വിചാരണ

കഥയിലെ രാജകുമാരനും ഗോപകുമാരിയും ഒന്നാകാന്‍....!

Print By
about

ത്തരത്തിലൊരു ശീര്‍ഷകം തിരഞ്ഞെടുക്കാന്‍ മനോവയെ പ്രേരിപ്പിച്ചത് ഈ അടുത്തനാളില്‍ നടന്ന ചില സംഭവവികാസങ്ങളാണ്! സീറോമലങ്കര സഭയുടെ എക്കാലത്തേയും സ്വപ്നസാക്ഷാത്ക്കാരത്തിനു ലോകം സാക്ഷ്യം വഹിച്ചത് ഇക്കഴിഞ്ഞ നവംബര്‍ 24-ന് ആയിരുന്നു. മലങ്കരസഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് കര്‍ദ്ദിനാള്‍ പദവി എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നുമാത്രമല്ല, അല്പംകൂടി നേരത്തേ ആകാമായിരുന്നു എന്നതാണു മനോവയുടെ പക്ഷം!

കര്‍ദ്ദിനാള്‍ പദവി ലഭിച്ചതിലൂടെ കത്തോലിക്കാസഭയുടെ രാജകുമാരന്മാരുടെ ഗണത്തിലേക്ക് മലങ്കരസഭയുടെ പ്രതിനിധിയും ഉയര്‍ത്തപ്പെട്ടു എന്നതില്‍ എല്ലാ കത്തോലിക്കരോടുമൊപ്പം മനോവയും ആഹ്ലാദിക്കുന്നു. എങ്കിലും, അവശേഷിക്കുന്ന ചില 'കല്ലുകടികള്‍' യാതൊരു സങ്കോചവുമില്ലാതെ മനോവ ഇവിടെ  വെളിപ്പെടുത്തുകയാണ്. ക്രിസ്തുവിനേയും അവിടുത്തെ വചനത്തേയും സ്നേഹിക്കുന്ന  ദൈവമക്കളായ വായനക്കാര്‍ ഇതിലെ 'നെല്ലുംപതിരും' തിരിച്ചറിഞ്ഞ് പ്രതികരിച്ചുകൊള്ളുക!

പരിശുദ്ധ  കത്തോലിക്കാസഭയുടെ പാപ്പായായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ രാജകുമാരന്മാരെ വാഴിക്കുന്ന ചടങ്ങിലേക്ക് വായനക്കാരുടെ ശ്രദ്ധതിരിക്കട്ടെ! മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തിലുള്ള വചനശുശ്രൂഷാമദ്ധ്യേയാണ് ക്ലിമ്മീസ് അടക്കമുള്ള ആറുപേരെ കര്‍ദ്ദിനാള്‍മാരായി ഉയര്‍ത്തിയത്.

സുവിശേഷ വായനയോടെ ആരംഭിച്ച ശുശ്രൂഷയില്‍ സഭയുടെ സാര്‍വ്വലൗകിക സ്വഭാവം വ്യക്തമാക്കിക്കൊണ്ട് മാര്‍പാപ്പ പ്രഭാഷണം നടത്തി. ഏകവും വിശുദ്ധവും സാര്‍വ്വത്രികവും അപ്പസ്തോലികവുമായ സഭയിലൂടെയാണ് ക്രിസ്തുവിന്റെ രക്ഷാദൗത്യം സകല ജനതകള്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നതെന്നും, വിവിധ രാഷ്ട്രങ്ങളെയും സഭാ സമൂഹങ്ങളെയും റീത്തുകളെയും പ്രതിനിധീകരിക്കുന്ന നവകര്‍ദ്ദിനാളന്മാര്‍ സഭയുടെ സാര്‍വ്വത്രിക സ്വാഭാവം പ്രതിഫലിപ്പിക്കുന്നുവെന്നും പാപ്പ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

ദാവീദിന്റെ പുത്രനായി ജനിച്ച ക്രിസ്തു പിന്നിട് ‘മനുഷ്യപുത്രന്‍’ എന്ന യഹൂദ യുഗാന്ത്യ വിവരണത്തിലെ സംജ്ഞ സ്വീകരിച്ചുകൊണ്ട് സകല മനുഷ്യര്‍ക്കുംവേണ്ടിയുള്ള തന്റെ രക്ഷാദൗത്യം വെളിപ്പെടുത്തിയെന്നും പാപ്പ വിവരിച്ചു. വിഭാഗീയതയുടെ വൈചിത്ര്യങ്ങളെ വെല്ലുന്നതാണ് സഭാദര്‍‍ശനവും കാഴ്ചപ്പാടുമെന്നും, ക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭയുടെ ലക്ഷ്യം സകല ജനങ്ങളെയും വിശ്വാസത്തില്‍ ഒന്നിപ്പിക്കുവാനും രക്ഷിക്കുവാനുമാണെന്നും പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം വിവിധ ഭാഷക്കാരെയും സംസ്ക്കാരങ്ങളെയും കൂട്ടിയിണക്കിയ അപ്പസ്തോല കൂട്ടായ്മയുടെ പെന്താക്കൂസ്താ അനുഭവമാണ് ഇന്നും ക്രൈസ്തവരെ നയിക്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീണ്ട കരങ്ങളാല്‍ ആശ്ലേഷിക്കപ്പെടുന്ന ലോകത്തില്‍ വിശ്വസ്തതയോടും ധീരതയോടുംകൂടെ സുവിശേഷ സാക്ഷ്യമേകാന്‍ നവകര്‍ദ്ദിനാളന്മാര്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെ പാപ്പ പ്രബോധനം ഉപസംഹരിച്ചു.

പ്രബോധനത്തെ തുടര്‍ന്ന് കര്‍ദ്ദിനാളന്മാരുടെ വാഴിക്കലായിരുന്നു. പരിശുദ്ധ സിംഹാസനത്തോടും റോമിലെ സഭയോടുമുള്ള വിധേയത്വവും അനുസരണയും പ്രഖ്യാപിക്കുന്ന ചടങ്ങാണ് പുതിയ കര്‍ദ്ദിനാളന്മാരുടെ വാഴിക്കലെന്ന് പാപ്പ ആമുഖപ്രാര്‍ത്ഥനയിലൂടെ ഏവരെയും അനുസ്മരിപ്പിച്ചു. തുടര്‍ന്ന് നവകര്‍ദ്ദിനാളന്മാര്‍ ദൈവവജനസമക്ഷം സഭയുടെ വിശ്വാസപ്രമാണം പരസ്യമായി ഏറ്റുചൊല്ലുകയും പത്രോസിന്റെ പിന്‍ഗാമിയായ പാപ്പായോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള വിശ്വസ്തതയും വിധേയത്വവും അനുസരണയും വ്യക്തിപരമായും പരസ്യമായും ഏറ്റുപറയുകയും ചെയ്തു.

കര്‍ദ്ദിനാള്‍മാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കുന്നതിനുമുന്‍പ് ഇത്രയും കാര്യങ്ങളാണ് അവിടെ നടന്നത്. മാര്‍പാപ്പ നടത്തിയ പ്രബോധനത്തിന്റെയും സംഭവങ്ങളുടെയും പൂര്‍ണ്ണമായ വിവരണമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പാപ്പയുടെ പ്രസംഗത്തിന്റെയും കര്‍ദ്ദിനാള്‍മാരുടെ പ്രതിജ്ഞയുടെയും വ്യക്തമായ മലയാള പരിഭാഷയാണെന്ന് ഇവിടെ കുറിച്ചിരിക്കുന്നത് എന്നകാര്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു. വെറുതെ ഒഴുക്കന്‍ മട്ടില്‍ വായിച്ചവര്‍ ഒരുവട്ടംകൂടി വായിക്കണമെന്ന് മനോവ അപേക്ഷിക്കുകയാണ്! കാരണം, ഇനി വിശകലനം ചെയ്യുവാനിരിക്കുന്ന വിഷയം അത്രമാത്രം ഗൌരവമുള്ളതായിരിക്കുന്നതിനാല്‍, പാപ്പയുടെ പ്രബോധനവും കര്‍ദ്ദിനാള്‍മാരെടുത്ത പ്രതിജ്ഞയും ഗ്രഹിക്കേണ്ടത് അനിവാര്യമാകുന്നു.

