വിചാരണ

സ്വവര്‍ഗ്ഗാനുരാഗികളേ, ഭയന്നു വിറയ്ക്കുവിന്‍; നിങ്ങള്‍ വഞ്ചിക്കപ്പെടും!

Print By
about

20 - 10 - 2014

സ്വവര്‍ഗ്ഗാനുരാഗികളേ, നിങ്ങളെ ശ്ലാഘിക്കുന്ന പുത്തന്‍ ശബ്ദങ്ങള്‍ക്കു ചെവികൊടുത്താല്‍, നിങ്ങള്‍ വഞ്ചിതരാകും! നിങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ലോകത്ത് അനേകരുണ്ടാകാം; എന്നാല്‍, നിങ്ങളുടെ ആത്മാക്കളെപ്രതി കരയാന്‍ ഇവരാരും ഉണ്ടാകില്ല. ഈ ഭൂമിയിലെ ഏത് ഉന്നതന്‍ നിങ്ങള്‍ക്കനുകൂലമായി പ്രഖ്യാപനങ്ങള്‍ നടത്തിയാലും നിങ്ങളെ അവര്‍ വഞ്ചിക്കുകയാണെന്നു തിരിച്ചറിയണം. ഈ ലോകത്ത് മഹാദുരന്തവും വരാനിരിക്കുന്ന ലോകത്ത് നിത്യാഗ്നിയുമാണ് നിങ്ങളെ കാത്തിരിക്കുന്നത്! അതുകൊണ്ട്, നിങ്ങളുടെ മാനസാന്തരത്തിനു വിരുദ്ധമായ സാന്ത്വനങ്ങളുമായി നിങ്ങളെ സമീപിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ നിങ്ങളുടെ അന്തകരാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം. അത് കോടതികളോ മതാചാര്യന്മാരോ രാഷ്ട്രത്തലവന്മാരോ മാധ്യമങ്ങളോ പുരോഗമനവാദികളോ ആരുതന്നെയായിരുന്നാലും, നിങ്ങള്‍ക്കു മുന്‍പില്‍ സോദോം-ഗോമോറാ ദേശങ്ങള്‍ ഒരു ദൃഷ്ടാന്തമായിരിക്കട്ടെ! 

ദൈവത്തെ എത്രത്തോളം പ്രകോപിപ്പിക്കുന്ന പാപമാണ് സ്വവര്‍ഗ്ഗരതി എന്നറിയാന്‍ നമുക്കുമുന്നില്‍ സോദോം-ഗൊമോറാ ദേശങ്ങള്‍ ഭീകരദൃഷ്ടാന്തമായി നില്‍ക്കുന്നുണ്ട്! സ്വപുത്രനെപ്പോലും നല്‍കിക്കൊണ്ട് മനുഷ്യരെ സ്നേഹിച്ച കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹം അതുല്യമാണെന്നു നമുക്കറിയാം. എന്നാല്‍, സോദോമിനെ നശിപ്പിക്കുമ്പോള്‍ യാഹ്‌വെയില്‍ നാം കണ്ടത് കാരുണ്യമായിരുന്നുവോ? സോദോമില്‍ അവിടുന്നു ചൊരിഞ്ഞ ക്രോധത്തിനുപിന്നിലും ഒളിഞ്ഞിരിക്കുന്ന കാരുണ്യമുണ്ടായിരുന്നു എന്നതു യാഥാര്‍ത്ഥ്യമാണ്! സോദോമില്‍ യാഹ്‌വെ പ്രകടമാക്കിയ ക്രോധവും കാരുണ്യവും പരിശോധിക്കുമ്പോള്‍ ആനുകാലികമായ ചില സംഭവങ്ങളെയും ചിന്താധാരയില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു.

സ്വവര്‍ഗ്ഗരതിയെന്ന മഹാപാപത്തെക്കുറിച്ചും അതിനു ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും ഒന്നിലധികം ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആമുഖമായി ഇവിടെയും ചിലതു കുറിക്കുകയാണ്. നിയമം നല്കപ്പെടുന്നതിനുമുന്‍പുതന്നെ ഈ പാപത്തിനുള്ള ശിക്ഷ ലോകം ഏറ്റുവാങ്ങിയിട്ടുണ്ട്. കാരണം, സ്ത്രീയും പുരുഷനും തമ്മില്‍ സ്നേഹത്തില്‍ പങ്കുവയ്ക്കേണ്ട ലൈംഗീകത പ്രകൃതിവിരുദ്ധമായി പ്രാവര്‍ത്തികമാക്കുന്നത് ലോകത്തിനുതന്നെ ഭീഷണിയാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പുരുഷനും സ്ത്രീയുമായിട്ടാണ്. മറ്റു ജീവികളെ സൃഷ്ടിച്ചതും ഇപ്രകാരംതന്നെ ഇണകളായിട്ടാണ്. ജീവജാലങ്ങളുടെയും മനുഷ്യരുടെയും വംശവര്‍ദ്ധനവിനെ ലക്ഷ്യമിട്ടാണ് ലൈംഗീകത നല്‍കിയിരിക്കുന്നത്. ദൈവം സൃഷ്ടിച്ച മറ്റു ജീവികളെല്ലാം തങ്ങളുടെ ലൈംഗീകത പ്രകൃതിയ്ക്ക് ഇണങ്ങുന്നവിധത്തില്‍ വിനിയോഗിക്കുമ്പോള്‍, മനുഷ്യന്‍ അവയില്‍നിന്നെങ്കിലും പഠിക്കേണ്ടിയിരുന്നു! പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ചുമതലയുള്ളവര്‍, അതിനു വിരുദ്ധമായ ശൈലി അവലംബിക്കുന്നത് ഈ പ്രപഞ്ചത്തോടും അതിന്റെ സൃഷ്ടാവിനോടും ചെയ്യുന്ന ദ്രോഹമാണ്! ഇക്കാരണത്താല്‍ത്തന്നെ ഇക്കൂട്ടര്‍ക്ക് ഈ ഭൂമിയില്‍ വസിക്കാനുള്ള അവകാശവുമില്ല!

ഒരു സ്ഥാപനത്തിലെ ജോലിക്കാരന്‍, താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉന്നതിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ആ സ്ഥാപനത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തി ഈ വ്യക്തിയില്‍നിന്നുണ്ടായാല്‍, സ്ഥാപനം നശിക്കുന്നതോടൊപ്പം അവിടെ ജോലിചെയ്യുന്ന മറ്റുള്ളവര്‍ തൊഴില്‍രഹിതരാവുകയും ചെയ്യും. അതിനാല്‍, സ്ഥാപനത്തിന്റെയും അതിന്റെ ഉന്നതിക്കായി ജോലിചെയ്യുന്ന മറ്റുള്ളവരുടെയും ക്ഷേമത്തെ മുന്‍നിര്‍ത്തി, തിന്മ പ്രവര്‍ത്തിച്ചവനെ യജമാനന്‍ പുറത്താക്കും. ഇതിനെ അനീതിയായി പരിഗണിക്കുവാന്‍ സാധിക്കില്ല! ആയതുകൊണ്ട്, ദൈവം വെറുക്കുന്ന ഈ മ്ലേച്ഛത പ്രവര്‍ത്തിക്കുന്നവന്‍ തന്നോടും ദൈവത്തോടും സമൂഹത്തോടുമാണ് അനീതി പ്രവര്‍ത്തിക്കുന്നതെന്നു നാം തിരിച്ചറിയണം.

പ്രകൃതിയുടെ നിയമം മാത്രം നിലനില്‍ക്കുന്ന കാലത്താണ് സ്വവര്‍ഗ്ഗരതിയെന്ന മാരകപാപം സോദോമിലും ഗൊമോറായിലും വ്യാപകമായത്! ദൈവദൂതന്മാരോടുപോലും ഈ മ്ലേച്ഛത പ്രവര്‍ത്തിക്കാന്‍ ഈ സമൂഹം തുനിഞ്ഞത് ഉല്‍പത്തിയുടെ പുസ്തകത്തിലെ പത്തൊന്‍പതാം അദ്ധ്യായത്തില്‍ നാം വായിക്കുന്നുണ്ട്! പ്രകൃതിവിരുദ്ധ പാപങ്ങളില്‍ മുഴുകിയ ജനതയ്ക്കുമേല്‍ യാഹ്‌വെ അയച്ച മഹാമാരിയും പിന്നീടുള്ള വചനങ്ങളില്‍ നാം കാണുന്നു. സോദോം-ഗൊമോറാ ദേശങ്ങളെ അഗ്നിയും ഗന്ധകവും ഇറക്കി വെണ്ണീറാക്കിയത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരുന്നു മോശയിലൂടെ അവിടുന്നു നിയമങ്ങള്‍ നല്‍കിയത്! നിയമം ലിഖിതരൂപത്തില്‍ ലഭിക്കാതിരുന്ന നാളുകളില്‍ യാഹ്‌വെയുടെ കോപം ഈ പാപത്തിനുമേല്‍ ജ്വലിച്ചുവെങ്കില്‍, എല്ലാ അറിവും ലഭിച്ചതിനുശേഷം ചെയ്തുകൂട്ടുന്ന മ്ലേച്ഛതകള്‍ക്കു ന്യായീകരണം ഇല്ലെന്നുമാത്രമല്ല, ശിക്ഷ വൈകുകയുമില്ല! ഭൂമിയുള്ളിടത്തോളംകാലം ഭൂവാസികള്‍ക്കെല്ലാം ദൃഷ്ടാന്തമാക്കി സോദോമിനെ നിലനിര്‍ത്തിയിരിക്കുന്നതും ഒരു താക്കീതായി കാണണം.

പ്രകൃതിവിരുദ്ധ പാപങ്ങള്‍ ചെയ്യുന്നവര്‍ പ്രകൃതിദുരന്തങ്ങളെ വിളിച്ചുവരുത്തുന്നു. ഇന്നത്തെ ഭാഷയില്‍ പ്രകൃതിദുരന്തങ്ങളെന്നു പറയുമെങ്കിലും അവയുടെ പിന്നിലെ ദൈവീക ഇടപെടല്‍ ആത്മീയമനുഷ്യര്‍ക്കു തിരിച്ചറിയാന്‍ പ്രയാസമില്ല! മീറ്ററുകളോളം ആഴത്തില്‍ ഗന്ധകത്തിന്റെ വെണ്ണീറാണ് സോദോമിലും ഗൊമോറായിലും ഉള്ളതെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുമ്പോള്‍, ബൈബിളിലെ സത്യങ്ങളെ സ്ഫുടം ചെയ്യുകയാണ് അതിലൂടെ! ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം കണ്‍മുന്നില്‍ കണ്ടിട്ടും മറുതലിക്കുന്നവരും ഇവരെ പിന്തുണയ്ക്കുന്നവരും ഒന്നുപോലെ അപകടകാരികളാണ്!

