21 - 07 - 2019
മോശയിലൂടെ യാഹ്‌വെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും നമുക്കു നല്‍കി. ഈ നിയമങ്ങള്‍ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം ദൈവജനത്തെ ബോദ്ധ്യപ്പെടുത്തിയതും മോശയാണ്. പിന്നീട് കടന്നുപോയ കാലഘട്ടങ്ങളിലെല്ലാം പ്രവാചകന്മാരിലൂടെ ഈ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എപ്പോഴെല്ലാം ദൈവജനം നിയമങ്ങളില്‍നിന്നു വ്യതിചലിക്കുന്നുവോ, അപ്പോഴെല്ലാം പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടു. അവസാനം സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവമായ യാഹ്‌വെതന്നെ പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്കു ഇറങ്ങിവരികയും നിയമങ്ങളെയും പ്രവചനങ്ങളെയും എന്നേക്കുമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണ് നിയമങ്ങളുടെയും പ്രവചനങ്ങളുടെയും ആധികാരികത! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, നിയമങ്ങള്‍ക്ക് ക്രിസ്ത്യാനികളുടെമേല്‍ പ്രാബല്യമില്ല എന്ന സന്ദേശം പിന്നീടു വന്ന ഏതെങ്കിലും അപ്പസ്തോലന്മാര്‍ നല്‍കിയെങ്കില്‍, ആ സന്ദേശത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാനം മറ്റൊന്നായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സന്ദേഹം വേണ്ട! എന്തെന്നാല്‍, ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ ക്രിസ്തുവിനെ നിഷേധിക്കുന്നവര്‍ ആയിരുന്നില്ല. എന്നാല്‍, ഇന്നത്തെ ചില ‘നിഗൂഢ’ സുവിശേഷകര്‍ നിയമത്തെ അസാധുവാക്കാനും ക്രിസ്തുവിലൂടെ മാത്രം പ്രാപ്യമാകുന്ന നിത്യരക്ഷയെ നിഷേധിക്കുവാനും ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് ഈ ലേഖനത്തിന്റെ ആനുകാലിക പ്രസക്തി! മനോവയുടെ മറ്റെല്ലാ ലേഖനങ്ങളിലെയും എന്നപോലെ അതീവഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ് ഈ ലേഖനത്തിലും ചര്‍ച്ചയ്ക്കെടുത്തിരിക്കുന്നത്.
ഈ പഠനത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വ്യക്തമായ വിശകലനത്തിനു വിധേയമാക്കാനിരിക്കുന്ന ഒരു ഉപവിഷയത്തെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങള്‍ വായനക്കാരുടെ മുന്‍പില്‍ വയ്ക്കുകയാണ്. ഏത് നിയമങ്ങളൊക്കെയാണ് അസാധുവാക്കപ്പെട്ടത്? അസാധുവാക്കപ്പെടാനുള്ള കാരണമെന്താണ്? മുന്‍പ് പാപങ്ങളായി പരിഗണിക്കപ്പെട്ടിരുന്നവയില്‍ ഏതെങ്കിലുമൊരു പാപം ഇന്ന് പാപമല്ലാതായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതു പാപം? വിജാതിയര്‍ സേവിച്ചിരുന്ന അവരുടെ ദേവന്മാരില്‍ ആരുടെയെങ്കിലും പൈശാചികത ഇല്ലാതാവുകയോ, അവരിലാരെങ്കിലും സത്യദൈവമായി ഉയര്‍ത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പരിശുദ്ധിയില്‍ അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ? അന്യദേവന്മാരെക്കുറിച്ചും ആ ദേവന്മാര്‍ക്കായി അര്‍പ്പിക്കപ്പെട്ടിരുന്ന ആരാധനകളെക്കുറിച്ചും യാഹ്‌വെയ്ക്കുണ്ടായിരുന്ന വെറുപ്പ് നീങ്ങിപ്പോയോ? നീങ്ങിയെങ്കില്‍ അത് എങ്ങനെ? മ്ലേച്ഛതയെന്നു യാഹ്‌വെ പ്രഖ്യാപിച്ച ഏതെല്ലാം പ്രവര്‍ത്തികളാണ് വിശുദ്ധമായി മാറിയിട്ടുള്ളത്? ഈ ചോദ്യങ്ങള്‍ വിചിന്തനത്തിനായി വായനക്കാരുടെ മുന്‍പില്‍ വച്ചുകൊണ്ട് പഠനത്തിലേക്കു പ്രവേശിക്കുന്നു.
മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് യേഹ്ശുവായുടെ വരവോടെ പ്രാബല്യം ഇല്ലാതായെന്നു വാദിക്കുന്ന അനേകരെ നമുക്കറിയാം. ഇന്നോ ഇന്നലെയോ ഉയര്‍ന്നുവന്ന ആശയമായി ഈ വാദങ്ങളെ ആരും തെറ്റിദ്ധരിക്കേണ്ടാ. സഭയുടെ തുടക്കംമുതല്‍ ഇന്നോളം ഇത്തരം ആശയങ്ങളുടെ വക്താക്കള്‍ സഭയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ആയതിനാല്‍, നിയമങ്ങളുടെ പ്രാബല്യം എന്നുവരെയാണെന്നു നാമിവിടെ വ്യക്തമായി പരിശോധിക്കുന്നു. യാഹ്‌വെയുടെ നിയമങ്ങള്‍മൂലം അസ്വസ്ഥനാകുന്നത് ആരാണെന്നു മനസ്സിലാക്കിക്കൊണ്ടു പഠനമാരംഭിക്കാം. നിയമം ലംഘിക്കുന്ന എല്ലാവരും നിയമത്തെ ഭയപ്പെടുന്നുവെങ്കിലും, ഏറ്റവും അധികമായി നിയമത്തെ ഭയപ്പെടുകയും നിയമത്തെക്കുറിച്ച് അസ്വസ്ഥത അനുഭവിക്കുകയും ചെയ്യുന്നത് പിശാചാണ്. നിയമങ്ങള്‍ അനുസരിക്കുന്ന ദൈവമക്കളെ കാണുമ്പോഴാണ് പിശാചിനു നിയമങ്ങളോടുള്ള അസ്വസ്ഥതയും ഭയവും വര്‍ദ്ധിക്കുന്നത്. നിയമം നല്‍കപ്പെട്ട കാലംമുതല്‍ ദൈവമക്കളെ അവന്‍ നിയമലംഘനത്തിനു പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഏദന്‍തോട്ടത്തില്‍ ജീവിച്ചിരുന്ന ആദത്തിന്റെ ഹവ്വയുടെയും മുന്‍പില്‍ ഒരേയൊരു നിയമം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ നിയമം ലംഘിക്കുന്നതുവരെ പിശാച് ഹവ്വായെ പിന്തുടര്‍ന്നു. അങ്ങനെ ആദ്യത്തെ പാപം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതില്‍ അവന്‍ വിജയംകണ്ടു. നിയമം ലംഘിച്ചാല്‍ മരിക്കുമെന്നാണ് ആദത്തോടും ഹവ്വായോടും യാഹ്‌വെ അരുളിചെയ്തതെങ്കില്‍, നിയമലംഘനം മരണത്തിനു കാരണമാകില്ല എന്ന് പിശാച് അവരെ ഉപദേശിച്ചു. പിശാചിന്റെ ഈ ഉപദേശം ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന വ്യാജപ്രബോധകര്‍ നമുക്കിടയില്‍ സജ്ജീവമാണ്. സൃഷ്ടാവിന്റെ വാക്കുകളേക്കാള്‍ സൃഷ്ടിയെ വിശ്വസിച്ചതാണ് മനുഷ്യന്റെ അധഃപതനത്തിനു കാരണമായത്. അത് മാനവരാശിയുടെ മൂലപാപമായി. ആദം-ഹവ്വാ ദാമ്പതിമാരിലൂടെ പിശാചു ഭൂമിയില്‍ പാപത്തിന്റെ വിത്ത് മുളപ്പിച്ചുവെങ്കില്‍, ആ പാപം ഭൂമിയെ മുഴുവന്‍ ഗ്രസിക്കുന്നവിധം വളര്‍ന്നുകൊണ്ടിരുന്നു. ഏദന്‍തോട്ടത്തില്‍ വസിച്ചിരുന്ന ആദത്തിനും ഹവ്വായ്ക്കും നല്‍കപ്പെട്ടത് ഒരേയൊരു നിയമം മാത്രമാണെന്നു നാം കണ്ടു. അലിഖിതമെങ്കിലും ദൈവം അവിടുത്തെ വചനത്താല്‍ പ്രഖ്യാപിച്ച നിയമമായിരുന്നു അത്. യിസ്രായേലിന്റെ കാലംവരെ മറ്റൊരു നിയമവും ദൈവം മനുഷ്യനു നല്‍കിയില്ല. എന്നാല്‍, നിയമം നല്കപ്പെടാതിരുന്ന കാലത്തുതന്നെ തിന്മ വര്‍ദ്ധിക്കുന്നതായി നാം കാണുന്നു. ഇതെങ്ങനെയാണു സംഭവിക്കുന്നത്? നിയമലംഘനമാണ് പാപമെങ്കില്‍, നിയമം ഇല്ലാതിരിക്കെ പാപം എങ്ങനെ വര്‍ദ്ധിക്കുന്നു? വളരെ പ്രസക്തമായ ഒരു ചിന്തയാണിത്!
