കത്തോലിക്കാസഭയിലും പ്രൊട്ടസ്റ്റന്റ്സഭകള്‍ അടക്കമുള്ള എല്ലാ ക്രൈസ്തവസഭകളിലും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയമാണ് പൂര്‍വ്വീകശാപങ്ങളെ സംബന്ധിച്ചുള്ളത്. സഭകള്‍ക്കുള്ളില്‍ തന്നെ വിവിധങ്ങളായ അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ട്. ശ്രേഷഠരെന്നു പരിഗണിച്ച് വിശ്വാസികള്‍ ബഹുമാനിക്കുന്നവരില്‍നിന്നുതന്നെ വ്യത്യസ്ഥമായ ആശയങ്ങള്‍ പ്രചരിക്കുന്നതിലൂടെ പലരേയും ആശയക്കുഴപ്പത്തില്‍ അകപ്പെടുത്തിയിട്ടുണ്ട് എന്നതാണു സത്യം. ബൈബിളിനെ പ്രധാന പഠന മാര്‍ഗ്ഗമാക്കിക്കൊണ്ട് ഈ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ നാമിവിടെ ശ്രമിക്കുകയാണ്.
ബൈബിളിലെ പുരാതന ഗ്രന്ഥങ്ങളിലും നവീന ഗ്രന്ഥങ്ങളിലും അന്വേഷണം നടത്തുന്നതോടൊപ്പം വര്‍ത്തമാനകാലത്തു നടമാടുന്ന ചില സംഭവങ്ങളെയും അനുഭവങ്ങളെയും പഠനവിഷയമാക്കുന്നത് തികച്ചും ഉചിതമാണെന്നു തോന്നുന്നു.
യെസെക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുതന്നെ ആരംഭിക്കാം. മുന്‍കാല, പില്‍ക്കാല ചരിത്രസംഭവങ്ങളെ അതിനുശേഷം പരിശോധിക്കുന്നതാകും നല്ലത്. വചനം ശ്രദ്ധിക്കുക: "പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് യിസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു; ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും യിസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല"(എസക്കി: 18; 1-3).
യെസെക്കിയേല്‍ പ്രവാചകനിലൂടെയാണ് ഇക്കാര്യം യാഹ്‌വെ നമ്മെ അറിയിക്കുന്നത്. പ്രവാചകന്റെ കാലംവരെ നിലനിന്നിരുന്ന പൂര്‍വ്വീകശാപങ്ങള്‍ അതോടെ ഇല്ലാതായി എന്നാണോ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്?! ഒരിക്കലും അങ്ങനെയല്ല! പ്രവാചകന്‍ എന്നാല്‍ വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നവന്‍ എന്നാണര്‍ത്ഥം. എന്നാല്‍, ശാപങ്ങളെക്കുറിച്ചു നിലനിന്നിരുന്ന അവ്യക്തതയും അജ്ഞതയും നീക്കുവാന്‍ ദൈവം തിരുമനസ്സായി. പിന്നീടുവരുന്ന വചനഭാഗങ്ങളില്‍ അതു വ്യക്തമാകുന്നുണ്ട്. അനീതി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ഒരു പുത്രന്‍ ഉണ്ടാകുകയും അവന്‍ പിതാവിന്റെ ചെയ്തികള്‍ തുടരാതെ നീതി പ്രവര്‍ത്തിച്ചാല്‍, പിതാവിന്റെ പാപങ്ങള്‍ക്ക് പുത്രന്‍ ശിക്ഷിക്കപ്പെടുകയില്ല. നേരെമറിച്ച്, പിതാവിന്റെ ചെയ്തികളെ അംഗീകരിക്കുകയും അവ പിന്തുടരുകയും പിതാവ് അനീതിയിലൂടെ നേടിയതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അവനെ ശാപം പിന്തുടരും!
ചെറിയൊരു ഉദാഹരണത്തിലൂടെ ഇതു ചിന്തിക്കാം. ഒരുവന്റെ പിതാവ് അനീതിയിലൂടെ സമ്പത്ത് നേടുകയും, അനീതിയില്‍ തന്നെ മരിക്കുകയും ചെയ്തെന്നിരിക്കട്ടെ! അവനൊരു പുത്രനുണ്ട്; ഈ പുത്രന്‍ പിതാവിന്റെ ചെയ്തികള്‍ തുടരുന്നില്ല. എന്നാല്‍, പിതാവ് മറ്റുള്ളവരെ ഞെരുക്കിയും ദൈവവചനത്തിന് എതിരായ പ്രവര്‍ത്തികള്‍ ചെയ്തും നേടിയ സമ്പത്ത് കൈവശംവച്ചു ജീവിക്കുകയാണു പുത്രന്‍! അവനു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാതെതന്നെ തലമുറകളോളം ജീവിക്കാനുള്ളത് പിതാവ് അനീതിയിലൂടെ നേടിക്കൊടുത്തിട്ടുണ്ട്. പിതാവ് ചെയ്ത അനീതിപരമായ പ്രവര്‍ത്തിക്ക് പുത്രനെ ശാപം ബാധിക്കുമോ?
അനീതിയില്‍ നേടിയവ നാലിരട്ടിയായി തിരിച്ചു നല്‍കാതെ പാപത്തില്‍നിന്നും ശാപത്തില്‍നിന്നും വിടുതല്‍ ലഭിക്കുകയില്ല. മോശയിലൂടെ ദൈവം നല്‍കിയ നിയമങ്ങളില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട് (പുറപ്പാ: 22; 1). സക്കേവൂസിന്റെ കാര്യത്തില്‍ ഇതാണല്ലോ സംഭവിച്ചത്! "ഇതാ, എന്റെ സമ്പത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു"(ലൂക്കാ: 19; 8). സക്കേവൂസ് ഇതു പറഞ്ഞപ്പോള്‍ യേഹ്ശുവാ നല്‍കുന്ന അനുഗ്രഹ വചനം ഇവിടെ ശ്രദ്ധേയമാണ്; "ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു"(ലൂക്കാ: 19; 9). പാപത്തില്‍നിന്നു നേടിയവ കൈവശം വച്ചുകൊണ്ട് പാപം ഉപേക്ഷിക്കുന്നത് മാനസാന്തരത്തിന്റെ പൂര്‍ണ്ണതയല്ല.
പാപവും ശാപവും!
പാപവും ശാപവും ഒന്നല്ലെങ്കിലും ഒരേ ഭവനത്തിലെ രണ്ടംഗങ്ങളാണ്. പരസ്പരം ഗാഢമായ ബന്ധം നിലനിര്‍ത്തുന്ന സഹോദരങ്ങള്‍ എന്നുവേണമെങ്കില്‍ പറയാം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, പാപത്തിന്റെ പരിണിതഫലമായി ഉണ്ടാകുന്ന ഉപോത്പന്നമാണു ശാപം!
ഈ ഭൂമിയിലേക്ക് പാപവും അതുവഴിയുണ്ടായ ശാപവും കടന്നുവന്നത് ഒരു മനുഷ്യനിലൂടെയാണെന്നു മറക്കരുത്. "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(റോമാ: 5; 12). "ആദത്തിന്റെ പാപത്തിനു സദൃശ്യമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി"(റോമാ: 5; 14). മോശയിലൂടെ നിയമം ലോകത്തിനു നല്‍കപ്പെട്ടപ്പോള്‍ അതനുസരിച്ചവര്‍ക്ക് നിയമാനുസരണത്തിലൂടെ നീതീകരണം ലഭിച്ചു. നിയമത്തിന്റെ പൂര്‍ത്തീകരണമായ യേഹ്ശുവാ പാപത്തിന്റെയും ശാപത്തിന്റെയും മരണത്തിന്റെയും ആധിപത്യം അവസാനിപ്പിച്ചു. എന്നാല്‍, ഈ സ്വാതന്ത്ര്യം മനുഷ്യന്‍ അനുഭവിക്കണമെങ്കില്‍ യേഹ്ശുവായില്‍ വിശ്വസിച്ച്, അവിടുത്തോട് ഐക്യപ്പെട്ടു ജീവിക്കണം. "ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു"(റോമാ: 8; 1, 2).
യേഹ്ശുവായിലൂടെ ദൈവം നല്‍കിയിരിക്കുന്ന അനുഗ്രഹമാണിത്. പാപത്തില്‍നിന്നും അതിന്റെ ശാപങ്ങളില്‍നിന്നും വിടുതല്‍ ആഗ്രഹിക്കുന്ന ഏതൊരുവനും സൗജന്യമായി അതു ലഭിക്കുന്നു. അതിനായി നേര്‍ച്ചകളോ വഴിപാടുകളോ ആവശ്യമില്ല. പാപത്തില്‍ ശാപം ഒളിഞ്ഞിരിപ്പുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഇതിനു ജീവിക്കുന്ന തെളിവുകള്‍ ധാരാളമുണ്ട്. വചനവും ഇതിനു വ്യക്തമായ തെളിവുകള്‍ നല്‍കുന്നുണ്ട്. യെസെക്കിയേല്‍ പ്രവാചകനിലൂടെയാണല്ലോ പിതാക്കന്മാരുടെ പാപത്തിനു മക്കള്‍ ശിക്ഷിക്കപ്പെടുകയില്ലെന്നു പറഞ്ഞിരിക്കുന്നത്! അതേ പുസ്തകത്തില്‍തന്നെ ഈ പ്രവാചകന്‍ അറിയിക്കുന്നത് ശ്രദ്ധിക്കുക: "ഞാന്‍ നിന്നെ രക്തത്തിന് ഏല്പിക്കുന്നു. അതു നിന്നെ പിന്‍തുടരും. നീ രക്തം ചൊരിഞ്ഞു. രക്തം നിന്നെ പിന്‍തുടരുകതന്നെ ചെയ്യും"(യെസെക്കി: 35; 6).
