്നത്! ഒരു വെളിപാടിന്റെ ആധിക്യത്താല്‍ പ്രഘോഷണത്തിന് ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയായിരുന്നില്ല പൗലോസ്! അനനിയാസ് എന്ന ശിഷ്യന്റെ കൈവയ്പ്പുവഴി ശുശ്രൂഷയുടെ അഭിഷേകം സ്വീകരിച്ചതിനുശേഷമാണ് പൗലോസ് ശുശ്രൂഷ ആരംഭിച്ചത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ ശൗവുല്‍, മാര്‍ഗ്ഗമദ്ധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട രക്ഷകനായ യേഹ്ശുവാ, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും വേണ്ടി എന്നെ അയച്ചിരിക്കുന്നു. ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു”(അപ്പ. പ്രവര്‍: 9; 17, 18). യേഹ്ശുവായുടെ ദര്‍ശനം ലഭിക്കുകയും സ്വരം ശ്രവിക്കുകയും അവിടുത്തെ വിളി നേരിട്ടു ലഭിക്കുകയും ചെയ്ത വ്യക്തിയായിരുന്നിട്ടും, പൗലോസിനു ശുശ്രൂഷകള്‍ ചെയ്യാന്‍ അനനിയാസിന്റെ കൈവയ്പ്പ് അനിവാര്യമായിരുന്നു! ഈ കൈവയ്പ്പാണ് സ്ഥൈര്യലേപനം എന്ന കൂദാശയിലൂടെ കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്ക് മെത്രാന്‍ നല്‍കുന്നത്! എന്തെന്നാല്‍, മെത്രാന്‍ വഹിക്കുന്നത് അപ്പസ്തോലിക പദവിയാണ്‌.

കേപ്ഫായുടെ നേതൃത്വത്തെ സംബന്ധിച്ചുള്ള പഠനത്തിലേക്കുതന്നെ ശ്രദ്ധതിരിക്കാം. അപ്പസ്തോലനായ കേപ്ഫായുടെ നേതൃത്വത്തെ സ്ഥിരീകരിച്ചുകൊണ്ട് പൗലോസ് നടത്തുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “പരിച്ഛേദിതര്‍ക്കുള്ള പ്രേഷിതത്വം കേപ്ഫായിലൂടെ നിറവേറ്റുന്നവന്‍തന്നെ വിജാതിയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു”(ഗലാ: 2; 8). പരിച്ഛേദിതര്‍ക്കുവേണ്ടി പ്രേഷിതവേല ചെയ്തത് കേപ്ഫാ മാത്രമല്ലെന്നു പൗലോസിനും നമുക്കും അറിയാം. അങ്ങനെയെങ്കില്‍, പൗലോസ് ഉദ്ദേശിച്ചത് പ്രേഷിതരുടെ തലവനാണ് കേപ്ഫാ എന്നുതന്നെയാണ്! ആയതിനാല്‍, കേപ്ഫായുടെ പിന്‍ഗാമികളെ നോക്കിയാണ് സഭയുടെ ആധികാരികത സ്ഥിരീകരിക്കേണ്ടത്. കേപ്ഫായുടെ രക്തസാക്ഷിത്വത്തിനുശേഷം ആ അപ്പസ്തോലന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് ലീനൂസ് എന്ന ശുശ്രൂഷകനെയാണ്. അതായത്, സഭയുടെ രണ്ടാമത്തെ പോപ്പ്! പിന്നീട് യഥാക്രമം, അനാക്ലേത്തൂസ് (ക്ലീറ്റസ്), ക്ലെമെന്റ് ഒന്നാമന്‍, എവാരിസ്തൂസ് എന്നിങ്ങനെ തുടരുന്നു. ഇവരാണ് ആദ്യനൂറ്റാണ്ടിലെ പോപ്പുമാര്‍! ഈ പിന്തുടര്‍ച്ച കൃത്യതയോടെ പാലിക്കുന്ന ഒരേയൊരു സഭ കത്തോലിക്കാസഭയാണ്! മറ്റിതര അപ്പസ്തോലികസഭകളും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, കൃത്യതയോടെയുള്ള പിന്തുടര്‍ച്ച ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കില്ല.

അപ്പസ്തോലിക പാരമ്പര്യം!