ഒരു കര്‍ദ്ദിനാള്‍ ക്രിസ്തുവിന്റെ അപ്പസ്തോലനാണ്! പത്തൊന്‍പതു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ക്രിസ്തു തന്റെ അപ്പസ്തോലന്മാരെ ഏല്പിച്ച ദൌത്യമാണ് ഇന്ന് ഈ കര്‍ദ്ദിനാള്‍മാരിലുള്ള അഭിഷേകം. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതായിരുന്നു മാര്‍പാപ്പയുടെ സന്ദേശവും. "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍.ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ  പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). ലോകാതിര്‍ത്തികള്‍വരെയും യേഹ്ശുവായിലൂടെയുള്ള രക്ഷയുടെ പ്രചാരകരായി നിലകൊള്ളുകയും സകലജനതകളെയും ശിഷ്യപ്പെടുത്തുകയും ചെയ്യുകയെന്ന അപ്പസ്തോലിക ദൌത്യം ഭരമേല്പിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി അത് ഓര്‍മ്മപ്പെടുത്തുകായാണ് പാപ്പാ ഇവിടെ ചെയ്തത്! ഈ ചടങ്ങിനു സാക്ഷ്യം വഹിച്ച വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും മാത്രമല്ല, മാധ്യമങ്ങളിലൂടെ കേള്‍ക്കുകയോ വായിക്കുകയോ ചെയ്ത എല്ലാവര്‍ക്കും പാപ്പായുടെ പ്രബോധനത്തിന്റെ പൊരുള്‍ മനസ്സിലായി. എന്നാല്‍, 'രാത്രി മുഴുവന്‍ രാമായണം കേട്ടിട്ട് രാമന്‍ സീതയുടെ ആരാണെന്ന്' ചോദിച്ചപോലെ ക്ലിമ്മീസിന് ഒന്നും മനസ്സിലായില്ല!

മനോവ ഇതു പറയാന്‍ കാരണമുണ്ട്. ഈ ചടങ്ങുകള്‍ കഴിഞ്ഞു പുറത്തുവന്ന 'നവകര്‍ദ്ദിനാള്‍' ക്ലിമ്മീസ് മാധ്യമങ്ങളിലൂടെ വിളിച്ചുകൂകിയത് മറ്റുള്ളവരെപ്പോലെ മനോവയും കേട്ടു എന്നതുതന്നെ കാരണം!

കേള്‍ക്കാത്തവര്‍ക്കും കേട്ടിട്ടും ഗ്രഹിക്കാത്തവര്‍ക്കുമായി ആ വാക്കുകള്‍ ഇവിടെ കുറിക്കുകയാണ്. സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം ക്ലിമ്മീസ്  ലോകത്തോടായി വിളിച്ചുപറഞ്ഞു: 'ഇത് ഭാരതസംസ്കാരത്തിനു ലഭിച്ച അംഗീകാരമാണ്!' അതുവരെ ക്രിസ്ത്യാനികള്‍ കരുതിയത്, മലങ്കരകത്തോലിക്കാസഭയ്ക്ക് ലഭിച്ച അംഗീകാരമാണെന്നായിരുന്നു. കര്‍ദ്ദിനാള്‍ പദവി പ്രഖ്യാപിച്ചപ്പോള്‍, സഭ പറഞ്ഞതും ഇതുതന്നെയായിരുന്നു. എന്നാല്‍, ക്ലിമ്മീസ് കരുതുന്നത് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകുമല്ലോ! ഭാരതീയന്‍ എന്ന നിലയിലാണോ മലങ്കര കത്തോലിക്കാസഭയുടെ തലവന്‍ എന്നനിലയിലാണോ ഈ പദവി നല്‍കിയതെന്ന് പരിശുദ്ധ കത്തോലിക്കാസഭ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ക്ലിമ്മീസിന്റെ വാക്കുകളെ ആരും മുഖവിലക്കെടുക്കില്ലെന്നു കരുതാം. ഇതുകൊണ്ടൊന്നും അവസാനിച്ചില്ല ഇദ്ദേഹത്തിന്റെ ഗീര്‍വാണം!

ഭാരതസംസ്കാരത്തെ ലോകത്തിന്റെ ഉന്നതിയില്‍ എത്തിക്കാന്‍ ലഭിച്ച അവസരമായി  ഇതിനെ താന്‍ കാണുന്നുവെന്ന് പ്രഖ്യാപിക്കാനും 'തിരുമേനി' തയ്യാറായി! ഇതാണോ കുറച്ചുമുന്‍പ് മാര്‍പാപ്പ ഇദ്ദേഹത്തോട് കല്പിച്ചതും പ്രതിജ്ഞ ചെയ്യിപ്പിച്ചതും? മാര്‍പാപ്പയുടെ വാക്കുകള്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്: 'ഏകവും വിശുദ്ധവും സാര്‍വ്വത്രികവും അപ്പസ്തോലികവുമായ സഭയിലൂടെയാണ് ക്രിസ്തുവിന്റെ രക്ഷാദൗത്യം സകല ജനതകള്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളെയും സഭാസമൂഹങ്ങളെയും റീത്തുകളെയും പ്രതിനിധീകരിക്കുന്ന നവകര്‍ദ്ദിനാളന്മാര്‍ സഭയുടെ സാര്‍വ്വത്രിക സ്വാഭാവം പ്രതിഫലിപ്പിക്കുന്നു. 'ഇതായിരുന്നു പാപ്പയുടെ സന്ദേശം! യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയിലേക്ക് ഭാരതജനതയെ നയിക്കുകയെന്നതാണ് ഭാരതത്തിലെ കര്‍ദ്ദിനാളിന്റെ ദൌത്യം! മറിച്ച്, ഭാരതസംസ്കാരത്തെ ലോകത്തിന്റെ അതിര്‍ത്തികളില്‍ എത്തിക്കുകയും സഭയില്‍ തിരുകികയറ്റുകയുമല്ല!

ഒരുകാര്യം മനസ്സിലാക്കുക: ക്രൈസ്തവ സംസ്കാരത്തിനു നിലനില്‍ക്കാന്‍ മറ്റു സംസ്കാരങ്ങളുടെ താങ്ങൊന്നും ആവശ്യമില്ല. എന്നാല്‍, ചില സ്ഥാപിത താത്പര്യക്കാര്‍ക്ക് വിഹരിക്കാന്‍ പലരുടെയും താങ്ങുകള്‍ ആവശ്യമായിരിക്കാം. മറ്റു സംസ്കാരങ്ങള്‍കൊണ്ട് മോടിപിടിപ്പിക്കാന്‍മാത്രം അപൂര്‍ണ്ണമല്ല ക്രിസ്തീയത! ക്രൈസ്തവരുടെ പാരമ്പര്യം വിജാതിയരുടെ പാരമ്പര്യത്തോടു യാതൊരു വിധത്തിലും പൊരുത്തപ്പെടുന്നതുമല്ല. കാരണം, ക്രൈസ്തവര്‍ ഇസ്രായേലാണ്! അതുകൊണ്ടുതന്നെ മറ്റു ജനതകളില്‍നിന്ന് വേറിട്ടവരും ഇടകലരാത്തവരുമാണ്!

ഇനിയൊരു  കാര്യം അറിയണമെന്നുണ്ട്; 'വരാല്‍' വെള്ളമിറക്കുന്നതുപോലെ ഇടക്കിടെ  ക്ലിമ്മീസ് പറയുന്ന ഈ ഭാരതസംസ്കാരം എന്താണെന്നു 'തിരുമേനി'യുടെ 'തിരുവാ'യില്‍നിന്ന് കേള്‍ക്കണമെന്നുള്ള ആഗ്രഹമാണിത്. ഓരോ ഭാരതീയനും  കൂടെക്കൂടെ കേള്‍ക്കുന്നതാണെങ്കിലും ആര്‍ക്കും നിശ്ചയമില്ല ഈ സംസ്കാരം എന്താണെന്ന്! അതൊന്ന് അറിഞ്ഞാല്‍ ക്രിസ്തീയതയുടെ പോരായ്മ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു!

എന്താണീ ആര്‍ഷഭാരത സംസ്കാരം?

