14 - 10 - 2013 YouTube
“അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്ന് നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്‌ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്‌ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും”(പുറപ്പാട്: 20; 2-5).
യിസ്രായേലിന്റെ ദൈവം നല്‍കിയ പത്ത് കല്പനകളില്‍ ഒന്നാമത്തേതാണ് ഇവിടെ നാം വായിച്ചത്. ഈ കല്പന കേള്ക്കാത്തവരോ അറിയാത്തവരോ ആയി ക്രൈസ്തവസമൂഹങ്ങളില്‍ ആരും ഉണ്ടാകില്ല. എന്നാല്‍, ഈ കല്പനയുടെ ആന്തരീക അര്‍ത്ഥം വളരെ വിശാലമാണെന്ന് പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം! എന്തെന്നാല്‍, ഈ പ്രമാണത്തെ പരമാവധി ചുരുക്കിയെഴുതി പഠിപ്പിക്കാനാണ് എല്ലാ ക്രൈസ്തവ ആചാര്യന്മാരും ഇന്നോളം ശ്രദ്ധിച്ചിട്ടുള്ളത്. നാല് വാക്യങ്ങളിലായി ഇവിടെ നാം വായിച്ച ഒന്നാം പ്രമാണത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഒരു ദിവസത്തെ വിവരണംപോലും മതിയാകില്ലെന്നിരിക്കെ, ആചാര്യന്മാര്‍ ഇത് പഠിപ്പിക്കുന്നത് ഒറ്റ വാക്യത്തിലേക്ക് ചുരുക്കിയാണ്. അതായത്, ‘ദൈവമായ യാഹ്‌വെ ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്’ എന്ന് ഒറ്റ വാചകത്തില്‍ പ്രമാണത്തെ അവര്‍ ഒതുക്കി. ഈ ഒറ്റ വാചകത്തില്‍ത്തന്നെ പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നുവെങ്കിലും, അവ പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ആയതിനാല്‍, പ്രമാണങ്ങളുടെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക് ദൈവജനത്തെ നയിക്കാന്‍ മനോവ ഇവിടെ ഉദ്യമിക്കുന്നു! അതെ, ഒന്നാം പ്രമാണത്തെ അതിന്റെ പൂര്‍ണ്ണതയില്‍ നമുക്കിവിടെ പരിശോധിക്കാം.
സാത്താനെ ആരാധിക്കുന്നവരും അനേകം വ്യാജദൈവങ്ങളെ സേവിക്കുന്നവരും ഏകസ്വരത്തില്‍ പറയുന്ന കാര്യമാണ്, ഒരു ദൈവം മാത്രമേയുള്ളൂ എന്നത്. ഇവര്‍ ഈ പറയുന്നതിലെ ആത്മാര്‍ത്ഥത എത്ര ആലോചിച്ചിട്ടും മനോവയ്ക്ക് ഗ്രഹിക്കാന്‍ കഴിയുന്നില്ല! ലോകത്തുള്ള എല്ലാ വിജാതിയവിഭാഗങ്ങളും ഏകദൈവ വിശ്വാസികളായിരുന്നാലും അവര്‍ ദൈവമെന്ന് വിളിക്കുന്നത് സത്യദൈവത്തെയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കാരണത്താലാണ്, മറ്റ് ദൈവങ്ങളെ ആരാധിക്കരുതെന്ന് ദൈവമായ യാഹ്‌വെ കല്പിച്ചത്. സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവം മാത്രമേയുള്ളുവെന്ന് മാത്രമല്ല, സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കാന്‍ ദൈവത്തിന് കൂട്ടാളികളോ സഹായികളോ ഉണ്ടായിരുന്നുമില്ല! ഈ പ്രവചനം ശ്രദ്ധിക്കുക: “ഗര്‍ഭത്തില്‍ നിനക്ക് രൂപം നല്‍കിയ നിന്റെ രക്ഷകനായ യാഹ്‌വെ അരുളിച്ചെയ്യുന്നു: എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത യാഹ്‌വെ ഞാനാണ്. ആരുണ്ടായിരുന്നു, അപ്പോള്‍ എന്നോടൊന്നിച്ച്?”(യേശൈയാഹ്: 44; 24). സകലത്തെയും സൃഷ്ടിച്ചപ്പോള്‍ തന്നോടൊപ്പം മറ്റൊരു സഹായി ഉണ്ടായിരുന്നില്ല എന്നാണ് യാഹ്‌വെ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.
മറ്റൊരു പ്രവചനം നോക്കുക: “ഞാനാണ് യാഹ്‌വെ; അതാണ് എന്റെ പേര്. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്ക് കൊടുക്കുകയുമില്ല”(യേശൈയാഹ്: 42; 8). തന്റെ മഹത്വം മറ്റാര്‍ക്കും നല്‍കില്ലെന്നും തനിക്കുള്ള സ്തുതി കൊത്തുവിഗ്രഹങ്ങള്‍ക്ക് കൊടുക്കുകയില്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നത് യാഹ്‌വെയാണ്. ഒരേയൊരു ദൈവമേ ഉള്ളുവെന്നും അത് താനാണെന്നും സംശയത്തിന് ഇടയില്ലാത്തവിധം യാഹ്‌വെ പ്രഖ്യാപിച്ചിരിക്കുന്നു. വിജാതീയരുടെ ഭോഷത്തമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. അപ്പസ്തോലനായ ശൗവുലിന്റെ ഒരു പ്രബോധനം ഗൗരവത്തോടെ പരിഗണിക്കേണ്ടത് ഇവിടെയാണ്. ഈ പ്രബോധനം നോക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് ദുര്‍ഭൂതങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണ് ഞാന്‍ പറയുന്നത്. നിങ്ങള്‍ ദുര്‍ഭൂതങ്ങളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”(1 കോറിന്ത്: 10; 20).
സൃഷ്ടിയെ സ്രഷ്ടാവായി അവതരിപ്പിക്കുന്ന ആശയധാരയാണ് വിജാതീയത. ഇത്തരത്തില്‍ സ്രഷ്ടാവിന്റെ പരിവേഷം ലഭിച്ചിട്ടുള്ളവയില്‍ ദൈവത്തിന്റെ സൃഷ്ടികളും മനുഷ്യരുടെ സൃഷ്ടികളും ഉള്‍പ്പെടും. ദൈവം സൃഷ്ടിച്ച ആകാശഗോളങ്ങളെയും പ്രപഞ്ചശക്തികളെയും മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും പോലും വിജാതീയര്‍ തങ്ങളുടെ ദൈവങ്ങളാക്കി മാറ്റി. കല്ലിലും മരത്തിലും ലോഹങ്ങളിലും മനുഷ്യന്‍ കൊത്തിയുണ്ടാക്കിയ വിചിത്രരൂപങ്ങളെപ്പോലും ദൈവങ്ങളായി പരിഗണിക്കാന് തക്കവിധം അവന്‍ അധഃപതിച്ചപ്പോള്‍, ഭൂമിക്ക് താങ്ങാനാവാത്തവിധം വിഗ്രഹങ്ങളുടെ ബാഹുല്യം വര്‍ദ്ധിച്ചു.
സത്യദൈവമായ യാഹ്‌വെയെ അല്ലാതെ മറ്റേതെങ്കിലും ദൈവങ്ങളെ സേവിക്കുന്നവരെല്ലാം നാശമടയും എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്. അതുപോലെതന്നെ നാം തിരിച്ചറിയേണ്ടത് യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന സത്യമാണ്. ഈ തിരിച്ചറിവുകളാണ് ഏതൊരു മനുഷ്യനും അനിവാര്യമായി ഉണ്ടായിരിക്കേണ്ടത്. അതുകൊണ്ടുതന്നെ, ഏകരക്ഷകനായ യേഹ്ശുവായെ പ്രഘോഷിക്കുക എന്നതില്‍ക്കവിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനം ഇല്ല! നിത്യജീവനെക്കാള്‍ വലുതല്ല ഈ ഭൂമിയിലെ നശ്വരമായ ജീവിതം എന്നതുകൊണ്ടാണ് സുവിശേഷ പ്രഘോഷണം ഏറ്റവും വലിയ ജീവകാരുണ്യ പ്രവൃത്തിയാകുന്നത്.
സത്യദൈവത്തെ മാത്രമാണ് തങ്ങള്‍ ആരാധിക്കുന്നത് എന്ന ധാരണയില്‍ കഴിയുന്ന പലരും അങ്ങനെയാണോ എന്നറിയണമെങ്കില്‍ സൂക്ഷ്മമായ പരിശോധന ആവശ്യമായിരിക്കുന്നു. കാരണം, ഇടംവലം തിരിയാതെ സൂക്ഷ്മമായി പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് കല്പനകള്‍ ദൈവം നല്‍കിയിരിക്കുന്നത്. ആ കല്പനകളില്‍ പ്രഥമവും പ്രധാനവുമായത് ഒന്നാം പ്രമാണമാണ്. ആയതിനാല്‍, ഒന്നാമത്തെ പ്രമാണത്തെ നമുക്ക് അതിന്റെ പൂര്‍ണ്ണമായ തലത്തില്‍ പരിശോധിക്കുകയും, ഏതൊക്കെയാണ് ഈ പ്രമാണലംഘനത്തിന്റെ പരിധിയില്‍ വരുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യാം!
ചില സഭാവിഭാഗങ്ങള്‍ ഒന്നാം പ്രമാണത്തെ മുറിച്ച് രണ്ടാക്കി പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആദ്യത്തെ ഒരു പ്രമാണത്തെ രണ്ടാക്കുകയും അവസാനത്തെ രണ്ട് പ്രമാണങ്ങളെ ഒരുമിച്ചുചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ ഈ കൗശലം പ്രയോഗിച്ചിരിക്കുന്നത്. ഈ കൗശല പ്രയോഗത്തിന് പിന്നില്‍ പ്രധാനമായും, റോമന്‍ കത്തോലിക്കാസഭയിലും മറ്റുചില പൗരസ്ത്യസഭകളിലും നിന്ന് പുറത്ത് വന്ന പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളാണ്. റോമന്‍ കത്തോലിക്കാസഭയിലും ഓര്‍ത്തഡോക്സ് സഭകളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിഗ്രഹങ്ങളാണ് പൂര്‍വ്വാശ്രമം വിട്ട് പുറത്തുവന്നവരുടെ പ്രധാന വിമര്‍ശന വിഷയം. വിഗ്രഹങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍, റോമന്‍ കത്തോലിക്കാസഭ അടക്കമുള്ള പൗരോഹിത്യസഭകളിലെ പ്രതിമകളും രൂപങ്ങളും ചിത്രങ്ങളും മാത്രമാണ് വിഗ്രഹങ്ങള്‍ എന്ന വാദത്തെ അംഗീകരിക്കാന്‍ സാധിക്കില്ല.
ഒന്നാംപ്രമാണത്തില്‍ യാഹ്‌വെ വ്യക്തമാക്കിയിരിക്കുന്നത്, സത്യദൈവത്തെയല്ലാതെ മറ്റെന്തിനെ ആരാധിച്ചാലും അത് വിഗ്രഹാരാധനയാകും എന്നാണ്! അതുകൊണ്ടുതന്നെ, പ്രതിമയുണ്ടാക്കരുതെന്ന് പറയാന്‍ മാത്രമായി ഒരു കല്പനയുടെ ആവശ്യമുണ്ടോ? കാരണം, ഒന്നാമത്തെ പ്രമാണത്തില്‍ ഇവ പൂര്‍ണ്ണമായി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒന്ന് രണ്ട് മൂന്ന് എന്ന് നമ്പര്‍ ഇട്ടല്ല പ്രമാണങ്ങള്‍ നല്‍കിയത്. ബൈബിള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇത് മനസ്സിലാകും!
പ്രമാണങ്ങളുടെ ഘടന!
ഹോറെബ് എന്നും സീനായ് എന്നും പേരുള്ള മലയില്‍ ഇറങ്ങിവന്ന യാഹ്‌വെ നല്‍കിയത് പത്ത് കല്പനകളാണ്. മുന്‍പ് നാം മനസ്സിലാക്കിയതുപോലെ കല്പനകള്‍ക്ക് നമ്പര്‍ നല്കിയിട്ടില്ലെങ്കിലും, പത്ത് കല്പനകളാണ് നല്‍കപ്പെട്ടതെന്ന് രണ്ടിടത്ത് മോശ വ്യക്തക്കിയിരിക്കുന്നത് കാണാം. പുറപ്പാട് പുസ്തകത്തിലും നിയമഗ്രന്ഥത്തിലും ആണ് മോശ അത് രേഖപ്പെടുത്തിയത്. ഈ ലിഖിതം നോക്കുക: “മോശ നാല്പത് പകലും നാല്പത് രാവും യാഹ്‌വെയോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്ത് പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി”(പുറപ്പാട്: 34; 28). മറ്റൊരു ലിഖിതം ഇതാണ്: “തന്റെ ഉടമ്പടി അവന്‍ നിങ്ങളോട് പ്രഖ്യാപിച്ചു. നിങ്ങളോട് അനുഷ്ഠിക്കാന്‍ അവന്‍ ആജ്ഞാപിച്ച പത്ത് കല്പനകളാണവ. രണ്ട് കല്പലകകളില്‍ അവന്‍ അവ എഴുതി”(നിയമം: 4; 13).
രണ്ട് കല്പലകകളില്‍ ആയാണ് കല്പനകള്‍ ദൈവം എഴുതിയതെന്ന് പറയുമ്പോള്‍, വലിയൊരു സത്യം നാം തിരിച്ചറിയണം. എന്തെന്നാല്‍, പത്ത് കല്പനകള്‍ നല്‍കിയപ്പോള്‍ത്തന്നെ യാഹ്‌വെ അവയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. എങ്ങനെയാണ് കല്പനകള്‍ വിഭജിച്ചതെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ്? അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിന് തുല്യംതന്നെ. അതായത്, നിന്നെപ്പോലെ നിന്റെ സഹകാരിയെയും സ്‌നേഹിക്കുക. ഈ രണ്ട് കല്പനകളില്‍ സമസ്ത നിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു”(മത്തായി: 22; 36-40). മോശയിലൂടെ പ്രമാണങ്ങള്‍ നല്‍കിയവന്‍ തന്നെയാണ് ആ പ്രമാണങ്ങളെ രണ്ട് വിഭാഗമായി തിരിച്ചത്.
നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക എന്ന് പറയുമ്പോള്‍, പത്ത് കല്പനകളില്‍ ആദ്യത്തെ മൂന്ന് കല്പനകളും ഉള്‍ക്കൊള്ളും. അതായത്, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള പ്രമാണങ്ങളുടെ സംഗ്രഹമാണ് പ്രഥമ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതുപോലെതന്നെ, യിസ്രായേല്‍ ഗോത്രങ്ങളിലെ സഹോദരങ്ങളും സഹകാരികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്നതാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഏഴ് കല്പനകള്‍! ഈ ഏഴ് കല്പനകളെ സംഗ്രഹിച്ചുകൊണ്ട്, ‘നിന്നെപ്പോലെ നിന്റെ സഹകാരിയെയും സ്നേഹിക്കുക’ എന്ന് യേഹ്ശുവാ കല്പിച്ചു.
രണ്ട് കല്പനകളായി പത്ത് കല്പനകളെ സംഗ്രഹിച്ചപ്പോള്‍, ഒന്നാമത്തെ കല്പനയില്‍ മൂന്ന് കല്പനകളും രണ്ടാമത്തെ കല്പനയില്‍ ഏഴ് കല്പനകളും ഉള്‍ക്കൊണ്ടു. ഓരോ കല്പനയുടെയും പ്രാധാന്യം ഇല്ലാതാക്കുകയല്ല യേഹ്ശുവാ ഇവിടെ ചെയ്തത്; മറിച്ച്, കല്പനകളുടെ സ്വഭാവം അനുസരിച്ച് അവയെ രണ്ട് വിഭാഗങ്ങളായി തിരിക്കുകയായിരുന്നു. രണ്ട് കല്പലകകളിലായി കല്പനകള്‍ എഴുതിയതുതന്നെ ഇങ്ങനെ വിഭജിക്കേണ്ടതിന് വേണ്ടിയായിരിക്കാം. ഒന്നാമത്തെ കല്പലകയില്‍ മൂന്നും രണ്ടാമത്തെ കല്പലകയില്‍ ഏഴും വീതമാണ് എഴുതിയതെന്ന് ചിന്തിക്കാമെങ്കിലും, ബൈബിളില്‍ അതിന് സാക്ഷ്യമില്ലാത്തതിനാല്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ല! എന്നിരുന്നാലും, ചില പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ വാദിക്കുന്നതുപോലെ, നാല്, ആറ് എന്നിങ്ങനെയല്ല കല്പനകളെ വിഭജിച്ചത് എന്നകാര്യത്തില്‍ ഉറപ്പുണ്ട്. എന്തെന്നാല്‍, സത്യദൈവമായ യാഹ്‌വെ പരിപൂര്‍ണ്ണനാണ്!
സഭകള്‍ തമ്മിലുള്ള വിഭാഗിയതയല്ല നാമിവിടെ ചിന്തയ്ക്ക് വിഷയമാക്കുന്നത്; യാഹ്‌വെ നല്‍കിയ കല്പനയുടെ പൂര്‍ണ്ണത മനസ്സിലാക്കുകയാണ്. അതിനാല്‍, നമുക്ക് വിഷയത്തിലേക്ക് വരാം. സത്യദൈവമായ യാഹ്‌വെയെ അല്ലാതെ മറ്റേതെങ്കിലും മൂര്‍ത്തികളെ ദൈവമായി പരിഗണിക്കുന്നവരെല്ലാം ഒന്നാം പ്രമാണത്തിന്റെ ലംഘകരാണെന്ന് നാം പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം. യാഹ്‌വെയ്ക്ക് ഉപരിയായി മറ്റ് ദൈവങ്ങളെ മാത്രമല്ല, മറ്റെന്തിനെയെങ്കിലും പരിഗണിക്കുന്നവരും ഈ വിഭാഗത്തില്‍പ്പെടും. ഈ വിധത്തില്‍ യാഹ്‌വെയ്ക്ക് പകരമോ ഉപരിയോ ആയ എന്തെങ്കിലും ഒരുവന്റെ ജീവിതത്തിലുണ്ടെങ്കില്‍ അതെല്ലാം വിഗ്രഹങ്ങളാണ്! അതായത്, വിജാതീയരായ എല്ലാവരും വിഗ്രഹാരാധകരായി കണക്കാക്കപ്പെടുന്നത് പ്രതിമകളെ പൂജിക്കുന്നതുകൊണ്ട് മാത്രമല്ല; അവര്‍ ആരാധിക്കുന്നത് സത്യദൈവത്തെ അല്ലാത്തതുകൊണ്ടുകൂടിയാണ്. ഈ സത്യം മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒന്നാംപ്രമാണമെന്നാല്‍, വിഗ്രഹാരാധനക്ക് എതിരായ കല്പനയാണെന്ന് തിരിച്ചറിയാന്‍ കഴിയും. സത്യദൈവത്തെയല്ലാതെ മറ്റേതെങ്കിലും ദൈവങ്ങളെ പരിഗണിക്കുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന പ്രമാണം അനുസരിക്കണമെങ്കില്‍, ആദ്യമായി അറിഞ്ഞിരിക്കേണ്ടത് സത്യദൈവം ആരാണെന്നാണ്.
ആരാണ് സത്യദൈവം?
ദൈവത്തെ ആരാധിക്കണമെങ്കില്‍ ദൈവം ആരാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ദൈവമായ യാഹ്‌വെ മോശയിലൂടെ കല്പനകള്‍ നല്‍കിയപ്പോള്‍തന്നെ സത്യദൈവത്തെയും വ്യാജദൈവങ്ങളെയും തിരിച്ചറിയാനുള്ള ചില അടയാളങ്ങളും നല്‍കിയിട്ടുണ്ട്! ഈ വിവരണത്തിന്റെ തുടക്കത്തില്‍ നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്ന് നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ”(പുറപ്പാട്: 20; 2). ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് താന്‍ തിരഞ്ഞെടുത്ത തന്റെ ജനത്തിനാണ്. അബ്രാഹത്തെ വിളിക്കുകയും അവനിലൂടെ ഒരു ജനത്തെ തനിക്കുവേണ്ടി രൂപപ്പെടുത്തുകയും ചെയ്ത ദൈവമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ച സത്യദൈവം. യിസഹാക്കിനെ അബ്രാഹത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി തിരഞ്ഞെടുത്തതും ആ ദൈവംതന്നെയാണ്. തുടര്‍ന്ന് യിസഹാക്കിന്റെ പുത്രന്മാരില്‍ ഒരുവനായ യാക്കോബിനെ പിന്തുടര്‍ച്ചാവകാശിയായി ദൈവം തിരഞ്ഞെടുക്കുകയും അവനില്‍നിന്ന് യിസ്രായേല്‍ജനത്തെ രൂപപ്പെടുത്തുകയും ചെയ്തു.
