ദൈവം നമ്മെ വചനത്തിലൂടെ വഴിനടത്തുമ്പോള്‍ സാത്താന്‍ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വഴിതെറ്റിക്കാറുണ്ട്. ചിലപ്പോള്‍ ദൈവവചനമാണെന്നു തെറ്റിദ്ധരിപ്പിച്ച് മാനുഷീക വചനങ്ങള്‍ പഠിപ്പിക്കാറുമുണ്ട്. നാം യഥാര്‍ത്ഥത്തില്‍ ദൈവവചനം പഠിച്ചിട്ടുണ്ടെങ്കില്‍ സാത്താനെ തിരിച്ചറിയുവാന്‍ കഴിയും. ചില വ്യക്തികള്‍ ദൈവവചനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തെറ്റുകള്‍ പറയാറുണ്ട്. അതുപോലെതന്നെ വചനത്തില്‍ പറഞ്ഞിരിക്കുന്ന സാഹചര്യം കണക്കിലെടുക്കാതെ വചനം വ്യാഖ്യാനിക്കുമ്പോഴും തെറ്റുപറ്റാം.
പലരും കൂടുതലായി പറഞ്ഞു കേള്‍ക്കുന്ന ഒരു വചനമാണ് 'നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും' എന്നത്. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? നാം ഏതു വിശ്വാസത്തില്‍ ജീവിച്ചാലും രക്ഷപ്പെടും എന്നതാണോ? അങ്ങനെയായിരുന്നെങ്കില്‍ യേഹ്ശുവാ ഇത്രമാത്രം പീഡകള്‍ സഹിക്കേണ്ടതില്ലായിരുന്നു. ഏതു വിശ്വാസത്തിലാണെങ്കിലും രക്ഷപ്പെടുമല്ലോ!
യേഹ്ശുവായിലുള്ള അടിയുറച്ച വിശ്വാസം കണ്ട് പല സന്ദര്‍ഭങ്ങളിലും ഈ വചനം അവിടുന്ന് പറഞ്ഞിട്ടുണ്ട്. ഒരു രക്തസ്രാവക്കാരി സ്ത്രീ ഒരിക്കല്‍ യേഹ്ശുവായുടെ വസ്ത്രത്തില്‍ സ്പര്‍ശിച്ചു സുഖം പ്രാപിക്കുന്നതായി സുവിശേഷത്തില്‍ കാണാം. ജനക്കൂട്ടത്തിനിടയില്‍ വച്ച് അവളുടെ വിശ്വാസം കണ്ട് യേഹ്ശുവാ പറയുന്നു: "മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക"(ലൂക്കാ:8;48). ഇപ്രകാരം ചില വ്യക്തികളുടെ വിശ്വാസത്തെ യേഹ്ശുവാ പ്രശംസിച്ചിട്ടുണ്ട്. അല്ലാതെ മറ്റു വിശ്വാസങ്ങള്‍ രക്ഷിക്കും എന്ന് യേഹ്ശുവാ ഒരിക്കലും പറഞ്ഞിട്ടില്ല. മാത്രവുമല്ല, ബൈബിളില്‍ അങ്ങനെയൊരു വചനഭാഗം എവിടെയുമില്ല. എന്നാല്‍, മറ്റു വിശ്വാസങ്ങള്‍ ഒന്നും മനുഷ്യന്റെ രക്ഷക്കു ഉപകരിക്കുകയില്ല എന്നു വചനം ഉറപ്പിച്ചു പറയുന്നുണ്ട്.
"എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍കുഴിക്കുകയും ചെയ്തു" (ജറെമിയാ:2;13). യഥാര്‍ത്ഥ ദൈവത്തെ നിഷേധിച്ച് വ്യാജദേവന്മാരുടെ പിന്നാലെ പോകുന്നത് തിന്മയാണെന്ന് വചനം അറിയിക്കുകയാണ്.
രക്ഷയെക്കുറിച്ച് ദൈവവചനം പറയുന്നത് ഇങ്ങനെയാണ്: "മറ്റൊരുവനിലും രക്ഷയില്ല, ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവര്‍ത്തനങ്ങള്‍:4;12). അതുകൊണ്ട്, വചനത്തില്‍ പറഞ്ഞിരിക്കുന്ന സത്യങ്ങള്‍ക്കു വിരുദ്ധമായ പഠനങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നാലെ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ!
"ഭയപ്പെടേണ്ടാ ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, യേഹ്ശുവാ മ്ശിഹാ, ഇന്നു ജനിച്ചിരിക്കുന്നു"(ലൂക്കാ: 2; 10, 11).
യേഹ്ശുവായിലുള്ള വിശ്വാസം മാത്രമെ നമ്മെ രക്ഷിക്കുകയുള്ളൂ. യേഹ്ശുവാ ഉറപ്പിച്ചു പറയുന്നു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-