വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

യേഹ്ശുവായും യോനാഹ് പ്രവാചകന്റെ അടയാളവും!

Print By
about

11 - 04 - 2014                      YouTube

“അപ്പോള്‍, നിയമജ്ഞരിലും ഫരിസേയരിലുംപെട്ട ചിലര്‍ അവനോടുപറഞ്ഞു: ഗുരോ, നിന്നില്‍നിന്ന് ഒരടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനാഹ് പ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാഹ് മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും”(മത്താ: 12; 38-40). ഈ വചനത്തെ സംബന്ധിച്ച് അനേകം ദുര്‍വ്യാഖ്യാനങ്ങള്‍ പ്രചാരത്തിലുള്ളതുപോലെ, കടുത്ത ആശയസംഘര്‍ഷം ഉള്ളില്‍ സൂക്ഷിക്കുന്ന വിശ്വാസികളുമുണ്ട്. വ്യാഖ്യാനിച്ചു വഷളാക്കിയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വഴുതിമാറുന്നവരെയും നാം കണ്ടുകൊണ്ടിരിക്കുന്നു! അന്ത്യകാലത്തെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണ് ഈ വചനമെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരും കുറവല്ല. ചിലരെങ്കിലും ഈ വചനത്തെപ്രതി ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുവെന്നതും യാഥാര്‍ത്ഥ്യമാണ്. ആയതിനാല്‍, ഈ വചനത്തെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് വിരാമമിടാനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്!

യേഹ്ശുവായുടെ മരണവും ഉയിര്‍പ്പും സംബന്ധിച്ചുള്ള അടയാളമാണ് യോനാഹ് പ്രവാചകനുമായി ചേര്‍ത്തുവച്ച് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. യോനാഹ് മത്സ്യത്തിന്റെ ഉദരത്തില്‍ മൂന്നു രാവും മൂന്നു പകലും കിടന്നതുപോലെ മനുഷ്യപുത്രനായ യേഹ്ശുവായും ഭൂമിക്കുള്ളിലായിരിക്കുമെന്ന് അവിടുന്നു പറഞ്ഞു. യേഹ്ശുവായുടെ ദൗത്യവുമായി ബന്ധപ്പെടുത്തിയുള്ള അടയാളം ഇതുമാത്രമാണ്! എന്നാല്‍, യേഹ്ശുവാ കല്ലറയ്ക്കുള്ളില്‍ മൂന്നു രാവും മൂന്നു പകലും കിടന്നിട്ടില്ല എന്ന വാദം ചിലര്‍ ഉന്നയിക്കുന്നു. ഈ വാദം ഉന്നയിക്കുന്നവരെ കുറ്റംവിധിക്കാനല്ല; മറിച്ച്, അവരുടെ ആശയക്കുഴപ്പം പരിഹരിക്കാനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്. ഈ സന്ദേശം ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സത്യം ഗ്രഹിക്കാന്‍ സാധിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. മാത്രവുമല്ല, വ്യാഖ്യാനിച്ച് നിഗൂഢമാക്കി വച്ചിരിക്കുന്ന മറ്റുചില സുപ്രധാന വിഷയങ്ങള്‍ക്കുകൂടിയുള്ള ഉത്തരമാണ് ഈ സന്ദേശം!

വിഷയത്തിലേക്കു വരാം. യേഹ്ശുവായുടെ വാക്കുകളില്‍ അവിടുത്തേക്ക്‌ പിഴവു പറ്റിയിട്ടില്ല. നിയമജ്ഞരും ഫരിസേയരും കിണഞ്ഞു ശ്രമിച്ചിട്ടും അവിടുത്തെ വാക്കില്‍ കുടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം! എന്നാല്‍, ഇന്നു ചില ബുദ്ധിജീവികള്‍ ഈ വചനവുമായി യേഹ്ശുവായെ നേരിടാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം വാദങ്ങളുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്‌ഷ്യം എന്തുതന്നെയായിരുന്നാലും ഉത്തരം നല്‍കാന്‍ മനോവയ്ക്കു കടമയുണ്ട്. ആയതിനാല്‍, ഈ ലേഖനത്തിലെ വിവരണങ്ങള്‍ വ്യക്തതയോടെ ഗ്രഹിക്കുവാന്‍ വായനക്കാര്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

യോനാഹ്പ്രവാചകന്‍ മത്സ്യത്തിന്റെ ഉദരത്തിലായിരുന്നത് മൂന്നു രാവും മൂന്നു പകലുമായിരുന്നു. എന്നാല്‍, യേഹ്ശുവാ മരിച്ചത് ഒരു ശബാത്തിന്റെ തലേദിവസം വെള്ളിയാഴ്ചയായിരുന്നുവെന്ന് നമുക്കറിയാം. ഞായറാഴ്ച പുലര്‍ച്ചയ്ക്കുതന്നെ അവിടുന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ചയിലെ പകലും രാത്രിയും അവിടുന്ന് കല്ലറയ്ക്ക് ഉള്ളിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ രണ്ടു രാത്രിയും ഒരു പകലുമാണ് യേഹ്ശുവാ ഭൂമിക്കുള്ളില്‍ ആയിരുന്നത്. ഇതുതന്നെയാണ് വിമര്‍ശകരുടെ വാദവും! വിമര്‍ശകരുടെ യുക്തിയെ തള്ളിപ്പറയുന്നില്ലെങ്കിലും, യേഹ്ശുവായുടെ വാക്കുകളില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന സത്യം മനോവ ഇവിടെ പ്രഖ്യാപിക്കുകയാണ്! യേഹ്ശുവാ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരുന്നു! ഇത് മനസ്സിലാക്കണമെങ്കില്‍, ഗബ്രിയേല്‍ ദൂതന്‍ ആട്ടിടയന്മാര്‍ക്കു നല്‍കിയ മംഗളവാര്‍ത്ത ഒരിക്കല്‍ക്കൂടി വായിക്കേണ്ടിയിരിക്കുന്നു. എന്തായിരുന്നു ആ സദ്വാര്‍ത്തയെന്നു നോക്കുക: “ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു”(ലൂക്കാ: 2; 10). യേഹ്ശുവാ അയയ്ക്കപ്പെട്ടത് യെഹൂദര്‍ക്കോ പലസ്തീനില്‍ ജീവിച്ച ജനതകള്‍ക്കോവേണ്ടി മാത്രമായിരുന്നില്ല; സകല ജനതകള്‍ക്കും വേണ്ടിയായിരുന്നു!

ഇനി നമുക്ക് യോനാഹിന്റെ അടയാളം എന്താണെന്നു പഠിക്കാം. യോനാഹ്പ്രവാചകന്‍ മൂന്നുദിവസം മത്സ്യത്തിന്റെ ഉദരത്തിലായിരുന്നുവെന്ന് വചനം വ്യക്തമാക്കുന്നുണ്ട്. ഈ വചനം നോക്കുക: “അനന്തരം, അവര്‍ യോനാഹിനെ എടുത്തു കടലിലേക്കെറിഞ്ഞു. ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ യാഹ്‌വെയെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്തു. യോനാഹിനെ വിഴുങ്ങാന്‍ യാഹ്‌വെ ഒരു വലിയ മത്‌സ്യത്തെ നിയോഗിച്ചു. യോനാഹ് മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു"(യോനാഹ്: 1; 15-17). ഈ വചനം അക്ഷരാര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകും എന്നകാര്യത്തില്‍ സംശയമില്ല. കാരണം, യേഹ്ശുവാ ഭൂമിക്കുള്ളില്‍ വസിച്ചത് രണ്ടു രാവും ഒരു പകലും മാത്രമായിരുന്നു! ഇവിടെയാണ്‌ യേഹ്ശുവായെക്കുറിച്ചുള്ള ദൈവദൂതന്റെ അറിയിപ്പ് ഓര്‍മ്മിക്കേണ്ടത്. ഈ ഭൂമിയുടെ ഓരോ കോണിലും വസിക്കുന്ന സകല ജനതകള്‍ക്കുമുള്ള രക്ഷകനാണ്‌ യേഹ്ശുവാ! അതുകൊണ്ടുതന്നെ, യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണ്!

