എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക! പ്രഥമവും പ്രധാനവുമായ കല്പനയാണിത്. നീ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും സര്‍വ്വശക്തിയോടുംകൂടി ദൈവത്തെ സ്നേഹിക്കണം എന്നാണ് യേഹ്ശുവാ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഇതില്‍നിന്നും വിഭിന്നമായ എല്ലാ നിയമങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതു സാത്താനാണെന്ന കാര്യം വിസ്മരിക്കരുത്.
ലോകത്തിന്റെ നിയമങ്ങളും, ചട്ടങ്ങളും, പഴഞ്ചൊല്ലുകള്‍പോലും ദൈവത്തിന്റെ നിയമങ്ങളായി ചിന്തിക്കുകയോ, അല്ലെങ്കില്‍ അതിലുപരിയായി പ്രതിഷ്ഠിക്കുകയോ ചെയ്യുന്ന പ്രവണത മനുഷ്യരില്‍ കാണുന്നു. ഇത് ദൈവത്തെക്കുറിച്ചും ദൈവീക നിയമങ്ങളെക്കുറിച്ചുമുള്ള അജ്ഞതയില്‍നിന്ന് രൂപംകൊണ്ടതാണ്.
ഭാരതീയമായ പാരമ്പര്യ ചിന്തകളിലും അനുഷ്ഠാനങ്ങളിലും എന്തിനേയും ദൈവമായിക്കരുതി ആരാധിക്കുന്ന അജ്ഞത നിലനിന്നിരുന്നു എന്നു മാത്രമല്ല, ഇപ്പോഴും അതുതന്നെ പിന്തുടരുകയും ചെയ്യുന്നു. അവരുടെ സങ്കല്പങ്ങളില്‍ അമ്മയാണ് ദൈവം! (പല ദൈവങ്ങളില്‍ ആദ്യത്തേത്). ഭാരതീയമായ പല വിശ്വാസങ്ങളേയും സൂചിപ്പിക്കുമ്പോള്‍ സങ്കല്പം, അല്ലെങ്കില്‍ 'ഐതീഹ്യം' എന്ന് പറയാറുണ്ട്. ഭാരതീയ സങ്കല്പം എന്നാണല്ലോ പറയാറുള്ളത്! ഇതില്‍നിന്നുതന്നെ വ്യക്തമാകുന്ന കാര്യം; ഇവയെല്ലാം വെറും സങ്കല്പങ്ങള്‍ മാത്രമാണെന്നാണ്. അങ്ങനെ പല കഥാപാത്രങ്ങളും കാലാന്തരേണ ദൈവങ്ങളായി പരിണമിച്ചു.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം സങ്കല്പങ്ങളല്ല. അതുകൊണ്ടുതന്നെയാണ്, ക്രിസ്തീയ വിശ്വാസസത്യങ്ങളെന്നും ചരിത്രസത്യങ്ങള്‍ എന്നുമൊക്കെ ക്രൈസ്തവര്‍ പറയുന്നത്. യോഹന്നാന്‍ അപ്പസ്തോലന്‍, തന്റെ ലേഖനം ആരംഭിക്കുന്നത് ശ്രദ്ധിക്കുക: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു"(1 യോഹ:1;1).
