സഭകളില്‍ ശുദ്ധീകരണം

ഇന്ത്യയിലെ സഭകളില്‍ ഇത് ശുദ്ധീകരണത്തിന്റെ കാലം!

Print By
about

28 - 07 - 2018

ത് ശുദ്ധീകരണത്തിന്റെ കാലമാണെന്നു പറയുമ്പോള്‍, അശുദ്ധമാക്കിയ ഒരു കാലമുണ്ടായിരുന്നു എന്നത് സ്പഷ്ടം. എന്തെന്നാല്‍, അശുദ്ധിയുള്ളതുകൊണ്ടാണല്ലോ ശുദ്ധീകരണം ആവശ്യമായി വരുന്നത്! 'ശുദ്ധീകരണം സഭയില്‍ ഉറച്ചുനിന്നുകൊണ്ട്' എന്ന മുദ്രാവാക്യവുമായി മനോവ പ്രബോധനം തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ഈ അവസരത്തില്‍, ഏറെ ആശാവഹമായ ചില അടയാളങ്ങള്‍ സഭയില്‍ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോള്‍, ഓരോ സത്യവിശ്വാസികളും അനുഭവിക്കുന്ന സന്തോഷത്തില്‍ മനോവയും പങ്കുചേരുന്നു. എന്തെന്നാല്‍, ഇത് ദൈവത്തിന്റെ മാത്രം പ്രവൃത്തിയാണ്‌!

ഒരു വചനം ശ്രദ്ധിക്കുക: "എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിനുകീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാന്‍ ഒരുകാലം, മരിക്കാനൊരുകാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരുകാലം. കൊല്ലാന്‍ ഒരുകാലം, സൗഖ്യമാക്കാന്‍ ഒരുകാലം, തകര്‍ക്കാന്‍ ഒരുകാലം, പണിതുയര്‍ത്താന്‍ ഒരുകാലം. കരയാന്‍ ഒരുകാലം, ചിരിക്കാന്‍ ഒരുകാലം, വിലപിക്കാന്‍ ഒരുകാലം, നൃത്തം ചെയ്യാന്‍ ഒരുകാലം. കല്ലു പെറുക്കിക്കളയാന്‍ ഒരുകാലം, കല്ലു പെറുക്കിക്കൂട്ടാന്‍ ഒരുകാലം. ആലിംഗനം ചെയ്യാന്‍ ഒരുകാലം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരുകാലം. സമ്പാദിക്കാന്‍ ഒരുകാലം, നഷ്ടപ്പെടുത്താന്‍ ഒരുകാലം, സൂക്ഷിച്ചുവയ്ക്കാന്‍ ഒരുകാലം, എറിഞ്ഞുകളയാന്‍ ഒരുകാലം. കീറാന്‍ ഒരുകാലം, തുന്നാന്‍ ഒരുകാലം, മൗനം പാലിക്കാന്‍ ഒരുകാലം, സംസാരിക്കാന്‍ ഒരുകാലം. സ്നേഹിക്കാന്‍ ഒരുകാലം, ദ്വേഷിക്കാന്‍ ഒരുകാലം, യുദ്ധത്തിന് ഒരുകാലം, സമാധാനത്തിന് ഒരുകാലം"(സഭാപ്രസംഗകന്‍: 3; 1-8). 'അശുദ്ധമാക്കാന്‍ ഒരുകാലം ശുദ്ധീകരിക്കാന്‍ ഒരുകാലം' എന്ന് ഈ വചനത്തില്‍ എഴുതിയിട്ടില്ലെങ്കിലും ഓരോ വാക്കുകളിലും അത് അന്തര്‍ലീനമാണ്. സൂക്ഷ്മതയോടെ വായിക്കുന്നവര്‍ക്ക് അത് ഗ്രഹിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ, ശുദ്ധീകരണത്തിനും ഒരു കാലമുണ്ടെന്നു വ്യക്തം. ആ കാലത്തിലൂടെയാണ്‌ നാമിപ്പോള്‍ കടന്നുപോകുന്നത്.

ശുദ്ധീകരണത്തിന്റെ അനിവാര്യത!

നാം താമസിക്കുന്ന വീടും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മുടെ ഭവനങ്ങളെ വൃത്തിയാക്കാനും അതിനെ ബാഹ്യവും ആന്തരീകവുമായി മോടിപിടിപ്പിക്കാനും നാം ശ്രമിക്കുന്നു. എന്നാല്‍, ഭൗതികമായ ഭവനത്തെക്കാള്‍ ആത്മീയഭവനത്തിന്റെ കാര്യത്തില്‍ ശ്രദ്ധകൊടുക്കാന്‍ പലരും തയ്യാറാകുന്നില്ല. ഏതൊരു വിശ്വാസിയുടെയും ആത്മീയഭവനം സഭയാണ്. ഈ സഭയില്‍ കടന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തം ഓരോ അംഗങ്ങള്‍ക്കുമുണ്ട്. എങ്ങനെയാണ് നാം നമ്മുടെ ആത്മീയഭവനം ശുദ്ധീകരിക്കേണ്ടത് എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ആയതിനാല്‍, നമ്മുടെ ആത്മീയഭവനമായ സഭയെ കറയോ കളങ്കമോ ഇല്ലാതെ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ നാം പരിശോധിക്കുകയാണ്.

