ശ്ലൈഹീക സഭ

കുംബസാരക്കൂടുകള്‍ക്കു നേരേ അലറുന്ന സാത്താന്‍!

Print By
about

07 - 07 - 2018

കുംബസാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ലേഖനത്തിന്റെ അനിവാര്യതയെക്കുറിച്ച് മനോവ ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. വര്‍ത്തമാനകാല ചര്‍ച്ചകളില്‍ കുംബസാരം ഒരു വിഷയമായപ്പോള്‍ ഇനിയും അതു വൈകിക്കൂടാ എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. ആയതിനാല്‍ ഒരു വചനത്തില്‍നിന്നുതന്നെ നമുക്ക് പഠനം തുടങ്ങാം. യേഹ്ശുവാ അരുളിച്ചെയ്ത വചനമിതാണ്: "അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു"(ലൂക്കാ: 15; 7). അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗരാജ്യം ഒന്നടങ്കം സന്തോഷിക്കുമെങ്കില്‍, അനുതപിക്കാന്‍ ഒരുവനു ലഭിക്കുന്ന സാഹചര്യത്തെപ്പോലും അരിശത്തോടെ വീക്ഷിക്കുന്നവനാണ് സാത്താന്‍!

ദൈവത്തിന്റെയും ദൈവരാജ്യത്തിന്റെയും സന്തോഷമെന്നത് സാത്താന്റെയും അവന്റെ രാജ്യത്തിന്റെയും കഠിനദുഃഖമാണ്! അതുകൊണ്ടുതന്നെ, ഒരുവന്‍ പശ്ചാത്തപിക്കുകയോ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് വിടുതല്‍ പ്രാപിക്കുകയോ ചെയ്യുന്നതു കാണുമ്പോള്‍, സാത്താന്‍ വേദനകൊണ്ടു പുളയും! കുംബസാരക്കൂട് കാണുമ്പോള്‍ സാത്താനില്‍ തിളച്ചുമറിയുന്ന വികാരവും ഇതുതന്നെയാണ്. സാത്താനു മാത്രമല്ല, അവന്റെ എല്ലാ അനുചരന്മാരും ഭയപ്പെടുന്ന ഒന്നാണ് കുംബസാരക്കൂട്! സാത്താന്റെ പ്രയത്നഫലം അവനു നഷ്ടമാകുന്ന അവസ്ഥയാണ് ഒരുവന്റെ പശ്ചാത്താപത്തിലൂടെയും പാപങ്ങള്‍ ഏറ്റുപറയുന്നതിലൂടെയും സംജാതമാകുന്നത്. അനേകം വ്യക്തികളുടെ അനുതാപക്കണ്ണുനീര്‍ വീണിട്ടുള്ള കുംബസാരക്കൂടിനോടുള്ള അവന്റെ പക അതിനാല്‍ത്തന്നെ അടങ്ങുകയില്ല. പാപത്തില്‍ ജീവിച്ച ഒരുവന്‍ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ആഘോഷത്തെക്കുറിച്ചു ചിന്തിക്കാനുള്ള ആത്മീയബോധ്യം ലഭിച്ചിട്ടുള്ളവര്‍ക്കു മാത്രമേ കുംബസാരക്കൂടിന്റെ മാഹാത്മ്യം മനസ്സിലാകുകയുള്ളു.

ദൈവത്തോടു നേരിട്ടു പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കുന്ന അനേകരുണ്ട്. അതുപോലെതന്നെ, കുംബസാരം എന്ന കൂദാശ മനുഷ്യന്റെ ചിന്തയില്‍ രൂപപ്പെട്ട ഒന്നാണെന്നും, വചനപരമായ യാതൊരു അടിസ്ഥാനവും ഈ കൂദാശയ്ക്ക് ഇല്ലെന്നും വാദിക്കുന്ന വിഘടനവാദികളും കുറവല്ല! ഈ വിഷയങ്ങളെല്ലാം നാമിവിടെ പഠനവിധേയമാക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വാദഗതികളുമായി കഴിയുന്നവരോട് ആമുഖമായിത്തന്നെ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, ദൈവത്തോട് നേരിട്ടുപറയുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കൂടെക്കൂടെ പാപം ചെയ്യാനും യാതൊരു ഉളുപ്പുമില്ലാതെ ദൈവത്തോടു പറയാനും ഏതൊരു നീചനും സാധിക്കും. എന്നാല്‍, മറ്റൊരു വ്യക്തിയുടെ മുന്‍പില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലജ്ജകൊണ്ടെങ്കിലും അവന്‍ പാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ഏറ്റവും നിസ്സാരമെന്നു കരുതപ്പെടുന്ന പാപങ്ങളാണെങ്കില്‍പ്പോലും, അത് മറ്റുള്ളവരുടെ മുന്‍പില്‍ ഏറ്റുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പിശാച് അതിനു സമ്മതിക്കില്ല എന്നതാണ് പ്രധാന കാരണം. ആ വൈദീകന്‍ നമ്മെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത ജനിപ്പിക്കുന്നതും അവന്‍തന്നെയാണ്.

ഒരിക്കല്‍പ്പോലും കുംബസാരിച്ചിട്ടില്ലാത്തവരും സ്വയം ന്യായീകരിച്ചുകൊണ്ട് 'രക്ഷിക്കപ്പെട്ടവര്‍' എന്ന് തങ്ങളെത്തന്നെ അഭിവാദ്യം ചെയ്യുന്നവരുമായ വ്യക്തികള്‍ക്ക് കുംബസാരത്തിന് മുന്‍പ് അനുഭവിക്കേണ്ടിവരുന്ന മാനസ്സികസമ്മര്‍ദ്ദം മനസ്സിലാകില്ല. പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുംബസാരക്കൂട് വിടുമ്പോള്‍ അനുഭവിക്കുന്ന മാനസ്സിക സൗഖ്യവും സ്വാതന്ത്ര്യവും, ഒരിക്കല്‍പ്പോലും അത് അനുഭവിച്ചിട്ടില്ലാത്തവരോടു വിവരിക്കാന്‍ പ്രയാസമാണ്. ജന്മനാ അന്ധനായ ഒരുവനോട് മഴവില്ലിന്റെ അഴക്‌ വര്‍ണ്ണിക്കുന്നതുപോലെയായിരിക്കും അത്!

നിസ്സാരമെന്നു കരുതപ്പെടുന്ന പാപങ്ങള്‍പ്പോലും ഏറ്റുപറയാന്‍ അനുവദിക്കാത്തവിധം പിന്നോട്ടു വലിക്കപ്പെടുന്ന അവസ്ഥയാണുള്ളതെങ്കില്‍, മാരകമായ പാപങ്ങളുടെ കാര്യത്തില്‍ എന്തായിരിക്കും അവസ്ഥ? വ്യഭിചാരം, സ്വവര്‍ഗ്ഗഭോഗം, മൃഗവേഴ്ച തുടങ്ങിയ മാരകപാപങ്ങള്‍ മറ്റൊരു വ്യക്തിയോട് ഏറ്റുപറയാന്‍ കഴിയുകയെന്നത് നിസ്സാര കാര്യമല്ല. യാതൊരു ലജ്ജയുമില്ലാതെ ഈ പാപങ്ങള്‍ ചെയ്തുകൂട്ടാന്‍ എളുപ്പമാണ്. എന്നാല്‍, ഈ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും ഏറ്റുപറയാന്‍ തീരുമാനമെടുക്കുകയും ചെയ്യുമ്പോഴാണ് ലജ്ജ കടന്നുവരുന്നത്. പാപം ചെയ്തപ്പോള്‍ ഇല്ലാതിരുന്ന ലജ്ജയും അഭിമാനബോധവും പശ്ചാത്താപത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഘട്ടത്തിലാണ് കടന്നുവരുന്നതെങ്കില്‍, ഈ അഭിമാനബോധവും ലജ്ജയും ഉണര്‍ത്തുന്നത് പിശാചാണ് എന്നകാര്യത്തില്‍ സംശയമില്ല. ദൈവത്തോട് ഏറ്റുപറയാന്‍ ലജ്ജയോ ആത്മാഭിമാന ബോധമോ ആര്‍ക്കുമില്ലെന്നതാണ് യഥാര്‍ത്ഥ സത്യം. ഒരേ പാപംതന്നെ ആയിരംവട്ടം ദൈവത്തോട് ഏറ്റുപറയാന്‍ മടിയില്ലാത്തവരുടെ പശ്ചാത്താപത്തെ ആത്മാര്‍ത്ഥതയുള്ളതായി പരിഗണിക്കാന്‍ കഴിയില്ല. മാത്രവുമല്ല, യഥാര്‍ത്ഥ അനുതാപമില്ലാതെയുള്ള ഏറ്റുപറച്ചിലുകൊണ്ട് പാപങ്ങള്‍ ക്ഷമിക്കപ്പെടുകയുമില്ല.

ദൈവത്തോടു മാത്രം ഏറ്റുപറഞ്ഞാല്‍ മതിയെന്നു വാദിക്കുകയും അങ്ങനെ ഏറ്റുപറയുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ അനുതാപം യഥാര്‍ത്ഥമാണെന്നു പറയാന്‍ കഴിയുമോ? പാപങ്ങളില്‍ തുടര്‍ന്നുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ഏറ്റുപറച്ചിലുകള്‍ നടത്തുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് കരുതരുത്. ദൈവത്തോട് പറയാന്‍ യാതൊരു ലജ്ജയുടെയും ആവശ്യമില്ലാത്തതുകൊണ്ട്, ഒരേ പാപംതന്നെ വീണ്ടുംവീണ്ടും ചെയ്യാന്‍ അവനു മടിയുണ്ടാകുകയില്ല. പാപങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ പടിപടിയായി പാപബോധം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഒരുവന്‍ ചെന്നെത്തും. ദൈവത്തിന്റെ കാരുണ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും പാപക്ഷമയെക്കുറിച്ചുള്ള അപക്വമായ ധാരണകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് വന്നുഭവിക്കുന്ന ദുരന്തമാണിത്. ഇത് ഗുരുതരവും അപരിഹാര്യവുമായ വിഷയമാണ്. ദൈവത്തിന്റെ വചനത്തിലെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "പാപം ആവര്‍ത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല"(പ്രഭാ: 7; 8). ദൈവത്തിന്റെ ക്ഷമയെ ദുരുപയോഗിക്കുകയും പാപം ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുവന്റെ ആദ്യത്തെ പാപംപോലും ക്ഷമിക്കപ്പെടുകയില്ല എന്ന ഗൗരവകരമായ മുന്നറിയിപ്പിനെ ആരും അവഗണിക്കാതിരിക്കുക!

ദൈവത്തിന്റെ ക്ഷമയും കാരുണ്യവും ഓര്‍ത്ത് പാപത്തെ നിസംഗതയോടെ സമീപിക്കുന്നവര്‍ ഒരു വചനംകൂടി ശ്രദ്ധിക്കുക: "ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നു പറയരുത്; യാഹ്‌വെ നിന്നെ ശിക്ഷിക്കും; തീര്‍ച്ച. പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; യാഹ്‌വെയുടെ കോപം സാവധാനമേ വരൂ. ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത്. അവിടുത്തെ കാരുണ്യം നിസ്സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവും യാഹ്‌വെയിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും. യാഹ്‌വെയിങ്കലേക്കു തിരിയാന്‍ വൈകരുത്; നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്; അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും"(പ്രഭാ: 5; 3-7). ദൈവത്തിന്റെ സന്നിധിയില്‍ സ്ഥിരമായി ഏറ്റുപറയുന്ന ഓരോരുത്തരും നെഞ്ചില്‍ കൈവച്ചു സ്വയം പരിശോധിക്കേണ്ട കാര്യമാണിത്. എന്തെന്നാല്‍, പ്രഭാഷകന്റെ കാലത്തുണ്ടായിരുന്ന അതേ ദൈവംതന്നെയാണ് ഇന്നുമുള്ളത്!

ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യംകൂടി നാം അറിഞ്ഞിരിക്കണം. ദൈവത്തിന്റെ മുന്‍പില്‍ ഏറ്റുപറയുന്നതുകൊണ്ട് പാപക്ഷമ പൂര്‍ണ്ണമാകുന്നില്ല എന്നതാണ് നാം അറിഞ്ഞിരിക്കേണ്ടതായ ആ സുപ്രധാന കാര്യം. ദൈവത്തോടു മാത്രമുള്ള ഏറ്റുപറച്ചിലിന് പാപങ്ങള്‍ ക്ഷമിക്കാനുള്ള സാധ്യതയുണ്ടാകുന്നത് ചില പ്രത്യേക അവസരങ്ങളില്‍ മാത്രമാണ്. മറ്റൊരാളുടെ മുന്‍പില്‍ ഏറ്റുപറയാന്‍ അവസരമില്ലാത്ത സാഹചര്യങ്ങളില്‍ മരണമടയുന്ന വ്യക്തികളുടെ ആത്മാര്‍ത്ഥമായ അനുതാപവും ഏറ്റുപറച്ചിലുമാണ് ദൈവം പരിഗണിക്കുന്നത്. ഇത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഗൗരവകരമായ സത്യമാണ്! ഈ സത്യത്തെ അനാവരണം ചെയ്യേണ്ടത് മനോവയുടെ സുപ്രധാന ദൗത്യമായി പരിഗണിക്കുന്നു.

അനുതപിക്കുന്ന പാപി!

കുംബസാരത്തിന്റെ അടിസ്ഥാനം പാപങ്ങളെക്കുറിച്ചുള്ള അനുതാപമാണ്. അനുതാപത്തില്‍നിന്നുള്ള ഏറ്റുപറച്ചിലില്‍ മാത്രമേ ആത്മാര്‍ത്ഥയുണ്ടെന്നു പറയാന്‍ കഴിയുകയുള്ളു. അതായത്, ഒരുവന്റെ ഏറ്റുപറച്ചിലില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നത് അവനും ദൈവവുമല്ലാതെ മറ്റാരും അറിയുന്നില്ല. തന്നോട് ഏറ്റുപറയുന്നവന്റെ ആത്മാര്‍ത്ഥത, കേള്‍ക്കുന്ന വ്യക്തിയ്ക്കുപോലും പൂര്‍ണ്ണമായ തലത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്നതാണു സത്യം. എന്നാല്‍, ഒരുവന്റെ ഹൃദയം പരിശോധിക്കുന്നവനായ ദൈവത്തിന് അവന്റെ ഹൃദയവിചാരങ്ങള്‍ പൂര്‍ണ്ണമായി അറിയാന്‍ സാധിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, ഏറ്റുപറച്ചിലിലൂടെ ദൈവത്തെ കബളിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

സത്യസന്ധമല്ലാത്ത ഏറ്റുപറച്ചിലുകള്‍ ഉണ്ടെങ്കിലും അനുതാപത്തില്‍ ഒരിക്കലും മായമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് പാപിയുടെ അനുതാപത്തില്‍ സ്വര്‍ഗ്ഗം സന്തോഷിക്കുന്നത്. പാപിയുടെ അനുതാപത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നവനാണ് നമ്മുടെ ദൈവമായ യേഹ്ശുവാ! ക്രിസ്ത്യാനികളില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഈ അനുതാപം എവിടെയാണ് ആരംഭിക്കുന്നതെന്ന് ചിന്തിക്കാത്തവരായ പലരും നമ്മുക്കിടയിലുണ്ട്. ഹൃദയത്തിലാണെന്നും മനസ്സിലാണെന്നും ആത്മാവിലാണെന്നും ഒക്കെയുള്ള പല അഭിപ്രായങ്ങള്‍ ഓരോരുത്തരും പറയാറുണ്ട്. എന്നാല്‍, അനുതാപം തുടങ്ങുന്നത് അറിവില്‍നിന്നാണ് എന്ന അഭിപ്രായമാണ് മനോവയ്ക്കുള്ളത്. വചനത്തില്‍നിന്നു രൂപപ്പെട്ട അഭിപ്രായമാണിത്. അറിവിനെ കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കിയാല്‍ അത് തിരിച്ചറിവാണെന്നു കണ്ടെത്താന്‍ കഴിയും. അതായത്, തിരിച്ചറിവാണ് ഒരുവനില്‍ അനുതാപം ഉണര്‍ത്തുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പരിശോധിക്കുന്ന ആദ്യത്തെ വചനമിതാണ്: "അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹ: 16; 8). പാപത്തെക്കുറിച്ചു ബോധ്യപ്പെടുകയെന്നാല്‍ അറിവ് നേടുക എന്നുതന്നെയാണ് അര്‍ത്ഥം! ഒരുവന് പാപബോധമുണ്ടാകുന്നത് പാപത്തെക്കുറിച്ചുള്ള അറിവില്‍നിന്നാണ്. ഈ പാപബോധമാണ് ഒരുവനെ അനുതാപത്തിലേക്കു നയിക്കുന്നത്. ഇതെല്ലാം ഒരുവനു ലഭിക്കുന്നത് പരിശുദ്ധാത്മാവു മുഖേനയാണെന്ന്‍ യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു.

അനുതാപത്തെ സംബന്ധിച്ച് പരാമര്‍ശമുള്ള ഒരു ഉപമ യേഹ്ശുവാ പറഞ്ഞിട്ടുണ്ട്. ധൂര്‍ത്തപുത്രന്റെ ഉപമയിലാണ് ആ പരാമര്‍ശം. പിതാവിന്റെ സ്വത്തെല്ലാം നശിപ്പിച്ചതിനുശേഷം ദരിദ്രനായി മാറിയ മകന്‍ തന്റെ ദുരവസ്ഥയില്‍ ഇരുന്നുകൊണ്ട് അനുതപിക്കുന്ന രംഗമാണ് നമ്മുടെ വിഷയവുമായി ചേര്‍ത്തുവച്ചു പരിശോധിക്കുന്നത്. ഉപമയിലെ ഒരുഭാഗം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "അവന്‍, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അവന്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ടു വയറുനിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ"(ലൂക്കാ: 15; 15-19). ഇവിടെ രണ്ടു പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ധൂര്‍ത്തപുത്രനു ലഭിച്ച സുബോധം അവനെ അനുതാപത്തിലേക്കു നയിച്ചു എന്നതാണ് ഒന്നാമത്തെ പ്രധാനകാര്യമെങ്കില്‍, താന്‍ ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് എഴുന്നേല്‍ക്കും എന്ന തീരുമാനം അവനെടുത്തു എന്നതാണ് രണ്ടാമത്തെ പ്രധാന വിഷയം!

അനുതാപത്തിന്റെ രണ്ടു ഘട്ടങ്ങളാണ് നാമിവിടെ കണ്ടത്. താന്‍ ആയിരിക്കുന്ന പാപാവസ്ഥയെക്കുറിച്ചുള്ള ബോധ്യം ലഭിച്ചപ്പോഴാണ് അതില്‍നിന്നു പുറത്തുവരാനുള്ള തീരുമാനമെടുക്കാന്‍ അവനു സാധിച്ചത്. കുംബസാരത്തിന്റെ ആദ്യപടിയായി ഒരുവനില്‍ സംഭവിക്കേണ്ട മാറ്റമിതാണ്. പാപത്തെക്കുറിച്ചുള്ള ബോധം, ആ പാപത്തില്‍നിന്ന് എഴുന്നേല്‍ക്കും എന്ന ദൃഢനിശ്ചയം എന്നിവയാണ് കുംബസാരത്തിനുവേണ്ട അടിസ്ഥാന യോഗ്യതകള്‍! ഈ രണ്ട് അവസ്ഥകളില്‍ എത്തിച്ചേരാത്ത ഒരുവന്റെ കുംബസാരത്തിന് യാതൊരു ഫലവുമില്ല! ഈ രണ്ട് അവസ്ഥകള്‍ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. എന്തെന്നാല്‍, കുംബസാരത്തെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ പറയുന്നതുപോലെ, ദൈവത്തോടുള്ള ഏറ്റുപറച്ചില്‍ ഇതാണ്. പാപത്തെക്കുറിച്ച് ഉത്തമബോധ്യം ലഭിക്കുകയും, ആ പാപത്തില്‍ തുടരുകയില്ലെന്നു തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരുവന്‍ ദൈവസന്നിധിയില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു കഴിഞ്ഞു. എന്നാല്‍, പാപമോചനം പൂര്‍ണ്ണമാകാനും അത് അനുഭവവേദ്യമാകാനും ഈ അനുതാപം മാത്രം പോരാ! ഇവിടെയാണ്‌ ഏറ്റുപറച്ചിലിന്റെ അനിവാര്യത!

ദൈവമായ യാഹ്‌വെയ്ക്കുവേണ്ടി ജറുസലേമില്‍ ഒരു ആലയം നിര്‍മ്മിച്ചതിനുശേഷം സോളമന്‍ ഇപ്രകാരം അവിടത്തോടു പ്രാര്‍ത്ഥിച്ചു: "അവര്‍ അങ്ങേക്കെതിരേ പാപംചെയ്യുകയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - അവിടുന്നു കോപിച്ച് അവരെ ശത്രുകരങ്ങളില്‍ ഏല്പിക്കുകയും, ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള ദേശത്തേക്കു തടവുകാരായി കൊണ്ടുപോകുകയും, ആ പ്രവാസദേശത്തുവച്ച് അവര്‍ ഹൃദയപൂര്‍വ്വം പശ്ചാത്തപിക്കുകയും, ഞങ്ങള്‍ പാപം ചെയ്തുപോയി, അനീതിയും അക്രമവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, ആ ദേശത്തുവച്ച് അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്‌സോടും കൂടെ അനുതപിച്ച്, അങ്ങ് അവരുടെ പിതാക്കന്മാര്‍ക്കു നല്‍കിയ ദേശത്തേക്കും, അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അങ്ങയുടെ നാമത്തിനു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും തിരിഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍, അങ്ങയുടെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അങ്ങേക്കെതിരേ പാപം ചെയ്ത, അങ്ങയുടെ ജനത്തോടു ക്ഷമിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമേ!"(2 ദിനവൃത്താന്തം: 6; 36-39). പശ്ചാത്താപം മാത്രംപോരാ പാപങ്ങള്‍ ഏറ്റുപറയുകയും വേണമെന്ന സൂചന ഇവിടെയുണ്ടെങ്കില്‍, ഏറ്റുപറച്ചിലിന്റെ അനിവാര്യത വ്യക്തമാക്കിയിരിക്കുന്നത് യേഹ്ശുവായാണ്. ആയതിനാല്‍, ഏറ്റുപറച്ചിലിന്റെ അടിസ്ഥാനമെന്താണെന്നു വിശദമായിത്തന്നെ പരിശോധിക്കാം.

ഏറ്റുപറയേണ്ടത് ദൈവത്തോടല്ല!

