വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

വിശുദ്ധ കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം!

Print By
about

11 - 05 - 2019

വിശുദ്ധ കുര്‍ബ്ബാന ഒരു കൂദാശയായി പരികര്‍മ്മം ചെയ്യുന്ന വിവിധ ക്രൈസ്തവസഭകള്‍ ഈ ഭൂമുഖത്തുണ്ട്. അതുപോലെതന്നെ, ഈ കൂദാശയെ പരിഹസിക്കുന്ന അനേകം ചെറുസമൂഹങ്ങളും ക്രിസ്തീയതയുടെ പേരില്‍  ലോകത്തു വ്യാപരിക്കുന്നു. 'പരിശുദ്ധ പരമ ദിവ്യകാരുണ്യം' എന്നാണ് വാഴ്ത്തിയ തിരുവോസ്തിയ്ക്ക് കത്തോലിക്കാസഭ നല്‍കുന്ന പരിപാവനമായ വിശേഷണം. ഒരിക്കല്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തിയിലുള്ള യേഹ്ശുവായുടെ സാന്നിദ്ധ്യം നിത്യമാണെന്ന മതബോധനമാണ് കത്തോലിക്കാസഭയില്‍ നിലവിലുള്ളത്. ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ ദിവ്യകാരുണ്യ ആരാധന സഭയില്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം ഇപ്രകാരമാണെങ്കിലും, പൗരസ്ത്യ റീത്തുകള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായമുള്ളത് പരസ്യമായ രഹസ്യമാണ്. വിശുദ്ധ കുര്‍ബ്ബാനയിലുള്ള ക്രിസ്തുസാന്നിദ്ധ്യം താത്ക്കാലികമാണെന്നു വിശ്വസിക്കുന്നവരാണ് പൗരസ്ത്യരില്‍ ഏറെയും! പാശ്ചാത്യ-പൗരസ്ത്യ തര്‍ക്കങ്ങളില്‍ അപ്രധാനമല്ലാത്ത ഈ വിഷയമാണ് മനോവ ഇവിടെ ചര്‍ച്ചചെയ്യുന്നത്.

'പരിശുദ്ധ പരമ ദിവ്യകാരുണ്യം' എന്ന് കത്തോലിക്കാസഭയില്‍ വിശേഷണമുള്ള തിരുവോസ്തിയെ സംബന്ധിച്ച് പഠിക്കാന്‍ തയ്യാറാകുമ്പോള്‍, ആമുഖമായി ചിന്തിക്കേണ്ട പല മേഖലകളുണ്ട്. ആ മേഖലകളിലൂടെയെല്ലാം പഠനാര്‍ത്ഥമോ ഉപരിപഠനാര്‍ത്ഥമോ യാത്രചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പരിശുദ്ധ കുര്‍ബ്ബാനയിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം നിത്യമാണോ താത്ക്കാലികമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ സാധിക്കും. അതിനായി നാം ആദ്യം പരിശോധിക്കേണ്ടത് പരിശുദ്ധ കുര്‍ബ്ബാനയെ സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ പ്രബോധനമാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവത്തിന്റെ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന് ലോകത്തിനു ജീവന്‍ നല്കുന്നതത്രേ"(യോഹ: 6; 33). സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് ലോകത്തിനു ജീവന്‍ നകുന്നത് യേഹ്ശുവായാണ്. അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നതു നോക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാന്‍ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്"(യോഹ: 6; 47-51).

തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവര്‍ക്ക് ജീവന്‍ ലഭിക്കുമെന്നത് യേഹ്ശുവായുടെ വാഗ്ദാനമാണ്. ഇവിടെ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 'ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്' എന്ന് യേഹ്ശുവാ വെളിപ്പെടുത്തലാണ് ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം. എന്തെന്നാല്‍, ശരീരം ഭക്ഷ്യയോഗ്യമാകുന്നത് അതിലെ ജീവന്‍ നഷ്ടപ്പെട്ടു കഴിയുമ്പോഴാണ്. മാത്രവുമല്ല, ജീവനോടെ മാംസം ഭക്ഷിക്കരുത് എന്ന നിയമം ദൈവജനത്തിനുമേല്‍ നിലനില്‍ക്കുന്നുമുണ്ട്. നിയമമിതാണ്: "ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്"(ഉത്പ: 9; 3, 4). ഈ നിയമം നിലനിക്കുന്നതു കൊണ്ടുകൂടിയാണ് യേഹ്ശുവായുടെ പ്രബോധനങ്ങളില്‍ യെഹൂദര്‍ നിയമലംഘനം ആരോപിച്ചത്. യേഹ്ശുവാ നടത്തിയത് നിയമലംഘനത്തിനുള്ള ആഹ്വാനമായിരുന്നുവോ? ഈ ചോദ്യത്തിനു മുമ്പിലാണ് നിയമത്തിന്റെ പൂര്‍ത്തീകരണം യാഥാര്‍ത്ഥ്യമായതിന്റെ നാള്‍വഴികള്‍ പരിശോധിക്കപ്പെടേണ്ടത്.

ജീവനോടുകൂടിയ മാംസം ഭക്ഷിക്കരുത് എന്ന നിയമം ആദ്യമായി നല്‍കപ്പെട്ടത്‌ മോശയിലൂടെയായിരുന്നില്ല. പിന്നെയോ, നോഹുമായി ദൈവം സ്ഥാപിച്ച ഉടമ്പടിയുടെ ഭാഗമായിട്ടാണ് ഈ നിയമം ആദ്യമായി പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍, പിന്നീട് മോശയിലൂടെ ഈ നിയമം സ്ഥിരീകരിച്ചു. ഈ ഉപദേശം ശ്രദ്ധിക്കുക: "ഒന്നു മാത്രം ശ്രദ്ധിക്കുക- രക്തം ഭക്ഷിക്കരുത്; രക്തം ജീവനാണ്; മാംസത്തോടൊപ്പം ജീവനെയും നിങ്ങള്‍ ഭക്ഷിക്കരുത്"(നിയമം: 12; 23).

തന്റെ സന്നിധിയില്‍ നീതിപ്രവര്‍ത്തിച്ച വ്യക്തികളുമായി ഉടമ്പടികളില്‍ ഏര്‍പ്പെടുന്നത് ദൈവമായ യാഹ്‌വെയുടെ ഒരു അടയാളമായിരുന്നു. നീതിമാന്മാരായ ചില വ്യക്തികളുമായി അവിടുന്ന് ഉടമ്പടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ ഉടമ്പടികളില്‍ ഏതെങ്കിലുമൊന്ന്‍ മുന്‍കാല ഉടമ്പടികളെ അസാധുവാക്കുന്നവയായിരുന്നില്ല; മറിച്ച്, പുതുക്കപ്പെടുന്ന ഓരോ ഉടമ്പടികളും പഴയ ഉടമ്പടികളെ ഉറപ്പിക്കുന്നതും, അതിനോടു ചില വാഗ്ദാനങ്ങള്‍ക്കൂടി കൂട്ടിച്ചേര്‍ക്കുന്നതുമായിരുന്നു. ഉടമ്പടികളുടെ രഹസ്യങ്ങളെ സംബന്ധിക്കുന്ന ലേഖനത്തില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നതിനാല്‍, ഈ വിഷയത്തിലേക്ക് ആഴമായി കടക്കുന്നില്ല. മാത്രവുമല്ല, ഉടമ്പടികളെ വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്നു വ്യതിചലിച്ചുപോകും. ആയതിനാല്‍, ഉടമ്പടികളെക്കുറിച്ചു പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളു. ഉടമ്പടികളെ സംബന്ധിച്ച് നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം, ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത് തിരഞ്ഞെടുത്ത ഒരു വ്യക്തിയുമായിട്ടാണെങ്കിലും അവന്റെ എല്ലാ തലമുറയും ഉടമ്പടിയുടെ ഭാഗമായിരിക്കും എന്നതാണ്. അനേകം ജനതകളുടെയിടയില്‍നിന്ന്‍ ഒരുവനെ മാത്രം തിരഞ്ഞെടുത്ത് ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍, മറ്റു ജനതകളാരും ഈ ഉടമ്പടിയുടെ ഭാഗമാകുന്നില്ല. ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ ഭാവിതലമുറകളെല്ലാം ഉടമ്പടിയുടെ ഭാഗമായിരിക്കുന്നതുകൊണ്ട്, അത് വലിയൊരു ജനതയായി മാറുകയെന്നത് സ്വാഭാവികമാണ്. പിന്നീട് ഈ ജനത ഉടമ്പടി ലംഘിച്ചു മുന്നോട്ടുപോകുന്നതായി ദൈവം കണ്ടാല്‍, ഉടമ്പടി പുതുക്കുകയോ, ഈ ജനതയില്‍നിന്നുതന്നെ മറ്റൊരു നീതിമാനുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുകയോ ചെയ്യും.

അതായത്, നോഹുമായി സ്ഥാപിച്ച ഉടമ്പടിയുടെ ഭാഗമായിരിക്കാന്‍ മാനവരാശിയെ മുഴുവനെയുമാണ് യാഹ്‌വെ തിരഞ്ഞെടുത്തത്. എന്തെന്നാല്‍, പ്രളയാനന്തരം ഭൂമിയില്‍ ശേഷിച്ചത് നോഹും അവന്റെ സന്തതികളും മാത്രമായിരുന്നു. മറ്റു ജനതകളൊന്നും സമാന്തരമായി ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്, നോഹുമായി ഏര്‍പ്പെട്ട ഉടമ്പടിയില്‍ ഭൂവാസികളായ സകല മനുഷ്യരും ഉള്‍പ്പെടും. എന്നാല്‍, നോഹിന്റെ തലമുറയില്‍പ്പെട്ട ആരെങ്കിലും ഉടമ്പടി ലംഘിച്ച് ഒരു ജനതയായി രൂപപ്പെട്ടാല്‍, ഉടമ്പടി പുതുക്കുന്നത് നോഹിന്റെ തലമുറയിലെ വഴിപിഴച്ച ജനതയുമായി ആയിരിക്കില്ല. മറിച്ച്, നോഹിന്റെ തലമുറയില്‍ നീതിമാനായി ശേഷിക്കുന്ന ഒരുവനെ തിരഞ്ഞെടുത്ത് അവനുമായി ഉടമ്പടി സ്ഥാപിക്കും. ഇതിന്റെ തെളിവാണ് അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പ്! അബ്രാഹത്തെ തിരഞ്ഞെടുത്തപ്പോള്‍ സമകാലികരായിരുന്ന സകല മനുഷ്യരും നോഹിന്റെ തലമുറയില്‍പ്പെട്ടവരായിരുന്നു. എന്നാല്‍, അവരാരും ഉടമ്പടിയുടെ ഭാഗമായില്ല. അബ്രാഹത്തിന് ഒന്നിലേറെ സന്തതികള്‍ ഉണ്ടായിരുന്നുവെങ്കിലും ഉടമ്പടിയുടെ ഭാഗമാകാന്‍ വിളിക്കപ്പെട്ടത് വാഗ്ദാനപ്രകാരം ജനിച്ച യിസഹാക്ക് മാത്രമായിരുന്നുവെന്ന് നമുക്കറിയാം. പിന്നീട് യാക്കോബുമായി മാത്രമാണ് യാഹ്‌വെ ഉടമ്പടി സ്ഥാപിച്ചത്. എന്നാല്‍, യാക്കോബുമായി സ്ഥാപിച്ച ഉടമ്പടിയുടെ ഭാഗമാകാന്‍ അവന്റെ പന്ത്രണ്ടു മക്കള്‍ക്കും യാഹ്‌വെ അനുമതിനല്‍കി! നോഹുമായി സ്ഥാപിച്ച ഉടമ്പടിയാണ് മോശവഴി യാക്കോബിന്റെ മക്കള്‍ക്കു സ്ഥിരീകരിക്കപ്പെട്ടത്. മാംസത്തോടൊപ്പം ജീവനും നിങ്ങള്‍ ഭക്ഷിക്കരുത്!

