സഭകളില്‍ ശുദ്ധീകരണം

അടിമ വയ്ക്കലും വെടിവഴിപാടും കോഴിവെട്ടും!

Print By
about

യുര്‍വേദം പൂര്‍ണ്ണമായും അഥര്‍വ്വവേദത്തിന്റെ ഉത്പന്നമാണെന്നും നാം കണ്ടു. എന്നാല്‍, ക്രിസ്ത്യാനികളായ വൈദ്യന്മാര്‍ ഈ ആചാരങ്ങളിലൊന്നും ഭാഗഭാക്കുകളല്ല എന്ന ധാരണ തികച്ചും തികച്ചും അടിസ്ഥാനരഹിതമാണെന്നു പറയാതെ തരമില്ല. ചില മന്ത്രങ്ങളും ആചാരങ്ങളും ക്രിസ്തീയവത്ക്കരിച്ചുകൊണ്ട് വിശ്വാസികളെയും തങ്ങളെത്തന്നെയും വഞ്ചിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. വ്യക്തമായ അറിവില്ലാത്ത ക്രൈസ്തവ വിശ്വാസികളില്‍ പലരും ഈ വഞ്ചനയുടെ ഗുണഭോക്താക്കളായി മാറുകയും, തങ്ങളുടെ അബദ്ധങ്ങള്‍ തലമുറകളിലേക്കു പകരുകയും ചെയ്തു. ക്രൈസ്തവ നാമധാരികളായ പല വൈദ്യന്മാരുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, ജീവിതശൈലിപോലും വിജാതിയമാണ്!

ഹിന്ദുക്കളും മറ്റു വിജാതിയരും അനുഷ്ഠിക്കുന്ന പൂജകളും മന്ത്രങ്ങളും ക്രിസ്തീയമാക്കി ചിട്ടപ്പെടുത്തിയാണ് പല വൈദ്യന്മാരും തങ്ങളുടെ ആഭിചാരങ്ങള്‍ തുടരുന്നത്. മഷിനോട്ടം, ചാത്തന്‍സേവ, ശകുനം, ലക്ഷണം പറയല്‍ തുടങ്ങിയ മുഴുവന്‍ ദുരാചാരങ്ങളും ഇവര്‍ തുടരുന്നു. ചാത്തന്‍സേവയുടെ പേരുമാറ്റി ഇറക്കിയിരിക്കുന്ന പുതിയ രൂപങ്ങളാണ് കടമറ്റംസേവയും ഗീവര്‍ഗ്ഗീസ് സേവയും! വിജാതിയരുടെ ഉഗ്രമൂര്‍ത്തികളോട് മല്ലിട്ടുനില്‍ക്കാന്‍ പ്രാപ്തരായ ക്രിസ്ത്യന്‍മൂര്‍ത്തികളെ അന്വേഷിച്ചുനടന്നവര്‍ കണ്ടെത്തിയ പേരുകളാണ് ഇവ! അതുകൊണ്ടുതന്നെ, വിജാതിയര്‍ തങ്ങളുടെ കുലവിഗ്രഹങ്ങളായ ചാത്തന്‍, മറുത, ബ്രഹ്മരക്ഷസ്, ചുടലയക്ഷി, ഒറ്റമുലച്ചി, മുത്തപ്പന്‍, മലമൂര്‍ത്തി തുടങ്ങിയ ദുര്‍മ്മൂര്‍ത്തികള്‍ക്ക് നിവേദിക്കുന്നവതന്നെയാണ് ക്രിസ്തീയമൂര്‍ത്തികള്‍ക്കും പ്രിയം. വിജാതിയമൂര്‍ത്തികളുടെ പേരിനോടു സാമ്യമുള്ള വിശേഷണങ്ങള്‍ തങ്ങളുടെ മൂര്‍ത്തികള്‍ക്കു നല്‍കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്! പറശ്ശിനിക്കടവ് മുത്തപ്പനെപ്പോലെ മുതലക്കോടത്തു മുത്തപ്പനും ഇടപ്പള്ളി മുത്തപ്പനും ഉണ്ടായത് ക്രൈസ്തവ മന്ത്രവാദികളുടെ ഔദാര്യത്തിലായിരുന്നു!

ഭാരതത്തിലെ ക്രിസ്തീയ മന്ത്രവാദത്തിന്റെ തലതൊട്ടപ്പനെയും അവന്റെ ചരിത്രവും മനസ്സിലാക്കിയതിനുശേഷം ഇവിടേയ്ക്കുതന്നെ മടങ്ങിവരാം. ഈ ലേഖനം അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കണമെങ്കില്‍ അത് അനിവാര്യമായിരിക്കുന്നു.

കടമറ്റത്തു കത്തനാര്‍ ഒരു ദുര്‍മ്മന്ത്രവാദി!

ക്രിസ്ത്യാനികളുടെ മന്ത്രവാദിയായി അറിയപ്പെടുന്ന കടമറ്റത്തു കത്തനാരെക്കുറിച്ച് പല ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പലരും ഇയാളെ നന്മയുടെ പ്രതീകമായി കരുതുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ ദുരന്തം! ഇയാളുടെ ക്രൈസ്തവനാമവും വൈദീകവേഷവുമാണ് അനേകരെ വഞ്ചിക്കുന്നതിനു കാരണമായത്. വൈദീകന്‍ എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ദിവ്യത്വം കല്പിച്ചുനല്കുന്ന അനേകര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അതുവഴി അബദ്ധങ്ങളില്‍ പതിച്ചവരും, ഇപ്പോഴും അബദ്ധങ്ങളില്‍ തുടരുന്നവരും അനേകരാണ്! ഈ വിധത്തില്‍ വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന സാത്താന്റെ സന്തതിയാണ് കടമറ്റത്തു കത്തനാരെന്ന വ്യക്തി! ഇയാള്‍ ജീവിച്ചിരിപ്പില്ലെങ്കിലും, ഇയാളുടെ പൈശാചികതയ്ക്ക് അറുതിവരാത്തതുകൊണ്ടാണ് വഞ്ചിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനോവ പറഞ്ഞത്.

മലങ്കാളി മുതല്‍ പന്ത്രണ്ടു മൂര്‍ത്തികളെയാണ് കടമറ്റത്തു കത്തനാര്‍ ഉപാസിച്ചിരുന്നത്! ഇവരില്‍ മലങ്കാളിക്കുവേണ്ടി കൗളാചാരപ്രകാരം(കവുളാചാരം) നടത്തുന്ന മന്ത്രവാദത്തിന്റെ ഭാഗമാണ് രക്തബലി! കടമറ്റം സെന്റ്‌ ജോര്‍ജ്ജ് പള്ളിയോടുചേര്‍ന്ന് ഇന്നും നടത്തപ്പെടുന്ന പൈശാചിക ആചാരമാണ് ഈ കോഴിവെട്ട്! കടമറ്റത്ത് കത്തനാര്‍ പാതാളത്തിലേക്ക് പോയിയെന്നു പറയപ്പെടുന്നത് ഒരു ഗുഹയിലൂടെയാണ്. ഈ ഗുഹ സ്ഥിതിചെയ്യുന്ന പാതാളക്കിണര്‍ പള്ളിക്കു സമീപമാണുള്ളത്. നേര്‍ച്ചക്കോഴിയേയുംകൊണ്ട് ഗുരുതിയ്ക്കായി വരുന്ന ഭക്തരുടെമേല്‍ ഈ കോഴിയെ ഉഴിഞ്ഞതിനുശേഷം കോഴിയുടെ കഴുത്തറക്കും. അതിനുമുന്‍പ്‌ ഭക്തര്‍ കൊണ്ടുവന്നിട്ടുള്ള മദ്യത്തില്‍നിന്ന്‍ അല്പം കോഴിയുടെ വായില്‍ ഒഴിച്ചുകൊടുക്കുന്നു. രക്തബലി അര്‍പ്പിക്കാന്‍ വരുന്ന ഭക്തര്‍, കോഴിയും മദ്യവുമാണ് കൊണ്ടുവരേണ്ടത്! ബലിക്കല്ലിലും ഇതിനു സമീപത്തു സ്ഥാപിച്ചിരിക്കുന്ന പുരാതനമായ കല്‍ക്കുരിശിലും (ചിത്രം)പാതാളക്കിണറിലും രക്തം ഇറ്റിക്കുന്നു! കോഴിയുടെ തലയും അല്പം മദ്യവും ഈ കിണറില്‍ നിക്ഷേപിക്കും. ഇതോടെ ബലികര്‍മ്മങ്ങള്‍ ഒരുഭാഗം പൂര്‍ത്തിയാകും. ഈ കോഴിയെ പാചകംചെയ്യലാണ് അടുത്ത ക്രിയ. പാചകംചെയ്ത കോഴിക്കറിയില്‍നിന്ന് അല്പം കിണറിനു നല്‍കുന്നു. ശേഷിക്കുന്ന കോഴിയിറച്ചി ഭക്തരും പുരോഹിതശുശ്രൂഷകരും ചേര്‍ന്ന് ഭക്ഷിക്കുകയും മദ്യസേവ നടത്തുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും!

