വിജാതിയതയുടെ ദുരന്തം

മന്ത്രച്ചരടുകളും ക്രൈസ്തവന് അലങ്കാരമോ?!

Print By
about

ത്തരത്തില്‍ ഒരു ചോദ്യം മനോവ ഉയര്‍ത്തുമ്പോള്‍ അതിനെ നിസ്സാരമായി വായനക്കാര്‍ ഗണിക്കരുത്! ഈ അടുത്തനാളില്‍ കത്തോലിക്കാസഭയിലെ ഒരു മെത്രാന്‍ നടത്തിയ (അധിക)പ്രസംഗം ശാലോം ടെലിവിഷനിലൂടെ കേള്‍ക്കുവാന്‍ ഇടയായപ്പോള്‍ ഈ ചോദ്യം മനോവ സ്വയം ചോദിച്ചതാണ്. അപകടകരമായ സന്ദേശങ്ങളിലൂടെ ആടുകളെ വഴിതെറ്റിക്കുന്ന ഇടയന്മാര്‍ കത്തോലിക്കാസഭയില്‍ കടന്നുകൂടിയിരിക്കുന്നത് ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നുവെന്ന് ആ പ്രഭാഷണത്തില്‍നിന്നു വ്യക്തമായി. അതിനാല്‍, ഈ വിഷയം മനോവയുടെ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്!

ഫ്രീമേസണ്‍ പ്രസ്ഥാനത്തിലൂടെ ദൈവമക്കളെ സാത്താന്റെ ആലയത്തിലേക്കു വഴിനടത്തുന്ന രീതികളെക്കുറിച്ച് മനോവയുടെ താളുകളില്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് ഫ്രീമേസണ് പ്രസ്ഥാനങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ച ധീരനായ ദൈവദാസനായിരുന്നു ശാലോം ടെലിവിഷന്റെ എല്ലാമെല്ലാമായ ബെന്നി പുന്നത്തറ! അദ്ദേഹത്തിന്റെ ധീരമായ മുന്നേറ്റത്തിനു ദൈവം നല്‍കിയ സമ്മാനമാണ് ശാലോം ടെലിവിഷന്‍!‍ എന്നാല്‍, ഇന്ന്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ വിളനിലമായി ശാലോം അധഃപത്തിക്കുന്നത് വേദനയോടെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരിക്കല്‍ താന്‍ എതിരിട്ട തിന്മകളെല്ലാം ആധികാരികതയോടെ ഇന്ന്‍ ശാലോമില്‍ കടന്നുകൂടുകയും ദുര്‍ബലരായ അനേകരെ അതുമൂലം വഴിതെറ്റിക്കുകയും ചെയ്യുന്നത് വലിയ ദുരന്തമാണ്!

ഹൈന്ദവ ആചാരങ്ങളെ സാംസ്കാരികതയുടെ പരിവേഷം നല്‍കി ന്യായീകരിക്കുന്ന 'ഫ്രീമേസണ്‍' അജണ്ട എന്തുകൊണ്ടാണ് ഇവര്‍ തിരിച്ചറിയാത്തത് എന്ന ചോദ്യത്തിന്, അന്ത്യം സമീപിച്ചിരിക്കുന്നുവെന്ന ഉത്തരം മാത്രമേ മനോവയ്ക്കു പറയാനുള്ളൂ! "വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന്‍ എഴുതപ്പെട്ടിരിക്കുന്നുവല്ലോ. വിജ്ഞാനി എവിടെ? നിയമജ്ഞന്‍ എവിടെ? ഈ യുഗത്തിന്റെ താര്‍ക്കികന്‍ എവിടെ? ലൗകീകവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ലൗകീകവിജ്ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല"(1 കോറി: 1; 19-21).‍ ദൈവത്തിന്റെ വചനം നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണിത്. വിജ്ഞാനികളെന്നു ലോകം കരുതുന്നവര്‍ അനേകരെ വഴിതെറ്റിക്കുന്ന അവസ്ഥ ലോകത്ത് സംജാതമാകും. പൗലോസ് അപ്പസ്തോലന്റെ മാനുഷീകമായ ചിന്തകള്‍ കുറിച്ചിട്ടതാണ് ഈ വചനമെന്ന് ആരും ധരിക്കരുത്; പ്രവാചകന്മാരിലൂടെ ദൈവം അറിയിച്ച വചനത്തെ ആവര്‍ത്തിക്കുകയാണ് അപ്പസ്തോലന്‍ ചെയ്തത്! ജോബിന്റെ പുസ്തകത്തില്‍ ഇങ്ങനെ വായിക്കുന്നു: "അവിടുന്ന് ജ്ഞാനിയെ അവന്റെതന്നെ ഉപായങ്ങളില്‍ കുടുക്കുന്നു"(ജോബ്‌:5;13).

ശാലോമിലൂടെ മെത്രാന്‍ നല്‍കിയ സന്ദേശത്തിന്റെ വിശദാംശങ്ങളിലേക്ക് ഇനി നമുക്കു കടക്കാം. ഒരു സഭാവിശ്വാസിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇദ്ദേഹം വചനവിരുദ്ധമായ വിവരണം നല്‍കിയത്. വിശ്വാസിയുടെ സംശയം ഇതായിരുന്നു: 'ക്രൈസ്തവരായ സ്ത്രീകള്‍ നെറ്റിയില്‍ 'പൊട്ടു'തൊടുന്നത് വചനവിരുദ്ധമാണോ?'

