03 - 03 - 2010
എവിടെ നന്മ കണ്ടാലും അതിനെ കണ്ണടച്ച് എതിര്‍ക്കുന്ന ഒരു പ്രവണത ലോകത്തുണ്ട്. മുന്‍ കാലഘട്ടങ്ങള്‍ മുതല്‍ തുടര്‍ന്നുവരുന്ന പ്രതിഭാസമാണിത്! ചില അനുകൂല സാഹചര്യങ്ങളില്‍ അത് തഴച്ചുവളര്‍ന്ന്‍ വ്യാപിക്കും. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ആശയങ്ങളുടെ പ്രചരണത്തിലൂടെ മനുഷ്യ മനസ്സുകളെ വശീകരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് അരാജകത്വത്തിന്റെ അജ്ഞാത ശക്തിയാണ്. ദൈവത്തെയും ദൈവീകമായ സകലത്തെയും എതിര്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഈ ശക്തിയുടെ ഉറവിടം സാത്താനാണെന്ന് ദൈവവചനം പഠിപ്പിക്കുന്നു. അവന്‍ തന്റെ അടിമകളായ വ്യക്തികളിലൂടെ ഇത്തരം ഭീകരതയെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വിശുദ്ധജീവിതം നയിക്കുന്നവരെയും, ദൈവീക ശുശ്രൂഷകരെയും മോശമായി ചിത്രീകരിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നമ്മുടെയിടയില്‍ കാണാം. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം സുവിശേഷം തടയുകയെന്നത് മാത്രമാണ്. അങ്ങനെ രക്ഷയെ തടസ്സപ്പെടുത്തുകയും മനുഷ്യരെ സാത്താന്റെ അടിമത്വത്തില്‍ തളച്ചിടുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു കാര്യമുണ്ട്. പറയുന്നത് ആരാണ്, എന്നതിലുപരി പറയുന്നതെന്താണെന്ന് ചിന്തിക്കുക! ദൈവവചനവുമായി എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയാല്‍ മാത്രമെ, പറയുന്നവയിലെ സത്യം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് വചനം അറിയുകയെന്നതാണ് പരമപ്രധാനമായ കാര്യം. ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് തിന്മ കടന്നുവരുന്നത്. കപട ഉപദേശികള്‍ കടന്നുവരുന്നത് ആത്മീയ പരിവേഷം ധരിച്ചായിരിക്കും എന്നത് അപകടകരമായ അവസ്ഥയാണ്. ഈ അപകടത്തില്‍ വീഴാതിരിക്കാന്‍ വചനം പഠിക്കേണ്ടിയിരിക്കുന്നു. ദൈവവചനത്തിനു വിരുദ്ധമായതൊന്നും ദൈവത്തില്‍നിന്നല്ല.
ഇക്കഴിഞ്ഞ നാളുകളില്‍ ഒരു വ്യക്തിയെ പരിചയപ്പെടാനിടയായി. ആത്മീയതയില്‍ വളരെ അപകടകരമായ ചില ആശയങ്ങളുടെ തടവറയില്‍ കിടക്കുന്ന ഒരു വ്യക്തി! പ്രാര്‍ഥനാപൂര്‍വ്വം ചിന്തിച്ചപ്പോള്‍, ഗുരുതരമായ അവരുടെ പ്രവര്‍ത്തികളെ തിരിച്ചറിയാന്‍ കഴിഞ്ഞു. ഭൗതിക മനുഷ്യരേക്കാള്‍ അപകടകാരികളാണ് തെറ്റായ ആത്മീയതയില്‍ ജീവിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവര്‍. ദൈവവചനം തെറ്റായി പഠിപ്പിക്കുമ്പോള്‍, അറിവില്ലാത്ത ആളുകളെ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ നയിക്കുന്നു. ആത്മീയതയുടെ പരിവേഷത്തില്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കു കഴിയില്ല. പ്രാര്‍ത്ഥനാ കൂട്ടായ്മകളും ധ്യാനങ്ങളും എവിടെയുണ്ടെങ്കിലും അതിന്റെ മുന്‍പില്‍ നിന്നുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവര്‍, വചനത്തിന് എതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു.
ദൈവവചനത്തെക്കുറിച്ച് ഒന്നുമറിയാതെ എല്ലാ വചനപ്രഘോഷകരെയും വിമര്‍ശിക്കുകയും, തന്റെതന്നെ യുക്തിചിന്തകളാണ് സത്യമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നത് ഈ വ്യക്തിയില്‍ നിന്ന് മനസ്സിലാക്കാന്‍ ഇടയായി. തനിക്കു സ്വീകാര്യമല്ലാത്ത വ്യക്തികളെ അപമാനിക്കുവാന്‍ എന്ത് മാര്‍ഗ്ഗം സ്വീകരിക്കാനും ഇവര്‍ തയ്യാറാകുന്നത് നീചമായ ഒരവസ്ഥയാണെന്ന് ചിന്തിക്കണം. തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കണം. എന്നാല്‍, തെറ്റെന്താണെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരിക്കണം അത്. ഈ വ്യക്തി അങ്ങനെയായിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ വചന ശുശ്രൂഷാ കേന്ദ്രമായ 'പോട്ടാ' ഡിവൈന്‍ ധ്യാന ശുശ്രൂഷകളെയും മോശമായ ഭാഷയില്‍ എതിര്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍, തിരുവചനത്തിലെ ചില മുന്നറിയിപ്പുകള്‍ ഓര്‍മ്മയില്‍വന്നു.
"ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കും"(2 തെസലോ: 2; 4). ലോകത്തിന്റെ ഏതു തിന്മയ്ക്കും നേരെ കണ്ണടയ്ക്കുകയും, ആത്മീയ മനുഷ്യരെയും ദൈവീക സംവിധാനങ്ങളെയും എതിര്‍ക്കുകയും ചെയ്യുന്ന ഒരു ലൗകിക വ്യര്‍ത്ഥത അന്ത്യനാളുകളില്‍ വ്യാപകമാകുമെന്നു തന്നെയാണ് വചനം അറിയിക്കുന്നത്. വചനത്തിലെയും സഭയിലെയും നിയമങ്ങളെ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാതശക്തി പ്രവര്‍ത്തനമാരംഭിക്കും. "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും"(2 തെസലോ: 2; 10).