അനേകവട്ടം  കേട്ടുപഴകിയ വാക്കാണ് ഇതെങ്കിലും ആരുമത് വ്യാഖ്യാനിച്ചു തന്നിട്ടില്ല. അതുകൊണ്ടുതന്നെ അതെന്താണെന്ന് അറിയാന്‍ മനോവയ്ക്ക്  ജിജ്ഞാസയുണ്ടായിരുന്നു. അതിനാല്‍ സ്വയമൊരു അന്വേഷണം നടത്തുകയും അതുവഴി ചിലതെല്ലാം കണ്ടെത്തുകയും ചെയ്തു. ഈ കണ്ടെത്തലുകള്‍ മനോവയുടെ  പ്രബുദ്ധരായ വായനക്കാരോടു പങ്കുവയ്ക്കുകയാണ്! ആദ്യമേതന്നെ പറയട്ടെ; ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിച്ചിട്ട് അധികകാലം ആയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഒരു പുരാതന രേഖകളിലും ഭാരതം എന്ന പേര് കണ്ടെത്താന്‍ കഴിയില്ല. ആയതിനാല്‍, ഭാരതം എന്ന് ഈ ലേഖനത്തില്‍ പറയുന്നത് മനോവയുടെ അഭിപ്രായമായി പരിഗണിക്കരുത്.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പുരുഷാര്‍ത്ഥങ്ങള്‍. യഥാര്‍ത്ഥ മനുഷ്യന്റെ ലക്ഷ്യം പുരുഷാര്‍ത്ഥ  പ്രാപ്തിയാണ്. ദൈവദത്തവും ജന്മായത്തവുമായ കര്‍മാനുഷ്ഠാനം തന്നെ ധര്‍മ്മം. 'ധര്‍മ്മം' അത്ര എളുപ്പം നിശ്ചയിക്കാവുന്നതുമല്ല. ധര്‍മ്മത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ വിവേചിക്കാന്‍ നല്ലൊരു പരിധിവരെ മനുഷ്യന്‍ യോഗ്യനോ  അധികാരിയോ അല്ല. 'ധര്‍മ്മസ്യ തത്വം നിഹിതം ഗുഹായാം'- ധര്‍മ്മസാരം  ഗുഹയ്ക്കുള്ളിലെന്നോണം മറഞ്ഞിരിക്കുന്നു. ധര്‍മ്മതത്വം വ്യാഖ്യാനിക്കുന്നതില്‍ ഋഷികള്‍പോലും ചില ഘട്ടങ്ങളില്‍ കഴിവില്ലാത്തവരാകാം. അത്തരം സന്ദിഗ്ദ വേളകളില്‍ മനസ്സാക്ഷിയുടെ  തീര്‍പ്പാണ് അന്തിമം. ഏതായാലും യഥാവിധി ധര്‍മ്മം (കര്‍മ്മം) അനുഷ്ഠിച്ച്  നീതിപൂര്‍ണമാം വിധം അര്‍ത്ഥം (ധനം) സമ്പാദിച്ച് ന്യായരീത്യാകാമം തേടി (അഭിലാഷ പൂര്‍ത്തീകരണം) ഒടുവില്‍ മോക്ഷം പ്രാപിക്കണമെന്നതാണ് 'പുരുഷാര്‍ത്ഥ'സങ്കല്പംകൊണ്ട് ഉദ്ദേശിക്കുന്നത്.

'മഹത്തായ' ഭാരതീയ സംസ്കാരത്തിന്റെ ചില ഘടകങ്ങളാണിത്. ആര്‍ക്കും മനസ്സിലായില്ലെങ്കിലും ആകുലപ്പെടേണ്ട; കാരണം, ഇതെഴുതിയെന്നു പറയപ്പെടുന്ന ഋഷിമാര്‍ക്കുപോലും കാര്യങ്ങള്‍ മനസ്സിലായിട്ടില്ലെന്നു പണ്ഡിതര്‍ പറയുന്നു. ഒന്നും മനസ്സിലാകാത്തവന്‍ സ്വന്തം മനഃസാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളാനാണ്‌ അന്തിമതീര്‍പ്പ്! ഓലകളില്‍ എഴുതിവച്ചത് സാധാരണക്കാരനു മനസ്സിലാകാത്തതുകൊണ്ടാകാം നടപ്പിലാക്കിയതെല്ലാം തലതിരിഞ്ഞുപോയത്. മുനിമാര്‍ എഴുതിവച്ച തത്ത്വങ്ങളില്‍നിന്നാണ് ഭാരതീയ സംസ്കാരം രൂപംകൊണ്ടതെന്നു പറയുന്നു. അതാണ് ഭാരതസംസ്കാരം അഥവാ ഹൈന്ദവസംസ്കാരം എന്നത്. നമ്മുടെ ഭരണഘടനയുടെ ശില്പിയായ ഡോക്ടര്‍ അംബേഡ്കര്‍ കത്തിച്ചുകളഞ്ഞ 'മനുസ്മൃതി' എന്ന ഗ്രന്ഥമാണ് ഈ സംസ്കാരത്തിന്റെ നിയമപുസ്തകം! അറിവു നേടിയപ്പോള്‍, ഈ തത്വങ്ങള്‍ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന തിരിച്ചറിവാണ് മഹാനായ അംബേഡ്കറെക്കൊണ്ട് അപ്രകാരം ചെയ്യിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാല്‍ അര നൂറ്റാണ്ടുമുമ്പത്തെ ഭാരതസംസ്കാരം എന്തായിരുന്നുവെന്ന് വ്യക്തമാകും. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കാര്യമാണിതെന്ന് ആരും ധരിക്കരുത്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലഘട്ടത്തിലെ സംസ്കാരം ഇതായിരുന്നു. ദളിതര്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാനോ ജീവിക്കാനോ അവകാശമില്ലാത്ത 'സംസ്കാരം'! 'പൂച്ചയ്ക്കു മണികെട്ടി' എന്നുപറഞ്ഞതുപോലെ ദളിതന്‍ മണികിലുക്കി യാത്രചെയ്യണം. കഴുത്തില്‍ ഒരു മണ്‍കലം കെട്ടിത്തൂക്കണം! കാരണം, ദളിതന്റെ തുപ്പല്‍ വീണ് ആര്‍ഷഭാരതം അശുദ്ധമാകാതിരിക്കാനാണത്.

'കോരനു കഞ്ഞി കുമ്പിളില്‍തന്നെ' എന്നതു വെറുമൊരു പഴഞ്ചൊല്ലല്ല; മറിച്ച്, ഭാരതത്തില്‍ കുറച്ചു കാലങ്ങള്‍ക്കുമുമ്പുവരെ ദളിതനു പാത്രത്തില്‍ കഞ്ഞി കുടിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മുറ്റത്ത് 'കുഴി' കുഴിച്ച് ആ കുഴിയില്‍ ഇലവിരിച്ച് കഞ്ഞി വിളമ്പും. പട്ടിയെപ്പോലെ ദളിതന്‍ അതു നക്കി കുടിക്കണം. ആര്‍ഷഭാരത സംസ്കാരത്തില്‍ നിലനിന്നിരുന്ന മഹത്തായ ഈ പൈതൃകമാണോ 'ക്ലിമ്മീസ്' ലോകത്തിന്റെ ഉന്നതിയില്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറെടുക്കുന്നത്? അടിമകളെന്നോ പരദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളെയും സഹോദരങ്ങളായി കാണാന്‍ നിയമം ലഭിക്കുകയും ഈ നിയമത്തെ വള്ളിപുള്ളി വിടാതെ പാലിക്കുകയും ചെയ്ത യഹൂദരുടെ പിന്തുടര്‍ച്ചക്കാരാണ് ക്രൈസ്തവര്‍! പരിച്ഛേദിതനെങ്കില്‍ ഏവനെയും തങ്ങളോടൊപ്പം പെസഹാ ഭക്ഷിക്കാന്‍ അനുവദിച്ചിരുന്ന യഹൂദ പാരമ്പര്യം ആരും വിസ്മരിക്കരുത്. പിശാചിനെ ആരാധിക്കുന്നവരുമായി മാത്രമേ യഹൂദനു സമ്പര്‍ക്കം അനുവദനീയമല്ലാതുള്ളു! പെസഹാ ഭക്ഷിക്കുന്നതിനെ സംബന്ധിച്ച നിയമം ഇതാണ്: "വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം"(പുറ: 12; 44).

'സ്ത്രീ' അമ്മയും ദേവിയുമാണ്!

