ഫ്രീമേസണ്‍റി

ദൈവത്തെ നിന്ദിക്കുന്ന 'ദൈവശാസ്ത്രം'!

Print By
about

ദൂരവ്യാപകമായ ദുരന്തം വിതയ്ക്കുന്ന ചില ആശയങ്ങള്‍ രൂപികരിച്ച് പ്രചരിപ്പിക്കുന്ന നിഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത് ഗൌരവത്തോടെ കാണണം. ദൈവകല്പനകളെ മയപ്പെടുത്തുകയും അവ അനുസരിക്കുന്നതിലെ പ്രാധാന്യം ഇല്ലാതാക്കുകയുമാണ് ഈ ആശയങ്ങളിലൂടെ നടപ്പാക്കപ്പെടുന്നത്. ദൈവത്തെയും ദൈവീക നിയമങ്ങളെയും അവഗണിച്ച്, അതിലുപരി തന്നെതന്നെയും ശരീരത്തിന്റെ പ്രവണതകളെയും പ്രതിഷ്ഠിക്കുകയെന്ന ആദ്യപാപത്തിലേക്ക് മനുഷ്യരെ സാത്താന്‍ അധഃപതിപ്പിക്കുന്നു. ഒറ്റനോട്ടത്തില്‍ അപകടം തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം കപടതകളെ അറിയണമെങ്കില്‍ ആദിമ ക്രൈസ്തവസഭയേയും കൂട്ടായ്മയേയും, സെഹിയോന്‍ മാളികയിലെ പന്തക്കുസ്ത അഭിഷേകം മുതലുള്ള ആദ്യനൂറ്റാണ്ടിലെ പ്രവര്‍ത്തനങ്ങളും അറിഞ്ഞിരിക്കണം. നമ്മള്‍ ഇവിടെ ചിന്തിക്കുന്നത് രണ്ട് കാര്യങ്ങളാണ്. എന്തൊക്കെയാണ് പുതിയ സിദ്ധാന്തങ്ങളെന്നും, ഇതിനെതിരെ വചനത്തിലൂടെ പരിശുദ്ധാത്മാവ് നല്‍കുന്ന വെളിപ്പെടുത്തലുകള്‍ എന്തൊക്കെയാണെന്നും നാം പരിശോധിക്കുന്നു.

പാപങ്ങള്‍ക്ക് ശാസ്ത്രീയമായ ചില ഒഴിവുകള്‍ പ്രഖ്യാപിക്കുന്ന ചിന്തയും പഠനവും ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധിക്കുവാന്‍ കഴിഞ്ഞു. മിക്കവാറും എല്ലാ പാപങ്ങളും 'ഹോര്‍മ്മോണു'കളുടെ പ്രവര്‍ത്തനഫലമാണെന്നാണ് ഇത്തരക്കാരുടെ ഒരു വാദം! ഉദാഹരണത്തിന്: സ്വവര്‍ഗ്ഗരതിയും അതിന്റെ ഉപോത്പന്നമായ സ്വവര്‍ഗ്ഗവിവാഹവും ഇങ്ങനെയുള്ള 'ഹോര്‍മ്മോണ്‍' പ്രതിഭാസമായി ന്യായീകരിക്കുന്ന രീതിയുണ്ട്. അതായത്, ഇക്കാര്യം മനസ്സിലാക്കാനുള്ള കഴിവില്ലാത്ത ദൈവമാണ് 'സോദോം ഗൊമോറാ' ദേശങ്ങളെ നശിപ്പിച്ചത്! ഈ പ്രചരണത്തിലൂടെ പാപത്തെ നീതീകരിക്കുകയും ദൈവത്തെ നീതിരഹിതനായി അവതരിപ്പിക്കുകയും ചെയ്യാന്‍ സാത്താന്റെ സന്തതികള്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ എല്ലാ പാപങ്ങളുടെയും പിന്നില്‍ 'ഹോര്‍മ്മോണി'ന്റെ പ്രവര്‍ത്തനമാണെന്നു വിശദ്ദീകരിക്കുന്ന പഠനങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മനുഷ്യനെ സൃഷ്ടിച്ച ദൈവമാണ് സകല പാപത്തിനും ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തുകയാണ് ഈ സിദ്ധാന്തങ്ങളുടെ ലക്ഷ്യം.