പാപം മനുഷ്യനെ ദൈവത്തില്‍നിന്നും അകറ്റും. ദൈവം തിരഞ്ഞെടുത്ത യിസ്രായേല്‍ജനത പാപം ചെയ്തപ്പോള്‍ ദൈവം അവരില്‍നിന്ന് അകന്നതായി ബൈബിളിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ദൈവം നമ്മില്‍നിന്ന് അകന്നുപോയാല്‍, അല്ലെങ്കില്‍ നാം ദൈവത്തില്‍നിന്ന് അകന്നുപോയാല്‍ എന്തായിരിക്കും ഫലമെന്നു യാഹ്‌വെതന്നെ അറിയിക്കുന്നു; "ഞാന്‍ അവരില്‍നിന്ന് അകലുമ്പോള്‍ അവര്‍ക്കു ദുരിതം"(ഹോസി: 9; 12). ദൈവത്തില്‍നിന്നും അകന്ന് അന്യദേവന്മാരെ സേവിച്ച യിസ്രായേലിനെ ശത്രുക്കള്‍ക്കു വിട്ടുകൊടുത്തു. "അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെവച്ച് ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്റെ ഭവനത്തില്‍നിന്ന് അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും"(ഹോസി: 9; 15). എന്തായിരുന്നു ഗില്‍ഗാലില്‍വച്ച് സംഭവിച്ചതെന്ന് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ദൈവം അരുതെന്നു കല്പിച്ച അന്യദേവാരാധന ആയിരുന്നുവത്. അതിനാല്‍ യാഹ്‌വെ അരുളിച്ചെയ്തു: "അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്ക് കെണിയാവുകയും ചെയ്യും"(ന്യായാ: 2; 3).
ഒരു വ്യക്തിയുടെ പാപം അവനെ മാത്രമല്ല അവന്റെ ഭവനത്തെയും അവനുമായി ചേര്‍ന്നു നില്‍ക്കുന്ന സമൂഹത്തെയും ബാധിക്കും. ഇതിനെക്കുറിച്ച് ദൈവവചനത്തില്‍ വിവരിക്കുന്ന അനേകം തെളിവുകളില്‍ ചിലതു മാത്രം ഓര്‍മ്മിപ്പിക്കുകയാണ്.
യോഹ്ഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള ഒരു സംഭവം നമുക്ക് ശ്രദ്ധിക്കാം. യിസ്രായേല്‍ജനം യോഹ്ഷ്വായുടെ നേതൃത്വത്തില്‍ വാഗ്ദാനഭൂമി സ്വന്തമാക്കുമ്പോള്‍ യാഹ്‌വെ യിസ്രായേല്‍ ജനത്തോടു ചേര്‍ന്നുനിന്ന് അവര്‍ക്കു വിജയങ്ങള്‍ നേടിക്കൊടുത്തു. എന്നാല്‍ 'ആയ്'പട്ടണത്തില്‍ ദൈവജനത്തിനു തിരിച്ചടി ലഭിച്ചു. ആയ്നിവാസികള്‍ വളരെയധികം യിസ്രായേല്‍ ജനത്തെ കൊന്നൊടുക്കി. ഈ സമയം യാഹ്‌വെ യിസ്രായേല്‍ ജനത്തെ സഹായിച്ചില്ല. കാരണം യാഹ്‌വെയുടെ കല്പനയെ ധിക്കരിച്ചുകൊണ്ട് യിസ്രായേലില്‍ ഒരുവന്‍ പാപം ചെയ്തു. ആഖാന്‍ എന്ന ഒരു വ്യക്തി ചെയ്ത പാപത്തിനു സകലരും ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു ചരിത്രമാണ് ഇവിടെ വിവരിക്കപ്പെടുന്നത്.
ഇക്കാര്യത്തെക്കുറിച്ച് യോഹ്ഷ്വായോട് ദൈവം പറയുന്നത് ഇപ്രകാരമാണ്: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവര്‍ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വാ: 7; 11, 12). ആഖാന്‍ ചെയ്തത് കൊള്ളവസ്തുക്കളുടെകൂടെ ഷീനാറില്‍നിന്നുള്ള അതിവിശിഷ്ടമായ ഒരു മേലങ്കിയും ഇരുന്നൂറു ഷെക്കല്‍ വെള്ളിയും അമ്പതു ഷെക്കല്‍ തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയും എടുത്തുവെന്നതാണ്. അതുപോലെതന്നെ സോദോം ഗൊമോറ ദേശങ്ങളെ നശിപ്പിക്കുമ്പോള്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങളും ഗര്‍ഭസ്ഥ ശിശുക്കള്‍പോലും നശിപ്പിക്കപ്പെട്ടു എന്നത് വിസ്മരിക്കരുത്. പിതാക്കന്മാരുടെ പാപവും രാജ്യത്തെ ജനതകള്‍ ചെയ്യുന്ന പാപവും നമ്മുടെമേല്‍ ശിക്ഷയായി ഭവിക്കുമെന്ന് ഈ വചന ഭാഗങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ്.
ആദംമുതല്‍ ഇന്നുവരെയുള്ള മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ സത്യം നമുക്കു മനസ്സിലാകും. ആദം പാപത്തില്‍ ആയിരുന്ന കാലഘട്ടത്തില്‍ ജനിപ്പിച്ച കായേന്‍ ആദ്യകൊലയാളിയായി മാറിയപ്പോള്‍, മാനസാന്തരത്തിന്റെ അനുഭവത്തില്‍ വന്നതിനുശേഷം ജനിപ്പിച്ച ആബേല്‍ ദൈവത്തിനു സ്വീകാര്യമായ ബലിയര്‍പ്പിച്ചവനായി! കായേനെന്ന കൊലയാളിയുടെ ഏഴാം തലമുറയില്‍ ജനിച്ച ലാമെക്കും വലിയ കൊലയാളിയായിത്തീര്‍ന്നു. അവന്‍ പറയുന്നതു ശ്രദ്ധിക്കുക; "കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്റെത് എഴുപത്തേഴിരട്ടിയായിരിക്കും"(ഉല്‍പത്തി: 5; 24).
ഇനിയൊരു ചരിത്രംകൂടി നമുക്കു പരിശോധിക്കാം. തന്റെ ഹൃദയത്തിനു ഏറ്റവും ഇണങ്ങിയവന്‍ എന്നു യാഹ്‌വെതന്നെ വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയാണു ദാവീദ്. ഈ ദാവീദു ചെയ്ത പാപം അവനെയും അവന്റെ മക്കളെയും എങ്ങനെയാണു വേട്ടയാടിയതെന്നു കാണുമ്പോള്‍ ഇതിന്റെ ഗൌരവം മനസ്സിലാകും.ദാവീദ് പ്രവര്‍ത്തിച്ച രണ്ടു കടുത്ത അപരാധങ്ങളുണ്ട്.ഒന്ന് 'ഊറിയാഹ്' എന്ന പടയാളിയുടെ ഭാര്യയില്‍ ഭ്രമം തോന്നി അവളെ പ്രാപിക്കുകയും രണ്ടാമതായി ഊറിയാഹിനെ ചതിവില്‍ വധിക്കുകയും ചെയ്ത സംഭവങ്ങള്‍! ദാവീദ് ആഴമായി പശ്ചാത്തപിക്കുകയും നിരന്തരമായി ദൈവത്തോടു നിലവിളിക്കുകയും പരിഹാരബലികള്‍ അര്‍പ്പിക്കുകയും ചെയ്തുവെങ്കിലും ഈ പാപത്തിനു ദാവീദും സന്തതികളും ശാപം അനുഭവിക്കേണ്ടി വന്നു.
നാഥാന്‍ പ്രവാചകനിലൂടെ യാഹ്‌വെ ദാവീദിനോടു പറഞ്ഞു:"അമോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയാഹിനെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു. എന്നെ നിരസിച്ച് ഹിത്യനായ ഊറിയാഹിന്റെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു; നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുമ്പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. ഞാനിതു യിസ്രായേലിന്റെ മുഴുവന്‍ മുമ്പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും"(2 സാമു: 12; 9-12).