യേഹ്ശുവാ മരിക്കുകയും ശരീരം സംസ്കരിക്കപ്പെടുകയും ചെയ്തത് യെരുശലേമിനു സമീപത്തായിരുന്നു. അതിനു സമീപത്ത് ജീവിച്ചിരുന്ന ജനതകളെ സംബന്ധിച്ചിടത്തോളം, അവിടുന്ന് സംസ്കരിക്കപ്പെട്ടത് വെള്ളിയായ്ഴ്ച്ച വൈകുന്നേരം ആറുമണിക്ക് മുന്‍പായിരുന്നു. എന്നാല്‍, ഈ ഭൂമുഖത്ത് അന്നു ജീവിച്ചിരുന്ന മുഴുവന്‍ ജനതയ്ക്കും ഈ സമയം ബാധകമായിരുന്നില്ല. കാരണം, ഭൂമി ഉരുണ്ടതാണെന്ന യാഥാര്‍ത്ഥ്യം പ്രപഞ്ചത്തെ സൃഷ്ടിച്ചവന് അറിയാമായിരുന്നു! യെരുശലേമിന്റെ എതിര്‍വശത്തെ പ്രദേശങ്ങളില്‍ (ഉരുണ്ട ഭൂമിയുടെ മറുവശത്ത്) വസിച്ചവര്‍ക്കുകൂടി വേണ്ടിയാണ് യേഹ്ശുവാ മരിച്ചത്. അതുകൊണ്ടുതന്നെ, ഈ പ്രദേശത്തു വസിച്ചവരെ സംബന്ധിച്ചിടത്തോളം യേഹ്ശുവായുടെ സംസ്കാരം നടന്നത് പുലര്‍ച്ചെ ആറുമണിക്ക് മുന്‍പായിരുന്നു!

യെഹൂദരുടെ ശബാത്ത് ആരംഭിക്കുന്നത് വെള്ളിയാഴ്ച്ച വൈകുന്നേരം ഏകദേശം ആറുമണിയോടുകൂടിയാണ്. ഈ ഭൂമുഖത്ത് ജീവിക്കുന്ന ഏതൊരു യെഹൂദനും താന്‍ ജീവിക്കുന്ന ദേശത്തെ സമയക്രമം അനുസരിച്ചാണ് ഇത് ആചരിക്കുന്നത്. യിസ്രായേലിലെ സമയം അനുസരിച്ചല്ല അമേരിക്കയിലെ യെഹൂദന്‍ ഇന്ന് ശബാത്ത് ആചരിക്കുന്നതെന്ന് നമുക്കറിയാം. യേഹ്ശുവായുടെ മരണകാലത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മനുഷ്യവാസം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ഈ ഭൂമുഖത്തെ അനേകം പ്രദേശങ്ങളില്‍ മനുഷ്യര്‍ ജീവിച്ചിരുന്നു! ഇവിടെയെല്ലാം ജീവിച്ചിരുന്ന ജനങ്ങളുടെ ആത്മരക്ഷ സാദ്ധ്യമാകുന്നത് യേഹ്ശുവായിലൂടെ മാത്രമാണ്! ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും അടിസ്ഥാനമാക്കി ബൈബിള്‍ വായിക്കുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം അവിടുത്തെ സംസ്കാരം നടന്നത് ആറുമണിയോടടുത്താണെന്നു പറയാന്‍ കഴിയില്ല! എന്നാല്‍, അവിടുത്തെ രക്ഷാകരസംഭവങ്ങള്‍ നടന്ന ദേശത്തെ സമയമനുസരിച്ച്, ശബാത്തിന്റെ ആരംഭത്തിനുമുന്‍പ് കല്ലറയില്‍ അവിടുത്തെ ശരീരം സംസ്ക്കരിക്കപ്പെട്ടു! അതായത്, യെരുശലേമിലെ പ്രാദേശികസമയം ആറുമണിക്കു മുന്‍പ് ശരീരം സംസ്ക്കരിച്ചു! ഇതു വ്യക്തമാക്കുന്ന വചനം ഇങ്ങനെ വായിക്കുന്നു: “അന്ന് ശബാത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു. അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ യോസെഫ് ധൈര്യപൂര്‍വ്വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേഹ്ശുവായുടെ ശരീരം ചോദിച്ചു”(മര്‍ക്കോ: 15; 42, 43).

ശബാത്ത് ആരംഭിക്കുന്നതിനുമുമ്പ് യേഹ്ശുവായുടെ ശരീരം സംസ്കരിക്കപ്പെട്ടുവെന്നത് സ്ഥിരീകരിക്കുന്ന മറ്റൊരു വചനം നോക്കുക: “അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേഹ്ശുവായുടെ ശരീരം ചോദിച്ചു. അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; ശബാത്തിന്റെ ആരംഭവുമായിരുന്നു. ഗെലീലെയായില്‍നിന്ന് യേഹ്ശുവായോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ്കരിച്ചു എന്നും കണ്ടു. അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. ശബാത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു”(ലൂക്കാ: 23; 52-56). വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണി മുതല്‍ ശബാത്ത് ആരംഭിക്കും. യേഹ്ശുവാ മരിച്ചത് വെള്ളിയാഴ്ച്ചയായിരുന്നില്ല എന്ന ബാലിശമായ വാദങ്ങളുമായി വിശ്വാസികളെ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടിയും ഈ വചനങ്ങളിലുണ്ട്! യോനാഹിന്റെ അടയാളം പരിശോധിക്കുന്നതിനുമുന്‍പ് യേഹ്ശുവായുടെ മരണവുമായി ബന്ധപ്പെടുത്തിയുള്ള ചില ദുരൂഹമായ വാദങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഉചിതമായിരിക്കും. മുന്‍ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള വിഷയമാണെങ്കില്‍ക്കൂടി ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്ക് ഇങ്ങനെയൊരു വിവരണം അനിവാര്യമായി മനോവ കരുതുന്നു!

യേഹ്ശുവായുടെ മരണത്തെ വിവരിക്കുന്ന സുവിശേഷഭാഗങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന വാദത്തിനുള്ള മറുപടിയാണ് ഇവിടെ കുറിക്കുന്നത്. മരണരംഗം വിവരിച്ചിരിക്കുന്നതിലും ആ സമയത്തെ സംബന്ധിച്ചും സുവിശേഷകരുടെ സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആദ്യമായിത്തന്നെ തെളിയിക്കാം. യേഹ്ശുവായുടെ മരണം നടന്നത് എ.ഡി. 33 ഏപ്രില്‍ മൂന്നാം തിയ്യതി വെള്ളിയാഴ്ചയായിരുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. ഈ ലേഖനത്തിന്റെ ആധികാരികതയ്ക്കായി ശാസ്ത്രീയമായ തെളിവുകളും ഇവിടെ കുറിക്കുന്നത് ഉചിതമായിരിക്കും. അതിനുശേഷം ബൈബിളില്‍ ആരോപിക്കപ്പെടുന്ന വൈരുദ്ധ്യങ്ങളുടെ യഥാര്‍ത്ഥ സത്യം വെളിപ്പെടുത്താം.

യേഹ്ശുവായുടെ ക്രൂശീകരണം സംബന്ധിച്ച ഏറ്റവും വ്യക്തമായ വിവരണം നല്‍കിയിരിക്കുന്നത് വിശുദ്ധ മത്തായിയാണ്. അവിടുത്തെ സംസ്കരിച്ച കല്ലറയ്ക്ക് കാവലേര്‍പ്പെടുത്തിയ കാര്യമൊക്കെ വ്യക്തതയോടെ അവതരിപ്പിച്ചിരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ്. അവിടെ ഇപ്രകാരം വായിക്കുന്നു: “പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിന്റെ പിറ്റേന്ന്, പ്രധാന പുരോഹിതന്‍മാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കല്‍ ഒരുമിച്ചു കൂടി. അവര്‍ പറഞ്ഞു: യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്‍മാര്‍ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും. പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് ഒരു കാവല്‍ സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍. അവര്‍പോയി കല്ലിനു മുദ്രവച്ച്, കാവല്‍ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി”(മത്താ: 27; 62-66). മൂന്നു ദിവസത്തേക്കാണ് ഇവര്‍ കാവലേര്‍പ്പെടുത്തിയത്. ശബാത്തിനുള്ള ഒരുക്കത്തിന്റെ ദിവസമാണെന്ന് കൃത്യമായി പറഞ്ഞിരിക്കുന്നതിനാല്‍, അത് വെള്ളിയാഴ്ച്ചയാണ് എന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല!

വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ കല്ലറയ്ക്ക് മുദ്രയിട്ടു സംരക്ഷിച്ചു. യേഹ്ശുവായുടെ മരണം നടന്നത് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വിവരണവും വിശുദ്ധ മത്തായി നല്‍കിയിട്ടുണ്ട്. ഈ വിവരണം നോക്കുക: “ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചു. യേല്‍, യേല്‍, ല്മാ ഷ്ബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു? അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ യേലിയാഹിനെ വിളിക്കുന്നു. ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, യേലിയാഹ് വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ. യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു”(മത്താ: 27; 45-50). യെഹൂദരുടെ സമയക്രമമനുസരിച്ച്, ആറാംമണിക്കൂര്‍ മുതല്‍ ഒന്‍പതാംമണിക്കൂര്‍വരെ എന്നത് ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ ഉച്ചതിരിഞ്ഞു മൂന്നുമണി വരെയുള്ള സമയത്തെ സൂചിപ്പിക്കുന്നു. കാരണം, യെഹൂദ ക്രമമനുസരിച്ച് രാവിലെ ആറുമണി മുതലാണ്‌ ദിവസം ആരംഭിക്കുന്നത്! ഒന്നാംമണിക്കൂര്‍, രണ്ടാംമണിക്കൂര്‍ എന്നിങ്ങനെ ദിവസത്തെ തിരിക്കുമ്പോള്‍, രാത്രിയെ യാമങ്ങളായി തിരിക്കുന്ന രീതിയാണ് യെഹൂദര്‍ പിന്തുടര്‍ന്നത്!

ഏകദേശം ഒന്‍പതാംമണിക്കൂറായപ്പോഴാണ് യേഹ്ശുവാ ജീവന്‍ വെടിഞ്ഞതെന്ന് അപ്പസ്തോലന്‍ വ്യക്തമായി കുറിച്ചിരിക്കുന്നു. ഇതിനെ ശരിവയ്ക്കുന്ന കണ്ടെത്തലിലാണ് ആധുനീക ഭൗമശാസ്ത്രജ്ഞര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഭൂകമ്പങ്ങളെക്കുറിച്ചുള്ള ഇവരുടെ പഠനത്തില്‍, A.D.33 ഏപ്രില്‍ മാസം മൂന്നാം തിയ്യതി യെരുശലേമിന്റെ പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായതായി കണ്ടെത്തി! ഇന്റര്‍നാഷ്ണല്‍ ജിയോളജിക്കല്‍ റിവ്യൂവില്‍നിന്നുള്ള അന്വേഷണസംഘം ചാവുകടല്‍ മേഖലയിലെ ഭൂകമ്പങ്ങളുടെ ചരിത്രം വിശകലനം ചെയ്തപ്പോഴാണ്, യേഹ്ശുവാ കുരിശില്‍ തറയ്ക്കപ്പെട്ട അന്ന് യെരുശലേം ഭാഗത്ത് ശക്തമായ ഭൂചലനമുണ്ടായതായി കണ്ടെത്തിയത്. ചാവുകടലില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ മാത്രമാണ് യെരുശലേം.

സുവിശേഷത്തിലെ ഭാഗങ്ങളും ഭൗമരേഖകളും ജ്യോതിര്‍ശാസ്ത്ര രേഖകളും വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ കൃത്യമായി ഇതു കണ്ടെത്തിയത്. ഏപ്രില്‍ മൂന്നാംതിയ്യതി വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നുമണിക്കാണ് യേഹ്ശുവാ മരിച്ചതെന്ന കാര്യത്തില്‍ ക്രൈസ്തവ ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ പൊതുധാരണയുണ്ടായിരുന്നുവെങ്കിലും, വര്‍ഷത്തെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു! ഈ കണ്ടെത്തലോടെ യേഹ്ശുവായുടെ മരണം A.D. 33-ല്‍ ആയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. കൂടാതെ, യേഹ്ശുവായുടെ ജനനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വര്‍ഷം ആരംഭിക്കുന്നത് എന്നകാര്യത്തിലും വ്യക്തത കൈവന്നു. കാരണം, യേഹ്ശുവായ്ക്കു മുപ്പത്തിമൂന്നു വയസ്സുള്ളപ്പോഴായിരുന്നു അവിടുത്തെ മരണം! A.D. 33 ഏപ്രില്‍ മൂന്നാം തിയ്യതി വെള്ളിയാഴ്ച്ചയാണ് അവിടുന്നു കുരിശില്‍ മരിച്ചതെന്ന്, സൂപ്പര്‍സോണിക ജിയോഫിസിക്കലിലെ ജിയോളജിസ്റ്റ് ജെഫേഴ്സണ്‍ വില്യംസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. ചാവുകടലിലെ 'എയ്ന്‍ ഗെഡിസ്പാ' തീരത്തുനിന്നുള്ള മണ്ണുപരിശോധനയില്‍ ഈ മേഖലയില്‍ ശക്തമായ രണ്ടു ഭൂചലനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു. ഇവയിലൊന്ന് ബി.സി. 21-ലാണ് നടന്നത്!

A.D.26-നും 36-നും ഇടയിലുണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്റെ തിയ്യതി സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രസംഘം ആശ്രയിച്ചത് സുവിശേഷത്തെയായിരുന്നു. നാലു സുവിശേഷകരും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, യോഹന്നാന്‍ ഒഴികെയുള്ള സുവിശേഷകരുടെ രചനകളെയാണ് ഇവര്‍ അവലംബമാക്കിയത്. ഭൂകമ്പത്തെക്കുറിച്ച് വിശുദ്ധ മത്തായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു. യേഹ്ശുവായ്ക്കു കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു”(മത്താ: 27; 51-54).

ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. യേഹ്ശുവായുടെ മരണസമയത്തുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനം അവിടുത്തെ പുനരുത്ഥാന ദിനത്തില്‍ ഉണ്ടായതായി വിശുദ്ധ മത്തായി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: “ശബാത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേഥ് മറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു. അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. യാഹ്‌വെയുടെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു. അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട് മരിച്ചവരെപ്പോലെയായി”(മത്താ: 28; 1-4). മത്തായി, മാര്‍ക്കോസ്, ലൂക്കാ എന്നീ സുവിശേഷകരില്‍നിന്നു വ്യത്യസ്തമായ സമയമാണ് യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വാദമാണ് ബൈബിളിന്റെ വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. ഇതിലെ യാഥാര്‍ത്ഥ്യംകൂടി വ്യക്തമാക്കിയതിനുശേഷം യോനാഹിന്റെ അടയാളത്തെ വിചിന്തനത്തിനു വിഷയമാക്കാം.

യോഹന്നാന്റെ സുവിശേഷത്തില്‍ സമയം രേഖപ്പെടുത്തിയിരിക്കുന്നത് ഒരു തരത്തിലും ബൈബിളിലെ വൈരുദ്ധ്യമല്ല; മറിച്ച്, ഈ വാദം ഉയര്‍ത്തുന്നവരുടെ അജ്ഞത മാത്രമാണ്! നാലു സുവിശേഷകരുടെയും വിവരണങ്ങള്‍ തമ്മില്‍ ആശയപരമായ ഒരു ഭിന്നതയും ഇല്ലെങ്കിലും ശൈലിയിലും സംഭവങ്ങള്‍ അവതരിപ്പിക്കുന്നതിലും വ്യത്യാസങ്ങള്‍ ഉണ്ട്. ഇതുതന്നെയാണ് ബൈബിളിന്റെ ആധികാരികതയും! നാലു വ്യത്യസ്തരായ വ്യക്തികള്‍, നാലു വ്യത്യസ്ത ദേശങ്ങളില്‍ ഇരുന്നുകൊണ്ടാണ് സുവിശേഷങ്ങള്‍ എഴുതിയത്. അറിവിലും പ്രായത്തിലും ഇവര്‍ നാലുപേരും വ്യത്യസ്തരായിരുന്നു. ഇങ്ങനെയുള്ള നാലു വ്യക്തികള്‍ ഒരേപോലെ എഴുതിയിരുന്നുവെങ്കില്‍, തീര്‍ച്ചയായും വിശ്വാസയോഗ്യമാകുമായിരുന്നില്ല! കാരണം, യേഹ്ശുവായുടെ രക്ഷാകര ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ്‌ സുവിശേഷം! അതുകൊണ്ടുതന്നെ, ഇവരെ നാലുപേരെയും യേഹ്ശുവായുടെ ജീവിതത്തിന്റെയും മരണത്തിന്റെയും ഉയിര്‍പ്പിന്റെയും സാക്ഷികളായി പരിഗണിക്കണം. വ്യത്യസ്ത ജീവിതനിലവാരത്തിലുള്ള വ്യക്തികള്‍ നല്‍കുന്ന വിവരണങ്ങള്‍ ഒരേപോലെ ആയിരുന്നാല്‍, കോടതികള്‍പ്പോലും ഈ സാക്ഷിമൊഴിയെ പൂര്‍ണ്ണമായി വിശ്വസിക്കില്ല. ഭിഷഗ്വരനായ (ഡോക്ടര്‍) ലൂക്കായും, മുക്കുവനായ യോഹന്നാനും, ചുങ്കക്കാരനായ (നികുതി ഉദ്യോഗസ്ഥന്‍) മത്തായിയും, വ്യവസായിയായ മര്‍ക്കോസും നല്‍കുന്ന വിവരണങ്ങള്‍ സ്വാഭാവികമായും വ്യത്യസ്തമായിരിക്കണം! എന്നാല്‍, ആശയത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടാകാന്‍ പാടില്ല! ബൈബിള്‍ രചനയിലും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്! സ്വര്‍ഗ്ഗത്തില്‍നിന്നു നൂലില്‍ കെട്ടിയിറക്കിയതോ, 'മലക്ക്' വന്നു കാതില്‍ പറഞ്ഞുകൊടുത്തതോ ആയ ഗ്രന്ഥമാണ് ബൈബിള്‍ എന്ന് ആരും ഇതുവരെ പ്രചരിപ്പിച്ചിട്ടില്ല! പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍ക്കാഴ്ചയില്‍ മനുഷ്യര്‍ എഴുതിയതാണ് ബൈബിള്‍!