ഈജിപ്തിന്റെ അടിമകളായി ജീവിക്കുന്ന കാലത്താണ് യിസ്രായേലിനെ ഒരു ജനതയായി ദൈവം രൂപപ്പെടുത്തിയത്. ഈജിപ്തിലേക്ക് കുടിയേറിയപ്പോള്‍ അവര്‍ വെറും എഴുപത് പേര്‍ മാത്രമായിരുന്നു. എന്നാല്‍, നാനൂറ്റിമുപ്പത് വര്‍ഷംകൊണ്ട് നാല്പത്തഞ്ച് ലക്ഷത്തോളമായി അവരുടെ സംഖ്യ വര്‍ദ്ധിച്ചു. ഇരുപതും അതിനുമേലും വയസ്സും യുദ്ധംചെയ്യാന്‍ കഴിവുമുള്ള സകല പുരുഷന്മാരുടെയും കൃത്യമായ കണക്ക് ബൈബിളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ലിഖിതം നോക്കുക: “ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്‌സ് പ്രായത്തില്‍ യിസ്രായേലിലെ യുദ്ധശേഷിയുള്ള പുരുഷന്മാര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു. ലേവിഗോത്രത്തെ ജനസംഖ്യയില്‍പ്പെടുത്തിയില്ല. കാരണം, യാഹ്‌വെ മോശയോട് അരുളിച്ചെയ്തിരുന്നു: ലേവ്യരെ നീ എണ്ണരുത്; യിസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്”(സംഖ്യ: 1; 45-49).
ഇരുപത് വയസ്സും അതിനുമേലും പ്രായമുള്ളവരും യുദ്ധംചെയ്യാന്‍ ശേഷിയുള്ളവരുമായ പുരുഷന്മാരുടെ മാത്രം കണക്കാണിത്. ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ളവര്‍, സ്ത്രീകള്‍, യുദ്ധശേഷിയില്ലാത്തവര്‍, യൗവ്വനം പിന്നിട്ടവര്‍, ലേവിഗോത്രജര്‍ എന്നിവരുടെ സംഖ്യ ഇതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല! അതായത്, ഈജിപ്തില്‍നിന്ന് പുറത്തുവന്ന പന്ത്രണ്ട് യിസ്രായേല്‍ ഗോത്രങ്ങളില്‍ പതിനൊന്ന് ഗോത്രങ്ങളിലെ യുദ്ധശേഷിയുള്ള പുരുഷന്മാരുടെ സംഖ്യ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു. അങ്ങനെയെങ്കില്‍, പന്ത്രണ്ട് ഗോത്രങ്ങളിലെ യുദ്ധശേഷിയുള്ള പുരുഷന്മാരുടെ സംഖ്യ ഏകദേശം ആറുലക്ഷത്തിയറുപതിനായിരം ആയിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സംഖ്യ എല്ലാക്കാലത്തും വളരെ വലുതാണെന്ന് നമുക്കറിയാം. യിസ്രായേല്‍ ജനത്തിടയില്‍ സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ പതിവല്ലെന്നും, പുരുഷന്മാര്ക്ക് ഒന്നിലധികം ഭാര്യമാര്‍ അനുവദനീയമായിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ, ഭൂരിഭാഗം പുരുഷന്മാര്‍ക്കും ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു.
ഇരുപത് വയസ്സും അതിനുമേലും പ്രായമുള്ളവരും യുദ്ധശേഷിയുള്ളവരുമായ പുരുഷന്മാരുടെ അത്രതന്നെയോ അതില്‍ക്കൂടുതലോ സ്ത്രീകള്‍ സമാനപ്രായത്തില്‍ യിസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാനാണ് ഇവിടെ ശ്രമിച്ചത്. അതായത്, ഈജിപ്തില്‍നിന്ന് പുറത്തുവന്ന യിസ്രായേല്‍ജനത്തിനിടയിലെ യുവാക്കളും യുവതികളും മാത്രം പതിമൂന്ന് ലക്ഷത്തിലേറെ ഉണ്ടായിരുന്നു. ഇരുപത് വയസ്സില്‍ താഴെയുള്ളവരും യുദ്ധശേഷിയില്ലാത്തവരുമായ ആളുകളെയും കൂടി ചേര്‍ക്കുമ്പോള്‍ സംഖ്യ വളരെ വലുതാകും. നാല്പത്തഞ്ച് ലക്ഷത്തോളം യിസ്രായേല്യരാണ് ഈജിപ്തില്‍നിന്ന് കാനാന്‍ദേശത്തേക്ക് പുറപ്പെടാന്‍ ചെങ്കടല്‍ കടന്നതെന്ന് മനോവ പറയുന്നത് ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഈജിപ്തിലേക്ക് അഭയാര്‍ത്ഥികളായി വന്ന എഴുപത് പേരാണ് നാനൂറ്റിമുപ്പത് വര്‍ഷംകൊണ്ട് നാല്പത്തഞ്ച് ലക്ഷത്തോളമായി വര്‍ദ്ധിച്ചത്.
അബ്രാഹം, യിസഹാക്ക്, യാക്കോബ് എന്നീ ക്രമത്തില്‍ ദൈവം തിരഞ്ഞെടുത്ത് രൂപപ്പെടുത്തിയ ജനതയുടെ വംശവര്‍ദ്ധന നടന്നത് ഈജിപ്തിലെ പ്രവാസകാലത്തായിരുന്നു. ഈജിപ്തിലെ ആദ്യകാല പ്രവാസജീവിതം സമാധാനപൂര്‍ണ്ണമായിരുന്നുവെങ്കിലും, അധികം വൈകാതെതന്നെ ദുരിതപൂര്‍ണ്ണമായ അടിമത്തത്തിലേക്ക് അവര്‍ നയിക്കപ്പെട്ടു. സ്വദേശത്തേക്കുള്ള മടങ്ങിപ്പോക്കിന് ഒരുപക്ഷെ ആ ദുരിതപൂര്‍ണ്ണമായ അടിമജീവിതം അനിവാര്യമായിരുന്നിരിക്കാം. സുഖകരമായ ജീവിതമായിരുന്നു അവര്‍ അവിടെ നയിച്ചിരുന്നതെങ്കില്‍, അവരെ കൂട്ടത്തോടെ പുറത്തുകൊണ്ടുവരാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. അതായത്, ഈജിപ്തില്‍ യിസ്രായേല്‍ക്കാര്‍ അനുഭവിച്ച അടിമത്തംപോലും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ചിന്തിക്കേണ്ടിവരും.
ഈജിപ്തിലെ പ്രവാസകാലത്ത് ഒരു ജനതയായി വളര്‍ന്ന യിസ്രായേല്‍ക്കാരെ കാനാന്‍ദേശത്തേക്ക് നയിച്ചത് അവരുടെ പിതാക്കന്മാരായ അബ്രാഹവും യിസഹാക്കും യാക്കോബും ജീവിച്ച ദേശമായതുകൊണ്ടാണ്. മാത്രവുമല്ല, കല്ദായരുടെ ഊറില്നിന്ന് അബ്രാഹത്തെ വിളിച്ചപ്പോള്, അവന്‍ നല്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത ദേശമാണ് കാനാന്ദേശം! പിതാക്കന്മാര്‍ക്ക് ദൈവം നല്‍കിയ ദേശത്തേക്ക് തിരികെ പ്രവേശിച്ച്, തങ്ങളുടെ പൂര്‍വ്വീകരുടെ മണ്ണ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നവരില്‍നിന്ന് അത് തിരിച്ചെടുത്ത് അതില്‍ വാസമുറപ്പിക്കുമ്പോള്‍, അവിടെ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളുമാണ് മോശയിലൂടെ അവര്‍ക്ക് ദൈവം നല്‍കിയത്. ഈജിപ്തില്‍നിന്ന് അവരെ പുറത്തുകൊണ്ടുവന്ന ദൈവമായ യാഹ്‌വെയല്ലാതെ മറ്റൊരു ദൈവം അവര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന് അവരോട് ദൈവം കല്പിച്ചു. ഒന്നാമത്തെ കല്പന ആരംഭിക്കുന്നത് ഈ മുന്നറിയിപ്പോടെയാണ്.
അബ്രാഹവും യിസഹാക്കും യാക്കോബും ആരാധിച്ച യിസ്രായേലിന്റെ ദൈവമല്ലാതെ മറ്റൊരു ദൈവവും സത്യദൈവമല്ലെന്ന് ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നു. അതുകൊണ്ട്, ഈ ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയോ, ഈ ദൈവം വെളിപ്പെടുത്തിയ തന്റെ പേരല്ലാതെ മറ്റൊരു പേരോ അംഗീകരിക്കുന്നവര്‍ ഒന്നാംപ്രമാണത്തിന്റെ നിഷേധകരും വിഗ്രഹാരാധകരായ വിജാതീയരുമായി എണ്ണപ്പെടും! അതായത്, സത്യദൈവത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യാഹ്‌വെ എന്ന പേരാണ്! സത്യദൈവത്തെയും വ്യാജദൈവങ്ങളെയും ഈ പേരിലൂടെ തിരിച്ചറിയാം. യാഹ്‌വെ എന്ന പേരിലല്ലാതെ അറിയപ്പെടുന്ന ദൈവങ്ങളെല്ലാം വ്യാജദൈവങ്ങളാണ്. സത്യദൈവത്തില്‍നിന്നുള്ള പ്രവാചകന്മാര്‍ വരുന്നത് യാഹ്‌വെയുടെ പേരിലായിരിക്കും. ദൈവത്തില്‍നിന്നുള്ള പ്രവാചകന്മാരെ തിരിച്ചറിയാനുള്ള പ്രധാന അടയാളവും ഈ പേര് തന്നെയാണ്.
യേശൈയാഹ്, യേലിയാഹ്, യിരെമിയാഹ്, സെഫാനിയാഹ്, ശെഖരിയാഹ്, ഒബാദിയാഹ് എന്നിവരടക്കം ഒട്ടുമിക്ക പ്രവാചകന്മാരുടെയും പേരുകളോടൊപ്പം യാഹ്‌വെയുടെ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നത് കാണാം. യാഹ്‌വെ ഈ ഭൂമിയിലേക്ക് മനുഷ്യനായി വന്നപ്പോഴാണ് തന്റെ പേരിന്റെ പൂര്‍ണ്ണരൂപം അവന്‍ വെളിപ്പെടുത്തിയത്. ‘യാഹ്‌വെ രക്ഷിക്കുന്നു’ എന്നര്‍ത്ഥമുള്ള യേഹ്ശുവാ എന്നതാണ് സത്യദൈവത്തിന്റെ പൂര്‍ണ്ണമായ പേര്. മനുഷ്യപുത്രനായി ഈ ഭൂമിയില്‍ അവതരിച്ചപ്പോള്‍ അവന്റെ ദൈവീകത സ്വര്‍ഗ്ഗത്തില്‍ത്തന്നെ നിലനിര്‍ത്തുകയും ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. ആ കാലയളവില്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയിരുന്ന തന്റെതന്നെ ദൈവീകതയെ ‘പിതാവേ’ എന്ന് സംബോധനചെയ്തു. എന്നാല്‍, ആ സത്യദൈവത്തിന്റെ പൂര്‍ണ്ണമായ പേര് അവന്‍ ധരിച്ചിരുന്നു. പാപമോചനം, രക്ഷ എന്നീ ദൗത്യങ്ങളുമായി വന്നപ്പോഴാണ് യേഹ്ശുവാ എന്ന തന്റെ പൂര്‍ണ്ണമായ പേര് ദൈവം വെളിപ്പെടുത്തിയത്.
യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞാന്‍ എന്റെ പിതാവിന്റെ പേരില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം പേരില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും”(യോഹന്നാന്‍: 5; 43). താന്‍ വന്നത് യാഹ്‌വെയുടെ പേരിലാണെന്ന് മാത്രമല്ല, വ്യാജന് ലഭിക്കാനിരിക്കുന്ന സ്വീകാര്യതയെക്കുറിച്ചും യേഹ്ശുവാ ഇവിടെ വ്യക്തമാക്കി. വ്യാജന് സ്വീകാര്യത ലഭിക്കുമെന്ന യേഹ്ശുവായുടെ പ്രഖ്യാപനം അന്വര്‍ത്ഥമാകുന്നത് നാലാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും നാം കണ്ടു. നാലാംനൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ടത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ യീസുസ് (IESUS) ആണെങ്കില്‍, ആറാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ടത് മുഹമ്മദിന്റെ അല്ലാഹു ആണ്! അല്ലാഹു എന്ന ചന്ദ്രദൈവത്തിന്റെ പ്രവാചകനാണ് ഈസാ!
നാലാംനൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ അവതരിപ്പിച്ച യീസുസിനെയാണ് ആറാംനൂറ്റാണ്ടില്‍ മുഹമ്മദ് തന്റെ ചന്ദ്രദൈവമായ അല്ലാഹുവിന്റെ പ്രവാചകനായി അവതരിപ്പിച്ചത്. നാലാംനൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ട യീസുസിനെ ആറാംനൂറ്റാണ്ടില്‍ ഈസാ ആക്കുക മാത്രമല്ല, പ്രവാചകന്‍ എന്ന പദവിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു! നാലാംനൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ അവതരിപ്പിച്ച സൂര്യദൈവത്തിനും, ആറാംനൂറ്റാണ്ടില്‍ മുഹമ്മദ് അവതരിപ്പിച്ച ചന്ദ്രദൈവത്തിനും ലഭിച്ചിടത്തോളം സ്വീകാര്യത മറ്റൊരു ദൈവത്തിനും ഇന്നോളം ലഭിച്ചിട്ടില്ല! ഈ വ്യാജദൈവങ്ങളാണ് ഇന്നത്തെ ലോകജനസംഖ്യയുടെ അറുപത് ശതമാനത്തെയും കാല്‍ക്കീഴിലാക്കി വാഴുന്നത്. സത്യദൈവത്തിന്റെ പേരില്‍ വന്ന പ്രവാചകന്മാരെയും രക്ഷകനെയും സ്വീകരിക്കാത്ത ലോകം, വ്യാജന്മാരെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.
ഈജിപ്തില്‍നിന്ന് യിസ്രായേലിനെ നയിച്ച ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് മോശയും മറ്റ് പ്രവാചകന്മാരും വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍, ഈ ദൈവത്തിന്റെ ‘ഐഡന്റിറ്റി’ തട്ടിയെടുക്കാന്‍ പല വ്യാജന്മാരും ശ്രമിച്ചിട്ടുണ്ട്. യേഹ്ശുവാ തന്നെയാണ് എന്ന വ്യാജേന യീസുസിനെ അവതരിപ്പിച്ചപ്പോഴും, അബ്രാഹത്തിന്റെ ദൈവമായ യാഹ്‌വെ തന്നെയാണ് എന്ന വ്യാജേന അല്ലാഹുവിനെ അവതരിപ്പിച്ചപ്പോഴും നടന്നത് സത്യദൈവത്തിന്റെ ‘ഐഡന്റിറ്റി’ തട്ടിയെടുക്കല്‍ തന്നെയായിരുന്നു. അബ്രാഹത്തിന്റെ ദൈവമാണെന്ന് പറഞ്ഞാണ് ഖുറൈഷികളുടെ മുന്നൂറ്റിയറുപത് ഗോത്രദൈവങ്ങളില്‍ ഒരുവനായ ഹുബാലിനെ അല്ലാഹു എന്ന പേരില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഏറ്റവും ആദ്യമായി ഈ അവകാശം നല്‍കപ്പെട്ടത് യിസ്രായേല്‍ജനം നിര്‍മ്മിച്ച കാളക്കുട്ടിയുടെ വിഗ്രഹത്തിന് ആയിരുന്നു.
കാളക്കുട്ടിയുടെ പ്രതിമയെക്കുറിച്ച് അവര്‍ പറഞ്ഞത് ശ്രദ്ധിക്കുക: “അവന്‍ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: യിസ്രായേലേ, ഇതാ ഈജിപ്തില്‍നിന്ന് നിന്നെ കൊണ്ടുവന്ന ദൈവങ്ങള്‍. അത് കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ യാഹ്‌വെയുടെ തിരുനാള്‍ ദിനമായിരിക്കും”(പുറപ്പാട്: 32; 4, 5). അഹറോന്‍ നിര്‍മ്മിച്ച ഈ കാളക്കുട്ടിയെ മോശ നശിപ്പിച്ചതിനാല്‍, അധികനാള്‍ ഈ ദൈവത്തിന് യിസ്രായേല്‍ക്കാര്‍ക്കിടയില്‍ ആയുസ്സുണ്ടായില്ല. എന്നാല്‍, കോണ്‍സ്റ്റന്റൈന്‍ അവതരിപ്പിച്ച യീസുസിന്റെയും മുഹമ്മദ് അവതരിപ്പിച്ച അല്ലാഹുവിന്റെയും കാര്യം ഇതില്‍നിന്ന് വിഭിന്നമാണെന്ന് നമുക്കറിയാം. മുന്‍പ് നാം മനസ്സിലാക്കിയതുപോലെ, ലോകജനസംഖ്യയുടെ അറുപത് ശതമാനത്തെയും അടക്കിവാഴുന്നത് ഈ അവതാരങ്ങളാണ്!
യിസ്രായേലിന്റെ ദൈവത്തെയാണ് തങ്ങളും ആരാധിക്കുന്നതെന്ന മിഥ്യാധാരണ ജനിപ്പിക്കാന്‍ ഇസ്ലാംമത സ്ഥാപകനായ മുഹമ്മദ് ചില കൗശലങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ദൈവമായ യാഹ്‌വെ തന്റെ പേര് വെളിപ്പെടുത്തിയിരിക്കെ, ആ പേരിലല്ലാതെ മറ്റൊരു പേരിലും അറിയപ്പെടാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല! ഇക്കാര്യം യാഹ്‌വെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ദൈവം ആരാണെന്ന് കൂടുതല്‍ വ്യക്തമാകാന്‍, യാഹ്‌വെയും മോശയും തമ്മിലുള്ള സംഭാഷണം ഗ്രഹിച്ചാല് മതിയാകും.
ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “മോശ ദൈവത്തോട് പറഞ്ഞു: ഇതാ, ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്ന് പറയാം. എന്നാല്‍, അവന്റെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍ (യാഹ്‌വെ). യിസ്രായേല്‍ മക്കളോട് നീ പറയുക: ആയിരിക്കുന്നവന്‍ (യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവന്‍ വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോട് നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 13-15).
ഇസ്ലാംമതക്കാര്‍ ആരാധിക്കുന്നത് ഈ ദൈവത്തെ ആയിരുന്നുവെങ്കില്‍ എന്നേക്കുമായി അവന്‍ നല്‍കിയ പേര് നിലനിര്‍ത്തുമായിരുന്നു. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ താന്‍ അനുസ്മരിക്കപ്പെടണം എന്ന മുന്നറിയിപ്പോടെയാണ് ‘യാഹ്‌വെ’ എന്ന തന്റെ പേര് ദൈവം വെളിപ്പെടുത്തിയത്. ഈ പേരിന്റെ പൂര്‍ണ്ണരൂപം അവന്‍തന്നെ മനുഷ്യനായി വന്ന് പ്രഖ്യാപിച്ചതോടെ ‘യേഹ്ശുവാ’ എന്ന പേരല്ലാതെ മറ്റൊരു പേരും ദൈവത്തിന് ഇല്ലെന്ന് വെളിപ്പെട്ടു. അപ്പസ്തോലനായ കേപ്ഫായുടെ ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 11, 12). രക്ഷയ്ക്കായി നല്‍കപ്പെട്ട ഒരേയൊരു പേര് ഉപേക്ഷിക്കുന്നതോടെ ആ പേരിന്റെ ഉടമയെത്തന്നെയാണ് ഉപേക്ഷിക്കുന്നത്! നാലാംനൂറ്റാണ്ടില്‍ ആദ്യമായി ആ പേര് ഉപേക്ഷിക്കപ്പെട്ടതോടെ, ആ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനവും ഉപേക്ഷിക്കപ്പെട്ടു.
യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്കാണ് പാപമോചനം ലഭിക്കുന്നതും യിസ്രായേലിന്റെ ഭാഗമാകാന്‍ സാധിക്കുന്നതും. മാത്രവുമല്ല, ഏകസത്യദൈവവും ഏകരക്ഷകനുമായ യേഹ്ശുവായെ ഉപേക്ഷിച്ച് പകരം സ്വീകരിച്ചത് കോണ്‍സ്റ്റന്റൈന്‍ ആരാധിച്ചിരുന്ന സൂര്യദൈവത്തെയാണ്. അതോടെ ആ സമൂഹം ഒന്നാംപ്രമാണം ലംഘിക്കുകയും ദൈവിക ക്രോധത്തിനിരയാകുകയും ചെയ്തു. സത്യദൈവത്തില്‍നിന്ന് സൂര്യദൈവത്തിലേക്ക് തിരിഞ്ഞവര്‍ക്കെതിരേ ആറാംനൂറ്റാണ്ടില്‍ ചന്ദ്രദൈവത്തിന്റെ ആരാധകര്‍ വരികയും ഉന്മൂലനം ചെയ്യുകയും ചെയ്തു! അതെ, സത്യദൈവത്തെ ഉപേക്ഷിച്ചത് എവിടെ വെച്ചാണോ, ആ സ്ഥലത്ത് ഇന്ന് യീസുസിന്റെ ആരാധകരുടെ സാന്നിദ്ധ്യംപോലും ഇല്ല. ആധുനിക യിസ്രായേല്‍ സത്യദൈവത്തെ ഉപേക്ഷിച്ച് വ്യാജദൈവത്തെ സ്വീകരിച്ചത് നിഖ്യാ സൂനഹദോസിലായിരുന്നു. ആ സൂനഹദോസ് നടന്ന സ്ഥലത്തിന്റെ പരിസരത്ത് നിന്നുപോലും യീസുസിന്റെ പേര് തുടച്ചുമാറ്റപ്പെട്ടു.
