വിചാരണ

മദ്യനിരോധനവും സഭാചാര്യന്മാരുടെ രഹസ്യ അജണ്ടയും!

Print By
about

17 - 06 - 2017

ദ്യപാനാസക്തിയെ മനോവ പിന്തുണയ്ക്കുന്നില്ല. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തു പ്രവേശനം നിഷേധിച്ചിരിക്കുന്നവരുടെ പട്ടികയില്‍ മദ്യപന്മാരും ഉണ്ട്. പട്ടിക ഇതാണ്: "അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല"(1 കോറി: 6; 10). അപ്പസ്തോലനായ പൗലോസ് നല്‍കിയിരിക്കുന്ന വെളിപ്പെടുത്തലാണിത്. എന്നാല്‍, മദ്യം കഴിക്കുന്ന എല്ലാവരെയും മദ്യപന്മാരുടെ ഗണത്തില്‍പ്പെടുത്തിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. കാരണം, ഈ അപ്പസ്തോലന്റെതന്നെ മറ്റൊരു ഉപദേശം ശ്രദ്ധിക്കുക: "നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിര്‍ബ്ബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക"(1 തിമോ: 5; 23). മദ്യപാനാസക്തിയും മിതമായ അളവില്‍ മദ്യം കഴിക്കുന്നതും ഒരേപോലെ പരിഗണിക്കാന്‍ കഴിയില്ല! മദ്യപിക്കാതിരിക്കാന്‍ കഴിയാത്തവിധം മദ്യത്തോട് ആസക്തിയുള്ള ഒരുവനെ മദ്യപനായി കണക്കാക്കാം. എന്നാല്‍, വല്ലപ്പോഴുമോ മിതമായ അളവിലോ മദ്യം കഴിക്കുന്നവന്‍ മദ്യപനല്ല! അതായത്, നിയന്ത്രണ വിധേയമല്ലാത്ത വിധത്തില്‍ മദ്യത്തിന് അടിമയായ ഒരുവനാണ് മദ്യപന്‍! നിയന്ത്രണമില്ലാതെ മദ്യപിക്കുന്ന ഒരുവനെപ്പോലെയല്ല, അത്താഴത്തിനുശേഷം അല്പം കഴിക്കുന്നവന്‍! പകലന്തിയോളം അദ്ധ്വാനിക്കുന്ന ഒരുവന്‍ വൈകുന്നേരം അല്പം മദ്യപിക്കുന്നത് വലിയ അപരാധമായി ആരും കാണരുത്.

ഇവിടെ നാമിന്നു ചര്‍ച്ചചെയ്യുന്ന വിഷയം മദ്യപാനത്തിന്റെ ശരിതെറ്റുകള്‍ അല്ല. മറിച്ച്, മദ്യനിരോധനത്തിനുവേണ്ടി മുറവിളികൂട്ടുന്ന കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കാപട്യത്തെ തുറന്നുകാണിക്കുക എന്നതാണ്. മദ്യനിരോധനം നടപ്പാക്കുകയെന്ന ദൗത്യം ക്രിസ്ത്യാനിയെ ഏല്പിച്ചിട്ടില്ല എന്നിരിക്കെ, കേരളത്തിലെ മെത്രാന്മാര്‍ ഈ ദൗത്യം ഏറ്റെടുത്തതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്‌. മദ്യത്തിന്റെ വിപത്തില്‍നിന്നു സമൂഹത്തെ മോചിപ്പിക്കുക എന്നതല്ല ഇവരുടെ പ്രധാന ലക്‌ഷ്യം. ഒരുപക്ഷെ ആരുംതന്നെ തിരിച്ചറിയാത്ത വലിയൊരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. മെത്രാന്മാരും ഇവരുടെ കിങ്കരന്മാരും ചേര്‍ന്ന് ആവിഷ്കരിച്ചിരിക്കുന്ന രഹസ്യ അജണ്ട തിരിച്ചറിയാത്തവരാണ് ഇവരോടൊപ്പം അണിചേര്‍ന്നിരിക്കുന്നത്. സഭയിലെ ബഹുഭൂരിപക്ഷം വൈദീകര്‍ക്കുപോലും ഈ കുതന്ത്രം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ വിശ്വാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ!

കത്തോലിക്കാസഭയെ പൈശാചിക വത്ക്കരിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഭയുടെ സ്ഥാപനങ്ങളാണ് 'ലിറ്റര്‍ജിക്കല്‍ സെന്ററുകള്‍'! ഭാരതീയവത്ക്കരണം എന്നപേരിലാണ് ഇവരുടെ പരീക്ഷണങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. സഭയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ക്ക് ആധികാരികത ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടിയുള്ള പരീക്ഷണങ്ങളാണ് ലിറ്റര്‍ജിക്കല്‍ സെന്ററുകളില്‍ തുടരുന്നത്. ഇവര്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പുതിയ പരിഷ്ക്കാരം സഭയില്‍ നടപ്പാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇവരുടെ പരിഷ്ക്കാരങ്ങള്‍ക്ക് അനുകൂലമായി സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ എല്ലാം എളുപ്പമാകും. അതിനായി, സാമൂഹിക സാഹചര്യങ്ങളും രാഷ്ട്രനിയമങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിഷ്ക്കളങ്കരായ വിശ്വാസികള്‍ക്ക് ഈ കൗശലം തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്നാല്‍, ഇവരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയാതിരുന്നാല്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതല്ല. കത്തോലിക്കാസഭയുടെ അസ്തിവാരം തോണ്ടാന്‍ ശക്തിയുള്ള ആയുധമാണ് ഇവരുടെ പരീക്ഷണശാലയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. അസ്തിവാരം തോണ്ടുക എന്ന പ്രയോഗത്തെ അതിശയോക്തിയായി ആരും കാണേണ്ട. എന്തെന്നാല്‍, ഈ ലേഖനത്തിന്റെ അന്ത്യത്തില്‍ അത് നിങ്ങള്‍ക്കു മനസ്സിലാകും.

മദ്യനിരോധനവും ലിറ്റര്‍ജിയും തമ്മില്‍ എന്തു ബന്ധമെന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. ലിറ്റര്‍ജിക്കല്‍ സെന്ററില്‍ ഒരുക്കിവച്ചിരിക്കുന്ന മാരക പ്രഹരശേഷിയുള്ള ആയുധം പുറത്തേക്കു കൊണ്ടുവരാനുള്ള വാഹനമായിട്ടാണ് മദ്യനിരോധനത്തെ ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. ആയുധശാലയില്‍ തയ്യാറായിരിക്കുന്ന ആയുധം ഏതെന്നു വെളിപ്പെടുത്തുന്നതിനുമുമ്പ്, മദ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, മെത്രാന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളും മദ്യനിരോധനം എന്ന മുദ്രാവാക്യവുമായി ഇറങ്ങുമ്പോള്‍, ആരാണ് ഇവരെ ഈ ദൗത്യം ഭരമേല്പിച്ചത് എന്നു വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് ബൈബിള്‍ എന്താണു പറയുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കണമല്ലോ മെത്രാന്മാര്‍ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കേണ്ടത്! ക്രിസ്ത്യാനികളുടെ പ്രതിനിധികളാണ് മെത്രാന്മാരെങ്കില്‍, ഇവരുയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ സാംഗത്യം വിശ്വാസികളെയെങ്കിലും ധരിപ്പിക്കണം.