ശുദ്ധീകരണത്തിന്റെ അനിവാര്യതയെക്കുറിച്ചുതന്നെ ആദ്യം പരിശോധിക്കാം. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്"(എഫേ: 5; 26, 27). പരിശുദ്ധ കത്തോലിക്കാസഭ എന്ന് നാം നമ്മുടെ സഭയെ വിശേഷിപ്പിക്കുമ്പോള്‍ അത് പരിശുദ്ധമാകുന്നത് ഓരോ അംഗങ്ങളുടെയും വ്യക്തിപരമായ പരിശുദ്ധിയിലൂടെയാണെന്നു നാം ഗ്രഹിക്കണം. ഓരോ വിശ്വാസികളും ചേരുന്നതാണ് സഭ എന്നതുകൊണ്ടുതന്നെയാണ് വ്യക്തിപരമായ പരിശുദ്ധി അനിവാര്യമാകുന്നത്. മനുഷ്യനു സാധിക്കാത്ത കാര്യങ്ങളൊന്നും യേഹ്ശുവാ ഉപദേശിച്ചിട്ടില്ല. അവിടുത്തെ ഉപദേശം നോക്കുക: "അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍"(മത്താ: 5; 48). മനുഷ്യനു സാധിക്കും എന്നതുകൊണ്ടുതന്നെയാണ് അവിടുന്ന് ഈ ഉപദേശം നല്‍കിയിരിക്കുന്നത്. മനുഷ്യനായി ജീവിച്ചുകൊണ്ട് അവിടുന്ന് ഇക്കാര്യം നമുക്കു മുന്‍പില്‍ തെളിയിച്ചിട്ടുമുണ്ട്.

സഭയെ എങ്ങനെ യേഹ്ശുവാ വിശുദ്ധീകരിച്ചുവോ, ആ വിശുദ്ധി ഇന്ന് സഭയിലുണ്ടോ എന്ന പരിശോധന എപ്പോഴും ആവശ്യമാണ്‌. ജലത്താലുള്ള ശുദ്ധീകരണത്തിലൂടെയാണ് ഒരുവന്‍ സഭയുടെ ഭാഗമാകുന്നതെന്നു നമുക്കറിയാം. ജലത്താല്‍ സ്നാനമേറ്റ് സഭയുടെ ഭാഗമാകുന്ന ഒരുവന്‍ വചനത്താല്‍ വെണ്മയുള്ളവനാകണം. വചനത്താല്‍ വെണ്മയുള്ളവനാകാനുള്ള സാഹചര്യം ഇല്ലാതായതാണ് സഭ അശുദ്ധമായത്തിന്റെ പ്രഥമവും പ്രധാനവുമായ കാരണം. വചനത്തെ ഉപേക്ഷിച്ച് മറ്റുചില പഠനങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും ശ്രദ്ധതിരിഞ്ഞപ്പോള്‍ വെണ്മയില്ലാത്ത അവസ്ഥ സംജാതമായി. സഭയില്‍ കറയും ചുളിവുമുണ്ടായത് ഇങ്ങനെയാണ്! കറയും ചുളിവും ഇല്ലാത്തപ്പോള്‍ മാത്രമാണ് സഭ കളങ്കരഹിതയും പരിശുദ്ധയുമായി ഇരിക്കുകയുള്ളു. അപ്പോഴാണ്‌ ക്രിസ്തുവിന് പ്രതിഷ്ഠിക്കാന്‍ തക്കവിധം യോഗ്യത കൈവരുന്നത്. അങ്ങനെയെങ്കില്‍, സഭയെ ഗ്രസിച്ചിരിക്കുന്ന മലിനതയുടെ മൂലകാരണം, വചനത്താല്‍ വെണ്മയുള്ളതാക്കുന്നില്ല എന്നതുതന്നെ. ജലത്താല്‍ കഴുകി എന്നകാര്യത്തില്‍ തര്‍ക്കമില്ല; എന്നാല്‍, വചനത്താല്‍ വെണ്മയുള്ളതാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇത് മനോവയുടെ യുക്തിയില്‍ ഉരുത്തിരിഞ്ഞ കാര്യമല്ല; മറിച്ച്, ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലാണ്!