സ്ത്രീ അമ്മയാണെന്നും ദേവിയാണെന്നും കഥകളില്‍ എഴുതിവച്ചിട്ടുള്ളതല്ലാതെ ഈ ആനുകൂല്യം പറ്റുന്ന ഒരേയൊരു സ്ത്രീ മാത്രമേ ഇന്ത്യയിലുള്ളു. അതാണ് അമൃതാനന്തമയി! അവരുടെയും മുന്‍കാല ചരിത്രം നമുക്കെല്ലാം അറിവുള്ളതാണല്ലോ! സ്ത്രീയെ അമ്മയായും ദേവിയായും കാണുന്നുവെന്ന് അവകാശപ്പെടുന്ന ആര്‍ഷഭാരത സംസ്കാരത്തില്‍ അവളെ ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിടുകയും 'മാറ്' മറയ്ക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന നിയമം എങ്ങനെയുണ്ടായി? നിയമംമൂലം നിര്‍ത്തലാക്കിയിട്ടും ഭാരതത്തിലെ ചിലയിടങ്ങളില്‍ 'സതി' എന്ന ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ആര്‍ഷഭാരത  സംസ്കാരത്തിന്‍റെ മറ്റൊരു സംഭാവനയാണ്, 'ദേവദാസീ' സമ്പ്രദായം! ദേവദാസികളെ  'വിശുദ്ധരായ' ലൈംഗീകത്തെഴിലാളികള്‍ എന്നാണറിയപ്പെടുന്നത്. ആദ്യം  'ദൈവത്തിനും' പിന്നെ അനേകം പുരുഷന്മാര്‍ക്കും ശരീരം സമര്‍പ്പിക്കുന്ന നിരാലംബരായ സ്ത്രീകളാണിവര്‍! ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ  ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുകയും പിന്നീട്  നിര്‍ത്തലാക്കപ്പെടുകയും ചെയ്ത ഒരു സാമൂഹിക അനീതിയായിരുന്നു ദേവദാസി സമ്പ്രദായം! എന്നാല്‍, നിയമനിര്‍മ്മാണം വഴി അമ്പതു വര്‍ഷംമുമ്പ് തുടച്ചുമാറ്റപ്പെട്ടുവെന്നു നാം വിശ്വസിക്കുമ്പോഴും പലയിടത്തും ഇതിപ്പോഴും തുടരുന്നുവെന്ന വാര്‍ത്തകള്‍ രാജ്യത്തിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നു. ഇവരുടെ സമൂഹത്തില്‍ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നതോടെ അതിനെ 'യെല്ലമ്മ'യെന്ന ഉര്‍വ്വരതാ ദേവതയ്‌ക്ക്‌ സമര്‍പ്പിക്കുന്നു. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ്‌ ഈ ദേവതയും അതിനെച്ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും. തെക്കേ ഇന്ത്യയില്‍ ഉടനീളം പലയിടത്തായി ഈ ദേവത ആരാധിക്കപ്പെടുന്നുണ്ട്‌. ആര്‍ത്തവാരംഭത്തോടെയാണ്‌ ഒരു പെണ്‍കുട്ടിയെ 'യെല്ലമ്മ'യ്‌ക്ക്‌  സമര്‍പ്പിക്കുന്നത്‌. ഇതിനുമുമ്പ്‌ തന്നെ ഒരു പ്രായമായ പുരുഷനുമുന്നില്‍ ഇവര്‍ക്ക്‌ സ്വന്തം കന്യകാത്വം അടിയറവയ്‌ക്കേണ്ടിവരുന്നു. ഇതിനായി കന്യകയായ പെണ്‍കുട്ടിയെ വധുവിനെ ഒരുക്കുന്നതുപോലെ മനോഹരമായി ഒരുക്കി തെരുവില്‍ ലേലത്തില്‍ വയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഏറ്റവും കൂടുതല്‍ ലേലത്തുക നല്‍കുന്നയാള്‍ക്ക്‌ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കഴിയുന്നു. ഈ പുരുഷന്മാര്‍ പലപ്പോഴും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരായിരിക്കും. ഇങ്ങനെ 'ദൈവത്തിനു' സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളെ 'ജോഗിനി'യെന്നാണ് സമൂഹം വിളിക്കുന്നത്. ഇതോടുകൂടി അവളുടെ ലൈംഗികാടിമത്വവും ആരംഭിക്കുന്നു. ദൈവത്തിന്‌ സമര്‍പ്പിക്കുന്ന കന്യകമാര്‍ സാവധാനം സമൂഹം അംഗീകരിക്കുന്ന ലൈംഗികത്തൊഴിലാളികളായി(വേശ്യകള്‍) മാറുന്നു. ഈ ജോലിക്ക്‌ ഇവരെ സഹായിക്കാന്‍ പിമ്പുകളായി പ്രവര്‍ത്തിക്കുന്നതാകട്ടെ മിക്കപ്പോഴും ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ്‌. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു പൗലോസ് അപ്പസ്തോലന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇവിടെ തെളിഞ്ഞുകാണാം!

ഈ  അപരിഷ്കൃത സമ്പ്രദായത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സന്നദ്ധസംഘടനകളുടെ  കണക്കില്‍ കര്‍ണ്ണാടകയില്‍മാത്രം ഇരുപത്തയ്യായിരം ദേവദാസികളുണ്ടെന്നാണ് അറിവ്. ഇതു കണക്കില്‍പ്പെടുന്നവര്‍! കാമത്തിന്റെ മൂര്‍ത്തികളായ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ദേവദാസികള്‍ നടത്തുന്ന മാദകനൃത്തങ്ങളില്‍നിന്നാണ് നമ്മുടെ 'സംസ്ക്കാരത്തിന്റെ' മുഖമുദ്രയെന്നു പറഞ്ഞുകൊണ്ട്, സര്‍ക്കാര്‍ ചിലവില്‍ 'സൂര്യാ' കൃഷ്ണമൂര്‍ത്തി ലോകമെമ്പാടും നടത്തുന്ന 'ക്ലാസിക്കല്‍' നൃത്തങ്ങളുടെ ആവിര്‍ഭാവം! ഇനിയും വളരെയധികം സാംസ്കാരിക മഹത്വങ്ങള്‍ വിവരിക്കാനുള്ളതിനാല്‍ 'ദേവദാസികള്‍'‍ ഇവിടെ നില്‍ക്കട്ടെ! എങ്കിലും ഒരു വചനം ഇവിടെ അനിവാര്യമായിരിക്കുന്നു: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്"(നിയമം: 23; 17). ആഗോളതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സംസ്കാരം ദൈവത്തിന് എത്രമാത്രം സ്വീകാര്യമാണെന്നുകൂടി അറിയണമല്ലോ!

സ്ത്രീകള്‍ക്ക് പട്ടാപ്പകല്‍പ്പോലും ധൈര്യപൂര്‍വ്വം പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത ഏക ജനാധിപത്യരാജ്യം ഇന്ത്യയാണെന്നു പറയാന്‍ മനോവയ്ക്ക് യാതൊരു  ഭയവുമില്ല. ഇതു പ്രഖ്യാപിക്കുമ്പോള്‍ ഇസ്ലാമികരാജ്യങ്ങളെ  മാറ്റിനിര്‍ത്തുന്നു! ഇവരെ പരിഷ്കൃത സമൂഹത്തോടു ചേര്‍ത്തുനിര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണിത്!

2012- നവംബര്‍ വരെയുള്ള കണക്കില്‍ കേരളത്തില്‍ മാത്രമായി 9758 കേസുകള്‍  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമിത് 13279 ആയിരുന്നു. പുറത്തറിയാത്ത കേസുകള്‍ ഇതിനേക്കാള്‍ എത്രയോ മടങ്ങായിരിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയും. ജില്ലാടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് 'ശ്രീപത്മനാഭന്റെ' സ്വന്തം ജില്ലയായ തിരുവനന്തപുരമാണെങ്കില്‍ തൊട്ടുപിന്നില്‍ വടക്കുംനാഥന്റെ ജില്ലയും സാംസ്കാരിക കേരളത്തിന്റെ ഈറ്റില്ലവുമായ തൃശൂരാണ്! കേരളത്തിലെ ജനസംഖ്യ, ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ്! സാക്ഷരതയിലും സാംസ്കാരികതയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലുള്ള കേരളത്തില്‍ ഒരു വര്‍ഷം പതിനായിരം കേസുകള്‍ രജിസ്ട്രര്‍ ചെയ്യപ്പെടുന്നുവെങ്കില്‍ രാജ്യത്താകമാനമുള്ള കണക്ക് ഞെട്ടിപ്പിക്കുന്നതായിരിക്കും എന്നതില്‍ തര്‍ക്കമില്ല! അതായത്, ഈ അനുപാതത്തില്‍ നോക്കിയാല്‍പ്പോലും ഏകദേശം മുന്നുലക്ഷത്തിനും നാലുലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ പ്രതിവര്‍ഷം ആക്രമിക്കപ്പെടുന്ന രാജ്യമാണ്, ഇവരെ അമ്മയും ദേവിയുമായി കരുതാന്‍ ലോകത്തോട് ആഹ്വാനം ചെയ്യുന്നത്!

എല്ലാ പാശ്ചാത്യനാടുകളും ഒന്നിച്ചു ചേര്‍ന്നാലും ഇന്ത്യയെ ഇക്കാര്യത്തില്‍ തോല്‍പ്പിക്കാനാകില്ല! യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീപീഡന കേസുകള്‍ ഉണ്ടായാല്‍ പ്രതിസ്ഥാനത്ത് അധികവും ഇന്ത്യക്കാരായിരിക്കും എന്നത് വലിയ ഔന്നത്യമായി വേണമെങ്കില്‍ പരിഗണിക്കാം. കാരണം, യൂറോപ്പിലെ കണക്കുകള്‍ പ്രകാരം സ്ത്രീപീഡനത്തില്‍ ഒന്നാംസ്ഥാനം സിക്കുകാര്‍ക്കാണ്!

ആര്‍ഷഭാരതത്തിലെ കുടുംബ സംസ്കാരം!

ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്ന ഏറ്റവും വലിയ മാതൃക ഭാരതത്തിലെ കുടുംബബന്ധങ്ങളിലെ 'പവിത്രത'യാണ്! മറ്റുരാജ്യങ്ങളിലേയും യഹൂദരുടെയും കുടുംബബന്ധങ്ങള്‍ എങ്ങനെ ആയിരുന്നുവെന്നു അറിയുമ്പോള്‍ മാത്രമേ ഇതില്‍ ഭാരതീയര്‍ക്ക് അഭിമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഈ വിഷയത്തെക്കുറിച്ചുള്ള പല കാര്യങ്ങളും മുന്‍ലേഖനത്തില്‍ നാം പരിശോധിച്ചതിനാല്‍ കൂടുതല്‍ വിവരണത്തിലേക്കു കടക്കുന്നില്ല. എങ്കിലും ചില സത്യങ്ങള്‍ ചെറുതായെങ്കിലും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

കുടുംബബന്ധങ്ങളെ പാശ്ചാത്യമെന്നും പൌരസ്ത്യമെന്നും തരംതിരിക്കുന്ന ഒരു രീതിയാണ് നാം  കണ്ടുവരുന്നത്. എന്നാല്‍, ഇതു തികച്ചും തെറ്റായ ഒരു തരംതിരിവാണെന്നു പറയാതെവയ്യ. കാരണം, പാശ്ചാത്യനാടുകളിലെ പഴയ കുടുംബബന്ധങ്ങള്‍ വളരെ ദൃഢവും പവിത്രവുമായിരുന്നു. ഇന്ന് നമ്മുടെ ഗ്രാമങ്ങളിലുള്ളതിനേക്കാള്‍ സുന്ദരമായ കുടുംബങ്ങള്‍ പാശ്ചാത്യനാടുകളിലെ ഗ്രാമങ്ങളിലുണ്ട്. അതുകൊണ്ട് കുടുംബബന്ധങ്ങളെ മനോവ തരംതിരിക്കുന്നത് ആധുനികമെന്നും പൌരാണികമെന്നുമാണ്! അങ്ങനെതന്നെയാണു വേണ്ടതും!