മദ്യനിരോധനം എന്നത് ദൈവം ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണോ? എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തില്‍നിന്നു വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ലഭിച്ചിട്ടുള്ള ആദ്യത്തെ ജനമാണ് ഇസ്രായേല്‍ജനം! ഈ ജനതയുടെ പിന്തുടര്‍ച്ചയാണ് ക്രിസ്ത്യാനികള്‍! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങളും ചട്ടങ്ങളുമാണ് ഈ വിഭാഗങ്ങള്‍ പിന്തുടരുന്നത്. സമൂഹത്തില്‍നിന്നു നീക്കംചെയ്യപ്പെടേണ്ട തിന്മകള്‍ എന്തെല്ലാമാണെന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ യാഹ്‌വെ നല്‍കിയിട്ടുണ്ട്. അവയില്‍ ചിലതു ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യാഹ്‌വെയുടെ മുമ്പില്‍ നീ കുറ്റമറ്റവനായിരിക്കണം"(നിയമം: 18; 9-13). ഇസ്രായേല്‍ജനത്തിനു നിഷിദ്ധമാക്കപ്പെട്ട പലതുമുണ്ട്. എന്നാല്‍, ഉത്പത്തിമുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങളിലെവിടെയും മദ്യനിരോധിച്ചതായി വായിക്കാന്‍ കഴിയില്ല. നിരോധിക്കപ്പെട്ട സകലതും തോളിലേറ്റി വച്ചുകൊണ്ട് നിരോധിക്കാത്ത ഒന്നിനെതിരേ മുറവിളികൂട്ടുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്.

മദ്യനിരോധനം എന്ന വാദംതന്നെ ധാര്‍ഷ്ട്യത്തില്‍നിന്നു രൂപംകൊണ്ടതാണ്. കാരണം, മദ്യം ഒരു തിന്മയല്ല. മറ്റെന്തിനെയുംപോലെ അമിതമായ ഉപയോഗം ഹാനികരമായി ഭവിക്കും! അമിതഭക്ഷണം അനാരോഗ്യമുണ്ടാക്കും എന്ന് നമുക്കറിയാം. അതായത്, ഉപയോഗമല്ല, ദുരുപയോഗമാണ്‌ തെറ്റ്! മദ്യത്തെക്കാള്‍ എന്തുകൊണ്ടും അപകടകാരിയാണ് മയക്കുമരുന്ന് എന്നകാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. എന്നാല്‍, ഒട്ടുമിക്ക മരുന്നുകളിലും മയക്കുമരുന്നുണ്ട്. മരുന്നിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ മയക്കുമരുന്നുകള്‍ മനുഷ്യര്‍ക്കു നന്മയായി ഭവിക്കുന്നു. ആയുര്‍വേദ മരുന്നുകളിലും ഹോമിയോ മരുന്നുകളിലും പ്രധാനമായി അടങ്ങിയിരിക്കുന്നത് 'ആല്‍ക്കഹോള്‍' ആണ്! കഠിനമായ രോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന രോഗികള്‍ക്കുള്ള മരുന്നുകളില്‍ പലതും മദ്യം അടങ്ങിയിട്ടുള്ളവയാണെന്ന വസ്തുത നാം മനസ്സിലാക്കിയിരിക്കണം. അങ്ങനെയെങ്കില്‍, മദ്യനിരോധനത്തിനുവേണ്ടി വാദിക്കുന്നവരുടെ മനോനിലയല്ലേ ആദ്യം പരിശോധിക്കേണ്ടത്!

മദ്യമോ മറ്റെന്തിങ്കിലുമോ നിരോധിക്കണമെന്ന വാദം ക്രിസ്തീയമല്ല. ഇവയെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ വര്‍ജ്ജിക്കേണ്ടവ വര്‍ജ്ജിക്കുകയെന്നതാണ് ക്രിസ്തീയതയുടെ സന്ദേശം! വിശ്വാസികളെ അവരുടെ ആചാര്യന്മാര്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ്. ഇല്ലാത്ത ഒന്ന് ചെയ്യരുതെന്നു പറയുന്നതില്‍ കാര്യമില്ല. ഈ ഭൂമുഖത്തു നിലവിലുള്ളതും, എന്നാല്‍ ദൈവജനത്തിന് അനുവദനീയമല്ലാത്തതുമായ ചിലതുണ്ട്. ദൈവത്തെ അനുസരിക്കുന്നവന്‍ അവിടുന്ന് അനുവദിക്കാത്തവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കും. അപ്പോഴാണ്‌ അവന്‍ ദൈവത്തിനു സ്വീകാര്യനാകുന്നത്. വിപണിയില്‍ ലഭ്യമല്ലാത്ത ഒരു വസ്തു ഉപയോഗിക്കാതിരിക്കുന്നു എന്നതില്‍ പ്രത്യേകിച്ചു മാഹാത്മ്യം ഒന്നുമില്ല. ദൈവം ഈ പ്രപഞ്ചത്തെ രൂപപ്പെടുത്തിയതുതന്നെ വൈവിദ്ധ്യങ്ങളോടെയാണ്. ചിലര്‍ക്ക് കൗതുകം തോന്നുന്നത് മറ്റൊരുവനു സ്വീകാര്യമാകണം എന്നില്ല. ഓരോരുത്തരുടെയും ആസ്വാദനശേഷി വ്യത്യസ്തമാണ്. മാംസം ഭക്ഷിക്കുന്നവരും ഭക്ഷിക്കാത്തവരും ഈ ഭൂമുഖത്തു വസിക്കുന്നു. മറ്റൊരുവന്റെ ഭക്ഷണരീതിയില്‍ കൈകടത്താനുള്ള അവകാശം ആര്‍ക്കുമില്ല. ഒരുവന്റെ ഭക്ഷണക്രമത്തെ നിര്‍ബ്ബന്ധിത നിയമംമൂലം തടസ്സപ്പെടുത്തുന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഇന്ത്യയിലെ ചില പ്രാകൃത മനുഷ്യര്‍ ഇങ്ങനെ ചെയ്യുന്നത് നമുക്കറിയാം. മാംസം ഭക്ഷിക്കുന്നവരെ ആക്രമിക്കുന്ന രീതി പരിഷ്കൃത സമൂഹത്തിനു ഭൂഷണമല്ല. മദ്യം നിരോധിക്കണമെന്നു വാദിക്കുന്നവരും ബീഫ് നിരോധിക്കണമെന്നു വാദിക്കുന്നവരും തമ്മില്‍ സംസ്ക്കാരികമായി വലിയ അന്തരമൊന്നുമില്ല എന്നതാണു യാഥാര്‍ത്ഥ്യം!