പൗലോസ് അപ്പസ്തോലന്റെ ചില വിശകലനങ്ങള്‍ ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. അപ്പസ്തോലന്റെ ഒരു പ്രബോധനം നോക്കുക: “ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു”(റോമാ: 8; 1, 2). ഇവിടെ കുറിച്ചിരിക്കുന്ന രണ്ടുവാക്യങ്ങളില്‍ അവസാനിക്കുന്നതല്ല പൗലോസിന്റെ പ്രബോധനം. ഇത്തരത്തില്‍ പൗലോസ് അപ്പസ്തോലന്റെ ‘പ്രബോധനശകലങ്ങള്‍’ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമത്തെ അസാധുവാക്കാന്‍ ശ്രമിക്കുന്ന അനേകം 'വ്യാജസുവിശേഷകര്‍' ലോകത്തുണ്ട്. ഇക്കൂട്ടര്‍ക്ക് പ്രിയം പൗലോസിന്റെ ചില പ്രബോധനങ്ങളാണ്. കാരണം, പൗലോസിന്റെ ലേഖനങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത വാക്കുകള്‍ക്കൊണ്ടു സത്യത്തെ മറച്ചുവയ്ക്കാന്‍ സാധിക്കുമെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കി. നിയമം നല്‍കപ്പെട്ടിരിക്കുന്ന യിസ്രായേല്‍ക്കാര്‍ക്കും നിയമം എന്തെന്നുപോലും അറിയാത്ത വിജാതിയര്‍ക്കും പൗലോസ് അപ്പസ്തോലന്‍ കത്തുകള്‍ അയച്ചിട്ടുണ്ട്. നിയമം ലഭിച്ചവര്‍ക്കുവേണ്ടി എഴുതുന്ന കത്തുകളിലെ പ്രബോധനങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കും നിയമം ലഭിക്കാത്തവര്‍ക്കുവേണ്ടി എഴുതുന്ന കത്തുകളിലെ പ്രബോധനങ്ങള്‍! ഉന്നത ബിരുദധാരിയായ ഒരുവനെയും യാതൊരു അറിവുമില്ലാത്ത ഒരുവനെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനു തുല്യമാണ് നിയമം ലഭിച്ചവരെയും ലഭിക്കാത്തവരെയും ഒരേ കത്തിനാല്‍ പ്രബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്! അതായത്, പാല് മാത്രം കുടിക്കുന്ന കുഞ്ഞിനും കല്‍ക്കരിപ്പാടത്തു പണിയെടുക്കുന്ന തൊഴിലാളിക്കും ഒരേ പന്തിയില്‍ വിളമ്പുന്നവന്‍ മൂഢനാണ്!
റോമാക്കാര്‍ വിജാതിയരായിരുന്നുവെന്നു നമുക്കറിയാം. ഗലാത്തി, കോറിന്തോസ്, എഫേസോസ്, തെസലോനിക്ക തുടങ്ങിയ സഭകളെല്ലാം വിജാതിയരില്‍നിന്നു രക്ഷയിലേക്കു വന്നവരുടെ സമൂഹങ്ങളാണ്. നിയമങ്ങള്‍ നല്‍കപ്പെട്ടത് യിസ്രായേല്‍ക്കാര്‍ക്കു മാത്രമായിരുന്നതുകൊണ്ട്, വിജാതിയരില്‍നിന്നു വന്നവരോട് നിയമങ്ങളെക്കുറിച്ചും പ്രവചനങ്ങളെക്കുറിച്ചും പറഞ്ഞിട്ടു കാര്യമില്ലെന്ന് പൗലോസിന് അറിയാം. എന്നാല്‍, നിയമങ്ങള്‍ നല്‍കപ്പെട്ട ഹെബ്രായര്‍ക്ക് കത്തുകള്‍ അയച്ചപ്പോള്‍ നിയമങ്ങളെയും പ്രവചനങ്ങളെയും വ്യാഖ്യാനിക്കാന്‍ അപ്പസ്തോലന്‍ തയ്യാറായി. മാത്രവുമല്ല, ബലിയെ സംബന്ധിച്ചുള്ള നിയമം പൂര്‍ത്തീകരിക്കപ്പെട്ടത് എപ്രകാരമാണെന്നു വിവരിച്ചത് ഹെബ്രായര്‍ക്കുള്ള ലേഖനത്തിലാണ്. യാഹ്‌വെയ്ക്കു ബലിയര്‍പ്പിച്ചിട്ടില്ലാത്ത വിജാതിയരോട് ബലിയുടെ പൂര്‍ത്തീകരണത്തെക്കുറിച്ച് വിവരിക്കേണ്ടത് അനിവാര്യമായ കാര്യമല്ല! വിജാതിയരില്‍നിന്നു രക്ഷയിലേക്കു കടന്നുവന്നപ്പോള്‍ സ്ഥാപിതമായ പ്രാദേശിക സഭകളെ കരുതലോടെയാണ് പൗലോസ് വളര്‍ത്തിയെടുത്തത്. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ആവശ്യമായതു മാത്രം അവര്‍ക്കു നല്‍കി.
പൗലോസിന്റെ പ്രബോധനങ്ങളെ പഠനവിഷയമാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. വളര്‍ച്ചയുടെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുന്ന സഭകള്‍ക്ക് അയച്ച കത്തുകളാണ് പൗലോസിന്റെ പ്രബോധനങ്ങള്‍. ഒന്നാം ക്ലാസിലും പത്താം ക്ലാസിലും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്ന ഒരു അദ്ധ്യാപകന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പൗലോസിന്റെ ലേഖനങ്ങള്‍ താരതമ്യം ചെയ്‌താല്‍ മനസ്സിലാകും. ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ അവര്‍ക്കായും, പത്താംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിലവാരത്തിനു ചേര്‍ന്നവിധവും പഠിപ്പിക്കാന്‍ ദൈവത്തിന്റെ ആത്മാവ് പൗലോസിനെ നിപുണനാക്കി! കോറിന്തോസിലെയും ഗലാത്തിയിലെയും വിഗ്രഹാരാധകരോടു സംവദിച്ച പൗലോസിന് അതേ വാഗ്ചാതുരിയോടെ ഹെബ്രായരോടും സംവദിക്കാന്‍ കഴിഞ്ഞത് ഇക്കാരണത്താലാണ്. നിയമം നല്‍കപ്പെട്ട ഹെബ്രായരെയും നിയമം എന്തെന്നുപോലും കേട്ടിട്ടില്ലാത്ത ഗലാത്തിയരെയും പൗലോസ് തന്റെ കത്തുകളിലൂടെ പ്രബോധിപ്പിച്ചിട്ടുണ്ട്. ആയതിനാല്‍, പൗലോസിന്റെ ശുശ്രൂഷാമേഖലകളെ സംബന്ധിച്ചുകൂടി മനസ്സിലാക്കിയതിനുശേഷം മാത്രമേ, അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ പഠനവിഷയമാക്കാവു! പൗലോസ് തന്റെ കത്തുകള്‍ എഴുതുമ്പോള്‍, അവയെല്ലാം ചേര്‍ത്തുവച്ച് വരുംകാലങ്ങളില്‍ ബൈബിള്‍ തയ്യാറാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല! വ്യക്തമായി ഗ്രഹിക്കാന്‍ കഴിവില്ലാത്തവരെ സംബന്ധിച്ചിടത്തോളം പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ആരോപിക്കാനുള്ള സാദ്ധ്യത തുലോം കൂടുതലാണ്. നിയമങ്ങളെക്കുറിച്ചുള്ള പ്രബോധനങ്ങളിലാണ് വൈരുദ്ധ്യങ്ങള്‍ ഏറെയും ആരോപിക്കപ്പെടുന്നത്. സാത്താന്റെ പിണയാളുകളായ ചിലര്‍ ഇതിനെ ഒരു ആനുകൂല്യമായി കരുതി കൗശലപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നു.