കടമറ്റത്തു കത്തനാരുടെ ഉപാസനാമൂര്‍ത്തികളായ മലങ്കാളിക്കും മറ്റു പന്ത്രണ്ടു പൈശാചികമൂര്‍ത്തികള്‍ക്കുമായി 'വച്ചൂട്ട്' ആരാധനാക്രമത്തില്‍ നടത്തുന്ന ഈ ക്ഷുദ്രകര്‍മ്മങ്ങള്‍ പള്ളിയുമായി ചേര്‍ത്തുവയ്ക്കുന്നുവെങ്കില്‍, ഈ പള്ളിയെ ക്രിസ്തീയ ആരാധാനാലയമായി കരുതാന്‍ കഴിയില്ല! കടമറ്റം സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കത്തനാരുടെ ശരീരാവശിഷ്ടങ്ങള്‍ തിരുശേഷിപ്പ് എന്ന കുറിപ്പോടെ പൂജ്യമായി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.(കത്തനാരുടെ ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പേടകത്തിന്റെ ചിത്രം) ഇവിടെ പൂജനടത്തുകയും കോഴിവെട്ടു നടത്തുകയും ചെയ്യുന്നത് ബ്രാഹ്മണരായ പൂജാരിമാര്‍ ആയതിനാല്‍, ഈ പൈശാചികതയുടെ ഉത്തരവാദിത്വത്തില്‍നിന്ന് പള്ളിപ്പാതിരിമാര്‍ സൗകര്യപൂര്‍വ്വം കൈകഴുകുന്നു! ഈ പള്ളിയുടെയും കടമറ്റത്തു കത്തനാരുടെയും ചരിത്രത്തിലേക്കു കടന്നാല്‍, പൈശാചികതയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെടും. മനോവയെ വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വീഡിയോ കാണുക: 'കടമറ്റം പള്ളിയിലെ കോഴിവെട്ട്!'

1600 വര്‍ഷങ്ങള്‍ക്കുമുന്‍പ് പേര്‍ഷ്യയില്‍നിന്നു കുടിയേറിയ 'ആബോം' പിതാവ് എന്ന വ്യക്തിയുടെ ആവശ്യപ്രകാരം അന്നത്തെ നാടുവാഴികളായിരുന്ന 'കര്‍ത്താക്കന്മാര്‍' ഭാരതീയ വാസ്തുവിദ്യ പ്രകാരം പണികഴിപ്പിച്ചതാണ് കടമറ്റം പള്ളി എന്നാണു പറയപ്പെടുന്നത്. പൌലോസച്ചന്‍ എന്ന കടമറ്റത്തു കത്തനാരെ ഈ പള്ളിയുടെ ചുമതല എല്പിച്ചതിനുശേഷം ആബോം പിതാവ് ഇവിടെനിന്നും മറ്റേതോ ദേശത്തേക്കു പോയി എന്നും പറയപ്പെടുന്നു. ചരിത്രാതീത കാലംമുതല്‍ക്കേ മന്ത്രവാദങ്ങള്‍ക്കും മാന്ത്രികന്മാര്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച നാടായിരുന്നു കടമറ്റം. ഇവിടെ ജനിച്ചുവളര്‍ന്ന ഒരു ഇടയബാലനായിരുന്നു പൗലോസ്! ഇയാളാണ് പിന്നീട് കടമറ്റത്തു കത്തനാര്‍ എന്ന ദുര്‍മ്മന്ത്രവാദിയായി മാറിയത്!

പാതാളത്തില്‍പ്പോയി പിശാച്ചുക്കളില്‍നിന്നു മന്ത്രവിദ്യകള്‍ സ്വായത്തമാക്കിയ വ്യക്തിയായിരുന്നു കടമറ്റത്തു കത്തനാര്‍ എന്നുള്ള ഒരു ഐതീഹ്യം നിലവിലുണ്ട്. ചില മന്ത്രവാദികളുടെ സംഘത്തില്‍ കുടുങ്ങിയാണ് ഇയാള്‍ മന്ത്രവിദ്യകള്‍ പഠിച്ചതെന്നു പറയുന്നവരും കുറവല്ല! എന്നാല്‍, കത്തനാര്‍ പാതാളത്തിലേക്ക് പോയതായി പറയപ്പെടുന്ന 'പാതാളക്കിണര്‍' പള്ളിയുടെ സമീപത്തുതന്നെ ഉള്ളതുകൊണ്ട്, ആദ്യത്തെ വാദത്തിനാണ് ഭക്തരുടെ പിന്തുണ ഏറെയും! മന്ത്രവാദം പഠിക്കുന്നതിന്റെ ഭാഗമായി, ദൈവവുമായും ലോകത്തുള്ള വ്യക്തികളുമായുമുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെങ്കിലും, അമ്മയുമായുള്ള ബന്ധം ഉപേക്ഷിക്കാതിരിക്കാന്‍ ഗുരുക്കന്മാര്‍ സമ്മതിച്ചതായും പറയുന്നു. പരിശുദ്ധ കന്യകാമാതാവായിരുന്നു ഈ അമ്മയെന്ന വാദമാണ് കടമറ്റം ഭക്തന്മാര്‍ ഉയര്‍ത്തുന്നത്. യേഹ്ശുവായുമായും സ്വര്‍ഗ്ഗവുമായും യാതൊരു ബന്ധവുമില്ലാത്ത ഈ ക്ഷുദ്രവിദ്യക്കാരന്റെ 'ബോഡിവെയ്സ്റ്റ്' തിരുശേഷിപ്പെന്ന ലേബല്‍ ഒട്ടിച്ചു പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്തു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു ചോദിക്കാന്‍ ദൈവമക്കള്‍ക്ക് അവകാശമില്ല! കാരണം, ഇത് ദൈവവുമായി എന്തെങ്കിലും ബന്ധമുള്ള വിശ്വാസമോ പ്രസ്ഥാനമോ അല്ല!

വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനെ മനോവ എതിര്‍ക്കുകയില്ല. ഇതിനു ബൈബിളില്‍ അടിസ്ഥാനമുള്ളതുതന്നെയാണ് മനോവയുടെ ഈ നിലപാടിനു കാരണം. വിശുദ്ധ പ്രവാചകന്മാരുടെ കബറിടത്തില്‍പ്പോലും അദ്ഭുതങ്ങള്‍ നടന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പസ്തോലന്മാര്‍ ഉപയോഗിച്ച തുവാലകളില്‍നിന്നുപോലും ദൈവത്തിന്റെ അദ്ഭുതശക്തി വ്യാപരിച്ചതിനും ബൈബിളില്‍ തെളിവുണ്ട്. ഈ പ്രവാചകന്മാരും അപ്പസ്തോലന്മാരും ജീവിച്ചത് ദൈവത്തിനും ക്രിസ്തുവിനും വേണ്ടിയായിരുന്നു. സത്യദൈവത്തെയല്ലാതെ മറ്റൊരു ദേവന്മാരെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യാത്തതിന്റെ പേരില്‍ കാരഗൃഹവും കൊടിയ പീഡനവും ഇവര്‍ നേരിട്ടു. വിശ്വാസത്തിനുവേണ്ടി ജീവിക്കുകയും ഒടുവില്‍ അതേ വിശ്വാസത്തെപ്രതി രക്തസാക്ഷികളായി യേഹ്ശുവായെ മഹത്വപ്പെടുത്തുകയും ചെയ്ത വിശുദ്ധരായ അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതുപോലെ, ദൈവത്തെ നിഷേധിച്ച്, പിശാചുക്കളെ ഉപാസിച്ച മന്ത്രവാദിയുടെ ശപിക്കപ്പെട്ട ശേഷിപ്പുകള്‍ സൂക്ഷിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്!

കടമറ്റത്തു കത്തനാരെന്ന ദുര്‍മ്മന്ത്രവാദിയെ ന്യായീകരിക്കാനായി ഇയാളുടെ ഭക്തന്മാര്‍ അനേകം വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. കടമറ്റംസേവ എന്ന പൈശാചിക അനുഷ്ഠാനങ്ങള്‍ നടത്തുന്ന മന്ത്രവാദികളാണ് ഈ കെട്ടുകഥകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്! കടമറ്റത്തു നടത്തപ്പെടുന്ന കോഴിവെട്ടിന്റെ തുടര്‍ച്ച, പൗരസ്ത്യ സുറിയാനിസഭകളുടെ മറ്റു പള്ളികളിലും കാണാം. ഇത്തരത്തില്‍ കോഴിവെട്ടു നടത്തുന്ന രണ്ടു പള്ളികളാണ്, ഇടപ്പള്ളിയും പുതുപ്പള്ളിയും! കത്തോലിക്കാസഭയുടെ ഭാഗമായ സീറോമലബാര്‍ റീത്തിനുകീഴിലുള്ള ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് പള്ളിയിലെ പ്രധാന വഴിപാടാണ് കോഴി! കടമറ്റം, ഇടപ്പള്ളി, എടത്വാ, അരുവിത്തുറ, പുതുപ്പള്ളി തുടങ്ങിയ എല്ലാ കോഴിവെട്ടു കേന്ദ്രങ്ങളും ഗീവര്‍ഗ്ഗീസിന്റെ പേരിലാണ് എന്നത് ശ്രദ്ധേയമാണ്! ഇതിന്റെ പിന്നിലുള്ള പൈശാചികതയെ തുറന്നുകാണിക്കാതിരുന്നാല്‍ അതു വിശ്വാസികളോടു ചെയ്യുന്ന കടുത്ത വഞ്ചനയാകുമെന്നു മനോവ കരുതുന്നു. ഈ അപ്രിയസത്യം വിളിച്ചുപറയുമ്പോള്‍, മനോവയ്ക്കെതിരേ വാളെടുക്കുന്നതിനുപകരം സത്യം അന്വേഷിക്കാന്‍ തയ്യാറാകണം എന്ന അപേക്ഷയാണ് വായനക്കാര്‍ക്കുമുന്നില്‍ വയ്ക്കുന്നത്! 'കടമറ്റം പള്ളിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ഒരു ആചാരത്തിന്റെ വീഡിയോ ഇവിടെ കാണാം!'

