വിജാതിയതയുടെ ദുരന്തം

‘ശ്രീ’ യേശുവും, യേശു ‘ദേവനും’!

Print By
about

യേശു എന്നത് ക്രിസ്തുവിന്റെ യഥാര്‍ത്ഥ പേരല്ലെങ്കിലും, യേഹ്ശുവായെ ഉദ്ദേശിച്ചുതന്നെയാണ്‌ ഇങ്ങനെ വിളിക്കുന്നതെന്നു നമുക്കറിയാം. അവിടുത്തെ യഥാര്‍ത്ഥ പേര് ദൈവജനത്തിന്റെ അധരങ്ങളില്‍നിന്നു നീക്കംചെയ്യുന്നതിനുവേണ്ടി സാത്താനും അവന്റെ അനുയായികളും കൗശലപൂര്‍വ്വം നടത്തിയ ശ്രമങ്ങളുടെ പരിണിതഫലമായി അര്‍ത്ഥമില്ലാത്ത പേരുകള്‍ നിലവില്‍വന്നു. ഈ പേരിനെ നീക്കിക്കളയുന്നതിലൂടെ മനുഷ്യരെ രക്ഷയില്‍നിന്ന് അകറ്റിക്കളയുക എന്നതായിരുന്നു സാത്താന്റെ ലക്‌ഷ്യം. അവന്റെ ശ്രമം വിജയിച്ചുവെങ്കിലും, ഇതിലൂടെ വലിയൊരു നന്മയുണ്ടായി എന്നതില്‍ നമുക്ക് ആശ്വസിക്കാം. എന്തെന്നാല്‍, സാത്താന്‍ നടത്തിയ ഈ തിരിമറിയിലൂടെ വലിയൊരു ശാപമാണ് നീങ്ങിപ്പോയത്. യാഹ്‌വെയുടെ പേര് വൃഥാ ഉപയോഗിക്കരുതെന്ന അലംഘനീയമായ കല്പനയെ പരിഗണിക്കാതെ, ആ പേര് ദുരുപയോഗിക്കാന്‍ മനുഷ്യന്‍ നടത്തിയ ശ്രമങ്ങള്‍ നിഷ്ഫലമായി! ഇന്ത്യയിലെ ക്രിസ്ത്യാനികളുടെമേല്‍ വന്നുഭവിക്കേണ്ടിയിരുന്ന വലിയ ദുരന്തമാണ് ഇതിലൂടെ നീങ്ങിപ്പോയത്. ശ്രീയേശു, യേശുദേവന്‍ തുടങ്ങിയ പൈശാചിക വിശേഷണങ്ങളിലൂടെ മലിനമായത് ആരുടെയോ അര്‍ത്ഥമില്ലാത്ത പേരാണ്! സാത്താന്‍ ഈ തിരിമറി നടത്തിയില്ലായിരുന്നുവെങ്കില്‍, ദൈവത്തിന്റെ പരിശുദ്ധമായ പേര് കളങ്കപ്പെടുത്തി എന്ന ശിക്ഷ ഇന്ത്യന്‍ സഭയുടെമേല്‍ വന്നുഭവിക്കുമായിരുന്നു! തിന്മയില്‍നിന്നുപോലും നന്മ ഉളവാക്കാന്‍ ദൈവത്തിനു സാധിക്കും! ഇനി വിഷയത്തിലേക്കു കടക്കാം.

യേഹ്ശുവായെ വിജാതിയവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുന്ന സംബോധനകള്‍ എത്രത്തോളം തിന്മനിറഞ്ഞതും ദൈവനിന്ദയുമാണെന്ന് പലര്‍ക്കും അറിയില്ല. കാരണം, ഇവയുടെയെല്ലാം അര്‍ത്ഥം മനസ്സിലാക്കാതെ കേട്ടതെല്ലാം അപ്പാടെ പാടി നടക്കുന്നവര്‍ സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇത്തരം സംബോധനകളുടെ അര്‍ത്ഥം എന്താണെന്നു തിരിച്ചറിഞ്ഞതിനുശേഷം നിങ്ങള്‍തന്നെ തീരുമാനിക്കുക പുകഴ്ത്തലോ ഇകഴ്ത്തലോ എന്നത്. ശ്രീ എന്ന സംബോധനയെക്കുറിച്ച് ആദ്യമായി പരിശോധിക്കാം!