സ്വവര്‍ഗ്ഗരതിക്കാരെ പരോക്ഷമായി അംഗീകരിച്ചുകൊണ്ടുള്ള പോപ്പ് ഫ്രാന്‍സീസിന്റെ സന്ദേശത്തെ ചര്‍ച്ചചെയ്യുന്നതിനുമുമ്പ് ഈ പാപത്തിന്റെ ഗൗരവം വചനത്തെ അടിസ്ഥാനമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു. മോശയിലൂടെ പ്രമാണങ്ങളും ചട്ടങ്ങളും നല്‍കുന്നതുവരെ പ്രകൃതിയിലൂടെത്തന്നെ ദൈവമായ യാഹ്‌വെ അവരുടെമേല്‍ ശിക്ഷ അയച്ചുകൊണ്ടിരുന്നു. അതാണ്‌ സോദോമില്‍ നാം കണ്ടത്! ഇനി മോശയുടെ നിയമം നമുക്കു പരിശോധിക്കാം.

"സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു"(ലേവ്യര്‍: 18; 22). ഇതിനെക്കുറിച്ച്‌ ദൈവം നല്‍കുന്ന വിശദ്ദീകരണം നോക്കുക: "നിങ്ങള്‍ക്കു മുമ്പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈ വിധം മ്ലേച്ഛതകള്‍ക്കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈ ദേശം നിങ്ങള്‍ക്കുമുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍"(ലേവ്യര്‍: 18; 27, 28). നാടിനെ അശുദ്ധമാക്കുകയും ജനതകളുടെമേല്‍ വിനാശം കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന മാരകമായ പാപമാണിതെന്ന്‍ മോശവഴി യാഹ്‌വെ മുന്നറിയിപ്പു നല്‍കി. ഈ ചെയ്തികളില്‍ ഏര്‍പ്പെടുന്നവരെ ഏതു വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും വചനം വ്യക്തമാക്കുന്നു: "ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 18; 29). ഇസ്രായേല്‍ജനതയില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ട പാപമായി യാഹ്‌വെ അരുളിച്ചെയ്തിരിക്കേ, ആധുനീക ഇസ്രായേലായ നാം ഈ നിയമം പിന്തുടരുകയാണു വേണ്ടത്. ദൈവകല്പനകള്‍ പ്രമാണിക്കാത്തവന്‍ ഇസ്രായേലാണെന്നു വാദിക്കുന്നതില്‍ അര്‍ത്ഥമില്ല! സ്വവര്‍ഗ്ഗവിവാഹം ചെയ്തു ജീവിക്കുന്നവരും പരസ്യമായി ഇതിനെ അനുകൂലിക്കുന്നവരുമായ ഇത്തരക്കാരെ സഭയില്‍നിന്നു പുറത്താക്കണം! എന്നാല്‍, ഇത്തരം മ്ലേച്ഛതകളില്‍ വ്യാപരിക്കുന്നവരെ സഭയിലേക്കു വിളിച്ചുകൂട്ടുന്നത്തിനുള്ള നീക്കത്തെ ഗൗരവത്തോടെ കാണാതിരിക്കരുത്. സഭയുടെമേല്‍ ദൈവത്തിന്റെ കോപം ക്ഷണിച്ചുവരുത്തുന്നതിനുള്ള പിശാചിന്റെ കുതന്ത്രമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്!

അശുദ്ധിയില്‍ തുടരാന്‍ കൊതിക്കുന്നവരും അത്തരക്കാരുമായുള്ള ബന്ധം ആഗ്രഹിക്കുന്നവരുമായ ചിലര്‍ മോശയുടെ നിയമങ്ങളെ കാലഹരണപ്പെട്ടതെന്ന വാദവുമായി ചുറ്റിത്തിരിയുന്നുണ്ട്. ഇത്തരക്കാര്‍, തങ്ങള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ പഴയനിയമത്തില്‍നിന്ന്‍ ഉള്‍ക്കൊള്ളുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നു. പാപികളുമായുള്ള സഹവാസം ആഗ്രഹിക്കുന്നവരും പാപത്തില്‍ തഴക്കംനേടിയവരുമായ ഇവര്‍, യേഹ്ശുവാ പാപികളോടൊപ്പം ഭക്ഷിച്ച സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടും! പാപിനിയായ സ്ത്രീയെ കല്ലെറിയാതെ വിട്ടതും സക്കേവൂസിന്റെ ഭവനത്തില്‍ അന്തിയുറങ്ങിയതുമായ വചനഭാഗങ്ങള്‍ ഇവര്‍ക്കറിയാം. പാപികള്‍ക്ക് മാനസാന്തരത്തിനുള്ള അവസരം നല്‍കുകയും പശ്ചാത്തപിക്കുന്നവരോടൊത്ത് യേഹ്ശുവാ സഹവസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പാപത്തില്‍ തുടരുന്ന ആരോടുമൊപ്പം യേഹ്ശുവാ സഹവസിച്ചതായി വചനം പറയുന്നില്ല. മാത്രവുമല്ല, യഹൂദന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും മോശയുടെ നിയമത്തിനെതിരായി ഒരു കുറ്റംപോലും യേഹ്ശുവായില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല! നിയമത്തില്‍ അനുവദനീയമായ കാര്യങ്ങളല്ലാതെ ഒന്നുപോലും യേഹ്ശുവാ ചെയ്തിട്ടില്ല. കാരണം, നിയമം നല്‍കിയവന്‍തന്നെ അതു ലംഘിക്കില്ല എന്നതുകൊണ്ടുതന്നെ! എന്നാല്‍, ഇന്നത്തെ അഭിനവ ആചാര്യന്മാര്‍ യേഹ്ശുവായെ നിയമലംഘകനായി ചിത്രീകരിക്കാന്‍ തങ്ങളാലാകുന്ന സംഭാവനകള്‍ ചെയ്യുന്നുണ്ട്!

താനും പിതാവും ഒന്നാണെന്നും, തന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്നും പഠിപ്പിച്ചത് യേഹ്ശുവായായിരിക്കെ, പിതാവിനെയും പുത്രനെയും ഭിന്നിപ്പിക്കാനുള്ള ദൈവശാസ്ത്ര പരീക്ഷണങ്ങളിലാണ് ചില കുബുദ്ധികള്‍! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന്‍ ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 18, 19). സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ വലിയവര്‍! മോശയിലൂടെ യാഹ്‌വെ നല്‍കിയ നിയമങ്ങളെ തന്നിഷ്ടപ്രകാരം വളച്ചൊടിച്ച് വിജാതിയതയെ മഹത്വവത്ക്കരിക്കുന്നവരും മ്ലേച്ഛതയ്ക്ക് അംഗീകാരം നല്‍കുന്നവരും ഭൂമിയില്‍ എത്ര ഉന്നതരാണെങ്കിലും സ്വര്‍ഗ്ഗരാജ്യത്തില്‍ ഈ വലിപ്പം പരിഗണിക്കുന്നില്ല!

സഭയില്‍ അധികാരികളെയല്ല; ശുശ്രൂഷകരെയാണ് യേഹ്ശുവാ നിയോഗിച്ചിരിക്കുന്നത്. സഭയുടെ ശിരസ്സായ ക്രിസ്തുവാണ്‌ അതിന്റെ അധികാരി! വിശ്വാസികളാണ് സഭയുടെ ശരീരമെന്നും അതു ക്രിസ്തുവിന്റെതന്നെ ശരീരമാണെന്നും വചനം വെളിപ്പെടുത്തുന്നുണ്ട്: "സഭ അവന്റെ ശരീരമാകുന്നു"(എഫേ: 1; 23). ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ അറിയിക്കുന്ന വചനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്"(എഫേ: 5; 23). ഈ വചനങ്ങളിലൂടെ സഭയുടെ മൂലക്കല്ലും ശരീരവും ശിരസ്സും ആരൊക്കെയാണെന്ന് വ്യക്തമാകുന്നുണ്ട്. ക്രിസ്തുവാണ്‌ സഭയുടെ ശിരസ്സ് എങ്കില്‍, സഭയുടെ തലവനും അവിടുന്നുതന്നെ! ശിരസ്സിന്റെ നിര്‍ദ്ദേശം അനുസരിച്ചുമാത്രമേ അവയവങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. അവയവങ്ങളില്‍ ഏതെങ്കിലും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്നു കരുതാന്‍ കഴിയില്ല; ഓരോന്നിനും അതിന്റെതായ ധര്‍മ്മങ്ങളുണ്ട്! ഒരു അവയവത്തെ മറ്റൊരവയവത്തിന്റെ ഭരണവും നിയന്ത്രണവും ഏല്‍പ്പിച്ചിട്ടില്ല! ശിരസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് ഒരു അവയവം മറ്റൊരു അവയവത്തിനു ശുശ്രൂഷ ചെയ്യും! ഉദാഹരണത്തിന്, കൈകള്‍ മറ്റുള്ള അവയവങ്ങളെ കഴുകാനും വൃത്തിയാക്കാനും ശിരസ്സിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്നു. അത്തരത്തില്‍ എല്ലാ അവയവങ്ങളും പരസ്പരം സഹകരിക്കുന്നത് ശിരസ്സിന്റെ ആജ്ഞാനുസരണമാണ്. അതായത്, അവയവങ്ങള്‍ പരസ്പരം ശുശ്രൂഷകര്‍ മാത്രമാണ്, അധികാരികളല്ല!

ഇതുപോലെത്തന്നെയാണ് സഭയുടെ കാര്യവും. ക്രിസ്തു ശിരസ്സായ ശരീരത്തിലെ അവയവങ്ങള്‍ മാത്രമാണ് ഓരോ വിശ്വാസിയും. അവിടെ വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരും പരസ്പരം ശുശ്രൂഷകള്‍ ചെയ്യുന്നു! ക്രിസ്തുവെന്ന ഏക അധികാരിയല്ലാതെ, സഭയിലെ അംഗങ്ങളുടെമേല്‍ മറ്റൊരു അംഗത്തിന് അധികാരം നല്‍കിയിട്ടില്ല! ഓരോ അവയവങ്ങളും ശരീരത്തിന്റെ ഉന്നമനത്തിനായി അതാതിന്റെ ധര്‍മ്മം പൂര്‍ത്തിയാക്കുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ഉന്നമനത്തിനായി അവയവങ്ങളായ വിശ്വാസികള്‍ തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം പൂര്‍ത്തിയാക്കുന്നു! സഭയിലെ ചില അവയവങ്ങള്‍ക്ക് പ്രത്യേകമായ ശുശ്രൂഷയുടെ അധികാരങ്ങള്‍ ശിരസ്സായ ക്രിസ്തു അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ക്രിസ്തു അനുവദിച്ചിട്ടുള്ള അധികാരങ്ങളൊന്നും അവയവങ്ങളുടെ നാശത്തിനുള്ളതല്ല. ഇത് പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നത് നോക്കുക: "മ്ശിഹാ എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്, നശിപ്പിക്കാനല്ല"(2 കോറി: 13; 10). അതുകൊണ്ടുതന്നെ നമ്മുടെമേല്‍ പ്രയോഗിക്കപ്പെടുന്ന അധികാരങ്ങള്‍ നമുക്ക് നാശമുണ്ടാക്കുന്നവയാണോ എന്നത് ശ്രദ്ധിക്കണം.

