വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

അജ്ഞത അനുഗ്രഹമോ?

Print By
about

23 - 02 - 2019

ജ്ഞതയില്‍ ജീവിച്ചു മരിക്കുന്നത് ഒരു അനുഗ്രഹമായി ആരെങ്കിലും കരുതുന്നുണ്ടോ? അന്ത്യവിധിയുടെ ദിനത്തില്‍ ഒരുവനു തന്റെ അജ്ഞത ഒരു അനുഗ്രഹമായി പരിണമിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി, അജ്ഞത അനുഗ്രഹമല്ലെന്നും അത് വലിയൊരു ശാപമാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ മനോവ പറയുന്നു. പറഞ്ഞാല്‍ മാത്രം പോരാ, അങ്ങനെ പറയുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വവുമുണ്ട്. ഈ ഉത്തരവാദിത്വമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. മനോവയുടെ വായനക്കാര്‍ ആദ്ധ്യാത്മികരായാതുകൊണ്ടുതന്നെ, ആത്മീയതയിലെ അജ്ഞതയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നതെന്ന് ഊഹിക്കാമല്ലോ! ബൈബിളിലെ ഒരു വെളിപ്പെടുത്തലും, ആ വെളിപ്പെടുത്തലിനെ സംബന്ധിച്ച് ചിലര്‍ വച്ചുപുലര്‍ത്തുന്ന അജ്ഞതയുമാണ് ആദ്യമായി നാം ചര്‍ച്ചചെയ്യുന്നത്. ഇതാണ് ആ വെളിപ്പെടുത്തല്‍: "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു"(അപ്പ. പ്രവര്‍: 17; 30).

അജ്ഞതയുടെ കാലഘട്ടങ്ങള്‍ ഏതൊക്കെയാണ്? അങ്ങനെയും ചില കാലഘട്ടങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ വ്യക്തമായിത്തന്നെ നമുക്കു പരിശോധിക്കാം. ആദ്യമായിത്തന്നെ പറയട്ടേ, അങ്ങനെയൊരു കാലഘട്ടം ഉണ്ടായിരുന്നു. അജ്ഞതയുടെ കാലഘട്ടം ഉണ്ടായിരുന്നതുകൊണ്ടാണല്ലോ ആ കാലഘട്ടത്തെക്കുറിച്ച് അപ്പസ്തോലനു  പ്രതിപാദിക്കേണ്ടി വന്നത്! എന്നാല്‍, ആ കാലഘട്ടം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നതാണു വസ്തുത! ഇത് കാലഘട്ടത്തെ സംബന്ധിച്ചു മാത്രമുള്ള കാര്യമാണ്. അതായത്, അജ്ഞത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അജ്ഞതയുടേതായ ഒരു കാലഘട്ടം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല! കുറച്ചുകൂടി വ്യക്തമാക്കിയാല്‍, അജ്ഞതയില്‍ തളയ്ക്കപ്പെട്ട വ്യക്തികളും സമൂഹങ്ങളും ഒരു യാഥാര്‍ത്ഥ്യമായി നമുക്കിടയിലും സമീപത്തും അകലെയുമായി ജീവിക്കുന്നുണ്ട്. എന്നാല്‍, ഇക്കൂട്ടര്‍ ജീവിക്കുന്ന കാലഘട്ടം എന്നത് അജ്ഞതയുടേതല്ല! അത് എന്നേയ്ക്കുമായി അവസാനിക്കുകയും അറിവിന്റെ കാലഘട്ടം യാഥാര്‍ത്ഥ്യമാകുകയും ചെയ്തിരിക്കുന്നു.

അറിവിന്റെ കാലഘട്ടത്തില്‍ ഒരുവന്‍ അറിവില്ലാത്തവനായി ജീവിക്കുന്നുവെങ്കില്‍ അത് അവന്റെ മാത്രം കുറ്റംകൊണ്ടാണ്! അറിയാനുള്ള അവസരങ്ങളെ അവഗണിക്കുന്നവരെല്ലാം ഇതേ കുറ്റകൃത്യത്തില്‍ വ്യാപരിക്കുന്നു. ഇത് അറിവിന്റെ കാലഘട്ടമാണ്. അജ്ഞതയുടെ കാലഘട്ടത്തെയും അറിവിന്റെ കാലഘട്ടത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് ഏതാണെന്നു മനസ്സിലാക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാകും. പൗലോസ് അപ്പസ്തോലന്‍ സൂചിപ്പിച്ച അജ്ഞതയുടെ കാലഘട്ടം ഏതാണെന്നും, ആ കാലഘട്ടം അവസാനിച്ചുവെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ അതിര്‍വരമ്പ് ഏതാണെന്നു കണ്ടെത്തുമ്പോഴാണ്! ഒരുകാര്യംകൂടി ചേര്‍ത്തുവച്ചു മനസ്സിലാക്കാനുണ്ട്. എന്തെന്നാല്‍, അപ്പസ്തോലന്‍ പറയുന്നത് അജ്ഞതയുടെ കാലഘട്ടം എന്നല്ല; മറിച്ച്, 'കാലഘട്ടങ്ങള്‍' എന്നാണ്. ഒന്നിലധികം ഘട്ടങ്ങള്‍ ആ കാലത്തുണ്ടായിരുന്നുവെന്ന സൂചന ഈ വാക്കിലുണ്ട്! ആയതിനാല്‍, അജ്ഞതയുടെ കാലഘട്ടങ്ങളെയും അറിവിന്റെ കാലഘട്ടത്തെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പ് കണ്ടെത്തിക്കൊണ്ട് നമ്മുടെ പഠനം തുടരാം.

അതിര്‍വരമ്പ് കണ്ടെത്താനുള്ള പഠനം ആരംഭിക്കുന്നതിനുമുമ്പ് അജ്ഞതയുടെ കാലഘട്ടങ്ങള്‍ എന്ന പരാമര്‍ശത്തെക്കുറിച്ച് ഒരു തിരിച്ചറിവുകൂടി അനിവാര്യമായിരിക്കുന്നു. എന്തെന്നാല്‍, പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ രണ്ടു സൂചനകളാണ് അതില്‍ കണ്ടെത്താന്‍ കഴിയുന്നത്. അതായത്, അജ്ഞതയുടെ കാലഘട്ടങ്ങളില്‍ ചെയ്തുകൂട്ടിയ തിന്മകളെ വിധി നടപ്പാക്കുമ്പോള്‍ കണക്കിലെടുക്കാതെ, അറിവു ലഭിച്ചതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളെ മാത്രം പരിഗണിക്കുന്നു എന്ന സൂചന ഒന്നാമതായി സ്വീകരിക്കാം. ഈ സൂചനയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിലും മറ്റൊരു സൂചനയെ അപ്പാടെ തള്ളിക്കളയാനും കഴിയില്ല. എന്തെന്നാല്‍, ദൈവം വിധി നടപ്പാക്കുമ്പോള്‍ അജ്ഞതയുടെ കാലഘട്ടത്തിലാണ് തിന്മകള്‍ ചെയ്തതെന്ന വാദം കണക്കിലെടുക്കില്ല എന്ന സൂചനയാണ് തള്ളിക്കളയാന്‍ കഴിയാത്തത്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അജ്ഞതയുടെ കാലത്തെ പഴിച്ചുകൊണ്ട് വിധിയില്‍നിന്ന്‍ ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്നുള്ള സൂചനയും പരിഗണിക്കേണ്ടിവരും! ഇത് അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുന്നത് അജ്ഞതയുടെ കാലഘട്ടത്തില്‍ ജീവിക്കുകയും അറിവു ലഭിക്കുന്നതിനുമുമ്പ് മരണമടയുകയും ചെയ്ത വ്യക്തികളെ മാത്രമാണ്. അതുകൊണ്ടുതന്നെ, ഇന്ന് ജീവിക്കുന്നവരായ നമ്മള്‍ അതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. പശ്ചാത്താപത്തിലൂടെ നമ്മുടെ രക്ഷ ഉറപ്പാക്കുക എന്നതാണ് നമുക്കു മുന്‍പിലുള്ള ഏക പോംവഴി!