ദൈവസന്നിധിയില്‍ നമുക്കു വേണ്ടത് അനുതാപമാണ്; ഏറ്റുപറച്ചിലല്ല! അനുതപിക്കുന്ന ഹൃദയങ്ങളെ സ്വര്‍ഗ്ഗരാജ്യം പരിഗണനയില്‍ എടുക്കുകയും അതിനെപ്രതി സന്തോഷിക്കുകയും ചെയ്യുന്നു. "നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍"(യാക്കോ: 5; 16). മനുഷ്യര്‍ പരസ്പരമാണ് പാപങ്ങള്‍ ഏറ്റുപറയേണ്ടതെന്ന യാഥാര്‍ത്ഥ്യമാണ് ഈ ബൈബിള്‍ സന്ദേശത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹ: 1; 9). പരസ്പരം പാപങ്ങള്‍ ഏറ്റുപറയണം എന്ന് ബൈബിള്‍ നമ്മോടു പറയുമ്പോള്‍, ദൈവത്തോടു മാത്രമാണ് പാപങ്ങള്‍ ഏറ്റുപറയേണ്ടതെന്ന സന്ദേശവുമായി നടക്കുന്നവര്‍ ദുരുപദേശികളാണെന്നു മനസ്സിലാക്കേണ്ടിവരും. സാത്താനുവേണ്ടിയാണ് ഇക്കൂട്ടര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത്. യേഹ്ശുവായിലൂടെ സൗജന്യമായി ലഭിക്കുന്ന രക്ഷ സ്വന്തമാക്കണമെങ്കില്‍ പശ്ചാത്തപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും വേണം. പരമപ്രധാനമായ ഈ സത്യത്തെ തമസ്ക്കരിക്കുന്ന സഭകളും സമൂഹങ്ങളും, അറിഞ്ഞോ അറിയാതെയോ സാത്താന്റെ ഉപകരണങ്ങളായി നിലകൊള്ളുകയാണ്!

തെറ്റ് ആരോടു ചെയ്തുവോ ആ വ്യക്തിയോടാണ് തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമചോദിക്കേണ്ടത്. ദൈവമായ യാഹ്‌വെ നല്‍കിയ കല്പനകളില്‍ ആദ്യത്തെ മൂന്നു കല്പനകള്‍ ദൈവത്തോടു നാം പാലിക്കേണ്ട നിയമങ്ങളാണ്. ശേഷിക്കുന്ന ഏഴു കല്പനകളാണ് സഹോദരങ്ങളുമായി ബന്ധപ്പെട്ടുള്ള കല്പനകള്‍. ഈ കല്പനകളുടെ വിവരണങ്ങളായി നൂറുകണക്കിനു നിയമങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. സഹോദരങ്ങളില്‍ ആരോടെങ്കിലും ഒരുവന്‍ തെറ്റുചെയ്യുമ്പോള്‍, അത് ദൈവത്തോടും ആ വ്യക്തിയോടും മാത്രമല്ല, തന്നോടുതന്നെയുമുള്ള പാപമാണ്. എന്തെന്നാല്‍, ദൈവത്തിന്റെ കല്പന നിരസിച്ചതുകൊണ്ട് ദൈവത്തോടും, പാപത്തിന്റെ ഫലം അനുഭവിക്കുന്നത് മറ്റൊരുവനായതുകൊണ്ട് അവനോടും, പാപത്തിന്റെ ശിക്ഷ അനുഭവിക്കുന്നത് ആ പാപം ചെയ്ത വ്യക്തിയുടെ ആത്മാവായതുകൊണ്ട് തന്നോടുതന്നെയുമുള്ള പാപമായി പരിഗണിക്കപ്പെടുന്നു. ആയതിനാല്‍, പാപമോചനം ആഗ്രഹിക്കുന്ന വ്യക്തി മൂന്ന്‍ ഏറ്റുപറച്ചില്‍ നടത്തേണ്ടിവരും. അനുതാപത്തിലൂടെ ദൈവത്തോടുള്ള ഏറ്റുപറച്ചില്‍ മാത്രമേ ആകുന്നുള്ളു. പാപം ചെയ്യുന്ന വ്യക്തി തന്റെ ആത്മാവിനോടും പാപത്തിന് ഇരയായ വ്യക്തികളോടും ഏറ്റുപറയുമ്പോള്‍ മാത്രമേ പാപമോചനം പൂര്‍ണ്ണമാകുന്നുള്ളു.

ഇവിടെയാണ്‌ ചില പ്രശ്നങ്ങള്‍ കടന്നുവരുന്നത്. ഒരുവന്‍ ഒരു സ്ത്രീയുമായി വ്യഭിചാരം ചെയ്തുവെന്ന് കരുതുക. ആ സ്ത്രീ മറ്റൊരു പുരുഷന്റെ ഭാര്യയും അയാളുടെ കുഞ്ഞിന്റെ അമ്മയുമാണ്. ഇവിടെ അവന്‍ പാപം ചെയ്തത് ദൈവത്തോടും ആ സ്ത്രീയോടും തന്നോടുതന്നെയും മാത്രമല്ല, അവളുടെ ശരീരത്തിന്റെ ഏക അവകാശിയായ അവളുടെ ഭര്‍ത്താവിനോടും അവരുടെ കുഞ്ഞിനോടും കൂടിയാണ്! പാപം ചെയ്ത വ്യക്തിക്ക് പിന്നീട് സുബോധമുണ്ടാകുകയും അനുതപിക്കുകയും ചെയ്യുന്നു. അവന്‍ ആരോടെല്ലാം പാപം ചെയ്തുവോ അവരോടെല്ലാം ഏറ്റുപറയുക എന്നതാണ് സാമാന്യനീതി. എന്നാല്‍, അങ്ങനെയൊരു ഏറ്റുപറച്ചിലിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തിന്റെ ആഴം എത്രത്തോളമായിരിക്കും എന്ന് പ്രവചിക്കാന്‍ കഴിയില്ല. കുംബസാരം ഇന്നത്തെ രീതിയിലേക്ക് മാറിയതിന്റെ പ്രധാന കാരണവും ഇതുതന്നെ! കുംബസാരത്തിന്റെ ചരിത്രം അവസാനം പരിഗണിക്കാം. എന്തെന്നാല്‍, ഏറ്റുപറച്ചിലിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിലതുകൂടി പരിശോധിക്കേണ്ടതുണ്ട്.

പാപങ്ങള്‍ ഏറ്റുപറയുന്നതിലൂടെ ഒരുവന്‍ തന്നെത്തന്നെ താഴ്ത്തി എളിമയുടെ മനോഭാവം സ്വീകരിക്കുന്നു. ഇത് ദൈവസന്നിധിയില്‍ പരിഗണിക്കപ്പെടുന്ന മഹത്തായ മനോഭാവമാണ്. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. ഫരിസേയന്‍ തന്നെത്തന്നെ ന്യായീകരിച്ചുകൊണ്ടും മഹത്വപ്പെടുത്തിക്കൊണ്ടും ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, ചുങ്കക്കാരന്റെ പ്രാര്‍ത്ഥന ഇപ്രകാരമാണ് ബൈബിളില്‍ നാം വായിക്കുന്നത്: "ദൂരെനിന്നു സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ത്ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും"(ലൂക്കാ: 18; 13, 14). കുംബസാരം, ഏറ്റുപറച്ചില്‍ തുടങ്ങിയ കാര്യങ്ങള്‍ സ്വയം താഴലിന്റെ പ്രതീകമായിക്കൂടി പരിഗണിക്കാന്‍ കഴിയും. ചുങ്കക്കാരന്‍ ഇവിടെ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത് ദൈവത്തോടായിരുന്നുവെങ്കിലും, അത് പൊതുവായ ഒരു ഏറ്റുപറച്ചിലായിരുന്നു.

ഏറ്റുപറയേണ്ടത് ദൈവത്തോടല്ല എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇനിയും തരാം. യേഹ്ശുവാ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: "നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ: 5; 23, 24). ദൈവത്തോടു നേരിട്ടു പറഞ്ഞാല്‍ മാത്രം മതിയായിരുന്നുവെങ്കില്‍, അവന് ബലിപീഠത്തില്‍ കാഴ്ചവസ്തു അര്‍പ്പിക്കുന്നതിനു തടസ്സമുണ്ടാകുമായിരുന്നോ? ദൈവത്തോട് തന്റെ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് കാഴ്ചവസ്തു ബലിപീഠത്തില്‍ അര്‍പ്പിക്കാമായിരുന്നില്ലേ? ബലിയര്‍പ്പണം പൂര്‍ത്തിയാക്കിയിട്ട് സഹോദരനുമായി രമ്യതപ്പെട്ടാല്‍ മതിയെന്ന ഉപദേശംപോലുമല്ല യേഹ്ശുവാ ഇവിടെ നല്‍കിയിരിക്കുന്നത്. ആരുമായാണോ പാപം ചെയ്തത്, അവനുമായി രമ്യതപ്പെടുമ്പോള്‍ മാത്രമേ പാപമോചനം സാധ്യമാകുകയുള്ളു. ഏറ്റുപറച്ചിലിന്റെ അനിവാര്യതയാണ് ഇവിടെ വ്യക്തമാകുന്നത്. കുംബസാരം നടത്തുന്ന വ്യക്തിക്കും ഈ ഉപദേശം ബാധകമാണ്. ഒരുവനോട് തെറ്റുചെയ്യുകയും, എന്നാല്‍ അവനോടു രമ്യതപ്പെടാനുള്ള സാഹചര്യമുണ്ടായിരിക്കെ അതു ചെയ്യാതെ, കുംബസാരം മാത്രം നടത്തുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഈ സാഹചര്യത്തിലും പാപമോചനം പൂര്‍ണ്ണമാകില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതായത്, പാപമോചനത്തിനുള്ള ആദ്യത്തെ പരിഹാരം അനുതാപമാണെങ്കില്‍, അതിന്റെ പൂര്‍ണ്ണത ഏറ്റുപറച്ചിലാണ്!

ദൈവത്തോടു മാത്രമാണ് ഒരുവന്‍ തെറ്റുചെയ്തതെങ്കില്‍ അത് ദൈവത്തോടും തന്റെ ആത്മാവിനോടും ഏറ്റുപറഞ്ഞാല്‍ മതിയാകും. ദൈവത്തോടു മാത്രമായ പാപങ്ങള്‍ ഏതാണെന്നു നമുക്കറിയാം. ഒന്നുമുതല്‍ മൂന്നുവരെയുള്ള കല്പനകളും അതിനോടു ചേര്‍ത്തുവച്ചിരിക്കുന്ന നിയമങ്ങളുമാണ് ദൈവത്തോടു മാത്രമായുള്ള പാപങ്ങള്‍. എന്നാല്‍, ഈ പാപത്തിന്റെ ശിക്ഷ അനുഭവിക്കുന്നത് പാപം ചെയ്യുന്നവന്റെ ആത്മാവാണ്. ഇക്കാരണത്താലാണ് ഏറ്റുപറച്ചില്‍ ദൈവത്തോടും തന്നോടുതന്നെയും ആവശ്യമായി വരുന്നത്. അതായത്, ദൈവത്തോടു മാത്രമായ പാപങ്ങളില്‍പ്പോലും ദൈവത്തെക്കൂടാതെ മറ്റൊരു കക്ഷികൂടി ഭാഗമാകുന്നു. അതിനാല്‍ത്തന്നെ, ഏതൊരു പാപവും പൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നത് ഏറ്റുപറച്ചിലിലൂടെ മാത്രമാണ്. ഏറ്റുപറയുന്ന വ്യക്തിയുടെ അനുതാപം അനിവാര്യമാണെന്ന കാര്യം നാം മുന്‍പേതന്നെ മനസ്സിലാക്കിയതുകൊണ്ട് ഇനിയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ!    

പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യന് അവകാശമുണ്ടോ?

മനുഷ്യന് മറ്റൊരു മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കാന്‍ അവകാശമുണ്ടെന്ന് ആദ്യമായി പ്രഖ്യാപിച്ചത് യേഹ്ശുവായാണ്. ആ സംഭവവും യേഹ്ശുവായുടെ വാക്കുകളും ശ്രദ്ധിക്കുക: "യേഹ്ശുവാ തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേഹ്ശുവാ ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി"(മത്താ: 9; 1-8).

യേഹ്ശുവാ ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ് എന്നതിന് അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. മരണം എന്ന അനിവാര്യമായ ദൗത്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി പരിപൂര്‍ണ്ണ മനുഷ്യനായി കടന്നുവന്ന യേഹ്ശുവാ മരണംവരെ അങ്ങനെതന്നെയായിരുന്നു! യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് അവിടുന്ന് ഭൂമിയില്‍ പ്രവര്‍ത്തിച്ചത്. യേഹ്ശുവാ ഈ ഭൂമിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാക്കാര്യങ്ങളും അതേപടി പ്രവര്‍ത്തിക്കാന്‍ അധികാരവും അവകാശവുമുള്ളവരാണ് അവിടുത്തെ അനുയായികള്‍! അവിടുന്നുതന്നെ അതു പ്രഖ്യാപിച്ചിട്ടുമുണ്ട്: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും"(യോഹ: 14; 12). തന്റെ അനുയായികള്‍ക്ക് യേഹ്ശുവാ നല്‍കിയിരിക്കുന്ന അധികാരമാണ് അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക കാര്യങ്ങളില്‍ മാത്രമല്ല ഈ അവകാശമുള്ളത്; മറിച്ച്, അവിടുന്ന് ഈ ഭൂമിയില്‍ മനുഷ്യനായി കടന്നുവന്നപ്പോള്‍ ചെയ്ത എല്ലാ പ്രവൃത്തികളും ചെയ്യാനുള്ള അധികാരം അവിടുന്ന് നല്‍കിയിരിക്കുന്നു.

യേഹ്ശുവാ വന്നത് സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ആയതുകൊണ്ടാണ് പാപമോചനത്തിനുള്ള അധികാരം അവിടുത്തേക്കുള്ളതെന്നും, അത് അവിടുത്തേക്ക്‌ മാത്രമുള്ളതാണെന്നും ധരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ അവര്‍ നീക്കണം. എന്തെന്നാല്‍, യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "യേഹ്ശുവാ വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും"(യോഹ: 20; 21-23). യേഹ്ശുവായുടെ അനുയായികളും പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ളവരുമായ സകലരുടെയുംമേലുള്ള അഭിഷേകമാണിത്. അന്ന് അവിടെ കൂടിനിന്നവരും യേഹ്ശുവാ നിശ്വസിച്ചപ്പോള്‍ ആ നിശ്വാസം ഏറ്റവരുമായ വ്യക്തികള്‍ക്കു മാത്രമല്ല ഈ അഭിഷേകമുള്ളത്. അങ്ങനെയായിരുന്നുവെങ്കില്‍, യേഹ്ശുവാ നിശ്വസിച്ചുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയപ്പോള്‍ അപ്പസ്തോലനായ തോമാ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് തോമാശ്ലീഹായ്ക്ക് പാപമോചനത്തിനുള്ള അധികാരമില്ലെന്നു പറയാന്‍ സാധിക്കുമോ? ആയതിനാല്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്കൊക്കെ പാപമോചനത്തിനുള്ള അധികാരം ലഭിക്കുകതന്നെ ചെയ്യും!

പാപങ്ങള്‍ ബന്ധിക്കാനും അഴിക്കാനുമുള്ള അധികാരം പത്രോസിനു മാത്രമായി നല്‍കപ്പെട്ടിരിക്കുന്ന അധികാരമാണെന്നു ചിലരൊക്കെ വാദിക്കുന്നു. തങ്ങളുടെ വാദങ്ങളെ സ്ഥിരീകരിക്കുന്നതിനായി ചൂണ്ടിക്കാണിക്കുന്ന വചനമിതാണ്: "നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 19). ഇത് പത്രോസിനോടു മാത്രമായി പറയുന്ന വചനമാണെങ്കില്‍, മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ വചനംതന്നെ യേഹ്ശുവാ പറയുന്നതു ശ്രദ്ധിക്കുക: "നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 18). ആദ്യത്തെ വചനത്തില്‍ 'നീ' എന്നും രണ്ടാമത്തേതില്‍ 'നിങ്ങള്‍' എന്നും കാണാം. ഇത് വ്യത്യസ്തമായ രണ്ടു സാഹചര്യങ്ങളില്‍ യേഹ്ശുവാ പറഞ്ഞ വചനങ്ങളാണ്. ഒന്നാമത്തെ സാഹചര്യം പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തോടുള്ള യേഹ്ശുവായുടെ പ്രതികരണമായിരുന്നു. എന്നാല്‍, രണ്ടാമത്തെ സാഹചര്യം വളരെ വ്യത്യസ്തമാണ്. എന്തായിരുന്നു ആ സാഹചര്യമെന്നു മനസ്സിലാക്കിയാല്‍, പാപങ്ങള്‍ ക്ഷമിക്കാനുള്ള അവകാശം ഭരമേല്പിക്കപ്പെടുന്നതാണെന്നു വ്യക്തമാകും. അത് ഇപ്രകാരമാണ് നാം വായിക്കുന്നത്: "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 15-18).

നാം ആരംഭത്തില്‍ പരിശോധിച്ച ഒരു വിഷയം ഇവിടെ സ്ഥിരീകരിക്കുന്നത് കാണാന്‍ കഴിയും. അനുതാപം ലഭിക്കുന്നത് ബോധ്യത്തില്‍നിന്നാണ് (അറിവില്‍നിന്ന്) എന്ന വിഷയത്തിലുള്ള സ്ഥിരീകരണം ഇവിടെയുണ്ട്. തെറ്റുചെയ്ത സഹോദരനെ അത് ബോധ്യപ്പെടുത്താനുള്ള ഉപദേശം യേഹ്ശുവാ നല്‍കിയിരിക്കുന്നു. അവനു ബോധ്യപ്പെട്ടാല്‍ ആ സഹോദരനെ നേടിയെന്നാണ് യേഹ്ശുവാ പറയുന്നത്. അതായത്, തെറ്റുചെയ്ത വ്യക്തിയും അവനെ അത് ബോധ്യപ്പെടുത്തുന്ന വ്യക്തിയും മാത്രമുള്ള സാഹചര്യത്തിലും പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു. പാപങ്ങള്‍ ക്ഷമിക്കുന്നതിനുള്ള അധികാരം നല്‍കിയ വേളയിലാണ് യേഹ്ശുവാ ഇക്കാര്യം അറിയിക്കുന്നത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതുതന്നെയാണ് കുംബസാരം എന്ന കൂദാശയില്‍ സംഭവിക്കുന്നതും! ഒരു വ്യക്തിയ്ക്ക് തന്റെ പാപങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകുകയും അത് മറ്റൊരു അഭിഷിക്തനോട് (ക്രിസ്ത്യാനി) ഏറ്റുപറയുകയും ചെയ്യുമ്പോള്‍, കേള്‍ക്കുന്ന വ്യക്തിക്ക് അവന്റെ പാപങ്ങള്‍ മോചിക്കാന്‍ അവകാശമുണ്ട്. സഭയിലെ ശ്രേഷ്ഠന്മാരാണ് പാപമോചനം നല്‍കുന്നതെങ്കില്‍, കൂടുതല്‍ ആധികാരികതയുണ്ടെന്നു നാം മനസ്സിലാക്കിയിരിക്കണം. കാരണം, തന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടു എന്ന് ഏറ്റുപറഞ്ഞവന് ഉറപ്പുലഭിക്കുവാന്‍ ശ്രേഷ്ഠന്മാരുടെ പ്രഖ്യാപനം കൂടുതല്‍ ഉപകരിക്കും. ആയതിനാല്‍, കുംബസാരം എന്നത് വെറുമൊരു പ്രഹസനമാണെന്നു കരുതുന്ന 'ന്യൂജന്‍' സഭകളും അതിലെ അംഗങ്ങളും ഇക്കാര്യത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ്!

പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഏതൊരു ക്രിസ്ത്യാനിക്കുമുള്ള അവകാശം കത്തോലിക്കാസഭയിലെ വൈദീകരില്‍ ഇല്ലെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവരുടെ താത്പര്യം വേറെയാണ്! മറ്റേതൊരു വിശ്വാസികള്‍ എന്നതിനേക്കാള്‍ ആധികാരികത വൈദീകര്‍ നല്‍കുന്ന പാപമോചനത്തിന് ഉണ്ടെന്നതാണ് യഥാര്‍ത്ഥ സത്യം! കാരണം, മറ്റൊരു വ്യക്തിയാണ് പാപമോചനം നല്‍കുന്നതെങ്കില്‍, ആ വ്യക്തി ജ്ഞാനസ്നാനം സ്വീകരിച്ചവനാണെന്നതിനോ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവനാണെന്നതിനോ വ്യക്തമായ തെളിവില്ല. എന്നാല്‍, കത്തോലിക്കാസഭയിലെ ഒരു വൈദീകനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ ഉറപ്പുണ്ട്. ഇതുതന്നെയാണ് കുംബസാരം എന്ന കൂദാശയുടെ ആധികാരികതയും ഉറപ്പും! കത്തോലിക്കാസഭയിലെ ഒരു വൈദീകന് പാപമോചനം നല്‍കാനുള്ള ആധികാരികത ഉണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഈ ആധികാരികത വൈദീകര്‍ക്കു മാത്രമേയുള്ളുവെന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നു പറയേണ്ടിവരും. വൈദീകര്‍ക്കു മാത്രമേ ഈ അധികാരമുള്ളു എന്നു ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ ഉള്ളതുകൊണ്ടാണ് ഇപ്രകാരം മനോവ പറയുന്നത്. വൈദീകര്‍ക്കു മാത്രമുള്ള അവകാശവും അധികാരവുമായിരുന്നു ഇതെങ്കില്‍, അഞ്ചാം നൂറ്റാണ്ടിനു മുന്‍പ് ജീവിച്ചു കടന്നുപോയ ആര്‍ക്കും പാപമോചനം ലഭിച്ചിട്ടുണ്ടാകില്ല! കാരണം, വൈദീകര്‍ എന്ന സംവീധാനം ഉണ്ടായത് അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ്!

കുംബസാരത്തിന്റെ ചരിത്രവും വചനപരമായ പ്രാധാന്യവും.