ഇംഗ്ലീഷില്‍ മിസ്റ്റര്‍&മിസ്സിസ് എന്ന് പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ച് അഭിസംബോധന ചെയ്യുന്നതുപോലെ ഇതരഭാഷകളില്‍ വ്യത്യസ്ഥങ്ങളായ സംബോധനാ വാക്കുകളുണ്ട്. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീമാന്‍-ശ്രീമതി എന്നീ വാക്കുകളാണ്. പുരുഷന്മാരെ കുറിക്കുമ്പോള്‍ ശ്രീമാന്‍ എന്ന് എല്ലായ്പ്പോഴും പറയാറില്ല; പകരം ശ്രീ എന്നു മാത്രമെ ചേര്‍ക്കാറുള്ളു. അര്‍ത്ഥം പരിഗണിക്കുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഉപയോഗിക്കാവുന്ന വാക്കാണിത്. എന്തെന്നാല്‍, ഈ വാക്കിന് ഐശ്വര്യം എന്നാണ് അര്‍ത്ഥം! ശിവഭക്തരെ സംബന്ധിച്ചിടത്തോളം ഐശ്വര്യവും ശ്രീമാനും ശ്രീമതിയും ശ്രീയുമെല്ലാം ശ്രേഷ്ഠമാണെങ്കിലും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് ശപിക്കപ്പെട്ട വാക്കുകളാണ്. ഈ വാക്കുകളുടെ അര്‍ത്ഥം പരിശോധിക്കുമ്പോള്‍ അത് മനസ്സിലാകും. ഐശ്വര്യംഎന്ന വാക്കിന്റെ അര്‍ത്ഥം ഈശ്വരസാന്നിദ്ധ്യം എന്നാണ്. ഈശ്വരന്‍ എന്നത് ശിവന്റെ മറ്റൊരു പേരായിരിക്കുന്നതുകൊണ്ടുതന്നെ, ഈശ്വരസാന്നിദ്ധ്യം എന്നാല്‍ ശിവസാന്നിദ്ധ്യം എന്നാണ് അര്‍ത്ഥം! ശ്രീമാനും ശിവന്റെ മറ്റൊരു പേരാണ്. ശ്രീമതി ആകട്ടെ ശിവന്റെ ഭാര്യയും കാമാക്ഷിയുമായ പാര്‍വ്വതിയുടെ മറ്റൊരു പേരും! എല്ലാ അര്‍ത്ഥത്തിലും പൈശാചികത തുളുമ്പിനില്‍ക്കുന്ന പേരുകളാണ് ഇവയെല്ലാം. ഈ യാഥാര്‍ത്ഥ്യം പലരും മനസ്സിലാക്കിയിട്ടില്ലഎന്നതാണ് സത്യം. ഒരു വ്യക്തിയുടെ പേരിനുമുമ്പില്‍ ശ്രീ ചേര്‍ത്ത് ആ പേരിനെ ഐശ്വര്യ പൂര്‍ണ്ണമാക്കുകയാണു ചെയ്യുന്നതെന്ന് ഹിന്ദുക്കള്‍ പറയുന്നു! പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു മനുഷ്യന്റെ പേരിനുമുന്നിലും ശ്രീയെന്ന് സംബോധന ചെയ്യാമെന്നാണ് ഇവരുടെ വാദം!