അജ്ഞതയുടെ കാലഘട്ടങ്ങള്‍!

അജ്ഞതയുടേതായ ആ കാലങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. ആദത്തെയും ഹവ്വായെയും ദൈവം സൃഷ്ടിച്ചത് അവിടുത്തെ മക്കളായിട്ടായിരുന്നു. ദൈവമായ യാഹ്‌വെ അവര്‍ക്കു പിതാവായിരുന്നുവെന്ന് വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. യേഹ്ശുവായുടെ വംശാവലി ചരിത്രം വിവരിച്ചുകൊണ്ട് സുവിശേഷകനായ ലൂക്കാ തന്റെ കുറിപ്പ് ഇപ്രകാരമാണ് അവസാനിപ്പിക്കുന്നത്: "കൈനാന്‍ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദത്തിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റേതുമായിരുന്നു"(ലൂക്കാ: 3; 38). ദൈവത്തിന്റെ മക്കള്‍ എന്നത് ഒരു പദവിയായിട്ടാണ് ആദത്തിനും ഹവ്വായ്ക്കും ലഭിച്ചത്. അനുസരണക്കേട്‌ എന്ന പാപത്തിലൂടെ ഈ പദവി ഇവര്‍ക്കു നഷ്ടമായി. പിന്നീട് ആദത്തിനു ജനിച്ച മക്കളില്‍ ചിലര്‍ മാത്രമാണ് സത്യദൈവമായ യാഹ്‌വെയെ ദൈവമായി പരിഗണിക്കുകയും ആരാധിക്കുകയും ചെയ്തിട്ടുള്ളത്. യാഹ്‌വെയെ ദൈവമായി പരിഗണിച്ചവരും പരിഗണിക്കാത്തവരും എന്നിങ്ങനെ രണ്ടു തലമുറകള്‍ ഭൂമിയില്‍ വര്‍ദ്ധിച്ചുവന്നു. സത്യദൈവത്തെ ദൈവമായി പരിഗണിക്കാത്തവരുടെ തലമുറയില്‍പ്പെട്ടവര്‍ സ്വാഭാവികമായിത്തന്നെ ദൈവത്തെക്കുറിച്ചുള്ള അജ്ഞതയില്‍ വ്യാപരിച്ചു. ഇവരുടെ മുന്നോട്ടുള്ള ഓരോ തലമുറകളിലും ഈ അജ്ഞത വര്‍ദ്ധിച്ചുവരുന്നുവെങ്കില്‍, അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. നോഹിന്റെ കാലമായപ്പോഴേക്കും സത്യദൈവത്തെ ആരാധിക്കുന്നവരായി ഒരു കുടുംബം മാത്രമേയുള്ളുവെന്ന അവസ്ഥയിലേക്ക് അജ്ഞത ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു.

നോഹിന്റെ കാലത്തെ മനുഷ്യരുടെ അവസ്ഥ നോക്കുക: "ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും യാഹ്‌വെ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ യാഹ്‌വെ പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. യാഹ്‌വെ അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചു മാറ്റും"(ഉത്പ; 6; 5-7). അജ്ഞതയുടെ വളര്‍ച്ചയാണ് ദുഷ്ടതയുടെ വര്‍ദ്ധനവിന്റെ യഥാര്‍ത്ഥ കാരണം. സത്യദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് സകല അനീതിയുടെയും അധാര്‍മ്മികതയുടെയും ആധാരം! തന്നെ അറിയുന്ന നോഹിനെ മാത്രമാണ് ദൈവം നീതിമാനായി പരിഗണിച്ചത്. അജ്ഞതയില്‍ ജീവിച്ച മനുഷ്യരെ നീതിരഹിതരായി ദൈവം കണ്ടുവെങ്കില്‍, അജ്ഞതയും അനീതിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അജ്ഞതയുടെ കാലഘട്ടങ്ങളില്‍ ഒന്നാമത്തെതായി ഈ കാലഘട്ടത്തെ നമുക്കു പരിഗണിക്കാം. അതായത്, ദൈവത്തെക്കുറിച്ചുള്ള അജ്ഞത അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയപ്പോഴാണ് ജലപ്രളയത്തിലൂടെ സര്‍വ്വതും നശിപ്പിക്കപ്പെട്ടത്. അങ്ങനെ അജ്ഞത തുടച്ചുമാറ്റപ്പെട്ടു! ദൈവത്തെ അറിയുന്ന നോഹും അവന്റെ സന്തതികളും മാത്രം അവശേഷിച്ചതിലൂടെ അജ്ഞത ഉന്മൂലനം ചെയ്യപ്പെട്ടതായി മനസ്സിലാക്കാന്‍ നമുക്കു സാധിക്കും! അതിനുശേഷം കുറേക്കാലത്തേക്ക് ഭൂമിയില്‍ അജ്ഞതയുണ്ടായിരുന്നില്ല!

അജ്ഞതയുടെ ഒന്നാമത്തെ കാലഘട്ടം ആദത്തിന്റെ തലമുറയില്‍ ആരംഭിച്ച് നോഹിന്റെ കാലത്തോളം നീണ്ടുനിന്നു. പിന്നീട്, നീതിമാനായ നോഹിന്റെ സന്തതിയിലൂടെയാണ് ജനതകള്‍ രൂപംകൊണ്ടത്. ഈ തലമുറയില്‍നിന്നു വീണ്ടും അജ്ഞത ഉടലെടുത്തതായി നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ഭൗതികമായ അറിവ് വര്‍ദ്ധിക്കുകയും ആത്മീയജ്ഞാനം കൈമോശം വരുകയും ചെയ്ത ജനതകളാണ് ഭൂമിയില്‍ ഉദ്ഭവിച്ചത്. ബാബേല്‍ ഗോപുരം നിര്‍മ്മിച്ചത് ഈ കാലഘട്ടത്തിലാണ്. അബ്രാമിന്റെ കാലമായപ്പോഴേക്കും അവനെയല്ലാതെ മറ്റാരെയും നീതിമാനായി പരിഗണിക്കാന്‍ കഴിയാത്തവിധം മാനവരാശി മുഴുവന്‍ അജ്ഞതയിലാണ്ടുപോയി! അബ്രാമിനോടൊപ്പം അവന്റെ സഹോദരപുത്രന്‍ ലോത്തിനെയും നീതിമാന്മാരായി ദൈവം കണ്ടു. ആയതിനാല്‍, അവരിരുവരെയും സാറായിയെയും യാഹ്‌വെ തിരഞ്ഞെടുത്തു വേര്‍തിരിച്ചു. സോദോം-ഗൊമോറാ ദേശത്തു വസിച്ച ലോത്തിനു ചുറ്റുമുള്ള ജനതയുടെ അജ്ഞതമൂലം അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടതാണ് പിന്നീടു നാം കണ്ടത്. അതായത്, നോഹു മുതല്‍ അബ്രാം വരെയുള്ള കാലഘട്ടമാണ് അജ്ഞതയുടെ രണ്ടാമത്തെ കാലഘട്ടം! അബ്രാഹത്തിന്റെയും ലോത്തിന്റെയും കാലഘട്ടത്തില്‍ സമാന്തരമായി വളര്‍ന്നുവന്ന ജനതകളെല്ലാം അജ്ഞതയിലാണു കഴിഞ്ഞിരുന്നത്.