'ഗീവര്‍ഗ്ഗീസ്' ഒരു കെട്ടുകഥ!

മദ്ധ്യകേരളത്തില്‍ ഏറ്റവുമധികം കുരിശുപള്ളികളും കാണിക്കവഞ്ചികളും സ്ഥാപിതമായിട്ടുള്ളത് ഗീവര്‍ഗ്ഗീസ് 'പുണ്യവാളന്റെ' പേരില്‍ ആയിരിക്കാനാണ്‌ സാധ്യത. വിശുദ്ധരുടെ പേരില്‍, നിഗൂഢതകള്‍ നിറഞ്ഞതും അപസര്‍പ്പക കഥകളെ വെല്ലുന്നതുമായ പ്രചരണം ഏറ്റവുമേറെ നടക്കുന്നതും ഗീവര്‍ഗ്ഗീസിന്റെ പേരില്‍ത്തന്നെ! യേഹ്ശുവായെക്കാള്‍ അധികമായി ഗീവഗ്ഗീസിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകപോലും ചെയ്യുന്ന വ്യക്തികളെ മനോവയ്ക്ക് അറിയാം. ഇതൊരു അതിശയോക്തിയായി ആരും കരുതരുത്. ഒരുപക്ഷേ, വായനക്കാരില്‍ ചിലര്‍ക്കെങ്കിലും സമാനമായ അനുഭവം പങ്കുവയ്ക്കാനുണ്ടാകും.

ഗീവര്‍ഗ്ഗീസ് എന്നൊരു വിശുദ്ധനെ ക്രിസ്ത്യാനികളുടെമേല്‍ ആരാണ് കെട്ടിവച്ചത്? ഇങ്ങനെയൊരു വിശുദ്ധന്‍ ജീവിച്ചിരുന്നോ? എവിടെയാണ് ജീവിച്ചത്? ഇയാള്‍ ചെയ്ത പുണ്യം എന്തായിരുന്നു? ഏതു പോപ്പാണ് ഇയാളെ വിശുദ്ധനാക്കിയത്? ഇയാളെ വാഴിച്ചത് ഏതു കാലത്താണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ലെങ്കിലും, ഇദ്ദേഹത്തിന്റെ പേരില്‍ കുരിശുപള്ളികളും കാണിക്കവഞ്ചികളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു! ഇദ്ദേഹത്തെക്കുറിച്ചു പ്രചരിപ്പിക്കപ്പെടുന്ന കഥകളെല്ലാം നുണക്കഥകളാണെന്ന്‍ അറിയാത്തവര്‍ ഇത് ഏറ്റുപാടിക്കൊണ്ടിരുന്നു. പല കള്ളങ്ങളും സത്യങ്ങളായി തോന്നുമാറ് വിശ്വാസികളുടെ മനസ്സാക്ഷിയില്‍ മുദ്രിതമാക്കപ്പെടാന്‍ തക്ക പൈശാചികത ഗീവര്‍ഗ്ഗീസിലൂടെ പ്രവഹിക്കപ്പെട്ടു! ദൈവാലയങ്ങളുടെ അകത്തളങ്ങളില്‍ ഗീവര്‍ഗ്ഗീസിനോപ്പം കടന്നുകൂടാന്‍ സാത്താനും(വ്യാളി) സാധിച്ചു! ഈ പാമ്പിനെ തൊട്ടു പ്രാര്‍ത്ഥിച്ച പൗരസ്ത്യസഭാ വിശ്വാസികള്‍ ആത്മനിര്‍വൃതിയോടെ കടന്നുപോയി! ഇതെല്ലാം കണ്ടു സാത്താന്‍ ആഹ്ലാദനൃത്തം ചവിട്ടി! കോഴിച്ചോരയും ചാരായവും കുടിച്ച് അവനു മത്തുപിടിച്ചു!

ഗീവര്‍ഗ്ഗീസിന്റെ പേരില്‍ പെരുന്നാളുകളും കോഴിവെട്ടും മന്ത്രവാദവും നടത്തുന്നവര്‍ക്കോ 'സേവ' നടത്തുന്നവര്‍ക്കോ ഇദ്ദേഹത്തിന്റെ ചരിത്രം അജ്ഞാതമാണ് എന്നതും ശ്രദ്ധിക്കണം! എ. ഡി. മൂന്നാംനൂറ്റാണ്ടില്‍ പലസ്തീനിലെ ഡിയോപോലീസില്‍ ജനിച്ചുവളര്‍ന്ന ഒരു പട്ടാളക്കാരനായിരുന്നു ഗീവര്‍ഗ്ഗീസ് എന്നാണ് ഇദ്ദേഹത്തിന്റെ പ്രചാരകര്‍ അവകാശപ്പെടുന്നത്. ഈ കാലഘട്ടത്തിനുമുന്‍പ് ജീവിച്ചിരുന്ന വിശുദ്ധരുടെയെല്ലാം ജീവചരിത്രം വ്യക്തതയോടെ കുറിക്കപ്പെട്ടിട്ടും, പൗരസ്ത്യസഭയിലെ ഏറ്റവും പ്രസിദ്ധനായി പ്രചരിപ്പിക്കപ്പെടുന്ന ഗീവര്‍ഗ്ഗീസിന്റെ ചരിത്രം അജ്ഞാതമായത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പത്രോസ് മുതല്‍ ഫ്രാന്‍സീസ് വരെയുള്ള മുഴുവന്‍ പോപ്പുമാരുടെയും ചരിത്രം വ്യക്തമായി സഭയുടെ ചരിത്രത്തിലുണ്ട്. മൂന്നാംനൂറ്റാണ്ടിനുമുന്‍പ് ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്റെ ചരിത്രം വള്ളിപുള്ളി വിടാതെ കുറിക്കപ്പെട്ടിട്ടുണ്ട്! യേഹ്ശുവായും മാതാവും കഴിഞ്ഞാല്‍, പൗരസ്ത്യസഭയില്‍ ഏറ്റവും അംഗീകരിക്കപ്പെടുന്നത് ഗീവര്‍ഗ്ഗീസാണെന്നു നമുക്കറിയാം. എന്നാല്‍, ഇദ്ദേഹത്തിന്റെ ചരിത്രം അജ്ഞാതമായതിനു വ്യക്തമായ കാരണങ്ങളുണ്ട്.

കുറച്ചുകാലങ്ങള്‍ക്കു മുന്‍പുവരെ ഗീവര്‍ഗ്ഗീസിനെക്കുറിച്ച് നിറംപിടിപ്പിച്ചതും പരസ്പര വിരുദ്ധവുമായ അനേകം കഥകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ അറിവുകള്‍ വര്‍ദ്ധിച്ചപ്പോള്‍ ഈ കഥകള്‍ ചിലവാകാതെ വന്നതാണ് കെട്ടുകഥകള്‍ പിന്‍വലിക്കപ്പെടാന്‍ കാരണമായത്! അക്കാലത്ത് പ്രചരിപ്പിച്ചിരുന്ന കഥകള്‍ ഇന്നത്തെകാലത്തെ കുഞ്ഞുങ്ങള്‍പ്പോലും വിശ്വസിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം! ഇത്തരത്തിലുള്ള ചില അപസര്‍പ്പകകഥകള്‍ നമുക്ക് പരിശോധിക്കാം.

മുന്‍കാലങ്ങളില്‍ നമ്മുടെയെല്ലാം ഭവനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുത്തശ്ശിമാര്‍ കഥകള്‍ പറഞ്ഞുകൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. 'മുത്തശ്ശിക്കഥകള്‍' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇന്ന് മുത്തശ്ശിമാരുടെ സ്ഥാനം ടെലിവിഷന്‍ ചാനലുകള്‍ ഏറ്റെടുത്തതുകൊണ്ട് മുത്തശ്ശിമാര്‍ അതിനു മിനക്കെടാറില്ല! പഴയ കാലങ്ങളില്‍ മുത്തശ്ശിമാര്‍ കുഞ്ഞുങ്ങളെ പറഞ്ഞുപഠിപ്പിക്കുന്ന കഥകളിലേറെയും യക്ഷിക്കഥകളായിരുന്നു. ഇത്തരത്തിലുള്ള യക്ഷിക്കഥകളില്‍ പ്രഥമസ്ഥാനത്തുണ്ടായിരുന്ന രണ്ടു കഥകളായിരുന്നു, കടമറ്റത്തിന്റെ കഥയും ഗീവര്‍ഗ്ഗീസ് ചരിത്രവും! ക്രിസ്തീയവിശുദ്ധരുടെ ചരിത്രങ്ങളിലേറെയും മനുഷ്യദൃഷ്ടിയില്‍ പരാജയങ്ങളെന്നു തോന്നിപ്പിക്കുന്നവയായതിനാല്‍, വിജാതിയരുടെ വീരശൂരപരാക്രമങ്ങളോടു കിടപിടിക്കുന്ന കഥകള്‍ കണ്ടെത്തുകയെന്നത് ശ്രമകരമായിരുന്നു. അതിനാല്‍, കടമറ്റം, ഗീവര്‍ഗ്ഗീസ് തുടങ്ങിയ അതികായന്മാരുടെ കഥകള്‍ തിരഞ്ഞെടുത്ത് അതിശയോക്തിയോടെ അവതരിപ്പിച്ചു. ദാവിദിന്റെയും ഗോലിയാത്തിന്റെയും ചരിത്രത്തെ വെല്ലുന്ന മേമ്പൊടികള്‍ ചേര്‍ത്തപ്പോള്‍ കുഞ്ഞുങ്ങള്‍ക്കും ഇവ സ്വീകാര്യമായി! കടമറ്റത്തിന്റെ കഥ നമുക്ക് സുപരിചിതമായതുകൊണ്ട് ഗീവര്‍ഗ്ഗീസ് ഐതീഹ്യത്തിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം.