മലയാളഭാഷാ നിഘണ്ടുവില്‍ ശ്രീയെന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍ നോക്കുക: ഐശ്വര്യം, ധനം, നിധി, ശ്രേയസ്, ലക്ഷ്മീദേവി, ശ്രീപാര്‍വ്വതി, സരസ്വതി, ശക്തി, ബുദ്ധി, കീര്‍ത്തി, വിജയം, ശോഭ, പ്രഭാവം, വാക്ക്, ശ്രീരാഗം എന്നിങ്ങനെയാണ്. ചില ഹൈന്ദവ ദേവതകളുടെ പേരുകളോടൊപ്പം ചില വിശേഷണ പദങ്ങളും ശ്രീയുടെ പര്യായങ്ങളിലുണ്ട്. ഇത്തരം നാമവിശേഷണങ്ങള്‍ പേരിനു മുന്നില്‍ ചേര്‍ക്കുന്നതിലൂടെ, പേരിനെ പവിത്രീകരിക്കുകയോ ശക്തിപ്പെടുത്തുകയോ ആണ് ശിവഭക്തരുടെ ലക്ഷ്യം! ഹിന്ദുക്കളുടെ ദേവതകളുടെയും ദേവന്മാരുടെയും കൂടെ ശ്രീ ചേര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. ഇതിലൂടെതന്നെ ഈ പേരുകള്‍ക്കു പോരായ്മയുണ്ടെന്നു വ്യക്തമാകുന്നു. (ശ്രീയെന്ന പദം ഉപയോഗിച്ചാല്‍ ഏതു ശപിക്കപ്പെട്ടവരെയും വിശുദ്ധനാക്കാമെന്നത് വ്യര്‍ത്ഥതയാണെന്നു നമുക്കു ചിന്തിച്ചാല്‍ മനസ്സിലാകും).

ശ്രീ ചേര്‍ത്തുള്ള ചില പേരുകള്‍ ശ്രദ്ധിക്കാം; സ്വതവേ പേരില്‍തന്നെ ശ്രീയുള്ളവയാണത്. ശ്രീകണ്ഠന്‍ ഇത്തരത്തിലുള്ള ഒരു പേരാണല്ലോ! ശിവന്റെ പര്യായമാണു ശ്രീകണ്ഠന്‍. അതുപോലെതന്നെ ശ്രീകോവിലെന്നാല്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലമെന്നാണ് അര്‍ത്ഥം! ശ്രീകുട്ടിച്ചാത്തന്‍ എന്ന് ചെകുത്താനെയും സംബോധന ചെയ്ത് അവന്റെ പേരിനെ പവിത്രീകരിക്കുന്നുണ്ടെന്നത് രസകരമായ കാര്യമാണ്. ഹിന്ദുത്വത്തില്‍ ചെകുത്താനും പരമപ്രധാനമായ സ്ഥാനം ഉണ്ടെന്നതിനാല്‍ ഇതില്‍ അദ്ഭുതപ്പെടാനില്ല! പിശാചുകള്‍ക്ക് പേരുകള്‍ നല്‍കി ദേവീ-ദേവന്മാരാക്കുന്നത് കൂടാതെ, ചാത്തന്‍ എന്ന പേരില്‍ത്തന്നെ അവനെ അംഗീകരിക്കുന്നവരാണ് ഹിന്ദുക്കള്‍! ഇവരുടെ മതഗ്രന്ഥങ്ങളും ശ്രീ ചേര്‍ത്താണു വിളിക്കപ്പെടുന്നത്. വിശുദ്ധമായ ഒന്നിനെ വീണ്ടും വിശുദ്ധീകരിക്കേണ്ടതില്ലല്ലോ? ഇതില്‍നിന്നുതന്നെ സ്വതവേ വിശുദ്ധമല്ലാത്ത ഒന്നിനെയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ വിശുദ്ധമാക്കുന്നതെന്നു വ്യക്തം!

യേശുവെന്ന പേരിലൂടെ യേഹ്ശുവായെയാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍, ഈ പേരിനു മുന്‍പില്‍ ശ്രീ പ്രയോഗം എത്രമാത്രം അപ്രായോഗികമാണെന്ന് ഇനി പരിശോധിക്കാം! ഇംഗ്ലീഷിലെ മിസ്റ്റര്‍ എന്നവാക്കിനു പകരം മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ മാത്രമല്ല ശ്രീയും ശ്രീമാനും! കാരണം, ഇംഗ്ലീഷ് ബൈബിളില്‍ ഒരിടത്തും യേഹ്ശുവായെ  മിസ്റ്റര്‍ ജീസസ് എന്നു സംബോധന ചെയ്തതായി കാണുന്നില്ല. ഇതിലൂടെതന്നെ ഇക്കാര്യം വ്യക്തമാകുന്നു.

