16 - 06 - 2018
കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെക്കുറിച്ചു വെളിപാടിന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. വമ്പുപറയുന്ന ഈ മൃഗം തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുമെന്ന മുന്നറിയിപ്പ് ബൈബിളില്‍ വായിക്കാന്‍ കഴിയും. ഏതെങ്കിലുമൊരു പ്രത്യേക മൃഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലായി ഇതിനെ ആരും കണക്കിലെടുക്കരുത്; അനേകരുടെ നാശം ലക്ഷ്യമാക്കി അവതരിപ്പിക്കപ്പെടുന്ന തത്വചിന്തയായി ഇതിനെ മനസ്സിലാക്കണം! ആദ്ധ്യാത്മികതയുടെപേരില്‍ തന്നെയായിരിക്കും ഈ ആശയങ്ങള്‍ കടന്നുവരുന്നതെങ്കിലും യഥാര്‍ത്ഥ സത്യവുമായി ഈ തത്വചിന്തകള്‍ക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. ദൈവത്തിന്റെ മക്കളെ പിശാചിന്റെ മക്കളാക്കിമാറ്റാന്‍ കൗശലപൂര്‍വ്വം സാത്താന്‍ ഒരുക്കുന്ന ഈ കെണികളെ പെട്ടന്ന്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത!
അപ്പസ്തോലനായ യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് നല്‍കിയ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക്: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു (Anti Christ) വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജ ക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന്‍ അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‍ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"(1 യോഹ: 2; 18, 19). ഈ വെളിപ്പെടുത്തലില്‍ വിചിന്തനത്തിനു വിധേയമാക്കേണ്ട അനേകം കാര്യങ്ങളുണ്ട്. ഇവ ഓരോന്നും ചിന്തിച്ചതിനുശേഷം യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിച്ചാല്‍ നമ്മുടെ പഠനം എളുപ്പമാകും. ഇവിടെ ഒന്നാമതായി ചിന്തിക്കേണ്ടത് അവസാന മണിക്കൂര്‍ എന്ന പ്രയോഗത്തെ സംബന്ധിച്ചാണ്. ഇത് അവസാന മണിക്കൂറാണ് എന്ന് അപ്പസ്തോലനായ യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് പത്തൊന്‍പത് നൂറ്റാണ്ടുകള്‍ക്കു മുന്‍പാണെന്നു നമുക്കറിയാം. അതിനുശേഷം അനേകം മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും നൂറ്റാണ്ടുകളും കന്നുപോയെന്നു മാത്രമല്ല, രണ്ടിനടുത്ത സഹസ്രാബ്ദങ്ങള്‍ പൂര്‍ത്തിയാകാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കൂടിയെ ശേഷിക്കുന്നുള്ളൂ. അങ്ങനെയെങ്കില്‍, പരിശുദ്ധാത്മാവ് ഉദ്ദേശിച്ച മണിക്കൂറിന്റെ ദൈര്‍ഘ്യം എത്രയായിരിക്കും?
ദൈവവചനത്തെ വ്യക്തതയോടെ മനസ്സിലാക്കാത്ത ചിലരെയെങ്കിലും ആകുലപ്പെടുത്തുകയോ അവിശ്വാസത്തിലേക്കു നയിക്കുകയോ ചെയ്തിട്ടുള്ള വെളിപ്പെടുത്തലാണ് നാമിവിടെ വായിച്ചത്. പരിശുദ്ധാത്മാവിനോടു ചേര്‍ന്നു വചനം പഠിക്കാന്‍ തയ്യാറാകാത്ത പലര്‍ക്കും സംഭവിക്കാവുന്നതാണ് ഈ ദുരന്തം. ഇക്കാര്യത്തെ സംബന്ധിച്ച്, അപ്പസ്തോലനായ പത്രോസിലൂടെ നല്‍കപ്പെട്ടിരിക്കുന്ന സന്ദേശം ശ്രദ്ധിക്കുക: "ആദ്യംതന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും. അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ച നാള്‍ മുതല്‍ സകല കാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ. ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെ ഉണ്ടായെന്നും ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നും ഉള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു. വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു"(2 പത്രോ: 3; 3-7). അവസാനനാളുകളില്‍ പ്രത്യക്ഷരാകുന്ന അധമരും നിന്ദ്യരുമായ മനുഷ്യരെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അവസാനനാളുകളെ സംബന്ധിച്ചുള്ള അടയാളമായി ഇതിനെ പരിഗണിക്കാന്‍ സാധിക്കും.
അവസാനനാളുകളെ സംബന്ധിച്ച് യേഹ്ശുവാ നടത്തിയ വെളിപ്പെടുത്തല്‍ക്കൂടി പരിശോധിച്ചതിനുശേഷം വിശകലനത്തിലേക്ക് കടക്കുന്നതായിരിക്കും ഉചിതം. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്തരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍ ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും"(മത്താ: 24; 4-14).
അവസാനനാളുകളെക്കുറിച്ചും ലോകാന്ത്യത്തെക്കുറിച്ചും വ്യക്തതയുള്ള സന്ദേശം നല്‍കിയിരിക്കുന്നത് യേഹ്ശുവായാണ്. അന്ത്യകാലത്തെ സംബന്ധിച്ചുള്ള അനേകം പ്രവചനങ്ങള്‍ ബൈബിളില്‍ ഉണ്ടെങ്കിലും, ക്രിസ്തു നല്‍കിയ സന്ദേശത്തോളം സ്പഷ്ടമായ സന്ദേശം ആരും നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ, അന്ത്യകാലത്തെക്കുറിച്ച് യേഹ്ശുവാ നല്‍കിയിരിക്കുന്ന അടയാളങ്ങള്‍ സൂക്ഷമമായി പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും ആ ദിനം സമാഗതമാകുന്ന മണിക്കൂര്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കും! എന്നാല്‍, പ്രധാനപ്പെട്ട ഒരുകാര്യം യേഹ്ശുവാ അറിയിച്ചിട്ടുണ്ട്. അവിടുന്ന് അറിയിച്ച ആ സുപ്രധാന വിഷയമിതാണ്: "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല. ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ"(മത്താ: 24; 35, 36). ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടത് ലോകാന്ത്യത്തിന്റെ ദിവസവും മണിക്കൂറും യേഹ്ശുവായ്ക്ക് അറിയില്ലെന്നാണോ? അങ്ങനെ ചിന്തിക്കുന്ന അനേകരുണ്ടെന്നു മനോവയ്ക്കറിയാം. എന്നാല്‍, മനോവ വിശ്വസിക്കുന്നത് അങ്ങനെയല്ല. ത്രിത്വത്തെക്കുറിച്ചുള്ള അബദ്ധചിന്തകളില്‍നിന്നാണ് ഇങ്ങനെയൊരു ആശയം അവരില്‍ ഉടലെടുത്തത്.
യേഹ്ശുവാ ഒരിക്കലും വ്യാജം പറഞ്ഞിട്ടില്ല; പറയുകയുമില്ല! അതിനാല്‍ത്തന്നെ, പുത്രനുപോലും അറിയില്ല എന്ന് അവിടുന്ന് പറഞ്ഞതു സത്യമാണ്! ഈ ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നു വര്‍ഷക്കാലം അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരാന്‍ സാധിച്ചാല്‍ മാത്രമേ, യേഹ്ശുവാ അറിയിച്ച വചനങ്ങളെ പൂര്‍ണ്ണതയോടെ ഗ്രഹിക്കാന്‍ കഴിയുകയുള്ളു! മനുഷ്യനായി ജീവിച്ച യേഹ്ശുവായെ സംബന്ധിച്ചിടത്തോളം അന്ത്യദിനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിലും, ഇപ്പോള്‍ ദൈവംതന്നെ ആയിരിക്കുന്ന യേഹ്ശുവായ്ക്ക് അറിയാത്തതായി ഒന്നുമില്ല. ക്രിസ്തുവിന്റെ ദൈവത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമേ ക്രിസ്ത്യാനി എന്ന് അവകാശപ്പെടാന്‍ യോഗ്യതയുള്ളു. മലയാളം ബൈബിളില്‍ തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലിന്റെ യഥാര്‍ത്ഥ പരിഭാഷ ശ്രദ്ധിക്കുക: "ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേഹ്ശുവാ ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേഹ്ശുവാ യാഹ്‌വെയാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു"(1 കോറി: 12; 3).
മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേഹ്ശുവാ മ്ശിഹായിലും ആണ്. ഇവനാണ് സത്യദൈവവും നിത്യജീവനും"(1 യോഹ: 5; 20). ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവമായതിനാല്‍, മനുഷ്യപുത്രനായ യേഹ്ശുവായ്ക്ക് അറിയാത്ത കാര്യങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവായ്ക്കറിയാം! അവിടുത്തെ അസ്ഥിത്വം വെളിപ്പെടുത്തിയിരിക്കുന്നതു നോക്കുക: "ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 30). ഭൂമിയിലേക്ക് പരിപൂര്‍ണ്ണ മനുഷ്യനായി യേഹ്ശുവാ കടന്നുവന്നത് അനിവാര്യമായ മരണത്തെ വരിക്കാനായിരുന്നു. അതിനുശേഷം ദൈവത്വത്തിലേക്ക് ഉയിര്‍പ്പിക്കപ്പെടുമെന്ന് അവിടുത്തേക്ക് അറിയാം. അപ്പസ്തോലനായ പീലിപ്പോസിനോട് വെളിപ്പെടുത്തിയ സത്യം ഇതായിരുന്നു: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 9, 10).