വിവരണത്തിലുള്ള വ്യത്യാസമല്ലാതെ മറ്റെന്തെങ്കിലും പൊരുത്തക്കേടുകളുണ്ടോ എന്നതാണ് നാം പരിശോധിക്കേണ്ടത്. ഒരു സംഭവത്തെക്കുറിച്ച് ഒന്നിലധികം ആളുകള്‍ സാക്ഷ്യം നല്‍കുമ്പോള്‍, സംഭവം നടന്ന സമയത്തെ സംബന്ധിച്ച മൊഴിയില്‍ വൈരുദ്ധ്യമുണ്ടായാല്‍, ഈ സാക്ഷ്യങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകില്ല. അതുകൊണ്ടുതന്നെ, യോഹാന്നാന്റെ വിവരണത്തില്‍ സമയത്തെ സംബന്ധിച്ചുള്ള വൈരുദ്ധ്യം പരിഗണിക്കേണ്ടിയിരിക്കുന്നു. മത്തായിയുടെ സാക്ഷിമൊഴിയില്‍, യേഹ്ശുവായുടെ മരണം നടക്കുന്നത് ഒന്‍പതാം മണിക്കൂറിലാണെന്നു വ്യക്തമാക്കിയത് നാം കണ്ടു. എന്നാല്‍, യോഹന്നാല്‍ നല്‍കുന്ന മൊഴിയില്‍ വലിയ വ്യത്യാസം കാണുന്നു. ഒന്‍പതാം മണിക്കൂറില്‍ യേഹ്ശുവായെ മരണത്തിനു വിധിക്കുന്നതായിട്ടാണ് അപ്പസ്തോലനായ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിള്‍ വായിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ അറിവ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഈ വചനത്തിലൂടെ ആശയക്കുഴപ്പവും അതുവഴി അവിശ്വാസവും ഉണ്ടാവുക സ്വാഭാവികമാണ്! മനോവ മുന്‍പേ പറഞ്ഞതുപോലെത്തന്നെ, വിശുദ്ധ യോഹന്നാന് ഇവിടെ ഒരു തെറ്റും സംഭവിച്ചിട്ടില്ല!

യേഹ്ശുവായുടെ കാലത്തും അപ്പസ്തോലന്മാരുടെ കാലത്തും ആ ദേശത്ത് രണ്ടു സമയക്രമങ്ങള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ഒന്ന് റോമന്‍ സമയക്രമവും മറ്റൊന്ന് യെഹൂദരുടെ സമയക്രമവും! യോഹന്നാനൊഴികെ മറ്റെല്ലാ സുവിശേഷകരും അടിസ്ഥാനമാക്കിയത് യെഹൂദരുടെ സമയക്രമമാണെങ്കില്‍, യോഹന്നാന്‍ റോമന്‍ സമയക്രമം മാനദണ്ഡമാക്കി സുവിശേഷം രചിച്ചു! കാരണം, വിശുദ്ധ യോഹന്നാന്‍ സുവിശേഷം രചിച്ചത് ഗ്രീസിലെ എഫേസോസില്‍ വച്ചായിരുന്നു. മാത്രവുമല്ല, A.D. 95-ല്‍ രചന പൂര്‍ത്തിയാകുന്ന കാലത്ത് യെഹൂദ സമയക്രമത്തിന് ലോകത്ത് യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. കാരണം, അതിനോടകം യെഹൂദര്‍ ചിതറിക്കപ്പെട്ടു കഴിഞ്ഞിരുന്നു! റോമന്‍ അധിനിവേശത്തിനു കീഴിലുള്ള എഫേസോസില്‍ ഇരുന്ന് സുവിശേഷം രചിച്ച യോഹന്നാന്‍ സ്വാഭാവികമായും ഉപയോഗിക്കുന്നത് റോമന്‍ ശൈലിയായിരിക്കും. റോമന്‍ സമയക്രമമനുസരിച്ച്, ഒരു ദിവസം ആരംഭിക്കുന്നത് രാത്രി പന്ത്രണ്ടു മണിക്കാണ്. അതായത്, യോഹന്നാന്‍ ഒന്‍പത് എന്ന് എഴുതിയത്, നാം ഇന്നു കണക്കാക്കുന്ന ഒന്‍പതുമണി തന്നെയാണ്! ഇനി ഈ വചനം നോക്കുക: “ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേഹ്ശുവായെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം - ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത - എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌ ന്യായാസനത്തില്‍ ഇരുന്നു. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യെഹൂദരോടു പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ?”(യോഹ: 19; 13-15).

വിചാരണയുടെ അന്ത്യത്തോടടുത്തപ്പോള്‍ ഏകദേശം ആറുമണിയായിരുന്നുവെന്ന് യോഹന്നാന്‍ പറയുമ്പോള്‍ ഇത് ഒരു ദൃക്സാക്ഷിയുടെ മൊഴിയാണെന്നു നാം മനസ്സിലാക്കണം. വിചാരണയുടെ എല്ലാ വേളകളിലും അതിനു സാക്ഷിയായിരുന്ന ഏക സുവിശേഷകനാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ സ്നേഹിക്കുന്ന തന്റെ ഗുരു വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഹൃദയഭേദകമായ നിമിഷത്തില്‍ സമയം കൃത്യമായി അന്വേഷിക്കുവാനുള്ള അവസ്ഥയില്‍ ആയിരിക്കില്ലെന്ന് സാമാന്യബുദ്ധിയുള്ള നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ, ഏകദേശ സമയം മാത്രമായി ഇതിനെ പരിഗണിച്ചാല്‍ മതി. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് യേഹ്ശുവായെ വിട്ടുകൊടുക്കാന്‍ വീണ്ടും സമയമെടുക്കും. അതിനുശേഷമുള്ള പീഡാസഹന യാത്രയുടെ ദൈര്‍ഘ്യം ചെറുതായിരുന്നുവെന്നു നാം ചിന്തിക്കരുത്. റോമന്‍ പടയാളികളുടെ മൂന്നാംമുറയുടെ ഭീകരത അതിന്റെ ഏറ്റവും ക്രൂരതയോടെ അനുഭവിച്ച്, മാംസവും രക്തവും ചിതറിക്കപ്പെട്ട ഒരു പച്ചമനുഷ്യനാണ് ഭാരമേറിയ കുരിശു വഹിച്ചുകൊണ്ട് ഗൊല്‍ഗോല്‍ഥായിലേക്ക് ഇഴഞ്ഞുനീങ്ങുന്നത്!