അപ്പസ്തോലിക സഭയാണെന്ന് അവകാശപ്പെടുമ്പോഴും, യഥാര്‍ത്ഥ അപ്പസ്തോലിക പാരമ്പര്യത്തില്‍നിന്നു ബഹുദൂരം അകന്നുപോയ അവസ്ഥയിലാണ് ഇന്നത്തെ കത്തോലിക്കാസഭ! ഓരോ കാലത്തും സഭയുടെ നേതൃത്വത്തില്‍ അവിഹിതമായി കടന്നുകൂടിയവരും യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ചവരുമാണ് ഈ ദുരന്തം സഭയില്‍ വരുത്തിവച്ചത്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറയില്‍ പണിയപ്പെട്ട സഭയുടെ പടവുകളായി പരിഗണിക്കപ്പെടുന്നവരില്‍ ആരുതന്നെ അപ്പസ്തോലന്മാരുടെയും പ്രവാചകന്മാരുടെയും പ്രബോധനങ്ങളില്‍ നിലനില്‍ക്കുന്നവരല്ല. പ്രവചനങ്ങളെയും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെയും അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട്, ലോകത്തിന്റെ അഭിരുചിക്കിണങ്ങുന്ന വിധത്തില്‍ ഇവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ആചാരങ്ങള്‍ പരിഷ്ക്കരിക്കുകയും ചെയ്തു! ആയതിനാല്‍, ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ പടുത്തുയര്‍ത്തിയ സഭയുടെ യാതൊരു ചൈതന്യവും കത്തോലിക്കാസഭയില്‍ ഇന്നില്ല!

അങ്ങനെയെങ്കില്‍, കത്തോലിക്കാസഭയ്ക്ക് ആധികാരികത അവകാശപ്പെടാന്‍ സാധിക്കുമോ? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്! അപ്പസ്തോലികസഭയുടെ ഔദ്യോഗിക പ്രബോധനം ഇതാണ്: “വീട്ടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 11, 12). ഇതുതന്നെയാണ് അപ്പസ്തോലികസഭയുടെ ഔദ്യോഗിക മുദ്രാവാക്യവും! ഒരു സഭയുടെ ആധികാരികത തിരിച്ചറിയാന്‍ ഈ മുദ്രാവാക്യത്തെ മാനദണ്ഡമാക്കാവുന്നതാണ്! അപ്പസ്തോലികസഭകളെ വീട്ടുപണിക്കാരായി പരിഗണിക്കാം. യേഹ്ശുവായുടെ മനുഷ്യജീവിതകാലത്തെ വീട്ടുപണിക്കാര്‍ യിസ്രായേല്‍ക്കാരായിരുന്നു. അവര്‍ തള്ളിക്കളഞ്ഞ കല്ലായ യേഹ്ശുവായാണ് സഭയുടെ മൂലക്കല്ലായിത്തീര്‍ന്നത്. എന്നാല്‍, ആ സഭയുടെ മൂലക്കല്ലിനെ പടവുകള്‍ മറന്നുപോയി! ഒരുതരത്തില്‍പ്പറഞ്ഞാല്‍, തള്ളിക്കളഞ്ഞിരിക്കുന്നു! യഥാര്‍ത്ഥ പാരമ്പര്യങ്ങളെ വിട്ട് വ്യാജപാരമ്പര്യങ്ങളെ പ്രതിഷ്ഠിച്ചു എന്നതാണ് മറ്റൊരു ദുരന്തം. സാംസ്കാരിക അനുരൂപണത്തിന്റെ പേരില്‍ വിജാതിയരുടെ ആരാധനാരീതികള്‍ അവലംബിച്ചതിലൂടെ ദൈവത്തെയും ദൈവീകനിയമങ്ങളെയും വെല്ലുവിളിക്കുന്ന അവസ്ഥപോലും കത്തോലിക്കാസഭയിലുണ്ട്. ഇതിനെല്ലാം പുറമെയാണ് ഏകരക്ഷകന്റെ പ്രാധാന്യത്തെ തള്ളിക്കളഞ്ഞത്. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മതബോധനഗ്രന്ഥം തയ്യാറാക്കി! കാത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനമനുസരിച്ച്, ക്രിസ്തീയതയുടെ അനിവാര്യതയില്ല! ഏതു മതത്തിലൂടെയും രക്ഷപ്രാപിക്കാന്‍ കഴിയുമെന്നാണ് അഭിനവ ആചാര്യന്മാരുടെ പ്രബോധനം!

സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അവസാനമായി യേഹ്ശുവാ അറിയിച്ച വചനം എന്താണെന്നു നോക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 18-20). സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്നവനാണ് ഇക്കാര്യത്തില്‍ നമുക്കു പ്രബോധനം നല്‍കിയത്! ഏതു മതത്തിലും ആ മതങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ദൈവങ്ങളിലും വിശ്വസിച്ചുകൊണ്ട് സ്വര്‍ഗ്ഗരാജ്യം പ്രാപിക്കാമെങ്കില്‍ എന്തിനാണ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്? യേഹ്ശുവായ്ക്ക് തെറ്റുപറ്റിയെങ്കില്‍ ക്രിസ്തീയതയില്‍ വിശ്വസിക്കുകയും ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല! യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെ അറിയിച്ചുകൊണ്ടാണ് അപ്പസ്തോലന്മാര്‍ സഭയെ കെട്ടിപ്പൊക്കിയത്. രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം അവര്‍ ലോകത്തിനു മുമ്പില്‍ തുറന്നുവയ്ക്കുകയും ചെയ്തു! അപ്പസ്തോലന്മാരുടെ തലവനായ കേപ്ഫാ ഇപ്രകാരം പ്രഖ്യാപിച്ചു: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ പേരില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യേഹ്ശുവാ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍: 2; 38, 39).

അപ്പസ്തോലനായ കേപ്ഫായുടെ ഈ പ്രഖ്യാപനത്തെ നിഷേധിക്കുന്ന വ്യക്തികള്‍ക്കും സഭകള്‍ക്കും അപ്പസ്തോലിക പൈതൃകം അവകാശപ്പെടാന്‍ സാധിക്കുമോ? ഇനി യേഹ്ശുവായുടെ അതിശക്തമായ പ്രഖ്യാപനം ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല”(യോഹ: 3; 5). ഏതൊരു മതത്തിലൂടെയും സ്വര്‍ഗ്ഗരാജ്യത്തേക്കു കടന്നുകൂടാമെന്ന പ്രഖ്യാപനം നടത്തുന്നവര്‍ സകല ഭൂവാസികളെയും വഞ്ചിക്കുകയാണു ചെയ്യുന്നത്. ക്രിസ്തുവിന്റെ ഈ ആഹ്വാനം ശ്രദ്ധിക്കുക: “നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മര്‍ക്കോ: 16; 15, 16). സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും, ആ വിശ്വാസത്തെപ്രതി യേഹ്ശുവായുടെ പേരില്‍ സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് രക്ഷിക്കപ്പെടുന്നത്. വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സകലരും ശിക്ഷിക്കപ്പെടുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചിരിക്കുന്നത് വിധിക്കാന്‍ അധികാരമുള്ളവനും സ്വര്‍ഗ്ഗരാജ്യത്തെ എല്ലാ അധികാരങ്ങളുടെമേലും ആധിപത്യമുള്ളവനുമായ യേഹ്ശുവായാണ്! ഇതിനെ നിഷേധിച്ചുകൊണ്ട് പുതിയ രക്ഷാമാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിക്കുന്നവന്‍ ആരുതന്നെയായാലും അവനെ ക്രിസ്ത്യാനിയായിപ്പോലും അംഗീകരിക്കാന്‍ കഴിയില്ല! ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ക്രിസ്തുവിന്റെ പേരിലുള്ള ഏതെങ്കിലും സഭയിലെ ആചാര്യന്മാരാണെങ്കില്‍, ആ സഭയുടെ ആധികാരികത അംഗീകരിക്കാന്‍ സാധിക്കുമോ?

വിജാതിയര്‍ ദൈവമായി അംഗീകരിച്ചിരിക്കുന്നത് പിശാചിനെയാണെന്ന് അപ്പസ്തോലന്മാരും പ്രവാചകന്മാരും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, വിജാതിയര്‍ തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തുടര്‍ന്നാലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമെന്നു പറയുന്നവര്‍ ആരുടെ സേവകാരായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. പിശാചിനുവേണ്ടിയുള്ള ഇത്തരം വിടുവേലകള്‍ ചെയ്യുന്നവര്‍ കത്തോലിക്കാസഭയുടെ ആചാര്യന്മാരായിരിക്കുകയും, അവരുടെ പൈശാചിക ആശയങ്ങള്‍ക്കനുസരണമായി നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ക്രിസ്ത്യാനികളാകാന്‍ ആരെയും ക്ഷണിക്കരുതെന്നു പ്രധാനാചാര്യന്‍ കല്പിക്കുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഇയാളുടെ നയങ്ങളെ പിന്തുണയ്ക്കുന്നവരാണ് കത്തോലിക്കാസഭയില്‍ ഏറെപ്പേരും! ഇത്തരം പ്രബോധനങ്ങളുമായി മുന്നോട്ടുപോകുന്ന ആചാര്യന്മാരാല്‍ നയിക്കപ്പെടുന്ന കത്തോലിക്കാസഭയ്ക്ക് അപ്പസ്തോലികസഭയുടെ ആധികാരികത അവകാശപ്പെടാന്‍ സാധിക്കുമോ?