വെളിപാടിലെ കറുത്തമൃഗം എന്താണെന്ന് കത്തോലിക്കാസഭ അംഗീകരിച്ച ചില വെളിപ്പെടുത്തലുകളുണ്ട്. കറുത്തമൃഗം 'മേസണ്‍റി' പ്രസ്ഥാനമാണ്. അത് സഭകളില്‍ നുഴഞ്ഞു കയറി അവയെ ആക്രമിക്കുകയും മുറിവേല്‍പ്പിക്കുകയും നിഗൂഢ വക്രതയാല്‍ അവയെ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസത്തെ നിര്‍വീര്യമാക്കുന്നതിനും, ശ്ലൈഹീക തീഷ്ണത കെടുത്തിക്കളയുന്നതിനും യേഹ്ശുവായില്‍നിന്നും അവിടുത്തെ സുവിശേഷത്തില്‍നിന്നും ആളുകളെ കൂടുതല്‍ക്കൂടുതല്‍ അകറ്റുന്നതിനും വിഷലിപ്തമായ മേഘംപോലെ മേസണ്‍റിയുടെ സാന്നിധ്യം എല്ലാറ്റിലും അലിഞ്ഞുചേര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷില്‍ Free masonry (ഫ്രീമേസണ്‍റി) എന്നു പറയുന്ന ഈ നിഗൂഢ പ്രസ്ഥാനത്തെ ഏതാനും വാക്കുകള്‍ കൊണ്ട് മലയാളത്തില്‍ വിശദ്ദീകരിക്കുക പ്രയാസമാണ്. അത്രയ്ക്കും വിപുലമാണ് ഫ്രീമേസണ്‍റിയുടെ തത്വചിന്തകളും വിശ്വാസാനുഷ്ഠാനങ്ങളും. സത്യദൈവത്തില്‍നിന്നും നമ്മെ അകറ്റി വ്യാജദൈവങ്ങളെ ആരാധിക്കുവാനായി നയിക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ് ഫ്രീമേസണ്‍റിയുടെ പ്രവര്‍ത്തനങ്ങള്‍! മനുഷ്യനെ തന്നെ ദൈവമായി ഉയര്‍ത്തുന്നതും സാത്താനെയും പ്രകൃതിയേയും ആരാധനാ മൂര്‍ത്തികളായി കണക്കാക്കുന്നതും ഈ 'കള്‍ട്ടു'കളെ തിരിച്ചറിയാനുള്ള അടയാളമാണ്.

ചുവന്ന സര്‍പ്പമായ കമ്മ്യൂണിസം ഭൌതീകതയ്ക്കും അപ്പുറം ഒന്നുമില്ല എന്നുപറഞ്ഞ് ദൈവത്തെ തള്ളിപ്പറയുമ്പോള്‍, ഫ്രീമേസണ്‍റി അതിഭൌതീകമായ മേഖലകളെക്കുറിച്ച് തെറ്റായ ബോധ്യം നല്‍കി മനുഷ്യനെ വഞ്ചിക്കുന്നു. കമ്മ്യൂണിസം ദൈവത്തെക്കൂടാതെ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ ശ്രമിച്ച് സ്വേച്ഛാധിപത്യം സ്ഥാപിച്ചു. ഫ്രീമേസണ്‍റിയും അതുതന്നെ ചെയ്യുന്നു. എന്നാല്‍ ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും പേരിലാണെന്നു മാത്രം.

അമേരിക്കയിലും യൂറോപ്പിലും പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ന്യൂ ഏജ്മൂവ്മെന്‍റ്, ക്രിസ്റ്റ്യന്‍ സയന്‍സ്, ഈസ്റ്റേണ്‍ മിസ്റ്റിസിസം, ഒക്കള്‍ട്ട്, തിയോസഫി, യോഗാ, അതീന്ദ്രിയ ധ്യാനം, മന്ത്രവാദം, സാത്താന്‍സേവ, ജ്യോതിഷം, കൈരേഖ, ടെലിപ്പതി, അതീതമനശ്ശാസ്ത്രം, ആസ്ട്രല്‍ ട്രാവല്‍ ഇതെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്ന നിഗൂഢ വിശ്വാസ പദ്ധതികളാണ്. ബിസിനസ്സ് രംഗത്തും കലാസാഹിത്യ രംഗങ്ങളിലും നൂതന ആശയങ്ങളായി 'മേസണ്‍റിസം' സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്.

ആത്മീയ കാഴ്ചപ്പാടില്ലാത്ത വ്യക്തികള്‍ക്ക് ഇതെല്ലാം നിരുപദ്രവമായും, നന്മയായും തോന്നാം. മാത്രമല്,ല ഇവയെല്ലാം ശാസ്ത്രീയമാണെന്നുള്ള തരത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍ പലരും പെട്ടന്നവയെ സ്വീകരിക്കും. ഇവയെല്ലാം ദൈവത്തെ നിന്ദിക്കുവാനായി സാത്താന്‍ രൂപം കൊടുത്ത തത്ത്വശാസ്ത്രങ്ങളാണ്.

ഇവയില്‍ ചിലതിലെല്ലാം സത്യത്തിന്റെ മേമ്പൊടിയിട്ട് മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും പ്രീതിപ്പെടുത്തി അസത്യത്തെ സ്വീകരിപ്പിക്കുന്ന പണിചെയ്യുന്നത് ദുഷ്ടാരൂപികളാണ്. സാത്താനെന്ന, ദൈവത്തിന്റെയും മനുഷ്യന്റെയും പൊതുശത്രുവായ തിന്മയുടെ ശക്തിയെ തിരിച്ചറിയുന്നവര്‍ക്കു മാത്രമെ ഈ സത്യം ഗ്രഹിക്കാന്‍ കഴിയൂ.

'ഫ്രീമേസണ്‍റിസത്തിന്റെ കുടിലതകള്‍'!