അബ്രാഹത്തില്‍നിന്ന്‍ യിസഹാക്കിനെയും യിസഹാക്കില്‍നിന്ന് യാക്കോബിനെയും യാക്കോബില്‍നിന്ന്‍ അവന്റെ സന്തതികളെയും തിരഞ്ഞെടുത്തപ്പോഴും സമാന്തരമായി വളര്‍ന്നുവന്നത് അജ്ഞതയുടെ ജനതകളായിരുന്നു. അജ്ഞതയുടെ ജനതകള്‍ രൂപംകൊള്ളുന്നത് ഒന്നോരണ്ടോ വര്‍ഷംകൊണ്ട് ആയിരിക്കില്ലെന്നു നമുക്കറിയാം. ഒരു വ്യക്തി സത്യദൈവത്തെ ധിക്കരിച്ചു മുന്നോട്ടുപോകുകയും, അവന്റെ തലമുറ പടിപടിയായി ദൈവത്തെക്കുറിച്ചുള്ള അറിവില്‍നിന്നു പൂര്‍ണ്ണമായി വ്യതിചലിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അജ്ഞതയുടെ കാലഘട്ടമായി രൂപാന്തരപ്പെടുന്നത്. യാഹ്‌വെയുടെ സന്നിധിയില്‍നിന്ന്‍ അകന്നുപോകുന്നവരെയെല്ലാം പിശാച് അവന്റെ അടിമകളായി ഏറ്റെടുക്കുന്നു. അജ്ഞതയുടെ ഒന്നും രണ്ടും കാലഘട്ടങ്ങളില്‍നിന്നു വ്യത്യസ്തമായി മൂന്നാമത്തെ ഘട്ടത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നതായി ബൈബിളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. അജ്ഞതയുടെ സമൂഹത്തില്‍നിന്ന് അറിവിന്റെ സമൂഹത്തിലേക്കു പ്രവേശിക്കാന്‍ ഒരു കവാടം ദൈവം തുറന്നു എന്നതാണ് ആ പ്രത്യേകത. അജ്ഞതയുടെ പരിണിതഫലമായി അന്യദേവന്മാരുടെ അടിമകളായ വ്യക്തികള്‍ക്ക് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിലേക്കു തിരിയാനുള്ള അവസരമായിരുന്നു അത്. പരിച്ഛേദനം സ്വീകരിക്കുന്നതിലൂടെ ഉടമ്പടിയുടെ ഭാഗമാകാന്‍ പരദേശികളെന്നോ അടിമകളെന്നോ വ്യത്യാസമില്ലാതെ, ആര്‍ക്കും യാഹ്‌വെയുടെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ ഭാഗമാകാന്‍ സാധിക്കുന്നു. ഭാവിയില്‍ തുറക്കപ്പെടാനിരിക്കുന്ന വലിയൊരു രക്ഷാകവാടത്തിന്റെ പൗരാണിക രൂപമായി പരിച്ഛേദനത്തെ കാണാം.

യാക്കോബിന്റെ പുത്രിയെ ഒരു അപരിച്ഛേദിതനു വിവാഹം ചെയ്യുന്നതിനുവേണ്ടി അവന്റെ സമൂഹത്തില്‍പ്പെട്ട പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കാന്‍ തയ്യാറായി. ഈ സമൂഹവുമായി യാക്കോബിന്റെ മക്കള്‍ ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥ ഇതായിരുന്നു: "നിങ്ങളുടെ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്ത് ഞങ്ങളെപ്പോലെയാകണം. അങ്ങനെയെങ്കില്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ പുത്രിമാരെ ഞങ്ങളും സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു വസിക്കുകയും ഒരു ജനതയായിത്തീരുകയും ചെയ്യും"(ഉത്പ: 34; 15, 16). അജ്ഞതയില്‍ ജീവിച്ച സമൂഹങ്ങള്‍ക്ക് പരിച്ഛേദനം വഴി ദൈവത്തെ അറിയുന്ന സമൂഹത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണിത്. യിസ്രായേല്‍ മക്കള്‍ക്കു മാത്രം ഭക്ഷിക്കാന്‍ അനുവാദമുള്ള പെസഹാ അപ്പം അന്യര്‍ക്കു ഭക്ഷിക്കാന്‍ അനുവാദം ലഭിക്കുന്നതും പരിച്ഛേദനം ചെയ്യുന്നതിലൂടെയാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്"(പുറ: 12; 48). അജ്ഞതയില്‍നിന്ന് അറിവിലേക്കുള്ള കടന്നുവരവാണ് ഇവിടെയെല്ലാം നാം കാണുന്നത്.

ഇവിടെ നാം പ്രധാനമായി തിരിച്ചറിയേണ്ടത് അജ്ഞതയില്‍നിന്നു പുറത്തുവരാത്ത സമൂഹത്തിനു സംഭവിച്ച ദുരന്തങ്ങളാണ്. നോഹിന്റെ കാലത്ത് പ്രളയവും ലോത്തിന്റെ കാലത്ത് അഗ്നിയും വിഴുങ്ങിയത് അജ്ഞതയുടെ തലമുറകളെയായിരുന്നു. ഒരു വ്യക്തി സത്യദൈവത്തില്‍നിന്നു വ്യതിചലിച്ചതിലൂടെയായിരിക്കാം അവന്റെ തലമുറകള്‍ അജ്ഞതയുടെ തടവറയില്‍ തളയ്ക്കപ്പെട്ടത്. അജ്ഞതയുടെ കാലഘട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ അഹങ്കാരമോ ദൈവത്തോടുള്ള മറുതലിപ്പോ ആകാം. ഈ വ്യക്തിയില്‍നിന്ന് ഉടലെടുക്കുന്ന ജനതയുടെ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ! യാക്കോബ് എന്ന ഒരു വ്യക്തി പിടിച്ചുവാങ്ങിയ അനുഗൃഹമാണ് ഒരു ജനതയുടെ ഭാഗ്യമായതെങ്കില്‍, യേസാവ് എന്ന ഒരു വ്യക്തിയുടെ ഉദാസീനതമൂലം ഒരു തലമുറ അജ്ഞതയുടെ കാലഘട്ടം സൃഷ്ടിച്ചു. തങ്ങളുടെതല്ലാത്ത കാരണത്താലാണ് ഈ തലമുറ അജ്ഞതയില്‍ നിപതിച്ചത്. എന്നിട്ടും തങ്ങളുടെ അജ്ഞത അവര്‍ക്ക് അനുകൂലമായി കണക്കിലെടുക്കപ്പെട്ടില്ല. എന്നാല്‍, അവരുടെ അജ്ഞത അവര്‍ക്ക് നാശമായി പരിണമിച്ചതിലൂടെ മറ്റൊരുകാര്യം വ്യക്തമാണ്. എന്തെന്നാല്‍, തങ്ങളുടെ അജ്ഞത അവര്‍ക്കു നാശത്തിനായി പരിഗണിക്കപ്പെട്ടു. അതായത്, അജ്ഞതയുടെ കാലഘട്ടങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്ന പ്രബോധനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഉള്‍ക്കാഴ്ചകളില്‍ ഒന്നാണിത്.