യേശു, ഈശോ, ജീസ്സസ്, എന്നിങ്ങനെ വിവിധ ഭാഷകളിലേക്ക് യേഹ്ശുവാ എന്ന പേര് മാറ്റിയതുതന്നെ ദൈവദൂഷണപരമാണ്. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥസമ്പുഷ്ടമായ പേരാണ് യേഹ്ശുവാ എന്ന പേരിലൂടെ സ്വര്‍ഗ്ഗം പ്രഖ്യാപിച്ചിരിക്കുന്നത്. യേശു, ഈശോ, ജീസസ് എന്നീ പേരുകളില്‍ ഒന്നില്‍പോലും യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമില്ല. എന്നിരുന്നാലും, അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം പരിഗണിക്കാത്തതുകൊണ്ട് ഈ വാക്കുകളിലൂടെ ഉദ്ദേശിച്ചത് യേഹ്ശുവായെ തന്നെയായിരുന്നുവെന്ന് അംഗീകരിക്കാം. എന്നാല്‍, യഥാര്‍ത്ഥ പേര് അതിന്റെ പൂര്‍ണ്ണതയില്‍ ലഭിച്ചുകഴിയുമ്പോള്‍ മറ്റെല്ലാ പേരുകളും അസാധുവാകും!

ഇനി കാര്യത്തിലേക്കുവരാം; യേശു എന്ന പേര് യഥാര്‍ത്ഥ പേരല്ലെങ്കില്‍ക്കൂടി, യേഹ്ശുവായെ ഉദ്ദേശിച്ചാണ് ആ പദം ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ യേശു എന്ന പേരിന് ഇനിയുമൊരു വിശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടോ? ലോകത്തെ മുഴുവന്‍ വിശുദ്ധീകരിക്കാന്‍ തക്കവിധം പരിശുദ്ധനായവന്റെ പേരായിട്ടാണല്ലോ യേശുവെന്ന പേര് പലരും പരിഗണിച്ചിരിക്കുന്നത്! എല്ലാ പേരുകള്‍ക്കുംമേലെ ദൈവം ഉയര്‍ത്തി സ്ഥാപിച്ച പേരിനെ വിശുദ്ധീകരിക്കാന്‍, കുട്ടിച്ചാത്തനെ വിശുദ്ധീകരിക്കാന്‍പോലും ഉപയോഗിക്കുന്ന ഒരു പദം ഉപയോഗിക്കുന്നതിലൂടെ പിശാചിന് ഒരു ഗൂഢലക്ഷ്യമുണ്ട്. യേഹ്ശുവായുടെ പേര് വ്യക്തതയോടെ കേള്‍ക്കുന്നതില്‍ സാത്താന് അസ്വസ്ഥതയുള്ളതുപോലെ, അവിടുത്തെ ഉദ്ദേശിച്ചു വിളിക്കപ്പെടുന്ന യേശുവെന്ന പേര് കേള്‍ക്കുന്നതുപോലും സാത്താന്റെ നട്ടെല്ലിനെ മരവിപ്പിക്കുന്ന പ്രഹരമാണ്! ക്രിസ്തുവിന്റെ പേരിനോട് മറ്റെന്തെങ്കിലും ചേര്‍ത്തുവച്ച് ആ ഉന്നതമായ പേരിന്റെ ശക്തി കുറയ്ക്കുകയെന്നത് അവന്റെ ആവശ്യമാണ്. അതോടൊപ്പം, അവിടുത്തെ പേരിന് ഇനിയും വിശുദ്ധി വേണമെന്നു ചിന്തിപ്പിക്കുന്നതിലൂടെ, ആ പേരിനെയും, ആ പേരിനെ പരമോന്നതിയിലേക്ക് ഉയര്‍ത്തിയ ദൈവത്തെയും ഇകഴ്ത്തുകയാണു ചെയ്യുന്നത്. എന്തെന്നാല്‍, അവിടുത്തെ പേരിനു മുന്നില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കും. അത് ശ്രീയേശു എന്ന പേരിനു മുന്നിലല്ല. യേഹ്ശുവാ വീണ്ടും വരുന്നതുവരെ തത്ക്കാലം പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിലാണു പിശാച്!