പൗലോസിന്റെ ലേഖനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമങ്ങളുടെ പ്രാബല്യം ഇല്ലാതായെന്നു ചിലര്‍ വാദിക്കുന്നതിന്റെ കാരണം വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങള്‍ ഇവിടെ കുറിച്ചത്. ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ക്കൂടി വരുത്തിയതിനുശേഷം അടുത്ത ഘട്ടത്തിലേക്കു നമുക്കു കടക്കാം. നിയമത്തെ സംബന്ധിച്ച് പൗലോസിന്റെ ഒരു പ്രബോധനം ശ്രദ്ധിക്കുക: “നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്തവരെല്ലാം നിയമം കൂടാതെ നശിക്കും; നിയമബദ്ധരായിരിക്കേ പാപം ചെയ്തവര്‍ നിയമാനുസൃതം വിധിക്കപ്പെടും. കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാന്മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും, അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു. അവരുടെ വൈരുദ്ധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും”(റോമാ: 2; 12-15). നിയമങ്ങളെ നിഷേധിക്കുന്ന എന്തെങ്കിലും ഈ പ്രബോധനത്തിലുണ്ടോ? ഇല്ലെന്നു മാത്രമല്ല, നിയമം ലഭിച്ചിട്ടില്ലാത്ത വിജാതിയര്‍, തങ്ങളുടെ മുന്‍പില്‍ വയ്ക്കപ്പെടാത്ത നിയമങ്ങളെ ധാര്‍മ്മികതയുടെ പേരില്‍ അനുസരിക്കാന്‍ തയ്യാറായാല്‍, അതുവഴി അവര്‍ നീതീകരിക്കപ്പെടുന്നുവെന്നാണ് അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമം നല്കപ്പെടുന്നതിനു മുന്‍പ് ആരെങ്കിലും നീതീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവര്‍ മുറുകെപ്പിടിച്ച ധാര്‍മ്മികതയുടെ പേരിലാണ്.
നോഹ് നീതീമാനായി പരിഗണിക്കപ്പെട്ടത് നിയമം അനുസരിച്ചതുകൊണ്ടല്ല. നിയമം നല്കപ്പെടാതിരുന്ന അക്കാലത്ത് ധാര്‍മ്മികതയാണ് നിയമമായി പരിഗണിക്കപ്പെട്ടത്. അന്നത്തെ അവസ്ഥ എപ്രകാരമായിരുന്നുവെന്നു നോക്കുക: “ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും യാഹ്‌വെ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ യാഹ്‌വെ പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. യാഹ്‌വെ അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍, നോഹ് യാഹ്‌വെയുടെ പ്രീതിക്കു പാത്രമായി”(സൃഷ്ടി: 6; 5-8). നിയമമില്ലാതിരിക്കെ നോഹിന് ദൈവത്തിന്റെ പ്രീതിക്കു പാത്രമാകാന്‍ കഴിഞ്ഞത് ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുള്ള പ്രവൃത്തിയിലൂടെയാണ്. സത്യദൈവത്തെയും അവിടുത്തെ ഹൃദയവിചാരങ്ങളെയും നിയമംകൂടാതെതന്നെ ഗ്രഹിക്കുന്നതാണ് ധാര്‍മ്മികത! ദൈവത്തിനു നല്‍കേണ്ട മഹത്വം വിഗ്രഹങ്ങള്‍ക്കു നല്‍കാന്‍ ധര്‍മ്മിഷ്ഠനായ ഒരുവനു സാധിക്കില്ല. സത്യദൈവത്തെ മാത്രം ആരാധിക്കുകയെന്നതാണ് ധാര്‍മ്മികതയുടെ അടിത്തറ!
സത്യദൈവത്തെക്കുറിച്ചുള്ള അറിവ് തലമുറകളിലേക്കു പകരാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആദംമുതല്‍ പിന്നീടു വന്ന ഓരോ തലമുറകളിലേക്കും സത്യദൈവത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നുനല്‍കിയത് പിതാക്കന്മാരാണ്. ഏതെങ്കിലും പിതാക്കന്മാര്‍ ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതിരുന്നിട്ടുണ്ടെങ്കില്‍, ആ പിതാവിന്റെ തലമുറ സത്യദൈവത്തെക്കുറിച്ചുള്ള അറിവില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു. ഭൂമുഖം മുഴുവന്‍ തിന്മയാല്‍ നിറഞ്ഞത് പിതാക്കന്മാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതുകൊണ്ടാണ്. പിതാക്കന്മാരുടെ ഉപദേശങ്ങളെ അവഗണിക്കുന്ന മക്കളാണ് തങ്ങളുടെ തലമുറകളെ ശാപഗ്രസ്തമാക്കുന്നത്. നോഹിന്റെ കാലത്ത് അവനും അവന്റെ സന്തതികളുമല്ലാതെ ആരും സത്യദൈവത്തെ ആരാധിക്കുന്നവരായി ശേഷിച്ചിട്ടില്ലായിരുന്നു. ആയതിനാല്‍, അവനെയും അവന്റെ സന്തതികളെയും മാത്രം രക്ഷിച്ചുകൊണ്ട് പുതിയൊരു തലമുറ വാര്‍ത്തെടുക്കപ്പെട്ടു. ലോത്തിന്റെ കാലത്തേക്കു വരുമ്പോഴും നമുക്കു കാണാന്‍ കഴിയുന്നത് നിയമമില്ലാതെതന്നെ നിയമത്തിന്റെ ശക്തി ജനതകളുടെമേല്‍ അലിഖിതമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നതാണ്. സ്വവര്‍ഗ്ഗരതി നിരോധിക്കപ്പെട്ടത് ലിഖിതമായ നിയമംമൂലമായിരുന്നില്ല; മറിച്ച്, സ്വാഭാവികമായിത്തന്നെ അറിഞ്ഞിരിക്കേണ്ട ധാര്‍മ്മികമൂല്യങ്ങള്‍ മനുഷ്യരുടെമേല്‍ അലിഖിത നിയമമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ലൈംഗികത എന്തിനു നല്കപ്പെട്ടുവെന്ന് സഹസൃഷ്ടികളില്‍നിന്നുതന്നെ മനസ്സിലാക്കി, അതിനെ സ്വധര്‍മ്മമായി പരിഗണിക്കാന്‍ ഓരോരുത്തര്‍ക്കുമുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാതിരുന്നാല്‍ അധര്‍മ്മികളായി അവര്‍ എണ്ണപ്പെടും. കൂടാതെ, ദൈവം മനുഷ്യനു നല്‍കിയ അനുഗ്രഹത്തില്‍ മറഞ്ഞിരുന്ന ഒരു നിയമം സ്വവര്‍ഗ്ഗരതിയെ നിഷിദ്ധമാക്കുന്നതായിരുന്നു.