യേഹ്ശുവായോടൊപ്പമുള്ള അന്ത്യത്താഴത്തില്‍ പങ്കാളിയാകുകയും അവിടുന്ന് ഒറ്റിക്കൊടുക്കപ്പെട്ടപ്പോള്‍ അതിനു സാക്ഷിയാകുകയും ചെയ്ത വ്യക്തിയാണ് യോഹന്നാന്‍. പിന്നീടുള്ള ഓരോ സംഭവങ്ങള്‍ക്കും ദൃക്സാക്ഷിയായ ഏക ശിഷ്യനും യോഹന്നാന്‍തന്നെയായിരുന്നു. വിചാരണയും വിധിയും ചമ്മട്ടിയടിയും നേരില്‍ക്കണ്ട യോഹന്നാന്‍, കുരിശും വഹിച്ചുകൊണ്ടുള്ള യേഹ്ശുവായുടെ യാത്രയില്‍ അവിടുത്തെ അനുഗമിക്കുകയും ചെയ്തു! ക്രൂശീകരണത്തിനും കുരിശുമരണത്തിനും സാക്ഷിയായി ഈ ശിഷ്യന്‍ കുരിശിനു ചുവട്ടിലുണ്ടായിരുന്നു. യേഹ്ശുവായുടെ ശരീരം സംസ്കരിക്കപ്പെടുന്നതുവരെ മാത്രമായിരുന്നില്ല യോഹന്നാന്റെ സാക്ഷ്യദൗത്യം അവിടുത്തെ പിന്തുടര്‍ന്നത്; ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവായുടെ കല്ലറ കണ്ടു സാക്ഷ്യപ്പെടുത്തുന്നതിലും ഈ ശിഷ്യനു ഭാഗഭാഗിത്വമുണ്ടായിരുന്നു! ഇത്തരത്തില്‍, മുഴുവന്‍ സംഭവങ്ങള്‍ക്കും സാക്ഷിയായ യോഹന്നാന്‍, മറ്റുള്ള മൂന്നു സുവിശേഷകര്‍ കുറിച്ച സമയത്തില്‍നിന്നു വ്യത്യസ്തമായി എഴുതിയിട്ടുണ്ടെങ്കില്‍, അതിനുള്ള വ്യക്തമായ കാരണമാണ് മനോവ ഇവിടെ വ്യക്തമാക്കിയത്! വാലും തലയുമില്ലാതെ എഴുതിക്കൂട്ടിയ പുസ്തകത്തെ ന്യായീകരിക്കാന്‍, അതിന്റെ വക്താക്കള്‍ ബൈബിളിലെ അക്ഷരത്തെറ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മനോവ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു: ബൈബിള്‍ ആരും മാനത്തുനിന്നു കെട്ടിയിറക്കിയതോ, മാലാഖ കൈപിടിച്ച് എഴുതിച്ചതോ അല്ല! പരിശുദ്ധാത്മാവില്‍ നിറഞ്ഞവരും വ്യഭിചാരത്തില്‍നിന്നും വിഗ്രഹങ്ങളില്‍നിന്നും അകന്നു നിന്നവരുമായ വിശുദ്ധ വ്യക്തികള്‍ എഴുതിയതാണ്!

ബൈബിളിനെ എതിര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമായി തട്ടിക്കൂട്ടിയ പുസ്തകം ഉയര്‍ത്തിപ്പിടിച്ച്, അതിന്റെ ഉപജ്ഞാതാവ് നടത്തുന്ന വെല്ലുവിളി ഇങ്ങനെയാണ്: “പറയുക, ഈ ഖുറാനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് ശ്രമിച്ചാലും അവര്‍ക്കതിനു കഴിയുകയില്ല”സുറ: 17: 88). ബുദ്ധിമാന്ദ്യമുള്ള തന്റെ പുത്രനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതുപോലൊരു പുത്രനെ ജനിപ്പിക്കാന്‍ വെല്ലുവിളിക്കുന്ന വിഡ്ഢിയായ പിതാവിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ സ്വബോധമുള്ള ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ഗ്രഹിക്കാന്‍ ഹാഗാറിന്റെ മക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല!

ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരുകാര്യംകൂടി ചേര്‍ത്തുവച്ചു പഠിക്കേണ്ടതുണ്ട്. അത് ഭൂമിയുടെ ആകൃതിയെ സംബന്ധിച്ചാണ്!

ഭൂമിയുടെ ആകൃതി!

ഭൂമിയുടെ ആകൃതിയെ സംബന്ധിച്ച് ദുരൂഹതകള്‍ നിറഞ്ഞ ചര്‍ച്ചകളുമായി ചില കപട സുവിശേഷകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ക്രിസ്തുവിന്റെയും ക്രിസ്തീയതയുടെയും ശത്രുക്കള്‍ക്ക് പറഞ്ഞുചിരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നതില്‍ ഇക്കൂട്ടര്‍ എല്ലാക്കാലത്തും സജ്ജീവമായിരുന്നു. ബൈബിളിലെ വചനങ്ങള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത ഇവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം പലപ്പോഴും ദ്വേഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ശാസ്ത്രം ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്ന പല വിഷയങ്ങള്‍ക്കുമുള്ള ഉത്തരം സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ബൈബിളില്‍ രേഖപ്പെടുത്തി വച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ബൈബിളിലെ ഇരുപത്തിരണ്ടാമത്തെ പുസ്തകമായ ഇയൗബിന്റെ പുസ്തകം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഭൂമിയെ സംബന്ധിക്കുന്ന അനേകം സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകമാണ് ഇയൗബിന്റെ പുസ്തകം! ബൈബിളിലെ മറ്റു ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്ത പല കാര്യങ്ങളും ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനികശാസ്ത്രം ഇരുട്ടില്‍ത്തപ്പുന്ന ചില ശാസ്ത്രീയസത്യങ്ങളാണ് അവയില്‍ ചിലത്. ബൈബിള്‍ ഒരു ശാസ്ത്രഗ്രന്ഥമല്ലെങ്കിലും, ശാസ്ത്രം എക്കാലത്തും ബൈബിളിനു പിന്നാലെയായിരുന്നുവെന്നതാണ് യഥാര്‍ത്ഥ സത്യം. ഈ പിന്തുടരലിനു പിന്നില്‍ രണ്ടു താത്പര്യങ്ങളുണ്ട്‌. ബൈബിളില്‍ പ്രഖ്യാപിച്ചിട്ടുള്ള സത്യങ്ങളെ ഖണ്ഡിക്കാനുള്ള തെളിവുശേഖരണമാണ് ഒന്നാമത്തെ താത്പര്യമെങ്കില്‍, സൃഷ്ടിയെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണമാണ് രണ്ടാമത്തെ താത്പര്യം. ബൈബിളിലെ സത്യങ്ങളെ ഖണ്ഡിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരിപൂര്‍ണ്ണ പരാജയങ്ങളായിരുന്നുവെന്നു മാത്രമല്ല, ശ്രമിച്ചവര്‍ക്കെല്ലാം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നുവെന്നതാണ് ഇന്നുവരെയുള്ള ചരിത്രം.