ഇന്നത്തെ രീതിയിലുള്ള കുംബസാരം ആരംഭിച്ചത് ക്രിസ്തീയതയുടെ ആരംഭത്തിലായിരുന്നില്ല. സഭ സമ്മേളിക്കുമ്പോള്‍, എല്ലാവരുടെയും മുന്‍പാകെ പാപങ്ങള്‍ ഏറ്റുപറയുന്ന രീതിയായിരുന്നു ആദിമസഭയില്‍ നിലനിന്നിരുന്നത്. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയായപ്പോള്‍ പുനര്‍വിചിന്തനത്തിനു സഭാശ്രേഷ്ഠന്മാര്‍ തയ്യാറായി. വചനത്തെ സംബന്ധിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ വൈകി എന്നതാണ് യാഥാര്‍ത്ഥ്യം. സഭാസമ്മേളനങ്ങളില്‍ സ്വന്തം പാപങ്ങള്‍ വിളിച്ചുപറയുന്നതിലൂടെ സംഭവിക്കാവുന്ന ദുരന്തങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. മറ്റുള്ളവന്റെ കുറ്റങ്ങള്‍ വിളിച്ചുപറഞ്ഞ്‌ സ്വയം ന്യായീകരണം നടത്തുന്നവരും, ജീവിതപങ്കാളിയുടെ പാപങ്ങള്‍ വിളിച്ചുപറയുന്ന വ്യക്തികളുമൊക്കെ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നകാര്യം മറക്കരുത്. ഇത്തര അവസ്ഥകള്‍ക്കുള്ള പരിഹാരം എന്നനിലയിലാണ് സഭയിലെ ശ്രേഷ്ഠന്മാരുടെ ചെവിയില്‍ പറയുന്ന രീതിയ്ക്ക് തുടക്കമിട്ടത്. ഈ ആശയത്തിന്റെ പരിണാമമാണ് ഇന്നത്തെ രീതിയിലുള്ള കുംബസാരം!

മറ്റുള്ളവരുടെമേല്‍ പാപം ആരോപിക്കുന്ന കുറ്റകരമായ അവസ്ഥ മാത്രമായിരുന്നില്ല വിളിച്ചുപറയലിന്റെ പോരായ്മ. സ്വന്തം പാപങ്ങളെ മൂടിവയ്ക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന അവസ്ഥയും ഏറ്റുപറച്ചിലിന്റെ പോരായ്മ തന്നെയാണ്. കുംബസാരക്കൂട്ടില്‍പ്പോലും പറയാന്‍ ലജ്ജിക്കുന്നത് പൊതുസമൂഹത്തിനു മുന്‍പില്‍ പറയില്ല എന്നകാര്യം സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമല്ലോ! ആയതിനാല്‍, കത്തോലിക്കാസഭയും മറ്റിതര അപ്പസ്തോലിക സഭകളും നിലനിര്‍ത്തിയിരിക്കുന്ന രീതിയിലുള്ള കുംബസാരം തന്നെയാണ് ദൈവഹിതം! ക്രിസ്തുവിന്റെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും ഉപദേശങ്ങളും ഇപ്പോഴത്തെ ശൈലിയിലുള്ള കുംബസാരത്തെ പിന്‍താങ്ങുന്നതും അംഗീകാരമുദ്ര ചാര്‍ത്തുന്നതുമാണ്.

മനസ്സുകൊണ്ട് ദൈവത്തോട് ഏറ്റുപറഞ്ഞാല്‍ മതിയെന്നു വാദിക്കുന്ന ബുദ്ധിജീവികളുടെ കുബുദ്ധി തിരിച്ചറിയാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കു സാധിക്കും. ദൈവത്തോടു നേരിട്ടു നടത്തുന്ന ഏറ്റുപറച്ചിലിനെ പ്രോത്സാഹിപ്പിക്കുകയും പരസ്പരമുള്ള ഏറ്റുപറച്ചിലിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നവരുടെ ലക്‌ഷ്യം പാപികള്‍ക്ക് പാപത്തില്‍ തുടരാനുള്ള വിശാലമായ സൗകര്യം ഒരുക്കുക എന്നതാണ്. ആത്മാര്‍ത്ഥതയില്ലാത്ത ഏറ്റുപറച്ചില്‍ നടക്കുന്നത് കുംബസാരത്തിലല്ല; മറിച്ച്, ദൈവത്തോട് നേരിട്ടു പറയുന്ന ആശയക്കാരുടെ കാര്യത്തിലാണ്. ഇതിനെക്കുറിച്ചുള്ള പരിശോധന നാം പൂര്‍ത്തിയാക്കിയതുകൊണ്ട് ഇനിയുമൊരു വിവരണത്തിന് മുതിരുന്നില്ല. തങ്ങളുടെ സ്വകാര്യപാപങ്ങളെ എക്കാലവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ടു ദൈവത്തോടു പറയുന്നത് ആശ്വാസകരമായി തോന്നും. എന്നാല്‍, ആത്മാര്‍ത്ഥതയുള്ള ഏറ്റുപറച്ചിലായി ഇതിനെ പരിഗണിക്കാന്‍ സാധിക്കുമോ എന്നത് ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയുമായി കൂടിയാലോചിച്ച് ഉറപ്പിക്കുക!

കുംബസാരത്തിന്റെ പ്രാധാന്യം പ്രഖ്യാപിച്ചിട്ടുള്ള വചനങ്ങളില്‍ പലതും നാം പരിശോധിച്ചുകഴിഞ്ഞു. ഏറ്റുപറച്ചിലിന്റെ അനിവാര്യത തന്നെയാണ് കുംബസാരത്തിന്റെ ആധികാരികതയും ഔന്നത്യവും! പാപങ്ങള്‍ പരസ്പരം ഏറ്റുപറയുക എന്നതിന് പല മാനങ്ങളുണ്ട്. അത് ഓരോ പാപങ്ങളുടെയും സ്വഭാവമനുസരിച്ചാണ് നിശ്ചയിക്കേണ്ടത്. ഒരുവനെതിരേ വ്യക്തിഹത്യ നടത്തുകയോ കള്ളസാക്ഷ്യം നല്‍കുകയോ ചെയ്തതിനുശേഷം കുംബസാരത്തില്‍ ഏറ്റുപറയുന്നതിലൂടെ പാപമോചനം പൂര്‍ണ്ണമാകുകയില്ല. ആ വ്യക്തിയുമായി രമ്യതയിലെത്തേണ്ട ആവശ്യംകൂടി ഇവിടെ പ്രസക്തമാകുന്നു. അതുപോലെതന്നെ, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ ഒരുവന്റെ മരണത്തിന് ഉത്തരവാദിയായ ഒരുവന്റെ കുംബസാരവും അനുതാപവും പൂര്‍ണ്ണമാകുന്നത് പരിഹാരത്തിലൂടെയാണ്. പാപത്തിന്റെ പരിഹാരം യേഹ്ശുവാ ചെയ്തുകഴിഞ്ഞെങ്കിലും, ആ കുടുംബത്തിനു ഭൗതികമായി വരുത്തിയ നഷ്ടത്തിന് പരിഹാരം ചെയ്യാനുള്ള ഉത്തരവാദിത്തം പരിഹരിക്കപ്പെടുന്നില്ല. മോഷണത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്. ഇത്തരം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്ന ഒരുവനു മാതൃകയാക്കാന്‍ യോഗ്യതയുള്ള ഒരു മനുഷ്യനെ ബൈബിളില്‍ കാണുന്നുണ്ട്. അത് സക്കേവൂസ് എന്ന ചുങ്കക്കാരനാണ്. അവന്റെ പശ്ചാത്താപം പരിഹാരം ചെയ്തുകൊണ്ടുള്ളതായിരുന്നു.

സക്കേവൂസിന്റെ പരിഹാരത്തോടുകൂടിയുള്ള പശ്ചാത്താപം ഇപ്രകാരമായിരുന്നു: "സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: യേഹ്ശുവായേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു"(ലൂക്കാ: 19; 8). ഇതാണ് പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും പൂര്‍ണ്ണത! യേഹ്ശുവായുടെ മറുപടിയില്‍ ഇക്കാര്യത്തിന്റെ സ്ഥിരീകരണം നമുക്കു ദര്‍ശിക്കാന്‍ കഴിയും. ആ മറുപടി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "യേഹ്ശുവാ അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്"(ലൂക്കാ: 19; 9). വളരെ പ്രസക്തമായ ഒരു കാര്യമാണ് യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചത്. പരിഹാരത്തോടെയുള്ള പശ്ചാത്താപത്തിലൂടെ ലഭിക്കുന്നത് ഭവനം ഒന്നാകെയുള്ള രക്ഷയാണ്. അതായത്, പാപത്തിന്റെ ശാപം തലമുറകളിലേക്കു കടന്നുപോകാതെ, ശാപം നിഷ്ക്കാസനം ചെയ്യപ്പെടുന്നു. രക്ഷയിലേക്കു കടന്നുവന്നിട്ടും പലരുടെയും ഭവനങ്ങളെ ശാപങ്ങള്‍ വേട്ടയാടുന്നുവെങ്കില്‍, കാരണം മറ്റൊന്നല്ല. ഇവിടെയാണ് കുംബസാരത്തിന്റെ മറ്റൊരു പ്രാധാന്യം മനസ്സിലാക്കേണ്ടത്. പാപങ്ങളുടെ ഗൗരവത്തെ അടിസ്ഥാനപ്പെടുത്തി പരിഹാരം നിശ്ചയിക്കാനും ഉപദേശങ്ങള്‍ നല്‍കാനും വൈദീകര്‍ക്കു സാധിക്കും. ആത്മീയജ്ഞാനമുള്ള വൈദീകര്‍ സഭയില്‍ ഉണ്ടായിരുന്നപ്പോഴത്തെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. എന്നാല്‍, പാപത്തെക്കുറിച്ച് പൈശാചിക ആശയങ്ങള്‍ കൊണ്ടുനടക്കുന്ന വൈദീകരുടെ ഉപദേശത്തിനു ചെവികൊടുക്കാതെ, പാപമോചനത്തിന്റെ ആശിര്‍വാദം സ്വീകരിച്ച് കുംബസാരക്കൂട് വിടുന്നതായിരിക്കും അഭികാമ്യം!

കുംബസാരിക്കുന്നവര്‍ക്കുള്ള ഉപദേശം!

കുംബസാരം എന്ന കൂദാശയെക്കുറിച്ച് കത്തോലിക്കാസഭയിലെ ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മനോവയ്ക്കറിയാം. കുംബസാരത്തിനുവേണ്ട ഒരുക്കത്തെക്കുറിച്ചും കാത്തോലിക്കാസഭയിലെ വിശ്വാസികള്‍ ബോധവാന്മാരും ബോധവതികളുമാണ്. എന്നാല്‍, മനോവ ആവര്‍ത്തിച്ചു പറയാറുള്ളതുപോലെ, 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ ഈ ലോകത്തുള്ള സകല സംവീധാനങ്ങളിലും സ്വാധീനമുറപ്പിച്ചു കഴിഞ്ഞതിനാല്‍, കുംബസാരത്തെപ്പോലും സൂക്ഷമതയോടെ സമീപിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും ഈ സംഘത്തിന്റെ സ്വാധീനമുണ്ട്. അതിനാല്‍ത്തന്നെ, കുംബസാരക്കൂട്ടില്‍ ഇരിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ 'നോമിനി' ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കുംബസാരം എന്ന മഹത്തായ കൂദാശയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന നീക്കങ്ങളുടെ പിന്നില്‍പ്പോലും ഇവറ്റകളുടെ ഇടപെടലുകള്‍ ദര്‍ശിക്കാന്‍ കഴിയും. കുംബസാരത്തെ ലൈംഗീക ദുരുപയോഗത്തിനുള്ള അവസരമായി കാണുന്ന വൈദീകരുണ്ടെങ്കില്‍, അവരെ വൈദീകവൃത്തിയിലേക്ക് പറഞ്ഞയച്ചത് ഈ നിഗൂഢസംഘമാണെന്ന് നാം തിരിച്ചറിയണം. ആയതിനാല്‍, കുംബസാരത്തെ സമീപിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നകാര്യത്തില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മനോവ തയ്യാറാവുകയാണ്‌.