ദൈവമായ യാഹ്‌വെ മനുഷ്യനെ ഇപ്രകാരം അനുഗ്രഹിച്ചു: “ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ”(സൃഷ്ടി: 1; 28). സന്തതികളെ ജനിപ്പിക്കുകയെന്ന അടിസ്ഥാനലക്ഷ്യം ലൈംഗികതയിലുണ്ട്. മനുഷ്യനു നല്‍കിയ ഈ അനുഗൃഹത്തെ മനുഷ്യന്‍ തിരസ്ക്കരിച്ചുവെങ്കിലും, മറ്റു ജീവജാലങ്ങള്‍ അത് സ്വധര്‍മ്മമായി ഏറ്റെടുത്തു! അങ്ങനെ അത് പ്രാപഞ്ചിക നിയമമായി! നിയമം ലഭിച്ചിട്ടില്ലാത്ത വിജാതിയര്‍ക്കുകൂടി ബാധകമായ നിയമമാണിത്. പൗലോസ് വ്യക്തമാക്കിയത് ഈ നിയമത്തെക്കുറിച്ചു കൂടിയാണ്. ദൈവത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം പ്രപഞ്ചത്തില്‍ത്തന്നെയുണ്ടെന്നും, അതിനാല്‍ത്തന്നെ ആര്‍ക്കും ഒഴുവുകഴിവില്ലെന്നും അപ്പസ്തോലന്‍ വ്യക്തമാക്കി. നിയമം ലഭിച്ചിട്ടില്ലാത്തവര്‍ക്കു നിയമമാകുന്നത് ദൈവത്തെക്കുറിച്ചുള്ള അറിവാണ്.
അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു. ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടി മുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല. അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു”(റോമാ: 1; 18-27).
നിയമമില്ലാതിരിക്കെ സോദോം-ഗോമോറാ നിവാസികള്‍ ശപിക്കപ്പെട്ടവരായിത്തീര്‍ന്നത് ഇങ്ങനെയാണ്. വിജാതിയര്‍ക്കുപോലും ഒഴികഴിവില്ലാത്തവിധം സത്യദൈവത്തെക്കുറിച്ചുള്ള അറിവ് പ്രപഞ്ചത്തില്‍ അവിടുന്ന് ഒരുക്കിവച്ചിരിക്കുന്നു. വിജാതിയതയുടെ പൂര്‍ണ്ണതയായ ഹിന്ദുത്വത്തെ നോക്കിയാല്‍, മനുഷ്യന്റെ അധഃപതനം എത്ര ലജ്ജാകരമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ജ്ഞാനികളെന്ന്‍ അവകാശപ്പെടുന്ന ചില ജേക്കബ് തോമസ്സുമാരുടെ അധഃപതനം നമുക്കു മുന്നില്‍ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നുമുണ്ട്. അലിഖിത നിയമങ്ങളാല്‍പ്പോലും മനുഷ്യന്റെമേല്‍ ശിക്ഷ കടന്നുവരുമെന്നതിന്റെ അടയാളമായി നമുക്കു മുന്നിലുള്ള പ്രദേശമാണ് സോദോം-ഗോമോറാ! അങ്ങനെയെങ്കില്‍, നിയമം ലഭിച്ചിട്ടുള്ള ജനതയുടെ വ്യതിചലനത്തിനു ലഭിക്കുന്ന ശിക്ഷ എത്രത്തോളം ഭയാനകമായിരിക്കും! എന്തെന്നാല്‍, ദൈവം അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു സ്നേഹസമ്മാനമായി നിയമങ്ങളും ചട്ടങ്ങളും നല്‍കിയപ്പോള്‍ മോശ ഇപ്രകാരം യിസ്രായേല്‍ജനത്തോടു ചോദിച്ചു: “ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?”(നിയമം: 4; 8). ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. ഇസ്ലാമികരാജ്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍, ലോകത്തുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും നിയമങ്ങളില്‍ യാഹ്‌വെയുടെ നിയമങ്ങളുടെ സ്വാധീനം ദൃശ്യമാകും. ഇന്ത്യയിലേതടക്കം എല്ലാ ജനാധിപത്യരാജ്യങ്ങളിലെയും നിയമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് മോശയിലൂടെ നല്‍കപ്പെട്ട ഈ നിയമങ്ങളാണ്! രാഷ്ട്രങ്ങളുടെ നിയമങ്ങളില്‍ ഇന്ന് അനേകം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് പിശാചിന്റെ ഇടപെടലാണെന്നു നാം തിരിച്ചറിയണം! ക്രൈസ്തവരാജ്യങ്ങളായി അറിയപ്പെട്ടിരുന്ന രാജ്യങ്ങളില്‍ ഇന്ന് മോശയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നത് തടഞ്ഞിരിക്കുകയാണ്. കൊലപാതകം തന്നെയായ ഭ്രൂണഹത്യയെക്കുറിച്ചോ വ്യഭിചാരത്തെക്കുറിച്ചോ പ്രസംഗിക്കാന്‍ കത്തോലിക്കാസഭയുടെ പള്ളികളില്‍പ്പോലും അനുവാദമില്ല! ഒരുകാലത്ത് ലോകത്തിന്റെ അതിര്‍ത്തികള്‍വരെ ദൈവീകനിയമങ്ങളുമായി ചുറ്റിസഞ്ചരിച്ചവരാണ് യൂറോപ്പിലെ സുവിശേഷകര്‍! ഇവരുടെ മക്കളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളാണ് ദൈവത്തിന്റെ നിയമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്!
പൂര്‍ത്തീകരിക്കപ്പെട്ട നിയമം!
നിയമം പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത് ബലിയെ സംബന്ധിച്ചുള്ള നിയമത്തെക്കുറിച്ചാണ്. പാപപരിഹാരത്തിനുള്ള നിയമം അഹറോന്റെ ക്രമപ്രകാരമുള്ള ബലിയുമായി ചേര്‍ത്തുവച്ചാണ് മോശ അറിയിച്ചത്. ക്രിസ്തുവിന്റെ ബലിയോടെ ഈ നിയമം അപ്രസക്തമായി. അതായത്, പാപപരിഹാരത്തിനായി അഹറോനും മക്കളും അര്‍പ്പിച്ചിരുന്ന ബലികളെല്ലാം ക്രിസ്തുവിന്റെ ബലിയോടെ പൂര്‍ത്തീകരിക്കപ്പെട്ടു. യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ നിഴല്‍ മാത്രമായിരുന്നു അഹറോനും മക്കളും അര്‍പ്പിച്ചത്. എന്തെന്നാല്‍, ആ ബലികളുടെ ഫലമായി ആരും നിത്യജീവനിലേക്കു പ്രവേശിക്കുന്നില്ല. യിസ്രായേലിനു നിയമങ്ങള്‍ നല്‍കിയപ്പോള്‍ത്തന്നെ മോശ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യാക്കോബിന്റെ സന്തതികള്‍ക്കു നല്കാനിരിക്കുന്ന കാനാന്‍ദേശത്തു ഭയംകൂടാതെ ദീര്‍ഘകാലം ജീവിക്കുന്നതിനും അനുഗ്രഹിക്കപ്പെടുന്നതിനുമുള്ള നിയമങ്ങളാണ് മോശയിലൂടെ നല്‍കപ്പെട്ടത്. ഭൗതികമായ അനുഗ്രഹങ്ങളാണ് അവയെല്ലാം. ആ നിയമങ്ങളില്‍ നിലനിന്നാല്‍ മാത്രമേ അവര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹം പാപിക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളു. മറിച്ച്, ആ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ആത്മരക്ഷപ്രാപിക്കാമെന്നു വാഗ്ദാനങ്ങളില്‍ പറയുന്നില്ല.