കുമ്പസാരക്കൂടിനെ മുമ്പില്‍ കണ്ടുകൊണ്ട് പാപം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ദൈവത്തിന്റെ അനന്തകാരുണ്യത്താല്‍ പശ്ചാത്താപം വഴി യേഹ്ശുവായുടെ രക്തത്താല്‍ പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്നാല്‍, പാപത്തിന്റെ ശാപം നമ്മെ വേട്ടയാടുകതന്നെ ചെയ്യും. ദാവീദ് തന്റെ പാപത്തെക്കുറിച്ച് അനുതപിക്കുകയും ജീവിതകാലം മുഴുവന്‍ ചാക്കുടുത്ത് ചാരത്തില്‍ കിടന്നുരുളുകയും ചെയ്തു. അപ്പോള്‍ നാഥാന്‍ പ്രവാചകന്‍ പറഞ്ഞു: "യാഹ്‌വെ നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവര്‍ത്തികൊണ്ടു നീ യാഹ്‌വെയെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും"(2 സാമു: 12; 13, 14). പിന്നീടുള്ള വചനഭാഗത്ത് ഊറിയാഹിന്റെ ഭാര്യയില്‍ ജനിച്ച ആദ്യത്തെ കുഞ്ഞിന്റെ മരണം വായിക്കുന്നുണ്ട്. പിന്നീട് ദാവീദിനു നേരിടേണ്ടിവന്ന ദാരുണമായ ദുരന്തം ചുരുക്കത്തില്‍ സൂചിപ്പിക്കാം.
ദാവീദിന്റെ മകന്‍ അമ്നോന്‍ ദാവീദിന്റെതന്നെ പുത്രിയായ താമാറിനെ ബലാത്ക്കാരമായി പ്രാപിക്കുന്നു. പിന്നീട് ദാവീദിന്റെ മറ്റൊരു പുത്രനായ അബ്സലോം അമ്നോനെ ചതിവില്‍ വധിച്ചു. വ്യഭിചാരത്തിനും കൊലപാതകത്തിനും ജീവിതകാലത്തുതന്നെ ദാവീദിനു പ്രഹരമേല്‍ക്കേണ്ടി വന്നു. അബ്സലോം എന്ന പുത്രന്‍ സൈനീക വിപ്ലവത്തിലൂടെ ഭരണം പിടിച്ചടക്കുമെന്ന സാഹചര്യം വന്നപ്പോള്‍ ദാവീദ് പ്രാണരക്ഷയ്ക്കായി കൊട്ടാരം ഉപേക്ഷിച്ച് കുടുംബസമേതം ഓടി രക്ഷപ്പെടുന്നതും ചരിത്രത്തിലുണ്ട്. നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കുമെന്ന യാഹ്‌വെയുടെ വാക്ക് നിറവേറി!
അന്യന്റെ ഭാര്യയുമായി വ്യഭിചാരത്തില്‍ ജീവിച്ചിട്ട് ആര്‍ക്കും നിര്‍ദ്ദോഷനായിരിക്കാന്‍ കഴിയുകയില്ല. ആ ഭര്‍ത്താവും ദൈവത്തിന്റെ നീതി ലഭിക്കാന്‍ അവകാശമുള്ളവനാണ്. ഒരുപക്ഷെ ആരും അറിയുന്നില്ലെന്നു കരുതുന്നുവെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ലെന്നു മറക്കരുത്. നീതി നിഷേധിക്കപ്പെടുന്നവനു നീതി നടത്തിക്കൊടുക്കുന്ന ദൈവമാണ് യാഹ്‌വെ! ദാവീദിന്റെയും ഊറിയാഹിന്റെയും ചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
പൂര്‍വ്വപിതാവായ യാക്കോബിന്റെ മക്കള്‍ തങ്ങളുടെ സഹോദരനായ യോസെഫിനെ ഈജിപ്തുകാര്‍ക്ക് അടിമയായി വിറ്റെങ്കില്‍ അവരുടെ തലമുറ ഈജിപ്തിലെ അടിമകളായി ഇഷ്ടികച്ചൂളയില്‍ പീഢിപ്പിക്കപ്പെട്ടു. യാക്കോബ് തന്റെ സഹോദരന്‍ യേസാവിനേയും പിതാവ് യിസഹാക്കിനെയും വഞ്ചിച്ചു. ഇതിന്റെ തനിയാവര്‍ത്തനമായി പത്തു മക്കള്‍ ചേര്‍ന്ന് സഹോദരനായ യോസെഫിനെ ചതിക്കുകയും അവന്റെ വസ്ത്രം ആടിന്റെ ചോരയില്‍ മുക്കി പിതാവായ യാക്കോബിനെ കബളിപ്പിക്കുകയും ചെയ്തു. ഇവിടെ ഓര്‍മ്മിക്കേണ്ടതായ ഒരു കാര്യമുണ്ട്. പിതാവിന്റെ അനുഗ്രഹം വാങ്ങാന്‍ ജ്യേഷ്ഠന്റെ വസ്ത്രം ധരിച്ചാണ് യാക്കോബ് എത്തിയത്. പായസം കൊടുത്ത് യേസാവില്‍നിന്ന് ജ്യേഷ്ഠസ്ഥാനം യാക്കോബ് നേടിയപ്പോള്‍, ഈജിപ്തുകാരുടെ ധാന്യത്തിനുവേണ്ടി തലമുറകളെ അവരുടെ അടിമയാകേണ്ടിവന്നു. എത്ര നീതിമാനാണെങ്കില്‍പോലും പാപം ചെയ്താല്‍ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
ദൈവത്തിന്റെ രക്ഷാകരമായ അനന്തസ്നേഹത്തെ പാപം ചെയ്യാനുള്ള 'ലൈസന്‍സ്' ആയി കരുതുന്നവര്‍ ഓര്‍ത്തിരിക്കുക: "നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടും എന്നറിയുക"(സംഖ്യ: 32; 23). നീതി എല്ലാവര്‍ക്കും തുല്യമായി ലഭിക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പിടിച്ചു വച്ചുകൊണ്ട് പാപമോചനബലികള്‍ എത്രതന്നെ അര്‍പ്പിച്ചാലും പാപമോ ശാപമോ നീങ്ങിപ്പോകുന്നില്ല. ആത്മാര്‍ത്ഥമായ മാനസാന്തരമാണ് ഏക പ്രതിവിധി! പാപത്തിന്റെ കാഠിന്യവും ആവര്‍ത്തനവും വര്‍ദ്ധിക്കുമ്പോള്‍ അതില്‍നിന്നുള്ള വിടുതലും പ്രയാസമായിത്തീരും. ഹോസിയാ പ്രവാചകനിലൂടെ ഇതു യാഹ്‌വെ വെളിപ്പെടുത്തി തരുന്നുണ്ട്. "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസി: 5; 4). വ്യഭിചാരം വിഗ്രഹാരാധന മന്ത്രവാദം തുടങ്ങിയ പാപങ്ങളില്‍നിന്നുള്ള വിടുതലിന് വളരെ ബുദ്ധിമുട്ടാണ്. ചില പ്രഹരങ്ങളിലൂടെയല്ലാതെ ഇവയില്‍നിന്നു വിടുതല്‍ പ്രാപിച്ചവര്‍ ചുരുക്കമാണെന്നുള്ളതാണു വസ്തുത! ഇത്തരം പാപത്തിന്റെ ബന്ധങ്ങളില്‍നിന്നുള്ള പരിപൂര്‍ണ്ണമായ വിടുതല്‍ ലഭിക്കുന്നില്ലെങ്കില്‍ ശാപം നീങ്ങിപ്പോകില്ല. വിശുദ്ധനായി പരിഗണിക്കപ്പെടുന്ന അഗസ്റ്റ്യന്‍ വേശ്യകളോടൊപ്പം പാപം ചെയ്തു ജീവിച്ച മനുഷ്യനായിരുന്നു. അദ്ദേഹം പാപകരമായ ബന്ധങ്ങള്‍ പരിപൂര്‍ണ്ണമായി ഉപേക്ഷിക്കുക മാത്രമല്ല, വേശ്യയില്‍ അവിഹിതമായി ജനിച്ച സന്തതിയെപ്പോലും ഉപേക്ഷിച്ചപ്പോള്‍ വിശുദ്ധനായി പരിഗണിക്കപ്പെട്ടു.
കൂടുതല്‍ ലഭിച്ചവനില്‍നിന്നു കൂടുതല്‍ ആവശ്യപ്പെടും!