ത്രിത്വത്തിന്റെ രഹസ്യം ഇവിടെ പാതി തുറക്കപ്പെട്ടു. പിതാവ് എന്നിലും ഞാന്‍ പിതാവിലും എന്നതിലൂടെ ഒന്നായിരിക്കുന്ന അവസ്ഥയാണു വെളിപ്പെട്ടത്. ശരീരവും മനസ്സും ഒരുമിച്ചായിരിക്കുന്നത് ആത്മാവുമുഖേന ചേര്‍ത്തുവയ്ക്കുമ്പോഴാണ്! മനസ്സും ശരീരവും ആത്മാവും ഒരുമിച്ചു ചേരാനും വേറിട്ടുനില്‍ക്കാനും ദൈവത്തിനു സാധിക്കും. ഇത് ദൈവത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യമാണ്. വേറിട്ടുനില്‍ക്കുന്നത് ചില പ്രത്യേക ദൗത്യം പൂര്‍ത്തീകരിക്കേണ്ടാതിനാണ്. ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടതിനുശേഷം, മനസ്സും ശരീരവും ആത്മാവും ഒരുമിച്ചു ചേരുന്നതിനെ സംബന്ധിച്ചുള്ള പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(സഖറിയാ: 14; 9). അന്ന് ഒരുവന്‍ മാത്രമായിരിക്കുമെങ്കില്‍, അന്ത്യദിനത്തെക്കുറിച്ച് അറിവുള്ള ദൈവംതന്നെയാണ് യേഹ്ശുവാ! സഖറിയാ പ്രവചിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "അന്നു തണുപ്പോ മഞ്ഞോ ഉണ്ടായിരിക്കുകയില്ല. അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം; കാരണം, വൈകുന്നേരവും വെളിച്ചമുണ്ടായിരിക്കും. ഈ ദിനം യാഹ്‌വെയ്ക്കു മാത്രം അറിയാം"(സഖറിയാ: 14; 6, 7). ഈ പ്രവചനത്തിന്റെ തുടര്‍ച്ചയായിട്ടാണ്, അന്നു യാഹ്‌വെ ഒരുവന്‍ മാത്രമായിരിക്കുമെന്ന് അറിയിക്കുന്നത്. അതായത്, ദൈവമായ യേഹ്ശുവായ്ക്ക് അന്ത്യദിനം എന്നാണെന്നു വ്യക്തമായും അറിയാം! ആയതിനാല്‍, യേഹ്ശുവായ്ക്ക് ഇപ്പോഴും ആ ദിനത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ അറിയില്ലെന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്.
ഇനി പടിപടിയായി നമ്മുടെ വിഷയത്തിലേക്കു പ്രവേശിക്കാം. ഇത് അവസാന മണിക്കൂറാണ് എന്ന വെളിപ്പെടുത്തല്‍ നടത്തിയത് യോഹന്നാനാണെന്നു നാം കണ്ടു. പത്തൊന്‍പതു നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നും നാം മനസ്സിലാക്കി. അതിനാല്‍ത്തന്നെ, ഈ വെളിപ്പെടുത്തലിന്റെ ആധികാരികതയില്‍ പലര്‍ക്കും സംശയമുണ്ടാകാം. ആയതിനാല്‍, യോഹന്നാന്‍ അറിയിച്ച ആ മണിക്കൂറിനെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവും മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും കഴിഞ്ഞപ്പോള്‍, അതിനു സാക്ഷ്യംവഹിച്ച വ്യക്തികളോട് സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ഒരു അരുളപ്പാട് ഉണ്ടായി. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ഒരു ദൂതന്‍ മുഖേനയായിരുന്നു ആ അരുളപ്പാട്! യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷ്യം വഹിച്ച വ്യക്തികളോട് സ്വര്‍ഗ്ഗത്തിലെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് ഇപ്രകാരമായിരുന്നു: "അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 11).
ഈ പ്രത്യാശയില്‍ ജീവിച്ചവരാണ് ആദിമ ക്രൈസ്തവസമൂഹം. ക്രിസ്തുവിന്റെ പ്രത്യാഗമനത്തിലുള്ള പ്രത്യാശയാണ് ക്രിസ്തീയതയുടെ അടിത്തറ. ഏതു സമയത്തു വേണമെങ്കിലും അവിടുന്ന് മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ ജീവിക്കുന്ന വ്യക്തിക്ക്, താന്‍ ഇപ്പോള്‍ ആയിരിക്കുന്ന സമയം അവസാന മണിക്കൂറായിരിക്കും. കൃത്യമായ സമയം വെളിപ്പെടുത്താതെ, താന്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് ഒരു വിശിഷ്ട അതിഥിയില്‍നിന്നു ലഭിച്ചാല്‍, ആതിഥേയന്‍ എപ്രകാരമായിരിക്കും ഒരുക്കങ്ങള്‍ നടത്തുന്നത്, ആ ഒരുക്കമാണ് യേഹ്ശുവായെ സ്വീകരിക്കാന്‍ നാം നടത്തേണ്ടത്. ആയതിനാല്‍, ഓരോ ക്രിസ്ത്യാനിയും താന്‍ ആയിരിക്കുന്ന ഈ മണിക്കൂറിനെ അവസാന മണിക്കൂറായി പരിഗണിക്കണം. അല്ലാത്തപക്ഷം വഞ്ചിതരാകാനുള്ള സാധ്യത വളരെ കൂടുതലാണ്! നിത്യജീവനെ ലക്ഷ്യമാക്കി ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ആയുസ്സിനെ സംബന്ധിച്ചും ഇതുതന്നെയാണു യാഥാര്‍ത്ഥ്യം! അതായത്, ഇത് തന്റെ അവസാന മണിക്കൂറാണ് എന്ന ചിന്തയില്‍ ഒരുക്കമുള്ളവരായിരിക്കണം!
ഓരോ ഉപമകളിലൂടെയും തന്റെ ആഗമനത്തിന്റെ രഹസ്യസ്വഭാവം വ്യക്തമാക്കാന്‍ യേഹ്ശുവാ ശ്രമിച്ചിട്ടുണ്ട്. ഓരോ ക്രൈസ്തവനും എല്ലായ്പ്പോഴും വിശുദ്ധിയിലും പ്രത്യാശയിലും ജീവിക്കേണ്ടതിനു വേണ്ടിയായിരുന്നു അത്. എന്നാല്‍, അന്ത്യകാലത്തെ സംബന്ധിച്ചുള്ള അടയാളങ്ങള്‍ നല്‍കുന്നതിന് യേഹ്ശുവാ തയ്യാറായി. അവിടുന്ന് വെളിപ്പെടുത്തിയ അടയാളങ്ങള്‍ സൂക്ഷ്മതയോടെ പരിശോധിക്കുന്ന വ്യക്തികള്‍ക്ക് അവിടുത്തെ പ്രത്യാഗമാനത്തിന്റെ കാലഘട്ടം തിരിച്ചറിയാന്‍ സാധിക്കും. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍, അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ: 24; 32-35). 'ഇതെല്ലാം കാണുമ്പോള്‍' എന്ന് യേഹ്ശുവാ അറിയിച്ചത് എന്തൊക്കെയാണെന്നു നാം മുന്‍പേ കണ്ടുകഴിഞ്ഞു.
ഇന്ന് ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും സൂക്ഷമതയോടെ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും അവിടുത്തെ പ്രത്യാഗമനം സമീപിച്ചുവെന്നു തിരിച്ചറിയാന്‍ സാധിക്കും. അത്തിമരം എന്ന് പ്രതീകാത്മകമായി പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണെന്ന്‍ തിരിച്ചറിയാനുള്ള വിവേകം ആര്‍ജ്ജിച്ചവരാണെങ്കില്‍, അവര്‍ക്ക് കൂടുതല്‍ വ്യക്തതയോടെ എല്ലാം ഗ്രഹിക്കാന്‍ കഴിയുന്നതാണ്. അത്തിമരം എന്നത് ഇസ്രായേലിന്റെ പ്രതീകമാണെന്നു തിരിച്ചറിയണമെങ്കില്‍, അത് ബൈബിള്‍ പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അത്തിമരവും അന്ത്യകാലവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ലേഖനം മനോവയുടെ താളുകളില്‍ മുന്‍പേതന്നെ ഇടംപിടിച്ചിട്ടുള്ളതിനാല്‍, ഇനിയുമൊരു വിവരണത്തിനു മുതിരുന്നില്ല. ആ ലേഖനം വായിക്കാത്തവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!'
