വ്യഭിചാരത്തില്‍നിന്നും വിഗ്രഹാരാധനയില്‍ നിന്നും ഇന്ന് നാം വിടുതല്‍ നേടുന്നില്ലെങ്കില്‍ നാളെ തീനരകത്തില്‍ ആയിരിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇതു പറയുന്നത് ഭൂമിയിലെ ഒരു മനുഷ്യനല്ല. മറിച്ച്; ഒരുവനെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കാന്‍ അധികാരമുള്ള സത്യദൈവമാണ്. ദൈവവചനം സത്യസന്ധമായി പ്രസംഗിക്കുവാന്‍ ദൈവം അഭിഷേകം ചെയ്തയച്ച ചില സഭാശുശ്രൂഷകര്‍ ഇന്ന് സത്യം മൂടിവച്ച് ജനങ്ങളെ നാശത്തിലേക്ക് നയിക്കുന്നു. സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന മഹാപാപങ്ങളെ വെള്ളപൂശി ദൈവജനത്തെ നരകാഗ്നിയിലേക്ക് നയിക്കുന്ന ഭീകരമായ അവസ്ഥയാണിത്!
ഓരോ കാലഘട്ടത്തിലും ദൈവം തന്റെ ജനത്തെ നേര്‍വഴിക്കു നയിക്കുവാന്‍ വേണ്ടിയാണ് പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും അയക്കുന്നത്. അല്ലാതെ ഒരു ഉപജീവനമാര്‍ഗ്ഗമായി ഒരുക്കപ്പെട്ട തൊഴിലല്ല സുവിശേഷ ശുശ്രൂഷ! യൂറോപ്പ്യന്‍ ജനതയിലും, പ്രവാസികളിലും ഗ്രസിച്ചിരിക്കുന്ന അതിപൈശാചികതയില്‍നിന്നും അവരെ മോചിപ്പിക്കേണ്ട പ്രവാചക ദൗത്യവുമായി യൂറോപ്പില്‍ എത്തിയവര്‍ ഇന്ന് എവിടെയാണെന്നു ചിന്തിച്ചില്ലെങ്കില്‍ വചനം നിങ്ങള്‍ക്കെതിരേ തിരിഞ്ഞടിക്കും. ജനങ്ങള്‍ പിന്‍തുടരുന്ന പാപങ്ങളുടെ ഗുരുതരമായ ദുരന്തം അവരെ അറിയിക്കുന്നതിനു പകരം അതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍, അവരോടൊപ്പം നിങ്ങളും ശിക്ഷിക്കപ്പെടും എന്നു മറക്കരുത്!
ഇവിടെ ദൈവം വേദനയോടെ അറിയിക്കുന്ന ഒരു വചനം പ്രസക്തമായിരിക്കുന്നു. വചനം ഇപ്രകാരമാണ്: “എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു”(ഹോസെയാ: 4; 8). വ്യഭിചാരത്തെക്കുറിച്ചും ഭ്രൂണഹത്യയെക്കുറിച്ചും വിഗ്രഹങ്ങളെക്കുറിച്ചും കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെ താക്കീതോടെ അറിയിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ദൈവത്തിനുവേണ്ടി ആരിതു പറയും? ജനത്തിന്റെ നാശത്തിന് ആരു സമാധാനം പറയും? അവര്‍ തുടരുന്ന വഴികള്‍ യഥാര്‍ത്ഥമാണെങ്കില്‍ എന്തിന് ഒരു പ്രവാചകന്‍? വ്യഭിചാരികളും വിഗ്രഹാരാധകരും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കില്ലെന്നു വചനം വളരെ വ്യക്തമായി പറയുന്നു. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളോടൊപ്പം ജീവിക്കുന്നവന്‍ വ്യഭിചാരത്തിലാണെന്നു തുറന്നു പറയാന്‍ തയ്യാറാകാത്തവരേ; നിങ്ങളെ ദൈവത്തിന്റെ ക്രോധം കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. ഇങ്ങനെ ജീവിക്കുന്നവര്‍ കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്തായിരിക്കുമ്പോള്‍, ഇത്തരക്കാരോടൊപ്പം ആഘോഷങ്ങളുമായി ആടിപ്പാടി നടക്കുന്നത് സഭാവിരുദ്ധമാണ്. കത്തോലിക്കാസഭയേയും, സഭയുടെ നിയമങ്ങളേയും കൊഞ്ഞനം കുത്തുകയാണ് നിങ്ങള്‍!