ഇതു മനസ്സിലാകണമെങ്കില്‍, ഇന്ത്യയിലെ ആധുനിക കുടുംബങ്ങള്‍ വിലയിരുത്തണം. അതായത് ഭാരതത്തിലെ കുടുംബങ്ങളില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന പവിത്രത ഇന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇത് പാശ്ചാത്യ അനുകരണത്തിന്റെ ഭാഗമായി കടന്നുവന്നതാണെന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല. പാശ്ചാത്യനാടുകളില്‍ പണ്ടിതായിരുന്നില്ല അവസ്ഥ. ഭാരതത്തിലെ പഴയ കാലങ്ങളില്‍ കുടുംബബന്ധങ്ങള്‍ പവിത്രമായിരുന്നത് ആര്‍ഷഭാരത സംസ്കാരത്തിന്റെ ശ്രേഷ്ടതകൊണ്ടാണെന്നു കരുതരുത്. കാരണം, ഭാരതത്തിലെ പുരാണങ്ങളിലോ ഐതീഹ്യങ്ങളിലോ കുടുംബബന്ധങ്ങള്‍ക്ക് നല്ലൊരു മാതൃക ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം. ഭാരതത്തിലെ ദേവന്മാരെന്നു വിളിക്കപ്പെടുന്നവര്‍പോലും ഇക്കാര്യത്തില്‍‍ പരജയപ്പെട്ടവരായിരുന്നു.

ഹിന്ദുക്കള്‍ ദേവനായി പരിഗണിക്കുന്ന പുരാണത്തിലെ കഥാപാത്രമായ കൃഷ്ണന്‍ പതിനാറായിരത്തിയെട്ട് ഭാര്യമാരുമായി കഴിഞ്ഞവനായിരുന്നു. പുരുഷന്മാര്‍ക്കുള്ള ഉത്തമ ദൃഷ്ടാന്തമായി പുരാണത്തില്‍ വരച്ചുവച്ചിരിക്കുന്ന പഞ്ചപാണ്ഡവന്മാര്‍ തങ്ങളുടെ പൊതുഭാര്യയായ പാഞ്ചാലിയെ പണയംവച്ച് ചൂതുകളിച്ചു! ഇതുകൊണ്ടൊന്നും തീര്‍ന്നില്ല; പാണ്ഡവന്മാര്‍ എന്നറിയപ്പെടുന്ന ഈ ഭര്‍ത്താക്കന്മാരുടെ ജനനം പവിത്രമായ കുടുംബബന്ധത്തില്‍നിന്നാണോ എന്ന് നോക്കുക: 'കുന്തീദേവി' എന്നറിയപ്പെടുന്ന പാണ്ഡുവിന്റെ ഭാര്യയാണ്(കൃഷ്ണന്റെ പിതൃസഹോദരി)പാണ്ഡവരുടെ അമ്മ. ഇവള്‍ ഭര്‍ത്താവിനോടൊത്ത് വസിക്കുമ്പോള്‍, ചില ഉപാസനാമൂര്‍ത്തികളില്‍ നിന്നാണ് മക്കള്‍ക്കു ജന്മം നല്‍കിയത്. അവിവാഹിതയായിരുന്നപ്പോള്‍ ഇപ്രകാരം ജനിപ്പിച്ച പുത്രനായ കര്‍ണ്ണനെ ഇവര്‍ ഉപേക്ഷിച്ചു. പിന്നീട് ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞപ്പോള്‍ ജനിപ്പിച്ച ജാരസന്തതികളാണ് പഞ്ചപാണ്ഡവന്മാര്‍! ജാരസന്തതിയെന്ന് പറയുന്നതില്‍ ആരും പരിഭവിക്കേണ്ടതില്ല. സാധാരണക്കാര്‍ക്ക് ഇപ്രകാരം ഉണ്ടാകുന്ന സന്തതികളെ എങ്ങനെ വിളിക്കുന്നുവോ അതുതന്നെയല്ലേ ഇവരെയും വിളിക്കേണ്ടത്? ഭാര്യമാര്‍ക്കുള്ള മാതൃകയായി കുന്തിയേയും പരിഗണിക്കാവുന്നതാണ്!

ഭാരതത്തിലെ  മറ്റൊരു ദേവനായ 'രാമന്‍' നല്ലൊരു ഭര്‍ത്താവായിരുന്നില്ലെന്ന് ഈ അടുത്ത  നാളില്‍ വെളിപ്പെടുത്തിയത് ഇവിടുത്തെ ഉന്നതനായ ഒരു രാഷ്ട്രീയനേതാവാണ്! അതിനായി അയാള്‍ നിരത്തിയ വാദങ്ങളും വിവാദമായിരുന്നു. കഥയിലെ ഒരു കഥാപാത്രം എന്നതില്‍ കവിഞ്ഞ് രാമനെ മനോവ പരിഗണിക്കുന്നില്ലാത്തതിനാല്‍  ഇതിനെയൊന്നും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇവിടെ തുനിയുന്നില്ല. എന്നാല്‍, ആര്‍ഷഭാരത സംസ്കാരമെന്ന കാപട്യം ക്രൈസ്തവ പുരോഹിതന്മാര്‍തന്നെ  പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി മാറി. രാമനെ അടുത്തറിയാന്‍ ഈ ലേഖനം വായിക്കുക: 'രാമരാജ്യവും ഗാന്ധിജിയുടെ വിവരക്കേടും'

'അതിഥി ദേവോ ഭവ:' (അതിഥി ദൈവം തന്നെയാണ്!)

ദയാവായ്പും അതിഥി സല്‍ക്കാരതാല്‍പര്യവും ഭാരതീയ പാരമ്പര്യത്തില്‍ സുപ്രസിദ്ധമാണ്. 'അതിഥി ദേവോ ഭവ:'(അതിഥി ദൈവം തന്നെയാണ്) എന്നൊരു ചൊല്ലുണ്ട്. നിത്യവും കൊട്ടാരത്തിലെത്തുന്ന പാവപ്പെട്ടവര്‍ക്കു ഭക്ഷണമൊരുക്കാന്‍ ഒരു ചന്ദ്രവംശരാജാവായ രന്തിദേവന് ഒരു ലക്ഷം പാചകക്കാരുണ്ടായിരുന്നുവത്രേ! മറ്റു ഭക്ഷണസാധനങ്ങളോടൊപ്പം പക്ഷിമൃഗാദികളുടെ മാംസവും അദ്ദേഹം അതിഥിപൂജയ്ക്ക് ഉപയോഗിച്ചു. അവര്‍ക്കു പാകംചെയ്യാന്‍ കൊന്ന കന്നുകാലികളുടെ തുകലില്‍നിന്നു വീണ രക്തം ഒഴുകിയുണ്ടായ നദിയാണു 'ചര്‍മണ്വതി' എന്നു പറയപ്പെടുന്നു.

കെട്ടുകഥകള്‍ക്കൊണ്ട് സമ്പന്നമാണ് ആര്‍ഷഭാരത സംസ്കാരമെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെയാണ് ഇവയൊന്നും പ്രായോഗികതലത്തില്‍ വരാതെപോയതും!

അതിഥിസല്‍ക്കാരത്തില്‍ ഭാരതമാണ് ഉന്നതസ്ഥാനത്തെന്ന് ഊറ്റംകൊള്ളുന്നവര്‍ മറ്റുരാജ്യങ്ങളെ അറിയാത്തവരാണെന്നു പറയാതെവയ്യ! ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നും മറ്റു രാജ്യക്കാരായ സന്ദര്‍ശകരോട് വിവേചനം കാണിക്കുന്നില്ലെന്ന് ഈ രാജ്യങ്ങളില്‍ ജീവിക്കുന്ന ഓരൊ ഇന്ത്യക്കാരനും അറിയാം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ വിലയാണു വ്യാപരകേന്ദ്രങ്ങളിലും മറ്റെല്ലാ സേവനങ്ങളിലും ഈടാക്കുന്നത്. വിനോദസഞ്ചാരികളെ ഒരുതരത്തിലും ചൂഷണം ചെയ്യുന്ന രീതി ഒരു ക്രൈസ്തവരാജ്യങ്ങളിലുമില്ല. എന്നാല്‍, അതിഥിസല്‍ക്കാരപ്രിയരെന്നും സ്വയം മേനിപറയുന്ന ഇന്ത്യയിലെ അവസ്ഥയെന്താണെന്ന് നാം തിരിച്ചറിയണം. വിദേശികളെ ചൂഷണവസ്തുവായി കാണുന്ന ഏകരാജ്യം ഇന്ത്യയാണെന്നു പറയേണ്ടി വരുന്നതില്‍ മനോവയ്ക്കും വേദനയും ലജ്ജയും തോന്നുന്നത് സ്വാഭാവികമാണ്!