സൂര്യദൈവമായ യീസുസിന്റെ മതത്തിനെതിരേ അവതരിപ്പിക്കപ്പെട്ട മതമാണ് ചന്ദ്രദൈവത്തിന്റെ മതമായ ഇസ്ലാംമതം! സൂര്യദൈവത്തെക്കാള്‍ എന്തെങ്കിലും ശ്രേഷ്ഠത ചന്ദ്രദൈവത്തിന് ഉള്ളതുകൊണ്ടല്ല സൂര്യദൈവത്തെ ‘ചന്ദ്രദൈവം’ കീഴ്പ്പെടുത്തിയത്. മറിച്ച്, സത്യദൈവത്തെ ഉപേക്ഷിച്ച് വ്യാജദൈവത്തെ സ്വീകരിച്ചവരുടെ സമൂഹമാണ് ‘സൂര്യദൈവമതക്കാര്‍’ എന്നതുകൊണ്ടാണ്. സൂര്യമതക്കാരില്‍ ഭൂരിഭാഗവും കൂട്ടത്തോടെ ചന്ദ്രമതത്തില്‍ ചേര്‍ന്നുവെന്നതാണ് സൂര്യമതത്തിന്റെ ഉന്മൂലനത്തിന്റെ പ്രധാനകാരണം. അതായത്, ക്രൈസ്തവര്‍ സത്യദൈവത്തെ ഉപേക്ഷിച്ച് വ്യാജദൈവത്തെ സ്വീകരിച്ചതിന്റെ പരിണിതഫലമായാണ് ഇസ്ലാംമതം ആവിര്‍ഭവിച്ചത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ ഇന്നത്തെ ഇസ്ലാംമതസ്ഥരുടെ പൂര്‍വ്വീകരെല്ലാം ക്രൈസ്തവരായിരുന്നു. അതുകൊണ്ടുതന്നെ, പ്രഥമ കല്പന ലംഘിച്ചവരുടെ തലമുറയാണ് ഇന്ന് പൗരസ്ത്യദേശത്ത് ജീവിക്കുന്ന ഇസ്ലാംമതക്കാര്‍ എന്ന് മനസ്സിലാക്കാം!
അബ്രാഹത്തിന്റെ ദൈവത്തെയാണ് തങ്ങള്‍ ആരാധിക്കുന്നതെന്ന് ഇസ്ലാംമതക്കാര്‍ പലരെയും തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാല്‍, അവര്‍ സേവിക്കുന്ന അല്ലാഹുവിന് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയുമായി ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ‘യാഹ്‌വെ’ എന്ന പേരിന്റെ പൂര്‍ണ്ണതയായ ‘യേഹ്ശുവാ’ എന്ന പേര് അംഗീകരിക്കുകയും, ഈ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നവരെ മാത്രമാണ് സ്വര്‍ഗ്ഗത്തിലെ ദൈവം സ്വീകരിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, യീസുസിനെ ആരാധിക്കുന്നവരും അല്ലാഹുവിനെ ആരാധിക്കുന്നവരും മറ്റ് വിജാതീയരെപ്പോലെതന്നെ നിത്യശിക്ഷയ്ക്ക് ഇരയാകും! ഇവിടെയാണ് ‘അബ്രഹാമിക് മതങ്ങള്‍’ എന്ന ആശയത്തിന് പിന്നിലെ പൈശാചികത നാം തിരിച്ചറിയേണ്ടത്.
‘അബ്രഹാമിക് മതങ്ങള്‍’ എന്ന പൈശാചിക ആശയം ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ റോമന്‍ കത്തോലിക്കാസഭ എല്ലാ മതങ്ങളിലും രക്ഷയുടെ സാദ്ധ്യതയുണ്ട് എന്ന വിനാശകരമായ ആശയം മതബോധനത്തിന്റെ ഭാഗമാക്കുകയും, ഇസ്ലാംമതത്തിലും യെഹൂദമതത്തിലും ക്രിസ്തുമതത്തിലും ആരാധിക്കപ്പെടുന്നത് ഒരേ ദൈവമാണെന്ന് പ്രചരിപ്പിക്കാനും തുടങ്ങി. ഇതിന്റെ ചുവടുപിടിച്ച് നടന്ന ‘ക്രൈസ്തവ-യെഹൂദ-ഇസ്ലാമിക’ പണ്ഡിത ചര്‍ച്ചകളില്‍ ‘അബ്രഹാമിക് മതങ്ങള്‍’ എന്ന പ്രയോഗം പ്രചാരം നേടി. എന്നാല്‍, സമീപകാലത്ത് ഈ പൈശാചിക ആശയത്തെ ചര്‍ച്ചാവിഷയമാക്കിയത് മരിച്ചുപോയ പോപ്പ് ഫ്രാന്‍സീസ് ആണ്. 2019 ഫെബ്രുവരി 4-ന് അബുദാബിയില്‍ വെച്ച് ഡോക്യുമെന്റ് ഓണ്‍ ഹ്യൂമന്‍ ഫ്രാറ്റെര്‍നിറ്റി (Document on Human Fraternity) എന്ന ചരിത്രപ്രധാനമായ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവരില്‍ പ്രധാനി ഫ്രാന്‍സീസ് ആയിരുന്നു. തുടര്‍ന്ന് എല്ലാ പ്രസംഗവേദികളിലും നിരന്തരം ഇത് ആവര്‍ത്തിക്കാനും ഫ്രാന്‍സീസ് ശ്രദ്ധപുലര്‍ത്തി.
ഇവിടെ ഒരു സത്യം നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍, അബ്രാഹത്തിന്റെ മക്കള്‍ എല്ലാവരും അബ്രാഹത്തിന്റെ മതത്തില്‍ തുടര്‍ന്നവര്‍ അല്ല. അബ്രാഹത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നത് യിസഹാക്കും തുടര്‍ന്ന് യാക്കോബും ആണ്. അബ്രാഹത്തിന്റെ ദൈവത്തെ ആരാധിച്ചവര്‍ ഇവര്‍ മാത്രമായിരുന്നു. അതിനുശേഷം ഈ പാരമ്പര്യം പിന്തുടര്‍ന്നത് യാക്കോബിന്റെ മക്കളാണ്. അബ്രാഹത്തിന്റെ മറ്റൊരു പുത്രനായ യിസ്മായേല് തന്റെ മാതാവിന്റെ ചാര്ച്ചക്കാരുടെയിടയില് ജീവിച്ച് അവരുടെ സംസ്കാരത്തില്‍ ഇഴുകിച്ചേരുകയാണ് ചെയ്തതെന്ന് സൃഷ്ടിയുടെ പുസ്തകം സൂക്ഷ്മമായി പഠിക്കുന്നവര്ക്ക് മനസ്സിലാകും. ദൈവം നിയമം നല്കിയതും തന്നെത്തന്നെ വെളിപ്പെടുത്തിയതും യിസ്മായേലിന്റെ തലമുറയില്പ്പെട്ടവര്ക്ക് ആയിരുന്നില്ല. അതായത് യിസ്രായേലിന് ദൈവം നല്‍കിയ ചട്ടങ്ങളില് അധിഷ്ഠിതമായ മതം മാത്രമാണ് അബ്രാഹത്തിന്റെ യഥാര്‍ത്ഥ മതം. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നാണ് യാഹ്‌വെ തന്നെ സ്വയം വിശേഷിപ്പിച്ചത്. യാഹ്‌വെയുടെ മനുഷ്യാവതാരമാണ് യേഹ്ശുവാ!
മോശ നിയമം നല്‍കിയപ്പോള്‍ തന്നെ ആ നിയമത്തിന്റെ മേല്‍ അധികാരം ഉള്ളവന്‍ യേഹ്ശുവാ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, യേഹ്ശുവായെ സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് അബ്രാഹത്തിന്റെ മതത്തിന്റെ ഭാഗമായിരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, അബ്രാഹം കാത്തിരുന്നത് യേഹ്ശുവായുടെ ദിനം കാണാന്‍ ആണ്. അവന്‍ അത് കാണുകയും ചെയ്തു. യോഹന്നാന്‍ അറിയിച്ച സുവിശേഷത്തിലെ ഒരുഭാഗം ശ്രദ്ധിക്കുക: “എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അത് കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ യെഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പത് വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിന് മുന്‍പ് ഞാന്‍ ഉണ്ട്”(യോഹന്നാന്‍: 8; 56-58). അബ്രാഹത്തിന്റെ ദൈവം യേഹ്ശുവായാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് ഇവിടെ നാം വായിച്ചത്.
അബ്രാഹത്തിന് മുന്‍പ് താനുണ്ടെന്നും, തന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ ആനന്ദിച്ച അവന്‍ അത് കണ്ട് സന്തോഷിച്ചുവെന്നും ഇവിടെ വ്യക്തമാക്കിയത് യേഹ്ശുവാ തന്നെയാണ്! യേഹ്ശുവാ സ്ഥാപിച്ച സഭയാണ് അബ്രാഹത്തിന്റെ മതം എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. യെഹൂദരോ ഇസ്ലാമോ പിന്തുടരുന്നത് അബ്രാഹത്തിന്റെ മതം ആകണമെങ്കില്‍, ആ മതങ്ങള്‍ യേഹ്ശുവായെ അംഗീകരിക്കുന്നതായിരിക്കണം. പിതാവായ ദൈവത്തെ അംഗീകരിക്കുന്നുവെങ്കില്‍ അവന്റെ മനുഷ്യാവതാരത്തെയും അംഗീകരിക്കണം. ഈ പ്രബോധനം നോക്കുക: “പുത്രനെ നിഷേധിക്കുന്നവന് പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവന് പിതാവും ഉണ്ടായിരിക്കും”(1 യോഹന്നാന്‍: 2; 23). യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് പ്രഖ്യാപിക്കാത്ത ഒരു മതവും അബ്രാഹത്തിന്റെ മതമല്ല. അതുകൊണ്ടുതന്നെ, ‘അബ്രഹാമിക് മതങ്ങള്‍’ എന്ന് പറയുന്നത് തന്നെ ഒന്നാം പ്രമാണത്തിനെതിരെയുള്ള പാപമാണ്.
യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് അംഗീകരിച്ച യെഹൂദരാണ് ആദ്യത്തെ ക്രൈസ്തവസമൂഹം. അപ്പസ്തോലന്മാര്‍ എല്ലാവരും യെഹൂദരായിരുന്നു എന്നകാര്യവും നമുക്കറിയാം. യെഹൂദരില്‍നിന്ന് ദൈവം തിരഞ്ഞെടുത്തവരെല്ലാം ഇതിനോടകം യേഹ്ശുവായെ സ്വീകരിക്കുകയും അപ്പസ്തോലികസഭയുടെ ഭാഗമാകുകയും ചെയ്തുകഴിഞ്ഞു. ഇനിയും യെഹൂദമതത്തില്‍ തുടര്‍ന്നുകൊണ്ട് ആര്‍ക്കും അബ്രാഹത്തിന്റെ മതത്തിലാണ് തങ്ങളെന്ന് അവകാശപ്പെടാന്‍ കഴിയില്ല! അപ്പസ്തോലനായ യോഹന്നാന് യേഹ്ശുവായില്‍നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നതാണ് നാം ഇവിടെ വായിച്ചത്. പുത്രനെ നിഷേധിക്കുന്നവന് പിതാവും ഇല്ല എന്ന വെളിപ്പെടുത്തലില്‍ യെഹൂദരുടെയും ഇസ്ലാമിന്റെയും ദുരവസ്ഥ വരച്ചുകാട്ടപ്പെടുന്നു. ഇരുകൂട്ടരും മ്ശിയാഹിനെ തള്ളിക്കളഞ്ഞവരാണ്. മ്ശിയാഹിന്റെ ദിവസം കാണാം എന്ന് പ്രതീക്ഷിക്കുകയും, സമയമാകുന്നതിന് മുന്പുതന്നെ അത് കാണുകയും ചെയ്ത അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്ഗാമികള് ക്രിസ്ത്യാനികള്‍ മാത്രമാണെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
യേഹ്ശുവാ നേരിട്ട് വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ച് തരുക എന്ന് നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് നീ വിശ്വസിക്കുന്നില്ലേ?”(യോഹന്നാന്‍: 14; 9, 10). യാഹ്‌വെ തന്റെ ദൈവത്വം സ്വര്‍ഗ്ഗത്തില്‍ നിലര്‍ത്തിക്കൊണ്ട് പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയില്‍ വന്നതാണ് യേഹ്ശുവാ! ദൈവദൂതന്മാരെക്കാള്‍ അല്പം താഴ്ന്ന അവസ്ഥയില്‍ അവന്‍ ഭൂമിയില്‍ ജീവിക്കുകയും പാപപരിഹാരം ചെയ്യുകയും ചെയ്തു. മരണത്തെ ആശ്ലേഷിക്കേണ്ടതിനാണ് അവന്‍ ദൂതന്മാരെക്കാള്‍ താഴ്ന്ന അവസ്ഥയിലുള്ള മനുഷ്യനായി വന്നത്. ഈ യാഥാര്‍ത്ഥ്യം പൂര്‍ണ്ണതയോടെ അറിയുകയെന്നതാണ് നിത്യജീവന്‍ എന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്.
യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേഹ്ശുവാ മ്ശിയാഹിനെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹന്നാന്‍: 17; 3). ദൈവമായ യേഹ്ശുവായെയും മനുഷ്യനായ യേഹ്ശുവായെയും വേറിട്ട് അറിയേണ്ടതിന്റെ അനിവാര്യതയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അതായത്, ദൈവം തന്റെ ദൈവികത സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഭൂമിയിലേക്ക് പരിപൂര്‍ണ്ണ മനുഷ്യനായി വന്ന് പാപപരിഹാര ദൗത്യം നിര്‍വ്വഹിച്ചുവെന്നും, അതിന് ശേഷം സ്വര്‍ഗ്ഗത്തിലേക്ക് തിരികെപ്പോയി താന്‍ അവിടെ നിലനിര്‍ത്തിയിരുന്ന ദൈവികതയിലേക്ക് പുനഃപ്രവേശിച്ചു എന്നും ഒരുവന്‍ വ്യക്തതയോടെ അറിഞ്ഞാല്‍, അവന്‍ നിത്യജീവന് നിയോഗം ലഭിച്ചവരുടെ ഗണത്തില്‍ എണ്ണപ്പെടും! എന്തെന്നാല്‍, ദൈവത്തെയും ദൈവത്തില്‍നിന്നുള്ള രക്ഷയെയും സംബന്ധിക്കുന്ന അടിസ്ഥാനപരവും അന്തിമവുമായ അറിവാണിത്.
യെഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്വതന്ത്രനെന്നോ അടിമയെന്നോ ഉള്ള വ്യത്യാസമില്ലാതെ, സകല മനുഷ്യര്‍ക്കും ഈ അറിവിലൂടെ സ്വീകാര്യരാകാന്‍ കഴിയും. ആയതിനാല്‍, യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് അവനെ അംഗീകരിച്ച് അവന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാന്‍ തയ്യാറായാല്‍ അവശേഷിക്കുന്ന യെഹൂദര്‍ക്ക് അബ്രാഹത്തോടൊപ്പം യേഹ്ശുവായുടെ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കും. ഇസ്ലാംമതക്കാരുടെ കാര്യവും വ്യത്യസ്തമല്ല. അല്ലാഹുവിനെ ഉപേക്ഷിച്ച് അബ്രാഹത്തിന്റെ ദൈവമായ യേഹ്ശുവായെ സ്വീകരിക്കാന്‍ തയ്യാറായാല്‍ ഇസ്ലാംമതക്കാര്‍ക്കും അവസരമുണ്ട്. എന്തെന്നാല്‍, അബ്രാഹത്തിന്റെ ദൈവമായ യാഹ്‌വെയുമായി മുഹമ്മദിന്റെ ദൈവസങ്കല്പമായ അല്ലാഹുവിന് ഒരു ബന്ധവുമില്ല! അബ്രാഹവും യിസഹാക്കും യാക്കോബും വിളിച്ചപേക്ഷിച്ച ദൈവത്തിന്റെ പേര് യാഹ്‌വെ എന്നാണ്. മുഹമ്മദ് പരിചയപ്പെടുത്തിയ ദൈവത്തിന്റെ പേരാകട്ടെ, അല്ലാഹു എന്നും!
അറബി ഭാഷയില്‍ ദൈവം എന്നതിന് അല്ലാഹുവെന്നാണ് ഉപയോഗിക്കുന്നത് എന്ന വാദം ഉയര്‍ത്തിയാണ് ഇസ്ലാംമതക്കാര്‍ അല്ലാഹുവിന് ദൈവപരിവേഷം നല്‍കുന്നത്. ഇത് പച്ചക്കള്ളമാണെന്ന് മനസ്സിലാകാത്തവര്‍ ക്രൈസ്തവരുടെയിടയില്‍ പോലുമുണ്ട്. ഇസ്ലാംമതക്കാരുടെ എക്കാലത്തെയും മുദ്രാവാക്യം പരിശോധിച്ചാല്‍ മാത്രം മതി അവരുടെ പച്ചക്കള്ളം പൊളിയാന്‍. ‘അല്ലാഹു അല്ലാതെ ഒരു ദൈവം ഇല്ല’ എന്നതാണ് അവരുടെ എക്കാലത്തെയും മുദ്രാവാക്യം. അറബിയില്‍ അത് ‘ലാ ഇലാഹ് ഇല്‍ അല്ലാഹ്’ എന്നാണ് പറയുന്നത്. ഇവിടെ ദൈവം എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം ‘ഇലാഹ്’ എന്നാണ്. അതായത്, ‘അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല’ എന്നാണ് അവര്‍ ആവര്‍ത്തിച്ച് ഘോഷിക്കുന്നത്. ‘അല്ലാഹു’ എന്നത് പേരും ‘ഇലാഹ്’ എന്നത് ദൈവം എന്നതിന്റെ അറബിപദവുമാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.
പ്രമാണങ്ങള്‍ നല്‍കിയ ദൈവംതന്നെ താന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നതിലൂടെ സത്യദൈവം ആരാണെന്ന ചോദ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു! അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമല്ലാതെ മറ്റൊരു ദൈവമില്ല. ഈ ദൈവത്തിന്റെ ശരീരമാണ് മനുഷ്യാവതാരത്തിലൂടെ ലോകത്തിന് വെളിപ്പെടുത്തപ്പെട്ടത്. ഈ വചനം ശ്രദ്ധിക്കുക: “അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. രാജപീഠങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്”(കൊളോസ്സെ: 1; 15, 16). ഈ ദൈവമാണ് മോശയിലൂടെ നിയമങ്ങളും ചട്ടങ്ങളും നമുക്ക് നല്‍കിയിരിക്കുന്നത്. ആകാശവും ഭൂമിയും അവയിലുള്ള സകലവും സൃഷ്ടിച്ച് പരിപാലിക്കുന്നതും ഈ സത്യദൈവം തന്നെ! ഇവിടെ യിസ്മായേലിന്റെ ദൈവമെന്ന് വിളിക്കപ്പെടാന്‍ യാഹ്‌വെ ആഗ്രഹിക്കാത്തത്, യിസ്മായേലിന്റെ ദൈവം വേറെയായതുകൊണ്ടും, അവന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് വരാനിരിക്കുന്ന വ്യാജപ്രവാചകനെ തിരിച്ചറിയേണ്ടതിനുമാണ്.
വിഗ്രഹാരാധന!
ഒന്നാമത്തെ കല്പനയുടെ ഭാഗമായിത്തന്നെ നിയമഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്റെ ദൈവവും യാഹ്‌വെയുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്”(നിയമം: 5; 8, 9). ഒന്നാംപ്രമാണത്തിന്റെ വിവരണമായിട്ടാണ് ഇത് നല്‍കിയിട്ടുള്ളത്. മറിച്ച്, ചിലര്‍ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ രണ്ടാമത്തെ കല്പനയല്ല! ഒന്നാംപ്രമാണത്തിന്റെ വിവരണമാണിതെന്ന് ഗ്രഹിക്കാന്‍ ദീര്‍ഘമായ പഠനമൊന്നും ആവശ്യമില്ല. കാരണം, സത്യദൈവത്തെ ആരാധിക്കുന്നതിന് പകരമായോ ദൈവത്തെക്കാള്‍ ഉപരിയായോ ഒന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകരുതെന്നാണ് ഒന്നാമതായി യാഹ്‌വെ പറഞ്ഞിരിക്കുന്നത്. വിഗ്രഹാരാധയെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് സൂചിപ്പിച്ചിരിക്കുന്നതും ദൈവത്തെ ആരാധിക്കുന്നതിന് പകരമായുള്ള ആരാധനയെക്കുറിച്ചാണ്!