മദ്യം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ അത് കഴിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ മദ്യനിരോധനത്തിനുവേണ്ടി വാദിക്കുന്നത് തികച്ചും ദൈവനിന്ദയാണെന്നു പറയാതെവയ്യ. എന്തെന്നാല്‍, ദൈവം ആരുടേയും സ്വാതന്ത്ര്യത്തില്‍ കൈകടത്തിയിട്ടില്ല. നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവിടുന്ന് മനുഷ്യനു നല്‍കി. നന്മ തിരഞ്ഞെടുത്താല്‍ ലഭിക്കുന്ന അനുഗ്രഹത്തെക്കുറിച്ചും, തിന്മ തിരഞ്ഞെടുത്താല്‍ സംഭവിക്കുന്ന ദുരന്തത്തെക്കുറിച്ചും വ്യക്തമായ അറിവു നല്‍കുകയാണ് അവിടുന്ന് ചെയ്തത്. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തം. നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും അവബോധം നല്‍കുക എന്ന ദൗത്യമാണ് ക്രിസ്ത്യാനിയില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. തിന്മയില്ലാത്ത അവസ്ഥയല്ല; മറിച്ച്, തിന്മ ചെയ്യാത്ത അവസ്ഥയാണ് അവിടുത്തെ ഹിതം. ഈ വചനം നോക്കുക: "മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ: 15; 15-17). മദ്യനിരോധനത്തിനുവേണ്ടി വാദിക്കുന്ന എല്ലാവരെയും മനോവ കുറ്റപ്പെടുത്തുന്നില്ല. അറിവില്ലാത്ത വിജാതിയര്‍ 'ബീഫ്' നിരോധിക്കണമെന്ന് വാദിക്കുന്നതുപോലെയും പന്നിയിറച്ചി നിരോധിക്കണമെന്നു പറയുന്നതുപോലെയുമേ കാണുന്നുള്ളൂ. എന്നാല്‍, ക്രിസ്ത്യാനികള്‍ നടത്തുന്ന ഇത്തരം ഭോഷ്ക്കുകളെ കണ്ടില്ലെന്നു നടിക്കാന്‍ മനോവയ്ക്കാവില്ല.

ഇസ്രായേല്‍ജനത്തിനു പന്നിമാംസം നിഷിദ്ധമായിരുന്നു. എന്നാല്‍, ഇസ്രായേലില്‍ പന്നിയെ നിരോധിച്ചില്ല. ധൂര്‍ത്തപുത്രന്റെ ഉപമയില്‍ പന്നിവളര്‍ത്തലിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുപോലെതന്നെ, യേഹ്ശുവാ ഒരുവനില്‍നിന്നു പിശാചുക്കളെ ബഹിഷ്ക്കരിച്ചപ്പോള്‍ അവ പന്നിക്കൂട്ടത്തിലാണ് കയറിക്കൂടിയത്. പന്നിവളര്‍ത്തല്‍ ഇസ്രായേലില്‍ ഒരു ജീവിതോപാധിയായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍, അതിന്റെ മാംസം ഇസ്രായേല്‍ക്കാര്‍ക്കു ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പന്നിയിറച്ചി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അത് കഴിക്കരുതെന്ന നിയമത്തിന് എന്ത് സാധ്യതയാണുള്ളത്?! ദൈവമായ യാഹ്‌വെ സൃഷ്ടി നടത്തിയപ്പോള്‍ ഏദനില്‍ ഒരു തോട്ടമുണ്ടാക്കി മനുഷ്യനെ അതില്‍ പാര്‍പ്പിച്ചു. "കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി"(ഉത്പ: 2; 9). പിന്നീട് ദൈവം എന്താണു ചെയ്തതെന്നു നോക്കുക: "ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ യാഹ്‌വെ മനുഷ്യനെ അവിടെയാക്കി. അവിടുന്ന് അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും"(ഉത്പ: 2; 15-17). ഈ വൃക്ഷം അവിടെ ഇല്ലായിരുന്നുവെങ്കില്‍ ഇപ്രകാരമൊരു നിയമത്തിനു പ്രസക്തിയുണ്ടാകുമായിരുന്നില്ല. അതായത്, വൃക്ഷം നീക്കംചെയ്യുകയല്ല; മറിച്ച്, അത് ഫലംചൂടി നില്‍ക്കുമ്പോള്‍തന്നെ, അതിന്റെ ഫലം ആസ്വദിക്കാതിരിക്കുക എന്നതാണു ദൈവഹിതം!

ക്രൈസ്തവ ആചാര്യന്മാര്‍ സമൂഹത്തിനുവേണ്ടി ചെയ്യേണ്ടതും ഇതുതന്നെയാണ്. മരം വെട്ടിക്കളയുകയല്ല; മരത്തിലെ ഫലത്തിന്റെ പ്രത്യേകത മനസ്സിലാക്കികൊടുക്കുകയാണു ചെയ്യേണ്ടത്! മദ്യത്തെ സംബന്ധിച്ചുള്ള നിയമവും വ്യത്യസ്തമല്ല. മദ്യം ഒരു തിന്മയായി മാറുന്നത് അതിന്റെ ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ്. വീഞ്ഞുതന്നെ ഔഷധമായും ലഹരിപാനിയമായും ഉപയോഗിക്കാന്‍ കഴിയും. മുറിവുകള്‍ വച്ചുകെട്ടുന്നതിനു വീഞ്ഞ് ഉപയോഗിച്ചിരുന്നതായി ബൈബിളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. സമരിയാക്കാരന്റെ ഉപമയില്‍നിന്നുള്ള ഈ ഭാഗം ശ്രദ്ധിക്കുക: "അവനെക്കണ്ടു മനസ്സലിഞ്ഞ്‌, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി"(ലൂക്കാ: 10; 34). വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത പാനീയമായിരുന്നു വീഞ്ഞ്. കാനായിലെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ യേഹ്ശുവായോടൊപ്പം അവിടുത്തെ അമ്മയും ശിഷ്യന്മാരും പോയത് ബൈബിളില്‍ വായിക്കുന്നുണ്ട്. വിവാഹവിരുന്നില്‍ വീഞ്ഞിനുള്ള പ്രാധാന്യമാണ് അവിടെ വെളിപ്പെടുത്തപ്പെട്ടത്. പച്ചവെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കി മാറ്റിയത് യേഹ്ശുവായായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്. വീഞ്ഞ് രുചിച്ചുനോക്കിയ കലവറക്കാരന്‍ മണവാളനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: "എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ"(യോഹ: 2; 10).

അത്താഴത്തിനുശേഷം വീഞ്ഞുകുടിക്കുന്നത് ഇസ്രായേലില്‍ സര്‍വ്വസാധാരണമായിരുന്നു. അന്ത്യത്താഴത്തിന് യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരും വീഞ്ഞ് കുടിച്ചതു നമുക്കറിയാം. പാശ്ചാത്യരാജ്യങ്ങളിലോക്കെ ഈ രീതിയുണ്ട്. ഇഷ്ടമില്ലാത്തവര്‍ക്കു കുടിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കത്തോലിക്കാസഭയിലെ ഒരു സന്യാസസമൂഹം വ്യാവസായികാടിസ്ഥാനത്തില്‍ ബിയര്‍ നിര്‍മ്മിച്ചു വില്പന നടത്തുന്നു. ഫ്രാന്‍സീസ് അസ്സീസിയുടെ പേരിലുള്ള ഈ ബിയറിനു യൂറോപ്പില്‍ നല്ല വിപണിയുണ്ട്. അസ്സീസിയുടെ ചിത്രംതന്നെയാണ് പരസ്യത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ചിത്രം കാണേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക. ഒരു സന്യാസസഭ ബിയര്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെ മനോവ വിമര്‍ശിക്കുന്നില്ല. എന്നാല്‍, കത്തോലിക്കാസഭയുടെ അംഗീകാരത്തോടെ ബിയര്‍ നിര്‍മ്മാണവും വിതരണവും നടക്കുമ്പോള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കെതിരെ കേരളത്തിലെ മെത്രാന്മാര്‍ ഉറഞ്ഞുതുള്ളുന്നതിലെ ധാര്‍മ്മീകതയാണു മനസ്സിലാകാത്തത്.

മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും ഉല്ലാസം പ്രദാനം ചെയ്യുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, മദ്യത്തിന്റെ അമിതോപയോഗം ശരീരത്തെയും മനസ്സിനെയും സമ്പത്തിനെയും മാത്രമല്ല, കുടുംബ ജീവിതത്തെയും സാരമായി ബാധിക്കും. അനേകം കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കു മദ്യം കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മദ്യം ഒരു സാമൂഹിക വിപത്തായി പരിണമിക്കുന്നു.

മദ്യത്തിന്റെ ദോഷവശങ്ങള്‍!

മദ്യത്തിന്റെ അമിതമായ ഉപയോഗം പാപമാണെന്നു നാം കണ്ടു. ആത്മീയമായ നാശം മാത്രമല്ല, മറ്റു പലവിധത്തിലുള്ള നാശങ്ങള്‍ക്ക് മദ്യപാനം കാരണമായേക്കാം. മദ്യാസക്തി ഒരു രോഗമാണ് എന്നതുപോലെതന്നെ, മദ്യപാനം പല വിധത്തിലുള്ള രോഗങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യും. അതിനാല്‍, മദ്യത്തിന്റെ അമിതമായ ഉപയോഗത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മദ്യപാനിയുടെ ആരോഗ്യം നശിക്കുന്നതോടൊപ്പം, അവന്റെ കുടുംബത്തിലെ സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യും. മദ്യത്തിന്റെ അമിതോപയോഗത്തിലൂടെ ബുദ്ധിയുടെ നിയന്ത്രണം കൈവിട്ടുപോകുന്ന അവസ്ഥ സംജാതമാകാം. തലച്ചോറിലേക്കുള്ള ഞരമ്പുകളെ ക്ഷയിപ്പിക്കുകയും സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. തലച്ചോറില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങളാണ് ഒരുവനെ മദ്യപാനാസക്തിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്നത്. കരള്‍ സംബന്ധമായ പല രോഗങ്ങളും മദ്യപാനത്തിന്റെ സംഭാവനയാണ്.

അല്പം മദ്യത്തിലൂടെ ലഭിക്കുന്ന നൈമിഷീക ഉല്ലാസമാണ്‌ ഒരുവനെ മദ്യപാനിയാക്കി മാറ്റുന്നത്. കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്താനുള്ള കഴിവ് എല്ലാവര്‍ക്കുമില്ല. മനഃശക്തിയിലുള്ള ഏറ്റക്കുറച്ചില്‍ മാത്രമല്ല ഇതിന്റെ കാരണം. ഓരോരുത്തരുടെയും ശരീരത്തിലെ കോശങ്ങളുടെ ഘടനപോലും ബാധകമാണ്. അതുകൊണ്ടാണ് പലര്‍ക്കും മദ്യപാനം ഉപേക്ഷിക്കാന്‍ സാധിക്കാതെവരുന്നത്. മദ്യം ഉപേക്ഷിക്കാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചാല്‍പ്പോലും ശരീരം അതിനു വഴങ്ങാത്ത അവസ്ഥയുണ്ടാകും. ഞരമ്പുകളിലും നാഡീവ്യൂഹങ്ങളിലും ഏറ്റ ക്ഷയംമൂലം ഓര്‍മ്മക്കുറവ്‌, ക്ഷിപ്രകോപം തുടങ്ങിയ വൈകല്യങ്ങളുണ്ടാകും. മദ്യപാനികള്‍ക്ക്‌ മദ്യം ലഭിക്കാതിരുന്നാല്‍ കൈകാലുകള്‍ക്ക് വിറയല്‍ ബാധിക്കുന്നത് ശരീരം മദ്യത്തിന് അടിമയായി മാറിയതുകൊണ്ടാണ്. ലഹരിയില്ലാത്ത സമയത്ത് മദ്യപാനികള്‍ മൗനികളായിരിക്കും. അല്പം മദ്യം അകത്തുചെന്നാല്‍ മാത്രമേ ഇവര്‍ക്ക് സംസാരിക്കാന്‍പോലും കഴിയുകയുള്ളൂ. മദ്യപാനികളുടെ അടയാളങ്ങളില്‍ ചിലതാണ് ഇവിടെ കുറിച്ചത്. മദ്യത്തിന് പത്തു ഗുണങ്ങളുണ്ടെങ്കില്‍ നൂറു ദോഷങ്ങളുമുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിനാല്‍ത്തന്നെ, നിയന്ത്രിക്കാന്‍ കഴിവില്ലാത്തവര്‍ മദ്യം രുചിച്ചുനോക്കുകപോലും ചെയ്യരുത്! കാരണം, ഇക്കൂട്ടര്‍ ഊരാക്കുടുക്കില്‍ അകപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്.

മദ്യപാനികള്‍ സമൂഹമദ്ധ്യേ അവഹേളിതരാകുന്നു എന്നത് ഒരു സാമൂഹ്യ പ്രശ്നമാണ്. മറ്റുള്ളവരുടെ മുന്നില്‍ കോമാളികളായി മാറുന്നത് മദ്യപാനികള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ വാക്കുകള്‍ക്ക് ആരും വില കല്പിക്കാറില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മദ്യപാനിമൂലം ഇവര്‍ മാത്രമല്ല, ഇവരുടെ ഭവനത്തിലുള്ള മറ്റുള്ളവരും അവഹേളിതരാകുന്നു. മദ്യപാനിയായ ഒരു പിതാവിന്റെ കോമാളിത്തരങ്ങള്‍ മൂലം കൊച്ചുകുട്ടികള്‍ അവരുടെ സുഹൃത്തുക്കളുടെയിടയില്‍ ഒറ്റപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നത് ഗൗരവമായി കാണണം. കുരുന്നു പ്രായത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഇവരുടെ വ്യക്തിത്വത്തെതന്നെ സാരമായി ബാധിക്കും. വൃണിതഹൃദയരായ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ പിതാവിനെ സ്നേഹിക്കാനോ അംഗീകരിക്കാനോ കഴിയില്ല! അതായത്, ഒരു മദ്യപന്‍ തന്നോടു മാത്രമല്ല, തന്റെ തലമുറയോടും തെറ്റുചെയ്യുന്നു. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്പാല്പമായി നശിക്കും. വീഞ്ഞും സ്ത്രീയും ബുദ്ധിമാന്മാരെ വഴിതെറ്റിക്കുന്നു"(പ്രഭാ: 19; 1, 2). മദ്യപാനത്തിന്റെ പ്രതിഫലം ദാരിദ്ര്യമായിരിക്കുമെന്നു നാം മനസ്സിലാക്കിയിരിക്കണം. മദ്യത്തിന്റെ അടിമയായ ഒരുവനെക്കുറിച്ചു ബൈബിള്‍ പറയുന്നതു ശ്രദ്ധിക്കുക: "വീഞ്ഞ് പരിഹാസകനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല"(സുഭാഷിതങ്ങള്‍: 20; 1).