കത്തോലിക്കാസഭയില്‍ സ്ഥാപിതമായിരിക്കുന്ന കൂദാശകളില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതും പരിഹസിക്കപ്പെട്ടിട്ടുള്ളതുമായ കൂദാശയാണ് കുംബസാരം! അതുപോലെതന്നെ, ദുരുപയോഗിക്കപ്പെടാന്‍ അവസരം കൂടുതലുള്ളതും കുംബസാരം എന്ന കൂദാശതന്നെ! ഈ കൂദാശയോട് സാത്താനുള്ള അസ്വസ്ഥത എന്താണെന്ന് ഈ ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ നാം മനസ്സിലാക്കി. കുംബസാരത്തോടുള്ള അരിശം തീര്‍ക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗമാണ് സാത്താന്‍ സ്വീകരിക്കുന്നതെന്ന് അടുത്ത ഉപശീര്‍ഷകത്തില്‍ നാം ചര്‍ച്ച ചെയ്യുന്നുമുണ്ട്! ആയതിനാല്‍, കുംബസാരം എന്ന കൂദാശയെ ധൈര്യപൂര്‍വ്വം സമീപിക്കേണ്ടത് എങ്ങനെയെന്നു നമുക്കു ചര്‍ച്ചചെയ്യാം.

കുംബസാരക്കൂടുകളില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള സാത്താനെക്കുറിച്ചുള്ള അവബോധത്തോടെ ആയിരിക്കണം വിശ്വാസികള്‍ ഈ കൂദാശയെ സമീപിക്കേണ്ടത്. ഈ കൂദാശയെ ലൈംഗീക ചുവയോടെ വീക്ഷിക്കുന്ന വിഷയാസക്തരെ നാം ഗൗനിക്കേണ്ടതില്ല. അവരുടെ വൈകല്യങ്ങള്‍ തന്നെയാണ് മുഴുവന്‍ ക്രിസ്ത്യാനികളുടെയും വൈകല്യം എന്ന് ധരിച്ചുവച്ചിരിക്കുന്നവരെ അവരുടെ വഴിക്കുവിടുക! ഇക്കൂട്ടരാണ് പിശാചിനുവേണ്ടി നിലകൊള്ളുന്നതെന്നു നമുക്കറിയാം. എന്നിരുന്നാലും, കുംബസാരക്കൂടുകളെ സമീപിക്കുന്നവര്‍ ജാഗ്രതപാലിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായ കാര്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. എന്തെന്നാല്‍, വൈദീകവേഷത്തില്‍പ്പോലും ശത്രു നമുക്കു ചുറ്റുമുണ്ട്.

കുംബസാരക്കൂട്ടില്‍ നാം പറയേണ്ടത് നമുക്ക് പാപബോധം ലഭിച്ചിട്ടുള്ള പാപങ്ങളാണ്; മറിച്ച്, പാപത്തെക്കുറിച്ചുള്ള വിവരണമല്ല! കത്തോലിക്കാസഭയുടെ ഒരു വൈദീകനാണ് കുംബസാരക്കൂട്ടില്‍ ഇരിക്കുന്നതെങ്കില്‍, ആ വൈദീകന്‍ ഒരിക്കലും നാം ഏറ്റുപറഞ്ഞ പാപത്തിന്റെ വിശദാംശങ്ങള്‍ ചികയാന്‍ ശ്രമിക്കില്ല. അത് വിവരിക്കാനുള്ള ഒരു ബാധ്യതയും വിശ്വാസികള്‍ക്ക് ഇല്ലെന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം. നമ്മോടൊപ്പം പാപത്തില്‍ പങ്കുകൊണ്ട വ്യക്തി ആരുതന്നെയായിരുന്നാലും അവരെക്കുറിച്ചുള്ള വിവരം വൈദീകനെ അറിയിക്കേണ്ടതില്ല. ഉദാഹരണത്തിന്: ഒരുവന്‍ മറ്റാരോടെങ്കിലും കൂട്ടുചേര്‍ന്ന് മോഷണം നടത്തിയാല്‍, കൂട്ടാളിയുടെ കാര്യം പറയേണ്ടതില്ല. എന്തെന്നാല്‍, നാം കുംബസാരിക്കുന്നത് മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റുപറയാനല്ല! വ്യഭിചാരപാപങ്ങള്‍ ആണെങ്കിലും, പങ്കാളിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ശ്രമിക്കരുത്. കത്തോലിക്കാസഭയിലെ വൈദീകന്‍ ഒരിക്കലും അത് ചോദിക്കുകയില്ല! എന്നാല്‍, ഇത്തരം പാപം ഏറ്റുപറയുന്ന വ്യക്തിയോട് അവര്‍ വിവാഹിതരാണോ എന്ന് വൈദീകന്‍ ചോദിച്ചേക്കാം. കാരണം, അവിവാഹിതനായ ഒരു പുരുഷന്‍ അവിവാഹിതയായ ഒരു സ്ത്രീയോടൊപ്പമാണ് വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍, അവര്‍ തമ്മില്‍ വിവാഹത്തിനുള്ള സാധ്യത അറിയാനും, പാപപരിഹാരമായി അതു നിര്‍ദ്ദേശിക്കുവാനുമാണ്.

വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിതബന്ധം പുലര്‍ത്തുമ്പോഴും, ഒരു വിവാഹിതന്‍ മറ്റൊരു സ്ത്രീയോടൊപ്പം വ്യഭിചാരത്തില്‍ ഏര്‍പ്പെടുമ്പോഴും പാപത്തിന്റെ ഗൗരവം വര്‍ദ്ധിക്കും. പ്രായശ്ചിത്തം നിശ്ചയിക്കാന്‍ ആവശ്യമുള്ളതില്‍ കവിഞ്ഞുള്ള അന്വേഷണങ്ങള്‍ കുംബസാരാര്‍ത്ഥിയോടു നടത്താന്‍ വൈദീകന് അവകാശമില്ല. ഒരു പുരുഷന്‍ തന്റെ വ്യഭിചാരപാപം ഏറ്റുപറയുമ്പോള്‍, താന്‍ വിവാഹിതയായ അല്ലെങ്കില്‍ അവിവാഹിതയായ ഒരു സ്ത്രീയുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടുവെന്ന് പറയുക. അതിനപ്പുറമുള്ള വിശദീകരണം പുരുഷനോ സ്ത്രീയോ നല്‍കേണ്ടതില്ല. അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ അന്വേഷിക്കാന്‍ വൈദീകന്‍ ശ്രമിച്ചാല്‍, ആ വൈദീകന്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞുകൊള്ളുക!

അവിഹിതബന്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തിക്ക് കുംബസാരിക്കാന്‍ അവകാശമില്ലെന്ന് മറക്കരുത്. കത്തോലിക്കാസഭയുടെ നിയമം അനുസരിച്ച്, വിവാഹം എന്ന കൂദാശയിലൂടെ ഒന്നിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്ക് കുംബസാരിക്കാന്‍ അവകാശമില്ലെന്നതും മറക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും, അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നവരും നടത്തുന്ന കുംബസാരങ്ങളിലൂടെ പാപമോചനം ആരും പ്രതീക്ഷിക്കരുത്. എന്തെന്നാല്‍, അനുതപിക്കുകയും ഒഴിവാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിട്ടുള്ള പാപങ്ങള്‍ ഏറ്റുപറയുന്ന വേദിയാണ് കുംബസാരക്കൂട്! നാളെയും തുടരുമെന്ന് ഉറപ്പുള്ള ഒരു അവിഹിതബന്ധത്തില്‍ ആയിരിക്കുന്നവര്‍ ദയവുചെയ്ത് വൈദീകരുടെ സമയവും നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തരുത്. ഇക്കാരണത്താല്‍ തന്നെയാണ്, വിവാഹം എന്ന കൂദാശയിലൂടെ അല്ലാതെ ഒരുമിച്ചു ജീവിക്കുന്നവര്‍ക്ക് കൂദാശകള്‍ വിലക്കിയിരിക്കുന്നത്. വിജാതിയരുമായി വിവാഹത്തിലോ അവിഹിതവേഴ്ചയിലോ കഴിയുന്നവര്‍ തങ്ങളുടെ അവസ്ഥയില്‍ മാറ്റമില്ലാത്തിടത്തോളം, കുംബസാരക്കൂടുകളെയോ മറ്റു കൂദാശകളെയോ സമീപിക്കാതിരിക്കുക. നിങ്ങളുടെ ആത്മാവിന്റെ രക്ഷയ്ക്ക് പുല്ലുവില കല്പിച്ചിട്ടുള്ളവര്‍ ഒരുപക്ഷേ നിങ്ങളെ വേറിട്ട ഉപദേശങ്ങളിലൂടെ നയിച്ചേക്കാം. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു നിയമം ക്രിസ്തുവിന്റെ സഭയില്‍ നിലവിലില്ല!

ഇടവകയിലെ വിശ്വസ്തരായ വൈദീകരുടെ അടുക്കല്‍ മാത്രം കുംബസാരിക്കാന്‍ ശ്രമിക്കുക. ഇടവകയിലെ വൈദീകന്റെ മുന്‍പില്‍ കുംബസാരിക്കാന്‍ മടിയുള്ളവര്‍ തിരഞ്ഞെടുക്കേണ്ടത് കത്തോലിക്കാസഭയുടെ മറ്റ് ഇടവകകളിലോ സന്യാസാശ്രമങ്ങളിലോ ഉള്ള പ്രായമുള്ള വൈദീകരെയാണ്. നാം പറയുന്ന പാപങ്ങളെക്കുറിച്ച്, അതൊന്നും പാപമല്ല എന്ന് ഉപദേശിക്കുന്ന വൈദീകരുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കരുത്. ഒരുകാര്യം പ്രത്യേകം ഓര്‍മ്മിക്കുക; കൂടുതല്‍ വിവരണങ്ങള്‍ക്കോ വിശകലനങ്ങള്‍ക്കോ ശ്രമിക്കാതെ, വേഗത്തില്‍ത്തന്നെ കുംബസാരം പൂര്‍ത്തിയാക്കണം. കുംബസാരക്കൂട്ടില്‍ മാത്രമേ കുംബസാരിക്കാന്‍ പാടുള്ളു. അതായത്, വൈദീകരുടെ മുറിയിലോ മറ്റെവിടെയെങ്കിലുമോ കുംബസാരത്തിനു ശ്രമിക്കരുത്. ദൈവാലയത്തില്‍ത്തന്നെയുള്ള കുംബസാരക്കൂട്ടിലാണ് നാം കുംബസാരിക്കേണ്ടത്. വൈദീകന്‍ തന്റെ കഴുത്തില്‍ 'ഊറാല' ധരിച്ചിട്ടില്ലെങ്കില്‍ ആ വൈദീകന്റെ അടുക്കല്‍ കുംബസാരിക്കാന്‍ പാടില്ല. മറ്റാരും കുംബസാരിക്കാന്‍ ഇല്ലാത്ത സമയത്ത് ഒരു സ്ത്രീ കുംബസാരിക്കാന്‍ പോകാതിരിക്കുക.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രാരാബ്ദങ്ങളും ഇറക്കിവയ്ക്കാനുള്ള വേദിയായി കുംബസാരക്കൂടിനെ കാണരുത്. നിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപമോചനം നേടാന്‍ ദൈവം ഒരുക്കിയ സംവീധാനമാണ് കുംബസാരം. ഭര്‍ത്താക്കന്മാരുടെ കുറ്റങ്ങളും കുറവുകളും ഇവിടെ നിരത്തരുത്. അതുപോലെതന്നെ, ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങള്‍ വിളിച്ചുപറയാനുള്ള വേദിയായും ആരും കുംബസാരത്തെ സമീപിക്കരുത്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏതെങ്കിലും മനോരോഗ വിദഗ്ദ്ധനെയോ ഡോക്ടറെയോ സമീപിക്കുക. ഒരു വൈദീകന്‍ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിക്കുകയോ പാപങ്ങളുടെ വിവരണം ആവശ്യപ്പെടുകയോ ചെയ്‌താല്‍, കുംബസാരം അവസാനിപ്പിച്ച് ഇറങ്ങിപ്പോരുക! എന്തെന്നാല്‍, കത്തോലിക്കാസഭയിലെ ഒരു വൈദീകനെ സഭ അത് അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ വൈദീകന്‍ സഭയുടെ ശത്രുവാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കത്തോലിക്കാസഭയിലെ വൈദീകര്‍ കുംബസാരാര്‍ത്ഥിയെ കേള്‍ക്കുകയും പ്രായശ്ചിത്തം നിശ്ചയിക്കുകയും മാത്രമേ ചെയ്യുകയുള്ളു. അതിനപ്പുറം വരുന്നതെല്ലാം ദുഷ്ടനില്‍നിന്നാണ്. ആയതിനാല്‍, ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍ ഉണ്ടായിരിക്കണം.