സഭയിലെ ശ്രേഷ്ഠന്മാരെയും വചന ശുശ്രൂഷകരെയും ദുരാരോപണങ്ങള്‍ക്ക് ഇരയാക്കുന്ന ചിലരെക്കാണാം. സഭയിലെ നിയമങ്ങള്‍ക്കും ദൈവവചനത്തിനും എതിരായ പ്രവര്‍ത്തികള്‍ നേതൃത്വത്തില്‍നിന്നും ഉണ്ടായാല്‍, അതിനെ എതിര്‍ക്കാനും തെറ്റ് ചൂണ്ടിക്കാണിക്കാനും സഭാമക്കള്‍ക്ക് അവകാശവും കടമയുമുണ്ട്. എന്നാല്‍, കേട്ടറിഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ സഭയും സഭാശുശ്രൂഷകളും അപമാനിക്കപ്പെടുന്നു. തീഷ്ണതയോടെ ദൈവീക ശുശ്രൂഷകള്‍ ചെയ്യുന്നവരുടെ ആത്മവീര്യം കെടുത്തിക്കളയുകയാണിവര്‍. 'കിംവദന്തികള്‍' പ്രചരിപ്പിക്കുന്നവരുടെ പിന്നില്‍ സാത്താന്റെ കുടിലതന്ത്രം ഉണ്ടെന്നു തിരിച്ചറിയണം!
"രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോത്തി: 5; 19). എല്ലാവരും അനുസരിക്കാന്‍ കടമയുള്ള വചനമാണിത്. വചനത്തെക്കുറിച്ച് അറിവില്ലാത്തവരുടെ ഇടയില്‍, ആത്മീയരെന്ന ധാരണ ജനിപ്പിച്ചുകൊണ്ട് കടന്നുകൂടുന്നവരെ സൂക്ഷിക്കണം. നിരപരാധിയായ ഒരു സുവിശേഷ വേലക്കാരനെയോ പുരോഹിതനെയോ ആണ് ഇങ്ങനെ വേദനിപ്പിക്കുന്നതെങ്കില്‍ ഈ വചനം ഓര്‍ത്തിരിക്കണം. നിയമപുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "നിന്റെ ദൈവമായ യാഹ്‌വെയുടെ മുമ്പില്‍ പരികര്‍മ്മം ചെയ്യുന്ന പുരോഹിതനെയോ ന്യായാധിപനെയോ അനുസരിക്കാതെ ഒരുവന്‍ ധിക്കാരപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, അവന്‍ വധിക്കപ്പെടണം"(നിയമം: 17; 12). ശാരീരികമായി വധിക്കപ്പെടുന്നില്ലെങ്കിലും ആത്മീയമരണം ഇവര്‍ക്ക് സംഭവിക്കും. ഇങ്ങനെയുള്ളവരുടെ ആത്മീയ ജീവിതം ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും! ദൈവം അഭിഷേകം ചെയ്തവനെ ശിക്ഷിക്കാനുള്ള അധികാരം നമുക്കില്ല. അവര്‍ തെറ്റ് ചെയ്‌താല്‍ ദൈവമാണ് ശിക്ഷിക്കേണ്ടത്. പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവര്‍ തെറ്റിലേക്ക് പോയേക്കാം. ആ തെറ്റുകള്‍ മറ്റുള്ളവര്‍ അനുകരിക്കാതിരിക്കേണ്ടത്തിന്, തെറ്റുകള്‍ തിരുത്തപ്പെടണം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ വചനത്തിലുണ്ട്. ശൗവുല്‍ രാജാവിനെ വധിക്കാനുള്ള അവസരം കിട്ടിയപ്പോള്‍, ദാവീദ് അതു ചെയ്യാതെ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാം; "യാഹ്‌വെയുടെ അഭിഷിക്തനെതിരെ കരമുയര്‍ത്തിയിട്ട് നിര്‍ദ്ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും? യാഹ്‌വെയാണേ, അവിടുന്ന് അവനെ ശിക്ഷിച്ചുകൊളളും. യഥാകാലം അവന്‍ മരിക്കുകയോ യുദ്ധത്തില്‍ വധിക്കപ്പെടുകയോ ചെയ്യും. യാഹ്‌വെയുടെ അഭിഷിക്തന്റെമേല്‍ കൈവയ്ക്കുന്നതില്‍നിന്ന് അവിടുന്ന് എന്നെ തടയട്ടെ!"(1 ശമുയേല്‍: 26; 9-11). ആത്മീയ കാര്യങ്ങളില്‍ വ്യാപരിക്കുന്നവരെ അധിക്ഷേപിക്കുന്നതിലൂടെ, ദൈവീക ശുശ്രൂഷകളെ തകര്‍ക്കുകയാണ് സാത്താന്റെ ലക്‌ഷ്യം!
ഇനിയും മറ്റൊരുതരക്കാരെ 'ആത്മീയ' മേഖലയില്‍ കാണാം. പാപകരമായ ജീവിതത്തില്‍ നിന്നും മാനസാന്തരപ്പെട്ട് ദൈവമാര്‍ഗ്ഗത്തില്‍ വന്നവരാണിവര്‍! ചില തെറ്റായ അറിവുകളിലൂടെ ഇക്കൂട്ടരെ പിശാചു നയിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മീയ മനുഷ്യരെ വഴിതെറ്റിക്കാന്‍ സാത്താന്‍ ഉപയോഗിക്കുന്ന നിരവധി രീതികള്‍ മനസ്സിലാക്കാന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രീതി, വചനത്തിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെയാണ്.
സഭാ നേതൃത്വത്തെയും ശ്രേഷ്ഠന്മാരെയും വിമര്‍ശിക്കുകയും തന്റെ ബോദ്ധ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും കണ്ടിട്ടുണ്ട്. 'അതി' തീഷ്ണതമൂലം ഇവര്‍ തങ്ങളുടെ പൂര്‍വ്വകാല ജീവിതത്തെക്കുറിച്ച് വിസ്മരിച്ചുകൊണ്ട് സകലരെയും കുറ്റപ്പെടുത്തുന്നു! പാപകരമായ ജീവിതം മനുഷ്യരെ നശിപ്പിക്കും. എന്നാല്‍, ഉപദേശിക്കുന്ന വ്യക്തി ഇന്നലെവരെയും മറ്റുള്ളവരേക്കാള്‍ മോശമായിരുന്നു എന്നത് ചിന്തിക്കണം. തെറ്റ് തിരുത്തി നന്മയില്‍ വ്യാപരിക്കുന്നത് ശ്രേഷ്ഠമായ കാര്യമാണ്. അവരെ പൂര്‍വ്വകാല അവസ്ഥകളില്‍ കുറ്റപ്പെ ടുത്തരുത്. എന്നാല്‍, മോചനം പ്രാപിത്തക്കാവരെ ഇത്തരക്കാര്‍ ആക്ഷേപിക്കുന്നത് നന്മയല്ല. നാം അറിഞ്ഞ സത്യം മറ്റുള്ളവരെ അറിയിക്കാന്‍ കടമയുണ്ട്. അത് അവരുടെ രക്ഷയെ മുന്നില്‍ കണ്ടായിരിക്കുക! തനിക്കു ലഭിച്ച കൃപയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുകയും, ഈ സന്തോഷം മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് കൂടുതല്‍ ശ്രേഷ്ഠം! അപ്പോള്‍ നാം പറയുന്നതിനെ സ്വീകരിക്കാന്‍, കേള്‍ക്കുന്നവര്‍ക്ക് സാധിക്കും.