ഭാരതീയ തത്വചിന്തകളുടെ 'പ്രോട്ടോക്കോള്‍' മാതാവിനെ പ്രഥമസ്ഥാനത്ത് നിര്‍ത്തുന്നുവെങ്കില്‍, ക്രിസ്തീയ വിശ്വാസസത്യങ്ങളില്‍ തികച്ചും വ്യത്യസ്ഥമായ കാഴ്ചപ്പാടാണുള്ളത്. മാതാവിനും പിതാവിനും ഗുരുവിനുംശേഷം ദൈവത്തെ ആരാധിക്കുന്നതിനെ ക്രിസ്തീയസഭകളോ യഹൂദരോ ഇസ്ലാമോ അംഗീകരിക്കുന്നില്ല. ഭാരതീയ സങ്കല്പങ്ങളില്‍ ദൈവത്തിനുമുന്‍പ് സ്ഥാനം നല്‍കിയിരിക്കുന്ന മൂന്ന് വ്യക്തികളും, ദൈവത്തില്‍ അടങ്ങിയിരിക്കുന്ന അനേകം സ്വഭാവഗുണങ്ങളില്‍ ചിലതു മാത്രമാണെന്ന് ദൈവവചനം പഠിപ്പിക്കുന്നു. അമ്മയുടെയും അപ്പന്റെയും സ്നേഹം, അതിന്റെ പൂര്‍ണ്ണതയില്‍തന്നെ ദൈവത്തിലുണ്ട്. പൂര്‍ണ്ണനായ ഗുരുവും ദൈവം തന്നെയാണ്. ഗുരു ഒരിക്കലും ദൈവമല്ല; ദൈവമാണ് ഗുരു! യേഹ്ശുവാ പറയുന്നു: "എന്നാല്‍ , നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ"(മത്താ:23; 8). ഗുരുവിനെ ഗുരുവെന്ന് വിളിക്കുകയോ ബഹുമാനിക്കുകയോ ചെയ്യരുതെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍, ദൈവമാണ് യഥാര്‍ത്ഥ ഗുരുവെന്ന അവബോധം ഉണ്ടായിരിക്കണം എന്നാണ് വിവക്ഷിക്കുന്നത്. ഇതു വ്യക്തമാക്കുന്ന വചനം തുടര്‍ന്ന് കാണുന്നുണ്ട്. "ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ സ്വര്‍ഗ്ഗസ്ഥനായ പിതാവ്"(മത്താ:23; 9).
നമ്മുടെ യഥാര്‍ത്ഥ പിതാവും മാതാവും ഗുരുവുമെല്ലാം ദൈവമാണ്. നമുക്കുവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന വ്യക്തികളാണ് ഇവരെല്ലാം. അതിനാല്‍തന്നെ നാം ഇവരെ ബഹുമാനിക്കണം; ആരാധിക്കരുത്! ദൈവത്തിനും ഉപരിയായി കരുതുകയും അരുത്! സൂര്യനില്‍ പ്രകാശമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍, എല്ലാ പ്രകാശങ്ങളും സൂര്യനാണെന്ന് പറയാന്‍ കഴിയുമോ? അപ്രകാരംതന്നെ ദൈവത്തില്‍ ഗുരുവും മാതാവും പിതാവും ഉള്ളതുകൊണ്ട്, മാതാപിതാക്കളും ഗുരുക്കന്മാരുമൊക്കെ ദൈവങ്ങളാണെന്ന് കരുതാന്‍ കഴിയില്ല. ദൈവത്തെ ആരാധിക്കുന്നതിനുപകരം ഇവരെ ആരാധിക്കുകയെന്നാല്‍, നിഴലിനെ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഓര്‍ക്കുക; സൂര്യന്‍ അഗ്നിഗോളമാണ്; എന്നാല്‍, എല്ലാ അഗ്നിഗോളങ്ങളും സൂര്യനല്ല!
മക്കള്‍ വധിച്ചുകളഞ്ഞ മാതാപിതാക്കളും, മാതാപിതാക്കളാല്‍ വധിക്കപ്പെട്ട മക്കളുടെയും ചരിത്രങ്ങള്‍ ഇവിടെ കൂടുതല്‍ വ്യക്തമാക്കാതെതന്നെ വായനക്കാര്‍ക്ക് അറിയാം. തങ്ങളുടെ രക്തവും മാംസവുമായ കുഞ്ഞുങ്ങളെ, ഉദരത്തില്‍ വച്ച് 'അരുംകൊല' ചെയ്യുന്ന അമ്മമാരെയും നമുക്കറിയാം! സ്വന്തം മക്കളെയും അവര്‍ക്കു ജന്മനല്കിയ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അന്യപുരുഷനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട അഭിസാരികകളെയും നാം കണ്ടിട്ടുണ്ട്. അതുപോലെതന്നെ, സ്വന്തം സുഖങ്ങളും സന്തോഷങ്ങളും ജീവന്‍പോലും മക്കള്‍ക്കുവേണ്ടി ത്യജിക്കുന്ന അമ്മമാരും ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍, പൊതുവായി അമ്മയെന്ന നാമം ദൈവത്തിനു മുകളില്‍ വയ്ക്കേണ്ടതല്ല.