കത്തോലിക്കാസഭയ്ക്ക് ആധികാരികത അവകാശപ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യം ഇവിടെ പലവട്ടം ആവര്‍ത്തിച്ചു. ഒരേ ചോദ്യംതന്നെയാണ് പലവുരു ആവര്‍ത്തിച്ചത്. എന്നാല്‍, അതിനുള്ള മറുപടി മനോവ കുറിച്ചില്ല. കാരണം, ഇതിനുള്ള ഉത്തരം ബൈബിളില്‍ത്തന്നെയുണ്ട്. ആ ഉത്തരത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, കത്തോലിക്കാസഭയുടെ ആധികാരികത ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഉത്തരം! ക്രിസ്തീയതയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍നിന്നു വ്യതിചലിച്ച പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന നേതാക്കള്‍ നയിക്കുമ്പോഴും എങ്ങനെയാണ് കത്തോലിക്കാസഭയുടെ ആധികാരികത നിലനില്‍ക്കുന്നതെന്ന് മനോവ വ്യക്തമാക്കാം.

കത്തോലിക്കാസഭയുടെ ആധികാരികത!

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ചു നാം ചിന്തിച്ചിരുന്നു. അബ്രാഹം, യിസഹാക്ക്, യാക്കോബ് എന്നിവരെയും യാക്കോബിന്റെ മക്കളായ യിസ്രായേല്‍ജനത്തെയും തിരഞ്ഞെടുത്തത് എപ്രകാരമായിരുന്നു എന്നാണു നാം ചിന്തിച്ചത്. അതോടൊപ്പം പരിശോധിച്ച ഒരു വചനം ഇവിടെ ആവര്‍ത്തിക്കുന്നു: “എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല”(റോമാ: 11; 29). കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥയെക്കാള്‍ മലിനമായ അവസ്ഥയില്‍ വ്യാപരിച്ച കാലഘട്ടങ്ങള്‍ യിസ്രായേലിന്റെ ചരിത്രത്തിലുണ്ട്. അപ്പോഴൊക്കെ ചില ശിക്ഷണങ്ങള്‍ നല്‍കിയെങ്കിലും, യിസ്രായേലിനെ എന്നേക്കുമായി തള്ളിക്കളയാന്‍ സൈന്യങ്ങളുടെ ദൈവം തയ്യാറായില്ല. ഇക്കാരണത്താല്‍ത്തന്നെ, കത്തോലിക്കാസഭയുടെ ആധികാരികത പിന്‍വലിക്കാന്‍ യേഹ്ശുവാ തയ്യാറാവുകയില്ല. യേഹ്ശുവാ മനുഷ്യനായി കടന്നുവന്ന കാലത്ത് യിസ്രായേലിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നമുക്കറിയാം. യെഹൂദരിലെ പുരോഹിതര്‍ ഒന്നടങ്കം വ്യതിചലിച്ച പാതയില്‍ സഞ്ചരിച്ചിരുന്ന കാലത്താണ് യേഹ്ശുവാ വന്നത്. അവര്‍ അവിടുത്തെ സ്വീകരിച്ചില്ലെന്നു മാത്രമല്ല, വധിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു! ഇത്രത്തോളം ദൈവദൂഷണത്തിന്റെ പാതയിലായിരുന്നിട്ടും അവരെ എന്നേക്കുമായി ഉപേക്ഷിക്കാത്ത ദൈവമാണ് കത്തോലിക്കാസഭയെ തിരഞ്ഞെടുത്തതും! അതിനാല്‍ത്തന്നെ, ഒരു സഭയെന്ന നിലയില്‍ അവിടുത്തെ വിളി എന്നേക്കുമായി പിന്‍വലിക്കുകയില്ല.