ആത്മീയതയില്‍ ജീവിക്കാന്‍, കല്‍പ്പനകള്‍ അനുസരിച്ച് പ്രാര്‍ത്ഥനാജീവിതം നയിച്ചാല്‍ ഒരു പരിധിവരെ സാദ്ധ്യമായേക്കാം . എന്നാല്‍, മറ്റുള്ളവരെ പഠിപ്പിക്കാന്‍ വചനം നമ്മില്‍ വളരുക അത്യാവശ്യമാണ്. നമുക്ക് അറിയാത്ത കാര്യം എങ്ങനെ പഠിപ്പിക്കും? ദൈവവചനം പഠിക്കുമ്പോള്‍ , അത് എഴുതിയ സാഹചര്യവും ചരിത്രപരമായ അവസ്ഥകളും പശ്ചാത്തലവും വ്യക്തമായും മനസ്സിലാക്കണം. അല്ലെങ്കില്‍ നമ്മുടെ അറിവുകേടിനെ സാത്താന്‍ ആയുധമാക്കും.
വചനത്തെ വ്യക്തമായി പഠിക്കുകയും, വ്യക്തിപരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ, സാത്താന് നിയന്ത്രിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇവരണ്ടും തടസപ്പെടുത്തുകയാണ് അവന്റെ ലക്‌ഷ്യം! ദൈവവചനം ആഴമായി പഠിക്കാന്‍ കഴിയുക എന്നതുമാത്രമാണ് ഇതിനു പരിഹാരം.
വാളെടുത്തവരെല്ലാം 'വെളിച്ചപ്പാട്'!
ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ആദ്ധ്യാത്മികതയിലും 'കള്ളനാണയ'ങ്ങളുണ്ട്. അറിഞ്ഞുകൊണ്ട് ഇങ്ങനെ ആയിത്തീര്‍ന്നവരേക്കാള്‍ കൂടുതല്‍, അജ്ഞതകൊണ്ട് സാത്താന്റെ ഉപകരണമായി മാറ്റപ്പെടുന്നവരാണ്. എങ്ങനെയായാലും ഫലം ഒന്നുതന്നെ!
ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും പിന്നാലെ ഓടുകയും, വചനത്തെക്കുറിച്ച് യാതൊന്നും അറിയാതിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ ആത്മീയതയില്‍ വലിയ വിപത്താണ്.! ക്രിസ്തുവിനെതിരെ പ്രവര്‍ത്തിക്കുന്ന 'ചാവേര്‍പ്പട' യാണിവര്‍! സ്വയം ചാമ്പലാകുകയും വലിയൊരു സമൂഹത്തെ ചാമ്പലാക്കുകയും ചെയ്യുന്ന ആത്മഹത്യാ 'സ്ക്വാഡുകള്‍'!
ദര്‍ശനങ്ങളും വെളിപാടുകളും ആദ്ധ്യാത്മീകതയില്‍ ഗുണകരമാണ്. ദൈവം, തന്റെ ഹിതം വെളിപ്പെടുത്താന്‍ ഇവ നല്‍കാറുണ്ട്. എന്നാല്‍, വെളിപാടുകള്‍ സാത്താനും നല്‍കുന്നുവെന്നത്, വളരെ സൂക്ഷ്മതയോടെ കാണണം. ദൈവവചനത്തിനു വിരുദ്ധമായി ഒരു സന്ദേശവും ദൈവത്തില്‍ നിന്നും വരികയില്ല. ഈ കാരണം കൊണ്ടുതന്നെ ദൈവവചനത്തെ ആഴമായി പഠിക്കാത്ത ഒരുവനെ, ദര്‍ശനങ്ങള്‍ തെറ്റായി നയിക്കാം. വചനത്തെക്കാള്‍ അധികമായി മായാദര്‍ശനങ്ങളെ പിന്തുടരുന്നവരുണ്ട്. ഇവരാണ് ആദ്ധ്യാത്മികതയിലെ ഏറ്റവും അപകടകാരികള്‍! ഇത്തരക്കാര്‍ക്ക് ബൈബിളും സഭയും നേതാക്കന്മാരും ഒരു പ്രശ്നവുമല്ല. രാത്രിയില്‍ കാണുന്ന സ്വപ്നങ്ങളും, അറിവുകേടില്‍നിന്നും രൂപപ്പെടുന്ന ചിന്തകളുമാണ് പ്രധാനം.
"ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്‍തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ദുരിതം! യിസ്രായേലേ, നിന്റെ പ്രവാചകന്മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്"(യെസെക്കി: 13; 3, 4). "അവര്‍ കള്ളം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. യാഹ്‌വെ അവരെ അയച്ചിട്ടില്ലെങ്കിലും യാഹ്‌വെ അരുളിച്ചെയ്യുന്നു എന്ന് അവര്‍ പറയുകയും അവിടുന്ന് അതു നിറവേറ്റുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു"(യെസെക്കി: 13; 6). "നിങ്ങള്‍ വ്യാജം പറഞ്ഞതുകൊണ്ടും മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരാണ്. ദൈവമായ യാഹ്‌വെയാണ് ഇതു പറയുന്നത്. വ്യാജം പ്രവചിക്കുകയും വ്യര്‍ത്ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കെതിരെ എന്റെ കരം ഉയരും"(യെസെക്കി: 13; 8, 9).
അല്പം പ്രാര്‍ത്ഥന ആരംഭിച്ചാല്‍ പിന്നെ നേതൃത്വത്തോടെല്ലാം പുച്ഛമാണ്. അറിവില്ലാത്തവരും നേതൃത്വത്തോട് അസംതൃപ്തിയില്‍ കഴിയുന്നവരുമായ ചിലരെ കൂട്ടുപിടിച്ച് 'സ്വന്തം സഭ' കെട്ടിപ്പടുക്കും. ഇത്തരം സഭകള്‍ ഇന്ന് ധാരാളമാണ്!
