വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

മരിച്ചവര്‍ ഇപ്പോള്‍ എവിടെ?

Print By
about

രണത്തോടെ എല്ലാം അവസാനിച്ചു എന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ട്. എന്നാല്‍, മരണം കൊണ്ട് എല്ലാം അവസാനിക്കും എന്നു ചിന്തിക്കാന്‍ കഴിയുമോ? പുനരുത്ഥാനവും ആത്മാവും ഇല്ലായെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗം മനുഷ്യര്‍ പുരാതനകാലം മുതല്‍ ഉണ്ട്. മരിച്ചവര്‍ ആരും തിരിച്ചു വന്നിട്ടില്ലാത്തതുകൊണ്ട് അതില്‍ വിശ്വസിക്കേണ്ടതില്ല എന്നു ഇക്കൂട്ടര്‍ കരുതുന്നു. വൈരുദ്ധ്യാത്മിക ഭൗതിക വാദം ഇങ്ങനെ ഉരുത്തിരിഞ്ഞ ഒരു പ്രത്യയശാസ്ത്രമാണ്. ചില യുക്തിവാദ ചിന്തകരും ഇപ്രകാരംതന്നെ ചിന്തിക്കുന്നു. വിവിധങ്ങളായ ചിന്തകളും വിശ്വാസങ്ങളും നിലനില്‍ക്കുമ്പോഴും, ഭൂരിപക്ഷം ജനങ്ങളും ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നവരാണ്. ഭൗതിക വാദത്തില്‍  വിശ്വസിക്കുന്നവരില്‍ തന്നെ, ചില സാഹചര്യങ്ങളിലും അനുഭവങ്ങളിലും തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംശയിക്കാറുമുണ്ട്. അതുപോലെതന്നെ വിശ്വാസികള്‍ എന്നു കരുതുന്നവരിലും സംശയങ്ങള്‍ കടന്നുവരാറുണ്ട്.

വരാനിരിക്കുന്ന ഒരു സങ്കല്പത്തിനുവേണ്ടി ലോകസുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഭോഷത്തമാകുമോ എന്ന ചിന്ത പലപ്പോഴും വിശ്വാസികളില്‍ സംഘര്‍ഷം വിതയ്ക്കാറുണ്ട്. പലപ്പൊഴും, അവിശ്വാസികളുമായുള്ള കൂട്ടുകെട്ടുകളാണ് ഇത്തരം ചിന്തകള്‍ സ്വാധീനിക്കാന്‍ കാരണം. അതുകൊണ്ടുതന്നെയാണ് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്ത് പങ്കാളിത്തമാണുള്ളത്"(2 കോറി: 6; 14). പ്രത്യേകിച്ച് വിശ്വാസത്തില്‍ സ്ഥിരപ്പെടാത്ത വ്യക്തികള്‍, ഇതുപോലുള്ള ബന്ധങ്ങളില്‍ അകപ്പെടുമ്പോള്‍ അവിശ്വാസം കടന്നുവരാനുള്ള സാദ്ധ്യതയാണ് അപ്പസ്തോലന്‍ സൂചിപ്പിക്കുന്നത്.