കത്തോലിക്കാസഭയിലെ മുഴുവന്‍ നേതാക്കളും അധഃപതിച്ചു പോയാലും, നീതി പ്രവര്‍ത്തിക്കുന്ന ഒരു ന്യൂനപക്ഷം എന്നും സഭയിലുണ്ടായിരിക്കും. സഭയുടെ സ്ഥാവരജംഗമ വസ്തുക്കളില്‍ യാതൊരു അവകാശവുമില്ലാത്ത ഈ ന്യൂനപക്ഷമാണ് യഥാര്‍ത്ഥ സഭ! യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞപ്പോള്‍ ചില ദൗത്യങ്ങള്‍ അവിടുന്ന് ഭരമേല്പിച്ചിരുന്നുവെന്ന് നാം കണ്ടു. ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക എന്നീ ദൗത്യങ്ങളില്‍ വ്യാപരിക്കുന്നുവെങ്കില്‍ മാത്രമേ അവിടുന്ന് കൂടെയുണ്ടാവുകയുള്ളു. ഈ ദൗത്യങ്ങള്‍ ഏറ്റെടുത്തു തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന അനേകര്‍ കത്തോലിക്കാസഭയിലുണ്ടെന്നതാണ് യഥാര്‍ത്ഥ സത്യം. നേതാക്കന്മാരുടെ താക്കീതുകളെ അവഗണിച്ചുകൊണ്ട് ശുശ്രൂഷചെയ്യുന്ന ഈ ന്യൂനപക്ഷത്തോടൊപ്പം യേഹ്ശുവായുണ്ട്. ആയതിനാല്‍, ഇവരെ ശക്തീകരിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ ആധികാരികത യേഹ്ശുവാ നിലനിര്‍ത്തുന്നു! പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ സോദോം-ഗോമോറാ ദേശങ്ങളെ നശിപ്പിക്കുന്നതില്‍നിന്നു പിന്തിരിയാമെന്നു പറഞ്ഞവന്‍ തന്നെയാണ് കത്തോലിക്കാസഭയുടെ ശിരസ്സും മൂലക്കല്ലും!

പഴയ യിസ്രായേലിനെ ഉപേക്ഷിക്കാത്തവനായ യാഹ്‌വെയാണ് പുതിയ യിസ്രായേലിന്റെയും ദൈവം. യാഹ്‌വെയും യേഹ്ശുവായും ഒരുവന്‍തന്നെ! ഈ ലേഖനത്തിലുടനീളം പരിശോധിച്ചുവന്നത് യിസ്രായേലിനെ തിരഞ്ഞെടുത്ത ദൈവത്തിന്റെ അചഞ്ചലമായ വിശ്വസ്തതയെക്കുറിച്ചാണ്. യിസ്രായേല്‍മക്കളുടെയോ, അവരെ ഭരിക്കാന്‍ നിയോഗിച്ച രാജാക്കന്മാരുടെയോ, പുരോഹിതരുടെയോ പാപംമൂലം ആ ജനത്തെ തള്ളിക്കളയാന്‍ ദൈവം തീരുമാനിച്ചിരുന്നുവെങ്കില്‍ ചെങ്കടല്‍ കടന്ന നിമിഷംതന്നെ അവരെ സംഹരിച്ചു കളയുമായിരുന്നു. മോശ യാഹ്‌വെയുടെ മലയിലായിരുന്നപ്പോള്‍ യിസ്രായേല്‍ജനം കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു. യിസ്രായേല്‍ജനത്തിനുവേണ്ടി യാഹ്‌വെയുടെ മുമ്പില്‍ ബലിയര്‍പ്പിക്കാന്‍ നിയുക്തനായ അഹറോനാണ് ആ മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചത്! തങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത് ആ വിഗ്രഹമാണെന്ന് യിസ്രായേല്‍ജനം ഒന്നടങ്കം ഉദ്ഘോഷിച്ചു! ദൈവത്തിന്റെ കോപം അതിന്റെ പാരമ്യതയില്‍ എത്താന്‍ കാരണമാകുന്ന പാപങ്ങള്‍ വേറെയും ആ ജനം ചെയ്തു! ആ ജനം ചെയ്തതിന് തുല്യമായ പാപത്തിന്റെ മൊത്തക്കച്ചടക്കാരനായി ഫ്രാന്‍സീസ് എന്ന വത്തിക്കാന്‍ രാജാവ് അധഃപതിച്ചാലും കത്തോലിക്കാസഭയെ യേഹ്ശുവാ കൈവിടില്ല. എന്തെന്നാല്‍, കത്തോലിക്കാസഭയെന്നാല്‍ ഫ്രാന്‍സീസോ കര്‍ദ്ദിനാള്‍ സംഘമോ അല്ല. സത്യദൈവമായ യാഹ്‌വെയുടെ വചനങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്ന അനേകം ദൈവമക്കളാണ് യഥാര്‍ത്ഥ കത്തോലിക്കാസഭ! രക്തസാക്ഷികളുടെ ചോരയുടെ മണം കത്തോലിക്കാസഭയിലുണ്ട്. ഇതൊന്നും വിസ്മരിക്കാന്‍ യേഹ്ശുവായ്ക്കു സാധിക്കില്ല. തിന്മയില്‍ വ്യാപരിക്കുന്നവര്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളു.