വിഗ്രഹങ്ങളും രൂപങ്ങളും ഉണ്ടാക്കുകപോലും ചെയ്യരുതെന്ന് കല്പിച്ചിരിക്കുന്ന വചനത്തെക്കുറിച്ച് പലരും ആശയക്കുഴപ്പത്തില്‍ ആണെന്ന കാര്യം മനോവയ്ക്കറിയാം. രൂപങ്ങളോ സാദൃശ്യങ്ങളോ നിര്‍മ്മിക്കുന്നതിനെ ദൈവം പരിപൂര്‍ണ്ണമായി എതിര്‍ക്കുന്നുവെന്ന് കരുതുന്നവരും അല്ലാത്തവരുമായ വ്യക്തികള്‍ തമ്മിലാണ് വാഗ്വാദങ്ങള്‍ നടക്കുന്നത്. പ്രതിമകള്‍ നിര്‍മ്മിക്കുന്ന കലാകാരന്മാര്‍ ഒന്നാം പ്രമാണത്തിനെതിരേ പാപം ചെയ്യുന്നവരാണെന്ന് വാദിക്കുന്നവരും ഉണ്ട്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ പക്ഷികളുടെയോ സാദൃശ്യത്തിലുള്ള പ്രതിമ ഉണ്ടാക്കുന്നത് പാപമാണോ? സ്വര്‍ണ്ണമോ വെള്ളിയോ മറ്റ് ലോഹങ്ങളോ ഉപയോഗിച്ച് രൂപങ്ങള്‍ വാര്‍ത്തെടുക്കുന്നത് കുറ്റകരമാണോ? ദൈവം ഇപ്രകാരം കല്പിച്ചിട്ടില്ല എന്നതാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. മാത്രവുമല്ല, കൊത്തുപണികള്‍ ചെയ്യുന്നവരെയും ശില്പവേലകള്‍ ചെയ്യുന്നവരെയും എല്ലാം ദൈവം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതിമകളും ശില്പങ്ങളും നിര്‍മ്മിക്കുന്നതിനെയല്ല ദൈവം വിലക്കിയത്. ആരാധനയ്ക്കായി അവ നിര്‍മ്മിക്കരുത് എന്നതാണ് അവന്റെ കല്പന. ദൈവം കല്പന നല്‍കിയത് നിനക്കായി ഒരു വിഗ്രഹം ഉണ്ടാക്കരുത് എന്ന മുഖവുരയോടെയാണ്. അതുകൊണ്ടുതന്നെ, എല്ലാത്തരം പ്രതിമകളും ചിത്രങ്ങളും വിഗ്രഹങ്ങളല്ല എന്ന സത്യം നാം മനസ്സിലാക്കണം. എന്നാല്‍, പ്രതിമകളും ചിത്രങ്ങളും ആരാധനയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അവ വിഗ്രഹങ്ങളായി മാറും. പ്രതിമകളോ ചിത്രങ്ങളോ മാത്രമല്ല, വസ്തുക്കളും വ്യക്തികളും ഹൃദയത്തില്‍ രൂപമെടുക്കുന്ന അഭിലാഷങ്ങള്‍പോലും വിഗ്രഹങ്ങളായി മാറും എന്നതാണ് പരമാര്‍ത്ഥം! ദൈവത്തെക്കാള്‍ ഉപരിയായി നമ്മുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കുന്ന ഏതൊന്നും വിഗ്രഹം തന്നെയാണ്! അന്യദൈവാരാധനയാണ് വിഗ്രഹാരാധനയുടെ ഏറ്റവും പ്രകടമായ തലം. എന്നാല്‍, ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന അദൃശ്യമായ വിഗ്രഹങ്ങളുടെ ബാഹുല്യം അന്യദൈവങ്ങളെയും മറികടക്കുന്നതാണ്.
പ്രതിമകളും ശില്പങ്ങളും ഉണ്ടാക്കരുതെന്ന് പറഞ്ഞത് എല്ലാത്തരം ശില്പവിദ്യകളെയും കരകൗശല നിര്‍മ്മിതികളെയും വിലക്കിക്കൊണ്ടുള്ള കല്പനയല്ല എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ബൈബിളിലുണ്ട്. ദൈവമായ യാഹ്‌വെ കല്പനകള്‍ നല്‍കിയത് അഹറോന്‍ ജീവിച്ചിരിക്കുന്ന കാലത്താണ്. കല്പനകളുമായി മലമുകളില്‍നിന്ന് മോശ ഇറങ്ങിവന്നപ്പോള്‍ ജനങ്ങള്‍ കാളക്കുട്ടിയെ ആരാധിക്കുകയായിരുന്നുവെന്ന് ബൈബിളിലൂടെ നമുക്കറിയാം. ഈ കാളക്കുട്ടിയെ സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച് നല്‍കിയത് അഹറോനാണെന്നും ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിഖിതം ശ്രദ്ധിക്കുക: “മോശ മലയില്നിന്ന് ഇറങ്ങിവരാന് താമസിക്കുന്നുവെന്ന് കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദൈവങ്ങളെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കറിവില്ല”(പുറപ്പാട്: 32; 1).
ദൈവം തന്റെ ചൂണ്ടുവിരല്കൊണ്ട് കല്പലകകളില്‍ എഴുതി നല്‍കിയ കല്പനകളുമായി സീനായ്മലയില്നിന്ന് ഇറങ്ങിവന്ന മോശ കണ്ടത് യിസ്രായേല്ജനത്തിന്റെ അഴിഞ്ഞാട്ടമാണ്. യിസ്രായേല്‍ജനത്തിന് ആരാധിക്കാനായി വിഗ്രഹം നിര്‍മ്മിച്ച് നല്‍കിയ അഹറോനെ മോശ ശകാരിക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിഖിതം നോക്കുക: “മോശ അഹറോനോട് ചോദിച്ചു: നീ ഈ ജനത്തിന്റെമേല് ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന് അവര്‍ നിന്നോട് എന്തുചെയ്തു?”(പുറപ്പാട്: 32; 21). കല്പന ലഭിക്കുന്ന കാലത്ത് അഹറോന്‍ ജീവിച്ചിരുന്നുവെന്ന് ഈ ലിഖിതങ്ങളില്നിന്ന് തന്നെ മനസ്സിലാക്കാം.
അഹറോന്‍ മരിച്ചത് എപ്പോഴായിരുന്നുവെന്ന് സംഖ്യയുടെ പുസ്തകത്തിലെ ഇരുപതാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, വിഗ്രഹാരാധന വിലക്കിക്കൊണ്ട് നല്‍കപ്പെട്ട കല്പനയുമായി ഇറങ്ങിവന്നപ്പോള്‍ മോശ കണ്ടത് യിസ്രായേല്‍ജനം വിഗ്രഹാരാധനയില്‍ അഭിരമിക്കുന്നതാണ്. ഇവിടെ ഒരുകാര്യംകൂടി വ്യക്തമാകുന്നുണ്ട്. എന്തെന്നാല്‍, ആദ്യമായി യിസ്രായേല്‍ജനത്തിന് ആരാധിക്കാന്‍ വിഗ്രഹം നിര്‍മ്മിച്ച് നല്‍കിയത് പുരോഹിതനായ അഹറോന്‍ ആയിരുന്നു. അതായത്, യിസ്രായേലിന്റെ പ്രഥമ പുരോഹിതന് തന്നെയാണ് അവര്‍ക്ക് ആരാധിക്കാന്‍ ആദ്യമായി ഒരു വിഗ്രഹം നിര്‍മ്മിച്ച് നല്‍കിയത്. താന്‍ നിയോഗിച്ച പുരോഹിതനാണ് വിഗ്രഹം നിര്മ്മിച്ചത് എന്നതുകൊണ്ട് അതിനെ ആരാധിച്ചവരെ യാഹ്‌വെ വെറുതെവിട്ടില്ല. ഈ ലിഖിതം ശ്രദ്ധിക്കുക: “കാളക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവര്‍ അഹറോനെ നിര്ബ്ബന്ധിച്ചതിനാല് യാഹ്‌വെ അവരുടെമേല്‍ മഹാമാരി അയച്ചു”(പുറപ്പാട്: 32; 35).
ദൈവം നിയോഗിച്ച പുരോഹിതന് നിര്മ്മിച്ചുകൊടുത്ത വിഗ്രഹത്തെയാണ് യിസ്രായേല്‍ജനം ആരാധിച്ചതെങ്കിലും, ആ ആരാധകരില് ആരും ശിക്ഷയേല്ക്കാതിരുന്നില്ല. ആധുനിക യിസ്രായേലിനും ഇതൊരു പാഠമാണ്. ആധുനിക യിസ്രായേലിനെ നയിക്കുന്നവര് എന്ന് അവകാശപ്പെടുന്ന സ്വയംപ്രഖ്യാപിത പുരോഹിതസമൂഹമാണ് ഇന്ന് വിഗ്രഹനിര്മ്മാണം നിര്വ്വഹിക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങളെ ഏറ്റെടുക്കാന് തയ്യാറാകുന്നവര്ക്ക് ശിക്ഷയില്നിന്ന് ഒഴിഞ്ഞുനില്ക്കാന് കഴിയില്ലെന്ന് പുരാതന യിസ്രായേലിന്റെ ചരിത്രം നമ്മെ ഓര്മ്മപ്പെടുത്തുന്നു. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് വിഗ്രഹനിര്മ്മാണവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം മനസ്സിലാക്കേണ്ടതുണ്ട്. അതിനായി അഹറോന്റെ മരണശേഷം നടക്കുന്ന ഒരു സംഭവം ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അഹറോന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് സംഖ്യയുടെ പുസ്തകത്തിലെ ഇരുപതാം അദ്ധ്യായത്തിലാണെന്ന് നാം കണ്ടു. ഇരുപത്തിമൂന്നാം അദ്ധ്യായത്തിലാണ് വിഗ്രഹനിര്മ്മാണവുമായി ബന്ധപ്പെട്ട ആ ശ്രദ്ധേയമായ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ നാം കാണുന്നത്, ഒന്നിന്റെയും രൂപങ്ങള്‍ ഉണ്ടാക്കരുതെന്ന് ആരിലൂടെയാണോ ദൈവം അറിയിച്ചത്, ആ മോശയിലൂടെതന്നെ പിച്ചളകൊണ്ട് സര്‍പ്പത്തെ ഉണ്ടാക്കിക്കുന്നതാണ്. യിസ്രായേല്‍ജനം തിന്മചെയ്തപ്പോള്, അവരുടെയിടയിലേക്ക് ദൈവം ആഗ്നേയസര്‍പ്പങ്ങളെ അയക്കുകയും, ആ സര്‍പ്പത്തിന്റെ ദംശനമേറ്റ് അനേകര്‍ മരിക്കുകയും ചെയ്തു. ഇതില്‍നിന്ന് മോചനം നല്‍കാന്‍ യാഹ്‌വെ ഉപദേശിച്ച മാര്‍ഗ്ഗമായിരുന്നു പിച്ചളസര്‍പ്പത്തെ ഉയര്‍ത്തല്‍. ആ സംഭവം ബൈബിളില്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “ജനം മോശയുടെ അടുക്കല്‍ വന്ന് പറഞ്ഞു: നിനക്കും യാഹ്‌വെയ്ക്കുമെതിരായി സംസാരിച്ച് ഞങ്ങള്‍ പാപംചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ യാഹ്വെയോട് പ്രാര്ത്ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്ത്ഥിച്ചു. യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്ത്തിനിര്ത്തി; ദംശനമേറ്റവര് പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു”(സംഖ്യ: 21; 7-9).
യാഹ്‌വെയുടെ നിര്ദ്ദേശപ്രകാരം മോശ പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്ത്തിയത് യിസ്രായേല്‍ജനത്തിന് ആരാധിക്കാനല്ല, നോക്കാന് മാത്രമാണ്. എന്നാല്‍, ദൈവമായ യാഹ്‌വെയുടെ നിര്ദ്ദേശപ്രകാരം നിര്മ്മിക്കപ്പെട്ട പിച്ചളസര്‍പ്പം പിന്നീട് യിസ്രായേല്‍ ജനത്തിന് വിഗ്രഹമായി മാറുന്നതും കാണാം. ആ സംഭവം രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന നോക്കുക: “അവന്‍ പൂജാഗിരികള് നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്ന് വിളിക്കപ്പെടുന്ന ഓട്ടുസര്പ്പത്തിന്റെ മുന്‍പില്‍ യിസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അത് തകര്‍ത്തു”(2 രാജാക്കന്മാര്: 18; 4). ഈ വിഗ്രഹത്തെ തകര്‍ത്തുകളഞ്ഞ ഹെസെക്കിയാഹിനെക്കുറിച്ച് നീതിമാന്‍ എന്നാണ് ബൈബിള്‍ വിശേഷിപ്പിക്കുന്നത്! ദൈവം കല്പനകള്‍ നല്‍കിയത് വ്യക്തതയോടെയാണ്. വിഗ്രഹങ്ങള്‍ നിര്മ്മിക്കരുതെന്ന് കല്പിച്ചപ്പോള്ത്തന്നെ അതിന്റെ വ്യക്തതയും അവന്‍ നല്കി.
താന്‍ നല്‍കിയ കല്പന ലംഘിക്കാന്‍ യാഹ്‌വെ പറയുമോ? ഒരിക്കലുമില്ല! ആരാധനയ്ക്കായുള്ള വിഗ്രഹങ്ങളായി രൂപങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ് യാഹ്‌വെ കല്പനയിലൂടെ ഉദ്ദേശിച്ചതെന്ന് സ്ഥിരീകരിക്കുന്ന വേറെയും തെളിവുകള്‍ ബൈബിളിലുണ്ട്. നൂറ്റാണ്ടുകള്‍ക്കുശേഷം നിര്മ്മിക്കപ്പെട്ട യെരുശലേം ദൈവാലയമാണ് മറ്റൊരു തെളിവ്. ശലോമോന് രാജാവിലൂടെ ദൈവാലയം നിര്‍മ്മിച്ചപ്പോള്‍ അവിടെ സ്ഥാപിക്കേണ്ട കൊത്തുരൂപങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് യാഹ്‌വെ തന്നെയാണ് നിര്ദ്ദേശിച്ചത്! രാജാക്കന്മാരുടെ ഒന്നാമത്തെ പുസ്തകത്തിലെ ആറാമത്തെ അദ്ധ്യായം വായിച്ചാല്‍ അത് കാണാന്‍ കഴിയും. വിവരണത്തിലെ ഒരുഭാഗം ശ്രദ്ധിക്കുക: “അവന്‍ അവയില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്ന്ന പുഷ്പങ്ങളും കൊത്തിച്ചു. അവയും കൊത്തുപണികളും സ്വര്‍ണ്ണംകൊണ്ട് പൊതിഞ്ഞു”(1 രാജാക്കന്മാര്: 6; 35). ഇതിലൂടെയെല്ലാം മനസ്സിലാകുന്ന യാഥാര്‍ത്ഥ്യം, പ്രതിമകളും രൂപങ്ങളും ആരാധനയുടെ തലത്തിലേക്ക് വഴിമാറുമ്പോള്‍ മാത്രമാണ് അവ വിഗ്രഹങ്ങളായി മാറുന്നത്!
യാഹ്‌വെ അനുവദിച്ച് നല്‍കിയതുപോലും വിഗ്രഹങ്ങളായി മാറാനുള്ള സാദ്ധ്യതയിലേക്കാണ് ഇതെല്ലാം വിരല്ചൂണ്ടുന്നത്. നമ്മുടെ ജീവിതത്തില്‍ യാഹ്‌വെ നല്‍കിയിട്ടുള്ളവയാണെങ്കിലും അവയില്‍ ഒന്നുപോലും ദൈവത്തിന് മുകളിലോ ദൈവത്തോട് സമമായോ സ്ഥാനം പിടിക്കാന്‍ ഇടയാകരുത്! മാതാപിതാക്കളും മക്കളും മറ്റാരുതന്നെയും ഈ വിധത്തില്‍ വിഗ്രഹങ്ങളായി മാറാം! യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: “എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്ക് യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്ക് യോഗ്യനല്ല”(മത്തായി: 10; 37). മാതാപിതാക്കളെ മക്കള്‍ ബഹുമാനിക്കണമെന്ന് യാഹ്‌വെ തന്നെയാണ് കല്പിച്ചത്. വാഗ്ദാനത്തോടുകൂടിയ കല്പനയും ഇതുമാത്രമാണ്. ഈ കല്പന നോക്കുക: “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ യാഹ്‌വെ തരുന്ന നാട്ടില്‍ നിനക്ക് നന്‍മയുണ്ടാകാനും വേണ്ടി അവന്‍ കല്പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക”(നിയമം: 5; 16).
ഈ കല്പന നിലനില്‍ക്കുമ്പോഴാണ്, തന്നെക്കാള്‍ അധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ തനിക്ക് യോഗ്യനല്ലെന്ന് യേഹ്ശുവാ വ്യക്തമാക്കിയത്. ദൈവത്തിനും ദൈവത്തിന്റെ കല്പനകള്ക്കും നാം എത്രത്തോളം സ്ഥാനം നല്കണമെന്ന് അബ്രാഹത്തില്നിന്ന് പഠിക്കേണ്ടത് ഇവിടെയാണ്. സ്വപുത്രനെ ബലിയര്പ്പിക്കാന് അബ്രാഹത്തോട് കല്പിച്ചപ്പോള്, അവന്‍ തന്നോടുള്ള സ്നേഹം യാഹ്‌വെ അളക്കുകയായിരുന്നു. അബ്രാഹത്തിന് തന്നോടുള്ള സ്നേഹം ദൈവത്തിന് അറിയാത്തതുകൊണ്ടല്ല, മറിച്ച്, അവനെ നമുക്കൊരു ദൃഷ്ടാന്തമാക്കുകയാണ് ദൈവം ചെയ്തത്! ‘ആര്‍ഷഭാരത സംസ്കാരം’ എന്ന വിജാതീയ സംസ്കാരത്തില്‍ ‘പ്രോട്ടോക്കോള്‍’ നിശ്ചയിച്ചിരിക്കുന്നത് മാതാ, പിതാ, ഗുരു, ദൈവം എന്നീ ക്രമത്തിലാണ്! അവരുടെ ദൈവസങ്കല്പങ്ങള്ക്ക് ഇതുതന്നെ അര്‍ഹിക്കുന്നതിലും അധികമായ അംഗീകാരമാണെന്നിരിക്കെ, ദൈവജനം അത് ഗൗനിക്കേണ്ടതില്ല! അവര്‍ ദൈവങ്ങളെന്ന് കരുതി ആരാധിക്കുന്നത് സത്യദൈവത്തെ അല്ലാത്തതുകൊണ്ടുതന്നെ, അവയെ ഏത് ക്രമത്തില്‍ ആരാധിച്ചാലും പ്രതിഫലം നരകമായിരിക്കും!
തന്റേത് എന്ന രീതിയില്‍ ഒരു രൂപവും നിര്‍മ്മിക്കരുത് എന്നുള്ളത് ഒന്നാമത്തെ കല്പനയോട് ചേര്ത്തുവെച്ചുകൊണ്ട് സൈന്യങ്ങളുടെ ദൈവം നല്‍കിയ ഉപദേശമായിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ഉപദേശം നല്‍കിയതെന്നും യാഹ്‌വെതന്നെ വ്യക്തമാക്കി. മോശയിലൂടെ അവന്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്. ഹോറെബില് വച്ച് അഗ്നിയുടെ മദ്ധ്യത്തില്നിന്ന് യാഹ്‌വെ നിങ്ങളോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്”(നിയമം: 4; 15-18). തന്റെ രൂപം ആരും കണ്ടിട്ടില്ലാത്തതുകൊണ്ടാണ് തന്റേത് എന്ന രീതിയില്‍ രൂപം ഉണ്ടാക്കരുതെന്ന് യാഹ്‌വെ കല്പിച്ചത്! എന്നാല്‍, ആധുനിക യിസ്രായേലിന് തന്റെ രൂപം അവന്‍ വെളിപ്പെടുത്തി! അതെ, യേഹ്ശുവായിലൂടെ ദൃശ്യഗോചരമായത് ദൈവത്തിന്റെ രൂപമാണ്.
ഈ വചനം ശ്രദ്ധിക്കുക: “പീലിപ്പോ പറഞ്ഞു: നാഥാ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ച് തരുക, ഞങ്ങള്‍ക്ക് അതുമതി. യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ച് തരുക എന്ന് നീ പറയുന്നതെങ്ങനെ?”(യോഹന്നാന്: 14; 8, 9). യേഹ്ശുവാ ചോദിച്ച ചോദ്യം ഹൃദയത്തില്‍ ഏറ്റെടുക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെ സമൂഹമാണ് ക്രിസ്ത്യാനികള്‍! ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവം സമീപസ്ഥനാണ്. ദൈവത്തിന്റെ മുഖം ദര്‍ശിച്ചവരാണ് ക്രിസ്ത്യാനികള്‍! ദൈവത്തിന്റെ രൂപം വെളിപ്പെടുത്തുന്ന കാലംവരെ അവന്റെ രൂപം നിര്‍മ്മിക്കാന്‍ അനുവാദമില്ല! അതായത്, ദര്ശിച്ച് കഴിഞ്ഞാല്‍ ആ നിയമത്തിന്റെ പ്രാബല്യം നഷ്ടപ്പെടും! എന്നാല്‍, ഇതിനെ വിഗ്രഹാരധനയ്ക്കുള്ള ന്യായീകരണമായി ആരും പരിഗണിക്കരുത്. യേഹ്ശുവായുടെ രേഖാചിത്രങ്ങള് നാം പരിഗണിക്കേണ്ടത് അവന്റെ സ്മരണയുണര്‍ത്താന്‍ മാത്രമാണ്!