യേഹ്ശുവാ ഇന്ന് ദൈവമാണ്! ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത കണക്കിലെടുക്കാതെ മനുഷ്യനായി ഈ ഭൂമിയിലേക്കു വന്നു. തന്റെ രക്ഷാകരദൌത്യം പൂര്‍ത്തിയാക്കി ആയിരുന്നിടത്തേക്ക് തിരികെപ്പോയി; ഇനി യേഹ്ശുവാ മനുഷ്യന്‍ മാത്രമല്ല, പൂര്‍ണ്ണനായ ദൈവവുമാണ്. ഇനിയൊരിക്കലും അവിടുത്തെ ദൈവത്വം ഇല്ലാതാകുകയില്ല! അതിനാല്‍തന്നെ ആ പരിശുദ്ധിയെ വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യനു കഴിയുകയില്ല; അതു പൂര്‍ണ്ണതയിലാണുള്ളത്. അവിടുത്തെ പരിശുദ്ധമായ പേരിനെ പവിത്രീകരിക്കാന്‍ മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങള്‍, തനി തങ്കത്തിനു പുറത്ത് പിച്ചള പൊതിയുന്നതുപോലെ അപഹാസ്യമായ പ്രവര്‍ത്തിയുമാണ്!

ദേവനാക്കി തരംതാഴ്ത്തരുത്!

“ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ- എങ്കിലും, നമുക്ക് ഒരു ദൈവമെയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു രക്ഷകനേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ”(1കോറി:8;4-6).

‘മുന്നൂറ്റിമുക്കോടി’ ദേവഗണങ്ങളില്‍ ഒരുവനായി യേഹ്ശുവായെ അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാണ്. എന്നാല്‍, ദൈവം എന്നു വിളിക്കാന്‍ അവര്‍ തയ്യാറാകില്ല. അതില്‍നിന്നുതന്നെ ദേവന്മാരും ദൈവവും തമ്മില്‍ വലിയ അന്തരമുണ്ടെന്നു മനസ്സിലാകുമല്ലോ! ഏതു ശക്തിയേയും ദേവന്മാരായി കാണുന്നവര്‍, സിദ്ധന്മാരെയും മാന്ത്രികന്മാരെയും കുറച്ചുകാലം ‘യോഗ’ ചെയ്താല്‍ അവരെയും ദേവന്മാരായി കാണാനും ആരാധിക്കാനും മടിയില്ലാത്തവര്‍, യേഹ്ശുവായെ ദേവനാക്കിയാല്‍ അതു ബഹുമതിയല്ല അവമതിയാണ്! ഹിന്ദുക്കള്‍ യേഹ്ശുവായെ യേശുദേവനെന്നും ക്രിസ്തുദേവനെന്നും വിളിക്കുന്നതുകേട്ട് ക്രൈസ്തവര്‍ സന്തോഷിക്കേണ്ട! അവരോടൊപ്പം ചേര്‍ന്ന് അവരെ അനുകരിക്കുകയും വേണ്ട; സര്‍വ്വസൈന്യാധിപനെ ‘ശിപ്പായി’ എന്നു വിളിക്കുന്നതുപോലെ ഗുരുതരമായ തെറ്റാണിത്! ഇന്നു ക്രിസ്തീയ ഭക്തിഗാനങ്ങളിലും കീര്‍ത്തനങ്ങളിലും അധികവും ശ്രീയേശുദേവന്‍ ആണ്! ഒരുകാര്യം തിരിച്ചറിയുക; മുന്നൂറ്റിമുക്കോടി പിശാചുക്കളെ ദേവന്മാരാക്കി ആരാധിക്കുന്ന സമൂഹമാണ് ഹൈന്ദവസമൂഹം! അതില്‍, സര്‍പ്പങ്ങളും മറ്റിതര നികൃഷ്ട ജീവികളും മാത്രമല്ല, ചാത്തന്‍ ഭഗവാന്‍ പോലുമുണ്ട്! അതിനാല്‍, ഈ ദേവന്‍ പട്ടം ഒരു കീര്‍ത്തിമുദ്രയായി ആരും പരിഗണിക്കരുത്!