യേഹ്ശുവായുടെ ശരീരം എങ്ങനെ ഭക്ഷിക്കും എന്ന ചോദ്യം യെഹൂദരില്‍ നിന്നുയര്‍ന്നുവെങ്കില്‍, അത് തികച്ചും ന്യായമായ ചോദ്യമാണെന്ന്‍ ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍, മനോവയ്ക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല! വെറുതെയിരുന്നു മുഷിയുമ്പോള്‍ ഭൂമിയിലേക്കുവന്നു മനുഷ്യരുമായി ഉടമ്പടികള്‍ സ്ഥാപിക്കുകയും അവര്‍ക്ക് നിയമങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതി ദൈവത്തിനില്ല. ദൈവം സ്ഥാപിച്ച ഓരോ നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ട്. ക്രിസ്തുവിന്റെ ദൗത്യകാലത്ത് ജീവിച്ചിരുന്ന യെഹൂദര്‍ക്കു നിയമങ്ങള്‍ അറിയാമായിരുന്നുവെങ്കിലും, നിയമങ്ങളുടെ വ്യക്തമായ വ്യാഖ്യാനം അറിയില്ലായിരുന്നു. മാത്രവുമല്ല, നിയമങ്ങള്‍ നല്‍കപ്പെട്ടത്‌ എന്തു ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കിയിട്ടുള്ളവരും ചുരുക്കമായിരുന്നു. അതായത്, ജീവനോടുകൂടി മാംസം ഭക്ഷിക്കരുത് എന്ന നിയമത്തിന്റെ കാരണം അറിയാത്തവരാണ് യേഹ്ശുവായുടെ ശരീരം ഭക്ഷിക്കുന്നതിനെ നിയമലംഘനമായി കണ്ടത്. എന്തുകൊണ്ടാണ് മാംസത്തോടൊപ്പം ജീവന്‍ ഭക്ഷിക്കുന്നതിനെ ദൈവം വിലക്കിയത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഉത്പത്തിയുടെ പുസ്തകത്തിലേക്ക് ഇനിയും തിരിച്ചുപോകണം.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മരണമുള്ളവനായിട്ടല്ല; മറിച്ച്, ജീവനുള്ളവനായിരിക്കാന്‍ വേണ്ടിയായിരുന്നു. മാത്രവുമല്ല, മറ്റു ജീവികളില്‍നിന്നു വ്യത്യസ്തനായി മനുഷ്യന് ദൈവം നല്‍കിയത് അവിടുത്തെ ജീവശ്വാസമാണ്. ഈ വചനം ശ്രദ്ധിക്കുക: "ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു"(ഉത്പ: 2; 7). ദൈവത്തിന്റെ നിശ്വാസമാണ് മനുഷ്യന്റെ ജീവന്‍! ഇത് മറ്റു ജീവികളുടെതില്‍നിന്നു വ്യത്യസ്തവുമാണ്‌. മനുഷ്യനു ദൈവം ജീവന്‍ നല്‍കിയത് തിരിച്ചെടുക്കാനായിരുന്നില്ല; മരണത്തെ അവിടുന്ന് സൃഷ്ടിച്ചതുമില്ല! വചനം നോക്കുക: "ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല"(ജ്ഞാനം: 1; 13). പാപം ചെയ്തതിലൂടെ മനുഷ്യന്‍ തനിക്കും തന്റെ തലമുറയ്ക്കുമായി മരണത്തെ സൃഷ്ടിച്ചു! ദൈവത്തില്‍നിന്ന് അവന്‍ സ്വീകരിച്ച നിത്യജീവന്‍ നഷ്ടമാക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(റോമാ: 5; 12). ദൈവം നല്‍കിയ നിത്യജീവന്‍ നഷ്ടപ്പെടുത്തിയത് മനുഷ്യനാണെങ്കില്‍, അവന്‍ നഷ്ടപ്പെടുത്തിയ ജീവന്‍ തിരിച്ചുനല്‍കാന്‍ ദൈവം ഒരുക്കിയ പദ്ധതിയാണ് യേഹ്ശുവാ എന്ന നാമത്തില്‍ മനുഷ്യനായി ഭൂമിയിലേക്കു വരുവാനുള്ള അവിടുത്തെ തീരുമാനം. യാഹ്‌വെ രക്ഷിക്കുന്നു എന്നാണ് 'യേഹ്ശുവാ' എന്ന നാമത്തിന്റെ അര്‍ത്ഥം! യേഹ്ശുവായിലൂടെ ഒരുവനു നിത്യജീവന്‍ പ്രാപിക്കേണ്ടതിനുവേണ്ടി നടത്തിയ ഒരുക്കങ്ങളാണ് ഓരോ ഉടമ്പടികളും നിയമങ്ങളും!

മനുഷ്യന്‍ പാപചെയ്തതോടെ അവനു നഷ്ടമായത് നിത്യജീവനാണെന്നു നാം കണ്ടുകഴിഞ്ഞതാണ്‌. ഈ നിത്യജീവന്‍ തിരികേ ലഭിക്കുന്നതിനുമുമ്പ് മറ്റൊരു ജീവന്‍ മനുഷ്യന്‍ ഭക്ഷിക്കാന്‍ പാടില്ല. മറ്റേതെങ്കിലും മനുഷ്യരുടെയോ ജീവികളുടെയോ ജീവന്‍ ഭക്ഷിക്കുന്നതിലൂടെ ഒരുവനിലേക്കു പ്രവേശിക്കുന്നത് ആ മനുഷ്യന്‍ അഥവാ ജീവിയുടെ ജീവനായിരിക്കും. എന്നാല്‍, നാം സ്വീകരിക്കേണ്ടത് മരണത്തില്‍നിന്നു ജീവനിലേക്കു നയിക്കുന്നവനും ഇനിയൊരിക്കല്‍ക്കൂടി മരിക്കാത്തവനുമായ യേഹ്ശുവായുടെ ജീവനാണ്! ഈ ജീവന്‍ നവമായി ഭക്ഷിക്കേണ്ടതിന് തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുക്കുകയായിരുന്നു അവിടുന്ന്! നിയമങ്ങളും ഉടമ്പടികളും സ്ഥാപിച്ചുകൊണ്ട് സ്നേഹനിധിയായ ദൈവം  യേഹ്ശുവായിലേക്കുള്ള വഴിയൊരുക്കി! രക്തത്തില്‍ ജീവന്‍ കുടികൊള്ളുന്നതുകൊണ്ട് രക്തമോ രക്തത്തോടുകൂടിയ മാംസമോ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്ക് യാഹ്‌വെ  നിഷിദ്ധമാക്കി! അതായത്, യേഹ്ശുവായുടേതല്ലാത്ത ഒരു ജീവനും ദൈവമക്കളായ നാം സ്വീകരിക്കാന്‍ പാടില്ല! രക്തത്തില്‍നിന്ന്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് അപ്പസ്തോലന്മാരും നമ്മോട് ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍ത്തന്നെ!

ഇനി നമുക്ക് യേഹ്ശുവായുടെ ശരീരവും രക്തവുമായ പരിശുദ്ധ കുര്‍ബ്ബാനയെ സംബന്ധിക്കുന്ന പഠനം തുടരാം. അന്ത്യത്താഴവേളയില്‍ യേഹ്ശുവാ അപ്പം മുറിച്ചുനല്‍കിക്കൊണ്ട് അവിടുത്തെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: "വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്"(മത്താ: 26; 26-28). മാംസത്തോടൊപ്പം രക്തവും ഭക്ഷിക്കരുത് എന്ന്‍ നോഹുമായി ചെയ്ത ഉടമ്പടി ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നു. യേഹ്ശുവായുടെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്തുകൊണ്ട് നിത്യജീവന്‍ തിരികേപ്രാപിക്കാന്‍ ദൈവമൊരുക്കിയ പദ്ധതിയിലേക്ക് തന്റെ ഉടമ്പടിയുടെ ജനത്തെ ദൈവം നയിക്കുകയായിരുന്നു. യേഹ്ശുവാ അരുളിചെയ്യുന്നത് ശ്രദ്ധിക്കുക: "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ജ്ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും"(യോഹ: 6; 40). യേഹ്ശുവായെ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണോ നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയുന്നത്?

യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു; ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും. ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും"(യോഹ: 6; 53-58). വളരെ വ്യക്തതയോടെയാണ് ഇവിടെ യേഹ്ശുവാ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് ദൈവത്തിന്റെ ഇഷ്ടം. പുത്രനെ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവന്റെ സാദ്ധ്യത തുറക്കപ്പെട്ടു. ഒരുക്കപ്പെട്ട നിത്യജീവന്‍ പ്രാപിക്കേണ്ടതിനായി അവന്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനംചെയ്യുകയും വേണം. നിത്യജീവന്‍ പ്രാപിക്കുന്നത് ഇപ്രകാരമാണ്!

ദിവ്യകാരുണ്യ ആരാധനയും വിഗ്രഹാരാധനയും!

ക്രൈസ്തവസഭകള്‍ എന്നപേരില്‍ അറിയപ്പെടുന്ന ചില വിഭാഗങ്ങള്‍ പരിശുദ്ധ കുര്‍ബ്ബാനയെ എതിര്‍ക്കുന്നു. എന്നാല്‍, എല്ലാ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളും അങ്ങനെയല്ല. അതുപോലെതന്നെ, മുന്‍കാലങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ചിലര്‍ ആ എതിര്‍പ്പുകള്‍ ഉപേക്ഷിക്കുകയും യാഥാര്‍ത്ഥ്യത്തോട് കുറെയൊക്കെ അടുത്തുവരുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, കടുത്ത എതിര്‍പ്പുമായി നിലകൊള്ളുന്ന ചില ബന്ധിക്കപ്പെട്ട സമൂഹങ്ങള്‍ ഇപ്പോഴുമുണ്ടെന്നു മാത്രമല്ല, പരിശുദ്ധ കുര്‍ബ്ബാനയെ വിഗ്രഹമായി കണക്കാക്കി പ്രചരണങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു.

കാത്തോലിക്കാസഭയിലെ വിശ്വാസികള്‍ ദിവ്യകാരുണ്യത്തെ ആരാധിക്കുന്നവരാണെന്നു നമുക്കറിയാം. എന്നാല്‍, പരിശുദ്ധ കുര്‍ബ്ബാനയെ അംഗീകരിക്കുന്ന സഭകള്‍പ്പോലും കത്തോലിക്കാസഭയുടെ ഈ ആരാധനയെ അനുകൂലിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇവിടെയും ചില പഠനങ്ങള്‍ അനിവാര്യമായിരിക്കുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ ഇന്നത്തെ നിലപാടിനു സാധൂകരണമുണ്ടോ എന്ന് നാം അറിഞ്ഞിരിക്കണം. യാഹ്‌വെ ഏത് രൂപത്തിലായിരുന്നാലും അവിടുന്ന് ദൈവംതന്നെയാണ്. യേഹ്ശുവായുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അതായത്, യേഹ്ശുവാ ഏതു രൂപത്തില്‍ അവതരിച്ചാലും അവിടുന്ന് വിഗ്രഹമാകുകയില്ല. മനുഷ്യനായി വന്നാലും ആത്മാവായി വന്നാലും മെല്‍ക്കിസെദെക്ക് ആയി വന്നാലും അവിടുന്ന് ആരാധനയ്ക്കു യോഗ്യന്‍തന്നെ! തോട്ടക്കാരനെപ്പോലെ കാണപ്പെട്ടാലും (മറിയം മഗ്ദലേനക്ക് കാണപ്പെട്ടത്) സഹയാത്രികനെപ്പോലെ കാണപ്പെട്ടാലും (എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് കാണപ്പെട്ടത്) ക്രിസ്തുവിനെ വിഗ്രഹമായി കാണുന്നത് വിഗ്രഹങ്ങളെ സംബന്ധിച്ചുള്ള അറിവില്‍ പക്വത പ്രാപിക്കാത്തതുകൊണ്ടാണ്. അപ്പത്തിന്റെ രൂപത്തില്‍ ഇറങ്ങിവരുന്ന യേഹ്ശുവായെ ആരാധിക്കുകയോ വണങ്ങുകയോ ചെയ്യുന്നതിലൂടെ ആരും വിഗ്രഹാരാധകരായി മാറുന്നില്ല!

അനേകം വചനങ്ങളൊന്നും പരിശോധിക്കാതെതന്നെ ഈ വിഷയത്തില്‍ സമ്പൂര്‍ണ്ണമായ ഒരു പഠനം സാദ്ധ്യമാകും എന്നതാണു യാഥാര്‍ത്ഥ്യം. എങ്ങനെയെന്നാല്‍, തിരുസാന്നിദ്ധ്യ അപ്പത്തെക്കുറിച്ചു മാത്രം പഠിക്കുന്നതിലൂടെ ദിവ്യകാരുണ്യ ആരാധനയെക്കുറിച്ചുള്ള എല്ലാ അജ്ഞതകളും ആശങ്കകളും പരിഹരിക്കപ്പെടും. എന്താണ് തിരുസാന്നിദ്ധ്യ അപ്പം? യാഹ്‌വെയുടെ നിര്‍ദ്ദേശപ്രകാരം യിസ്രായേല്‍ജനം വാഗ്ദാന പേടകം നിര്‍മ്മിച്ചതായി ബൈബിളില്‍ നാം വായിച്ചിട്ടുണ്ട്. ഈ പേടകം വഹിച്ചുകൊണ്ടാണ് യിസ്രായേല്‍ കാനാന്‍ദേശത്തേക്കു യാത്രചെയ്തത്. വാഗ്ദാന പേടകത്തില്‍ മൂന്ന്‍ അതിവിശുദ്ധ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. മന്നാ, അഹറോന്റെ തളിര്‍ത്ത വടി, പത്തുകല്പനകള്‍ രേഖപ്പെടുത്തിയ കല്പലകകള്‍ എന്നിവയായിരുന്നു അത്. ശലോമോന്‍ ദൈവാലയം നിര്‍മ്മിച്ചപ്പോള്‍ അതിവിശുദ്ധമന്ദിരത്തില്‍ ഈ വാഗ്ദാന പേടകം സ്ഥാപിച്ചു. കാനാന്‍ദേശത്തേക്കുള്ള യാത്രാമദ്ധ്യേ വാഗ്ദാന പേടകത്തില്‍ യാഹ്‌വെയുടെ മഹത്വം കടന്നുവരുകയും മോശയോടു സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ദൈവമായ യാഹ്‌വെയുടെ മഹത്വം കുടികൊള്ളുന്ന വാഗ്ദാന പേടകത്തെ സമീപിക്കാന്‍ ജനത്തെ അനുവദിച്ചിരുന്നില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാന പേടകത്തിനും ഇടയ്ക്കു രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്"(യോഹ്ശുവാ: 3; 4). വാഗ്ദാനപേടകം വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള  പുരോഹിതര്‍ക്കും മോശയ്ക്കും മാത്രമേ അതിനെ സമീപിക്കാനുള്ള അനുവാദമുണ്ടായിരുന്നുള്ളു.

തിരുസാന്നിദ്ധ്യ അപ്പത്തിലും അത് സ്ഥാപിക്കപ്പെട്ട പേടകത്തിലും യാഹ്‌വെയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് ജനത്തിനു പേടകത്തെ സമീപിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടത്. വാഗ്ദാനപേടകത്തിനു മുന്‍പില്‍ പ്രണമിക്കുകയും നൃത്തംചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നത് അവിടുത്തേക്കു പ്രീതികരമായ പ്രവൃത്തിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ദൈവമായ യാഹ്‌വെയ്ക്ക് ഏറെ പ്രിയങ്കരനായ ദാവീദ് നൃത്തം ചെയ്തത് ഈ വാഗ്ദാനപേടകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയുടെ മുന്‍പിലായിരുന്നു. യാഹ്‌വെയുടെ ആലയത്തില്‍ അവിടുത്തെ മഹത്വം വസിച്ചത് കെരൂബുകള്‍ക്കു മദ്ധ്യേ സ്ഥാപിച്ച വാഗ്ദാന പേടകത്തിലായിരുന്നുവെന്ന് ബൈബിളില്‍ വായിക്കാന്‍ കഴിയും. ദൈവജനമെല്ലാം അതിനു മുന്‍പില്‍ പ്രണമിക്കുകയും അവിടുത്തെ ആരാധിക്കുക ചെയ്തിരുന്നതായും മനസ്സിലാക്കാന്‍ സാധിക്കും. ഈ വെളിപ്പെടുത്തല്‍ നോക്കുക: "യാഹ്‌വെയുടെ മഹത്വം ദൈവാലയത്തില്‍ നിറഞ്ഞു. യാഹ്‌വെയുടെ തേജസ്സ് ദൈവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. അഗ്നി താഴേയ്ക്കു വരുന്നതും ആലയത്തില്‍ യാഹ്‌വെയുടെ മഹത്വം നിറയുന്നതും കണ്ട് യിസ്രായേല്‍ജനം സാഷ്ടാംഗം പ്രണമിച്ച്‌, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് യാഹ്‌വെയെ സ്തുതിച്ചു"(2 ദിനവൃത്താന്തം: 7; 3).