കുറേക്കാലം പരിണാമസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദൈവത്തെയും ബൈബിളിലെ സത്യങ്ങളെയും നിഷേധിക്കാന്‍ ശ്രമം നടത്തിയത് നമുക്കറിയാം. കൊച്ചുകുട്ടികള്‍പ്പോലും പരിഹസിക്കാന്‍ തുടങ്ങിയതോടെ ആ വരട്ടുവാദം അവര്‍ ഉപേക്ഷിച്ചു. പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചും ജീവജാലങ്ങളുടെ സൃഷ്ടിയെ സംബന്ധിച്ചും പരസ്പരവിരുദ്ധമായ ആശയങ്ങള്‍ ഓരോ കാലത്തും ശാസ്ത്രീയ പരിവേഷത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയിലൊന്നില്‍പ്പോലും അധികകാലം ശാസ്ത്രം ഉറച്ചുനിന്നിട്ടില്ല. ഈ പ്രപഞ്ചത്തെയും ഭൂമിയിലെ ജീവജാലങ്ങളെയും സൃഷ്ടിച്ചതു ദൈവമാണെന്നു സമ്മതിക്കാനുള്ള വൈമനസ്യംമൂലം, സൃഷ്ടി എന്ന വാക്കിനു പകരം ഉത്പത്തി എന്ന വാക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതും ശാസ്ത്രികളുടെ കൗശലമാണ്. പ്രപഞ്ചോത്പത്തി, ജീവന്റെ ഉത്പത്തി, മനുഷ്യന്റെ ഉത്പത്തി എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്കു പിന്നിലുള്ള ലക്‌ഷ്യം ദൈവനിഷേധമാണെന്ന് ദൈവവിശ്വാസികള്‍ക്കുപോലും മനസ്സിലായിട്ടില്ല. പ്രപഞ്ചത്തെ സംബന്ധിച്ചോ ജീവന്റെ പിന്നിലെ സത്യത്തെ സംബന്ധിച്ചോ വ്യക്തമായ ഉത്തരം ഇന്നോളം നല്‍കാന്‍ കഴിയാത്ത ശാസ്ത്രലോകം ഒടുവില്‍ എത്തിനില്‍ക്കുന്നത് പ്രകൃതിയുടെ വികൃതിയിലാണ്. ദൈവത്തിനു പകരം പ്രതിഷ്ഠിച്ചിരിക്കുന്ന പുതിയ വിഗ്രഹത്തിനു ശാസ്ത്രികള്‍ നല്‍കിയിരിക്കുന്ന പേരാണ് പ്രകൃതി’. മറ്റൊരാശയം ഉരുത്തിരിയുന്നതുവരെ പ്രകൃതി എന്ന ആശയവുമായി ശാസ്ത്രലോകം മുന്നോട്ടുപോകും. എന്താണ് പ്രകൃതി എന്നുചോദിച്ചാല്‍ കൃത്യമായ ഉത്തരമൊന്നുമില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍, ഏതു സത്യത്തെ മറയ്ക്കാന്‍ ശാസ്ത്രം കിണഞ്ഞുശ്രമിക്കുന്നുവോ, ആ സത്യം ബൈബിളില്‍ അന്നുമിന്നും മാറ്റമില്ലാതെ പ്രശോഭിതമായി നിലനില്‍ക്കുന്നു. സത്യാന്വേഷകര്‍ക്ക് എന്നും പ്രകാശമായി ബൈബിളിലെ സൃഷ്ടിയുടെ പുസ്തകമുണ്ട്. സൃഷ്ടിയുടെ പുസ്തകത്തിലും ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ കണ്ടെത്താന്‍ കഴിയും. അതിലേക്ക് നാമിപ്പോള്‍ പ്രവേശിക്കുന്നില്ല!

ഇയൗബിന്റെ പുസ്തകത്തിലെ ഇരുപത്തിയാറാം അദ്ധ്യായത്തില്‍ വലിയൊരു സത്യം വെളിപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ ആകൃതിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണത്. ഇരുപത്തിയാറാം അദ്ധ്യായത്തിലെ രണ്ടു വാക്യങ്ങള്‍ ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ ഭൂമിയുടെ ആകൃതിയെന്താണെന്നു മനസ്സിലാകും. ആദ്യവാക്യം ഇതാണ്: “ശൂന്യതയുടെമേല്‍ അവിടുന്ന് ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ഒന്നുമില്ലായ്മയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു”(ഇയൗബ്: 26; 7). ചേര്‍ത്തുവച്ചു പഠിക്കേണ്ട വാക്യം നോക്കുക: “പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും അതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്ന് ഒരു വൃത്തം വരച്ചിരിക്കുന്നു”(ഇയൗബ്: 26; 10). ഈ വാക്യങ്ങള്‍ ചേര്‍ത്തുവച്ചു പഠിക്കുന്നവര്‍ക്ക് ഭൂമിയെ ഒരു ഗോളമായി മനസ്സിലാക്കാന്‍ സാധിക്കും. ഭൂമി ഒരു ഗോളമായതുകൊണ്ടു മാത്രമാണ് പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും  അതിര് വൃത്തമായി കാണപ്പെടുന്നത്. സൂര്യന് അഭിമുഖമായി വരുന്ന ഭാഗത്ത് പ്രകാശവും മറുവശത്ത് അന്ധകാരവും ആയിരിക്കുമ്പോള്‍, പ്രകാശത്തെയും അന്ധകാരത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തിയുണ്ടാകും. ഒരു ഗോളത്തിന്റെ ഇരുവശങ്ങളിലായിരിക്കുമ്പോള്‍ മാത്രമേ അതിര്‍ത്തി വൃത്താകൃതിയില്‍ കാണപ്പെടുകയുള്ളു. ഭൂമിയുടെ ആകൃതി ഗോളാകൃതിയാണെന്നു മനസ്സിലാക്കാന്‍ ഈ ഒരു വെളിപ്പെടുത്തല്‍ മാത്രം മതി!

ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്‌നിയാലെന്നപോലെ തിളച്ചുമറിയുന്നു”(ഇയൗബ്: 28; 5). ഭൂമിയുടെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്ന അവസ്ഥയിലാണെന്നു പറയുമ്പോള്‍, ഭൂമിയുടെ ആകൃതി എന്താണെന്നു വ്യക്തം. ഒന്നുമില്ലായ്മയുടെമേല്‍ തൂക്കിയിട്ടിരിക്കുന്ന, അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്ന, പ്രകാശവും അന്ധകാരവും തമ്മില്‍ വൃത്താത്താല്‍ അതിരിടുന്ന മറ്റേതു ഘനരൂപമാണുള്ളത്? ഇയൗബിന്റെ പുസ്തകത്തിലെ ഈ മൂന്നു വെളിപ്പെടുത്തലുകള്‍ ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ ഭൂമിയുടെ ആകൃതിയെന്താണെന്നു വ്യക്തമാകും. ശാസ്ത്രം കണ്ടെത്തുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ സത്യങ്ങള്‍. അതായത്, രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിക്കപ്പെട്ട സത്യങ്ങളാണിത്. യോനാഹിന്റെ അടയാളം എന്താണെന്ന് പഠിക്കുന്നതിനുമുമ്പ് ഭൂമിയെ സംബന്ധിച്ച് ഇത്രയും മനസ്സിലാക്കിയിരിക്കണം.

യോനാഹ് പ്രവാചകന്റെ അടയാളം!

പ്രവാചകനായ യോനാഹ് എത്ര ദിവസമായിരുന്നു മത്സ്യത്തിന്റെ ഉദരത്തില്‍ കഴിച്ചുകൂട്ടിയത്? “യോനാഹ് മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു”(യോനാഹ്: 1; 17). ഇതാണ് ബൈബിള്‍ നല്‍കുന്ന ഉത്തരം. മത്സ്യത്തിന്റെ ഉദരത്തില്‍ യോനാഹ് കിടന്നതുപോലെ, മനുഷ്യപുത്രന്‍ ഭൂമിക്കുള്ളില്‍ കഴിയുമെന്ന് യേഹ്ശുവാ പറഞ്ഞു. യോനാഹ്പ്രവാചകന്റെ ജീവിതത്തില്‍ നടന്ന സംഭവവുമായി ചേര്‍ത്ത് യേഹ്ശുവാ തന്നെക്കുറിച്ചു സ്വയം നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: “യോനാഹ് മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും”(മത്താ: 12; 40). യോനാഹ് മത്സ്യത്തിന്റെ ഉദരത്തില്‍ ആയിരുന്നതുപോലെ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളില്‍ യേഹ്ശുവാ ചിലവഴിച്ചില്ല എന്ന് അവിടുത്തെ മരണവും ഉത്ഥാനാവും തമ്മിലുള്ള ദൈര്‍ഘ്യം പരിശോധിച്ചാല്‍ മനസ്സിലാകും! ഇവിടെ യേഹ്ശുവായ്ക്കു പിഴവു പറ്റിയോ?

യെഹൂദരിലെ മുഴുവന്‍ പണ്ഡിതന്മാരും കിണഞ്ഞുശ്രമിച്ചിട്ടും ഒരു വാക്കില്‍പ്പോലും യേഹ്ശുവായെ കുടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല! അങ്ങനെയുള്ള യേഹ്ശുവായുടെ അധരങ്ങളില്‍നിന്ന് എന്തെങ്കിലുമൊരു പിഴവു വരുമെന്ന് ആരും കരുതരുത്. ആയതിനാല്‍ത്തന്നെ, അവിടുത്തെ വചനത്തിന്റെ പൊരുള്‍ വ്യക്തമായി പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനായി, ഈ ലേഖനം ആരംഭിച്ചിടത്തേക്കുതന്നെ നാം മടങ്ങിവന്നിരിക്കുകയാണ്.