ഇടവകയിലെ ഒരു മലങ്കര കത്തോലിക്കാ വൈദീകനോട് വചനപരമായ ചില കാര്യങ്ങള്‍ മനോവ ചോദിച്ചപ്പോള്‍ ആക്രോശിക്കുകയാണ് അദ്ദേഹം ചെയ്തത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടേയെന്നു ചോദിച്ചപ്പോള്‍, ദൈവം ചോദിച്ചോളും എന്ന ഉത്തരം കിട്ടി! ശിക്ഷയില്‍നിന്നു വിടുവിക്കുകയാണോ ശിക്ഷാവിധിക്ക് ഏല്പിച്ചു കൊടുക്കുകയാണോ ഈ തമ്പുരാക്കന്മാരുടെ ശുശ്രൂഷ..?
കുടുംബജീവിതം എന്നത് എന്താണെന്നുപോലും അറിയില്ലാത്തവിധം അധഃപതിച്ച ഒരു സംസ്കാരം യൂറോപ്പിനെയാകമാനം ഇന്ന് കാര്‍ന്ന്തിന്നിരിക്കുന്നു. ഇവിടെ പ്രവാസികളായി ജീവിക്കുന്ന മലയാളി സമൂഹങ്ങളും ഈ സംസ്കാരത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. വളരെ ചുരുക്കം ചില വ്യക്തികളെ മാറ്റിനിര്‍ത്തിയാല്‍, അധികവും അന്ധകാരാവസ്ഥയിണെന്നു കാണാം. രണ്ടും മൂന്നും വിവാഹം കഴിച്ചവരാണ് പലരും. സഭാപരമായ തീര്‍പ്പില്ലാതെ പിരിഞ്ഞു ജീവിക്കുന്നവര്‍ സഭയുടെ അംഗീകാരമോ ആശീര്‍വാദമോ ഇല്ലാതെ പരസ്യമായി മറ്റുബന്ധങ്ങളില്‍ ജീവിക്കുമ്പോള്‍, അതു വ്യഭിചാരമാണെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
"ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു"(മത്താ: 19; 9). "പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു"(മത്താ: 5; 32).
യേഹ്ശുവായും അപ്പസ്തോലന്മാരും പ്രവാചകന്മാരും പറഞ്ഞ വചനങ്ങള്‍ക്ക് യാതൊരു വിലയും കൊടുത്തിട്ടില്ലെങ്കില്‍ ഇവരുടെ ശുശ്രൂഷകള്‍ക്ക് യാതൊരര്‍ത്ഥവുമില്ല. സഭ വളരെ ശക്തമായി എതിര്‍ക്കുന്ന ഭ്രൂണഹത്യയേയും സ്വവര്‍ഗ്ഗരതിയേയുംപോലും എതിര്‍ക്കാന്‍ മനസ്സില്ലാത്തവര്‍ സഭയെ സേവിക്കാന്‍ വന്നവരാണെന്നു ചിന്തിക്കുക വയ്യ! പരസ്യപാപങ്ങളില്‍ ജീവിക്കുന്നവരെ പരസ്യമായി അംഗീകരിച്ചുകൊണ്ട് അവരുടെ ആഘോഷങ്ങളില്‍ മുഖ്യാതിഥിയാകുമ്പോള്‍ വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കും.
"സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ല. അവനുമായി ഭക്ഷണം കഴിക്കുകപോലുമരുത്"(1 കോറി: 5; 11). അപ്പസ്തോലിക സഭയുടെ അധികാരം കയ്യാളുന്ന 'മഹാജ്ഞാനികള്‍' ഈ വചനത്തിന്റെ അര്‍ത്ഥം വിശദീകരിച്ചാല്‍ കൊള്ളാം!