പലരുടെയും ഉള്ളില്‍ ഇങ്ങനെയൊരു ചോദ്യമുണ്ട്. വിശ്വാസികളായിരിക്കുന്നവരില്‍പോലും ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും കടന്നുവരാം. എന്നാല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു തെളിവു മാത്രമെ കൃത്യമായി വിശ്വസിക്കന്‍ കഴിയുകയുള്ളൂ. അത് യേഹ്ശുവായുടെ മരണാനന്തരമുള്ള ഉത്ഥാനമാണ്. റോമാ ഗവണ്‍മെന്റ് `ഇമ്പീരിയല്‍` മുദ്ര ചെയ്ത കല്ലറയെ പൊട്ടിച്ചുകൊണ്ടുള്ള യേഹ്ശുവായുടെ ഉത്ഥാനം! ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം അവിടുന്ന് അനേകര്‍ക്കു കാണപ്പെട്ടിട്ടുണ്ട്. നാലു സുവിശേഷകരും ഇതു രേഖപ്പെടുത്തിയിരിക്കുന്നു(മര്‍ക്കോ: 16; 9). ഇത്രമാത്രം ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന കല്ലറയില്‍നിന്ന്, ഭയപ്പെട്ടു കഴിഞ്ഞിരുന്ന അപ്പസ്തോലന്മാര്‍ യേഹ്ശുവായുടെ ശരീരം എടുത്തു കൊണ്ടുപോയി എന്നു വിശ്വസിക്കാന്‍ കഴിയില്ല. യേഹ്ശുവായെ പടയാളികള്‍ പിടിച്ചുകൊണ്ടുപോയപ്പോള്‍ എല്ലാവരും അവിടുത്തെ വിട്ടുപോയിരുന്നു. കേപ്പാ മൂന്നുവട്ടം യേഹ്ശുവായെ നിഷേധിക്കുകയും ചെയ്തു(മത്താ: 26; 69-75). പുനരുത്ഥാനത്തെക്കുറിച്ച് ബൈബിളില്‍ പലയിടത്തു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, വെളിപാട് പുസ്തകത്തില്‍ കൂടുതല്‍ വ്യക്തത തരുന്നുണ്ട്. "ഭീരുക്കള്‍,അവിശ്വാസികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം"(വെളി: 21; 8). നീതിമാന്മാര്‍ നിത്യജീവനിലേക്ക് പ്രവേശിക്കുമ്പോള്‍, അനീതി പ്രവര്‍ത്തിച്ചവര്‍ നിത്യാഗ്നിയിലേക്ക് എറിയപ്പെടുമെന്നു വചനം പറയുന്നു: "ശപിക്കപ്പെട്ടവരെ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍"(മത്താ: 25; 41). ശിക്ഷയെന്നതും നിത്യമായി തുടരുന്നതാണെന്ന് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. ഇതാണു നരകം!

മരണത്തിനുശേഷം ഒരു ജീവിതമുണ്ടോ?

ശിഷ്യന്മാരുടെ പിന്നീടുള്ള ചരിത്രം  പഠിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. യേഹ്ശുവാ അവിടുത്തെ ഉത്ഥാനത്തിനുശേഷം  ഒലിവുമലയില്‍നിന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതു ബൈബിളില്‍ പറയുന്നുണ്ട്(അപ്പ. പ്രവര്‍ത്ത: 1; 9). അതിനുശേഷം പത്തു ദിവസം നൂറ്റിയിരുപത് അനുയായികള്‍ ഒരു മുറിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒളിച്ചിരിക്കുകയാണ്. പന്തക്കുസ്താനാള്‍വരെ അവര്‍ അങ്ങനെതന്നെയായിരുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനംവരെ ശിഷ്യസമൂഹം ഭയാലുക്കളായിരുന്നതായി കാണാം. ആത്മാവില്‍ നിറഞ്ഞപ്പോള്‍ ഭയം വിട്ടുമാറുകയും, രക്തസാക്ഷികള്‍ ആകുവോളം യേഹ്ശുവായ്ക്കുവേണ്ടി ജീവിക്കുകയും ചെയ്തു. അവിടുന്ന് സത്യമായും  ഉയിര്‍ത്തിട്ടില്ലായിരുന്നുവെങ്കില്‍ ആരുംതന്നെ സ്വയം ബലിയര്‍പ്പിക്കില്ലായിരുന്നു. തങ്ങള്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ സത്യത്തിനുവേണ്ടിയാണ് അവരെല്ലാം  സാക്ഷികളായത്. യോഹന്നാന്‍ ഒഴികെ മറ്റെല്ലാവരും രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു  എന്നു ചരിത്രത്തില്‍ വായിക്കാം.

സ്വര്‍ഗ്ഗം,നരകം, പാതാളം,പറുദീസാ!

മരണാനന്തര ജീവിതത്തെ നാല് പ്രത്യേക അവസ്ഥകളുമായി, അല്ലെങ്കില്‍ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാണ് ദൈവവചനം സംസാരിക്കുന്നത്. സ്വര്‍ഗ്ഗം, നരകം, പാതാളം, പറുദീസ എന്നീ നാല് സ്ഥലങ്ങളെക്കുറിച്ച് ബൈബിള്‍ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ വചനത്തില്‍ ഇവയെക്കുറിച്ച് നല്‍കിയിട്ടുള്ള ചില ഭാഗങ്ങള്‍ ശ്രദ്ധയോടെ പഠിക്കുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമാകും.