നിയമവും അറിവും അനുഗ്രഹവും കൂടുതല്‍ ലഭിച്ചിരിക്കുന്നവരില്‍നിന്നു കൂടുതല്‍ വിശുദ്ധിയും ദൈവം ആഗ്രഹിക്കുന്നു. തെറ്റുചെയ്യുന്നവര്‍ ആരുതന്നെയാലും ദൈവത്തിനു മുഖം നോട്ടമില്ല. യാഹ്‌വെ പ്രത്യേകമായി തിരഞ്ഞെടുത്ത ജനതയായിട്ടും യിസ്രായേല്‍ പാപം ചെയ്തപ്പോഴെല്ലാം കഠിനമായി പ്രഹരിക്കപ്പെട്ടത് നാം കണ്ടുകഴിഞ്ഞു. ദൈവം യെഹൂദന്റെയോ ക്രൈസ്തവന്റെയോ മാത്രമല്ല വിജാതിയരുടേതുകൂടിയാണ്. കാരണം, ദൈവം ഏകനാണ്! ദൈവത്തെ ആരാധിക്കുന്നതിനുപകരം സാത്താനെ സേവിക്കുന്ന വിജാതിയരുടെയും ദൈവം യാഹ്‌വെതന്നെയാണ്. അവരതു വിശ്വസിക്കുന്നില്ലെങ്കില്ലും വിധിദിനത്തില്‍ കണക്കു ബോധിപ്പിക്കേണ്ടത് അവര്‍ സേവിച്ച ദേവന്മാര്‍ക്കു മുന്നിലല്ല. ആ ദേവന്മാരും വിധികാത്ത് ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുന്നുണ്ടാകും. അല്പം താമസിച്ചാണെങ്കില്‍പോലും വിജാതിയരുടെമേലും പാപത്തിനുള്ള ശിക്ഷയും ശാപവും വന്നുചേരും. ദൈവത്തെ അറിഞ്ഞില്ല എന്നത് ഒരു ഒഴിവുകഴിവല്ല. അറിയേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ഭൗതികമായ കാര്യങ്ങളില്‍ അറിവു നേടാനും നല്ലതു തിരഞ്ഞെടുക്കാനു മനുഷ്യര്‍ ശ്രദ്ധിക്കാറുണ്ടല്ലോ!? അതിനായി ത്യാഗം സഹിക്കുകയും സമയം കണ്ടെത്തുകയും ചെയ്യുന്നു. ജീവിതത്തില്‍ വരുന്ന പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കും പിന്നിലെ കാരണം അന്വേഷിച്ചു തിരുത്തലുകള്‍ വരുത്താന്‍ ശ്രമിക്കുകയെന്നത് നന്മ ആഗ്രഹിക്കുന്നവരുടെ കര്‍ത്തവ്യമാണ്.
ശാപങ്ങളുടെ പരമ്പര ദൈവവചനത്തിലൂടെ ചിലതു നാം പരിശോധിച്ചു. അതുപോലെതന്നെ വര്‍ത്തമാനകാലത്തെ ചില സംഭവങ്ങള്‍കൂടി നമുക്കു ചിന്തിക്കാം!
ഇതെഴുതുമ്പോള്‍ നൂറുകണക്കിനു ഉദാഹരണങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. എങ്കിലും, ഏവര്‍ക്കും സുപരിചിതമായ ചിലതുതന്നെ അവതരിപ്പിക്കുകയാണ് ഉചിതം. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃവിനെ എല്ലാ വായനക്കാര്‍ക്കും അറിയാം. അദ്ദേഹം ഒരു അജ്ഞേയതാവാദിയായിരുന്നുവെങ്കിലും ശിശുക്കളോട് അതിരറ്റ വാത്സല്യം വച്ചുപുലര്‍ത്തിയിരുന്നതായി ചരിത്രം പഠിപ്പിക്കുന്നുണ്ട്. നെഹൃവിന്റെ പ്രിയപുത്രിയും പിന്നീട് ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രിയുമായി ഇന്ദിരാഗാന്ധി. 1971-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരു നിയമം അവതരിപ്പിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. ഭ്രൂണഹത്യയെ സംബന്ധിക്കുന്നതായിരുന്നു ആ നിയമം. പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥശിശുക്കളെ വധിക്കുവാനുള്ള നിയമം ഇന്ത്യയില്‍ നടപ്പാക്കി. അതുപോലെതന്നെ നിര്‍ബന്ധിത വന്ധ്യംകരണവും കൊണ്ടുവന്നു. രണ്ടു കുട്ടികള്‍ എന്ന നിയമം പൂര്‍ണ്ണമായും നടപ്പാക്കപ്പെട്ടില്ലെങ്കിലും അക്കാലത്ത് ഇന്ദിരയുടെ പുത്രന്‍ സഞ്ജയ്ഗാന്ധി ഇതിനായി കഠിനമായി പ്രവര്‍ത്തിച്ചു.
കുഞ്ഞിനെ സംരക്ഷിക്കേണ്ടതായ അമ്മയുടെ ഉദരം കൊലക്കളമാക്കി മാറ്റാന്‍ നിയമം കൊണ്ടുവന്ന ഭരണാധികാരിയ്ക്കും തലമുറയ്ക്കും സംഭവിച്ചത് സകലര്‍ക്കുമുള്ള ഒരു താക്കീതാണ്! 1984 ഒക്ടോബര്‍ 31-ന്, തന്നെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള അംഗരക്ഷകരാല്‍തന്നെ ഇന്ദിരാഗാന്ധിയെന്ന ഇന്ത്യയുടെ ഉരുക്കുവനിത വധിക്കപ്പെട്ടു. കുഞ്ഞിനെ സംരക്ഷിക്കേണ്ടതായ അടിവയറ് വെടിയുണ്ടകളാല്‍ തകര്‍ക്കപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ സ്ഥിരതയുള്ള ഒരു ഭരണകൂടം ഇന്ത്യയില്‍ ഇല്ലാതായി. ഇന്ദിരാവധം ഒരു സ്വാഭാവിക സംഭവമായി കരുതുന്നുണ്ടെങ്കില്‍ മറ്റുചിലതുകൂടി കാണണം.
ഈ നിയമം നടപ്പാക്കാന്‍ 'അരയുംതലയും' മുറുക്കി പ്രവര്‍ത്തിച്ച സഞ്ജയ്ഗാന്ധിയുടെ അന്ത്യം കാണുവാനുള്ള ദുരവസ്ഥയും ഇന്ധിരയുടെ ജീവിതത്തിലുണ്ടായി. ഗര്‍ഭപാത്രത്തില്‍ എങ്ങനെ കുഞ്ഞുങ്ങള്‍ കൊത്തിനുറുക്കപ്പെടുന്നുവോ അതിനു സമാനമായി ആകാശത്തുവച്ച് സഞ്ജയ്ഗാന്ധിയുടെ ശരീരം ഛിന്നഭിന്നമായത് 1980 ജൂണ്‍ ഇരുപത്തിമൂന്നിനായിരുന്നു. ദുരന്തവും ശാപവും ഇവിടംകൊണ്ട് അവസാനിച്ചില്ല. തികച്ചും സമാനമായ അവസ്ഥയില്‍ 1991 മെയ് മാസം 21-ന്, ശ്രീപെരുമ്പത്തൂരിലെ മനുഷ്യബോംബിനാല്‍ ചിതറിപ്പോയത് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നിഷ്കളങ്ക വ്യക്തിത്വമായ രാജിവ്ഗാന്ധിയായിരുന്നു. അറിവുകേടില്‍ നിന്നാണെങ്കിലും അനീതി നിറഞ്ഞ നിയമങ്ങള്‍ നിര്‍മ്മിച്ച ഒരു ഭരണാധികാരിയുടെ രണ്ടു പുത്രന്മാരു സമാനമായ രീതിയില്‍ മരണപ്പെട്ടു. ഭ്രൂണഹത്യയില്‍ കുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്നതുപോലെ ഇരുവരുടെയും ശരീരങ്ങള്‍ ചിതറപ്പെട്ടപ്പോള്‍ അതിന്റെ പിന്നിലെ താക്കീത് ഗൗനിക്കണം!
മനുഷ്യര്‍ കൂടുതല്‍ അനുകരിക്കാന്‍ സാധ്യതയുള്ള വ്യക്തികള്‍ പാപം ചെയ്യുമ്പോള്‍, അവര്‍ കൂടുതല്‍ ശിക്ഷയനുഭവിക്കേണ്ടിവരും. ആത്മീയ അന്ധത ബാധിച്ച ജനങ്ങള്‍ അവര്‍ക്കുചേര്‍ന്ന ഭരണാധികാരികളെ തിരഞ്ഞെടുത്ത് ദൈവത്തിനെതിരായ നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതുമൂലം രാജ്യത്തേക്ക് ശാപം കൊണ്ടുവരുന്നു. അങ്ങനെ സമാധാനവും കുടുംബ ബന്ധങ്ങളും തകര്‍ന്നടിഞ്ഞ അവസ്ഥ യൂറോപ്യന്‍ രാജ്യങ്ങളെ ഗ്രസിച്ചുകഴിഞ്ഞു. ദൈവം അരുതെന്നു കല്പിച്ച പാപങ്ങള്‍ നിയമത്തിന്റെ പിന്‍ബലത്തോടെ നടപ്പാക്കുന്നതിന്റെ തെളിവുകളാണ് സ്വവര്‍ഗ്ഗവിവാഹവും ഭ്രൂണഹത്യയുമെല്ലാം. കൂടെക്കൂടെ പാപം ചെയ്ത് മണ്ണു ശപിക്കപ്പെട്ടതായിത്തീരുമെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പാപം ചെയ്യുന്ന സ്ഥലത്ത് പാപത്തിന്‍റെ അശുദ്ധിയും ശാപവും നിലനില്‍ക്കുന്നുണ്ട്. ഒടുവില്‍ ഈ ഭൂമിതന്നെ അതിലെ നിവാസികളെ ബഹിഷ്കരിക്കും.