നിഗൂഡമായ കൌശലങ്ങളിലൂടെയാണ് ഫ്രീമെസണ്‍ പ്രസ്ഥാനം വ്യാപരിക്കുന്നത്. നാഥനില്ലാത്തതും, എന്നാല്‍, ഏതോ ഒരു അജ്ഞാത ശക്തിയുടെ നിയന്ത്രണത്തില്‍ നയിക്കപ്പെടുന്നതുമായ ഈ പൈശാചികതയുടെ ചില അടയാളങ്ങള്‍ നമുക്ക് പരിശോധിക്കാം!

സ്വയം ദൈവമാക്കല്‍!

മനുഷ്യന്‍ ദൈവമാണ്; അജ്ഞതകൊണ്ടാണ് അത് അവന് തിരിച്ചറിയാന്‍ കഴിയാത്തത്. ധ്യാനങ്ങളിലൂടെയും, അനുഷ്ഠാനങ്ങളിലൂടെയും ജ്ഞാനം ആര്‍ജ്ജിച്ചു കഴിയുമ്പോള്‍ അവന്‍ സ്വതന്ത്രനാകും; അവന്‍ ദൈവത്തെപ്പോലെയാകും. ഇതാണ് ഫ്രീമേസണ്‍റിയിലെ ചില വിഭാഗങ്ങളുടെ അടിസ്ഥാന ആശയങ്ങള്‍. അമൃതാനന്തമയിയും സായിബാബയും രവിശങ്കറുമെല്ലാം ഇത്തരം മെഡിറ്റേഷനുകളിലൂടെ സ്വയം ദേവന്മാരും ദേവതകളുമായി പരിണമിച്ചവരാണ്. പറുദീസായില്‍ ആദ്യ മാതാപിതാക്കളെ സാത്താന്‍ വഞ്ചിച്ചതും ഈ ആശയം നല്‍കികൊണ്ടാണെന്നു വിസ്മരിക്കരുത്!

അന്യദേവന്മാരുടെ പിന്നാലെ!

ശക്തിയുള്ളതെല്ലാം ദൈവമാണ്; അതിസ്വാഭാവീകമായ പ്രവര്‍ത്തനങ്ങളെല്ലാം ദൈവീകമാണ്; എന്നീ തെറ്റായ ധാരണകളാണ് സിദ്ധന്മാരെയും ഗുരുക്കന്മാരെയുമെല്ലാം അവതാരങ്ങളും 'ദൈവങ്ങളു'മായികരുതി ആരാധിക്കാന്‍ മനുഷ്യനു പ്രേരണ നല്‍കുന്നത്. കാറ്റ്, കടല്‍, സൂര്യന്‍, പാമ്പ്, ഇവയെയെല്ലാം ദൈവമായിക്കരുതി ആരാധിക്കുവാനായി മനുഷ്യനു പ്രേരണ നല്‍കിയത് അവയുടെ ശക്തിയെക്കുറിച്ചുള്ള ഭയമാണ്. ഭയത്തില്‍നിന്നും അജ്ഞതയില്‍നിന്നും ആവിര്‍ഭവിച്ച പ്രകൃതി ശക്തികളുടെ ആരാധനയെ സാധാരണ മനസ്സുകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പറ്റിയ രീതിയില്‍ പുരാണകഥകളില്‍ പ്രകൃതി ശക്തികളെയെല്ലാം വ്യക്തിത്വമുള്ള ദൈവങ്ങളായി അവതരിപ്പിക്കപ്പെട്ടു. ഇന്ന് ദൈവങ്ങളായി ആരാധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും കഥകളിലെ കഥാപാത്രങ്ങളാണ്. ഭൂമിയില്‍ ജനിച്ചിട്ടില്ലാത്തതും എഴുത്തുകാരന്റെ ഭാവനയില്‍മാത്രം രൂപംകൊണ്ടവരുമായ സാങ്കല്പിക കഥാപാത്രങ്ങള്‍ കാലാന്തരത്തില്‍ ദൈവങ്ങളായി പരിണമിച്ചു. എന്നാല്‍, ആധുനീക മനുഷ്യന്റെ യുക്തിബോധം ഇത്തരത്തിലുള്ള ആരാധനയെ നിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ 'ഫ്രീ മേസണ്‍റി' പ്രസ്ഥാനം ഇത്തരം ആരാധനയ്ക്ക് ശാസ്ത്രീയമായ ഭാഷ്യം നല്‍കി.

ഇവരുടെ ചില ആശയങ്ങളില്‍ ഒന്നിതാണ്; 'പ്രകൃതിയിലും പ്രകൃതി ശക്തികളിലുമെല്ലാം ഈശ്വരന്റെ ചൈതന്യമുണ്ട്. അതിനാല്‍ അവയെ ആരാധിക്കുമ്പോള്‍ അവയിലെ ഈശ്വര ചൈതന്യത്തെ തന്നെയാണ് നാം ആരാധിക്കുന്നത്.'

കേള്‍ക്കുമ്പോള്‍ വളരെ മനോഹരം! എന്നാല്‍ ഇത് ശരിയാണോയെന്ന് ചില ഉദാഹരണങ്ങളിലൂടെ പരിശോധിക്കാം. ദൈവത്തെ ഏറ്റവുമധികം പ്രകോപിപ്പിച്ചിട്ടുള്ളത് സൃഷ്ടാവിലും ഉപരിയായി സൃഷ്ടിയെ ആരാധിക്കുകയെന്ന വിഗ്രഹാരാധനയാണെന്ന് വചനവും ചരിത്രവും നമുക്ക് സാക്ഷ്യം നല്‍കുന്നുണ്ട്.