സ്വര്‍ഗ്ഗവും പറുദീസായും!

സ്വര്‍ഗ്ഗത്തില്‍നിന്ന് വരുകയും അവിടേക്കു തിരികെപ്പോകുകയും ചെയ്ത യേഹ്ശുവായാണ് സ്വര്‍ഗ്ഗരാജ്യത്തെ മനുഷ്യന് പരിചയപ്പെടുത്തിയ ഏകവ്യക്തി. മറ്റൊരുവനും സ്വര്‍ഗ്ഗത്തില്‍നിന്ന് വന്നുവെന്ന് ധൈര്യപൂര്‍വ്വം പറഞ്ഞിട്ടില്ല. ആദിയില്‍ ദൈവത്തോടു കൂടെയായിരിക്കുകയും സമസ്തവും തന്നിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്തുവെന്ന് വചനം വെളിപ്പെടുത്തിയിരിക്കുന്നത് യേഹ്ശുവായെക്കുറിച്ചാണ്(യോഹ: 1; 3).

ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്(യോഹ: 1; 18). സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത് സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമായ യേഹ്ശുവായാണ്(യോഹ: 6; 51). അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ അവിടുത്തേക്കു മാത്രമെ കഴിയുകയുള്ളൂ.

സ്വര്‍ഗ്ഗം, പറുദീസാ,`അബ്രാഹത്തിന്റെ മടി` എന്നീ മൂന്ന് സംവീധാനങ്ങളാണ് നന്മ പ്രവര്‍ത്തിച്ചവര്‍ക്കായി ബൈബിള്‍ വാഗ്ദാനം  നല്‍കിയിരിക്കുന്നത്. വളരെ സൂക്ഷ്മതയോടെ വചനം പരിശോധിച്ചാല്‍ മാത്രമെ ഇവ തമ്മിലുള്ള  വ്യത്യാസം മനസ്സിലാകുകയുള്ളൂ.

ആദ്യ മാതാപിതാക്കളായ ആദവും ഹവ്വയും  പാപംചെയ്ത് പറുദീസാ നഷ്ടപ്പെടുത്തിയതു ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്. ഉല്‍പത്തി  പുസ്തകതില്‍ പറുദീസായെ `ഏദന്‍തോട്ടം`എന്നു വിളിക്കുന്നതായി  കാണാം(ഉല്‍പ: 2; 5-25). ഗ്രീക്കു പരിഭാഷയില്‍ ഇതിനെ പറുദീസാ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഇവരണ്ടും ഒന്നുതന്നെയാണെന്നു മനസ്സിലാക്കാം.

ദൈവത്തെ അനുസരിക്കാത്തതു നിമിത്തം ആദവും ഹവ്വയും, അവരുടെ പിന്‍തലമുറയും പറുദീസായില്‍നിന്ന് പുറത്താക്കപ്പെടുന്നു. എന്നാല്‍; ഇതു വീണ്ടും മനുഷ്യര്‍ക്ക് അവകാശമായി നല്‍കുന്നത് യേഹ്ശുവായുടെ കുരിശുമരണം  വഴിയാണ്. ആദം മുതല്‍ ക്രിസ്തുവിന്റെ കുരിശുമരണം വരെയുള്ള കാലഘട്ടത്തില്‍ മരിച്ച  നീതിമാന്മാര്‍ പറുദീസയില്‍ ആയിരുന്നില്ല. ഇതിന്റെ വ്യക്തമായ സൂചന യേഹ്ശുവാ തന്റെ  പരസ്യ ജീവിതകാലത്ത് വെളിപ്പെടുത്തുന്നുണ്ട്.