നമ്മള്‍ പാപം ചെയ്യുന്നില്ലെന്നു സമാധാനിക്കുന്നതില്‍ അര്‍ത്ഥമില്ല. നിഷ്കളങ്ക രക്തം ചിന്തുകയും വ്യഭിചാര ശാലകള്‍ നടത്തി, വ്യഭിചാര ദുര്‍ഭൂതങ്ങളെ വളര്‍ത്തുകയും ചെയ്ത് മണ്ണ് അശുദ്ധമാകുമ്പോള്‍ ഭൂവാസികള്‍ ഒന്നടങ്കം അതിന്റെ പ്രത്യാഘാതം സഹിക്കേണ്ടിവരും. പരിസ്ഥിതിക്കു പ്രശ്നമുണ്ടാകുന്ന പ്രവൃത്തി ചെയ്യുന്നവന്‍ മാത്രമല്ലല്ലോ അതിന്റെ ദുരന്തങ്ങള്‍ സഹിക്കേണ്ടിവരുന്നത്! സുനാമിയും പ്രളയവും ഭൂകമ്പവുമെല്ലാം യാഹ്‌വെയുടെ പ്രതികരണമാണ്. "യാഹ്‌വെ ശപഥം ചെയ്യുന്നു; അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല. ഇതു നിമിത്തം ഭൂമി ഇളകിമറിയുകയും ഭൂവാസികള്‍ വിലപിക്കുകയും ചെയ്യുകയില്ലേ? ദേശം മുഴുവന്‍ നൈല്‍പോലെ പതഞ്ഞുപൊങ്ങും; ഈജിപ്തിലെ നൈല്‍പോലെ ഇളകി മറിയും"(ആമോസ്: 8; 8). യിരെമിയാഹ് പ്രവാചകനിലൂടെ പറയുന്നു; "നമ്മുടെ ദൈവമായ യാഹ്‌വെയെ നമുക്കു ഭയപ്പെടാം; അവിടുന്ന് യഥാസമയം മഴപെയ്യിക്കുന്നു; ശരത്കാലവര്‍ഷവും വസന്തകാലവര്‍ഷവും അവിടുന്ന് നല്‍കുന്നു. വിളവെടുപ്പിനുള്ള ആഴ്ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്ന് അവര്‍ കരുതിയില്ല. നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു. എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാര്‍ കടന്നുകൂടി, വേടന്മാരെപ്പോലെ പതിയിരിക്കുന്നു"(യിരെമിയാഹ്: 5; 24-26). യേശയ്യാഹിലൂടെ എന്താണു പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കാം; "യാഹ്‌വെയുടെതാണ് ഈ വചനം. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു"(യേശയ്യാഹ്: 24; 4-6).
ശാപത്തില്‍നിന്നു വിടുതല്‍ പ്രാപിച്ചവര്‍!
കൊടിയ പാപികളുടെ സന്തതിയായി ജനിച്ചിട്ടും നിയമാനുഷ്ഠാനത്തിലൂടെ ശാപങ്ങളില്‍നിന്നു വിടുതല്‍ നേടിയ വ്യക്തികളെ വചനം പരിചയപ്പെടുത്തുന്നുണ്ട്. യേഹ്ശുവായ്ക്കുമുമ്പ് നിയമത്തിന്റെ അനുഷ്ഠാനം മാത്രമായിരുന്നു ശാപത്തില്‍നിന്നുള്ള മോചനത്തിനുള്ള ഉപാധി. അങ്ങനെ ദൈവം നല്‍കിയ നിയമത്തെ വിശ്വാസത്തോടെ അനുസരിച്ചുകൊണ്ട് നീതീകരിക്കപ്പെട്ട വ്യക്തികളുണ്ട്. അബ്രാഹവും യിസഹാക്കും യാക്കോബും വിശ്വാസം വഴി നീതീകരിക്കപ്പെട്ടു. അന്ന് നിയമം നല്‍കപ്പെട്ടിരുന്നില്ല. മോശയിലൂടെ നിയമം ലഭിച്ചതിനുശേഷം നിയമാനുഷ്ഠാനം ആവശ്യമായിത്തീര്‍ന്നു. യേഹ്ശുവാ വരെ ഇതു തുടര്‍ന്നു. എന്നാല്‍, മനുഷ്യവംശത്തിന്റെ മുഴുവന്‍ പാപങ്ങളും ശാപങ്ങളും അന്നുവരെ പൂര്‍ണ്ണമായി നീങ്ങിയിട്ടില്ലായിരുന്നു. മനുഷ്യന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ദൈവം ഈ ഭൂമിയിലേക്കു മനുഷ്യനായി കടന്നുവരികയും കുരിശില്‍ മരിക്കുകയും ചെയ്തപ്പോള്‍ ശാപവും പാപവും അവന്റെ രക്തംവഴി അസാധുവായി. എന്നിരുന്നാലും, ഈ രക്ഷ അനുഭവിക്കാന്‍ യോഗ്യത നേടുന്നതു പാപങ്ങളെയും പാപവഴികളെയും ഉപേക്ഷിച്ച് യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിക്കുന്നവര്‍ക്കു മാത്രമാണ്. യേഹ്ശുവായുടെ കുരിശുമരണത്തിനുമുമ്പ് ശാപത്തില്‍നിന്ന് മാറി ജീവിച്ചവരെ നമുക്കു നോക്കാം.
ഊറിയാഹിന്റെ കാര്യത്തിലൊഴികെ യാഹ്‌വെ കല്പിച്ച യാതൊന്നിലും വ്യതിചലിക്കാതെ ആയുഷ്കാലം മുഴുവന്‍ നീതിയില്‍ ജീവിച്ച ദാവീദിനെപ്പോലെ ആയിരുന്നില്ല അവന്റെ പിന്‍ഗാമികള്‍! ശലോമോന്‍ വാര്‍ദ്ധക്യത്തില്‍ വിഗ്രഹാരാധകനായി മാറി. യാഹ്‌വെയുടെ കല്പനയ്ക്കു വിരുദ്ധമായി വിജാതിയ സ്ത്രീകളെ വിവാഹം കഴിച്ചതിലൂടെയായിരുന്നു അവന്‍ അങ്ങനെ ആയിത്തീര്‍ന്നത്. ശലോമോന്റെ പുത്രന്‍ രെഹോബോവാം യെഹൂദായില്‍ ഭരണമേല്‍ക്കുകയും നാട്ടിലെങ്ങും വിഗ്രഹങ്ങള്‍കൊണ്ടു നിറയ്ക്കുകയും ചെയ്തു. ദേവപ്രീതിക്കുവേണ്ടിയുള്ള ആണ്‍വേശ്യാസമ്പ്രദായം അവന്‍ രാജ്യത്തു നടപ്പാക്കി. ഈ തിന്മകള്‍ എല്ലാം തുടര്‍ന്ന പുത്രനായ അബിയാം ആയിരുന്നു അവനുശേഷം യെഹൂദായില്‍ ഭരണമേറ്റത്.
ഇത്രയധികം തിന്മകളില്‍ വ്യാപരിച്ചവനായിട്ടും അവനു ജനിച്ച പുത്രന്‍ അങ്ങനെ ആയിരുന്നില്ല. അബിയാമിന്റെ പുത്രനായ ആസാ യെഹൂദായില്‍ നാല്പത്തൊന്നു കൊല്ലം നീതിയോടെ ഭരിച്ചു. അവനെക്കുറിച്ച് വചനം പറയുന്നതിങ്ങനെയാണ്; "ആസാ പിതാവായ ദാവീദിനെപ്പോലെ യാഹ്‌വെയുടെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു. അവന്‍ നാട്ടില്‍ ദേവപ്രീതിക്കായുള്ള ആണ്‍വേശ്യാസമ്പ്രദായം ഉച്ചാടനം ചെയ്തു. പിതാക്കന്മാര്‍ നിര്‍മ്മിച്ച എല്ലാവിഗ്രഹങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്തു. പിതാമഹിയായ മാഖാ അഷേരായ്ക്കു മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി"(1 രാജാ: 15; 11-13). ഇതു ശ്രദ്ധിക്കപ്പെടേണ്ടതായ കാര്യമാണ്. പിതാക്കന്മാരുടെ തെറ്റായ ചെയ്തികളെ തള്ളിപ്പറയുകയും അവ നീക്കം ചെയ്യുകയുമാണ് ആസാ ചെയ്തത്. പിതാമഹി(പിതാവിന്റെ അമ്മ) ആയിരുന്നിട്ടുപോലും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചുവെന്നു കണ്ടപ്പോള്‍ അമ്മറാണി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പൂര്‍വ്വീക ശാപത്തില്‍നിന്നുള്ള വിടുതലിന് ഇക്കാര്യങ്ങളെല്ലാം അത്യാവശ്യമാണ്.
