സാധാരണ നാം കേള്‍ക്കാറുള്ള ഒരു വാചകമാണിത്. എന്നാല്‍, ബൈബിളില്‍ ഇങ്ങനെ ഒരു വചനം ഇല്ല എന്നു മാത്രമല്ല, ഈ അര്‍ത്ഥം വരുന്ന വചനവും ഇല്ല. ചിലരൊക്കെ, ബൈബിളില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ എന്നു വരെ പറയാറുണ്ട്.
ദൈവവചനം അറിയിക്കാത്ത ഒരുകാര്യം എങ്ങനെ മനുഷ്യന്‍ പറയുന്നു? നമ്മില്‍ പലരും പലതരത്തിലുള്ള 'പഴഞ്ചൊല്ലുകള്‍' ബൈബിളിലേതാണെന്നു കരുതാറുണ്ട്. ബൈബിള്‍ പരിശോധിച്ചു നോക്കാന്‍ ശ്രമിക്കാത്തതുകൊണ്ട് പലതും അങ്ങനെതന്നെ കരുതിപ്പോരുന്നു. ഇങ്ങനെയുള്ള അജ്ഞതകള്‍ സാത്താന്‍ നല്ലതുപോലെ ചൂഷണം ചെയ്യാറുണ്ട്. അങ്ങനെ അവന്റെ വചനങ്ങള്‍ ദൈവവചനം ആയി പരിഗണിക്കാന്‍ പരിശീലിപ്പിക്കുന്നു.
സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്; അല്ലതെ പകുതിയല്ല. എല്ലാം ദൈവം തരും എന്നു പറഞ്ഞ്, ഒരു ജോലിയും ചെയ്യാതെ അലസ്സാരായി ഇരിക്കുന്നവരോട് പറയാറുള്ള ഒരു വാചകമാണ് `താന്‍ പാതി ദൈവം പാതി` എന്നത്. നാം ചെയ്യേണ്ടവ പൂര്‍ണ്ണമായും ചെയ്യുക തന്നെവേണം. നാം ചെയ്തു വച്ചിരിക്കുന്നതിന്റെ ബാക്കി ചെയ്യാന്‍ ദൈവം വരില്ല. അതുപോലെ തന്നെ ദൈവം പകുതിയായിട്ട് ഒന്നും ചെയ്യുകയുമില്ല.
താലന്തുകളുടെ ഉപമയിലൂടെ വ്യക്തമായി ഇത് കാണിച്ചു തരുന്നുണ്ട്. ഓരോരുത്തരുടെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുക്കുന്നതായി പറയുന്നു. അഞ്ചു കിട്ടിയവന്‍ അഞ്ചുകൂടി സമ്പാദിച്ചു; രണ്ടു കിട്ടിയവനും ഇരട്ടിയാക്കി. എന്നാല്‍, ഒന്നു കിട്ടിയവനാകട്ടെ അതു മണ്ണില്‍ കുഴിച്ചിട്ടു(മത്താ:25;14-30). വചനത്തിന്റെ ആദ്യ ഭാഗത്തുതന്നെ പറയുന്നു: ഓരോരുത്തനും അവനവന്റെ കഴിവിന് അനുസരിച്ചാണ് കൊടുക്കുന്നത് എന്ന്. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം, നമ്മുടെ കഴിവുകള്‍ ദൈവം നല്‍കിയതാണ്. ഈ കഴിവിന് അനുസരിച്ച് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവനെ ദൈവം വിജയിപ്പിക്കും. മണ്ണില്‍ കുഴിച്ചിട്ടവനില്‍നിന്ന് അതു വാങ്ങി കൂടുതല്‍ സമ്പാദിച്ചവനു കൊടുക്കുന്നതായി ഇരുപത്തിയെട്ടാമത്തെ വാക്യത്തില്‍ കാണാം.
ബൈബിള്‍പറയുന്നു: "മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമതീരുമാനം യാഹ്‌വെയുടെതത്രേ. ഒരുവനു തന്റെ നടപടികള്‍ അന്യൂനമെന്നു തോന്നുന്നു; യാഹ്‌വെ ഹൃദയം പരിശോധിക്കുന്നു. നിന്റെ പ്രയത്നം യാഹ്‌വെയില്‍ അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും"(സുഭാഷിതങ്ങള്‍: 16; 1-3).
മനുഷ്യന്‍ എത്രത്തോളം പ്രവര്‍ത്തിച്ചാലും ദൈവത്തില്‍ ആശ്രയിക്കതെയാണ് ചെയ്യുന്നതെങ്കില്‍ വിജയിക്കുകയില്ല. വിജയം നല്‍കുന്നത് യാഹ്‌വെയാണ്. നമ്മുടെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ദൈവത്തിന് ആവശ്യം. ആകെ ഉണ്ടായിരുന്ന അഞ്ച് അപ്പവും രണ്ട് മീനും യേഹ്ശുവായെ പൂര്‍ണ്ണമായി ഏല്പിച്ചപ്പോള്‍; അതു എല്ലാവരും ഭക്ഷിച്ചതിനുശേഷം പന്ത്രണ്ട് കുട്ട നിറയെ മിച്ചം വരുത്തി. ദൈവം നമുക്കു നല്‍കുന്നത് അളന്നല്ല; നമ്മുടെ ആവശ്യത്തിലും ഏറെ നല്‍കും(മത്ത:12;13-21). നാം പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോഴാണ് ദൈവം നമ്മുടെ കാര്യത്തില്‍ ഇടപെടുന്നത്.
നമ്മുടെ ആലോചനകളും പ്രവര്‍ത്തികളും പൂര്‍ണ്ണമായി ദൈവത്തില്‍ അര്‍പ്പിച്ച്; പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിയും പ്രാര്‍ത്ഥനയും പരസ്പരം പൂരകങ്ങളാണ്.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-