വാഗ്ദാനപേടകത്തില്‍ സൂക്ഷിച്ചിരുന്ന ഈ മന്നായെയും തന്റെ ശരീരമാകുന്ന അപ്പത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്: "പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും"(യോഹ: 6; 58). അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ ശരീരമാകുന്ന അപ്പത്തെ ആരാധിക്കുന്നത് വിഗ്രഹാരാധനയുടെ ഭാഗമായി ഗണിക്കപ്പെടുമോ? യേഹ്ശുവായുടെ ശരീരവും ആത്മാവും മനസ്സും ഒരുമിച്ചു ചേര്‍ന്നുതന്നെയാണുള്ളത്. 'ഞാന്‍ ജീവന്റെ അപ്പമാണ്' എന്ന് യേഹ്ശുവാ പറഞ്ഞതിന്റെ പൊരുളിതാണ്. ശരീരവും ആത്മാവും മനസ്സും ഒരുമിച്ചുചേര്‍ന്നാല്‍ അത് 'ത്രിത്വം' ആയി! ആയതിനാല്‍ത്തന്നെ, യേഹ്ശുവായുടെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ആര്‍ക്കും ദിവ്യകാരുണ്യ ആരാധനയെ വിഗ്രഹാരാധനയായി കണക്കാക്കാന്‍ കഴിയില്ല! ഇതുമായി ബന്ധപ്പെട്ട പരമപ്രധാനമായ രഹസ്യം ഉപസംഹാരത്തില്‍ വെളിപ്പെടുത്താം. 

ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിദ്ധ്യം നിത്യമോ?

ഈ ഉപശീര്‍ഷകം പ്രതിനിധാനം ചെയ്യുന്ന വിഷയമാണ് നാം പ്രധാനമായും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, അതിനുമുമ്പ് ചില മേഖലകള്‍ സൂക്ഷ്മമായി പരിശോധിച്ചു കടന്നുപോയാല്‍ മാത്രമേ വേണ്ടത്ര ഗൗരവത്തോടെ ഈ വിഷയം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളു.  ആയതിനാല്‍, ദിവ്യകാരുണ്യത്തിലെ യേഹ്ശുവായുടെ സാന്നിദ്ധ്യം നിത്യമാണോ എന്ന പഠനം അവസാനഭാഗത്തേക്ക്‌ മാറ്റിവച്ചുകൊണ്ട്, വാഗ്ദാനപേടകത്തിലെ ദൈവീകസാന്നിദ്ധ്യം നിത്യമായി നിലനില്‍ക്കുന്നതോ എന്ന് പരിശോധിക്കാം. യിസ്രായേല്‍ജനം കാനാന്‍ദേശത്തു പ്രവേശിച്ചതിനുശേഷം വാഗ്ദാനപേടകം പ്രത്യേകമായി സ്ഥാപിക്കുകയുണ്ടായി. പിന്നീട്, ശലോമോന്റെ കാലത്താണ് ദൈവാലയം നിര്‍മ്മിക്കുകയും അതിവിശുദ്ധമന്ദിരത്തില്‍ അത് സ്ഥാപിക്കുകയും ചെയ്തത്. ദൈവാലയം നിര്‍മ്മിക്കുന്നതിനുമുമ്പ് പലപ്പോഴായി വാഗ്ദാനപേടകം അവഗണിക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നിട്ടുണ്ട്. കാലങ്ങളോളം ദൈവത്തിന്റെ സാന്നിദ്ധ്യം ലഭിക്കാതെ അനാഥമായ അവസ്ഥയില്‍ യിസ്രായേല്‍ജനം അലഞ്ഞിട്ടുമുണ്ട്.

യെരുശലേമിലെ ദൈവാലയത്തില്‍ വാഗ്ദാനപടകം സ്ഥാപിച്ചതിനുശേഷവും ദൈവത്തിന്റെ മഹത്വം അതിവിശുദ്ധമന്ദിരത്തില്‍നിന്നു വിട്ടുപോയിട്ടുള്ളതായി നമുക്കറിയാം. യിസ്രായേല്‍ വിഗ്രഹങ്ങളെ സേവിച്ചപ്പോഴും നിഷിദ്ധമായ വസ്തുക്കള്‍ കൈവശം വച്ചപ്പോഴും യാഹ്‌വെയുടെ സാന്നിദ്ധ്യം അവിടുന്ന് പിന്‍വലിച്ചു. യെരുശലേമിലെ ദൈവാലയത്തില്‍ മ്ലേച്ഛതകള്‍ സ്ഥാപിക്കപ്പെട്ടപ്പോഴെല്ലാം യാഹ്‌വെയുടെ മഹത്വം ആലയത്തില്‍നിന്നു വിട്ടുപോയി! ഇത് ദൈവാലയത്തിലെ അതിവിശുദ്ധമന്ദിരത്തിലെ മാത്രം കാര്യമല്ല. ദൈവാലയം സ്ഥിതിചെയ്യുന്ന യെരുശലേം നഗരത്തിലെവിടെയും സാന്നിദ്ധ്യം നല്‍കാതെ, യാഹ്‌വെ അവിടുത്തെ മഹത്വം തിരിച്ചെടുത്തിട്ടുണ്ട്. ദൈവാലയത്തില്‍ സ്ഥാപിച്ച മ്ലേച്ഛതകള്‍ മൂലമാണ് ഇപ്രകാരം സംഭവിച്ചിട്ടുള്ളത്. ദൈവാലയത്തില്‍നിന്നോ വിശുദ്ധനഗരത്തില്‍നിന്നോ യിസ്രായേല്‍ജനത്തിന്റെ ഇടയില്‍നിന്നോ യാഹ്‌വെയുടെ മഹത്വം പിന്‍വലിക്കപ്പെട്ടാല്‍ അത് വെളിപ്പെടുത്താനായി പ്രവാചകന്മാരെ അവിടുന്ന് അയയ്ക്കാറുണ്ട്. അതുകൂടാതെ യുദ്ധപരാജയം, പ്രവാസം, അധിനിവേശം, മഹാമാരികള്‍ എന്നിവയെല്ലാം യാഹ്‌വെയുടെ അസാന്നിദ്ധ്യം വെളിപ്പെടുത്തുന്ന അടയാളങ്ങളാണ്.

ദൈവാലയത്തില്‍നിന്നോ യെരുശലേം പട്ടണത്തില്‍നിന്നോ യിസ്രായേലില്‍ നിന്നുതന്നെയോ യാഹ്‌വെയുടെ മഹത്വം അവിടുന്ന് പിന്‍വലിക്കുമ്പോള്‍, വിശുദ്ധരായ പ്രവാചകന്മാര്‍ക്ക് അവിടുന്ന് ദര്‍ശനങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊടുക്കുന്നത്. യെസെക്കിയേല്‍ പ്രവാചകനു ലഭിച്ച ദര്‍ശനം ശ്രദ്ധിക്കുക: "കെരൂബുകള്‍ ചിറകുകളുയര്‍ത്തി; ചക്രങ്ങളും അവയുടെ വശങ്ങളിലുയര്‍ന്നു. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മീതേ നിലകൊണ്ടു. യാഹ്‌വെയുടെ മഹത്വം നഗരമദ്ധ്യത്തില്‍നിന്നുയര്‍ന്ന്‍, നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു"(യെസെക്കിയേല്‍: 11; 22, 23). വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ള ഒരിടത്തും യാഹ്‌വെയുടെ മഹത്വം നിലനില്‍ക്കില്ല എന്നതിനു വേറെയും അനേകം തെളിവുകള്‍ ബൈബിളില്‍നിന്നു കണ്ടെത്താന്‍ കഴിയും. പ്രവാചകനു ലഭിച്ച മറ്റൊരു ദര്‍ശനം നോക്കുക: "അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്‌കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യെഹൂദാഭവനം ഇവിടെ കാട്ടുന്ന മേച്ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല"(യെസെക്കിയേല്‍: 8; 15-18).

ഏതെങ്കിലുമൊരു പ്രവാചകനു ലഭിച്ച ഒറ്റപ്പെട്ട ദര്‍ശനമായി യെസെക്കിയേല്‍ പ്രവാചകന്റെ ഈ ദര്‍ശനത്തെ ആരും കാണരുത്. ചെറുതും വലുതുമായ പതിനെട്ടു പ്രവാചകന്മാര്‍ക്ക് സമാനമായ ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രവാചകന്മാരുടെ പ്രവാചകനും യിസ്രായേലിലെ ഏറ്റവും ഉന്നതനായ ജനനേതാവും മോശയാണ്. ഈ മോശയിലൂടെയാണ് യാഹ്‌വെ അവിടുത്തെ പരിശുദ്ധി യിസ്രായേലിനു വെളിപ്പെടുത്തിയത്. അവിടുത്തെ മനസ്സ് തുറന്നുവച്ചതും മോശയിലൂടെതന്നെ! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്ക് അവിടുത്തെ ജനത്തോടൊപ്പം വസിക്കാന്‍ സാധിക്കാത്തത് ഏതെല്ലാം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണെന്നും മോശയിലൂടെ വ്യക്തമാക്കി! അതിശയോക്തി കലര്‍ത്തി എന്തെങ്കിലും പറയാന്‍ ദൈവമായ യാഹ്‌വെ മനുഷ്യനല്ല! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "യാഹ്‌വെയായ ഞാന്‍ പറയും; പറയുന്നവ നിറവേറ്റുകയും ചെയ്യും"(യെസെക്കിയേല്‍: 12; 25). അന്യദേവന്മാരെ സേവിക്കുകയോ വിജാതിയമായ ആരാധനാരീതികള്‍ അനുകരിക്കുകയോ ചെയ്താല്‍ യിസ്രായേല്‍ ജനത്തോടൊപ്പം താന്‍ ഉണ്ടായിരിക്കുകയില്ല എന്ന് അസന്ദിഗ്ദ്ധമായി യാഹ്‌വെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിക്കുക മാത്രമല്ല, പ്രഖ്യാപിച്ച സകല കാര്യങ്ങളും അക്ഷരംപ്രതി നിറവേറ്റിക്കൊണ്ട് അവിടുത്തെ വാക്കിന്റെ സ്ഥായീഭാവം തെളിയിക്കുകയും ചെയ്തു.

ദൈവം വ്യാജം പറയുകയില്ല; അവിടുത്തെ പരിശുദ്ധിയ്ക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുമില്ല. അവിടുന്ന് വാക്കുമാറുകയോ, പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അനുതപിക്കുകയോ ചെയ്യാന്‍ മനുഷ്യനുമല്ല! ഈ വചനം ശ്രദ്ധിക്കുക: "വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?"(സംഖ്യ: 23; 19). ആയതിനാല്‍, വിഗ്രഹങ്ങളുടെ ഏതെങ്കിലും സാന്നിദ്ധ്യം ഉള്ള ഒരിടത്തും കടന്നുവരികയില്ല എന്ന യാഹ്‌വെ യുടെ പ്രഖ്യാപനത്തില്‍നിന്ന് ഒരു ചുവടെങ്കിലും അവിടുന്ന് പിന്നോട്ടുപോകുമെന്ന് ആരും കരുതേണ്ടാ! ആദിയില്‍ അവിടുന്ന് എങ്ങനെയായിരുന്നുവോ, അങ്ങനെതന്നെയായിരിക്കും അനന്തതയിലും! എല്ലാ അര്‍ത്ഥത്തിലും അങ്ങനെതന്നെ! ആദിമ യിസ്രായേലിനോട്‌ അവിടുന്ന് സ്വീകരിച്ച നിലപാടുതന്നെയാണ്‌ ആധുനിക യിസ്രായേലായ ക്രിസ്ത്യാനികളോടും അവിടുന്ന് സ്വീകരിക്കുന്നത്. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌ - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും"(വെളിപാട്: 22; 13). യേഹ്ശുവായുടെ നാമത്തില്‍ ഒരുമിച്ചുകൂട്ടപ്പെട്ട സമൂഹമാണ് ക്രൈസ്തവര്‍! യേഹ്ശുവാ ഇന്ന് മനുഷ്യന്‍ മാത്രമല്ല; അതിപരിശുദ്ധനായ ദൈവമാണ്; അസഹിഷ്ണുവായ ദൈവം!

വിജാതിയ ആചാരങ്ങള്‍ അനുകരിക്കുന്ന ആരാധനാലയങ്ങളെ സൂക്ഷിക്കുക!