ഹൈന്ദവ മതവിശ്വാസപ്രകാരമുള്ള ആചാരമാണ് നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം എന്ന്‍ വ്യക്തമാക്കിക്കൊണ്ടായിരുന്നു മെത്രാന്‍, തന്റെ മറുപടി ആരംഭിച്ചത്. ഹിന്ദുക്കളുടെ മതപരമായ ഒരു ആചാരമാണെന്നു മാത്രമല്ല, മുന്‍കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കു 'പൊട്ടുതൊടല്‍' നിഷിദ്ധമായിരുന്നുവെന്നും മെത്രാന്‍ പറഞ്ഞുവച്ചു! പിന്നീട് മൗനാനുവാദത്തോടെ ക്രൈസ്തവസ്ത്രീകള്‍ അലങ്കാരത്തിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം‍ സമ്മതിക്കുന്നു. പോര്‍ട്ടുഗീസ്‌ മിഷ്ണറിമാര്‍ ദുരാചാരങ്ങള്‍ നീക്കംചെയ്തപ്പോള്‍ കര്‍ശനമായി ഇത്തരം ആചാരങ്ങളെ വിലക്കിയിരുന്നുവെന്നത് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും! എന്നാല്‍, എങ്ങനെ ഈ ദുരാചാരം ക്രൈസ്തവരുടെയിടയിലേക്കു തിരിച്ചുവന്നു? ഈ മടങ്ങിവരവിന് 'കൂനന്‍കുരിശോളം' പഴക്കമേയുള്ളു! ഉദയംപേരൂര്‍ സൂനഹദോസിലെ ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിജാതിയ ആചാരങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്നുള്ളത്. സൂനഹദോസിന്റെ അഞ്ചാം ദിവസത്തെ തീരുമാനങ്ങളില്‍ ചിലത് ഇങ്ങനെ: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്‍ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. വിഗ്രഹങ്ങളെ ആരാധിക്കുന്ന വിജാതിയരുടെ വിദ്യാലയങ്ങളില്‍ മക്കളെ പഠിക്കാന്‍ അയക്കരുതെന്ന് വിലക്കി. കല്‍ദായ പാത്രിയാര്‍ക്കീസിനെ ശീശ്മക്കാരനായി പ്രഖ്യാപിച്ചു. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ പ്രാര്‍ത്ഥനകളില്‍നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി'.

1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ് നടക്കുന്നതുവരെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ അറിയണമെങ്കില്‍, സൂനഹദോസിലെ ഏഴാംദിവസത്തെ ഒരു തീരുമാനം മാത്രം ശ്രദ്ധിച്ചാല്‍ സാധിക്കും. എന്തായിരുന്നു ആ തീരുമാനമെന്നു നോക്കുക: 'മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കി'. അന്നുവരെ ഇല്ലാതിരുന്ന ഒന്നിനെ നിഷിദ്ധമാക്കേണ്ടതില്ലല്ലോ!

സ്പെയിന്‍കാരനായിരുന്ന 'അലെക്സിസ് ഡെ മെനസിസ്' മെത്രാപ്പോലീത്ത ക്രൈസ്തവരില്‍ നടത്തിയ നവീകരണം കേരളത്തിലെ നവോത്ഥാനത്തിന്റെ തുടക്കമായി കരുതാം. മന്ത്രവാദം, കൂടോത്രം, ജാതകപ്പൊരുത്തം നോക്കല്‍ എന്നിവ വിലക്കിയത് അവയില്‍പ്പെടും. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ ജാത്യാചാരങ്ങള്‍ക്കെതിരെ കേരളത്തില്‍ തുടങ്ങിയ ആദ്യത്തെ നിയമം ഒരുപക്ഷേ മെനസിസ് നടപ്പിലാക്കിയതായിരിക്കണം.

1653-ല്‍ കൂനന്‍കുരിശു' സത്യത്തിലൂടെ പോച്ചുഗീസ്-ഇറ്റാലിയന്‍ മിഷ്ണറിമാരെ ആട്ടിയോടിക്കുകയും മറ്റൊരു വൈദേശിയ ശക്തിയായ സിറിയക്കാര്‍ തങ്ങളുടെ നഷ്ടപ്പെട്ട ആധിപത്യം മാര്‍ത്തോമാക്രിസ്ത്യാനികളുടെമേല്‍ ഉറപ്പിക്കുകയും ചെയ്തപ്പോള്‍ പൊടിതട്ടിയെടുത്ത ദുരാചാരങ്ങളില്‍ ഒന്നാണ് ഈ പൊട്ടുകുത്തല്‍! 'കൂനന്‍കുരിശു' സത്യത്തിനുപിന്നില്‍ മാര്‍ത്തോമാക്രിസ്ത്യാനികള്‍ ആയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല! എഴാംനൂറ്റാണ്ടില്‍ ഇന്ത്യയില്‍ കടന്നുവന്നവരും സിറിയയില്‍നിന്ന്‍ ആട്ടിയോടിക്കപ്പെട്ടവരുമാണ് സുറിയാനികള്‍. എന്നാല്‍, ആദ്യനൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ക്രിസ്ത്യാനികളുണ്ട്. അപ്പസ്തോലനായ തോമസ്‌ വിശ്വാസം പകര്‍ന്നു കൊടുത്ത യഹൂദക്രിസ്ത്യാനികളായിരുന്നു അവര്‍. അവരാണ് 'നസ്രാണികള്‍' എന്നറിയപ്പെടുന്ന യാക്കോബിന്റെ സന്തതികള്‍! സിറിയയില്‍നിന്ന്‍ ഭയന്നോടിയ സുറിയാനികള്‍ യാക്കോബിന്റെ വംശാവലിയില്‍പ്പെട്ടവരല്ല! ഇസ്മായിലിന്റെയും ഏസാവിന്റെയും പരമ്പരയിലുള്ളവരായിരുന്നു ഇവര്‍! മാര്‍ത്തോമാക്രിസ്ത്യാനികളെ സുറിയാനികളാക്കിയതിലൂടെ യാക്കോബ് ഭവനത്തിന്റെമേല്‍ ഏസാവുഭവനം ആധിപത്യം ഉറപ്പിക്കുകയായിരുന്നു!