ചിലര്‍ സ്വപ്നങ്ങളും തങ്ങളുടെ തോന്നലുകളും ദൈവീക സന്ദേശങ്ങളാണെന്ന് തെറ്റിദ്ധരിച്ച് വൈദീകരെയും സഭാനേതൃത്വത്തെയും പഠിപ്പിക്കാന്‍ ഇറങ്ങാറുണ്ട്. സ്വീകരിക്കാതെവരുമ്പോള്‍, നേതൃത്വത്തെയും സഭയെപ്പോലും ശത്രുവായി പരിഗണിക്കുന്നവരുമുണ്ട്. തിരുവോസ്തിപോലും കൈവശംവച്ച് അവഹേളിക്കുന്ന 'അതിതീഷ്ണമതി' കളായ ദര്‍ശനക്കാരെക്കുറിച്ച് ഈ അടുത്തനാളില്‍ അറിയാനിടയായി. ഇതൊന്നു യഥാര്‍ത്ഥ ആത്മീയത അല്ലെന്നു മാത്രമല്ല, പിശാചിന്റെ പഠനങ്ങളാണ്! ഇവരൊക്കെ നാളെ അള്‍ത്താരയില്‍ കയറി ബലിയര്‍പ്പണം നടത്തില്ലെന്ന് പറയാന്‍ കഴിയില്ല! സത്യം അറിയിക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം പാലിച്ചാല്‍ അത് ഗുരുതരമായ തെറ്റുതന്നെയാണ്!
ദൈവീക ശുശ്രൂഷകരെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ!
ദൈവീക ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നു തന്നെയാണ് വചനം പഠിപ്പിക്കുന്നത്. പുരാതനഗ്രന്ഥങ്ങളില്‍ ഉടനീളം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പ്രവാചകന്മാരെയും, ദൈവം അഭിഷേകം ചെയ്ത പുരോഹിതരെയും പരിത്യജിച്ച ദേശങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടുള്ള ദുരന്തങ്ങള്‍ ഇതിനു തെളിവാണ്.
മോശയ്ക്കും അഹറോനുമെതിരെ ഇരുന്നൂറ്റിയമ്പത് വ്യക്തികള്‍ സംഘം ചേരുന്നതായി സംഖ്യയുടെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അവര്‍ നിസ്സാരക്കാരായിരുന്നില്ല! യിസ്രായേല്‍ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായിരുന്നുവെന്ന് വചനത്തില്‍ കാണാം(സംഖ്യ: 16; 2). മോശയുടെ പ്രാര്‍ത്ഥന സ്വീകരിച്ച്, ദൈവം അവരോട് എന്താണ് പ്രവര്‍ത്തിച്ചതെന്ന് പിന്നീടുള്ള വചനത്തിലുണ്ട്. "മോശ ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവര്‍ക്കുതാഴെ നിലം പിളര്‍ന്നു. ഭൂമി വാപിളര്‍ന്ന് കോറഹിനെയും അനുചരന്മാരേയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടുംകൂടെ വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു. ഭൂമി അവരെ മൂടി"(സംഖ്യ: 16; 31-33).
ഇത്തരം പ്രവര്‍ത്തികളില്‍ വ്യാപരിക്കുന്നവരെ മാത്രമല്ല; അവരുമായി ചേര്‍ന്നുനില്‍ക്കുന്നവരെയും ശിക്ഷ പിടികൂടുമെന്നത് ഭയത്തോടെ ഓര്‍ക്കണം! സോദോം- ഗൊമോറ ദേശങ്ങള്‍ നശിപ്പിച്ചുകളഞ്ഞപ്പോഴും നോഹിന്റെ കാലത്ത് ഭൂമുഖം മുഴുവനെയും നശിപ്പിച്ചപ്പോഴും അവിടെ മുലകുടിക്കുന്ന കുഞ്ഞുങ്ങളുണ്ടായിരുന്നു. അവരാരും രക്ഷപെട്ടതായി പറയുന്നില്ല. പാപികളുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക്, ഇതേ കാരണത്താല്‍തന്നെ മറ്റു യോഗ്യതകളെല്ലാം നഷ്ടമാകും. കാരണം, ദൈവവചനം ഇങ്ങനെ പറയുന്നു; "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്"(2 കോറി: 6; 14). "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 17). ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് ലഭിക്കുന്നവ, അവനോടു കൂടെയുള്ള എല്ലാവര്‍ക്കും കിട്ടും. അതുകൊണ്ട്, അത്തരം ബന്ധങ്ങളെ മുറിച്ചു മാറ്റുക.
ദൈവം തെരഞ്ഞെടുത്ത ജനമായ യിസ്രായേല്‍ സമൂഹത്തെ പീഡിപ്പിച്ചവരുടെ അനുഭവം പുറപ്പാടിന്റെ പുസ്തകത്തില്‍ വായിക്കുന്നുണ്ടല്ലോ? ഈജിപ്തിനെ പത്തു മഹാമാരികളാല്‍ ശിക്ഷിക്കുമ്പോള്‍, അവസാനത്തെ മഹാമാരിയെ ശ്രദ്ധിക്കുക. ആ നാട്ടിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍ സന്താനങ്ങളെ, സംഹാരദൂതന്‍ വധിച്ചുകളയുന്നു. തെറ്റ് ചെയ്യരുതെന്ന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനു ശേഷവും അതില്‍ തുടരുന്നവര്‍ക്ക്, ദൈവത്തിന്റെ പ്രവര്‍ത്തിയെ അനീതിയെന്ന് പറയാന്‍ കഴിയില്ല. ഇത്രയെല്ലാം അനുഭവിച്ചിട്ടും ഫറവോ പാഠം പഠിക്കുന്നില്ല. ഇസ്രായേല്‍ജനം ചെങ്കടല്‍ കടക്കുമ്പോള്‍ അവരെ പിന്തുടര്‍ന്ന് ശിക്ഷ പിടിച്ചുവാങ്ങുന്നതും വിസ്മരിക്കരുത്! ഈജിപ്തിലെ സൈന്യത്തിന് ചെങ്കടലിന്റെ അഗാതങ്ങളില്‍ 'ശവകുടീരം' ഒരുക്കപ്പെട്ടു!
പുറപ്പാട് ചരിത്രത്തില്‍ എല്ലായപ്പോഴും യിസ്രായേലിന്റെ വൈരികളെ തകര്‍ത്തുകളയുന്നതു കാണാം. നീതിമാനെയും ദൈവശുശ്രൂഷനെയും സംരക്ഷിക്കാന്‍ ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിവരുന്ന ദൈവത്തെ, വചനം പരിചയപ്പെടുത്തുന്നു. "നീതിമാനെ ദ്വേഷിക്കുന്നവര്‍ക്ക് ശിക്ഷാവിധിയുണ്ടാകും. യാഹ്‌വെ തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു"(സങ്കീ: 34; 21).