ഗെലീലിയോ മനസ്സിലാക്കുന്നതിനു മുന്‍പും ഭൂമി ഉരുണ്ടതായിരുന്നുവെന്നും, ഈ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ വസിച്ചിരുന്നുവെന്നും ഇന്നു നമുക്കറിയാം! യേഹ്ശുവാ ഈ ഭൂമിയിലേക്കു വന്നത് സകല ജനതകള്‍ക്കും വേണ്ടിയായിരുന്നു. എന്നാല്‍, യോനാഹ്പ്രവാചകന്‍ അയയ്ക്കപ്പെട്ടത് നിനവേ നിവാസികള്‍ക്കുവേണ്ടി മാത്രമായിരുന്നു! യോനാഹിനെ മത്സ്യം വിഴുങ്ങിയതും നിനവേ നിവാസികള്‍ക്കുവേണ്ടിയായിരുന്നു! അതുകൊണ്ടാണല്ലോ നിനവേയുടെ തീരത്ത് യോനാഹിനെ ഛര്‍ദ്ദിച്ചിടാന്‍ മത്സ്യത്തോടു ദൈവം കല്പിച്ചത്! അതുകൊണ്ടുതന്നെ, യോനാഹിനെ സംബന്ധിച്ചും യോനാഹിന്റെ ദൗത്യത്തിന്റെ ഫലം അനുഭവിച്ച ജനതയെ സംബന്ധിച്ചും മൂന്നു രാവും മൂന്നു പകലും മാത്രമാണ് മത്സ്യത്തിന്റെ ഉദരത്തില്‍ നഷ്ടപ്പെട്ടത്! എന്നാല്‍, യേഹ്ശുവായുടെ കല്ലറവാസം അങ്ങനെയായിരുന്നില്ല.

വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച്ച പുലര്‍ച്ചവരെ യേഹ്ശുവാ ഭൂമിക്കുള്ളിലായിരുന്നു! അതായത്, യെരുശലേമിലും സമീപദേശങ്ങളിലും വസിച്ചിരുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം, രണ്ടു രാത്രിയും ഒരു പകലും അവിടുന്ന് ഭൂമിക്കുള്ളിലായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഭൂമിയുടെ മറുവശത്ത് ജീവിച്ചിരുന്ന ജനതകളെ സംബന്ധിച്ചിടത്തോളം ഇത് രണ്ടു പകലും ഒരു രാത്രിയുമാണ്! ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, യേഹ്ശുവായുടെ രക്ഷാകര സംഭവങ്ങള്‍ നടന്ന ദേശത്തെ ജനതയ്ക്കു രണ്ടു രാത്രിയും എതിര്‍ഭാഗത്തെ ജനതയ്ക്ക് ഒരു രാത്രിയും അവിടുന്ന് ഭൂമിക്കുള്ളില്‍ ആയിരുന്നു! ഭൂമുഖത്തെ മുഴുവന്‍ ജനതകളെയും കണക്കിലെടുക്കുമ്പോള്‍ മൂന്നു രാത്രിയുണ്ടായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല! യിസ്രായേല്യരെ സംബന്ധിച്ചിടത്തോളം മനുഷ്യപുത്രന്‍ സംസ്കരിക്കപ്പെട്ടത് വൈകുന്നേരം ആറു മണിക്കാണെങ്കിലും, എതിര്‍വശത്തെ ജനതയ്ക്ക് ഇതു പുലര്‍ച്ചെ ആറു മണിയാണ്! അവരെ സംബന്ധിച്ചിടത്തോളം രണ്ടു പകലുകളാണ് യേഹ്ശുവാ ഭൂമിക്കുള്ളിലായിരുന്നത്! മുന്‍പ് നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിക്കും. വചനമിതാണ്: “പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും അതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്ന് ഒരു വൃത്തം വരച്ചിരിക്കുന്നു”(ഇയൗബ്: 26; 10). ഒരുവശത്തു പകലും മറുവശത്ത് രാത്രിയും! രാത്രിയെയും പകലിനെയും അതിരിടുന്ന ഭാഗം ഒരു വൃത്തവും!

സകല ജനതകള്‍ക്കും വേണ്ടിയാണ് യേഹ്ശുവാ മരിച്ചതും ഉയിര്‍ത്തെഴുന്നേറ്റതും! ഭൂമിക്കുള്ളില്‍ അവിടുന്നായിരുന്നതും അങ്ങനെതന്നെ! അതുകൊണ്ട്, ഏതെങ്കിലും ഒരു ജനതയ്ക്ക് രണ്ടു പകലും ഒരു രാത്രിയും ആയിരുന്നു എന്നതല്ല; സകല ജനതകള്‍ക്കും എങ്ങനെയായിരുന്നുവോ അതാണ്‌ പരിഗണിക്കപ്പെടേണ്ടത്! ഭൂമിക്കുള്ളില്‍ രാത്രിയോ പകലോ ഇല്ലെന്നും അന്ധകാരം മാത്രമാണുള്ളതെന്നും നമുക്കറിയാം. ഭൂമിയുടെ ഉപരിതലത്തില്‍ ജീവിക്കുന്നവര്‍ക്കാണ് രാത്രിയും പകലും ഉള്ളത്! യേഹ്ശുവാ അടയാളം നല്‍കിയത് ഭൂവാസികളായ എല്ലാ മനുഷ്യരെയും ചേര്‍ത്തുവച്ചാണ്!

യേഹ്ശുവായുടെ മരണവും ഉയിര്‍പ്പും നാം ആചരിക്കുമ്പോള്‍ ശ്രദ്ധിക്കാതെപോകുന്ന ചില വസ്തുതകളുണ്ട്. അവിടുന്ന് നമുക്കുവേണ്ടി കുരിശില്‍ മരിച്ച സമയം മൂന്നു മണിയെന്നത് യിസ്രായേലില്‍ വസിക്കുന്നവരെ സംബന്ധിച്ചു മാത്രമേ അന്വര്‍ത്ഥമാകുന്നുള്ളു. ഇവിടെ മൂന്നു മണിയാകുമ്പോള്‍, മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായ സമയങ്ങളായിരിക്കും. അതിനാല്‍, ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ വസിക്കുന്നവരുടെ ആചാരണങ്ങളും ആഘോഷങ്ങളും നിരര്‍ത്ഥകങ്ങളാണെന്നു പറയാതെവയ്യാ! വത്തിക്കാനില്‍ പോപ്പിന്റെ സ്ഥാനാരോഹണം നടക്കുമ്പോള്‍ ഇന്ത്യയിലുള്ള വ്യക്തി ടെലിവിഷനില്‍ അത് തത്സമയം കാണുന്നു! ഈ ചടങ്ങ് ശൈത്യകാലത്താണ് നടക്കുന്നതെങ്കില്‍ ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂര്‍ വ്യത്യാസമുണ്ടാകും. അതായത്, രാവിലെ പത്തുമണിക്ക് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങ് തത്സമയം കാണണമെങ്കില്‍, ഇന്ത്യയിലെ വിശ്വാസികള്‍ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ടെലിവിഷന്‍ തുറക്കണം! വത്തിക്കാനില്‍ പത്തുമണിക്കാണെന്നു കരുതി ഇന്ത്യയിലുള്ള വ്യക്തിയും പത്തുമണിക്ക് അതു വീക്ഷിക്കാമെന്നു ചിന്തിച്ചിട്ടു കാര്യമില്ല! ന്യൂസിലന്‍ഡിലോ ഓസ്ത്രേലിയയിലോ ഒരു വ്യക്തി വെള്ളിയാഴ്ച്ച പുലര്‍ച്ചയ്ക്കു മരിച്ചാല്‍, ഇന്ത്യയിലുള്ള അവരുടെ പ്രിയപ്പെട്ടവര്‍ക്ക് വിലാപദിനം വ്യാഴാഴ്ചയായിരിക്കും!

ഒരുകാര്യംകൂടി വ്യക്തമാക്കാം; ലോകത്തുള്ള ഏതൊരു യെഹൂദനും ശബാത്ത് ആചരണം തുടങ്ങുന്നത് തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ സമയക്രമം അനുസരിച്ചാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ഇത് ആരംഭിക്കും! എന്നാല്‍, മരണം അനുസ്മരിക്കുകയും ജനനം ആഘോഷിക്കുകയും ചെയ്യുന്നത് ഈ മാനദണ്ഡത്തിലല്ല! അതായത്, ഇന്ത്യയില്‍ ജീവിക്കുന്ന ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം യേഹ്ശുവായുടെ മരണം അനുസ്മരിക്കേണ്ടത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ്! ഈ വചനംകൂടി നമ്മുടെ ശ്രദ്ധയില്‍ ഉണ്ടാകട്ടെ: “ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗെലീലെയായില്‍ നസ്രെത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട യോസെഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ത്ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം”(ലൂക്കാ: 1; 26-31). ഇത് സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യര്‍ക്ക്‌ ലഭിച്ച സന്തോഷത്തിന്റെ സദ്വാര്‍ത്തയായിരുന്നു. നസ്രെത്തില്‍ ഈ സന്ദേശം ലഭിച്ചപ്പോള്‍ത്തന്നെ ലോകത്തിനു മുഴുവന്‍ ഇത് അന്വര്‍ത്ഥമായി! ഭൂമിയുടെ ഏതൊരു ഭാഗത്ത് ജീവിക്കുന്ന വ്യക്തിക്കും അവര്‍ ജീവിക്കുന്നിടത്ത് അപ്പോഴത്തെ സമയം എത്രയാണോ, അതാണ്‌ അവന് സദ്വാര്‍ത്തയുടെ സമയം!