ദൈവത്തിന്റെ സത്യത്തിലേക്കു നയിക്കാത്തതും അന്യദേവന്മാരിലേക്കും വചനത്തിനു വിരുദ്ധമായ ആശയങ്ങളിലേക്കും നയിക്കുന്നതുമാണ് അവരുടെ ആശയങ്ങളെങ്കില്‍, അവരെ അധികാരികളായി നമുക്കു മുകളില്‍ യേഹ്ശുവാ സ്ഥാപിച്ചിട്ടില്ല! ഇത് ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്ന സത്യമാണ്. വചനം ഇങ്ങനെ: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3). ഇവിടെ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ഒന്നാമതായി, ഇവര്‍ വരുന്നത് നമ്മുടെ ഇടയില്‍നിന്നുതന്നെയാണ്; അന്യജനതയില്‍ നിന്നല്ല! രണ്ടാമതായി, ഇവര്‍ വരുന്നത് നേതാക്കന്മാരുടെ സ്ഥാനത്തുനിന്നാണ്. സഭയില്‍ ചില പ്രത്യേക സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരാണെങ്കിലും അവര്‍ പറയുന്ന വാക്കുകളെ തിരിച്ചറിയാതെ അവരെ അനുസരിക്കരുത് എന്നാണ് ഇവിടെ വ്യക്തമാക്കുന്ന മറ്റൊരു കാര്യം! അവര്‍ വഹിക്കുന്ന സ്ഥാനങ്ങളെ പരിഗണിച്ചുകൊണ്ട്, ഉപദേശങ്ങളെ വിവേചിക്കാതെ അനുസരിച്ചാല്‍ അപകടം വരുത്തിവയ്ക്കും എന്ന ശക്തമായ സന്ദേശം ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നു.

അന്യദേവന്മാരെ ആരാധിക്കാന്‍ നേരിട്ടുള്ള ക്ഷണം ഇവരിലൂടെ ആരും പ്രതീക്ഷിക്കേണ്ടതില്ല. ദൈവീകനിയമങ്ങളില്‍നിന്നു പടിപടിയായി അകറ്റുകയും, ഈ വിധത്തില്‍ത്തന്നെ അന്യദേവന്മാരിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ത്തന്നെ സഭാധികാരികളുടെ ഭാഗത്തുനിന്നു കാണുന്നുണ്ട്. ഇത്തരക്കാരെ ജാഗ്രതയോടെ കാണുന്നില്ലെങ്കില്‍ പരീക്ഷണത്തില്‍ നാം പരാജയപ്പെടും! അധികാരത്തിനു വിധേയരായിരിക്കുകയെന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് ദുരന്തത്തിന്റെ ആക്കംകൂട്ടുമെന്ന് നാം അറിഞ്ഞിരിക്കുക.

അധികാരത്തോടുള്ള വിധേയത്വം!

അധികാരം എന്തെന്നു തിരിച്ചറിയുകയും, അതു രക്ഷയിലേയ്ക്കും അതുവഴി ദൈവത്തിലേക്കും നമ്മെ നയിക്കുന്നതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരമാണ് ഉപദേശിച്ചിരിക്കുന്നത്: "നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവീക സംവീധാനത്തെയാണ് ധിക്കരിക്കുന്നത്"(റോമാ: 13; 1, 2). അധികാരികള്‍ക്ക് ഏറെ ആഹ്ലാദമുണ്ടാക്കുന്ന ഉപദേശമാണിത്! മറ്റെല്ലാ വചനങ്ങളെയും തള്ളിക്കളയാനായി സാഹചര്യങ്ങളും പാരമ്പര്യങ്ങളും തലനാരിഴ കീറി പരിശോധിക്കുന്നവര്‍ ഈ വചനത്തെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുകയും ഓരോ പ്രഭാഷണങ്ങളിലും സഭാമാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുമ്പോള്‍, അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളോ പാരമ്പര്യങ്ങളോ കണക്കിലെടുക്കുന്നില്ല എന്നുമാത്രമല്ല, തുടര്‍ന്നുവരുന്ന വചനങ്ങളെ സൌകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയും ചെയ്യുന്നു! അധികാരത്തോടുള്ള വിധേയത്വം എന്ന തലക്കെട്ടോടെ പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ഈ ലേഖനഭാഗത്ത് ഏഴു വാക്യങ്ങളാണുള്ളത്. ഇതില്‍ രണ്ടു വാക്യമാണ് മുകളില്‍ നാം കണ്ടതെങ്കില്‍, ബാക്കിയുള്ള അഞ്ചു വാക്യങ്ങള്‍ക്കൂടി വായിക്കുമ്പോള്‍ മാത്രമേ ഉപദേശം പൂര്‍ണ്ണമാകുന്നുള്ളു.

റോമന്‍ ഭരണത്തിന്റെ പീഢനത്തില്‍ കഴിഞ്ഞിരുന്ന വിശ്വാസികള്‍ക്ക് പൗലോസ് നല്‍കുന്ന ആത്മീയ ഉപദേശമാണ് ഇവിടെ നാം കാണുന്നത്. താഴോട്ടുള്ള ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഈ വസ്തുത കൂടുതല്‍ വ്യക്തമാകും. ഇസ്രായേല്‍ ജനത്തെ ഭരിക്കാന്‍ സ്വജനത്തില്‍നിന്നു നേതാക്കന്മാരെയും രാജാക്കന്മാരെയും യാഹ്‌വെ അഭിഷേകം ചെയ്തതുപോലെ, അവര്‍ പാപത്തില്‍ നിപതിച്ചപ്പോള്‍ വിദേശികളുടെ ഭരണത്തിന്‍കീഴിലേക്ക് അവിടുന്ന് അവരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ റോമന്‍ അധിനിവേശത്തില്‍ കഴിയുന്ന നാളുകളിലാണ്‌ യേഹ്ശുവാ വന്നതും ആദിമസഭ പടുത്തുയര്‍ത്തപ്പെട്ടതും. റോമന്‍ ഭരണത്തോട് സ്വാഭാവികമായും യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും വെറുപ്പായിരുന്നുവന്നത് നമുക്ക് ഊഹിക്കാന്‍ കഴിയും. നികുതി സംബന്ധമായ കാര്യത്തിലും ഭിന്നാഭിപ്രായം ഇവരിലുണ്ടായിരുന്നു. റോമിലെ ക്രൈസ്തവ സമൂഹത്തിന് പൗലോസ് അയച്ച കത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില ഉപദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയതാണ് ഇവിടെ കാണുന്ന ഉപദേശങ്ങള്‍. ലൌകീകമായ ഭരണത്തെയും നികുതിയെയും സംബന്ധിച്ചുള്ള പരാമര്‍ശങ്ങളാണ് അപ്പസ്തോലന്‍ ഇവിടെ നടത്തിയിട്ടുള്ളത്! തുടര്‍ന്നുവരുന്ന ഒരു ഭാഗം നോക്കുക: "സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മ ചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും. എന്തെന്നാല്‍, അവന്‍ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതെയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍. ആകയാല്‍, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍. നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ"(റോമാ: 13; 3-6).

ഏത് അധികാരത്തെയാണ് അപ്പസ്തോലന്‍ ഇവിടെ ഉദ്ദേശിക്കുന്നത് എന്നകാര്യം വ്യക്തമായി എന്നു കരുതുന്നു. വൈദീക ശുശ്രൂഷ ചെയ്യുന്നത് ശ്രേഷ്ഠവും ബഹുമാന്യവുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, വൈദീകര്‍ അധികാരികളാണെന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണ്. പൗരോഹിത്യം ആരംഭിച്ചതുമുതല്‍ യേഹ്ശുവായുടെ പരസ്യജീവിതകാലംവരെ ഒരു പുരോഹിതനും അധികാരിയായി ഭരിച്ചിരുന്നതായി വചനത്തിലോ ചരിത്രത്തിലോ കാണാന്‍ കഴിയുന്നില്ല. യേഹ്ശുവായ്ക്കുശേഷം അപ്പസ്തോലന്മാരുടെ ചരിത്രത്തില്‍ യഹൂദ പുരോഹിതന്മാരെക്കുറിച്ചല്ലാതെ ക്രൈസ്തവ വൈദീകരെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ലെന്ന് ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ക്രിസ്തുവിന്റെ സഭയില്‍ അവിടുന്ന് നിയോഗിച്ചിട്ടുള്ള ശുശ്രൂഷകരെ ഇപ്രകാരമാണ് അപ്പസ്തോലന്‍ പരിചയപ്പെടുത്തുന്നത്: "നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന്‍ അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു"(1 കോറി: 12; 27, 28). ഇവിടെ പുരോഹിതരെ ആരെയും നിയമിച്ചതായി വായിക്കുന്നില്ല! കാരണം, ക്രിസ്ത്യാനികളെല്ലാം പൗരോഹിത്യത്തിന്റെ ഭാഗംതന്നെയാണ്!

ക്രിസ്തീയതയിലെ പൗരോഹിത്യത്തെ സംബന്ധിച്ച് ബൈബിളില്‍ രണ്ടിടങ്ങളിലാണു സൂചനയുള്ളത്. ഇവ രണ്ടും വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു: "സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പുരോഹിതന്‍, ദൈവപുത്രനായ യേഹ്ശുവാ, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം"(ഹെബ്രാ:4;14). നിത്യപുരോഹിതനായ യേഹ്ശുവായെ ഇവിടെ പ്രധാനപുരോഹിതനായിട്ടാണ് വെളിപ്പെടുത്തിയിരിക്കുന്നത്! എന്നാല്‍, മറ്റു പുരോഹിതര്‍ ആരെല്ലാമാണെന്ന് പത്രോസ് അപ്പസ്തോലന്‍ വെളിപ്പെടുത്തുന്നുണ്ട്: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ഇവിടെ രാജകീയപുരോഹിതഗണത്തില്‍ അംഗങ്ങളായി അപ്പസ്തോലന്‍ പരിഗണിക്കുന്നത് വിശ്വാസികളായ ഓരോ ക്രൈസ്തവരെയുമാണ്‌! എന്തെന്നാല്‍, ഓരോ ക്രിസ്ത്യാനിയും സ്വയം ബലിയര്‍പ്പിക്കുന്ന പുരോഹിതനാകുന്നു. കത്തോലിക്കാസഭ ഇതിനെ പൊതുപൗരോഹിത്യം എന്നാണു പറയുന്നത്. എന്നാല്‍, മറ്റൊരു പൗരോഹിത്യത്തെക്കുറിച്ച് ബൈബിളില്‍ സൂചനകളൊന്നും കാണുന്നില്ല! പഴയനിയമത്തിലെ പൗരോഹിത്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് സഭ വൈദീകവൃത്തിയെ കണക്കാക്കുന്നതെങ്കില്‍, പുരോഹിതന്മാര്‍ക്ക് ജനങ്ങളുടെമേല്‍ എന്തെങ്കിലും അധികാരങ്ങള്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം!