ജലത്താല്‍ കഴുകപ്പെട്ടവനായി സഭയില്‍ കടന്നുവരുന്ന ഒരുവന്‍ വെണ്മയുള്ളവനായി നിലനില്‍ക്കുന്നത് വചനത്താലാണ്. എന്നാല്‍, വചനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട സഭകളാണ് ആഗോളതലത്തില്‍ ഇന്നുള്ളത്. അതുകൊണ്ടുതന്നെ, ക്രിസ്തു വിഭാവനംചെയ്ത രീതിയില്‍ ഈ സഭകള്‍ പൂര്‍ണ്ണതയിലല്ല. അതായത്, ജലത്താല്‍ ശുദ്ധീകരിക്കപ്പെട്ടതുകൊണ്ടു മാത്രമല്ല, വചനത്താല്‍ വെണ്മയുള്ളതായിരിക്കുകയും ചെയ്യുമ്പോഴാണ് പൂര്‍ണ്ണത പ്രാപിക്കുന്നത്. വചനം ഉള്ളിടത്തു മാത്രമേ പരിശുദ്ധാത്മാവ് കടന്നുവരികയുള്ളു എന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. വചനത്താല്‍ വെണ്മയുള്ളതായി മാറിയ സഭയെ നയിക്കാന്‍ പരിശുദ്ധാത്മാവ് തയ്യാറാകും. അല്ലാത്തപക്ഷം, പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നതെന്ന പ്രഖ്യാപനംപോലും അര്‍ത്ഥശൂന്യമാണ്! ഇതുവരെ നാം പരിശോധിച്ച വിഷയത്തെ ഇപ്രകാരം ചുരുക്കിയെഴുതാം: പാപമോചനത്തിനായി ഒരുവന്‍ ജലത്താല്‍ സ്നാനപ്പെടുമ്പോള്‍ അവന്‍ സഭയില്‍ ചേര്‍ക്കപ്പെടുന്നു. ഇപ്രകാരം വിശുദ്ധീകരിക്കപ്പെട്ട് സഭയില്‍ കടന്നുവരുന്ന ഒരുവന്റെ വിശുദ്ധി നിലനില്‍ക്കുന്നത് വചനത്താലാണ്. ജലത്താല്‍ സ്നാനമേറ്റവന്‍ വചനത്താല്‍ തന്റെ വിശുദ്ധി നിലനിര്‍ത്തുമ്പോള്‍ അവനില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു. ഇതാണ് ജലത്താലും ആത്മാവിനാലും സ്നാനമേല്‍ക്കുന്ന ഒരുവന്റെ അവസ്ഥ! ജലവും വചനവും ആത്മാവും ഉണ്ടെങ്കില്‍ മാത്രമാണ് സഭ ഒന്നാകെ വെണ്മയുള്ളതായി നിലനില്‍ക്കുകയുള്ളു.

ജലത്താല്‍ കഴുകുകയും വചനത്താല്‍ വെണ്മയുള്ളതാക്കുകയും ചെയ്യുന്ന പ്രക്രിയകളെ സംബന്ധിച്ച് അല്പംകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജലത്താല്‍ കഴുകുക എന്നത് ജലസ്നാനം നല്‍കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നതെന്ന് നാം കണ്ടു. യേഹ്ശുവാ അവിടുത്തെ സഭ സ്ഥാപിച്ചപ്പോള്‍ ജലത്താല്‍ കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി എന്നതിന്റെ സ്ഥിരീകരണം ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. അവിടുന്ന് തന്റെ സഭ സ്ഥാപിച്ചപ്പോള്‍ പന്ത്രണ്ട് അപ്പസ്തോലന്മാരായിരുന്നു സഭയിലെ അംഗങ്ങള്‍! യേഹ്ശുവാ നേരിട്ട് സ്നാനം നല്‍കിയത് ഈ അപ്പസ്തോലന്മാര്‍ക്കു മാത്രമാണെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്‌നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി യേഹ്ശുവാ അറിഞ്ഞു. വാസ്തവത്തില്‍, ശിഷ്യന്‍മാരല്ലാതെ യേഹ്ശുവാ നേരിട്ട് ആരെയും സ്‌നാനപ്പെടുത്തിയില്ല"(യോഹ: 4; 1, 2). ശിഷ്യന്മാരെ മാത്രമാണ് യേഹ്ശുവാ സ്നാനപ്പെടുത്തിയതെന്ന് ഇവിടെ സ്ഥിരീകരിക്കുന്നു. അതായത്, ക്രിസ്തു സ്ഥാപിച്ച സഭയെ അവിടുന്ന് ജലത്താല്‍ കഴുകി! വചനത്താല്‍ വെണ്മയുള്ളതാക്കിയതും യേഹ്ശുവാതന്നെയാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.