വേഷഭൂഷാദികള്‍ക്കൊണ്ടുതന്നെ ഗീവര്‍ഗ്ഗീസ് ഒരു പടയാളിയാണെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഇദ്ദേഹത്തിന്റെ ചിത്രത്തിലെ 'ഫ്രെയിമില്‍' കാണുന്നത്, കുതിര, കുന്തം, വ്യാളി, തുടങ്ങിയവയും ഒരു സ്ത്രീയുമാണ്! ഈ ചിത്രത്തിന് ആധാരമായ കഥയില്‍ത്തന്നെ നമുക്കു തുടങ്ങാം. കഥ നടക്കുന്ന രാജ്യം ഏതാണെന്നോ മറ്റു വിവരങ്ങളോ മുത്തശ്ശിമാര്‍ പറയാറില്ലായിരുന്നു. അതുകൊണ്ടുതന്നെ, മനോവയ്ക്കും അത് അറിയില്ല! എന്നാല്‍, കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ഒരു ദേശത്തെ ജനങ്ങളെല്ലാം വെള്ളം എടുത്തുകൊണ്ടിരുന്ന ഒരു നീരുറവയുണ്ടായിരുന്നു. ഗീവര്‍ഗ്ഗീസിന്റെ ചിത്രത്തില്‍ കാണുന്ന പാമ്പ്‌(വ്യാളി) ഈ നീരുറവ അടച്ചുകൊണ്ട്‌ അതില്‍ കയറിക്കൂടി. ജനങ്ങള്‍ക്കു ദാഹജലം കിട്ടാതായപ്പോള്‍, അവര്‍ രാജാവിനെ സമീപിച്ചു സങ്കടം ബോധിപ്പിച്ചു. രാജാവ് ഈ വ്യാളിയുമായി ചര്‍ച്ച നടത്തുകയും ചില ഉപാധികള്‍ ഉരുത്തിരിയുകയും ചെയ്തു. ആഴ്ചയിലൊരിക്കല്‍ ഈ വ്യാളിക്ക് വിഭവസമൃദ്ധമായ വിരുന്നിനോടൊപ്പം ഒരു കന്യകയെ കൊടുത്താല്‍, അവ സ്വീകരിക്കാന്‍ ഇറങ്ങുന്ന സമയത്ത് ജനങ്ങള്‍ക്കു വെള്ളം ശേഖരിക്കാം എന്നതായിരുന്നു ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനം!

കന്യകമാരായി ദേശത്തുണ്ടായിരുന്ന യുവതികളെല്ലാം വ്യാളിയുടെ ഇരയായിത്തീര്‍ന്നപ്പോള്‍ രാജകുമാരിയുടെ ഊഴം വന്നു. ഈ രാജകുമാരിയാണ്‌ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്ന സ്ത്രീയും ഗീവര്‍ഗ്ഗീസ് കഥയിലെ നായികയും! കുതിരപ്പുറത്ത് വീരനായകനായി രംഗപ്രവേശം ചെയ്യുന്ന നായകന്‍, പാമ്പിനെ കൊന്നു നായികയെ രക്ഷിക്കുന്നതാണ് സംഭ്രമജനകമായ കഥയുടെ 'ക്ലൈമാക്സ്'! ഗീവര്‍ഗ്ഗീസ് ഭക്തന്മാര്‍ ഇന്നും വിശ്വസിക്കുന്ന ചരിത്രം ഇതുതന്നെയാണ്. എന്നാല്‍, ആധുനീകകാലത്തെ കുഞ്ഞുങ്ങള്‍പ്പോലും ഇതു വിശ്വസിക്കാത്തതുകൊണ്ട്, ഇപ്പോള്‍ അധികമാരും ഇതു പ്രചരിപ്പിക്കാറില്ല! പകരം, മാരകവിഷമുള്ള ഒരു പാമ്പിന്റെ ആക്രമണത്തില്‍നിന്ന് സ്ത്രീയെ രക്ഷിച്ചവന്‍ എന്ന യുക്തിപരമായ കഥയാണ് ഇന്നത്തെ തലമുറ പ്രചരിപ്പിക്കുന്നത്. എന്നാല്‍, പഴയ വ്യാളിയെ ചിത്രത്തില്‍നിന്നു നീക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നത് ദുരൂഹതയായി തുടരുന്നു. ഏതായാലും ഗീവര്‍ഗ്ഗീസിന്റെ ഔദാര്യത്തില്‍ അള്‍ത്താരയില്‍പ്പോലും കയറിക്കൂടാന്‍ സാത്താനു സാധിച്ചത് ഈ സുറിയാനി പാഷാണ്ടതയിലൂടെയാണെന്നത് വിസ്മരിക്കരുത്!

ഗീവര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചുള്ള അതീവ ഗുരുതരമായ നുണക്കഥകള്‍ ആദ്യകാല സുറിയാനികളുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതിശയോക്തി നിറഞ്ഞതും യുക്തിരഹിതമെന്നുകണ്ട് പിന്നീടു പിന്‍വലിച്ചതുമായ ഈ യക്ഷിക്കഥ ഇങ്ങനെ: ഏഴുപ്രാവശ്യം വധിക്കപ്പെടുകയും ആറുതവണ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത അമാനുഷികനായിരുന്നു ഗീവര്‍ഗ്ഗീസ്! ക്രിസ്തീയത ഉപേക്ഷിക്കാനുള്ള രാജാവിന്റെ കല്പന ലംഘിച്ചതിനായിരുന്നു ഓരോ വധവും! ഇദ്ദേഹത്തെ വധിച്ചതിനുശേഷം ശരീരം ഭസ്മമാക്കി മലയില്‍ വിതറാന്‍ രാജാവു കല്പിച്ചു. ഗീവര്‍ഗ്ഗീസിന്റെ ചിതാഭസ്മം ഒരു മലയില്‍ വിതറിയതിനുശേഷം ഭൃത്യന്മാര്‍ മടങ്ങുമ്പോള്‍ പിന്നില്‍നിന്ന് ആരോ കൈകൊട്ടി വിളിച്ചു. ഭൃത്യന്മാര്‍ തിരിഞ്ഞുനോക്കിയപ്പോള്‍, തങ്ങള്‍ ചാരമാക്കി വിതറിയ ഗീവര്‍ഗ്ഗീസ് ജീവനോടെ നില്‍ക്കുന്നു! ചാരമാക്കി വിതറാന്‍പോയ ഭൃത്യന്മാര്‍ മടങ്ങിപ്പോയത് ജീവനുള്ള ഗീവര്‍ഗ്ഗീസിനോപ്പം ആയിരുന്നു! ഈ വിധത്തില്‍ ആറുപ്രാവശ്യവും അദ്ഭുതകരമായി ഉയിര്‍പ്പിക്കപ്പെട്ട ഗീവര്‍ഗ്ഗീസ് ഏഴാമത്തെ പ്രാവശ്യമാണ് മരണത്തിനു കീഴടിങ്ങിയത് എന്ന കഥ ഈ കാലത്ത് എവിടെയും ചിലവാകില്ലെന്നു കണ്ടവര്‍ അതും പിന്‍വലിച്ചു. വാളിനിരയായി വീരമൃത്യുവരിച്ചു എന്ന കഥയിലേക്ക് ഏഴു മരണങ്ങളെയും സമന്വയിപ്പിച്ചാണ് ഇന്നത്തെ ഗീവര്‍ഗ്ഗീസ് ഭക്തന്മാര്‍ പ്രചരിപ്പിക്കുന്നത്!

ഏഴാമത്തെ മരണത്തിനുമുന്‍പ് ഗീവര്‍ഗ്ഗീസിനു ചില വരങ്ങള്‍ നല്‍കാന്‍ ദൈവം തയ്യാറായതായും പഴയ കഥയില്‍ വിവരിക്കുന്നു. യെരുശലേം ദൈവാലയം പണികഴിപ്പിച്ച ശലോമോന്‍ യാഹ്‌വെയോടു പ്രാര്‍ത്ഥനയില്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ദൈവാലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക് നല്‍കേണ്ട അനുഗ്രഹങ്ങളുടെ പട്ടികയാണ് യാഹ്‌വെയ്ക്കു മുമ്പില്‍ സോളമന്‍ വച്ചത്. എന്നാല്‍, ഗീവര്‍ഗ്ഗീസിനു നല്‍കുന്ന വരം വളരെ പ്രധാനപ്പെട്ടതാണ്. ഇദ്ദേഹത്തിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഏതൊരുകാര്യവും നിറവേറ്റിക്കൊടുക്കും എന്ന വാഗ്ദാനമായിരുന്നു അത്! അങ്ങനെ ഗീവര്‍ഗ്ഗീസ് സുറിയാനിസഭയിലെ അതികായനായി മാറി! എന്നാല്‍, കത്തോലിക്കാസഭ ഇങ്ങനെയൊരു വിശുദ്ധനെ അംഗീകരിച്ചിട്ടില്ല എന്നകാര്യം പലര്‍ക്കും അറിയില്ല! ആ ചരിത്രത്തിലേക്ക് അല്പമൊന്നു കടക്കാം.