മോശയെ ജനങ്ങളുടെ നേതാവായി തിരഞ്ഞെടുത്തപ്പോള്‍, അഹറോനെ പുരോഹിതനായി യാഹ്‌വെ അഭിഷേകം ചെയ്തു. അഹറോനോ അവന്റെ സന്തതികള്‍ക്കോ ജനത്തിന്റെമേല്‍ അധികാരം നിശ്ചയിച്ചു നല്‍കിയിട്ടില്ല. ജനങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാനും ദൈവഹിതം ആരായാനും ആത്മീയകാര്യങ്ങളില്‍ തീര്‍പ്പുകല്പിക്കാനും മോശയുടെ നിയമപ്രകാരം പുരോഹിതന് അവകാശവും കടമയുമുണ്ട്! എന്നാല്‍, ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവരല്ല. മോശയ്ക്കുശേഷം ജോഷ്വാ നേതാവായി. പിന്നീട് ചില കാലഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ന്യായാധിപന്മാരെ ഭരണമേല്‍പ്പിക്കുകയും, അതിനുശേഷം രാജാക്കന്മാരെ അഭിഷേകം ചെയ്യുകയും ചെയ്തു!

പുരോഹിതന്‍ അഭിഷിക്തനായിരിക്കുന്നതുപോലെ മറ്റു ശുശ്രൂഷകള്‍ ചെയ്യുന്നവരും അഭിഷിക്തര്‍ തന്നെയാണ്. പുരോഹിതനെ അഭിഷേകം ചെയ്യുന്നവിധം ലേവ്യര്‍ എട്ടാം അദ്ധ്യായത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അവിടെ വിവരിച്ചിരിക്കുന്നതില്‍ ഒരുഭാഗം ഇങ്ങനെ: "പിന്നീട് ശിരസ്സില്‍ തൈലാഭിഷേകം ചെയ്ത് അഹറോനെ വിശുദ്ധീകരിച്ചു. യാഹ്‌വെ കല്പിച്ചിരുന്നതുപോലെ മോശ അഹറോന്റെ പുത്രന്മാരെയും മുന്നോട്ടു കൊണ്ടുവന്ന് കുപ്പായമണിയിക്കുകയും അരപ്പട്ട കെട്ടുകയും തൊപ്പി ധരിപ്പിക്കുകയും ചെയ്തു"(ലേവ്യര്‍: 8; 12, 13). തൈലം ശിരസ്സില്‍ ഒഴിച്ചുകൊണ്ടാണ് രാജാവിനെയും അഭിഷേകം ചെയ്യുന്നതെന്നു ബൈബിളില്‍ നാം കാണുന്നു. ഇസ്രായേലിന്റെ ആദ്യത്തെ രാജാവായിരുന്ന സാവൂളിനെ അഭിഷേകം ചെയ്തത് ഇപ്രകാരം നാം വായിക്കുന്നു: "സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: യാഹ്‌വെ തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു"(1 സാമു: 10; 1). നാമിവിടെ പൗരോഹിത്യ അഭിഷേകവും രാജകീയ അഭിഷേകവും കണ്ടു. രണ്ടും തൈലാഭിഷേകമായിരുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്തു! ഈ രണ്ട് അഭിഷേകങ്ങളും ചേര്‍ന്നുള്ള അഭിഷേകമാണ് സ്ഥൈര്യലേപനത്തിലൂടെ ക്രൈസ്തവനു ലഭിക്കുന്നത്! അങ്ങനെ ക്രിസ്ത്യാനി രാജകീയപുരോഹിതരുടെ ഗണത്തില്‍ അംഗമാകുന്നു!

അഭിഷേകം ലഭിച്ചവന്‍ എന്നാണ് അഭിഷിക്തന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, ഓരോ കൂദാശകളിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നാം പ്രാപിക്കുന്നുണ്ട്! സ്ഥൈര്യലേപനത്തില്‍ തൈലാഭിഷേകവും ലഭിക്കുന്ന നാം എന്തുകൊണ്ട് അഭിഷിക്തന്‍ എന്ന സ്ഥാനത്തിന് അര്‍ഹനല്ലെന്നു ചിന്തിക്കണം? ചില അധികാരങ്ങള്‍ ദൈവജനത്തിന്റെമേല്‍ അടിച്ചേല്പിക്കുന്നതിനായി യാഥാര്‍ത്ഥ്യങ്ങളില്‍ പലതും മറച്ചുവയ്ക്കപ്പെടുകയാണ്!

പഴയനിയമകാലത്ത് രാജാക്കന്മാര്‍ ഉണ്ടായിരിക്കെ പുരോഹിതരും പ്രവാചകന്മാരും അഭിഷേകം ചെയ്യപ്പെട്ടിട്ടുണ്ട്. പുരോഹിതര്‍ ലേവിഗോത്രത്തില്‍നിന്നു മാത്രമായിരുന്നുവെങ്കില്‍, രാജാക്കന്മാരും പ്രവാചകന്മാരും വ്യത്യസ്ഥ ഗോത്രങ്ങളില്‍നിന്നും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ക്രിസ്തീയതയെങ്കില്‍, ഇന്നത്തെ സ്ഥിതി ചില ദുരൂഹതകള്‍ നിറഞ്ഞതാണെന്നു പറയാതെ വയ്യാ! സഭ ഏതെങ്കിലും ഒരു വ്യക്തിയോ ഗോത്രമോ അല്ല; മറിച്ച്, വിശ്വാസികളുടെ സമൂഹവും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളുമാണെന്നു നാം കണ്ടു. അങ്ങനെയെങ്കില്‍, ഇവിടെ ഒരു വിഭാഗിയതയുടെ ആവശ്യം മനോവയ്ക്കു മനസ്സിലാകുന്നില്ല. കത്തോലിക്കാസഭയില്‍ ഇന്ന് രണ്ടു വിഭാഗങ്ങളാണുള്ളത്; ഭരണം നടത്തുന്ന വിഭാഗവും ഭരിക്കപ്പെടുന്ന വിഭാഗവും!

പുരോഹിതവിഭാഗത്തിന്റെ ഭരണത്തിനു വിനീതവിധേയരായി നിന്നുകൊടുക്കുന്ന ഒരു വിഭാഗമായി മാത്രമേ അത്മായരെന്ന 'കീഴാളന്മാരെ പരിഗണിക്കുന്നുള്ളു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ സുവിശേഷം പ്രസംഗിക്കുന്നതും പ്രവചനങ്ങള്‍ നടത്തുന്നതും സഭയിലെ അംഗങ്ങള്‍ക്കു വചനം നിഷ്കര്‍ഷിക്കുന്ന മറ്റു ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നതും സംശയത്തോടെ മാത്രമാണ് കാണുന്നത്. എന്നാല്‍, പുരോഹിതവര്‍ഗ്ഗമായി മാറ്റിനിര്‍ത്തപ്പെട്ട മേലാളവിഭാഗത്തെ കയറൂരി വിട്ടിരിക്കുന്ന കാഴ്ചയും നാം കാണുന്നു. ദൈവവചനത്തിനു വിരുദ്ധമായ പ്രചാരണങ്ങളും പരീക്ഷണങ്ങളും ഇവര്‍ നടത്തിയാല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയായും, സത്യവചനത്തെ മായംചേര്‍ക്കാതെ അത്മായന്‍ പ്രസംഗിച്ചാല്‍ ആശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയായും കാണുന്ന പ്രവണത ആദിമസഭയില്‍ ഇല്ലായിരുന്നു. അതിനാല്‍, സഭ ആഗോളമായി പടര്‍ന്നുപന്തലിച്ചു! പുരോഹിതര്‍, സന്യസ്ഥര്‍, സമര്‍പ്പിതര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവര്‍ അധികാരവര്‍ഗ്ഗവും ഇവര്‍ക്കെല്ലാം താഴെ 'ആമ്മേന്‍' പറയാന്‍വേണ്ടി മാത്രമായി അത്മായര്‍ എന്ന വിഭാഗവുമാണോ ക്രിസ്തുവിന്റെ ശരീരം? ഇങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അജ്ഞതയും അഹങ്കാരവും ഒന്നുചേര്‍ന്ന സമ്മിശ്രാവസ്ഥയിലാണു നിങ്ങള്‍!

ചര്‍ച്ചയ്ക്കെടുത്ത വിഷയം മനോവ മറന്നുപോയി എന്ന് വായനക്കാര്‍ ചിന്തിക്കരുത്; അതിലേയ്ക്കുള്ള വരവിന് ഇങ്ങനെയൊരു വിവരണം അനിവാര്യമായതുകൊണ്ടാണ് അതിനു തുനിഞ്ഞത്. ക്രിസ്തു മൂലക്കല്ലും ശിരസ്സുമായിട്ടുള്ള സഭ പണിതുയര്‍ത്തിയിരിക്കുന്നത് അപ്പസ്തോലന്മാരായ അടിത്തറമേലാണ് എന്നതുകൊണ്ട്, സഭയിലെ അവയവങ്ങള്‍ക്ക് നിയമങ്ങള്‍ തിരുത്തുവാനുള്ള അവകാശമില്ല. ബൈബിളില്‍ നല്‍കിയിട്ടുള്ള നിയമങ്ങളുടെ വിവരണം നല്കുവാനല്ലാതെ, അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്താന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കുപോലും അനിവാദം നല്‍കിയിട്ടില്ലെന്നു പരിശുദ്ധാത്മാവുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്! എന്നാല്‍, മാരകപാപങ്ങളെ പുണ്യമാക്കി മാറ്റാനും നിയമങ്ങളെ മാറ്റിമറിക്കാനും ചില നിഗൂഢനീക്കങ്ങള്‍ കത്തോലിക്കാസഭയില്‍ നടക്കുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു!