"അവരുടെ അകൃത്യം അവിടുന്ന് അവരിലേക്കുതന്നെ തിരിച്ചുവിടും; അവരുടെ ദുഷ്ടതമൂലം അവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യും; നമ്മുടെ ദൈവമായ യാഹ്‌വെ അവരെ തൂത്തെറിയും"(സങ്കീ: 94; 28 ). ദൈവ വചനം വീണ്ടും അറിയിക്കുന്നു: "ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണ് ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്"(സങ്കീ: 108; 18).
യേലിയാഹ് പ്രവാചകനെ എതിര്‍ത്ത ആഹാബ് രാജാവിന്റെ അന്ത്യം രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവന്‍ യേലിയാഹിനെ അകാരണമായി പീഡിപ്പിച്ചു. യുദ്ധത്തില്‍ വധിക്കപ്പെട്ട ആഹാബിന്റെ, മരണം വിവരിച്ചതിനുശേഷം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: "ശെമരിയായിലെ കുളത്തില്‍ അവര്‍ രാജാവിന്റെ രഥം കഴുകി. യാഹ്‌വെ അരുളിച്ചെയ്തിരുന്നതുപോലെ നായ്ക്കള്‍ അവന്റെ രക്തം നക്കിക്കുടിച്ചു. വേശ്യകള്‍ ആ വെള്ളത്തില്‍ കുളിച്ചു"(1 രാജാ: 22; 38).
വളരെ ജാഗ്രതയോടെ മനസ്സിലാക്കേണ്ട മറ്റൊരു ചരിത്രം ബൈബിളിലുണ്ട്. യെലീശാ പ്രവാചകനുമായി ബന്ധപ്പെട്ട സംഭവമാണിത്. പ്രവാചകന്‍ ബെഥേലിലേക്ക് പോകുന്നവഴി, പട്ടണത്തില്‍നിന്നും വന്ന ചില ബാലന്മാര്‍ യെലീശായെ പരിഹസിച്ചു. "അവന്‍ തിരിഞ്ഞുനോക്കി, അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്പത്തിരണ്ടു ബാലന്മാരെ ചീന്തിക്കീറി"(2 രാജാ: 2; 24 ). പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും ബാധകമാണ് ശിക്ഷകളെന്ന് ഇതിലൂടെ വ്യക്തമാകുന്നു. കുട്ടികളെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കണമെന്ന് വചനം മുന്നറിയിപ്പ് തന്നിട്ടുണ്ടല്ലോ!
ക്രിസ്തുവിന്റെ വരവോടെ ശിക്ഷകളെല്ലാംഅവസാനിച്ചുവെന്ന ഒരു മിഥ്യാധാരണ സഭകളിലും സമൂഹങ്ങളിലുമുണ്ട്. അത് തികച്ചും തെറ്റാണെന്ന് തിരുവചനവും ആനുകാലിക സംഭവങ്ങളും സൂചിപ്പിക്കുന്നു. ഈ വസ്തുതയെ വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്താന്‍ കഴിയും. ഒരു സംഭവം ശ്രദ്ധിക്കാം! സഭയുടെ ആദ്യ കാലങ്ങളില്‍, സമ്പത്തെല്ലാം വിറ്റുകിട്ടുന്ന പണം അപ്പസ്തോലന്മാരെ ഏല്പിക്കുമായിരുന്നു. അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറയും അപ്രകാരം ചെയ്തു. എന്നാല്‍, അവന്‍ തന്റെ ഭാര്യയുടെ അറിവോടെ കുറച്ചു പണം മാറ്റിവയ്ക്കുകയും, പത്രോസിനോട് കളവു പറയുകയും ചെയ്തു. ഇരുവരും നിലത്തുവീണ് മരിക്കുന്നതായി വചനത്തില്‍ വായിക്കുന്നുണ്ട്(അപ്പ. പ്രവര്‍ത്തനങ്ങള്‍: 5; 1-11).
സാത്താന്‍ മറച്ചുവയ്ക്കുന്ന സത്യങ്ങള്‍!
ശിക്ഷയെക്കുറിച്ചുള്ള സത്യങ്ങളെ മറച്ചുവയ്ക്കുകയെന്നത് സാത്താന്റെ ഒരു കൌശലമാണ്! തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും എന്ന തിരിച്ചറിവ്, തെറ്റുകളില്‍നിന്ന് മാറിനില്‍ക്കാന്‍ മനുഷ്യന് പ്രേരണയായേക്കാം. അതുകൊണ്ടുതന്നെ ശിക്ഷയെക്കുറിച്ച് അജ്ഞത നല്‍കുകയെന്നത് അവന്റെ തന്ത്രമാണ്. കാരണം സകലരുടെയും നാശമാണ് സാത്താന്റെ പദ്ധതി.
വ്യക്തിപരമായതും അല്ലാത്തതുമായ പല തകര്‍ച്ചകളുടെയും ദുരന്തങ്ങളുടെയും പിന്നില്‍ ദൈവത്തിന്റെ മുന്നറിയിപ്പുകളെ മനസ്സിലാക്കാന്‍ കഴിയണം. തകര്‍ച്ചകളെ വെറും സ്വാഭാവിക സംഭവങ്ങളായി മാത്രം കാണാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാധാരണ സാത്താന്‍ കൊണ്ടുവരുന്നു. നന്മ ചെയ്തിട്ടും ദുരന്തങ്ങള്‍ സംഭവിക്കാം. നമ്മുടെ ജീവിതത്തില്‍ വന്നുഭവിക്കുന്ന തകര്‍ച്ചകള്‍, നന്മയില്‍നിന്നോ തിന്മയില്‍നിന്നോ ആകാം. ദൈവം തിരഞ്ഞെടുത്തവരെ സാത്താന്‍ ദ്രോഹിക്കും എന്ന് നമുക്കറിയാമല്ലോ? തകര്‍ച്ചകള്‍ക്ക് മുന്‍പുള്ള നമ്മുടെ പ്രവര്‍ത്തികളെ വിവേചിച്ചാല്‍ മാത്രമേ ഇവയുടെ കാരണം മനസ്സിലാകുകയുള്ളൂ. അതിന് ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് ഏതാണ് നന്മ, ഏതാണ് തിന്മ എന്നതാണ്. ഇതറിയണമെങ്കില്‍ വചനം അറിയുകതന്നെ വേണം! നമ്മുടെ മനസ്സാക്ഷി പറയുന്നത് ശരിയാകണമെന്നില്ല. കാരണം, തെറ്റായ അറിവുകളില്‍ നിന്ന് രൂപംകൊണ്ടതാണ് നമ്മുടെ മനസ്സാക്ഷിയെങ്കില്‍ ശരിയായത് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ഇക്കാരണത്താലാണ് ശുദ്ധമനസ്സാക്ഷിക്കായി പ്രാര്‍ത്ഥിക്കണമെന്ന് പൗലോസ് അപ്പസ്തോലന്‍ ഓര്‍മ്മപ്പെടുത്തുന്നത്.