ഒരു മനുഷ്യന്റെ സ്വഭാവവും രൂപവുമെല്ലാം തന്നില്‍ നിന്നും ജനിച്ച തന്റെ പുത്രന് ലഭിച്ചിട്ടുണ്ടാകാം. എങ്കിലും ഈ പുത്രനു ലഭിക്കുന്ന സ്നേഹവും ബഹുമാനവും അവന്റെ പിതാവിനല്ല ലഭിക്കുന്നത്. ഈ പിതാവ് നീതിമാനായ ഒരു ഭരണാധികാരിയോ ഉയര്‍ന്ന പദവിയിലുള്ള വ്യക്തിയോ ആകാം. ഈ മനുഷ്യന്‍ ഒപ്പുവയ്ക്കേണ്ട ഇടങ്ങളില്‍ പുത്രന് ഒപ്പു വയ്ക്കാന്‍ അവകാശമുണ്ടോ? ആ കയ്യൊപ്പിന് എന്തു വിലയാണുള്ളത്?! സത്യദൈവത്തെ ആരാധിക്കാന്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിരിക്കുമ്പോള്‍, ദൈവത്തിന്റെ സൃഷ്ടികളെയും മനുഷ്യന്റെ ഭാവനാ സൃഷ്ടികളെയും ആരാധിക്കുവാന്‍ പ്രേരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ എവിടെ നിന്നു വന്നാലും അത് ദൈവ കല്പനകള്‍ക്ക് വിരുദ്ധമാണ്.

മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കുവാന്‍ ദൈവം അനുവദിച്ചിട്ടില്ല. മാത്രവുമല്,ല അപ്രകാരം ചെയ്യുന്നവര്‍ ദൈവത്തിന്റെ മക്കളെന്ന അവകാശത്തില്‍നിന്നും വിച്ഛേദിക്കപ്പെടുന്നു. ഇത്തരം ആരാധനകള്‍ ജീവനുള്ളവയ്ക്കോ ജീവനില്ലാത്തവയ്ക്കോ കൊടുക്കുമ്പോള്‍ അത് വിഗ്രഹാരാധനയായി മാറുന്നു. ഇങ്ങനെയുള്ളവര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല. ഏത് മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവരായാലും ഇതില്‍നിന്നും വ്യത്യസ്ഥമായ ഒരു നിയമം ഇല്ല. അന്യദേവന്മാരെ ആരാധിക്കുന്നത് ആരായിരുന്നാലും ദൈവത്തിന്റെ സാന്നിധ്യവും സഹായവും അവര്‍ക്ക് ലഭിക്കില്ല. കാരണം, ഇത്തരം അവസ്ഥകളോട് ദൈവത്തിനു ചേര്‍ന്നുനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ്, യാഹ്‌വെ തിരഞ്ഞെടുത്ത ഇസ്രായേല്‍പോലും അന്യദേവന്മാര്‍ക്ക് പിന്നാലെ പോയപ്പോഴെല്ലാം അവിടുന്ന് അവരെ കൈവിട്ടത്. മതങ്ങളല്ല, ദൈവമാണ് സ്വര്‍ഗ്ഗത്തിന്റെ അധിപന്‍! ഈ ആധിപത്യമാണ് പുത്രനായ യേഹ്ശുവായില്‍ ഭരമേല്പിക്കപ്പെട്ടത്.

യേഹ്ശുവാ പറയുന്നു: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണു നിത്യജീവന്‍"(യോഹ: 17; 3). ഈ ഭൂമിയില്‍ വന്നിട്ടുള്ള ഒരു അവതാരങ്ങളും പറയാത്ത സത്യം യേഹ്ശുവാ അറിയിച്ചു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). കൂടുതല്‍ വ്യക്തതയോടെ വീണ്ടും പറയുന്നു: "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ:14;9).

ഈ സത്യത്തില്‍നിന്നും വ്യതിചലിച്ച ഏത് വിശ്വാസത്തിലായിരുന്നാലും ദൈവത്തെയല്ല വിശ്വസിക്കുന്നത്. ദൈവം എന്ന് വിളിച്ചതുകൊണ്ട് ദൈവമല്ലാത്തവര്‍ ദൈവമാകുന്നില്ല. ദൈവമെന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരുവനുണ്ട്. അവന്‍ സാത്താനാണ്! ഇത്തരം സാഹചര്യങ്ങളില്‍ ഈ ആരാധനകള്‍ അവന്‍ സ്വീകരിക്കും. അതുകൊണ്ടാണ്, പൌലോസ് അപ്പസ്തോലന്‍ ഇപ്രകാരം എഴുതിയിരിക്കുന്നത്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്. ദൈവത്തിനല്ല"(1കോറി:10;20). ആരാധകരുടെ ഔധാര്യംകൊണ്ട് മാത്രം നിലനില്ക്കുന്നവയാണ് വിജാതിയരുടെ വിഗ്രഹങ്ങള്‍! അവയേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠരാണ് അവയുടെ ആരാധകര്‍! കാരണം, എന്നെങ്കിലും സത്യമറിഞ്ഞ് അവര്‍ രക്ഷ പ്രാപിച്ചേക്കാം. ആരാധകരുടെ അപേക്ഷകള്‍ കേള്‍ക്കാനോ അതിനുത്തരം നല്കാനോ വിഗ്രഹങ്ങള്‍ക്കു കഴിയുകയില്ല. വിഗ്രഹങ്ങള്‍ക്ക് ആരാധന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ട് സാത്താന്‍ ഈ വിഗ്രഹങ്ങളില്‍ പ്രവേശിച്ച് ആരാധനകള്‍ സ്വീകരിക്കും. ഈ വസ്തുതയാണ് ബൈബിളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതാണ് വിഗ്രഹാരാധനയിലൂടെയുള്ള ഏറ്റവും വലിയ അപകടവും!