യിസ്രായേല്‍ പാപത്തില്‍ ആണ്ടുപോയ കാലങ്ങളില്‍ അനേകം ജനതകള്‍ ഈ ഭൂമുഖത്തു ജീവിച്ചിരുന്നു. താരതമ്യേന യിസ്രായേലിനെക്കാള്‍ മാന്യരായ ജനങ്ങളും ഉണ്ടായിരുന്നു. ആ ജനതകളെ മാന്യരായി പരിഗണിക്കാന്‍ മനോവ തയ്യാറായതിനു കാരണമുണ്ട്. യിസ്രായേലിനുവേണ്ടി സൈന്യങ്ങളുടെ യാഹ്‌വെ ചെയ്ത അദ്ഭുത പ്രവൃത്തികളുടെ ഗുണം അനുഭവിക്കാനോ ഇവര്‍ക്കു ലഭിച്ചതുപോലുള്ള ശ്രേഷ്ഠമായ നിയമങ്ങള്‍ ലഭിക്കാനോ ഭാഗ്യം സിദ്ധിക്കാത്ത ജനതകളായിരുന്നു അവര്‍! യിസ്രായേലിനു ലഭിച്ച മഹത്തായ ഭാഗ്യം ആസ്വദിക്കാത്ത ജനതയുടെ പാപങ്ങള്‍, യിസ്രായേലിന്റെ പാപങ്ങളെ അപേക്ഷിച്ച് ലഘുവാണ്. ഇത് മനോവയുടെ കണ്ടുപിടുത്തമല്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “കൊറാസീന്‍, നിനക്കു ദുരിതം! ബേഥ്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു. കഫര്‍ണാമേ, നീ സ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു.  ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റേതിനെക്കാള്‍ സഹനീയമായിരിക്കും”(മത്താ: 11; 21-24). യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളുടെ ഫലം കൂടുതല്‍ അനുഭവിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതു കണ്ടപ്പോള്‍ അവിടുന്ന് പറഞ്ഞ വാക്കുകളാണിത്. യേഹ്ശുവാ ആ നഗരങ്ങളെ അഗ്നിക്കിരയാക്കിയില്ല. എന്നാല്‍, പാപത്തില്‍ മരിച്ചാല്‍ അവര്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. കത്തോലിക്കാസഭയിലെ അംഗങ്ങളാണെന്നു ഭാവിച്ചുകൊണ്ട് പൈശാചികതയില്‍ തുടരുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്!

കത്തോലിക്കാസഭയാണ് കേപ്ഫായുടെ പിന്തുടര്‍ച്ചയുള്ള യഥാര്‍ത്ഥ സഭ എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ. എന്നാല്‍, കത്തോലിക്കാസഭയുടെ ഔദ്യോഗിക രേഖകളില്‍ പേരുള്ളവരെല്ലാം ഈ സഭയുടെ ഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. കേപ്ഫായും സഹശിഷ്യന്മാരും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ നെഞ്ചോടുചേര്‍ത്ത് വിശ്വാസജീവിതം നയിക്കുന്നവര്‍ എത്രപേരുണ്ടോ, അവര്‍ മാത്രമാണ് കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ദൈവമക്കള്‍! പോപ്പിനും കര്‍ദ്ദിനാള്‍മാര്‍ക്കും മാത്രമല്ല, സാധാരണ വിശ്വാസികള്‍ വരെയുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണ്. അതായത്, കത്തോലിക്കാസഭയുടെ ഭാഗമായി കരുതപ്പെടുന്ന പലരും സഭയുടെ കൂട്ടായ്മയ്ക്കു പുറത്താണ്. യഥാര്‍ത്ഥ അംഗങ്ങള്‍ ആരൊക്കെയാണെന്ന് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. എന്നാല്‍, പരസ്യപാപങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അവരുടെ പ്രവൃത്തിമൂലം നമുക്കു തിരിച്ചറിയാന്‍ സാധിക്കും. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സാങ്കേതികമായി മാത്രം അംഗങ്ങളായിരിക്കുന്നവരും, സാങ്കേതികമായി മാത്രം സ്ഥാനങ്ങള്‍ വഹിക്കുന്നവരുമാണ് സഭയില്‍ അധികവും! ഇക്കൂട്ടരുടെ പ്രവൃത്തികളെ വിലയിരുത്തി കത്തോലിക്കാസഭയുടെ ആധികാരികത നിശ്ചയിക്കാന്‍ ആരും മിനക്കെടേണ്ടതില്ല! ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ വിശ്വാസജീവിതം നയിക്കുന്ന രണ്ടുപേരെങ്കിലും ഉള്ളിടത്തോളം കത്തോലിക്കാസഭയുടെ ആധികാരികതയ്ക്ക്‌ ഒരു കോട്ടവും സംഭവിക്കില്ല! യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: “രണ്ടോ മൂന്നോ പേര്‍ എന്റെ പേരില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും”(മത്താ: 18; 20). യഥാര്‍ത്ഥ വിശ്വാസം മുറുകെപ്പിടിച്ചിരിക്കുന്ന രണ്ടോ മൂന്നോ പേര്‍ കത്തോലിക്കാസഭയില്‍ ഇല്ലെന്ന് ആരും പറയില്ലല്ലോ!