പതിനാറാം നൂറ്റാണ്ടുവരെ സിറിയന്‍ ക്രിസ്ത്യാനികളുടെ സമ്പൂര്‍ണ്ണ ആധിപത്യത്തില്‍ ജീവിച്ചതിലൂടെ ഉണ്ടായ വചനവിരുദ്ധമായ ആചാരങ്ങളാണ് ഭാരതക്രൈസ്തവരില്‍ കടന്നുകൂടിയത്! 1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ കത്തോലിക്കാ സഭയിലേക്ക് ലയിച്ചപ്പോഴാണ് ദുരാചാരങ്ങളില്‍ പലതും നീക്കംചെയ്തത്! ഇത് സുറിയാനികളെ ചൊടിപ്പിച്ചുവെന്നു മാത്രമല്ല, അമ്പത്തിനാല് വര്‍ഷത്തിനപ്പുറം 'കൂനന്‍കുരിശു' സത്യമെന്ന ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു! റോമിനോട് ചേര്‍ന്നുനില്‍ക്കാന്‍  നില്‍ക്കാന്‍ തയ്യാറാകാത്തവര്‍ പരസ്പരം പോരടിച്ചു കഷ്ണങ്ങളാകുകയും ചെയ്തു!

ഇത്രയും സഭാചരിത്രം വിവരിച്ചത് ദുരാചാരങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുത്ത യഥാര്‍ത്ഥ ചരിത്രം മനസ്സിലാക്കുന്നതിനു ഗുണം ചെയ്യും എന്നതിനാലാണ്. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെ ക്രൈസ്തവരുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ ഇവരുടെ ആചാരങ്ങളെ സംബന്ധിച്ച് 'വിക്കിപീഡിയ' നല്‍കുന്ന സൂചനകളില്‍ ഒരുഭാഗം ഇവിടെ ചേര്‍ക്കാം:
'ക്രിസ്ത്യാനികളെ കണ്ടാല്‍ മറ്റു ജാതിക്കാരില്‍നിന്ന് തിരിച്ചറിയാന്‍, കഴുത്തില്‍ ധരിച്ചിരുന്ന കുരിശ് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു. മറ്റു നാട്ടുകാരെപ്പോലെ തലയില്‍ കുടുമയും കാതില്‍ കടുക്കനുമൊക്കെ അവര്‍ക്കുമുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍ നടന്നിരുന്ന ജാതകം, മന്ത്രവാദം എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്നു. ആയിരത്തോളം വർഷങ്ങളായി പേർഷ്യൻ സഭകളുമായി അഭേദ്യമായി ബന്ധത്തില്‍ കഴിഞ്ഞിരുന്ന നസ്രാണികള്‍ ആ വഴിക്കു കിട്ടിയ ആചാരങ്ങളെയും ത്യജിക്കാന്‍ തയ്യാറായിരുന്നില്ല.'

ഇതു മനോവ മെനഞ്ഞെടുത്ത സങ്കല്പങ്ങളല്ല; മറിച്ച്, രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ചരിത്രങ്ങളാണ്. സിറിയയില്‍നിന്ന്‍ വന്ന നേതാക്കന്മാര്‍ ഈ ദുരാചാരങ്ങള്‍ക്ക് പിന്തുണ നല്‍കിയത് ഇതില്‍നിന്നു വ്യത്യസ്ഥമായിരുന്നില്ല അവരുടെ ആചാരങ്ങളും എന്നതിനാലായിരുന്നു. സിറിയന്‍ ക്രിസ്ത്യാനികളുടെ പിന്മുറക്കാരായ ഇസ്ലാമിനെ ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും! മന്ത്രവാദവും ഏലസും ഇസ്ലാംമതക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്നു നമുക്കറിയാം. ഇസ്മായില്‍ പരമ്പരയുടെ സ്വാധീനമാണ് ഇത്! കൂനന്‍കുരിശു സത്യത്തിനു നേതൃത്വം കൊടുക്കാന്‍ സുറിയാനികള്‍ സിറിയയില്‍നിന്നു വരുത്തിയ മെത്രാന്റെ പേരറിയുമ്പോള്‍ മനോവ പറയുന്നതിലെ വാസ്തവം മനസ്സിലാകും. 1650-ല്‍ അന്ത്യോക്യയിലെ സുറിയാനി പാത്രിയാക്കീസിനോട് കേരളത്തിലെ സുറിയാനി ആര്‍ച്ച് ഡീക്കന്‍ അപേക്ഷിച്ചതുപ്രകാരം രണ്ടു വര്‍ഷത്തിനുശേഷം 1652-ല്‍ ഇവിടെയെത്തിയ സുറിയാനി ഓര്‍ത്തഡോക്സ് മെത്രാനാണ് 'ഇഗ്നാത്തിയൂസ് അഹത്തുള്ള'! ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ കൂനന്‍കുരിശു സത്യമാണ് കേരളത്തില്‍ പരസ്പരം പോരടിക്കുന്ന വിവിധ സഭകള്‍ക്ക് ബീജമായത്! ഇയാളുടെ പേരില്‍തന്നെ പാരമ്പര്യം ഏതാണെന്ന് വ്യക്തമാണ്!

