ദൈവകല്‍പ്പനകള്‍

യാഹ്‌വെയുടെ ദിവസം പരിശുദ്ധമായി ആചരിക്കുക!

Print By
about

മൂന്നാംപ്രമാണത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് കടക്കുന്നതിനുമുന്‍പ് മുഖവുരയായി മറ്റു ചിലകാര്യങ്ങള്‍ ചിന്തിക്കുന്നത് യുക്തമാണെന്നു കരുതുന്നു. പാപം എന്ന മാരക വിഷത്തെക്കുറിച്ച് അല്പമൊന്നു ചിന്തിക്കുന്നത് ഈ ലേഖനത്തിന് കൂടുതല്‍ ബലം നല്‍കുമെന്നു കരുതുന്നു. പാപത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരണത്തിനു തുനിയുന്നില്ല; കാരണം, അതിനു ശ്രമിച്ചാല്‍ ഒരു ദിവസം മുഴുവന്‍ വായിച്ചാലും തീരാത്തത്ര വിവരണം ഇവിടെ നല്‍കേണ്ടിവരും. എങ്കിലും, പാപത്തെക്കുറിച്ചുള്ള ലഘുവായ ഒരു ധ്യാനം ഇവിടെ ആവശ്യമാണെന്നതിനാല്‍ നമുക്ക് അപ്രകാരംതന്നെ ആരംഭിക്കാം!

പാപത്തെക്കുറിച്ച് പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ ദൈവത്തിന് ഒറ്റ അഭിപ്രായം മാത്രമേയുള്ളൂ. അതു വചനത്തിലൂടെ വ്യക്തമായി അറിയിക്കുന്നുമുണ്ട്. ഓരോ മനുഷ്യനും ഈ ഭൂമിയിലേക്കു ജനിക്കുന്നതുതന്നെ പാപിയായിട്ടാണ് എന്നതാണ് വചനത്തെ ആധാരമാക്കി അറിയിക്കുന്ന പ്രഥമവും പ്രധാനവുമായ സത്യം. എന്നാല്‍, ഈ സത്യം നിലനില്‍ക്കുമ്പോഴും മനുഷ്യനു പാപബോധം ഇല്ലെന്നതാണു വസ്തുത! ബൈബിളിലെ ഫരിസേയനെപ്പോലെ സ്വയം ന്യായീകരണത്തിന്റെ മനുഷ്യരായി അനേകം ആളുകള്‍ ഇന്നു ഭൂമിയിലുണ്ട്. ആയതിനാല്‍, തങ്ങളുടെ പാപങ്ങളെ ന്യായീകരിച്ചുകൊണ്ട്, ചുരുട്ടിയ മുഷ്ടിക്കുള്ളില്‍ മറ്റുള്ളവരെ എറിയാനുള്ള കല്ലുമായി നിലയുറപ്പിക്കുന്നവര്‍ സ്വയം ചിന്തിക്കേണ്ടതായ സമയമാണിപ്പോള്‍!
 
ഒരു പരിധിവരെ സ്വയം ന്യായീകരണത്തിനു ഹേതുവാകുന്നത് പാപത്തെക്കുറിച്ചുള്ള അജ്ഞതയാണ്. ചിലരെങ്കിലും അജ്ഞത ഒരു ഭാഗ്യമായി കരുതുന്നുണ്ട്. ഈ ചിന്താഗതി തന്നെയാണ് പ്രധാന അജ്ഞത! ഇനി കുറിക്കുന്ന വചനത്തിലൂടെ ഈ സത്യം വ്യക്തമാകും. വചനം ഇപ്രകാരമാണ്
: "അപ്പോള്‍ അവന്‍, ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരം ചെയ്യും. അവര്‍ യാഹ്‌വെയുടെ സന്നിധിയില്‍നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും"(2 തെസലോ: 1; 8, 9). അതായത്, ദൈവമായ യാഹ്‌വെയെ അറിയുകയും അനുസരിക്കുകയും ചെയ്യാത്തപക്ഷം നിത്യശിക്ഷ അനുഭവിക്കേണ്ടിവരും എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. അജ്ഞതയുടെ കാലഘട്ടം പരിഗണിക്കുന്നില്ല എന്ന് എഴുതിയ അപ്പസ്തോലനിലൂടെ തന്നെയാണ് ഇക്കാര്യവും പരിശുദ്ധാത്മാവ് അറിയിക്കുന്നത്. അജ്ഞതയുടെ കാലഘട്ടം എന്നത് യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി കടന്നുവന്ന് സ്വയം വെളിപ്പെടുത്തുന്നതിനു മുന്‍പായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം വലിയ അപകടത്തിലാണെന്നു മറക്കരുത്! യേഹ്ശുവായ്ക്ക് മുന്‍പും പിന്‍പും എന്നാണു കാലഘട്ടം വിഭജിക്കപ്പെട്ടിരിക്കുന്നത്! അറിയുക എന്നതു മനുഷ്യന്റെ കടമയാണ്.

മക്കളുടെ വിദ്യാഭ്യാസത്തിനു യോജിച്ച സ്ഥാപനങ്ങള്‍ അന്വേഷിക്കുവാനും ചികിത്സക്ക് നല്ല ആശുപത്രികളും പ്രഗത്ഭരായ ഡോക്ടര്‍മാരെയും കണ്ടെത്താനും നാം ശ്രമിക്കാറില്ലേ? അതിനെല്ലാം സമയം കണ്ടെത്താറുണ്ട്. എന്നാല്‍, ഈ ഭൂമിയിലെ താത്ക്കാലിക ജീവിതത്തിന് ഇത്രയേറെ സൂക്ഷ്മത പാലിക്കുന്നവര്‍ തങ്ങളുടെ നിത്യജീവന്റെ മാര്‍ഗ്ഗത്തിനായി അറിവുനേടാന്‍ വൈമനസ്യം കാണിക്കുന്നത് ഗുരുതരമായ വീഴ്ച്ചതന്നെയാണ്.
 
എന്നാല്‍, ചിലരാകട്ടെ എല്ലാം അറിയാമെന്ന ഭാവത്തില്‍ തങ്ങളുടെ യുക്തിചിന്തകളില്‍ ദൈവനിയമത്തെ തളച്ചിടാന്‍ ശ്രമിക്കുന്നു. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക:
"അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു. ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം . ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല. അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല. മറിച്ച്, അവരുടെ യുക്തി വിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു"(റോമാ: 1; 19 -22 ).
 
ലോകത്തിലെ പല കാര്യങ്ങളെക്കുറിച്ചും വലിയ അറിവുള്ളവര്‍ ഉണ്ടായിരിക്കാം; അതു നല്ലതുതന്നെ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ നമുക്ക് അത്യാവശ്യമായ അറിവ് എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നുണ്ട്.
"അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1 കോറി: 8; 2). ഇത് ലൗകീക വിജ്ഞാനികളുടെ അവസ്ഥയാണ്! ഈ അറിവുകൊണ്ട് നമ്മുടെ നിത്യജീവന് എന്തെങ്കിലും നേട്ടമുണ്ടോ? ദൈവമായ യാഹ്‌വെ ഈ അറിവിനെ എങ്ങനെയാണ് മാനിക്കുന്നതെന്ന് നമുക്കു പരിശോധിക്കാം. "തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്"(പഭാ: 19; 22). പാപികളില്‍നിന്നു പകര്‍ന്നു കിട്ടിയതും ലോകത്തില്‍ തളച്ചിടുന്നതുമായ അറിവുകളെ ദൈവം അംഗീകരിച്ചിട്ടില്ലെന്നാണ് ഇവിടെ വ്യക്തമാകുന്നത്. എന്നാല്‍, എന്താണ് ദൈവം അഭിലഷിക്കുന്ന അറിവ് എന്നത് വചനം ഓര്‍മ്മപ്പെടുത്തുന്നു; "ദൈവഭക്തിയാണ്, ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുകയാണ് അറിവ്"(സുഭാ: 9; 10). ഈ അറിവു ലഭിക്കുമ്പോളാണ് നാം നമ്മെത്തന്നെ അറിയുന്നതും പാപം എന്താണെന്നു മനസ്സിലാകുന്നതും. നമ്മള്‍ പാപികളാണെന്ന സത്യം തിരിച്ചറിയുന്നതും ഈ അറിവില്‍നിന്നാണ്. യേഹ്ശുവാ വെളിപ്പെടുത്തിയ ഈ സത്യംകൂടി നാം ഗ്രഹിചിരിക്കണം. ഇതാണ് ആ വെളിപ്പെടുത്തല്‍: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍."(യോഹ: 17; 3).

"ആദത്തിന്റെ പാപത്തിനു സദൃശ്യമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി"(റോമാ: 5; 14). അപ്പോള്‍ സ്വാഭാവികമായ ഒരു ചോദ്യം ഉയര്‍ന്നേക്കാം! മോശയുടെ കാലംമുതല്‍ ക്രിസ്തുവിന്റെ നാളുകള്‍വരെ ജീവിച്ചവരെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. സീനായ് മലയില്‍ ഇറങ്ങിവന്ന് യാഹ്‌വെ മോശയിലൂടെ നല്‍കിയ നിയമം അനുസരിക്കുന്നവര്‍ ക്രിസ്തുവിലൂടെ രക്ഷപ്രാപിക്കും. യേഹ്ശുവായുടെ കുരിശുമരണത്തിനുശേഷം, അവിടുന്ന് പാതാളത്തിലേക്കിറങ്ങി മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചുവെന്ന് ബൈബിള്‍ വ്യക്തമായി വെളിപ്പെടുത്തുന്നു. "ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു"(1 കേപ്പാ: 3; 19, 20). യേഹ്ശുവായുടെ മരണം, മരിച്ചവര്‍ക്കുകൂടി വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ഇങ്ങനെ വിവരിക്കുന്നു: "ശരീരത്തില്‍ മനുഷ്യനെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ്, മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്"(1 കേപ്പാ: 4; 6).
 