സ്ത്രീകള്‍ തങ്ങളെത്തന്നെ സുരക്ഷിതരാക്കുന്നതുപോലെതന്നെ, സഭയെ കളങ്കിതയാക്കാതിരിക്കാനുള്ള ജാഗ്രതയും കാണിക്കണം. നിരപരാധിയായ ഒരു വൈദീകന്റെ മനസ്സ് നിങ്ങള്‍മൂലം വേദനിച്ചാല്‍ അതിന്റെ ശാപം ഏഴുതലമുറയില്‍ അവസാനിച്ചെന്നു വരില്ല. ഇതിനെല്ലാമപ്പുറം വൈദീകര്‍ പുലര്‍ത്തേണ്ട ജാഗ്രതയാണ് പ്രധാനം. മാനസാന്തരപ്പെട്ടു കടന്നുവരുന്ന ഒരു അഭിസാരികയുടെ വേഷത്തിലും സാത്താന്‍ കടന്നുവന്നെന്നിരിക്കാം. വിവേകം ഉപയോഗിച്ചില്ലെങ്കില്‍ ഒരു നിമിഷംകൊണ്ട് എല്ലാം തകര്‍ന്നടിയും. സഭയെ നശിപ്പിക്കാന്‍ വീണുകിട്ടുന്ന അവസരങ്ങളെ വേണ്ടവിധം ഉപയോഗിക്കാന്‍ സാത്താന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ, അവിഹിതബന്ധങ്ങള്‍ അധികകാലം മറഞ്ഞിരിക്കുമെന്ന് ആരും കരുതരുത്. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്തവിധം അവന്‍ പൂട്ടുമ്പോള്‍ കളങ്കപ്പെടുന്നത് സഭയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. നാംമൂലം സഭ കളങ്കപ്പെടുന്നതും ശാപത്തിനു കാരണമാകും! ലോകത്തിന്റെ എല്ലാ സംവീധാനങ്ങളിലും എന്നപോലെ, കത്തോലിക്കാസഭയുടെ ഉന്നത സ്ഥാനങ്ങളിലും പിശാച് അവന്റെ സന്തതികളെ വിന്യസിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ടു വേണം ഓരോ കൂദാശകളെയും നാം സമീപിക്കാന്‍!

ഓണ്‍ലൈനില്‍ കുംബസാരക്കൂടൊരുക്കി കാത്തിരിക്കുന്ന ചിലരുണ്ട്. കത്തോലിക്കാ വൈദീകരാണെന്നു പരിചയപ്പെടുത്തിയാണ് ഇവര്‍ ഇരകളെ പിടിക്കുന്നത്. ഇവരില്‍ എല്ലാവരും വൈദീകരല്ലെങ്കിലും, വൈദീകരും ഇങ്ങനെ കെണിയൊരുക്കി കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്തരം കുംബസാരക്കൂടുകളില്‍ അകപ്പെട്ടുപോയ അനേകം സ്ത്രീകളെ മനോവയ്ക്കറിയാം. ഇത്തരത്തിലുള്ള കുംബസാരക്കൂടുകളെ പരിചയപ്പെടുത്താന്‍ സ്ത്രീകളും രംഗത്തുണ്ട്. തങ്ങള്‍ കുംബസാരിച്ചപ്പോള്‍, അതിലൂടെ ലഭിച്ച വിശ്വാസ്യത സാക്ഷ്യപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ ആ കെണികളിലേക്ക് ഇവര്‍ ആകൃഷ്ടരാക്കുന്നു. ഇവിടെ ഒരുകാര്യം വ്യക്തമായി പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, മീഡിയകളിലൂടെയുള്ള കുംബസാരമോ കൂദാശകളോ കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കണം. 

കുംബസാരത്തെ ഭയപ്പെടുന്ന സാത്താന്‍!

സാത്താന്റെ പക്ഷത്തുള്ള വ്യക്തികളെ മനസ്സിലാക്കാന്‍ ദൈവം ഒരുക്കിത്തന്ന അവസരത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ ദൈവജനം തയ്യാറാകണം. നാസ്തികവാദികള്‍പ്പോലും ദൈവത്തോടു നേരിട്ടുള്ള ഏറ്റുപറച്ചിലിന്റെ മഹത്വം പ്രഖ്യാപിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. ഇവരൊക്കെ ഇത്രമാത്രം ദൈവത്തെ വിശ്വസിക്കുകയും ദൈവത്തോട് എല്ലാം ഏറ്റുപറയുന്നവരുമായിരുന്നു എന്ന യാഥാര്‍ത്ഥ്യം അറിയാതെ, പലപ്പോഴും മനോവ ഇവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്! ഏതായാലും, ചര്‍ച്ച ചെയ്യേണ്ട തലത്തിലേക്ക് കുംബസാരം എന്ന വിഷയത്തെ കൊണ്ടുചെന്നെത്തിച്ച പിശാചിനും കൂട്ടാളികള്‍ക്കും നന്ദിപറയുന്നില്ലെങ്കിലും, നിങ്ങള്‍ക്ക് ലഭിച്ച അവസരത്തെ തടസ്സപ്പെടുത്താത്ത ദൈവത്തിനു നന്ദിപറയുന്നു! കാരണം, നിങ്ങള്‍ തിന്മയ്ക്കായി എടുത്തിട്ട വിഷയം എങ്ങനെയാണ് നന്മയ്ക്കായി ദൈവം മാറ്റുന്നതെന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്കുതന്നെ ബോധ്യമാകും! പിശാച് വലിയ കൗശലക്കാരനാണെങ്കിലും, അവന്റെ പല കൗശലങ്ങളും അവനും അവന്റെ രാജ്യത്തിനും ദുരന്തമായി ഭവിച്ചിട്ടുള്ളത് നമുക്കറിയാം. കുംബസാരമെന്ന വിഷയത്തിലും പ്രഹരമേല്‍ക്കാന്‍ പോകുന്നത് അവനും അവന്റെ കൂട്ടാളികളുമായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ടാ! അതായത്, കുംബസാരത്തില്‍നിന്നും മറ്റു കൂദാശകളില്‍നിന്നും അകന്നുനില്‍ക്കുന്ന അനേകരെ അതിലേക്കടുപ്പിക്കാന്‍ ഇത് നിമിത്തമാകും എന്നകാര്യം സുനിശ്ചിതമാണ്!

കുംബസാരം എന്ന കൂദാശ എങ്ങനെ നിര്‍ത്തലാക്കാമെന്ന ആലോചനയിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുകയാണ് മാധ്യമങ്ങള്‍! ഇല്ല്യുമിനാറ്റി പ്രസ്ഥാനത്തിന്റെ സ്വന്തം ചാനലായ 'വേശ്യാനെറ്റ്' മാത്രമല്ല, എല്ലാ മാധ്യമങ്ങളുടെയും ഇപ്പോഴത്തെ വേദന കുംബസാരത്തെക്കുറിച്ചാണ്. കത്തോലിക്കാസഭയെ കശാപ്പുചെയ്യാന്‍ കത്തിയ്ക്ക് മൂര്‍ച്ചകൂട്ടി കാത്തിരിക്കുന്ന ചില ഏഭ്യന്മാരെ കൂട്ടുപിടിച്ചാണ് മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചയ്ക്ക് ഇറങ്ങുന്നത്. സഭയെ ആക്ഷേപിക്കുന്നതില്‍ പ്രത്യേക നൈപുണ്യം സിദ്ധിച്ചിട്ടുള്ള ചില സ്ഥിരം ചര്‍ച്ചക്കാരെ ഒരുക്കിനിര്‍ത്തിയിരിക്കുകയാണ് ഇവര്‍. മാധ്യമ പ്രവര്‍ത്തനെന്ന്‍ അവകാശപ്പെടുന്ന റോയി മാത്യു, ജയശങ്കര്‍, എന്നിവരൊക്കെയാണ് സദാചാര പ്രഘോഷകര്‍! കുംബസാരിച്ചിട്ടില്ലാത്ത ഇവര്‍ക്കൊക്കെയാണ് കുംബസാരത്തെക്കുറിച്ച് ആവലാതി! 

കുംബസാരം നിര്‍ത്തലാക്കണം എന്ന വാദവുമായി അച്യുതാനന്ദനും ഇയാളുടെ ഉപദേശകനായ ജോസഫ് സി മാത്യു എന്ന മാധ്യവിചാരണക്കാരനും ഇറങ്ങിയിട്ടുണ്ട്. ലൈംഗീക വിഷയങ്ങളില്‍ അച്യുതാനന്ദനുള്ള അമിതതാത്പര്യം കുപ്രസിദ്ധമാണ്. ഈ വൃദ്ധന്റെ മകനെ നിലയ്ക്കുനിര്‍ത്താന്‍ ഇയാള്‍ക്കു കഴിയാത്തപ്പോഴാണ് ലൈംഗീക വിഷയങ്ങള്‍ തിരഞ്ഞുപിടിച്ച് ഇയാള്‍ ആസ്വദിക്കുന്നത്. കുംബസാരം എന്ന പ്രാകൃത സംവീധാനം ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നാണ് ഇയാളുടെ ഉപദേശകനായ ശുംഭന്‍ വേശ്യാനെറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്! ഇവനും അച്യുതാനന്ദനുമൊക്കെ സ്വന്തം വീട്ടില്‍ നിയമം ഉണ്ടാക്കുന്നതല്ലേ കൂടുതല്‍ നല്ലത്? ക്രിസ്ത്യാനികള്‍ക്കു നിയമമുണ്ടാക്കാനുള്ള വലിപ്പമൊന്നും അച്യുമാമനില്‍ ഞങ്ങള്‍ കാണുന്നില്ല!