നിയമം അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എതെല്ലാമെന്നു നോക്കുക: “ഞാനിന്നു തരുന്ന കല്പനകളെല്ലാം നിങ്ങള്‍ അനുസരിക്കണം; എങ്കില്‍ മാത്രമേ നിങ്ങള്‍ ശക്തരാവുകയും നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം സ്വന്തമാക്കുകയും, നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി നല്‍കുമെന്നു യാഹ്‌വെ ശപഥം ചെയ്ത, തേനും പാലും ഒഴുകുന്ന ആ ഭൂമിയില്‍ നിങ്ങള്‍ ദീര്‍ഘകാലം വസിക്കാന്‍ ഇടയാവുകയും ചെയ്യുകയുള്ളു. നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം നിങ്ങള്‍ ഉപേക്ഷിച്ചുപോന്ന ഈജിപ്തുപോലെയല്ല. അവിടെ വിത്തു വിതച്ചതിനുശേഷം ഒരു പച്ചക്കറിത്തോട്ടത്തെ എന്നപോലെ ക്ലേശിച്ചു നനയ്‌ക്കേണ്ടിയിരുന്നു. എന്നാല്‍, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം ധാരാളം മഴ കിട്ടുന്ന കുന്നുകളും താഴ്‌വരകളും നിറഞ്ഞതാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെ സദാ പരിപാലിക്കുന്ന ദേശമാണത്. വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന കല്പനകള്‍ അനുസരിച്ചു നിങ്ങളുടെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ധാന്യങ്ങളും വീഞ്ഞും എണ്ണയും സമൃദ്ധമായി ലഭിക്കത്തക്കവിധം നിങ്ങളുടെ ഭൂമിക്കാവശ്യമായ ശരത്കാലവൃഷ്ടിയും വസന്തകാലവൃഷ്ടിയും യഥാസമയം അവിടുന്നു നല്‍കും. നിങ്ങള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന കന്നുകാലികള്‍ക്കാവശ്യമായ പുല്ല് നിങ്ങളുടെ മേച്ചില്‍ സ്ഥലത്തു ഞാന്‍ മുളപ്പിക്കും. അങ്ങനെ നിങ്ങള്‍ സംതൃപ്തരാകും”(നിയമം: 11; 8-15). വാഗ്ദാനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.
തുടര്‍ന്നുള്ള ഭാഗം കൂടി ശ്രദ്ധിക്കുക: “വഞ്ചിക്കപ്പെട്ടു വഴിതെറ്റി അന്യദേവന്മാരെ സേവിക്കുകയും അവരുടെ മുന്‍പില്‍ പ്രണമിക്കുകയും ചെയ്യാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍, യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കും. മഴയുണ്ടാകാതിരിക്കാന്‍ അവിടുന്ന് ആകാശം അടച്ചു കളയും; ഭൂമി വിളവു നല്‍കുകയില്ല; അങ്ങനെ യാഹ്‌വെ നല്‍കുന്ന വിശിഷ്ട ദേശത്തുനിന്നു നിങ്ങള്‍ വളരെ വേഗം അറ്റുപോകും. ആകയാല്‍, എന്റെ ഈ വചനം ഹൃദയത്തിലും മനസ്‌സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കയ്യില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും പടിവാതിലുകളിലും അവ രേഖപ്പെടുത്തണം. അപ്പോള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‍കുമെന്നു യാഹ്‌വെ ശപഥം ചെയ്ത നാട്ടില്‍ നിങ്ങളും നിങ്ങളുടെ മക്കളും ദീര്‍ഘകാലം, ഭൂമിക്കുമുകളില്‍ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം, വസിക്കും. ഞാന്‍ നല്‍കുന്ന ഈ കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിച്ച് നിങ്ങളുടെ ദൈവമായ യാഹ്‌വെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്താല്‍ യാഹ്‌വെ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയും”(നിയമം: 11; 16-22). ഇവിടെയൊന്നും നിത്യരക്ഷയെ സംബന്ധിച്ചുള്ള വാഗ്ദാനങ്ങളൊന്നും നല്കപ്പെട്ടതായി കാണുന്നില്ല.
നിയമം അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതിക നന്മകളാണ് ഇവിടെ കുറിച്ചിരിക്കുന്നതെങ്കില്‍, നിയമം ലംഘിച്ചാല്‍ വന്നുഭവിക്കുന്ന ശാപങ്ങളെക്കുറിച്ചാണ് തുടര്‍ന്നുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ ഇതുമായി ചേര്‍ത്തു വായിച്ചാല്‍ യഥാര്‍ത്ഥ സത്യം കൂടുതല്‍ വ്യക്തതയോടെ ഗ്രഹിക്കാന്‍ കഴിയും. ക്രിസ്തുവിന്റെ നാമത്തില്‍ നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് ആത്മരക്ഷയും നിത്യജീവനുമാണെന്നു നമുക്കറിയാം. എന്നാല്‍, മോശയുടെ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദീര്‍ഘകാലം സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നു. വരാനിരിക്കുന്ന ശാശ്വതമായ നന്മയുടെ നിഴല്‍ മാത്രമായി മോശയുടെ നിയമത്തെ പൗലോസ് വിശേഷിപ്പിച്ചതിന്റെ പൊരുളിതാണ്. മോശയുടെ നിയമം അനുസരിച്ചതുകൊണ്ടു മാത്രം ആര്‍ക്കും നിത്യരക്ഷ ലഭിക്കുന്നില്ല; മറിച്ച്, നിയമങ്ങള്‍ അനുസരിച്ചവര്‍ വിശ്വാസംവഴി നീതീകരിക്കപ്പെടുമെങ്കിലും, നിത്യജീവന്‍ ലഭിക്കുന്നത് ക്രിസ്തുവിലൂടെ മാത്രമാണ്. മോശയുടെ നിയമം ലംഘിക്കുന്നതിലൂടെ ഒരുവന്‍ പാപിയായിത്തീരുന്നുവെങ്കില്‍, അഹറോനും മക്കളും അര്‍പ്പിച്ച ബലിയിലൂടെ അത് മോചിക്കപ്പെടുന്നു. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഭൗതിക നന്മകള്‍ പ്രാപിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിപ്പോകാന്‍ ഈ ബലി ധാരാളമാണ്. എന്നാല്‍, സ്വര്‍ഗ്ഗരാജ്യം ലഭിക്കാന്‍ ഈ ബലികള്‍ ഉപകരിക്കുന്നില്ല! അത് സാദ്ധ്യമാകുന്നത് യേഹ്ശുവായുടെ രക്തത്താല്‍ മാത്രമാണ്!
യേഹ്ശുവായുടെ മരണത്തിനു മുന്‍പ് മരണമടഞ്ഞ യിസ്രായേല്‍ക്കാര്‍ ഉയിര്‍പ്പിക്കപ്പെട്ടത് യേഹ്ശുവായുടെ ബലി പൂര്‍ത്തിയായതിനുശേഷമായിരുന്നു. അവര്‍ തങ്ങളുടെ പാപങ്ങള്‍ പരിഹരിക്കപ്പെടേണ്ടതിന് അഹറോന്റെ ബലി അര്‍പ്പിച്ചിരുന്നുവെങ്കിലും, അവര്‍ക്കു പുനരുത്ഥാനം ഉണ്ടായില്ല. വരാനിരിക്കുന്ന രക്ഷകനെ പ്രതീക്ഷിച്ചിരുന്ന നീതിമാന്മായിരുന്നു അവരില്‍ പലരും. എന്നാല്‍, അവര്‍ക്ക് പുനരുത്ഥാനം നല്‍കാന്‍ മോശയുടെ നിയമപ്രകാരമുള്ള പാപപരിഹാരബലികള്‍ മതിയായിരുന്നില്ല. എന്നാല്‍, മ്ശിഹായെ (ക്രിസ്തുവിനെ) പ്രതീക്ഷിച്ചിരുന്ന നീതിമാന്മാര്‍ മോശയുടെ നിയമം അനുസരിച്ചു ജീവിച്ചവരായതുകൊണ്ട്, ക്രിസ്തുവിന്റെ ബലി പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ ഉയിര്‍പ്പിക്കപ്പെട്ടു! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവിടുത്തെ പുനരുത്ഥാനത്തിനുശേഷം അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു”(മത്താ: 27; 50-53). എന്തെന്നാല്‍, മരിച്ചവരില്‍നിന്നുള്ള ആദ്യജാതന്‍ ക്രിസ്തുവാണ്. വെളിപാടിന്റെ പുസ്തകത്തില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേഹ്ശുവാ മ്ശിഹായില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും”(വെളി: 1; 5).