ഇവിടെയാണ് പ്രസക്തമായ ചില പൂര്‍വ്വീക ചരിത്രം ഓര്‍മ്മിക്കേണ്ടത്. ഹേറോദേസ് തന്റെ സഹോദരന്റെ ഭാര്യയുമായി പാപം ചെയ്യുന്നതിനെ മുഖത്തു നോക്കി എതിര്‍ത്ത സ്നാപക യോഹന്നാനെക്കുറിച്ച് യേഹ്ശുവാ പറഞ്ഞത് സ്ത്രീകളില്‍നിന്ന് ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവന്‍ ആരുമില്ലെന്നാണ്. കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയ ബ്രിട്ടീഷ് രാജകുടുംബത്തിനു മുന്പില്‍ വിശ്വാസ ത്യാഗം ചെയ്യാതെ വീര രക്തസാക്ഷിയായ ശ്രേഷ്ഠനാണ് തോമസ് മൂര്‍! ഈ വിശുദ്ധന്റെ രക്തസാക്ഷിത്വത്തിനും യോഹന്നാന്റേതിനു സമാനമായ കഥ പറയാനുണ്ട്. കത്തോലിക്ക സഭയുടെ മഹത്തായ പാരമ്പര്യം ഇതാണെന്ന്, ധനവാന്റെ എച്ചില്‍ കാശിനുവേണ്ടി വിശ്വാസസത്യങ്ങളെ വില്പനച്ചരക്കാക്കുന്ന മേലാളന്മാര്‍ ഓര്‍ക്കുക..!
"നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍"(മര്‍ക്കോ: 16; 15). ഈ വചനത്തിലൂടെ എല്ലാ മനുഷ്യരേയും ദൈവം പ്രവാചക ദൗത്യം ഭരമേല്പിച്ചിരിക്കുകയാണ്. തിന്മയില്‍ ജീവിക്കുന്ന ജനം; അവരുടെ ദുഷ്ടതയില്‍ നശിച്ചാല്‍ അതിന്റെ ഉത്തരവാദം അവരില്‍ മാത്രമല്ലെന്നു വചനം വ്യക്തമാക്കുന്നു. "വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോട് ഞാന്‍ പകരം ചോദിക്കും. മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു"(യെസെക്കി: 33; 6, 7). ഈ പ്രവാചക ദൗത്യമാണ് ഓരോ വ്യക്തിയേയും യേഹ്ശുവാ ഏല്പിച്ചിരിക്കുന്നത്.
താക്കീതിന്റെ വചനങ്ങള്‍ ജനത്തിന് അസ്വസ്ഥതയുണ്ടാക്കും എന്നാണ് ചില ജ്ഞാനികള്‍ അവകാശപ്പെടുന്നത്. ഇത് വചനത്തേയോ വചനശക്തിയേയോ അറിയാത്തതുമൂലമാണ്. ഇക്കൂട്ടര്‍ തങ്ങളുടെ അറിവിലും ശക്തിയിലും ദൈവവചനത്തെ തളച്ചിടുന്നു. നമ്മുടെ ആരുടെയും യോഗ്യതയാലോ ശക്തിയാലോ അല്ല മാനസാന്തരങ്ങള്‍ സംഭവിക്കുന്നത്. വചനത്തിന്റെ ശക്തി കടന്നുചെന്ന് ഓരോ വ്യക്തിയേയും രൂപാന്തരപ്പെടുത്തുകയാണ്. "എന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടം പോലെയുമല്ലേ?"(യിരെമി: 23; 29). ഹെബ്രായ ലേഖനത്തില്‍ അപ്പസ്തോലന്‍ പറയുന്നു: "ദൈവത്തിന്റെ വചനം സജ്ജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ: 4; 12). യുക്തി ചിന്തകള്‍ക്കു ആത്മീയതയെ അടിയറവച്ച് ദൈവത്തിന്റെ വചനത്തെ മയപ്പെടുത്തേണ്ട ആവശ്യമില്ല. ദൈവം നല്കിയവയെ അതേപടി അറിയിക്കാതെ ഒരു സമൂഹത്തെയും തങ്ങളെതന്നെയും നശിപ്പിച്ച പ്രവാചകന്മാരെ ബൈബിളില്‍ നമുക്കു കാണാം.
