വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

യേഹ്ശുവായെ കൂടാതെ മറിയത്തിന്റെ മക്കള്‍!

Print By
about

07 - 11 - 2013          YouTube

യേഹ്ശുവായല്ലാതെ മറിയത്തിന് മറ്റ് മക്കള്‍ ഉണ്ടോ? വിവിധ സഭകള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയമാണിത്. ചിലര്‍ പ്രചരിപ്പിക്കുന്നത് യേഹ്ശുവായെ അല്ലാതെ, വേറെയും മക്കളെ മറിയം പ്രസവിച്ചിട്ടുണ്ടെന്നാണ്. ഈ വാദത്തിന് എന്തെങ്കിലും കഴമ്പുണ്ടോ? പരിശുദ്ധ കന്യകാ മറിയത്തിന് മറ്റ് മക്കളുണ്ടോ എന്നതിനെക്കുറിച്ച് ബൈബിള്‍ എന്താണ് പറയുന്നതെന്ന് പരിശോധിക്കാം. മുന്‍വിധി കൂടാതെ, യാഥാര്‍ത്ഥ്യത്തെ സമീപിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ ലേഖനം വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്. നിങ്ങള്‍ ഏത് സഭകളില്‍പ്പെട്ടവരാണെങ്കിലും ഇടുങ്ങിയ കാഴ്ചപ്പാടുകളില്‍നിന്ന് പുറത്തുവന്ന് യാഥാര്‍ത്ഥ്യബോധത്തോടെ വചനത്തെ സമീപിച്ചാല്‍, അത് ഗ്രഹിക്കാനുള്ള പ്രകാശം പരിശുദ്ധാത്മാവ് നിങ്ങള്‍ക്ക് പ്രദാനംചെയ്യും! ഓര്‍ക്കുക: അജ്ഞത ഒരു അനുഗ്രഹമല്ല; ഇതറിയാവുന്ന സാത്താന്‍, സത്യം പലരില്‍നിന്നും മറച്ചുവച്ചിരിക്കുന്നു!

പരിശുദ്ധ കന്യകയ്ക്ക് വേറെയും മക്കളുണ്ട്!

ഇത് വായിക്കുമ്പോള്‍ ആരും രോഷം കൊള്ളേണ്ട കാര്യമില്ല. കാരണം, വചനത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണ്. ഇനി ആരൊക്കെയാണ് മറിയത്തിന്റെ മക്കള്‍ എന്ന് നോക്കാം.

വെളിപാടിന്റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം പരിശോധിക്കുമ്പോള്‍, അതില്‍ ഒരു സ്ത്രീയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ ലിഖിതം ശ്രദ്ധിക്കുക: 
“സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം”(വെളിപാട്: 12; 1). ഈ സ്ത്രീ മറിയമാണെന്നുള്ള കാര്യത്തില്‍ സംശയമുള്ളവര്‍, അടുത്ത വചനഭാഗങ്ങള്‍ കൂടി വായിക്കണം. പിന്നീടുള്ള വചനത്തില്‍ അഗ്നിമയനായ ഒരു സര്‍പ്പത്തെക്കുറിച്ച് കാണാം. ഇവിടെ വചനം പറയുകയാണ്: “ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ . അവളുടെ ശിശു ദൈവത്തിന്റെയും അവന്റെ രാജപീഠത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു”(വെളിപാട്: 12; 4-5). ആ സ്ത്രീയും ശിശുവും ആരാണെന്ന് യേഹ്ശുവായെക്കുറിച്ച് കേട്ടിട്ടുള്ള സകലര്‍ക്കും മനസ്സിലാകും! മറിയത്തെയും യേഹ്ശുവായെയും കുറിച്ചാണ് ഇവിടെ വിവരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ തുടര്‍ന്നുവരുന്ന വാക്യങ്ങള്‍ക്കൂടി വായിക്കുക.

ഒരിക്കല്‍ യേഹ്ശുവാ തന്റെ അമ്മയെ സ്ത്രീയെന്ന് സംബോധന ചെയ്തതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. എന്നാല്‍, 'സ്ത്രീ' എന്നത് ഒരു പ്രവചനമാണെന്ന് നാം തിരിച്ചറിയണം. സൃഷ്ടിയുടെ പുസ്തകത്തില്‍ സര്‍പ്പത്തോട്‌ യാഹ്‌വെ പറയുന്നത് ശ്രദ്ധിക്കുക: “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും”(സൃഷ്ടി: 3; 15). ഇത് ഭൂമിയില്‍ ജനിക്കാന്‍പോകുന്ന മുഴുവന്‍ സ്ത്രീകളെയും അവരുടെ സന്തതികളെയും കുറിച്ചായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ബഹുവചനത്തില്‍ പ്രവചിക്കുമായിരുന്നു! എന്നാല്‍, പ്രവചനത്തില്‍ നാം കാണുന്നത് ‘സ്ത്രീ’ എന്നും ‘സന്തതി’ എന്നുമാണ്. അതുകൊണ്ടുതന്നെ, സൃഷ്ടിയുടെ പുസ്തകത്തിലെ പ്രവചനം മറിയത്തിലേക്കും യേഹ്ശുവായിലേക്കുമാണ് വിരല്‍ചൂണ്ടുന്നതെന്ന് വ്യക്തം. അതെ, ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് കന്യകാമറിയത്തിലും യേഹ്ശുവായിലും പൂര്‍ത്തിയാകുന്നത്. അമ്മയെ സ്ത്രീയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് യാഹ്‌വെയുടെ വാക്കുകളെ, പുത്രനായി മനുഷ്യാവതാരം ചെയ്ത യേഹ്ശുവാ നമുക്ക് മുന്നില്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഈ കാര്യങ്ങളെക്കുറിച്ച് ആരംഭത്തില്‍തന്നെ ചിന്തിക്കുവാന്‍ ഒരു കാരണമുണ്ട്. എന്തെന്നാല്‍, വെളിപാടില്‍ പറഞ്ഞിരിക്കുന്ന സ്ത്രീ ആരാണെന്നതിലും തര്‍ക്കം നിലനില്‍ക്കുന്നു. ഇത് പരിശുദ്ധ കന്യകാ മറിയമാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമെ, ഈ അമ്മയുടെ മക്കളെ മനസ്സിലാവുകയുള്ളൂ. മറിയത്തിന് മഹത്വം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവരും, ഈ ഉദ്ദേശ്യത്തോടുകൂടി സഭകള്‍ തട്ടിക്കൂട്ടിയവരും ചില ബാലിശമായ വാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ശിശുവിനെ പ്രസവിക്കുന്ന സ്ത്രീ യിസ്രായേലിന്റെ പ്രതീകമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ജനിക്കുന്ന ശിശു മനുഷ്യപുത്രനായ യേഹ്ശുവായാണെങ്കില്‍, അവനെ പ്രസവിച്ച സ്ത്രീ കന്യകാമറിയം ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ!

വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
“ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്ക് സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോട് യുദ്ധം ചെയ്യാന്‍ അത് പുറപ്പെട്ടു”(വെളിപാട്: 12; 17). ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം, ദൈവത്തിന്റെ കല്പനയനുസരിച്ച് ജീവിക്കുകയും യേഹ്ശുവായുടെ ശുശ്രൂഷകരായിരിക്കുകയും ചെയ്യുന്ന എല്ലാവരും മറിയത്തിന്റെ മക്കളാണ് എന്നാണ്. അതുകൊണ്ടുതന്നെ, മറിയത്തിന് യേഹ്ശുവായല്ലാതെ വേറെ മക്കളില്ലെന്ന് ഇനിയാരും പറയരുത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, യേഹ്ശുവായ്ക്കുള്ള എല്ലാവരും മറിയത്തിന്റെ സന്താനങ്ങളാണ്. കന്യകാ മറിയത്തിന്റെ മക്കളല്ലാത്തവര്‍ക്ക് മനുഷ്യപുത്രനായ യേഹ്ശുവായുടെ സഹോദരങ്ങളാകുവാനോ അതുവഴി, ദൈവമായ യേഹ്ശുവായുടെ മക്കളാകുവാനോ കഴിയുകയില്ല എന്നുതന്നെയാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വളരെ വ്യക്തമായ സത്യങ്ങള്‍പോലും മനുഷ്യരില്‍നിന്ന് മറച്ച് വയ്ക്കപ്പെട്ടിരിക്കുകയാണ്. കാരണം, സത്യം അറിയരുതെന്ന് ആഗ്രഹിക്കുന്ന ശത്രുവായ സാത്താന്‍ അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണം എന്ന് തക്കം പാര്‍ത്തിരിക്കുന്നു. ഈ വചനം നോക്കുക:
“ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാച് നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്”(വെളിപാട്: 12; 12). ദൈവവചനം ഇത്ര കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചില വചനങ്ങളെ തെറ്റായി പഠിച്ചവര്‍, അല്ലെങ്കില്‍ മറിയത്തിന്റെ കന്യകത്വത്തെ നിഷേധിക്കുന്ന സര്‍പ്പത്തിന്റെ പഠിപ്പിക്കലിനോട് ചേര്‍ന്നുനില്‍ക്കുന്ന ആളുകള്‍, യേഹ്ശുവായല്ലാതെ മറ്റ് ചിലരെ കൂടി മറിയം പ്രസവിച്ചിട്ടുണ്ട് എന്ന വാദമുയര്‍ത്തുന്നു. ഇവരുടെ ന്യായവാദത്തെ ഉറപ്പിക്കാന്‍ ചില വചനങ്ങളും ഉപയോഗിക്കാറുണ്ട്. ആ വാദം നമുക്ക് പരിശോധിക്കാം.

ആദ്യത്തെ മൂന്ന് സുവിശേഷകരുടെയും പുസ്തകത്തില്‍ ഒരു പ്രത്യേക സംഭവത്തെ വിവരിക്കുന്നത് വായിക്കാന്‍ കഴിയും. ആ സംഭവം മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: 
“അവന്‍ ജനക്കൂട്ടത്തോട് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോട് സംസാരിക്കാന്‍ ആഗ്രഹിച്ച് പുറത്ത് നിന്നിരുന്നു. ഒരുവന്‍ അവനോട് പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ച് പുറത്ത് നില്‍ക്കുന്നു. യേഹ്ശുവാ അവനോട് പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും”(മത്തായി: 12; 46-50). ഈ വചനമാണ് മറിയത്തിന്റെ മക്കള്‍ എന്ന ആശയത്തിലേക്ക് നയിച്ചത്. എന്നാല്‍, ഒരുകാര്യം ചിന്തിക്കാം! നമ്മുടെ മാതാപിതാക്കളുടെ സഹോദരങ്ങള്‍ക്ക് മക്കള്‍ ഉണ്ടെന്നിരിക്കട്ടെ; അവരെയും നാം സഹോദരങ്ങളായി പരിഗണിക്കാറില്ലേ? മാത്രവുമല്ല, യിസ്രായേല്‍ക്കാര്‍ എല്ലാവരും പരസ്പരം സഹോദരങ്ങളായാണ് കണക്കാക്കിയിരുന്നത്.

ഈ ഒറ്റ വചനം കൊണ്ടുമാത്രം മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുമോ? മറിയത്തിന് സഹോദരി ഉണ്ടായിരുന്നവെന്ന് വചനം പറയുന്നുണ്ട്. നേരിട്ടുള്ള സഹോദരിയാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: 
“യേഹ്ശുവായുടെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും അല്‍ഫായിയുടെ ഭാര്യ മറിയവും മഗ്ദലേഥ് മറിയവും നില്‍ക്കുന്നുണ്ടായിരുന്നു”(യോഹന്നാ‌ന്‍: 19; 25). ഈ സഹോദരിയുടെ മക്കളും യോസെഫിന്റെ സഹോദരങ്ങളുടെ മക്കളും യേഹ്ശുവായ്ക്ക് സഹോദരങ്ങളാണ്. യിസ്രായേലിന്റെ പാരമ്പര്യമനുസരിച്ച് ഒരമ്മയുടെ മക്കളോ ഒരപ്പന്റെ മക്കളോ മാത്രമല്ല സഹോദരങ്ങളായി പരിഗണിക്കപ്പെടുന്നത്. ഇതിനുള്ള ഉത്തരം പൂര്‍വ്വപിതാവായ അബ്രാഹം നല്‍കും!