ക്രിസ്തീയതയുടെ പേരില്‍ വിജാതിയമായ ആചാരങ്ങള്‍ അനുകരിക്കുന്ന അനേകം ആരാധനാലയങ്ങള്‍ കേരളത്തിനകത്തും പുറത്തുമായുണ്ട്. ഇത്തരം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയോ ഇവിടെ നടത്തപ്പെടുന്ന ആരാധകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടതായ വലിയ അപകടങ്ങളെ അനാവരണം ചെയ്യുന്നതിനാണ് മനോവ ഇവിടെ തയ്യാറാകുന്നത്. ആരും ചിന്തിക്കാത്ത വിധത്തിലുള്ള ശാപങ്ങളുടെ വിതരണശാലകളാണ്  ഈ ആലയങ്ങളെന്നു തിരിച്ചറിഞ്ഞ എത്രപേര്‍ ക്രൈസ്തവസഭകളിലുണ്ട്? നിരുപദ്രവകരമെന്നു ധരിച്ചുവച്ചിരിക്കുന്ന പലതും അങ്ങനെയല്ല; മറിച്ച്, തലമുറകളെപ്പോലും ഗ്രസിക്കുന്ന ശാപങ്ങളാണ് ഇവിടങ്ങളില്‍നിന്ന് പ്രവഹിക്കപ്പെടുന്നത്. ഇന്ന് പലരും അനുഭവിക്കുന്ന ദുരന്തങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചാല്‍, കണ്ടെത്താന്‍ കഴിയുന്നതും ഇതുതന്നെയായിരിക്കും.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പരിശുദ്ധിയില്‍ എന്തെങ്കിലും കുറവ് സംഭവിക്കുകയോ അവിടുന്നുതന്നെ തന്റെ പരിശുദ്ധി ത്യജിക്കുകയോ ചെയ്‌താല്‍ മാത്രമേ നിലവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന ആലയങ്ങളില്‍ അവിടുന്ന് കടന്നുവരുകയുള്ളു. തുലാഭാരം അടക്കം വിജാതിയമായ ആചാരങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ആരാധനാലയങ്ങളില്‍ കടന്നുവരണമെങ്കിലും അവിടുത്തെ പരിശുദ്ധിയില്‍ വലിയ കോട്ടം സംഭവിക്കണം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പരിശുദ്ധിയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, ഓണക്കുര്‍ബ്ബാന നടത്തുന്ന ആരാധനാലയങ്ങളുടെ പരിസരത്തുപോലും അവിടുന്ന് വരില്ല! യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്നതുകൊണ്ട്, അവിടുത്തെ സാന്നിദ്ധ്യം വിഗ്രഹാലയങ്ങളില്‍ ഉണ്ടായിരിക്കുകയില്ല. മനുഷ്യനായി ഭൂമിയിലേക്കു വന്ന അവസ്ഥയിലല്ല ഉത്ഥിതനായ യേഹ്ശുവാ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവര്‍ ഇപ്പോഴെങ്കിലും തിരിച്ചറിയുക!
 
പരിശുദ്ധ കന്യകാമറിയത്തിനോ വിശുദ്ധരില്‍ ആര്‍ക്കെങ്കിലുമോ സ്വീകാര്യമാകുന്നതാണോ വിജാതിയമായ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍? ദൈവത്തിന്റെ നിയമങ്ങളില്‍നിന്ന്‍ ഇടംവലം വ്യതിചലിക്കാതെ അവിടുത്തെ പ്രീതിയില്‍ നിലനില്‍ക്കാന്‍ കഠിനപ്രയത്നം ചെയ്തവരാണ് വിശുദ്ധര്‍! അങ്ങനെയുള്ളവര്‍ക്കു മാത്രമേ വിശുദ്ധരാകാന്‍ സാധിക്കുകയുള്ളു. ലോകത്തോട് ഐക്യപ്പെട്ടു ജീവിക്കുന്നവരല്ല, ലോകത്തോടു മത്സരിച്ച് ആത്മാവിനെ വിശുദ്ധിയില്‍ ദൈവത്തിനു സമര്‍പ്പിച്ചവരാണ് അവര്‍. ജീവിതകാലത്ത് ഒരിക്കല്‍പ്പോലും വിജാതിയതയോടു സന്ധിചെയ്യാത്ത വിശുദ്ധരുടെ പേരില്‍ അഭിനവ ആചാര്യന്മാര്‍ കാട്ടിക്കൂട്ടുന്ന മ്ലേച്ഛതകള്‍ക്ക് വിശുദ്ധരുടെയോ ദൈവത്തിന്റെയോ അംഗീകാരം ഉണ്ടായിരിക്കില്ല. ഇത്തരം ഇടങ്ങളില്‍ ദൈവത്തിന്റെയോ വിശുദ്ധരുടെയോ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നു ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ പീഠങ്ങളില്‍ ഇരിക്കുന്ന വിദൂഷകര്‍ മാത്രമാണ്!

ദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ച ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കാന്‍ പരിശുദ്ധ അമ്മ തയ്യാറാകില്ല. ഇക്കാരണത്താല്‍ത്തന്നെ, കൊരട്ടിയിലെ പ്രതിഷ്ഠയില്‍ വസിക്കുന്നത് പിശാചാണെന്നു വ്യക്തം! വിഗ്രഹങ്ങളുടെയോ വിജാതിയതയുടെയോ യാതൊരു മാലിന്യവും ഏല്‍ക്കാതെ യാഹ്‌വെയുടെ നിയമത്തില്‍ നിലനിന്നതുകൊണ്ടാണ് പരിശുദ്ധകന്യകാമറിയം ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയത്. യാഹ്‌വെയുടെ നിയമങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കാതെയുള്ള ജീവിതമാണ് കന്യകാമറിയത്തിന്റെ പരിശുദ്ധി. ഈ പരിശുദ്ധിയാണ് രക്ഷകനെ ഉദരത്തില്‍ വഹിക്കാന്‍ കന്യകാമറിയത്തെ യോഗ്യയാക്കിയത്. അതുപോലെതന്നെ, സ്ത്രീകളില്‍ ഏറ്റവും ഭാഗ്യവതി എന്ന വിശേഷണത്തിന് പരിശുദ്ധ കന്യകാമറിയം അര്‍ഹയായത് രക്ഷകനെ ഉദരത്തില്‍ വഹിച്ചതുകൊണ്ടാണ്! ഈ മാതാവിന്റെ പേരില്‍ വിജാതിയമായ ഗോഷ്ടികള്‍ നടത്തുന്നവരുടെ ലക്‌ഷ്യം മാതാവിനെ മഹത്വപ്പെടുത്തുക എന്നതല്ല; മറിച്ച്, മഹിമയണിഞ്ഞവരെ ദുഷിച്ചുകൊണ്ട് ഉപജീവനം കഴിക്കുകയെന്നതാണ്!

സ്ത്രീകളില്‍ ഏറ്റവും അനുഗൃഹീത എന്ന മഹനീയ സ്ഥാനത്തിനു പരിശുദ്ധ കന്യകാമാതാവ് അര്‍ഹയായത് രക്ഷകനെ ഉദരത്തില്‍ വഹിച്ചതുകൊണ്ടാണ്. എന്നാല്‍, രക്ഷകനെ ഉദരത്തില്‍ വഹിക്കാന്‍ കന്യകാമറിയത്തെ യോഗ്യയാക്കിയത് ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയതുകൊണ്ടായിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൂതന്റെ വാക്കുകള്‍ ഇങ്ങനെയാണ്: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു"(ലൂക്കാ: 1; 30). ഈ കൃപ കണ്ടെത്തിയതിന്റെ പരിണിതഫലം എന്താണെന്നറിയാന്‍ അടുത്തവചനം ശ്രദ്ധിക്കുക: "നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും"(ലൂക്കാ: 1; 31, 32). ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയതുകൊണ്ടാണ് രക്ഷകനെ ഉദരത്തില്‍ വഹിക്കാനുള്ള കന്യകാമറിയത്തിന്റെ യോഗ്യതയായി ദൈവദൂതന്‍ വെളിപ്പെടുത്തിയിരിക്കുന്നത്! അതുതന്നെയാണ് സത്യവും!

ദൈവദൂതന്‍ സന്ദര്‍ശിക്കുമ്പോള്‍ കന്യകാമറിയം ദൈവകൃപ നിറഞ്ഞ അവസ്ഥയിലായിരുന്നു. അതിനാലാണല്ലോ ദൈവദൂതനായ ഗബ്രിയേല്‍ ഇപ്രകാരം പറയുന്നത്: "ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ!"(ലൂക്കാ: 1; 28). യാഹ്‌വെ എങ്ങനെയാണ് ഒരുവനോടുകൂടെ ആയിരിക്കുന്നത്? അത് അറിയണമെങ്കില്‍ യിസ്രായേലിന്റെ ചരിത്രം പരിശോധിക്കണം. അശുദ്ധമെന്നു യാഹ്‌വെ കല്പിച്ചിട്ടുള്ള സകലതില്‍നിന്നു വേറിട്ട ജീവിതം നയിക്കുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും കൂടെ മാത്രമേ അവിടുത്തേക്ക്‌ ആയിരിക്കാന്‍ സാധിക്കുകയുള്ളു. വിഗ്രഹങ്ങളുടെ മലിനസാന്നിദ്ധ്യം യിസ്രായേലില്‍ ഉണ്ടായപ്പോഴെല്ലാം അവരില്‍നിന്നു യാഹ്‌വെ പിന്‍വാങ്ങിയിട്ടുണ്ട്. കാനാന്‍ദേശത്തു പ്രവേശിച്ച കാലത്ത് യിസ്രായേലില്‍ നടന്ന ഒരു സംഭവം ഇവിടെ ചിന്തിക്കുന്നതു നല്ലതായിരിക്കും. വിജാതിയരുടെ വിഗ്രഹങ്ങളൊന്നും യിസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടാകാന്‍ പാടില്ല എന്നത് യാഹ്‌വെയുടെ കല്പനയാണ്. ഈ കല്പനയ്ക്കു വിരുദ്ധമായി ആഖാന്‍ എന്ന യിസ്രായേല്‍ക്കാരനും അവന്റെ ഭാര്യയും ചില നിഷിദ്ധവസ്തുക്കള്‍ അവരുടെ ഭവനത്തില്‍ സൂക്ഷിച്ചു. ആഖാന്‍ എന്ന ഒരുവന്റെ മാലിന്യംമൂലം യിസ്രായേല്‍ജനം മുഴുവന്‍ അശുദ്ധരായി. അവരോടൊപ്പം യാഹ്‌വെയ്ക്കു വസിക്കാന്‍ കഴിഞ്ഞില്ല. സമൂഹത്തിലെ ഒരു വ്യക്തിയുടെ അശുദ്ധിപോലും ആ സമൂഹത്തില്‍നിന്നു ദൈവത്തിന്റെ സാന്നിദ്ധ്യം വിട്ടകലാന്‍ കാരണമാകും എന്ന സത്യം നാം അറിഞ്ഞിരിക്കണം. ദൈവമായ യാഹ്‌വെയുടെ സാന്നിദ്ധ്യം നഷ്ടപ്പെട്ടതോടെ യിസ്രായേല്‍ജനത്തിനു പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു.

അപ്പോള്‍ യാഹ്‌വെ അരുളിച്ചെയ്തത് ഇപ്രകാരമാണ്: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുകയില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ശുവാ: 7; 11, 12). യാഹ്‌വെ കൂടെയുണ്ടായിരിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവിടുന്ന് കൂടെയില്ലാത്ത അവസരങ്ങളിലൊന്നും യിസ്രായേലിന് ശത്രുക്കളോടു പൊരുതിജയിക്കാന്‍ കഴിയില്ല എന്നത് ചരിത്രം തെളിയിച്ച പാഠമാണ്. നിഷിദ്ധവസ്തുക്കളാണ് യാഹ്‌വെയെയും യിസ്രായേലിനെയും തമ്മില്‍ അകറ്റുന്ന ഒരു പ്രധാനഘടകം. യാഥാര്‍ത്ഥ്യം ഇതാണെങ്കില്‍, ശിവ-പാര്‍വ്വതി ലൈംഗിക വൈകൃതത്തിന്റെ പ്രതീകമായ നിലവിളക്കുകള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ആരാധനാലയങ്ങളില്‍ ദൈവീകസാന്നിദ്ധ്യം ഉണ്ടെന്നു ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലെ അന്തേവാസികളായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ദൈവമായ യാഹ്‌വെയെ, അവിടുന്ന് ആയിരിക്കുന്ന പരിശുദ്ധിയോടെ അറിഞ്ഞിട്ടില്ലാത്ത വിഡ്ഢികളാണ് ഇത്തരം പൈശാചിക അനുകരണങ്ങളുടെ വക്താക്കള്‍! 

യാഹ്‌വെ അരുളിചെയ്തത്തിന്റെ തുടര്‍ച്ച ഇങ്ങനെയാണ്: "യിസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തു മാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(യോഹ്ശുവാ: 7; 13). കന്യകാമറിയത്തോടൊപ്പം യാഹ്‌വെ ഉണ്ടെന്ന യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചത് യാഹ്‌വെയുടെ ദൂതനാണ്‌! പരിശുദ്ധ അമ്മയില്‍ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, യാഹ്‌വെയുടെ നിയമങ്ങള്‍ ഇടംവലം തിരിയാതെ പാലിക്കുന്ന വ്യക്തികൂടിയായിരുന്നു. സമൂഹത്തില്‍നിന്നുതന്നെ ദൈവത്തെ അകറ്റാന്‍ ഒരുവന്റെ അശുദ്ധി കാരണമാകും എന്നതിന് അനേകം ദൃഷ്ടാന്തങ്ങള്‍ ബൈബിളിലുണ്ട്. യിസ്രായേലിനോടൊപ്പവും, വ്യക്തിപരമായി ഓരോ യിസ്രായേല്‍ക്കാരനോടൊപ്പവും നിത്യസാന്നിദ്ധ്യമായിരിക്കാനാണ് യാഹ്‌വെ അഭിലഷിക്കുന്നത്. അവിടുന്ന് നല്‍കിയിരിക്കുന്ന നിയമങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. അന്യദേവന്മാരുടെ സ്വാധീനമുള്ളവരോ മൃഗവേഴ്ച, സ്വവര്‍ഗ്ഗരതി എന്നിങ്ങനെയുള്ള അതീവഗുരുതരമായ പാപങ്ങളുടെ ബന്ധനത്തില്‍ കഴിയുന്നവരോ ആയ വ്യക്തികളെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കണമെന്നു കല്പിച്ചിരിക്കുന്നത് അശുദ്ധിയില്‍ വസിക്കാന്‍ അവിടുത്തേക്കു സാധിക്കില്ല എന്നതുകൊണ്ടാണ്. ദൈവജനത്തെ അന്യദേവന്മാരിലേക്കു പടിപടിയായി നയിക്കാന്‍ ശ്രമിക്കുന്നവന്‍ പ്രവാചകവേഷത്തിലാണെങ്കില്‍പ്പോലും അവനെ കല്ലെറിഞ്ഞു കൊല്ലണമെന്നു കല്പിച്ചിരിക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ!