ചെറിയ അളവില്‍ വീഞ്ഞ് ആസ്വദിക്കുന്നതിനെ ബൈബിള്‍ പ്രോത്സാഹിപ്പിക്കുന്നത്, തങ്ങളെത്തന്നെ ന്യായീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി മദ്യപാനികള്‍ പരിഗണിക്കുന്നു. മദ്യപാനത്തിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വചനങ്ങളൊന്നും ഇവര്‍ പരിഗണിക്കുന്നില്ല. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "എന്തെന്നാല്‍, മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തു പിടിച്ചു മയങ്ങുന്നവന് കീറത്തുണിയുടുക്കേണ്ടിവരും"(സുഭാഷിതങ്ങള്‍: 23; 21). വീഞ്ഞിനെ സംബന്ധിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഉചിതമായ സമയത്ത് മിതമായി കുടിച്ചാല്‍ വീഞ്ഞ് ഹൃദയത്തിനു സന്തോഷവും ആത്മാവിന് ആനന്ദവുമാണ്. അമിതമായാല്‍ വീഞ്ഞ് ഇടര്‍ച്ചയും പ്രലോഭനവും ഉണ്ടാക്കുന്ന തിക്താനുഭാവമാണ്"(പ്രഭാ: 31; 28, 29). ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കുവേണ്ടിയാണ് വീഞ്ഞ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ അത് ദുരുപയോഗിക്കുന്നവരാണ്! വീഞ്ഞ് നിരോധിക്കാന്‍ മുറവിളികൂട്ടുന്നവര്‍ തിരിച്ചറിയേണ്ടതും ഇതാണ്! ദുരുപയോഗിക്കുന്ന ഒരു വിഭാഗത്തെപ്രതി ആദ്യത്തെ വിഭാഗത്തിന്റെ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. എന്തെന്നാല്‍, "മിതമായി കുടിച്ചാല്‍ വീഞ്ഞ് മനുഷ്യനു ജീവന്‍പോലെയാണ്; വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളവയാണ്"(പ്രഭാ: 31; 27).

വീഞ്ഞിന്റെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായിത്തന്നെ ബൈബിള്‍ പഠിപ്പിക്കുന്നു. ഒരു വിഭാഗത്തിനു സന്തോഷത്തിനു കാരണമാകുന്ന വീഞ്ഞുതന്നെയാണ് മറ്റൊരു വിഭാഗത്തിനു പരിഹാസകനാകുന്നത്. അമിതമായി ഉപയോഗിക്കുന്നവര്‍ വീഞ്ഞിനെ പരിഹാസകനാക്കുകയാണു ചെയ്യുന്നത്; മറിച്ച്, വീഞ്ഞ് ആയിരിക്കുന്ന അവസ്ഥയില്‍ പരിഹാസകനല്ല! വിവേകശൂന്യരായ ചിലര്‍ ദുരുപയോഗിക്കുന്നതുവഴി ശ്രേഷ്ഠമായ വീഞ്ഞ് പരിഹാസകനായി മാറുന്നു! മദ്യപാനത്തെ ഒരിക്കലും മനോവ പ്രോത്സാഹിപ്പിക്കുകയില്ല. കാരണം, മദ്യപന്‍ ദൈവരാജ്യം അവകാശമാക്കുകയില്ലാത്തതുകൊണ്ടുതന്നെ! ആരാണ് മദ്യപാനിയെന്നു നോക്കുക: "ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞു കുടിച്ചു മദിക്കാന്‍വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം"(ഏശയ്യാ: 5; 11). ഇനിയും ആര്‍ക്കാണ് ദുരിതമെന്നു നോക്കുക: "വീഞ്ഞുകുടിക്കുന്നതില്‍ വിരുതന്മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്മാരും ആയവര്‍ക്കു ദുരിതം"(ഏശയ്യാ: 5; 22).

മദ്യനിരോധന സമിതിയുടെ പ്രഹസനങ്ങള്‍!

തികച്ചും ബാലിശമായ ചില വാദങ്ങളാണ് മദ്യനിരോധന സമിതിക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് എതിരേപോലും ഇവര്‍ ശബ്ദമുയര്‍ത്തുന്നത് അടുത്തകാലത്ത് നാം കേട്ടു. മദ്യത്തിന്റെ ദുരുപയോഗത്തിലൂടെ അനേകര്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, മദ്യം നിരോധിക്കുക എന്നതല്ല ഇതിനെതിരേയുള്ള ശാശ്വതമായ പരിഹാരം. എന്തെന്നാല്‍, ഒരു രാജ്യത്ത് മദ്യം നിരോധിച്ചാല്‍, അത് ഏതൊരാവശ്യത്തിനു കൈവശം വയ്ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാകും! ആയുര്‍വേദ മരുന്നുകളോ ഹോമിയോ മരുന്നുകളോ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിക്കപ്പെടും. വീഞ്ഞും മറ്റു മദ്യങ്ങളും ശരിയായ അളവില്‍ മാത്രം ഉപയോഗിക്കുന്ന വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ മദ്യനിരോധന സമിതിക്കാര്‍ക്ക് ആരാണ് അവകാശം നല്‍കിയത്? ദുരുപയോഗം നടക്കുന്നത് മദ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള സകലതും നിരോധിക്കാന്‍ തുടങ്ങിയാല്‍ സകലതും നിരോധിക്കേണ്ടതായി വരും!

ദൈവം മനുഷ്യനു നല്‍കിയ സ്നേഹ സമ്മാനമായ ലൈംഗീകതയാണ് ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നത്. ലോകത്ത് വ്യഭിചാരികള്‍ ഉള്ളതുകൊണ്ട് ലൈംഗീകതതന്നെ നിരോധിച്ചേക്കാം എന്ന് ആരെങ്കിലും തീരുമാനിക്കുമോ? അനേകംപേര്‍ ഷോക്കടിച്ചു മരിച്ചിട്ടുണ്ട്. ഈ കാരണത്താല്‍, വൈദ്യുതി നിരോധിക്കാന്‍ ആവശ്യപ്പെടുന്നവരെ ആരെങ്കിലും ഗൗനിക്കുമെന്നു കരുതുന്നില്ല. കൊച്ചുകുഞ്ഞുങ്ങള്‍ ജീവിക്കുന്ന വീടുകളില്‍ വൈദ്യുതിയും വൈദ്യുതോപകരണങ്ങളും ഉണ്ട്. വൈദ്യുതി കണക്ഷന്‍ ഒഴിവാക്കിക്കൊണ്ടല്ല കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് വൈദ്യുതിയുടെ അപകടസാധ്യതകള്‍ മനസ്സിലാക്കിക്കൊടുക്കുകയും അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും ചെയ്യുന്നവരാണ് വിവേകികള്‍! മദ്യത്തിനെതിരെയുള്ള ബോധവത്ക്കരണത്തിനു കത്തോലിക്കാസഭയില്‍ അനേകം സംവീധാനങ്ങള്‍ നിലവിലുണ്ട്. അതിനൊന്നും തയ്യാറാകാതെ, മദ്യനിരോധനം എന്ന ഒറ്റ മുദ്രാവാക്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുപിന്നില്‍ ചില ദുരൂഹതകളുണ്ട്. അരുതെന്നു ദൈവം കല്പിച്ചിട്ടുള്ള പല കാര്യങ്ങളും ഈ ലോകത്ത് നിയമംമൂലം അനുവദനീയമാക്കിയപ്പോള്‍ ഇവരുടെ ശബ്ദം ആരും കേട്ടില്ല. സ്വവര്‍ഗ്ഗവിവാഹം എന്ന പൈശാചികതയ്ക്ക് നിയമപരമായ അംഗീകാരം നല്‍കിയപ്പോഴും കത്തോലിക്കാസഭയുടെ മേലാളന്മാര്‍ മൗനംഭജിച്ചു. മാത്രവുമല്ല, ചില കോണുകളില്‍നിന്ന് അനുകൂലമായ ശബ്ദവും കേട്ടു. ഫ്രാന്‍സീസിന്റെ പൈശാചിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന വിഭാഗമാണ്‌ ഇക്കാര്യത്തില്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നത്.