അബ്രാഹം തന്റെ സഹോദരന്റെ പുത്രനെപ്പോലും സഹോദരന്‍ എന്ന് വിളിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും. ഈ തിരുവെഴുത്ത് നോക്കുക: 
“അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്ക് പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു”(സൃഷ്ടി: 12; 5). ഈ ലിഖിതമനുസരിച്ച്, അബ്രാഹത്തിന്റെ സഹോദരപുത്രനായിരുന്നു ലോത്ത്. എന്നാല്‍, അബ്രാഹം ലോത്തിനെ എങ്ങനെയാണ് വിശേഷിപ്പിച്ചതെന്ന് നോക്കുക: “അബ്രാം ലോത്തിനോട് പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്”(സൃഷ്ടി: 13; 8). ഇവിടെ അബ്രാഹം സഹോദരന്‍ എന്ന് വിശേഷിപ്പിച്ചത് സഹോദരപുത്രനെയാണ്. അബ്രാഹത്തിന്റെ പിതാവിന് ജനിച്ചവനോ, അബ്രാഹത്തിന്റെ അമ്മ പ്രസവിച്ചവനോ ആയിരുന്നില്ല ലോത്ത്. എന്നിട്ടും ലോത്തിനെ സഹോദരന്‍ എന്ന് അബ്രാഹം വിശേഷിപ്പിച്ചു. ഇതുപോലുള്ള അനേകം തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും.

യിസ്രായേല്‍ക്കാര്‍ അല്ലാത്തവരെപ്പോലും യിസ്രായേലിന്റെ സഹോദരന്മാരായി ദൈവം വിശേഷിപ്പിച്ചിട്ടുണ്ട്. നിയമഗ്രന്ഥത്തിലെ ഒരു ലിഖിതം ശ്രദ്ധിക്കുക: “ജനത്തോട് കല്പിക്കുക: സെയിറില്‍ താമസിക്കുന്ന യേസാവിന്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നുപോകാന്‍ തുടങ്ങുകയാണ്. അവര്‍ക്ക് നിങ്ങളെ ഭയമായിരിക്കും. എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം. അവരുമായി കലഹിക്കരുത്”(നിയമം: 2; 4). യാക്കോബിന്റെ സഹോദരനായ യേസാവിന്റെ വംശപരമ്പരയില്‍പ്പെട്ടവരെപ്പോലും യിസ്രായേല്‍ക്കാരുടെ സഹോദരങ്ങള്‍ എന്നാണ് യാഹ്‌വെ വിശേഷിപ്പിച്ചത്. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, യേഹ്ശുവായുടെ സഹോദരങ്ങള്‍ എന്ന് യെഹൂദര്‍ വിശേഷിപ്പിച്ചത് കന്യകാമറിയം പ്രസവിച്ച മക്കളെയാണെന്ന് വാദിക്കുന്നവര്‍ ചരിത്രബോധം ഇല്ലാത്തവരോ സ്ഥാപിതതാല്‍പ്പര്യക്കാരോ ആണ്.

യേഹ്ശുവായുടെ സഹോദരങ്ങള്‍ എന്ന് യഹൂദര്‍ പറഞ്ഞ ആളുകളെക്കുറിച്ച് ബൈബിളില്‍തന്നെ പരിശോധിക്കുമ്പോള്‍ ഇവര്‍ എപ്രകാരമുള്ള സഹോദരങ്ങളാണെന്ന് വ്യക്തമാകുന്നുണ്ട്. യേഹ്ശുവായുടെ സഹോദരങ്ങളായി പറയപ്പെടുന്നവരെ ശ്രദ്ധിക്കുക:
“ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യെഹൂദാ, ശിമെയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി”(മാര്‍ക്കോ: 6; 3). മറിയത്തിന്റെ മകന്‍ എന്ന് ഇവിടെ വിശേഷിപ്പിച്ചത് യേഹ്ശുവായെ ആണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. മറ്റ് നാല് സഹോദരന്മാരെക്കുറിച്ചും സഹോദരിമാരെക്കുറിച്ചും ഇവിടെ പറയുന്നുണ്ട്. യേഹ്ശുവായുടെ സഹോദരന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വ്യക്തികളില്‍ ചിലരെ ബൈബിളിലെ മറ്റുചില വിവരണങ്ങളില്‍ പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുമ്പോള്‍ കാര്യം മനസ്സിലാകും. യേഹ്ശുവായുടെ കുരിശുമരണം കണ്ടുകൊണ്ട് നിന്നവരെക്കുറിച്ച് സുവിശേഷകനായ മാര്‍ക്കോ പറയുന്നത് നോക്കുക: “ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേഥ് മറിയവും യോസെയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു”(മാര്‍ക്കോ: 15; 40). യോസേയുടെയും യാക്കോബിന്റെയും അമ്മ ആരാണെന്ന് ഇത് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയേണ്ടതാണ്.