സ്വവര്‍ഗ്ഗരതിക്കാരെ തലോടുന്നത് സ്ഥാപിതതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍!

പോപ്പ് ഫ്രാന്‍സീസ് സ്ഥാനമേറ്റയുടനെ നടത്തിയ ഒരു പ്രസ്താവനയും അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ടയും ചര്‍ച്ചചെയ്യുന്നതിന്, സഭയും അധികാരവും എന്താണെന്ന് ആദ്യമായി നാം അറിഞ്ഞിരിക്കണം. അതുതന്നെയാണ് നാം ഇവിടെവരെ ചര്‍ച്ചചെയ്തത്. കത്തോലിക്കാസഭയുടെ അജപാലകനായി നിയോഗിക്കപ്പെട്ട ഫ്രാന്‍സീസിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു: 'സ്വവര്‍ഗ്ഗരതിക്കാരെ അകറ്റിനിര്‍ത്തരുത്; അവര്‍ ദൈവവിശ്വാസികളാണെങ്കില്‍ രക്ഷപ്പെടില്ലെന്നു പറയാന്‍ കഴിയില്ല.'

ഈ പാപത്തെ എത്രമാത്രം യാഹ്‌വെ വെറുക്കുന്നുവെന്ന്‍ ലേഖനത്തിന്റെ പ്രാരംഭത്തില്‍ത്തന്നെ നാം കണ്ടു. ഇത്തരക്കാരെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കണമെന്നും കല്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! അതേ ദൈവവുമായി പൂര്‍ണ്ണമായും ചേര്‍ന്നിരിക്കുന്ന ശരീരമാണ് നമ്മുടെ യേഹ്ശുവാ. നമ്മളാകുന്ന സഭയുടെ ശിരസ്സ്(തലവന്‍) ക്രിസ്തു ആയിരിക്കുമ്പോള്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പത്രോസിനുപോലും അവകാശമില്ല! യാഹ്‌വെ നല്‍കിയിരിക്കുന്ന കല്പനകള്‍ ദൈവജനത്തെ ഓര്‍മ്മപ്പെടുത്തുകയെന്ന ദൗത്യമല്ലാതെ, പുതുതായി അതിനോട് എന്തെങ്കിലും ചേര്‍ക്കാനുള്ള അവകാശം ഒരു മാര്‍പ്പാപ്പയ്ക്കും ഇല്ലെന്നകാര്യം പലരും മനസ്സിലാക്കിയിട്ടില്ല! പുതിയനിയമത്തില്‍ എന്തെങ്കിലും വ്യത്യാസം ഈ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല എന്നതിനു ബൈബിള്‍ സാക്ഷിയാണ്! ഈ വചനം നോക്കുക: "അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു"(റോമാ: 1; 26, 27).

എന്തുകൊണ്ടാണ് ഇവരെ ഈ അവസ്ഥയ്ക്ക് വിട്ടുകൊടുത്തതെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ട്. വിഗ്രഹാരാധനയുടെ അടിമകളായ മനുഷ്യരെയായിരുന്നു ഈ മ്ലേച്ഛതയ്ക്ക് വിട്ടുകൊടുത്തതെന്നു വചനം പറയുന്നു: "അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു"(റോമാ: 1; 23, 24). ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മരണാര്‍ഹരാണെന്നു പറയുന്ന പരിശുദ്ധാത്മാവിനെ തിരുത്താന്‍ മാര്‍പ്പാപ്പയ്ക്ക് അധികാരമുണ്ടെന്നു ചിന്തിക്കുന്നതുപോലും പാപമാണ്! വചനത്തിന്റെ തുടര്‍ച്ച ശ്രദ്ധിക്കുക: "ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു"(റോമാ: 1; 32). മരണാര്‍ഹമായ ഈ പാപത്തെ അംഗീകരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ നോക്കേണ്ടത് സോദോമിലെ ഗന്ധകച്ചാരത്തിലേക്കാണ്! പോപ്പ് ഫ്രാന്‍സീസും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ശ്രമിക്കുന്നത് കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യാനാണ്!

ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്കാസഭ ഇക്കാലമത്രയും എടുത്ത കടുത്ത നിലപാട് ശ്ലാഘനീയവും ദൈവത്തിനു പ്രീതികരവുമായിരുന്നു! എന്നാല്‍, ഇത് ദൈവത്തിന്റെ ക്രോധം സഭയിലേക്കു ക്ഷണിച്ചുവരുത്താനുള്ള 'തുഗ്ലക്ക്' പരിഷ്കാരമല്ലാതെ മറ്റൊന്നുമല്ല! മാര്‍പ്പാപ്പ കാളവണ്ടിയില്‍ യാത്രചെയ്തുവന്നത് മഹത്വമായി മനോവ കാണുന്നില്ല; മറിച്ച്, ദൈവജനത്തെ എങ്ങനെയുള്ള പ്രബോധനങ്ങളില്‍ നയിക്കുന്നു എന്നതാണു പ്രധാനം! കാളവണ്ടിയില്‍ യാത്രചെയ്യുന്നതിലൂടെ മുന്‍കാല മാര്‍പ്പാപ്പമാരെ പരോക്ഷമായെങ്കിലും ഇകഴ്ത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്! കത്തോലിക്കാസഭയുടെ ആദ്ധ്യാത്മിക ആചാര്യന്‍ ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ആവേശം കൊള്ളേണ്ടവനല്ല. സ്വവര്‍ഗ്ഗഭോഗികള്‍ 'ദൈവവിശ്വാസികളാണെങ്കില്‍' എന്ന പ്രയോഗംതന്നെ വചനവിരുദ്ധമാണ്! സ്വവര്‍ഗ്ഗഭോഗികള്‍ സത്യദൈവത്തെ വിശ്വസിക്കാത്തവരാണ് എന്നതാണ് ഇതിനു കാരണം. സത്യദൈവത്തെ നിഷേധിച്ച്, വിഗ്രഹങ്ങളിലേക്കു തിരിഞ്ഞവരെയാണ് ഈ മ്ലേച്ഛതയ്ക്കു ദൈവം വിട്ടുകൊടുത്തത്! ഇത്തരക്കാര്‍ സഭയില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ടവരാണെന്നു വചനം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പഴയനിയമത്തിലും പുതിയനിയമത്തിലും ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു നിയമം ദൈവജനത്തിനു ദൈവം നല്‍കിയിട്ടില്ല!

ഈ ദൈവീക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തിന്റെ മിത്രമാകാനുള്ള പോപ്പിന്റെ ശ്രമത്തിനുപിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടത് സഭയെ സ്നേഹിക്കുന്നവരുടെ ചുമതലയാണ്!

വട്ടോനെയിട്ടു വാളയെ പിടിക്കല്‍!

വട്ടോനിട്ടു വാളയെ പിടിക്കുക എന്നൊരു ചൊല്ല് നമ്മുടെ ഇടയിലുണ്ട്. ചെറിയ നഷ്ടം സഹിച്ചുകൊണ്ട് വലിയ നേട്ടം കൊയ്യുവാനുള്ള തന്ത്രത്തെയാണ് ഈ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, ഇതേ അര്‍ത്ഥത്തില്‍ അല്ലെങ്കില്‍പ്പോലും, ഫലത്തില്‍ ഇതിനോടു ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ഒരു സംഗതി വെളിപ്പെടുത്തുവാനാണ് ഇത്തരത്തിലൊരു ഉപശീര്‍ഷകം മനോവ തിരഞ്ഞെടുത്തത്! ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുന്നതും അവരുടെ കൈയ്യടി നേടുവാന്‍ പ്രാപ്തവുമായ ചില പ്രസ്താവനകള്‍ നടത്തിക്കൊണ്ട് പൊതുസമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുകയും, ആ വിശ്വാസ്യതയില്‍ നിലനിന്നുകൊണ്ട് വലിയ അഴിമതികള്‍ നടത്തുകയും ചെയ്യുന്ന ഭരണാധികാരികളെ ലോകം ഇതിനോടകം കണ്ടുകഴിഞ്ഞു! താനൊരു ജനകീയനാണെന്ന ധാരണ സാധാരണ ജനങ്ങളിലുണ്ടാക്കാന്‍ സ്വയം ലളിതജീവിതം തിരഞ്ഞെടുക്കുകയും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ചില കൌശലങ്ങളുടെ ഭാഗമായും ഉണ്ടായിട്ടുണ്ട്.

ചെറിയ സംഖ്യകള്‍ കടം വാങ്ങി കൃത്യമായി തിരികെക്കൊടുത്ത് വിശ്വാസ്യത നേടിയതിനുശേഷം വന്‍തുകയുമായി മുങ്ങിയ വീരന്മാരെക്കുറിച്ചും നാം കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്! മനഃശാസ്ത്ര രംഗത്തെ ഒരു കണ്ടെത്തല്‍ ഇങ്ങനെയാണ്: 'എല്ലാ കാര്യങ്ങളിലും സത്യം പറയുന്നവരെ സൂക്ഷിക്കുക; അവര്‍ വലിയൊരു രഹസ്യം ഒളിപ്പിച്ചിട്ടുണ്ട്'. ചിലരെല്ലാം തങ്ങളുടെ വലിയ കുറ്റങ്ങളെ മറച്ചുവയ്ക്കാന്‍ ചെറിയ കാര്യങ്ങളില്‍ സത്യം പറഞ്ഞുകൊണ്ട് സ്വയം സത്യവാനായി ചമയും! സത്യത്തെ തള്ളിക്കളയുന്നതിനും അനീതിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരുക്കത്തിലാണു മനോവയെന്ന് ആരും കരുതരുത്. സത്യം ചെറുതാണെങ്കിലും വലുതാണെങ്കിലും ദൈവത്തിനു സ്വീകാര്യമായ നന്മയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെ ഉന്നതിയ്ക്ക് ഏറ്റവും ഉത്തമമാണെന്നും അടിവരയിട്ടു പറയാന്‍ മനോവയ്ക്കു മടിയില്ല. എന്നാല്‍, ഒളിഞ്ഞിരിക്കുന്ന മഹാദുരന്തത്തെ തിരിച്ചറിയാതെ അപകടത്തില്‍ അകപ്പെടുന്ന അവസ്ഥയെ സൂക്ഷിക്കണമെന്ന ഉപദേശവും കൂട്ടത്തില്‍ വയ്ക്കുന്നു!