ക്രിസ്തുവിന്റെ ബലിയര്‍പ്പണം പൂര്‍ത്തിയാകുന്നതുവരെയുള്ള കാലങ്ങളില്‍ മരണമടഞ്ഞ നീതിമാന്മാര്‍ (ആദംമുതല്‍) അവിടുത്തെ പുനരുത്ഥാനത്തില്‍ പങ്കാളികളായി. നിയമം ലഭിക്കുകയോ അവ അനുസരിക്കുകയോ ചെയ്തിട്ടില്ലാത്തവരുടെ രക്ഷയ്ക്കായി യേഹ്ശുവാ പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നു. പാതാളത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന ആത്മാക്കളോടുപോലും സുവിശേഷം പ്രസംഗിക്കുകയെന്നത് സൈന്യങ്ങളുടെ ദൈവത്തിന്റെ നീതിപൂര്‍വ്വകമായ പദ്ധതിയായിരുന്നുവെന്ന് നാം അറിഞ്ഞിരിക്കണം. ഈ വെളിപ്പെടുത്തല്‍ നോക്കുക: “എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്”(1 കേപ്ഫാ: 4; 6). ഒരു വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: “ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു”(1 കേപ്ഫാ: 3; 19, 20). ഇതാണ് സത്യദൈവമായ യാഹ്‌വെയുടെ നീതി! യേഹ്ശുവാതന്നെ ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞിരുന്നു. അവിടുത്തെ വചനമിതാണ്: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും”(യോഹ: 5; 25). മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: “ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു”(യോഹ: 5; 28). ബൈബിളിലെ ദൈവമായ യാഹ്‌വെയുടെ നീതിക്കു തുല്യമായ മറ്റൊരു നീതിയുണ്ടോ? അവിടുത്തേക്കു തുല്യന്‍ അവിടുന്നുമാത്രം!
ആദംമുതല്‍, ഇനിയും പിറക്കാത്ത തലമുറകള്‍വരെയുള്ള ഏതൊരു മനുഷ്യനും രക്ഷപ്രാപിക്കുന്നത് യേഹ്ശുവായുടെ ബലിയിലൂടെയാണ്. യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്ക് നിത്യജീവന്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാടുകളുടെയോ കാളകളുടെയോ രക്തത്തിനു നിത്യജീവനിലേക്ക് നയിക്കുംവിധം പാപങ്ങള്‍ പരിഹരിക്കാനുള്ള കഴിവില്ല. ആയതിനാല്‍, തന്റെ ശരീരവും രക്തവും പാപപരിഹാരാര്‍ത്ഥം അര്‍പ്പിച്ചുകൊണ്ട്, എല്ലാ ബലികളുടെയും അപൂര്‍ണ്ണതകള്‍ യേഹ്ശുവാ പരിഹരിച്ചു. അഹറോന്റെ ക്രമപ്രകാരം രക്തം തളിച്ചുകൊണ്ടുള്ള ബലി പൂര്‍ത്തിയാക്കുകയും, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള ബലി സ്ഥാപിക്കുകയും ചെയ്തു. “പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണ്ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി. എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു”(ഹെബ്രാ: 5; 8-10). മെല്‍ക്കിസെദേക്കിന്റെ ബലിയില്‍ ബലിവസ്തു അപ്പവും വീഞ്ഞുമാണെന്ന് നമുക്കറിയാം. യേഹ്ശുവായുടെ ശരീരത്തിന്റെയും രക്തത്തിന്റെയും അടയാളമായി അപ്പത്തെയും വീഞ്ഞിനെയും അവിടുന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ ബലി സ്ഥാപിതമായത്. യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്യുന്നവര്‍ക്കു നിത്യജീവന്‍ ലഭിക്കുന്നു. യേഹ്ശുവായെ അനുസരിക്കുകയെന്നാല്‍, അവിടുന്ന് സ്ഥിരീകരിച്ച നിയമങ്ങള്‍ അനുസരിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്!
ബലിയെ സംബന്ധിച്ച് പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന ഈ പ്രബോധനത്തില്‍ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളുമുണ്ട്. പൗലോസ് ഇക്കാര്യത്തില്‍ ബോധവാനായിരുന്നു. ആയതിനാലാണ് അപ്പസ്തോലന്‍ ഇപ്രകാരം എഴുതിയത്: “ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്‌ഷേ, ദൈവവചനത്തിന്റെ പ്രഥമപാഠങ്ങള്‍പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണ് ആവശ്യം, കട്ടിയുള്ള ഭക്ഷണമല്ല. പാലു കുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ദ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്. കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്”(ഹെബ്രാ: 5; 12-14). മനോവയുടെ വിവരണം ഗ്രഹിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് നിലനില്‍ക്കുന്ന പ്രശ്നം! പൗലോസിന്റെ പണ്ഡിതസമാനമായ പ്രബോധനങ്ങളെ തങ്ങളുടെ നാശത്തിനായി വളച്ചൊടിച്ചവര്‍ ആദിമസഭയുടെ കാലത്തും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. അപ്പസ്തോല പ്രമുഖനായ കേപ്ഫാതന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “നമ്മുടെ യേഹ്ശുവായുടെ ദീര്‍ഘക്ഷമ രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യംതന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍”(2 കേപ്ഫാ: 3; 15-17).
നിയമവും നിത്യജീവനും!
ക്രിസ്തുവിന്റെ രക്ഷ സ്വീകരിക്കാന്‍ ഒരുവനെ യോഗ്യനാക്കുന്നത് നിയമാനുഷ്ഠാനങ്ങളല്ല! ഈ സത്യമാണ് പൗലോസ് അപ്പസ്തോലന്‍ തന്റെ പ്രബോധനങ്ങളിലൂടെ സ്ഥിരീകരിച്ചത്. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല”(എഫേ: 2; 8, 9). ആത്മരക്ഷയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന നിയമം വിശ്വാസമാണ്. യേഹ്ശുവായില്‍ വിശ്വസിക്കുക എന്നതാണ് ആ നിയമം! മോശയുടെ നിയമങ്ങള്‍ അനുസരിച്ചവര്‍ക്കും അനുസരിക്കാത്തവര്‍ക്കും ആത്മരക്ഷ നല്‍കുന്നതിനാണ് യേഹ്ശുവാ വന്നത്. നിയമം അനുസരിച്ചവനെന്നോ അനുസരിക്കാത്തവനെന്നോ ഉള്ള വിവേചനമില്ലാതെ, വിശ്വസിക്കുന്ന ഏതൊരുവനും നിത്യരക്ഷ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. രക്ഷയെക്കുറിച്ച് കേപ്ഫാ നടത്തിയ പ്രഖ്യാപനം ശ്രദ്ധിക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12).