യെഹൂദര്‍ പറഞ്ഞ നാല് സഹോദരന്മാരില്‍ രണ്ട് പേരുടെ കാര്യത്തില്‍ തീരുമാനമായി. യേഹ്ശുവായെ ക്രൂശിച്ചപ്പോള്‍ അതിന് സാക്ഷ്യംവഹിച്ച ചുരുക്കംപേരില്‍ ഒരുവളാണ് ഈ മറിയം. അങ്ങനെയെങ്കില്‍ അവള്‍ക്ക് യേഹ്ശുവായുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, അവളുടെ മക്കള്‍ യേഹ്ശുവായുടെ സഹോദരങ്ങള്‍ തന്നെയാണ്. എന്നാല്‍, അവരുടെ മാതാവായ മറിയം കന്യകാമറിയം ആയിരുന്നില്ല. ചരിത്രത്തെക്കുറിച്ച് മാത്രമല്ല, ബൈബിളിലെ ഇണവചനങ്ങളിലും വേണ്ടത്ര അവബോധമില്ലാത്തവര്‍ വചനം വ്യാഖ്യാനിക്കുകയും, സത്യം അന്വേഷിച്ചറിയാതെ അവ ഏറ്റുപിടിക്കുകയും ചെയ്തതുവഴി ഉണ്ടായ ദുരന്തമാണ് ഇത്തരം വാദങ്ങള്‍ക്ക് കാരണമാകുന്നത്.

യേഹ്ശുവായുടെ സഹോദരന്മാര്‍ എന്ന് യെഹൂദര്‍ വിശേഷിപ്പിച്ചവരില്‍ മൂന്നാമനായ യെഹൂദായെ നമ്മള്‍ എല്ലാവരും അറിയും. തദ്ദായ് എന്നുകൂടി പേരുണ്ടായിരുന്ന ഈ യെഹൂദാ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ്. ഒറ്റുകാരനായി മാറിയ യെഹൂദാ ഇഷ്-കെരിയോത്തിനെ കൂടാതെ, മറ്റൊരു യെഹൂദാ കൂടി അപ്പസ്തോലന്മാരുടെ ഗണത്തില്‍ ഉണ്ടായിരുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യാക്കോബിന്റെ മകനായ യെഹൂദാ, ഒറ്റുകാരനായിത്തീര്‍ന്ന യെഹൂദാ ഇഷ്-കെരിയോത് എന്നിവരാണ്”(ലൂക്കാ: 6; 16). ഇത് നാം വായിക്കുന്നത് പന്ത്രണ്ട് അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരണത്തിലാണ്. ലൂക്കാ ഒഴികെയുള്ള ശിഷ്യന്മാര്‍ യെഹൂദാ എന്നല്ല, ‘തദ്ദായ്’ എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ‘തദ്ദായ്’ എന്ന പേരിനെ ഗ്രീക്ക് വാത്ക്കരിച്ചതാണ് ‘തദേവൂസ്’! അപ്പസ്തോലന്മാരുടെ കൂട്ടത്തില്‍ ഇഷ്-കെരിയോത്തുകാരന്‍ യെഹൂദായെ കൂടാതെ മറ്റൊരു യെഹൂദാ കൂടി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇനിയുമുണ്ട്. ഈ ലിഖിതം നോക്കുക: “യെഹൂദാ - യെഹൂദാ ഇഷ്-കെരിയോത് അല്ല - അവനോട് പറഞ്ഞു: നാഥാ, നീ നിന്നെ ഞങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിന് വെളിപ്പെടുത്തുകയില്ല എന്ന് പറഞ്ഞതെന്താണ്?”(യോഹന്നാ‌ന്‍: 14; 22).

മറിയത്തിന് വേറെയും മക്കള്‍ ഉണ്ടായിരുന്നെങ്കില്‍, യേഹ്ശുവായുടെ മരണ സമയത്ത് മറിയത്തെ യോഹന്നാന് അമ്മയായി നല്‍കുമായിരുന്നോ? യോഹന്നാന് സ്വന്തം അമ്മയുണ്ടെന്ന് ബൈബിളിലൂടെ നമുക്കറിയാം. അവന്റെ പിതാവിന്റെ പേര് സെബ്ദിയെന്നാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, യേഹ്ശുവായുടെ മരണാനന്തരം കന്യകാമറിയത്തെ യോഹന്നാന്‍ തന്റെ ഭവനത്തില്‍ സ്വീകരിച്ചുവെന്നാണ്, യോഹന്നാന്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ ലിഖിതം ശ്രദ്ധിക്കുക: “അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”(യോഹന്നാ‌ന്‍: 19; 27). സ്വന്തം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍; ഏതെങ്കിലും അമ്മ തന്റെ മകന്റെ സ്നേഹിതന്റെ വീട്ടില്‍ താമസമാക്കാന്‍ കൂട്ടാക്കുമോ? ശേഷിക്കുന്ന മക്കളോട് യേഹ്ശുവായ്ക്ക് താത്പര്യം ഇല്ലായിരുന്നുവെന്നാണോ ചിന്തിക്കേണ്ടത്?

ഒരിക്കലും യേഹ്ശുവാ അപ്രകാരം ചെയ്യില്ല. തന്റെ അമ്മ തനിച്ചാകുന്നതിലുള്ള വേദനകൊണ്ടാണ് യോഹന്നാനെ ഏല്‍പിച്ചതെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ട്. അങ്ങനെ ചിന്തിക്കുന്നത് മറിയത്തിന് വേറെ മക്കളില്ലെന്നും അവള്‍ നിത്യകന്യകയാണെന്നും വിശ്വസിക്കുന്നവരാണ്. എന്നാല്‍, യഥാര്‍ത്ഥ കാരണം വൈകാരികത ആയിരുന്നില്ല. യേഹ്ശുവായെ സംബന്ധിച്ചിടത്തോളം തന്റെ ദൗത്യത്തിന്റെ ഒരു ഘട്ടം അവസാനിക്കുന്നത് കുരിശിലെ ബലിയിലാണ്. മരണാനന്തരം അവന്‍ ദൈവികമായ മഹത്വത്തിലേക്ക് ഉയിര്‍പ്പിക്കപ്പെടും. അതായത്, മനുഷ്യപുത്രനായ യേഹ്ശുവായുടെ മാത്രം അമ്മയായിരുന്നു കന്യകാമറിയം! ദൈവത്തിന് മാതാവോ പിതാവോ വംശാവലിയോ ഇല്ല. അതുകൊണ്ടുതന്നെ, ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവായ്ക്ക് മാതാവോ പിതാവോ വംശാവലിയോ ഇല്ല! മനുഷ്യപുത്രന് അമ്മയുണ്ടായിരുന്നുവെങ്കില്‍, ദൈവപുത്രന് അമ്മയുണ്ടെന്ന് പറയുന്നതുപോലും ദൈവദൂഷണമാണ്.