മറ്റൊരു വിഷയത്തില്‍ അവതരണം അവസാനിപ്പിച്ചാല്‍ യഥാര്‍ത്ഥ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകും എന്നതിനാല്‍, യോനാഹിന്റെ അടയാളമെന്ന വിഷയത്തില്‍ത്തന്നെ ഈ ലേഖനം ഉപസംഹരിക്കേണ്ടിയിരിക്കുന്നു.

മൂന്നു ദിവസവും മൂന്നാം നാളും!

മൂന്നുദിവസം യേഹ്ശുവാ ഭൂമിക്കുള്ളില്‍ ആയിരുന്നിട്ടില്ല. കൃത്യമായി കണക്കാക്കിയാല്‍ ഒന്നര ദിവസമാണ് അവിടുന്ന് പാതാളത്തില്‍ ആയിരുന്നത്. അങ്ങനെയെങ്കില്‍ രണ്ടാംനാള്‍ ആയിരുന്നു യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റതെന്നു വരില്ലേ? ഈ ആശയക്കുഴപ്പംകൂടി പരിഹരിക്കേണ്ടിയിരിക്കുന്നു. യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റത് മൂന്നാംനാള്‍ തന്നെയാണ്! അതായത്, യേഹ്ശുവായുടെ ശരീരം സംസ്കരിച്ചത് വെള്ളിയാഴ്ച്ചയായിരുന്നു. അതിനാല്‍, വെള്ളിയാഴ്ചയെ ഒന്നാം നാളായി പരിഗണിക്കണം. രണ്ടാംനാള്‍ ശബാത്തുദിനമായ ശനിയാഴ്ചയും, മൂന്നാംനാള്‍ അവിടുന്ന് ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റ ദിനവും! ആയതിനാല്‍, അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റത് മൂന്നാംനാള്‍ തന്നെയാണ്. എന്നാല്‍, ചിലര്‍ പറയുന്നതുപോലെ, മൂന്നു ദിവസത്തിനുശേഷമല്ല! ഇനി യോനാഹിന്റെ അടയാളവുമായി യേഹ്ശുവായുടെ പാതാള സന്ദര്‍ശനത്തെ ചേര്‍ത്തുവച്ചുകൊണ്ട് ഈ വിവരണം പൂര്‍ത്തിയാക്കാം.

നിനവേ എന്ന ഒരു പ്രത്യേക ദേശത്തേയ്ക്ക് ദൈവീക ദൂതറിയിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു യോനാഹ്! താര്‍ശീശ് എന്ന ദേശത്തേക്ക് അയയ്ക്കപ്പെടാത്തതുകൊണ്ടു തന്നെയാണ്‌, അവിടേക്ക് ഒളിച്ചോടിയ യോനാഹ് പിടിക്കപ്പെട്ടതും അദ്ഭുതകരമായ രീതിയില്‍ നിനവേയുടെ തീരത്ത് എത്തപ്പെട്ടതും. എന്നാല്‍, യേഹ്ശുവാ വന്നതാകട്ടെ സകല ജനത്തിനും വേണ്ടിയായിരുന്നു! ലോകത്തിന്റെ പ്രകാശവും രക്ഷയുമായ യേഹ്ശുവായാണ് ഭൂമിക്കുള്ളില്‍ ആയിരുന്നുകൊണ്ട് അടയാളം നല്‍കിയത്! ഇനി വളരെ ലളിതമായി ഇതു ചിന്തിക്കാം: വൈകുന്നേരം ആറു മണിയോടെ മനുഷ്യപുത്രന്‍ കല്ലറയില്‍ അടയ്ക്കപ്പെട്ടു. കല്ലറയ്ക്കുള്ളില്‍ രാവും പകലും ഇല്ല; സദാസമയവും രാവുതന്നെ! ഭൂമിയിലായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാവും പകലും ഉണ്ട്. യേഹ്ശുവാ കല്ലറയില്‍ അടയ്ക്കപ്പെട്ടതിനുശേഷം പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു രാത്രി അവസാനിച്ചത് യെരുശലേം നിവാസികള്‍ക്കു മാത്രമായിരുന്നു! ഈ പന്ത്രണ്ടു മണിക്കൂര്‍കൊണ്ടുതന്നെ ലോകത്തിനു ദൈവം ഒരു രാത്രിയും ഒരു പകലും നല്‍കിക്കഴിഞ്ഞു! യേഹ്ശുവാ കല്ലറയില്‍ ആയിരുന്ന 34 മണിക്കൂറിനുള്ളില്‍ ഈ ലോകത്തിനു ദൈവം നല്‍കിയത് മൂന്നു രാവും മൂന്നു പകലുമായിരുന്നു എന്നകാര്യം പകല്‍പോലെ സത്യമാണ്! കൃത്യമായി പറഞ്ഞാല്‍, യേഹ്ശുവായുടെ മരണം മുതല്‍ ഉയിര്‍പ്പുവരെ ആഗോളവ്യാപകമായി മൂന്നു പകലും മൂന്നു രാത്രിയുമുണ്ടായിരുന്നു!

ഈ സന്ദേശം ഉപസംഹരിക്കുമ്പോള്‍ ഒരു ചിന്തകൂടി ദൈവജനത്തിനു മുന്‍പില്‍ വയ്ക്കുന്നു! മൂന്ന് രാവും മൂന്ന് പകലും താന്‍ ഭൂമിക്കുള്ളില്‍ കഴിയുമെന്ന് പ്രഖ്യാപിച്ച യേഹ്ശുവാ ഒന്നര ദിവസം മാത്രമാണ് ഭൂമിക്കുള്ളില്‍ ആയിരുന്നതെന്ന് നമുക്കറിയാം. അതുപോലെതന്നെ, ആ ഒന്നര ദിവസത്തില്‍ത്തന്നെ മൂന്ന് രാവും മൂന്ന് പകലും ഉണ്ടായിരുന്നുവെന്നതാണ്‌ യഥാര്‍ത്ഥ സത്യമെന്നും നാം മനസ്സിലാക്കി. അതായത്, ഇവിടെ യേഹ്ശുവാ നടത്തിയത് ഭൂമിയുടെ ആകൃതിയെ സംബന്ധിക്കുന്ന പ്രഖ്യാപനംകൂടി ആയിരുന്നില്ലേ? ഇതാണ് യേഹ്ശുവാ പറഞ്ഞ യോനാഹിന്റെ അടയാളം! മറ്റാരെങ്കിലും ഇതിനുമുന്‍പ് ഇപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് മനോവയ്ക്കറിയില്ല! എന്നാല്‍, ഒന്നറിയാം: “മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല”(ലൂക്കാ: 12; 2). സത്യം ആരുപറഞ്ഞാലും അതു സത്യമാണ്! സത്യം പറയുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനുമാണ്! “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”(യോഹ: 8; 32).

ചേര്‍ത്തുവായിക്കാന്‍: മനോവ പറയുന്നവയെ എതിര്‍ക്കാന്‍വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന കടമറ്റം സേവക്കാര്‍ ഈ വചനഭാഗം ഓര്‍ക്കുക: “നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും? ഞാന്‍ സത്യമാണ് പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല”(യോഹ: 8; 44-47). മനോവയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്! മനോവ പറയുന്നത് നുണയാണെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കുക! മനോവ പറയുന്നത് സത്യമാണെങ്കില്‍ നിങ്ങള്‍ എന്തിന് മനോവയെ എതിര്‍ക്കുന്നു? ദൈവത്തില്‍നിന്നുള്ളവര്‍ക്ക് മാത്രമേ മനോവ പറയുന്ന സത്യങ്ങളെ സ്വീകരിക്കാന്‍ കഴിയുകയുള്ളു!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-    YouTube

    7443 views

LOG IN

Lost your password?

SIGN UP

LOST PASSWORD