യേഹ്ശുവായുടെ പുനരാഗമാനവുമായി ബന്ധപ്പെട്ട ലേഖനങ്ങളും മനോവയുടെ താളുകളില്‍ വായിക്കാന്‍ കഴിയും. എന്നിരുന്നാലും, പ്രധാനപ്പെട്ട ഒരുകാര്യംകൂടി വെളിപ്പെടുത്തിയതിനുശേഷം പ്രധാന വിഷയത്തിലേക്കു കടക്കാം. വിഷയമിതാണ്: യേഹ്ശുവായുടെ പുനരാഗമനത്തോടെ ലോകം അവസാനിക്കുമെന്നാണ് ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല! എതിര്‍ക്രിസ്തുവിന്റെ ഭരണത്തിന്റെ അന്ത്യത്തില്‍ യേഹ്ശുവാ വരികയും അവനെ വധിക്കുകയും ചെയ്യുന്നതോടെ ലോകാന്ത്യവും അന്ത്യവിധിയും സംഭവിക്കുമെന്ന് ധരിക്കരുത്. ഈ ഭൂമുഖത്ത് അന്ന് ശേഷിക്കുന്നവരില്‍ മൂന്നില്‍ ഒരുഭാഗത്തെ ചേര്‍ത്തുവച്ചുകൊണ്ട് ഈ ഭൂമിയില്‍ ആയിരം വര്‍ഷം അവിടുന്ന് ഭരണം നടത്തും. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികളില്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും"(സഖറിയാ: 13; 8, 9). ദൈവത്തിന്റെ നാമം അറിയുന്നവര്‍ക്കു മാത്രമേ ആ നാമം വിളിക്കാന്‍ സാധിക്കുകയുള്ളു. വായില്‍ തോന്നുന്ന എന്തെങ്കിലും പേരുകള്‍ വിളിക്കുന്നവര്‍ക്കല്ല അവിടുന്ന് ഉത്തരമരുളുന്നത്; സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ അനുസ്മരിക്കപ്പെടണം എന്ന് കല്പിച്ചുകൊണ്ട് അവിടുന്ന് അറിയിച്ച അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കു മാത്രമാണ് അവിടുന്ന് ഉത്തരമരുളുന്നത്!
സൈന്യങ്ങളുടെ ദൈവത്തിന്റെ നാമവും കുഞ്ഞാടിന്റെ നാമവും അറിയുകയും, ആ നാമങ്ങള്‍ നെറ്റിയില്‍ ആലേഖനം ചെയ്യപ്പെടുകയും, ആ നാമത്തില്‍ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആ നാമം അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വചനം ശ്രദ്ധിക്കുക: "അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്"(വെളി: 14; 1). യേഹ്ശുവായോടൊപ്പം ആയിരം വര്‍ഷത്തെ ഭരണത്തില്‍ പങ്കാളികളാകുന്നവരുടെ കാര്യമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. സങ്കീര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പരിശോധിക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും"(സങ്കീ: 91; 14, 15). യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ദൈവത്തെ അറിയണമെങ്കില്‍ അവിടുത്തെ നാമം അറിയണം. ഈ നാമം ദൈവജനത്തെ അറിയിക്കുകയെന്ന ഉത്തരവാദിത്വമാണ് മനോവ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഈ നാമം ആരും അറിയരുതെന്നും, ഈ നാമം വിളിച്ചപേക്ഷിക്കുന്നതിലൂടെ ആരും സുരക്ഷിതരാകരുതെന്നും ആഗ്രഹിക്കുന്ന സാത്താന്‍, ക്രൈസ്തവസഭകളില്‍ കയറിക്കൂടിയിട്ടുണ്ട്. ആചാര്യന്മാരുടെ വേഷത്തില്‍പ്പോലും അവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഈ നാമത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കിയ മനോവയ്ക്ക് ഇനിയൊരു തിരിഞ്ഞുനോട്ടമില്ല! കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
ആയിരം വര്‍ഷത്തെ ഭരണം!
യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴും എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അനേകര്‍ ക്രിസ്ത്യാനികളുടെയിടയില്‍ ജീവിക്കുന്നുണ്ട്. ക്രൈസ്തവ ആചാര്യന്മാരുടെ വേഷത്തില്‍പ്പോലും ഇക്കൂട്ടര്‍ വിഹരിക്കുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍, തമാശകള്‍ ആസ്വദിക്കുന്നവരെപ്പോലെയാണ് ഇവരുടെ മനോഭാവം! നോഹയുടെ കാലത്തു ജീവിച്ച ജനങ്ങളും ഇങ്ങനെയായിരുന്നുവെന്നും, അവരുടെ ഓഹരി എന്തായിരുന്നുവെന്നും നമുക്കറിയാം! എന്നാല്‍, ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയ്യില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയുമുണ്ട്. അവന്‍ ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു"(വെളി: 20; 1-3).
യേഹ്ശുവായുടെ ഭരണത്തിന്‍ കീഴിലുള്ള അവിടുത്തെ ജനത്തെ പിശാച് വഞ്ചിക്കാതിരിക്കാനാണ് അവനെ പാതാളത്തില്‍ അടച്ചത്! ആയിരം വര്‍ഷത്തെ ഭരണം പൂര്‍ത്തിയായതിനുശേഷം അവനെ അഴിച്ചുവിടുകയും, യേഹ്ശുവായുടെ ഭരണത്തിന്‍ കീഴില്‍ ജീവിച്ചവരില്‍ ചിലരെ പിശാച് വഴിതെറ്റിക്കുകയും അവന്റെ ആജ്ഞാനുവര്‍ത്തികളാക്കുകയും ചെയ്യും. അതിനുശേഷം മാത്രമാണ് അന്ത്യവിധി! യേഹ്ശുവായുടെ ഭരണം നടക്കുന്ന ആയിരം വര്‍ഷത്തെ സംബന്ധിച്ചു ബൈബിള്‍ നല്‍കുന്ന വിശദ്ദീകരണം വായിക്കുന്നവര്‍ക്കു മനസ്സിലാകുന്ന ഒരു വലിയ സത്യമുണ്ട്. എന്തെന്നാല്‍, അന്ത്യദിനത്തെ സംബന്ധിച്ചോ ആ മണിക്കൂറിനെ സംബന്ധിച്ചോ ആര്‍ക്കും അറിയില്ല എന്ന പ്രഖ്യാപനത്തിന്റെ പൊരുളറിയാന്‍, ആയിരം വര്‍ഷത്തിന്റെ പ്രത്യേകത മനസ്സിലാക്കിയാല്‍ മതിയാകും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പ്രിയപ്പെട്ടവരേ, യാഹ്‌വെയുടെ മുമ്പില്‍ ഒരുദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയുമാണ് എന്നകാര്യം നിങ്ങള്‍ വിസ്മരിക്കരുത്. കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, യാഹ്‌വെ തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ. യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 പത്രോ: 3; 8-10).
യാഹ്‌വെയുടെ ദിനമെന്നാല്‍ യേഹ്ശുവായുടെ ദിനംതന്നെയാണ്. അവിടുത്തെ മുമ്പില്‍ ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയും ഒരുദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആണെങ്കില്‍ എങ്ങനെയാണ് അന്ത്യദിനത്തെ സംബന്ധിച്ചുള്ള അറിവ് മനുഷ്യര്‍ക്കും ദൂതന്മാര്‍ക്കും അറിയാന്‍ സാധിക്കുന്നത്? ഇത് ദൈവത്തിനു മാത്രം അറിയാന്‍ സാധിക്കുന്ന കാര്യമാണെന്നു വ്യക്തമാകാന്‍ ഇതില്‍ക്കൂടുതല്‍ തളിവിന്റെ ആവശ്യമുണ്ടോ? യേഹ്ശുവായുടെ ഭരണം നടക്കുന്ന ആയിരം വര്‍ഷങ്ങളിലെ ദിനങ്ങള്‍ മനസ്സിലാക്കാന്‍ യാതൊരു വഴിയുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, ആ നാളുകളില്‍ രാവോ പകലോ ഉണ്ടായിരിക്കില്ല; മറിച്ച്, എപ്പോഴും പകല്‍ മാത്രമായിരിക്കും. പകലും രാത്രിയും ഉണ്ടെങ്കില്‍ മാത്രമേ ദിവസങ്ങള്‍ എണ്ണാനും ആയിരം വര്‍ഷങ്ങളുടെ അവസാനം കണക്കാക്കാനും സാധിക്കുകയുള്ളു! ഈ വെളിപ്പെടുത്തല്‍ നോക്കുക. "പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരുക; നിനക്കു പ്രകാശം നല്‍കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. യാഹ്‌വെയായിരിക്കും നിന്റെ നിത്യപ്രകാശം; നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം. നിന്റെ സൂര്യന്‍ അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രന്‍ മറയുകയുമില്ല; യാഹ്‌വെ നിന്റെ നിത്യപ്രകാശമായിരിക്കും"(ഏശയ്യാ: 60; 19, 20). രാവും പകലുമില്ലാത്ത, എപ്പോഴും പകല്‍ മാത്രമായിരിക്കുന്ന ഈ അവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരില്‍ ആര്‍ക്കും അന്ത്യദിനത്തെ സംബന്ധിച്ച അറിവ് ഉണ്ടായിരിക്കുകയില്ല. ഇക്കാരണത്താല്‍ത്തന്നെ, അന്ത്യദിനം ഒരു കള്ളനെപ്പോലെ കടന്നുവരും!