മെല്‍ക്കിസെദേക്കിനെക്കുറിച്ചുള്ള സാക്ഷ്യത്തില്‍, അവന്‍ ദൈവപുത്രന് സദൃശനാണെന്ന് പറയുന്നു. അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “അവന് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രന് സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്”(ഹെബ്രായര്‍: 7; 3). ദൈവപുത്രന്‍ എന്ന് പരാമര്‍ശിക്കുന്നത് യേഹ്ശുവായെ ആണെന്ന് നമുക്കറിയാം. അതായത്, മെല്‍ക്കിസെദേക്ക് യേഹ്ശുവായുടെ പ്രതീകമായിരുന്നു. യേഹ്ശുവായുടെ വെളിപ്പെടുത്തല്‍ നോക്കുക: “എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അത് കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ യെഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പത് വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിന് മുന്‍പ് ഞാന്‍ ഉണ്ട്”(യോഹന്നാ‌ന്‍: 8; 56-58).

മരണാനന്തരം ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ സ്വര്‍ഗ്ഗത്തിലെ തന്റെ മഹത്വത്തിലേക്ക് തിരികെ പ്രവേശിക്കുന്നതോടെ, താന്‍ മുന്‍പായിരുന്ന മഹിമയില്‍ ഉപവിഷ്ടനാകുന്നു. ആരംഭമോ അവസാനമോ ഇല്ലാത്ത തന്റെ പൂര്‍വ്വാവസ്ഥയിലേക്ക് തിരികെ പ്രവേശിക്കുന്ന യേഹ്ശുവാ സര്‍വ്വശക്തനായ ദൈവമായതുകൊണ്ടുതന്നെ, അവന് മാതാവോ പിതാവോ വംശാവലിയോ ഇല്ല! അതായത്, മനുഷ്യപുത്രനായിരുന്നപ്പോള്‍ അവന്റെ മാതാവായിരുന്ന കന്യകാമറിയം, പിന്നീട് യോഹന്നാന്റെ അമ്മയാണ്. യോഹന്നാന്‍ ഇവിടെ ഒരു പ്രതീകമാണ്; യേഹ്ശുവായുടെ സഭയില്‍ അംഗമായിരിക്കുന്ന ഓരോരുത്തരുടെയും പ്രതിനിധി! യോഹന്നാനും നമുക്കും മറിയത്തിലൂടെ ലഭിച്ചത് ആത്മീയ മാതൃത്വമാണ്. ഭൗമിക മാതാവ് വേറെയുള്ളപ്പോഴാണ് മറിയത്തെ നമുക്ക് ആത്മീയ മാതാവായി ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. യോഹന്നാന്റെ ഭൗമിക മാതാവ് മറിയത്തിന്റെ സഹോദരിയായ സലോമിയായിരുന്നു.

ഭൂമിയിലായിരുന്നപ്പോള്‍ ഒരുവന്റെ അപ്പനായിരുന്ന വ്യക്തി സ്വര്‍ഗ്ഗത്തിലും അതേ പദവിയിലായിരിക്കുമെന്ന് ആരും കരുതരുത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ഏതൊരുവനും ദൈവദൂതന്മാര്‍ക്ക് തുല്യനായിരിക്കും. പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ എന്നീ ഭൗമിക ബന്ധങ്ങള്‍ ഭൂമിയില്‍ മാത്രമുള്ളതാണ്; സ്വര്‍ഗ്ഗത്തില്‍ ഇവയൊന്നുമില്ല. അവിടെ എല്ലാവരും പരസ്പരം സഹോദരങ്ങളും ദൈവത്തിന്റെ മക്കളുമാണ്. ഭൂമിയിലെ മാതാപിതാക്കളും മക്കളും ഒരുമിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നീതി പ്രവര്‍ത്തിക്കുന്ന പിതാവിനോടൊപ്പം അനീതി പ്രവര്‍ത്തിക്കുന്ന പുത്രന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് കരുതുന്നത് ഭോഷത്തമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കന്യകാമറിയം ദൈവമാതാവല്ല! മറിയത്തെ ദൈവമാതാവെന്ന് വിളിക്കുന്നത് ദൈവദൂഷണമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. ഇനി മറിയത്തിന്റെ മക്കളെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാം.

മാര്‍ക്കോ എഴുതിയ സുവിശേഷത്തിലെ ആറാമത്തെ അദ്ധ്യായം മൂന്നാം വാക്യം കണക്കിലെടുക്കുമ്പോള്‍, യേഹ്ശുവായെക്കൂടാതെ കുറഞ്ഞത് ആറ് മക്കള്‍ക്കൂടി മറിയത്തിന് ഉണ്ടായിരിക്കണം. യാക്കോബ്, യോസേ, യെഹൂദാ, ശിമെയോന്‍ എന്നിവരുടെ പേരുകള്‍ പറയുന്നതുകൂടാതെ, സഹോദരിമാരെക്കുറിച്ചും ബൈബിളില്‍ സൂചനയുണ്ടെന്ന് നമുക്കറിയാം. കാരണം, മുകളില്‍ നാം വായിച്ച വിവരണം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യെഹൂദാ, ശിമെയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി”(മാര്‍ക്കോ: 6; 3). സഹോദരിമാര്‍ എന്ന പ്രയോഗംതന്നെ ഒന്നിലധികം പേരെ സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടായിരുന്നുവെന്ന് ചിന്തിക്കാം. അതായത്, ആറ് സഹോദരങ്ങള്‍ എങ്കിലും യേഹ്ശുവായ്ക്ക് ഉണ്ടായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും! ഇനി നമ്മള്‍ സാമാന്യബുദ്ധിയെങ്കിലും ഉപയോഗിക്കാന്‍ തയ്യാറാകണം.