യിസ്രായേലിന്റെ ദൈവമായ നമ്മുടെ യാഹ്‌വെയ്ക്ക് അശുദ്ധിയില്‍ വസിക്കാന്‍ കഴിയില്ല. ഇന്നും അതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും മാറ്റം സംഭവിക്കുകയുമില്ല! പരിശുദ്ധ കന്യകാമറിയത്തോട് ദൈവദൂതന്‍ പറഞ്ഞവാക്കുകളെ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കണമെങ്കില്‍ ഈ സത്യംകൂടി ചേര്‍ത്തുവച്ചു പരിഗണിക്കണം. 'യാഹ്‌വെ നിന്നോടുകൂടെ' എന്ന് ദൂതന്‍ അറിയിച്ച രണ്ടു വാക്കുകളില്‍ മാതാവിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ അവസ്ഥകള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു! യാഹ്‌വെ കൂടെയുള്ള അവസ്ഥയില്‍ ആയിരുന്നു എന്നതുകൊണ്ടാണ് യാഹ്‌വെ തന്നെയായ യേഹ്ശുവായ്ക്ക് മനുഷ്യനായി ജനിക്കാന്‍ മറിയത്തിന്റെ ഉദരം പരിഗണിക്കപ്പെട്ടത്. പരമപരിശുദ്ധനെ ഉദരത്തില്‍ വഹിക്കാന്‍ ഭാഗ്യം ലഭിച്ച മറ്റൊരു സ്ത്രീയും ഈ ലോകത്തു ജനിച്ചിട്ടില്ല എന്നതുകൊണ്ട്, പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി യെലിശബേത്ത് ഉദ്ഘോഷിച്ചു: "നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം"(ലൂക്കാ: 1; 42).

അതായത്, ദൈവമായ യാഹ്‌വെ മറിയത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ദൈവകൃപ നിറഞ്ഞവള്‍ എന്ന് ദൈവദൂതനാല്‍ വിളിക്കപ്പെട്ടു. അത് സ്വര്‍ഗ്ഗത്തിന്റെ വെളിപ്പെടുത്തലാണ്. ദൈവമായ യാഹ്‌വെ കൂടെയുണ്ടായിരിക്കുകയും അവിടുത്തെ കൃപയാല്‍ നിറയപ്പെടുകയും ചെയ്യണമെങ്കില്‍ വിഗ്രഹങ്ങളുടെയോ വിജാതിയതയുടെയോ യാതൊരുവിധ മാലിന്യവും ഉണ്ടായിരിക്കാന്‍ പാടില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ സ്വഭാവസവിശേഷതകളില്‍ പ്രധാനപ്പെട്ടതാണത്! പരിശുദ്ധ കന്യകാമറിയത്തില്‍ മാലിന്യമുണ്ടായിരുന്നുവെങ്കില്‍ യേഹ്ശുവായ്ക്ക് പിറക്കാന്‍ അവളുടെ ഉദരം തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ല. വാഗ്ദാനപേടകത്തില്‍ യാഹ്‌വെയ്ക്കു വന്നുവസിക്കാന്‍ അനിവാര്യമായിരുന്നത് പരിശുദ്ധിയായിരുന്നതുപോലെ, യേഹ്ശുവായ്ക്ക് മനുഷ്യനായി ജനിക്കാനും പരിശുദ്ധമായ ഒരു പേടകം അനിവാര്യമായിരുന്നു. വാഗ്ദാനപേടകത്തെ പവിത്രമാകുന്നത് അതില്‍ സാന്നിദ്ധ്യം നല്‍കുന്ന യാഹ്‌വെ മുഖാന്തിരമാണ്. യാഹ്‌വെയുടെ സാന്നിദ്ധ്യം ഇല്ലാതാകുന്നതോടെ വാഗ്ദാനപേടകം കരുവേലമരത്തില്‍ തീര്‍ത്ത വെറുമൊരു പെട്ടിയായി മാറും. എന്നാല്‍, ഒന്‍പതുമാസവും ഒന്‍പതുദിവസവും രക്ഷകനെ വഹിച്ച ഗര്‍ഭപാത്രത്തിന്റെ പവിത്രത, ശിശുവിനെ പ്രസവിച്ചതോടെ നഷ്ടപ്പെടുന്നില്ല. മന്നായും ഉടമ്പടിപ്പത്രികയും സൂക്ഷിച്ച വാഗ്ദാനപേടകവും രക്ഷകനെ വഹിച്ച വാഗ്ദാനപേടകവും തമ്മിലുള്ള വ്യത്യാസം ഇതാണ്!

എന്തുകൊണ്ടാണ് കന്യകാമറിയമാകുന്ന വാഗ്ദാനപേടകത്തിന്റെ പവിത്രത നഷ്ടപ്പെടാത്തത്? ഇത് വളരെ ഗൗരവമുള്ള ചോദ്യമാണ്. കൂടുതല്‍ വിവരണത്തിനു മുതിരാതെ, വളരെ ലളിതമായി ഉത്തരം നല്‍കാം. പേടകനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്: "കരുവേലമരംകൊണ്ട് ഒരു പേടകം നിര്‍മ്മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം. ശുദ്ധിചെയ്ത സ്വര്‍ണ്ണംകൊണ്ട് അതിന്റെ അകവും പുറവും പൊതിയണം"(പുറപ്പാട്: 25; 10, 11). പേടകം നിര്‍മ്മിക്കേണ്ടത് എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കുന്ന വിവരണം പൂര്‍ണ്ണമായി ഇവിടെ കുറിക്കുന്നില്ല. എന്തെന്നാല്‍, ഇവിടെ കുറിച്ചിരിക്കുന്ന വിവരണത്തില്‍ത്തന്നെ നമുക്കാവശ്യമായ വിവരം ലഭിക്കുന്നുണ്ട്. പേടകത്തിനുവേണ്ടി ഉപയോഗിക്കുന്നത് ശുദ്ധിചെയ്ത സ്വര്‍ണ്ണമായിരിക്കണം എന്ന നിര്‍ദ്ദേശമാണ് യാഹ്‌വെ മോശയ്ക്കു നല്‍കിയത്. അതായത്, മോശയോടു നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട വാഗ്ദാനപേടകത്തെ ശുദ്ധീകരിച്ചത് മനുഷ്യനായിരുന്നു. പേടകത്തിനോ പേടകനിര്‍മ്മാണത്തിനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ക്കോ സ്വമേധയാ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു നമുക്കറിയാം. മനുഷ്യസഹായത്തോടെയാണ് പേടകം ശുദ്ധിയാക്കുന്നതും വഹിച്ചുകൊണ്ടുപോകുന്നതും. എന്നെങ്കിലും അതിനു കേടുപാടുകള്‍ സംഭവിച്ചാല്‍ അത് പുനരുദ്ധരിക്കുകയോ പുതിയത് നിര്‍മ്മിക്കുകയോ വേണം. പുതിയത് നിര്‍മ്മിക്കുന്നതോടെ പഴയത് അവഗണിക്കപ്പെടുന്നു. എന്നാല്‍, ജീവനുള്ള ഒരു വ്യക്തിയെയാണ് പേടകമായി തിരഞ്ഞെടുക്കുന്നതെങ്കില്‍, ആ പേടകം വലിച്ചെറിയപ്പെടുന്നില്ല.

കന്യകാമറിയത്തെ ശുദ്ധീകരിച്ചെടുക്കുക ആയിരുന്നില്ല; ശുദ്ധിയുള്ളതുകൊണ്ടു തിരഞ്ഞെടുക്കുകയായിരുന്നു! ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ നിയമങ്ങള്‍ ഇടംവലം തിരിയാതെ പാലിക്കുകയും ചെയ്തതിലൂടെ ദൈവത്തിന്റെ പ്രീതിയ്ക്കു പാത്രമായ വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. മനുഷ്യനായ യേഹ്ശുവായെ ഉദരത്തില്‍ വഹിക്കുന്നതിനു മുന്‍പുതന്നെ കന്യകാമറിയത്തോടൊപ്പം യാഹ്‌വെയും അവിടുത്തെ കൃപയും ഉണ്ടായിരുന്നു. 'യാഹ്‌വെ നിന്നോടുകൂടെ' എന്ന അഭിവാദനത്തില്‍ത്തന്നെ ഇക്കാര്യം സ്പഷ്ടമാണ്. ഉടമ്പടിപ്പത്രവും മന്നായും നിക്ഷേപിക്കപ്പെട്ടതിലൂടെ പവിത്രമാക്കപ്പെട്ടതാണ് കരുവേലമരത്തില്‍ നിര്‍മ്മിച്ച പേടകമെങ്കില്‍, പവിത്രമായിരുന്നതുകൊണ്ട്, വാസത്തിനായി തിരഞ്ഞെടുക്കപ്പെട്ടതാണ് കന്യകാമറിയം ആകുന്ന പേടകം! അതായത്, യേഹ്ശുവായെ വഹിച്ചതുകൊണ്ടല്ല മറിയം പവിത്രീകരിക്കപ്പെടുകയും സ്വീകാര്യയാവുകയും ചെയ്തത്; മറിച്ച്, പവിത്രയും സ്വീകാര്യയും ദൈവം കൂടെയുണ്ടായിരുന്ന വ്യക്തിയും ആയിരുന്നതുകൊണ്ടാണ്‌ യേഹ്ശുവായ്ക്കുവേണ്ടി ഒരു ശരീരം കന്യകാമറിയത്തില്‍നിന്നു സ്വീകരിച്ചത്. അതേ, യേഹ്ശുവായുടെ ശരീരവും രക്തവും കന്യകാമറിയത്തില്‍നിന്ന് എടുക്കപ്പെട്ടതാണ്! മനുഷ്യകുലം ഉണ്ടാകേണ്ടതിന് പുരുഷനില്‍നിന്നു സ്ത്രീ എടുക്കപ്പെട്ടുവെങ്കില്‍, മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി സ്ത്രീയില്‍നിന്നു പുരുഷന്‍ എടുക്കപ്പെട്ടു!

വാഗ്ദാനപേടകം നിര്‍മ്മിക്കുമ്പോള്‍ ശുദ്ധിചെയ്ത സ്വര്‍ണ്ണം ഉപയോഗിക്കണമെന്ന് യാഹ്‌വെ മോശയോടു നിര്‍ദ്ദേശിച്ചതുപോലെ, കന്യകാമറിയത്തിന്റെ ഉദരത്തില്‍ രക്ഷകനു ജനിക്കാന്‍ പ്രത്യേകമായ എന്തെങ്കിലും ക്രമീകരണങ്ങള്‍ വേണമെന്നു ദൂതന്‍ പറഞ്ഞില്ല. ശിശു ജനിക്കുമ്പോള്‍ അവന് യേഹ്ശുവാ എന്ന് പേരിടണം എന്നുമാത്രമേ നിര്‍ദ്ദേശിച്ചുള്ളു. കന്യകാമറിയത്തോട് എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യപ്പെടാത്തത്, മറിയം പരിപൂര്‍ണ്ണയായിരുന്നതുകൊണ്ടാണ്. ഇത് മനസ്സിലാക്കണമെങ്കില്‍, മറ്റു ചില വ്യക്തികളുടെ ജനനത്തെ സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന വിവരണം ശ്രദ്ധിച്ചാല്‍ മതി. യേഹ്ശുവായുടെ ജനനത്തെക്കുറിച്ചുള്ള സന്ദേശവുമായി യാഹ്‌വെയുടെ ദൂതന്‍ കന്യകാമറിയത്തെ സമീപിച്ചതുപോലെ, സാംസണ്‍ എന്ന മനുഷ്യന്റെ ജനനത്തെക്കുറിച്ച് അറിയിക്കാനായി ദൈവദൂതന്‍ ഒരു സ്ത്രീയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ചരിത്രം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വിവരണം ശ്രദ്ധിക്കുക: "സോറായില്‍ ദാന്‍ ഗോത്രജനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവര്‍ക്കു മക്കളില്ലായിരുന്നു. യാഹ്‌വെയുടെ ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്"(ന്യായാധിപന്മാര്‍: 13; 2-4).

തുടര്‍ന്നുള്ള ഭാഗം വായിക്കാതെതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഒരു പ്രവാചകന്‍പോലുമല്ലാത്ത സാംസണ്‍ എന്ന ശക്തന്റെ ജനനത്തിനുവേണ്ടി അവന്റെ അമ്മ എങ്ങനെ തയ്യാറാകണം എന്നതാണ് ദൈവദൂതന്‍ നിര്‍ദ്ദേശിച്ചത്. ഗര്‍ഭധാരണത്തിനു മുന്‍പ് ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. സൂക്ഷിക്കണം, ലഹരിപാനീയങ്ങള്‍ വര്‍ജ്ജിക്കണം, അശുദ്ധമായതൊന്നും ഭക്ഷിക്കരുത് എന്നീ മൂന്നു നിര്‍ദ്ദേശങ്ങളാണ് ദൂതന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, ദൈവമായ യാഹ്‌വെയ്ക്കു മനുഷ്യനായി പിറക്കാന്‍ ഒരു അമ്മയെ തിരഞ്ഞെടുത്തപ്പോള്‍, അവള്‍ തന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെന്നു ദൂതന്‍ നിര്‍ദ്ദേശിച്ചില്ല. അതായത്, പരിശുദ്ധ കന്യകാമറിയം തുടര്‍ന്നുപോന്ന ജീവിതത്തിന് ഒരു പോരായ്മപോലും ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശുദ്ധിയില്‍നിന്നു വ്യതിചലിച്ചിരുന്നുവെങ്കില്‍ മാത്രമാണല്ലോ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുകയുള്ളു! ആരുടെ ജനനത്തെയുംകാള്‍ മുന്നൊരുക്കങ്ങള്‍ ആവശ്യമുള്ളത് യേഹ്ശുവായുടെ ജനനത്തിനാണ് എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെന്നു മനോവ കരുതുന്നില്ല. കന്യകാമറിയത്തിന്റെ പരിപൂര്‍ണ്ണ പരിശുദ്ധിയാണ് അവള്‍ തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം! ഒരു നാസീര്‍വ്രതക്കാരനു ജനിക്കാന്‍പോലും അവന്റെ അമ്മ അശുദ്ധിയില്‍നിന്നു വേറിട്ടുനില്‍ക്കുന്നവള്‍ ആയിരിക്കണമെന്നിരിക്കെ, ദൈവത്തിനു മനുഷ്യനായി വന്ന് നമ്മുടെയിടയില്‍ വസിക്കാന്‍ എത്രത്തോളം വിശുദ്ധമായ സാഹചര്യത്തില്‍ നാമായിരിക്കണം!