അതായത്, ഉടന്‍ സംഭവിക്കേണ്ടത് യേഹ്ശുവായുടെ വരവും അവിടുത്തെ വാഴ്ചയുമാണ്. ഈ വാഴ്ചയില്‍ പ്രവേശിക്കേണ്ടതിനായി അവിടുത്തെ വൈരികളില്‍ ആരും ഈ ഭൂമുഖത്ത് അവശേഷിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പ്രവചനങ്ങളില്‍ ഒന്നും പൂര്‍ത്തീകരിക്കപ്പെടാതിരിക്കില്ല എന്ന സത്യം ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവര്‍ മനസ്സിലാക്കുന്നുന്നില്ലെങ്കില്‍, വിജാതിയരോടൊപ്പം ഇവരും പുറന്തള്ളപ്പെടും. ഇസ്രായേലിനോടും ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളോടും യുദ്ധംചെയ്യുന്ന സകലരും ഉന്മൂലനം ചെയ്യപ്പെടുമെന്നത് വചനസത്യമാണ്! ആ ഉന്മൂലനം ഇപ്രകാരമായിരിക്കും: "ജറുസലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടെയിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കയ്യുയര്‍ത്തും"(സഖറിയാ: 14; 12, 13).
രാസായുധം പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഈ പ്രവചനത്തില്‍നിന്നു നാം വായിച്ചെടുക്കേണ്ടത്. ഈ പ്രവചനം നല്‍കപ്പെട്ട കാലത്ത് ഒരുപക്ഷെ മനുഷ്യര്‍ക്ക് ഇത് അവിശ്വസനീയമായി തോന്നിയിരിക്കാം. എന്നാല്‍, ആധുനിക കാലത്തു ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതില്‍ യാതൊരു ആശ്ചര്യത്തിനും വകയില്ല! രാസായുധം പ്രയോഗിച്ചാല്‍, ശരീരത്തിലെ നനവുള്ള ഭാഗങ്ങള്‍ ആദ്യം അഴുകിത്തീരും. 'കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും' എന്ന പ്രവചനം എത്രത്തോളം സൂക്ഷമതയുള്ളതാണെന്ന് നാം തിരിച്ചറിയണം. മനുഷ്യശരീരത്തിലെ നനവുള്ളതും ബാഹ്യസമ്പര്‍ക്കമുള്ളതുമായ രണ്ട് അവയവങ്ങളാണ് കണ്ണും നാവും. രാസായുധം പ്രയോഗിച്ചാല്‍ ആദ്യംതന്നെ ഈ അവയവങ്ങളെയായിരിക്കും ബാധിക്കുക! ക്രിസ്തുവിന് അഞ്ഞൂറ്റിയിരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് സഖറിയാ പ്രവാചകന്‍ ഇത് പ്രവചിക്കുമ്പോള്‍, ആര്‍ക്കും ഈ ശാസ്ത്രീയ രഹസ്യം അറിയില്ലായിരുന്നു! യേഹ്ശുവായുടെ പുനരാഗമനത്തില്‍ സംഭവിക്കാനിരിക്കുന്ന ഈ മഹാവിപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരായി, ഈ ഭൂമുഖത്ത് അന്ന് ജീവിച്ചിരിക്കുന്നവരില്‍ മൂന്നിലൊരുഭാഗം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഈ യാഥാര്‍ത്ഥ്യം സാത്താനും അറിയാം. ആയതിനാല്‍, അഴുകിത്തീരാനുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്ന തിരക്കിലാണ് സാത്താനും അവന്റെ അനുയായികളും!
നശിപ്പിക്കപ്പെടാനുള്ള വെറും പാഴ്വസ്തുവിന്റെ അവസ്ഥയിലേക്ക് മനുഷ്യരെ രൂപപ്പെടുത്താന്‍ അനേകം മാര്‍ഗ്ഗങ്ങളാണ് പിശാച് ഒരുക്കിയിരിക്കുന്നത്. ഓരോ കാലഘട്ടത്തിനും അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവന്‍ അവലംബിക്കുന്നു. ഏകസത്യ ദൈവത്തില്‍നിന്നു വ്യാജദൈവങ്ങളിലേക്കു പടിപടിയായി നയിക്കുന്ന ആശയങ്ങള്‍ അവന്റെ പക്കലുണ്ട്. പരീക്ഷിച്ചു വിജയിച്ച ആ മാര്‍ഗ്ഗങ്ങളെ ശാസ്ത്രീയതയുടെയും ആധുനിക ആദ്ധ്യാത്മികതയുടെയും പേരില്‍ ഇന്ന് പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിവാദികള്‍, സ്ത്രീശാക്തീകരണം, ബാലാവകാശം, മനുഷ്യാവകാശം തുടങ്ങിയ അനേകം പേരുകളില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന എല്ലാ ദിനാചരണങ്ങളിലും ഈ പൈശാചികത മറഞ്ഞിരിക്കുന്നു. ആയതിനാല്‍, ഈ ലേഖനം ഇനി ചര്‍ച്ചചെയ്യാന്‍ പോകുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളെയും ഇവയുടെ അജണ്ടകളെയും സംബന്ധിച്ചാണ്!
'ഫ്രീമേസണും ഇല്ല്യുമിനാറ്റിയും'!
ഏറ്റവും നിഗൂഢതകളുള്ള രണ്ടു പൈശാചിക മുന്നേറ്റങ്ങളാണ് 'ഫ്രീമേസണും ഇല്ല്യുമിനാറ്റിയും'! ആരാണ് സ്ഥാപിച്ചതെന്നോ ആരാണ് നിയന്ത്രിക്കുന്നതെന്നോ ആര്‍ക്കും അറിയില്ലാത്ത ഈ നിഗൂഢ പ്രസ്ഥാനങ്ങളില്‍ അനേകം വ്യക്തികളും സ്ഥാപനങ്ങളും അംഗങ്ങളാണ്. അതായത്, ഈ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായ ആര്‍ക്കും ഇവയുടെ സ്ഥാപകനെക്കുറിച്ചോ ഇന്നത്തെ തലവനെക്കുറിച്ചോ യാതൊന്നും അറിയില്ല. എന്നാല്‍, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യമാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ പ്രസ്ഥാനങ്ങള്‍ മനുഷ്യരാല്‍ സ്ഥാപിക്കപ്പെട്ടതോ മനുഷ്യന്‍ നിയന്ത്രിക്കുന്നതോ അല്ലെന്നതാണ്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സാത്താന്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളാണ് ഇവരണ്ടും!
സത്യദൈവത്തിനു വിരുദ്ധമായ കാര്യങ്ങള്‍, മനുഷ്യനു പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയില്‍ അവനിലേക്ക് കടത്തിവിടുന്നത് ഈ പ്രസ്ഥാനങ്ങളുടെ ഒരു ശൈലിയാണ്. ആരോഗ്യസംരക്ഷണത്തിനുവേണ്ടിയുള്ള വ്യായാമ മുറകളും, ശാരീരികമായ ഉല്ലാസത്തിന് ഉതകുന്ന വിനോദ പരിപാടികളും ഇവര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. പ്രകൃതിശക്തികളെ ആരാധാനാമൂര്‍ത്തികളായി അവതരിപ്പിക്കാന്‍ ശാസ്ത്രീയതയെ ഇവര്‍ കൂട്ടുപിടിക്കുന്നു. ഇത്തരത്തില്‍ ഇവര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന പൈശാചിക വ്യായാമ മുറയാണ് 'യോഗാ'! വ്യായാമം എന്നതിനപ്പുറം യോഗയിലുള്ളത് പ്രപഞ്ചശക്തികളുടെ ആരാധനയാണ് എന്ന സത്യം ഇവര്‍ മറച്ചുവയ്ക്കുന്നു. 'കോര്‍പ്പറേറ്റ്' സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഒരുക്കുന്ന 'മാനേജ്മെന്റ്' ട്രെയിനിംഗ് പ്രോഗ്രാമുകള്‍, വ്യക്തിത്വവികസന സെമിനാറുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നതും പരിശീലിപ്പിക്കുന്നതും 'ഫ്രീമേസണ്‍' ട്രെയിനികളാണ്! ലൗകീകതയിലും ശാരീരിക ഉല്ലാസത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു നടത്തപ്പെടുന്ന ഇത്തരം സെമിനാറുകളില്‍, ആദ്ധ്യാത്മികതയെ കപടമായി അവതരിപ്പിക്കുന്നു. സ്വന്തം ശരീരത്തില്‍ത്തന്നെ ദൈവമുണ്ടെന്നു സ്ഥാപിക്കാനും അതിനപ്പുറം മറ്റൊരു ദൈവമില്ലെന്നു സ്ഥിരീകരിക്കാനും ഇവര്‍ പ്രയോഗിക്കുന്നത് ബൈബിളിലെ ചില വചനങ്ങളാണ്.