യെരുശലേമില്‍ ആരാധനയ്ക്കു പോകുന്ന യേഹ്ശുവായെയും യോസെഫിനെയും മറിയത്തെയും നാം ബൈബിളില്‍ കാണുന്നുണ്ട്. ഇവിടെ അവരോടൊപ്പം മറ്റ് മക്കളെ ആരെയും കാണുന്നില്ല! വേറെ മക്കളുണ്ടെങ്കില്‍ അവര്‍ യേഹ്ശുവായുടെ ഇളയ സഹോദരങ്ങളായിരിക്കും. എന്തെന്നാല്‍, യേഹ്ശുവായെ ഗര്‍ഭംധരിക്കുകയും പ്രസവിക്കുകയും ചെയ്തത് കന്യകയും യുവതിയുമായ മറിയം ആണ്. യേഹ്ശുവായ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് യെരുശലേമില്‍ തിരുനാള്‍ ആഘോഷിക്കാന്‍ അവന്റെ കുടുംബം പോയത്. മറിയത്തിന് മറ്റ് മക്കള്‍ അപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍, പതിനൊന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളായിരിക്കും അവര്‍. അവരെയെല്ലാം വീട്ടില്‍ തനിച്ചാക്കി, പന്ത്രണ്ടുകാരനെയും കൂട്ടി തിരുനാളിന് പോയ മാതാപിതാക്കള്‍ ആണോ യോസെഫും മറിയവും? മറ്റു മക്കള്‍ ആ കാലയളവില്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവരും കൂടെയുണ്ടാകും എന്നത് യഹൂദരുടെ ആചാരങ്ങളും വിശ്വാസങ്ങളും അറിയാവുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാന്‍ കഴിയും.

വിമര്‍ശകര്‍ക്കും തര്‍ക്കക്കാര്‍ക്കും എന്തുമാകാം എന്നതിനാല്‍, പന്ത്രണ്ട് വയസ്സിന് ശേഷമാണ് യേഹ്ശുവായ്ക്ക് സഹോദരങ്ങള്‍ ജനിച്ചത് എന്നും സമ്മതിച്ചുകൊടുത്തേക്കാം. യെരുശലേമില്‍ ആരാധനയ്ക്ക് പോയതിനുശേഷം ഒന്നര വര്‍ഷം ഇടവിട്ട്‌ ഓരോ കുഞ്ഞുങ്ങളെ മറിയം പ്രസവിച്ചാല്‍തന്നെയും ആറാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ യേഹ്ശുവായുടെ പ്രായം ഏകദേശം ഇരുപത്തിരണ്ട് ആയിരിക്കും. അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ കുരിശുമരണ സമയത്ത് ഇളയ സഹോദരന് (സഹോദരി) പത്തോ പതിനൊന്നോ വയസ്സില്‍ക്കൂടുതല്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല! യേഹ്ശുവായുടെ ദൗത്യകാലത്ത് ഇളയ സഹോദരങ്ങള്‍ സ്വാഭാവികമായും കുട്ടികളായിരുന്നിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന യേഹ്ശുവാ, തന്റെ സഹോദരങ്ങള്‍ക്ക് ആ പരിഗണന നിഷേധിക്കുമോ? യോഹന്നാന്റെ ഭവനത്തിലേക്ക് മറിയം താമസം മാറുന്ന കാലത്ത് പത്ത് വയസ്സുള്ള കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടുവെന്നാണോ നാം മനസ്സിലാക്കേണ്ടത്?

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്, യോഹന്നാനോടൊപ്പം പോകാന്‍ തയ്യാറാകുന്ന ഒരു സ്ത്രീയെ യേഹ്ശുവായ്ക്ക് ജന്മം നല്‍കാന്‍ യാഹ്‌വെ തിരഞ്ഞെടുക്കുമോ? പാപികളെപ്പോലും സ്നേഹിക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്യുന്ന യേഹ്ശുവാ, തന്റെ കുഞ്ഞുസഹോദരങ്ങളെ അനാഥരാക്കിക്കൊണ്ട് തെറ്റായ മാതൃക നല്‍കുമോ? യെരുശലേമില്‍വച്ച് യേഹ്ശുവായെ കാണാതാകുന്ന മറിയം എത്രമാത്രം ദുഃഖിതയായി എന്നകാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തിരുവെഴുത്ത് നോക്കുക: “അവന്റെ അമ്മ അവനോട് പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു”(ലൂക്കാ: 2; 48). ഏതൊരു അമ്മയുടെയും വേദനയാണ് നാം ഈ തിരുവെഴുത്തില്‍ കാണുന്നത്.

ഇനി വിഷയം പരിശോധിക്കാം: ചില ക്രൈസ്തവസമൂഹങ്ങളുടെ വാദം മുഖവിലയ്ക്ക് എടുത്താല്‍, യേഹ്ശുവാ തന്റെ ശിഷ്യനായ യോഹന്നാന് മറിയത്തെ അമ്മയായി നല്‍കുകയും, മറിയത്തിന് മകനായി യോഹന്നാനെ നല്‍കുകയും ചെയ്യുമ്പോള്‍, പറക്കമുറ്റാത്ത പ്രായത്തിലുള്ള സഹോദരങ്ങള്‍ യേഹ്ശുവായ്ക്കുണ്ടെന്ന് കരുതേണ്ടിവരും! ഈ ലിഖിതം ശ്രദ്ധിക്കുക: “അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”(യോഹന്നാ‌ന്‍: 19; 27). മറിയത്തെ മാത്രമല്ല, യേഹ്ശുവായെയും നീതിരഹിതനായി ചിത്രീകരിക്കാനുള്ള സാത്താന്റെ കൗശലം ചില ക്രൈസ്തവസമൂഹങ്ങളെക്കൊണ്ട് അവന്‍ നടപ്പാക്കുകയാണ്!