സ്വവര്‍ഗ്ഗവിവാഹം, വ്യഭിചാരം, മന്ത്രവാദം, ഭ്രൂണഹത്യ, മദ്യപാനം തുടങ്ങിയവ നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമുഖത്ത് സജ്ജീവമാകുകയല്ല കത്തോലിക്കാസഭയിലെ ദൈവമക്കള്‍ ചെയ്യേണ്ടത്. ഇത്തരം പാപങ്ങളില്‍ ഏര്‍പ്പെടുന്നവരെ കാത്തിരിക്കുന്ന ശിക്ഷയെക്കുറിച്ചു പ്രബോധനം നല്‍കുക എന്നതാണ് വിശ്വാസികളുടെയും സഭയുടെയും ഉത്തരവാദിത്തം. യേഹ്ശുവാ ഭരമേല്പിച്ചതും ഈ ഉത്തരവാദിത്തമാണ്. യേഹ്ശുവായുടെ ആഹ്വാനം ശ്രദ്ധിക്കുക: "നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 20). ഈ മൂന്നു കാര്യങ്ങളില്‍ ഒന്നുപോലും ചെയ്യാതെ, അവിടുന്നു കല്പിക്കാത്ത കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് അപഹാസ്യമാണ്! പാപങ്ങള്‍ നിരോധിക്കാന്‍ ആരെയും അവിടുന്ന് ചുമതലപ്പെടുത്തിയിട്ടില്ല. പാപിയെ പാപത്തില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് വിശ്വാസികളില്‍നിന്നു ദൈവം പ്രതീക്ഷിക്കുന്നത്! യഥാര്‍ത്ഥ ദൗത്യത്തില്‍നിന്നു പൂര്‍ണ്ണമായും അകന്ന്, സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരണമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതിനായി സഭയുടെ മേല്‍വിലാസം ഉപയോഗിക്കുന്നതു ഭൂഷണമല്ല! അതുകൊണ്ടുതന്നെ, മദ്യനിരോധന സമിതി എന്നത് ചില വ്യക്തികളുടെ സ്വകാര്യ പ്രസ്ഥാനമായി മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ!

ദേശീയപാതയുടെ സമീപത്ത് മദ്യശാലകള്‍ പാടില്ലെന്നു സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആര്‍ജ്ജവമുള്ള ഭരണകൂടങ്ങള്‍ ഉണ്ടെങ്കില്‍ എന്തിനാണ് ഈ വിലക്ക്? ഇന്ത്യയിലേതിനേക്കാള്‍ എന്തുകൊണ്ടും വലിയ 'ഹൈവേകള്‍' വിദേശരാജ്യങ്ങളില്‍ ഉണ്ട്. യൂറോപ്പിലെ അതിവേഗ പാതകളുടെ ഓരത്ത് പെട്രോള്‍ പാമ്പുകളും, അതിനോടുചേര്‍ന്ന് വിശ്രമസ്ഥലങ്ങളും കാണാം. ദീര്‍ഘദൂര വാഹനങ്ങള്‍ അവിടെ പാര്‍ക്കുചെയ്ത് വിശ്രമിക്കാറുണ്ട്. പെട്രോള്‍ പമ്പിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കടകളില്‍ മദ്യവും പുകയില ഉത്പന്നങ്ങളും ലഭിക്കും. എന്നാല്‍, മദ്യപിച്ച് ആരും വാഹനമോടിക്കുകയോ അപകടമുണ്ടാക്കുകയോ ചെയ്യുന്നില്ല. സുലഭമായി മദ്യം ലഭിക്കുമായിരുന്നിട്ടും എന്തുകൊണ്ടാണ് ആരും മദ്യപിച്ചു വാഹനമോടിക്കാന്‍ തയ്യാറാകാത്തത്? കര്‍ശനമായ നിയമങ്ങള്‍ ഉള്ളതുപോലെതന്നെ, ഈ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതുകൊണ്ട് നിയമം ലംഘിക്കാന്‍ ആരും തയ്യാറാകുന്നില്ല. മാത്രവുമല്ല, മദ്യപിച്ചു വാഹനമോടിച്ചാല്‍ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരുമാണ്! കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ വിശ്വാസികളുടെയിടയിലെങ്കിലും ബോധവത്ക്കരണത്തിനു തയ്യാറാകുക. കത്തോലിക്കാരാജ്യങ്ങളിലെ മദ്യ സംസ്ക്കാരത്തെക്കുറിച്ചുള്ള അവബോധം സ്വയം ആര്‍ജ്ജിക്കുകയും ചെയ്യുക!

കത്തോലിക്കാ മെത്രാന്‍ സമിതിയുടെ 'ലിറ്റര്‍ജിക്കല്‍' അജണ്ട!

KCBC മദ്യനിരോധന സമിതിയുടെ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന മുറവിളിയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന വലിയൊരു അജണ്ടയുണ്ട്. മദ്യം എന്ന സാമൂഹിക വിപത്തിനെതിരെയുള്ള നിഷ്കളങ്ക സമരമായി ഈ മുറവിളിയെ ആരും കാണേണ്ടാ! മദ്യനിരോധനം എന്നത് KCBC യുടെ അജണ്ടയില്‍ ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം! മദ്യനിരോധനത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് 'വൈന്‍' നിരോധിക്കുക എന്നതുമാത്രമാണ്! അധികമാരും തിരിച്ചറിയാത്ത നിഗൂഡ രഹസ്യമാണിത്! ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് എതിരേപോലും സമരം നയിക്കുന്നത് ഇതിന്റെ ഭാഗമായി കാണണം. ഒരുപക്ഷെ വായനക്കാര്‍ക്ക് ഇത് അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ സത്യം ഇതുതന്നെയാണ്.