ഇത്തരത്തിലുള്ള സുവിശേഷകര്‍ ഇന്ന് ക്രൈസ്തവസഭകളില്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ചില ബൈബിള്‍ വാക്യങ്ങള്‍ നമുക്കു പരിശോധിക്കാം. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെയിടയില്‍ വ്യാപരിക്കുകയും ചെയ്യും"(2 കോറി: 6; 16). തുടക്കവും ഒടുക്കവും വെട്ടിമാറ്റി പരുവപ്പെടുത്തിയ പ്രബോധനമാണിത്. നമ്മില്‍ത്തന്നെ ദൈവം വസിക്കുന്നതുകൊണ്ട്, നമ്മെത്തന്നെയോ മറ്റു വ്യക്തികളെയോ ആരാധിക്കുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ പഠിപ്പിക്കുന്നു. ബൈബിളിലെ വചനങ്ങളെ സാക്ഷിയാക്കി പറയുന്നതിനാല്‍, പലരും ഈ പ്രബോധനങ്ങളില്‍ വഞ്ചിക്കപ്പെടുന്നു. യേഹ്ശുവാ അരുളിച്ചെയ്ത ഒരു വചനവും ഇവര്‍ തങ്ങളുടെ ആശയപ്രചരണത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. ആ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു"(യോഹ: 10; 35).
ഒരു പ്രവചനത്തെ അടിസ്ഥാനമാക്കി യേഹ്ശുവാ പറഞ്ഞ വാക്കുകളാണിത്. മനുഷ്യപുത്രനായി കടന്നുവന്നിരിക്കുന്ന താന്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍നിന്നുള്ള ദൈവംതന്നെയാണെന്നു സ്ഥിരീകരിക്കാനാണ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്! പ്രവചനമിതായിരുന്നു: "ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്"(സങ്കീ: 82; 6). അന്ന് ജീവിച്ചിരുന്ന ഇസ്രായേല്‍ക്കാരെക്കുറിച്ച് ദാവിദ് പറഞ്ഞ വാക്കുകളല്ല ഇത്; മറിച്ച്, യേഹ്ശുവായിലുള്ള വിശ്വാസത്തിലൂടെ അവിടുന്ന് നല്കാനിരിക്കുന്ന പദവിയെ സംബന്ധിച്ചുള്ള പ്രവചനമായിരുന്നു! യേഹ്ശുവായുടെ നാമത്തില്‍ അവിടുന്നാണ് നമുക്ക് ദൈവമക്കളാകാനുള്ള കഴിവു നല്‍കിയത്. ജന്മംകൊണ്ട് ആരും ദൈവമക്കളാകുന്നില്ല! ഈ വചനം ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). ഈ സത്യങ്ങളെയെല്ലാം മറച്ചുവച്ചുകൊണ്ടാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത്. ബൈബിളുമായി വലിയ ബന്ധമില്ലാത്തവരെ സ്വാധീനിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നു. ബൈബിളില്‍ വേണ്ടത്ര അറിവില്ലാത്ത വൈദീകരും സന്യസ്തരും ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കുന്നതാണ് ഏറെ അപകടകരമായ അവസ്ഥ! വൈദീകര്‍ക്ക് ബൈബിളില്‍ അഗാധമായ പാണ്ഡിത്യമുണ്ടെന്ന അബദ്ധധാരണയിലാണ് ഒട്ടുമിക്ക വിശ്വാസികളും ജീവിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ, സഭയിലെ ആചാര്യന്മാരുടെ വിവരക്കേടിനാല്‍ നയിക്കപ്പെടുന്ന അന്ധന്മാരായി വിശ്വാസസമൂഹം അധഃപതിച്ചിരിക്കുന്നു!
ദൈവജനത്തെ നയിക്കാന്‍ നിയുക്തരായിരിക്കുന്ന വ്യക്തികളുടെ ആത്മീയ അന്ധതയാണ് ഇന്ന് കത്തോലിക്കാസഭയും ഇതരസഭകളും നേരിടുന്ന വെല്ലുവിളി. പല ആചാര്യന്മാരും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളുടെ ഉപശാഖകളായി വര്‍ത്തിക്കുന്നു. ഇതിനെല്ലാം പുറമെയാണ് ലോകത്തിന്റെ എല്ലാ സംവീധാനങ്ങളിലും ഈ നിഗൂഢ പ്രസ്ഥാനങ്ങളുടെ സ്വാധീനം ശക്തമായിരിക്കുന്നത്. ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന നിയമങ്ങളെല്ലാം അതേപടി സ്വീകരിക്കുന്ന അധികാരികളാണ് ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഭരണം നടത്തുന്നത്. സത്യദൈവം നമ്മെ വിലക്കിയിട്ടുള്ള സകലത്തിനും നിയമംമൂലം അനുമതി നല്‍കുന്ന അവസ്ഥ ഇന്നുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളാണ്. രാജ്യങ്ങളുടെ ഭരണനേതൃത്വങ്ങളിലും നീതിപീഠങ്ങളിലെ ന്യായാധിപ സംഘങ്ങളിലും ഇവര്‍ പിടിമുറുക്കി കഴിഞ്ഞു. രാജ്യങ്ങളുടെ നിയമവ്യവസ്ഥകളില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇവയെല്ലാം. സ്വവര്‍ഗ്ഗവിവാഹം, ഭ്രൂണഹത്യ, വ്യഭിചാരം, വിവാഹമോചനം, വിവാഹേതര ബന്ധങ്ങള്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളുടെ പിന്നിലും ഈ സംഘടനകള്‍ തന്നെയാണ്. മനുഷ്യാവകാശത്തിന്റെ പേരിലാണ് ഈ നിയമങ്ങള്‍ അധാര്‍മ്മിക നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്! സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങള്‍മൂലം കുടുംബബന്ധങ്ങള്‍ ശിഥിലമായിരിക്കുന്നു.
ബാലാവകാശങ്ങളുടെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് അധാര്‍മ്മികരും ദൈവനിഷേധികളുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ്. കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. ചെറിയ ജോലികള്‍പ്പോലും വിലക്കിയിട്ടുണ്ട്. എന്നാല്‍, സിനിമാഭിനയത്തെയും മോഡലിംഗിനെയും ഇവര്‍ തൊഴിലിന്റെ പട്ടികയില്‍ ചേര്‍ത്തിട്ടില്ല എന്നത് വിരോധാഭാസമായി നിലനില്‍ക്കുന്നു. നാശത്തില്‍ നിപതിക്കാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുട്ടികള്‍ക്കു വിലക്കില്ല എന്നല്ലേ ഇതിലൂടെ വ്യക്തമാക്കുന്നത്!
ഈ അടുത്തകാലത്ത് കേരളത്തിലെ ഒരു കോടതിയില്‍നിന്ന് വന്ന വിധി നാം കണ്ടതാണ്. പതിനെട്ടുകാരന്റെ കൂടെ ഇറങ്ങിപ്പോയ ഒരു പത്തൊമ്പതുകാരിയുടെ കാര്യത്തിലായിരുന്നു ആ വിധി. ഇന്ത്യയിലെ നിയമമനുസരിച്ച് പുരുഷന് ഇരുപത്തൊന്നും സ്ത്രീക്ക് പതിനെട്ടും വയസ്സ് പൂര്‍ത്തിയാകാതെ വിവാഹം സാധ്യമല്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ കാരണം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചു. പതിനെട്ടു വയസുകാരനില്‍നിന്നു തങ്ങളുടെ മകളെ മോചിപ്പിക്കണം എന്നതായിരുന്നു അവരുടെ അന്യായം! എന്നാല്‍, പതിനെട്ടു വയസ്സു തികഞ്ഞവര്‍ക്ക് വിവാഹം കൂടാതെതന്നെ ഒരുമിച്ചു ജീവിക്കാം എന്ന വിധിയാണ് കോടതിയില്‍നിന്ന് ഉണ്ടായത്. നീതിപീഠങ്ങളിലെ പൈശാചിക സ്വാധീനമാണ് ഇവിടെ മറനീക്കി പുറത്തുവന്നത്.
പരിസ്ഥിതിവാദവും 'ഗ്രീന്‍ പ്രൊട്ടോക്കോളും'!
മാനവരാശി ഉടലെടുത്ത കാലംമുതല്‍ ഇന്നോളം അവര്‍ കൃഷിചെയ്തും വേട്ടയാടിയുമൊക്കെയാണ് കഴിഞ്ഞുവന്നത്. ഇതിനുവേണ്ടി ഓരോ കാലത്തും ആ കാലത്തിന്റെ വികാസത്തിന് അനുസരണമായ സാങ്കേതിക സംവീധാനങ്ങള്‍ ഉപയോഗിച്ചു. പുരോഗമനത്തിന് അനുസരണമായ മാറ്റങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. കുന്നുകള്‍ നിരപ്പാക്കുകയും വയലുകള്‍ സൃഷ്ടിക്കുകയും ചെയ്തത് മനുഷ്യന്റെ അദ്ധ്വാനത്തിന്റെ ഫലമാണ്. കരിമ്പാറകള്‍ പൊട്ടിക്കുകയും മണല്‍ ഖനനം ചെയ്യുകയും ഇരുമ്പും സ്വര്‍ണ്ണവും മറ്റു ലോഹങ്ങളും ധാതുക്കളും മണ്ണില്‍നിന്നു കുഴിച്ചെടുക്കുകയും ചെയ്തത് മനുഷ്യന്‍ തന്നെയായിരുന്നു. മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി ദൈവം ഭൂമിയില്‍ നടത്തിയ സൃഷ്ടിയില്‍നിന്ന് അവന് ആവശ്യമുള്ളതെല്ലാം അവിടുന്ന് അനുവദിച്ചു. സകല ജീവികളെയും അടക്കി വാഴാനാണ് ദൈവം മനുഷ്യനോടു കല്പിച്ചത്. എന്നാല്‍, സകലത്തെയും സൃഷ്ടിച്ച ദൈവത്തിനുമേലെ ഒരു അധികാരി കടന്നുവന്ന് ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്നു. മൃഗങ്ങള്‍ക്കും മറ്റു കീടങ്ങള്‍ക്കുമുള്ള അവകാശംപോലും മനുഷ്യന് ഈ ഭൂമിയില്‍ ഇല്ലെന്നാണ് പുതിയ അവകാശിയുടെ കല്പന!