ഒരുകാലത്തും അജ്ഞത അനുഗ്രഹമായി ഭവിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം സ്ഥിരീകരിക്കുന്ന അനേകം തെളിവുകള്‍ നിരത്താന്‍ സാധിക്കും. നോഹിന്റെ കാലത്ത് ഈ ഭൂമിയിലെ ജനസംഖ്യ എത്രയായിരുന്നുവെന്ന് മനോവയ്ക്കറിയില്ല. ആദംമുതല്‍ നോഹുവരെ പത്തു തലമുറകളായിരുന്നു ഉണ്ടായിരുന്നത്. തൊള്ളായിരത്തിമുപ്പത് വര്‍ഷമാണ്‌ ആദം ഈ ഭൂമിയില്‍ ജീവിച്ചതെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നോഹുവരെയുള്ള പത്തു തലമുറകളിലെ പിതാക്കാന്മാരുടെ ആയുസ്സും ആദത്തിന്റെതിനു തുല്യമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുന്നൂറ്റിയറുപത്തിയഞ്ചു വര്‍ഷം ജീവിച്ചതിനുശേഷം യാഹ്‌വെയാല്‍ എടുക്കപ്പെട്ട 'ഹെനോക്ക്' ആണ് അവരില്‍ ഏറ്റവും കുറച്ചുകാലം ഭൂമിയില്‍ ജീവിച്ചത്! ഹെനോക്കിന്റെ പുത്രനും നോഹിന്റെ വലിയപ്പനുമായ മെത്തുശെലഹ് ആണ് ഏറ്റവും കൂടുതല്‍ക്കാലം ഭൂമിയില്‍ വസിച്ച വ്യക്തി. തൊള്ളായിരത്തിയറുപത്തിയൊന്‍പത് വര്‍ഷം അവന്‍ ഭൂമിയില്‍ ജീവിച്ചു. ആദത്തിനും നോഹിനുമിടയിലെ തലമുറകള്‍ കൂടാതെ, മറ്റനേകം തലമുറകള്‍ സമാന്തരമായി ജീവിച്ചിരുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ആദത്തിനു കായേനിനെയും സേത്തിനെയും കൂടാതെ, വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായിരുന്നുവെന്നു നമുക്കറിയാം. ഈ വചനം ശ്രദ്ധിക്കുക: "സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി"(ഉത്പ: 5; 4).

ഇവിടെ ഈ ചരിത്രം വിവരിച്ചതിനു പ്രത്യേക കാരണമുണ്ട്. എന്തെന്നാല്‍, നോഹിന്റെ കാലത്ത് ഈ ഭൂമിയില്‍ കോടിക്കണക്കിനു ജനങ്ങള്‍ ജീവിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ ഈ വിവരണം കൂടിയേതീരൂ. ആദംമുതല്‍ നോഹുവരെയുള്ള പത്തു തലമുറകളെക്കുറിച്ചുള്ള വിവരണത്തില്‍ ഓരോ പിതാക്കന്മാരും ജീവിച്ചത് എത്ര വര്‍ഷമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ആദവും നോഹും ജീവിച്ച കാലഘട്ടങ്ങള്‍ തമ്മിലുള്ള ദൂരം  കണക്കുകൂട്ടാന്‍ ഇതിലൂടെ സാധിക്കും. ഈ കണക്കനുസരിച്ച്, ആദത്തെ സൃഷ്ടിച്ചതിനുശേഷം ആയിരത്തിയന്‍പത്തിയാറാം (1056) വര്‍ഷമാണ്‌ നോഹിന്റെ ജനനം. നോഹിന് അഞ്ഞൂറുവയസ്സായതിനുശേഷമാണ് മൂന്നു പുത്രന്മാര്‍ ജനിച്ചത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നോഹിന് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരുണ്ടായി"(ഉത്പ: 5; 32). അതായത്, യാഹ്‌വെയുടെ കരങ്ങളാല്‍ ആദം സൃഷ്ടിക്കപ്പെട്ടതിനുശേഷം ആയിരത്തിയഞ്ഞൂറ്റിയന്‍പത്തിയാറു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നോഹിനു മൂന്നു പുത്രന്മാര്‍ ജനിച്ചു. പിന്നെയും നൂറു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രളയമുണ്ടായി.

ഈ വചനം ശ്രദ്ധിക്കുക: "നോഹിന് അറുന്നൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്ത് വെള്ളപ്പൊക്കമുണ്ടായത്"(ഉത്പ: 7; 6). നോഹും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും മാത്രമാണ് പ്രളയാനന്തരം ഭൂമുഖത്ത് അവശേഷിച്ചത്. അന്ന് നോഹിന്റെ പ്രായം എത്രയായിരുന്നുവെന്ന് നോക്കുക: "നോഹിന്റെ ജീവിതത്തിന്റെ അറുന്നൂറ്റിയൊന്നാം വര്‍ഷം ഒന്നാംമാസം ഒന്നാംദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു"(ഉത്പ: 8; 13). കണക്കുകള്‍ സൂക്ഷ്മതയോടെ പരിശോധിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, പ്രളയത്തിന് അറുന്നൂറ്റിയിരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുമാത്രമാണ് ആദം മരണമടഞ്ഞത്! ആയിരത്തിയഞ്ഞൂറ്റിയന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കൊണ്ട് കോടിക്കണക്കിനു മനുഷ്യര്‍ ഭൂമിയില്‍ പെരുകുമോയെന്ന്‍ ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍, ആ സംശയം പരിഹരിക്കാന്‍ മനോവ തയ്യാറാണ്. യാക്കോബും അവന്റെ സന്തതികളുമായി വെറും എഴുപതുപേരാണ് ഈജിപ്തിലേക്കു പോയതെന്നു നമുക്കറിയാം. എന്നാല്‍, നാനൂറു വര്‍ഷങ്ങള്‍ക്കുശേഷം ഈജിപ്തില്‍നിന്നു പുറത്തുവന്ന യിസ്രായേല്‍ മക്കളുടെ സംഖ്യ ഇരുപതുലക്ഷമായിരുന്നു! ഇവരെ എഴുപതുപേരുടെ ചെറുസംഘങ്ങളായി വേര്‍തിരിച്ചാല്‍ ഇരുപത്തിയെട്ടായിരത്തിയഞ്ഞൂറ്റിയെഴുപത്തിയൊന്നു (28571) സംഘങ്ങളുണ്ടാകും. ഈ ഓരോ സംഘങ്ങളും നാനൂറുവര്‍ഷങ്ങള്‍ക്കൂടി പിന്നിട്ടാല്‍ എത്രത്തോളമായിരിക്കും അവരുടെ പെരുക്കം?! ഓരോ സംഘങ്ങളും ഇരുപതുലക്ഷം വീതമുണ്ടാകുമെന്നു കണക്കുകള്‍ പറയുന്നു.

സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഇന്ത്യയിലെ ജനസംഖ്യ മുപ്പത്തിമൂന്നുകോടി ആയിരുന്നു. എഴുപതുവര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അത് എത്രയായി ഉയര്‍ന്നുവെന്നു നമുക്കറിയാം. യിസ്രായേല്‍ ഈജിപ്തില്‍ വര്‍ദ്ധിച്ചതുപോലെയോ ഇവിടെ വിവരിച്ച മറ്റേതെങ്കിലും അനുപാതത്തിലോ ഉള്ള വര്‍ദ്ധനവ് എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. മഹാമാരികളിലൂടെയും യുദ്ധങ്ങളിലൂടെയും അനേകം ഉന്മൂലനങ്ങള്‍ ഭൂമുഖത്തു സംഭവിച്ചിട്ടുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ ഈ ഭൂമുഖത്തിന് അതിലെ നിവാസികളെ താങ്ങാനുള്ള ശേഷിയുണ്ടാകുമായിരുന്നില്ല. എന്നിരുന്നാലും, ആദംമുതല്‍ പ്രളയംവരെയുള്ള ഒന്നരസഹസ്രാബ്ദംകൊണ്ട് ശതകോടികളായി ജനസംഖ്യ ഉയര്‍ന്നിട്ടുണ്ടായിരുന്നിരിക്കാം. ഇനി വിഷയത്തിലേക്കു മടങ്ങിപ്പോയി പഠനം തുടരേണ്ടിയിരിക്കുന്നു.

നോഹിന്റെ കാലത്ത് ദൈവം മനുഷ്യരെയും ജീവജാലങ്ങളെയും നശിപ്പിച്ചപ്പോള്‍, ആ നാശത്തെ അതിജീവിച്ചത് എട്ടുപേര്‍ മാത്രമായിരുന്നുവെന്നു നാം മനസ്സിലാക്കി. അതായത്, അവരെക്കൂടാതെ ഭൂഖത്തുണ്ടായിരുന്ന കോടിക്കണക്കിനു ജനങ്ങള്‍ അജ്ഞതയിലാണു ജീവിച്ചിരുന്നത്. അവരില്‍ ഭൂരിഭാഗവും തങ്ങളുടേതല്ലാത്ത കാരണത്താല്‍ അജ്ഞതയില്‍ പെട്ടുപോയവരായിരിക്കുമല്ലോ! എന്നാല്‍, അവരിലാര്‍ക്കും തങ്ങളുടെ അജ്ഞത അനുഗ്രഹമായി പരിണമിച്ചില്ല! അജ്ഞതയുടെ കാലഘട്ടങ്ങള്‍ കണക്കിലെടുക്കപ്പെടുന്നില്ല എന്ന പ്രബോധനത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാനത്തിലേക്കു നാം അടുത്തുകൊണ്ടിരിക്കുകയാണ്! പൂര്‍ണ്ണ യാഥാര്‍ത്ഥ്യത്തില്‍ എത്തുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ക്കൂടി പഠിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, നിസ്സാരമെന്നു കരുതുന്ന പ്രബോധനങ്ങളെപ്പോലും സംശയത്തിന്റെ കണികപോലും ശേഷിപ്പിക്കാതെ പഠിക്കുമ്പോഴാണ് വചനപഠനം പൂര്‍ണ്ണമാകുകയുള്ളു. ഓരോ വചനവും സംശയലേശമെന്യേ പഠിക്കുന്നവരാണ് നല്ല പഠിതാക്കള്‍!

പ്രവാചക കാലഘട്ടത്തിലെ അജ്ഞത!

അജ്ഞതയെ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള പഠനത്തിലേക്കു പ്രവേശിക്കുകയാണ്. നിയമം ലഭിക്കുന്നതിനു മുന്‍പ്, നിയമം ലഭിച്ചതിനുശേഷം എന്നിങ്ങനെ അജ്ഞതയെ രണ്ടായി തിരിക്കാം. നിയമം നല്‍കപ്പെട്ടത്‌ മോശയിലൂടെയാണെന്നു നമുക്കെല്ലാമറിയാം. ദൈവമായ യാഹ്‌വെ അവിടുത്തെ നിയമങ്ങള്‍ നല്‍കിയത് യിസ്രായേല്‍ജനത്തിനു മാത്രമാണ്. അവിടുന്ന് തിരഞ്ഞെടുത്ത അവിടുത്തെ സ്വന്തം ജനതയെ മറ്റു ജനതകളെക്കാള്‍ ശ്രേഷ്ഠജനതയാക്കി ഉയര്‍ത്തുന്നതിനുവേണ്ടിയാണ് നിയമങ്ങള്‍ നീതിയുക്തമായ നിയമങ്ങള്‍ നല്‍കിയത്. നിയമത്തെ സംബന്ധിക്കുന്ന മോശയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെയുടെ വാക്കു കേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും"(നിയമം: 28; 1). യാഹ്‌വെയുടെ നിയമം അനുശാസിക്കുന്നവര്‍ വഹിക്കുന്നത് അവിടുത്തെ നാമംതന്നെയാണ്. മോശയുടെ വാക്കുകള്‍ ഇപ്രകാരം തുടരുന്നു: "യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം: 28; 10). അവിടുത്തെ യഥാര്‍ത്ഥ നാമം അറിയാത്തവരും ആ നാമം വഹിക്കാത്തവരുമായി അജ്ഞതയില്‍ തളയ്ക്കപ്പെട്ട അവസ്ഥയിലാണ് ക്രൈസ്തവസമൂഹങ്ങള്‍! അതിനാല്‍ത്തന്നെ, ഇന്ന് ഇവരെ ആര്‍ക്കും ഭയമില്ലെന്നു മാത്രമല്ല, ഇവര്‍ സകലത്തിനെയും ഭയപ്പെട്ടു ജീവിക്കുകയാണ്! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അനുസ്മരിക്കപ്പെടേണ്ടതിനു സൈന്യങ്ങളുടെ ദൈവം വെളിപ്പെടുത്തിയ യാഹ്‌വെ എന്ന പരിശുദ്ധ നാമത്തെ ഉപേക്ഷിക്കുകയും വിസ്മരിക്കുകയും ചെയ്ത തലമുറയുടെ ദുരവസ്ഥയാണിത്! 

നിയമത്തെ സംബന്ധിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെ എന്നോടു കല്പിച്ച പ്രകാരം അവിടുത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നു പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 5-8). മറ്റു ജനതകളുടെയിടയില്‍ ശ്രേഷ്ഠമായ പദവി ലഭിക്കുന്നതിനും ജ്ഞാനവും വിവേകവുമുള്ള ജനതയെന്നു മറ്റു ജനതകളെക്കൊണ്ടു പറയിപ്പിക്കേണ്ടതിനും വേണ്ടിയാണ് അവിടുത്തെ നിയമം സ്വന്തം ജനത്തിനു നല്‍കിയത്.