ഈ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍വന്ന ഒരു വാര്‍ത്തയുണ്ട്. വടക്കെഇന്ത്യയിലെ ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയില്‍ ജയിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടത് അയാളോടൊപ്പം കിടക്കറ പങ്കിടാനാണ്. ഈ ഭൂമിയിലെ ഗുരുക്കന്മാര്‍ ദൈവത്തിനു മുകളിലോ, ദൈവതുല്യനോ അല്ല. ഗുരുക്കന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. ഈ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ഉള്ള ഒരു വ്യക്തിപോലും ദൈവതുല്യനല്ല. ഈ ആശയങ്ങള്‍ ദൈവത്തിന്റെ മഹത്വം കുറച്ചു കാണിക്കാന്‍ സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കുന്ന കെണികളാണ്. ദൈവത്തിനു മഹത്വം കൊടുക്കാതിരുന്നാല്‍, അവിടുത്തേക്ക് എന്തെങ്കിലും കുറവുണ്ടാകുന്നില്ല. മറിച്ച്, മനുഷ്യര്‍ക്കാണ് നഷ്ടവും ദുരന്തവും ഉണ്ടാകുന്നത്. സാത്താന്റെ യഥാര്‍ത്ഥ ലക്ഷ്യവും ഇതുതന്നെയാണ്.
മാതാപിതാക്കളെയും ഗുരുക്കന്മാരെയും വെറുക്കുവാനോ ബഹുമാനിക്കാതിരിക്കുവാനോ വേണ്ടിയല്ല ഈ ലേഖനം! മാതാപിതാക്കളെ ബഹുമാനിക്കാത്തവര്‍ ആരുതന്നെ ആയിരുന്നാലും അവര്‍ ശപിക്കപ്പെട്ടവരാണ്.
"നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ യാഹ്‌വെ തരുന്ന നാട്ടില്‍ നിനക്ക് നന്മയുണ്ടാകാനും വേണ്ടി, അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(നിയമം: 5; 16). വാഗ്ദാനത്തോടെ ദൈവം നല്‍കുന്ന ഏക കല്പനയാണിത്. കൊല്ലാതിരുന്നാലും വ്യഭിചാരം ചെയ്യാതിരുന്നാലും മോഷ്ടിക്കാതിരുന്നാലും ശിക്ഷയില്‍നിന്ന് രക്ഷപെടാം എന്നതാണ് നേട്ടമെങ്കില്‍, മാതാപിതാക്കളെ ബഹുമാനിക്കുന്നതിലൂടെ അനുഗ്രഹവും ലഭിക്കുന്നു. ഇത് ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനമാണ്.
"അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(നിയം: 27; 16). ദൈവവചനം കല്പിച്ചിട്ടുള്ള പന്ത്രണ്ടു ശാപങ്ങളില്‍ ഒന്നാണിത്. "പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്മാര്‍ തിന്നുകയും ചെയ്യും"(സുഭാ: 30; 17).
മാതാപിതാക്കള്‍ എത്ര ദുഷ്ടരാണെങ്കിലും അവരെ ദുഷിക്കാന്‍ മക്കളെ ദൈവം അനുവദിച്ചിട്ടില്ല. അവര്‍ എങ്ങനെയുള്ളവരാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നമുക്കു ജന്മം നല്‍കാന്‍ ദൈവം അവരെ അനുവദിച്ചത്. എന്നാല്‍, ദൈവത്തെക്കാള്‍ കൂടുതലായി മാതാപിതാക്കളെ സ്നേഹിക്കുന്നത് ദൈവനിഷേധമാണ്. ദൈവത്തിന്റെ നിയമങ്ങളും ചട്ടങ്ങളും നിഷേധിക്കാന്‍ മാതാപിതാക്കള്‍ പറഞ്ഞാല്‍, അത് ആരും അനുസരിക്കേണ്ടതില്ല. വിശ്വാസത്തെ എതിര്‍ക്കുന്ന ഒരു നിയമവും അധികാരവും നമുക്കു മുകളിലില്ല. യേഹ്ശുവാ അരുളിച്ചെയ്യുന്നു: "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല. എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല"(മത്താ: 10; 37).