മൂന്നുവര്‍ഷം ശിഷ്യന്മാരോടുകൂടെ രാവും പകലും ജീവിച്ച് അവരെ യേഹ്ശുവാ വചനം അറിയിച്ചു. ഈ വചനം മറ്റുള്ളവരെ അറിയിക്കാന്‍ ആഹ്വാനം ചെയ്തിട്ടാണ് അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയത്. ജലത്താല്‍ കഴുകുക, വചനത്താല്‍ വെണ്മയുള്ളതാക്കുക എന്നീ ചുമതലകള്‍ ശിഷ്യന്മാരെ അവിടുന്ന് ഭരമേല്പിച്ചു. അതായത്, യേഹ്ശുവാ ആരംഭിച്ച പ്രക്രിയകള്‍ യുഗാന്തംവരെ തുടരാനുള്ള ആഹ്വാനമാണ് അവിടുന്ന് നടത്തിയത്. യേഹ്ശുവായുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). യേഹ്ശുവാ ആരംഭിച്ച മൂന്നുകാര്യങ്ങള്‍ തുടര്‍ന്നും ചെയ്യാനുള്ള ഉത്തരവാദിത്വമാണ് അവിടുത്തെ ശിഷ്യസമൂഹമായ സഭയെ ഭരമേല്പിച്ചത്. ശിഷ്യപ്പെടുത്തുക! സ്നാനപ്പെടുത്തുക! യേഹ്ശുവാ കല്പിച്ചവ (വചനം) അനുസരിക്കാന്‍ പഠിപ്പിക്കുക! അതായത്, ജലംകൊണ്ടു കഴുകല്‍, വചനത്താല്‍ വെണ്മയുള്ളതാക്കല്‍, ശിഷ്യപ്പെടുത്തല്‍ എന്നീ ദൗത്യങ്ങള്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സമൂഹമാണ് കത്തോലിക്കാസഭ! എന്നാല്‍, ഇന്ന് സഭയില്‍ ഇല്ലാത്തതും ഈ മൂന്നു കാര്യങ്ങളാണ്.

പരമ്പരാഗത വിശ്വാസികളുടെ മക്കള്‍ക്കല്ലാതെ, ഈ ലോകത്തു ജീവിക്കുന്ന മറ്റൊരു ജനതയ്ക്കും ഇന്ന് കത്തോലിക്കാസഭ ജ്ഞാനസ്നാനം നല്‍കുന്നില്ല. മാത്രവുമല്ല, നിത്യജീവന്‍ അവകാശമാക്കാന്‍ ദൈവത്തില്‍ വിശ്വസിക്കുകയോ ക്രിസ്ത്യാനിയാകുകയോ വേണ്ടെന്നു വിളിച്ചുപറയുന്ന ശുംഭന്മാരും ആചാര്യന്മാരുടെ ഗണത്തിലുണ്ട്. പത്രോസിന്റെ പദവിയില്‍ ഇരുന്നുകൊണ്ടാണ് ഇത്തരം പൈശാചിക പ്രഖ്യാപനങ്ങള്‍ ഇവര്‍ നടത്തുന്നത്. ജലംകൊണ്ടു കഴുകപ്പെടാതെ ആരുടേയും പാപങ്ങള്‍ മോചിക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഭൂമിയിലുള്ള സകല ജനതകളുടെയും പാപങ്ങള്‍ക്ക് പരിഹാരമായിട്ടാണ്‌ യേഹ്ശുവാ തന്റെ ശരീരവും രക്തവും ബലിയായി അര്‍പ്പിച്ചത്. ആര്‍ക്കും സൗജന്യമായി ഈ രക്ഷ സ്വീകരിക്കണമെങ്കില്‍, ജലംകൊണ്ടു കഴുകപ്പെടാതെ അത് സാധ്യമല്ല. രക്ഷപ്രാപിക്കാന്‍ എന്താണു ചെയ്യേണ്ടതെന്നു ജനങ്ങള്‍ ചോദിച്ചപ്പോള്‍ പ്രഥമ മാര്‍പ്പാപ്പ ഇപ്രകാരം വിളിച്ചുപറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും ക്രിസ്തു യേഹ്ശുവായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും"(അപ്പ. പ്രവര്‍: 2; 38). പാപമോചനത്തിന് ജ്ഞാനസ്നാനം അനിവാര്യമായാതുകൊണ്ടുതന്നെയാണ് അതു നല്‍കാന്‍ അപ്പസ്തോലന്മാരെ യേഹ്ശുവാ ചുമതലപ്പെടുത്തിയത്.

ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുത്; നല്ല മനുഷ്യരാകാന്‍ പറഞ്ഞാല്‍ മതിയെന്ന് ഫ്രാന്‍സീസ് പറയുന്നു. നാം അനുസരിക്കേണ്ടത് ദൈവത്തെയോ മനുഷ്യനെയോ എന്ന് ഓരോരുത്തരും തീരുമാനിക്കുക. ദൗത്യത്തില്‍നിന്നു വ്യതിചലിച്ച ഒരു സംഘത്തോടൊപ്പം യേഹ്ശുവായും അവിടുത്തെ പരിശുദ്ധാത്മാവും ഉണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അത് ഒരു പാഴ്കിനാവായി പരിഗണിച്ചാല്‍ മതി. ക്രിസ്തുവിലൂടെ രക്ഷപ്രാപിക്കാനുള്ള അവകാശം വിജാതിയര്‍ക്കുണ്ട്. കോടാനുകോടി മനുഷ്യരുടെ ഈ അവകാശത്തെയാണ് ചില പൈശാചികശക്തികള്‍ നിഷേധിക്കുന്നത്. അതായത്, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ജലംകൊണ്ടു കഴുകുന്ന പ്രക്രിയ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ നിര്‍ത്തലാക്കി. വചനം പഠിപ്പിക്കുന്നത് നിര്‍ത്തലാക്കിയതും ഈ കാലഘട്ടത്തിലാണ്. വചനത്തിനു പകരം ദൈവജനത്തെ പഠിപ്പിക്കാന്‍ പുതിയ രണ്ടു കൊച്ചുപുസ്തകങ്ങള്‍ എഴുതിയുണ്ടാക്കുകയും ചെയ്തു! CCC, യൂക്കാറ്റ് എന്നീ പൈശാചിക ഗ്രന്ഥങ്ങളാണ് ബൈബിളിനു ബദലായി സൃഷ്ടിച്ചത്! യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരെ പഠിപ്പിച്ചത് ഈ അബദ്ധസിദ്ധാന്തങ്ങള്‍ ആയിരുന്നില്ല. മോശയുടെ നിയമങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ വ്യാഖ്യാനിക്കുകയാണ് അവിടുന്ന് ചെയ്തത്. അതുതന്നെയാണ് യുഗാന്തംവരെ തുടരാന്‍ ആഹ്വാനം ചെയ്ത അവിടുത്തെ കല്പനകള്‍!

ഇത് യാക്കോബിന്റെ സന്തതികളായ ഇസ്രായേലില്‍ ആരംഭിച്ച്, ക്രിസ്തുവിന്റെ സഭയായ ക്രിസ്തീയതയില്‍ തുടരുന്ന അലംഘനീയമായ നിയമമാണെന്നു തിരിച്ചറിയുക. മോശയിലൂടെയാണ് യാക്കോബിന്റെ മക്കള്‍ക്ക് നിയമം ലഭിച്ചത്. ആ നിയമപ്രകാരം മുന്നോട്ടുപോയപ്പോള്‍ മാത്രമാണ് അവരുടെ മദ്ധ്യത്തില്‍ ദൈവമായ യാഹ്‌വെ വ്യാപരിച്ചത്. അതുപോലെതന്നെ, ക്രിസ്തുവിന്റെ സഭയില്‍ പരിശുദ്ധാത്മാവ് വ്യാപരിക്കണമെങ്കില്‍, മോശയിലൂടെ നല്‍കപ്പെട്ടതും യേഹ്ശുവാ അംഗീകാര മുദ്രചാര്‍ത്തിയതുമായ നിയമത്തോടു ചേര്‍ത്തുവയ്ക്കപ്പെട്ട വചനം സഭയില്‍ ഉണ്ടായിരിക്കണം. വചനമില്ലാത്ത സഭയില്‍ പരിശുദ്ധാത്മാവ് വ്യാപരിക്കാത്തതു നിമിത്തം അത് നശിപ്പിക്കപ്പെടാനുള്ള വെറും വസ്തുവായി മാറുന്നു. യാക്കോബിന്റെ മക്കള്‍ എപ്പോഴെല്ലാം ചിതറിക്കപ്പെട്ടിട്ടുണ്ടോ, അപ്പോഴെല്ലാം ഈ അടയാളം അവരില്‍ ദൃശ്യമായിട്ടുണ്ട്. കത്തോലിക്കാസഭയില്‍ കുറേക്കാലമായി വചനമില്ല എന്നത് ഭയത്തോടെ ചിന്തിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാ വചനസത്യങ്ങളെയും യുക്തിയുടെ അടിസ്ഥാനത്തില്‍ അവഗണിക്കുകയും, അതിനു പകരം വചനവിരുദ്ധമായ നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിഗ്രഹങ്ങളും അന്യദേവാരാധനയും മൂലമാണ് യാക്കോബിന്റെ മക്കളുടെ മദ്ധ്യത്തില്‍നിന്നു ദൈവം അകന്നുപോയതെന്നു നമുക്കറിയാം. അതേ കാരണത്താല്‍ത്തന്നെ, പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കത്തോലിക്കാസഭയില്‍നിന്നും അകന്നുപോയി.

