ഹിന്ദുക്കളുടെ ദേവതയായ ഭദ്രകാളിയുടെ പേരും ചിത്രവും ആലേഖനം ചെയ്ത് വിപണിയിലെത്തിച്ച 'ബിയര്‍' അമേരിക്കയില്‍ നിരോധിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യയിലെ ബി ജെ പി ക്കാരും അമേരിക്കയിലെ ഹിന്ദുക്കളും പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് നിരോധനമുണ്ടായത്.
ഹിന്ദുക്കളുടെ പല ദേവീ-ദേവന്മാരും മദ്യപ്രിയരാണെന്നത് നമുക്കറിയാം. പറശ്ശിനിക്കടവ് 'മുത്തപ്പന്‍' എന്ന ദേവന്റെ ഇഷ്ടപാനിയം കള്ളാണല്ലോ? അതുപോലെ ചാത്തന്‍, മറുത, ഭദ്രകാളി തുടങ്ങിയവര്‍ക്ക് നാടന്‍ ചാരായവും വീര്യമുള്ള മറ്റു മദ്യങ്ങളുമാണ്, പഥ്യമെന്ന് പരസ്യമായ കാര്യമാണ്! 'കഞ്ചാവ്' നിര്‍ബന്ധമുള്ള ദേവന്മാരും ഇന്ത്യയിലുണ്ട്! കേരളത്തിലെ കള്ളുഷാപ്പുകളില്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രത്തിനുമുമ്പില്‍ ഒരു 'ഗ്ലാസ്' കള്ള് വച്ചിരിക്കുന്നത്, ഒരിക്കലെങ്കിലും കള്ളുഷാപ്പില്‍ കയറിയിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും.
'കൊടുങ്ങല്ലൂരമ്മ'യാണ്, കേരളത്തിലെ ആദ്യത്തെ 'ഭദ്രകാളി' പ്രതിഷ്ഠയെന്നാണു പറയപ്പെടുന്നത്. തെറിവിളിക്കുമ്പോള്‍ പ്രസാദിക്കുന്ന ഈ ദേവിയുടെ മറ്റ് ഇഷ്ടങ്ങളും വിചിത്രമാണ്. ഇതിനെക്കുറിച്ച് അവരുടെ ഔദ്യോഗിക 'വെബ്-സൈറ്റില്‍' പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ എടുത്ത് ഉദ്ധരിക്കുകയാണ്. 'പുരാണ കഥാഖ്യാന പ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും,ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു.
ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഭദ്രകാളിക്ക് മദ്യം സമര്‍പ്പിച്ചാല്‍ അതു പ്രസാദകരമാണെങ്കില്‍ ഇവരുടെ പേരില്‍ ബിയര്‍ നിര്‍മ്മിച്ചാല്‍ കൂടുതല്‍ സന്തോഷമായിരിക്കില്ലേ ഉണ്ടാകുക? പിന്നെന്തിന് R S S പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കണം? R S S ന്റെ 'വെബ്-സൈറ്റില്‍' നിന്നാണ് മുകളിലെ ഉദ്ധരണിയെന്ന് ഓര്‍ക്കണം!
ഭൈരവനു പ്രിയം 'വിദേശമദ്യം'!
ഡല്‍ഹിയിലെ ഭൈരവക്ഷേത്രത്തെക്കുറിച്ച് ഇന്ത്യക്കാരെല്ലാം കേട്ടിട്ടുണ്ടോയെന്ന് അറിയില്ല. ഈ അടുത്ത നാളുകളില്‍ പീപ്പിള്‍സ് ചാനലില്‍ ഇതിനെക്കുറിച്ച് ഒരു 'ഡോക്യുമെന്ട്രി' വന്നിരുന്നു. ഇപ്പോഴും അത് 'യൂടൂബില്‍' ലഭ്യമാണ്!. (http://www.youtube.com/watch?v=Mu9X3nz1-Lw) ഈ ക്ഷേത്രത്തിലെ വഴിപാടുകളാണ് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇവിടുത്തെ പ്രതിഷ്ഠയായ 'ഭൈരവഭഗവാന്‍' പ്രീതിപ്പെടണമെങ്കില്‍ വിദേശമദ്യം സമര്‍പ്പിക്കണം. ഓരോരുത്തരുടെയും സാമ്പത്തീക നിലവാരമനുസരിച്ചുള്ള 'ബ്രാന്‍ഡുകള്‍' തിരഞ്ഞെടുക്കാമെന്ന ആനുകൂല്യവുമുണ്ട്.