ദൈവീകനിയമങ്ങളുടെ നീതിഭദ്രതയും മാഹാത്മ്യവും, ഈ നിയമം വഹിക്കുന്ന ജനതയുടെ ശ്രേഷ്ഠതയും ഇവിടെ പരാമര്‍ശിക്കപ്പെട്ടത് അജ്ഞതയില്‍നിന്നു ജ്ഞാനത്തിലേക്കു പരിവര്‍ത്തിതരായ ജനതയെക്കുറിച്ച് ലോകം മനസ്സിലാക്കേണ്ടതിനുവേണ്ടിയാണ്. മോശയിലൂടെ നിയമം നല്കപ്പെടുന്നതിനു മുന്‍പും പിന്‍പും അജ്ഞത ലോകത്തുണ്ടായിരുന്നു. എന്നാല്‍, ഈ അജ്ഞതകള്‍ തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. ആദംമുതല്‍ മോശവരെയുള്ള മനുഷ്യര്‍ തങ്ങളുടെ ദൈവമായി ആരെ തിരഞ്ഞെടുത്തു എന്നതിന്റെ അടിസ്ഥാനത്തില്‍ അജ്ഞതയും ജ്ഞാനവും വേര്‍തിരിക്കപ്പെട്ടു. സത്യദൈവമായ യാഹ്‌വെയെ മാത്രം ആരാധിച്ചവരെ നീതിമാന്മാരും ജ്ഞാനികളുമായി പരിഗണിച്ചുവെങ്കില്‍, ഈ സത്യദൈവത്തെ തള്ളിക്കളഞ്ഞവര്‍ അജ്ഞതയുടെ സമൂഹമായി അധഃപതിച്ചു. പ്രവാചകകാലഘട്ടത്തിനു മുന്‍പുള്ള തിന്മ ഇതായിരുന്നു. എന്നാല്‍, പ്രവാചകകാലഘട്ടത്തിലെ തിന്മ രണ്ടുതരത്തില്‍ വിഭജിക്കപ്പെട്ടു. എങ്ങനെയെന്നാല്‍, ആദ്യഘട്ടത്തിലെ തിന്മ അതേപോലെതന്നെ നിലനില്‍ക്കുകയും, പുതിയൊരു തിന്മ ഉടലെടുക്കുകയും ചെയ്തതാണ് ഈ വിഭജനം. അതായത്, സത്യദൈവത്തെ ആരാധിക്കാതെ വ്യാജദൈവങ്ങളില്‍ ആശ്രയം കണ്ടെത്തിയ ജനതകള്‍ അജ്ഞതയില്‍തന്നെ നിലകൊള്ളുന്നതുകൊണ്ട്‌ അവര്‍ വിജാതിയര്‍ എന്ന വിഭാഗമായി തുടരുന്നു. ഇവര്‍ക്ക് നിയമം നല്കപ്പെടാത്തതുകൊണ്ടുതന്നെ, ഇവരുടെ അജ്ഞത നിയമത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. എന്നാല്‍, സത്യദൈവമായ യാഹ്‌വെയെ ആരാധിക്കുന്ന ജനത്തിനു നിയമം നല്കപ്പെട്ടിരിക്കുന്നതിനാല്‍, ഈ ജനത്തിന്റെ അജ്ഞത നിയമത്തെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കപ്പെടുന്നു!

കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ദൈവമായ യാഹ്‌വെ നല്‍കിയ നിയമങ്ങളില്‍ അറിവുനേടുമ്പോഴാണ് ദൈവജനം അജ്ഞതയില്‍നിന്നു പൂര്‍ണ്ണമായും കരകയറുന്നത്. അതുപോലെതന്നെ, ദൈവജനം നിയമങ്ങളില്‍നിന്നു വ്യതിചലിക്കുന്നതിലൂടെ അജ്ഞതയുടെ പുതിയൊരു സമൂഹം വാര്‍ത്തെടുക്കപ്പെടുന്നു. നിയമം അറിയാത്ത സകലരും അജ്ഞതയിലാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്! എന്നാല്‍, വിജാതിയരിലെ അജ്ഞതയും ദൈവജനത്തിന്റെ അജ്ഞതയും തമ്മില്‍ വേറിട്ടുതന്നെ നാം കാണണം. എന്തെന്നാല്‍, ദൈവജനത്തിനിടയില്‍ത്തന്നെ രൂപമെടുക്കുന്ന അജ്ഞതയുടെ സമൂഹത്തിലേക്കു മാത്രമാണ് പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടത്. അതായത്, നിയമത്തിനു വെളിയിലുള്ളവര്‍ സ്വതവേതന്നെ അജ്ഞതയിലാണെങ്കില്‍, ദൈവജനത്തിനിടയിലുള്ളത് നിയമം വിസ്മരിച്ചതിലൂടെ രൂപംകൊണ്ട അജ്ഞതയാണ്.    

അജ്ഞതമൂലം ദൈവത്തില്‍നിന്നും ദൈവീകനിയമങ്ങളില്‍നിന്നും അകന്നുപോയവരെ മടക്കിക്കൊണ്ടുവരിക എന്ന ദൗത്യമായിട്ടാണ് ഓരോ പ്രവാചകന്മാരും അയയ്ക്കപ്പെട്ടത്. ഈ വചനം ശ്രദ്ധയോടെ വായിക്കുക: "അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും"(ഹോസിയാ: 4; 6). പുരോഹിത സമൂഹത്തോട് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്ത വാക്കുകളാണിത്. വിജാതിയര്‍ എന്നു വിളിക്കപ്പെടുന്നവരുടെ അജ്ഞതയെക്കുറിച്ചായിരുന്നില്ല യാഹ്‌വെ ഇവിടെ വേദനിക്കുന്നതെന്നു വ്യക്തം. തന്റെ ജനത്തെ നിയമങ്ങള്‍ അഭ്യസിപ്പിക്കുന്നതില്‍ നിരുത്തരവാദപരമായി വ്യാപരിച്ച പുരോഹിതര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നു മനസ്സിലാക്കാന്‍ ഏതൊരു വ്യക്തിക്കും സാധിക്കും. അജ്ഞതയില്‍ ജീവിക്കുന്ന രണ്ടാമത്തെ വിഭാഗം ദൈവജനം തന്നെയാണെന്നും നമുക്കു വ്യക്തമായി. നമ്മുടെ പഠനം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്.

അജ്ഞത നിമിത്തം തന്റെ ജനം നശിക്കുന്നുവെന്ന് യാഹ്‌വെ പറയുന്നതിലൂടെ നാം എന്താണു മനസ്സിലാക്കേണ്ടത്? അജ്ഞതയുടെ കാലഘട്ടങ്ങളില്‍ ഒരുവന്‍ ചെയ്യുന്ന തിന്മകള്‍ക്കു സാധൂകരണം ഉണ്ടെന്നാണോ? ഒരിക്കലുമില്ല; തിന്മയില്‍ വ്യാപരിക്കുന്നവര്‍ ആ തിന്മയില്‍ത്തന്നെ നശിക്കും! പ്രവാചകനിലൂടെ യാഹ്‌വെ അറിയിച്ച ഈ വചനം നിയമനിഷേധത്താല്‍ വാര്‍ത്തെടുക്കപ്പെട്ട അജ്ഞതയുടെ സമൂഹത്തിനു വേണ്ടിയുള്ളതാണ്; മറിച്ച്, സ്വതവേതന്നെ അജ്ഞതയിലായിരിക്കുന്ന വിജാതിയര്‍ക്കു വേണ്ടിയുള്ളതല്ല. അജ്ഞതയുടെ രണ്ടുതരം സമൂഹങ്ങള്‍ ഏതെല്ലാമാണെന്നു മനസ്സിലാക്കാന്‍ വായനക്കാര്‍ക്കു സാധിച്ചുവെന്നു കരുതുന്നു. ദൈവജനത്തിനിടയില്‍ സ്വാഭാവികമായി ബാധിക്കാനിടയുള്ള അജ്ഞത ഏതു മേഖലയിലായിരിക്കാം എന്ന ചിന്തയാണ് ഇനി വേണ്ടത്. ദൈവം തിരഞ്ഞെടുത്ത് അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്ത ജനതയെ ബാധിക്കാന്‍ സാധ്യതയുള്ള അജ്ഞതകളില്‍ പ്രധാനപ്പെട്ടത്, ദൈവത്തെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ അവിടുന്ന് ആയിരിക്കുന്ന യഥാര്‍ത്ഥ അവസ്ഥയില്‍ അറിയുന്നില്ല എന്നതാണ് ദൈവജനത്തെ ബാധിച്ചിരിക്കുന്ന അജ്ഞത! യാഹ്‌വെയെ അറിയുകയെന്നാല്‍, അവിടുത്തെ നിയമങ്ങള്‍ അറിയുകയെന്നതാണ്. ഏതൊരു വ്യക്തിയെയും അവന്റെ ഇഷ്ടാനിഷ്ടങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയും!