കത്തോലിക്കാസഭയിലെ ദൈവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ വീഞ്ഞ് ഒരു അന്യവാര്യ ഘടകമായിരിക്കെ, വീഞ്ഞിന്റെ ലഭ്യത ഇല്ലാതാക്കാന്‍ സഭയിലെ മെത്രാന്‍ സമിതി ശ്രമിക്കുമോയെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല. ഇവിടെയാണ്‌ മെത്രാന്‍ സമിതിയുടെ ദുരൂഹമായ നീക്കം ശ്രദ്ധേയമാകുന്നത്. കത്തോലിക്കാസഭയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയുടെ പവിത്രത നശിപ്പിക്കാന്‍ ഗവേഷണം ആരംഭിച്ചത് രണ്ടു ദശകങ്ങള്‍ക്കു മുമ്പാണ്. സഭയുടെ 'ലിറ്റര്‍ജിക്കല്‍' ഗവേഷണകേന്ദ്രങ്ങളില്‍ ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. പരിശുദ്ധ കുര്‍ബ്ബാനയെ ഭാരതീയവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സഭയില്‍ കടന്നുകൂടിയ പിത്രുശൂന്യരായ സംഘികളാണ് ഗവേഷകര്‍. ഇവര്‍ ഇതിനോടകം പല ദൈവാലയങ്ങളിലും ഇത്തരം ആഭാസങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കാവിയുടുത്ത്‌ ചമ്രംപടിഞ്ഞിരുന്നാണ് ഇവരുടെ ആഭാസപൂജ! ഓസ്തിയ്ക്കു പകരം ചപ്പാത്തിയോ മറ്റെന്തെങ്കിലും അപ്പങ്ങളോ ആണ് ഇവറ്റകള്‍ ഉപയോഗിക്കുന്നത്. വീഞ്ഞിനു പകരം കരിക്കിന്‍വെള്ളമോ മറ്റെന്തെങ്കിലും പാനീയങ്ങളോ ഇവര്‍ ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ കാണുക: (ചിത്രം ഒന്ന്) (ചിത്രം രണ്ട്) വീഡിയോ കാണാന്‍: (വീഡിയോ)

ഒറ്റയടിക്ക് ഈ പരിഷ്ക്കാരത്തെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാകില്ലെന്ന് ഇതിന്റെ ഉപജ്ഞാതാക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ, അനുകൂലമായ ഒരു സാഹചര്യം കാത്തിരിക്കുകയാണ് ഈ പിശാചുക്കള്‍! തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍വേണ്ടിയാണ് വീഞ്ഞിന്റെ ലഭ്യത ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. പ്രതിമാസം രണ്ടായിരം ലിറ്റര്‍ വീഞ്ഞുണ്ടാക്കാനുള്ള അനുവാദമാണ് സഭയ്ക്കുണ്ടായിരുന്നത്. അത് പതിനായിരമാക്കി ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെട്ടു. ഒരുവശത്ത് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കെതിരേ സമരം നടത്തുകയുമം മറ്റൊരുവശത്ത്‌ വൈന്‍ നിര്‍മ്മിക്കാനുള്ള അവകാശം ക്രമാതീതമായ അളവില്‍ വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ഒരു കൗശലമാണ്. ഇതിനെതിരെ സമൂഹത്തില്‍നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഇവര്‍ ആഗ്രഹിക്കുന്നു. കുര്‍ബ്ബാനയില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് ചോദ്യംചെയ്യപ്പെടണം എന്നതും ഇവരുടെ ആഗ്രഹമാണ്. വിശ്വാസികളുടെ എണ്ണത്തിലോ വൈദീകരുടെ എണ്ണത്തിലോ വര്‍ദ്ധനവില്ലാതിരിക്കെ, വീഞ്ഞിന്റെ ഉദ്പാദനം അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യംപോലും ദുരൂഹമാണ്! എന്നാല്‍, മദ്യനിരോധന വാദികളെ ഇളിഭ്യരാക്കിക്കൊണ്ട് പിണറായി വിജയന്റെ പ്രഖ്യാപനം വന്നു! കത്തോലിക്കാസഭയ്ക്ക് ആവശ്യമുള്ളത്ര വീഞ്ഞ് ഉണ്ടാകാനുള്ള അനുവാദമായിരുന്നു അദ്ദേഹം നല്‍കിയത്! അതോടെ ഇളിഭ്യരായിത്തീര്‍ന്ന മെത്രാന്‍ സമിതി പൂര്‍ണ്ണമായും മൗനികളായി മാറി!

മദ്യനിരോധനത്തിന്റെ പേരില്‍ വൈദീകരുടെ പിന്നില്‍ അണിചേര്‍ന്നിട്ടുള്ള പാവപ്പെട്ട വിശ്വാസികള്‍ക്ക് മെത്രാന്‍ സമിതിയുടെ രഹസ്യ അജണ്ട അറിയില്ല! ഇവര്‍ ആത്മാര്‍ത്ഥമായി നിലകൊള്ളുന്നവരാണ്. ഇവരെ നയിക്കുന്ന വൈദീകരില്‍പ്പോലും അജണ്ട തിരിച്ചറിയാത്തവരുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ ചിലര്‍ അറിയാതെ തങ്ങളുടെ ലക്‌ഷ്യം വെളിപ്പെടുത്തിയതും മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. കുര്‍ബ്ബാനയില്‍ വീഞ്ഞിനു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിനു മറുപടിയായി, ആലോചിക്കാം എന്ന ഉത്തരമാണ് ഒരു വൈദീകന്‍ നല്‍കിയത്. ആന്റണി എന്ന ഈ വൈദീകന്റെ സമീപത്തിരുന്ന്, കേരളത്തിലെ വിവാദ വ്യവസായിയും നിരവധി ബാറുകളുടെ ഉടമയുമായ 'ചാക്ക്' രാധാകൃഷ്ണന്‍ പരിശുദ്ധ കുര്‍ബ്ബാനയെ ആക്ഷേപിച്ചത് വിശ്വാസികളില്‍ ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകാം. ഇത്തരത്തിലുള്ള മൂന്നാംകിട ആഭാസന്മാര്‍ക്ക് അവസരമുണ്ടാക്കിക്കൊടുത്തത് ആരാണ്? മദ്യനിരോധനത്തിന്റെ പേരില്‍ ചര്‍ച്ചകളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വൈദീകര്‍ ഉത്തരം നല്‍കണം. പൈശാചിക സന്തതികള്‍ പരിശുദ്ധ കുര്‍ബ്ബാനയെ ആക്ഷേപിക്കുന്നത് കാണുമ്പോള്‍ വേദനിക്കാത്ത വൈദീകര്‍ ഇക്കാലത്തുണ്ട്. എന്നാല്‍, ദിവ്യകാരുണ്യത്തെ നെഞ്ചോടു ചേര്‍ത്തുവച്ചിരിക്കുന്ന നിഷ്ക്കളങ്കരായ വിശ്വാസികള്‍ക്ക് അതു സഹിക്കാന്‍ കഴിയില്ല. കുര്‍ബ്ബാനയില്‍ വരുത്തുന്ന പൈശാചിക പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാനും ഈ വിശ്വാസികള്‍ക്കു സാധിക്കില്ല.