ഒരു കന്യകയെ കൊടിയ വിഷമുള്ള പാമ്പില്‍നിന്നും  രക്ഷിച്ചു എന്ന കാരണത്താല്‍ ഗീവര്‍ഗ്ഗീസിന്റെ മരണശേഷം 'Golden-legent' എന്ന ബഹുമതി നല്‍കി ഇദ്ദേഹത്തെ സഭ ആദരിച്ചു! എന്നാല്‍, ഇന്നത്തെ കത്തോലിക്കാസഭയല്ല ഈ പദവി നല്‍കിയത്. പൗരസ്ത്യസഭകളില്‍ ചിലത് റോമന്‍ കത്തോലിക്കാസയോടു ചേര്‍ന്നപ്പോള്‍, അവര്‍ വിശുദ്ധരായി പരിഗണിച്ചിരുന്നവരെ കൂടെക്കൂട്ടി എന്നതാണ് വസ്തുത. റോമന്‍ കത്തോലിക്കാസഭ അംഗീകരിക്കാത്ത ചിലരൊക്കെ പൗരസ്ത്യ റീത്തുകളുടെ മാത്രം വിശുദ്ധരായി ഇന്നും തുടരുന്നുണ്ട്. ഇവരെ കത്തോലിക്കാസഭ കൊള്ളുകയോ തള്ളുകയോ ചെയ്യുന്നില്ല എന്നതുകൊണ്ട് പ്രാദേശിക വിശുദ്ധരായി ഇവര്‍ കണക്കാക്കപ്പെടുന്നു. എന്നാല്‍, ഗീവര്‍ഗ്ഗീസിന്റെ കാര്യത്തില്‍ സഭ ചില പഠനങ്ങള്‍ നടത്തിയതിന്റെ ഭാഗമായി വിശുദ്ധ പദവിയില്‍നിന്ന്‍ ഇദ്ദേഹത്തെ നീക്കംചെയ്യുകയും പകരം 'യോവാന്‍ ഓഫ് ആര്‍ക്കിന് ഈ പദവി നല്‍കുകയും ചെയ്തു. കത്തോലിക്കാസഭ ഗീവര്‍ഗ്ഗീസിന്റെ ചരിത്രം അന്വേഷിച്ചപ്പോള്‍, ഇത് വെറും കെട്ടുകഥയാണെന്നു കണ്ടെത്തുകയായിരുന്നു. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായിപ്പോലും തെളിവുകള്‍ ലഭിച്ചില്ല!

ഈ ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്ത ഒരു വ്യക്തിയുടെ പേരിലാണ് ഈ ആഭാസങ്ങളൊക്കെ നടക്കുന്നതെന്നു നാം ഓര്‍ക്കണം. മനുഷ്യരുടെ അന്ധവിശ്വാസത്തെ ചൂഷണംചെയ്തുകൊണ്ട് ചില കുബുദ്ധികള്‍ മെനഞ്ഞെടുത്ത വ്യാജകഥാപാത്രം ഇത്രമാത്രം സ്വീകാര്യമായത് അതിന്റെ പൈശാചികതയെയാണു വെളിപ്പെടുത്തുന്നത്. ഗീവര്‍ഗ്ഗീസിലൂടെ യേഹ്ശുവായില്‍ എത്തുകയും, അങ്ങനെ രക്ഷപ്രാപിക്കുകയും ചെയ്ത ആരെയും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അദ്ഭുതങ്ങള്‍ പിശാചിനും സാധ്യമാണെന്നതിനു ബൈബിളില്‍ വ്യക്തമായ സാക്ഷ്യമുണ്ടെന്നു നാം തിരിച്ചറിയണം. ഫറവോയുടെമുന്നില്‍ മോശ കാണിച്ച അദ്ഭുതങ്ങളെല്ലാം അതേപടി അനുകരിക്കാന്‍ അവിടെയുണ്ടായിരുന്ന മന്ത്രവാദികള്‍ക്കും സാധിച്ചത് ഗൗരവമായി നാം കാണണം! ബൈബിളില്‍ വായിക്കുന്നത് ഇങ്ങനെയാണ്: "ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു"(പുറപ്പാട്:7;22). അദ്ഭുതങ്ങളെയും അടയാളങ്ങളെയും പരിഗണിക്കുമ്പോള്‍ വിവേചനം അനിവാര്യമാണെന്ന സത്യത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. ഒരു വ്യക്തിയുടെ ആത്മരക്ഷയായിരിക്കണം അദ്ഭുതങ്ങളുടെ അന്തിമഫലം!

യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും യേഹ്ശുവായുടെ നാമത്തില്‍ അപ്പസ്തോലന്മാര്‍ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ദൈവവചനത്തെ സ്ഥിരീകരിക്കുന്നതിനാണ് ഓരോ അദ്ഭുതങ്ങളും ദൈവം അനുവദിക്കുന്നത് എന്നതാണ് ആ യാഥാര്‍ത്ഥ്യം. വചനം യേഹ്ശുവായാണെന്നും ലോകത്തിന്റെ രക്ഷയ്ക്കായി ദൈവം അയച്ച അവിടുത്തെ പുത്രനാണ് യേഹ്ശുവായെന്നും സ്ഥിരീകരിക്കുന്നതിനുള്ള അടയാളമാണിത്. ഈ വസ്തുത വ്യക്തമാക്കുന്ന ബൈബിള്‍വാക്യം ശ്രദ്ധിക്കുക: "അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് യേഹ്ശുവാ തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി"(അപ്പ.പ്രവര്‍:14;3). ആത്മരക്ഷയിലേക്കു നയിക്കുന്നതിനുവേണ്ടിയുള്ള അടയാളങ്ങള്‍ മാത്രമാണ് ദൈവം അനുവദിക്കുന്ന അദ്ഭുതങ്ങള്‍! കടമറ്റത്തും മറ്റു കോഴിവെട്ടു സ്ഥലങ്ങളിലും നടക്കുന്ന അദ്ഭുതങ്ങളിലൂടെ എത്രപേര്‍ യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിച്ചുവെന്ന് നോക്കിയാല്‍, ഈ അദ്ഭുതങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയും!

ഗീവര്‍ഗ്ഗീസിന്റെ കേരളപര്യടനം!

തോമാശ്ലീഹായില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്ത്യാനികളായ കേരളത്തിലെ 'നസ്രാണികളുടെമേല്‍ ഗീവര്‍ഗ്ഗീസ് ആധിപത്യം നേടിയത് സുറിയാനികളുടെ കുടിയേറ്റത്തിലൂടെയാണ്. അഭയാര്‍ഥികളായി വന്ന സുറിയാനികള്‍, നയിക്കാന്‍ ആളില്ലാതെ വിജാതിയരെപ്പോലെ കഴിഞ്ഞുകൂടിയ കേരളത്തിലെ നസ്രാണികളുടെ തലവന്മാരായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. അതായത്, കുതിരക്കാരനായി വന്നവന്‍ കുടുംബക്കാരനായി മാറി എന്നതുപോലെ!

കേരളത്തിലെ ആദ്യത്തെ ക്രൈസ്തവര്‍ യഹൂദരില്‍നിന്നുള്ളര്‍ ആയിരുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടാണ് ഇവര്‍ 'നസ്രാണികള്‍' എന്നപേരില്‍ അറിയപ്പെട്ടത്. എന്നാല്‍, നാലാം നൂറ്റാണ്ടുമുതല്‍ സിറിയയില്‍നിന്നും അറേബ്യന്‍ രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്കു പ്രവാസികളുടെ പ്രവാഹം ആരംഭിച്ചു. സുറിയാനി-കല്‍ദായ പാരമ്പര്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. ആറാം നൂറ്റാണ്ടോടെ പ്രവാസികളുടെ പ്രവാഹം ക്രമാതീതമായി വര്‍ദ്ധിച്ചു. ഇസ്ലാമിന്റെ വാളിനെ ഭയന്നുള്ള പലായനമായിരുന്നു ഇത്! ഇസ്മായേലിന്റെയും ഏസാവിന്റെയും തലമുറയില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രൈസ്തവരായിരുന്നു സിറിയയിലും അറേബ്യയിലും ഉണ്ടായിരുന്നത്! ബൈബിളില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്: "അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു"(അപ്പ.പ്രവര്‍:15;23). അന്ത്യോക്യായിലെ ആദിമ ക്രൈസ്തവസമൂഹത്തെ സഹായിക്കുന്നതിനായി ബാര്‍സബാസിനെയും സീലാസിനെയും അയച്ചുകൊണ്ട് സഭാശ്രേഷ്ഠന്മാര്‍ അയച്ച കത്തിന്റെ മുഖവുരയാണ് നാം കണ്ടത്.