മെത്രാന്മാരും സഭാധികാരികളും ആഢംബരജീവിതം നയിക്കുന്നതും അത്തരത്തിലുള്ള വാഹനങ്ങളില്‍ യാത്രചെയ്യുന്നതുമെല്ലാം അസഹിഷ്ണുതയോടെ നോക്കിനില്‍ക്കുന്നവരും പിറുപിറുക്കുന്നവരുമാണ് വിശ്വാസികളില്‍ ഭൂരിപക്ഷവും. വിജാതിയരും ഇതുനോക്കി പുലഭ്യം പറയാറുണ്ട്. അസൂയകൊണ്ടുള്ള അസഹിഷ്ണുതയോ യൂദാസ് ചിന്തിച്ചതുപോലെ, ഇതു മുന്നൂറു 'ദനാറ'യ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാത്തതിലുള്ള അസ്വസ്ഥതയോ ഇക്കൂട്ടരുടെ ഹൃദയങ്ങളില്‍ വ്യത്യസ്ഥമായ രീതിയില്‍ നുരഞ്ഞുവന്നതാകാം. എന്തുതന്നെയായിരുന്നാലും ആഢംബരവാഹനങ്ങളില്‍ യാത്രചെയ്യുന്നവരോട്, അതില്ലാത്തവര്‍ക്കുള്ള ഈര്‍ഷ്യ സ്വാഭാവികമാണ്! ഇത്തരം ജീവിതം നയിക്കുന്നവര്‍ ലോകത്തു ന്യൂനപക്ഷമായാതിനാല്‍തന്നെ, മെത്രാന്മാര്‍ ആഢംബരം അവസാനിപ്പിക്കണമെന്ന് മാര്‍പ്പാപ്പ പറയുകയും സ്വയം മാതൃകയാവുകയും ചെയ്‌താല്‍, ഭൂരിപക്ഷത്തിന്റെ പ്രീതിനേടാന്‍ കഴിയുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം! സാമാന്യത്തില്‍ കവിഞ്ഞ ബുദ്ധിയില്ലാത്ത ഒരുവന്‍, മാര്‍പ്പാപ്പയുടെ സ്ഥാനംവരെ എത്തുകയില്ലെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയും ആവശ്യമില്ല!

ഒരു സ്ഥാപനത്തിന്റെ തലവനായി ഒരു വ്യക്തി ഉയര്‍ത്തപ്പെട്ടാല്‍, അവനു ചില സൗകര്യങ്ങള്‍ ആ സ്ഥാപനം നല്‍കും. അത് ആ വ്യക്തിയുടെ കുടുംബ മഹിമയോ മറ്റൊന്നുംതന്നെ പരിഗണിച്ചല്ല; മറിച്ച്, സ്ഥാപനത്തിന്റെ അന്തസ്സിനുചേരുന്ന വിധത്തിലായിരിക്കും! സ്ഥാപനത്തിന്റെ പ്രൌഢിയ്ക്കുചേര്‍ന്ന വിധത്തിലുള്ള ഇരിപ്പിടവും വാഹനവും താമസസൗകര്യവും ഉപയോഗിക്കില്ലെന്നു വാശിപിടിച്ചാല്‍, അത് എളിമയുടെ ഭാഗമായി കാണാന്‍ ആ സ്ഥാപനം തയ്യാറാകില്ല! കാരണം, സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നത് ഒരു വ്യക്തിയ്ക്കല്ല; അയാള്‍ വഹിക്കുന്ന പദവിയ്ക്കാണ്! കത്തോലിക്കാസഭയുടെ വലിയ ഇടയന്‍ ഇരിക്കേണ്ടത് തന്റെ പൂര്‍വ്വീകര്‍ ഇരുന്ന ഇരിപ്പിടത്തിലാണ്! പൗലോസ് അപ്പസ്തോലന്‍ തന്റെ പ്രേഷിതയാത്രകളില്‍ കപ്പലിലും മറ്റുമായിരുന്നു യാത്രചെയ്തത്. അന്നത്തെ സൗകര്യങ്ങളില്‍ മികച്ചതുതന്നെയാണ് തിരഞ്ഞെടുത്തതും. ഇന്നും ആ സൗകര്യങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. വൈദ്യുതിവിളക്കുകള്‍ ലഭ്യമാകുന്നതിനുമുമ്പ് മറ്റു പല മാര്‍ഗ്ഗങ്ങളും നാം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, ബസ്സിലും ട്രെയിനിലുമൊക്കെ യാത്രചെയ്ത് സമയം കളയുന്നത് എളിമയുടെ ഭാഗമാണെങ്കിലും പ്രായോഗികമല്ല എന്നതാണ് വാസ്തവം. ഇതിനെ മനോവ കാണുന്നത്  'കപടനാട്യം' ആയിട്ടാണ്!

മാര്‍പ്പാപ്പയ്ക്ക് ഉപയോഗിക്കാനുള്ള വാഹനം കത്തോലിക്കാസഭ പണംമുടക്കി വാങ്ങിയതല്ല; മറിച്ച്, 'മെഴ്സിഡസ്' കമ്പനി സൗജന്യമായി നല്‍കിയതാണ്. ആ വാഹനം ഉപേക്ഷിച്ചാല്‍, സഭയ്ക്കു പ്രത്യേകമായി എന്തെങ്കിലും നേട്ടമില്ല. മാത്രവുമല്ല, മാര്‍പ്പാപ്പയുടെ സുരക്ഷിതത്വം സഭയുടെ ഉത്തരവാദിത്വമാണ്. പുതിയൊരു മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള ചിലവുമായി തട്ടിച്ചാല്‍, പാപ്പയ്ക്കു നല്‍കുന്ന സൌകര്യങ്ങളൊന്നും ചിലവേറിയതല്ല. അതുകൊണ്ടുതന്നെ സ്വിസ്സ് ഗാര്‍ഡിനെ ഒഴിവാക്കിയാലും വാഹനങ്ങള്‍ ഒഴിവാക്കിയാലും ചിലവു ചുരുക്കലിന്റെ ഭാഗമാണെന്ന വാദം, അറിവില്ലാത്തവരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ ഉപകരിക്കുകയുള്ളു! കത്തോലിക്കാസഭ നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ചതിലൂടെ മുന്‍കാല മാര്‍പ്പാപ്പമാര്‍ ആരും കുറ്റം വിധിക്കപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, നിയമപരമായ ആഢംബരങ്ങള്‍ ആചാരപരമായി അനിവാര്യവുമാണ്‌! പുരോഹിതന്റെ വസ്ത്രം എപ്രകാരമായിരിക്കണം എന്നത് യാഹ്‌വെതന്നെ അറിയിച്ചിട്ടുള്ളത് ബൈബിളില്‍ വായിക്കുന്നുണ്ട്. പുരോഹിതന്‍ ഉപയോഗിക്കുന്ന വസ്ത്രത്തില്‍ രത്നങ്ങള്‍ പതിക്കണമെന്നത് എളിമയുടെ ഭാഗമായി ഒഴിവാക്കാന്‍ അഹറോന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി! ഇപ്പോഴത്തെ പരിഷ്കാരങ്ങള്‍ ഇതില്‍നിന്നു വ്യത്യസ്ഥമാണെന്നു കരുതാന്‍ മനോവയ്ക്കാകില്ല! കാരണം, പത്രോസിന്റെ സ്ഥാനത്ത് അവരോധിക്കപ്പെട്ടവന്‍, ഇനി സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാന്‍ സഭ അനുവാദം നല്‍കിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം!

പത്രോസിനു പദവി നല്‍കുമ്പോള്‍ യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും"(യോഹ: 21; 18). സ്വന്തം ഇഷ്ടപ്രകാരമല്ല, സഭ നല്‍കുന്നതാണ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കേണ്ടത്. സഭയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരല്ല ഇന്നു പിന്തുണയുമായി ഇറങ്ങിയിരിക്കുന്നതെന്ന് പോപ്പ് തിരിച്ചറിയണം. മുന്‍കാല മാര്‍പ്പാപ്പമാരെ പരിഹസിക്കാനല്ലേ തന്റെ ഈ എളിമ ഉപകരിക്കുകയുള്ളുവെന്ന തിരിച്ചറിവും അനിവാര്യമാണ്! തനിക്ക് ഇഷ്ടമല്ലെങ്കില്‍ക്കൂടി സഭ നല്‍കുന്നത് സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ എളിമയും സഹനവും!

ഈ നാളുകളില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ 'ഫാന്‍സ്‌ അസോസിയേഷന്‍' പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാര്‍പ്പാപ്പയുടെ ഔദ്യോഗിക സിംഹാസനത്തിനരുകില്‍ ചെറിയൊരു കസേരയിട്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഇരിക്കുന്ന ചിത്രമാണ് അവയിലൊന്ന്. ഇത് യഥാര്‍ത്ഥ ചിത്രമാണോ എന്നകാര്യം മനോവ അന്വേഷിച്ചിട്ടില്ല. അതിനാല്‍, കൂടുതല്‍ വിവരണത്തിന് ഒരുങ്ങുന്നില്ല. എന്നിരുന്നാലും, ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഫ്രാന്‍സീസ് എന്ന വ്യക്തിയെയല്ല സഭാവിശ്വാസികള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്. മറിച്ച്, പത്രോസിന്റെ സിംഹാസനത്തെയാണ് ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്. ആ സിംഹാസനത്തില്‍ ഇരിക്കുന്ന വ്യക്തിയെന്ന നിലയില്‍ മാത്രമാണ് ഫ്രാന്‍സീസ്  അംഗീകരിക്കപ്പെടുന്നത്; അവിടെ ഇരുന്നുകൊണ്ടു നടത്തുന്ന പ്രസ്താവനകളാണ് സഭയുടെ ഔദ്യോഗിക നയം. ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ആവേശത്തോടെ വിളിച്ചുപറയുന്ന കാര്യങ്ങള്‍ വ്യക്തിപരമായ അഭിപ്രായം മാത്രമായി പരിഗണിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം. അല്ലാത്തപക്ഷം ദൈവകോപം സഭയുടെമേല്‍ നിപതിക്കും!

