സാത്താന്റെ പ്രമാണങ്ങള്‍

ദുഷ്ടനെ ദൈവം 'പന' പോലെ വളര്‍ത്തുമോ?

Print By
about

സാത്താന്‍ വളരെയേറെ ആളുകളെ തെറ്റായി പഠിപ്പിക്കുന്ന ഒരു വചനമാണിത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല ദൈവവചനം പറയുന്നത്. സത്യത്തില്‍ ആ വചനം എങ്ങനെയാണെന്നു മനസ്സിലാക്കുമ്പോള്‍ സാത്താന്റെ തട്ടിപ്പു നമുക്കു മനസ്സിലാകും. തൊണ്ണൂറ്റിരണ്ടാം സങ്കീര്‍ത്തനത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്. "നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ പൈന്‍മരംപോലെ വളരും. അവരെ യാഹ്‌വെയുടെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും"(സങ്കീ: 92; 12-14).

യഥാര്‍ത്ഥ ദൈവവചനത്തിനു വിരുദ്ധമായി സാത്താന്‍ ഇപ്രകാരം പഠിപ്പിക്കുന്നത് ചില ഗൂഢമായ ഉദ്ദേശത്തോടുകൂടിയാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹീതനുമാകട്ടെ!"(ഉല്‍പത്തി:27;29). നീതിമാന്മാരെ യാഹ്‌വെ കൈപിടിച്ച് നടത്തുന്നതു കാണുമ്പോള്‍ അസൂയപൂണ്ട് സാത്താന്‍ ഇങ്ങനെ പറയും: 'ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും!'

നീതിമാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ അപമാനിക്കപ്പെടാനും ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ അഭിവൃദ്ധി പ്രാപിക്കുമെന്നു പ്രചരിപ്പിക്കാനും സാത്താന്‍ ചെയ്യുന്ന കുതന്ത്രമാണിത്. ദുഷ്ടന്‍ ഐശ്വര്യം പ്രാപിക്കുമെന്നു പ്രചരിപ്പിക്കുന്നതിലൂടെ ഭൂമിയില്‍ ദുഷ്ടരെക്കൊണ്ട് നിറയ്ക്കുകയാണ് അവന്റെ പദ്ധതി. സാത്താന്‍ ആദിയില്‍തന്നെ നുണയനാണ്.

നീതിമാന്മാര്‍ക്കു ദൈവം നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് വചനത്തിലുടനീളം വിവരിക്കുന്നുണ്ട്. എന്നാല്‍, അതു മനുഷ്യരില്‍നിന്നു മറച്ചുവയ്ക്കുന്നത് തിരിച്ചറിയണം. ദൈവവചനം ആത്മാര്‍ത്ഥതയോടെ പഠിക്കുവാന്‍ തയ്യാറായാല്‍ മാത്രമെ സത്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. മറ്റുള്ളവര്‍ ഏതെങ്കിലും വചനം പറയുമ്പോള്‍, അത് ഏതു ഭാഗത്താണെന്നു അന്വേഷിച്ച് വായിക്കുക. അല്ലാത്തപക്ഷം നാം വഞ്ചിക്കപ്പെട്ടേക്കാം.

ദുഷ്ടന്റെ ഐശ്വര്യം അല്‍പ്പനേരത്തേക്കു മാത്രമെയുള്ളുവെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. മാത്രവുമല്ല, ദുഷ്ടനു സംഭവിക്കാന്‍പോകുന്ന തകര്‍ച്ചകളെക്കുറിച്ച് വ്യക്തമായി പറയുന്നുമുണ്ട്.

"ദുഷ്ടരെക്കണ്ട് നീ അസ്വസ്ഥനാകേണ്ട്; ദുഷ്കര്‍മ്മികളോട് അസൂയപ്പെടുകയും വേണ്ട. അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും"(സങ്കീ: 37; 1, 2). സങ്കീര്‍ത്തകന്‍ വീണ്ടും പറയുന്നു: "അല്‍പ്പസമയം കഴിഞ്ഞാല്‍ ദുഷ്ടന്‍ ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.ദുഷ്ടന്‍ നീതിമാനെതിരായി ഗൂഢാലോചന നടത്തുകയും അവനെതിരെ പല്ലിറുമ്മുകയും ചെയ്യുന്നു. എന്നാല്‍ യാഹ്‌വെ ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു. ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ത്ഥഹൃദയരെ വധിക്കാനുംതന്നെ. അവരുടെ വാള്‍ അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും"(സങ്കീ: 37; 10-16).

മുപ്പത്തിയേഴാമത്തെ സങ്കീര്‍ത്തനം വായിച്ചാല്‍, ദുഷ്ടനും നീതിമാനും; ദൈവം ഒരുക്കിയിരിക്കുന്ന പ്രതിഫലം എന്താണെന്നു കാണാം.

സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    17499 views

LOG IN

Lost your password?

SIGN UP

LOST PASSWORD