സിറിയാ, അന്ത്യോക്യാ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ മുന്‍പ് വിജാതിയരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇതു ധാരാളമാണ്! അബ്ദുള്‍ ജലീല്‍, അഹത്തുള്ള തുടങ്ങിയ പേരുകള്‍ യഹൂദരില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ കടന്നുവന്ന സുറിയാനി ക്രിസ്ത്യാനികളുടെ പേരുകള്‍ ഇസ്ലാമിന്റെ പേരുകള്‍തന്നെയായത് ഇരുവിഭാഗത്തിന്റെയും വേര് ഒന്നുതന്നെയാണെന്നു തെളിയിക്കുന്നു! സിറിയയിലും അറേബ്യന്‍ നാടുകളിലും മതപീഡനമുണ്ടായപ്പോള്‍, പലായനം ചെയ്യാത്തവരെല്ലാം ഇസ്ലാംമതം സ്വീകരിച്ചു. A.D.342, A.D.700, A.D. 848 വര്‍ഷങ്ങളില്‍ അന്ത്യോക്ക്യ, അര്‍മേനിയ, ബാബിലോണ്‍, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നിവടങ്ങളില്‍നിന്ന്‍ പുരോഹിതന്മാരടക്കം ക്രിസ്ത്യാനികള്‍ കേരളത്തില്‍ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറിയവരില്‍ ഒരു വിഭാഗമാണ്‌ കേരളത്തിലെ 'നസ്രാണികളുടെ' തലതൊട്ടപ്പന്മാരായി ഇന്നു വിലസുന്നത്. ഇവര്‍ കേരളത്തില്‍ കൊണ്ടുവന്നു പ്രചരിപ്പിച്ച അനേകം പാഷാണ്ടതകളില്‍ ഒന്നായിരുന്നു ഗീവര്‍ഗ്ഗീസ്!

കേരളത്തിലെ വിജാതിയര്‍ അനുഷ്ഠിച്ചിരുന്ന എല്ലാ ദുരാചാരങ്ങളും പേരുമാറ്റി അവതരിപ്പിക്കാന്‍ നസ്രാണികളെ പരിശീലിപ്പിച്ചത് സുറിയാനികളായിരുന്നു. വിജാതിയര്‍ നടത്തിയിരുന്ന ചാത്തന്‍സേവയ്ക്കു ബദലായി സുറിയാനികള്‍ ആവിഷ്കരിച്ച സേവകളില്‍ ഒന്നായിരുന്നു 'ഗീവര്‍ഗ്ഗീസ് സേവ'! വിജാതിയരുടെ ക്ഷിപ്രകോപികളായ ഉഗ്രമൂര്‍ത്തികള്‍ക്കു പകരംവയ്ക്കാന്‍ യേഹ്ശുവായ്ക്കു വീര്യംപോരാ എന്നുകണ്ട സുറിയാനികള്‍ ഗീവര്‍ഗ്ഗീസിനെ രംഗത്തിറക്കി! വിജാതിയരുടെ ദൃഷ്ടിയില്‍ യേഹ്ശുവാ തികച്ചും പരാജയമായിരുന്നുവല്ലോ! "ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1കോറി:1;23). ഗീവര്‍ഗ്ഗീസിന്റെ പേരില്‍ കെട്ടിച്ചമച്ച കഥകള്‍ ഓരോന്നും ശ്രദ്ധിച്ചാല്‍, സുറിയാനികളുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു എന്ന് മനസ്സിലാകും. ചാത്തനും മറുതയ്ക്കും നടത്തിയിരുന്ന രക്തബലി(ഗുരുതി)യുടെ അനുകരണമാണ് ഗീവര്‍ഗ്ഗീസിനുവേണ്ടിയുള്ള കോഴിവെട്ട്! യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളിലെ ഓരോ ആചാരങ്ങളെയും പരിശോധിച്ചാല്‍, വിജാതിയരുടെ പൈശാചികത പേരുമാറ്റി അവതരിപ്പിച്ചിരിക്കുന്നത് വ്യക്തമായി കാണാം. കത്തോലിക്കാസഭയിലെ സുറിയാനി, മലങ്കര വിഭാഗങ്ങളിലും ഈ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും.

1599 ജൂണ്‍ 20 മുതല്‍ 26 വരെ നടന്ന ഉദയംപേരൂര്‍ സൂനഹദോസിലൂടെ കേരളത്തിലെ ക്രൈസ്തവര്‍ കത്തോലിക്കാസഭയുടെ ഭാഗമാകുന്നതുവരെ വിജാതിയതയില്‍നിന്ന് സുറിയാനികള്‍ക്ക് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഈ സൂനഹദോസില്‍വച്ച് സുറിയാനികളോട് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട ദുരാചാരങ്ങളുടെ പട്ടിക നോക്കിയാല്‍, ഇവരില്‍ നിലനിന്ന പൈശാചികത വ്യക്തമാകും. മന്ത്രവാദം, ജോതിഷം, അയിത്താചരണം എന്നിവ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാക്കിയത് ഈ സമ്മേളനത്തില്‍ വച്ചായിരുന്നു. സൂനഹദോസിലെ മറ്റു ചില തീരുമാനങ്ങള്‍ ശ്രദ്ധിക്കുക: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്‍ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ പ്രാര്‍ത്ഥനകളില്‍നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി'. ഇത്തരം പാഷാണ്ഡതകളെല്ലാം സിറിയയില്‍നിന്ന് കേരളത്തിലെത്തിയതായിരുന്നു.

പേര്‍ഷ്യയില്‍നിന്ന്‍ കുടിയേറിയ സുറിയാനികള്‍ കേരളത്തില്‍ പ്രചരിപ്പിച്ച പാഷാണ്ഡതകള്‍ നിറഞ്ഞ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായി. പാഷാണ്ഡതകളായി പ്രഖ്യാപിച്ചു നശിപ്പിച്ചതും നിഷിദ്ധമാക്കിയതുമായ ഗ്രന്ഥങ്ങള്‍ ഇവയായിരുന്നു:പാര്‍സിമാന്‍, മാര്‍ഗസീശ, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്റെ പുസ്തകം, മാക്കമൊത്ത്‌(പറുദീസ), മിശിഹായുടേ തിരുബാല പുസ്തകം, സുന്നഹദോസുകളുടെ പുസ്തകം, സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന കത്ത്‌, കമീസിന്റെ പാട്ടുകള്‍, നര്‍സായുടേ പുസ്തകം, പ്രഹന്‍ പുസ്തകം(യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു), യോഹന്നാന്‍ വരകല്‍ദോസ- (യേഹ്ശുവായും ദൈവത്തിന്റെ പുത്രനും വെവ്വേറെയാണെന്നു പറയുന്ന പുസ്തകം), വാവാകട്ടെ പുസ്തകം, നുഹറ, എംങ്കര്‍ത്താപുസ്തകം, കമ്മീസിന്റെ പാട്ടുകള്‍, ഇദാറ, സുബാടേ നമസ്കാരം, അന്‍പത്‌ നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന.

ഈ ദുരാചാരങ്ങളൊക്കെ തിരികെ കൊണ്ടുവരാനായി സിറിയയില്‍നിന്നു വീണ്ടും മാടമ്പികള്‍ കേരളത്തിലെത്തി. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ പൈശാചിക സമരമായിരുന്നു 'കൂനന്‍കുരിശു സത്യം'! കത്തോലിക്കാ ദൈവാലയങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്ന ക്രൂശിതരൂപങ്ങള്‍ കിണറ്റില്‍ എറിയുകയും നശിപ്പിക്കുകയും ചെയ്തുവെന്നു മാത്രമല്ല, ഇതിനു പകരമായി താമരക്കുരിശു സ്ഥാപിക്കുകയും പഴയ മന്ത്രവാദങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു!

പാമ്പിനെ അയച്ചു പീഡിപ്പിക്കുന്നയാള്‍ വിശുദ്ധനോ?

വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ പ്രീതിപ്പെടുത്തി നിര്‍ത്തുകയെന്നാല്‍ ഏറെ ശ്രമകരമായ കാര്യമാണ്. ഒരാളെ പ്രീതിപ്പെടുത്തിയാല്‍, മറ്റെയാള്‍ക്ക് അതു സുഖിക്കില്ല! ഒരാളെ കൂടുതലായി പരിഗണിക്കുന്നുവെന്നു മറ്റൊരു മൂര്‍ത്തിക്ക് തോന്നിയാല്‍, ഇവന്റെ കോപം ആളിക്കത്തുകയും ഭവനത്തിലേക്ക് അനര്‍ത്ഥങ്ങളുടെ പരമ്പരതന്നെ അയയ്ക്കുകയും ചെയ്യും. ഈ മൂര്‍ത്തിയുടെ ക്ഷോപത്തെ അടക്കാന്‍ അനേകം പൂജകള്‍ വേണ്ടിവരും എന്നാണ് വിജാതിയര്‍ പറയുന്നത്. എന്നാല്‍, ക്രിസ്ത്യാനികള്‍ സേവിക്കുന്ന രക്ഷകനും നാഥനുമായ യേഹ്ശുവായുടെ സ്വഭാവം കരുണയാണെന്നു നമുക്കറിയാം. ക്രിസ്ത്യാനികള്‍ ആദരിക്കുകയും സ്നേഹിക്കുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്ന വിശുദ്ധരുടെ സ്വഭാവവും ക്രിസ്തുവിന്റെതിനു സമാനമാണ്! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഗീവര്‍ഗ്ഗീസ് മറ്റു വിശുദ്ധരില്‍നിന്നു വിഭിന്നനാണ്!