മാര്‍പ്പാപ്പ എന്തിനാണ് വട്ടോനെ ഇട്ടതെന്നും അതുവഴി എത്ര വാളയെ പിടിച്ചുവെന്നും നമുക്കു നോക്കാം. കത്തോലിക്കാസഭാ വിശ്വാസികളില്‍ സിംഹഭാഗവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് വസിക്കുന്നത്. അവരില്‍ത്തന്നെ ബഹുഭൂരിപക്ഷവും നിര്‍ദ്ധനരോ സാധാരണക്കാരോ ആണ്! ഇവരെയെല്ലാം വിശ്വാസത്തിലെടുത്തുകൊണ്ട് ചില പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുകയെന്ന ലക്ഷ്യം ഇദ്ദേഹത്തിനുണ്ട്. രണ്ടായിരം വര്‍ഷമായി വിട്ടുവീഴ്ച്ചകളില്ലാതെ തുടരുന്ന വിശ്വാസസത്യങ്ങളെ പൊളിച്ചെഴുതാനുള്ള മുന്നൊരുക്കമാണ്‌ ആരംഭത്തില്‍ത്തന്നെ മാര്‍പ്പാപ്പ പുറത്തെടുത്തത്. സ്വവര്‍ഗ്ഗരതിക്കാരെ പ്രീണിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന വചനം അറിയാത്തതുകൊണ്ടാണെന്ന് ഏതായാലും ചിന്തിക്കാന്‍ കഴിയില്ല! എന്നാല്‍, ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ദുരുദ്ദേശമുണ്ട്. കത്തോലിക്കാസഭയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഏറ്റവും വലിയ കിട്ടമാണ് സ്വവര്‍ഗ്ഗഭോഗികളായ പുരോഹിതര്‍! ഇവരെ പുറത്താക്കുക എന്നത് സഭയെ പിരിച്ചുവിടുന്നതിനു തുല്യമാണ്! ഈ പൈശാചിക ശക്തികളുടെ ആജ്ഞാനുവര്‍ത്തിയാകാന്‍ വിസമ്മതിച്ചതാണ് ബെനഡിക്റ്റ് മാര്‍പ്പാപ്പ പുറത്തുപോകാനുള്ള കാരണങ്ങളിലൊന്ന്. സ്വവര്‍ഗ്ഗഭോഗികളായ പുരോഹിതരെ അംഗീകരിക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ഫ്രാന്‍സീസ് പാപ്പയുടെ പ്രസ്താവന! പോപ്പ് ഫ്രാന്‍സീസ് പിടിക്കാന്‍പോകുന്ന ആദ്യത്തെ വാളയും ഇതുതന്നെ!

പാപത്തെ ഇല്ലാതാക്കാന്‍, പാപത്തെ പാപമല്ലെന്നു പ്രഖ്യാപിക്കുകയെന്ന മാര്‍ഗ്ഗം ചില 'കു'ബുദ്ധികള്‍ പ്രയോഗിച്ചുവരുന്നുണ്ട്! അതിനുള്ള 'റിസേര്‍ച്ച് സെന്ററുകളും' കത്തോലിക്കാസഭ നടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിലുള്ള 'കു'ബുദ്ധികളുടെ കേന്ദ്രമായ 'ജെസ്യൂട്ട്' സഭയുടെ പ്രതിനിധിയാണ് ഇപ്പോഴത്തെ പോപ്പ് എന്നകാര്യവും ഓര്‍മ്മിക്കണം. ലോകമെമ്പാടും ക്രിസ്തീയത പ്രചരിപ്പിക്കാന്‍ 'ജെസ്യൂട്ട്' വൈദീകര്‍ നല്‍കിയ സംഭാവനയെ തലകുനിച്ച് ആദരിച്ചുകൊണ്ടുതന്നെയാണ് ഇന്നത്തെ ജീര്‍ണ്ണതയെ തുറന്നുകാണിക്കുന്നത്!

ഒരു കാര്യവുംകൂടി വ്യക്തമാക്കിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കാമെന്നു കരുതുന്നു. കാര്യമിതാണ്‌: പോപ്പ് ഫ്രാന്‍സീസ് തുടക്കമിട്ടിരിക്കുന്നത് ബെനഡിക്റ്റ് പതിനാറാമന്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഫയലുകള്‍ സമവായത്തിലൂടെ സഭയില്‍ നിയമമാക്കാനുള്ള നീക്കത്തിനാണ്. ഇത് സഭയുടെ ഐക്യം തകര്‍ക്കാനും സാത്താന്റെ ഗുഹയാക്കി കത്തോലിക്കാസഭയെ മാറ്റാനുമേ ഉപകരിക്കുകയുള്ളു. സോദോമിന്റെ പാപത്തെ നിസ്സാരവത്ക്കരിക്കുന്നതിലൂടെ അവിടെ പതിച്ച ദുരന്തത്തെ കത്തോലിക്കാസഭയിലേക്ക് ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്! മനോവയുടെ വാദങ്ങളെ ഖണ്ഡിക്കുവാന്‍ ഇങ്ങനെയൊരു വചനം ചിലര്‍ പറയാറുണ്ട്: "നീ പത്രോസാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ: 16; 18). യേഹ്ശുവാ പറഞ്ഞ വചനം സത്യമാണ്! പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനുള്ള സമ്മാനമായിട്ടാണ് ഈ വാഗ്ദാനം അവിടുന്നു നല്‍കിയത് എന്ന സത്യം നാം വിമരിക്കരുത്. പത്രോസിന്റെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നിടത്തോളം വാഗ്ദാനവും നിലനില്‍ക്കും. കാരണം, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം നല്‍കിയ ദൈവം അതില്‍നിന്നു പിന്മാറിയതല്ല; മറിച്ച്, അവരുടെ മക്കള്‍ പ്രമാണങ്ങളില്‍നിന്നു വ്യതിചലിച്ച്, വാഗ്ദാനത്തെ തള്ളിക്കളഞ്ഞതാണ്! അതുപോലെ സത്യത്തില്‍നിന്നു വ്യതിചലിച്ചതിനുശേഷവും വാഗ്ദാനത്തെക്കുറിച്ച് അഹങ്കരിച്ചിട്ടു കാര്യമില്ല! യാഹ്‌വെ അന്നും ഇന്നും എന്നും ഒരുവന്‍തന്നെയാണ്! അവിടുത്തെ നിയമത്തെ മാറ്റിമറിക്കാന്‍ പോപ്പിനോ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ അനുവാദമില്ല!

നിരീശ്വരവാദികളെയും സ്വവര്‍ഗ്ഗരതിക്കാരെയും ആദരിച്ചുകൊണ്ട് അവരുടെ പ്രീതിനേടാന്‍ പോപ്പ് ഫ്രാന്‍സിസ് നടത്തുന്ന കൌശലങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ സഭ ഒന്നടങ്കം ദുരന്തത്തിനു പാത്രമാകും. ലോകത്തിന്റെ മുഴുവന്‍ ആദരം പിടിച്ചുപറ്റാനുള്ള പോപ്പ് ഫ്രാന്‍സിസിന്റെ ശ്രമത്തിനുപിന്നില്‍ ഒരു 'പ്രാഞ്ചിയേട്ടന്‍' ഒളിഞ്ഞിരിപ്പുണ്ട്! ആദരവിനു കൊതിക്കുന്നവര്‍ ഈ വചനം ഓര്‍ക്കുക: "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 3; 4). ഇസ്ലാമിന്റെ കൈയ്യടി നേടാന്‍ റമദാന്‍ സന്ദേശം നടത്തുമ്പോള്‍ ഓര്‍ക്കുക; ആ മതം ഉണ്ടായത് ക്രിസ്തുവിനെ നിഷേധിക്കാനാണ്. ക്രിസ്ത്യാനികളെ ഇസ്ലാമിലേക്കു പറഞ്ഞുവിടാനല്ലാതെ, അവരില്‍നിന്നു സത്യവിശ്വാസത്തിലേക്ക് ഒരുവനെപ്പോലും നയിക്കാന്‍ ഇത്തരം ആഭാസങ്ങള്‍ക്കൊണ്ടു കഴിഞ്ഞിട്ടില്ല! ഉപജാപക സംഘത്തിന്റെ പിടിയില്‍നിന്നു പുറത്തുചാടി വിശ്വാസികളുടെ വികാരം തിരിച്ചറിയാന്‍ ശ്രമിക്കുക! അപ്പോള്‍ സ്വന്തം നഗ്നതയെക്കുറിച്ചു ബോധാവാനാകും!

പാത്രിയാര്‍ക്കീസ് പദവിക്കായി ആലഞ്ചേരിയുടെ മണിയടി!

സ്വവര്‍ഗ്ഗാനുരാഗികളെ അവഗണിച്ചാല്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയുമെന്നു പോപ്പ് ഫ്രാന്‍സീസ് പലവട്ടം പറഞ്ഞുകഴിഞ്ഞു. കത്തോലിക്കാസഭയെ പടുത്തുയര്‍ത്തിയത് ഫ്രാന്‍സീസാണെന്നു കരുതാന്‍ തക്ക വിഡ്ഢികളാണു സഭാവിശ്വാസികളെന്നു കരുതുന്നവരെക്കുറിച്ചു സഹതപിക്കാനേ മനോവയ്ക്കു കഴിയുകയുള്ളു. എന്നാല്‍, സ്വവര്‍ഗ്ഗാനുരാഗത്തെ കത്തോലിക്കാസഭ അംഗീകരിച്ചാല്‍, എന്നന്നേക്കുമായി ഈ സഭ ഇല്ലാതാകും എന്നത് പോപ്പിനും പോപ്പിനെ നയിക്കുന്ന പിശാചിനും അറിയാം.

സ്വവര്‍ഗ്ഗാനുരാഗികളോടുള്ള ഫ്രാന്‍സീസിന്റെ പ്രണയത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കമാണ് ആലഞ്ചേരി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സഭയില്‍ സ്ഥാനമുണ്ടെന്ന പൈശാചിക പ്രഖ്യാപനം ഇയാള്‍ നടത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്! ഏറെനാളായി ആലഞ്ചേരി സ്വപനം കാണുന്ന പാത്രീയാര്‍ക്കീസ് പദവി നേടിയെടുക്കുകയെന്നതാണ് ഈ നിഗൂഢ ലക്‌ഷ്യം! തന്റെ സ്തുതിപാടകര്‍ക്ക് വാരിക്കോരി നല്‍കാനും, തന്നെ എതിര്‍ക്കുന്നവരെ വെട്ടിനിരത്താനും ഫ്രാന്‍സീസ് അഗ്രഗണ്യനാണെന്ന് ഇതിനോടകം സകലരും മനസ്സിലാക്കിക്കഴിഞ്ഞു. അമേരിക്കയിലെ കര്‍ദ്ദിനാളിനെ തരതാഴ്ത്തിയത് ഫ്രാന്‍സീസിന്റെ പൈശാചിക നിയമങ്ങളെ എതിര്‍ത്തതുകൊണ്ടായിരുന്നുവല്ലോ! സീറോമലബാര്‍ സഭയ്ക്കു പാത്രിയാര്‍ക്കീസ് പദവി നേടിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമായി ആലഞ്ചേരി ഈ അവസരത്തെ ഉപയോഗിക്കുന്നത് ഇയാളുടെ രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമാണ്! എന്നാല്‍, കര്‍ദ്ദിനാളിനെ ഒരുകാര്യം ഒര്‍മ്മപ്പെടുത്തുവാന്‍ മനോവ ആഗ്രഹിക്കുന്നു; പോപ്പിനെ കുര്‍ബ്ബാന ചൊല്ലാന്‍ പഠിപ്പിക്കുന്നു എന്ന് കരുതിയാലും കുഴപ്പമില്ല. കാരണം, അറിയില്ലെങ്കില്‍ പഠിപ്പിക്കാതെ തരമില്ലല്ലോ!