1665-ല്‍ കേരളത്തിലെത്തിയ മറ്റൊരു സുറിയാനി മെത്രാനാണ് മാര്‍ ഗ്രിഗോറിയോസ് അബ്ദുള്‍ ജലീല്‍! സുറിയാനികള്‍ എന്നപേരില്‍ ക്രിസ്തീയതയില്‍ വിഭാഗിയതയുണ്ടാക്കിയ ശക്തികളുടെ ഉറവിടം തിരിച്ചറിയാന്‍ ഇത്രയും മതിയാകും! ഒരുകാര്യം അറിഞ്ഞിരിക്കുക: യാക്കോബിന്റെ സന്തതികള്‍ക്കോ അവരുടെ പിന്മുറ അവകാശപ്പെടുന്ന യഥാര്‍ത്ഥ ക്രൈസ്തവര്‍ക്കോ ഇത്തരത്തില്‍ പേരുകളില്ല! പേരുകളില്‍ കാര്യമില്ലെങ്കില്‍, യാഹ്‌വെതന്നെ നേരിട്ട് പേരു മാറ്റിയ സംഭവങ്ങള്‍ കെട്ടുകഥയാണെന്നു ചിന്തിക്കേണ്ടിവരും. എന്തായിരുന്നാലും, സുറിയാനികളുടെ ഉദ്ഭവം തിരിച്ചറിയാന്‍ ഈ പേരുകള്‍ ഉപകരിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്! വിജാതിയതയെ ഒരു  അലങ്കാരമായി ചേര്‍ത്തുനിര്‍ത്തുന്ന സംസ്കാരം സുറിയാനികളില്‍നിന്നു ലഭിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഇവയൊക്കെ ധാരാളം മതി!

ഈ വിഷയങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ലേഖനം 'കൂനന്‍കുരിശും ചില സത്യങ്ങളും' എന്നപേരില്‍ മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍, ഈ വിവരണം ഇവിടെ നിര്‍ത്തുന്നു. വീണ്ടും നമുക്ക് ശാലോമില്‍ മെത്രാന്‍ നടത്തിയ 'പ്രബോധനത്തിലെ' വിശദാംശങ്ങളിലേക്കു ശ്രദ്ധതിരിക്കാം!

ഹൈന്ദവമെങ്കില്‍ എന്തിനു ക്രൈസ്തവര്‍ ഇത് തുടരണം?

ഹിന്ദുക്കളുടെ മതപരമായ ആചാരങ്ങളാണെന്നു സമ്മതിക്കുന്നുവെങ്കില്‍ എന്തിനാണ് ഈ ദുരാചാരങ്ങള്‍ നാം തുടരുന്നത് എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. വെറുമൊരു അലങ്കാരമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന ആഹ്വാനമാണ് മെത്രാന്‍ നല്‍കിയിരിക്കുന്നത്. ഈ വാദത്തെ അംഗീകരിക്കണമെങ്കില്‍ ബൈബിളിനെയും ബൈബിളിലെ ദൈവത്തെയും തള്ളിക്കളയേണ്ടിവരും. കാരണം, സത്യദൈവമായ യാഹ്‌വെ, അവിടുത്തെ പ്രവാചകനായ മോശയിലൂടെ തന്റെ ജനത്തിനു നല്‍കിയിരിക്കുന്ന നിയമം ഇതാണ്: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;30,31). സാംസ്കാരികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ സുറിയാനി ക്രിസ്ത്യാനികള്‍ അനുകരിക്കുന്ന വിജാതിയ ആചാരങ്ങളെല്ലാം അവര്‍ തങ്ങളുടെ ദേവപ്രീതിക്കായി അനുഷ്ഠിക്കുന്നവ മാത്രമാണ്. അലങ്കാരത്തിനായി അനുഷ്ഠിക്കുന്നവയാണെന്ന ധാരണ തികച്ചും അടിസ്ഥാനരഹിതമാണ്!

പുരുഷന്മാര്‍ നെറ്റിയില്‍ ചാര്‍ത്തുന്ന 'തിലകക്കുറി' ഒരിക്കലുമൊരു അലങ്കാരമല്ലെന്ന് കണ്ണുള്ളവര്‍ക്കെല്ലാം അറിയാം! മതപരമായ ആചാരങ്ങള്‍ മാത്രമല്ല, അവരെ ഒരുതരത്തിലും അനുകരിക്കരുതെന്ന് ബൈബിളില്‍ അനേക വചനങ്ങളുണ്ട്. അവയില്‍ ഒന്നിങ്ങനെ: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(ജറെമിയ: 10; 2). ദൈവജനത്തെക്കൊണ്ട് ദൈവത്തെ നിഷേധിപ്പിക്കുകയെന്ന സാത്താന്റെ അജണ്ടയുടെ ഭാഗമാണ് അധികാരികളുടെ മൌനത്തിലൂടെയും രഹസ്യപിന്തുണയിലൂടെയും നടപ്പാക്കപ്പെടുന്നത്!

ഈ മെത്രാന്‍ നല്‍കിയ ഒരു 'മഹത്സന്ദേശം' വേദനയോടെ ഇവിടെ കുറിക്കുന്നു: "തെറ്റാണെന്ന ചിന്തയോടെ ചെയ്യുമ്പോള്‍ മാത്രമാണ് ഒരുകാര്യം പാപമായി മാറുന്നത്; അല്ലാത്തപക്ഷം അതില്‍ പാപമില്ല!"  എവിടെയെത്തി പ്രബോധനങ്ങളുടെ മുന്നേറ്റം എന്ന്‍ ചിന്തിക്കുമ്പോള്‍ ഇടയന്മാരുടെ ആവശ്യം ആടുകള്‍ക്ക് ഇനിയില്ല എന്ന്‍ പറയേണ്ടിവരും. ഇതിനെ അധികാരികളുടെ മൗഢ്യമായി മനോവ കാണുന്നില്ല; മറിച്ച്, അവരുടെ ധാര്‍ഷ്ട്യമാണ്! ആദ്യപാപത്തെപ്പോലും ഇത്തരക്കാര്‍ ന്യായീകരിക്കുകയും അവരെ ശിക്ഷിച്ച ദൈവത്തെ വിമര്‍ശിക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല! പാപത്തിന്റെ ഗൗരവം നിശ്ചയിക്കുന്നത് നിയമം നല്‍കിയ യാഹ്‌വെയാണെന്നു നാം തിരിച്ചറിയണം. "മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(എസക്കി: 3; 16-19). മറ്റൊരു വചനം നോക്കുക: "വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോട് ഞാന്‍ പകരം ചോദിക്കും. മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു"(എസക്കി: 33; 6, 7).

തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകുന്നതിനുപകരം അവയെ ന്യായീകരിക്കുന്ന നേതാക്കന്മാര്‍ക്കെതിരെ വിലാപങ്ങളുടെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "നിന്റെ പ്രവാചകന്മാര്‍ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറനീക്കി കാണിച്ചില്ല"(വിലാപം: 2; 14). പ്രവാചകന്റെ പിന്തുടര്‍ച്ചയാണ് പുരോഹിതന്മാരിലൂടെ ഇന്നു നടപ്പാകേണ്ടത്. പുരോഹിതന്മാര്‍ക്ക് ഈ ദൗത്യം ഇല്ലെന്നു വാദിക്കുന്നവര്‍ക്കായി ജറെമിയാ പ്രവാചകന്റെ സന്ദേശം കുറിക്കാം: "ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6, 7). മെത്രാന്മാര്‍ ഇടയന്മാരാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ലല്ലോ! ഇന്ന്‍ ഈ വചനം അന്വര്‍ത്ഥമാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്തീയത എന്താണെന്നുപോലും അറിയില്ലാത്ത ക്രൈസ്തവരും അവരോടൊപ്പം വിഗ്രഹാലയങ്ങളില്‍ അലഞ്ഞുതിരിയുന്ന ഇടയന്മാരും! കേരളത്തിലെ ക്രൈസ്തവരെ മാത്രമല്ല; ഇവര്‍മൂലം ലോകംമുഴുവനിലുമുള്ള ക്രൈസ്തവരെ വിജാതിയ ആചാരങ്ങള്‍ വിഴുങ്ങുന്നതല്ലേ ഇപ്പോള്‍ കാണുന്നത്!

യാഹ്‌വെയ്ക്കും അവിടുത്തെ പ്രവാചകന്മാര്‍ക്കുമാണോ തെറ്റുപറ്റിയത്? ചില ആധുനികര്‍ക്ക് പഴയനിയമവും പിതാവായ ദൈവവും പഴഞ്ചനാണ്! പുതിയനിയമത്തിന്റെ വക്താക്കളായ ഇക്കൂട്ടര്‍ക്കായി മനോവ നല്‍കുന്ന വചനമിതാണ്: "നിയമജ്ഞരെ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു" (ലൂക്കാ:11;52). രക്ഷകനായ യേഹ്ശുവാ നേരിട്ടു പറഞ്ഞിട്ടുള്ള വചനമാണിത്! മന്ത്രച്ചരടുകളെ ന്യായീകരിക്കുന്ന മെത്രാന്മാര്‍ ഈ വചനമൊന്നു ശ്രദ്ധിക്കുക: "പക്ഷികളെയെന്നപോലെ മനുഷ്യരെ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ക്കു ഞാന്‍ എതിരാണ്"(എസക്കി: 13; 20). വെഞ്ചരിച്ചു ക്രിസ്തീയമാക്കാന്‍ ദൈവം ആവശ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഈ വചനം അറിയിച്ചതു വിജാതിയരോടല്ല; മറിച്ച്, ഇസ്രായേല്‍ ജനത്തോടാണ്. ആധുനീക ഇസ്രായേലായ ക്രൈസ്തവര്‍ക്കുവേണ്ടിക്കൂടിയാണ് ഇത് പ്രഖ്യാപിക്കപ്പെട്ടതെന്നു നാം വിസ്മരിക്കരുത്! നന്മയാണെന്ന ധാരണയില്‍തന്നെയാണ് ഇത്തരത്തിലുള്ള ആചാരങ്ങള്‍ ഇസ്രായേല്‍ജനത സ്വീകരിച്ചത്. അവ തിന്മയാണെന്ന തിരിച്ചറിവ് നല്‍കുവാനാണ് പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും നിയോഗിച്ചതെന്ന വസ്തുത അപ്പസ്തോലികസഭകള്‍ മറന്നുപോയി!

ഈ മെത്രാനോട് മനോവ ഇനിയൊരു സംശയം ചോദിക്കട്ടെ; എല്ലാം നല്ലതെന്ന ധാരണയില്‍ ജീവിച്ചിരുന്ന ജനങ്ങളുടെ ഇടയിലേക്ക് അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് ഇവരെ പാപികളാക്കുകയായിരുന്നോ യേഹ്ശുവാ ചെയ്തത്? അജ്ഞതയില്‍ ജീവിച്ചു നിത്യനാശത്തിലേക്ക് പോയിക്കൊണ്ടിരുന്ന ജനതകളെ അറിവിലേക്കും അതുവഴി നിത്യരക്ഷയിലേക്കും നയിക്കുകയായിരുന്നു യേഹ്ശുവാ ലക്‌ഷ്യം വച്ചതെന്നാണ് മനോവ കരുതുന്നത്. ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഈ വചനമാണ്: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16).

അജ്ഞത എന്ന മഹാമാരി!

പൊട്ടിനെക്കുറിച്ചും മറ്റു വിജാതിയ ആചാരങ്ങളെക്കുറിച്ചും വിശ്വാസിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ തപ്പിത്തടയുന്ന മെത്രാനെയോര്‍ത്ത് വിലപിക്കാതെ തരമില്ല. ഒരുപക്ഷെ, ഹൈന്ദവര്‍ അവരുടെ ക്ഷേത്രങ്ങളില്‍നിന്നു ലഭിച്ച പ്രസാദം നെറ്റിയില്‍ ചാര്‍ത്തുകയും പിന്നീട് അതൊരു ആചാരമായി മാറുകയും ചെയ്തതാകാം എന്നാണ് ഈ മെത്രാന്‍ ഊഹിക്കുന്നത്! മറ്റുചില ആചാരങ്ങളെക്കുറിച്ചും ഈ വൈദീകശ്രേഷ്ഠന്‍ ഊഹങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടിവന്നു. ഇത്തരത്തില്‍ ഊഹങ്ങള്‍ മാത്രം അറിയാവുന്ന ഒരുവനെ ചാനലിലൂടെ സംശയനിവാരണത്തിനു നിയോഗിച്ചത് കത്തോലിക്കാസഭയില്‍ അറിവുള്ളവരുടെ അഭാവംകൊണ്ടാണെന്നു മനോവ കരുതുന്നില്ല. ചില സ്ഥാപിത താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ചാനലിന്റെ വ്യഗ്രത മാത്രമായിട്ടേ ഇതിനെ കാണുന്നുള്ളൂ!