ജ്ഞാനികളോ ഭോഷന്മാരോ ആരുതന്നെയായിരുന്നാലും മനുഷ്യരെല്ലാം പാപികളാണ്. അമ്മയുടെ ഉദരത്തില്‍ ഭ്രൂണാവസ്ഥയില്‍ ആയിരിക്കുന്ന കുഞ്ഞുമുതല്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിയ വ്യക്തിപോലും ആദം എന്ന ആദ്യമനുഷ്യന്റെ ഓഹരിയില്‍ പങ്കാളിയാണ്.
"നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും"(1 യോഹ: 1; 8). ഈ പാപത്തിന്റെ പങ്കാളിത്തം അസാധുവാക്കി ദൈവരാജ്യത്തിന്റെ ഓഹരിക്കാരായി മനുഷ്യരെ രൂപാന്തരപ്പെടുത്തുകയെന്ന പദ്ധതിയാണ് യേഹ്ശുവായില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി മരിച്ചുവെന്നതിനാല്‍ മരണത്തിന്റെ ആധിപത്യം മനുഷ്യനില്‍നിന്നു നീങ്ങിപ്പോയി. അതിനാല്‍ യേഹ്ശുവായില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ഈ രക്ഷ സ്വന്തമാക്കാം. "നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേഹ്ശുവായിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്"(റോമാ: 3; 21-23).

എന്നാല്‍, ചിലര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണയുണ്ട്; ക്രിസ്തുവിന്റെ വരവോടെ പ്രമാണങ്ങളുടെ പ്രാധാന്യം ലഘൂകരിക്കപ്പെട്ടുവെന്ന്!

നിയമവും യേഹ്ശുവാ മ്ശിഹായും!

മ്ശിഹാ വന്നു നിയമത്തെ ഇല്ലാതാക്കിയെന്നോ അല്ലെങ്കില്‍ തിരുത്തലുകള്‍ വരുത്തിയെന്നോ ചിന്തിക്കുന്ന പലരുമുണ്ട്. വചനത്തെ പരിശോധിക്കാതെ കേട്ടറിവുകളുടെ അടിസ്ഥാനത്തിലും യുക്തിവിചാരങ്ങളുടെ സ്വാധീനത്തിലും പ്രചരിക്കപ്പെട്ട അസത്യമാണിത്. നിയമത്തെ കുറച്ചുകൂടി കാഠിന്യമുള്ളതാക്കുകയാണ് യേഹ്ശുവാ ചെയ്തത്. നിയമത്തെ അതേപോലെതന്നെ നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ പൂര്‍ണ്ണമായ വ്യാഖ്യാനം യേഹ്ശുവാ നല്‍കി. അങ്ങനെയാണല്ലോ വ്യഭിചാരമെന്ന പാപത്തിന് ആഴമായ അര്‍ത്ഥതലങ്ങള്‍ നല്‍കപ്പെട്ടത്! യേഹ്ശുവാ പറയുന്നു: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു; ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). മോശ ഇത്രയും വ്യക്തതയോടെ ഈ പ്രമാണം പഠിപ്പിച്ചിരുന്നില്ല. നിയമം നിലനിര്‍ത്തിക്കൊണ്ടുതന്നെ യേഹ്ശുവാ അതിനു വ്യക്തത വരുത്തി. അതുപോലെതന്നെ വിവാഹമോചനത്തെ സംബന്ധിച്ചുള്ള നിയമത്തിലും അവിടുന്ന് കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതായി കാണാം. നിയമത്തില്‍ മാറ്റം വരുത്തുകയല്ല ചെയ്യുന്നത്. മറിച്ച്, ആന്തരീകാര്‍ത്ഥം കൂടുതല്‍ വ്യക്തമാക്കുകയാണു ചെയ്യുന്നത്. കാരണം, നിയമം നല്‍കിയവനാണല്ലോ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം അറിയുകയുള്ളു.

പ്രമാണങ്ങളുടെ അപ്രമാദിത്വം യേഹ്ശുവാതന്നെ സ്ഥിരീകരിക്കുന്നുണ്ട്. അവിടുത്തെ വാക്കുകള്‍ നമുക്കു ശ്രദ്ധിക്കാം: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17, 18). ശബാത്തിനെ സംബന്ധിച്ചും കൂടുതല്‍ വ്യക്തതയോടെയുള്ള വ്യാഖ്യാനം അവിടുന്ന് നല്‍കുന്നുണ്ട്. ശബാത്തുദിവസം ജോലി ചെയ്യരുതെന്ന നിയമത്തില്‍ യേഹ്ശുവാ പൂര്‍ണ്ണത വരുത്തുന്നത് ശബാത്തിനെ ഇല്ലാതാക്കുകയാണെന്ന് ധരിച്ചു വച്ചിരിക്കുന്നവരുണ്ട്. ശബാത്തില്‍ മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍പോലും മടിക്കുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. എന്നാല്‍, യേഹ്ശുവാ ഇക്കാര്യത്തിലും വ്യക്തത വരുത്തി. ശബാത്തില്‍ രോഗശാന്തി കൊടുത്തുകൊണ്ടാണ് ഈ കല്പനയെ അവിടുന്ന് വ്യക്തമാക്കി തന്നത്. യേഹ്ശുവായില്‍ കുറ്റം ആരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ ചിലര്‍ ചോദിച്ച കാര്യത്തിന് അവിടുന്നു നല്‍കുന്ന മറുപടി ഇപ്രകാരമാണ്: "നിങ്ങളിലാരാണ്, തന്റെ ആട് ശബാത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ച് കയറ്റാത്തത്? ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, ശബാത്തില്‍ നന്മചെയ്യുക അനുവദനീയമാണ്"(മത്താ: 12; 11, 12). ശബാത്തിനെ സംബന്ധിച്ച് യെഹൂദരില്‍ നിലനിന്നിരുന്ന അജ്ഞത പരിഹരിക്കുകയാണ് യേഹ്ശുവാ ഇവിടെ ചെയ്തത്. എന്നാല്‍, ക്രൈസ്തവരുടെ ശബാത്ത് യേഹ്ശുവാ നല്‍കിയ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ആയതിനാല്‍ത്തന്നെ, ഈ ആചരണം പൂര്‍ണ്ണവുമാണ്!

മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ വ്യാഖ്യാനിക്കുവാനായി ദൈവംതന്നെയായ യേഹ്ശുവാ ഈ ഭൂമിയിലേക്ക് മനുഷ്യനായി അവതരിച്ചു! ഈ യേഹ്ശുവാ തന്നെയാണ് നിയമത്തിന്റെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണം!

ഇനിയും കൂടുതല്‍ വിവരണങ്ങളിലേക്ക് കടക്കാതെതന്നെ മൂന്നാം പ്രമാണത്തെ നമുക്ക് സാംശീകരിക്കാം. പ്രമാണങ്ങളെക്കുറിച്ചു പഠിക്കുമ്പോഴൊക്കെ നാം ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. അത് കല്പനകളുടെ അടിസ്ഥാന ശൈലിയെ സംബന്ധിച്ചുള്ളതാണ്. പത്ത് പ്രമാണങ്ങള്‍ എന്നതാണ് എല്ലാ സഭകളും പൊതുവായി അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍, ചില സഭകള്‍ കല്പനകളെ തങ്ങളുടെ ഇംഗിതമനുസരിച്ചു മാറ്റിമറിക്കുന്നതായി കാണാം. അതിനാല്‍ത്തന്നെ, എന്താണ് യാഥാര്‍ത്ഥ്യം എന്ന വിശകലനം ഈ വിവരണത്തിനും അനിവാര്യമായിരിക്കുന്നു. ദൈവം നല്‍കിയിരിക്കുന്ന പ്രമാണങ്ങളെ അടിസ്ഥാനപരമായി രണ്ടായി വേര്‍തിരിക്കണം. യേഹ്ശുവായും അങ്ങനെതന്നെയാണ് ചെയ്തത്. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുകയും തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്നതുമാണ്‌ കല്പനകളുടെ അന്തഃസത്ത! അതായത്, കല്പനകളെത്തന്നെ രണ്ടു ഘടകമായി തിരിച്ചിട്ടുണ്ടെന്ന് ഈ വചനത്തില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. ദൈവവുമായി നമുക്കുണ്ടായിരിക്കേണ്ട ബന്ധവും അയല്‍ക്കാരനുമായി നമുക്കുണ്ടായിരിക്കേണ്ട ബന്ധവുമാണ് ഇവിടെ നിഷ്കര്‍ഷിച്ചിരിക്കുന്നത്.

ദൈവം പൂര്‍ണ്ണനായിരിക്കുന്നതുകൊണ്ടുതന്നെ, അവിടുത്തെ ഓരോ പ്രവര്‍ത്തികളും പൂര്‍ണ്ണമായിരിക്കും. അവിടുന്ന് നല്‍കിയിരിക്കുന്ന കല്പനകളിലും ഈ പൂര്‍ണ്ണത ദര്‍ശിക്കാന്‍ കഴിയും. മൂന്നും ഏഴും പൂര്‍ണ്ണ സംഖ്യകളാണെന്നു നമുക്കറിയാം. ദൈവപ്രമാണങ്ങളെ രണ്ടു ഘടകങ്ങളായി തിരിക്കുമ്പോള്‍, രണ്ടു പൂര്‍ണ്ണ സംഖ്യകളെ നാം തിരിച്ചറിയണം. അങ്ങനെയെങ്കില്‍, പത്തു പ്രമാണങ്ങളെ മൂന്നും എഴുമായി തിരിച്ചാല്‍ മാത്രമേ രണ്ടു പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. അതായത്, ദൈവവുമായി നമുക്കുണ്ടായിരിക്കേണ്ട ബന്ധത്തില്‍ അധിഷ്ഠിതമായ കല്പനകള്‍ ആദ്യത്തെ മൂന്നെണ്ണമാണ്. അവശേഷിക്കുന്ന ഏഴു പ്രമാണങ്ങളാണ് അയല്‍ക്കാരനുമായി നമ്മുടെ ബന്ധം എന്തായിരിക്കണം എന്നുള്ളത്. എന്നാല്‍ ചിലര്‍ ഇതിനെ അപൂര്‍ണ്ണമായി വിഭജിക്കാറുണ്ട്. അജ്ഞതയോ ചില സ്ഥാപിത താത്പര്യങ്ങളോ ഈ പ്രവണതയ്ക്കു പിന്നിലുണ്ടായിരിക്കാം. എന്നിരുന്നാലും, കല്പനകളെ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കണമെങ്കില്‍, പൂര്‍ണ്ണ സംഖ്യയില്‍ത്തന്നെ അവയെ വേര്‍തിരിക്കണം. അതായത്, പൊതുവേ എല്ലാ സഭകളും അംഗീകരിക്കുന്ന ഒന്നാം പ്രമാണം ഇതാണ്: നിന്റെ ദൈവമായ യാഹ്‌വെ ഞാനാണ്; ഞാന്‍ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്. എന്നാല്‍, ചില പുതുസഭകള്‍ക്ക് ഒന്നാം പ്രമാണത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ചിലതാണ് രണ്ടാംപ്രമാണം! ആയതിനാല്‍ത്തന്നെ, യഥാര്‍ത്ഥ രണ്ടാംപ്രമാണം ഇവരെ സംബന്ധിച്ചിടത്തോളം മൂന്നാംപ്രമാണമായി മാറി. ആയതിനാല്‍, ഇവര്‍ക്ക് നാല്, ആറ് എന്നിങ്ങനെ കല്പനകള്‍ അപൂര്‍ണ്ണമാകുകയും ചെയ്തു.

ഒന്നാംപ്രമാണംതന്നെ വിഗ്രഹാരാധനയ്ക്കെതിരേയുള്ള താക്കീതായിരിക്കെ, വിഗ്രഹാരാധനയെ വിലക്കിക്കൊണ്ട് മറ്റൊരു പ്രമാണത്തിന്റെ അനിവാര്യതയില്ല, കത്തോലിക്കാവിരുദ്ധ സഭകള്‍ സ്വതന്ത്രമായി ഉണ്ടാക്കിയ ഈ പ്രമാണത്തെ തള്ളിക്കളഞ്ഞുകൊണ്ടുതന്നെ മനോവ നിലപാടെടുക്കുന്നതും ഇക്കാരണത്താല്‍തന്നെയാണ്. ഇനി മൂന്നാംപ്രമാണത്തിലേക്ക് കടക്കാം.

യാഹ്‌വെയ്ക്ക് ഒരു ദിവസമുണ്ടോ?

യാഹ്‌വെയ്ക്ക് ഒരു ദിനമുണ്ടെന്ന് അവിടുന്നുതന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പസ്തോലനായ കേപ്പായിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 കേപ്പാ: 3; 10). ഇത് ലോകാന്ത്യത്തെക്കുറിച്ചുള്ള പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലാണ്. അങ്ങനെയെങ്കില്‍ ഇതുമായി ചേര്‍ത്തുവായിക്കാന്‍ അവിടുത്തെ കല്പന പരിശോധിക്കാം. അവിടുന്ന് മോശയിലൂടെ ഇപ്രകാരം കല്പിച്ചിരിക്കുന്നു: "ശബാത്തു വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ യാഹ്‌വെയുടെ ശബാത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, യാഹ്‌വെ ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് ശബാത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു"(പുറ: 20; 8-11).

ആഴ്ചയിലെ ഏഴാം ദിനത്തെ ദൈവം അവിടുത്തെ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെതന്നെ, അന്ത്യദിനത്തെക്കുറിച്ചു ബൈബിള്‍ നല്‍കിയിരിക്കുന്ന സൂചനകളിലെല്ലാം യാഹ്‌വെയുടെ ദിനം എന്ന് വായിക്കാന്‍ കഴിയും. അതായത്, അന്ത്യദിനം ഒരു ശബാത്ത് ആയിരിക്കാനുള്ള സാദ്ധ്യത നമുക്ക് തള്ളിക്കളയാനാകില്ല! അങ്ങനെയെങ്കില്‍ മൂന്നാംപ്രമാണം ഒരു പ്രവചനംകൂടിയാണ്. എന്തെന്നാല്‍, യാഹ്‌വെയുടെ ആ മഹാദിനത്തെക്കുറിച്ചുള്ള സ്മരണ ഓരോ ശബാത്താചരണത്തിലും ഉണ്ടായിരിക്കണം. വരാനിരിക്കുന്ന ഒരു ദിനത്തെക്കുറിച്ചും ആ ദിനത്തെ പവിത്രമായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ദൈവം വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

ഏതാണ് യാഹ്‌വെയുടെ ദിനം?

യാഹ്‌വെയ്ക്ക് ഒരു ദിനമുണ്ടെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ദിനം എതാണെന്നതിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ വ്യക്തമായ അവബോധം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കത്തോലിക്കാസഭയിലെയും ഇതര ക്രൈസ്തവസഭകളിലെയും വിശ്വാസികള്‍ക്കിടയില്‍ ഈ അവ്യക്തത ദര്‍ശിച്ചിട്ടുണ്ട്. ഞായറാഴ്ച്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ട് കടംവീട്ടലിന്റെ ദിനമാണ് യാഹ്‌വെയുടെ ദിനമെന്നു ചിന്തിക്കുന്നവരാണ് കത്തോലിക്കര്‍. സമാനമായ കാഴ്ചപ്പാടുതന്നെയാണ് ഇതര ക്രൈസ്തവ വിശ്വാസികള്‍ക്കും ഉള്ളത്. എന്നാല്‍, യാഹ്‌വെയുടെ ആ മഹാദിനം എന്താണെന്ന് ബൈബിള്‍ വ്യക്തമായിത്തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു! ഈ പ്രവചനം നോക്കുക: "ദൈവമായ യാഹ്‌വെയുടെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. എന്തെന്നാല്‍, യാഹ്‌വെയുടെ ദിനം ആസന്നമായിരിക്കുന്നു. യാഹ്‌വെ ഒരു ബലി ഒരുക്കിയിരിക്കുന്നു. തന്റെ അതിഥികളെ അവിടുന്ന് ശുദ്ധീകരിച്ചിരിക്കുന്നു"(സെഫാനിയ: 1; 7).

ഈ മഹാദിനത്തെക്കുറിച്ച് അവിടുന്ന് വിശദ്ദീകരണവും നല്‍കിയിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ബലിയുടെ ദിനത്തില്‍ രാജസേവകന്‍മാരെയും രാജകുമാരന്‍മാരെയും വിദേശീയ വസ്ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും. അന്ന് വാതില്‍പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെയജമാനന്‍മാരുടെ വീടുകള്‍ അക്രമത്താലും വഞ്ചനയാലും നിറയ്ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും. യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് മത്‌സ്യകവാടത്തില്‍ നിന്ന് ഒരു വിലാപവും നഗരത്തിന്റെ പുതിയഭാഗത്തുനിന്ന് മുറവിളിയും ഉയരും. കുന്നുകളില്‍നിന്നു പൊട്ടിക്കരയുന്ന ശബ്ദം കേള്‍ക്കും"(സെഫാനിയ: 1; 8-10). ഏതാണ് ഈ ദിനം? അവിടുത്തേയ്ക്ക് ഒരു പ്രത്യേക ദിനമുണ്ടോ? ഉണ്ടെന്നല്ലേ നാം ഇവിടെ മനസ്സിലാക്കേണ്ടത്? ആ ദിനം എതാണെന്ന പഠനത്തിലൂടെ നമുക്ക് മുന്നോട്ടുപോകാം.

യെഹൂദര്‍ ശനിയാഴ്ചയും ക്രൈസ്തവര്‍ ഞായറാഴ്ചയും ആചരിക്കുന്ന ആ ദിനമാണോ യാഹ്‌വെയുടെ ദിനം? അവിടുത്തെ ശബാത്ത് പരിശുദ്ധമായി ആചരിക്കണമെന്നും അത് അശുദ്ധമാക്കരുതെന്നും അവിടുന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ആഴ്ച്ചവട്ടത്തില്‍ നാം ആചരിക്കുന്ന ഈ ശബാത്ത് വരാനിരിക്കുന്ന വലിയൊരു ശബാത്തിന്റെ നിഴല്‍ മാത്രമാണ്! ഈ വചനം നോക്കുക: "മക്‌തേഷ്‌ നിവാസികളേ, പ്രലപിക്കുവിന്‍. എല്ലാ വ്യാപാരികളും തിരോധാനം ചെയ്തു. വെള്ളി തൂക്കുന്നവര്‍ വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. അന്ന് ഞാന്‍ യെരുശലെമിനെ വിളക്കുമായി വന്നു പരിശോധിക്കും. യാഹ്‌വെ നന്മയോ തിന്മയോ ചെയ്യുകയില്ല എന്ന് ആത്മഗതം ചെയ്ത് വീഞ്ഞിന്റെ മട്ടില്‍ കിടന്ന് ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ വസ്തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ ഭവനങ്ങള്‍ ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല. യാഹ്‌വെയുടെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. യാഹ്‌വെയുടെ ദിനത്തിന്റെ മുഴക്കം ഭയങ്കരമാണ്; ശക്തന്മാര്‍ അപ്പോള്‍ ഉറക്കെ നില വിളിക്കും. ക്രോധത്തിന്റെ ദിനമാണ് അത്. കഷ്ടതയുടെയും കഠിന ദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!"(സെഫാനിയ: 1; 11-15). ഈ ദിനമാണ് യഥാര്‍ത്ഥത്തില്‍ അവിടുത്തെ മഹാദിനം. ഈ ദിനത്തെ ആശുദ്ധമാക്കരുതെന്നാണ് അവിടുന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. എന്നാല്‍, ശബാത്തുമായി ഈ ദിനത്തിനുള്ള ബന്ധവുംകൂടി ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു.

"യാഹ്‌വെയുടെ ദിനം സമീപിച്ചിരിക്കുന്നു. ആ ദിനം ഹാ കഷ്ടം! സര്‍വ്വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു"(യോയേല്‍: 1; 15). യാഹ്‌വെയുടെ ദിനം എന്നത് അന്ത്യദിനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇവിടെ വ്യക്തമാണ്. പ്രവാചകന്‍ ആവര്‍ത്തിക്കുന്നത് ശ്രദ്ധിക്കുക: "സീയോനില്‍ കാഹളം ഊതുവിന്‍. എന്റെ വിശുദ്ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. ദേശവാസികള്‍ സംഭ്രാന്തരാകട്ടെ! യാഹ്‌വെയുടെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു. അത് അന്ധകാരത്തിന്റെയും മനത്തകര്‍ച്ചയുടെയും ദിനമാണ്. കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!"(യോയേല്‍: 2; 2). ഇതാ, മറ്റൊരു പ്രവചനത്തില്‍ ഇങ്ങനെ വായിക്കുന്നു: "തന്റെ സൈന്യത്തിന്റെ മുമ്പില്‍ യാഹ്‌വെയുടെ ശബ്ദം മുഴങ്ങുന്നു. അവിടുത്തെ സൈന്യം വളരെ വലുതാണ്‌. അവിടുത്തെ ആജ്ഞ നടപ്പിലാക്കുന്നവന്‍ ശക്തനാണ്; യാഹ്‌വെയുടെ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്‌. ആര്‍ക്ക് അതിനെ അതിജീവിക്കാനാകും"(ജോയേല്‍: 2; 11). ദൈവജനമായ ഇസ്രായേല്‍ തങ്ങളുടെ അകൃത്യങ്ങളില്‍നിന്നു വിരമിക്കാന്‍ തയ്യാറാകാത്തതിനാല്‍, ആ ദിനം ത്വരിതപ്പെടുത്തുമെന്നാണ് ബൈബിള്‍ നല്‍കുന്ന സൂചന. അനീതിയില്‍ ജീവിക്കുന്ന ഏവരെയും മുഖംനോക്കാതെ അന്ന് അവിടുന്നു ശിക്ഷിക്കും.

മറ്റൊരു പ്രവചനം നോക്കുക: "അതുകൊണ്ട്, യിസ്രായേല്‍ജനമേ, ഞാന്‍ നിങ്ങളോട് ഇതു ചെയ്യും. യിസ്രായേല്‍ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍"(ആമോസ്: 4; 12). യിസ്രായേലിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ട ജനതയ്ക്കുകൂടിയുള്ള മുന്നറിയിപ്പാണ് ഇത്. അവിടുത്തെ ദിനം പരിശുദ്ധമായി ആചരിക്കണം എന്നത് യാഹ്‌വെയുടെ കല്പനയാണ്. എന്നാല്‍ അവിടുന്ന് അരുളിച്ചെയ്യുന്നു: "യാഹ്‌വെയുടെ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്ക്ക് ദുരിതം! എന്തിനാണു നിങ്ങള്‍ക്കു യാഹ്‌വെയുടെ ദിനം? അത് അന്ധകാരമാണ്, പ്രകാശമല്ല"(ആമോസ്: 5; 18). വിശ്വാസികള്‍ക്ക് മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമാണ് ഈ പ്രവചനം! പ്രവാചകന്‍ ആവര്‍ത്തിക്കുന്നു: "യാഹ്‌വെയുടെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശമില്ലാത്ത താമസ്സാണ്!"(ആമോസ്: 5; 20). എന്തുകൊണ്ട് യാഹ്‌വെയുടെ ദിനത്തെ അവിടുന്ന് അന്ധകാരപൂര്‍ണ്ണമാക്കി? ദൈവത്തെ നിഷേധിക്കുന്ന സകല ജനതകള്‍ക്കും ഇത് ദുരന്തത്തിന്റെ ദിനമായതുകൊണ്ടുതന്നെയാണ് ഇപ്രകാരം അവിടുന്ന് അരുളിച്ചെയ്തത്. സത്യദൈവമായ യാഹ്‌വെയെ ആരാധിക്കുന്ന ന്യൂനപക്ഷത്തെയല്ല അവിടുന്ന് ഇവിടെ കണക്കാക്കിയത്. ഈ പ്രവചനങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് വ്യക്തമാകും. യിസ്രായേല്‍ എന്ന് അവകാശപ്പെടുന്നവരാണെങ്കില്‍പ്പോലും അന്യദേവന്മാരെ സേവിക്കുന്ന സകലരും വിജാതിയരോടൊപ്പം ശിക്ഷയനുഭവിക്കും. ഈ വചനം ശ്രദ്ധിക്കുക: "എന്റെ ജനത്തിനിടയിലുള്ള പാപികള്‍ മുഴുവന്‍ വാളാല്‍ നിഹനിക്കപ്പെടും"(ആമോസ്: 9; 10). സ്വന്തം ജനത്തിന്റെമേല്‍ നടത്തുവാനിരിക്കുന്ന വിധിയാണ് ഇവിടെ സൂചകം! ദൈവത്തിന്റെ ജനത്തിനിടയിലുള്ള പാപികളെ ആദ്യം ഉന്മൂലനംചെയ്യുന്ന നീതിയും ഇവിടെ വ്യക്തമാണ്! ദൈവജനം വഴിവിട്ടു വ്യാപരിച്ചപ്പോള്‍ അവിടുന്ന് ശിക്ഷിച്ചിട്ടുണ്ട്. ഈ നാളുകളിലും അതുതന്നെ സംഭവിക്കുമെന്നുള്ള മുന്നറിയിപ്പും അവിടുന്ന് നല്‍കിയിരിക്കുന്നു. ഈ പ്രവചനം നോക്കുക: "യിസ്രായേല്‍ജനമേ, മരുഭൂമിയില്‍ കഴിച്ച നാല്പതുവര്‍ഷം നിങ്ങള്‍ എനിക്ക് ബലികളും കാഴ്ചകളും അര്‍പ്പിച്ചുവോ? നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ രാജദേവനായ സക്കൂത്തിനെയും നക്ഷത്രദേവനായ കൈവാനെയും ചുമന്നുകൊണ്ടുപോകുവിന്‍"(ആമോസ്: 5; 25, 26). പ്രകൃതിശക്തികളെയും അന്യദേവന്മാരെയും ആരാധിക്കുന്നവരായി ക്രൈസ്തവരിലുണ്ടെങ്കില്‍, അവരെ തുടച്ചുനീക്കുന്ന മഹാദിനമാണ് അവിടുത്തെ ദിനം! എല്ലാ ദൈവങ്ങളും ഒന്നാണെന്ന അബദ്ധപ്രബോധനങ്ങളുമായി കറങ്ങിനടക്കുന്ന ക്രൈസ്തവനാമധാരികള്‍ക്ക് വന്നുഭവിക്കാനിരിക്കുന്ന ദുരന്തവും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

അവിടുത്തെ മഹാദിനം എന്താണെന്നതിനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ സകല പ്രവാചകന്മാരും നല്‍കിയിട്ടുണ്ട്. പ്രവാചകനായ സെഫാനിയാ ഇപ്രകാരം പ്രവചിച്ചു: "യാഹ്‌വെയുടെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. യാഹ്‌വെയുടെ ദിനത്തിന്റെ മുഴക്കം ഭയങ്കരമാണ്; ശക്തന്മാര്‍ അപ്പോള്‍ ഉറക്കെ നിലവിളിക്കും. ക്രോധത്തിന്റെ ദിനമാണ് അത്. കഷ്ടതയുടെയും കഠിനദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം! ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയര്‍ന്ന കോട്ടകള്‍ക്കുമെതിരായി കാഹളനാദവും പോര്‍വിളിയും ഉയരുന്ന ദിനം!"(സെഫാനിയാ: 1; 14-16). യാഹ്‌വെയുടെ ദിനത്തെക്കുറിച്ച് എല്ലാ പ്രവാചകന്മാരും നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മലാക്കി പ്രവാചകന്റെ മുന്നറിയിപ്പ് നോക്കുക: "ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു"(മലാക്കി: 3; 5).

ഇതാ, മലാക്കി പ്രവാചകന്റെ മറ്റൊരു മഹത്തായ പ്രവചനം: "എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ യിസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറബില്‍വച്ച് ഞാന്‍ അവനു നല്‍കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍. യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കാന്മാരിലേക്കും തിരിക്കും"(മലാക്കി: 4; 4-6). അതായത്, മോശയിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന കല്പനകള്‍ അനുശാസിക്കുകയും അവിടുത്തെ അന്ത്യദിനത്തെ വിശുദ്ധമായി കാണുകയും വേണം. ആ ദിനത്തിന്റെ പവിത്രതയ്ക്ക്‌ അനുയോജ്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ക്ക് അതൊരു ഭീകരദിനമായിരിക്കും.

യാഹ്‌വെയുടെ ശബാത്ത്!

അന്ത്യദിനവും ശബാത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ? യാഹ്‌വെയുടെ ദിനത്തെക്കുറിച്ച് നാം പരിശോധിച്ച എല്ലാ പ്രവചനങ്ങളിലും അത് അന്ത്യദിനത്തെക്കുറിച്ചുള്ള സൂചനകളാണെന്നു മനസ്സിലാക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍, അന്ത്യദിനംതന്നെയാണ് യഥാര്‍ത്ഥ ശബാത്ത്! ആഴ്ചയില്‍ ഏഴു ദിവസങ്ങളാണെന്നു നമുക്കറിയാം. ഇതിന്റെ അന്ത്യദിനത്തെ ദൈവം അവിടുത്തെ ശബാത്തായി തിരഞ്ഞെടുത്തത് വലിയൊരു സൂചനയായി നാം കാണണം. സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിച്ച് യാഹ്‌വെ വിശ്രമിച്ച ഏഴാമത്തെ ദിനത്തെ അവിടുന്ന് വിശുദ്ധീകരിക്കുകയും ശബാത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് വചനം: "അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി"(ഉല്പത്തി: 2; 1-3). ഇതുതന്നെയാണ് കല്പനകളിലൂടെ അവിടുന്ന് നല്‍കിയ ശബാത്ത്! മൂന്നാമത്തെ പ്രമാണവും ഇതുതന്നെ!

യാഹ്‌വെ നല്‍കിയ കല്പന നോക്കുക: "ശബാത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ യാഹ്‌വെയുടെ ശബാത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, യാഹ്‌വെ ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് ശബാത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു"(പുറ: 20; 8-11). ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്; എന്തെന്നാല്‍, ഈ ശബാത്തിനെ തന്നെയാണ് യാഹ്‌വെയുടെ ദിനമെന്നു പ്രവാചകന്മാരിലൂടെ അവിടുന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. ഈ ശബാത്തിനെ എത്രമാത്രം ഗൗരവമായി ആചരിക്കണം എന്നത് പലര്‍ക്കും ഇന്ന് നിശ്ചയമില്ല. തങ്ങളുടെതന്നെ യുക്തിവിചാരങ്ങളും ചില ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അബദ്ധപ്രബോധങ്ങളും പലരെയും നിസംഗതയിലേക്ക്‌ നയിച്ചതാണ്  ഇതിനു കാരണം. ബൈബിളിലെ പഴയനിയമം അസാധുവായി എന്ന അബദ്ധധാരണ ജനിപ്പിക്കുന്ന അനേകം സഭകള്‍ ഇന്നുണ്ട്. അവരുടെ വാക്കുകള്‍ക്കു ചെവികൊടുത്തവരാണ് ഇന്ന് അബദ്ധങ്ങളില്‍ വ്യാപരിക്കുന്നത്.

യാഹ്‌വെയ്ക്ക് ഒരു ദിനമുണ്ടെന്നും അത് അവിടുത്തെ ശബാത്താണെന്നും ഈ ശബാത്ത് പരിശുദ്ധമായി ആചരിക്കണമെന്നും നാം കണ്ടു. പഴയനിയമ കാലത്ത് ശബാത്തില്‍ 'മന്ന' ഭക്ഷിക്കാന്‍ പാടില്ലായിരുന്നുവെങ്കില്‍, പുതിയനിയമത്തിലേക്കു കടന്നുവന്നപ്പോള്‍ അത് ശബാത്തില്‍ ഭക്ഷിക്കേണ്ട ആത്മീയ ഭോജനമാക്കി യേഹ്ശുവാ രൂപാന്തരപ്പെടുത്തി. യാഗമായി സ്വയം സമര്‍പ്പിച്ച അവിടുത്തെ ശരീരമാണ് ഈ മന്ന! ശബാത്തില്‍ ഭക്ഷിക്കാന്‍ പാടില്ലെന്നു മോശ കല്പിച്ചിട്ടും യേഹ്ശുവായുടെ ശിഷ്യന്മാര്‍ ഭക്ഷിക്കുന്നതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അക്കാലത്ത്, ഒരു ശബാത്തില്‍ യേഹ്ശുവാ ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, ശബാത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു"(മത്താ: 12; 1, 2). പിന്നീട് യേഹ്ശുവാ അവര്‍ക്ക് നല്‍കിയ മറുപടിയിലേക്ക് കടക്കുന്നില്ല. അവിടുന്ന് നല്‍കുന്ന മറുപടിയില്‍ ഒരുകാര്യം വ്യക്തമാണ്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "എന്തെന്നാല്‍, മനുഷ്യപുത്രന്‍ ശബാത്തിന്റെയും നാഥനാണ്"(മത്താ: 12; 8). ശബാത്ത് ആചരിക്കേണ്ടത് എങ്ങനെയാണെന്ന വ്യാഖ്യാനമാണ് യേഹ്ശുവാ ഇവിടെ നല്‍കിയത്. യിസ്രായേലിനു ദൈവമായ യാഹ്‌വെ നല്‍കിയ ആചാരമായ ശബാത്തിനെക്കുറിച്ച് ചെറുതായെങ്കിലും മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ അഭികാമ്യമായിരിക്കും.

ശബാത്ത് ആചരിക്കേണ്ട രീതിയും അതിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതിനുമുമ്പ് നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അത് മനസ്സിലാക്കിയതിനുശേഷം ശബാത്തിന്റെ പവിത്രതയെക്കുറിച്ചു ചിന്തിക്കാം. ഏതു ദിവസമാണ് നാം ശബാത്ത് ആചരിക്കേണ്ടത് എന്ന് നാം ആദ്യമായി അറിഞ്ഞിരിക്കണം. ചെറിയൊരു വിശകലനം ഇക്കാര്യത്തിലും വേണ്ടിയിരിക്കുന്നു. ആയതിനാല്‍, ആ വിഷയത്തിലേക്ക് നമുക്കു കടക്കാം.

ശബാത്ത് ശനിയാഴ്ചയോ ഞായറാഴ്ചയോ?

യെഹൂദര്‍ ശബാത്ത് ആചരിച്ചിരുന്നതും ഇപ്പോള്‍ ആചരിക്കുന്നതും ശനിയാഴ്ചയാണെന്ന് നമുക്കറിയാം. എന്നാല്‍, ക്രൈസ്തവര്‍ ഇത് ഞായറാഴ്ച ആചരിക്കുന്നത് എന്തുകൊണ്ടാണ്? യേഹ്ശുവായുടെ ശിഷ്യന്മാരും ആദിമ ക്രൈസ്തവ സമൂഹങ്ങളും ശനിയാഴ്ചയായിരുന്നു ശബാത്ത് ആചരിച്ചിരുന്നത്. മ്ശിഹാ ഉയര്‍ത്തെഴുന്നേറ്റ ഞായറാഴ്ച ശബാത്തായി ആചരിക്കാന്‍ ആരംഭിച്ചത് വളരെ കാലങ്ങള്‍ക്കുശേഷമാണ്. നമ്മെ പറഞ്ഞുപഠിപ്പിച്ച ഈ ചരിത്രം സത്യമല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കോണ്‍സ്റ്റന്റൈന്‍ എന്ന ഗ്രീക്കുകാരന്‍ ക്രൈസ്തവസഭയെ തന്റെ വരുതിയിലാക്കിയപ്പോള്‍ നടത്തിയ പരിഷ്ക്കരണമാണ് യഥാര്‍ത്ഥത്തില്‍ ഇത്. തന്റെ ദേവനായ സൂര്യന്റെ ദിനത്തെ ക്രിസ്ത്യാനികള്‍ക്ക് ശബാത്തുദിനമായി കോണ്‍സ്റ്റന്റൈന്‍ എന്ന കൗശലക്കാരന്‍ പ്രഖ്യാപിച്ചു. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടത് ഞായറാഴ്ച ആയിരുന്നതുകൊണ്ട്, ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് പരമാര്‍ത്ഥം. സൂര്യഭഗവാനെ മഹത്വപ്പെടുത്താന്‍ കോണ്‍സ്റ്റന്റൈന്‍ നടത്തിയ കൗശലപ്രയോഗങ്ങളെ ശിരസ്സാവഹിക്കാന്‍ അന്നത്തെ ക്രൈസ്തവനേതൃത്വം തയ്യാറായി. ഒരു സൂര്യകേന്ദ്രീകൃത മതമായി ക്രിസ്തുവിന്റെ സഭയെ മാറ്റിയെടുക്കാന്‍ അനേകം ദൈവവചനങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചതും ചരിത്രസത്യമായി നിലനില്‍ക്കുന്നു. ആയതിനാല്‍, ശബാത്തിനെ സംബന്ധിക്കുന്ന പരിഷ്ക്കരണം യേഹ്ശുവാ അംഗീകരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

യേഹ്ശുവാ അസാധുവാക്കാത്ത ആചാരങ്ങളോ നിയമങ്ങളോ ഭേദഗതി വരുത്താനുള്ള അവകാശം മനുഷ്യര്‍ക്കില്ല. ഞായര്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ സൃഷ്ടികര്‍മ്മം നടത്തിയതിനുശേഷം ശനിയാണ് യാഹ്‌വെ വിശ്രമിച്ചു എന്ന് ഇതിനര്‍ത്ഥമില്ല. എങ്കിലും, ആഴ്ചയുടെ അവസാനദിവസം എന്നനിലയിലാണ് ഈ ദിവസത്തെ മോശ തിരഞ്ഞെടുത്തത്. ശബാത്തില്‍ യേഹ്ശുവായുടെ ശരീരം കുരിശില്‍ കിടക്കാന്‍ പാടില്ല എന്ന കാരണത്താലായിരുന്നല്ലോ തിടുക്കത്തില്‍ മറവുചെയ്യാന്‍ തീരുമാനിച്ചത്! സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരുകാര്യംകൂടി നമുക്ക് വ്യക്തമാകും. എന്തെന്നാല്‍, യേഹ്ശുവാ കല്ലറയ്ക്കുള്ളില്‍ കഴിഞ്ഞത് ഒരു ശബാത്തു ദിനത്തില്‍ മാത്രമാണ്. അതായത്, നിയമത്തിന്റെ പൂര്‍ത്തീകരണമായ അവിടുന്ന് നിയമപ്രകാരം ശബാത്തില്‍ വിശ്രമിച്ചു! ദിവസങ്ങള്‍ക്ക് ശബാത്ത് ഉള്ളതുപോലെ, വര്‍ഷങ്ങള്‍ക്കും ശബാത്തുണ്ട്. ആറുവര്‍ഷം കഴിഞ്ഞുവരുന്ന വര്‍ഷം ശബാത്തുവര്‍ഷമാണ്‌. ഇതാണ് നിയമം: "നീ നിന്റെ വയലില്‍ ആറുവര്‍ഷം വിതച്ചു വിളവെടുത്തുകൊള്ളുക. ഏഴാം വര്‍ഷം അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. നിന്റെ ജനത്തിലെ ദരിദ്രര്‍ അതില്‍നിന്നു ഭക്ഷ്യം ശേഖരിക്കട്ടെ"(പുറ: 23; 10, 11). ഏഴു ശബാത്തുവര്‍ഷങ്ങള്‍ കഴിഞ്ഞുവരുന്ന വര്‍ഷത്തെ ജൂബിലി വര്‍ഷമായി മോശ കല്പിച്ചു. ഏഴു ശബാത്തുവര്‍ഷങ്ങള്‍ എന്നത് നാല്പത്തിയൊന്‍പത് വര്‍ഷമാണ്‌. അതായത്, അന്‍പതാമത്തെ വര്‍ഷത്തെ ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. ജൂബിലിയെക്കുറിച്ചുള്ള നിയമം ഇതാണ്: "വര്‍ഷങ്ങളുടെ ഏഴു ശബാത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു ശബാത്തുകളുടെ ദൈര്‍ഘ്യം നാല്പത്തിയൊമ്പതു വര്‍ഷങ്ങള്‍. ഏഴാംമാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അമ്പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ. അമ്പതാംവര്‍ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം"(ലേവ്യര്‍: 25; 8-11).

ജൂബിലിവര്‍ഷത്തില്‍ ആചരിക്കേണ്ട നിയമങ്ങളെല്ലാം തുടര്‍ന്നുള്ള വിവരണത്തില്‍ വായിക്കാന്‍ കഴിയും. ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരണം നീട്ടിക്കൊണ്ടുപോകാന്‍ മനോവ ഉദ്ദേശിക്കുന്നില്ല; നമുക്ക് ശബാത്തിലേക്കുതന്നെ ശ്രദ്ധതിരിക്കാം. യഥാര്‍ത്ഥത്തില്‍ ശബാത്ത് ആചരിക്കേണ്ടതു ശനിയാഴ്ച തന്നെയാണ്. അനേകം അബദ്ധങ്ങള്‍ ക്രൈസ്തവരുടെയിടയില്‍ കാലാകാലങ്ങളില്‍ കടന്നുകൂടിയതുപോലെ വന്നുഭവിച്ച ഒരു അബദ്ധമാണ് ഞായറാഴ്ച ആചരണം. ഏതെങ്കിലും ഒരു ദിവസത്തെ പരിശുദ്ധമായി പരിഗണിക്കുന്നുണ്ട് എന്നതില്‍ നമുക്ക് ആശ്വസിക്കാം എന്നുമാത്രമേ ഇക്കാര്യത്തില്‍ മനോവയ്ക്കു പറയാനുള്ളൂ! ഒരുകാര്യംകൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് അടുത്ത ഉപശീര്‍ഷകത്തിലേക്ക് മനോവ കടക്കുകയാണ്. ശബാത്തില്‍ നന്മ ചെയ്യുന്നതിനെ യേഹ്ശുവാ നിഷേധിച്ചിട്ടില്ല. ഇത് വചനത്തില്‍ വ്യക്തവുമാണ്. മോശയുടെ നിയമത്തിലും ഇങ്ങനെതന്നെയായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ യെഹൂദന് കഴിഞ്ഞില്ല എന്നതാണ് വിഷയം. ശബാത്തുവര്‍ഷത്തെക്കുറിച്ചുള്ള പ്രബോധനത്തില്‍ മോശ നല്‍കിയിരിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. മുകളില്‍ നാം വായിച്ച വചനത്തില്‍ ഈ സത്യം വെളിപ്പെടുന്നുണ്ട്. അതായത്, ശബാത്ത് വര്‍ഷത്തില്‍ നമ്മുടെ വയലില്‍ വിതയ്കാന്‍ പാടില്ലെങ്കിലും, നമ്മുടെയിടയില്‍ ജീവിക്കുന്ന, നമ്മുടെ ജനത്തില്‍പ്പെട്ട ദരിദ്രര്‍ക്ക് ഭക്ഷിക്കാനായി ആ വയല്‍ വിട്ടുകൊടുക്കണം എന്നാണു മോശയുടെ നിര്‍ദ്ദേശം. നമ്മുടെതന്നെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തികളാണ് ശബാത്തില്‍ വിലക്കിയിരിക്കുന്നത് എന്ന വസ്തുത ഈ നിയമത്തില്‍ത്തന്നെയുണ്ട്‌!

ദൈവമായ യാഹ്‌വെ വിശുദ്ധീകരിച്ച ശബാത്തിനെ എങ്ങനെയാണ് നാം ആചരിക്കേണ്ടതെന്നും, ഇതിന്റെ അനിവാര്യത എത്രമാത്രമാണെന്നും നമുക്ക് പരിശോധിക്കാം. ശനിയാഴ്ചയാണ് ശബാത്തെങ്കിലും, നാം വസിക്കുന്ന രാജ്യങ്ങളില്‍ നിലവിലുള്ള അവധിവസത്തെ ശബാത്തായി പരിഗണിച്ചാലും ദൈവത്തിന് അത് പ്രീതികരമായിരിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടും നമുക്ക് പഠനം തുടരാം! എന്നാല്‍, യഥാര്‍ത്ഥ ശബാത്ത് വരാനിരിക്കുന്ന അന്ത്യദിനമാണെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ!

'ശബാത്തും മന്നായും യിസ്രായേലും'!

ഈജിപ്തിലെ ഇഷ്ടികച്ചൂളയില്‍നിന്ന്, അടിമത്വത്തിന്റെ നുകം തകര്‍ത്ത് അദ്ഭുതകരമായി യിസ്രായേല്‍ജനതയെ ദൈവം വിടുവിച്ചു. പിന്നീട് നാല്പത് വര്‍ഷത്തെ സംഭവബഹുലമായ മരുഭൂമിയാത്ര! "പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും , രാത്രിയില്‍ പ്രകാശം നല്‍കാന്‍ ഒരു അഗ്നിസ്തംഭത്തിലും യാഹ്‌വെ അവര്‍ക്കു മുമ്പേ പോയി!(പുറപ്പാട്: 13; 21). ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസം മോശയ്ക്കും അഹറോനുമെതിരെ ജനം പിറുപിറുക്കാന്‍ തുടങ്ങി. അപ്പത്തിനും ഇറച്ചിക്കും വേണ്ടിയായിരുന്നു ഈ പിറുപിറുപ്പ്. യാഹ്‌വെ ഇതു കേള്‍ക്കുകയും അപ്പവും മാംസവും കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സായാഹ്നങ്ങളില്‍ കാടപ്പക്ഷിയും, പ്രഭാതങ്ങളില്‍ അന്നുവരെ ആരും കണ്ടിട്ടില്ലാത്ത 'മന്നാ'യും ഭക്ഷണമായി നല്‍കി. പുറപ്പാട് പുസ്തകത്തില്‍ പന്ത്രണ്ടുമുതല്‍ പതിനാറുവരെ അദ്ധ്യായങ്ങളില്‍ ഈ സംഭവങ്ങള്‍ വായിക്കാന്‍ കഴിയും. അതിനാല്‍, 'മന്നാ'യെന്ന അദ്ഭുത അപ്പത്തെക്കുറിച്ചും ദൈവത്തിന്റെ വഴിനടത്തലിനെക്കുറിച്ചും കൂടുതലായി വിവരിക്കേണ്ട ആവശ്യമില്ല. എങ്കില്ലും ഇതുമായി ബന്ധപ്പെട്ട ചില അത്മീയസത്യങ്ങള്‍ ആനുകാലിക ജീവിതവുമായി ചേര്‍ത്തുവായിക്കുന്നത് അത്യാവശ്യമാണ്.

യാഹ്‌വെ അവിടുത്തെ ജനതയ്ക്കു 'മന്നാ' നല്‍കുന്നതിനുമുമ്പ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായി വിവരിക്കുന്നുണ്ട്. ഓരോരുത്തരും ശേഖരിക്കേണ്ടതായ മന്നായുടെ അളവു യാഹ്‌വെ നിശ്ചയിക്കുന്നു. തങ്ങളുടെ  കൂടാരത്തിലെ ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന്നിന്, ഒരു 'ഓമെര്‍' വീതം  ശേഖരിക്കാനാണ് അവിടുന്ന് അനുവദിച്ചത്. യിസ്രായേല്‍ ജനം അപ്രകാരം ചെയ്തു. ഒരു 'ഓമെര്‍' എന്നത് നാലര ലിറ്റര്‍ ആണ്. എത്ര കൂടുതല്‍ ശേഖരിക്കുന്നവര്‍ക്കും ഒരു ഓമെറില്‍ കൂടുതലോ, കുറവു ശേഖരിക്കുന്നവര്‍ക്കു കുറവോ വന്നിരുന്നില്ല.  ഓരോരുത്തര്‍ക്കും  ആവശ്യത്തിനു മാത്രമെ ലഭിച്ചിരുന്നുള്ളു. പിറ്റേദിവസത്തേക്ക് ആരും സൂക്ഷിച്ചു വയ്ക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ചിലര്‍ സൂക്ഷിച്ചുവച്ചു. എന്നാല്‍, അവ പുഴുത്തുപോകുന്നതായി നമുക്കു കാണാം!

ആറുദിവസം 'മന്നാ' ശേഖരിക്കാന്‍ യാഹ്‌വെ അനുവദിച്ചു. ആറാംദിവസം ഓരോരുത്തര്‍ക്കും രണ്ട് ഓമെര്‍ വീതം ശേഖരിക്കാന്‍ അനുവാദം ലഭിച്ചു. കാരണം, ഏഴാംദിവസം യാഹ്‌വെയുടെ വിശുദ്ധമായ ശബാത്തു ദിനമായതിനാല്‍ പരിപൂര്‍ണ്ണ വിശ്രമം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതു ഗൗനിക്കാതെ ചിലര്‍ അപ്പം ശേഖരിക്കാന്‍ പുറത്തിറങ്ങിയെങ്കിലും എവിടെനിന്നും 'മന്ന' ലഭിച്ചില്ല. യാതൊരു കുറവുമില്ലാതെ പരിപാലിക്കപ്പെട്ടിട്ടും, ദൈവത്തെ ധിക്കരിച്ചുകൊണ്ട് ഇപ്രകാരം പ്രവര്‍ത്തിച്ചതു അവിടുത്തെ വേദനിപ്പിച്ചു. യാഹ്‌വെ മോശയോടു ചോദിച്ചു: "നിങ്ങള്‍ എത്രനാള്‍ എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതിരിക്കും"(പുറ: 16; 28).

ശബാത്ത് യാഹ്‌വെ വിശുദ്ധീകരിച്ച ദിനമാണ്. അതു വിശുദ്ധമായി ആചരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ആറുദിവസം അദ്ധ്വാനിക്കുവാനും ഏഴാംദിവസം വിശ്രമിക്കുവാനുമാണ് യാഹ്‌വെ കല്പിച്ചിരിക്കുന്നത്. ഈ ദിവസം ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ്. ശബാത്തുകളില്‍ അപ്പം ശേഖരിക്കാന്‍ തുനിഞ്ഞ യിസ്രായെല്‍ ജനതയുടെ പിന്‍മുറക്കാര്‍ ഇന്നും നമ്മുടെയിടയിലുണ്ട്.

പഴയ യിസ്രായേലിന്റെ കാലത്ത് ശനിയാഴ്ച്ചയായിരുന്നു ശബാത്തായി ആചരിച്ചിരുന്നത്. യേഹ്ശുവാ മ്ശിഹായുടെ ഉത്ഥാനദിനമായ ഞായറാഴ്ച്ച ക്രൈസ്തവര്‍ ശബാത്തായി ആചരിക്കുന്നു. (അങ്ങനെ പരിഗണിക്കുന്നതാണ് ശ്രേഷ്ഠം). ദൈവമായ യാഹ്‌വെ അവിടുത്തെ സൃഷ്ടികര്‍മ്മം ആറുദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തതിന്റെ സ്മരണയാണ് ഇതിലൂടെ പുതുക്കപ്പെടുന്നത്. ദൈവജനത്തിന് ഇതൊരു ചട്ടമായിരുന്നു. ദൈവം സീനായില്‍ ഇറങ്ങിവന്ന് കല്പനകള്‍ നല്‍കിയപ്പോള്‍ ശബാത്തിന്റെ പ്രാധാന്യം വ്യക്തമായി കുറിച്ചിരുന്നു. കല്പനകളില്‍ ഒന്നുപോലും അപ്രധാനമല്ല എന്ന സത്യം വിസ്മരിക്കരുത്! ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ചവരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു"(യാക്കോ: 2; 10, 11). ശബാത്ത് ആചരിക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞിരിക്കുന്നതും ഇതേ ദൈവം തന്നെയാണ്.

പ്രമാണങ്ങളുടെ പ്രാധാന്യം നിശ്ചയിക്കേണ്ടത് മനുഷ്യരല്ല; ദൈവമാണ് അതു നിശ്ചയിക്കുന്നത്. യഥാക്രമം അഞ്ചാമതും ആറാമതുമായി കൊലപാതകവും വ്യഭിചാരവും അരുതെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, മൂന്നാമതായി പറഞ്ഞിരിക്കുന്ന കല്പന ശബാത്തിനെക്കുറിച്ചാണ്. ഇതില്‍നിന്നുതന്നെ ഈ കല്പനയുടെ പ്രാധാന്യവും വ്യക്തമാകും. ദൈവത്തിന്റെ മുന്‍പില്‍, പാപമില്ലാതെ വ്യാപരിക്കുന്നുവെന്ന് കരുതുന്ന എത്രയാളുകള്‍ ശബാത്ത് വിശുദ്ധമായി ആചരിക്കുന്നുവെന്ന് ആത്മശോധന ചെയ്യണം. ലോകത്തിന്റെ സന്തോഷങ്ങളില്‍ മുഴുകാന്‍ ശബാത്തു ദിനത്തെ തിരഞ്ഞെടുക്കുന്നവര്‍ വ്യക്തമായ ദൈവനിഷേധത്തിലാണ്. വേതനം കൂടുതല്‍ ലഭിക്കുന്നതിനായി ഞായറാഴ്ചയുംകൂടി ജോലി ചെയ്യുന്നവര്‍ ശബാത്തില്‍ 'മന്നാ' പെറുക്കാന്‍ ഇറങ്ങുന്നവരല്ലെ? ദൈവത്തെ ധിക്കരിച്ചു ചെയ്യുന്ന പ്രവര്‍ത്തികള്‍കൊണ്ട് നേടുന്നതൊന്നും ജീവിതത്തില്‍ ഉപകരിക്കില്ലെന്നു ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. തകര്‍ച്ചകള്‍ വരുമ്പോള്‍ 'ദൈവമേ' എന്നു വിലപിക്കുന്നവര്‍, ഇത്തരം കാര്യങ്ങളില്‍ ദൈവത്തോട് എത്രമാത്രം അനുസരണയുള്ളവര്‍ ആയിരുന്നുവെന്ന് ചിന്തിക്കണം. ദൈവത്തെ മഹത്വപ്പെടുത്താന്‍ തന്നിട്ടുള്ള ദിവസത്തെ ധനസമ്പാദനത്തിനും മറ്റിതര കാര്യങ്ങള്‍ക്കുമായി മാറ്റിവക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടും.

കല്പനകള്‍ നല്‍കുന്നതിനുമുന്‍പ്, യാഹ്‌വെ ഒരുകാര്യം വ്യക്തമായി അറിയിച്ചിട്ടുണ്ട്. അത് വലിയൊരു അനുഗ്രഹത്തിന്റെ വാഗ്ദാനമായിരുന്നു.
"നിങ്ങള്‍ എന്റെ വാക്കുകേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും. കാരണം ഭൂമി മുഴുവന്‍ എന്റെതാണ്. നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും"(പുറപ്പാട്: 19; 5, 6). ഇന്നു പലര്‍ക്കും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി വീണുകിട്ടുന്ന ഒഴിവുദിനമാണ് ശബാത്തുകള്‍! 'പാര്‍ട്ടികള്‍ക്ക്' പോകാനും സിനിമയ്ക്കു പോകാനും ഉല്ലാസയാത്രകള്‍ക്കുമെല്ലാം അനുയോജ്യമായ ദിവസമായിട്ടാണ് ഞായറാഴ്ച്ചകളെ കാണുന്നത്. മറ്റുചിലര്‍ക്ക് ഇരട്ടി ശമ്പളത്തിനു ജോലിചെയ്യാനുള്ള ദിവസം! യാഹ്‌വെയുടെ ചട്ടങ്ങളെ തലമുറകള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ അവിടുന്നു കല്പിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തിലൂടെ മാതൃക നല്‍കാന്‍പോലും തയ്യാറാകാതെ ശബാത്തുകളെ അശുദ്ധമാക്കുമ്പോള്‍, ശപിക്കപ്പെട്ട തലമുറകള്‍ക്ക് നാം രൂപംനല്‍കുകയാണെന്ന് ഓര്‍ക്കുക!

പാശ്ചാത്യരാജ്യങ്ങളില്‍ ഒരുകാലത്ത് കുടുംബബന്ധങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു.  യാഹ്‌വെയുടെ നിയമങ്ങളെ തള്ളിക്കളഞ്ഞതുമുതല്‍ അവിടെ ബന്ധങ്ങള്‍ക്കു യാതൊരു വിലയുമില്ലാതായി. ദൈവാലയങ്ങള്‍ 'മ്യൂസിയ'ങ്ങളായി മാറി! വിവാഹം എന്നതൊരു തമാശയായി തീര്‍ന്നു! 'വൃദ്ധസദനങ്ങള്‍' നാടിന്റെ മുഖമുദ്രയായി ഉയര്‍ന്നുപൊങ്ങി! ദൈവീകനിയമങ്ങളെയും ചട്ടങ്ങളെയും അവഗണിച്ചതിന്റെ പരിണിതഫലമാണ് പാശ്ചാത്യരാജ്യങ്ങളുടെ ഇന്നത്തെ അധഃപതനം! ആരോഗ്യവും സമ്പന്നമായ യുവത്വവും ദൈവത്തിനു സ്വീകാര്യമല്ലാത്ത ജീവിതവും ആസ്വദിച്ച്, വാര്‍ദ്ധക്യത്തില്‍ അതിനെയോര്‍ത്ത് വിലപിക്കുന്ന തലമുറകളെ ധാരാളമായി കാണാം.

പാശ്ചാത്യരാജ്യങ്ങളില്‍ ദൈവാലയമുറ്റത്തുപോലും മദ്യസത്ക്കാരങ്ങള്‍ നടത്തുന്ന പ്രവണതയുണ്ട്. ഇത്തരം ആഭാസങ്ങള്‍ യാഹ്‌വെയ്ക്ക് അസഹനീയമായതുകൊണ്ടാണ്, പള്ളികളില്‍നിന്നു യാഹ്‌വെ ഇറങ്ങിപ്പോവുകയും അടച്ചുപൂട്ടപ്പെടുകയും ചെയ്തത്. യുവതലമുറ മതമില്ലാത്ത സംസ്കാരത്തിലേക്കു വഴിമാറി! യാഹ്‌വെ പറയുന്നതു ശ്രദ്ധിക്കുക:
"ഇതാ ഞാന്‍ ഈ സ്ഥലത്ത് അനര്‍ത്ഥം വര്‍ഷിക്കാന്‍ പോകുന്നു, കേള്‍ക്കുന്ന ഏതൊരുവന്റെയും ചെവി തരിപ്പിക്കുന്ന അനര്‍ത്ഥം. എന്തെന്നാല്‍, ജനം എന്നെ ഉപേക്ഷിച്ചു. അവര്‍ ഈ സ്ഥലം അശുദ്ധമാക്കി. അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിച്ചു"(യിരെ: 19; 3, 4).

വിഷു ആഘോഷവും മാവേലിയുടെ സന്ദര്‍ശനവും ദൈവത്തിന്റെ ആലയങ്ങളില്‍ ആഘോഷിക്കുന്ന വിധത്തിലുള്ള 'വിശാല മതസൗഹാര്‍ദ്ദം' ദൈവം സഹിക്കില്ലെന്നു വചനത്തില്‍ വ്യക്തമാക്കുന്നു. "പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു- യാഹ്‌വെ അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും"(യിരെ: 23; 11, 12). "ഇതു ഞാന്‍ കല്പിച്ചതല്ല. ഈ മ്ലേച്ഛപ്രവൃത്തിവഴി യെഹൂദായെക്കൊണ്ടു പാപം ചെയ്യിക്കണമെന്ന ചിന്ത എന്റെ മനസ്സില്‍ ഉദിച്ചതുപോലും ഇല്ല"(യിരെ: 32; 35). ദൈവാലയം അശുദ്ധമാക്കുന്നത് പുരോഹിതനാണെങ്കിലും യാഹ്‌വെ അത് അംഗീകരിച്ചിട്ടില്ല. അത്മീയ ചൈതന്യം ദേശത്തുനിന്നും ദേശവാസികളില്‍നിന്നും അപ്രത്യക്ഷമാകുന്നുവെങ്കില്‍ കടന്നുവന്ന വഴികള്‍ ചിന്തിച്ചാല്‍ മതി.

ശബാത്ത് ആചരണത്തെ ദൈവം എത്ര ഗൗരവമായി കാണുന്നുവെന്ന് വചനം അറിയിക്കുന്നത് നോക്കുക: "ശബാത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; ശബാത്തിനെ സന്തോഷദായകവും യാഹ്‌വെയുടെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ യാഹ്‌വെയില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. യാഹ്‌വെയാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്"(യേശൈയാ: 58; 13, 14). എത്ര വലിയ അനുഗ്രഹമാണ് ശബാത്ത് വിശുദ്ധമായി ആചരിക്കുന്നവര്‍ക്കു യാഹ്‌വെ വാഗ്ദാനം ചെയ്തിരിക്കുന്നത്! ഇതില്‍നിന്നുതന്നെ ഈ പ്രമാണത്തെ അവിടുന്ന് പ്രാധാന്യത്തോടെയാണ് കാണുന്നതെന്നു മനസ്സിലാകും.

ഷണ്ഡത്വം ശാപമായി കരുതിയിരുന്ന സമൂഹത്തില്‍ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ! യാഹ്‌വെ അരുളിച്ചെയ്യുന്നു; എന്റെ ശബാത്ത് ആചരിക്കുകയും എന്റെ ഹിതം അനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ഷണ്ഡന്മാര്‍ക്ക് ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്‍കും . ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്"(ഏശയ്യാ: 56; 3-5). യാഹ്‌വെയുടെ വചനത്തോടു ചേര്‍ന്നുനിന്ന് ശബാത്ത് ആചരിക്കുന്നവരുടെ ശാപങ്ങളെല്ലാം അനുഗൃഹമായി മാറുമെന്ന് ഈ വചനത്തിലൂടെ ദൈവം വ്യക്തമാക്കുന്നു. ശബാത്താചരണത്തെ ആരും നിസ്സാരമായി കാണരുത്. എന്തെന്നാല്‍, ഉത്പത്തി ചരിത്രത്തെ നിഷ്കളങ്ക വിശ്വാസത്തോടെ ഏറ്റുപറയുക എന്നതാണ് ഓരോ ശബാത്താചാരണത്തിലും നാം ചെയ്യുന്നത്. അതായത് ശബാത്താചരണം ഒരു വിശ്വാസപ്രഖ്യാപനമാണ്! ഈ വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തി ചരിത്രം"(ഉത്പ: 2; 1-4).

ദൈവപ്രമാണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് 'ശബാത്തില്‍' കെട്ടിപ്പൊക്കുന്നതൊന്നും നാളെ നേട്ടങ്ങളായിരിക്കില്ല. ശബാത്തില്‍ 'മന്നാ' പെറുക്കാന്‍ ഇറങ്ങുന്നവര്‍ക്കും അത് ഉപകരിക്കുകയില്ല. മക്കളെ ദൈവത്തിന്റെ വചനം പരിശീലിപ്പിക്കുന്നതിനു പകരം ശബാത്തുകളില്‍ 'എന്‍ട്രന്‍സ് കോച്ചിംഗും, ട്യൂഷനും' ഒക്കെയായി ലോകത്തിന്റെ ജ്ഞാനം അഭ്യസിപ്പിക്കുമ്പോള്‍, അവര്‍ നാളെ നിങ്ങള്‍ക്ക് ശത്രുക്കളായി മാറും. ശബാത്തില്‍ നേടിയ ഭൌതീക നേട്ടങ്ങളെല്ലാം നാളെ ശാപവും നാശവുമായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. ശബാത്ത് ആചരണം നമ്മുടെ ജീവിതത്തില്‍ എല്ലാ നാളുകളിലേക്കുമുള്ള ചട്ടമായിരിക്കട്ടെ! തുടര്‍ന്നു നമ്മുടെ തലമുറകള്‍ക്കും! കാരണം, അത് വരാനിരിക്കുന്ന അന്ത്യദിനത്തിന്റെ നിഴലാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9727 views

LOG IN

Lost your password?

SIGN UP

LOST PASSWORD