എന്നാല്‍, അതിനെല്ലാം ഉപരിയായി ഈ സംഭവത്തിന് വലിയൊരു പ്രാധാന്യം ഉണ്ട്. വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായം, ഇതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ആ പ്രാധാന്യം മനസ്സിലാകും. ആ അദ്ധ്യായത്തില്‍ ഒരു സ്ത്രീയെക്കുറിച്ചും ഉഗ്രസര്‍പ്പത്തെക്കുറിച്ചും കാണാം. സൃഷ്ടിയുടെ പുസ്തകത്തില്‍ കാണുന്ന സ്ത്രീയെയും സര്‍പ്പത്തെയും തന്നെയാണ് വെളിപാടിലും നാം കാണുന്നത്. സൃഷ്ടിയുടെ പുസ്തകത്തിലെ പ്രവചനം നോക്കുക: “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും”(സൃഷ്ടി: 3; 15). ദൈവം ഇപ്രകാരം പറഞ്ഞത് സര്‍പ്പത്തോട് ആയിരുന്നു. ഈ പ്രവചനത്തില്‍ സ്ത്രീ, സന്തതി എന്നിങ്ങനെ ഏകവചനത്തില്‍ പറയുന്നത്, യേഹ്ശുവായെയും മറിയത്തെയും സൂചിപ്പിക്കുന്നതിനാണ്. സാത്താന്റെ തല തകര്‍ക്കുന്നത് സ്ത്രീയുടെ സന്തതി ആണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ദൈവം പ്രഖ്യാപിച്ചിരിക്കുന്നു.

സൃഷ്ടിയുടെ പുസ്തകത്തിലെ പ്രവചനവുമായി വെളിപാട് പുസ്തകത്തിലെ ലിഖിതങ്ങള്‍ ചേര്‍ത്ത് വച്ച് പരിശോധിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കും. വെളിപാടില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളംകൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിന് ഏഴ് തലയും പത്ത് കൊമ്പും. തലകളില്‍ ഏഴ് കിരീടങ്ങള്‍. അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ . അവളുടെ ശിശു ദൈവത്തിന്റെയും അവന്റെ രാജപീഠത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു”(വെളിപാട്: 12; 3-5). സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവന്‍ യേഹ്ശുവാ ആണെങ്കില്‍, അവനെ പ്രസവിച്ച സ്ത്രീ കന്യകാമറിയം ആണെന്ന് നമുക്കറിയാം. കന്യകാമറിയത്തെ എന്തുകൊണ്ടാണ് യേഹ്ശുവാ സ്ത്രീ എന്ന് സംബോധന ചെയ്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ പ്രവചനങ്ങള്‍!

യേഹ്ശുവായെ കൂടാതെ വേറെ മക്കള്‍ മറിയത്തിന് ഉണ്ടായിരുന്നുവെന്ന് വാദിക്കുന്നവരുടെ ലക്‌ഷ്യം, മറിയത്തെ ഇകഴ്ത്തുക എന്നതാണെങ്കിലും, അവര്‍ ഇകഴ്ത്തുന്നത് യേഹ്ശുവായെക്കൂടിയാണെന്ന് തിരിച്ചറിയണം. എന്തെന്നാല്‍, വേറെയും സന്തതികളെ മറിയം പ്രസവിച്ചുവെന്ന വാദം ദൈവവചനത്തിന് എതിരാണ്. എന്നാല്‍, മറിയം പ്രസവിച്ചത് ഒരു സന്തതിയെ മാത്രമാണെങ്കിലും, അവള്‍ പ്രസവിക്കാത്ത അനേകം മക്കളെ ദൈവം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. കുരിശിന്‍ ചുവട്ടില്‍ നിന്ന മറിയത്തിന് യോഹന്നാനെ പുത്രനായി നല്‍കിയപ്പോള്‍, അത് അനേകരുടെ അമ്മയാകാനുള്ള വിളിയായിരുന്നു. അതായത്, യാഹ്‌വെയുടെ കല്പനകള്‍ കാക്കുന്നവരും, യേഹ്ശുവായ്ക്ക് സാക്ഷികളുമായ എല്ലാവര്‍ക്കുമായിട്ടാണ് മറിയത്തെ അമ്മയായി നല്‍കിയത്. ഈ വചനം ശ്രദ്ധിക്കുക: “അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്ക് സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോട് യുദ്ധം ചെയ്യാന്‍ അത് പുറപ്പെട്ടു”(വെളിപാട്: 12; 17). ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്ക് സാക്ഷ്യം വഹിക്കുന്നവരുമായ സകലരും മറിയത്തിന്റെ മക്കളാണെന്ന് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഇവിടെ ഒരുകാര്യം പ്രത്യേകം മനസ്സിലാക്കണം. എന്തെന്നാല്‍, അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോട് എന്ന പ്രയോഗത്തിലൂടെ, ഇനിമേല്‍ യേഹ്ശുവാ അവളുടെ സന്തതിയല്ല എന്ന യാഥാര്‍ത്ഥ്യം കൂടിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. യേഹ്ശുവാ മനുഷ്യപുത്രനായിരുന്നപ്പോള്‍ മറിയത്തിന്റെ സന്തതിയായിരുന്നുവെങ്കിലും, ഇന്ന് അവന്‍ സര്‍വ്വശക്തനും, ആരംഭമോ അവസാനമോ ഇല്ലാത്തവനുമായ ദൈവത്തിന്റെ പദവിയിലേക്ക് തിരികെ പ്രവേശിച്ചു! 

യോഹന്നാന്‍ തന്റെ ഭവനത്തില്‍ മറിയത്തെ സ്വീകരിച്ചതുപോലെ, മറിയത്തെ ഭവനത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് യേഹ്ശുവായുടെ സഹോദരനും സഹോദരിയും ആകാന്‍ സാധിക്കും!

പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല!