ഭൈരവന്റെ വിഗ്രഹത്തിനുമേല്‍ മദ്യം അഭിഷേകം ചെയ്യുന്നതാണ് ഈ ക്ഷേത്രത്തിലെ പ്രധാന പൂജ. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് മുറ്റത്തെ ആല്‍ത്തറയിലും പ്രത്യേക പൂജയുണ്ട്. ചെറിയ തളികയില്‍ എണ്ണയ്ക്ക് പകരം മദ്യമൊഴിച്ച് തിരിതെളിക്കുന്നതാണ് ഈ ചടങ്ങ്. പൂജകള്‍ക്കുശേഷം ബാക്കിവരുന്ന മദ്യമാണ് പ്രസാദം! ഇത് കുടിക്കാന്‍ അനേകര്‍ ഇവിടെയെത്തുന്നു. ഭക്തര്‍ മദ്യപിച്ച് ലഹരിപിടിക്കുന്നത് കാണുന്നതാണ് ഭൈരവന്റെ സംതൃപ്തി!
സാധാരണ ക്ഷേത്രങ്ങളുടെ പരിസരത്ത് കാണാറുള്ളതുപോലെ ഭിക്ഷക്കാര്‍ ഇവിടെയുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് പണമല്ല ആവശ്യം; മദ്യമാണ്! ഇതിനായി ഭിക്ഷപ്പാത്രമായി ഒരു ഗ്ലാസ്സും കരുതും. കൊച്ചുകുട്ടികള്‍പോലും മദ്യക്കുപ്പിയുമായിട്ടാണ് ഭൈരവ ദര്‍ശനത്തിനായി എത്തുന്നത്. പ്രസാദമായി ലഭിക്കുന്ന മദ്യം ഇവര്‍ കുടിക്കുകയും ചെയ്യുന്നു.
ഈ ഭൈരവന്റെ ഔദ്യോഗിക വാഹനം 'നായ'(പട്ടി)യാണ്! ബ്രഹ്മാവിന്റെ (സൃഷ്ടാവെന്ന് ഹൈന്ദവര്‍ കരുതുന്നത് ബ്രഹ്മാവിനെയാണ്) അഞ്ചാമത്തെ തല ഛേദിച്ച വീരനാണു ഭൈരവനെന്ന് ഹിന്ദുക്കള്‍ കരുതുന്നു. വിശ്വാസങ്ങളെ വിമര്‍ശിക്കുവാന്‍ മാത്രമല്ല ഇതെഴുതുന്നത്; മറ്റുചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണു ലക്ഷ്യം.
മദ്യാഭിഷേകവും മദ്യസേവയും ഭക്തിയുടെ ഭാഗമായി കരുതുകയും ഭദ്രകാളിയ്ക്ക് മദ്യം പ്രിയങ്കരമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നവര്‍ എന്തിനാണ് അമേരിക്കയിലെ ബിയര്‍ കമ്പനിക്കെതിരെ വാളെടുത്തത്? ഭദ്രകാളിക്കു നല്‍കാവുന്നതില്‍വച്ച് ഏറ്റവും വലിയ അംഗീകാരമല്ലെ ഈ കമ്പനി അവരുടെ ചെയ്തിയിലൂടെ നല്‍കിയത്! അല്ലെങ്കില്‍ ഭദ്രകാളിയുടെ കുത്തക ചിലര്‍ കൈവശപ്പെടുത്തിയിരിക്കുകയാണോ? ഇത്തരം വിഗ്രഹങ്ങളെ അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും പ്രതിഷ്ഠിച്ച് സ്വയം അപരിഷ്കൃതരായി പ്രഖ്യാപിക്കുന്നതില്‍ യാതൊരു നാണവുമില്ല. എന്നാല്‍, മദ്യക്കുപ്പിയില്‍ ഇവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നത് അപമാനമായി കരുതുന്നു. ഇതിലെ വൈരുദ്ധ്യം മനോവക്കു മനസ്സിലാകുന്നില്ല.