പ്രപഞ്ചത്തിലെ സൃഷ്ടികളെ സ്നേഹിക്കുന്നതും ആരാധിക്കുന്നതും പ്രപഞ്ചനാഥനായ ദൈവത്തെ ആരാധിക്കുന്നതിനു പകരമാവില്ല. മാത്രമല്ല, സൃഷ്ടാവിനെ അവഗണിച്ചുകൊണ്ട് സൃഷ്ടികളെ ആരാധിക്കുന്നത് ദൈവനിന്ദയാണ്. അതിനാല്‍ എല്ലാ പ്രകൃതി ആരാധനകളും ദൈവദൂഷണപരമാണ്.

കമ്പോളത്തില്‍നിന്നും ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതു പോലെയല്ല ദൈവത്തെ കണ്ടെത്തേണ്ടത്. വിപണിയില്‍ ഒരേ ഉത്പന്നം തന്നെ പല 'ലേബലു'കളില്‍ ലഭ്യമാണ്. നിലവാരത്തിലുള്ള വ്യത്യസമല്ലാതെ വേറെ മാറ്റങ്ങളൊന്നും ഇവയിലില്ല. എന്നാല്‍, ദൈവം ഒരുവന്‍ മാത്രമെയുള്ളൂ; ദൈവത്തെ പല 'ലേബലില്‍' 'മാര്‍ക്കറ്റ്' ചെയ്യാന്‍ സാധിക്കില്ല. മനുഷ്യന്റെ യുക്തി വിചാരങ്ങള്‍ക്ക് അനുസരിച്ച് മാറുന്നവനല്ല ദൈവം.

യഥാര്‍ത്ഥത്തിലുള്ള ദൈവത്തിലേക്ക് മനുഷ്യരെ നയിക്കാന്‍ ദൈവം ശുശ്രൂഷകരെ അയച്ചിരിക്കുന്നതുപോലെ സാത്താനും അവന്റെ ശുശ്രൂഷകരെ അയച്ചിട്ടുണ്ട്. അവര്‍ സാത്താനിലേക്ക് മനുഷ്യരെ നയിക്കുന്നത് ദൈവത്തെക്കുറിച്ച് തെറ്റായ അറിവ് നല്‍കിക്കൊണ്ടാണ്. ഇത്തരം ശുശ്രൂഷകര്‍ വിവിധ കൈസ്തവ സഭകളിലും കടന്നുകൂടിയിടുണ്ട് എന്നതാണ് വലിയ അപകടം.

രക്ഷകന്റെ ആവശ്യകത നിഷേധിക്കുന്നു.

ഫ്രീമേസണ്‍റിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും വിശ്വാസങ്ങളും പാപം എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നു. പാപത്തെ നിഷേധിക്കുന്നതിലൂടെ രക്ഷകന്റെ ആവശ്യകതയും അവര്‍ തള്ളിക്കളയുന്നു. അന്ത്യവിധി, സ്വര്‍ഗ്ഗം, നരകം ഇവയെല്ലാം ഇത്തരം 'സെക്റ്റുകള്‍ക്ക്' അന്തവിശ്വാസങ്ങളാണ്. ഒരു രക്ഷകനെ മനുഷ്യവംശത്തിന് ആവശ്യമില്ലായെന്ന് സ്ഥാപിക്കുന്ന സകല തത്ത്വചിന്തകളും അക്രൈസ്തവവും സാത്താനികവും ആയിരിക്കും. ഈ പശ്ചാത്തലത്തിലാണ് പുനര്‍ജന്മ സിദ്ധാന്തവും യോഗയുമെല്ലാം നിരാകരിക്കപ്പെടുന്നത്. രക്ഷകന്റെ അനിവാര്യതയെ നിഷേധിക്കുന്നവരാണ് ഇസ്ലാംമതക്കാര്‍!