യേഹ്ശുവായെ പ്രസവിച്ചശേഷം മറിയത്തിന്റെ കന്യകാത്വം നഷ്ടമായി എന്ന് വാദിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു സുവിശേഷഭാഗമുണ്ട്. അത് ഇപ്രകാരമാണ്: “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല”(മത്തായി: 1; 25). ഈ വചനത്തെ ചിലര്‍ വ്യാഖ്യാനിക്കുന്നത്, പ്രസവശേഷം അറിഞ്ഞുവെന്നാണ്! ഈ വചനത്തിന് അത്തരത്തില്‍ ഒരു വ്യാഖ്യാനമുണ്ടോ? യേഹ്ശുവായുടെ സഹോദരങ്ങള്‍ എന്ന് പരിചയപ്പെടുത്തുന്ന വ്യക്തികളില്‍ ആരെയെങ്കിലും മറിയത്തിന്റെ മക്കളെന്ന് സുവിശേഷകര്‍ വെളിപ്പെടുത്തുന്ന ഭാഗമുണ്ടോ? ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ മഗ്ദലേനമറിയത്തിന് പ്രത്യക്ഷനായി പറയുന്നത് നോക്കുക: “യേഹ്ശുവാ പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്ന് പറയുക. മഗ്ദലേഥ്കാരി മറിയം ചെന്ന് ഞാന്‍ നാഥനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു”(യോഹന്നാ‌ന്‍: 20; 17-18). സഹോദരന്മാരെ അറിയിക്കുവാന്‍ യേഹ്ശുവാ നിര്‍ദ്ദേശിച്ചപ്പോള്‍, അവള്‍ പോയി ശിഷ്യരെ അറിയിച്ചത് എന്തുകൊണ്ടായിരിക്കാം? യേഹ്ശുവായുടെ സഹോദരങ്ങളെക്കുറിച്ച് അവള്‍ക്ക് നല്ല ബോദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടുതന്നെയാണ്!

ഇനിയും ഒരു തെളിവുകൂടി ബൈബിളില്‍നിന്ന് നല്‍കാം. അപ്പസ്തോലനായ ശൗവുലിന്റെ വാക്കുകള്‍ നോക്കുക: “യേഹ്ശുവായുടെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല”(ഗലാത്തിയാ: 1; 19). യേഹ്ശുവായുടെ ശിഷ്യന്മാരില്‍ ഒരുവനാണ് ഈ യാക്കോബ് എന്നകാര്യം അപ്പസ്തോലന്‍ എന്ന സംബോധനയിലൂടെ വ്യക്തമാകുന്നുണ്ട്. അപ്പസ്തോലന്മാരില്‍ രണ്ട് യാക്കോബുമാരുണ്ടായിരുന്നു എന്ന് ബൈബിളില്‍നിന്ന് നമുക്കറിയാം. ഒന്നാമന്‍ യോഹന്നാന്റെ സഹോദരനും സെബ്ദി-സലോമി ദമ്പതികളുടെ പുത്രന്മാരില്‍ ഒരുവനുമായ യാക്കോബ്; രണ്ടാമന്‍ അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്. ഈ യാക്കോബിനെ ചെറിയ യാക്കോബ് എന്നും വിളിക്കാറുണ്ട്. അപ്പസ്തോലന്മാരില്‍ മറ്റൊരു യാക്കോബ് ഉള്ളതായി ബൈബിളില്‍ കണ്ടെത്താന്‍ കഴിയില്ല. ശൗവുല്‍ പറയുന്ന ഈ യാക്കോബ് ഒരു ലേഖനം എഴുതിയിട്ടുണ്ടെന്ന് നമുക്കറിയാമല്ലോ! ആ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “ദൈവത്തിന്റെയും നാഥനായ യേഹ്ശുവാ മ്ശിയാഹിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് അഭിവാദനം”(യാക്കോബ്: 1; 1).

അപ്പസ്തോലനായ ശൗവുല്‍ പറഞ്ഞ, യേഹ്ശുവായുടെ സഹോദരനും അപ്പസ്തോലനുമായ യാക്കോബ് എപ്രകാരമുള്ള സഹോദരനാണെന്ന് മനസ്സിലാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതിലപ്പുറമൊരു തെളിവിന്റെ ആവശ്യമില്ല. കാരണം, ഈ യാക്കോബുമാരില്‍ ആരുടേയും പിതാവിന്റെ പേര് യോസെഫ് എന്നല്ല! ഈ രണ്ടുപേരെക്കൂടാതെ മറ്റ് യാക്കോബുമാര്‍ അപ്പസ്തോലന്മാരുടെ ഗണത്തില്‍ ഇല്ലാത്തതുകൊണ്ടും, ശൗവുല്‍ കണ്ടുവെന്ന് പറയുന്ന യാക്കോബ് യേഹ്ശുവായുടെ സഹോദരനും അപ്പസ്തോലനും ആയതുകൊണ്ടും, ഈ രണ്ടുപേരില്‍ ഒരുവനെയാണ് ശൗവുല്‍ കണ്ടത്! ഇവരുടെ ആരുടേയും പിതാവ് യോസെഫ് അല്ല. ഒരുവന്റെ പിതാവ് സെബ്ദിയും മറ്റൊരുവന്റെ പിതാവ് അല്‍ഫായിയുമാണ്‌!

ഈ വചനങ്ങളില്‍നിന്നെല്ലാം വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്:

1. ദൈവത്തിന്റെ കല്പനകള്‍ കാക്കുകയും യേഹ്ശുവായ്ക്ക് സാക്ഷിയാകുകയും ചെയ്യുമ്പോള്‍ മറിയത്തിന്റെ മക്കളാകും.
2. യേഹ്ശുവാ സ്നേഹിക്കുന്നവര്‍ക്കെല്ലാം മറിയത്തെ അമ്മയായി ലഭിക്കും.
3. യേഹ്ശുവായ്ക്കുള്ളവര്‍ മറിയത്തെ ഭവനത്തില്‍ സ്വീകരിക്കും.

നമുക്കും ദൈവത്തിന്റെ കല്പനകള്‍ കാത്ത്, യേഹ്ശുവായ്ക്ക് സാക്ഷിയായി, പരിശുദ്ധ കന്യകാ മറിയത്തിന്റെ മക്കളാകാം!!! ആ അമ്മയെ നമ്മുടെ ഭവനത്തില്‍ സ്വീകരിക്കാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-      YouTube

    10187 views

LOG IN

Lost your password?

SIGN UP

LOST PASSWORD