സാത്താന്റെ അവതാരങ്ങളോ അല്ലെങ്കില്‍ അവന്റെ അജ്ഞാനുവര്‍ത്തികളോ ആയ ദേവന്മാര്‍ക്കു സമനാക്കി, ലോകരക്ഷകനും ദൈവപുത്രനും ദൈവം തന്നെയുമായ യേഹ്ശുവായെ അപമാനിക്കുന്നതിനു ദൈവജനം കൂട്ടുനില്‍ക്കരുത്. യേഹ്ശുവായുടെ വിശേഷണം മ്ശിഹാ അഥവാ ക്രിസ്തു എന്നതാണ്. അഭിഷിക്തന്‍ എന്നാണ് ഈ വിശേഷണത്തിന്റെ അര്‍ത്ഥം. ദൈവമായ യാഹ്‌വെ രക്ഷിക്കാന്‍ കടന്നുവന്നപ്പോള്‍, അവിടുന്നു സ്വീകരിച്ച പേരാണ് യേഹ്ശുവാ'! ഈ പേരിനോടൊപ്പം മ്ശിഹാ എന്ന വിശേഷണം ചേര്‍ക്കുമ്പോള്‍, യാഹ്‌വെ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രഖ്യാപനമാണ് നടക്കുന്നത്. ക്രൈസ്തവരുടെ വിശ്വാസങ്ങളിലെ പരമപ്രധാനമായ സത്യവും അതുതന്നെ! ഈ സത്യം ഏറ്റുപറയുമ്പോഴാണ്, ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. “ആകയാല്‍, യേഹ്ശുവാ രക്ഷകനാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും”(റോമ: 10;9 ). തങ്ങളുടെ പൈശാചിക ആചാരങ്ങളെ ന്യായീകരിക്കാന്‍ പാരമ്പര്യത്തെ കൂട്ടുപിടിക്കുന്ന ചിലരുണ്ട്. പാരമ്പര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ തലമുറകള്‍ക്കുമുമ്പ് ഉണ്ടായിരുന്ന വിജാതിയ പാരമ്പര്യമാണോ ആദിമക്രൈസ്തവ പാരമ്പര്യമാണോ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണം. ക്രിസ്തീയ പാരമ്പര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ബൈബിളില്‍നിന്നു വ്യത്യസ്ഥമായ ഒരു പാരമ്പര്യവും നമുക്കില്ല. ക്രിസ്ത്യാനികളുടെ പാരമ്പര്യം വിജാതിയതയെ അടിസ്ഥാനമാക്കിയുള്ളതല്ല; മറിച്ച്, യിസ്രായേലിനു ദൈവം നല്‍കിയ ചട്ടങ്ങളെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്!

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഇങ്ങനെ നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, യേശൈയാഹ് നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷീകനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു”(മത്താ: 15; 6- 9). ദൈവം അവിടുത്തെ മാറ്റമില്ലാത്ത പേര് നമുക്കു വെളിപ്പെടുത്തി. ഈ പേര് മലിനമാകാതെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത കല്പനയായി നമുക്കു നല്‍കുകയും ചെയ്തു! രണ്ടാംപ്രമാണത്തിലൂടെ അവിടുന്ന് നല്‍കിയിരിക്കുന്ന താക്കീത് ഇപ്രകാരമാണ്: “നിന്റെ ദൈവമായ യാഹ്‌വെയുടെ പേര് വൃഥാ ഉപയോഗിക്കരുത്. തന്റെ പേര് വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല”(പുറ: 20; 7). ഈ പേരിനെ എങ്ങനെയെല്ലാം മലിനമാക്കാം എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന റിസേര്‍ച്ച് സെന്ററുകള്‍ പോലും ക്രൈസ്തവസഭകള്‍ നടത്തുന്നുണ്ട്. കാലടിയിലെ സമീക്ഷ ഇത്തരത്തിലുള്ള ഒന്നുമാത്രമാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5647 views

LOG IN

Lost your password?

SIGN UP

LOST PASSWORD