ദാവീദിനുശേഷം നാലാം തലമുറയിലാണ് നീതിമാനായ ഭരണകര്‍ത്താവായി ആസാരാജാവ് യെഹൂദാ ഭരിക്കുന്നതെങ്കില്‍, ആസായ്ക്കുശേഷം ആറാമത്തെ തലമുറയിലാണ് പിന്നീടൊരു നീതിമാനായ ഭരണാധികാരി യെഹൂദായില്‍ അധികാരം കൈയ്യാളുന്നത്. പിതാക്കന്മാര്‍ നിര്‍മ്മിച്ച സകല വിഗ്രഹങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ത്തുകൊണ്ട് നീതി നടപ്പാക്കുകയും ദൈവത്തിന്റെ പ്രീതി നേടുകയും ചെയ്ത ഈ ഭരണാധികാരി 'ഹെസക്കിയാഹ്' ആയിരുന്നു.
ആഗ്നേയ സര്‍പ്പങ്ങളുടെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷനേടുവാനായി യാഹ്‌വെയുടെ കല്പനയനുസരിച്ച് മോശ നിര്‍മ്മിച്ച പിച്ചള സര്‍പ്പത്തെ ആരാധിക്കാന്‍ യിസ്രായേല്‍ തുടങ്ങിയിരുന്നു. നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഈ പിച്ചള സര്‍പ്പത്തിന്റെ മുമ്പില്‍ യിസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ ഹെസക്കിയാ രാജാവ് അതു തകര്‍ത്തുകളഞ്ഞു. ദൈവത്തിനു കൊടുക്കേണ്ടതായ മഹത്വം വിഗ്രഹങ്ങള്‍ക്കു കൊടുക്കുമ്പോള്‍ നിര്‍മ്മിച്ചത് ആരെന്നു നോക്കാതെ അതിനെ നശിപ്പിക്കുകയെന്ന നിയമം യാഹ്‌വെയ്ക്കു സ്വീകാര്യമാണെന്നു ഹെസക്കിയായെക്കുറിച്ച് പറയുന്ന വചനത്തിലൂടെ വ്യക്തമാകും. "മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യെഹൂദാരാജാക്കന്മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല. അവന്‍ യാഹ്‌വെയോട് ഒട്ടിനിന്നു"(2 രാജാ: 18; 5, 6).
മുന്‍കാലങ്ങളില്‍ വിശ്വാസങ്ങളുടെ പേരില്‍ നന്മയ്ക്കായി ശ്രേഷഠന്മാര്‍ അനുവദിച്ച പല ആചാരങ്ങളും വിഗ്രഹാരാധനയായി മാറിയിട്ടുണ്ടെങ്കില്‍ ആരു കൊണ്ടുവന്നതാണെങ്കിലും നശിപ്പിക്കണം എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. മോശയേക്കാള്‍ വലിയ ശ്രേഷ്ഠന്മാര്‍ ഏതായാലും ഇല്ലല്ലോ! അഹറോന്‍ നിര്‍മ്മിച്ചുകൊടുത്ത കാളക്കുട്ടിയെ ആരാധിച്ചതുമൂലം ജനത്തിന്റെമേല്‍ ദൈവത്തിന്റെ കോപം ജ്വലിച്ചു! അഹറോനാണ് നിര്‍മ്മിച്ചതെന്ന കാരണത്താല്‍, വിഗ്രഹാരാധനയെ ദൈവം അംഗീകരിക്കുന്നില്ല!
എന്നാല്‍, ഹെസക്കിയായ്ക്കുശേഷം വന്ന മനാസ്സെ പിതാവിനെ അനുകരിച്ചില്ല. പകരം പിതാവ് നീക്കിക്കളഞ്ഞ സകല അനാചാരങ്ങളും പുനഃസ്ഥാപിച്ചു. ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. യെരുശലെം ദൈവാലയത്തില്‍പോലും ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ പണിതു. തന്റെ പുത്രനെ ബലിയര്‍പ്പിക്കുകയും ഭാവിഫലപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയും ചെയ്തു.(2 രാജാ: 21; 4, 5) യെഹൂദായെക്കൊണ്ടു തിന്മ ചെയ്യിച്ചതിനു പുറമെ മനാസ്സെ നിഷ്കളങ്ക രക്തംകൊണ്ട് യെരുശലെമിനെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നിറയ്ക്കുകയും ചെയ്തു.(2 രാജാ: 21; 16)
പൂര്‍ണ്ണമായി ദൈവത്തോടു ചേര്‍ന്നുനിന്ന ഒരു രാജാവുകൂടി യെഹൂദായുടെ ചരിത്രത്തിലുണ്ട്. ഹെസക്കിയാ രാജാവിനുശേഷം മൂന്നാമത്തെ തലമുറയില്‍ ജനിച്ച യോസിയാഹ് ആയിരുന്നു അത്. എട്ടുവയസ്സു മാത്രം പ്രായമുള്ളപ്പോള്‍ യെഹൂദാ രാജാവായി അവന്‍ അഭിഷേകം ചെയ്യപ്പെട്ടു. നിയമഗ്രന്ഥം കണ്ടെടുക്കുകയും ദൈവത്തെ ധിക്കരിച്ചാല്‍ വരാന്‍പോകുന്ന ദുരന്തങ്ങളും അറിഞ്ഞ് പശ്ചാത്തപിക്കുകയും വസ്ത്രം കീറുകയും ദൈവസന്നിധിയില്‍ നിലവിളിക്കുകയും ചെയ്തു. അതിനാല്‍ ദൈവം അവനോടു കരുണകാണിച്ചു.
പൂര്‍വ്വീകര്‍ നിര്‍മ്മിച്ച എല്ലാ വിഗ്രഹങ്ങളും അനാചാരങ്ങളും തുടച്ചുമാറ്റിയ രാജാവായിരുന്നു യോസിയാഹ്. പുരുഷവേശ്യാ സമ്പ്രദായവും അതില്‍പ്പെടും! ഹെസക്കിയാ രാജാവിനെപ്പോലെ വിശ്വസ്തനായ ആരും അവനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, യോസിയാ രാജാവിനെക്കുറിച്ച് വചനം പറയുന്നതിങ്ങനെയാണ്; "മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ യാഹ്‌വെയെ പിന്‍ചെന്ന മറ്റൊരു രാജാവു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല"(2 രാജാ: 23; 25). രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകങ്ങളും, ഒന്നും രണ്ടും ദിനവൃത്താന്തങ്ങളിലും യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രം പരിശോധിക്കാവുന്നതാണ്.
എന്തിനാണ് പൂര്‍വ്വീക ശാപങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ ഈ ചരിത്രങ്ങള്‍ അന്വേഷിക്കുന്നതെന്ന ഒരു ചോദ്യമുയരാം! ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്. നീതിമാന്മാരായി ദൈവത്തിന്റെ മുന്‍പില്‍ വര്‍ത്തിച്ച ചില രാജാക്കന്മാരുടെ സന്തതികള്‍ തിന്മയുടെ പൂര്‍ണ്ണരൂപമായി കാണുന്നു. അതുപോലെതന്നെ തിന്മയില്‍ പൂണ്ടു കിടന്ന ചിലര്‍ക്കു നീതിമാന്മാരായ സന്തതികള്‍ പിന്‍ഗാമികളായി ഉണ്ടാകുന്നതും കാണാം! പിതാക്കന്മാരുടെ പാപവും അല്ലെങ്കില്‍ നീതിയും എന്തുകൊണ്ട് മക്കളെ ബാധിക്കുന്നില്ല?! യെസെക്കിയേലിലൂടെ ദൈവം നല്‍കിയ അറിയിപ്പും മോശയിലൂടെ ദൈവം നല്‍കിയ അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും വാഗ്ദാനങ്ങളും താക്കീതുകളും ഇവിടെ പ്രസക്തമാണ്.
ഇതിനെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായ വിവരണം ആവശ്യമാണ്. ചെറിയ രീതിയിലുള്ള ഒരു വ്യാഖ്യാനം നമുക്കു ശ്രദ്ധിക്കാം!
അനുസരിച്ചാല്‍ ആയിരം തലമുറ അനുഗ്രഹവും; എതിര്‍ത്താല്‍ ഏഴു തലമുറ ശിക്ഷയും!
മോശ യിസ്രായേല്‍ ജനത്തോടു പറഞ്ഞു; "ഇന്നേദിവസം നിങ്ങളുടെ മുമ്പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിച്ചാല്‍ ആനുഗ്രഹം; നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്പിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരുടെ പുറകെപോയാല്‍ ശാപം"(നിയമം: 11; 26-28).
സര്‍വ്വശക്തനായ ദൈവം മോശയ്ക്ക് നല്‍കിയ പത്തുപ്രമാണങ്ങളില്‍ വ്യക്തമായി എഴുതിയിരിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക! വിഗ്രഹാരാധന അരുതെന്നു കല്പിക്കുമ്പോള്‍ അതിനോടു ചേര്‍ത്തു പറയുന്ന കാര്യമാണിത്; "എന്തെന്നാല്‍, ഞാന്‍ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറ: 20; 5, 6). ഇതുതന്നെ മുപ്പത്തിനാലാം അദ്ധ്യായത്തില്‍ എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക: "യാഹ്‌വെ കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോടു കരുണ കാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെ നേരെ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍"(പുറ: 34; 6, 7). നിയമാവര്‍ത്തനം 5; 9, 10 -ല്‍ ഇതു വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്.