ചെറിയൊരു ഉദാഹരണം മാത്രം ഇവിടെ വ്യക്തമാക്കുന്നു: മുഗള്‍ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായി ചരിത്രപരമായ മ്യൂസിയങ്ങള്‍ വടക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലുണ്ട്. അത്തരത്തിലൊരു കേന്ദ്രമാണ് ഹുമയൂണിന്റെ കബറിടമുള്ള സ്മാരകം! ഇവിടെ സന്ദര്‍ശനം നടത്തുന്ന ഇന്ത്യക്കാരന് പത്ത് രൂപയാണു 'സന്ദര്‍ശനഫീസ്' എന്നകാര്യം നമ്മില്‍ പലര്‍ക്കും അറിയാം. എന്നാല്‍, 250 രൂപയാണ് വിദേശിയില്‍നിന്ന് ഈടാക്കുന്നത് എന്നകാര്യം പലര്‍ക്കും അറിയില്ല. അതിഥിയെ 'ദൈവമായി' കരുതുന്ന ഭാരതീയന്‍ ദൈവത്തെ കൊള്ളയടിക്കുന്ന ഒരു രീതിയാണിത്. ഏതെങ്കിലും അത്യാഗ്രഹിയായ ഇന്ത്യന്‍ പൗരന്‍ ചെയ്യുന്നതല്ല ഇത്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കൊള്ളയാണിത്! തേക്കടിയിലേയും മൈസൂറിലേയും കണക്കുകള്‍ മനോവ വെളിപ്പെടുത്താന്‍ തുനിയുന്നില്ല.

ഔദ്യോഗിക ചൂഷണത്തിനുപുറമേ അനൗദ്യോഗിക ചൂഷണം വേറെയുമുണ്ടെന്നത് അതിഥിസല്‍ക്കാരത്തിന്റെ മഹോന്നത തെളിവാണ്! ഈ സംസ്കാരത്തെയാണ് ലോകത്തിന്റെ  ഉന്നതിയിലെത്തിക്കാന്‍ ചില രാജകുമാരന്മാര്‍  ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്! ക്ലിമ്മീസ് പ്രചരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഈ സംസ്കാരം അബദ്ധത്തിലെങ്ങാനും ഏതെങ്കിലും പാശ്ചാത്യരാജ്യം ഉള്‍ക്കൊള്ളാന്‍ തീരുമാനിച്ചാല്‍, ആ രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരന്റെ ഗതിയെന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പത്ത് രൂപയ്ക്ക് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗകര്യം 250 രൂപ കൊടുത്ത് സ്വന്തമാക്കെണ്ടിവരും; അത്രതന്നെ!

ഭാരതസംസ്കാരത്തിന് മാനുഷീകഭാവം നല്‍കിയത് ക്രൈസ്തവ മിഷ്ണറിമാര്‍!

മാനുഷീകമായ അവസ്ഥയിലേക്ക് ഭാരതീയ സംസ്കാരത്തെ രൂപാന്തരപ്പെടുത്തുന്നതില്‍ ക്രൈസ്തവ മിഷ്ണറിമാര്‍ വഹിച്ച പങ്ക് ആരും വിസ്മരിക്കരുത്. പരിഷ്കൃത സമൂഹത്തിനുമുന്നില്‍ പറയാന്‍ സാധിക്കുന്ന തരത്തില്‍ എന്തെങ്കിലും ഇന്ന് ഇന്ത്യന്‍ സംസ്കാരത്തിലുണ്ടെങ്കില്‍ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസ് മിഷ്ണറിമാരും നല്‍കിയ സംഭാവനയാണ്! അവരിലൂടെ കൈവന്ന വിദ്യാഭ്യാസമാണ് പ്രാകൃതസംസ്കാരത്തില്‍നിന്ന് ഇന്ത്യയെ ഒരു പരിധിവരെയെങ്കിലും മോചിപ്പിച്ചത്. ക്രൈസ്തവര്‍ ആരംഭിച്ച വിദ്യാലയങ്ങളില്‍ ജാതിവ്യത്യാസമില്ലാതെ സവര്‍ണ്ണരെയും അവര്‍ണ്ണരെയും ഒരുമിച്ചിരുത്തി. വിദേശ മിഷ്ണറിമാരുടെ സ്വാധീനമുണ്ടായിരുന്ന നാട്ടുരാജാക്കന്മാര്‍ക്ക് ചില സാമൂഹിക പരിഷ്കാരങ്ങള്‍ വരുത്തേണ്ടിവന്നു എന്നതും സംസ്കാര രൂപീകരണത്തിന് കാരണമായി.

സ്ത്രീകള്‍ക്ക് 'മാറ്' മറയ്ക്കാനുള്ള അവകാശം ലഭിക്കുന്നത് മിഷ്ണറിമാരുടെ സ്വാധീനം മൂലമാണ്! അനാചാരങ്ങള്‍ക്കെതിരെ സംഘടിക്കാനുള്ള പ്രചോദനം ഇവരില്‍നിന്നാണ് ജനങ്ങള്‍ക്കു ലഭിച്ചത്. 'സാംസ്കാരിക' കേരളത്തില്‍ നടന്ന ഒരു സമരത്തിന്റെ പേരുതന്നെ 'മുലക്കച്ച സമരം' എന്നായിരുന്നു! അവര്‍ണ്ണസ്ത്രീകള്‍ 'മാറു'മറക്കാന്‍ പാടില്ലെന്ന നിരോധനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ കേരളത്തില്‍ നിലനിന്നിരുന്നു. ഉയര്‍ന്ന വിഭാഗത്തില്‍പെട്ട പുരുഷന്മാരോട് ബഹുമാനം കാണിക്കാന്‍ സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടിയിരുന്ന ആചാരം തങ്ങളുടെ വഷസ്സില്‍നിന്ന് വസ്ത്രം എടുത്ത് മാറ്റുക എന്നതായിരുന്നു. (പി എം ഗോപാലകൃഷ്ണന്‍, കേരള സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. പേജ് 49 ).

ക്രിസ്തുമതം സ്വീകരിച്ച ചന്നാന്മാരാണ് ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് തര്‍ക്കം ആദ്യമായി ഉന്നയിച്ചത്. ചാന്നാര്‍ സ്ത്രീകള്‍ ക്രിസ്ത്യാനികളായപ്പോള്‍ ചട്ടക്കുപ്പായത്തിന് പുറമെ ഒരു മേല്‍മുണ്ട് ചുമലില്‍ചുറ്റി മാറ് മറച്ചു നടക്കാന്‍ തുടങ്ങി. ഇതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. ധര്‍മ്മഭ്രംശത്തിനെതിരെ തോവാള, അഗസ്തീശ്വരം, ഇരണീയല്‍, കല്‍ക്കുളം എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭം നടന്നു. അവര്‍ണ്ണര്‍ സഹിച്ച അനവധി  പീഡനങ്ങള്‍ക്കൊടുവിലാണ് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കപ്പെട്ടത്. തെക്കന്‍കേരളത്തില്‍, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉദ്ബുദ്ധരായിത്തീര്‍ന്ന ചാന്നാര്‍ സ്ത്രീകള്‍ മാറുമറയുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍  തുടങ്ങിയതാണു ലഹളയ്ക്കു കാരണം.

ചാന്നാര്‍  സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുന്നതിലെ നിയന്ത്രണം നീക്കികൊണ്ട് 1859 ജൂലൈ  26-ന് തിരുവതാംകൂര്‍ ഗവണ്‍മെന്റ് രാജകീയ വിളംബരം പുറപ്പെടുവിച്ചു. എന്നാല്‍, മാറുമറയ്ക്കുന്ന കാര്യത്തില്‍ സവര്‍ണ്ണരെ അനുകരിക്കരുതെന്ന വിലക്ക് വിളബരത്തില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് ബ്രീട്ടീഷ് ഭരണകൂടമാണ് ഈ വിലക്ക് നീക്കിയത്. ഫ്യൂഡല്‍ പ്രഭുത്വത്തിനും ജാതിമേധാവിത്വത്തിനുമെതിരെ നടന്ന മനുഷ്യാവകാശ പ്രക്ഷോഭമായിരുന്നു കൃത്യം 150 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന 'മേല്‍മുണ്ട്' സമരം. ചരിത്രകൃതികളില്‍ 'മുലക്കച്ച' സമരം എന്നും ഇത് പരാമര്‍ശിക്കപ്പെടുന്നു.(MSA Rao, Social Movement in India, Manohar: Delhi, 1978, p.29).