ഭാര്യാഭര്‍തൃബന്ധങ്ങളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള ചില പരിഭവം പറച്ചിലുകളുണ്ട്. ഭര്‍ത്താവ് തന്നെ മനസ്സിലാക്കുന്നില്ല എന്ന് ഭാര്യയും, ഭാര്യ തന്നെ മനസ്സിലാക്കുന്നില്ല എന്ന് ഭര്‍ത്താവും പരിഭവിക്കുന്നു. മറ്റുചിലരാകട്ടെ, ആരും തന്നെ മനസ്സിലാക്കുന്നില്ല എന്ന വിഷമത്തിലാണ്. ഇവിടെയെല്ലാം നാം അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, മനസ്സിലാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അറിയുക എന്നുതന്നെയാണ്! ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങളും ആശയങ്ങളും അറിഞ്ഞ്, അതിനനുസരിച്ചു പെരുമാറുന്ന ഭാര്യയെക്കുറിച്ച് ഭര്‍ത്താവിനു യാതൊരു പരിഭവവും ഉണ്ടാകില്ല. അതുപോലെതന്നെ, ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി, അവയെ പരിഗണനയിലെടുക്കാന്‍ ഭര്‍ത്താവു തയ്യാറാകുന്നതോടെ അവളുടെ പരിഭവവും ഇല്ലാതാകും! ഒരു വ്യക്തിയെ നമ്മള്‍ സ്നേഹിക്കുന്നുവെന്ന് അവനു ബോധ്യമാകുന്നത് അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നാം പരിഗണിക്കുന്നതിലൂടെയാണ്. ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവ് അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ശ്രമിക്കും. അതുപോലെതന്നെയാണ് ഭര്‍ത്താവിനെ സ്നേഹിക്കുന്ന ഭാര്യയും! ഭര്‍ത്താവിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യ, തന്റെ ഇഷ്ടങ്ങളെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറാകുന്നു. ഭാര്യയെ അറിഞ്ഞ് അവളെ സ്നേഹിക്കുന്ന ഭര്‍ത്താവും അങ്ങനെതന്നെയായിരിക്കും.

സ്ഥിരമായി ചായകുടിക്കാന്‍ വരുന്ന ഒരുവന്റെ അഭിരുചി ചായക്കടക്കാരന് അറിയാം. അവന്റെ ഇഷ്ടത്തിനനുസരണമായ ചായ അവനു ലഭിക്കും. ചായ കുടിച്ചുകൊണ്ട് അവന്‍ പറയും, ചായക്കടക്കാരന് എന്നെ അറിയാം! അപ്പനെ അറിയുന്ന മകന്‍ അപ്പന് ഇഷ്ടമില്ലാത്തത് ചെയ്യില്ല. അപ്പോള്‍ അപ്പന്‍ പറയും, അവന് എന്നെ അറിയാം! ഇതൊക്കെത്തന്നെയാണ് ദൈവത്തെ അറിയുന്നവനില്‍ സംഭവിക്കുന്ന രൂപാന്തരീകരണം. ദൈവത്തെ സ്നേഹിക്കുന്നവന്‍ അവിടുത്തെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരണമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിക്കുകയോ ത്യജിക്കുകയോ ചെയ്യുന്നു. അപ്പോള്‍ ദൈവം പറയും, അവന്‍ എന്നെ അറിയുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന്! ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവിടുത്തെ നിയമത്തിലുണ്ട്. ദൈവമായ യാഹ്‌വെയെ സ്നേഹിക്കുന്നവന്‍ അവിടുത്തെ നിയമങ്ങള്‍ അന്വേഷിച്ചറിയുകയും അവ പാലിക്കുകയും ചെയ്യും! ഈ മഹാസത്യം യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും"(യോഹ: 14; 21).

സത്യദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് നിയമങ്ങള്‍മൂലം തന്റെ ജനത്തിനു നിഷിദ്ധമാക്കിയിരിക്കുന്നത്. ദൈവത്തിന്റെ മനസ്സ് വായിച്ചെടുക്കാന്‍ മനുഷ്യനു സാദ്ധ്യമാകുന്നത് അവിടുത്തെ നിയമങ്ങള്‍ സൂക്ഷ്മതയോടെ പഠിക്കുമ്പോഴാണ്! ദൈവീകനിയമങ്ങളിലൂടെ ദൈവത്തെ അറിയുകയും, ഈ അറിവില്‍ നിലനില്‍ക്കുകയും ചെയ്യുന്നവര്‍ നിത്യരക്ഷയ്ക്ക് അവകാശികളാകുന്നു. യേഹ്ശുവായെക്കുറിച്ചു വേണ്ടവിധം അറിയുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് നിത്യജീവനില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ക്രിസ്തു ഇപ്രകാരം പറഞ്ഞാല്‍, അതുതന്നെയാണ് അവസാന വാക്ക്! ദൈവീകനിയമങ്ങളോടൊപ്പം നാം അറിഞ്ഞിരിക്കേണ്ട മറ്റൊന്ന് അവിടുത്തെ നാമമാണ്. ആ നാമം അറിയുന്നവരെയാണ് അവിടുന്ന് തന്റെ നാമത്താല്‍ സംരക്ഷിക്കുന്നത്. ഈ വചനം നോക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും"(സങ്കീ: 91; 14). എന്നാല്‍, ദൈവത്തിന്റെയും അവിടുത്തെ നാമത്തില്‍ വന്ന ക്രിസ്തുവിന്റെയും യഥാര്‍ത്ഥ നാമം അറിയാവുന്നവര്‍ അധികമില്ല. യഥാര്‍ത്ഥ നാമത്തില്‍ അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരും വിരളമാണ്! ഇതും ദൈവജനത്തിന്റെ ഗൗരവകരമായ അജ്ഞതയാണെന്നു നാം മനസ്സിലാക്കണം. ദൈവത്തെ ഏതു പേരില്‍ വിളിച്ചാലും സംരക്ഷണം സുനിശ്ചിതമാണെന്ന നുണപ്രചരണവുമായി സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ രംഗത്തിറങ്ങിയിരിക്കുന്നതിലൂടെ അവിടുത്തെ നാമത്തിന്റെ പ്രാധാന്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്!

ദൈവത്തിന്റെ നിയമങ്ങള്‍ അറിയുന്നതിലൂടെ അവിടുത്തെ മനസ്സറിയാന്‍ മനുഷ്യനു സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. അപ്പസ്തോലനായ പൗലോസ് ഇപ്രകാരം പറയുന്നു: "യേഹ്ശുവായെ പഠിപ്പിക്കാന്‍ തക്കവിധം അവിടുത്തെ മനസ്സ് അറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സ് അറിയുന്നു"(1 കോറി: 2; 16). ക്രിസ്തുവിന്റെ മനസ്സ് അറിയുന്നത് അവിടുത്തെ നിയമങ്ങള്‍ വ്യക്തതയോടെ മനസ്സിലാക്കുമ്പോഴാണ്. പരിശുദ്ധാത്മാവിലൂടെ ആത്മീയമനുഷ്യനു സാദ്ധ്യമാകുന്ന കാര്യമാണിത്! അജ്ഞത ഒരു ശാപമാണെന്ന അറിവിലേക്കാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്. ദൈവത്തെ അറിയുന്നില്ല എന്നതാണ് അടിസ്ഥാനപരമായ അജ്ഞതയെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു.