ദൈവത്തിന്റെ നാവില്‍നിന്നു നേരിട്ടു കേട്ട വചനമാണു മോശ നമ്മെ അറിയിക്കുന്നത്. ഇത്രയും വ്യക്തമായി ദൈവം ഇക്കാര്യം അറിയിച്ചിട്ടും, സുവിശേഷ പ്രഘോഷകര്‍ എന്നു പറയപ്പെടുന്നവര്‍പോലും ഇതിനെതിരായ സന്ദേശം നല്‍കുമ്പോള്‍, പിന്നിലുള്ള ശക്തിയെ തിരിച്ചറിയണം. തലമുറകളെ നശിപ്പിച്ചുകൊണ്ട് ലോകത്ത് സാത്താന്റെ സാമ്രാജ്യം സ്ഥാപിക്കാന്‍ അവന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍!
എന്തുകൊണ്ടാണ് നീതിമാന്മാര്‍ക്ക് പാപികളായ സന്തതികളും, പാപികള്‍ക്ക് നീതിമാന്മാരായ സന്തതികളും ജനിക്കുന്നുവെന്ന ചോദ്യത്തിന് ഇനി ഉത്തരം കണ്ടെത്താം!
ജനിതകശാസ്ത്രത്തിന്റെ പിതാവായ 'ഗ്രിഗര്‍ മെന്‍ഡലി'ന്റെ സിദ്ധാന്തംകൂടി പരിഗണിച്ചാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. 1866-ല്‍ പ്രസിദ്ധീകരിച്ച സസ്യവര്‍ഗ്ഗസങ്കരണ പരീക്ഷണങ്ങളില്‍, പയര്‍ ചെടികളില്‍ നടത്തിയ പരീക്ഷണങ്ങളെ കുറിക്കുന്നുണ്ട്. നമുക്കാവശ്യമായ ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നത് നന്നായിരിക്കും! പൊക്കം കുറഞ്ഞ ചെടിയുടെ വിത്തും പൊക്കം കൂടിയ ചെടിയുടെ വിത്തും 'ക്രോസ്' ചെയ്തും, രണ്ടു പൊക്കം കുറഞ്ഞവ തമ്മില്‍ 'ക്രോസ്' ചെയ്തും, രണ്ടു പൊക്കം കൂടിയവ തമ്മില്‍ സങ്കലനം ചെയ്തും നടത്തിയ വ്യത്യസ്ഥങ്ങളായ പരീക്ഷണങ്ങളില്‍ കണ്ടെത്തിയ ചില സത്യങ്ങളുണ്ട്. മാതാപിതാക്കളുടെ സ്വഭാവരീതികള്‍ ആദ്യ തലമുറയില്‍ ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ അതിനുശേഷമുള്ള തലമുറകളിലോ ആകാം ഇവരുടെ സ്വഭാവരീതികളില്‍ ജന്മങ്ങളുണ്ടാകുന്നത്. ഈ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയല്ല നമ്മുടെ ലക്ഷ്യമെന്നതിനാല്‍ നമുക്കു വിഷയത്തിലേക്കു തിരിച്ചുവരാം.
നമ്മുടെ പൂര്‍വ്വപിതാക്കാന്മാര്‍ തലമുറകളായി അനീതി പ്രവര്‍ത്തിച്ചവരാണെങ്കിലും നമ്മള്‍ ആ വഴികളെ ഉപേക്ഷിച്ച് ഇടംവലം തിരിയാതെ ദൈവപ്രമാണങ്ങള്‍ പാലിക്കുന്നവരായാല്‍, യെസെക്കിയേല്‍ പ്രവാചകനിലൂടെ നല്‍കിയ വാഗ്ദാനം നിറവേറും. മറിച്ച് പൂര്‍വ്വീകരുടെ നിലപാടിനെ അനുകരിച്ച് തിന്മയില്‍ വ്യാപരിച്ചാല്‍ നമുക്കുശേഷം ഏഴുതലമുറയിലേക്ക് ഇതിന്റെ സ്വാധീനം നിലനില്‍ക്കും. പയര്‍ ചെടികളുടെ പഠനത്തിലൂടെ തലമുറകളിലേക്ക് വ്യാപിക്കുന്ന സ്വഭാവരീതികള്‍ ശാസ്ത്രം കണ്ടെത്തിയപ്പോള്‍, ഇതു മുന്‍പേ ഉണ്ടായിരുന്നതും, ദൈവം വചനത്തിലൂടെ അറിയിച്ചിട്ടുണ്ടെന്ന സത്യം ആരും മനസ്സിലാക്കിയില്ല. ഒന്നരനൂറ്റാണ്ടുകള്‍ക്ക് ഇപ്പുറമാണ് ശാസ്ത്രത്തിനു സ്ഥിരീകരണം ലഭിച്ചതെന്നു മാത്രം! ഇവിടെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്വഭാവരീതികള്‍ തൊട്ടടുത്ത തലമുറയില്‍ പ്രത്യക്ഷപ്പെടാതെ മറ്റേതെങ്കിലും തലമുറകളില്‍ ഉണരുന്നു.
ചില നീതിമാന്മാര്‍ക്കു പാപികളായ മക്കള്‍ ജനിക്കുന്നതും, കൊടുംപാപികള്‍ക്ക് നീതിയുള്ളവരെ സന്തതികളായി ലഭിക്കുന്നതും ഇങ്ങനെയാണ്. അനുഗ്രഹം ആയിരം തലമുറയ്ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് ഓര്‍ക്കണം. ഈ അനുഗ്രഹങ്ങള്‍ ചില പാപികളില്‍ ഉറങ്ങിക്കിടക്കുകയും കല്പനകള്‍ അനുസരിച്ച് ദൈവത്തോടു ചേര്‍ന്നുനില്‍ക്കാന്‍ ഒരുങ്ങുന്ന തലമുറയ്ക്ക് അവകാശമായി ലഭിക്കുകയും ചെയ്യുന്നു. നീതിയില്‍ ചരിക്കുന്ന ഈ തലമുറയില്‍ തന്നെയും മുന്‍ തലമുറയിലെ പാപസ്വാധീനമുണ്ട്. എന്നാല്‍, ഇവര്‍ അതിനെ വളര്‍ത്താതെ നീതിക്കുവേണ്ടി തങ്ങളിലുള്ള പാപത്തിന്റെയും ശാപത്തിന്റെയും സ്വാധീനത്തോടു പോരാടി വിജയംവരിക്കുന്നു. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്; "ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഇരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്"(റോമാ: 7; 19, 20). നീതി പ്രവര്‍ത്തിക്കുന്നവരില്‍ തന്നെയും പൂര്‍വ്വീകരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാപം വസിക്കുന്നുവെന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. ഈ പാപസ്വാധീനം വളരുവാന്‍ പാകതയുള്ള മറ്റൊരു തലമുറയില്‍ ശക്തിപ്രാപിക്കാം. പാപത്തിനെതിരെ പടവെട്ടാന്‍ വൈമനസ്സ്യം കാണിക്കുന്ന സന്തതികള്‍ ഏഴുതലമുറയില്‍ ഏതെങ്കിലും ഒന്നിലുണ്ടായാല്‍ നമ്മുടെ പാപം ഏഴിരട്ടിയായി അവര്‍ ചെയ്യും!
ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ട ഈ കാര്യങ്ങള്‍ക്കുള്ള പരിഹാരം ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍, ആദം പാപം ചെയ്തപ്പോള്‍തന്നെ ഇതിനുള്ള പരിഹാരവും ദൈവം നിശ്ചയിച്ചു കഴിഞ്ഞു. കല്പനകളും ചട്ടങ്ങളും അനുസരിക്കുകവഴി ഭാഗീകമായി ഇതിനെ അതിജീവിക്കുവാന്‍ മനുഷ്യനു സാദ്ധ്യമാക്കിയ ദൈവം കാലത്തിന്റെയും സമയത്തിന്റെയും പൂര്‍ത്തീകരണത്തില്‍ അതു പൂര്‍ണ്ണമാക്കി. മാനവരാശിയുടെ സമ്പൂര്‍ണ്ണ വിടുതലിനായി ദൈവമൊരുക്കിയ പരിഹാരമാണ് യേഹ്ശുവായുടെ തിരുരക്തം! ഈ രക്ഷയും വിടുതലും സ്വന്തമാക്കാന്‍ മനുഷ്യന്‍ എന്തു ചെയ്യണം?
സകല ജനത്തിനും വേണ്ടിയുള്ള രക്ഷയുടെ സദ്വാര്‍ത്ത!
"ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, രക്ഷകനായ മ്ശിഹാ ഇന്നു ജനിച്ചിരിക്കുന്നു"(ലൂക്കാ: 2; 10, 11). ഈ ലോകത്തേക്കു പാപം കടന്നുവന്ന ചരിത്രത്തില്‍നിന്ന് ആരംഭിക്കാം. ആദ്യ മനുഷ്യനായ ആദത്തെയും അവന്റെ ഭാര്യയേയും പാപത്തിലേക്കു നയിച്ച സര്‍പ്പത്തെ ശപിച്ചുകൊണ്ട് ദൈവം പറഞ്ഞു; "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും"(ഉല്‍പ്പത്തി: 3; 15). ഇവിടെ ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകളും അവരുടെ സന്തതികളും എന്നല്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ സകല ജനങ്ങളുമെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. ഒരു സ്ത്രീയേയും അവളുടെ സന്തതിയേയും മാത്രമാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം! അതാണു മറിയവും മറിയത്തിന്റെ സന്തതിയായ യേഹ്ശുവായും! ഇനി ബൈബിളിലെ അവസാന പുസ്തമായ യോഹന്നാന്റെ വെളിപാടിലേക്കു പോകാം. വെളിപാട് പന്ത്രണ്ടാം അദ്ധ്യായത്തില്‍ 'സ്ത്രീയും ഉഗ്രസര്‍പ്പവും' എന്ന തലക്കെട്ടോടെ ഇതു വിശദ്ദീകരിക്കുന്നുണ്ട്. ഇതില്‍ ഒരു വചനം ഇങ്ങനെയാണ്; "ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു; സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍"(വെളി: 12; 4, 5).
"ആകയാല്‍, യേഹ്ശുവാ മ്ശിഹായാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല"(റോമാ: 10; 9-11). മറ്റൊരിടത്ത് അപ്പസ്തോലന്‍ ഇങ്ങനെ പറയുന്നു: "ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു"(റോമാ: 8; 1, 2).
ഇതു വ്യക്തിപരമായി ഓരോരുത്തര്‍ക്കും ലഭിക്കുന്ന രക്ഷയാണ്. ഒരുവന്‍ വിശ്വസിച്ചാല്‍ അതുവഴിയുള്ള രക്ഷ അവനുള്ളതാണ്. ഇത് അവന്‍ മറ്റുള്ളവരെ അറിയിക്കുകയും അതുവഴി അവര്‍ സ്വീകരിക്കുകയും ചെയ്താല്‍ അവരും രക്ഷപ്രാപിക്കും. ഞാന്‍ സ്വീകരിക്കുന്ന ഈ രക്ഷ തള്ളാനും കൊള്ളാനും എന്റെ മക്കള്‍ക്കു കഴിയും. അവര്‍ ഈ രക്ഷയെ എപ്രകാരം സമീപിക്കുന്നുവോ അതുപോലെയായിരിക്കും അവരുടെ വിധി! ഒരുകാലത്ത് ആത്മീയതയുടെ ഉന്നതിയില്‍ നിലകൊണ്ടിരുന്ന യൂറോപ്പിലെ വിശ്വാസികളുടെ തലമുറയിന്ന് മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ജീവിതരീതിയിലേക്ക് അധഃപതിച്ചത് രക്ഷയില്‍നിന്നു വഴുതി മാറിയപ്പോഴാണ്! യൂറോപ്പിനെ ഉദാഹരിച്ചുവെങ്കിലും രക്ഷയെ തള്ളിക്കളയുന്ന സകലര്‍ക്കും വന്നുഭവിക്കുന്ന ദുരന്തമാണിത്. ഒരു പ്രഭാതത്തില്‍ സംഭവിച്ച കാര്യമല്ലിത്. ചെറിയ അവഗണനകളിലൂടെ കാലക്രമത്തില്‍ ഉഗ്രരൂപം പൂണ്ട ഭീകര വിപത്താണിത്. അതിനാല്‍ വിശ്വാസത്തിനു വിരുദ്ധമായ ആശയങ്ങള്‍ വലിയ ദുരന്തമായി ആദ്യമൊന്നും തോന്നിയില്ലെങ്കില്‍പോലും അതു തകര്‍ച്ചകളിലേക്കുള്ള ആദ്യപടിയാകാം!
ഏതവസ്ഥയിലാണെങ്കിലും സമ്പൂര്‍ണ്ണ വിമോചനത്തിനായി ഒരേയൊരു വഴി മാത്രമെ ദൈവം നിശ്ചയിച്ചിട്ടുള്ളു. അതു തന്റെ പുത്രനിലൂടെയുള്ള രക്ഷയാണ്. "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). യോഹന്നാന്റെ സുവിശേഷത്തിലൂടെ നാം ഈ സത്യം വ്യക്തമായി അറിയുന്നുണ്ട്. "എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷക്കു വിധിക്കപ്പെട്ടിരിക്കുന്നു"(യോഹ: 3; 16-18).
യേഹ്ശുവാ നമുക്കുവേണ്ടി മറുവില നല്‍കി നമ്മെ വീണ്ടെടുത്തുവെങ്കിലും നാം മാനസ്സാന്തരപ്പെട്ട് അവനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ മാത്രമാണ് രക്ഷ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത്. പന്തക്കുസ്താ ദിവസം അപ്പസ്തോലനായ കേപ്പാ പ്രസംഗം കേട്ടവര്‍ അവനോട് രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നതായി വായിക്കുന്നുണ്ട്. അവര്‍ക്ക് കേപ്പാ നല്‍കുന്ന മറുപടി വളരെ ശ്രദ്ധേയമാണ്. അത് ഇപ്രകാരമായിരുന്നു; "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും"(അപ്പ. പ്രവ: 2; 38).
ശാപം ഇല്ലെന്നു പ്രചരിപ്പിക്കുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സുവിശേഷ ഭാഗമുണ്ട്. അത് ഇപ്രകാരമാണ്; ഒരു അന്ധനായ മനുഷ്യനെ യേഹ്ശുവായുടെ അരികില്‍ കൊണ്ടുവന്ന്, ഇവന്‍ അന്ധനായി ജനിച്ചത് ഇവന്റെ പാപമോ ഇവന്റെ മാതാപിതാക്കളുടെ പാപമോ എന്നു ചോദിച്ചു. അപ്പോള്‍ യേഹ്ശുവാ പറഞ്ഞു; ഇവന്‍ അന്ധനായി ജനിച്ചത് ഇവന്റെയോ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ് എന്ന്. ഇവിടെ പാപംമൂലം രോഗമുണ്ടാകില്ലെന്നു യേഹ്ശുവാ പറയുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ അവിടുന്ന് അതു വ്യക്തമാക്കുമായിരുന്നു. പാപിനിയായ സ്ത്രീയോടും മറ്റുചില രോഗികളെ സുഖപ്പെടുത്തുമ്പോഴുമെല്ലാം യേഹ്ശുവാ വ്യക്തമായി ഒരുകാര്യം പറയുന്നുണ്ട്. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത് എന്നാണ് ആ ഉപദേശം!
ആരംഭത്തില്‍ നാം ചിന്തിച്ചതുതന്നെ ഒരിക്കല്‍ കൂടി ഇവിടെ ആവര്‍ത്തിക്കുകയാണ്. നമ്മള്‍ അനീതിയിലൂടെ സമ്പാദിച്ചതോ, പൂര്‍വ്വീകര്‍ അപ്രകാരം നേടിയതോ ആയ സമ്പത്തു കൈവശം വച്ചുകൊണ്ട് ശാപത്തില്‍നിന്നു വിടുതല്‍ വേണമെന്ന ആഗ്രഹം നല്ലതല്ല. യേഹ്ശുവാ ഒരിക്കല്‍ സക്കേവൂസിന്റെ ഭവനത്തില്‍ താമസിക്കണമെന്ന ആഗ്രഹം അവനോടു പറഞ്ഞു. അപ്പോള്‍ സക്കേവൂസ് യേഹ്ശുവായോടു പറയുന്നതും, അവിടുത്തെ മറുപടിയും ശ്രദ്ധിക്കുക; "ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. യേഹ്ശുവാ അവനോടു പറഞ്ഞു; ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു"(ലൂക്കാ: 19; 8, 9). ഭവനത്തിന്‍മേല്‍ വന്നിരിക്കുന്ന ശാപം നീങ്ങിപ്പോകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകരിക്കാനുള്ള മാര്‍ഗ്ഗമാണിത്. യേഹ്ശുവാ മറ്റൊരു സമയത്തും ഭവനം മുഴുവന്‍ രക്ഷ വാഗ്ദാനം ചെയ്യുന്നതായി ബൈബിളില്‍ വിവരിച്ചിട്ടില്ല.
അതുകൊണ്ട് ശാപത്തെക്കുറിച്ച് പലതരം അഭിപ്രായങ്ങള്‍ പറയുന്നവരുണ്ടാകാം. എന്നാല്‍, ശാപഗ്രസ്തമായവയെ ഭവനത്തില്‍നിന്നും ജീവിതത്തില്‍നിന്നും നീക്കിക്കളയുക! ദുര്‍ഗന്ധം പരത്തുന്നവ നീക്കിക്കളയാതെ എത്ര പരിമളദ്രവ്യങ്ങള്‍ ഒഴുക്കിയാലും ദുര്‍ഗന്ധം പൂര്‍ണ്ണമായും മാറിപ്പോവില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-