ഈ ഭൂമിയുടെമേല്‍ മനുഷ്യനു ദൈവം അനുവദിച്ചു നല്കിയിരിക്കുന്ന ആധിപത്യം എടുത്തുമാറ്റിയത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. ഉപദ്രവകാരികളായ മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും നല്‍കിയിട്ടുള്ള അവകാശംപോലും മനുഷ്യന് ഈ ഭൂമിയില്‍ ഇല്ലെന്ന പ്രഖ്യാപനമാണ് വന്യജീവി നിയമങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാമ്പിനെ കൊന്നാല്‍പ്പോലും ജയില്‍ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം ഇന്നുണ്ട്. വന്യജീവികള്‍ അവയുടെ ആവാസകേന്ദ്രമായ വനത്തില്‍നിന്നു പുറത്തുവരുന്നത് അവിടെ അവര്‍ പെരുകിയതുകൊണ്ടാണ്. പുറത്തുവരുന്ന ഈ ജന്തുക്കളെ തിരികെ കാട്ടിലേക്ക് അയയ്ക്കുന്ന ശൈലിയെ നാറാണത്തു ഭ്രാന്തന്റെ പ്രവര്‍ത്തികളോട് ഉപമിക്കാനെ കഴിയുകയുള്ളു! കാട്ടില്‍ പെരുകിയതുകൊണ്ടും അവിടെ ജീവിക്കാനാവശ്യമായ ഭക്ഷണം ഇല്ലാത്തതുകൊണ്ടുമാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നത്.
രാജവെമ്പാലയും ആനയും പുലിയുമൊക്കെ നാട്ടിലിറങ്ങി ഭീതിപരത്തുമ്പോള്‍, അവയെ തിരികേ വനത്തിലേക്ക് അയയ്ക്കുന്നതിനുപകരം കൊന്നുകളയുകയാണ് വേണ്ടത്. നാട്ടിലെ അരുവികള്‍ വറ്റുന്നതിനെക്കുറിച്ച് കവിതകള്‍ എഴുതിത്തള്ളുന്ന വിഡ്ഢികളായ കവികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുകയാണു ചെയ്യേണ്ടത്. അരുവികളെല്ലാം ഉദ്ഭവിക്കുന്നത് വനാന്തരങ്ങളില്‍നിന്നാണ്. വനത്തില്‍ ആനകള്‍ പെരുകിയപ്പോള്‍ മുളങ്കാടുകള്‍ അവ നശിപ്പിച്ചു. അരുവികളുടെ ഉദ്ഭവസ്ഥാനമായ മുളങ്കാടുകള്‍ ഇല്ലാതായതാണ് ഇന്നത്തെ ദുരവസ്ഥയുടെ പ്രധാന കാരണം! ആനകളെ ദൈവമായി കരുതുന്ന ജനത്തിന് അവരുടെ വ്യാജദൈവത്തിലൂടെ സത്യദൈവം കൊടുത്ത ശിക്ഷയാണിത്! ഇല്ലാത്ത രോഗത്തിന് ചികിത്സ നല്‍കുന്ന പരിസ്ഥിതിവാദികള്‍ക്ക് യഥാര്‍ത്ഥ രോഗം ഇന്നുവരെ മനസ്സിലായിട്ടില്ല!
വിവരമുള്ളവര്‍ ജീവിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ചില നിയമങ്ങള്‍ നിലവിലുള്ളത് ആശാസ്യമാണെന്ന് പറയാതെവയ്യ! ഒരു വനത്തില്‍ ക്രമാതീതമായി ജീവികള്‍ പെരുകിയാല്‍ അതിനെ വെടിവയ്ക്കാനുള്ള നിയമം യൂറോപ്പിലുണ്ട്. എന്നാല്‍, ഇന്ത്യ പരമ ദാരിദ്രരാജ്യത്ത് മൃഗങ്ങള്‍ക്കുവേണ്ടി വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്. മനുഷ്യന്‍ പട്ടിണിമൂലം മരിക്കുമ്പോഴാണ് ഈ അപഹാസ്യമായ പ്രവൃത്തികള്‍ ഇവിടെ നടക്കുന്നത്. ഇന്ത്യയിലെ പല ദൈവങ്ങളും നികൃഷ്ടജീവികള്‍ ആയതിനാല്‍, മനുഷ്യനോളമോ അതിനപ്പുറമോ പരിഗണന അവയ്ക്കു നല്‍കുന്നു! മൃഗങ്ങളെ വര്‍ദ്ധിക്കാന്‍ അനുവദിക്കുന്നവര്‍ മനുഷ്യനെ വന്ധ്യംകരിക്കുന്നത് കാണാതെപോകരുത്!
മനുഷ്യനുണ്ടായ കാലംമുതല്‍ നിര്‍മ്മിതികള്‍ ഈ ഭൂമിയില്‍ നടക്കുന്നുണ്ട്. ഭൂമിയിലെ ധാതുസമ്പത്താണ് അതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്. എന്നാല്‍, ഭൂമിയുടെ പുതിയ സംരക്ഷകരുടെ വാക്കുകള്‍ കേട്ടാല്‍, ഈ അടുത്തകാലത്ത് ആരംഭിച്ച പ്രവൃത്തികളാണ് ഇതെല്ലാമെന്നു തോന്നിപ്പോകും! മനുഷ്യന്‍ ഭൂമിയെ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഇവറ്റകള്‍ വാദിക്കുന്നത്. സ്വന്തമായി നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍പോലും മനുഷ്യന് അവകാശമില്ല. കാട്ടുതീ മൂലം ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തി ചാമ്പലാകുന്നതില്‍ ആര്‍ക്കും ആവലാതിയില്ല. നൂറുകണക്കിന് അഗ്നിപര്‍വ്വതങ്ങളില്‍നിന്ന്‍ ഉയരുന്ന വിഷവാതകത്തെ തടയാന്‍ ഈ സംരക്ഷകര്‍ക്കു സാധിക്കുമോ? പരിസ്ഥിതിവാദികളാണ് യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയിലെ ആവാസവ്യവസ്ഥയുടെ ശത്രുക്കള്‍! ഭൂമിയെക്കുറിച്ചുള്ള ഇവരുടെ അമിതമായ ഉത്‌ക്കണ്ഠയാണ് എല്ലാ ക്രമക്കേടിനും ആധാരം. ഭൂമിയെയും ഭൂമിയിലുള്ള ജീവജാലങ്ങളെയും ഇവര്‍ വിഗ്രഹങ്ങളാക്കി മാറ്റി! ദൈവത്തിന്റെ നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തമായി ഇവര്‍ നിര്‍മ്മിച്ച നിയമങ്ങള്‍ അവിടുത്തെ ക്രോധം ക്ഷണിച്ചുവരുത്തി. സൃഷ്ടാവ് ഭൂമിയെ സംരക്ഷിച്ചിരുന്ന കാലത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ സംരക്ഷണം മനുഷ്യന്‍ ഏറ്റെടുത്തതോടുകൂടി എല്ലാ ക്രമക്കേടുകളും സംജാതമായി!
പരിസ്ഥിതിവാദികളുടെ 'തേന്‍' പുരട്ടിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, അവരുടെ വാദങ്ങളില്‍ ന്യായമുണ്ടെന്ന തോന്നല്‍ സമൂഹത്തിനുണ്ടായേക്കാം. മോഹനന്‍ വൈദ്യരും വടക്കുംചേരിയുമൊക്കെ നടത്തുന്ന വിളിച്ചുകൂകുന്ന വിവരക്കേടുകളെ ഏറ്റെടുക്കാന്‍ ആളുകള്‍ ഉള്ളതുപോലെ മാത്രമേ ഇതിനെയും മനോവ കാണുന്നുള്ളു. ഗീബല്‍സ്യന്‍ സിദ്ധാന്തത്തിനും അതിന്റേതായ ശക്തിയുണ്ടെന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ! ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാകുകയും, അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നത് മനുഷ്യന്റെ പ്രവര്‍ത്തികൊണ്ടു മാത്രമാണോ? സൂപ്പര്‍സോണിക് വിമാനങ്ങളും സ്പേസ് ഷട്ടിലുകളും പുറന്തള്ളുന്ന വാതകങ്ങള്‍മൂലം നശിക്കുന്ന ഓസോണ്‍ പാളികള്‍ക്ക് പ്രതിവിധി കാണാന്‍ പരിസ്ഥിതിവാദികള്‍ക്കു സാധിക്കുമോ? അഗ്നിപര്‍വ്വതങ്ങളെ അടയ്ക്കാന്‍ ഇവര്‍ക്കോ ശാസ്ത്രത്തിനോ കഴിയുമോ? അനാവശ്യ ആവലാതികള്‍ ഇവര്‍ ഉയര്‍ത്തുമ്പോള്‍, യഥാര്‍ത്ഥ സത്യത്തില്‍നിന്നു മനുഷ്യന്റെ ചിന്തകളെ വ്യതിചലിപ്പിക്കുകയാണ്.