മനോവ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള കാര്യംതന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ്; ഹിന്ദുക്കള്‍ ആചരിക്കുന്ന ഓരോ അനുഷ്ഠാനങ്ങള്‍ക്കും വ്യക്തമായ അര്‍ത്ഥമുള്ളതും ദേവപ്രീതിക്കുള്ള അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ക്രിസ്ത്യാനിക്ക് ഇതൊരു അലങ്കാരമായി ദൈവം അനുവദിച്ചിട്ടില്ല. ഇതെല്ലാം വ്യക്തമായി അറിയുന്ന ദൈവമാണ് നിയമത്തിലൂടെ ഇവയെ വിലക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഊഹങ്ങള്‍ക്കു പിന്നാലെയുള്ള ഈ പ്രയാണം ദൈവനിഷേധവും ധിക്കാരവുമാണ്‌!

അവരുടെ ആചാരങ്ങളെ ക്രിസ്തീയമാക്കി സഭാമക്കളെ വഞ്ചിക്കുന്ന പ്രവണത നേതാക്കന്മാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍, നിങ്ങളെ അനുസരിക്കാന്‍ ആടുകള്‍ ഉണ്ടാകില്ലെന്ന് ഇടയന്മാരെ മനോവ ഓര്‍മ്മിപ്പിക്കുകയാണ്! മന്ത്രച്ചരടുകളെ വെഞ്ചരിച്ച് ക്രൈസ്തവരെ അണിയിക്കാന്‍ തുനിയുന്നതും വിജാതിയതയോടുള്ള അഭിനിവേശമാണെന്നു തിരിച്ചറിയാന്‍ കഴിയും! യഥാര്‍ത്ഥത്തില്‍ അജ്ഞതയില്‍ കഴിയുന്നവരോ അജ്ഞത നടിക്കുന്നവരോ ആയ ഒരു നേതാക്കന്മാരെയും ഇനി സഭ ചുമക്കേണ്ടതില്ല. കാരണം, വചനം ഇങ്ങനെ പറയുന്നു: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌"(മലാക്കി:2;7). എന്നാല്‍, പുരോഹിതരുടെ ഇന്നത്തെ ജീര്‍ണ്ണിച്ച അവസ്ഥയും പ്രവാചകനിലൂടെ യാഹ്‌വെ ചൂണ്ടിക്കാണിക്കുന്നു: "എന്നാല്‍, നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു"(മലാക്കി:2;8). ഇതല്ലേ ഈ മെത്രാനിലൂടെ ശാലോമിന്റെ പ്രേക്ഷകര്‍ കണ്ടത്?! ഇത്തരക്കാര്‍ക്കുള്ള യാഹ്‌വെയുടെ മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: "നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി:2;9). ഈ വചനം അന്വര്‍ത്ഥമാകുമ്പോള്‍ ആരും അസ്വസ്ഥരാകേണ്ട! ജനത്തിനു വേണ്ടത് അതേ എന്നോ അല്ലാ എന്നോ ഉള്ള ഉത്തരമാണ്. ഊഹം പറയാനായി പുരോഹിതരുടെ ആവശ്യമില്ല; ജനം സ്വയം ഊഹിച്ചുകൊള്ളും!

ദൈവവചനത്തെ അടിസ്ഥാനമാക്കി മനോവയ്ക്ക് പറയാനുള്ളത് ഇതാണ്: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ കാണരുത്"(നിയമാവര്‍ത്തനം:18;9-11).

ദൈവത്തിന്റെ താക്കീതിനെ ലഘൂകരിച്ച് ജനത്തെ വഞ്ചിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും വിമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെയാണ്. ഇത്തരത്തിലുള്ള ഇടയന്മാരുടെ ബോധവത്ക്കരണത്തിലൂടെ വന്നുഭവിക്കുന്ന മഹാദുരന്തത്തെ കാണാതെപോകരുത്! "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ:2;8).

പാപത്തെ പുണ്യമാക്കുന്ന ആത്മവഞ്ചന!

'പോസിറ്റീവ് തിങ്കിംഗ്' എന്ന ഓമനപ്പേരിട്ട് സാത്താന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്ന ദുരന്തമാണ് പാപത്തെ പുണ്യമായി ചിന്തിപ്പിക്കുന്ന കൗശലം! എല്ലാറ്റിലും നന്മ കാണാനുള്ള ആഹ്വാനം കേള്‍ക്കുമ്പോള്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യം പലരും തിരിച്ചറിയില്ല! തിന്മയും നന്മയും നമ്മുടെ മനോഭാവത്തില്‍ ആണെന്നുള്ള സിദ്ധാന്തത്തില്‍ വലിയൊരു ദുരന്തം പതിയിരിപ്പുണ്ട്. ഇത്തരം വാദഗതികളുമായി ചുറ്റിത്തിരിയുന്നവരുടെ ദൃഷ്ടിയില്‍ പാപം എന്നൊന്നില്ല! എല്ലാ പാപങ്ങളെയും പുണ്യമായി(പോസിറ്റീവ്) ഇക്കൂട്ടര്‍ പരിഗണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വിധത്തിലുള്ള ആശയങ്ങളില്‍ ആകൃഷ്ടരാകാന്‍ സാധ്യതയുള്ളവര്‍ക്കായി ചില വചനങ്ങള്‍ കുറിക്കുന്നു: "ദുഷ്ടരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവനും, നീതിമാന്മാരില്‍ കുറ്റം ചുമത്തുന്നവനും, ഒന്നുപോലെ യാഹ്‌വെയെ വെറുപ്പിക്കുന്നു"(സുഭാ:17;15). മറ്റൊരു വചനം നോക്കുക: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശ:5;20).