ലാസറിന്റെയും ധനവാന്റെയും ഉപമയിലൂടെ, നീതിമാനായി മരിച്ച ലാസറിനെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു(ലൂക്കാ: 16; 22). യേഹ്ശുവായുടെ പുനരുത്ഥാനംവരെ നീതിമാന്മാരുടെ ആത്മാക്കള്‍ സംരക്ഷിക്കപ്പെട്ടിരുന്നത് അബ്രാഹത്തിന്റെ മടിയിലായിരുന്നു എന്ന ചിന്തയാണ് അവര്‍ വച്ചുപുലര്‍ത്തിയിരുന്നത്. ദൈവത്തെ അനുസരിച്ച് വിശ്വാസം വഴി നീതീകരിക്കപ്പെട്ട അബ്രാഹത്തിനു, ദൈവം നല്‍കിയ ഒരു പരിഗണനയായി ഈ പേരിനെ നമുക്കു കാണാം. നമ്മുടെ നാട്ടില്‍ തന്നെ പ്രത്യേകമായി പരിഗണിക്കപ്പെടുന്ന വ്യക്തികള്‍ മരിച്ചാല്‍, അവരുടെ പേരുകള്‍ പ്രധാന സ്ഥാപനങ്ങള്‍ക്കും മറ്റും പുനര്‍നാമകരണം ചെയ്യാറുണ്ട്. അതുപോലെ ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് വിശുദ്ധരുടെ നാമം വിളിക്കാറുണ്ടല്ലോ! യേഹ്ശുവാ അപ്പസ്തോലന്മാര്‍ക്കു നല്‍കുന്ന ഒരു വാഗ്ദാനം ഇപ്രകാരമാണ്: "പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും"(മത്താ: 19; 28). ദൈവത്തിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക്, അവിടുന്നു നല്‍കുന്ന സമ്മാനമാണിത്.

മരിച്ചുപോയ നീതിമാന്മാര്‍ ഇപ്പോള്‍  പറുദീസായില്‍!

സ്വര്‍ഗ്ഗവും, പറുദീസായും, ഒന്നുതന്നെയാണെന്നു ചിന്തിക്കുന്ന അനേകം വിശ്വാസികളുണ്ട്. എന്നാല്‍, ഇവരണ്ടും തമ്മില്‍ വ്യത്യാസമുള്ളതായി വചനം പരിശോധിക്കുമ്പോള്‍ വ്യക്തമാകും.

പറുദീസാ എന്നത് സ്വര്‍ഗ്ഗമല്ല എന്നുള്ളതിന്  യേഹ്ശുവായുടെ മരണസമയത്തുതന്നെ തെളിവു ലഭിക്കുന്നുണ്ട്. അവിടുത്തോടൊപ്പം  ക്രൂശിക്കപ്പെട്ടിരുന്ന ഒരുവനു ലഭിക്കുന്ന വാഗ്ദാനം ഇതാണ്: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും"(ലൂക്കാ: 23; 43). യേഹ്ശുവായുടെ മരണശേഷം മൂന്നാം ദിവസമാണ് അവിടുന്ന് ഉത്ഥാനം ചെയ്തതെന്ന് വചനം രേഖപ്പെടുത്തിയിരിക്കുന്നു(ലൂക്കാ:24;7). ഉത്ഥാനശേഷം ശിഷ്യന്മാരോടു പറയുന്നത് താന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല എന്നാണ്(യോഹ: 20; 17). ഈ വചനം മാത്രം പരിശോധിച്ചാല്‍ സ്വര്‍ഗ്ഗവും പറുദീസായും ഒന്നല്ലയെന്നു മനസ്സിലാകും. യേഹ്ശുവായാല്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ ഇപ്പോള്‍ ആയിരിക്കുന്ന ഇടമാണ് പറുദീസാ!

യേഹ്ശുവാ തന്റെ മഹത്വത്തിന്റെ  സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോഴാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ  വിധിക്കുവാനുള്ള ചുമതല അപ്പസ്തോലന്മാര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്. വിധിക്കുവാന്‍ കടന്നുവരുന്ന നാളില്‍ യേഹ്ശുവാ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്നു വചനം പറയുന്നു(മത്ത: 25; 31).

ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും  കോലാടുകളെ ഇടത്തു വശത്തും നിര്‍ത്തുന്ന അവസാന വിധി ദിവസത്തെക്കുറിച്ച് യേഹ്ശുവാ  പറയുന്നുണ്ട്(മത്ത:25;33). യേഹ്ശുവായുടെ പുനരാഗമനത്തെ സംബന്ധിച്ച് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ വളരെ ആധികാരികമായി വിവരിക്കുന്നു. അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം രണ്ട് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു പറയുന്നുണ്ടല്ലോ: "നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ.പ്രവര്‍ത്ത:1;11).