ഗീവര്‍ഗ്ഗീസിനെക്കുറിച്ചുള്ള കെട്ടുകഥകള്‍ കേള്‍ക്കുന്ന ഒരുവനും ഇദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നുവെന്ന് ചിന്തിക്കാന്‍ കഴിയില്ല. വിജാതിയ ദേവന്മാരുടെ സകല ദുശ്ശീലങ്ങളും ഒത്തിണങ്ങിയ മറ്റൊരു ദേവനായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളു! തന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആലയത്തിനു മുന്നിലൂടെ നേര്‍ച്ചയിടാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് 'അള്ളു' വയ്ക്കുക, കോഴിയെ കൊടുത്തില്ലെങ്കില്‍ കുറുക്കനെ വിട്ട് അവയെ പിടിപ്പിക്കുക, നേര്‍ച്ച നിറവേറ്റാന്‍ വൈകിയാല്‍ പാമ്പിനെ വിട്ട്‌ ഭയപ്പെടുത്തുക തുടങ്ങിയ ദുഷ്ടതകള്‍ ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദങ്ങളാണ്! നിസ്സാര നേര്‍ച്ചപ്പണത്തിനുവേണ്ടി ഉഗ്രസര്‍പ്പത്തെ അയക്കുന്നത് 'ബ്ലെയ്ഡ് മാഫിയകള്‍' ക്വട്ടേഷന്‍ സംഘത്തെ അയയ്ക്കുന്നതിനെക്കാള്‍ ക്രൂരതയായി മാത്രമേ കാണാന്‍ കഴിയൂ! കേരളത്തിലെ പാവപ്പെട്ട വിശ്വാസികള്‍ ഉപജീവനത്തിനായി വളര്‍ത്തുന്ന കോഴികളെ തട്ടിയെടുക്കാനും പാമ്പിനെ അയച്ചു ശല്യംചെയ്യാനും കാണിക്കുന്ന ഉത്സാഹം സ്വന്തം നാട്ടില്‍ എന്താ കാണിക്കാത്തത്? ഇദ്ദേഹം ജീവിച്ചുവെന്നു പറയപ്പെടുന്ന ദേശത്തെ ക്രിസ്ത്യാനികളെ മുഴുവന്‍ കൊന്നൊടുക്കുകയും പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന ഇസ്ലാമിനെ ഗീവര്‍ഗ്ഗീസിനു ഭയമാണോ? ഗീവര്‍ഗ്ഗീസ് ജനിച്ചുവെന്നു പറയപ്പെടുന്ന പലസ്തീനിലെ 'ഹമാസ്' എന്ന തീവ്രവാദികളെ എന്തുകൊണ്ട് ഇദ്ദേഹം വെറുതെവിടുന്നു? യേഹ്ശുവായുടെ ജനനസ്ഥലത്തുപോലും അവിടുത്തെ ആക്ഷേപിക്കുന്നവരാണ് ഈ തീവ്രവാദികള്‍!

കേരളത്തിലെ ഒരു ഗീവര്‍ഗ്ഗീസ് പള്ളി പണിയാനായി കാട്ടില്‍നിന്നു തേക്കിന്‍തടി വെട്ടിയത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍, അവരെയും ഇദ്ദേഹം വെറുതേവിട്ടില്ല. ഇവര്‍ പോകുന്ന വഴികളിലെല്ലാം ഉഗ്രവിഷമുള്ള സര്‍പ്പങ്ങള്‍! ഒടുവില്‍ പള്ളിവികാരിയെ കണ്ടു ക്ഷമചോദിച്ചപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചു! ഇതുപോലെയുള്ള ഗുണ്ടായിസങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു ഗീവര്‍ഗ്ഗീസ്. ഇദ്ദേഹത്തിന്റെ നാമത്തിലുള്ള പുരാതനമായ പള്ളികളെല്ലാം മറ്റു വിശുദ്ധരില്‍നിന്നു പിടിച്ചടക്കിയതായിരുന്നു എന്നതാണ് മറ്റൊരു ചരിത്രം! അരുവിത്തുറ മര്‍ത്താമറിയം പള്ളി ഇത്തരത്തില്‍ ഗീവര്‍ഗ്ഗീസ് പള്ളിയായി മാറുകയും, അരുവിത്തുറ വലിയച്ചനായി അവിടെ വാഴുകയും ചെയ്തു!

മുത്തപ്പന് കോഴിവെട്ട്!

അനാര്യദേവതകള്‍ക്കായി കേരളത്തില്‍ നടത്തുന്ന പൂജകളില്‍ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതല്‍ കേരളത്തിന്റെ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.ദക്ഷിണഭാരതത്തില്‍ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഗുരുതി പൂജകള്‍ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാര്‍ ദേവതാപ്രീതിക്കുള്ള മാര്‍ഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോള്‍, ദ്രാവിഡര്‍ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനില്‍ക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളില്‍ നടന്നിരുന്ന മൃഗബലി (ഗുരുതി)യുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്നത്.

കത്തോലിക്കാസഭയുടെ ദൈവാലയങ്ങളുമായി ബന്ധപ്പെട്ട് അനേകം ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, കോഴിവെട്ടുപോലുള്ള ആഭിചാരക്രിയകള്‍ നടത്തുന്നത് ഗീവര്‍ഗ്ഗീസുമായി ബന്ധപ്പെട്ടാണ്. പൈശാചിക ദേവന്മാരുടെ പേരിനോടു ചേര്‍ന്നുള്ള വിശേഷണപദങ്ങള്‍ ഗീവര്‍ഗ്ഗീസിനു ലഭിച്ചതും ശ്രദ്ധിക്കേണ്ടതുണ്ട്. കടമറ്റത്തും മുതലക്കോടത്തും എടത്വായിലും പുതുപ്പള്ളിയിലും ഇടപ്പള്ളിയിലുമൊക്കെ മുത്തപ്പന്‍ ചോരയും മദ്യവും കുടിക്കുന്നതുപോലെ, പറശിനിക്കടവ് മുത്തപ്പനും പ്രിയം ചോരയും കള്ളുമാണ്! നമ്മുടെ പ്രിയങ്കരനായ തോമാശ്ലീഹായെ പൊന്നുംകുരിശു മുത്തപ്പനാക്കിയതും സുറിയാനികളുടെ കുതന്ത്രമായിരുന്നു! വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളായ പിശാചുക്കളെ വിളിക്കുന്ന പേരുകള്‍ വിശുദ്ധര്‍ക്കു നല്‍കുന്നതും, സാത്താനെ ആരാധിക്കുവാന്‍ ഇവര്‍ അവലംബിക്കുന്ന രീതികള്‍ വിശുദ്ധര്‍ക്കുവേണ്ടി അനുകരിക്കുന്നതും ആദരവായി കാണരുത്. മറിച്ച്, അവഹേളിക്കലാണെന്നു തിരിച്ചറിയണം!

ക്രൈസ്തവ നാമധാരികളായ ആയുര്‍വേദ വൈദ്യന്മാര്‍ മന്ത്രവാദം നടത്തുന്നതുപോലെതന്നെ, ഇവര്‍ ചില മൂര്‍ത്തികളെ ഉപാസിക്കുന്നവരുമാണ്. ചാത്തന്‍, കടമറ്റത്തു കത്തനാര്‍ തുടങ്ങിയവരാണ് ഇക്കൂട്ടരുടെ പ്രധാന സേവാമൂര്‍ത്തികള്‍! എന്നാല്‍, ഗീവര്‍ഗ്ഗീസിനെ ഉപാസനാമൂര്‍ത്തിയായി സേവിക്കുന്നവരും വൈദ്യന്മാരുടെയിടയില്‍ ഉണ്ട്! ഇതിനെ പലരും ക്രിസ്തീയമായി തെറ്റിദ്ധരിച്ചിരിക്കുന്നു എന്നത് ദുരന്തത്തിന്റെ ആക്കംകൂട്ടുന്നു. പല വൈദ്യന്മാരും അതീവരഹസ്യമായിട്ടാണ് ഈ അനുഷ്ഠാനങ്ങള്‍ തുടരുന്നത്. ഈ വൈദ്യന്മാര്‍ ക്രിസ്തീയനാമം വഹിക്കുന്നവരായതുകൊണ്ടും, ഇവര്‍ സേവിക്കുന്നത് ക്രൈസ്തവര്‍ വിശുദ്ധരായി പരിഗണിക്കുന്നവരെ ആയതുകൊണ്ടും അനേകം വിശ്വാസികള്‍ കബളിപ്പിക്കപ്പെടുന്നു! വിശുദ്ധരെ സേവിക്കുന്നത് കത്തോലിക്കാസഭയോ മറ്റേതെങ്കിലും ക്രിസ്തീയസഭകളോ പ്രോത്സാഹിപ്പിക്കുന്നില്ല! ഗീവര്‍ഗ്ഗീസിനെ സേവിച്ചുകൊണ്ട്, ആഭിചാരക്രിയകള്‍ നടത്തുന്ന ഒരു വ്യക്തിയുടെ വീഡിയോ കാണാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക: 'പീറ്റര്‍ ഒരു കത്തോലിക്കാ മന്ത്രവാദി! ഗീവര്‍ഗ്ഗീസാണ് മദ്ധ്യസ്ഥന്‍!'