അജ്ഞതയില്‍ നശിച്ചുപോകുന്ന ജനത്തെ മോശയുടെ നിയമത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ അയയ്ക്കപ്പെട്ട ഓരോ പ്രവാചകന്മാരുടെയും വാക്കുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണ് മനോവ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്! അതായത്, അജ്ഞതാനിവാരണമാണ് പ്രവാചകദൗത്യം. അപ്പസ്തോലിക ദൗത്യവും അടിസ്ഥാനപരമായി അതുതന്നെ! അജ്ഞത ദൂരീകരിച്ച്‌ നിത്യജീവനിലേക്കു ദൈവമക്കളെ നയിക്കുകയെന്ന ദൗത്യം തന്നെയാണു മനോവയെയും അവിടുന്ന് ഭരമേല്പിച്ചിരിക്കുന്നത്!

അജ്ഞതയുടെ കാലഘട്ടങ്ങള്‍ ദൈവം കണക്കിലെടുക്കുന്നില്ല!

അജ്ഞതയുടെ കാലഘട്ടങ്ങള്‍ ദൈവം കണക്കിലെടുക്കുന്നില്ല എന്ന പ്രബോധനത്തിലൂടെ അപ്പസ്തോലന്‍ ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലാക്കുകയാണ് ഇനി വേണ്ടത്. അജ്ഞതയില്‍ ജീവിച്ച്, അജ്ഞതയില്‍ത്തന്നെ മരിച്ചുപോയ വ്യക്തികളുടെ ആത്മാക്കളെ സാന്ത്വനപ്പെടുത്താനുള്ള ഉദ്യമമാണ് പൗലോസ് നടത്തിയതെന്ന് ആരും കരുതുന്നുണ്ടാകില്ല. എന്തെന്നാല്‍, അജ്ഞതയില്‍ ജീവിച്ച വ്യക്തികളുടെ ദാരുണമായ അന്ത്യത്തെ സംബന്ധിച്ചുള്ള പഠനത്തിലായിരുന്നു നാമിതുവരെ! അജ്ഞത അനുഗ്രഹമല്ലെന്നും അതൊരു ശാപമാണെന്നും നാം മനസ്സിലാക്കി. ആയതിനാല്‍ത്തന്നെ, അപ്പസ്തോലനായ പൗലോസിന്റെ പ്രബോധനത്തില്‍നിന്നും നാം മനസ്സിലാക്കേണ്ടത് മറ്റെന്തോ ആണ്.

പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങള്‍ ഓരോന്നും ഓരോരോ സഭകള്‍ക്ക് എഴുതിയ കത്തുകളാണെന്നു നമുക്കറിയാം. സഭയുടെ പൊതുവായ നന്മയ്ക്ക് ഉപകരിക്കുമെന്നു കണ്ടതിനാല്‍ അവയെല്ലാം ബൈബിളിന്റെ ഭാഗമാക്കി എന്നതാണു യാഥാര്‍ത്ഥ്യം! അതിനാല്‍ത്തന്നെ, അപ്പസ്തോലനായ പൗലോസിന്റെ ലേഖനങ്ങളെ, അവ ഏതു സഭകള്‍ക്കുവേണ്ടി എഴുതപ്പെട്ടുവോ, ആ സഭകളുടെ പ്രത്യേകതകള്‍ക്കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം സ്വീകരിക്കേണ്ടത്. ഗ്രീസിലെ ഒരു പട്ടണമാണ് 'കോറിന്തോസ്' എന്ന് നമുക്കറിയാം. വിജാതിയതയില്‍നിന്നു സത്യദൈവത്തിലേക്കു കടന്നുവന്നവരാണ് ആ സഭയിലെ മുഴുവന്‍ അംഗങ്ങളും. അവരുടെ വളര്‍ച്ചയും വിശ്വാസസ്ഥിരതയും ലക്ഷ്യമാക്കിയുള്ള പ്രബോധനങ്ങളാണ് അവര്‍ക്കുള്ള കത്തുകളില്‍ നാം വായിക്കുന്നത്. എന്നിരുന്നാലും, ആ പ്രബോധനങ്ങളെല്ലാംതന്നെ സഭയുടെ പൊതുവായ നന്മയ്ക്ക് ഉപകരിക്കുന്നവയാണ്. ഇനി വിഷയത്തിലേക്കു കടക്കാം.

ഗ്രീക്കുകാരായ വിജാതിയരില്‍നിന്ന് ക്രിസ്തീയതയിലേക്കു കടന്നുവരാന്‍ ഭാഗ്യം ലഭിച്ച കോറിന്തോസിലെ വിശുദ്ധര്‍ക്ക് പൗലോസ് ഇപ്രകാരം എഴുതി: "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു"(അപ്പ. പ്രവര്‍: 17; 30). ഇത് അജ്ഞതയില്‍ ജീവിക്കുന്ന വിജാതിയര്‍ക്ക് നല്‍കുന്ന പ്രബോധനമല്ല; മറിച്ച്, അജ്ഞതയുടെ കൂരിരുട്ടില്‍നിന്ന് അനുഗ്രഹദായകമായ അറിവിന്റെ പ്രകാശത്തിലേക്കു കടന്നുവന്ന വിശുദ്ധര്‍ക്കുള്ള സന്ദേശമാണിത്! അവരെ സംബന്ധിച്ചിടത്തോളം അവരുടെ മുന്‍കാലജീവിതം അജ്ഞതയുടേതായിരുന്നുവെങ്കിലും അത് അവര്‍ക്കെതിരേ ദൈവം കണക്കിലെടുക്കുന്നില്ല എന്ന് അപ്പസ്തോലന്‍ അവരെ അറിയിക്കുന്നു. അതായത്, ക്രിസ്തുവിനെ അറിയുകയും അവിടുത്തെ നാമത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരുവന്റെ ഭൂതകാലം എന്തുതന്നെ ആയിരുന്നുവെങ്കിലും, അവയൊന്നും അവനെതിരേ പരിഗണിക്കപ്പെടുന്നില്ല! ഇത് അറിവിലേക്കു പ്രവേശിച്ചവര്‍ക്കു മാത്രം ബാധകമായ വാഗ്ദാനമാണ്! എന്തെന്നാല്‍, ഒരുവന്‍ യേഹ്ശുവായെ അറിയുകയും അവിടുത്തെ നാമത്തിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ അവന്റെ പൂര്‍വ്വകാല അജ്ഞതകളെ അവന്‍തന്നെ തള്ളിപ്പറയുകയാണു ചെയ്യുന്നത്. പശ്ചാത്താപം എന്നത് പൂര്‍വ്വപാപങ്ങളെ തള്ളിപ്പറയലാണ്! അപ്പസ്തോലന്റെ ഈ പ്രബോധനത്തില്‍ അവസാനം വായിക്കുന്നത് പശ്ചാത്താപത്തിന്റെ അനിവാര്യതയെ സംബന്ധിച്ചുള്ള ആജ്ഞയാണെന്ന വസ്തുത നാം വിസ്മരിക്കരുത്.

അജ്ഞതയുടെ കാലഘട്ടങ്ങള്‍ ദൈവം കണക്കിലെടുക്കാതിരിക്കുന്നത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമായവര്‍ യേഹ്ശുവായുടെ നാമത്തില്‍ 'ഹാലേലൂയാഹ്' പറയുക! "അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു"(യേശയ്യാഹ്: 9; 2).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5382 views