ഈ തിരിച്ചുവരവിനെ പല അര്‍ത്ഥത്തില്‍  വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍, വചനം കൃത്യമായി പറയുന്നത്; പോയപോലെതന്നെ  തിരിച്ചു വരും എന്നാണ്. യേഹ്ശുവാ പറയുന്നു; "എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോട് പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14 ;2, 3).

വിശ്വാസികള്‍ പ്രത്യാശയോടെ കാത്തിരിക്കുന്ന പുനരാഗമനത്തിനു ശേഷമാണ് വിശുദ്ധര്‍  സ്വര്‍ഗ്ഗരാജ്യത്ത് എത്തുക. അതുവരെ അവരെല്ലാം പറുദീസായില്‍ ആയിരിക്കുമെന്ന് ഈ  വചനങ്ങളില്‍നിന്ന് വ്യക്തമാണ്.

നരകം!

നരകത്തെക്കുറിച്ച് ബൈബിളില്‍ പലയിടത്തു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, വെളിപാട് പുസ്തകത്തില്‍ കൂടുതല്‍ വ്യക്തമായ സൂചനതരുന്നുണ്ട്. "ഭീരുക്കള്‍,അവിശ്വാസികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം"(വെളി:21;8). നീതിമാന്മാര്‍ നിത്യജീവനിലേക്ക് പ്രവേശിക്കുമ്പോള്‍, അനീതി പ്രവര്‍ത്തിച്ചവര്‍ നിത്യാഗ്നിയിലേക്ക് എറിയപ്പെടുമെന്നു വചനം പറയുന്നു: "ശപിക്കപ്പെട്ടവരെ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍"(മത്താ:25;41). ശിക്ഷയെന്നതും നിത്യമായി തുടരുന്നതാണെന്ന് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. ഇതാണു നരകം!

പാതാളം!

ദാവീദ് തന്റെ സങ്കീര്‍ത്തനങ്ങളില്‍ ഇങ്ങനെ പറയുന്നു: "ദൈവം എന്റെ പ്രാണനെ പാതാളത്തിന്റെ പിടിയില്‍നിന്നു വീണ്ടെടുക്കും"(സങ്കീ:49;15). മറ്റു വചനഭാഗങ്ങളില്‍ പാതാളത്തെക്കുറിച്ച് നിരവധി തവണ പറഞ്ഞിട്ടുണ്ട്. മരണാനന്തരം ശിക്ഷകാത്തു കിടക്കുന്ന ആത്മാക്കള്‍ക്കുള്ള സ്ഥലമാണു പാതാളം എന്നു ബൈബിളില്‍ സൂചന തരുന്നുണ്ട്. അപ്പസ്തോലനായ പത്രോസ് എഴുതിയ ലേഖനത്തില്‍, യേഹ്ശുവാ ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്നതായി വായിക്കാം. "ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു"(1പത്രോ:3; 19, 20). ഇത് പാതളത്തെക്കുറിച്ചുള്ള ഒരുവെളിപ്പെടുത്തലാണ്. അതുപോലെ, യേഹ്ശുവാ പറയുന്ന ഒരുവചനമുണ്ട്. "മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ:12;32). പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തിന്റെ ഗൗരവം അറിയിക്കുന്ന വചനമാണെങ്കില്‍പോലും, മറ്റൊരു സത്യവുംകൂടി ഈ വചനം ഓര്‍മിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന യുഗത്തിലും ഒരു ക്ഷമയുണ്ട് എന്നുള്ള കാര്യം. ഇവിടെയാണ് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. നോഹിന്റെ കാലത്തു മരിച്ചവരോട് യേഹ്ശുവാ സുവിശേഷം പ്രസംഗിച്ചതും ഈ വചനവും തമ്മില്‍ പൊരുത്തപ്പെട്ടിരിക്കുന്നതായി കാണാം. ഇതാണു പാതാളം!

സ്വര്‍ഗ്ഗവും,നരകവും,പതാളവും, പറുദീസായും വ്യത്യസ്ഥങ്ങളായ യാഥാര്‍ത്ഥ്യങ്ങളാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

 

    6024 views

LOG IN

Lost your password?

SIGN UP

LOST PASSWORD