ഒരു മതവിഭാഗം ദൈവമായി കരുതി ആരാധിക്കുന്ന വസ്തുക്കളെ മറ്റുമതക്കാര്‍ ആക്ഷേപത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല എന്നത് അംഗീകരിക്കാം. എന്നാല്‍, ഇവിടെ അതല്ലല്ലോ സംഭവിച്ചത്. ഭദ്രകാളിയും ഭൈരവനുമെല്ലാം മദ്യത്തെ മഹത്വമായി കാണുകയും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ മദ്യത്തിന്റെ 'ബ്രാന്‍ഡ് അംബാസിഡര്‍' ആക്കാന്‍ ഏറ്റവും യോജിച്ചത് ഇവരില്‍ ആരെങ്കിലും ആയിരിക്കുമല്ലോ!
മദ്യത്തെ എതിര്‍ത്ത ഗാന്ധിയെ മദ്യത്തിന്റെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിന്ദ്യമായ കാര്യമാണ്! മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് എന്നൊക്കെ പറഞ്ഞ ശ്രീനാരായണനെ മദ്യത്തിന്റെ പരസ്യത്തില്‍ ഉപയോഗിക്കുന്നതും ശരിയല്ല. (ഇദ്ദേഹത്തിന്റെ പേരിലാണ് കേരളത്തിലെ മദ്യവ്യവസായം നിലനില്‍ക്കുന്നത് എന്നകാര്യം വിസ്മരിക്കുന്നില്ല.) എന്നാല്‍, മദ്യത്തെ ശ്രേഷ്ഠമായി പ്രഖ്യാപിച്ച് പ്രോത്സാഹിപ്പിക്കുന്ന അവതാരങ്ങളുടെ പേരില്‍ മദ്യമുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് മനോവ കരുതുന്നത്!
അസ്സീസി പുണ്യവാന്റെ പേരില്‍ 'ബിയര്‍'!
ഹിന്ദുക്കള്‍ അവരുടെ വിശ്വാസപ്രകാരം അവരുടെ ദേവന്മാരുമായി എന്തു വേണമെങ്കിലും ചെയ്യട്ടെ. അക്കാര്യത്തില്‍ അന്യമതക്കാര്‍ ഇടപെടാതിരിക്കുന്നതാണ് ഉത്തമം. അത്തരം ആചാരങ്ങളിലേക്ക് നമ്മെ ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രം നാം പ്രതികരിച്ചാല്‍ മതി. അവരുടെ ദേവന്മാരെ അവര്‍ ആരാധിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് അവരുടെ കാര്യം! അതിനാല്‍, ഈ തര്‍ക്കം ഇവിടെ നിര്‍ത്തിയിട്ട് ക്രൈസ്തവര്‍ ചെയ്യുന്ന ഒരു പൈശാചിക പ്രവര്‍ത്തിയെക്കുറിച്ച് ചിന്തിക്കാം. ഭദ്രകാളിയ്ക്ക് മദ്യം പ്രിയങ്കരമായതിനാല്‍ അവളുടെ പേരില്‍ ബിയര്‍ ഇറക്കിയതില്‍ തെറ്റില്ലെന്ന് മനോവ അഭിപ്രായം പറയുമ്പോള്‍, വിപരീതമായ മറ്റൊരു കാര്യംകൂടി പറയട്ടെ!
കത്തോലിക്കാസഭ ബഹുമാനിക്കുന്ന വിശുദ്ധരില്‍ പ്രധാനിയാണ് ഫ്രാന്‍സിസ് അസ്സീസി. ഈ പുണ്യവാന്‍ മദ്യപിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി ചരിത്രത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. സമ്പന്നതയുടെ ഉന്നതിയില്‍നിന്ന് ഇറങ്ങിവന്ന് ദരിദ്രനായി ജീവിക്കുകയും സഹനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്ത വിശുദ്ധനാണ് ഇദ്ദേഹം. ക്രിസ്തുവിന്റെ അഞ്ചു മുറിവുകളും ശരീരത്തില്‍ വഹിച്ച ആദ്യത്തെ പഞ്ചക്ഷത ധാരിയാണ് വി. ഫ്രാന്‍സിസ്. ലൌകീകമായ സുഖഭോഗങ്ങളില്‍ ജീവിക്കാതെ ആത്മീയതയെ സ്വയംവരിച്ച സഹനപുരുഷനായിരുന്നു ഈ പുണ്യാത്മാവ്!