ആര്‍ഷഭാരത സംസ്കാരത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ നീക്കി നവീകരിക്കുന്നതില്‍ ക്രൈസ്തവസഭകള്‍ വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കുകയില്ല. ഈ ഒരു ചെറിയ ഉദാഹരണം മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. കാരണം, സത്യങ്ങള്‍  മുഴുവന്‍ വിവരിക്കണമെങ്കില്‍ മനോവയുടെ താളുകള്‍ മതിയാകില്ല. ഈ സത്യങ്ങളെ  മറ്റു മതക്കാര്‍ വിസ്മരിക്കുന്നത്, അവരുടെ നിലനില്‍പ്പിന് അനിവാര്യമായതുകൊണ്ടായിരിക്കാം. എന്നാല്‍, ചരിത്രം പഠിക്കാന്‍ സാഹചര്യമുണ്ടായിട്ടും അതിനു മുതിരാതെ ശത്രുപക്ഷംചേര്‍ന്ന് സത്യത്തിനെതിരെ മറുതലിക്കുന്നത് സഭയുടെ  അഭിനവ രാജകുമാരനു ഭൂഷണമല്ല! അപരിഷ്കൃതരായ ഒരു ജനത്തെ സംസ്കാരത്തിലേക്ക് നയിച്ച പോര്‍ട്ടുഗീസ്‌ മിഷ്ണറിമാരെ 'കൂനന്‍കുരിശു' സത്യത്തിലൂടെ ആട്ടിയോടിച്ച കാപാലികന്മാരുടെ പിന്‍തലമുറയില്‍ ജനിച്ച ക്ലിമ്മീസ് ഇതു പറയാതിരിക്കില്ല! 

ക്രൈസ്തവ സംസ്കാരത്തിന്റെ ഉറവിടം!

കര്‍ദ്ദിനാള്‍ ക്ലിമ്മീസിന് ഒരുപക്ഷെ ക്രൈസ്തവ സംസ്കാരത്തെക്കാള്‍ ശ്രേഷ്ഠവും യഹൂദ പാരമ്പര്യങ്ങളെക്കാള്‍ ഉന്നതവുമായ സംസ്കാരവും പാരമ്പര്യവും ആര്‍ഷഭാരത സംസ്കാരമായിരിക്കാം. വ്യക്തിയെന്ന നിലയിലാണെങ്കില്‍ ക്ലിമ്മീസിനെ വിചാരണ ചെയ്യാന്‍ മനോവയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുകയില്ലായിരുന്നു. എന്നാല്‍, 119 കോടി സഭാമക്കളുടെ വിശ്വാസകാര്യങ്ങളെ രൂപീകരിക്കുന്ന തിരുസംഘത്തിലെ അംഗമെന്ന നിലയില്‍ സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്ക് കീഴ്പ്പെടേണ്ടിയിരിക്കുന്നു.

സഭയുടെ  എത്രതന്നെ ഉന്നതരായ നേതാക്കള്‍ മറുത്തുപറഞ്ഞാലും, മനോവ ഇനി കുറിക്കാന്‍ പോകുന്നത് പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ ഉന്നതമായ അരുളപ്പാടുകളാണ്! ദൈവവചനവുമായി ചേര്‍ത്തുവച്ച് പരിശോധിച്ചാല്‍ ആര്‍ക്കുമത് മനസ്സിലാകുകയും ചെയ്യും. അരിഭക്ഷണമോ മറ്റേതു ഭക്ഷണമോ കഴിക്കുന്നവര്‍ക്കു മാത്രമല്ല, ഭക്ഷണം കഴിക്കാത്തവരാണെങ്കില്‍പ്പോലും സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഇത് ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതുകൊണ്ട് ശ്രദ്ധിക്കുക!

ക്രിസ്തീയത മറ്റേതെങ്കിലും വിജാതിയ മതങ്ങളുടെ തുടര്‍ച്ചായാണെന്നു കരുതരുത്. ഇത് യഹൂദമതത്തിന്റെ പിന്തുടര്‍ച്ചയാണെന്നതു കൂടാതെ, അനുകരിക്കേണ്ട ആചാരങ്ങളും സംസ്കാരങ്ങളും അവരുടേത് മാത്രമാണ്! കാരണം, അതിനോടു തുലനംചെയ്യാന്‍ യോഗ്യതയുള്ള മറ്റൊരു സംസ്കാരവും ഈ ഭൂഗോളത്തില്‍  എവിടെയുമില്ല എന്നതുകൊണ്ടുതന്നെ! യേഹ്ശുവാ ഏതു സംസ്കാരത്തെ പിന്തുടര്‍ന്നുവോ, അതുതന്നെയാണ് ക്രൈസ്തവ സംസ്കാരം! ഈ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കാന്‍ മനോവയ്ക്കു പല കാരണങ്ങളുണ്ട്. വളരെ ലളിതമായി ഇവയില്‍ ചിലത് വെളിപ്പെടുത്താം.

സകലത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവം ഇത് പറഞ്ഞുവെന്നാതാണ് പ്രഥമവും പ്രധാനവുമായ കാരണം! പ്രവാചകനായ മോശയിലൂടെ യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നത് വായിക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം :4;7,8). ദൈവമായ യാഹ്‌വെ നേരിട്ട് നിയമങ്ങള്‍ നല്‍കുകയും സംസ്കാരം രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ള മറ്റൊരു ജനതയും ഈ ഭൂഗോളത്തില്‍ വസിക്കുന്നില്ലെന്നു മനോവ പറയുന്നത് ഈ വചനത്തിന്റെ അടിസ്ഥാനത്തിലാണ്! വിജാതിയരും അവിശ്വാസികളും ഒരുപക്ഷെ ഇത് മോശയുടെ വാക്കുകളാണെന്ന് പറഞ്ഞേക്കാം. എന്നാല്‍, ക്രിസ്തുവിന്റെ അപ്പസ്തോലന്‍ എന്ന പദവി വഹിക്കുന്നവര്‍ ഇപ്രകാരം ചിന്തിക്കുകയോ പറയുകയോ ഇല്ലെന്നു മനോവ കരുതുന്നു!

ഈ വചനത്തിന് തൊട്ടുമുകളിലെ രണ്ടു വചനങ്ങള്‍ക്കൂടി ശ്രദ്ധിക്കുക: "ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെ എന്നോടു കല്‍പിച്ച പ്രകാരം അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും"(നിയമം: 4; 5, 6). മറ്റുള്ളവരുടെ മുന്നില്‍ നമ്മള്‍ ശ്രേഷ്ഠരും ജ്ഞാനികളുമാണെന്ന് പറയുന്നവിധം ഉന്നതമായ നിയമമാണ് നമ്മുടേതെന്ന് തിരിച്ചറിയുകയും അതു പ്രചരിപ്പിക്കുകയും ചെയ്യണമെന്നാണ് ഈ വചനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സന്ദേശം.

ഈ സംസ്കാരത്തിന്റെ വക്താക്കളാണ് ഓരോ ക്രൈസ്തവനും എന്ന് നാം തിരിച്ചറിയണം. മറ്റു പ്രബോധനങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ ക്രൈസ്തവനായി പരിഗണിക്കേണ്ടതില്ല എന്നാതാണ് മനോവയുടെ മതം!

എന്തിനാണ് മഹത്തായ നിയമവും ശ്രേഷ്ഠമായ സംസ്കാരവും നല്‍കി യഹൂദനെ ദൈവം വാര്‍ത്തെടുത്തത് എന്നുകൂടി ഇതോടൊപ്പം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അത്  മറ്റൊന്നിനുമായിരുന്നില്ല; തന്റെ പുത്രനെ ഈ ഭൂമുഖത്തേക്ക് അയയ്ക്കാന്‍ അവിടുന്ന് തിരഞ്ഞെടുത്ത വംശമായിരുന്നു അവര്‍! കലര്‍പ്പില്ലാത്തതും വംശശുദ്ധിയുള്ളതും മറ്റു സംസ്കാരങ്ങളുമായി സമന്വയിക്കാത്തതുമായ ഒരു ജനതയെ തന്റെ പുത്രനുവേണ്ടി അവിടുന്ന് ഒരുക്കിനിര്‍ത്തി. അവനു പിറക്കാനായി കന്യകയുടെ ഉദരം തിരഞ്ഞെടുത്തു. അവനു സഞ്ചരിക്കാന്‍ ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ മാറ്റിനിര്‍ത്തി. അവന്റെ പരിശുദ്ധ ദേഹം സംസ്കരിക്കാന്‍ ആരെയും അന്നുവരെ അടക്കം ചെയ്യാത്ത കല്ലറയും ഒരുക്കിവച്ചു!