വിശ്വസിച്ചതുകൊണ്ടു മാത്രം ഒരുവന്‍ രക്ഷപ്രാപിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചിലരില്‍നിന്നെങ്കിലും മറയ്ക്കപ്പെട്ടിരിക്കുന്നു. പൗലോസിന്റെ ചില പ്രബോധനങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത വചനശകലങ്ങളാണ് ഈ ദുരന്തത്തിനു കാരണം. വിശ്വസിക്കുന്ന ഒരുവനു രക്ഷയിലേക്കു കടന്നുവരാനുള്ള മാര്‍ഗ്ഗം ഇതാണ്: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍: 2; 38, 39). വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചതിലൂടെ ഒരുവന്റെ രക്ഷ പൂര്‍ണ്ണമായോ? സ്നാനം സ്വീകരിച്ച ഉടനെതന്നെ അവന്‍ മരിച്ചാല്‍, അവന്റെ ആത്മരക്ഷ സുനിശ്ചിതമാണ്. എന്നാല്‍, ജ്ഞാനസ്നാനത്തിനുശേഷവും അവന്‍ ഈ ലോകത്തു ജീവിക്കുന്നുവെങ്കില്‍ നിയമങ്ങള്‍ അനുസരിക്കുകയല്ലാതെ അവനു മറ്റു വഴികളൊന്നുമില്ല! ക്രിസ്ത്യാനികള്‍ക്ക് നിയമങ്ങളില്ലെന്നു പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നവരോ പിശാചിന്റെ ആജ്ഞാനുവര്‍ത്തികളോ ആണ്.
പൗലോസ് അറിയിച്ചതും പിശാചിന്റെ ആജ്ഞാനുവര്‍ത്തികള്‍ ദുരുപയോഗിക്കുന്നതുമായ ഒരു പ്രബോധനം ശ്രദ്ധിക്കുക: “ക്രിസ്തുവിന്റെ ശരീരംമുഖേന നിയമത്തിനു നിങ്ങള്‍ മരിച്ചവരായി. ഇത് നിങ്ങള്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിക്കപ്പെട്ടവന്റെ സ്വന്തമാകേണ്ടതിനും അങ്ങനെ നാം ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കേണ്ടതിനുമത്രേ”(റോമാ: 7; 4). ക്രിസ്ത്യാനിയാകുന്നതോടെ നിയമം ഇല്ലാതായെന്നാണോ അപ്പസ്തോലന്‍ പ്രഖ്യാപിക്കുന്നത്? ഒരിക്കലുമല്ല! അത് മനസ്സിലാകണമെങ്കില്‍, ഈ പ്രബോധനത്തിന്റെ തുടക്കം വായിക്കണം. അത് ഇപ്രകാരമാണ്: “സഹോദരരേ, നിയമത്തിന് ഒരുവന്റെമേല്‍ അധികാരമുള്ളത് അവന്‍ ജീവിച്ചിരിക്കുന്ന കാലത്തു മാത്രമാണെന്ന് അറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്. വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകുന്നു. ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല”(റോമാ: 7; 1-3). വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ മരണംവരെ ഭര്‍ത്താവുമായി നിയമത്താല്‍ ബന്ധിതയായിരിക്കുന്നുവോ, അതുപോലെതന്നെയാണ് ഒരുവന് നിയമവുമായുള്ള ബന്ധം. മരണംവരെ അവന്‍ നിയമം അനുസരിക്കണം. എന്നാല്‍, ക്രിസ്തുവിനോടൊപ്പം മരിക്കുകയും അവിടുത്തോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ജ്ഞാനസ്നാനം!
പഴയ മനുഷ്യന്‍ മരിക്കുന്നതിലൂടെ നിയമത്തിന് അവന്റെമേലുണ്ടായിരുന്ന ബാന്ധവം ഇല്ലാതാകുകയും, പുതിയ സൃഷ്ടിയാകുന്നതിലൂടെ യേഹ്ശുവായുടെ നിയമത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ആ പ്രക്രിയ എങ്ങനെയാണെന്നു നോക്കുക: “അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്. അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും”(റോമാ: 6; 4, 5). അതായത്, ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും അവിടുത്തോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നവര്‍ക്ക് തങ്ങളുടെ പൂര്‍വ്വകാല നിയമങ്ങളൊന്നും ബാധകമല്ല. എന്നാല്‍, ക്രിസ്തുവിനോടൊപ്പം ഉയിര്‍പ്പിക്കപ്പെട്ട ഓരോരുത്തരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നതിനാല്‍ ക്രിസ്തുവിന്റെ നിയമത്തിനു വിധേയരായിരിക്കും. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യെഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിഹായില്‍ ഒന്നാണ്”(ഗലാത്തി: 3; 27, 28).
ക്രിസ്തു നിയമം സ്ഥാപിച്ചിട്ടുണ്ടോ? യാഹ്‌വെ രക്ഷിക്കുന്നു എന്ന പേര് വഹിച്ചുകൊണ്ട് ക്രിസ്തു ഈ ഭൂമിയിലേക്കു വന്നത് നിയമം നിര്‍മ്മിക്കുവാന്‍ ആയിരുന്നില്ല; മറിച്ച് നിയമത്തെ സ്ഥിരീകരിക്കുവാനും അത് എങ്ങനെയാണ് കുറ്റമറ്റവിധം പാലിക്കേണ്ടതെന്നു പഠിപ്പിക്കാനുമായിരുന്നു. നിയമങ്ങളുടെ യഥാര്‍ത്ഥ വ്യാഖ്യാനം അവിടുന്ന് തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി വെളിപ്പെടുത്തി. ദൈവജനത്തിനുവേണ്ടി യാഹ്‌വെ നല്‍കിയ നിയമം അവരുടെ മുന്‍പില്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ മോശ ഇക്കാര്യം പ്രവചിച്ചിട്ടുണ്ട്. തന്നിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ക്കെല്ലാം അന്തിമ സ്ഥിരീകരണവും അംഗീകാരമുദ്രയും നല്‍കുന്നതിന് നിങ്ങളുടെയിടയില്‍നിന്നുതന്നെ ഒരുവന്‍ അയയ്ക്കപ്പെടുമെന്ന് യിസ്രായേല്‍ജനത്തോടു മോശ പറഞ്ഞു. ആ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് യേഹ്ശുവായിലൂടെ സംഭവിച്ചത്. മോശയോടു യാഹ്‌വെ പറഞ്ഞത് ഇപ്രകാരമാണ്: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ പേരില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18, 19). മോശയോടു യാഹ്‌വെ അരുളിച്ചെയ്ത ഈ വാക്കുകള്‍ യേഹ്ശുവാ സ്ഥിരീകരിക്കുന്നതായി ബൈബിളില്‍ നമുക്കു വായിക്കാന്‍ കഴിയും.
യേഹ്ശുവായുടെ സ്ഥിരീകരണം ശ്രദ്ധിക്കുക: “എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചതുപോലെതന്നെയാണ്”(യോഹ: 12; 49, 50). എത്ര സുവ്യക്തമാണ് യേഹ്ശുവായുടെ വാക്കുകള്‍! എന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ടതും യേഹ്ശുവായിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമായ നിയമങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത നിയമങ്ങളുമായി മുഹമ്മദ് അവതരിച്ചപ്പോള്‍, സത്യദൈവത്തില്‍നിന്നുള്ള യഥാര്‍ത്ഥ നിയമങ്ങളെ ഉപേക്ഷിച്ച് മുഹമ്മദിനെ അനുഗമിക്കാന്‍ പൗരസ്ത്യദേശത്തെ ‘ക്രൈസ്തവര്‍’ തയ്യാറായി! മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെ എപ്രകാരമാണ് യേഹ്ശുവാ സ്ഥിരീകരിച്ചതെന്നു ശ്രദ്ധിക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). യേഹ്ശുവായുടെ ഈ വാക്കുകളില്‍ അസ്പഷ്ടത ദര്‍ശിക്കാന്‍ മനോവയ്ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. എന്നാല്‍, ഇത്രത്തോളം സ്പഷ്ടമായി യേഹ്ശുവാ അറിയിച്ച സത്യത്തില്‍നിന്നു ദൈവജനത്തെ വ്യതിചലിപ്പിക്കുന്നതിനായി ഒരു അജ്ഞാതശക്തി ലോകത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു!
ആരാണ് നിയമനിഷേധി?