രണ്ടായിരം വര്‍ഷങ്ങളായി ഏറ്റവുമധികം മറ്റു മതക്കാരാല്‍ പീഡിപ്പിക്കപ്പെടുന്ന സമൂഹം ക്രിസ്തീയ സമൂഹമാണ്. എന്തുകൊണ്ട് ഈ സത്യം മറച്ചു വയ്ക്കപ്പെടുന്നു? ഇറാക്ക്, പാക്കിസ്ഥാന്‍, തുര്‍ക്കി, ഇന്ത്യ, സിറിയ തുടങ്ങി പത്തിലധികം രാജ്യങ്ങളില്‍ ക്രൈസ്തവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവേന്നാണ്, മനുഷ്യാവകാശ സംഘടന ഈ അടുത്തകാലത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. 'ഓസ്ത്രേലിയയില്‍' ഒരു ഇന്ത്യക്കാരനെ 'കൊഞ്ഞനം കുത്തിയെന്ന്' വീറോടെ എഴുതുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത് മറച്ചുവയ്ക്കുന്നു? ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന സൌദിയില്‍ എത്രപേര്‍ ജയിലിലുണ്ടെന്നോ അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ എത്ര ഗുരുതരമാണെന്നോ ചിന്തിക്കാതെ, സൌദിയുടെ സ്തുതിപാടകരായി അധഃപതിക്കുകയാണ് ഇന്ത്യയിലെ ഭരണകൂടവും മാധ്യമങ്ങളും!
സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ-സാംസ്കാരിക സംഘടനകളെ നമുക്കിന്നു കാണാം. ക്രൈസ്തവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വന്നാല്‍ത്തന്നെ പെട്ടന്ന് കെട്ടടങ്ങുന്നു. എന്നാല്‍, മറ്റു വിഭാഗങ്ങള്‍ ഉപദ്രവിക്കപ്പെടുന്നത് ഒരിക്കലും അവസാനിക്കാത്ത വാര്‍ത്തകളാണ്. ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാല്‍നൂറ്റാണ്ട് മുന്‍പ് നടന്ന 'സിക്ക്' കൂട്ടക്കൊല ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അയോദ്ധ്യയും ഗോദ്രയും ഒരിക്കലും അവസാനിക്കാതെ ഇന്നും പ്രഘോഷിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം അപലപിക്കപ്പെടെണ്ട സംഭവങ്ങളായിരുന്നു എന്നതില്‍ തര്‍ക്കമില്ല! എന്നാല്‍ ഒറീസയില്‍ നിയമപാലകരുടെ ഒത്താശയോടെ നടന്ന പൈശാചികത എല്ലാവരും വിസ്മരിച്ചു. ഇന്നും വനത്തില്‍ ഒളിച്ചു കഴിയുന്ന ക്രൈസ്തവര്‍ അവിടെയുണ്ട്. ഗ്രഹാം സ്റ്റയിന്‍സും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ചുട്ടുകൊല്ലപ്പെട്ടത് ഓര്‍മ്മയില്‍ പോലും ഇല്ല!
സാത്താന്‍ ശിക്ഷയെ മറച്ചുവയ്ക്കുന്ന മറ്റൊരു രീതിയുണ്ട്. നീതിമാന്മാരെ ഉപദ്രവിക്കുമ്പോള്‍ , അവിടേക്ക് മഹാമാരികളെ അയക്കുന്നത് ബൈബിളില്‍ ഉടനീളം കാണാം. ഈ കാലഘട്ടത്തിലും ഇത്തരം ദുരന്തങ്ങള്‍ കടന്നു വരുന്നത് മനസ്സിലാക്കാന്‍ കഴിയും. ഇന്ത്യയില്‍ സുവിശേഷ ശുശ്രൂഷകര്‍ പീഡിപ്പിക്കപ്പെട്ടപ്പോഴെല്ലാം, ആ നാട്ടിലേക്ക് വന്നുഭവിച്ച ദുരന്തങ്ങള്‍ വചനത്തിന്റെ പിന്തുടര്‍ച്ചയാണ്. എന്നാല്‍, ഇത് സ്വാഭാവിക സംഭവം എന്ന് പ്രചരിപ്പിക്കാനാണ് സാത്താന് താത്പര്യം! അതുകൊണ്ടാണല്ലോ, ഇത് തുറന്നുപറയാന്‍ തയ്യാറായ, കര്‍ണാടകത്തിലെ മന്ത്രി ജോണിന് സ്ഥാനം പോയത്!
ദൈവത്തെയും ദൈവീക സംവീധാനങ്ങളെയും എതിര്‍ക്കുന്നവര്‍ ആരുതന്നെയായാലും 'തോട്ടിമുള്ളിലാണ്' അവര്‍ തൊഴിക്കുന്നത്. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയാണെന്ന് മറക്കരുത്. കാരണം യേഹ്ശുവാ അന്നും ഇന്നും എന്നും ഒരുവന്‍തന്നെ! പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയുള്ളത് തനിയാവര്‍ത്തനം തന്നെയാണ്. ഈജിപ്തിന്റെമേലും ദൈവജനത്തിന്റെ മറ്റു വൈരികളുടെമേലും അയക്കപ്പെട്ട 'മഹാമാരികള്‍' വിശ്വസിക്കുന്നവര്‍, ഇപ്പോള്‍ സംഭവിക്കുന്നവയെയും വിശ്വസിക്കാതെ തരമില്ല.
ലോകം നിങ്ങളെ വെറുക്കും!
ദൈവംതന്നെയായ യേഹ്ശുവാ തന്റെ ശുശ്രൂഷകര്‍ക്ക് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്നാണ് ലോകത്തില്‍നിന്നുള്ള വെറുപ്പ്! ദൈവം തെരഞ്ഞെടുത്തവരെ ഈ ലോകത്തിന്റെ മനുഷ്യര്‍ കാരണം കൂടാതെ വെറുക്കും എന്നത് വചനം പ്രഖ്യാപിച്ചിട്ടുള്ള സത്യമാണ്. അതിനാല്‍ ഇത്തരം അനുഭവങ്ങള്‍ വരുമ്പോള്‍ ആരും അസ്വസ്ഥരാകേണ്ടതില്ല. "അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പ്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ പേര് നിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചാകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവര്‍ രക്ഷിക്കപ്പെടും"(മത്താ: 24; 9-13).
"യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും"(2 തിമോ: 3; 12, 13).