ഈ സത്യങ്ങളെ മനസ്സിലാക്കാന്‍ പാണ്ഡിത്യമല്ല വേണ്ടത്; മറിച്ച്, അത്മീയജ്ഞാനമാണ്! ഇത് ആള്‍ദൈവങ്ങളുടെ തിണ്ണനിരങ്ങിയാല്‍ കിട്ടുന്നതല്ല! ഉന്നത സംസ്കാരത്തില്‍ രൂപംകൊടുത്ത യഹൂദസംസ്കാരത്തില്‍ ഇന്നും വ്യതിചലനമുണ്ടായിട്ടില്ല. കാരണം, യേഹ്ശുവായ്ക്കായി ഒരുക്കിയതൊന്നും പിന്നീട് മറ്റുള്ളവര്‍ക്കായി നല്‍കുകയോ അശുദ്ധമാകാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. യേഹ്ശുവാ കയറിയ കഴുതക്കുട്ടിയുടെമേല്‍ പിന്നീട് മറ്റാരെങ്കിലും കയറിയതായി ബൈബിളില്‍ സൂചനയില്ല. യേഹ്ശുവായുടെ ശരീരം അടക്കിയ കല്ലറയില്‍ പിന്നീടിന്നോളം ആരെയും അടക്കിയിട്ടില്ല. യേഹ്ശുവായെ വഹിച്ച ഉദരത്തില്‍ പിന്നീടാരെയും വഹിച്ചിട്ടുമില്ല. ഇന്ന് ചില കുബുദ്ധികള്‍ ആ ഉദരത്തില്‍ പലരെയും കയറ്റാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല!

അതുകൊണ്ട് യെഹൂദരുടെ സംസ്കാരം എല്ലാറ്റിനുംമേലെ ഉയര്‍ത്തിസ്ഥാപിച്ച ദൈവം പിന്നീട് അതിനെ താഴ്ത്തി പ്രതിഷ്ഠിക്കുമെന്ന് ആരും കരുതേണ്ട! അബ്രാഹത്തിനു യാഹ്‌വെ നല്‍കിയ വാഗ്ദാനം യേഹ്ശുവായില്‍ അവസാനിക്കുന്നതായിരുന്നില്ല. യാഹ്‌വെയുടെ വചനം ശ്രദ്ധിക്കുക: "പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വ  എന്ന നാമം ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുന്‍പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്‍പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു- യാഹ്‌വെ അരുളിച്ചെയ്യുന്നു. മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ യിസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു- യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമിയാഹ്: 31; 35-37). ഈ അവസ്ഥകളില്‍ ഇന്നുവരെ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ യിസ്രായേലിനെ ദൈവം തള്ളിക്കളഞ്ഞിട്ടില്ല എന്ന് ദൈവത്തിന്റെ വിശ്വസ്തതയെപ്രതി മനോവ ഉറപ്പിക്കുന്നു.

പാപത്തിനു പഴുതുണ്ടാക്കുന്ന മതസൌഹാര്‍ദ്ദം!

യേഹ്ശുവാ കുരിശില്‍ മരിച്ചില്ലെന്നും അവിടുന്ന് ദൈവപുത്രനല്ലെന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാളയം ഇമാം 'ജമാലുദ്ദീന്‍ മങ്കട' ക്ലിമ്മീസിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തത് മഹത്വമായി മനോവ കാണുന്നില്ല. മറിച്ച്, താന്‍ ചെയ്യാന്‍പോകുന്ന അപരാധങ്ങള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യമായിട്ടാണ് ഇതിനെ കാണുന്നത്. വിജാതിയവിഗ്രഹങ്ങള്‍ക്കുമുമ്പില്‍ പ്രണമിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ക്ലിമ്മീസ് കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണിത്. അന്യദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍, തന്റെ സ്ഥാനാരോഹണത്തില്‍ അവരും പങ്കെടുത്തിരുന്നുവെന്ന് വാദിക്കാമല്ലോ!

ക്ളിമ്മീസിന്റെ അതിഥിയായി വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുത്ത 'ജമാലുദ്ദീന്‍ മങ്കട' ആരാണെന്നും ഇന്ന് ഇയാളുടെ അവസ്ഥ എന്താണെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്! കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാംമത 'പണ്ഡിതനാണ് 'ജമാലുദ്ദീന്‍ മങ്കട'! ക്ളിമ്മീസിന്റെ ചടങ്ങുകഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ ഇയാള്‍, ഭാര്യയുടെ അനുവാദമില്ലാതെ ഒരു യുവതിയെ രഹസ്യമായി വിവാഹം ചെയ്ത കാരണത്താല്‍ 'പാളയം ഇമാം' സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു! ഇതിന്റെ ഒരാഴ്ച മുന്‍പായിരുന്നു സ്വന്തം മകളുടെ വിവാഹം എന്നകാര്യം മറക്കരുത്. ക്ളിമ്മീസിന്റെ സുഹൃത്തുക്കളും അവരുടെ സംസ്കാരവും എത്തരത്തിലുള്ളതാണെന്ന് ഏകദേശം മനസ്സിലായിക്കാണുമെന്ന് കരുതുന്നു! ഈ സംസ്കാരം ആഗോളതലത്തില്‍ വിസ്സര്‍ജ്ജിക്കാനാണത്രെ ക്ളിമ്മീസിനു കര്‍ദ്ദിനാള്‍ പദവി ലഭിച്ചിരിക്കുന്നത്!

ദൈവത്തിന്റെ അലംഘനീയമായ നിയമത്തെ നിഷേധിക്കാന്‍ കൗശലപൂര്‍വ്വം കണ്ടെത്തിയ ഈ വഴികളെ വിശ്വാസികള്‍ തിരിച്ചറിയണം. ദൈവമക്കള്‍ക്ക് ഒരു നിയമമേയുള്ളു. അത് മനുഷ്യനിര്‍മ്മിതമായ നിയമമല്ല. മനുഷ്യന്റെ യുക്തികൊണ്ട് അതിനെ  അസാധുവാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ ദൈവത്തില്‍നിന്നുള്ളവരുമല്ല!

ആള്‍ദൈവങ്ങളോടുള്ള ചങ്ങാത്തത്തെക്കുറിച്ച് ക്ലിമ്മീസ് നല്‍കുന്ന വിശദ്ദീകരണം വളരെ രസകരമാണ്. യേഹ്ശുവാ ചുങ്കക്കാരോടും വേശ്യകളോടുമൊപ്പം ഭക്ഷിച്ചിരുന്നു എന്നാണ് ഇദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. യേഹ്ശുവാ ഒരിക്കലും വേശ്യകളോടും പാപികളോടുമൊപ്പം സഹവസിക്കുകയോ അവരെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല! അക്കൂട്ടര്‍ അവരുടെ ചെയ്തികളില്‍നിന്നു വിരമിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് അവരെ സന്ദര്‍ശിക്കാനും സഹവസിക്കാനും തയ്യാറായിട്ടുള്ളത്. അവരെ അനുതാപത്തിലേക്കു നയിക്കാന്‍ യേഹ്ശുവാ തയ്യാറായിട്ടുണ്ട്. അവിടുന്ന് ഇത് ഭംഗിയായി നിറവേറ്റുകയും ചെയ്തു. എന്നാല്‍, ക്ലിമ്മീസ് ചെയ്യുന്നത് വിശ്വാസികളെ  തെറ്റിദ്ധരിപ്പിച്ച് വിഗ്രഹാലയങ്ങളിലേക്ക് നയിക്കുകയാണ്. യേഹ്ശുവാ ഇപ്രകാരം പറഞ്ഞിരിക്കുന്നു:"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുന്നതായിരിക്കും"(മത്താ: 18; 6).

കര്‍ദ്ദിനാള്‍ പദവിയോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് മനോവ ചോദിക്കുകയാണ്: കത്തോലിക്കാസഭയിലെ പരമോന്നത പദവിയെ ഭാരതീയ സംസ്കാരത്തിന്റെ പ്രചരണത്തിനായി ദുരുപയോഗിക്കാന്‍ തയ്യാറെടുക്കുന്നവര്‍ പറയുക:"നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജന തയ്ക്കാണുള്ളത്?(നിയമം: 4; 7, 8).

ചേര്‍ത്ത് വായിക്കാന്‍: നാവിലും കവിളിലും ശൂലം തറച്ച്, മുതുകത്ത് ഇരുമ്പു കൊളുത്തിട്ട് ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്ന ഒരു സംസ്കാരം ഇന്നും ഇന്ത്യയിലുണ്ട്. 'ഗരുഡന്‍തൂക്കം' എന്നാണു പേര്! സര്‍വ്വരാജ്യങ്ങളില്‍നിന്നും വത്തിക്കാനിലെത്തുന്ന ജനങ്ങള്‍ക്കുമുന്നില്‍ ഇത് അവതരിപ്പിച്ചാല്‍ ഭാരതസംസ്കാരം അതിവേഗം ഉന്നതങ്ങളിലെത്തും! അത്യാവശ്യത്തിനു 'തുട്ടും' കിട്ടും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4019 views

LOG IN

Lost your password?

SIGN UP

LOST PASSWORD