നിയമം നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്ന അജ്ഞാതശക്തിയെക്കുറിച്ച് വ്യക്തതയോടെ മനസ്സിലാക്കേണ്ടത് ഓരോ ദൈവമക്കളുടെയും കടമയാണ്. ഈ ദുഷ്ടശക്തിയുടെ ചെറിയ സാന്നിദ്ധ്യംപോലും അവഗണിക്കപ്പെടാന്‍ പാടില്ല. എന്തെന്നാല്‍, നിസ്സാരമാണെന്നു കരുതുന്ന നിയമലംഘനങ്ങളാണ് അക്ഷന്തവ്യമായ നിയമനിഷേധങ്ങളുടെ വാതിലുകള്‍! ഗുരുതരമായ പാപങ്ങളിലേക്ക് ഒരുവന്‍ വഴുതിവീഴുന്നത് നിസ്സാരമെന്നു സ്വയം വിധിയെഴുതിയ പാപങ്ങളിലൂടെയാണ്. ചില പാപങ്ങളെ ലഘുപാപങ്ങളുടെ ഗണത്തില്‍ ചേര്‍ക്കുകവഴി അവയ്ക്ക് പാപങ്ങളുടെ പട്ടികയില്‍നിന്നു മോചനം നല്‍കുന്ന വിരുതന്മാര്‍ വിശ്വാസികളുടെയിടയിലുണ്ട്. കാലാന്തരത്തില്‍ ഇത്തരം പാപങ്ങള്‍ക്ക് സാമൂഹിക അംഗീകാരം ലഭിക്കുന്നത് ആത്മീയ മനുഷ്യര്‍ക്കു വിവേചിക്കാന്‍ കഴിയും. ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക; എന്തെന്നാല്‍, ഒറ്റയടിക്ക് ദൈവീകനിയമങ്ങളെ നീക്കംചെയ്യുക എന്നതായിരിക്കില്ല സാത്താന്‍ അവലംബിക്കുന്ന രീതി! അല്പാല്പമായി ദൈവീകനിയമങ്ങളിലേക്കു കടന്നുകയറി, അവയെ പൂര്‍ണ്ണമായി നീക്കംചെയ്യുക എന്ന കൗശലം അവന്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു! ജ്ഞാനമുള്ളവര്‍ക്കു മാത്രം ഇക്കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും!
നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ച് വ്യക്തതയോടെ പ്രബോധനം നല്‍കിയത് പൗലോസ് അപ്പസ്തോലനാണ്. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികള്‍ക്കു നിയമം ബാധകമല്ലെന്നു പൗലോസ് ഒരിക്കലും പറയില്ല. അപ്പസ്തോലന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും”(2 തെസലോ: 2; 9-12). നിയമങ്ങള്‍ അസാധുവാക്കപ്പെട്ടുവെങ്കില്‍ നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ച് ഇത്രത്തോളം ഗൗരവത്തോടെ അപ്പസ്തോലന്‍ മുന്നറിയിപ്പു തരുമായിരുന്നോ എന്ന ചോദ്യം ഇവിടെ ഉയരും. വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടുംകൂടെ വരുന്നവന്‍ ദൈവത്തെയും ദൈവീകസംവിധാനങ്ങളെയും എതിര്‍ക്കുന്ന ദുഷ്ടനാണെന്ന് അപ്പസ്തോലന്റെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്. അസാധുവാക്കപ്പെട്ട നിയമത്തെ ഇങ്ങനെയൊരുവന്‍ വന്ന് നിഷേധിക്കേണ്ട ആവശ്യമുണ്ടോ? നിയമത്തിന്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദൈവികനിയമങ്ങളില്‍ ഒന്നുപോലും അസാധുവാക്കപ്പെട്ടിട്ടില്ലെന്നും, ലോകാന്ത്യംവരെ അത് നിലനില്‍ക്കണമെന്നതാണ് ദൈവഹിതമെന്നും മനസ്സിലാക്കാന്‍ ഇതിനപ്പുറം മറ്റൊരു തെളിവിന്റെ ആവശ്യമില്ല. അങ്ങനെയെങ്കില്‍, പൗലോസ് അപ്പസ്തോലന്റെ പ്രബോധനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണ് നിയമം അസാധുവാക്കപ്പെട്ടുവെന്നു പ്രചരിപ്പിക്കുന്നത്.
അന്ത്യകാലത്തു പ്രത്യക്ഷനാകാനിരിക്കുന്ന എതിര്‍ക്രിസ്തു തന്നെയാണ് ഈ നിയമനിഷേധി. ഈ പ്രവചനം ശ്രദ്ധിക്കുക: “അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും”(ദാനിയേല്‍: 7; 25). യേഹ്ശുവായുടെ പുനരാഗമനത്തോടടുത്ത നാളുകളില്‍ സംഭവിക്കേണ്ട കാര്യമാണ് പ്രവചനത്തില്‍ നാം വായിച്ചത്. ആ നാളുകളിലും നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണല്ലോ അവ മാറ്റുന്നതിനായി എതിര്‍ക്രിസ്തു ആലോചിക്കുന്നത്. നിയമങ്ങള്‍ അസാധുവാക്കപ്പെട്ടുവെന്ന്‍ പറയുന്നവരുടെ വായടപ്പിക്കുന്നതാണ് ഈ പ്രവചനം. നിയമങ്ങള്‍ മാറ്റുന്നതിലൂടെ സാത്താന്‍ ലക്ഷ്യമിടുന്നത് സകല മനുഷ്യരുടെയും ആത്മനാശമാണ്. ക്രിസ്ത്യാനികള്‍ അനുസരിക്കേണ്ടതായ നിയമങ്ങള്‍ നിലനില്‍ക്കുന്നതാണ് പിശാചിനെയും അവന്റെ അനുയായികളെയും ചൊടിപ്പിക്കുന്നത്! ബലിയെ സംബന്ധിക്കുന്ന നിയമം പൂര്‍ത്തിയായി എന്നതൊഴിച്ചാല്‍, മറ്റെല്ലാ നിയമങ്ങളും പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കുന്നു എന്നതാണു പരമമായ സത്യം! എന്നാല്‍, അന്ത്യകാലത്ത് പ്രത്യക്ഷനാകാനിരിക്കുന്ന നിയമനിഷേധിയുടെ ആത്മാവ് എല്ലാക്കാലത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കു നിയമം ബാധകമല്ലെന്നു പറയുന്നവരെ നയിക്കുന്നത് നിയമനിഷേധിയുടെ ആത്മാവാണ്.
അപ്പസ്തോലനായ യോഹന്നാന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജ ക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്”(1 യോഹ: 2; 18). ക്രിസ്തുവിന്റെ പ്രബോധനങ്ങളെ നിഷേധിക്കുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ്. നിയമത്തെ സംബന്ധിച്ച് യേഹ്ശുവായുടെ പ്രബോധനം എന്താണെന്നു നോക്കുക: “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 18). ഈ വാക്കുകളെ നിഷേധിക്കുന്നവന്‍ ക്രിസ്തുവിനെത്തന്നെയാണ് നിഷേധിക്കുന്നത്. അങ്ങനെയുള്ളവരെ നയിക്കുന്നത് ഏതാത്മാവാണെന്നു യോഹന്നാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്”(1 യോഹ: 4; 1-3). യേഹ്ശുവായെ ഏറ്റുപറയുകയെന്നാല്‍, അവിടുത്തെ വചനത്തെ നിഷേധിക്കലല്ല!
നിയമങ്ങളെ നിഷേധിക്കുന്നവര്‍ പൗലോസ് അപ്പസ്തോലന്റെമേല്‍ കുറ്റം ആരോപിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കുക. ദൈവത്തിന്റെ കല്പനകളെക്കുറിച്ച് അപ്പസ്തോലന്‍ പറയുന്നത് ഇങ്ങനെയാണ്: “ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു”(റോമാ: 1; 32). ആയതിനാല്‍, നിയമനിഷേധിയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന സകലരെയും സൂക്ഷിക്കുക! നിയമം അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും എന്നാണ് യേഹ്ശുവാ അറിയിച്ചിരിക്കുന്നത്. അത് അവിടുത്തെ വാഗ്ദാനമാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-