വി.ലൂക്കായുടെ സുവിശേഷത്തില്‍ ഈ വചനം ആവര്‍ത്തിക്കുന്നുണ്ട്. പീഡനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിനുശേഷം അത്യുന്നതമായ ഒരു വാഗ്ദാനം ഇവിടെ കാണാം. "എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും"(ലൂക്കാ: 21; 18, 19).
പ്രവാചക കാലഘട്ടത്തില്‍ പ്രവാചകന്മാരെയും ദൈവം അഭിഷേകം ചെയ്ത മനുഷ്യരെയും എതിരിടുന്ന ചില വ്യക്തികളെയും സമൂഹങ്ങളെയും കാണാം. യോഹന്നാന്‍ വരെയുള്ള എല്ലാ പ്രവാചകന്മാര്‍ക്കും മറ്റു നീതിമാന്മാര്‍ക്കും ഇതുതന്നെയാണ് ലഭിച്ചത്. എങ്കിലും അവര്‍ യാഹ്‌വെയോടു ചേര്‍ന്നുനിന്ന് മഹത്വം പ്രാപിച്ചു. എന്നാല്‍, ക്രിസ്തു ശിഷ്യന്മാര്‍ക്ക് പൂര്‍വ്വീകരില്‍നിന്നും വ്യത്യസ്ഥമായി ലോകം മുഴുവനില്‍നിന്നും പീഡനവും ഞെരുക്കവുമാണ് ലഭിക്കുന്നത്. ആദ്യ നൂറ്റാണ്ടു മുതല്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ദൈവീക വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സ്വന്തം ഭവനംപോലും തള്ളിക്കളയുന്നതാണ് അനുഭവം. ഇതിനെക്കുറിച്ച് യേഹ്ശുവാ മുന്നറിയിപ്പ് തന്നിട്ടുള്ളതിനാല്‍, ഈ ഞെരുക്കങ്ങളില്‍ നമുക്ക് ആഹ്ളാദിക്കാം! യേഹ്ശുവാ പറയുന്നു; "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റെതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍,നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19).
ദൈവം ഒരുവനെ തെരഞ്ഞെടുക്കുമ്പോള്‍, അവനെ എതിര്‍ക്കാനായി ലോകം മറ്റൊരുവനെ അഭിഷേകം ചെയ്യുന്നതായി എല്ലാകാലത്തും കാണുന്നുണ്ട്. എങ്കിലും, ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭയപ്പെടരുത്! ദൈവദാസന്റെ മുടിനാരിഴപോലും യേഹ്ശുവായുടെ സംരക്ഷണത്തിലായതിനാല്‍, സാത്താനോ അവന്റെ അനുയായികള്‍ക്കോ സമീപിക്കുവാന്‍പോലും കഴിയില്ല.
സാത്താന്റെ ശത്രു ദൈവവും ദൈവജനവും മാത്രമാണ്. സാത്താന്‍ എന്തുകൊണ്ട് ക്രിസ്തീയതയ്ക്കെതിരെ സകലതും, സകലരെയും ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയുമ്പോള്‍, യഥാര്‍ത്ഥ ദൈവത്തെയും ദൈവജനത്തെയും വ്യക്തമാകും!
വ്യാജ ഉപദേശികളെ സൂക്ഷിക്കുവിന്‍!
ദൈവവചനം പ്രഖ്യാപിച്ചിട്ടുള്ളതുപോലെ, അക്കാലത്തും ഈ നാളുകളിലും വ്യാജ ഉപദേശികള്‍ രംഗത്തുണ്ട്. യഥാര്‍ത്ഥ രക്ഷയെ തടസപ്പെടുത്തിക്കൊണ്ട് ഇവര്‍ സത്യത്തില്‍നിന്നും വിശ്വാസികളെ അടര്‍ത്തിമാറ്റും. ദൈവവചനത്തിലെ ഉള്‍ക്കാഴ്ചകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും അസത്യത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ വിജാതിയത പ്രചരിപ്പിക്കാന്‍ ആവേശംകൊള്ളുന്നു. ദൈവം തന്റെ വചനത്തിലൂടെ നിഷേധിച്ചവയെ നന്മയുടെ രൂപത്തില്‍ അവതരിപ്പിക്കും. ഒരുപക്ഷെ അധികാരികളുടെ വേഷത്തില്‍പോലും ഇത്തരം തിന്മകളുടെ പ്രചരണം ഉണ്ടായേക്കാം. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍ സാത്താന്‍ വരുമെന്ന് വചനം അറിയിച്ചിരിക്കുന്നതിനാല്‍, ഓരോ ദൈവമക്കളും ജാഗ്രതയുള്ളവരായിരിക്കണം. ആദ്ധ്യാത്മീയതയിലെ കപടവേഷ ധാരികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്നത് വന്‍ദുരന്തമായിരിക്കും എന്നത് മറക്കരുത്.
തിരുസഭയുടെ ഓരോ പ്രബോധനങ്ങളും ദൈവവചനത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. വചനത്തെക്കുറിച്ചോ സഭയുടെ അടിസ്ഥാന നിയമങ്ങളെക്കുറിച്ചോ അറിവില്ലാത്തവരെ വശീകരിക്കാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരെയാണ് 'വ്യാജ' ഉപദേശികള്‍ ലക്‌ഷ്യം വയ്ക്കുന്നത്. ദൈവവചനത്തിലെ ചിലഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും, മറ്റു പലതും മറച്ചുവച്ചുകൊണ്ടും ഇവര്‍ ഭവനങ്ങളില്‍ കടന്നുകൂടും. ഇവരെ നേരിടാനുള്ള വചനമോ പ്രാര്‍ഥനയോ ഇല്ലാത്തവര്‍ കെണിയില്‍പ്പെടും എന്നത് തീര്‍ച്ച!
വിജാതിയമായ ആചാരങ്ങള്‍ ക്രിസ്തുവിന്റെ സഭയില്‍ അനുവദിച്ചിട്ടില്ല. ഈ ആചാരങ്ങള്‍ അനുഷ്ഠിക്കുവാന്‍ പ്രേരിപ്പിക്കുന്നത് ആരുതന്നെയായാലും അവരെ ദൈവം അയച്ചതല്ല. സാത്താന്റെ രാജ്യം വളര്‍ത്തുവാന്‍ അവന്‍ അഭിഷേകം ചെയ്തയച്ചവരാണ്. ചില നന്മയെല്ലാം കാണിച്ചുകൊണ്ട് നമ്മെ സമീപിച്ചേക്കാം. ഇത്തരക്കാരെക്കുറിച്ച് ദൈവവചനം മുന്നറിയിപ്പ് തരുന്നുണ്ട്. "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3 ).