വിഗ്രഹാരധകര്‍ക്ക് മഹത്വം നല്‍കുകയും, അത്തരം ആരാധനയിലൂടെയും നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നിമിഷത്തില്‍ത്തന്നെ പരിശുദ്ധാത്മാവ് സഭയില്‍നിന്നു വിട്ടുപോയി! വഴിപിഴച്ച മതബോധനത്തെ ഉപേക്ഷിക്കുകയും സത്യവചനത്തില്‍ വ്യാപരിക്കാന്‍ സഭ തയ്യാറാകുകയും ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവ് സഭയിലേക്ക് മടങ്ങിവരും. എന്നാല്‍, അതിന് ശുദ്ധീകരണം അനിവാര്യമാണ്! ആധുനിക ഇസ്രായേലായ കത്തോലിക്കാസഭയുടെ ശുദ്ധീകരണത്തിന് മാതൃകയാക്കേണ്ടത് പ്രവാചകകാലത്തെ ഇസ്രായേലിനെ തന്നെയായിരിക്കണം. യാക്കോബിന്റെ മക്കളെ തിരഞ്ഞെടുത്ത് തന്റെ സ്വന്തം ജനമാക്കിയ സൈന്യങ്ങളുടെ ദൈവം അവര്‍ക്ക് നിയമങ്ങളും ചട്ടങ്ങളും നല്‍കി. ഈ നിയമങ്ങളെയും ചട്ടങ്ങളെയും മുറുകെപ്പിടിച്ചപ്പോഴെല്ലാം അവിടുന്ന് ആ ജനത്തോടൊപ്പം സഞ്ചരിച്ചു. മോശവഴി നല്‍കിയ നിയമങ്ങളില്‍നിന്ന് അവിടുത്തെ ജനമായ ഇസ്രായേല്‍ വ്യതിചലിച്ചപ്പോള്‍ അവിടുന്ന് പ്രവാചകന്മാരിലൂടെ അവര്‍ക്ക് താക്കീതുകള്‍ നല്‍കി. ഇക്കാര്യങ്ങളെല്ലാം കത്തോലിക്കാസഭയ്ക്കും ബാധകമാണ്. ക്രിസ്തുവിന്റെ വചനത്തില്‍നിന്നു കത്തോലിക്കാസഭ വ്യതിചലിക്കുമ്പോള്‍, ഈ വ്യതിചലനത്തെക്കുറിച്ചു താക്കീതുകള്‍ നല്‍കാന്‍ അവിടുന്ന് അയയ്ക്കുന്ന പ്രവാചകന്മാരെ കേള്‍ക്കാനോ സ്വയം തിരുത്താനോ കത്തോലിക്കാസഭ തയ്യാറാകുന്നില്ല. ഇതുതന്നെയാണ് ആദിമ ഇസ്രായേലിനും സംഭവിച്ച ദുരന്തം.

പ്രവാചകന്മാരുടെ താക്കീതുകള്‍ ശ്രവിക്കാന്‍ രാജാക്കന്മാരും പുരോഹിതരും തയ്യാറായിരുന്നെങ്കില്‍ ഇസ്രായേലിന്റെമേല്‍ ഭീകരമായ ദുരന്തങ്ങള്‍ വന്നുഭവിക്കുമായിരുന്നില്ല. തെറ്റുകള്‍ വിളിച്ചുപറഞ്ഞ പ്രവാചകന്മാരെ ദൈവനിഷേധികളായി മുദ്രകുത്തി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത ചരിത്രം ആദിമ ഇസ്രായേലിനുണ്ട്. ആധുനിക ഇസ്രായേലിലെ ആചാര്യന്മാരും പിന്തുടരുന്നത് പഴയ ആചാര്യന്മാരുടെ ദുര്‍മ്മാര്‍ഗ്ഗം തന്നെയാണെന്നു നാം തിരിച്ചറിയണം. എല്ലാ ദുരന്തങ്ങളും ദൈവഹിതമാണെന്ന് പ്രഖ്യാപിച്ചു പ്രാര്‍ത്ഥനകളുമായി മുന്നോട്ടുപോകുന്ന അന്ധരായ അനുയായികള്‍ അന്നുള്ളതുപോലെ ഇന്നുമുണ്ടെന്നത് ദുരന്തത്തിന്റെ ആഘാതം പതിന്മടങ്ങ്‌ ശക്തിയുള്ളതാക്കുന്നു. എന്താണ് യഥാര്‍ത്ഥ ദൈവഹിതം എന്ന് ശ്രദ്ധിക്കുക: "ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട്‌ അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട്‌ അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക"(ഏശയ്യാ: 58; 1). പാപങ്ങള്‍ മൂടിവയ്ക്കുന്നതും രഹസ്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നതുമാണ്‌ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്ക് പ്രിയങ്കരമായ നടപടിക്രമം! എന്നാല്‍, തെറ്റുകള്‍ വിളിച്ചുപറയുക മാത്രമായിരുന്നില്ല പ്രവാചകന്മാര്‍ ചെയ്തത്; മറിച്ച്, തെറ്റുകള്‍ വിളിച്ചുപറയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകകൂടി ചെയ്തു. ഇതാണ് ശുദ്ധീകരണ പ്രക്രിയയുടെ ആദ്യത്തെ പടി! ഇസ്രായേല്‍ ജനത്തെ നയിച്ച രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും തെറ്റുകള്‍ മുഖത്തുനോക്കി വിളിച്ചുപറയാന്‍ പ്രവാചകന്മാര്‍ മടിച്ചില്ല. സ്നാപകയോഹന്നാന്‍ വരെയുള്ള സകല പ്രവാചകന്മാരും ഇതുതന്നെയാണു ചെയ്തത്.