ഈ ജീവിതത്തിലെ പാപങ്ങള്‍ക്ക് പരിഹാരമായി നീച ജന്മങ്ങളിലൂടെ പില്‍ക്കാലത്ത് കടന്നു പോകേണ്ടിവരുന്നു എന്ന ആശയമാണ് പുനര്‍ജന്മ സിദ്ധാന്തത്തിലുള്ളത്. അങ്ങനെ അനേക ജന്മങ്ങളിലൂടെ മ്ലേച്ഛ ജന്തുക്കളായി ജീവിച്ച് പാപങ്ങള്‍ക്ക് സ്വയം പരിഹാരം ചെയ്ത് ഒടുവില്‍ പരമാത്മാവില്‍ വിലയം പ്രാപിക്കും. (അതായത്, നമ്മുടെ ദേഹത്ത് വന്നിരുന്നു ചോരകുടിക്കുന്ന കൊതുകിനെ അടിച്ചുകൊല്ലാന്‍ മടിക്കണം! ഒരുപക്ഷെ നമ്മുടെ ഏതെങ്കിലും പൂര്‍വ്വീകരായിരിക്കാം. പലരും കൊന്നുതിന്നത് മാതാപിതാക്കളേയുമായേക്കാം!) ഇവിടെ മനുഷ്യവംശത്തിന്റെ പാപ പരിഹാരത്തിനുവേണ്ടി കുരിശില്‍ മരിച്ച ക്രിസ്തു അപ്രസക്തമായിത്തീരുന്നു.

അടിസ്ഥാനപരമായി ബൈബിളിനും ക്രിസ്തീയതയ്ക്കും വിരുദ്ധമായ തത്ത്വശാസ്ത്രമാണ് യോഗാഫിലോസഫി. ഇതിനെക്കുറിച്ച് മറ്റു ലേഖനങ്ങളില്‍ വിവരിച്ചിട്ടുള്ളതിനാല്‍, യോഗയെ എതിര്‍ക്കുന്ന വചനഭാഗങ്ങള്‍ ഇനിയും വിവരിക്കുന്നില്ല. എന്നാല്‍, യോഗയിലെ അടിസ്ഥാന തത്ത്വത്തിലുള്ള പൊള്ളത്തരം ചിന്തിക്കുന്നത് നല്ലതാണ്. 'യോഗ' എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ കൂടിച്ചേരല്‍, സംയോജനം എന്നാണ്. ജീവാത്മാവിന്, വ്യക്തിക്ക് ഈശ്വരനുമായും പ്രകൃതിയുമായുമുള്ള പരിപൂര്‍ണ്ണമായ കൂടിച്ചേരല്‍ 'യോഗാഫിലോസഫി' വാഗ്ദാനം ചെയ്യുന്നു.

മനുഷ്യനും പ്രകൃതിയും തമ്മില്‍ അകന്നത് മനുഷ്യന്‍ ദൈവവുമായി അകന്നതുമൂലമാണ്. ദൈവത്തില്‍നിന്ന് മനുഷ്യന്‍ അകന്നതാകട്ടെ പാപം മൂലവും. അതിനാല്‍ പാപ വിമോചനത്തിലൂടെ മാത്രമെ മനുഷ്യന് വീണ്ടും ദൈവവുമായി കൂടിച്ചേരല്‍ സാധിക്കുകയുള്ളു. തന്മൂലം മനുഷ്യവര്‍ഗ്ഗത്തിന് പാപമോചനം നല്‍കി അവനെ സ്വര്‍ഗ്ഗവുമായി ഒന്നിപ്പിക്കാന്‍ യേഹ്ശുവാ മനുഷ്യനായിവന്ന് കാല്‍വരി കുരിശില്‍ പാപപരിഹാര ബലിയായി. യേഹ്ശുവായിലൂടെ മാത്രമേ രക്ഷയുള്ളു എന്നു പറയുന്നതിന്റെ പൊരുള്‍ ഇവിടെയാണ്.

യേഹ്ശുവായിലൂടെ മാത്രമേ മനുഷ്യവര്‍ഗ്ഗം ദൈവവുമായി അനുരഞ്ജനപ്പെടുകയുള്ളു. മറ്റൊരു പ്രക്രിയയും ആചാരവും വിശ്വാസവും യേഹ്ശുവായിലൂടെയുള്ള രക്ഷയ്ക്കു പകരമാവില്ല. ക്രിസ്തുവിനും സഭയ്ക്കും എതിരായുള്ള സാത്താന്റെ യുദ്ധതന്ത്രങ്ങളുടെ ഭാഗമാണ് പാപത്തെ നിരാകരിക്കുന്ന തത്ത്വചിന്തകളും സംസ്കാരങ്ങളും.