ഭൂമിയുടെ സംരക്ഷകരായി അവതരിച്ചിരിക്കുന്ന ഈ പുത്തന്‍ അവതാരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളാണെന്നു തിരിച്ചറിഞ്ഞിട്ടുള്ള എത്രപേര്‍ നമുക്കിടയിലുണ്ട്? ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന NGO കളുടെ സാമ്പത്തിക സ്രോതസ് ഏതാണെന്ന് അന്വേഷിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം മനസ്സിലാകും. യോഗ പ്രചരിപ്പിക്കുന്ന ഇവരാണ് യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയുടെ ഘാതകര്‍! സൂര്യനെ ആരാധിക്കുന്നവര്‍ക്ക് സൂര്യനിലൂടെ ശിക്ഷ ലഭിക്കുമെന്നത് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യമാണ്. ഈ വചനം ശ്രദ്ധിക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). യോഗയിലൂടെ സൂര്യനെ മാത്രമല്ല, മറ്റുപല പ്രകൃതി ശക്തികളെയും ആരാധിക്കുന്നുണ്ട്. ദൈവമായ യാഹ്‌വെ അരുളിചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ?യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍: 8; 16).
പ്രകൃതി ദുരന്തങ്ങള്‍ക്കുപിന്നിലും പ്രപഞ്ചത്തിലെ മാറിവരുന്ന പ്രതിഭാസങ്ങള്‍ക്കു പിന്നിലുമുള്ള കാരണങ്ങള്‍ വചനത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. ബൈബിളില്‍ അനേകം ഇടങ്ങളില്‍ വ്യക്തമായി നല്‍കിയിരിക്കുന്ന താക്കീതുകളില്‍നിന്നു മാറി ചിന്തിക്കുന്നതാണ് അപകടകരമായ അവസ്ഥയ്ക്കു കാരണം. ഇനിയുമുണ്ട് വ്യക്തമായ താക്കീത്: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം: 4; 19). പ്രകൃതിയെയും പ്രപഞ്ചശക്തികളെയും ആരാധനാമൂര്‍ത്തികളായി പരിഗണിക്കുന്നവരുടെമേല്‍ വന്നുഭവിക്കുന്ന ദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശാസ്ത്രത്തിനും കഴിയുകയില്ല! ആത്മാവിനു നല്‍കാത്ത പരിഗണന ശരീരത്തിനു നല്‍കാന്‍ ശ്രമിച്ചാല്‍, ആ ശരീരം നശിപ്പിക്കാന്‍ ദൈവം തയ്യാറാകും!
പ്രാകൃത സമൂഹത്തിന്റെ ആരാധനാമൂര്‍ത്തികളില്‍ മരങ്ങളും ഉണ്ടായിരുന്നു. ആ പ്രാകൃത ആരാധനയിലേക്ക് മനുഷ്യനെ പടിപടിയായി നയിക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന കുതന്ത്രമാണ് 'ഗ്രീന്‍പ്രോട്ടോക്കോളും' മരങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളികളും! ഒരിക്കല്‍ നശിപ്പിക്കപ്പെടാനുള്ള ഒന്നിനെ സംരക്ഷിക്കുന്നതിനുവേണ്ടി, ഒരിക്കലും നശിക്കാത്ത ആത്മാവിനെ നിത്യശിക്ഷയ്ക്ക് ഏല്പിച്ചുകൊടുക്കുകയാണു തങ്ങളെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. മരങ്ങള്‍ നശിപ്പിക്കാനും ഭൂമിയെ മലിനമാക്കാനുമുള്ള ആഹ്വാനമായി മനോവയുടെ വാക്കുകളെ ആരും കണക്കാക്കരുത്; മറിച്ച്, നശ്വരമായ വസ്തുക്കള്‍ക്കു നല്‍കുന്ന അമിതമായ പ്രാധാന്യം വിഗ്രഹാരാധന തന്നെയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു! അനശ്വരമായതിനെക്കുറിച്ചു ചിന്തിക്കാതെ, നശ്വരമായതിനെക്കുറിച്ച് അമിതപ്രാധാന്യത്തോടെ ചിന്തിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് നിയമനിഷേധിയുടെ ആത്മാവാണ്!
പ്രകൃതിചികിത്സയില്‍ പതിയിരിക്കുന്ന അപകടം!
പ്രകൃതിചികിത്സയുടെ അടിസ്ഥാനംതന്നെ വിഗ്രഹാരാധനയാണ്. പ്രപഞ്ചശക്തികളെയും പ്രകൃതിയെയും ആദരിക്കുന്നതിലൂടെ ആരാധനയുടെ തലത്തിലേക്ക് ഉയര്‍ത്തുന്ന നിഗൂഢത ഈ ചികിത്സയില്‍ മറഞ്ഞിരിപ്പുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളാണെങ്കില്‍, ഈ ചികിത്സാരീതിയില്‍ പതിയിരിക്കുന്ന കെണി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു! യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം സംവീധാനങ്ങളിലേക്ക് മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നത്, അവയില്‍ കുടികൊള്ളുന്ന പൈശാചികത ഒന്നുകൊണ്ടു മാത്രമാണ്! ഈ വിഷയത്തെ സംബന്ധിച്ചു കൂടുതല്‍ വിവരണത്തിലേക്കു കടക്കുന്നില്ല. കാരണം, ഇതുവരെ നാം ചിന്തിച്ച വിഷയങ്ങളില്‍ ഇതും ഉള്‍ക്കൊണ്ടിട്ടുണ്ട്.
നിഗൂഢതകള്‍ നിറഞ്ഞ ആദ്ധ്യാത്മികത!
ആത്മീയതയുടെ പേരില്‍ ഇന്ന് ലോകത്തു നടക്കുന്ന പലതും യഥാര്‍ത്ഥ ആദ്ധ്യാത്മികതയല്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. സത്യദൈവത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കാന്‍ സാത്താന്‍ ഒരുക്കിവച്ചിരിക്കുന്ന കെണികളാണ് അവയില്‍ പലതും. 'സ്പിരിച്വല്‍ ടൂറിസം' എന്നപേരില്‍ ഇന്ത്യയില്‍ നടക്കുന്നത് പൈശാചികതയിലേക്കുള്ള പരിവര്‍ത്തനമാണ്! സര്‍വ്വ മേഖലയിലും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്നതിനാല്‍, സകലതും വിവേചിച്ചറിയാന്‍ ദൈവമക്കള്‍ ജാഗ്രതപുലര്‍ത്തണം.
മനുഷ്യന്‍ ഇന്ന് എക്കാലത്തെക്കാളും അധികമായി മിഥ്യാബോധത്തിലാണു കഴിയുന്നത്. വിദ്യാസമ്പന്നര്‍ എന്ന് അവകാശപ്പെടുന്നവര്‍പോലും ഇന്ന് കപട ആദ്ധ്യാത്മികതയുടെ അടിമകളായി മാറിയിരിക്കുന്നു. ആത്മീയതയുടെ പേരില്‍ നടക്കുന്ന എല്ലാ കാപട്യത്തിലും അകപ്പെടത്തക്കവിധം അധഃപതിച്ച അവസ്ഥയില്‍ മനുഷ്യന്‍ എത്തിപ്പെട്ടെങ്കില്‍, അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12).
മിഥ്യാബോധം ഉണര്‍ത്തുന്നത് ദൈവംതന്നെയാണ്. സത്യത്തെ സ്നേഹിക്കാത്തവരും അനീതിയില്‍ ആഹ്ലാദിച്ചവരുമായ വ്യക്തികളിലാണ് ഈ മിഥ്യാബോധം ഉണര്‍ത്തപ്പെട്ടിരിക്കുന്നത്. സത്യവും നീതിയും എന്നത് ദൈവത്തിന്റെ നിയമങ്ങളില്‍ മാത്രമുള്ളതാണ്. എന്നാല്‍, നീതിപൂര്‍ണ്ണമായ ദൈവീകനിയമങ്ങള്‍ക്കു ബദലായി, അനീതിനിറഞ്ഞ നിയമങ്ങള്‍ മനുഷ്യന്‍ നിര്‍മ്മിക്കുകയും, അതിനെ സകലരുടെമേലും അടിച്ചേല്‍പ്പിക്കുകയും ചെയ്തപ്പോള്‍, ദൈവം അവരില്‍ മിഥ്യാബോധം ഉണര്‍ത്തി! 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള സംവീധാനങ്ങള്‍ക്ക് ക്രിസ്തീയ നിയമങ്ങളോടു മാത്രമേ എതിര്‍പ്പുള്ളൂ. മറ്റു മതങ്ങളുടെ നിയമങ്ങളെ ശ്ലാഘിക്കുകയോ, അവയില്‍ നിറഞ്ഞുനില്‍ക്കുന്ന അനീതികള്‍ക്കു നേരേ കണ്ണടയ്ക്കുകയോ ചെയ്യുന്നു. ക്രിസ്തീയതയില്‍നിന്നു വിജാതിയതയിലേക്ക് പാതയോരുക്കുകയെന്ന ഉത്തരവാദിത്വവും ഈ സംഘങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കാരണം, വിജാതിയതയില്‍ ആരാധിക്കപ്പെടുന്നത് ദൈവമാല്ലെന്ന യാഥാര്‍ത്ഥ്യം അറിയുന്ന പിശാചുതന്നെയാണ് ഈ സംഘങ്ങളുടെ പരമാധികാരി!