പരിശുദ്ധ കന്യകാമാതാവിനെ വാഗ്ദാനപേടകത്തോട് ഉപമിക്കുന്നതില്‍ ചില അക്ഷരത്തെറ്റുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രത്യേകം ഓര്‍മ്മിക്കണം. മോശയോടു നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട വാഗ്ദാനപേടകത്തിന് ചില ശുദ്ധീകരണ നടപടികള്‍ വേണമെന്നു യാഹ്‌വെ കല്പിച്ചിരുന്നു. അതിനുള്ളില്‍ പതിപ്പിക്കേണ്ട പാളികള്‍ ശുദ്ധീകരിച്ച സ്വര്‍ണ്ണത്തില്‍ തീര്‍ത്തതായിരിക്കണമെന്ന് അവിടുന്ന് കല്പിച്ചു. അതായത്, ശുദ്ധിയാക്കപ്പെട്ട പേടകത്തിലാണ് മന്നായും ന്യായപ്രമാണങ്ങളും സൂക്ഷിക്കേണ്ടത്. അവിടുത്തേക്ക്‌ കടന്നുവരാനുള്ള പരിശുദ്ധി ഉണ്ടെങ്കില്‍ മാത്രമേ അവിടുന്ന് കടന്നുവരുകയുള്ളു. എന്നാല്‍, പരിശുദ്ധ കന്യകാമാതാവിന്റെ ഉദരത്തിലേക്കു കടന്നുവരാന്‍ പ്രത്യേകമായ ശുദ്ധീകരണ നടപടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടില്ല. കന്യകാമാതാവ് ജന്മംകൊണ്ടുതന്നെ പരിശുദ്ധിയില്‍ ആയിരുന്നതുകൊണ്ടും, എല്ലായ്പ്പോഴും യാഹ്‌വെ കൂടെയുണ്ടായിരുന്നതുകൊണ്ടുമാണ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ആവശ്യമായിവരാത്തത്. ഒരിക്കല്‍പ്പോലും വിഗ്രഹങ്ങളാല്‍ തന്നെത്തന്നെ മലിനയാക്കുകയോ തിന്മയില്‍ വ്യാപരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയോട് ശുദ്ധീകരണം ആവശ്യപ്പെടുന്നതും തിന്മ ചെയ്യരുതെന്നു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് ആ വ്യക്തിയെ അപമാനിക്കുന്നതിനു തുല്യമാണ്. മാതാവിന്റെ നിത്യവിശുദ്ധിയില്‍ ചില അശുദ്ധര്‍ക്ക് സംശയമുണ്ടെങ്കിലും ദൈവത്തിനും സ്വര്‍ഗ്ഗത്തിനും യാതൊരു സംശയവുമില്ല!

പരിശുദ്ധ കന്യകാമാതാവ് തന്റെ പുത്രനെ ഉദരത്തില്‍ വഹിച്ചിരുന്നപ്പോള്‍ മാത്രമല്ല പരിശുദ്ധയായിരുന്നത്. പുത്രനെ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പേതന്നെ യാഹ്‌വെ കൂടെയുള്ളവള്‍ ആയിരുന്നുവെന്ന് സ്വര്‍ഗ്ഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. പുത്രനെ പ്രസവിച്ചതിനുശേഷം യാഹ്‌വെ അവളില്‍നിന്ന് വിട്ടുപോകുമെന്നു ചിന്തിക്കുന്നതു മൗഢ്യവുമാണ്. എന്നാല്‍, മോശ നിര്‍മ്മിച്ച വാഗ്ദാനപേടകത്തില്‍നിന്നു മന്നായും ന്യായപ്രമാണങ്ങളും എടുത്തുമാറ്റുകയോ യിസ്രായേല്‍ക്കാര്‍ വിഗ്രഹങ്ങളാല്‍ മലിനരാകുകയോ ചെയ്യുന്ന നിമിഷം തന്നെ അതു കരുവേലമരത്തില്‍ തീര്‍ത്ത വെറുമൊരു പെട്ടി മാത്രമാകും. അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നു നാം മനസ്സിലാക്കിയാതുമാണ്. ആയതിനാല്‍ത്തന്നെ, പരിശുദ്ധ അമ്മയെ വാഗ്ദാനപേടകത്തോട് ഉപമിക്കുന്നത് അമ്മ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്ന മഹനീയ പദവിയെ ഇകഴ്ത്തുന്നതിനു തുല്യമാണ്! യേഹ്ശുവായെ പ്രസവിച്ചതോടെ യാഹ്‌വെ കൂടെയില്ലാത്ത അവസ്ഥയിലേക്ക് മാതാവ് മാറിയില്ല; മാറുകയുമില്ല!

പരിശുദ്ധി ഉള്ളിടത്തു മാത്രമേ ദൈവത്തിനു കടന്നുവരുവാനും വസിക്കുവാനും സാധിക്കുകയുള്ളു. ഈ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നതിനിടയില്‍ പല തെളിവുകളും നാം കണ്ടെത്തി. പരിശുദ്ധ കന്യകാമറിയത്തെയും വാഗ്ദാനപേടകത്തെയും ചേര്‍ത്തുവച്ചു നടത്തിയ പഠനവും അതിലൊന്നായിരുന്നു. ഇനി നമുക്ക് വിഷയത്തിലേക്കു കൂടുതല്‍ അടുത്തുവരാം. വ്യക്തിയോടൊപ്പമോ സമൂഹത്തോടൊപ്പമോ യാഹ്‌വെ വന്നു വസിക്കുന്നത് പരിശുദ്ധിയില്‍ തുടരുന്ന കാലമെത്രയോ അത്രയും കാലമായിരിക്കും. അവിടുത്തെ നിയമങ്ങളെ ധിക്കരിച്ച് ലോകത്തിന്റെ പ്രവണതയനുസരിച്ചു ജീവിക്കാന്‍ വ്യക്തിയോ സമൂഹമോ തുടങ്ങുമ്പോള്‍ അവിടുന്ന് അവരെവിട്ട് അകന്നുപോകും. യിസ്രായേലിന്റെ ചരിത്രം നല്‍കുന്ന പാഠം അതാണ്‌. വാഗ്ദാനപേടകത്തിലെ അശുദ്ധികൊണ്ടായിരുന്നില്ല അവിടുന്ന് പേടകത്തില്‍നിന്നു പുറത്തുപോയത്; പിന്നെയോ, വാഗ്ദാനപേടകം ആരുടെയിടയിലാണോ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്, ആ സമൂഹത്തിന്റെ മലിനതയാണ് അവിടുത്തെ പിന്‍മാറ്റത്തിനു ഹേതുവായത്. ക്രിസ്ത്യാനികളായ നമുക്ക് ക്രിസ്തു നല്‍കിയിരിക്കുന്ന വാഗ്ദാനവും നിലനില്‍ക്കുന്നത് അവിടുത്തെ നിയമത്തില്‍ വ്യാപരിക്കുന്ന കാലത്തോളം മാത്രമാണ്. വ്യക്തിയോ സഭയോ അശുദ്ധിയില്‍ മുഴുകിയാല്‍ ക്രിസ്തുവിനു കൂടെവസിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം പലരും വേണ്ടവിധം ഗ്രഹിച്ചിട്ടില്ല. പിശാചിന്റെ ബന്ധനത്തില്‍ കഴിയുന്നവര്‍ ദൈവവചനം വ്യാഖ്യാനിക്കുകയും ക്രിസ്തുവിനെക്കുറിച്ച് അബദ്ധങ്ങള്‍ പഠിപ്പിക്കുകയും ചെയ്തതിന്റെ പരിണിതഫലമായി അതീവഗുരുതരമായ അവസ്ഥയിലാണ് ക്രിസ്ത്യാനികളില്‍ പലരും.

'പഴയനിയമത്തിലെ ദൈവം, പുതിയനിയമത്തിലെ ദൈവം' എന്നിങ്ങനെ രണ്ടുതരം ദൈവങ്ങളെക്കുറിച്ചു പഠിപ്പിക്കുന്ന 'ദൈവശാസ്ത്ര പാമരന്മാര്‍' വിവരിക്കുന്നതിലൂടെ ദൈവത്തിന്റെ പരിശുദ്ധിപോലും ഇകഴ്ത്തപ്പെടാന്‍ കാരണമാകുന്നു! വ്യാജോപദേഷ്ടാക്കളും കപട അപ്പസ്തോലന്മാരും ദൈവമക്കളുടെമേല്‍ അദ്ധ്യാപനം നടത്താന്‍ അതിക്രമിച്ചുകടന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. എല്ലാ ക്രൈസ്തവസമൂഹങ്ങളിലും ഈ സ്ഥിതിയുണ്ട്. അംഗസംഖ്യയുടെ അനുപാതമനുസരിച്ച്, വലിയ സമൂഹത്തില്‍ കടന്നുകൂടിയ ദുരുപദേഷ്ടാക്കളുടെ സംഖ്യയും വലുതായിരിക്കുമെന്ന് ഊഹിക്കാമല്ലോ! സഭാഭേദമന്യേ ഇവരെല്ലാം ചേര്‍ന്ന് ക്രിസ്തുവിനെ ഉദാരവത്ക്കരണത്തിന്റെ മാതൃകാ പുരുഷോത്തമനാക്കി മാറ്റിയിരിക്കുകയാണ്. അശുദ്ധിയില്‍ വ്യാപരിക്കുന്ന കാര്യത്തില്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നയത്തില്‍നിന്നു തികച്ചും വ്യത്യസ്തനായ 'നവലിബറല്‍' വ്യക്തിത്വമാണ് യേഹ്ശുവായ്ക്ക് ഇവര്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. അതായത്, സൈന്യങ്ങളുടെ ദൈവവും അശുദ്ധിയോടു സന്ധിചെയ്യാത്തവനുമായ യാഹ്‌വെയുടെ യാഥാസ്ഥിതിക നിലപാടുകളെയെല്ലാം തള്ളിക്കളഞ്ഞ ഒരു നവോത്ഥാനനായകന്റെ സ്ഥാനം യേഹ്ശുവായ്ക്ക് ഈ അധമന്മാര്‍ നകിയിരിക്കുന്നു!

യേഹ്ശുവായുടെ രക്ഷാകര ദൗത്യകാലത്ത് സമകാലികരായിരുന്ന യെഹൂദര്‍ ആരോപിച്ചിരുന്ന അതേ കുറ്റംതന്നെയാണ് അഭിനവ ആചാര്യന്മാരെ അവിടുത്തെമേല്‍ ഇപ്പോള്‍ ആരോപിക്കുന്നത്. പാപികളുടെയും ചുങ്കക്കാരുടെയും ഒപ്പം ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു യേഹ്ശുവായുടെമേല്‍ യെഹൂദര്‍ ആരോപിച്ച കുറ്റം. ബൈബിളില്‍ അത് ഇപ്രകാരം വായിക്കുന്നു: "അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? ഇതു കേട്ട് യേഹ്ശുവാ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്"(മര്‍ക്കോ: 2; 15-17). അവിടുന്ന് പാപികളുടെകൂടെ ഭക്ഷണത്തിന് ഇരുന്നു എന്നത് യെഹൂരുടെ ഒരു ആരോപണം മാത്രമാണ്; അവിടുന്ന് ഭക്ഷണത്തിനിരുന്നത് പാപികളുടെകൂടെ ആയിരുന്നില്ല. പാപം ഉപേക്ഷിച്ച്, നീതിയുടെ മാര്‍ഗ്ഗത്തില്‍ വന്നവരായിരുന്നു യേഹ്ശുവായോടൊപ്പം യാത്രചെയ്യുകയും ഭക്ഷണത്തിനിരിക്കുകയും ചെയ്തിട്ടുള്ളത്.

പശ്ചാത്തപിക്കുന്ന ഏതൊരു പാപിയും നീതീകരിക്കപ്പെട്ട അവസ്ഥയിലാണ്. മാത്രവുമല്ല, പാപത്തില്‍ മുഴുകി ജീവിക്കുന്ന ആര്‍ക്കും യേഹ്ശുവായോടൊപ്പം ഭക്ഷിക്കാനോ പാനംചെയ്യാനോ സാധിക്കുകയില്ല. വ്യഭിചാരിണികളായിരുന്ന അനേകം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ മാറ്റംവരുത്തിയപ്പോഴാണ് അവിടുത്തോടൊപ്പം യാത്രചെയ്തിട്ടുള്ളത്. അതുപോലെതന്നെ, എല്ലാ ചുങ്കക്കാരും പാപികളാണെന്നു ചിന്തിക്കുന്നത് സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന ഒരു പൊതുധാരണ മാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന മേഖലയാണ് ആദായനികുതി വകുപ്പെന്നത് ഇന്നത്തെയും പോതുധാരനയാണ്. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരില്‍ ഏറെയും അഴിമതിക്കാരായിരുന്നു എന്നതുകൊണ്ട് 'ലേവി' എന്ന് വിളിക്കപ്പെടുന്ന ചുങ്കക്കാരന്‍ മത്തായി പാപിയാണെന്ന് വിധിക്കാന്‍ യെഹൂദര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. ബൈബിളിലെ ആദ്യ സുവിശേഷഗ്രന്ഥം എഴുതിയത് ഈ മത്തായിയാണ്! യേഹ്ശുവായില്‍ യെഹൂദര്‍ ആരോപിച്ച കുറ്റങ്ങളാണ് ഇന്നത്തെ ക്രൈസ്തവ ആചാര്യന്മാരും കുറ്റങ്ങളായി പരിഗണിക്കുന്നതെങ്കില്‍, ഈ ആചാര്യന്മാരും അവരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? യേഹ്ശുവായോടൊപ്പം അവിടുന്ന് പോയിടത്തെല്ലാം അനുഗമിച്ചത് പാപം ഉപേക്ഷിച്ച വ്യക്തികളായിരുന്നു. വിജാതിയത അനുകരിക്കുകയോ വിഗ്രഹങ്ങളെ തോളിലേറ്റുകയോ ചെയ്തുകൊണ്ട് ആരും അവിടുത്തെ പിന്നാലെ നടന്നിട്ടില്ല. അങ്ങനെയുള്ളവരെ അവിടുന്ന് കൂടെക്കൂട്ടിയിട്ടുമില്ല!