ഓരോന്നും അവ ആയിരിക്കുന്ന അവസ്ഥയിലല്ലാതെ പരിഗണിക്കുവാന്‍ യാഹ്‌വെ നമ്മെ അനുവദിച്ചിട്ടില്ല. വിജാതിയമായ ആചാരങ്ങളെ ക്രിസ്തീയവത്ക്കരിച്ച് സഭകളില്‍ നിയമമാക്കുന്ന പ്രവണത ഈ വചനത്തിനെതിരെയുള്ള പാപമാണെന്ന് ചിലരെങ്കിലും അറിയുന്നില്ല! ഇന്ത്യയിലെ ക്രൈസ്തവര്‍ തങ്ങളുടെ ആരാധനയുടെയും ആചാരങ്ങളുടെയും ഭാഗമായി സ്വന്തമാക്കിയിരിക്കുന്ന പലതും പിശാചിന്റെ ഉത്പന്നങ്ങളാണ്! പോര്‍ട്ടുഗീസ്‌ മിഷ്ണറിമാരുടെ കാലത്ത് തുടച്ചുമാറ്റിയ പല ദുരാചാരങ്ങളെയും ശാസ്ത്രീയ ഭാഷ്യം നല്‍കിക്കൊണ്ട് സഭയുടെ ഭാഗമാക്കാന്‍ 'ഫ്രീമേസണ്‍'സംഘം പരിശ്രമിക്കുന്നു. ഉന്നതരില്‍നിന്ന്‍ വരുന്ന ദുരാചാരങ്ങളെ പുണ്യമായി കരുതുന്ന ദുര്‍ബലരായ വിശ്വാസികള്‍ അതുവഴി നിത്യനാശത്തില്‍ പതിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം!

മന്ത്രച്ചരടുകളെ ക്രിസ്തീയവത്കരിച്ചതുപോലെ എല്ലാ ദുരാചാരങ്ങളെയും നന്മയുടെ ഭാഗമാക്കി മാറ്റാനുള്ള കുത്സിതശ്രമം ചില കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്! രക്ഷാബന്ധന്‍(രാഖി) എന്നപേരില്‍ മന്ത്രച്ചരടുകള്‍ സകലരെയും അണിയിക്കാനുള്ള ഹൈന്ദവകുതന്ത്രത്തെ തിരിച്ചറിയാതെ, അവയെ സ്വീകരിക്കുന്നവര്‍ സാധാരണ വിശ്വാസികള്‍ മാത്രമല്ല; എകരക്ഷകനായ യേഹ്ശുവായുടെ ശുശ്രൂഷകരെന്നു പറയപ്പെടുന്ന വൈദീകരും 'കാന്യാസ്ത്രീ'കളുമുണ്ട്! ഇസ്രായേല്‍ എന്നാല്‍ വേറിട്ട ജനതയാണെന്നു മനസ്സിലാക്കാതെ തങ്ങള്‍ ഇസ്രായേലിന്റെ ഭാഗമാണെന്നു വീമ്പിളക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണ്!

കേരളത്തിലെ കത്തോലിക്കാസഭയില്‍ കടന്നുകൂടിയിരിക്കുന്ന വിജാതിയ ദുര്‍ഭൂതം തയ്യാറാക്കിയിരിക്കുന്ന ഒരു മഹാദുരന്തത്തെക്കുറിച്ച് ഈ അടുത്ത ദിവസങ്ങളില്‍ അറിയുവാന്‍ കഴിഞ്ഞു. ബൈബിളിനെ വിജാതിയവത്കരിക്കാനുള്ള പൈശാചിക പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു അത്! യേഹ്ശുവാ കടലിനെ ശാന്തമാക്കിയതും കാളിയമര്‍ദ്ദനത്തെയും ഒന്നാക്കി ചിത്രീകരിക്കുന്ന ദൈവനിന്ദ ഈ പുസ്തകത്തിന്റെ താളുകളിലുണ്ട്. ഇതുപോലെ ബൈബിളിലെ സംഭവങ്ങളെ ഐതീഹ്യങ്ങളും കെട്ടുകഥകളും പൈശാചിക സന്ദേശങ്ങളും അടങ്ങിയ വിജാതിയതയോടു ചേര്‍ത്തുവയ്ക്കുന്ന ഈ ആശയം ഉരുത്തിരിഞ്ഞത് എവിടെനിന്നാണെന്നു വിശ്വാസികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ നിത്യനരകത്തില്‍ പതിക്കും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല!

ഏകസത്യമാര്‍ഗ്ഗമായ ക്രിസ്തീയ വിശ്വാസത്തെ വിജാതിയരുടെ പൈശാചികഭവനത്തില്‍ കൊണ്ടുചെന്നെത്തിക്കാന്‍ പ്രയത്നിക്കുന്ന കാവിപ്രേമികളായ സഭാധികാരികളെ തിരിച്ചറിഞ്ഞ്, അവരെ ഒറ്റപ്പെടുത്തേണ്ടത് ദൈവജനത്തിനുമേല്‍ ഭരമേല്പിക്കപ്പെട്ട ചുമതലയാണ്! ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം കത്തോലിക്കാസഭയില്‍ ഇന്നും ശേഷിക്കുന്നതിനാല്‍ മാത്രമാണ് പൈശാചികസംഘങ്ങളുടെ അജണ്ടകള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയാതെവരുന്നത്!