യേഹ്ശുവായുടെ അന്ത്യത്താഴത്തെ അനുസ്മരിപ്പിക്കുന്നതാണ് പരിശുദ്ധ കുര്‍ബ്ബാന. തന്റെ രക്തം എന്ന് അരുളിചെയ്തുകൊണ്ട് അവിടുന്ന് വാഴ്ത്തി നല്‍കിയത് വീഞ്ഞായിരുന്നുവെങ്കില്‍ അതില്‍ മാറ്റംവരുത്താന്‍ ഒരുത്തനും ശ്രമിക്കേണ്ടാ! യേഹ്ശുവാ ഈ ഭൂമിയിലേക്കു മനുഷ്യനായി കടന്നുവന്നത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. അവിടുന്ന് പ്രവര്‍ത്തിച്ചതൊന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താലോ മറ്റെന്തെങ്കിലും സ്വാധീനങ്ങളുടെ പരിണിതഫലമായിട്ടോ ആയിരുന്നില്ല. എന്തുചെയ്യണം എന്തുപറയണം എന്നൊക്കെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. പ്രവാചകന്മാര്‍ മുഖേന അവിടുത്തെക്കുറിച്ച് അരുളിച്ചെയ്തവയെല്ലാം നിറവേറുകയെന്നതായിരുന്നു ദൈവഹിതം. അതനുസരിച്ചുതന്നെയാണ് യേഹ്ശുവാ സംസാരിച്ചതും പ്രവര്‍ത്തിച്ചതും! വീഞ്ഞിനു പകരം മറ്റെന്തെങ്കിലും പാനീയങ്ങള്‍ ആയിക്കൂടെ എന്ന നിര്‍ദ്ദേശങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുന്നതുകൊണ്ടാണ് ഇവിടെ ഇത് കുറിക്കാന്‍ തയ്യാറാകുന്നത്. ജറുസലെമിലേക്കുള്ള രാജകീയ പ്രവേശം നടത്തിയപ്പോള്‍ അവിടുത്തെ സ്വീകരിച്ചവര്‍ ഒലിവ് ചില്ലകള്‍ വീശിയാണ് ആര്‍പ്പുവിളികള്‍ നടത്തിയത്. എന്നാല്‍, കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹോസാനപ്പെരുന്നാള്‍ അനുസ്മരിക്കുന്നത് കുരുത്തോല ഉപയോഗിച്ചാണ്. ആയതിനാല്‍, വീഞ്ഞിനു പകരം കേരളീയമായ എന്തെങ്കിലും പാനീയങ്ങള്‍ മതിയാകുമെന്നാണ് ഇവരുടെ നിര്‍ദ്ദേശം.

ഹോസാന ആചരണവും ദിവ്യബലിയും തമ്മിലുള്ള അന്തരം ഇവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്തതില്‍ ഇവരെ കുറ്റപ്പെടുത്താന്‍ മനോവ തയ്യാറാകുന്നില്ല. പകരം,ഇത്തരം വാദങ്ങളുമായി ഇറങ്ങിയിരിക്കുന്ന ക്രൈസ്തവ നാമധാരികളുടെ ആദ്ധ്യാത്മിക ജ്ഞാനത്തെയോര്‍ത്ത് സഹതപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. യേഹ്ശുവാ ജറുസലെമിലേക്ക് രാജകീയ പ്രവേശം നടത്തിയത് സ്വീകരിക്കാനുള്ള ആളുകളെ ഒരുക്കിനിര്‍ത്തിയിട്ടല്ല. ശിഷ്യന്മാരോ മറ്റാരെങ്കിലുമോ ഒരു സ്വീകരണയോഗം സംഘടിപ്പിച്ചതായി ബൈബിളില്‍ വായിക്കാന്‍ കഴിയുന്നുമില്ല. യേഹ്ശുവാ കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നതു കണ്ട ജനങ്ങളില്‍നിന്നു സ്വമേധയാ ഉണ്ടായ പ്രതികരണമായിരുന്നു അവരുടെ സ്വീകരണം. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ശിഷ്യന്മാര്‍ പോയി യേഹ്ശുവാ കല്പിച്ചതുപോലെ ചെയ്തു. അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു. ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്ഷങ്ങളില്‍നിന്നു ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേഹ്ശുവായ്ക്കു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! യാഹ്‌വെയുടെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസ്രത്തില്‍നിന്നുള്ള പ്രവാചകനായ യേഹ്ശുവായാണ്"(മത്താ: 21; 6-11). യേഹ്ശുവായോ ശിഷ്യന്മാരോ നിര്‍ദ്ദേശിച്ചതനുസരിച്ചല്ല ജനങ്ങള്‍ അവിടുത്തെ സ്വീകരിച്ചത്. അവര്‍ക്ക് ഉചിതമെന്നു തോന്നിയത് അവര്‍ ചെയ്തു.

മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാലു സുവിശേഷകരും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിലാരുടെയെങ്കിലും സുവിശേഷത്തില്‍ ഒലിവ് ചില്ലകള്‍ എന്ന് സൂചിപ്പിച്ചിട്ടില്ല. മരങ്ങളുടെ ചില്ലകള്‍ എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ, സ്വീകരണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടില്ല എന്നു വ്യക്തമാണ്. യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "അടുത്തദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേഹ്ശുവാ ജറുസലെമിലേക്കു വരുന്നെന്നുകേട്ട്, ഈന്തപ്പനയുടെ കൈകള്‍ എടുത്തുകൊണ്ടു അവനെ എതിരേല്‍ക്കാന്‍ പുറപ്പെട്ടു"(യോഹ: 12; 12). ആരുടേയും നിര്‍ദ്ദേശത്തിനനുസരിച്ചായിരുന്നില്ല ജനക്കൂട്ടം പ്രവര്‍ത്തിച്ചത്. എന്നാല്‍, പരിശുദ്ധ കുര്‍ബ്ബാനയുടെ കാര്യത്തില്‍ യേഹ്ശുവാ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ സംഭവം ശ്രദ്ധിക്കുക: "രക്ഷകനായ യേഹ്ശുവാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"(1 കോറി: 11; 23-26). ഈ അനുസ്മരനത്തിനു തേങ്ങാവെള്ളമോ ബാര്‍ളിവെള്ളമോ മതിയാകില്ല. ദൈവത്തെക്കുറിച്ചോ അവിടുത്തെ രക്ഷയെക്കുറിച്ചോ യാതൊരു വെളിവുമില്ലാത്തവര്‍ തെരുവില്‍ നടത്തുന്ന വാദങ്ങളെ വിശ്വാസികള്‍ ശ്രദ്ധിക്കരുത്.

യേഹ്ശുവായുടെ സുവിശേഷ ദൗത്യം ആരംഭിക്കുന്നത് കാനായിലെ വിവാഹവേദിയിലാണ്. സെഹിയോന്‍ മാളികയില്‍ അവിടുന്ന് തന്റെ ദൗത്യം പൂര്‍ത്തിയാക്കി. കാനായിലെ വിവാഹത്തിനു പച്ചവെള്ളത്തെ മേല്‍ത്തരം വീഞ്ഞാക്കികൊണ്ട് അവിടുന്ന് തന്റെ അദ്ഭുത പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. സുവിശേഷ പ്രഘോഷണം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ അവിടുന്നു ചെയ്തത് വീഞ്ഞിനെ തന്റെ രക്തമാക്കി മാറ്റുകയായിരുന്നു. പച്ചവെള്ളത്തെ വീഞ്ഞാക്കിക്കൊണ്ട് ആരംഭിച്ച ദൗത്യത്തിന്റെ പരിസമാപ്തി വീഞ്ഞിനെ രക്തമാക്കിക്കൊണ്ടായിരുന്നുവെങ്കില്‍, ഈ വീഞ്ഞിന് അതിന്റേതായ പ്രാധാന്യവും അര്‍ത്ഥതലങ്ങളുമുണ്ട്! ഏതെങ്കിലും ശുനകന്മാര്‍ക്ക് ഗവേഷണം നടത്തി മാറ്റാവുന്നതല്ല ദൈവീകനിയമങ്ങളും ക്രിസ്തുവിന്റെ നവമായ ഉടമ്പടിയും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4834 views

LOG IN

Lost your password?

SIGN UP

LOST PASSWORD