കുംബസാരിക്കാന്‍ വിശ്വാസികള്‍ ഉള്ളിടത്തോളം കാലം കുംബസാരം തുടരും എന്നകാര്യത്തില്‍ സാത്താനുപോലും സംശയമുണ്ടാകില്ല. മനഃശാസ്ത്ര കൗണ്‍സലിംഗ് എന്നൊരു സംവിധാനം നിലവിലുണ്ട്. ഇതിനോട് ആര്‍ക്കും മുറുമുറുപ്പില്ലാത്തത് എന്തുകൊണ്ടാണ്? ഇതിലൂടെ പാപമോചനം സാധ്യമാകില്ല എന്ന തിരിച്ചറിവ് പിശാചിനും അവനുവേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ക്കും അറിയാവുന്നതുകൊണ്ടാണ് ഇതിനെതിരേ ശബ്ദമുയര്‍ത്താത്. കുംബസാരം നിര്‍ത്തലാക്കും, കുംബസാര രഹസ്യം വെളിപ്പെടുത്താന്‍ നിയമം നിര്‍മ്മിക്കും എന്നൊക്കെയാണ് ഈ വിവരദോഷികള്‍ വിളിച്ചുകൂവുന്നത്. ഇവരല്ല ഇവരുടെ മൂത്താപ്പയും മുതുമൂത്താപ്പയും വിചാരിച്ചാല്‍പ്പോലും ഈ കൂദാശയെ സ്പര്‍ശിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞാല്‍ അവര്‍ക്ക് നല്ലത്. രണ്ടു കത്തോലിക്കന്‍ ഈ ഭൂമിയില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അന്നെല്ലാം ഈ കൂദാശ ഇതുപോലെതന്നെ നിലനില്‍ക്കും എന്ന യാഥാര്‍ത്ഥ്യം എല്ലാ വിമര്‍ശകരോടുമായി മനോവ പ്രഖ്യാപിക്കുകയാണ്!

ഐക്യരാഷ്ട്രസഭയും ലോകത്തെ മുഴുവന്‍ സംവീധാനങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടാലും കത്തോലിക്കാസഭയിലെ ഒരു വൈദീകന്റെ വായില്‍നിന്നു കുംബസാര രഹസ്യം കേള്‍ക്കാമെന്ന് കരുതുന്നുവെങ്കില്‍ അതിനെ അതിമോഹമായി മാത്രമേ മനോവ കാണുന്നുള്ളു! കുംബസാരിക്കുന്ന വ്യക്തിയും വൈദീകനും മാത്രം അറിയുന്ന കുംബസാര രഹസ്യം വെളിപ്പെടുത്തണം എന്ന് വാദിക്കാന്‍ തക്കവിധം സ്ഥിരബുദ്ധി നഷ്ടമായ ഇവരെക്കുറിച്ചു കൂടുതല്‍ ഒന്നും പറയാനില്ല! റോയി മാത്യു എന്ന പിതൃശൂന്യന്‍ പറയുന്നത്, ഓസ്ത്രേലിയയിലെ മൂന്നു സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയെന്നാണ്. എടോ മനുഷ്യാ, ഇതുപോലെയുള്ള വിവരക്കേടുകള്‍ വിശ്വസിക്കുന്ന മലയാളികള്‍ ഇന്നുമുണ്ടെന്നാണോ താന്‍ കരുതുന്നത്? അട്ടപ്പാടിയിലുള്ളവര്‍ പോലും നിന്റെ ഈ ജല്പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും! ഈ ഭൂമിയിലെ ഒരു ഭരണകൂടത്തിനും അങ്ങനെയൊരു നിയമം നിര്‍മ്മിക്കാമെന്ന് സ്വപ്നം കാണാന്‍പോലും സാധിക്കില്ല. സാധിക്കുമെങ്കില്‍ ശ്രമിച്ചു നോക്കട്ടെ! ഒരു വ്യക്തി കുംബസാരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവനാണ്. സ്വവര്‍ഗ്ഗഭോഗികള്‍ക്ക് അവരുടെ മ്ലേച്ഛതകള്‍പ്പോലും മനുഷ്യാവകാശമാണെന്നു വാദിക്കുന്ന മാധ്യമ നപുംസകങ്ങള്‍ക്ക് കുംബസാരത്തെ വ്യക്തിസ്വാതന്ത്ര്യമായി കാണാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളെ തടിക്കിടാന്‍ സമയമായതായി മനസ്സിലാക്കുക!

കത്തോലിക്കാസഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശകളെ സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കാന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്. എന്തെന്നാല്‍, ഈ കൂദാശകള്‍ എല്ലാം ജീവദായകമാണെന്ന് ആരെക്കാളും നന്നായി അറിയുന്നത് അവനാണ്. ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്ന പലര്‍ക്കും അറിയാത്തതാണ്‌ ഈ മഹത്വം! യേഹ്ശുവാ വാഗ്ദാനം ചെയ്ത ജീവന്‍ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവവേദ്യമാകുന്ന കൂദാശകളെ വെറുതെവിടാന്‍ സാത്താന്‍ തയ്യാറാകുമെന്ന് ആരും കരുതരുത്. ഈ കൂദാശകളെ സഭയില്‍നിന്നു നീക്കംചെയ്യുന്നതുവരെ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ചില വൈദീകകോമരങ്ങളെ ഉപയോഗിച്ചും അവന്‍ ശ്രമം നടത്തുന്നുവെന്നതാണ് പ്രത്യേകം ഓര്‍ക്കേണ്ടത്.(വീഡിയോ) വൈദീകവേഷത്തില്‍ ചില കോമാളികള്‍ ഇന്ത്യയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ അതിന്റെ ഭാഗമാണ്. പത്മാസനത്തിലുരുന്ന് 'ഓം' എന്ന ശബ്ദം നവദ്വാരങ്ങളിലൂടെ പുറപ്പെടുവിച്ചുകൊണ്ട് 'കുര്‍ബ്ബാന' കളിക്കുന്ന ഏഭ്യന്മാരെ പലരും കണ്ടിട്ടുണ്ടാകും. കൂദാശകളില്‍ നിറഞ്ഞുനില്‍ക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം വെളിച്ചപ്പാടുകള്‍ കാട്ടിക്കൂട്ടുന്ന 'ഗോഷ്ടികളെ' ആരെങ്കിലും സമീപിച്ചാല്‍, ജ്ഞാനസ്നാനത്തില്‍ അവര്‍ക്കു ലഭിച്ച പരിശുദ്ധാത്മാവുപോലും ചിലപ്പോള്‍ നിര്‍വ്വീര്യമായേക്കാം! ആയതിനാല്‍, കൂദാശകളെ നിഷേധിക്കുകയോ അതിന്റെ ചൈതന്യത്തെ അവമതിക്കുകയോ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും അവരുടെ പദവികള്‍ പരിഗണിക്കാതെതന്നെ അവരില്‍നിന്ന് അകന്നുനില്‍ക്കുക!

ഒരുകാര്യം പ്രത്യേകമായി മനോവ ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ കേന്ദ്രമെന്ന് പറയാവുന്ന യൂറോപ്പില്‍ ഇന്ന് കുംബസാരക്കൂടുകള്‍ ഒരു പുരാവസ്തുവായി മാറിയത് നാം തിരിച്ചറിയണം. കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം ഒരുക്കിയ രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം യൂറോപ്പിലെ സഭയില്‍ ആളിക്കത്തിയ സെക്കുലറിസവും മതബോധനത്തില്‍ വന്ന പൈശാചികതയുമാണ് ഇതിനു കാരണം! 

ചാനല്‍ ചര്‍ച്ചകളും വിവാദങ്ങളും ഇനിയുമുണ്ടാകും. ആഭാസന്മാര്‍ അഴിഞ്ഞാടുകയും ചെയ്യും. ഇതൊക്കെ കാലത്തിന്റെ അടയാളമായി മാത്രം മനസ്സിലാക്കുക! കത്തോലിക്കാസഭയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏഴു കൂദാശകളും ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ത്തന്നെ നിലനില്‍ക്കും! അതിനെതിരേ പ്രബലപ്പെടാന്‍ ഒരു നരകകവാടത്തെയും യേഹ്ശുവാ അനുവദിക്കില്ല! സാത്താനോടു ചേര്‍ന്ന് കൂദാശകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ആരെക്കുറിച്ചും ആകുലപ്പെടേണ്ട ആവശ്യം ദൈവമക്കള്‍ക്കില്ല. എന്തെന്നാല്‍, ഈ ലോകത്ത് ഉണ്ടായിട്ടുള്ളതും ഇപ്പോള്‍ ഉള്ളതും നാളെ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒരു സംവീധാനങ്ങള്‍ക്കും ശക്തികള്‍ക്കും തകര്‍ത്തുകളയാന്‍ കഴിയാത്തവിധം ശക്തിയുടെ ഉറവിടമാണ് ഓരോ കൂദാശകളും! മുന്‍കാലങ്ങളില്‍ എതിര്‍ത്തിട്ടുള്ളവരെ ഗ്രസിച്ചിട്ടുള്ള സര്‍വ്വനാശം തന്നെയാണ് ഇപ്പോള്‍ എതിര്‍ക്കുന്നവരെയും കാത്തിരിക്കുന്നത്. വചനത്താല്‍ സ്ഥാപിതമായ ഈ കൂദാശകളുടെ ഏക അവകാശി ഒരുവന്‍മാത്രമാണ്! അവന്റെ നാമം 'യേഹ്ശുവാ' എന്നുമാണ്! ഈ നാമത്തിനുമേലെ ശക്തിയുള്ള മറ്റൊരു നാമമുണ്ടെങ്കില്‍ വരട്ടെ!

ചേര്‍ത്തുവായിക്കാന്‍: കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്നരീതിയില്‍ സ്വന്തം ആത്മാവിനെവച്ച് ആരും പരീക്ഷണം നടത്തരുത്! ശിശുക്കള്‍ക്കു സ്നാനം കൊടുക്കരുതെന്ന് പറയുന്നവരുടെ കാര്യത്തിലും, 'കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി' എന്ന അവസ്ഥയാണ്. ശിശുക്കള്‍ക്ക് സ്നാനം കൊടുത്താല്‍ നരകത്തില്‍ പോകില്ലെന്നും അതിന്റെ പേരില്‍ എന്തെങ്കിലും കുറ്റപ്പെടുത്തല്‍ ദൈവത്തിന്റെ ഭാഗത്തുനിന്ന്‍ ഉണ്ടാകില്ലെന്നും മനസ്സിലാക്കാനുള്ള വിവേകം നമുക്കെല്ലാമുണ്ട്. ജലത്താലും ആത്മാവിനാലുമുള്ള സ്നാനങ്ങളുടെ വ്യത്യാസം മനസ്സിലാക്കാത്തവര്‍ വിളിച്ചുകൂവുന്ന വിവരക്കേടുകളെ അവഗണിക്കുക. കത്തോലിക്കാസഭയില്‍ സ്ഥൈര്യലേപനം എന്ന കൂദാശ ഉണ്ടെന്നും അതാണ്‌ ആത്മാവിലുള്ള വീണ്ടുജനനം എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവിധം കുരുടാക്കപ്പെട്ട മനസ്സുള്ളവര്‍ അവരുടെ ജല്പനങ്ങള്‍ തുടരട്ടെ! മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍, മരിച്ചുപോയവരെ നരകത്തില്‍ തള്ളുകയോ പ്രാര്‍ത്ഥിച്ചവനെ ശിക്ഷിക്കുകയോ ചെയ്യുന്ന ദൈവത്തെയല്ല മനോവ പ്രസംഗിക്കുന്നത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5779 views

LOG IN

Lost your password?

SIGN UP

LOST PASSWORD