പള്ളികളിലും നമ്മുടെ ഭവനങ്ങളിലും സ്ഥാപിച്ചിട്ടുള്ള രൂപങ്ങളും പ്രതിമകളും ആരാധനയുടെ തലങ്ങളിലേക്ക് ഉയര്ത്തപ്പെടുന്നുണ്ട് എന്നത് നാം കാണാതെപോകരുത്. മരിച്ചുപോയ മനുഷ്യരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും അവരുടെ പ്രതിമകള്‍ ആരാധനാലയങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുന്ന രീതി റോമന്‍ കത്തോലിക്കാസഭയില് രൂപപ്പെട്ട പൈശാചികതകളില് ഒന്നാണ്. അങ്ങനെയുള്ള പ്രതിമകള്‍ വിഗ്രഹങ്ങളാണെന്ന് മാത്രമല്ല, അവ പ്രതിഷ്ഠിക്കപ്പെടുന്നത് സ്വന്തം ഭവനത്തിലാണെങ്കില്പ്പോലും അത് വിഗ്രഹാലയമായി പരിണമിക്കും. വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്ന ഇടങ്ങളെല്ലാം വിഗ്രഹാലയങ്ങളാണ്. ഇവിടെ ഒരുകാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, വിശുദ്ധരെ പ്രഖ്യാപിക്കാന് ഒരു മനുഷ്യനെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. സകല മര്ത്യരുടെയും ഹൃദയങ്ങളെ പരിശോധിച്ച്, വിശുദ്ധരെയും അശുദ്ധരെയും വേര്തിരിക്കുന്നത് യേഹ്ശുവായാണ്. അന്ത്യവിധിയുടെ ദിനത്തിലാണ് അവന്‍ അത് ചെയ്യുന്നത്. മരണമടഞ്ഞ ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുകയെന്നത് അവനെ വിധിക്കലാണ്. വിധിക്കാന് അധികാരമുള്ളത് യേഹ്ശുവായ്ക്ക് മാത്രമായിരിക്കെ, വിശുദ്ധരെ പ്രഖ്യാപിക്കാന് ഏത് ഉന്നതന് ശ്രമിച്ചാലും അത് യേഹ്ശുവായുടെ അധികാരത്തിനുമേല് ഉള്ള കടന്നുകയറ്റമായി കണക്കാക്കപ്പെടും.
യിസ്രായേല്‍ജനത്തിന് ആരാധിക്കാന്‍ വിഗ്രഹത്തെ നിര്‍മ്മിച്ച് നല്കിയതിലൂടെ അഹറോന്‍ ചെയ്തത് ആ ജനത്തിന്റെമേല് വലിയ പാപം വരുത്തിവയ്ക്കുകയായിരുന്നു. ഇത് മോശതന്നെ വ്യക്തമാക്കിയത് നാം കണ്ടു. അന്ന് അഹറോന്‍ ചെയ്ത അതേ പാപംതന്നെയാണ് ആധുനിക യിസ്രായേലിന്റെമേല് അഭിനവാചാര്യന്മാര് ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്നത്. ആധുനിക യിസ്രായേലിന് വണങ്ങാന് വിശുദ്ധരെ നിര്‍മ്മിച്ച് നല്കുന്നവരുടെ ലക്ഷ്യം ധനസമ്പാദനം മാത്രമല്ല. ക്രിസ്തുകേന്ദ്രീകൃത വിശ്വാസത്തില്നിന്ന് ആധുനിക യിസ്രായേലിനെ വ്യതിചലിപ്പിക്കുക എന്ന പൈശാചിക അജണ്ടകൂടി വിശുദ്ധരെ പ്രഖ്യാപിക്കുന്ന സാഹസത്തിന് പിന്നിലുണ്ട്. ഈ സ്വയം പ്രഖ്യാപിത ആചാര്യന്മാരെക്കുറിച്ച് ഹോസെയാ പ്രവാചകന്‍ പ്രവചിച്ചത് ഇപ്രകാരമാണ്: “എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്മ്മാര്ഗ്ഗങ്ങള്ക്ക് അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്ക്ക് ഞാന്‍ പ്രതികാരം ചെയ്യും”(ഹോസെയാ: 4; 8, 9).
വിജാതീയരെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള ഭക്താഭാസങ്ങള് പാരമ്പര്യമായി പിന്തുടരുന്നവരാണ് ഇന്നത്തെ ക്രൈസ്തവസമൂഹങ്ങള്. ഭൗതീകമായ ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം പാപങ്ങള്‍ക്കുനേരെ അധികാരികള്‍ മൗനംപാലിക്കുന്നത് ഗുരുതരമായ വീഴ്ചയായി കാണാതിരിക്കാനും കഴിയില്ല!
ദൈവജനത്തിന്റെ അധഃപതനം!
പുരാതന യിസ്രായേലിന്റെ അധഃപതനത്തിന്റെ തനിയാവര്ത്തനം ആധുനിക യിസ്രായേലിന്റെ കാര്യത്തിലും നമുക്ക് കാണാന്‍ കഴിയും. ഹോസെയായുടെ മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “യെഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്ദ്ധിപ്പിച്ചു. അത് അവന്‍ പാപം ചെയ്യാനുള്ള പീഠങ്ങളായി”(ഹോസെയാ: 8; 11). ഇത് ഒരു പ്രവചനമായതുകൊണ്ടുതന്നെ, വരാനിരിക്കുന്ന കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പോ വെളിപ്പെടുത്താലോ ആയി നാം പരിഗണിക്കണം. പുരാതന യിസ്രായേലിന്റെ അധഃപതനത്തെ ദൃഷ്ടാന്തമാക്കി ഹോസെയാ പ്രവചിച്ചത് ഭാവിയില് വരാനിരിക്കുന്ന ആധുനിക യിസ്രായേലില് സംഭവിക്കാനിരിക്കുന്ന അധഃപതനത്തെക്കുറിച്ചാണ്. ബൈബിളിലെ പ്രവചനങ്ങളുടെ എല്ലാം പൊതുസ്വഭാവമാണിത്. പ്രവചനങ്ങളെല്ലാം വിരല്ചൂണ്ടുന്നത് യേഹ്ശുവായുടെ പേരില്‍ പുനരേകീകരിക്കപ്പെടുന്ന പുതിയ യിസ്രായേലിന് നേരെയാണ്. യേഹ്ശുവാ സ്ഥാപിച്ച സഭയാണ് പുനരേകീകരിക്കപ്പെട്ട പുതിയ യിസ്രായേല്‍. യെസെക്കിയേല് പ്രവചിച്ച ഭാവിദൈവാലയവും ഇതുതന്നെ!
ഹോസെയായുടെ തന്നെ മറ്റൊരു പ്രവചനം നോക്കുക: “സമൃദ്ധമായി ഫലം നല്‍കുന്ന ഒരു മുന്തിരിച്ചെടിയാണ് യിസ്രായേല്‍. ഫലമേറുന്നതിനനുസരിച്ച് അവന്‍ ബലിപീഠങ്ങളും വര്ദ്ധിപ്പിച്ചു. രാജ്യം അഭിവൃദ്ധിപ്പെടുന്നതിനൊത്ത് സ്തംഭങ്ങള്ക്ക് ഭംഗിയേറ്റി”(ഹോസെയാ: 10; 1). യിരെമിയാഹിന്റെ ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: “യെഹൂദാ, നിന്റെ നഗരങ്ങള്ക്കൊപ്പം നിനക്ക് ദൈവങ്ങളും പെരുകിയിരിക്കുന്നു. മ്ലേച്ഛതയ്ക്ക്, ബാല് വിഗ്രഹത്തിന്, ധൂപമര്പ്പിക്കാന് യെരുശലെമിലെ വീഥികള്ക്കൊപ്പം ബലിപീഠങ്ങള് ഒരുക്കിയിരിക്കുന്നു”(യിരെമിയാഹ്: 11; 13). യേഹ്ശുവാ സ്ഥാപിച്ച സഭയുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ ഈ പ്രവചനങ്ങളെല്ലാം അന്വര്ത്ഥമായിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മരണമടഞ്ഞ മനുഷ്യരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട്, അവരുടെ വിഗ്രഹങ്ങള്‍ ആരാധനാലയങ്ങളില്‍ പ്രതിഷ്ഠിക്കുകയും അവയ്‌ക്ക് മുന്‍പില്‍ ധൂപം അര്പ്പിക്കുകയും ചെയ്യുന്നത് ആദ്ധ്യാത്മിക അധഃപതനമല്ലാതെ മറ്റെന്താണ്?
സത്യദൈവമായ യേഹ്ശുവായെക്കാള് കൂടുതലായി പരിഗണിക്കപ്പെടുന്ന ചില മനുഷ്യനിര്മ്മിത വിശുദ്ധര് ഇന്ന് ചില ക്രൈസ്തവസമൂഹങ്ങളില്‍ ഉണ്ട്. നന്മയുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഇത്തരം വിശുദ്ധ വിഗ്രഹങ്ങള്‍ ഒന്നാം പ്രമാണത്തിന്റെ പരസ്യലംഘനമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. നവനാള് പ്രാര്ത്ഥനകള് എന്നപേരില് മരിച്ചുപോയ മനുഷ്യരോട് പ്രാര്ത്ഥിക്കാന് ഉപദേശിക്കുന്നവര് ആരുതന്നെയായിരുന്നാലും, അവരെല്ലാം ഒന്നാം പ്രമാണം ലംഘിക്കാന്‍ പരിശീലിപ്പിക്കുന്ന വ്യാജ ഇടയന്മാരാണ്. യേഹ്ശുവാ പഠിപ്പിച്ചതും ദൈവരാജ്യം സ്ഥാപിതമാകുന്നതുവരെ തുടരേണ്ടതുമായ പ്രാര്ത്ഥനയെക്കാള് പ്രാധാന്യത്തോടെ ഏത് പ്രാര്ത്ഥന ആവര്ത്തിച്ചാലും ആ പ്രാര്ത്ഥന ദൈവത്തിന് സ്വീകാര്യമാകുമെന്ന് വ്യാമോഹിക്കരുത്. അങ്ങനെയുള്ള പ്രാര്ത്ഥനകളിലൂടെ ലൗകികമായ ചില കാര്യങ്ങള്‍ താത്ക്കാലികമായി ലഭിക്കുന്നുവെങ്കില്, അത് നല്‍കുന്നത് സാത്താനാണ്. എന്തെന്നാല്‍, സത്യദൈവത്തില്നിന്ന് മനുഷ്യനെ അകറ്റാന് ചില ലൗകിക സൗകര്യങ്ങള് സാത്താന്‍ നല്കും! എന്നാല്‍, അവന്‍ നല്‍കുന്ന സൗകര്യങ്ങള് സ്വീകരിക്കുന്നവര്‍ക്ക് നഷ്ടമാകുന്നത് ദൈവരാജ്യവും നിത്യജീവനും ആണെന്ന് മറക്കരുത്.
യേഹ്ശുവാ പഠിപ്പിച്ചത് ദൈവരാജ്യം സ്ഥാപിതമാകുന്നതിന് വേണ്ടിയുള്ള പ്രാര്ത്ഥനയാണ്. ഈ പ്രാര്ത്ഥന ആവര്ത്തിക്കുന്നത് തടയുകയെന്നതാണ് സാത്താന്റെ ലക്ഷ്യം. അതിനായി അവന്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് മറ്റ് പ്രാര്ത്ഥനകളെ അവന്‍ പ്രോത്സാഹിപ്പിക്കുന്നത്. ആയതിനാല്‍, കൃപാസനങ്ങളിലുടെയും മറ്റിതര ഭക്താഭാസങ്ങളിലൂടെയും ആര്ക്കെങ്കിലും ഭൗതികമായ നേട്ടങ്ങള് ലഭിക്കുന്നുണ്ടെങ്കില്, നിങ്ങള്‍ക്ക് നഷ്ടമാകുന്നത് അനശ്വരമായ സന്തോഷമാണ്.
വിഗ്രഹങ്ങളുടെ എണ്ണം അനുദിനം വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന റോമന്‍ കത്തോലിക്കാസഭ ഈ പ്രവചനം ശ്രദ്ധിക്കുക: “അതുകൊണ്ട് നീ ഈ ജനതയ്ക്കുവേണ്ടി പ്രാര്ത്ഥിക്കരുത്; അവര്ക്കുവേണ്ടി വിലപിക്കുകയോ യാചിക്കുകയോ അരുത്. വിഷമസന്ധിയില് അവര്‍ വിളിച്ചപേക്ഷിക്കുമ്പോള് ഞാന്‍ കേള്ക്കുകയില്ല. ദുഷ്കൃത്യങ്ങള് ചെയ്തിരിക്കേ, എന്റെ പ്രേയസിക്ക് എന്റെ ഭവനത്തില് എന്തവകാശമാണുള്ളത്? നേര്ച്ചകള്ക്കോ ബലിമാംസത്തിനോ നിന്റെ നാശത്തെ അകറ്റാനാവുമോ? നിനക്ക് ഇനി ആഹ്ളാദിക്കാനാവുമോ?”(യിരെമിയാഹ്: 11; 14, 15). പ്രതിസന്ധികള് വരുമ്പോള്‍ ദൈവത്തിന്റെ പേര് വിളിക്കുന്നതിന് പകരം ‘പുണ്യാളാ’ എന്ന് വിളിക്കുന്നവരുടെ എണ്ണം റോമന്‍ കത്തോലിക്കാസഭയില് വര്ദ്ധിക്കുമ്പോള് നാം തിരിച്ചറിയേണ്ടത് അരക്ഷിതാവസ്ഥയിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ്!
അന്യദൈവാരാധനയുടെ ആധുനിക മുഖം!
ഒറ്റനോട്ടത്തില്‍തന്നെ പൈശാചികത തിരിച്ചറിയാന്‍ കഴിയുന്ന ദുര്‍മ്മൂര്‍ത്തികളിലേക്ക് ദൈവജനത്തെപ്പോലും നയിക്കാന്‍ പര്യാപ്തമായവിധം ആധുനികശാസ്ത്രത്തിന്റെ പരിവേഷത്തിലാണ് വിഗ്രഹങ്ങള്‍ ഇന്ന് വിപണിയിലുള്ളത്. ദൈവശാസ്ത്ര പണ്ഡിതരെന്ന്‍ അവകാശപ്പെടുന്നവരും ദൈവജനത്തിന് നേരായ മാര്‍ഗ്ഗം ഉപദേശിക്കേണ്ടവരുമായ സഭാനേതാക്കന്മാര്‍പോലും ഇന്ന്‍ ഇവറ്റകളുടെ ദാസ്യവേലക്കാരാണെന്നത് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു! വിഗ്രഹങ്ങളിലേക്ക് മനുഷ്യരെ പടിപടിയായി നയിക്കുകയും ഒടുവില്‍ വിടുതല്‍ ലഭിക്കാത്ത ബന്ധനത്തില്‍ അകപ്പെടുത്തുകയും ചെയ്യുന്ന അനേകം സംവിധാനങ്ങളില് ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നാണ് യോഗാ! ‘വ്യായാമം’ എന്ന പേരില്‍ അവതരിപ്പിക്കുമ്പോള് അനേകരെ അതിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് നാരകീയശക്തികള്ക്ക് അറിയാം. അതുകൊണ്ടുതന്നെ, ഒരു ‘മെഡിറ്റേഷന്‍’ എന്ന പ്രചാരണത്തോടെയാണ് യോഗയിലേക്ക് മനുഷ്യരെ വശീകരിക്കുന്നത്.
യോഗയെന്ന 'മെഡിറ്റേഷന്‍' ഒന്നാംപ്രമാണത്തിനെതിരെയുള്ള പാപമാണെന്ന് ക്രൈസ്തവരില്‍ പലര്‍ക്കും അറിയില്ല. അറിയിക്കാന്‍ ചുമതലയുള്ളവരില്‍ പലരും യോഗയുടെ പ്രചാരകരായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഏറ്റവും ദാരുണമായ അവസ്ഥ! ചില വ്യായാമമുറകള്‍ ചേര്‍ത്തുവച്ചുകൊണ്ട് വിഗ്രഹാരാധനയിലേക്ക് മനുഷ്യരെ നയിക്കുന്ന കുടിലതയാണ് യോഗയിലുള്ളത്. ഇത് വെറുമൊരു 'മെഡിറ്റേഷന്‍' മാത്രമാണെന്ന് വാദിക്കുന്നവര്‍ തന്ത്രപൂര്‍വ്വം മറച്ചുവയ്ക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. പാശ്ചാത്യനാടുകളില്‍ 'യോഗ' പരിശീലിക്കുന്നവരില്‍ അധികവും ഇപ്പോള്‍തന്നെ ഹിന്ദുമതം സ്വീകരിച്ചുകഴിഞ്ഞു! അവശേഷിക്കുന്നവര്‍ സത്യദൈവത്തെ ആരാധിക്കുന്ന അവസ്ഥയില്‍നിന്ന്‍ വ്യതിചലിക്കുകയും ചെയ്തു! ഫലത്തില്നിന്ന് വൃക്ഷത്തെ തിരിച്ചറിയാന്‍ കഴിയുന്ന ദൈവമക്കള്‍ക്ക് ഇതില്‍ക്കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല.
വിഗ്രഹങ്ങള്‍ എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്; അവയെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്‌താല്‍ അതു വിഗ്രഹാരാധനയാകുമെന്നും നമുക്കറിയാം. സൂര്യനമസ്ക്കാരം യോഗയുടെ ഭാഗമാണെന്നുള്ള യാഥാര്‍ത്ഥ്യം, അത് പരിശീലിക്കുന്നവരോ അതിനെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവരോ ആയ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതാണ്. വിവാദമായ ഭാഗങ്ങള്‍ മാറ്റിനിര്‍ത്തി വ്യായാമം മാത്രം ചെയ്‌താല്‍ മതിയെന്ന നിര്‍ദ്ദേശത്തോടെയാണ് ക്രിസ്ത്യാനികളെ യോഗയിലേക്ക് ആകര്‍ഷിക്കുന്നത്! ഇത്തരത്തില്‍ യോഗികളായി മാറുകയും എല്ലാ പ്രകൃതിശക്തികളെയും ആരാധിച്ചുകൊണ്ട് കാവിയുടുത്ത് പത്മാസനത്തില്‍ ഇരിക്കുകയും ചെയ്യുന്ന ക്രൈസ്തവപുരോഹിതന്മാര്‍ ഇന്നുണ്ട്! യോഗാധ്യാനങ്ങള്‍ നടത്തിക്കൊണ്ട് പരസ്യമായി ദൈവത്തെ നിന്ദിക്കുകയും ദൈവജനത്തെ വഞ്ചിക്കുകയും ചെയ്യുന്ന ക്രൈസ്തവ ആശ്രമങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് മനോവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അത്തരത്തിലുള്ള ഒരാശ്രമമാണ് കാലടിയില്‍ എംസി.ബിഎസ്. സഭ നടത്തുന്ന ദിവ്യകാരുണ്യാശ്രമം! ക്രിസ്തീയതയെ വിജാതിയവത്ക്കരിക്കാന്‍ നിഗൂഢശ്രമമാണ് ഇത്തരം ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.
സൂര്യനെയും പ്രകൃതിശക്തികളെയും നമസ്ക്കരിക്കുന്നത് വ്യായാമത്തിന്റെ ഭാഗമാണെന്ന് യോഗയുടെ പ്രചാരകരായ നരകസന്തതികള് വാദിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവയെ സൃഷ്ടിച്ച ദൈവത്തെയാണ് ആരാധിക്കുന്നതെന്ന അബദ്ധമാണ് ചില ആധുനീക ‘ദൈവശാസ്ത്രജ്ഞര്‍’ പ്രചരിപ്പിക്കുന്നത്. ഈ വാദം ശരിയാണെങ്കില്‍ തെറ്റുപറ്റിയത് ദൈവത്തിനാണോ? ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം മോശയിലൂടെ നമ്മോട് കല്പിച്ചിരിക്കുന്നത് എന്താണെന്ന് നോക്കുക: “നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്റെ കീഴിലുള്ള എല്ലാ ജനതകള്ക്കുംവേണ്ടി നിങ്ങളുടെ ദൈവമായ യാഹ്‌വെ നല്കിയിരിക്കുന്നവയാണ്”(നിയമം: 4; 19). സൂര്യനെയും ചന്ദ്രനെയും ആകാശഗോളങ്ങളെയും സൃഷ്ടിച്ചത് മനുഷ്യന് അവയെ ആരാധിക്കേണ്ടതിനല്ല. ദൈവത്തിന്റെ പ്രതിച്ഛായയില് സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന് മുന്‍പില്‍ മാത്രമേ തലകുനിക്കാന് പാടുള്ളൂ. അതിനാല്ത്തന്നെ, ഒരു ‘മെഡിറ്റേഷന്‍’ എന്ന രീതിയിലാണെങ്കിലും ‘യോഗ’ പ്രാക്ടീസ് ചെയ്യുന്നവര്‍ ഒന്നാം പ്രമാണം ലംഘിക്കുന്നു!
നമസ്ക്കരിക്കുകയെന്നാല്‍ വണങ്ങലും ആരാധനയുമാണെന്ന്‍ നമുക്കറിയാം. കുമ്പിടലും വണങ്ങലും ആരാധനയുടെ ഭാഗമല്ലെന്ന് വാദിക്കുന്നവര്‍ ഈ വചനവുംകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുക: “ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവന്‍ എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്ക്കല്, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്, ഇരുപത്തിയഞ്ചോളം പേര് ദൈവാലയത്തിന് പുറംതിരിഞ്ഞ് കിഴക്കോട്ട് നോക്കി നില്ക്കുന്നു. അവര്‍ കിഴക്കോട്ട് നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു”(യെസെക്കിയേല്: 8; 16). എന്തിന്റെ പേരിലായിരുന്നാലും സൂര്യനമസ്കാരം യാഹ്‌വെയെ പ്രകോപിപ്പിക്കുമെന്ന് ഈ വചനം വ്യക്തമാക്കിയിരിക്കേ, വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് നാം തിരിച്ചറിയണം!