എല്ലാ ബഹുമാനങ്ങളില്‍നിന്നും സ്നേഹങ്ങളില്‍നിന്നും വേറിട്ടുള്ള സ്നേഹബഹുമാനങ്ങളാണ് ദൈവവുമായി ഉണ്ടാകേണ്ടത്. ദൈവത്തെപ്രതി ആരെയും പരിത്യജിക്കാന്‍ തയ്യാറാകുന്നവര്‍ മാത്രമാണ് ദൈവത്തിനു സ്വീകാര്യരാകുകയുള്ളൂ. "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ: 19; 29).
മാതാപിതാക്കള്‍ 'കാണപ്പെട്ട ദൈവങ്ങള്‍' ആണെന്നുള്ള സിദ്ധാന്തങ്ങളൊന്നും ദൈവത്തില്‍നിന്നു വന്നിട്ടുള്ളതല്ല. വിജാതിയര്‍, തങ്ങളുടെ അജ്ഞതയില്‍നിന്ന് രൂപപ്പെടുത്തിയ അനുശാസനങ്ങളാണ്. ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിജാതിയര്‍ ദൈവമെന്നു കരുതി ആരാധിക്കുന്ന പിശാചാണ്.
വിജാതിയരുടെ ഒരു രീതികളെയും അനുകരിക്കരുതെന്ന് ദൈവം നമുക്ക് താക്കീത് നല്‍കിയിട്ടുണ്ട്. "അവരെ അനുകരിച്ചു നിങ്ങള്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31).
"യാഹ്‌വെയെ വിസ്മരിച്ച് അന്യദേവന്മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരെ തിരിയും. നന്മ ചെയ്തിരുന്ന യാഹ്‌വെ നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും"(ജോഷ്വ: 24; 20).
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈവങ്ങള്‍ നാലാംകിടയാണെന്ന് അവര്‍ക്കുതന്നെ ബോധ്യമുണ്ടാകാം. അതുകൊണ്ടാണല്ലോ അവര്‍ തങ്ങളുടെ ദൈവത്തിനു നാലാംസ്ഥാനം കല്പിച്ചുനല്കിയിരിക്കുന്നത്! അതിനുപോലും യോഗ്യതയില്ലാത്തതും മനുഷ്യരുടെ നാശം ആഗ്രഹിക്കുന്നവരുമാണ് അവരുടെ ദേവീ-ദേവന്മാര്‍ എന്നത് ക്രിസ്ത്യാനികളായ നമുക്കറിയാം.
നന്മയുടെയും സന്മാര്‍ഗ്ഗീയതയുടെയും രൂപത്തില്‍ പഴഞ്ചൊല്ലുകളും പാരമ്പര്യങ്ങളും കടന്നുവരുമ്പോള്‍ സൂക്ഷിക്കുക! ദൈവവചനം ഇക്കാര്യത്തില്‍ എന്തു പറയുന്നുവെന്ന് പരിശോധിച്ചില്ലെങ്കില്‍ അപകടത്തില്‍ അകപ്പെടും. പ്രാവിനെപ്പോലെ നിഷ്കളങ്കരും പാമ്പിനെപ്പോലെ വിവേകികളും ആകണമെന്ന് വചനം മുന്നറിയിപ്പ് തരുന്നു. ദൈവത്തിന്റെ നിയമങ്ങളെക്കാള്‍ അധികം ലോകത്തിന്റെ നിയമം നമ്മെ കീഴ്പ്പെടുത്താതിരിക്കട്ടെ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-