അന്യദൈവങ്ങളിലേക്ക് നേരിട്ട് ക്ഷണിക്കുകയല്ല, അവരുടെ ആചാരങ്ങളിലൂടെ അടിമത്വത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. 'യോഗ' പോലെയുള്ള 'മെഡിറ്റേഷന്‍' രീതികള്‍ വിഗ്രഹങ്ങളിലേക്കു നയിക്കുന്നതും, ദൈവം കല്പ്പനയിലൂടെ നിരോധിച്ചിട്ടുള്ളതുമാണ്. ഒറ്റയടിക്ക് മതം മാറാന്‍ വിശ്വാസികള്‍ തയ്യാറാകില്ല എന്ന് സാത്താന് നന്നായി അറിയാം. അതിനാല്‍, ഓരോ ഘട്ടങ്ങളിലൂടെ സത്യദൈവത്തില്‍ നിന്നും അകറ്റുക എന്നതാണ് അവന്റെ തന്ത്രം!
ദൈവത്തെമാത്രം സ്തുതിക്കുവാനും ആരാധിക്കുവാനും നല്‍കപ്പെട്ടിട്ടുള്ള അധരങ്ങളും കഴിവുകളും അന്യദേവന്മാരെ മഹത്വപ്പെടുത്താന്‍ വിട്ടുകൊടുക്കുന്ന ഭീകരമായ അവസ്ഥയാണ് 'ക്ലാസിക്കല്‍' നൃത്തങ്ങളും ഗാനങ്ങളും. അവയിലെ ചുവടുകളും കീര്‍ത്തനങ്ങളും കേട്ടിട്ടുള്ളവര്‍ക്ക് ഇത് വ്യക്തമാകും. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം!
'കരിസ്മാറ്റിക്ക് മൂവ്മെന്റ്' ശക്തിപ്രാപിക്കുകയും 'വിന്‍സന്റ്ഷ്യല്‍' വൈദീകരെപോലെ പലരും ദൈവശുശ്രൂഷയില്‍ ഉയരുകയും ചെയ്തപ്പോള്‍, മങ്ങലേറ്റ ചില സഭകള്‍ ധ്യാനത്തിന്റെ ചുവടുപിടിച്ച് ചില പൈശാചികത കൊണ്ടുവരുന്നുണ്ട്. ഈ കഴിഞ്ഞനാളില്‍, എം. സി. ബി. എസ്. വൈദീകരുടെതായി ഒരു പത്രപ്പരസ്യം വായിക്കാനിടയായി. കാലടിയിലെ അവരുടെ സ്ഥാപനത്തില്‍ 'യോഗ' ധ്യാനം നടത്തുന്നു എന്നായിരുന്നു വാര്‍ത്ത! ഇത്തരക്കാരുടെ പൈശാചിക തന്ത്രം തിരിച്ചറിയണമെങ്കില്‍, വചനത്തില്‍ അറിവു നേടുക മാത്രമേ വഴിയുള്ളൂ.
വ്യാജ ഉപദേഷ്ടക്കളെക്കുറിച്ച് ദൈവവചനംനല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം.
"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2 തിമോത്തി: 3; 5-7).
"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2 കോറി: 11; 4).
"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8).
"ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8).
"മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ"(കൊളോ: 2; 18).
"പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു"(1 തെസ: 3; 5).
"അലസതയിലും ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു സഹോദരരേ, യേഹ്ശുവായുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പ്പിക്കുന്നു"(2 തെസ: 3; 6).
"വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു"(1 തിമോ: 4; 1).
"ആരെങ്കിലും ഇതില്‍നിന്നും വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ യഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍"(1 തിമോ: 6; 3, 4).
"അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും"(2 തിമോ: 3; 1, 2).
"പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും രക്ഷകനുമായ യേഹ്ശുവാ മ്ശിഹായെ തള്ളിപ്പറയുകയും ചെയ്യുന്നു"(യെഹൂദാസ്: 1; 4).
"തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകീകരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്"(യെഹൂദാസ്: 1; 18, 19).
യഥാര്‍ത്ഥ സത്യത്തില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന അനേകം ആശയങ്ങള്‍ പലരിലൂടെയും കടന്നുവരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്രയേറെ ഭാഗങ്ങളില്‍ ഇവ ആവര്‍ത്തിച്ചിരിക്കുന്നത്. നമ്മുടെ അറിവുകേടുകൊണ്ട് ഇത്തരക്കാരുടെ പിടിയില്‍ അകപ്പെട്ടാല്‍ പ്രശ്നമില്ലായിരുന്നുവെങ്കില്‍ അപ്പസ്തോലന്മാരും പ്രവാചകന്മാരും ഇത്രയേറെ ഉത്‌ക്കണ്ഠപ്പെടില്ലായിരുന്നു. സത്യം നാം അറിയുകയും, ഈ സത്യത്താല്‍ നാമെല്ലാം സ്വതന്ത്രരാക്കപ്പെടുകയും ചെയ്യണം. ആരുടേയും ആശയങ്ങളുടെ അടിമത്വത്തിലേക്കു വിട്ടുകൊടുക്കാന്‍ നമ്മെ ദൈവം അനുവദിച്ചിട്ടില്ല. എത്ര പ്രിയപ്പെട്ടവരെങ്കിലും ദൈവവചനത്തിനു വിരുദ്ധമായ ഒന്നും സ്വീകരിക്കുകയോ, അത്തരം ആശയങ്ങളെ അംഗീകരിക്കുകയോ ചെയ്യരുത്. വചനം കര്‍ശനമായി പറയുന്ന ഒരുകാര്യം; ഇത്തരക്കാരുമായി യാതൊരു സമ്പര്‍ക്കവും അരുതെന്നാണ്. യോഹന്നാന്‍ ശ്ലീഹായിലൂടെ പരിശുദ്ധാത്മാവ് പറയുന്നത് ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
"പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 10, 11). ദൈവരാജ്യം എന്ന ലക്ഷ്യത്തിനുവേണ്ടി പല ബന്ധങ്ങളും നഷ്ടപ്പെടുത്തേണ്ടിവരും. കാരണം നിത്യജീവന്‍ എന്നത് ഇവയേക്കാളെല്ലാം വലുതാണ്. അതു നഷ്ടമായാല്‍ തിരിച്ചുതരാന്‍ ആര്‍ക്കും കഴിയില്ല.
ദുഷ്ടന്റെ സകല കെണികളേയും തിരിച്ചറിഞ്ഞ് അതില്‍നിന്നും രക്ഷപ്രാപിക്കാന്‍ നമുക്ക് വചനത്തില്‍ ആഴപ്പെടാം!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!