ക്രൈസ്തവസഭാ ശ്രേഷ്ഠന്മാരുടെ അജ്ഞതയെ ചൂഷണം ചെയ്തുകൊണ്ട് വിളവെടുപ്പു നടത്തുന്നത് സാത്താനാണ്. ആദ്ധ്യാത്മികജ്ഞാനമില്ലാത്ത ബുദ്ധിജീവികളുടെ കരാളഹസ്തത്തില്‍ ക്രൈസ്തവസഭകളുടെ നേതൃത്വം അമര്‍ത്തപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണിത്. ലോകത്തിന്റെ വിജ്ഞാനത്തെ യഥാര്‍ത്ഥ ജ്ഞാനമായി തെറ്റിദ്ധരിച്ച്‌ അബദ്ധസഞ്ചാരം നടത്തുന്ന ചില സംഘങ്ങളാണ് സഭാമക്കളെ നയിക്കാന്‍ ഇടയവേഷംകെട്ടി ഇറങ്ങിയിരിക്കുന്നത്. വചനാനുസൃതമായി ആത്മീയജീവിതം നയിക്കുന്നവരെ ഇക്കൂട്ടര്‍ സംശയത്തോടെ നോക്കിക്കാണുന്ന പ്രവണതയുമുണ്ട്. അന്യദേവാരാധനയില്‍നിന്ന്‍ വേറിട്ട്‌ യഥാര്‍ത്ഥ ആദ്ധ്യാത്മികതയില്‍ മുന്നോട്ടു പോകുന്നവരെ വിലക്കാനും സഭാവിരുദ്ധരായി ചിത്രീകരിക്കാനും ഇടയവേഷധാരികള്‍ ശ്രമിക്കുന്നതായും കാണാം!

ജാതകം കുറിക്കല്‍, രാഹുകാലവും ഗുളികകാലവും നോക്കല്‍, മന്ത്രവാദം, ആഭിചാരം തുടങ്ങിയ വചനവിരുദ്ധമായ അനുഷ്ഠാനങ്ങളുമായി ജീവിക്കുന്നവരെ ശ്രേഷ്ഠരായി പരിഗണിച്ചു ബഹുമാനിക്കുകയും ഇത്തരം അനുകരണങ്ങളില്‍നിന്നു വേറിട്ടു ജീവിക്കുന്നവരെ സംശയത്തോടെ അകറ്റിനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ മനോവയുടെ ഭാവനയല്ല. സ്വന്തം അനുഭവങ്ങളില്‍നിന്നു വായനക്കാര്‍ ഇത് മനസ്സിലാക്കിയിട്ടുള്ളതാണ്! നെറ്റിയിലെ പൊട്ടും നിലവിളക്കും മറ്റു വിജാതിയ അനുകരണങ്ങളും ക്രിസ്തീയതയ്ക്കു നിഷിദ്ധമാണെന്ന് പറയുന്നവര്‍ എങ്ങനെയാണ് സഭാവിരുദ്ധരാകുന്നത്? യാഹ്‌വെയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നവര്‍ സഭാവിരുദ്ധരാണെന്നു പറയുന്നവര്‍ ആരുടെ പക്ഷത്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ ആടുകളെ നയിക്കുന്നത് യഥാര്‍ത്ഥ ആലയിലേക്കല്ല; മറിച്ച്, കൊലക്കളത്തിലേക്കാണ്!

വിജ്ഞാനികളെന്നു സ്വയം ഭാവിക്കുന്ന നേതാക്കന്മാരുടെ തടവറയില്‍നിന്നു മോചനംനേടി യഥാര്‍ത്ഥ ജ്ഞാനത്തില്‍ വ്യാപരിക്കാത്തപക്ഷം ശിക്ഷാവിധിയാണ് അവരെ കാത്തിരിക്കുന്നത്. ഈ വചനം ഓര്‍ക്കുക: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1കോറി:8;2). അറിയേണ്ടത് അറിയാതെ, ലോകത്തിന്റെ അറിവിനെ ഏറ്റവും ശ്രേഷ്ഠമായി പരിഗണിക്കുന്നവരാണ് ആത്മീയമനുഷ്യരെ അവജ്ഞയോടെ കാണുന്നത്.

ബാഹ്യമായ ദൃഷ്ടിയില്‍ എത്ര നന്മയെന്നു തോന്നിയാലും വിജാതിയര്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ ക്രൈസ്തവര്‍ അനുകരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം അനുവദിച്ചിട്ടില്ല. ഇത്തരം അനുകരണക്കാരുടെ ഓഹരി വിജാതിയരുടെ ഓഹരി തന്നെയായിരിക്കും! നിങ്ങള്‍ ഇടംവലം വ്യതിചലിക്കാതെ എല്ലാക്കാലവും അനുസരിക്കണമെന്നു കല്പിച്ചുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമം ഒന്നുകൂടി ആവര്‍ത്തിക്കുന്നു: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;30,31).

ദൈവജനത്തെ നയിക്കാനായി സ്വയം ചമഞ്ഞിറങ്ങിയിരിക്കുന്ന ഇടയന്മാരെക്കുറിച്ച് യേഹ്ശുവാ പറഞ്ഞിരിക്കുന്ന ഒരു വചനംകൂടി കുറിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കാം. വചനം ഇങ്ങനെയാണ്: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ:15;14). നല്ല കാഴ്ചയുള്ളവരെപ്പോലും നയിക്കാന്‍ തയ്യാറാകുന്ന അന്ധരാണ് സഭകളില്‍ ഇന്നുള്ള ഏറ്റവും വലിയ ദുരവസ്ഥ! ഇവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള സന്ദേശമാണ് യേഹ്ശുവാ ഈ വചനത്തിലൂടെ നമുക്ക് നല്‍കിയിരിക്കുന്നത്!

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം: നെറ്റിയിലെ 'പൊട്ടും' വെളിപാടിലെ സര്‍പ്പവും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4593 views

LOG IN

Lost your password?

SIGN UP

LOST PASSWORD