ബോംബെയിലെ കാമാട്ടിപുരത്തെ നോക്കി ഇന്ത്യയെ വിലയിരുത്തുന്നതുപോലെയാണ് ഫ്രാന്‍സീസിനെയും അയാളുടെ ആജ്ഞാനുവര്‍ത്തികളെയും നോക്കി കത്തോലിക്കാസഭയ്ക്ക് മാര്‍ക്കിടുന്നവര്‍ ചെയ്യുന്നത്! കത്തോലിക്കാസഭയുടെ ശിരസ്സും അധികാരിയും ക്രിസ്തുവാണ്‌, ഫ്രാന്‍സീസ് അല്ല! മാത്രവുമല്ല, ഇന്ന് കത്തോലിക്കാസഭയില്‍ അംഗങ്ങളായ വ്യക്തികളുടെ മാഹാത്മ്യംകൊണ്ടല്ല ഈ സഭ നിലനില്‍ക്കുന്നത്. അബ്രാഹത്തെയും യിസഹാക്കിനെയും യാക്കോബിനെയും പ്രതി യിസ്രായേലിനെ അനുസ്മരിച്ച ദൈവത്തെ നാം ബൈബിളില്‍ കാണുന്നു. ദാവീദിനെപ്രതി ശലോമോനോടു കരുണകാണിച്ച ദൈവംതന്നെയാണ് അത്! പൂര്‍വ്വീകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെ അനുസ്മരിച്ച് അവരുടെ മക്കളുടെ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷയില്‍ ഇളവുവരുത്തുന്ന ദൈവംതന്നെയാണ് കത്തോലിക്കാസഭയുടെ ശിരസ്സ്! ഈ ദൈവം കേപ്പായ്ക്കു നല്‍കിയ വാഗ്ദാനം പിന്‍വലിക്കുമെന്നു കരുതി കാത്തിരിക്കുന്ന കത്തോലിക്കാവിരോധികള്‍ യഥാര്‍ത്ഥത്തില്‍ മലര്‍പ്പൊടിക്കാരന്റെ പുത്തന്‍ പതിപ്പുകളാണ്! മഹാവേശ്യയായ ബാബിലോണ്‍ എന്നാണ് ചില സ്വകാര്യസഭകള്‍ കത്തോലിക്കാസഭയെ വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണതപ്രാപിക്കാത്തവരും, വിവരക്കേടിനെ ആത്മീയജ്ഞാനമായി പരിഗണിക്കുന്നവരുമായ ചിലര്‍ വെളിപാട് പുസ്തകം വ്യാഖ്യാനിച്ചപ്പോള്‍ വന്ന പിശകാണിത്! കത്തോലിക്കാസഭയുടെ ആസ്ഥാനം കല്‍ദായരുടെ ദേശമായ ഇറാക്കിലാണെന്നു കരുതുന്നവരാകാം ഇത്തരം കഥകള്‍ ചമയ്ക്കുന്നതിനു പിന്നിലുള്ള കുബുദ്ധികള്‍!