എറണാകുളം ജില്ലയിലെ കാലടിയില്‍ കത്തോലിക്കാസഭയിലെ ഒരു പ്രത്യേക സന്യാസസഭ ഒരു ആശ്രമം നടത്തുന്നുണ്ട്. ധ്യാനമന്ദിരങ്ങളിലേക്ക് ജനങ്ങള്‍ ഓടുന്ന ഈ കാലഘട്ടത്തില്‍പോലും ഈ ആശ്രമത്തിലേക്ക് ആകര്‍ഷിക്കുവാന്‍ പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. 'ദമ്പതികള്‍ക്കുള്ള യോഗാധ്യാനത്തിലേക്ക് ക്ഷണിക്കുന്നതായിരുന്നു പരസ്യം. യോഗ ഭക്ഷണക്രമവും യോഗാ കൌണ്‍സലിങ് തുടങ്ങി പലതും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ആത്മാവിനും ഉപരിയായി ശരീരത്തിനു പ്രാധാന്യം നല്കുന്നതും, സര്‍വ്വശക്തനായ ദൈവവും യേഹ്ശുവായും പഠിപ്പിച്ചതിനും കല്പിച്ചതിനും എതിരാണ് ഇവരുടെ പ്രചരണങ്ങള്‍! വെളിപാടിന്റെ പുസ്തകത്തില്‍ പറയുന്ന കറുത്തമൃഗത്തിന്റെ അനുയായികള്‍ സഭയില്‍ കടന്നുകൂടിയതിന്റെ പ്രകടമായ തെളിവാണിത്. ദൈവം തിരഞ്ഞെടുത്ത ധ്യാനമന്ദിരങ്ങളില്‍ ആരും പരസ്യം ചെയ്യതെതന്നെ ജനങ്ങള്‍ എത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ വനമേഖലയായ അട്ടപ്പാടിയില്‍ ഒരു ധ്യാനകേന്ദ്രമുണ്ട്. സെഹിയോന്‍ എന്ന ഈ ധ്യാനമന്ദിരത്തില്‍ ആറുമാസം മുന്‍പ് ബുക്ക് ചെയ്തവര്‍ക്കേ പ്രവേശനം ലഭിക്കുന്നുള്ളു. ആദ്യനൂറ്റാണ്ടില്‍ അപ്പസ്തോലന്മാരിലൂടെ പ്രവര്‍ത്തിച്ച് അത്ഭുതങ്ങള്‍ ഇത്തരം പ്രഘോഷകരിലൂടെ ഇന്നും വര്‍ഷിക്കപ്പെടുന്നു. ഈ കാരണത്താല്‍തന്നെ എവിടെയാണ് പരിശുദ്ധാത്മാവ് ഉള്ളതെന്ന് മനസ്സിലാക്കാം.

സാത്താന്യ ആരാധന!

കഴിഞ്ഞകാലങ്ങളില്‍ അറിവുകേടുമൂലം മനുഷ്യന്‍ പൈശാചിക ശക്തികളെ ദൈവമായി കരുതി പൂജിച്ചു. അപ്പോഴും പിശാചും സാത്താനും പൊതുവെ തിന്മയുടെ അടയാളങ്ങളായി മനുഷ്യസമൂഹം കണക്കാക്കി. എന്നാല്‍ ഈ നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് സാത്താനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവനെ ആരാധിക്കുന്ന ഭീകരാവസ്ഥ! മരുഭൂമിയില്‍ യേഹ്ശുവായെ പരീക്ഷിക്കുവാന്‍ കടന്നുവന്ന സാത്താന്‍, ഇന്നും അതേ പ്രലോഭനങ്ങളുമായി മനുഷ്യരെ സമീപിക്കുകയാണ്. "ഇതെല്ലാം എനിക്കു നല്കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍റെതാകും"(ലൂക്കാ: 4; 6, 7). ഭൌതീകമായ ഉയര്‍ച്ചകള്‍ ആഗ്രഹിച്ചുകൊണ്ട് സാത്താനെ പൂര്‍ണ്ണ അറിവോടെ ആരാധിക്കുകയും അവനു ബലിയര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്നു നിലവിലുണ്ട്. 'പ്രോക്ടര്‍ ആന്റ് ഗാംമ്പിള്‍' പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരം സാത്താന്‍ സഭകളെ സാമ്പത്തീകമായി സഹായിക്കുന്ന സ്ഥാപനങ്ങളാണ്. 'ബ്ലാക്ക് മാസ്സ്' എന്നപേരിലാണ് ഇവര്‍ സാത്താനു ബലികള്‍ അര്‍പ്പിക്കുന്നത്.

എല്ലാ തിന്മകള്‍ക്കും കാരണം 'ഹോര്‍മ്മോണ്‍'!

സ്വയം ന്യായീകരിച്ചുകൊണ്ട്  എല്ലാതിന്മകളുടെയും മൂലകാരണം ദൈവം തന്നെയാണെന്നു ആരോപിക്കുന്ന രീതി ഫ്രീമേസണ്‍റി പ്രസ്ഥാനത്തിന്റെ കപടമായ ഒരു തത്ത്വമാണ്! ഈ സിദ്ധാന്തംവഴി ഏതൊരു പാപവും ഹോര്‍മ്മോണിന്റെ  പ്രവര്‍ത്തനഫലമായി ഉ|ണ്ടാകുന്ന ഒരു പ്രതിഭാസമായേ കാണേണ്ടതുള്ളൂ എന്ന്  പഠിപ്പിക്കുന്നു. വൈകാരികമായ പല തിന്മ പ്രവര്‍ത്തികള്‍ക്കും ഹോര്‍മ്മോണ്‍ ഒരു  കാരണമായേക്കാം എന്നത് വസ്തുതതന്നെ. എന്നാല്‍, ഏതൊരു ഹോര്‍മ്മോണിന്റെയും  പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ മനുഷ്യനു ദൈവാശ്രയംകൊണ്ട് സാധിക്കും.   

ഈ സിദ്ധാന്തം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക..! ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനഫലമായി സ്വവര്‍ഗ്ഗരതി എന്ന തിന്മയില്‍ കഴിയുന്ന വ്യക്തിയ്ക്ക് തന്റെ പിതാവിനോട് ഈ വികാരം തോന്നാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ ഹോര്‍മ്മോണിന്റെ ഉത്പാദനം നമുക്കു തന്നെ നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് സത്യം. മറിച്ച്, ഉണ്ടെന്നാണ് ഉത്തരമെങ്കില്‍, അങ്ങനെയൊരുവനെ ദൈവം സൃഷ്ടിച്ചിട്ടില്ല!