സൂര്യനമസ്കാരത്തെ സൂര്യസ്നാനമെന്ന് പേരുമാറ്റിയാണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. സൂര്യനില്‍നിന്ന് ‘വിറ്റാമിന്‍-ഡി’ ആകിരണം ചെയ്യാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമായി തെറ്റിദ്ധരിപ്പിച്ച് സൂര്യനമസ്കാരത്തിലേക്ക് നയിക്കാനുള്ള കുതന്ത്രമാണ് ഹൈന്ദവകുബുദ്ധികള്‍ നടത്തുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല! ഓസോണ്‍ പാളികളിലെ വിള്ളല്‍മൂലം സൂര്യനില്‍നിന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യശരീരത്തില്‍ പതിക്കുകയും, അതുവഴി ക്യാന്‍സര്‍പോലുള്ള മാരക വിപത്തുകള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. പാപം ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ക്കൊണ്ടുതന്നെ ശിക്ഷ നടപ്പാക്കുമെന്ന ദൈവവചനം ഇവിടെ ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു! ബൈബിളിലെ ഒരു ലിഖിതം നോക്കുക: “സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്ക്ക് പ്രതിക്രിയയായി നീ അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്”(ജ്ഞാനം: 11; 15, 16). ഇതൊരു മുന്നറിയിപ്പാണ്.
വിഗ്രഹങ്ങളെ ആരാധിക്കുന്നവന് തനിക്ക് മാത്രമല്ല ദ്രോഹം വരുത്തുന്നത്, സമൂഹത്തെ മുഴുവന്‍ അവന്‍ ശാപഗ്രസ്തമാക്കുകയാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് മരണശിക്ഷ നല്‍കുവാന്‍ യാഹ്‌വെ കല്പിച്ചത്. ഈ നിയമം ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യാഹ്‌വെ നിനക്ക് തരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവന്റെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ച് അവന്റെ ഉടമ്പടി ലംഘിക്കുകയും ഞാന്‍ വിലക്കിയിട്ടുള്ള അന്യദൈവങ്ങളെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷമമായി അന്വേഷിക്കണം. യിസ്രായേലില് അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്ന് തെളിഞ്ഞാല്‍, ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞ് കൊല്ലണം”(നിയമം: 17; 2-5).
നാമിവിടെ വായിച്ചത് ദൈവത്തിന്റെ നിയമമാണ്. നിയമങ്ങളില്‍ ഏതെങ്കിലും അസാധുവാക്കപ്പെട്ടോ എന്നത് ആധുനിക യിസ്രായേല്‍ എന്ന് അവകാശപ്പെടുന്നവര്‍ വെളിപ്പെടുത്തണം. പിന്നെ എന്തുകൊണ്ട് വിജാതീയ അനുകരണങ്ങളും യോഗാധ്യാനങ്ങളും കൊണ്ടുനടക്കുന്ന സന്യാസസഭകളെ നേതൃത്വം താക്കീത് ചെയ്യുന്നില്ല? ‘ആര്‍ഷഭാരത സംസ്കാരം’ എന്ന ‘ആ-ഭാ-സം’ പ്രചരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവരെ എന്തുകൊണ്ട് സഭയുടെ ഉന്നത നേതൃത്വത്തിലേക്ക് ഉയര്‍ത്തി? ഇത്തരം ഉയര്‍ത്തലുകളെ പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്! ഒന്നാം പ്രമാണം ലംഘിക്കുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരെയും ക്രൈസ്തവസമൂഹങ്ങളില്നിന്ന് പുറത്താക്കുകയാണ് യഥാര്ത്ഥത്തില് ചെയ്യേണ്ടത്. ഇത്തരം തിന്മകള് പ്രവര്ത്തിക്കുന്നവരെ സമൂഹത്തില്നിന്ന് വിച്ഛേദിച്ചാല്, ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം അവര്‍ മരിച്ചവരേപ്പോലെയാകും.
‘യോഗ’ എന്നത് എതിര്ക്രിസ്തു എന്ന വ്യാജ മ്ശിയാഹിന്റെ പേര് വഹിക്കുന്ന പൈശാചികതയാണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍, അതാണ് യാഥാര്‍ത്ഥ്യം. യോഗയുടെ പ്രധാന മുദ്രയായ ‘ചിന്മുദ്ര’ എന്നത് ‘666’ എന്ന സംഖ്യയുടെ പരസ്യപ്രദര്ശനം ആണ്. ‘ജ്ഞാനമുദ്ര’ എന്നും ‘യോഗികള്’ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. പത്മാസനത്തില്‍ ഇരുന്ന് ഇരുകൈകളിലും മൃഗത്തിന്റെ പേരിന്റെ സംഖ്യ മുദ്രയായി പിടിച്ചുകൊണ്ട് ആണ് ‘യോഗ’ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ പൈശാചികത ‘പ്രാക്ടീസ്’ ചെയ്യുന്ന ഒരുവനുപോലും ദൈവരാജ്യത്തില് പ്രവേശിക്കാന്‍ സാധിക്കില്ല. യോഗയില് മാത്രമല്ല ഹിന്ദുമതത്തിന്റെ എല്ലാ ആരാധനകളിലും ‘ചിന്മുദ്ര’ അഥവാ ‘666’ സമന്വയിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ ദൈവങ്ങളെ പ്രകീര്ത്തിക്കുന്ന ‘ക്ലാസിക്കല്’ നൃത്തങ്ങളിലെ പ്രധാന മുദ്ര എന്നത് ചിന്മുദ്രയാണ്.
ഐക്യരാഷ്ട്രസഭയും ക്രൈസ്തവ ആചാര്യന്മാരും മത്സരിച്ചാണ് ഇന്ന് യോഗയെ ആഗോളതലത്തില് പ്രചരിപ്പിക്കുന്നത്. യുഗാന്ത അടയാളമായി ഇതിനെ നാം മനസ്സിലാക്കണം. ഒന്നാം പ്രമാണം ലംഘിക്കാന്‍ ക്രൈസ്തവരെ പരിശീലിപ്പിക്കുന്നത് അവരുടെ നേതാക്കന്മാര് തന്നെയാണെങ്കില്, ക്രിസ്തീയതയുടെ ഇന്നത്തെ അവസ്ഥ എത്ര പരിതാപകരമായിരിക്കും എന്ന് നാം തിരിച്ചറിയണം. അതുകൊണ്ടുതന്നെ, ഇന്ന് വിജാതീയരെക്കാള് നാം സൂക്ഷിക്കേണ്ടത് ക്രൈസ്തവസഭകളുടെ ആചാര്യന്മാരെയാണ്. ക്രൈസ്തവ ആചാര്യന്മാരുടെ അധഃപതനം ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല. നാലാം നൂറ്റാണ്ടിലെ നിഖ്യാസൂനഹദോസിലാണ് അത് ആരംഭിച്ചത്. യേഹ്ശുവായെ ഉപേക്ഷിച്ച് യീസുസിനെ ഏറ്റെടുത്തപ്പോള് അവര്‍ പരസ്യമായി ഒന്നാംപ്രമാണം ലംഘിച്ചു. യിരെമിയാഹിന്റെ ഒരു പ്രവചനം പൂര്ത്തിയാകുന്നതിന്റെ ആരംഭമായിരുന്നു അത്.
ആ പ്രവചനം ഇതാണ്: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്, സംഭ്രമിക്കുവിന്, ഞെട്ടിവിറയ്ക്കുവിന് - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ട് തിന്മകള് പ്രവര്ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന് കഴിവില്ലാത്ത പൊട്ടക്കിണറുകള് കുഴിക്കുകയും ചെയ്തു”(യിരെമിയാഹ്: 2; 11-13). ‘യീസുസ്’ എന്ന ഒരു പൊട്ടക്കിണറില് ആണ് ആരംഭിച്ചതെങ്കിലും, ഇന്ന് എണ്ണിയാല് ഒടുങ്ങാത്ത പൊട്ടക്കിണറുകള് ക്രൈസ്തവര്‍ കുഴിച്ചുകഴിഞ്ഞു!
'രാഹുവും ഗുളികനും ജാതകമെഴുത്തും!'
ശാസ്ത്രീയമായി ലോകം പുരോഗതി പ്രാപിക്കുകയും മനുഷ്യര്‍ അറിവുനേടുകയും ചെയ്തപ്പോള്‍ അന്ധവിശ്വാസങ്ങളെ സമൂഹം പുച്ഛിച്ചുതള്ളി എന്നത് ഒരു തെറ്റായ ധാരണയാണ്. പരിഷ്കൃതം എന്ന് പറയപ്പെടുന്ന സമൂഹങ്ങളിലും വ്യര്ത്ഥമായ ഭോഷത്തങ്ങള് നിലനില്ക്കുന്നുവെന്നതാണ് പരമാര്‍ത്ഥം. അപരിഷ്കൃത സമൂഹങ്ങള്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങള് തന്നെയാണ് പരിഷ്കൃതം എന്ന് പറയപ്പെടുന്ന സമൂഹങ്ങളും പിന്തുടരുന്നതെങ്കിലും ചെറിയൊരു വ്യത്യാസം അതില്‍ കാണാം. പരിഷ്കൃതര് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ പരിവേഷങ്ങള്‍ നല്കുന്നുവെന്നതാണ് ആ വ്യത്യാസം. ശാസ്ത്രീയമായ വ്യാഖ്യാനം നല്കിക്കൊണ്ടാണ് ഇന്ന് ആഭിചാരങ്ങളും ക്ഷുദ്രവിദ്യകളും ഇവര്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്! മനുഷ്യന് ചൊവ്വാഗ്രഹത്തില്‍ താമസമാക്കാന്‍ തയ്യാറെടുക്കുന്ന കാലത്തുപോലും, ഈ വിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത അവകാശപ്പെടുന്നത് ചോവ്വാദോഷംമൂലം നട്ടംതിരിയുന്ന ഒരു മതവിഭാഗമാണ്! നിത്യജീവനില്നിന്നും ദൈവരാജ്യത്തില്നിന്നും അകറ്റപ്പെട്ടിരിക്കുന്ന ഈ അപരിഷ്കൃത സമൂഹത്തെ അനുകരിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യമാണ് അതിനേക്കാള് ഏറെ പരിതാപകരം.
നിയമത്തിലൂടെയുള്ള കര്ശനമായ നിരോധനത്തെ നിസ്സാരമായി അവഗണിച്ചുകൊണ്ട്, ക്രൈസ്തവരെന്ന്‍ അവകാശപ്പെടുന്നവര്‍പോലും പ്രാശ്നികരെയും ഭാവിപ്രവചിക്കുന്നവരെയും സമീപിക്കുന്നത് അത്യന്തം ഗുരുതരമായ പാപമാണ്. ജ്യോതിഷികള്‍ക്ക് ഭാവിപ്രവചിക്കാന്‍ കഴിയില്ലെന്ന് മനോവ പറയില്ല. എന്നാല്‍, അവരില് പ്രവര്‍ത്തിക്കുന്നത് പിശാചാണെന്ന് തറപ്പിച്ചുപറയാന്‍ ബൈബിള്‍ വചനത്തെ മുന്‍നിര്‍ത്തി മനോവയ്ക്ക് സാധിക്കും! യാഹ്‌വെ വിലക്കിയിട്ടുള്ള ഇത്തരം പ്രവൃത്തികള് ചെയ്യുകയും അതോടൊപ്പം ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അപമാനകരമാണ്. പിശാചുക്കള്‍തന്നെയായ അന്യദൈവങ്ങളാണ് ക്ഷുദ്രവിദ്യകളുടെ പിന്നിലെ യഥാര്‍ത്ഥ ശക്തി! നിയമഗ്രന്ഥത്തിലെ ഈ ലിഖിതം നോക്കുക: “നിങ്ങളുടെ ഇടയില്നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദൈവങ്ങളെ നമുക്ക് പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്”(നിയമം: 13; 1-3). അതിനാല്‍, ഈ പ്രവൃത്തികളില് ഏര്‍പ്പെടുന്നവര്‍ ഒന്നാംപ്രമാണത്തിന്റെ ലംഘകരാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല!
വിജാതീയ അനുകരണത്തിലൂടെ ആധുനിക ക്രൈസ്തവരെ ഗ്രസിച്ച മറ്റൊരു പൈശാചികതയാണ് വാസ്തുവിദ്യയും പുരവാസ്തോലിയും. ‘വാസ്തുബലി’ ലോപിച്ചാണ് ‘വാസ്തോലി’ ഉണ്ടായത്. ‘വാസ്തുപുരുഷന്’ എന്ന പൈശാചിക മൂര്ത്തിക്ക് അര്പ്പിക്കുന്ന ബലിയാണ് ‘വാസ്തുബലി’! ഈ പൈശാചിക മൂര്ത്തിയുടെ അഭിഷ്ടം പരിശോധിച്ച് അറിഞ്ഞതിനുശേഷം, അതിനനുസരണമായാണ് ഇന്ത്യയിലെ ക്രൈസ്തവ നാമധാരികള്പോലും വീടുകളും മറ്റ് കെട്ടിടങ്ങളും പണിയുന്നത്. വീടിന്റെ നിര്മ്മാണം പൂര്ത്തിയായതിനുശേഷം അതില്‍ താമസം തുടങ്ങണമെങ്കിലും ‘വാസ്തുപുരുഷന്’ എന്ന പൈശാചിക മൂര്ത്തിയെ പ്രീതിപ്പെടുത്തണം. അതിനായി നടത്തപ്പെടുന്നതാണ് ‘പാല് കാച്ചല് എന്ന ചടങ്ങ്! പാല് തിളച്ച് അഗ്നിക്ക് സമര്പ്പിക്കുമ്പോള് ‘വാസ്തുപുരുഷന്’ തൃപ്തനാകും. അതാണ് ‘പുര വാസ്തുബലി’ അഥവാ ‘പുര വാസ്തോലി’!
വീട് നിര്മ്മാണവുമായി ബന്ധപ്പെട്ട മറ്റൊരു പൈശാചികതയാണ് വീടിന്റെ നാല് കോണുകളിലും കട്ടിളപ്പടിക്ക് കീഴെയും കുരിശ് കുഴിച്ചിടുന്ന പ്രവൃത്തി! രണ്ടാമത്തെ കല്പനയുമായി ബന്ധപ്പെട്ട സന്ദേശത്തില് ഈ വിഷയം വ്യക്തമായി വിവരിച്ചിട്ടുള്ളതിനാല് ഇവിടെ അത് ആവര്ത്തിക്കുന്നില്ല. എന്നിരുന്നാലും ഒരുകാര്യം വ്യക്തമാക്കാം. യേഹ്ശുവാ പാപപരിഹാരാര്ത്ഥം എന്നേക്കുമുള്ള ഏകബലി അര്പ്പിച്ച ബലിപീഠമാണ് കുരിശ്! ഈ കുരിശ് മണ്ണില് കുഴിച്ചിടുക എന്നത് ശാപം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയാണ്. മാത്രവുമല്ല, കട്ടിളപ്പടിയുടെ ചുവട്ടില് കുരിശ് കുഴിച്ചിടുമ്പോള്, ആ ഭവനത്തില് പ്രവേശിക്കുന്നവരെല്ലാം ബലിപീഠത്തെ കവച്ചുവെച്ചാണ് കടന്നുപോകുന്നത്. ബലിപീഠം എങ്ങനെ പവിത്രമായി പരിഗണിക്കണമെന്ന് മോശയിലൂടെ നല്കപ്പെട്ടിരിക്കുന്ന നിയമം ശ്രദ്ധിക്കുക: “കല്ലുകൊണ്ടുള്ള ബലിപീഠമാണ് എനിക്കായി ഉണ്ടാക്കുന്നതെങ്കില് കൊത്തിയ കല്ലുകൊണ്ട് അത് പണിയരുത്. കാരണം, പണിയായുധം സ്പര്ശിച്ചാല് അത് അശുദ്ധമാകും. എന്റെ ബലിപീഠത്തിന്മേല് നിന്റെ നഗ്നത കാണപ്പെടാതിരിക്കാന്വേണ്ടി നീ അതിന്മേല് ചവിട്ട് പടികളിലൂടെ കയറരുത്”(പുറപ്പാട്: 20; 25, 26).
ബലിപീഠത്തെ സമീപിക്കുന്ന പുരോഹിതര്ക്കുള്ള ഒരു നിയമം നോക്കുക: “അവരുടെ നഗ്നത മറയ്ക്കാന് ചണത്തുണികൊണ്ട് അരമുതല് തുടവരെയെത്തുന്ന കാല്ച്ചട്ടകളുണ്ടാക്കണം. അഹറോനും പുത്രന്മാരും സമാഗമ കൂടാരത്തില് പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില് അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്ക്കും എന്നേക്കുമുള്ള നിയമമാണ്”(പുറപ്പാട്: 28; 42, 43). ബലിപീഠത്തിന് സമീപം ശുശ്രൂഷ ചെയ്യുമ്പോള്‍ പുരോഹിതന്മാരുടെ നഗ്നത മറയ്ക്കാനും, ബലിപീഠത്തിന്റെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാനും ദൈവം എത്രമാത്രം കര്ശനമായ നിയമമാണ് നല്‍കിയിരിക്കുന്നത് എന്ന് ഈ വചനങ്ങള് വ്യക്തമാക്കുന്നു.
കാളകളെയും ആടുകളെയും പ്രാവുകളെയും ബലിയര്പ്പിക്കുന്ന ബലിപീഠത്തെ ഇത്രത്തോളം പവിത്രമായാണ് ദൈവം പരിഗണിച്ചതെങ്കില്, യേഹ്ശുവായുടെ പവിത്രമായ ശരീരവും രക്തവും അര്പ്പിച്ച ബലിപീഠത്തെ എത്രത്തോളം പവിത്രവും പാവനവും ആയാണ് സ്വര്ഗ്ഗം പരിഗണിക്കുന്നതെന്ന് നാം ചിന്തിക്കണം. അതായത്, കട്ടിളപ്പടിയുടെ ചുവട്ടിലും വീടിന്റെ നാല് കോണുകളിലും കുരിശ് കുഴിച്ചിട്ടാല്, ആ ഭവനത്തില് വസിക്കുന്നവരില്നിന്ന് ശാപം ഒരുകാലത്തും ഒഴിഞ്ഞുപോകില്ല! എന്തെന്നാല്‍, ഇത് ഒന്നാമത്തെയും രണ്ടാമത്തെയും കല്പനകള്‍ ഒരേസമയം ലംഘിക്കുന്ന പ്രവൃത്തിയാണ്!
പാപത്തിന്റെ ഗൗരവം മനുഷ്യരല്ല നിശ്ചയിക്കുന്നത്, ദൈവമാണ്! അതുകൊണ്ട് യാഹ്‌വെ നല്‍കിയ നിയമങ്ങളില്‍ ഒന്നുപോലും നിസ്സാരമായി കരുതാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല. അത്തരത്തില്‍ പഠിപ്പിക്കുന്നതും തിന്മയാണ്! രാഹുകാലം നോക്കി വിവാഹം നടത്തുന്നതും, ജാതകം എഴുതുന്നതും സഭാനേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വിലക്കാനുള്ള ഉത്തരവാദിത്തം അവര്ക്കുണ്ട്. യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനം നോക്കുക: “ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്ന് വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്ന് വിളിക്കപ്പെടും”(മത്തായി: 5; 19). ഈ ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ വാഴുന്ന രാജ്യമാണ് സ്വര്ഗ്ഗരാജ്യം അഥവാ ദൈവരാജ്യം എന്ന് വിളിക്കപ്പെടുന്നത്. ദൈവത്തിന്റെ ദൃഷ്ടിയില് വലിയവനായി കാണപ്പെടുന്നവര് മാത്രമേ ആ രാജ്യത്ത് പ്രവേശിക്കുകയുള്ളു. അതുകൊണ്ടുതന്നെ, നിയമനിഷേധികളില് ഒരുവന്പോലും ദൈവരാജ്യം അവകാശമാക്കില്ല!
വാരഫലവും വിജാതിയമായ മറ്റ് അനുകരണങ്ങളും നിസ്സാരമായി കരുതുന്നവര്‍ യേഹ്ശുവായുടെ ഈ വചനത്തെ ഗൗരവമായി എടുക്കണം. പരിപൂര്‍ണ്ണ വിശുദ്ധിയുള്ളവര്ക്ക് മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. അശുദ്ധര്ക്ക് അവിടെ പ്രവേശനമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് പരിശുദ്ധാത്മാവാണ്! ഈ പ്രവചനം ശ്രദ്ധിക്കുക: “എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്മാര്ഗ്ഗികള്, കൊലപാതകികള്‍, വ്യഭിചാരികള്, മന്ത്രവാദികള്, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം”(വെളിപാട്: 21; 8). യേഹ്ശുവായുടെ രാജ്യത്ത് പ്രവേശനം ലഭിക്കുന്നവരെക്കുറിച്ചുള്ള മറ്റൊരു മുന്നറിയിപ്പ് നോക്കുക: “എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല”(വെളിപാട്: 21; 27). ഒരുവനെ അശുദ്ധമാക്കുന്നത് പാപമാണെന്ന് നമുക്കറിയാം. വിഗ്രഹാരാധനയിലൂടെയും വിജാതീയ അനുകരണത്തിലൂടെയും വ്യക്തികളും സമൂഹവും അശുദ്ധിയില്‍ അകപ്പെടുമെന്ന് നിയമത്തിലൂടെ ദൈവം വ്യക്തമാക്കിയിട്ടുണ്ട്.