ഒരുകാര്യത്തില്‍ എല്ലാ കത്തോലിക്കാവിരുദ്ധരുടേയും ശബ്ദത്തിന് ഏകീകൃത സ്വഭാവമുണ്ട്. അതെന്താണെന്നു വച്ചാല്‍, അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും വിരല്‍ചൂണ്ടുന്നത് കത്തോലിക്കാസഭയിലേക്കാണ്. അത് ഈ സഭയ്ക്കു ദൈവസന്നിധിയിലുള്ള പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നു സമ്മതിക്കാനുള്ള ആര്‍ജ്ജവവും വിവേകവും ഇവര്‍ക്കില്ല. ദൈവാലയത്തിന്റെ ചിറകില്‍ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതും വിനാശത്തിന്റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതും വിശുദ്ധസ്ഥലത്തുള്ള അശുദ്ധലക്ഷണവുമെല്ലാം കത്തോലിക്കാസഭയെക്കുറിച്ചുള്ള പ്രവചനമാണെന്നു സമ്മതിക്കുന്ന ഇവരുടെ ഇരട്ടത്താപ്പിനെ തിരിച്ചറിഞ്ഞാല്‍ മാത്രം മതി കത്തോലിക്കാസഭയുടെ ആധികാരികത അംഗീകരിക്കപ്പെടാന്‍!

അന്ത്യകാല അടയാളമായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രവചനം ശ്രദ്ധിക്കുക: “നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും”(ദാനിയേല്‍: 9; 27). ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: “ജനം തങ്ങളുടെ പാപം നിമിത്തം അവന്റെ പിടിയില്‍ അമര്‍ന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയം നേടി”(ദാനിയേല്‍: 8; 12). ഒരു പ്രവചനംകൂടി കണ്ടിട്ട് വിവരണത്തിലേക്കു കടക്കാം. ഇതാണ് ആ പ്രവചനം: “അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും”(ദാനിയേല്‍: 11; 31). ഈ പ്രവചനം നിറവേറണമെങ്കില്‍ കത്തോലിക്കാസഭ നിലനില്‍ക്കുക തന്നെവേണം. എന്തെന്നാല്‍, നിരന്തരദഹനബലി അര്‍പ്പിക്കപ്പെടുന്ന ഏക സഭയും ഏക സമൂഹവും കത്തോലിക്കാസഭയാണ്. പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ചില പൗരസ്ത്യസഭകള്‍ ഉണ്ടെങ്കിലും, അവരൊന്നും നിരന്തര ദഹനബലി (എല്ലാ ദിവസവുമുള്ള കുര്‍ബ്ബാന) അര്‍പ്പിക്കുന്നില്ല. ആഴ്ചയില്‍ ഒരുദിവസം മാത്രം ബലിയര്‍പ്പിക്കുന്ന സമൂഹത്തെ സംബന്ധിച്ചിടത്തോളം പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും നിരോധിക്കുമെന്ന പ്രവചനവുമായി യാതൊരു ബന്ധവുമില്ല. ഇതെല്ലാം കത്തോലിക്കാസഭയുടെ ആധികാരികതയ്ക്കുള്ള അംഗീകാരമായി കാണണം. മാത്രവുമല്ല, കത്തോലിക്കാസഭയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കുള്ള സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുദ്രയായും പരിഗണിക്കണം. അതായത്, മറ്റു സഭകളില്‍ മുറിക്കപ്പെടുന്ന അപ്പങ്ങള്‍ക്ക് വെറും അപ്പത്തിന്റെ വില മാത്രമേയുള്ളു!

ഉപസംഹാരം!

കത്തോലിക്കാസഭയുടെ ആധികാരികത നാം പരിശോധിക്കുകയായിരുന്നു. യിസ്രായേലിന്റെ തിരഞ്ഞെടുപ്പിനെ അടിസ്ഥാപ്പെടുത്തിയാണ് ഈ പഠനം നാം നടത്തിയത്. മറ്റു സഭകളില്‍ അംഗങ്ങളായവരെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള പല വിഷയങ്ങളും ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടു. ആരുടെയെങ്കിലും അംഗീകാരത്തിന്റെയോ തിരസ്ക്കരണത്തിന്റെയോ അടിസ്ഥാനത്തില്‍ ശുശ്രൂഷചെയ്യാന്‍ മനോവയ്ക്കു സാധിക്കില്ലാത്തതുകൊണ്ട്, ഈ വചനസത്യങ്ങള്‍ വായനക്കാരുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നു! പ്രാരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, മറ്റു സഭകളില്‍ അംഗങ്ങളായ സകലരും നരകാഗ്നിയില്‍ അകപ്പെടുമെന്ന വാദമൊന്നും മനോവയ്ക്കില്ല! എന്നാല്‍, ISI മാര്‍ക്കുള്ള ഉത്പന്നങ്ങളുടെ ആധികാരികത കുന്ദംകുളം ഉത്പന്നങ്ങള്‍ക്ക് ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. കിട്ടിയാല്‍ കിട്ടി, ഒത്താല്‍ ഒത്തു അത്രതന്നെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6496 views

LOG IN

Lost your password?

SIGN UP

LOST PASSWORD