വിശുദ്ധരെ ആദരിക്കുകയും അവരുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനെ മനോവ നിഷേധിക്കുന്നില്ലെങ്കിലും, അതിരുകടന്ന ഭക്തിപ്രകടനങ്ങളെ എതിര്‍ക്കുകതന്നെ ചെയ്യും. കാരണം, ആരാധനയോളം വളരുന്ന ഭക്തികളെല്ലാം വിഗ്രഹാരാധനയും ഒന്നാംപ്രമാണത്തിന്റെ ലംഘനവുമാണ്! കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും തുടര്‍ന്നുവരുന്ന പല ആചാരങ്ങളും വഴിവിട്ടുപോകുന്നതിനെ നിയന്ത്രിക്കാന്‍ അധികാരികള്‍ക്കു കഴിയുന്നില്ല എന്നതും ഗൗരവമായി കാണണം. പല ദുരാചാരങ്ങളും വരുമാനമാര്‍ഗ്ഗമായി പരിഗണിക്കുന്നതുകൊണ്ട്, അവയ്ക്കു മൗനാനുവാദം നല്‍കിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! അതുകൊണ്ടുതന്നെ, ഭക്തിപ്രകടനങ്ങള്‍ ഭക്താഭാസങ്ങളായി മാറുമ്പോഴും നോക്കിനില്‍ക്കാന്‍ മാത്രമേ അധികാരികള്‍ക്ക് കഴിയുന്നുള്ളു. പരമ്പരാഗതമായ ആചാരങ്ങളെ തൊട്ടുകളിക്കാന്‍ സഭാധികാരികള്‍ക്കുപോലും സാധിക്കാത്തവിധം കൈവിട്ടുപോയി! ചാത്തന്‍സേവയുടെ അനുകരണം കടമറ്റം വഴി ഗീവര്‍ഗ്ഗീസില്‍ എത്തിനില്‍ക്കുമ്പോള്‍, അതിനെ ക്രിസ്തീയമായി ചിന്തിക്കുന്നവര്‍ ഒന്നാംപ്രമാണം എന്താണെന്നുപോലും ഗ്രഹിക്കാത്തവരാണ്.

അടിമവയ്ക്കല്‍ എന്നൊരു ആചാരം കത്തോലിക്കാസഭയിലുണ്ട്. ലത്തീനെന്നോ സുറിയാനിയെന്നോ വ്യത്യാസമില്ലാതെ, കത്തോലിക്കാസഭയിലുള്ള ഈ ആചാരം ദൈവവചന വിരുദ്ധമാണെന്നു പറയാതെവയ്യാ! വിശുദ്ധരുടെ സേവയും അടിമവയ്ക്കലും രണ്ടാണെങ്കിലും, ഇവ തമ്മില്‍ ഏറെ ബന്ധപ്പെട്ടാണിരിക്കുന്നത്. സേവയുടെ ലളിതരൂപമായ അടിമവയ്ക്കല്‍ എന്ന സമ്പ്രദായത്തെക്കുറിച്ച് അല്പമൊന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

അടിമവയ്ക്കല്‍ ക്രിസ്തീയവിരുദ്ധം!

"ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കുകയില്ല. കാരണം യജമാനന്‍ ചെയ്യുന്നതെന്തെന്നു ദാസന്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍ എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു"(യോഹ: 15; 15). യേഹ്ശുവാ തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകളാണ് ഇത്. അടിമയെന്നാല്‍ ദാസരാണെന്നു നമുക്കറിയാം. ഇനിമേല്‍ തന്റെ ശിഷ്യന്മാരെ അടിമയെന്നോ ദാസരെന്നോ വിളിക്കുകയില്ല; മറിച്ച്, സ്നേഹിതരെന്നു വിളിക്കുമെന്നല്ലേ യേഹ്ശുവാ ഇവിടെ പറഞ്ഞുവയ്ക്കുന്നത്? സ്വര്‍ഗ്ഗത്തിനിന്നു വന്ന യേഹ്ശുവാപോലും നമ്മെ അടിമയാക്കാന്‍ ആഗ്രഹിക്കാത്തപ്പോള്‍, നമ്മെ വിശുദ്ധരുടെ അടിമയാക്കുന്ന ആചാരം ക്രിസ്തീയമല്ല! വിജാതിയര്‍ തങ്ങളുടെ ദേവന്മാരുടെ അടിമയായിരിക്കുന്നതുപോലെ, നമ്മെയും ചില മൂര്‍ത്തികളുടെ അടിമയാക്കാനുള്ള പൈശാചിക അജണ്ടയുടെ ഭാഗമാണ് ഈ ദുരാചാരം!

യേഹ്ശുവാ നമ്മെ സ്വാതന്ത്ര്യത്തിലേക്കാണു വിളിച്ചിരിക്കുന്നത്. ഇതു വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഇനിമേല്‍ അടിമത്വത്തിന്റെ നുകത്തിനു കീഴെ കെട്ടപ്പെടേണ്ടവരല്ല ക്രിസ്ത്യാനികള്‍. അങ്ങനെ സംഭവിച്ചാല്‍ ക്രിസ്തുവിന്റെ സഹനത്തിനും കുരിശുമരണത്തിനും അര്‍ത്ഥമില്ലെന്നു പറയേണ്ടിവരും. ഈ വചനം നോക്കുക: "സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്"(ഗലാ: 5; 1). പൗലോസ് അപ്പസ്തോലന്‍ ആവര്‍ത്തിക്കുന്നത് ശ്രദ്ധിക്കുക: "സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം"(ഗലാ: 5; 13). ഈ വചനങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍, ഇങ്ങനെയൊരു ദുരാചാരം കത്തോലിക്കാസഭയില്‍ എങ്ങനെ കടന്നുകൂടി! റീത്തുകളുടെ വ്യത്യാസമില്ലാതെ, കേരളത്തിലെ കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്ന ഈ ദുരാചാരത്തിന് യാതൊരു ന്യായീകരണവുമില്ല.

ഓരോ ക്രൈസ്തവരെക്കുറിച്ചും ബൈബിള്‍ ഇങ്ങനെയാണു പറയുന്നത്: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"(എഫേ: 2; 19). ദൈവഭവനത്തിലെ അംഗങ്ങളും വിശുദ്ധരുടെ സഹപൗരന്മാരുമായിരിക്കുന്ന നമ്മെ, ഏതെങ്കിലും വിശുദ്ധര്‍ക്ക് അടിമവയ്ക്കാന്‍ യേഹ്ശുവാ അഭിലഷിക്കുമെന്ന് മനോവ കരുതുന്നില്ല. യേഹ്ശുവായുടെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നമ്മെ വീണ്ടും അടിമത്വത്തിലേക്കു നയിക്കുകയെന്നത് സാത്താന്റെ അജണ്ടയാണ്! ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ മാഹാത്മ്യം കുറച്ചുകാട്ടേണ്ടത്‌ അവന്റെ ദൗത്യത്തിന്റെ ഭാഗമായി കരുതണം. ക്രിസ്തുവിന്റെ വചനത്തിനു വിരുദ്ധമായതും വ്യക്തമായ അജണ്ടയോടെ നടപ്പാക്കുന്നതുമായ പൈശാചികതയാണ് അടിമവയ്ക്കല്‍ എന്നത് ആരും തിരിച്ചറിയാതെ പോകരുത്. ഇതു വിജാതിയതയാണെന്ന അപ്രിയസത്യം വിളിച്ചുപറയുമ്പോള്‍, മനോവയെ സഭാവിരുദ്ധനായി മുദ്രകുത്തുകയുമരുത്! ഒരു മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, അടിമയായിരിക്കുമ്പോള്‍ യേഹ്ശുവായുടെ വിളി ലഭിച്ചവന്‍ യേഹ്ശുവായാല്‍ സ്വതന്ത്രനാക്കപ്പെട്ടവനാണ്. അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോള്‍ വിളി ലഭിച്ചവന്‍ ക്രിസ്തുവിന്റെ അടിമയുമാണ്. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്”(1 കോറി: 7; 22, 23).

യേഹ്ശുവായുടെ നാമത്തില്‍ കടന്നുപോയ വിശുദ്ധരാരും നമ്മെ അടിമകളാക്കാന്‍ ആഗ്രഹിക്കുകയില്ല. കാരണം, ക്രിസ്ത്യാനി ആരുടേയും അടിമയോ ദാസരോ അല്ലെന്ന അറിവ് അവര്‍ക്കുണ്ട്. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, ആരെങ്കിലും വിശുദ്ധര്‍ക്കു തങ്ങളെ അടിമവച്ചാല്‍, ഈ വിശുദ്ധര്‍ അവരെ അടിമകളായി സ്വീകരിക്കുകയില്ല. പകരം, ഈ സമര്‍പ്പണത്തെ പിശാചാണ് സ്വീകരിക്കുന്നത്. വചനവിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയിലും ഫലംകൊയ്യുന്നത് സാത്താനായിരിക്കും! ആടുകളെ വഴിതെറ്റിക്കുന്ന ഇടയന്മാര്‍ കൗശലപൂര്‍വ്വം മെനഞ്ഞുണ്ടാക്കിയ ആചാരങ്ങള്‍ ആര്‍ക്കും പിന്‍വലിക്കാന്‍ കഴിയാത്തവിധം വിശ്വാസത്തിന്റെ ഭാഗമായിരിക്കുന്നു. സാമ്പത്തീക ലക്ഷ്യത്തോടെ ജനത്തിന്റെമേല്‍ പാപങ്ങള്‍ കെട്ടിവയ്ക്കുന്ന അധികാരികളെക്കുറിച്ചാണ് ഹോസിയാ പ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചത്: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാ:4;8).

ഈ ലേഖനത്തിന്റെ തുടര്‍ച്ചയായി ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയങ്ങള്‍: പുര വാസ്തോലി അഥവാ വാസ്തുബലി, പുലയടിയന്തിരവും പതിനാറ് അടിയന്തിരങ്ങളും, രാഹുവും ഹേതുവും ഗുളികനും ക്രിസ്തീയതയില്‍, ആത്മാക്കളെ രക്ഷിക്കാന്‍ മന്ത്രവാദമോ, ചരട് വെഞ്ചരിപ്പിലെ കാണാച്ചരടുകള്‍, താലിയും മന്ത്രകോടിയും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8834 views

LOG IN

Lost your password?

SIGN UP

LOST PASSWORD