നിയമത്തെ ഭയപ്പെട്ട് ഹോര്‍മ്മോണിനെ മനുഷ്യന്‍ നിയന്ത്രിക്കുന്നുണ്ടല്ലോ? വ്യഭിചാര 'ഹോര്‍മ്മോണ്‍' അമിതമായിട്ടുള്ള ഒരു വ്യക്തി പരസ്യമായി അതു ചെയ്യുന്നില്ല. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ മാത്രം ഉത്പാദിക്കപ്പെടുന്ന ഹോര്‍മ്മോണിന്റെ പിടിയില്‍നിന്നു രക്ഷപെടുന്നതിനുവേണ്ടിയാണ് പാപ സാഹചര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കണമെന്ന് വചനം പറയുന്നത്. ഏത് സാഹചര്യമാണ് പാപത്തിന് കൂടുതല്‍ സാധ്യതയുള്ളതെന്ന് മനസ്സിലാക്കി അവ ഒഴിവാക്കുകയാണ് വേണ്ടത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഒരു വ്യക്തി പോലീസിനെ കാണുമ്പോള്‍ മര്യാദക്കാരനാകുന്നത് കണ്ടിട്ടുണ്ടല്ലോ!

അമിതമായി ഉണ്ടാകുന്ന ഹോര്‍മ്മോണിനെ ഇല്ലാതാക്കാന്‍ ചികിത്സകളുണ്ട്. അതിനേക്കാള്‍ ഉപരിയായി, ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവര്‍ക്ക് അസാധ്യമായി ഒന്നുമില്ല. കൊലപാതകികളും വ്യഭിചാരികളും മറ്റു തിന്മകളില്‍ ജീവിച്ചിരുന്നവരുമായ പലരും ദൈവത്തെ കണ്ടെത്തിയപ്പോള്‍ വിടുതല്‍ പ്രാപിച്ചതായുള്ള തെളിവുകള്‍ നമുക്കു മുന്നില്‍ ജീവിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം കഴിയുന്ന കാര്യങ്ങള്‍ ഏവര്‍ക്കും സാധ്യവുമാണ്. പാപങ്ങളുടെ സുഖങ്ങള്‍ ആത്മരക്ഷയെക്കാള്‍ അധികമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഹോര്‍മ്മോണിനെ പഴിക്കാം! അഗ്നിയും ജലവും നമുക്ക് മുന്നിലുണ്ട്; ഇഷ്ടമുള്ളതെടുക്കാം! ഇവിടെ ഒരു ബൈബിള്‍ വചനം ഓര്‍ക്കുക: "അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മ്മലരാക്കി വെണ്‍മയുറ്റവരാക്കുകയും ചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും"(ദാനിയേല്‍: 12; 10).

ഇത്തരം പഠിപ്പിക്കലുകളുടെ പിന്നില്‍  പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്ന് ഈ വചനത്തില്‍നിന്ന് വ്യക്തമാകും! അന്ത്യനാളുകളില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവവചനം തരുന്ന മുന്നറിയിപ്പുകളില്‍ ഒന്നാണ് അറിവിനു വേണ്ടിയുള്ള നെട്ടോട്ടം. പാപത്തെ  ന്യായീകരിക്കുന്നതിനുവേണ്ടി നേടുന്ന അറിവുകള്‍ നിത്യനാശത്തിനു മാത്രമെ ഉപകരിക്കുകയുള്ളൂ.

പല ക്രൈസ്തവ സന്ന്യാസസഭകളും തിന്മയെ നന്മയെന്നു തെറ്റിദ്ധരിപ്പിക്കുന്ന ദൈവശാസ്ത്രങ്ങളുടെ പണിപ്പുരയിലാണ്. യേഹ്ശുവാ കുരിശില്‍ മരിച്ചതിനാല്‍ ഇനി എന്തും ചെയ്യാമെന്നു പറയുന്നവരും വിരളമല്ല. ദൈവം തന്നിട്ടുള്ള പ്രമാണങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്ന ഒരു പഠനവും ദൈവത്തില്‍ നിന്നല്ല. 'ലൂസിഫറിന്റെ' ബുദ്ധിയില്‍ ഉദയം കൊണ്ട പദ്ധതികളുടെ നടത്തിപ്പുകാരാണിവര്‍! സൂക്ഷിക്കുക ജാഗ്രതയോടെ വര്‍ത്തിക്കുക! വചനത്തെ മുറുകെ പിടിക്കുക!

"അനേകര്‍ അങ്ങുമിങ്ങും ഓടി നടക്കുകയും അറിവു വര്‍ദ്ധിക്കുകയും ചെയ്യും"(ദാനിയേല്‍:12;4).

ഈ അറിവുകള്‍ വചനത്തിന്റെ ആഴങ്ങളിലേക്കോ, ദൈവപ്രമാണങ്ങളുടെ പരിശുദ്ധിയെ ഇകഴ്ത്താനോ?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4733 views

LOG IN

Lost your password?

SIGN UP

LOST PASSWORD