അന്യദൈവങ്ങളെ സേവിച്ചാല് സംഭവിക്കുന്നത് നാശമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ദൈവംതന്നെയാണ് ഇന്നും ദൈവം! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, വിജാതിയ അനുകരണങ്ങളെ നിസ്സാരമായി കാണാന്‍ എന്തുകൊണ്ടാണ് സമൂഹനേതാക്കള് തുനിയുന്നതെന്ന് മനസ്സിലാകുന്നില്ല! യാഹ്‌വെയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “എന്നാല്‍, നിങ്ങളുടെ ദൈവമായ യാഹ്‌വെയെ വിസ്മരിക്കുകയും മറ്റ് ദൈവങ്ങളുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചുപോകുമെന്ന് ഇന്ന് ഞാന്‍ മുന്നറിയിപ്പ് തരുന്നു”(നിയമം: 8; 19). പ്രാശ്നികരെയും മന്ത്രവാദികളെയും സമീപിക്കുന്നതും നിത്യശിക്ഷയ്ക്ക് കാരണമാകുമെന്ന് യാഹ്‌വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ മുന്നറിയിപ്പ് നോക്കുക: “നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്ത് നീ വരുമ്പോള്‍ ആ ദേശത്തെ മ്ലേച്ഛതകള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്ക് നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവന്‍ അവരെ നിങ്ങളുടെ മുന്പില്നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം. നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്സ്യരെയും പ്രാശ്നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അതിനനുവദിച്ചിട്ടില്ല”(നിയമം: 18; 9-14).
ദൈവം അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ എന്തിനാണ് പുതിയ വ്യാഖ്യാനങ്ങള്‍ തേടുന്നതെന്ന് ഗൗരവത്തോടെ ചിന്തിക്കണം. ദൈവത്തിന് തെറ്റുപറ്റിയെന്നാണോ ഇത്തരക്കാര്‍ കരുതുന്നത്? യാഹ്‌വെ കര്‍ശനമായി നിരോധിച്ചിട്ടുള്ളവയെ മഹത്വവത്ക്കരിക്കാനും അവയൊന്നും പാപമല്ലെന്ന് പ്രഖ്യാപിക്കുവാനുമായി തീഷ്ണമായ പഠനങ്ങള്‍ നടത്തുന്നവര്‍ ആരെയാണ് സേവിക്കുന്നതെന്ന് ചിന്തിക്കണം.
പാപം ഒരു നേരമ്പോക്കോ?!
ഇതൊന്നും താന്‍ വിശ്വാസത്തോടെ ചെയ്യുന്നതല്ല; മറിച്ച്, വെറും നേരമ്പോക്കിനുവേണ്ടി ചെയ്യുന്നതാണ് എന്നൊക്കെ പറയുന്നവരെ മനോവ കണ്ടിട്ടുണ്ട്. മാധ്യമങ്ങളില്‍ വാരഫലം കാണുമ്പോള്‍ വെറുതെയൊന്ന് വായിക്കും എന്നല്ലാതെ താന്‍ അതൊന്നും വിശ്വസിക്കാറില്ല എന്നാണ് ഇവര്‍ പറയുന്നത്. കൈനോട്ടക്കാരനെ കണ്ടാലും ഇതുപോലെതന്നെ വെറുതെ കൈയ്യോന്ന് നീട്ടിക്കൊടുക്കും, അതില്‍ വിശ്വാസം ഉണ്ടായിട്ടല്ലത്രെ!
സ്വന്തം ആത്മരക്ഷയെ നിസ്സാരമായി കാണുന്നവരാണ് ഇക്കൂട്ടരെന്ന് യാതൊരു സങ്കോചവുമില്ലാതെ മനോവ പറയും! അരുതെന്ന് യാഹ്‌വെ പറഞ്ഞാല്‍ അതിന് വേറെ അര്‍ത്ഥങ്ങളൊന്നുമില്ല. ദൈവത്തിന്റെ കല്പനകളെ മനുഷ്യന്‍ നിസ്സാരമാക്കിയതാണ് ഏദന്തോട്ടത്തില് കണ്ടത്. ഒരു മരത്തിലെ ഫലം ഇത്ര അപകടകാരിയാണോ എന്ന നിസ്സാരഭാവം മനുഷ്യരാശിയുടെമേല്‍ മുഴുവന്‍ ശാപമായി പരിണമിച്ചെങ്കില്‍, നിസ്സാരമായതൊന്നും ദൈവം കല്പിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കണം. അന്യദൈവങ്ങളുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുകപോലും അരുതെന്ന് യാഹ്‌വെ കല്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഗൗരവം മനസ്സിലാക്കി തന്നെയാണ് അത്. അതിനെ നിസ്സാരവത്ക്കരിച്ച്, അവരുടെ ആലയങ്ങളിലേതുപോലെ വിഗ്രഹങ്ങള്‍ തങ്ങളുടെ ആരാധനാലയങ്ങളിലും സ്വന്തം ഭവനത്തിലും പ്രതിഷ്ഠിക്കാന്‍ തയ്യാറാകുന്നവര്‍ എത്ര ഉന്നതരായിരുന്നാലും ചോദ്യം ചെയ്യപ്പെടണം.
ഇന്ത്യയിലെ വിഗ്രഹാലയങ്ങളിലേക്ക് ദൈവജനത്തെ ആകര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള ‘പാക്കേജ്’ ആണ് ഇന്ത്യന്‍ ടൂറിസം! ഇതിന്റെ ഏറ്റവും ആധുനികരൂപമാണ് കേരളത്തിലെ വിനോദസഞ്ചാര വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന ‘വിവാഹ ടൂറിസം’! കേരളത്തിലെ വിജാതീയ ആരാധനാലയങ്ങളില്‍ വെച്ച് വിവാഹം നടത്താനുള്ള അവസരം വിദേശികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി!
വിനോദയാത്രകളുടെയും പഠനയാത്രകളുടെയും പേരില്‍ കുട്ടികളെയും യുവാക്കളെയും വിഗ്രഹാലയങ്ങളിലേക്ക് നയിക്കുന്നതില്‍ സഭാനേതാക്കളും അവരുടെതായ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതം അവര്‍ തിരിച്ചറിയാത്തത് വചനത്തെക്കുറിച്ചുള്ള അജ്ഞതയോ, അറിവിലുള്ള അഹങ്കാരമോ ആയിരിക്കാം. യാഹ്‌വെ നല്‍കിയ നിയമം ശ്രദ്ധിക്കുക: “അവരെ അനുകരിച്ച് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദൈവങ്ങളെ സേവിച്ചു എന്ന് നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദൈവങ്ങള്ക്കുവേണ്ടി ചെയ്തു”(നിയമം: 12; 30, 31). ഈ നിയമം ബൈബിളില്‍ ഉള്ളിടത്തോളം ഇത്തരം ചെയ്തികള്‍ നരകശിക്ഷ അര്‍ഹിക്കുന്ന പാപമാണ്. പഠനങ്ങളുടെ പേരില്‍ വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒന്നാംപ്രമാണത്തിനെതിരെയുള്ള പാപമാണെന്നറിഞ്ഞിട്ടും അതിന് നേതൃത്വം നല്‍കുന്ന ‘വൈദികരും കന്യാസ്ത്രികളും’ ഒരു തലമുറയെയാണ് നശിപ്പിക്കുന്നത്. പല കുട്ടികളും പറയുന്നത്, തങ്ങളോടൊപ്പം ‘അച്ചന്മാരും കന്യാസ്ത്രികളും’ ഉണ്ടായിരുന്നുവെന്നാണ്.
യേഹ്ശുവാ പറഞ്ഞ ഒരു വചനമാണ് ഇവിടെ ഓര്‍മ്മ വരുന്നത്. വചനമിതാണ്: “നിയമജ്ഞരും ഫരിസേയരും മോശയുടെ പീഠത്തില് ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള് നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നത് പ്രവര്ത്തിക്കുന്നില്ല”(മത്തായി: 23; 2, 3). അവര്‍ പറയുന്നതെല്ലാം അനുസരിക്കണം എന്ന വചനത്തെ ചിലരെല്ലാം തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മോശയുടെ പീഠത്തിലാണ് അവര്‍ ഇരിക്കുന്നത് എന്ന വാക്കാണ് ഇവിടെ പ്രാധാന്യമുള്ളത്.
മോശയുടെ പീഠത്തില് ഇരിക്കുകയെന്നാല്‍, അവന്റെ ചട്ടങ്ങള്‍ പഠിപ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. മോശയുടെ ചട്ടങ്ങള്ക്ക് വിരുദ്ധമായത് പറഞ്ഞാല്‍, അത് അനുസരിക്കാന്‍ ആര്‍ക്കും ബാദ്ധ്യതയില്ല! അതുകൊണ്ട്, മോശയുടെ നിയമങ്ങള്‍ പഠിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഒരു ഡോക്ടര്‍ നല്‍കുന്ന മരുന്ന് അദ്ദേഹത്തിലുള്ള വിശ്വാസത്തെപ്രതി യാതൊരു സങ്കോചവുമില്ലാതെ നാം കഴിച്ചേക്കാം. സാധാരണഗതിയില്‍ അപകടങ്ങളൊന്നും സംഭവിക്കാറുമില്ല. എന്നിരുന്നാലും, അപകടങ്ങള്‍ സംഭവിച്ച ചരിത്രവും നമ്മുടെ മുന്നിലുണ്ട്. മരുന്നിനെക്കുറിച്ചും ചികിത്സാവിധികളെക്കുറിച്ചും വേണ്ടത്ര അറിവില്ലെങ്കിലും, മരുന്നിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന്‍ പരിശോധിക്കാനെങ്കിലും നാം തയ്യാറായിരിക്കണം. അതുപോലെ സഭാനേതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുമ്പോള്‍, അത് ഏത് വചനത്തെ ആധാരമാക്കിയാണെന്ന് ചോദിക്കാനും പരിശോധിച്ച് കണ്ടെത്താനും നാം തയ്യാറായില്ലെങ്കില്‍ നിത്യജീവനിലേക്കുള്ള പാതയില്‍ നാം കാലിടറി വീഴും! കാരണം, സാത്താന്‍ നട്ടുവളര്‍ത്തുന്ന പാഴ്ച്ചെടികളും മോശയുടെ പീഠത്തെ ചുറ്റിപ്പറ്റി കറങ്ങുന്നുണ്ട്!
മോശയുടെ പീഠം എന്നത് പ്രതീകാത്മകമായ ഒന്നാണ്! മോശയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നവര്‍ 'ഫുട്പാത്തില്‍' ഇരുന്നാലും അത് മോശയുടെ പീഠംതന്നെയാകുന്നു. അതിനാല്‍, പഠിപ്പിക്കുന്ന വിഷയമാണ് അവര്‍ ഇരിക്കുന്ന പീഠം ഏതാണെന്ന് വ്യക്തമാക്കുന്നത്! അന്യദൈവങ്ങളുടെ മാര്‍ഗ്ഗം പഠിപ്പിക്കുകയും മോശയുടെ നിയമങ്ങള്ക്ക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഇരിപ്പിടത്തിന് മുകളില്‍ ‘മോശ’ എന്ന് എഴുതിവച്ചാല്‍ അത് മോശയുടെ പീഠം ആകില്ല!
കമിതാക്കള്‍ വിഗ്രഹങ്ങളാകുമോ?
അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ഒരു പുരുഷനോ, അവനെ കൂടാതെയുള്ള ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്ന് ഒരു സ്ത്രീയോ കരുതിയാല്‍ അവര്‍ പ്രണയിക്കുന്നത് വിഗ്രഹത്തെയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. പ്രണയബന്ധങ്ങളില്‍ അധികവും വിഗ്രഹാരാധനയില്‍ എത്തിച്ചേരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം! പ്രണയങ്ങള്‍ പരാജയപ്പെടുമ്പോള്, അത്‍ ആത്മഹത്യയിലും സ്വയംനിന്ദയിലുമൊക്കെ കലാശിക്കുന്നതിന്റെ കാരണവും ഇതുതന്നെ. വിഗ്രഹങ്ങളെ ദൈവം തകര്‍ത്തുകളയും എന്നകാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച്, ദൈവം തിരഞ്ഞെടുത്ത ഒരുവന്റെ ജീവിതത്തില്‍, ദൈവത്തേക്കാള് ഉപരിയായി പ്രതിഷ്ഠിക്കപ്പെട്ട ഒന്നും ഉണ്ടാകാന്‍ അവന്‍ അനുവദിക്കുകയില്ല. ബന്ധങ്ങള്‍ ബന്ധനങ്ങളാകുമ്പോള്, ആ ബന്ധനങ്ങളെ യാഹ്‌വെ തകര്‍ത്തുകളയുന്നത് അവന്‍ നമ്മെ കൂടുതല്‍ സ്നേഹിക്കുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ ആ വിഗ്രഹങ്ങളോടൊപ്പം നാം ഗന്ധകാഗ്നിത്തടാകത്തില്‍ എരിയും!
കമിതാക്കള്‍ മനോവയ്ക്കെതിരെ പല്ലിറുമ്മിയിട്ട് കാര്യമില്ല; അപ്രിയസത്യങ്ങള്‍ പറയാതിരിക്കാന്‍ മനോവയ്ക്ക് സാധിക്കില്ല എന്നതുതന്നെയാണ് അതിന് കാരണം! പ്രണയവിവാഹങ്ങള്‍ അധികവും പരാജയപ്പെടുന്നതിന്റെ കാരണമായി മനഃശാസ്ത്രജ്ഞര്‍ നിരത്തുന്ന വാദങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും ആത്മീയമായ കാരണമായി മനോവ ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്. കമിതാക്കള്‍ പരസ്പരം വിഗ്രഹങ്ങളായി വര്ത്തിച്ചാല്, ദൈവത്തെ അത് പ്രകോപിപ്പിക്കുകയും, ആ വിഗ്രഹങ്ങളെ അവന്‍ തകര്ത്തുകളയുകയും ചെയ്യും! മനഃശാസ്ത്രപരമായ മറ്റെല്ലാ സാദ്ധ്യതകളും നിലനില്‍ക്കേതന്നെ ഈ ആത്മീയവശവും തള്ളിക്കളയാന്‍ കഴിയില്ല. ആധുനികകാലത്തെ പ്രണയങ്ങളെയല്ല ഇവിടെ ഉദ്ദേശിച്ചത്! ആധുനികകാലത്തെ പ്രണയങ്ങള്‍ എന്നത് കാമത്തില് അധിഷ്ഠിതമായതുകൊണ്ടുതന്നെ, ആ ബന്ധത്തിന്റെ ആയുസ്സും ഹ്രസ്വമായിരിക്കും.
പ്രണയബന്ധങ്ങളില്‍ ദൈവത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മനോവ പറയുന്നില്ല. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ദൈവത്തിന് മുന്നിലും ദൈവമാണെന്ന് കരുതപ്പെടുന്ന ഏതൊരു വിഗ്രഹത്തിനുമുന്നിലും പ്രണമിക്കാന്‍ കമിതാക്കള്ക്ക് മടിയില്ല. ഇതൊന്നും ദൈവത്തോടുള്ള സ്നേഹമല്ലെന്നും, അതിനുപരി തങ്ങളുടെ പരസ്പരമുള്ള സ്നേഹത്തെ പിന്തുണയ്ക്കാന്‍ കൂട്ടാളിയെ തേടുന്നതാണെന്നും കമിതാക്കള്ക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ്, അത്മീയരാണെന്ന് കരുതപ്പെടുന്നവര്‍പോലും തങ്ങളുടെ പ്രണയം പരാജയപ്പെട്ടാല്‍ ആത്മീയതയില്നിന്ന് വിട്ടുപോകുന്നത്. പ്രണയത്തിനിടയില്‍ ദൈവത്തിനുള്ള സ്ഥാനം ഒന്നാമതല്ല! അതിനാല്‍, പ്രണയങ്ങള്‍ ഒന്നാംപ്രമാണത്തിന്റെ ലംഘനമാണെന്ന അപ്രിയസത്യം ധൈര്യപൂര്‍വ്വം മനോവ പ്രസ്താവിക്കുന്നു! പ്രണയത്തിന്റെ അനന്തരഫലമായി ആത്മീയശക്തി ചോര്‍ന്നുപോയ വ്യക്തിയെ ബൈബിളില്‍ കാണുന്നുണ്ട്. ന്യായാധിപന്മാരുടെ പുസ്തകത്തിലെ ‘സിംസോന്’ ആണ് ആ വ്യക്തി!
പ്രണയിച്ചിട്ടില്ലാത്തവരും പ്രണയത്തിന്റെ ദുരന്തഫലം അനുഭവിച്ചിട്ടുള്ളവരും മനോവയുടെ വാദത്തെ അംഗീകരിച്ചാലും പ്രണയത്തിന്റെ മാസ്മരികതയില്‍ നിലനില്‍ക്കുന്നവര്‍ അംഗീകരിക്കില്ലെന്ന് അറിയാം. എങ്കിലും ചില വിവരണങ്ങള്‍ക്കൂടി നല്‍കുന്നത് സാന്ദര്‍ഭികമായി കരുതുന്നു. എന്നാല്‍, വളരെ പ്രധാനപ്പെട്ട ഒരുകാര്യം അതിനുമുമ്പ് സൂചിപ്പിക്കേണ്ടതായുണ്ട്. എല്ലാ പാപങ്ങളും ഫലത്തില്‍ ഒന്നാംപ്രമാണത്തിന്റെ ലംഘനമാണെന്ന യാഥാര്‍ത്ഥ്യമാണ് ഈ പ്രധാനകാര്യം! എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്ന ഒരുവന്‍ യാഹ്‌വെയുടെ കല്പനകളില്‍ ഒന്നുപോലും നിസ്സാരമായി തള്ളാന്‍ കഴിയില്ല. അതിനാല്‍, പ്രമാണത്തിന്റെ ലംഘനങ്ങളെല്ലാം ചെന്നെത്തുന്നത് ഒന്നാംപ്രമാണത്തിന്റെ ലംഘനത്തിലായിരിക്കും. ഈ സത്യത്തിന്റെ വെളിച്ചത്തില്‍ പ്രണയത്തിലെ പ്രമാണലംഘനത്തിന്റെ പുതിയൊരു മേഖല തുറന്നുവരും. ആ മേഖലയാണ് മിശ്രവിവാഹം!
മിശ്രവിവാഹം ദൈവം വെറുക്കുന്നു!
പ്രേമത്തിന് കണ്ണില്ലെന്ന ഒരു പ്രചാരം നിലവിലുണ്ട്. പ്രണയം കൊടുമ്പിരികൊള്ളുമ്പോള്‍ കമിതാക്കളിലെ സ്ത്രീകള്‍ ‘ലിബറല്‍’ ആശയത്തിന്റെ വക്താക്കളാക്കുന്നതാണ് പൊതുവേ കണ്ടുവരാറുള്ളത്. എല്ലാ ദൈവങ്ങളും ഒന്നാണെന്നും മതവിശ്വാസികള്‍ ആധുനികതയ്ക്ക് യോജിക്കാത്തവരാണെന്നും തത്വജ്ഞാനികളെപ്പോലെ ഇവര്‍ വിളിച്ചുകൂവും! ഇവരുടെ പ്രഘോഷണങ്ങള്‍ കേട്ടാല്‍, ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ വിജ്ഞാനശാഖകളുടെയും പിന്നില്‍ സ്ത്രീകളാണെന്ന് തോന്നിപ്പോകും! വിജാതീയ പങ്കാളിയുടെ വലയില്‍ കുടുങ്ങുന്നതുവരെ യാഥാസ്ഥിതിക വിശ്വാസിയായിരുന്ന ഇവള്‍ക്ക് ഒരു രാവ് പുലര്‍ന്നപ്പോള്‍ കൈവന്ന വിജ്ഞാനമാണിതെന്ന് വിസ്മരിക്കരുത്! ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിട്ടല്ല ബൈബിള്‍ പഠിപ്പിക്കുന്നത്. സത്യദൈവത്തെ ഉപേക്ഷിച്ച്, വിജാതീയതയിലേക്ക് കടന്നുപോകുന്ന ഏതൊരാളെയും മിഥ്യാബോധം ഗ്രസിക്കും എന്നത് സ്വാഭാവിക പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ മനോവയും അങ്ങനെതന്നെ ബോധനം നല്‍കാന്‍ ആഗ്രഹിക്കുന്നു.