യേഹ്ശുവായുടെ കരങ്ങളിലെ ആണിപ്പഴുതുകള്‍ വഹിക്കാന്‍ ഭാഗ്യം ലഭിച്ച കരത്തില്‍ ബിയര്‍ ഗ്ലാസ് പിടിപ്പിച്ചത് മറ്റു മതക്കാരോ വ്യവസായികളോ അല്ല. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ നാമത്തില്‍ 'തട്ടിക്കൂട്ടിയ' സന്യാസസഭയാണ് ഈ നീചപ്രവര്‍ത്തി ചെയ്യുന്നത്. അസ്സീസി പുണ്യവാളന്റെ സഭയെന്ന് അവകാശപ്പെടുന്നവര്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന ബിയറിന്റെ പരസ്യത്തില്‍, ചുണ്ടോടടുപ്പിച്ച ബിയര്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഈ വിശുദ്ധനെ ചിത്രീകരിച്ചിരിക്കുന്നു! 'ഫ്രാന്‍സിസ്കാനര്‍ ' (ഫ്രാന്‍സിസ്കന്‍ ) എന്നാണു ബിയറിനു കൊടുത്തിരിക്കുന്ന പേര്! യൂറോപ്പില്‍ ആകമാനം ഈ ബിയര്‍ വില്‍ക്കുന്നുണ്ട്.
ചില വൈദീകരുമായി മനോവ ഇക്കാര്യം സംസാരിച്ചപ്പോള്‍ അവരതിനെ ന്യായീകരിച്ചു. സ്വന്തമായി ബിയര്‍ ഉണ്ടാക്കി വിറ്റാണ് ഈ 'പാവപ്പെട്ട' സന്യാസിമാര്‍ ഉപജീവനം കഴിക്കുന്നതത്രെ! വസ്ത്രധാരണത്തില്‍ മാത്രം പുണ്യവാനെ അനുകരിച്ചാല്‍ ഫ്രാന്‍സിസ്കന്‍ ആകില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് മനോവ ഇവിടെ നല്‍കുന്നത്. മനുഷ്യരെ തിന്മ ചെയ്യിപ്പിച്ചുണ്ടാക്കുന്ന പണംകൊണ്ട് സാധുക്കളെ സഹായിക്കുന്നവര്‍ ഒരു കാര്യമോര്‍ക്കുക; മയക്കുമരുന്ന് വിറ്റും വേശ്യാലയം നടത്തിയും ഉണ്ടാക്കുന്ന പണം ദൈവാലയ ഭണ്ഡാരത്തില്‍പ്പോലും സ്വീകാര്യമല്ല. ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത കാശാണത്. ഇങ്ങനെയുള്ള പണം കൊടുത്ത് വാങ്ങിയ സ്ഥലത്തെയാണ് 'ഹക്കല്‍ദാമ' (രക്തത്തിന്റെ വയല്‍) എന്ന് പറയുന്നത്.
ഇതേ കത്തോലിക്കാസഭയാണ് പാലക്കാട്ടെ 'ഡിസ്റ്റിലറി'ക്കെതിരെ ആക്രോശിക്കുന്നത്! എന്താണ് ഇതിലുള്ള ആത്മാര്‍ത്ഥത? പാലക്കാട്ടു വരാനിരിക്കുന്ന ഡിസ്റ്റിലറിക്കെതിരെ ശബ്ദിക്കുന്നത് ന്യായമാണ്; എന്നാല്‍, കത്തോലിക്കാസഭ ആദ്യം ചെയ്യേണ്ടത് സ്വന്തം ഭവനത്തെ ശുദ്ധീകരിക്കുകയാണ്! സ്വന്തം കണ്ണില്‍ തടിക്കഷണം വച്ചുകൊണ്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ ശ്രമിക്കുന്നത് വിചിത്രവും വചനത്തിന് എതിരായ പ്രവര്‍ത്തിയുമാണ്. കേരളത്തെ മദ്യവിമുക്തമാക്കണമെന്ന മുദ്രാവാക്യവുമായി നിലകൊള്ളുന്ന കേരളസഭയിലെ അംഗങ്ങളും ഈ സന്യാസസഭയിലുണ്ട് എന്നകാര്യം ആരും വിസ്മരിക്കരുത്. നാട് നന്നാക്കുന്നതിനു മുന്‍പ് വീട് നന്നാക്കാനുള്ള ഉത്തരവാദിത്വം നമുക്കില്ലേ?