തങ്ങളുടെ വ്യാജദര്‍ശനങ്ങള്‍ ജനത്തെ അറിയിച്ചതുമൂലം നശിച്ച സമൂഹത്തെക്കുറിച്ച് വിലാപങ്ങളുടെ പുസ്തകം പഠിപ്പിക്കുന്നു. "നിന്റെ പ്രവാചകന്മാര്‍ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്റെ സമൃദ്ധി പുനഃസ്ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറനീക്കി കാണിച്ചില്ല"(വിലാപം: 2; 14).
തിന്മയുടെ ഭീകരത വെളിപ്പെടുത്താത്ത പ്രവാചകര്‍ തിന്മചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഗുരുതരമായ അവസ്ഥ ഇന്ന് നടക്കുന്നു. ഇത്തരക്കാരുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരികയും സഭാമക്കളെ രക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം എല്ലവര്‍ക്കും ഉണ്ട്. ക്രിസ്തുവിന്റെ പരിശുദ്ധ ശരീരമാകുന്ന സഭയിലെ ഈ ജീര്‍ണ്ണത തുടച്ച് മാറ്റണം. ഏറെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് ഈ സത്യം എഴുതാന്‍ തുനിയുന്നത്. നന്മയില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാര്‍ക്ക് ഇത് ഗുണകരമാകും എന്നുതന്നെ മനോവ കരുതുകയാണ്.
ഇന്ന് യൂറോപ്പില്‍ സഭാ'സേവ' ചെയ്യുന്ന മലയാളി വൈദീകരുടെ സേവന പരമ്പരകളേക്കുറിച്ച് സ്വതന്ത്രമായ ഒരന്വേഷണം സഭാധികാരികള്‍ നടത്തണം. ചീഞ്ഞു നാറുന്ന ചില കഥകള്‍ തുറന്നെഴുതാതിരുന്നാല്‍ പരിശുദ്ധസഭയ്ക്ക് അത് കളങ്കമായി മാറും എന്നതിനാല്‍ കുറിക്കട്ടെ! ത്യാഗം സഹിച്ച് സഭയെ പടുത്തുയര്‍ത്താന്‍ ജീവന്‍പോലും അര്‍പ്പിക്കുന്ന സഭാപിതാക്കന്മാര്‍ക്ക് അവമാനമാകാതിരിക്കാന്‍ ഇത് നല്ലതാണ്.
'കാമവെറി'യന്മാരായ ചില മാനസ്സീകരോഗികള്‍ സഭാശുശ്രൂഷകര്‍ എന്ന പേരില്‍ യൂറോപ്യന്‍ നാടുകളില്‍ വര്‍ഷങ്ങളായി വിലസുന്നുണ്ട്! ഇന്റെര്‍നെറ്റിലെ 'പബ്ളിക് ചാറ്റ് റൂമുകളില്‍', ആദ്യത്തെ 'ഹലോ'യ്ക്കുശേഷം ചോദിക്കുന്നത്; ആണാണോ പെണ്ണാണോ എന്നാണ്. സല്ലപിക്കാന്‍ 'ഓണ്‍ലൈന്‍' കാമുകിമാരെ അന്വേഷിക്കുന്ന സ്ഥിരം കാമുകന്മാരുടെ'ചാറ്റിങ് കോഡു'കളാണിത്.! ഇവിടെ കാമുകന്‍ നിസ്സാരക്കാരനല്ല. യൂറോപ്പില്‍ പ്രവാസികളായ മലയാളി വിശ്വാസികളെ 'നേര്‍വഴി'ക്കു നയിക്കാന്‍ വന്ന, വാര്‍ദ്ധക്യത്തിലേക്കടുത്ത ക്രിസ്തീയ പുരോഹിതനാണ്!