ഇതിനെല്ലാമപ്പുറമുള്ള മറ്റൊരു സത്യംകൂടി ക്രൈസ്തവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മുപ്പത്തിമൂന്നു വര്‍ഷക്കാലം ഭൂമിയില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത യേഹ്ശുവാ പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു. ചിലര്‍ ആരോപിക്കുന്നതുപോലെ, ആ കാലയളവില്‍ അവിടുന്ന് ദൈവവും മനുഷ്യനും എന്ന അവസ്ഥയില്‍ ആയിരുന്നില്ല. എന്നാല്‍, മരണാനന്തരം ഉത്ഥിതനായ യേഹ്ശുവാ ഒരേസമയം ദൈവവും മനുഷ്യനുമായിരുന്നു! ഈ ലോകത്തിലെ മലിനതയില്‍ വസിക്കാന്‍ ദൈവത്തിനു സാധിക്കാത്തതുകൊണ്ടും മരണമെന്ന അനിവാര്യതയിലൂടെ കടന്നുപോകേണ്ടിയിരുന്നതുകൊണ്ടുമാണ് അവിടുന്ന് മനുഷ്യനായി ഭൂമിയിലേക്കു വന്നത്. ദൈവത്തിന് അശുദ്ധിയില്‍ വ്യാപരിക്കാനോ മരിക്കാനോ സാധിക്കില്ല! അതിനാല്‍ത്തന്നെ പരിപൂര്‍ണ്ണ മനുഷ്യനായി ജനിക്കേണ്ടത് പാപപരിഹാരബലിക്ക് അനിവാര്യമായിരുന്നു. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‍, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേഹ്ശുവായുടെ നാമത്തിനു മുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ യാഹ്‌വെയാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്"(ഫിലിപ്പി: 2; 6-12).

എല്ലാ രഹസ്യങ്ങളും പരസ്യപ്പെടുത്തിയിരിക്കുന്ന വാക്കുകളാണ് നാമിവിടെ വായിച്ചത്. ദൈവവുമായുള്ള സമാനത നിലര്‍ത്താതെ, പരിപൂര്‍ണ്ണ മനുഷ്യനായി യേഹ്ശുവാ ഭൂമിയില്‍ വന്നു. കുരിശുമരണംവരെയും അതേ അവസ്ഥയില്‍ത്തന്നെ ജീവിച്ചു. എന്നാല്‍, ഉത്ഥിതനായ യേഹ്ശുവാ സര്‍വ്വശക്തനായ ദൈവവും സകലത്തിന്റെയും അധികാരിയുമായി തിരികെ പ്രവേശിച്ചു. ചെകിട്ടത്തടിക്കാനും കാര്‍ക്കിച്ചു തുപ്പാനും അവിടുന്ന് ഇനി ആരുടേയും മുന്‍പില്‍ നില്‍ക്കില്ല! ഇനിയും അവിടുത്തെ നേരേ ഒരു വിരലും ചൂണ്ടപ്പെടുകയുമില്ല! അസഹിഷ്ണുവായ ഈ ദൈവത്തെ വിളിച്ചുവരുത്തി വിഗ്രഹാലയങ്ങളില്‍, നിലവിളക്കിനു മുന്‍പില്‍ ഇരുത്താമെന്നു കരുതിയിരിക്കുന്ന പമ്പരവിഡ്ഢികള്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരുടെയും മുട്ടുകള്‍ അവിടുത്തെ മുന്‍പില്‍ മടങ്ങും! യേഹ്ശുവായ്ക്കു മുകളില്‍ ഒരു അധികാരസ്ഥാനങ്ങളും ഇല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത ആരെയും ക്രിസ്ത്യാനികളുടെ സമൂഹത്തില്‍ അവിടുന്ന് പരിഗണിക്കുമെന്ന് കരുതരുത്. ആയതിനാല്‍, സകലവിധ വിജാതിയതയുടെയും കൂത്തരങ്ങുകളായ ആലയങ്ങളില്‍ വന്നു വസിക്കാന്‍ യേഹ്ശുവായുടെ പരിശുദ്ധിക്കു സാധിക്കില്ല! 

വാഗ്ദാനപേടകത്തില്‍നിന്നു യാഹ്‌വെ അവിടുത്തെ സാന്നിദ്ധ്യം പിന്‍വലിച്ചത് പേടകത്തിലെ അശുദ്ധികൊണ്ടായിരുന്നില്ല; പേടകം ആരുടെയിടയില്‍ സ്ഥിതിചെയ്തിരുന്നുവോ, ആ സമൂഹത്തിന്റെ അധഃപതനമാണ് അവിടുത്തെ പിന്മാറ്റത്തിനു കാരണമായത്. യിസ്രായേല്‍ക്കാരുടെയിടയില്‍ വിജാതിയരായ പരദേശികളും, മുന്‍കാലങ്ങളില്‍ അവിടെ ജീവിച്ച വിജാതിയരുടെ തലമുറയില്‍പ്പെട്ടവരും അവരവരുടെ ആചാരങ്ങളില്‍ മുഴുകി ജീവിച്ചിരുന്നു. അതൊന്നും യാഹ്‌വെയെ അലോസരപ്പെടുത്തുകയോ അസഹിഷ്ണുവാക്കുകയോ ചെയ്തില്ല! അതിനു വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തിന്റെ കാര്യത്തില്‍ മാത്രമേ അവിടുന്ന് ഇടപെടുകയുള്ളു. വിജാതിയരെ തിരഞ്ഞെടുക്കുകയോ അവര്‍ക്കു നിയമങ്ങള്‍ നല്‍കുകയോ അവിടുന്ന് ചെയ്തിട്ടില്ല. തന്നെ ദൈവമായി അംഗീകരിച്ച് തന്റെ ജനമായ യിസ്രായേലിന്റെ ഭാഗമാകാനുള്ള അവസരം എല്ലാ ജനതകള്‍ക്കുമുണ്ടെങ്കിലും, അവിടുന്ന് ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. സ്വന്തം താത്പര്യപ്രകാരം തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിനുമേല്‍ കൈകടത്താന്‍ ദൈവമായ യാഹ്‌വെ തയ്യാറാകുന്നുമില്ല. എന്നാല്‍, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയെ സ്വന്തം ദൈവമായി സ്വീകരിച്ച്, അവിടുത്തെ നാമത്തില്‍ പരിച്ഛേദനം ചെയ്യാന്‍ തയ്യാറാകുന്നവരെ സ്വന്തം ജനമായി അവിടുന്ന് അംഗീകരിക്കും. ഇപ്രകാരം യിസ്രായേലിന്റെ ഭാഗമായി മാറുന്നതോടെ യാഹ്‌വെയുടെ നിയമങ്ങള്‍ അവര്‍ക്കും പ്രാബല്യത്തിലാകും.

യാഹ്‌വെ തിരഞ്ഞെടുത്ത അവിടുത്തെ ജനമായ യിസ്രായേനു നല്‍കിയിരിക്കുന്ന നിയമങ്ങള്‍ അവര്‍ പാലിക്കുന്നുവെങ്കില്‍, അവരോടൊപ്പം യാത്രചെയ്യുകയും അവരുടെയിടയില്‍ വസിക്കുകയും സകല ശത്രുക്കളില്‍നിന്നും അവരെ അവിടുന്നു സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍, യിസ്രായേല്‍ജനത്തിനു സമീപത്തു ജീവിക്കുന്ന വിജാതിയര്‍ തങ്ങളുടെ ദേവന്മാരിലേക്ക് അവരെ നയിക്കുകയോ, യിസ്രായേലിനെ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ വിജാതിയര്‍ക്കെതിരേ യാഹ്‌വെയുടെ കോപം ജ്വലിക്കുകയും അവരെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുകയും ചെയ്യുമെന്നതാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന പാഠം! യിസ്രായേലില്‍ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം കടന്നുവരുന്ന നിമിഷത്തില്‍ത്തന്നെ അവര്‍ക്കുള്ള സംരക്ഷണം യാഹ്‌വെ പിന്‍വലിക്കുകയും അവരില്‍നിന്ന് അകന്നുപോകുകയും ചെയ്യും. ശലോമോന്‍ നിര്‍മ്മിച്ച ദൈവാലയത്തില്‍ നിന്നുപോലും അവിടുന്ന് പിന്‍വാങ്ങിയിട്ടുണ്ട്. വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോഴാണ് അവിടുന്ന് ദൈവാലയവും അതിവിശുദ്ധമന്ദിരവും ഉപേക്ഷിച്ചത്. യാഹ്‌വെയുടെ പരിശുദ്ധി അന്നും ഇന്നും എന്നും ഒരേപോലെതന്നെയാണ്. അവിടുത്തെ സ്വഭാവത്തില്‍ യാതൊരു മാറ്റവും സംഭവിക്കുകയില്ല. ആയതിനാല്‍, ക്രൈസ്തവസമൂഹങ്ങളുടെ ആരാധനാലയങ്ങളില്‍ ഇന്ന് ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന പരിശോധന അനിവാര്യമായിരിക്കുന്നു. നിലവിളക്കോ വിജാതിയ ആചാരങ്ങളോ ഉള്ള ആരാധനാലയങ്ങളില്‍ ഒന്നില്‍പ്പോലും യേഹ്ശുവായുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതല്ല!

തിരുവോസ്തിയില്‍ വാഴുന്ന യേഹ്ശുവാ!

തിരുവോസ്തിയില്‍ വസിക്കുന്ന യേഹ്ശുവായെ ആരാധിക്കുന്ന ആരും വിഗ്രഹാരാധകരല്ല; ആ അപ്പം യേഹ്ശുവാ തന്നെയാണ്! ഈ യാഥാര്‍ത്ഥ്യത്തെ അരക്കിട്ടുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ബൈബിളില്‍നിന്നു നാമിതുവരെ കണ്ടെത്തിയത്. എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും എന്ന് യേഹ്ശുവാ പറഞ്ഞതിന്റെ പലവിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്വകാര്യസഭകള്‍ ഉണ്ടെന്നു നമുക്കറിയാം. യേഹ്ശുവാ നല്‍കുന്ന അപ്പത്തെ അവിടുത്തെ വചനമാണെന്നു സ്ഥാപിക്കാനാണ് പല സ്വതന്ത്രസഭകളും ശ്രമിച്ചിട്ടുള്ളത്. കത്തോലിക്കാസഭയെ വെടിവച്ചുവീഴ്ത്തുക എന്ന ഏകലക്ഷ്യത്തോടെ നിലകൊള്ളുന്ന സഭകള്‍ക്ക് ഇത്തരം ദുബ്ബലവാദങ്ങള്‍ തങ്ങളുടെ നിലനില്പിന് അനിവാര്യമാണെന്നു നമുക്കറിയാം. കത്തോലിക്കാസഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശകളില്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലുണ്ടെന്നും ദിവ്യകാരുണ്യത്തില്‍ ക്രിസ്തു വസിക്കുന്നുവെന്നും അംഗീകരിക്കുന്നതിനേക്കാള്‍ ഭേദം തങ്ങളുടെ സഭകള്‍ പിരിച്ചുവിടുന്നതാണെന്നു സ്വകാര്യ-സ്വതന്ത്ര-പരമാധികാര സഭകളുടെ വക്താക്കള്‍ക്കു നല്ല ബോധ്യമുണ്ട്. ദൈവവചനത്തെ സംബന്ധിച്ചിടത്തോളം അപക്വമതികളായ ഇവരുടെ വാദഗതികളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രമേ സത്യത്തില്‍ നിലനില്‍ക്കാന്‍ നമുക്കു സാധിക്കുകയുള്ളു!

ഞാനാണ് ജീവന്റെ അപ്പമെന്ന് യേഹ്ശുവാതന്നെ നമ്മോടു വെളിപ്പെടുത്തി. അവിടുത്തെ വാക്കുകളെ അവിശ്വസിച്ചുകൊണ്ട് ആര്‍ക്കും ക്രിസ്തീയതയില്‍ തുടരാന്‍ കഴിയില്ല. ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണെന്നു വെളിപ്പെടുത്തിയതും യേഹ്ശുവായാണ്. വചനം മാംസം ധരിച്ചതാണ് യേഹ്ശുവാ എന്ന വെളിപ്പെടുത്തല്‍ നല്കിയിരിക്കുന്നതുകൊണ്ട് അവിടുത്തെ ശരീരമെന്നത് വചനമല്ലേ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവന്നേക്കാം. സ്വകാര്യസഭകളുടെ വാദഗതികള്‍ക്ക് അടിസ്ഥാനമില്ലേ എന്ന ചിന്തകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍, ഈ വാദങ്ങളുടെയെല്ലാം മുനയൊടിക്കുന്ന വെളിപ്പെടുത്തല്‍ യേഹ്ശുവാ നല്‍കിയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. അന്ത്യത്താഴവേളയില്‍ അവിടുന്ന് അപ്പവും വീഞ്ഞുമെടുത്ത് ആശിര്‍വദിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണ് അപ്പം ഏതാണെന്നു സ്ഥിരീകരിച്ചത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍"(1 കോറി: 11; 24). അപ്പസ്തോലനായ പൗലോസ് നല്‍കുന്ന മുന്നറിയിപ്പുകൂടി വായിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള സ്ഥിരീകരണം പൂര്‍ണ്ണമാകും. മുന്നറിയിപ്പ് ഇങ്ങനെ: "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു"(1 കോറി: 11; 27). ശരീരവും രക്തവും ഏതാണെന്നതിനും യേഹ്ശുവാ തന്നെയാണ് ദിവ്യകാരുണ്യമെന്നും ഗ്രഹിക്കാന്‍ ഇതിലേറെ തെളിവുകളുടെ ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല.