ബിയര്‍ മദ്യമല്ല എന്നാണു ചിലരുടെ വാദം. ഇത്തരക്കാരോടു ചോദിക്കാനുള്ളത്; ബിയര്‍ കഴിച്ചാല്‍ ലഹരി പിടിക്കില്ലേയെന്നാണ്? എന്തിനാണു ബിയര്‍ പാര്‍ലറുകളില്‍ മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നെഴുതിയിരിക്കുന്നത്? ദൈവാലയങ്ങള്‍ക്കു സമീപം ബിയര്‍ പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ സഭകള്‍ അനുവദിക്കുമോ? (യൂറോപ്പിലെ പള്ളിമുറ്റങ്ങളില്‍ ചില പ്രത്യേക ദിവസങ്ങളില്‍ ബിയര്‍ വില്പനയും സല്‍ക്കാരവും നടത്താറുണ്ട്.) ആഗോള കത്തോലിക്കാസഭക്ക് ഒരു നിയമമേയുള്ളുവെന്നാണ് മനോവ മനസ്സിലാക്കുന്നത്. 40 ശതമാനം വീര്യമുള്ള മദ്യം കഴിച്ചല്ല ആരും മദ്യപാനം ആരംഭിക്കുന്നത്. ബിയര്‍പോലുള്ള വീര്യം അല്പം കുറഞ്ഞവയാണ് തുടക്കത്തില്‍ ഉപയോഗിക്കുന്നത്. ബിയര്‍ ഉപയോഗിച്ച് അതിന്റെ അടിമയായി തീര്‍ന്നവര്‍ യൂറോപ്പിലെ 'റിഹാബിലിറ്റേഷന്‍' സെന്റെറുകളില്‍' കഴിയുന്നുണ്ട്.
തങ്ങളുടെ തെറ്റുകളെ സ്വയം ന്യായീകരിക്കാന്‍ വാദങ്ങള്‍ നിരത്തുന്നവര്‍, ബിയറിനെ യൂറോപ്പില്‍ മഹത്വവത്ക്കരിക്കുകയും ഇന്ത്യയില്‍ സാത്താന്റെ 'മൂത്ര'മെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നതിലെ യുക്തി മനസ്സിലാക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ മദ്യം നിരോധിക്കണമെന്നു വാദിക്കുമ്പോള്‍ ക്രൈസ്തവരാജ്യങ്ങളില്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടില്ലെങ്കിലും സഭകള്‍ നേരിട്ടു നടത്തുന്ന 'ഡിസ്റ്റിലറി'കളെങ്കിലും അടച്ചുപൂട്ടണം!
തിന്മകളെ മഹത്വവത്ക്കരിക്കാന്‍ ചിലര്‍ നടത്തുന്ന വാദഗതികള്‍ തങ്ങളുടെ മനസ്സാക്ഷിയെപ്പോലും ബോധ്യപ്പെടുത്തുവാന്‍ ഉതകുന്നതല്ല. ഇത്തരം ദൈവശാസ്ത്രങ്ങളെ സ്വീകരിക്കാനുള്ള 'ബുദ്ധിവികാസം' സാധാരണ വിശ്വാസികള്‍ക്ക് ഇനിയും കൈവന്നിട്ടുമില്ല!
"ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ -വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ-"(മത്താ: 24; 15, 16).
ബിയറുണ്ടാക്കുന്ന സന്യാസിമാര്‍ക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍, സന്യാസം അവസാനിപ്പിച്ച് പൂര്‍വ്വാശ്രമങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത്! വിശുദ്ധ ഫ്രാന്‍സിസ് അസ്സീസീ, ഫ്രാന്‍സിസ്ക്കന്‍ സഭകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-