അനേകം വൈദീകര്‍ നല്ലനിലയില്‍ സേവനം ചെയ്യുന്നുവെന്നതിനാല്‍, ഇദ്ദേഹത്തിന്റെ പേരും വിവരങ്ങളും ചേര്‍ത്തുതന്നെ വിവരിക്കുന്നതാണ് ഉചിതം! ഇരുപതിലധികം വര്‍ഷമായി ജര്‍മ്മനിയിലുള്ള ഈ വ്യക്തി 'ചാറ്റ് റൂമില്‍' ഇരതേടുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഒരു സ്ത്രീയെ ഇന്റെര്‍നെറ്റില്‍ പരിചയപ്പെട്ടു. ഒരു വൈദീകന്‍ എന്നു പരിചയപ്പെടുത്തിയതിനാല്‍, യുവതി തന്റെ കുടുംബ പ്രശ്നങ്ങള്‍ ഇദ്ദേഹവുമായി പങ്കുവയ്ക്കുകയുണ്ടായി. വൈദീകന്‍ കൊടുത്ത ഫോണ്‍നമ്പറില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. തന്റെ ഭര്‍ത്താവുമായി ചില കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ അറിയിച്ചപ്പോള്‍ വൈദീകന്റെ സ്നേഹോപദേശം ഭര്‍ത്താവില്‍നിന്നും പിരിയാനായിരുന്നു. ജീവിതം ഒന്നേയുള്ളു അത് സുഖിച്ചും ആസ്വദിച്ചും തീര്‍ക്കുക! ഇതാണ് രണ്ടാമത്തെ ഉപദേശം! സീറോ മലബാര്‍ സഭയിലെ അംഗമായ ഈ മനുഷ്യന്, മരണാനന്തര ജീവിതം ഇന്റെര്‍നെറ്റ് ജ്വരത്തില്‍ അവസാനിച്ചു!
എം. എസ്.എഫ്.എസ് സഭാംഗവും രണ്ടു ദശാബ്തങ്ങളിലേറെയായി ജര്‍മ്മനിയില്‍ ജീവിക്കുകയും ചെയ്യുന്ന ഫാ. ജയിസ് മുകളേല്‍ ആണ് ഈ പുരോഹിതന്‍! ടെലഫോണ്‍ ഹിസ്റ്ററിയും ഇ-മെയില്‍ പകര്‍പ്പുമടക്കം ആവശ്യമുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടാണ് ഇത് എഴുതുന്നത്. ഏതു നിയമനടപടികളെയും നേരിടാന്‍ മനോവയൊരുക്കവുമാണ്. സഭയുടെ രക്തം ഊറ്റിക്കുടിച്ച് വളരുന്ന ഇത്തരം കീടങ്ങളെ വേരോടെ പിഴുതുകളയാന്‍, സഭയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും കടമയുണ്ട്.
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം എന്ന ഉദ്ദേശത്തോടെ ഭര്‍ത്താവിന്റെ ഫോണ്‍നമ്പര്‍ കൊടുത്തിട്ടും ഒന്നു വിളിക്കാന്‍ അദ്ദേഹത്തിനു സമയം കിട്ടിയില്ല. ചാറ്റ് റൂമില്‍ മണിക്കൂറുകള്‍ 'ചൂണ്ട'യുമായിരിക്കുന്നവന് എവിടെ സമയം! ദൈവവചനത്തെ നിഷേധിക്കുന്നവരോട് വചനം പറഞ്ഞിട്ട് കാര്യമില്ല. ദൈവശാസ്ത്രം അരച്ചുകലക്കി കുടിച്ചുവെന്ന് കരുതുന്നവരാണല്ലോ ഇത്തരക്കാര്‍! ഇവരെക്കുറിച്ചാണ് ദൈവവചനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്; "പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ. അതിനാല്‍ ,അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നെങ്കില്‍ അതിലെന്തത്ഭുതം?"(2 കോറി: 11; 14, 15). "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യറാണ്"(2 തിമോത്തി: 3; 5-7).
പാപം ചെയ്യുന്നതിനേക്കള്‍ ഗുരുതരമാണ് അതിനു പ്രേരിപ്പിക്കുന്നതെന്നു വചനം വ്യക്തമായി അറിയിക്കുന്നു. "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും"(മത്താ: 18; 6).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-