കത്തോലിക്കാസഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനന്തമായി നിലനില്‍ക്കുന്നതാണോ എന്ന ചോദ്യത്തിന്, അല്ല എന്ന ഉത്തരമാണ് മനോവയ്ക്കു നല്‍കാനുള്ളത്. ആരെങ്കിലും മനോവയോടു ദേഷ്യപ്പെട്ടാലും, വചനപരമായി മനോവയ്ക്കു നല്‍കാന്‍ ഈ ഉത്തരം മാത്രമേയുള്ളു. അന്ത്യത്താഴവേളയില്‍ യേഹ്ശുവായുടെ പാത്രത്തില്‍നിന്നു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്ത യെഹൂദാസിന് എന്താണു സംഭവിച്ചതെന്നു നോക്കുക: "അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു"(യോഹ: 13; 27). മറ്റു പതിനൊന്നു പേരെയുംപോലെ യേഹ്ശുവായില്‍ നിന്നുതന്നെയാണ് യെഹൂദാസും അപ്പം സ്വീകരിച്ചത്. ഒരേ അപ്പത്തില്‍നിന്നുള്ള ഒരു കഷണത്തിലൂടെ എങ്ങനെയാണ് സാത്താന്‍ ഒരുവനില്‍ പ്രവേശിച്ചത്. നല്‍കിയത് നിസ്സാരക്കാരനല്ലെന്നു നമുക്കറിയാം. ഇവിടെയാണ്‌ തിരുവോസ്തിയെ സംബന്ധിച്ചുള്ള ചില അജ്ഞതകള്‍ അനാവരണം ചെയ്യപ്പെടുന്നതും പരിഹരിക്കപ്പെടുന്നതും. സ്വീകരിക്കുന്ന വ്യക്തിയുടെ യോഗ്യതകൂടി പരിഗണിച്ചാണ് അപ്പത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കപ്പെടുന്നത്. 'ബ്ലാക്ക് മാസ്' നടത്താന്‍ എടുത്തുകൊണ്ടുപോകുന്ന തിരുവോസ്തി അയോഗ്യനായ ഒരുവന്റെ കരങ്ങളില്‍ സ്പര്‍ശിക്കുന്നതിനു മുന്‍പുതന്നെ ഒരു മാറ്റത്തിനു വിധേയമാകുന്നു. ദൈവം അതിനില്‍നിന്നു തന്റെ സാന്നിദ്ധ്യം പിന്‍വലിക്കുകയും, സാത്താന്‍ അതില്‍ പ്രവേശിക്കുകയും ചെയ്യുന്നതാണ് ആ മാറ്റം! എന്നാല്‍, ദിവ്യകാരുണ്യത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്‍പില്‍ വെറും ഗോതമ്പപ്പം മാത്രമാണെങ്കില്‍പ്പോലും, യേഹ്ശുവായെ അപമാനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്നതുകൊണ്ട് അവര്‍ പ്രഹരിക്കപ്പെടാതിരിക്കില്ല!

യേഹ്ശുവായാകുന്ന അപ്പം അയോഗ്യതയോടെ ആരെങ്കിലും ഭക്ഷിച്ചാല്‍ അവനു സംഭവിക്കുന്നത് എന്താണെന്നറിയാന്‍ ഈ മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: "ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബ്ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്"(1 കോറി: 11; 29, 30). ക്രിസ്തുവിന്റെ ശരീരത്തെ അപമാനിക്കാമെന്നു പിശാചിന്റെ സന്തതികള്‍ക്കു തോന്നിയാല്‍, അത് അവരുടെ ശിരസ്സിലേക്കു സ്വയം വെടിയുതിര്‍ക്കുന്നതിനു തുല്യമാണ്! അവരുടെ തലമുറകളെ പിടികൂടാനിരിക്കുന്ന ഭീകരദുരന്തത്തിന്റെ ആഘാതം വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം!

നിലവിളക്കോ വിജാതിയമായ സ്മരണകള്‍ ഉണര്‍ത്തുന്ന എന്തെങ്കിലുമോ സ്ഥാപിച്ചിരിക്കുന്ന ഒരിടത്തും ക്രിസ്തു കടന്നുവരികയില്ല. അവര്‍ എത്രത്തോളം ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചാലും കുര്‍ബ്ബാനയില്‍ രൂപാന്തരീകരണം സംഭവിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ! യിസ്രായേലിന്റെ ചരിത്രത്തില്‍ വ്യക്തിയുടെ ധാര്‍മ്മിക അധഃപതനംപോലും പ്രതികൂലമായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. വിജാതിയ അനുകരണങ്ങളോ വിഗ്രഹങ്ങളുടെ സാമീപ്യമോ ഒരു വ്യക്തിയില്‍ കണ്ടാല്‍പ്പോലും യിസ്രായേല്‍ജനതയുടെ മദ്ധ്യത്തില്‍നിന്നു യാഹ്‌വെ അകന്നുപോകുമായിരുന്നുവെന്നു നാം മനസ്സിലാക്കി. എന്നാല്‍, ക്രിസ്തീയതയില്‍ ഇതൊന്നും ബാധകമല്ലെന്ന് ആരെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍, അവരുടെ ലക്‌ഷ്യം ദൈവത്തിന്റെ ക്രോധം ക്രിസ്തീയതയുടെമേല്‍ ക്ഷണിച്ചുവരുത്തുകയെന്നതാണ്. പൗലോസിന്റെ പ്രബോധനം ശ്രദ്ധിക്കുക: "ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി: 6; 16-18).

യേഹ്ശുവായും യാഹ്‌വെയും ഒരുവന്‍തന്നെയാണെന്ന സത്യം തിരിച്ചറിയാത്തവരോ തിരിച്ചറിയാത്തവരെപ്പോലെ നടിക്കുന്നവരോ ആണ് അപകടകരമായ ഉദാരവത്ക്കരണം സഭയില്‍ നടപ്പാക്കുന്നത്! ദൈവീകനിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നവരുടെ ലക്‌ഷ്യം സഭയുടെ സര്‍വ്വനാശമാണ്! ദൈവവചനത്തെ ഏതെല്ലാം വിധത്തില്‍ അവഗണിച്ചാലും, ദൈവീകനിയമങ്ങള്‍ക്കു പകരം മാനുഷികനിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചാലും പരിശുദ്ധാത്മാവുതന്നെ സഭയെ നയിക്കുമെന്ന് പറയുന്നവര്‍ കള്ളന്മാരാണെന്നു തിരിച്ചറിയണം. നിലവിളക്കും ആരതിയും തിരുവാതിരക്കളിയും നടത്തുന്ന ആരാധനാലയങ്ങളുടെ പരിസരത്തുപോലെ യേഹ്ശുവാ വരില്ല. അതുകൊണ്ടുതന്നെ, ഇത്തരം പള്ളികളില്‍ നടക്കുന്ന കുര്‍ബ്ബാനകളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കില്ല. ക്രിസ്തുവിന്റെ പരിശുദ്ധി മനസ്സിലാക്കിയിട്ടുള്ള ഏതൊരാള്‍ക്കും ഈ സത്യം തിരിച്ചറിയാന്‍ സാധിക്കും. അതായത്, ഇന്ത്യയിലെ ഒട്ടുമിക്ക ക്രൈസ്തവ ആരാധനാലയങ്ങളിലും നടത്തപ്പെടുന്നത് യേഹ്ശുവാ ഇല്ലാത്ത കലാപരിപാടികള്‍ മാത്രമാണ്! ഓംകാര ധ്വനികള്‍ മുഴക്കിക്കൊണ്ട് ആഭാസനായ ഒരു മെത്രാന്‍ നടത്തിയ 'ആഭാസക്കുര്‍ബ്ബാനയില്‍' ക്രിസ്തു കടന്നുവരുമെന്നു ചിന്തിക്കുന്നതുപോലും പാപമാണ്! അശുദ്ധിയിലായിരുന്ന യെഹൂദാസിന്റെ ചരിത്രം ആരും വിസ്മരിക്കരുത്!

വചനാധിഷ്ഠിതമായി ജാഗ്രതയോടെയും ഭയത്തോടെയും അര്‍പ്പിക്കേണ്ട ആരാധനയാണ് വിശുദ്ധ കുര്‍ബ്ബാന! പിശാചിന്റെ ആചാരങ്ങള്‍ കൂട്ടിക്കലര്‍ത്തി കുര്‍ബ്ബാന നടത്തുന്നവര്‍ സാത്താനില്‍നിന്ന്‍ അഭിഷേകം സ്വീകരിച്ചവരും ദൈവജനത്തെ പിശാചിലേക്കു നയിക്കുന്നവരുമാണ്. അരുതെന്നു ദൈവം കല്പിച്ചിട്ടുള്ള ആചാരങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് ധാര്‍ഷ്ട്യവും മൗഢ്യവും കൂടിക്കലര്‍ന്ന മാനസികാവസ്ഥയില്‍ കഴിയുന്ന പൈശാചിക വ്യക്തികളായിരിക്കും. ഏറ്റവും ശ്രദ്ധയോടെയും ഒരുക്കത്തോടെയും അര്‍പ്പിക്കപ്പെടുന്നതും വചാനാധിഷ്ഠിതവുമായി നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനകളില്‍ അവിടുത്തെ വാഗ്ദാനപ്രകാരം അവിടുന്ന് കടന്നുവരുകയും നിത്യമായി വസിക്കുകയും ചെയ്യും. ഇങ്ങനെ പരികര്‍മ്മം ചെയ്ത തിരുവോസ്തി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ആലയത്തില്‍ സജ്ജീവനായി അവിടുന്ന് വസിക്കുന്നു. ഈ ആലയത്തില്‍ മ്ലേച്ഛത കടന്നുവരുന്നതുവരെ അവിടുന്ന് വസിക്കും. ദൈവം വെറുക്കുന്ന മ്ലേച്ഛതകള്‍ സ്ഥാപിക്കപ്പെടുന്ന നിമിഷത്തില്‍ത്തന്നെ യേഹ്ശുവാ ആ ആലയത്തില്‍നിന്നു പടിയിറങ്ങുകയും ചെയ്യും! തിരുവോസ്തി അപഹരിക്കാന്‍ കടന്നുവരുന്നവര്‍ക്ക് യേഹ്ശുവായെ പിടിച്ചുകൊണ്ടു പോകുവാന്‍ സാധിക്കുമെന്നു ചിന്തിക്കുന്നതുപോലും അബദ്ധമാണ്. 'ബ്ലാക്ക് മാസ്' നടത്തുന്ന നരകസന്തതികള്‍ക്കു സമീപിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ സൈന്യങ്ങളുടെ ദൈവം നിന്നുകൊടുക്കുമോ? അവിടുന്ന് ദഹിപ്പിക്കുന്ന അഗ്നിയാണ്!

മൂന്നുവര്‍ഷത്തോളം കൂടെനടന്ന യെഹൂദാസിനുപോലും, അവന്‍ അയോഗ്യതയോടെ ആയിരുന്നപ്പോള്‍ യേഹ്ശുവായെ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുതന്നെയാണ് തിരുവോസ്തിയെ അയോഗ്യതയോടെ സമീപിക്കുമ്പോള്‍ സംഭവിക്കുന്നതും! ഒരേ പാത്രത്തില്‍നിന്നാണ് സ്വീകരിച്ചത് എന്നതുകൊണ്ട് യേഹ്ശുവായെയാണ് എല്ലാവരും സ്വീകരിക്കുന്നതെന്നു ചിന്തിക്കരുത്! ദിവ്യകാരുണ്യാനുഭവ യോഗാധ്യാനം നടത്തുമ്പോള്‍, അവിടെ യേഹ്ശുവാ വരില്ല! ആ ഗോതമ്പപ്പത്തില്‍ ഗോതമ്പും പിശാചും മാത്രമേയുള്ളു! പൈശാചികതാളമായ ചെണ്ടയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ യേഹ്ശുവാ കടന്നുവരുമെന്നു ചിന്തിക്കരുത്. കേരളത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ മഹാമഹങ്ങളില്‍ ക്രിസ്തു ഇല്ലെന്നു മാത്രമല്ല, ക്രിസ്തു അവിടെ അവമാനിതനാകുകയും ചെയ്യുന്നു! ഓണക്കുര്‍ബ്ബാനയും വിഷുക്കുര്‍ബ്ബാനയും നടത്തുന്ന മ്ലേച്ഛന്മാരായ വൈദീകവേഷധാരികളെ നമുക്കറിയാം. ഇത്തരം ആഭാസന്മാര്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങളില്‍ യേഹ്ശുവായുടെ സാന്നിദ്ധ്യം ആരും പ്രതീക്ഷിക്കരുത്. ഇവിടെ വിതരണം ചെയ്യുന്ന അപ്പത്തില്‍ വസിക്കുന്നത് പിശാചായതുകൊണ്ട്, ഈ അപ്പം സ്വീകരിക്കുന്നവരില്‍ പിശാച് കടന്നുവന്ന് സ്ഥിരവാസം ചെയ്യും. ആഭാസത്തിന്റെ കാര്‍മ്മികന്‍ വൈദീകനോ മെത്രാനോ ആരുതന്നെയായിരുന്നാലും, ഇവരുടെ വാക്കുകേട്ട് അശുദ്ധിയിലേക്കു കടന്നുവരുന്നവനല്ല യേഹ്ശുവാ! എന്നാല്‍, വിജാതിയതയുടെ അശുദ്ധിയില്ലാതെ, യേഹ്ശുവായുടെ നാമത്തില്‍ ഒരുമിച്ചുചേരുന്ന ഏതൊരു സമൂഹത്തിന്റെ മദ്ധ്യത്തിലും അവിടുന്ന് കടന്നുവരും! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനായതുകൊണ്ട്, വിജാതിയമായ ശൈലികളില്‍ അര്‍പ്പിക്കുന്ന ആരാധനകള്‍ സ്വീകരിക്കുന്നതും അനുഗ്രഹിക്കുന്നതും പിശാചുതന്നെയായിരിക്കും!

യാഹ്‌വെതന്നെയാണ് യേഹ്ശുവാ! അവിടുന്ന് ഇടിമുഴക്കത്തില്‍ ശബ്ദിക്കുകയും മിന്നല്‍പ്പിണരുകള്‍പോലെ വ്യാപരിക്കുകയും ചെയ്യുന്നു! ലോകം മുഴുവനെയും തന്റെ അംഗുലീചലനംകൊണ്ട് തറപറ്റിക്കാന്‍ പോന്ന സര്‍വ്വശക്തനുമാണ്‌ യേഹ്ശുവാ! പൗലോസ് അപ്പസ്തോലന്‍ ചോദ്യരൂപത്തില്‍ ആരംഭിച്ച പ്രബോധനം ആവര്‍ത്തിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു. "ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി: 6; 16-18).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4428 views

LOG IN

Lost your password?

SIGN UP

LOST PASSWORD