യേഹ്ശുവായില്‍ വിശ്വസിച്ച്, അവിടത്തോടൊപ്പം ജീവിക്കുന്നതിലൂടെ മാത്രമേ ഏതൊരുവനും നിത്യജീവന്‍ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു എന്ന യാഥാര്‍ത്ഥ്യം ആരെക്കാളും നന്നായി അറിയുന്നവനാണ് സാത്താന്‍! അതിനാല്‍ത്തന്നെ, യേഹ്ശുവായില്‍നിന്ന് സകലരെയും വിടുവിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവന്‍ പ്രയോഗിക്കുന്നു. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളെ അവന്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ്. വിജാതിയതയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, അവയിലുള്ള യുക്തിരഹിതവും ആഭാസകരവുമായ ദൈവസങ്കല്പങ്ങള്‍ക്ക് ആധികാരികത നല്‍കാന്‍ ഈ സംഘം ശ്രമിക്കുന്നു. അവയിലെ ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും ശാസ്ത്രീയതയുടെ പിന്‍ബലം നല്‍കാന്‍ ശ്രമിക്കുന്നതും ഈ പൈശാചിക സംഘങ്ങളാണ്. വിജാതിയതയിലേക്ക് കടന്നുവരാന്‍ വിസമ്മതിക്കുന്നവരെ ഈ സംഘം തള്ളിക്കളയുന്നില്ല. അങ്ങനെയുള്ളവര്‍ക്കുവേണ്ടി വിപുലമായ സംവീധാനങ്ങള്‍ ക്രൈസ്തവ സഭകളില്‍ത്തന്നെ ഈ സംഘം ഒരുക്കിയിട്ടുണ്ട്. ക്രിസ്തീയ ആരാധനകളില്‍ വിജാതിയ ആചാരങ്ങള്‍ തിരുകിക്കയറ്റുകയും, യഥാര്‍ത്ഥ ചൈതന്യത്തില്‍നിന്ന്‍ വിടുവിക്കുകയും ചെയ്യുന്നത് ഇവരുടെ പദ്ധതിയാണ്.
പുത്തന്‍ ദൈവശാസ്ത്രങ്ങളുടെ പരീക്ഷണശാലകളായി ക്രൈസ്തവസഭകളെ, വിശിഷ്യാ കത്തോലിക്കാസഭയെ മാറ്റിയതില്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ക്രിസ്തീയ നിയമങ്ങളില്‍ മാറ്റംവരുത്തുകയും, അടിസ്ഥാനതത്വങ്ങളില്‍നിന്നു വ്യതിചലിപ്പിക്കുകയും ചെയ്യുന്നത് ഈ സംഘമാണ്. യേഹ്ശുവായിലൂടെ മാത്രം സാധ്യമാകുന്ന രക്ഷയെക്കുറിച്ച് പറയുന്നതുപോലും കുറ്റകരമാണെന്നു ജല്പിക്കുന്ന ആചാര്യന്മാര്‍ കത്തോലിക്കാസഭയിലുണ്ട്. യേഹ്ശുവായുടെ മഹത്വം വിഗ്രഹങ്ങള്‍ക്കുകൂടി പങ്കിട്ടുനല്കാന്‍ തയ്യാറാകുന്നതിലൂടെ ഈ സംഘത്തിന്റെ സ്വാധീനമാണു വ്യക്തമാകുന്നത്. ദൈവമക്കളെ സത്യത്തിന്റെ പൂര്‍ണ്ണതയില്‍ വ്യാപരിക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ ആദ്ധ്യാത്മികതയില്‍ അന്ധകാരം നിറയ്ക്കാന്‍ സജ്ജരായി നിലകൊള്ളുന്ന വ്യാജപ്രവാചകന്മാര്‍ എല്ലാ സഭകളിലുമുണ്ട്. സഭകളെ നയിക്കുന്നതുപോലും ഇക്കൂട്ടരാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത ദൈവജനം നാശത്തില്‍ നിപതിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട!
'പിശാച്' എന്നത് ഒരു സങ്കല്പം മാത്രമാണെന്ന് പിശാചുതന്നെ പഠിപ്പിക്കുന്നു. പാപം ഇല്ലെന്നു പഠിപ്പിക്കുന്നതും അവന്‍തന്നെയാണ്. ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചു പഠിപ്പിക്കാനും പിശാചിനു മടിയില്ല! ദൈവം കരുണാമയനായതുകൊണ്ട്, പാപം ചെയ്യുന്നവരെയും പാപത്തില്‍ ജീവിക്കുന്നവരെയും സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമെന്ന് വാദിക്കാന്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം മുന്നിട്ടിറങ്ങുന്നു. ക്രിസ്തീയസഭകളിലെ ആചാര്യന്മാരായും ഇവര്‍ സജ്ജീവമാണ്. ദൈവം മനുഷ്യനെ ശിക്ഷിക്കില്ലെന്നും, പാപങ്ങള്‍ എന്നത് മനുഷ്യനിലുള്ള ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനമാണെന്നും ഇവര്‍ പഠിപ്പിക്കുന്നു. അവസാനമായി ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് നരകം ഇല്ലെന്ന സിദ്ധാന്തത്തിലാണ്. കാരുണ്യവാനായ ദൈവം ആരെയും നരകത്തിലടയ്ക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്, പാപികളുടെ ആത്മാക്കളെ ആവിയാക്കി കളയും എന്ന വാദവുമായി ഇറങ്ങിയിരിക്കുന്നതും ഈ സംഘങ്ങള്‍തന്നെ! ഏതു വിധേനയും മനുഷ്യനെ വഞ്ചിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം!
ലോകത്തെ മുഴുവന്‍ ഒറ്റ നിയമത്തിന്റെ കീഴിലാക്കുകയെന്ന ഉദ്യമത്തില്‍ ഈ സംഘം പരിപൂര്‍ണ്ണ വിജയത്തിന്റെ വക്കിലാണ്. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളാണ് ലോകരാജ്യങ്ങള്‍ എല്ലാംതന്നെ ഏറ്റെടുത്തിരിക്കുന്നത്.
'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളുടെ എല്ലാ നീക്കങ്ങളും നിഗൂഢവും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതുമായതിനാല്‍, ഇവരുടെ പുതിയ ആശയങ്ങള്‍ എന്താണെന്നു മുന്‍കൂട്ടി പറയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ, ഈ പ്രസ്ഥാനങ്ങളുടെ നീരാളിപ്പിടുത്തത്തില്‍നിന്നു രക്ഷപ്പെടുകയെന്നത് ശ്രമകരമായ കാര്യമാണ്. ഇവിടെയാണ് വചനത്തില്‍ അറിവുനേടേണ്ടതിന്റെ അനിവാര്യത! പുത്തന്‍ ശൈലികളിലുള്ള പ്രാര്‍ത്ഥനായോഗങ്ങളിലേക്കും സെമിനാറുകളിലേക്കുമുള്ള എല്ലാ ക്ഷണങ്ങളെയും നിരസിക്കുവാനും, പരീക്ഷണത്തിനുപോലും അതില്‍ പങ്കാളികളാകാതിരിക്കാനും ശ്രദ്ധിക്കേണ്ടത് ഓരോ ദൈവമക്കളുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണെന്നു മറക്കരുത്. നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ആരാധനകളിലേക്ക് ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാല്‍, അവരുടെ ക്ഷണം സ്വീകരിക്കുകയോ അവര്‍ക്കു സമ്മതം മൂളുകയോ ചെയ്യരുത്.
ഗൗരവകരമായ മുന്നറിയിപ്പ്!
'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളെക്കുറിച്ചുള്ള പ്രചാരണവുമായി ചിലര്‍ ഇന്ന് രംഗത്തിറങ്ങിയിട്ടുണ്ട്. ഇവരെല്ലാംതന്നെ ക്രിസ്തീയ നാമങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. അപകടകാരികളായ ഇവര്‍ യഥാര്‍ത്ഥ സത്യങ്ങളെ മറച്ചുവച്ചുകൊണ്ട് ക്രിസ്തീയ വിരുദ്ധത പ്രചരിപ്പിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇവരെന്നു തിരിച്ചറിയാന്‍ വായനക്കാര്‍ തയ്യാറാകണം. യേഹ്ശുവായിലൂടെ അല്ലാതെയുള്ള രക്ഷ വാഗ്ദാനം ചെയ്യുന്ന സകലരും സാത്താന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരാണ്. ഇക്കൂട്ടരെ തിരിച്ചറിയുകയും അകറ്റിനിര്‍ത്തുകയും വേണം! ഒരുകാര്യംകൂടി ഓര്‍മ്മിപ്പിക്കുന്നു: വെളിപാട് പുസ്തകത്തില്‍ മൃഗമെന്നു പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളെയാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-