മനോവയ്ക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളത് ഇതാണ്: ഒരുവന്‍ പാപം ചെയ്യുമ്പോള്‍, സ്വാഭാവികമായും അവന്‍ സഭയില്‍നിന്നു പുറത്താണ്. പിന്നീട്, അനുരജ്ഞനമെന്ന കൂദാശയിലൂടെ പാപമോചനം നേടുന്നതിലൂടെയാണ് സഭയിലേക്ക് അവന്‍ വീണ്ടും ചേര്‍ക്കപ്പെടുന്നത്. കാരണം, സഭയെന്നാല്‍, വിശുദ്ധരുടെ കൂട്ടായ്മയാണ്‌! പാപികള്‍ക്ക് അതില്‍ പ്രവേശനമില്ല! അനുതപിച്ചു പാപമോചനം നേടുന്നതുവരെ, ഒരു പാപി സഭയുടെ പുറത്തായിരിക്കെ, സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഏതു സഭയില്‍ സ്ഥാനമുണ്ടെന്നാണ് ആലഞ്ചേരി പറഞ്ഞത്? കാനോന്‍ നിയമങ്ങള്‍ അറിയാവുന്ന അനേകര്‍ സഭയില്‍ ഇന്നുള്ളത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍മൂലമാണെന്ന് 'തിരുമേനിമാര്‍' തിരിച്ചറിയുക! മനോവ പറഞ്ഞതിനെ എതിര്‍ക്കാനുള്ള എന്തെങ്കിലും ആലഞ്ചേരിയുടെ കയ്യിലുണ്ടോ? ബൈബിളില്‍നിന്നുള്ള ഉദ്ധരണി വേണമെങ്കില്‍ അതും തരാം. ഇതു വായിക്കുക: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ഇതാണ് സഭ! സ്വവര്‍ഗ്ഗാനുരാഗികളെ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി പ്രഖ്യാപിക്കുന്നവരും സഭയുടെ പുറത്താണെന്ന് ആലഞ്ചേരി മറക്കരുത്!

സ്വവര്‍ഗ്ഗഭോഗികളേ, പോപ്പും സംഘവും നിങ്ങളെ ചതിക്കും!

സ്വവര്‍ഗ്ഗഭോഗികളും രക്ഷപ്രാപിക്കുമെന്ന പൈശാചിക സന്ദേശം നല്‍കിക്കൊണ്ട് സ്വവര്‍ഗ്ഗാനുരാഗികളെ അക്ഷരാര്‍ത്ഥത്തില്‍ പോപ്പ് വഞ്ചിക്കുകയാണ്! മാത്രവുമല്ല, അനേകരെ ഇത്തരം മ്ലേച്ഛതകളിലേക്കു നയിക്കാന്‍ കാരണമായേക്കാവുന്ന അതീവഗുരുതരമായ സന്ദേശമാണിത്. പോപ്പിന്റെ ശബ്ദത്തെ ദൈവശബ്ദമായി കാണുന്ന അനേകം അല്പജ്ഞാനികള്‍ നമ്മുടെ സഭയില്‍ ഉള്ളകാര്യം നാം വിസ്മരിക്കരുത്! ദൈവത്തിന്റെ വചനം മായംചേര്‍ക്കാതെ ആരു പ്രസംഗിച്ചാലും അത് ദൈവശബ്ദം തന്നെയാണ്. സഭയ്ക്കു തെറ്റുപറ്റില്ലെന്നു പറയുന്നവര്‍ ഓര്‍ക്കുക: സഭയ്ക്കല്ല, സഭയെ നയിക്കുന്നവര്‍ക്കാണ് തെറ്റുപറ്റുന്നതും മുന്‍കാലങ്ങളില്‍ പറ്റിയിട്ടുള്ളതും. തെറ്റുപറ്റിയിട്ടില്ലായിരുന്നുവെങ്കില്‍ തിരുത്തലുകളും ആവശ്യമില്ലായിരുന്നു! മോശയുടെ സിംഹാസനത്തില്‍ ഇരുന്നവര്‍ക്കും തെറ്റുപറ്റിയിട്ടുണ്ട്. വചനത്തെ പരീക്ഷണങ്ങള്‍ നടത്തി വികലമാക്കാതെ മുന്നോട്ടുപോയാല്‍ തെറ്റുപറ്റുകയില്ല; മറിച്ച്, ആത്മാവിനെ ബുദ്ധികൊണ്ടു കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍, സാത്താന്‍ ശിരസ്സില്‍ കൂടുകൂട്ടും!

സ്വന്തം കാല്‍ച്ചുവട്ടില്‍നിന്നു മണ്ണൊലിച്ചു പോകുമ്പോഴും സഭയ്ക്കൊന്നും സംഭവിക്കില്ലെന്ന ജല്പനം, സഭയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടേതല്ല; സഭയുടെ തകര്‍ച്ച ആഗ്രഹിക്കുന്ന ശത്രുക്കളുടേതാണ്! ക്രിസ്തുവിന്റെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളില്‍ നിലനിന്നാല്‍, വാഗ്ദാനവും നമ്മോടുകൂടെയുണ്ടാകും. വ്യതിചലിച്ചാല്‍ അനുഗൃഹത്തിനുപകരം ശാപമായിരിക്കും നമ്മെ കാത്തിരിക്കുന്നത്! ദൈവമായ യാഹ്‌വെയാല്‍ അഭിഷേകം ചെയ്യപ്പെട്ട രാജാക്കന്മാരും പ്രവാചകന്മാരും ന്യായാധിപന്മാരും പുരോഹിതരുമൊക്കെ ഇസ്രായേലില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ അവിടുത്തെ പ്രമാണങ്ങളെ അവഗണിച്ചപ്പോള്‍ എന്തായിരുന്നു സംഭവിച്ചതെന്നും ഭയത്തോടെ നാം മനസ്സിലാക്കണം! ദൈവജനത്തിന്റെമേല്‍ വന്നുഭവിച്ച ദുരന്തങ്ങള്‍ നമുക്കു ദൃഷ്ടാന്തമായില്ലെങ്കില്‍, അപകടം വിദൂരത്തല്ല; സമീപത്താണ്! യാഹ്‌വെ അരുളിച്ചെയ്യുന്നു: "എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 8, 9).

അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു വചനഭാഗംകൂടി കുറിക്കുന്നു: "ഇടയന്‍മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ യാഹ്‌വെയ്ക്കെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല"(ജറെമി: 50; 6, 7). സത്യത്തില്‍നിന്നു വ്യതിചലിച്ചു മുന്നോട്ടുപോകുന്നവര്‍ തങ്ങളെ മാത്രമല്ല, ഒരു ജനതയെ ഒന്നടങ്കം നാശത്തില്‍ പതിപ്പിക്കുവാനുള്ള നീക്കങ്ങളെ തിരിച്ചറിഞ്ഞ് എതിര്‍ക്കുവാന്‍ നാം തയ്യാറാകണം. സഭയെന്നാല്‍, വിശ്വാസികളുടെ സമൂഹവും വിശുദ്ധരുടെ സഹപൗരന്മാരുമാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്"(എഫേ: 2; 19, 20). ഇന്നു കത്തോലിക്കാസഭയില്‍ അംഗമാണെന്നു കരുതുന്നവരില്‍ എത്രയാളുകള്‍ വിശ്വാസികളാണെന്നു സ്വയം ചിന്തിക്കണം. യഥാര്‍ത്ഥത്തില്‍ സഭയിലെ അംഗങ്ങളാണോ എന്നകാര്യം അപ്പോള്‍ തിരിച്ചറിയാന്‍ കഴിയും! നൂറ്റിയിരുപതുകോടി അംഗങ്ങള്‍ സഭയില്‍ ഉണ്ടെന്നു പറയുന്നത്, സഭ എന്താണെന്ന് അറിയാത്തവരുടെ വാക്കുകളാണ്. വിശ്വാസികളുടെ സമൂഹവും ആള്‍ക്കൂട്ടവും തമ്മിലുള്ള അന്തരമെന്തോ അതാണ്‌ ആദിമസഭയും ഇന്നത്തെ സഭയും തമ്മിലുള്ള വ്യത്യാസം!

ഇന്നു സഭയില്‍ അംഗമാണെന്നു പറയപ്പെടുന്നവരെല്ലാം രക്ഷയിലാണെങ്കില്‍, സ്വവര്‍ഗ്ഗാനുരാഗികളും വ്യഭിചാരികളും വിഗ്രഹാരാധകരും മന്ത്രവാദികളും നിരീശ്വരവാദികളും സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തും എന്നകാര്യത്തില്‍ സംശയമില്ല! എന്നാല്‍, ദൈവത്തിന്റെ ആത്മാവ് പറയുന്നതു ശ്രദ്ധിക്കുക: "വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്‍റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍"(എഫേ: 5; 5). മറ്റേതു സ്വര്‍ഗ്ഗത്തെക്കുറിച്ചും രക്ഷയെക്കുറിച്ചുമാണ് സഭാനേതാക്കന്മാര്‍ പറയുന്നത്? ദൈവത്തിന്റെ ആത്മാവ് ഇങ്ങനെയാണു പറയുന്നത്: "അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ: 5; 11, 12).

സഭയെ വെറുമൊരു ആള്‍ക്കൂട്ടമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത് ഒരു വ്യവസായത്തിന്റെ ഭാഗംകൂടിയാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ജര്‍മ്മനിയിലെയും മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളിലെയും സഭാംഗങ്ങളില്‍നിന്നു മത നികുതി സ്വീകരിക്കുന്ന രീതി കത്തോലിക്കാസഭയ്ക്കുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളെക്കൂടി സഭയിലെടുത്താല്‍, ഈ വരുമാനം വര്‍ദ്ധിക്കുമെന്ന ചിന്തയും ഈ തീരുമാനത്തിനു പിന്നിലുണ്ട്! മനോവയെ കല്ലെറിയുന്നവര്‍ ഒരുകാര്യം ആത്മശോധന ചെയ്യുക: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പ്പായും കയ്പ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). ഈ ദുരിതം വന്നുഭവിക്കാതിരിക്കാന്‍ ജാഗ്രതയോടെ വര്‍ത്തിക്കുകയല്ലേ മനോവ ചെയ്യുന്നത്? മാത്രവുമല്ല, ഇങ്ങനെയുംകൂടി എഴുതപ്പെട്ടിരിക്കുന്നു: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!"(1 കോറി: 9; 16).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6062 views

LOG IN

Lost your password?

SIGN UP

LOST PASSWORD