പ്രണയത്തില്‍ കുടുങ്ങി സത്യദൈവത്തെ ഉപേക്ഷിച്ച പുരുഷന്മാരുമുണ്ട്. ബൈബിളില്‍ കാണുന്ന തെളിവാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. വിജ്ഞാനത്തില്‍ ഒന്നാമനായി ഗണിക്കുന്ന ശലോമോന് രാജാവിന് സംഭവിച്ച ദുരന്തം മറ്റൊന്നായിരുന്നില്ല. വിജാതീയ സ്ത്രീകളുമായുള്ള ബന്ധം അവനെ വിഗ്രഹാലയങ്ങളിലേക്ക് നയിച്ചു. മഹാജ്ഞാനിയായ ശലോമോന് അധഃപതിച്ചുവെങ്കില്‍, വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിച്ച ജാസിഗിഫ്റ്റിനെപ്പോലെ വെറുമൊരു ‘പള്ളിപ്പാട്ടുകാരന്റെ’ കാര്യം പറയേണ്ടതില്ലല്ലോ! ദൈവത്തെക്കാള്‍ ഉപരിയായി സ്വപുത്രനെപ്പോലും പരിഗണിക്കാത്ത അബ്രാഹത്തിന്റെ തലമുറയാണ് ക്രിസ്ത്യാനികള്‍. അതുകൊണ്ടുതന്നെ, കാമുകിക്ക് വേണ്ടി സത്യദൈവമായ യേഹ്ശുവായെ ഉപേക്ഷിക്കുന്നവര്ക്ക് ക്രിസ്തീയത ഭൂഷണമല്ല!
മിശ്രവിവാഹവുമായി ബന്ധപ്പെട്ട് യാഹ്‌വെ നല്‍കിയിട്ടുള്ള നിയമം ഇനി നമുക്ക് പരിശോധിക്കാം. ഈ നിയമം ശ്രദ്ധിക്കുക: “അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്ക് കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റ് ദൈവങ്ങളെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും”(നിയമം: 7; 3, 4). ഈ നിയമത്തിന്റെ പൊരുള്‍ ഇന്ന് നാം അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നുണ്ട്. വിജ്ഞാനമെന്ന പേരില്‍ വിഡ്ഢികള്‍ മൗഢ്യം പുലമ്പുന്നത് ഈ വചനം ലംഘിച്ചതിനാലാണ്! സത്യദൈവത്തില്നിന്ന് അവന്റെ മക്കളെ വിഗ്രഹങ്ങളിലേക്ക് നയിക്കാനാണ് ലോകമിന്ന് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത്. ദൈവമായ യാഹ്‌വെ അരുതെന്ന് കല്പിച്ചിട്ടുള്ള എല്ലാറ്റിനെയും അനുവദനീയമാക്കികൊണ്ട് മനുഷ്യര്‍ക്കായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ നരകത്തിലേക്ക് നയിക്കുന്ന സാത്താന്റെ മദ്ധ്യവര്‍ത്തികളാണ്!
വിജാതീയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന നിയമം നിലവിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് റോമന്‍ കത്തോലിക്കാസഭ ഇത്തരം അവിഹിതബന്ധങ്ങള്‍ പള്ളിയില്വെച്ച് ആശിര്‍വദിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചേക്കാം. സാത്താന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്നവര്‍ സഭയുടെ തലപ്പത്ത് എത്തിയിരിക്കുന്നു എന്നാണ് ഇതിന് മനോവ നല്‍കുന്ന ഉത്തരം. ഈ വിഷയത്തെ വ്യക്തമാക്കുന്ന ലേഖനം മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിവരണത്തിലേക്ക് കടക്കുന്നില്ല. അരുതെന്ന് യാഹ്‌വെ പറഞ്ഞത് അതിന്റെ എല്ലാവശങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ്. അതിനാല്‍, പുതിയ വ്യാഖ്യാനങ്ങളൊന്നും ഇക്കാര്യത്തില്‍ ആരില്‍നിന്നും യാഹ്‌വെ ആഗ്രഹിക്കുന്നില്ല! സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ ദൈവജനത്തിനുമായി അവന്‍ നല്‍കിയ കല്പനയാണിതെന്ന് ഓര്‍മ്മപ്പെടുത്തുവാനുള്ള ധാര്മ്മികമായ ചുമതല മനോവയ്ക്കുണ്ട്!
ഒരു മനുഷ്യന്‍ എത്ര വിശുദ്ധനാണെങ്കിലും പിഴവുകള്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു ആത്മീയമനുഷ്യന് പ്രമാണങ്ങള്‍ എഴുതി നല്‍കിയാല്‍ തന്റെ ബലഹീനതകളെ ന്യായീകരിക്കുന്ന വിധത്തിലായിരിക്കാം പ്രഖ്യാപനങ്ങള്‍ ഉണ്ടാകുക. എന്നാല്‍, തന്റെ ജനത്തിന് കല്പനകള്‍ നല്‍കിയപ്പോള്‍ ഈ പിഴവ് ഉണ്ടാകരുതെന്ന് യാഹ്‌വെ ആഗ്രഹിച്ചു. അതിനാല്‍, സ്വന്തം വിരല്ത്തുമ്പുകൊണ്ടുതന്നെ തന്റെ ജനത്തിന് കല്പനകള്‍ എഴുതി നല്‍കാന്‍ ദൈവം തയ്യാറായി! ഈ കല്പനകളെ മാറ്റിമറിക്കാനോ അസാധുവാക്കാനോ യോഗ്യതയുള്ള ഒരുവനും ഈ ഭൂമുഖത്ത് ജനിച്ചിട്ടുമില്ല, ഇനിയൊട്ട് ജനിക്കുകയുമില്ല!
മിശ്രവിവാഹംമൂലം സംഭവിക്കുന്ന മറ്റൊരു വലിയ ദുരന്തംകൂടിയുണ്ട്. വിജാതീയരായ വ്യക്തികളെ വിവാഹം കഴിക്കുന്നവര്‍ അന്യദൈവത്തിന്റെ പുത്രിയെ അഥവാ പുത്രനെയാണ് സ്വീകരിക്കുന്നത്. ഈ പ്രവചനം ശ്രദ്ധിക്കുക: “യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്ക് പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദൈവത്തിന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു”(മലാക്ഖി: 2; 11). നാം ദൈവമക്കളായി പരിഗണിക്കപ്പെടുന്നത് യേഹ്ശുവായിലുള്ള വിശ്വാസം വഴിയാണ്. യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഏതൊരുവനും അവന്റെ പേരില്‍ ദൈവപുത്രരായി ദത്തെടുക്കപ്പെടും. മ്ശിയാഹിന്റെ മരണത്തോട് ഐക്യപ്പെടാത്ത ഒരുവനും ദൈവപുത്രനല്ല. ഈ വെളിപ്പെടുത്തല് നോക്കുക: “യേഹ്ശുവാ മ്ശിയാഹിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ?”(റോമാ: 6; 3).
യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടുകയും അതുവഴി സത്യദൈവത്തെ ആരാധിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ മക്കളാണ്. എന്നാല്‍, വിജാതീയര്‍ ആരാധിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്നത് ദുര്ഭൂതങ്ങള്ക്കാണെന്ന് അപ്പസ്തോലനായ ശൗവുല് വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല് ശ്രദ്ധിക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് ദുര്‍ഭൂതങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണ് ഞാന്‍ പറയുന്നത്. നിങ്ങള്‍ ദുര്‍ഭൂതങ്ങളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”(1 കോറിന്ത്: 10; 20).
ഈ വെളിപ്പെടുത്തലിലൂടെ വിജാതീയരുടെ പിതാവ് ആരാണെന്നുള്ള യാഥാര്‍ത്ഥ്യം വ്യക്തമാകുന്നു. അന്യദൈവത്തിന്റെ പുത്രീ-പുത്രന്മാര്‍ തന്റെ മക്കളല്ല എന്ന തിരിച്ചറിവുള്ള ദൈവമാണ് നമുക്ക് പ്രമാണങ്ങള്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍, ദൈവത്തെ ആരും പഠിപ്പിക്കാന്‍ തുനിയേണ്ടതില്ല! അന്യദൈവത്തിന്റെ പുത്രീ-പുത്രന്മാരെ ദൈവമക്കള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ ആരാധനാലയം തുറന്നുകൊടുക്കുന്നവര്‍ ദൈവികനിയമങ്ങളുടെയും മലാക്ഖി പ്രവചനത്തിന്റെയും ഗൗരവം അറിയാത്തവരോ അജ്ഞത നടിക്കുന്നവരോ ആയിരിക്കാം! ഒന്നാംപ്രമാണത്തിന്റെ പരസ്യമായ ലംഘനം നടത്തുന്നവരെയും അതിന് സാഹചര്യമൊരുക്കുന്നവരെയും കാത്തിരിക്കുന്നത് ഒരേ ഗന്ധകാഗ്നിത്തടാകമാണെന്ന് മറക്കരുത്.
മിശ്രവിവാഹങ്ങള്ക്ക് സാക്ഷ്യംവഹിക്കുന്നതും ഒന്നാം പ്രമാണത്തിന് എതിരേയുള്ള പാപമാണെന്ന് മലാക്ഖി പ്രവാചകനിലൂടെ ദൈവം പ്രഖ്യാപിച്ചിട്ടുണ്ട്. നാം മുന്‍പ് വായിച്ച മലാക്ഖി പ്രവചനത്തിന്റെ തൊട്ടടുത്ത വാക്യംകൂടി ചേര്ത്തുവെച്ച് വായിച്ചാല്‍ അത് മനസ്സിലാകും. പൂര്‍ണ്ണമായ പ്രവചനം ഇതാണ്: “യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്ക് പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദൈവത്തിന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്ക് കാഴ്ചയര്പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്നിന്ന് യാഹ്‌വെ വിച്ഛേദിക്കട്ടെ”(മലാക്ഖി: 2; 11, 12). യാക്കോബിന്റെ കൂടാരം എന്നത് യിസ്രായേല്‍ സമൂഹമാണ്. അതായത്, യേഹ്ശുവാ സ്ഥാപിച്ച സഭയാണ് യിസ്രായേലിന്റെ പൂര്ണ്ണതയും യാക്കോബിന്റെ കൂടാരവും. മിശ്രവിവാഹിതരും അതിന് സാക്ഷ്യംവഹിക്കുന്നവരും ദൈവരാജ്യത്തില്നിന്ന് വിച്ഛേദിക്കപ്പെടുമെന്നാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്.
ഒന്നാംപ്രമാണവും വിഗ്രഹാരാധനയും!
ദൈവത്തിനും അപ്പുറമായി മറ്റൊന്നിനും നമ്മുടെ ജീവിതത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ലെന്നതാണ് ഒന്നാംപ്രമാണമെന്ന് അതിലെ വാക്കുകളില്‍തന്നെ വ്യക്തമാണ്! അതുപോലെതന്നെ, യാഹ്‌വെ എന്ന പേരുള്ള ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിച്ചാല്‍ അത് വിഗ്രഹാരാധനയാണെന്നും നമുക്കറിയാം. പിന്നെന്തിനാണ് വിഗ്രഹാരാധന അരുതെന്ന കല്പനയെ ഒന്നാംപ്രമാണത്തില്‍നിന്ന്‍ അടര്‍ത്തിമാറ്റുന്നത്? ഒമ്പതാമത്തെയും പത്താമത്തെയും പ്രമാണങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഈ അടര്ത്തിമാറ്റലിന് പിന്നിലെ കൗശലം നമുക്ക് വ്യക്തമാകും! ഒരിക്കല്‍ക്കൂടി വ്യക്തമായി പറയുകയാണ്: സത്യദൈവമായ സൈന്യങ്ങളുടെ യാഹ്‌വെയെ പിന്നോട്ടുമാറ്റി പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റ് സകലതും വിഗ്രഹങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. ഇത്തരത്തിലുള്ള വിഗ്രഹങ്ങളിലേക്ക് മനുഷ്യരെ നയിക്കാന്‍ ആധുനികവും ശാസ്ത്രീയവുമായ പല മാര്‍ഗ്ഗങ്ങളിലൂടെയും സാത്താനും അവന്റെ സന്തതികളും ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്.
വിഗ്രഹാരാധന അരുതെന്ന പ്രമാണത്തിന്റെ പ്രസക്തി ഏതുവിധേനയും ഇല്ലാതാക്കാന് സാത്താന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. കുഴിച്ചുമൂടപ്പെട്ട വിഗ്രഹങ്ങളുടെ ശവക്കുഴി തോണ്ടി പുറത്തെടുക്കുന്ന ആധുനിക ലോകത്തിന്റെ ഉത്ഖനനങ്ങള്പോലും അതിന്റെ ഭാഗമാണ്.
മറ്റൊരു കാര്യംകൂടി നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ദൈവമായ യാഹ്‌വെയുടെ കല്പനകളില്‍ ഏത് ലംഘിക്കപ്പെട്ടാലും അത് ഒന്നാം പ്രമാണത്തിന്റെ കൂടി ലംഘനമായി കണക്കാക്കപ്പെടും. അതായത്, പ്രമാണങ്ങളില്‍ ഒന്നുപോലും നിസ്സാരമായി കരുതരുത്. ഈ പ്രബോധനം ശ്രദ്ധിക്കുക: “ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില് മാത്രം വീഴ്ചവരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്ന് കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു”(യാക്കോബ്: 2; 10, 11). സമ്പത്തിനോടുള്ള അഭിനിവേശവും വിഗ്രഹാരാധനയാണെന്ന് തിരിച്ചറിയുമ്പോള്‍ ഒന്നാംപ്രമാണത്തിന്റെ വിശാലത വ്യക്തമാകും. ഈ പ്രബോധനം നോക്കുക: “അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം - അസന്മാര്‍ഗ്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍”(കൊളോസ്സെ: 3; 5).
ഒന്നാംപ്രമാണത്തിനെതിരേ സാത്താനും ലോകവും കൈകോര്ക്കുന്നു!
യോഗപോലുള്ള മെഡിറ്റേഷനുകളില്‍ ആരംഭിച്ച്, 'ബ്ലാക്ക് മാജിക്കില്' കൊണ്ടുചെന്നെത്തിക്കുന്ന അതിഭയാനകമായ പദ്ധതികളുമായാണ് സാത്താന്‍ അവന്റെ അനുയായികളെ ഈ ഭൂമുഖത്ത് വിന്യസിച്ചിരിക്കുന്നത്! റോമന്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും അവന്റെ ആളുകള്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു. നന്മയുടെ രൂപത്തില്‍ ആരംഭിച്ച്, പൈശാചികതയുടെ പൂര്‍ണ്ണതയില്‍ കൊണ്ടുചെന്നെത്തിക്കുന്ന രഹസ്യ അജണ്ടകളുമായി ഇക്കൂട്ടര്‍ ദൈവജനത്തെ സമീപിക്കുമ്പോള്‍ ഇവരെ തിരിച്ചറിയാന്‍ പ്രയാസമായിരിക്കും എന്നതാണ് ഇതിന്റെ ദുരന്തം വര്‍ദ്ധിപ്പിക്കുന്നത്! നിന്റെ ദൈവമായ യാഹ്‌വെ ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന കല്പനയെ ധിക്കരിക്കാന്‍ ദൈവജനത്തെ പ്രേരിപ്പിക്കുന്നത്, നാം നേതാക്കന്മാരും ഗുരുക്കന്മാരുമായി കരുതി ആദരിക്കുന്ന വ്യക്തികളാണെങ്കില്‍ എങ്ങനെ നാം രക്ഷപെടും?
രോഗശാന്തി, മനഃശാന്തി, ശാരീരിക ക്ഷമത തുടങ്ങിയ വാഗ്ദാനങ്ങളുമായി നിങ്ങളെ അവര്‍ സമീപിക്കുമ്പോള്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം തിരിച്ചറിയുകയെന്നത് ശ്രമകരമായിരിക്കും. അന്യദൈവങ്ങളുടെ കീര്‍ത്തനങ്ങള്‍ അടങ്ങുന്ന വിനോദങ്ങളും മറ്റുമായി കലാസാംസ്കാരിക രംഗം അവന്‍ കൈയ്യടക്കി കഴിഞ്ഞു! അതുകൊണ്ടുതന്നെ, ഒറ്റനോട്ടത്തില്‍ അപകടം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍പ്പോലും, വിജാതീയമായ ഒന്നും സ്വീകരിക്കാതിരിക്കുകയെന്ന ഒറ്റവഴി മാത്രമേ പ്രതിരോധമായി പരിഗണിക്കാനുള്ളു. ശാസ്ത്രീയ നൃത്തവും ഗാനങ്ങളുമായി ക്രൈസ്തവ ആചാര്യന്മാര്പോലും അരങ്ങുതകര്‍ക്കുമ്പോള്‍, പൗരോഹിത്യത്തിന്റെ അടിമകളായി ജീവിക്കുന്ന ദൈവജനം വഴിതെറ്റിയാല്‍ ആരാണ് ഉത്തരം പറയുക? ദൈവം എന്ന് പറയാന്‍ ശിവന്റെ പര്യായനാമങ്ങള് ഉപയോഗിച്ചുകൊണ്ട് പ്രബോധനം നല്‍കുന്നത് തങ്ങളുടെ നേതാക്കന്മാരാകുമ്പോള്, അത് സംശയലേശമെന്യേ വിശ്വാസികള് സ്വീകരിക്കും. സര്വ്വേശന്, സര്വ്വേശ്വരന്, ഈശ്വരന്, ഈശന്, ദേവന്, ജഗദീശ്വരന്, കര്ത്താവ് എന്നതെല്ലാം ശിവന്റെ പര്യായനാമങ്ങള് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയല്ലേ ക്രൈസ്തവര്‍ ഇതെല്ലാം ഏറ്റെടുത്തത്? മലയാളത്തിലേക്ക് ബൈബിള്‍ പരിഭാഷപ്പെടുത്തിയപ്പോള് കൗശലപൂര്‍വ്വം ശിവനാമങ്ങള് തിരുകിക്കയറ്റിയതും കാണാതെപോകരുത്.
സത്യദൈവത്തിന്റെ യഥാര്‍ത്ഥ പേര് നിലനിര്ത്തിയിട്ടുള്ള ഒരു ബൈബിള്‍ വിവര്ത്തനംപോലും ചൂണ്ടിക്കാണിക്കാന് ക്രൈസ്തവസഭകള്ക്ക് സാധിക്കില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് കൃത്യതയുള്ള ബൈബിള്‍ പരിഭാഷയുമായി മനോവ രംഗത്തുവന്നത്. അതെ, സത്യദൈവത്തിന്റെ യഥാര്‍ത്ഥ പേരുള്ള ഒരേയൊരു ബൈബിള്‍ മനോവ ബൈബിള്‍ ആണ്! അന്യദൈവങ്ങളുടെ പേര് ദൈവജനത്തിന്റെ അധരങ്ങളില് നിക്ഷേപിക്കുന്ന പൈശാചിക കുതന്ത്രമാണ് ബൈബിള്‍ പരിഭാഷകളില് നാം കാണുന്നത്. ഇതേ ബൈബിളില്‍ തന്നെ നാം വായിക്കുന്ന ഒരു മുന്നറിയിപ്പ് നോക്കുക: “ഞാന്‍ നിങ്ങളോട് പറഞ്ഞ കാര്യങ്ങളിലെല്ലാം ശ്രദ്ധവയ്ക്കണം. മറ്റൊരു ദൈവത്തിന്റെ പേര് കീര്ത്തിക്കരുത്. അത് നിങ്ങളുടെ നാവില്നിന്ന് കേള്‍ക്കാനിടയാവരുത്”(പുറപ്പാട്: 23; 13). ഇന്നോളം പ്രചരിക്കപ്പെട്ട ബൈബിള്‍ വിവര്ത്തനങ്ങള്പോലും ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്! രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക പേര് നീക്കംചെയ്തതിലൂടെ സംഭവിച്ചത് അതുതന്നെയാണ്!
നാശത്തിലേക്ക് നിങ്ങളെ കൗശലപൂര്‍വ്വം വശീകരിക്കുന്നത് എത്ര ഉന്നതരായിരുന്നാലും, നഷ്ടപ്പെടുന്നത് നിങ്ങളുടെ നിത്യജീവനാണെന്ന് തിരിച്ചറിഞ്ഞ് അവരില്‍നിന്ന് അകന്നുനില്‍ക്കണം. ദൈവത്തിന്റെ നിയമങ്ങളില്‍ ഏതെങ്കിലുമൊന്ന് ലംഘിക്കുമ്പോള് അതോടൊപ്പം ഒന്നാം പ്രമാണംകൂടി ലംഘിക്കപ്പെടും എന്നതിനാല്, ഇന്ന് അലങ്കാരമായി പരിഗണിച്ചിരിക്കുന്ന പലതും നിത്യനാശത്തിലേക്ക് നയിക്കുന്നതാണെന്ന് മറക്കരുത്. പച്ചകുത്തരുത് എന്ന നിയമത്തിന്റെ ലംഘനമാണ് ‘റ്റാറ്റു’! ശിവഭക്തിയുടെ അടയാളമായ ‘പൊട്ട്’ ഒരു അലങ്കാരമായി നെറ്റിയില് ചാര്ത്തുമ്പോഴും ഒന്നാം പ്രമാണം ലംഘിക്കപ്പെടുന്നു. ശരീരത്തില് മുറിവുകള് ഉണ്ടാക്കരുത് എന്ന നിയമം നിലനില്ക്കേ, മൂക്കുത്തി അടക്കം ശരീരം തുളച്ച് ധരിക്കുന്ന സകല ആഭരണങ്ങളും ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്. നിയമനിഷേധികള് ആരും ദൈവരാജ്യം അവകാശമാക്കില്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട് ഒന്നാംപ്രമാണത്തിന്റെ വിശകലനം ഇവിടെ ഉപസംഹരിക്കുന്നു! ഒരു ബന്ധവും നിങ്ങളുടെ ജീവിതത്തില്‍ വിഗ്രഹമായി പരിണമിക്കാതിരിക്കട്ടെ! അത് ദൈവദൂതന്മാര് ആണെങ്കില്പ്പോലും!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube

