ദൈവകല്‍പ്പനകള്‍

പന്നിമാംസവും ക്രൈസ്തവരും!

Print By
about

22 - 01 - 2021          YouTube

ടംവലം തിരിയാതെ മോശയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് പഠിപ്പിക്കുന്ന മനോവ എന്തുകൊണ്ടാണ് പന്നിയിറച്ചിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍, പന്നിയിറച്ചിയുടെ കാര്യത്തിലെന്നല്ല, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നിയമംമൂലം നിഷിദ്ധമാക്കിയിട്ടുള്ള ഏതൊന്നിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് മനോവ തയ്യാറല്ല. പന്നിയിറച്ചി ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലും മനോവയുടെ നിലപാട് അതുതന്നെയാണ്. ദൈവമായ യാഹ്‌വെ നിയമംമൂലം വിലക്കിയിട്ടുള്ള ഒന്നിനെ അനുവദനീയമാക്കാന്‍ ഈ ലോകത്തുള്ള ഏതെങ്കിലും മനുഷ്യര്‍ക്കോ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ സാധിക്കില്ല. അതിനാല്‍ത്തന്നെ, ദൈവത്തിന്റെ നിയമങ്ങള്‍ അസാധുവാക്കുകയെന്ന 'മൂഢസാഹസം' മനോവയില്‍നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആമുഖമായി വ്യക്തമാക്കുന്നു. ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് ക്രിസ്ത്യാനികള്‍ക്കു പന്നിയിറച്ചി നിഷിദ്ധമാണോ എന്ന വിഷയമാണ്. ക്രിസ്ത്യാനികള്‍ക്കു പന്നിമാംസം കഴിക്കാന്‍ അനുവാദമുണ്ടോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരമുണ്ട്. എന്നാല്‍, മനോവ ഒരിക്കലും ഒറ്റവാക്കിലുള്ള ഉത്തരം നല്‍കി ഒരു വിഷയത്തില്‍നിന്ന് മാറിനിന്നിട്ടില്ല. വിശദമായ ഉത്തരങ്ങളാണ് മനോവയുടെ ഓരോ ലേഖനങ്ങളും. ആയതിനാല്‍, ഒറ്റവാക്കിലുള്ള ഉത്തരത്തിനുനേരേ ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള മറുചോദ്യങ്ങളെയും ഉപചോദ്യങ്ങളെയും ഇല്ലാതാക്കുകയെന്ന സ്ഥിരം ശൈലി ഇവിടെയും മനോവ അവലംബിക്കുന്നു.

മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ കാര്‍ക്കശ്യത്തോടെ പാലിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുമ്പോഴൊക്കെ മനോവ എടുത്തുപറയാറുള്ളത് യേഹ്ശുവായുടെ ഈ വചനമാണ്: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും അനുസരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). നിയമങ്ങളെയും പ്രവചനങ്ങളെയും സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള യേഹ്ശുവായുടെ പ്രഖ്യാപനമാണ് ഇവിടെ നാം വായിച്ചത്. ആകാശവും ഭൂമിയും കടന്നുപോകുകയും സമസ്തവും നിറവേറുകയും ചെയ്യുന്നതുവരെ നിയമങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും പ്രാബല്യമുണ്ടായിരിക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തതയോടെ യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ പന്നിമാംസം നിഷിദ്ധമാക്കുന്ന നിയമത്തിന് ഇപ്പോഴും പ്രാബല്യമുണ്ടോ? ഈ ചോദ്യത്തിനു മാത്രമല്ല, മറ്റനേകം ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള പഠനത്തിലേക്കാണ് നാം പ്രവേശിക്കാന്‍ പോകുന്നത്.

പ്രവാചകന്മാര്‍ വഴി അറിയിച്ച പ്രവചനങ്ങളില്‍ ചിലത് ഇനിയും സംഭവിച്ചിട്ടില്ലെന്നും അന്ത്യവിധിയോടെ മാത്രമേ അവ നിറവേറപ്പെടുകയുള്ളുവെന്നും നമുക്കറിയാം. അതുപോലെതന്നെയാണ് നിയമങ്ങളുടെ കാര്യവും! എല്ലാ പ്രവചനങ്ങളും നിറവേറുവോളം നിയമങ്ങള്‍ അതേപടി നിലനില്‍ക്കും! സമസ്തവും നിറവേറുകയെന്നാല്‍, പ്രവചനങ്ങളെല്ലാം നിറവേറുകയെന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. അതായത്, സമസ്തവും നിറവേറണമെങ്കില്‍ പ്രവചനങ്ങള്‍ ഒന്നൊഴിയാതെ സകലതും സംഭവിക്കണം!

മുകളില്‍ നാം വായിച്ച വചനത്തില്‍ ഒരു പൂര്‍ത്തീകരണത്തെക്കുറിച്ച് യേഹ്ശുവാ പ്രതിപാദിക്കുന്നുണ്ട്. നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് അവിടുന്നു പ്രഖ്യാപിച്ചു. ആ പൂര്‍ത്തീകരിക്കല്‍ സംഭവിച്ചു കഴിഞ്ഞോ? സംഭവിച്ചു കഴിഞ്ഞുവെങ്കില്‍ നിയമത്തിന് ഇനി സാധുതയില്ല! ഇവിടെയാണ്‌ ഒരു യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടത്. എന്തെന്നാല്‍, ക്രിസ്തുവിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ടത് പാപപരിഹാരബലിയും യിസ്രായേലിന്റെ പുനഃസ്ഥാപനവുമാണ്! ക്രിസ്തു തന്റെ സഭ സ്ഥാപിച്ചതോടെ യിസ്രായേലിന്റെ പുനഃസ്ഥാപനം സംഭവിച്ചുകഴിഞ്ഞു! യെഹൂദരില്‍നിന്നും ശെമരിയാക്കാരില്‍നിന്നും മാത്രമല്ല, തന്നില്‍ വിശ്വസിക്കുന്നവര്‍ ഏത് സമൂഹത്തില്‍നിന്നുള്ളവരാണെങ്കിലും, അവരെയെല്ലാം ആധുനിക യിസ്രായേലിന്റെ ഭാഗമാക്കാനാണ് യേഹ്ശുവാ തന്റെ സഭ സ്ഥാപിച്ചത്! യിസ്രായേലിന്റെ പുനഃസ്ഥാപനമെന്നത് ക്രിസ്തുവിന്റെ സഭയുടെ സ്ഥാപനമാണ്‌! എന്നാല്‍, സമസ്തവും നിറവേറിയിട്ടില്ല; ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ട പ്രവചനങ്ങളുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനവും ആയിരം വര്‍ഷത്തെ അവിടുത്തെ ഭരണവും അന്തിമയുദ്ധവും അന്ത്യവിധിയുമെല്ലാം ഈ ക്രമത്തില്‍ത്തന്നെ സംഭവിക്കണം. എന്തെന്നാല്‍, അവയെല്ലാം ക്രിസ്തുവിനാല്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട പ്രവചനങ്ങളാണ്. പൂര്‍ത്തീകരണത്തെക്കുറിച്ച് ചിലതുകൂടി മനസ്സിലാക്കിയതിനുശേഷം യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം.

പ്രവാചകന്മാര്‍ പ്രവചിച്ച പല പ്രവചനങ്ങളും തന്നിലൂടെ യേഹ്ശുവാ പൂര്‍ത്തീകരിച്ചുവെന്നു നമുക്കറിയാം. പ്രവചനങ്ങളില്‍ പലതും പൂര്‍ത്തീകരിക്കപ്പെട്ടതുപോലെതന്നെ, ചില നിയമങ്ങളും ക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ട നിയമങ്ങളിലൊന്നാണ് ബലിയെ സംബന്ധിച്ചുള്ള നിയമം. യേഹ്ശുവാ കുരിശില്‍ ബലിയായി തന്നെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടത് ബലിയെ സംബന്ധിക്കുന്ന പ്രവചനം മാത്രമായിരുന്നില്ല; മറിച്ച്, ബലിയെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍കൂടിയായിരുന്നു! ആടുകളെയും കാളകളെയും പ്രാവുകളെയും ബലിയര്‍പ്പിച്ചിരുന്നത് മോശവഴി യാഹ്‌വെ നല്‍കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, എന്നേക്കുമുള്ള ഏകബലി അര്‍പ്പിക്കപ്പെട്ടപ്പോള്‍ ബലിയുടെ നിയമവും പൂര്‍ത്തീകരിക്കപ്പെട്ടു.  യാത്ര അവസാനിക്കുന്നതുവരെ മാത്രമാണ് ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാന്‍ യാത്രക്കാര്‍ക്കു ബാദ്ധ്യതയുള്ളു. ഏതൊരു നിയമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് പൊതുതത്വം. അതായത്, ഏതൊരു നിയമത്തിന്റെയും പിന്നില്‍ ഒരു കാരണമുണ്ട്. ആ കാരണം ഇല്ലാതാകുന്നതോടെ നിയമത്തിന്റെ പ്രാബല്യവും ഇല്ലാതാകും. ട്രാഫിക്കുമായി ബന്ധപ്പെട്ട ഒരു ഉദാഹരണമേടുത്താല്‍, വീതികുറഞ്ഞ റോഡുകളില്‍ 'മറികടക്കരുത്' എന്ന 'ബോര്‍ഡ്' കാണാം. റോഡിന്റെ വീതി കൂട്ടുന്നതുവരെയാണ് ഈ നിയമത്തിനു പ്രാബല്യമുള്ളത്. നിയമം നല്കപ്പെടാനുണ്ടായ സാഹചര്യം നിലനില്‍ക്കുന്ന കാലത്തോളം നിയമത്തിനു പ്രാബല്യമുണ്ട്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ നിയമത്തിന്റെ സ്വാധീനം ഇല്ലാതാകുകയാണ് ചെയ്യുന്നത്; നിയമം ഇല്ലാതാകുന്നില്ല! അതായത്, വീതി കുറഞ്ഞ റോഡുകള്‍ ഉള്ളിടത്തെല്ലാം 'മറികടക്കരുത്' എന്ന നിയമവുമുണ്ട്.

ബലിയെ സംബന്ധിക്കുന്ന നിയമങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയതിനുശേഷം ഈ വിഷയത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം. പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാനബലി, ധാന്യബലി, ദഹനബലി, നിരന്തരദഹനബലി എന്നിങ്ങനെ വിവിധതരം ബലികളെക്കുറിച്ചു നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ഓരോ ബലികളും വ്യത്യസ്ത നിയോഗങ്ങള്‍ക്കുവേണ്ടിയാണ് അര്‍പ്പിക്കപ്പെടുന്നതെങ്കിലും, എല്ലാ ബലികളുടെയും അടിസ്ഥാനം വിശുദ്ധീകരണമാണ്! അതുകൊണ്ടാണ് ബലിപീഠത്തിനു വിശുദ്ധീകരണത്തിന്റെ ബലിപീഠം എന്ന വിശേഷണമുണ്ടായത്! വിശുദ്ധീകരണം അനിവാര്യമാകുന്നത് അശുദ്ധമാകുമ്പോഴാണല്ലോ! സ്വന്തം കുറ്റത്താലോ അല്ലാതെയോ ഒരു വ്യക്തി അശുദ്ധനായാല്‍, ആ വ്യക്തിയെ വിശുദ്ധീകരിക്കുന്നതിന് നിയമപ്രകാരം നിശ്ചയിക്കപ്പെട്ട ബലികളുണ്ട്. അതായത്, എല്ലാ ബലികളും പാപപരിഹാരാര്‍ത്ഥം അര്‍പ്പിക്കപ്പെടുന്നവയല്ല. കുഷ്ഠരോഗത്തില്‍നിന്നു മുക്തിനേടിയ വ്യക്തി അര്‍പ്പിക്കേണ്ട ബലിയെ സംബന്ധിച്ച് ലേവ്യരുടെ പുസ്തകത്തിന്റെ പതിനാലാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. കുഷ്ഠരോഗി സുഖം പ്രാപിച്ചതായി പുരോഹിതന്‍ സാക്ഷ്യപ്പെടുത്തുന്നതിന്റെ എട്ടാംദിവസം അവന്‍ യാഹ്‌വെയ്ക്കു ബലിയര്‍പ്പിക്കണം. ഈ വചനം ശ്രദ്ധിക്കുക: “എട്ടാംദിവസം അവന്‍ ഊനമറ്റ രണ്ട് ആണ്‍കുഞ്ഞാടുകളെയും ഒരുവയസ്സുള്ള ഊനമറ്റ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും അതോടൊപ്പം ധാന്യബലിക്കായി എണ്ണചേര്‍ത്ത പത്തില്‍മൂന്ന് ഏഫാ നേരിയ മാവും ഒരു ലോഗ് എണ്ണയും കൊണ്ടുവരണം. പുരോഹിതന്‍ ശുദ്ധീകരിക്കേണ്ടവനോടൊപ്പം ഇവയെല്ലാം യാഹ്‌വെയുടെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരട്ടെ. മുട്ടാടുകളില്‍ ഒന്നിനെ ഒരു ലോഗ് എണ്ണയോടുകൂടി പ്രായശ്ചിത്തബലിയായി അര്‍പ്പിച്ച് യാഹ്‌വെയുടെ മുമ്പില്‍ ചലനാര്‍പ്പണം ചെയ്യണം”(ലേവ്യര്‍: 14; 10-12). ഇത് യിസ്രായേലിനു നല്‍കപ്പെട്ടിരിക്കുന്ന നിയമമാണ്. എല്ലാ ബലികളുടെയും അടിസ്ഥാനം വിശുദ്ധീകരണമാണെന്നു വ്യക്തമാക്കാന്‍ മാത്രമല്ല ഈ നിയമം ഇവിടെ കുറിച്ചത്; മറിച്ച്, പ്രായശ്ചിത്തബലിയുടെ സാംഗത്യം വ്യക്തമാക്കാന്‍കൂടിയാണ്!

ഒരു കുഷ്ഠരോഗി തന്റെ രോഗത്തില്‍നിന്നു മുക്തിനേടുമ്പോള്‍ എന്തിനാണ് പായശ്ചിത്തബലി അര്‍പ്പിക്കുന്നത്? ഇതിന്റെ ഉത്തരം കണ്ടെത്തുന്നതിനോടൊപ്പം, പ്രായശ്ചിത്തബലി അര്‍പ്പിക്കണമെന്നു നിയമംമൂലം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മറ്റുചില സാഹചര്യങ്ങള്‍ക്കൂടി പരിഗണിക്കണം. കുഷ്ഠരോഗത്തില്‍നിന്നോ മറ്റേതെങ്കിലും അശുദ്ധരോഗങ്ങളില്‍നിന്നോ മുക്തരാകുന്നവര്‍ മാത്രമല്ല എട്ടാംദിവസം പ്രായശ്ചിത്തബലി അര്‍പ്പിക്കാന്‍ കടപ്പെട്ടവര്‍! സ്രാവംമൂലം അശുദ്ധരാകുന്നവരും പൂപ്പല്‍ ബാധിച്ച ഭവനങ്ങളില്‍ പ്രവേശിച്ചവരും പ്രായശ്ചിത്തബലിക്കുള്ള ദ്രവ്യങ്ങളുമായി യാഹ്‌വെയുടെ സന്നിധിയിലെത്തണം. ഭവനശുദ്ധീകരണത്തിനായി അര്‍പ്പിക്കേണ്ട ബലിയുടെ നിയമം നോക്കുക: “ആ വീടിന്റെ ശുദ്ധീകരണത്തിനായി അവന്‍ രണ്ടു പക്ഷികള്‍, കേദാര്‍ മരത്തിന്റെ കഷണം, ചെമന്നനൂല്‍, ഈസ്സോപ്പുചെടി എന്നിവ എടുക്കണം. ഒരു പക്ഷിയെ മണ്‍പാത്രത്തില്‍ ഉറവവെള്ളമെടുത്ത് അതിനുമീതേവച്ചു കൊല്ലണം. അനന്തരം, ജീവനുള്ള പക്ഷിയെ എടുത്ത് കേദാര്‍ മരത്തിന്റെ കഷണം, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തിലും ഉറവവെള്ളത്തിലും മുക്കി വീടിന്മേല്‍ ഏഴുപ്രാവശ്യം തളിക്കണം. അങ്ങനെ അവന്‍ പക്ഷിയുടെ രക്തം, ഉറവവെള്ളം, ജീവനുള്ള പക്ഷി, കേദാര്‍ മരത്തിന്റെ കഷണം, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവകൊണ്ട് വീടു ശുദ്ധീകരിക്കണം. അനന്തരം, ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് തുറസ്‌സായ സ്ഥലത്തേക്കു പറപ്പിച്ചുവിടണം. അങ്ങനെ, ആ വീടിനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും”(ലേവ്യര്‍: 14; 49-53).

വീടിനുവേണ്ടി പാപപരിഹാരം ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. പാപത്തിന്റെ പരിണിതഫലമായിട്ടാണോ വീട് അശുദ്ധമായത്? ഈ ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. അതിനുമുന്‍പ്‌ ഈ നിയമം ഏതെല്ലാം അശുദ്ധികള്‍ക്കു ബാധകമാണെന്നു പരിശോധിക്കാം. ഈ വിശദ്ദീകരണം ശ്രദ്ധിക്കുക: “ചിരങ്ങ്, തടിപ്പ്, പരു, പാണ്ട് എന്നീ രോഗങ്ങളെയും വസ്ത്രത്തിലുണ്ടാകുന്ന കരിമ്പന്‍, വീടിനെ ബാധിക്കുന്ന പൂപ്പല്‍ തുടങ്ങി പലതരം അശുദ്ധികളെയും സംബന്ധിക്കുന്ന നിയമമാണിത്”(ലേവ്യര്‍: 14; 54-56). സ്രാവംമൂലമുള്ള അശുദ്ധിയും അതിനു നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരിഹാരവുംകൂടി മനസ്സിലാക്കേണ്ടതുണ്ട്. ബീജസ്രാവം, ആര്‍ത്തവം, ആര്‍ത്തവേതര രക്തസ്രാവം തുടങ്ങിയവയെല്ലാം സ്രാവംമൂലമുള്ള അശുദ്ധിയുടെ ഗണത്തില്‍പ്പെടും. ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യാഹ്‌വെ മോശയോടും അഹറോനോടും അരുളിച്ചെയ്തു: യിസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും. ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്. അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും. അവന്റെ കിടക്ക തൊടുന്നവന്‍ വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവന്‍ ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍ അവനും വസ്ത്രങ്ങള്‍ അലക്കി കുളിക്കണം; വൈകുന്നേരംവരെ അവന്‍ അശുദ്ധനായിരിക്കും. അവന്റെ ശരീരത്തില്‍ തൊടുന്നവനും വസ്ത്രം അലക്കി കുളിക്കണം: വൈകുന്നേരംവരെ അവന്‍ അശുദ്ധനായിരിക്കും”(ലേവ്യര്‍: 15; 1-7). സ്രാവംമൂലമുള്ള അശുദ്ധിയെ സംബന്ധിക്കുന്ന വിവരണം ഇവിടെ അവസാനിക്കുന്നില്ല. സ്രാവംമൂലം അശുദ്ധനായവനില്‍നിന്ന് അവനിലെ അശുദ്ധി എങ്ങനെയെല്ലാം പകരപ്പെടുമെന്നത് തുടര്‍ന്നുള്ള വിവരണത്തില്‍ വായിക്കാന്‍ കഴിയും.

ബീജസ്രാവംമൂലം അശുദ്ധനാകുന്ന ഒരുവന്‍ പരിഹാരമായി ബലിയര്‍പ്പിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഏതാണ് ആ നിയമമെന്നു നോക്കുക: “അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍, ശുദ്ധീകരണത്തിനായി ഏഴു ദിവസം നിശ്ചയിച്ച് തന്റെ വസ്ത്രങ്ങള്‍ അലക്കുകയും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും. എട്ടാംദിവസം അവന്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ യാഹ്‌വെയുടെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അങ്ങനെ അവന്റെ ശുക്ലസ്രാവത്തിനു പുരോഹിതന്‍ അവനുവേണ്ടി യാഹ്‌വെയുടെ മുന്‍പില്‍ പരിഹാരംചെയ്യണം”(ലേവ്യര്‍: 15; 13-15). ആര്‍ത്തവംമൂലം അശുദ്ധയാകുന്ന സ്ത്രീകളെ സംബന്ധിച്ചും നിയമമുണ്ട്. യാഹ്‌വെയുടെ നിയമം ശ്രദ്ധിക്കുക: “സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും. അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും. ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരംവരെ അവന്‍ അശുദ്ധനായിരിക്കും. അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും”(ലേവ്യര്‍: 15; 19-24).

ഇത്തരത്തിലുണ്ടാകുന്ന അശുദ്ധിക്കുപോലും പരിഹാരബലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. രക്തസ്രാവംമൂലം അശുദ്ധയാകുന്ന സ്ത്രീക്കുവേണ്ടി അര്‍പ്പിക്കാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ബലിയെ സംബന്ധിക്കുന്ന നിയമം ശ്രദ്ധിക്കുക: “രക്തസ്രാവം മാറിയാല്‍ ഏഴുദിവസത്തേക്കു കൂടി അവള്‍ കാത്തിരിക്കണം. അതിനുശേഷം അവള്‍ ശുദ്ധിയുള്ളവളായിരിക്കും. എട്ടാംദിവസം അവള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ അതിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അവളുടെ രക്തസ്രാവംമൂലമുള്ള അശുദ്ധിക്ക് പുരോഹിതന്‍ അവള്‍ക്കുവേണ്ടി യാഹ്‌വെയുടെ മുന്‍പില്‍ പാപപരിഹാരം ചെയ്യണം. ഇങ്ങനെ, യിസ്രായേല്‍ജനങ്ങളുടെ ഇടയിലുള്ള എന്റെ കൂടാരം അശുദ്ധമാക്കി, തങ്ങളുടെ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന് നീ അവരെ അശുദ്ധിയില്‍നിന്ന് അകറ്റണം. ശുക്ലസ്രാവമോ ബീജസ്രാവമോമൂലം അശുദ്ധരാകുന്നവര്‍ക്കുള്ള നിയമമാണിത്. മാസമുറമൂലം അശുദ്ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായ സ്ത്രീയോടുകൂടെ ശയിക്കുന്നവനും ഉള്ളതാണ് ഈ നിയമം”(ലേവ്യര്‍: 15; 28-33). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയ നിയമങ്ങളാണിവയെല്ലാം.

ദൈവം അവിടുത്തെ ജനത്തിനു നിയമങ്ങളും ചട്ടങ്ങളും നല്‍കിയത് വ്യക്തമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ്. താന്‍ തിരഞ്ഞെടുത്ത തന്റെ സ്വന്തം ജനത്തിന്റെ ആത്മീയവും ശാരീരികവുമായ സുരക്ഷയാണ് നിയമങ്ങളിലൂടെ ദൈവം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ, അവിടുത്തെ നിയമങ്ങളെ ഗൗരവമായിത്തന്നെ കാണണം. എന്നാല്‍, കാരണങ്ങള്‍ ഇല്ലാതാകുന്നതോടെ നിയമത്തിന്റെ പ്രസക്തി ഇല്ലാതാകും എന്ന സാമാന്യതത്വം ഇവിടെയും പരിഗണിക്കേണ്ടിയിരിക്കുന്നു. നിയമങ്ങളെ അസാധുവാക്കാനുള്ള ശ്രമമാണ് മനോവ നടത്തുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. നിയമങ്ങളില്‍ പഴുതുകള്‍ കണ്ടെത്തി പാപംചെയ്യാന്‍ അവസരമുണ്ടാക്കുക എന്നതല്ല മനോവയുടെ ശുശ്രൂഷ; മറിച്ച്, സൂക്ഷ്മദര്‍ശിനിയിലൂടെയെന്നോണം നിയമങ്ങളെ അപഗ്രഥിച്ച് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ദൈവജനത്തെ പരിശീലിപ്പിക്കലാണ് മനോവ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! അതിനാല്‍ത്തന്നെ, നൂറുശതമാനം ഉറപ്പുള്ള സത്യങ്ങള്‍ മാത്രമേ മനോവയില്‍നിന്നു പ്രബോധനമായി പുറത്തുവരികയുള്ളു! ദുരുപദേശങ്ങളുടെ വിനാശകരമായ പ്രഹരശേഷി എത്രയെന്നു മനോവയ്ക്കറിയാം. ബൈബിളിലെ വിശുദ്ധലിഖിതങ്ങളുടെ പിന്തുണയില്ലാതെ ഒരു പ്രബോധനവും മനോവ നല്‍കുകയില്ല! അതുപോലെതന്നെ, ദൈവവചനത്തെ മാനുഷികബുദ്ധികൊണ്ട് വ്യാഖ്യാനിക്കാതെ, വചനത്തെ വചനംകൊണ്ടു സ്ഥിരീകരിക്കാനാണ് മനോവ ഇന്നോളം ശ്രമിച്ചിട്ടുള്ളത്. ആരെയും രക്ഷയിലേക്കു നയിക്കാന്‍ സാധിച്ചില്ലെങ്കിലും, ഒരുവന്റെപോലും നാശത്തിനു കാരണമാകാതിരിക്കുക എന്നതാണ് മനോവയുടെ നയം.

വിഷയത്തിലേക്കുതന്നെ വരാം. ബലിയെ സംബന്ധിക്കുന്ന നിയമങ്ങളാണ് നാമിവിടെ പഠനവിധേയമാക്കിയത്. എല്ലാ ബലികളും വിശുദ്ധീകരണത്തിനുള്ളതാണെന്നു മനസ്സിലാക്കാന്‍ ഈ പഠനം നമ്മേ സഹായിച്ചു. എന്നിരുന്നാലും ചിലരിലെങ്കിലും ചോദ്യങ്ങള്‍ ബാക്കിയാകുന്നുണ്ട്. എന്തെന്നാല്‍, ഒരു ശിശു ജനിച്ചാല്‍, ആ ശിശുവിന്റെ അമ്മ ദൈവസന്നിധിയില്‍ പാപപരിഹാരബലി അര്‍പ്പിക്കണമെന്നു നിയമം അനുശാസിക്കുമ്പോള്‍ പലരുടെയും ചിന്തകളില്‍ യുക്തിയുടെ സമ്മര്‍ദ്ദമുണ്ടാകും. ഈ നിയമത്തെ സ്ത്രീവിരുദ്ധമായി പ്രഖ്യാപിക്കാന്‍ 'ഫെമിനിസ്റ്റുകള്‍' ഇറങ്ങിയാലും അദ്ഭുതപ്പെടാനില്ല. അതുപോലെതന്നെ, വീടിനെ ബാധിക്കുന്ന പൂപ്പല്‍, വസ്ത്രത്തിലെ കരിമ്പന്‍ എന്നിവയെപ്രതി പ്രായശ്ചിത്തബലി അര്‍പ്പിക്കണമെന്നു കേള്‍ക്കുമ്പോള്‍, വിശ്വാസത്തെ യുക്തിചിന്തയ്ക്ക് അടിയറവയ്ക്കുന്നവരും യിസ്രായേലിന്റെ പിന്മുറക്കാരിലുണ്ട്. അശുദ്ധിയുടെ പരിണാമചക്രം വ്യക്തതയോടെ പഠിക്കാത്ത ഏതൊരാളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. അതായത്, പ്രായശ്ചിത്തബലിയുടെയും പാപപരിഹാരബലിയുടെയും വില അറിയണമെങ്കില്‍, അശുദ്ധിയുടെ ആധിപത്യം ഭൂമിയില്‍ എങ്ങനെയുണ്ടായി എന്നതിന്റെ നാള്‍വഴികള്‍ പഠിക്കണം.

അശുദ്ധിയുടെ നാള്‍വഴികളും വിശുദ്ധീകരണത്തിന്റെ നിയമവും!

“ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു”(യേശയ്യാഹ്: 24; 5, 6). ഭൂമി അശുദ്ധമായത് അതിലെ നിവാസികള്‍ നിമിത്തമാണെന്ന് യേശയ്യാഹിന്റെ പ്രവചനത്തില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. ഭൂമിയില്‍ വസിക്കുന്നത് മനുഷ്യര്‍ മാത്രമല്ലെന്നു നമുക്കറിയാം. കരയിലും കടലിലും ആകാശത്തുമായി അനേകം ജീവികളുണ്ട്. ഈ ജീവികളുടെയും സകല സൃഷ്ടികളുടെയുംമേല്‍ ആധിപത്യമുണ്ടായിരിക്കേണ്ടതിനായി മനുഷ്യനെയും ദൈവം സൃഷ്ടിച്ചു. അവിടുന്ന് ഒന്നിനെയും അശുദ്ധിയോടെ സൃഷ്ടിച്ചിട്ടില്ല. ഓരോ സൃഷ്ടികര്‍മ്മവും പൂര്‍ത്തീകരിച്ചതിനുശേഷം അത് നല്ലതെന്ന് ദൈവം കണ്ടു. അവിടുത്തെ സൃഷ്ടികളില്‍ ഒന്നിനുപോലും വൈകല്യമുണ്ടായിരുന്നില്ല. ഒരു വചനം ശ്രദ്ധിക്കുക: “ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു”(ഉത്പത്തി: 1; 24, 25). നല്ലതെന്ന് യാഹ്‌വെ കണ്ടുവെങ്കില്‍, അവയൊന്നും അശുദ്ധമായിരുന്നില്ലെന്നു വ്യക്തം! എന്നാല്‍, യിസ്രായേലിനു നിയമങ്ങള്‍ നല്‍കിയപ്പോള്‍, ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതും എന്ന് ജീവികളെ വേര്‍തിരിച്ചതും യാഹ്‌വെ തന്നെയാണ്! ലേവ്യരുടെ പുസ്തകത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിലാണ് ശുദ്ധവും അശുദ്ധവുമായ ജീവികളെ വേര്‍തിരിക്കുന്നതായി നാം വായിക്കുന്നത്. ഭക്ഷിക്കാവുന്നവയെയും ഭക്ഷിക്കരുതാത്തവയെയും തമ്മില്‍ അവിടുന്ന് വേര്‍തിരിക്കുന്നു!

ശുദ്ധിയുള്ളതായി ദൈവം സൃഷ്ടിച്ച ജീവികളില്‍ ചിലതെങ്ങനെ അശുദ്ധമായി? ശുദ്ധിയില്‍നിന്ന് അശുദ്ധിയിലേക്കുള്ള നാള്‍വഴികളാണ് നാമിനി പരിശോധിക്കാന്‍ പോകുന്നത്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത് മനുഷ്യനെ മാത്രമാണെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. ഭൂമിയുടെമേലും ഭൂമിയിലെ സകല ജീവജാലങ്ങളുടെമേലും മനുഷ്യന് ആധിപത്യം അവിടുന്നു നല്‍കി! ഈ വചനം നോക്കുക: “ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ”(ഉത്പത്തി: 1; 26-28). ഇതാണ് ദൈവികസംവിധാനം! ദൈവത്തിന്റെ ഈ സംവിധാനത്തെ മറികടക്കുവാന്‍ ഒരു സൃഷ്ടിയെയും ദൈവം അനുവദിച്ചിട്ടില്ല. അതിനാല്‍ത്തന്നെ, ഈ സംവിധാനത്തെ മറികടക്കാന്‍ ശ്രമിക്കുന്നത് ഏത് സൃഷ്ടിയാണെങ്കിലും അത് ശപിക്കപ്പെട്ടതായിത്തീരും! അശുദ്ധി കടന്നുവന്നതും അങ്ങനെതന്നെ!

ഭൂമി മുഴുവന്റെമേലും സകല ജീവജാലങ്ങളുടെമേലും ആധിപത്യം പുലര്‍ത്തേണ്ട മനുഷ്യന്‍, തങ്ങള്‍ക്കുള്ള ആധിപത്യം പടിപടിയായി മറ്റു ജീവികള്‍ക്കും സൃഷ്ടവസ്തുക്കള്‍ക്കും കൈമാറി. ദൈവികസംവിധാനത്തെ മനുഷ്യന്‍ ഗൗരവമായി പരിഗണിച്ചില്ല. അതുവഴി, മനുഷ്യന്‍ തന്റെ മഹത്വം നഷ്ടപ്പെടുത്തുകയും പ്രപഞ്ചശക്തികളുടെയും ജീവജാലങ്ങളുടെയും ആധിപത്യത്തിന്‍ കീഴില്‍ തങ്ങളെത്തന്നെ അടിയറവയ്ക്കുകയും ചെയ്തു. ഏദന്‍തോട്ടത്തിലാണ് ഈ അധഃപതനം ആരംഭിച്ചത്. ദൈവികസംവിധാനത്തെ പുച്ഛിച്ചുതള്ളിക്കൊണ്ട് മനുഷ്യന്‍ ഭൂമിയെ ശാപഗ്രസ്തമാക്കി. അത് എപ്രകാരമായിരുന്നുവെന്ന് നോക്കുക: “അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി”(ഉത്പത്തി: 2; 8, 9). മനുഷ്യനുവേണ്ടിയുള്ള ദൈവികസംവിധാനമായിരുന്നു അത്. തുടര്‍ന്നുവരുന്ന വചനഭാഗംകൂടി ശ്രദ്ധിക്കുക: “ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ യാഹ്‌വെ മനുഷ്യനെ അവിടെയാക്കി. അവിടുന്ന് അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും”(ഉത്പത്തി: 2; 15-17). നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത് എന്നത് ദൈവത്തിന്റെ പ്രഥമകല്പനയും ദൈവികസംവിധാനത്തിന്റെ ഭാഗമായ ക്രമീകരണവുമായിരുന്നു. എന്നാല്‍ മനുഷ്യന്‍ അവിടുത്തെ കല്പന ലംഘിക്കുകയും ദൈവികസംവിധാനത്തെ തകിടംമറിക്കുകയും ചെയ്തു.

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നതിലൂടെ ദൈവത്തിന്റെ കല്പന ലംഘിക്കുക മാത്രമായിരുന്നില്ല മനുഷ്യന്‍ ചെയ്തത്; മറിച്ച്, അനേകം അപകടങ്ങള്‍ ഭൂമിയുടെമേല്‍ അവന്‍ ക്ഷണിച്ചുവരുത്തി. മനുഷ്യന്‍ ക്ഷണിച്ചുവരുത്തിയ ഒരു ദുരന്തം നോക്കുക: “തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും”(ഉല്‍പ: 3; 17). മനുഷ്യന്റെ പാപംമൂലമാണ് മണ്ണ് ശപിക്കപ്പെട്ടതായത്. അതുപോലെതന്നെ, എല്ലാ ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യം പുലര്‍ത്തണം എന്ന കല്പനയും ഇവിടെ ലഘിക്കപ്പെട്ടു. അതായത്, സര്‍പ്പത്തിന്റെമേല്‍ ദൈവം നല്‍കിയ ആധിപത്യം മനുഷ്യന്‍ നഷ്ടപ്പെടുത്തി. സര്‍പ്പം മനുഷ്യനെ അനുസരിക്കണം എന്നതായിരുന്നു ദൈവഹിതം. എന്നാല്‍, മനുഷ്യന്‍ സര്‍പ്പത്തെ അനുസരിച്ചുകൊണ്ട്, തന്നെത്തന്നെയും ദൈവത്തിന്റെ ഛായയെയും നിന്ദിച്ചു! അതുവഴി ആദ്യത്തെ അശുദ്ധജീവിയായി സര്‍പ്പം മാറി! ഈ വചനം ശ്രദ്ധിക്കുക: “ദൈവമായ യാഹ്‌വെ സര്‍പ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും”(ഉല്‍പ: 3; 14). ജീവികളുടെമേലുള്ള അശുദ്ധിയുടെ ആരംഭമായിരുന്നു അത്. സര്‍പ്പം അശുദ്ധജീവിയായി പരിണമിക്കാന്‍ പല കാരണങ്ങളുണ്ട്. മനുഷ്യനെ പാപത്തിലേക്കു നയിച്ചു എന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം മനുഷ്യന്റെമേല്‍ ആധിപത്യം പുലര്‍ത്തി എന്നതാണ്.

മറ്റു ജീവികളുടെയിടയില്‍ സര്‍പ്പം ശപിക്കപ്പെട്ടതായത് എങ്ങനെയാണെന്നു നാം കണ്ടു. ശപിക്കപ്പെടുന്നതോടെ എന്തും അശുദ്ധമാകും. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സര്‍പ്പത്തിനു കീഴ്പ്പെട്ടതോടെ അവനെയും ശാപം ഗ്രസിച്ചു. അവന്‍മൂലം മണ്ണുപോലും ശപിക്കപ്പെട്ടതായി. ആദത്തിന്റെ സന്തതിയായ കായേനും ശപിക്കപ്പെടുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “എന്നാല്‍ യാഹ്‌വെ പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കയ്യില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലം തരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും”(ഉത്പത്തി: 4; 10-12). പാപം വളരുകയെന്നാല്‍, ശാപവും അശുദ്ധിയും വളരുന്നു എന്നുകൂടി വിവക്ഷയുണ്ട്. എന്നാല്‍, ഭൂമി അശുദ്ധമായത് മനുഷ്യന്‍മൂലം മാത്രമല്ല; മറിച്ച്, ഭൂമിയില്‍ വസിക്കുന്ന എല്ലാ ജീവജാലങ്ങളും അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. സര്‍പ്പമാണ് അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം! ഈ അശുദ്ധി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴാണ് ജലപ്രളയത്തിലൂടെ ഭൂവാസികളെയെല്ലാം നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചത്. വിശുദ്ധലിഖിതം വെളിപ്പെടുത്തുന്നത് നോക്കുക: “ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും യാഹ്‌വെ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ യാഹ്‌വെ പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. യാഹ്‌വെ അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു”(ഉത്പത്തി: 4; 10-12).

മനുഷ്യനോടൊപ്പം ജീവജാലങ്ങളെയും നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചത് അവയും ദുഷിച്ചതുകൊണ്ടാണ്. സര്‍പ്പത്തെ ഗ്രസിച്ച ശാപം നോഹിന്റെ കാലമായപ്പോഴേക്കും മറ്റു ജീവികളെയും ഗ്രസിച്ചിരുന്നു. നോഹിന്റെ പെട്ടകത്തില്‍ പ്രവേശിച്ച ജീവികളില്‍ ശുദ്ധവും അശുദ്ധവുമായവ ഉണ്ടായിരുന്നുവെന്ന് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹിനോടുകൂടെ പെട്ടകത്തില്‍ കയറി”(ഉല്‍പ: 7; 8, 9). ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതും ശുദ്ധവുമായിരുന്നു. എന്നാല്‍, ദൈവത്തിന്റെ പദ്ധതിക്കു വിപരീതമായി പ്രവര്‍ത്തിച്ച മനുഷ്യരും ജീവജാലങ്ങളും സ്വയം അശുദ്ധരായി! അശുദ്ധി ആധിപത്യം സ്ഥാപിച്ചത് ഇങ്ങനെയാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഉപദ്രവമേല്പിക്കുന്ന ഏതൊരു ജീവിയും, അതിനാല്‍ത്തന്നെ അശുദ്ധമാകും! മനുഷ്യനു രോഗം വരുത്തുന്നതോ നാശം വരുത്തുന്നതോ, അവനെ പാപത്തിലേക്കു നയിക്കുന്നതോ ആയ ഏതൊരു ജീവിയും അശുദ്ധമായി മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയിലെ സകല ജീവജാലങ്ങളും മനുഷ്യനു കീഴ്പ്പെട്ടിരിക്കുകയെന്നതാണ് ദൈവത്തിന്റെ പദ്ധതി! എന്തെന്നാല്‍, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ്. മാത്രവുമല്ല, മറ്റു ജീവജാലങ്ങളില്‍നിന്നു വ്യത്യസ്തമായി മനുഷ്യനു ജീവന്‍ നല്‍കിയത് ദൈവം തന്റെ ജീവശ്വാസംകൊണ്ടാണ്. ഈ വചനം ശ്രദ്ധിക്കുക: “ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു”(ഉല്‍പ: 2; 7). മറ്റൊരു ജീവിക്കും ദൈവം അവിടുത്തെ ജീവശ്വാസം പകര്‍ന്നുനല്കിയിട്ടില്ല!

ശുദ്ധിയുള്ളവയെന്നും ശുദ്ധിയില്ലാത്തവയെന്നും ജീവികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടായത് എങ്ങനെയെന്നു മനസ്സിലായല്ലോ!? ദൈവം ഒന്നിനെയും അശുദ്ധിയുള്ളതായി സൃഷ്ടിച്ചില്ല. എന്നാല്‍, നോഹിന്റെ കാലമായപ്പോഴേക്കും അനേകം ജീവികള്‍ ശുദ്ധിയില്ലാത്തവയായി പരിണമിച്ചു. സര്‍പ്പം എങ്ങനെ ശപിക്കപ്പെട്ടതായോ, അതേ കാരണങ്ങള്‍ക്കൊണ്ടാണ് മറ്റു ജീവികള്‍ ശുദ്ധിയില്ലാത്തവയായി മാറിയതെന്ന് ചിന്തിച്ചാല്‍ ചിലപ്പോള്‍ തെറ്റുപറ്റും. കാരണം, അശുദ്ധിയുടെ അടിസ്ഥാനമിതാണ്: ദൈവത്തിന്റെ ക്രമീകരണങ്ങളോടു സഹകരിക്കാതെ, അവയെ അതിലംഘിച്ചു മുന്നോട്ടുപോകുന്ന മനുഷ്യരും ജീവജാലങ്ങളും ഒന്നുപോലെ അശുദ്ധരാകും! അതുപോലെതന്നെ, ദൈവികസംവിധാനങ്ങള്‍ക്കു വിധേയപ്പെടാതെയും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദോഷകരമായി വര്‍ത്തിച്ചുകൊണ്ടും ജീവജാലങ്ങള്‍ തങ്ങളുടെ ശുദ്ധത നഷ്ടപ്പെടുത്തുന്നു. അശുദ്ധിയുള്ള ജീവികളെ ഭക്ഷിക്കുന്നവര്‍ അതുമൂലം അശുദ്ധരാകും എന്നതുകൊണ്ടാണ് ദൈവജനത്തിന് അവ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് മറ്റൊരു സത്യംകൂടി നാം അറിഞ്ഞിരിക്കണം. അതായത്, മനുഷ്യന്‍ ആദിമുതല്‍ക്കേ മിശ്രഭുക്കായിരുന്നോ? ആയിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം.

ഈ വചനം ശ്രദ്ധിക്കുക: “ദൈവം അരുളിച്ചെയ്തു: ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും
വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു”(ഉല്‍പ: 1; 29, 30).
സസ്യാഹാരികളായിട്ടാണ് സകല ജീവികളെയും സൃഷ്ടിച്ചത്. എന്നാല്‍, സൃഷ്ടികള്‍ കാലക്രമേണ മാംസവും ഭക്ഷിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ അനുമതിയോടെയായിരുന്നു അത്. ഈ വചനം നോക്കുക: “നോഹിനെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍. സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്‌സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്പിച്ചിരിക്കുന്നു. ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടു കൂടിയ മാംസം ഭക്ഷിക്കരുത്. ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്”(ഉല്‍പ: 9; 1-6). ഈ വചനത്തില്‍നിന്ന് ഒന്നിലേറെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. അവ ഏതൊക്കെയാണെന്നു പരിശോധിക്കാം.

നോഹിന്റെകൂടെ പെട്ടകത്തില്‍ പ്രവേശിച്ച ജീവികളില്‍ ശുദ്ധിയുള്ളവയും അല്ലാത്തവയും ഉണ്ടായിരുന്നുവെന്ന് വചനം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മാംസം ഭക്ഷിക്കാന്‍ അനുമതിനല്കിയപ്പോള്‍ ദൈവം അരുളിച്ചെയ്തത്, ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും എന്നാണ്. ശുദ്ധിയുള്ള ജീവികളുടെ മാംസം മാത്രമേ ഭക്ഷിക്കാവൂ എന്ന് ഇവിടെ പറയുന്നില്ല. അശുദ്ധിയോടെ പെട്ടകത്തില്‍ പ്രവേശിച്ച ജീവികള്‍ പുറത്തുവന്നത് ശുദ്ധിയോടെയാണോ? എന്തു ശുദ്ധീകരണപ്രക്രിയയാണ് അവിടെ നടന്നത്? അവിടെ നടന്നതായി നാം കാണുന്നത് ഒരു ബലിയര്‍പ്പണമാണ്. പ്രളയാനന്തരം നോഹ് ഒരു ബലിപീഠം നിര്‍മ്മിക്കുകയും ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് യാഹ്‌വെയ്ക്ക് അവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. ശുദ്ധിയുള്ള മൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും യാഹ്‌വെയ്ക്കു ബലിയര്‍പ്പിച്ചതിലൂടെ ശുദ്ധിയില്ലാത്ത ജീവികളെല്ലാം ശുദ്ധിയുള്ളതായി! ഈ ദഹനബലിയല്ലാതെ മറ്റൊന്നും അവിടെ നടന്നില്ലെന്ന് ബൈബിള്‍ പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. നോഹ് അര്‍പ്പിച്ച ദഹനബലിയില്‍ യാഹ്‌വെ സംപ്രീതനാകുകയും സകല ഭൂവാസികളുമായി ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്തു. ബലികള്‍ മനുഷ്യനെ മാത്രമല്ല, ഭവനങ്ങളെയും മറ്റു വസ്തുക്കളെയും ശുദ്ധീകരിക്കുന്നതാണെന്ന് നാം പ്രാരംഭത്തില്‍ത്തന്നെ മനസ്സിലാക്കി. നോഹ് അര്‍പ്പിച്ച ദഹനബലിയെക്കുറിച്ചു നാം വായിക്കുന്നത് ഉത്പത്തിയുടെ പുസ്തകത്തിലെ എട്ടാം അദ്ധ്യായത്തിലാണ്. തുടര്‍ന്ന്, ഒന്‍പതാം അദ്ധ്യായത്തില്‍ യാഹ്‌വെ സ്ഥാപിക്കുന്ന ഉടമ്പടിയെക്കുറിച്ചു വിവരിക്കുന്നുണ്ട്.

യാഹ്‌വെ സ്ഥാപിച്ച ഉടമ്പടി ശ്രദ്ധിക്കുക: “നോഹിനോടും പുത്രന്മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു: നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും - നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല”(ഉല്‍പ: 9; 8-11). ദഹനബലിയിലൂടെ ശുദ്ധീകരിക്കപ്പെട്ട ഭൂവാസികളുമായാണ് ദൈവം ഉടമ്പടി സ്ഥാപിച്ചത്. അതായത്, ദൈവമായ യാഹ്‌വെ ഉടമ്പടി സ്ഥാപിക്കുമ്പോള്‍ എല്ലാ ജീവികളും ശുദ്ധിയുള്ളവയായിരുന്നു. അശുദ്ധിയുമായി സൈന്യങ്ങളുടെ ദൈവം ഒരു ഉടമ്പടിയിലും ഏര്‍പ്പെടുകയില്ല! എന്നാല്‍, ഈ ഉടമ്പടി മനുഷ്യനും മറ്റു ജീവികളും ലംഘിച്ചതിലൂടെ വീണ്ടും അശുദ്ധി കടന്നുവന്നു. സോദോം-ഗോമോറാ പട്ടണങ്ങളെ അഗ്നിയിറക്കി നശിപ്പിക്കാന്‍ തക്കവിധത്തില്‍ ഗുരുതരമായിരുന്നു മനുഷ്യന്റെ പാപങ്ങള്‍! സ്വവര്‍ഗ്ഗഭോഗത്തിലൂടെയും മൃഗവേഴ്ചയിലൂടെയുമൊക്കെ ദൈവത്തെ മനുഷ്യന്‍ പ്രകോപിപ്പിച്ചു! മനുഷ്യനോടൊപ്പം മൃഗങ്ങളും മറ്റു ജീവികളും അശുദ്ധരായിത്തീര്‍ന്നു. പാപവും ശാപവും അശുദ്ധിയും ഭൂവാസികളെ ഗ്രസിച്ച നാള്‍വഴികളാണ് നാമിവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. ഏദന്‍തോട്ടത്തില്‍ ആരംഭിച്ച അശുദ്ധിയാണ് നോഹിന്റെ കാലമായപ്പോഴേക്കും ഭൂമിയെ ആസകലം ഗ്രസിച്ചതെങ്കില്‍, ദൈവം അതിനു പരിഹാരവും നിശ്ചയിച്ചിരുന്നു. നീതിമാനായി അവിടുന്നു കണ്ട നോഹിനെയും അവന്റെ കുടുംബത്തെയും രക്ഷിച്ചുകൊണ്ട് ഭൂമിയെ ശുദ്ധീകരിച്ചു.

നീതിമാനായ നോഹ് അര്‍പ്പിച്ച ബലി സ്വീകരിച്ച ദൈവം, അവശേഷിച്ച അശുദ്ധികൂടി നീക്കംചെയ്തു. നോഹ് അര്‍പ്പിച്ച ആ ബലി വരാനിരിക്കുന്ന വലിയൊരു ബലിയുടെ നിഴലും പ്രവചനവുമായിരുന്നു. അതേ, ക്രിസ്തുവിന്റെ ബലിയെ സംബന്ധിച്ചുള്ള പ്രവചനവും ആ ബലിയുടെ നിഴലുമായിരുന്നു അത്! നോഹിന്റെ ബലിയിലൂടെ ശരീരത്തെയും ഭൗതികവസ്തുക്കളെയും മാത്രം ശുദ്ധീകരിച്ചപ്പോള്‍, ക്രിസ്തുവിന്റെ ബലി ശരീരത്തെ മാത്രമല്ല, ആത്മാവിനെയും ശുദ്ധീകരിച്ചു! കൂടാതെ, ഭൂമിയിലുള്ള സകല വസ്തുക്കളും യേഹ്ശുവാ കുരിശില്‍ ചിന്തിയ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ടു. യേഹ്ശുവാ കുരിശില്‍ അര്‍പ്പിച്ച ബലി എല്ലാ ബലികളുടെയും പൂര്‍ത്തീകരണമായിരുന്നു. ആബേലിന്റെ ബലി മുതല്‍ അഹറോന്റെ തലമുറയിലെ പുരോഹിതര്‍ അര്‍പ്പിച്ച ബലികള്‍ വരെയുള്ള സകല ബലികളും പൂര്‍ണ്ണമായത് യേഹ്ശുവാ കുരിശില്‍ അര്‍പ്പിച്ച അതിവിശുദ്ധ ബലിയിലാണ്! ആ ബലിയാണ് എന്നേക്കുമുള്ള ഏകബലി! ഈ വിഷയം അവസാനം നമുക്കു ചര്‍ച്ചചെയ്യാം. എന്തെന്നാല്‍, മോശയുടെ നിയമത്തെക്കുറിച്ചും അഹറോന്റെ ബലിയെക്കുറിച്ചുമുള്ള ചില സത്യങ്ങള്‍ക്കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

നിയമങ്ങളുടെ പിന്നിലെ ലക്ഷ്യം!

എല്ലാ നിയമങ്ങളെക്കുറിച്ചും ഇവിടെ നാം പരിശോധിക്കുന്നില്ല. കാരണം, ദൈവികനിയമങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ ഇപ്പോള്‍ത്തന്നെയുണ്ട്. അതുകൊണ്ട് നാമിവിടെ പഠിക്കുന്നത് ബലിയെ സംബന്ധിച്ചും ശുദ്ധീകരണത്തെ സംബന്ധിച്ചുമുള്ള നിയമങ്ങള്‍ മാത്രമാണ്. പൂര്‍ത്തീകരിക്കപ്പെട്ട നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതുപോലെതന്നെ, അവ എങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടുവെന്നതും പഠിക്കണം. അപ്പോള്‍ മാത്രമേ മനശ്ചാഞ്ചല്യം ഏതുമില്ലാതെ ആത്മീയജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളു! ഈ ലേഖനത്തിലൂടെ നാം പ്രധാനമായും പഠിക്കാന്‍ ഉദ്യമിക്കുന്നത് പന്നിമാംസം ക്രിസ്ത്യാനിക്ക് നിഷിദ്ധമാണോ എന്നതാണല്ലോ! നിഷിദ്ധമല്ലെങ്കില്‍, മോശ നിഷിദ്ധമാക്കിയത് എങ്ങനെ അനുവദനീയമായി എന്നറിയണം. ആയതിനാല്‍, മോശ ചില ജീവികളുടെ മാംസം ഭക്ഷിക്കരുതെന്നു കല്പിച്ച സാഹചര്യവും, പിന്നീട് ആ വിലക്ക് നീങ്ങിയ സാഹചര്യവും വ്യക്തതയോടെ നമുക്കു പരിശോധിക്കാം.

ചില ജീവികളുടെ മാംസം ഭക്ഷിക്കുന്നത് വിലക്കിക്കൊണ്ട് നിയമം നല്‍കിയപ്പോള്‍, അവ വിലക്കുന്നതിന്റെ കാരണവും മോശ വ്യക്തമാക്കിയിരുന്നു. നിന്ദ്യവും അശുദ്ധവുമായ ജീവികളുടെ മാംസമാണ് ദൈവജനത്തിനു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. അതായത്, ആ ജീവികളുടെ അശുദ്ധിയാണ് നിയമംമൂലമുള്ള വിലക്കിന് ആധാരം! അവയ്ക്കു ശുദ്ധിയില്ലാത്തതുകൊണ്ട് അവയുടെ മാംസം ഭക്ഷിക്കാന്‍ പാടില്ല. ഒരു ജീവി എങ്ങനെയൊക്കെയാണ് അശുദ്ധമാകുന്നതെന്ന് വ്യക്തതയോടെ നാം മനസ്സിലാക്കി. അവ അശുദ്ധമായിരിക്കുന്ന കാലത്തോളം ദൈവമക്കള്‍ക്ക് നിഷിദ്ധമായിരിക്കും. നോഹിന്റെ കാലത്ത് എല്ലാ ജീവികളുടെയും മാംസം ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു എന്നത് ഇതിനുള്ള തെളിവായി പരിഗണിക്കാം. ഏതൊരു നിയമത്തിന്റെ പിന്നിലും ദൈവത്തിനു മൂന്നു ലക്ഷ്യങ്ങളുണ്ട്‌. ആത്മരക്ഷയാണ് അതില്‍ പരമപ്രധാനം. എന്നിരുന്നാലും, മറ്റു രണ്ടു ലക്ഷ്യങ്ങളും പ്രധാനംതന്നെ. ആരോഗ്യപരിപാലനവും സാമൂഹിക സുരക്ഷയുമാണ് ഈ രണ്ടു ലക്ഷ്യങ്ങള്‍. ഭൂമിയിലെ മറ്റേതു ജനതയെക്കാളും ശ്രേഷ്ഠജനമായി താന്‍ തിരഞ്ഞെടുത്ത ജനത്തെ വാര്‍ത്തെടുക്കാന്‍ അവരുടെ ആരോഗ്യവും സാമൂഹികവുമായ സുരക്ഷ പ്രധാനമാണ്. ബുദ്ധിയിലും ശക്തിയിലും മാത്രമല്ല, പരസ്പരം നീതിപൂര്‍വ്വം വര്‍ത്തിക്കുന്നതിലും തന്റെ ജനം മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു. നീതിയുക്തമായ നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും അവിടുന്ന് അതു തെളിയിക്കുകയും ചെയ്തു.

ഈ വചനം ശ്രദ്ധിക്കുക: “ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെ എന്നോടു കല്പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?”(നിയമം: 4; 5-8). ഐക്യരാഷ്ട്രസഭ എന്ന പൈശാചികപ്രസ്ഥാനം നിയമനിര്‍മ്മാണം ആരംഭിക്കുന്നതുവരെ ഭൂമിയിലെ മാന്യന്മാരായ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിനുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അനുകരിക്കുന്നത് യിസ്രായേലിന്റെ നിയമങ്ങളായിരുന്നു. അടുത്തകാലംവരെ ഭൂമിയിലെ നീതിമാന്മാരായ ഭരണാധികാരികള്‍ പിന്തുടര്‍ന്നത് ഈ നിയമങ്ങളും ചട്ടങ്ങളുമാണ്. വിഷയത്തിലേക്കുതന്നെ തിരിച്ചുവരാം.

ആത്മരക്ഷയിലൂടെ നിത്യജീവനിലേക്കു നയിക്കുകയെന്ന പരമമായ ലക്ഷ്യത്തോടു ചേര്‍ത്തുവച്ചാണ് ഒരു ശ്രേഷ്ഠജനതയെ വാര്‍ത്തെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും യിസ്രായേലിനു നല്‍കപ്പെട്ടത്‌. പാപംമൂലം നഷ്ടമാക്കിയ നിത്യജീവന്‍ സകല മനുഷ്യര്‍ക്കും തിരികേ നല്‍കുന്നതിനുള്ള ക്രമീകരണവും ഈ വാര്‍ത്തെടുക്കലിന്റെ പിന്നിലുണ്ട്. അതേ, ദൈവത്തിനു മനുഷ്യനായി ഈ ഭൂമിയില്‍ അവതരിക്കണമെങ്കില്‍, അതിനു യോഗ്യമായ ഒരു പശ്ചാത്തലം ഒരുക്കപ്പെടണം! സത്യദൈവത്തെ മാത്രം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു സമൂഹം എന്നതുപോലെതന്നെ, മറ്റൊരു ജനതയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത ശ്രേഷ്ഠത എല്ലാ അര്‍ത്ഥത്തിലും ഈ ജനതയെ അഭ്യസിപ്പിക്കേണ്ടിയിരുന്നു. അശുദ്ധമായ ഒന്നിനെയും സമീപിക്കാത്തവരും മറ്റു ജനതകളുമായി ഇടകലരാത്തവരുമായ വേറിട്ട ഒരു ജനത്തെ വാര്‍ത്തെടുക്കുക എന്ന ദൈവികപദ്ധതി മോശയുടെ നിയമത്തില്‍ ദര്‍ശിക്കാന്‍ കഴിയും. നിസ്സാരമെന്നു തോന്നുന്ന നിയമങ്ങള്‍പ്പോലും യിസ്രായേലിനു നല്കപ്പെട്ടതിനു പിന്നില്‍ അനുസരണം പരിശീലിപ്പിക്കുക എന്നൊരു ലക്ഷ്യംകൂടിണ്ട്. അനുസരണക്കേടിനാല്‍ നഷ്ടമാക്കിയ നിത്യജീവന്‍ തിരികേ നല്‍കാന്‍ അനുസരണമുള്ള ഒരു തലമുറ അനിവാര്യമായിരുന്നു. വസ്ത്രത്തിലെ കരിമ്പന്‍, വീടുകളിലെ പൂപ്പല്‍ തുടങ്ങിയവയ്ക്കുപോലും പ്രായശ്ചിത്തബലികള്‍ അര്‍പ്പിക്കണമെന്നു നിയമം നല്‍കിയപ്പോള്‍, മറുചോദ്യങ്ങള്‍ ഉയര്‍ത്താതെ അനുസരിക്കാന്‍ യിസ്രായേലിനെ മോശ പരിശീലിപ്പിച്ചു!

ഭൂമിയിലെ ഏറ്റവും ശക്തരും ബുദ്ധിശാലികളും എന്ന ഖ്യാതി നിലനിര്‍ത്തുന്ന ഒരു ജനത തങ്ങളുടെ വസ്ത്രത്തിലെ കരിമ്പനെപ്രതി പ്രായശ്ചിത്തബലി അര്‍പ്പിക്കുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത് യുക്തിവാദികളുടെ മൗഢ്യമല്ലേ!? ലോകത്തിന്റെ ദൃഷ്ടിയില്‍ ഭോഷത്തമായത് യിസ്രായേലിനെക്കൊണ്ടു ദൈവം ചെയ്യിപ്പിച്ചുവെങ്കില്‍, ശാസ്ത്രത്തിന് എത്തിപ്പെടാവുന്നതിന്റെ അങ്ങേയറ്റത്ത് ഈ ജനത്തെ കൊണ്ടുചെന്നു നിര്‍ത്തിയതും ആ ദൈവംതന്നെ! ബുദ്ധിജീവികളെന്നു സ്വയം ഭാവിക്കുന്നവരെ ലജ്ജിപ്പിക്കുന്നതിനു വേണ്ടിക്കൂടിയായിരുന്നു അത്. യിസ്രായേല്‍ക്കാര്‍ ബുദ്ധിശൂന്യരാണെന്ന് ആരെങ്കിലും പറയുമോ? സ്വബോധമുള്ള ആരും പറയുമെന്നു തോന്നുന്നില്ല!

സത്യദൈവമായ യാഹ്‌വെയുടെ നിയമം അനുസരിക്കുന്നതിലൂടെ ലഭിക്കുന്നത് ആത്മീയവും ശാരീരികവും സാമൂഹികവുമായ സുരക്ഷയാണെന്നു നാം കണ്ടു. ഈ നിയമം നല്‍കിയപ്പോള്‍ത്തന്നെ, ഇതിന്റെ പ്രാബല്യം എപ്പോള്‍വരെയാണെന്നും മോശ വ്യക്തമാക്കിയിരുന്നു. ഈ ഉപദേശം ശ്രദ്ധിക്കുക: “നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ എന്നോടാജ്ഞാപിച്ച കല്പനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ്. നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ യാഹ്‌വെയുടെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്‌സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ. ആകയാല്‍, യിസ്രായേലേ കേള്‍ക്കുക: നിങ്ങള്‍ക്കു നന്മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടില്‍ നിങ്ങള്‍ ധാരാളമായി വര്‍ദ്ധിക്കാനും വേണ്ടി ഇവ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍”(നിയമം: 6; 1-3). മോശ നല്‍കിയ നിയമങ്ങള്‍ ഓരോന്നും ഇവിടെ ആവര്‍ത്തിക്കുന്നില്ല. വാഗ്ദത്തദേശത്ത് ദീര്‍ഘായുസ്സോടെ ജീവിക്കാനും ശക്തരും നീതിനിഷ്ഠരുമായി ജനതകളുടെ മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കേണ്ടതിനുമാണ് നിയമങ്ങള്‍ നല്കപ്പെട്ടതെന്നു മോശ വ്യക്തമാക്കിയിരിക്കുന്നു. മോശയുടെ വാക്കുകള്‍ നോക്കുക: “നമ്മുടെ ദൈവമായ യാഹ്‌വെയെ ഭയപ്പെടാനും അങ്ങനെ നമുക്കെന്നും നന്മയുണ്ടാകാനും ഇന്നത്തെപ്പോലെ നാം ജീവിച്ചിരിക്കാനും വേണ്ടി അനുസരിക്കണമെന്ന് യാഹ്‌വെ കല്പിച്ച ചട്ടങ്ങളാണ് ഇവ. നമ്മുടെ ദൈവമായ യാഹ്‌വെ കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെ മുന്‍പാകെ ഈ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വം പാലിച്ചാല്‍ നാം നീതിയുള്ളവരായിരിക്കും”(നിയമം: 6; 24, 25).

ഒരു ശ്രേഷ്ഠജനതയെ വാര്‍ത്തെടുക്കണമെങ്കില്‍, ആത്മീയവും ശാരീരികവും സാമൂഹികവുമായ ക്ഷമത ഓരോരുത്തരെയും അഭ്യസിപ്പിക്കണം. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളുടെ അന്തസത്തയും അതുതന്നെ! തന്റെ ജനത്തെ സാംക്രമിക രോഗങ്ങളില്‍നിന്നും വംശനാശത്തില്‍നിന്നും രക്ഷിക്കേണ്ടതിനായി നല്‍കപ്പെട്ട നിയമങ്ങളുണ്ട്. ചില ജീവികളുടെ മാംസം ഭക്ഷിക്കുന്നത് വിലക്കിയത് ആരോഗ്യപരിപാലനം ലക്ഷ്യമാക്കിയായിരുന്നു. ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായി ജീവികളെ വേര്‍തിരിച്ചിരിക്കുന്ന പട്ടിക സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. രോഗാണുവാഹകരായ ജീവികളും പ്രതിരോധശേഷിയില്ലാത്ത ജീവികളുമൊക്കെയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അവ ഓരോന്നും എങ്ങനെയാണ് മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതെന്നു വിശദ്ദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്നാല്‍, പന്നിമാംസത്തിന്റെ കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പ് ഈ നിയമം ശ്രദ്ധിക്കുക: “വന്യമൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്‌. അതു നായ്‌ക്കള്‍ക്ക്‌ എറിഞ്ഞു കൊടുക്കണം”(പുറ: 22; 31). വിശദ്ദീകരിക്കാതെതന്നെ ഈ നിയമത്തിനു പിന്നിലെ ആരോഗ്യപരമായ കാരണം വ്യക്തമാണല്ലോ! ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയെല്ലാം ലക്ഷ്യം ആരോഗ്യപരം തന്നെയാണ്. എന്നാല്‍, വിഗ്രഹാര്‍പ്പിത ഭക്ഷണത്തിന്റെ കാര്യത്തില്‍ ശാരീരിക സുരക്ഷ മാത്രമല്ല, ആത്മാവിന്റെ സുരക്ഷയും ലക്ഷ്യമിടുന്നുണ്ട്. ഒന്നാംപ്രമാണത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന നിയമമാണ് വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണത്തെ നിഷിദ്ധമാക്കുന്ന നിയമം!

പന്നിമാംസം ഭക്ഷിക്കരുതെന്നു കല്പിച്ചത് യിസ്രായേല്‍ജനത്തിന്റെ ആരോഗ്യവും ആയുസ്സും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പന്നിമാംസത്തിലൂടെ മനുഷ്യശരീരത്തിലേക്ക് കടന്നുകൂടുന്ന അപകടകാരിയായ ജീവിയാണ് നാടവിര! ജന്തുക്കളുടെ ചെറുകുടലില്‍ അധിവസിക്കുന്ന ഒരിനം പരാദ വിരയാണ് നാടവിര. പ്ലാറ്റിഹെല്‍മിന്തസ് എന്ന ജന്തു വിഭാഗത്തിലെ സെസ്റ്റോഡ വര്‍ഗ്ഗത്തില്‍പ്പെടുന്ന നാടവിര, നാട(tape)പോലെ നീളമുള്ളതും, പരന്നതുമാണ്. മനുഷ്യന് ഹാനികരമായ പല രോഗങ്ങള്‍ക്കും നാടവിര ഹേതുവാകാറുണ്ട്. ആതിഥേയ ജന്തുവിന്റെ ചെറുകുടലില്‍ 'മ്യൂകോപ്രോട്ടീന്‍' എന്ന പദാര്‍ത്ഥംകൊണ്ടുള്ള ഒരു ബാഹ്യാവരണത്താല്‍ നാടവിരകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ മ്യൂകോപ്രോട്ടീനിന് ദഹനത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളതിനാല്‍ ആതിഥേയ ജന്തുവിന്റെ ദഹനരസങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും നാടവിര സ്വയം രക്ഷപ്പെടുന്നു. ലാര്‍വകള്‍ അടങ്ങിയ പന്നിമാംസം നന്നായി പാചകം ചെയ്യാതെ ഭക്ഷിക്കുന്നതോടെ ഇവ മനുഷ്യശരീരത്തില്‍ കടന്നുകൂടുകയും രണ്ടോമൂന്നോ മാസംകൊണ്ട് പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുകയും ചെയ്യും. ചെറുകുടലിനുള്ളില്‍ അധിവസിക്കുന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നാടവിരകള്‍ ബ്ലാഡര്‍വിരകള്‍ എന്നാണറിയപ്പെടുന്നത്. ഇവ ചിലയവസരങ്ങളില്‍ തലച്ചോറിലെത്തുകയും, അപസ്മാരത്തിനോ പക്ഷാഘാതത്തിനോ വഴിതെളിക്കുകയും ചെയ്യുന്നു. 'റ്റീനിയാസിസ്' എന്ന രോഗം മനുഷ്യരിലുണ്ടാക്കുന്നതും പന്നിമാംസത്തിലെ നാടവിരകളാണ്. കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തി മുഴയായി വളരുന്ന നാടവിരകളുമുണ്ട്. ഈ അവസ്ഥ ഹൈഡാറ്റിഡ് സിസ്റ്റ് അഥവാ എക്കിനോ കോക്കോസിസ് എന്നറിയപ്പെടുന്നു. പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന അവസ്ഥയാണിത്. ഇന്നത്തെതുപോലുള്ള പരിശോധനാസംവിധാനങ്ങള്‍ അന്നുണ്ടായിരുന്നില്ലെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, ചന്തയില്‍ വില്‍ക്കപ്പെടുന്ന മാംസങ്ങളില്‍ നാടവിര ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയുമായിരുന്നില്ല.

യിസ്രായേല്‍ക്കാരും ഗ്രീക്കുകാരും മാംസം ചുടുമ്പോള്‍ നന്നായി വേവിക്കാറില്ലെന്നു മാത്രമല്ല, പുറമേ അല്പം നിറംമാറുമ്പോള്‍ത്തന്നെ ഭക്ഷിക്കുന്നതാണ് ഇവരുടെ രീതി. ഭക്ഷണത്തോടുള്ള ആര്‍ത്തിയുടെ കാര്യത്തില്‍ ഇവര്‍ കുപ്രസിദ്ധരുമാണ്! ഭക്ഷിച്ചു വയറുനിറഞ്ഞാല്‍, ഛര്‍ദ്ദിച്ചു കളഞ്ഞതിനുശേഷം വീണ്ടും ഭക്ഷിക്കുന്ന വിരുതന്മാരുള്ള സമൂഹമാണിത്. അങ്ങനെയുള്ള ഈ സമൂഹത്തെ രോഗങ്ങളില്‍നിന്നും കൂട്ടമരണങ്ങളില്‍നിന്നും രക്ഷിക്കണമെങ്കില്‍, കര്‍ശന നിയമങ്ങളിലൂടെയുള്ള നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.

പന്നികള്‍ മാത്രമല്ല, പോത്ത്, എരുമ, നായ്ക്കള്‍, വിവിധതരം മത്സ്യങ്ങള്‍, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയും നാടവിരകളുടെ ആതിഥേയരാണ്. നാലു തരത്തില്‍പ്പെട്ട നാടവിരകളുണ്ട്. അവയെക്കുറിച്ചും അവ മനുഷ്യനു ദാനംചെയ്യുന്ന ജീവികളെക്കുറിച്ചും അറിയുമ്പോള്‍, യിസ്രായേലിനെ നിയമംമൂലം ദൈവം സംരക്ഷിച്ചത് എങ്ങനെയെന്നു മനസ്സിലാകും. ലേവ്യരുടെ പുസ്തകത്തിലെ പതിനൊന്നാം അദ്ധ്യായവും, നാടവിരകളെക്കുറിച്ച് വിവരിക്കുന്ന 'ബ്രിട്ടാണിക്ക'യും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്ക് യിസ്രായേലിനെക്കുറിച്ചുള്ള കരുതല്‍ എത്രത്തോളമാണെന്ന് കാണാവുന്നതാണ്. നാടവിരയുടെ വാഹകരായ ജീവികളെയാണ് അവിടുന്ന് ശുദ്ധിയില്ലാത്തവയുടെ പട്ടികയില്‍പ്പെടുത്തി യിസ്രായേലിനു നിഷിദ്ധമാക്കിയത്.'ലിങ്ക്' സന്ദര്‍ശിക്കുക: 'ബ്രിട്ടാണിക്ക'

പത്തുപ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളെല്ലാം നിത്യജീവനിലേക്കു വഴിതെളിക്കുന്ന നിയമങ്ങളാണ്. ഈ നിയമങ്ങള്‍ ലംഘിക്കുന്നവരോടൊപ്പം ദൈവത്തിനു വ്യാപരിക്കാന്‍ കഴിയാത്തതുകൊണ്ട് ഭൗതികമായ അനര്‍ത്ഥങ്ങളും അവരെ വേട്ടയാടും. പ്രത്യേകിച്ച്, അന്യദേവന്മാരെ ആരാധിക്കുകയോ അവറ്റകളുടെ സാന്നിദ്ധ്യമുണ്ടായിരിക്കുകയോ ചെയ്‌താല്‍, പിന്നീട് ദൈവത്തിനു കൂടെനിന്നു സഹായിക്കാന്‍ കഴിയില്ല. ദൈവികസംരക്ഷണം പിന്‍വലിക്കപ്പെടുന്ന ഇത്തരം സാഹചര്യങ്ങളില്‍ യിസ്രായേല്‍ജനത്തെ ശത്രുക്കള്‍ക്ക് ആക്രമിച്ചു കീഴ്പ്പെടുത്താന്‍ നിഷ്പ്രയാസം സാധിക്കും. അതായത്, പത്തുപ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ ലംഘിച്ചാല്‍ നിത്യജീവനിലേക്കുള്ള പാത അടയ്ക്കപ്പെടുക മാത്രമല്ല, ശാരീരികവും സാമൂഹികവുമായ സുരക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നു. പാപത്തിനു പിന്നില്‍ രോഗവും മരണവും പതിയിരിപ്പുണ്ട്. നിയമം നിലനില്‍ക്കുന്ന കാലത്തോളം നിയമലംഘനം പാപമാണ്; പാപത്തിന്റെ ശമ്പളമാകട്ടെ മരണവും! നിത്യജീവനുമായി ബന്ധമില്ലാത്ത നിയമങ്ങളാണെങ്കില്‍പ്പോലും, ആ നിയമങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവയും അലംഘനീയ നിയമങ്ങള്‍ത്തന്നെ! എന്നാല്‍, ആ നിയമങ്ങളുടെ പ്രാബല്യം, അവ നല്കാനുണ്ടായ കാരണങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം മാത്രമായിരിക്കും. ഉദാഹരണത്തിന്: അശുദ്ധമായതുകൊണ്ട് ഭക്ഷിക്കരുത് എന്ന നിയമത്തിന്റെ പ്രാബല്യം, അതിന്റെ അശുദ്ധിയില്ലാതാകുന്നതോടെ അവസാനിക്കുന്നു! ചില ജീവികളുടെ മാംസം വര്‍ജ്ജിക്കണം എന്ന നിയമത്തിന്റെ പ്രാബല്യം അവസാനിച്ചത് ഇങ്ങനെയാണ്.

എന്നാല്‍, തന്നിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുവാന്‍ അധികാരമുള്ള ഒരേയൊരാള്‍ ആരാണെന്ന് മോശതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആരില്‍നിന്നു മോശ നിയമം സ്വീകരിച്ചുവോ, ആ ദൈവം മോശയോടു പ്രഖ്യാപിച്ചതുതന്നെയാണത്. ഇതാണ് ആ പ്രഖ്യാപനം: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18, 19). യാഹ്‌വെയുടെ നാമത്തില്‍ വരികയും, ആ നാമത്തില്‍ മാത്രം സംസാരിക്കുകയും, അവിടുന്ന് പ്രഖ്യാപിക്കാന്‍ പറഞ്ഞിട്ടുള്ളതു മാത്രം പ്രഖ്യാപിക്കുകയും ചെയ്ത ഒരുവനേ ഈ ഭൂമുഖത്തു വന്നിട്ടുള്ളു. അത് യേഹ്ശുവായാണ്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു വിധിയാളനുണ്ട്. ഞാന്‍ പറഞ്ഞ വചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും. എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചതുപോലെതന്നെയാണ്”(യോഹ: 12; 48-50). യേഹ്ശുവാ അറിയിച്ച ഒരു വചനംകൂടി ശ്രദ്ധിക്കുക: “ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു”(യോഹ: 5; 43). മോശയിലൂടെ സ്വര്‍ഗ്ഗം പ്രഖ്യാപിച്ച ആ പ്രവാചകനാണ് യേഹ്ശുവാ. അതിനാല്‍ത്തന്നെ, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താനോ അസാധുവാക്കാനോ അധികാരമുള്ളത് യേഹ്ശുവായ്ക്കു മാത്രമാണ്!

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി വായിക്കാം. “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 17,18). ഒരു നിയമവും യേഹ്ശുവാ അസാധുവാക്കിയില്ല; മറിച്ച്, പൂര്‍ത്തിയാക്കേണ്ട ചില നിയമങ്ങള്‍ അവിടുന്ന് പൂര്‍ത്തിയാക്കുകയും ഭേദഗതി വരുത്തേണ്ടതില്‍ ഭേദഗതി വരുത്തുകയും ചെയ്തു! ആത്മാവിന്റെ നിത്യജീവനെ സംബന്ധിക്കുന്ന നിയമങ്ങളെ കടുകട്ടിയാക്കുകയും ശരീരത്തെ സംബന്ധിക്കുന്ന നിയമങ്ങളെ മയപ്പെടുത്തുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തുകൊണ്ടുമാണ് നിയമങ്ങളില്‍ യേഹ്ശുവാ ഭേദഗതി വരുത്തിയത്. യേഹ്ശുവാ അവിടുത്തെ ശരീരത്തിലേറ്റ മുറിവിനാല്‍ ശാരീരികമായ നിയമങ്ങളില്‍നിന്ന് നമുക്കു സ്വാതന്ത്ര്യം നേടിത്തന്നു. അത് നിയമത്തെ ഇല്ലാതാക്കിക്കൊണ്ടല്ല; പിന്നെയോ, നിയമത്തിനാധാരമായ കാരണങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ്. അശുദ്ധമായത് തിന്നരുത് എന്ന നിയമം ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍, അശുദ്ധമായവയെയെല്ലാം യേഹ്ശുവാ അവിടുത്തെ ബലിയുടെ യോഗ്യതയാല്‍ ശുദ്ധീകരിച്ചു. “ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു”(റോമാ: 8; 1, 2). എന്താണ് പാപത്തിന്റെയും മരണത്തിന്റെയും നിയമം? പാപത്തിനും മരണത്തിനും വ്യത്യസ്തമായ നിയമങ്ങളില്ല, ഒരു നിയമമേയുള്ളു. അല്ലായിരുന്നുവെങ്കില്‍ 'നിയമങ്ങള്‍' എന്ന് പറയുമായിരുന്നു. പാപംചെയ്യുന്നവര്‍ മരിക്കും എന്നതാണ് പാപത്തെയും മരണത്തെയും ബന്ധിപ്പിക്കുന്ന പൊതുനിയമം. എന്നാല്‍, പാപംചെയ്യുന്നവര്‍ക്ക് യേഹ്ശുവായോട് ഐക്യപ്പെട്ട്‌ തങ്ങളുടെ ആത്മാക്കളെ മരണത്തില്‍നിന്നു ജീവനിലേക്കു പ്രവേശിപ്പിക്കുവാന്‍ അവസരം ലഭിക്കുന്നുവെന്നതാണ്‌ പുതിയ സാഹചര്യം.

ഈ സാഹചര്യം എല്ലാവര്‍ക്കുംവേണ്ടി ഒരുക്കപ്പെട്ടതാണെങ്കിലും എല്ലാവരും അതു സ്വീകരിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. മരണത്തില്‍നിന്ന് ഒരുവന്‍ ജീവനിലേക്കു പ്രവേശിക്കുന്നതെങ്ങനെയെന്ന് അറിയണമെങ്കില്‍, മരണം എങ്ങനെയുണ്ടായിയെന്ന് അറിയണം. ഏദന്‍തോട്ടത്തില്‍ വച്ച് പാപം ചെയ്തപ്പോള്‍ മനുഷ്യന്റെമേല്‍ മരണം ആധിപത്യം സ്ഥാപിച്ചു. മരണം ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, ദൈവമക്കള്‍ എന്ന പദവിയില്‍നിന്നു മനുഷ്യന്‍ ബഹിഷ്കൃതനാകുകയും ചെയ്തു. മനുഷ്യന്‍ നഷ്ടപ്പെടുത്തിയ ആ പദവി അവനു തിരികേ നേടിക്കൊടുക്കുകയെന്നതായിരുന്നു യേഹ്ശുവായുടെ ദൗത്യം. ഈ വചനം ശ്രദ്ധിക്കുക: “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി”(യോഹ: 1; 12). മനുഷ്യനു ദൈവമക്കളാകാനും നിത്യജീവനില്‍ പ്രവേശിക്കാനും ഇതല്ലാതെ, മറ്റു വഴികളൊന്നുമില്ല. മറ്റു വഴികളുണ്ടെന്ന് ആരെങ്കിലും നിങ്ങളോടു പറയുന്നുണ്ടെങ്കില്‍, അവര്‍ ഏദന്‍തോട്ടത്തിലെ സര്‍പ്പത്തിന്റെ സന്തതികളോ, ദത്തുപുത്രന്മാരോ ആണ്! ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനിയാണെങ്കില്‍, അവന്‍ ദൈവത്തിന്റെ പുത്രനാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്”(റോമാ: 8; 14). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ആരും വിഗ്രഹാലയങ്ങളിലേക്കോ അന്യദേവന്മാരിലേക്കോ തിരിയുകയില്ല. എന്തെന്നാല്‍, അന്യദേവന്മാരെയോ അവരുടെ ആലയങ്ങളെയോ യേഹ്ശുവാ ശുദ്ധീകരിച്ചിട്ടില്ല. അത് ആദിയിലെന്നപോലെ അനന്തതയിലും അശുദ്ധമായിത്തന്നെ തുടരും. ആയതിനാല്‍, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുന്നവ എന്നേക്കും അശുദ്ധമായിരിക്കും! വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലെ അപകടവും അതുതന്നെ!

നിയമത്തിന്റെ പൂര്‍ത്തീകരണത്തിലേക്കുതന്നെ മടങ്ങിവരാം. അശുദ്ധജീവികള്‍ എങ്ങനെയാണ് ശുദ്ധിയുള്ളവയായി മാറിയതെന്നറിയാന്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു”(കൊളോ: 1; 20). എല്ലാ വസ്തുക്കളുമെന്നു പറയുമ്പോള്‍ വിഗ്രഹങ്ങള്‍ അതില്‍പ്പെടില്ല! വിഗ്രഹങ്ങള്‍ അനന്തതവരെ അശുദ്ധംതന്നെ! ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള ഒരു ചോദ്യമുണ്ട്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും തന്നോട് അനുരഞ്ജിപ്പിച്ചുവെന്നു പറയുമ്പോള്‍, ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുന്ന സൂക്ഷ്മാണുക്കളും നാടവിരയുമൊക്കെ അതില്‍പ്പെടില്ലേ എന്നതാണ് ആ ചോദ്യം. ഇവിടെയാണ്‌ ഒരു യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കേണ്ടത്. അതായത്, ക്രിസ്തു വന്നത് യിസ്രായേലിന് ശാരീരികമോ സാമൂഹികമോ ആയ പരിരക്ഷ നല്കാനല്ലെന്നും, മനുഷ്യന്‍ നഷ്ടമാക്കിയ നിത്യജീവന്‍ അവനു വീണ്ടെടുത്തു നല്‍കാനാണെന്നും നാം അറിഞ്ഞിരിക്കണം. യിസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് ക്രിസ്തുവിനു ലോകത്തേക്കു വരുന്നതിനുവേണ്ടിയായിരുന്നു. സത്യദൈവത്തെ മാത്രം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു ജനത്തെ രൂപപ്പെടുത്താന്‍ അവിടുന്ന് നിയമങ്ങളും ചട്ടങ്ങളും അവര്‍ക്കു നല്‍കി.

യിസ്രായേല്‍ജനത്തെ വാര്‍ത്തെടുത്തത് ക്രിസ്തുവിനു ജനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. അതിനായി നീതിയുക്തമായ നിയമങ്ങളും ചട്ടങ്ങളും സ്വന്തമായുള്ള ഒരു ജനത്തെ അവിടുന്ന് തനിക്കുവേണ്ടി ഒരുക്കി! ഈ ജനത്തെ വംശനാശംകൂടാതെ നിലനിര്‍ത്തണമെങ്കില്‍ ആരോഗ്യപരമായ പരിപാലനവും അനിവാര്യമായിരുന്നു. എന്തെന്നാല്‍, മനുഷ്യന്‍ നഷ്ടമാക്കിയ ജീവന്‍ അവനു വീണ്ടെടുത്തു നല്‍കാന്‍ ദൈവം പദ്ധതിയൊരുക്കുമ്പോള്‍ പിശാച് വെറുതെയിരിക്കില്ലെന്നു ദൈവത്തിനറിയാം. അവിടുത്തെ പദ്ധതിയെ തകര്‍ക്കാന്‍ സകല ആയുധങ്ങളുമായി അവന്‍ പ്രവര്‍ത്തനനിരതനാകും. ഏദന്‍തോട്ടത്തില്‍ ഹവ്വായുടെ നേരേ വച്ചുനീട്ടിയതു പഴമായിരുന്നുവെങ്കില്‍, യിസ്രായേലിനെ നശിപ്പിക്കാന്‍ മത്സ്യമാംസാദികളുമായി അവന്‍ രംഗത്തിറങ്ങുമെന്നു ദൈവത്തിനറിയാം. ഭക്ഷണത്തെ സംബന്ധിക്കുന്ന നിയമങ്ങളുടെ പിന്നിലെ ലക്ഷ്യം സാത്താന്റെ കുതന്ത്രങ്ങളെ തകര്‍ക്കുകയെന്നതായിരുന്നു. അതായത്, ഭൗതികമായ നിയമങ്ങളെല്ലാം ക്രിസ്തുവിനു ജനിക്കാന്‍ യോഗ്യമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനായുള്ള ക്രമീകരണങ്ങളായിരുന്നു.

ക്രിസ്തുവിന്റെ വരവ് യാഥാര്‍ത്ഥ്യമായതോടെ, നിത്യജീവനെയും ദൈവരാജ്യത്തെയും സംബന്ധിക്കുന്ന പ്രബോധനത്തിനു തുടക്കം കുറിക്കപ്പെട്ടു. വാഗ്ദത്തനാട്ടില്‍ ദീര്‍ഘകാലം സുരക്ഷിതരായി ജീവിക്കുന്നതിനുവേണ്ടിയാണ് മോശ നിയമങ്ങള്‍ നല്‍കിയതെങ്കില്‍, യേഹ്ശുവാ ആ നിയമങ്ങളെ നിത്യജീവനു നിയോഗം ലഭിച്ചവര്‍ക്കുള്ള ചട്ടങ്ങളാക്കി മാറ്റി. ആത്മാവിനെ നശിപ്പിക്കുന്ന പാപങ്ങള്‍ക്കെതിരേയുള്ള നിയമങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ നിലനിര്‍ത്തുകയും, ശരീരത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തുകൊണ്ടാണ് യേഹ്ശുവാ ഈ ഭേദഗതി വരുത്തിയത്. ആത്മാവാണ് ജീവന്‍ നല്‍കുന്നതെന്നും ശരീരം ഒന്നിനും ഉപകരിക്കുന്നില്ലെന്നും നമ്മെ പഠിപ്പിച്ചത് അവിടുന്നാണ്. ശരീരത്തെയും ഭൗതികവസ്തുക്കളെയും ശുദ്ധീകരിക്കുന്ന പ്രായശ്ചിത്തബലികള്‍ക്കും പാപപരിഹാരബലികള്‍ക്കും പകരമായി, എന്നേയ്ക്കുമുള്ള ഏകബലി യേഹ്ശുവാ അര്‍പ്പിച്ചപ്പോള്‍, അന്നുവരെ അര്‍പ്പിക്കപ്പെട്ടിരുന്ന സകല ബലികളും അവിടുത്തെ ബലിയില്‍ പൂര്‍ണ്ണതപ്രാപിച്ചു. അതേ, അഹറോന്റെ ബലികള്‍ അപൂര്‍ണ്ണമായിരുന്നു!

മോശയുടെ നിയമപ്രകാരം അഹറോനും അവന്റെ സന്തതിപരമ്പരയും അര്‍പ്പിച്ചിരുന്ന ബലികളുടെ അപൂര്‍ണ്ണത വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരു അവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഈ ബലികള്‍മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു. കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല”(ഹെബ്രാ: 10; 1-4). ബലികളെ സംബന്ധിച്ചുള്ള നിയമത്തെക്കുറിച്ചാണ് അപ്പസ്തോലന്‍ ഇങ്ങനെ വെളിപ്പെടുത്തിയത്. അഹറോന്റെ ബലികളിലെ അപൂര്‍ണ്ണത എങ്ങനെ പരിഹരിക്കപ്പെട്ടുവെന്നു നോക്കുക: “നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേഹ്ശുവാ മ്ശിഹായുടെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു”(ഹെബ്രാ: 10; 8-14).

യേഹ്ശുവായുടെ ഏകബലിയില്‍ മാത്രമാണ് വിശുദ്ധീകരണവും പരിപൂര്‍ണ്ണതയും ഉള്ളത്. സകലത്തെയും വിശുദ്ധീകരിച്ചതും വിശുദ്ധീകരിക്കപ്പെട്ടവരെ പരിപൂര്‍ണ്ണരാക്കിയതും യേഹ്ശുവായാണെങ്കില്‍, ഇനി നമുക്കു മുന്നില്‍ അശുദ്ധമായതൊന്നുമില്ല. ഭൂമിയിലുള്ള ഏതെങ്കിലും വസ്തു ഇനി അശുദ്ധമാകുന്നത്, അവ വിഗ്രഹങ്ങള്‍ക്കര്‍പ്പിക്കുമ്പോള്‍ മാത്രമാണ്! അതായത്, നിയമം അസാധുവാക്കപ്പെട്ടിട്ടില്ല; അശുദ്ധമായത് ഇപ്പോഴും നിഷിദ്ധംതന്നെ! വിഗ്രഹങ്ങളും വിഗ്രഹാര്‍പ്പിതതായ സകലതും ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണ്! ശാരീരികമായ സുരക്ഷയെക്കരുതി ആരും ക്രിസ്ത്യാനിയാകുന്നില്ല; മറിച്ച്, ശരീരത്തിന്റെ ഉയിര്‍പ്പിനെയും നിത്യജീവനെയും കരുതിയാണ് ഒരുവന്‍ ക്രിസ്ത്യാനിയാകുന്നത്. ക്രിസ്തുവില്‍നിന്നു ക്രിസ്ത്യാനിക്കു ലഭിച്ചിരിക്കുന്ന ഉപദേശമിതാണ്: “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍”(മത്താ: 10; 28). ശരീരത്തിന്റെ മരണത്തെ ക്രിസ്ത്യാനി ഭയപ്പെടുന്നില്ല! ക്രിസ്തുവിന്റെ നാമത്തില്‍ മരണമടയുന്നവര്‍ അവിടുത്തെ നാമത്തില്‍ത്തന്നെ ജീവന്‍പ്രാപിക്കും!

ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു കണക്കാക്കരുത്!

ശുദ്ധവും അശുദ്ധവുമെന്നു ജീവികളെ രണ്ടായി തരംതിരിച്ചത് ദൈവമാണ്. അശുദ്ധമായ ജീവികളുടെ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയതും അവിടുന്നുതന്നെ. അശുദ്ധമാണെന്ന് ദൈവം പറഞ്ഞതുകൊണ്ടാണ് യിസ്രായേല്‍ജനം അവയെ അശുദ്ധമായി കണക്കാക്കുകയും അവയുടെ മാംസം ഭക്ഷിക്കാതിരിക്കുകയും ചെയ്തത്. എന്നാല്‍, ദൈവം അവയെ വിശുദ്ധീകരിക്കുകയും, അവ ഭക്ഷിക്കുന്നതിലെ വിലക്ക് നീക്കുകയും ചെയ്‌താല്‍, അപ്പോള്‍ മുതല്‍ നിയമം ഭേദഗതിചെയ്യപ്പെട്ടു. ബൈബിള്‍ നല്‍കുന്ന ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുപ്പോള്‍ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി. സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു. ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു. ഒരു സ്വരവും അവന്‍ കേട്ടു: കേപ്പാ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക. കേപ്പാ പറഞ്ഞു: നാഥാ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു”(അപ്പ. പ്രവര്‍: 10; 10-16). അശുദ്ധമെന്നു ദൈവം പറഞ്ഞാല്‍ നമുക്കത് അശുദ്ധമായിരിക്കുന്നതുപോലെതന്നെ, അവ വിശുദ്ധീകരിക്കപ്പെട്ടുവെന്ന് അവിടുന്നു പ്രഖ്യാപിക്കുമ്പോള്‍ നാമത് അംഗീകരിക്കണം.

വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കളല്ലെങ്കില്‍ ഒന്നും യിസ്രായേലിനു നിഷിദ്ധമല്ല. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവയാണെങ്കില്‍പ്പോലും, അത് വിഗ്രഹാര്‍പ്പിതമാണെന്ന അറിവ് ലഭിക്കുന്നതുവരെ അത് ഭക്ഷിക്കാവുന്നതാണ്. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടും അവിടുത്തേക്ക്‌ കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടുമാണ് നാം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതെങ്കില്‍, നാമറിയാതെ ആ ഭക്ഷണസാധനങ്ങളില്‍ കടന്നുകൂടിയിട്ടുള്ള പൈശാചികത ദൈവനാമത്താല്‍ നീക്കംചെയ്യപ്പെടും. ഈ ഉപദേശം നോക്കുക: “നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍”(1 കോറി: 10; 31). മറ്റൊരുപദേശം ശ്രദ്ധിക്കുക: “നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം രക്ഷകനായ യേഹ്ശുവാവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍”(കൊളോ: 3; 17). യേഹ്ശുവാ എന്ന നാമത്തിനു വിശുദ്ധീകരിക്കാനുള്ള ശക്തികൂടിയുണ്ട്. എന്നാല്‍, ഈ നാമം ദുരുപയോഗിക്കുന്ന ഏതൊരുവനും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. ഈ നാമത്തിന്റെ മഹത്വം വിഗ്രഹങ്ങളുമായി പങ്കുവയ്ക്കുകയോ വിഗ്രഹാര്‍പ്പിതമായ എന്തെങ്കിലും ഈ നാമത്തിനു സമര്‍പ്പിക്കുകയോ ചെയ്യരുത്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവയാണെന്ന് അറിഞ്ഞതിനുശേഷം അത് ഭക്ഷിച്ചാല്‍, ആ പ്രവൃത്തി ദൈവത്തോടുള്ള മറുതലിപ്പായി കണക്കാക്കപ്പെടുന്നത് ഇക്കാരണത്താലാണ്. അശുദ്ധമായ ഒന്നിനെയും നാം സ്പര്‍ശിക്കരുത്. അപ്പോള്‍ മാത്രമേ ദൈവത്തിനു നമ്മില്‍ വസിക്കാന്‍ സാധിക്കുകയുള്ളു. 'ഹലാല്‍' ആണെന്ന അറിവ് ലഭിച്ചതിനുശേഷം ഒരുവന്‍ അതു ഭക്ഷിച്ചാല്‍, അതിന്റെ പരിണിതഫലം അനുഭവിക്കാനും അവന്‍ തയ്യാറാകണം.

മോശയിലൂടെ നിയമം നല്‍കപ്പെട്ട കാലത്ത് അശുദ്ധജീവികളുടെ പട്ടികയില്‍ അനേകം ജീവികളുണ്ടായിരുന്നിട്ടും, ഇന്ന് പന്നിയെ മാത്രം വളഞ്ഞിട്ടാക്രമിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ചെതുമ്പലും ചിറകുമില്ലാത്ത മത്സ്യങ്ങള്‍ ഭക്ഷിക്കരുതെന്നു മോശയുടെ നിയമത്തിലുണ്ട്. ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ ജലജീവികളെയും ഭക്ഷിക്കാന്‍ പാടില്ലെന്നു നിയമം അനുശാസിക്കുന്നു. ഒട്ടകം, ഒട്ടകപ്പക്ഷി, കുഴിമുയല്‍, കൊക്ക്, കാട്ടുകോഴി തുടങ്ങിയ അനേകം ജീവികള്‍ വിലക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. എന്നാല്‍, ഈ ജീവികളുടെയെല്ലാം മാംസം ഭക്ഷിക്കുകയും പന്നിമാംസം വര്‍ജ്ജിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിരുതന്മാരെ നമുക്കറിയാം. ഇത്തരം ആശയങ്ങളുടെ പ്രചാരകരെ ക്രിസ്ത്യാനികളുടെയിടയില്‍പ്പോലും കാണാന്‍ കഴിയും. ഇവിടെയാണ്‌ ഒരു യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടത്. ഇസ്ലാമിനെ കൂടാതെ, പന്നിയിറച്ചിയെ ശക്തമായി എതിര്‍ക്കുന്നത് പൗരസ്ത്യക്രൈസ്തവരാണ്. ഇവരില്‍നിന്നാണ് ഇസ്ലാംമതം ഉടലെടുത്തതെന്നുകൂടി മനസ്സിലാക്കുമ്പോള്‍, ഇസ്ലാമിനു പന്നി നിഷിദ്ധമായതെങ്ങനെയെന്നു വ്യക്തമാകും. സിറിയയിലും സമീപപ്രദേശങ്ങളിലും ജീവിച്ചിരുന്ന ക്രൈസ്തവരില്‍നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം എന്ന മതവും, ആ മതത്തിലെ ചില നിയമങ്ങളുമുണ്ടായത്. പൗരസ്ത്യക്രൈസ്തവര്‍ക്ക് പിന്നീടെന്താണ് സംഭവിച്ചതെന്നു നമുക്കറിയാം. വചനവിരുദ്ധമായ ആചാരങ്ങളും പാരമ്പര്യങ്ങളും മുറുകെപ്പിടിച്ച ഇവരില്‍നിന്ന് അനേകം പാഷാണ്ഡതകള്‍ ഉടലെടുത്തിട്ടുണ്ട്. അവയിലൊന്നുമൂലം ഇസ്ലാം എന്ന വിനാശം ഭൂമിയിലേക്കു കടന്നുവന്നു.

പന്നിയിറച്ചി ഭക്ഷിക്കാത്ത പൗരസ്ത്യക്രൈസ്തവര്‍ ഇസ്ലാമില്‍ ലയിച്ച് ഇല്ലാതായത് നമുക്കുമുന്നില്‍ ദൃഷ്ടാന്തമായുണ്ട്. എന്നാല്‍, ക്രിസ്തുവിന്റെ നാമത്തില്‍ ദൈവം വിശുദ്ധീകരിച്ചു നല്‍കിയ പന്നിയിറച്ചിയെ വിശിഷ്ടഭോജ്യമായി സ്വീകരിച്ച പാശ്ചാത്യക്രൈസ്തവരെ ഇസ്ലാമിനു തൊടാന്‍ കഴിയില്ല! വഞ്ചകരായ പ്രബോധകരെക്കുറിച്ചു പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവര്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചവയാണ്. എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്. കൃതജ്ഞതാപൂര്‍വ്വമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നു”(1 തിമോ: 4; 3-5). ക്രിസ്ത്യാനികള്‍ക്ക് ഇതില്‍നിന്നു വ്യത്യസ്തമായ പാരമ്പര്യമില്ല.

അശുദ്ധാത്മാക്കളെ വഹിക്കാത്ത ജീവി!

പന്നി എന്ന ജീവിയെക്കുറിച്ചു പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വലിയൊരു സത്യമുണ്ട്. എന്തെന്നാല്‍, ഈ ജീവി അശുദ്ധാത്മാക്കളെയും പിശാചുക്കളെയും വഹിക്കുന്നില്ല! ഇതു തെളിയിക്കുന്ന ഒരു സംഭവം വിവരിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും. അനേകം പിശാചുക്കളെ വഹിച്ചിരുന്ന ഒരുവനില്‍നിന്ന് അവറ്റകളെ യേഹ്ശുവാ പുറത്താക്കുന്നതാണ് ആ സംഭവം. ബൈബിളില്‍ ഇപ്രകാരമാണ് ആ സംഭവം വിവരിച്ചിരിക്കുന്നത്: “യേഹ്ശുവാ മറുകരെ, ഗെരസേനരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു. അവര്‍ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? അവരില്‍നിന്ന് അല്പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കള്‍ അവനോട് അപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ! അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു”(മത്താ: 8; 28-33). അനേകം പിശാചുക്കളെ വര്‍ഷങ്ങളോളം ചുമന്നുനടക്കാന്‍ മനുഷ്യനു സാധിച്ചിരുന്നുവെങ്കില്‍, ഒരു നിമിഷംപോലും പിശാചുക്കളെ വഹിക്കാന്‍ പന്നികള്‍ തയ്യാറായില്ല. പിശാചുക്കളെ ചുമക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദം മരണമാണെന്ന് പന്നികള്‍ കരുതി. അതുകൊണ്ടായിരിക്കുമല്ലോ അവ കടലില്‍ച്ചാടി ആത്മഹത്യചെയ്തത്!

പന്നിമാംസത്തില്‍ പിശാചുക്കളുടെയോ അശുദ്ധാത്മാക്കളുടെയോ സ്വാധീനം ഉണ്ടായിരിക്കില്ല എന്നതിന് ഇതിനേക്കാള്‍ വലിയ ദൃഷ്ടാന്തം ആവശ്യമുണ്ടോ? വീടിന്റെയും പറമ്പിന്റെയും അതിരുകളില്‍ പന്നിനെയ്യ് തളിച്ചാല്‍, അതിനെ മറികടന്നുവരാന്‍ ഇസ്ലാമിനോ പൈശാചികശക്തികള്‍ക്കോ സാധിക്കില്ല! വീട് പണിയുമ്പോള്‍ വാസ്തുവിദ്യയല്ല പരിഗണിക്കേണ്ടത്; വാസ്തുവിനെയും അല്ലാഹുവിനെയും ചെറുക്കുന്ന പന്നിയുടെ നെയ്യ് വീടിന്റെ അസ്ഥിവാരത്തില്‍ തളിച്ചാല്‍ മതി! യൂറോപ്പിന്റെ സുരക്ഷയ്ക്കായി പന്നികളെ ദൈവം നിയോഗിച്ചിരിക്കുന്നു! ദൈവമക്കള്‍ക്കു ഭക്ഷിക്കാന്‍ പന്നിയിറച്ചിയോളം സുരക്ഷിതമായ മറ്റൊരു മാംസവും ഇന്ന് നിലവിലില്ല എന്നതാണു യാഥാര്‍ത്ഥ്യം!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം യൂറോപ്പിലെ ക്രിസ്തീയത തകര്‍ന്നടിഞ്ഞുവെങ്കിലും ഇസ്ലാമിന് ആ മണ്ണില്‍ വേരുറപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ക്രിസ്തീയ വിശ്വാസത്തില്‍നിന്നു പുറത്തുപോയവരിലധികവും മതമില്ലാത്തവരായി ജീവിക്കുകയാണ്. വത്തിക്കാനിലെ 'ബെര്‍ഗോളിയോ' വിരിച്ച ചുവപ്പ് പരവതാനിയിലൂടെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ യൂറോപ്പിലേക്ക് ജിഹാദിനായി വന്നു. എന്നാല്‍, വന്നവര്‍ പെറ്റുപെരുകുന്നതല്ലാതെ, യൂറോപ്പിലെ ഒരുവനെയും ഇസ്ലാമില്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. ശതകോടികള്‍ ചിലവഴിച്ച് സൗദി അറേബ്യയില്‍ അച്ചടിച്ച 'ഖുറാന്‍' ഇന്ന് അവര്‍ക്കുതന്നെ ബാദ്ധ്യതയായി മാറി എന്നതാണ് മറ്റൊരു സത്യം! ക്രിസ്തുമതം ഉപേക്ഷിച്ച് സ്വതന്ത്രരായി ജീവിക്കുന്നവര്‍ക്കുപോലും സൗജന്യമായി വിതരണം ചെയ്യുന്ന ഖുറാന്‍ എന്ന പൈശാചികഗ്രന്ഥം വേണ്ട! യൂറോപ്പില്‍ ഇസ്ലാമിനെ പ്രതിരോധിക്കാന്‍ ഒരു ശത്രുവുള്ളതാണ് ഇതിനു കാരണം. പന്നിയാണ് ആ കരുത്തുറ്റ പ്രതിയോഗി! അതേ, യൂറോപ്പില്‍ ഇസ്ലാംമതത്തിന്റെ വ്യാപനം തടഞ്ഞുനിര്‍ത്തുന്നത് പന്നി മാത്രമാണ്! ജര്‍മ്മനിപോലെ പല യൂറോപ്യന്‍ രാജ്യങ്ങളിലും പന്നിയിറച്ചി ദേശീയഭക്ഷണമാണ്. ഒരു നേരമെങ്കിലും പന്നിയിറച്ചി ഭക്ഷിക്കാത്തവരായി യൂറോപ്പില്‍ ആരെങ്കിലുമുണ്ടെങ്കില്‍, അത് അല്ലാഹു എന്ന ബാല്‍ദേവന്റെ അടിമകള്‍ മാത്രമായിരിക്കും!

ഏതെങ്കിലും പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിന്റെയെല്ലാം ഉത്തരവാദിത്വം പന്നിയുടെമേല്‍ കെട്ടിവയ്ക്കാന്‍ ഇസ്ലാംമതത്തിലെ കോമാളികള്‍ രംഗപ്രവേശം ചെയ്യാറുണ്ട്. കൊറോണ വൈറസിന്റെ ഉത്തരവാദിത്വവും പന്നിയുടെമേല്‍ ഇവറ്റകള്‍ ആരോപിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലാരും പന്നിയിറച്ചി കഴിച്ചതുമൂലം മരിച്ചിട്ടില്ലെന്നു മാത്രമല്ല, ഇസ്ലാമില്‍ ചേര്‍ന്നാല്‍ പന്നിയിറച്ചി കഴിക്കാന്‍ സാധിക്കില്ല എന്ന ഒറ്റക്കാരണംകൊണ്ടു മാത്രം ഇസ്ലാമിന്റെ പ്രലോഭനങ്ങളില്‍ വീഴാതെ സ്വജീവന്‍ സംരക്ഷിച്ചുപോരുന്ന അനേകര്‍ യൂറോപ്പിലുണ്ട് എന്നതാണ് യഥാര്‍ത്ഥ സത്യം. ഒറ്റ വാചകത്തില്‍ ചുരുക്കിക്കൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു! അതായത്, വിഗ്രഹാര്‍പ്പിതമല്ലാത്തതെന്തും ക്രിസ്ത്യാനികള്‍ക്കു ഭക്ഷിക്കാം!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-   YouTube

    5246 views

LOG IN

Lost your password?

SIGN UP

LOST PASSWORD