ഇസ്രായേല്‍ ജനത്തെ ഗ്രസിച്ച എല്ലാ മ്ലേച്ഛതകളും വിളിച്ചുപറയുകയെന്നതാണ് പ്രവാചക ദൗത്യം. സഹോദരന്റെ ഭാര്യയുമായി അവിതവേഴ്ചയില്‍ ജീവിച്ച ഹേറോദേസ് രാജാവിനെ ചോദ്യംചെയ്തതു മൂലമാണ് സ്നാപകയോഹന്നാന്‍ ശിരച്ഛേദം ചെയ്യപ്പെട്ടത്. ഓരോ പ്രവാചകന്മാരും അയയ്ക്കപ്പെട്ടത് രാജാക്കന്മാരെയും പുരോഹിതരെയും ജനത്തെയും തിരുത്താനായിരുന്നു. ചില പ്രവാചകന്മാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായതുമൂലം ശിക്ഷ പിന്‍വലിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. യോനാപ്രവാചകന്റെ വാക്കുകള്‍ ശ്രവിച്ച നിനവേ നിവാസികള്‍ പശ്ചാത്തപിച്ചതിന്റെ ഫലമായി ആ ദേശത്തേക്ക് അയയ്ക്കാനിരുന്ന മഹാമാരി ദൈവം പിന്‍വലിച്ചു. ദൈവജനത്തിനുമേല്‍ ദുരന്തം വരുത്തിവയ്ക്കുന്ന രീതിയില്‍ അവരെ വിഗ്രഹങ്ങളിലേക്കു നയിച്ച പുരോഹിതന്മാര്‍ക്ക് താക്കീതുമായി പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടിട്ടുണ്ട്. മലാക്കി പ്രവാചകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌. എന്നാല്‍, നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 7-9). ആദിമ ഇസ്രായേലിലെ പുരോഹിതര്‍ക്കെതിരേ മലാക്കി പ്രവാചകന്‍ നടത്തിയ പ്രവചനമാണിത്. ആധുനിക ഇസ്രായേലിലെ വൈദീകരോടുള്ള പ്രവചനമായിരുന്നു ഇതെന്ന് തിരിച്ചറിയാന്‍ വര്‍ത്തമാനകാല അവസ്ഥകള്‍ നിരീക്ഷിച്ചാല്‍ മതിയാകും!

ക്രിസ്തുവിനു മുന്‍പുണ്ടായിരുന്ന പുരോഹിതരോടായി അറിയിച്ച പ്രവചനങ്ങളെല്ലാം ക്രിസ്തീയതയില്‍ വരാനിരിക്കുന്ന വൈദീകരെ സംബന്ധിച്ചുള്ളതുകൂടി ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്രിസ്തുവിനുശേഷം അഞ്ഞൂറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ക്രിസ്തീയതയില്‍ വൈദീകസമൂഹം ഉണ്ടായത്. വിശ്വാസികളുടെമേല്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് ഈ സമൂഹം രൂപീകരിക്കപ്പെട്ടതെങ്കിലും, ആദ്യകാലത്ത് ഇവര്‍ വിശ്വാസികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. സഭയില്‍ ഭൗതികസമ്പത്ത് കുമിഞ്ഞുകൂടിയപ്പോഴാണ് വൈദീകര്‍ വിശ്വാസികളില്‍നിന്ന് അകലാന്‍ തുടങ്ങിയത്. ആ അകല്‍ച്ച ഇന്ന് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നു! സഭയില്‍ അധികാരികളായി വൈദീകരെ ചുമതലപ്പെടുത്തിയിട്ടില്ല എന്ന സത്യം മനസ്സിലാക്കാത്ത വിശ്വാസികള്‍ ഇന്ന് ഇവരുടെ അടിമകളായി ജീവിക്കുകയാണ്. ആദിമസഭയില്‍ വൈദീകര്‍ എന്നൊരു വിഭാഗം ഉണ്ടായിരുന്നില്ല എന്ന വസ്തുത വിശ്വാസികളില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, അഞ്ചാംശതകത്തില്‍ രൂപീകൃതമായ വൈദീകസമൂഹം സഭയുടെ ശുശ്രൂഷകര്‍ മാത്രമായിരുന്നു. കാലക്രമത്തില്‍ ഇവര്‍ സഭയുടെമേല്‍ അധികാരം സ്ഥാപിക്കുകയും വിശ്വാസികളെ അടക്കിവാഴുകയും ചെയ്തു. ഇതിന്റെയെല്ലാം പരിണിതഫലമായി കത്തോലിക്കാസഭയില്‍ രണ്ടു വിഭാഗങ്ങള്‍ രൂപപ്പെട്ടു!

ഇത് ആധുനിക ഇസ്രായേലിനു മാത്രം സംഭവിച്ച ദുരന്തമായിരുന്നില്ല. മറിച്ച്, ആദിമ ഇസ്രായേലിലും ഈ അവസ്ഥ സംജാതമായിട്ടുണ്ട്. മോശയുടെ കാലംതൊട്ടാണ് ഇസ്രായേല്‍ ജനത്തിനു നേതാക്കന്മാരും പുരോഹിതരും നിശ്ചയിക്കപ്പെട്ടത്. മോശായായിരുന്നു അവരുടെ ആദ്യത്തെ ജനനേതാവ്! ദൈവമായ യാഹ്‌വെയുടെ നിര്‍ദ്ദേശപ്രകാരം അഹറോനെയും അവന്റെ മക്കളെയും പുരോഹിതരായി അഭിഷേകം ചെയ്തത് മോശയാണ്. ജനത്തിനുവേണ്ടി യാഹ്‌വെയുടെ സന്നിധിയില്‍ ബലിയര്‍പ്പിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമാണ് പുരോഹിതന്മാര്‍ നിയുക്തരായത്. ദൈവത്തോട് ആലോചനകള്‍ നടത്താനുള്ള ചുമതലയും പുരോഹിതര്‍ക്കു നല്‍കപ്പെട്ടു. രോഗങ്ങള്‍മൂലം ജനത്തിന്റെയിടയില്‍നിന്നു മാറി ജീവിക്കേണ്ടിവരുന്ന വ്യക്തികള്‍ക്ക് അവരുടെ രോഗങ്ങള്‍ സൗഖ്യപ്പെട്ടാല്‍, അത് സാക്ഷ്യപ്പെടുത്താനുള്ള അധികാരം പുരോഹിതനുണ്ടായിരുന്നു. വ്യക്തികളിലും ഭവനങ്ങളിലും ബാധിച്ചിരിക്കുന്ന അശുദ്ധി നിരീക്ഷിച്ച് സാക്ഷ്യപ്പെടുത്തുന്നതും പുരോഹിതനാണ്. ഈ നിയമം ശ്രദ്ധിക്കുക: "കുഷ്ഠം ബാധിക്കുന്നവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോകണം. പുരോഹിതന്‍ അവനെ പരിശോധിക്കണം. ശരീരത്തിലെ തടിപ്പും ആ ഭാഗത്തെ രോമവും വെളുത്തിരിക്കുകയും അതില്‍ ചലം നിറഞ്ഞിരിക്കുകയും ചെയ്‌താല്‍, അത് പഴകിയ കുഷ്ഠമാണ്. അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം"(ലേവ്യര്‍: 13; 9-11).

ഇത്തരത്തിലുള്ള അനേകം ചുമതലകള്‍ പുരോഹിതനുണ്ടായിരുന്നുവെങ്കിലും, ജനത്തെ നയിക്കാനോ ഭരിക്കാനോ ഇവര്‍ക്ക് അധികാരമില്ല. ജനത്തെ നയിക്കുന്നതിനായി, ഓരോ കാലത്തും ഓരോരോ സംവീധാനങ്ങള്‍ ദൈവം ഏര്‍പ്പെടുത്തിയിരുന്നു. മോശയും ജോഷ്വായും ജനനേതാക്കളാരുന്നുവെങ്കില്‍, പിന്നീട് ജനത്തിന്റെ നേതൃത്വം ഭരമേല്പിക്കപ്പെട്ടത് ന്യായാധിപന്മാരിലാണ്. ന്യായാധിപന്മാരുടെ കാലഘട്ടത്തിനുശേഷമാണ് രാജാക്കന്മാര്‍ അഭിഷേകം ചെയ്യപ്പെട്ടത്. ഇക്കാലങ്ങളിലെല്ലാം പുരോഹിതന്മാര്‍ തങ്ങളുടെ ശുശ്രൂഷകള്‍ ചെയ്തുപോന്നു. ഇസ്രായേല്‍ജനം ബാല്‍ദേവന്മാരെ സേവിച്ച് യാഹ്‌വെയുടെ മുമ്പില്‍ തിന്മചെയ്തപ്പോഴാണ് അവര്‍ക്കുവേണ്ടി അവിടുന്ന് ന്യായാധിപന്മാരെ നിയമിച്ചത്. എന്തെന്നാല്‍, നേതാക്കന്മാരുടെ അഭാവത്തില്‍ ഇസ്രായേല്‍ജനം വലിയ തിന്മകളിലേക്ക് വ്യതിചലിക്കുകയും അതുവഴി ശിക്ഷിക്കപ്പെടുകയും ചെയ്തു.

ഇസ്രായേല്‍ ജനത്തിന്റെയിടയില്‍ അന്യജനതകള്‍ പാര്‍ത്താല്‍, മോശവഴി നല്‍കിയ നിയമങ്ങള്‍ ഉപേക്ഷിച്ച് അവരുടെ ദേവന്മാരെ സേവിക്കുമോ എന്നറിയാന്‍ ദൈവം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "കാനാനിലെ യുദ്ധങ്ങളില്‍ പങ്കെടുത്ത് പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്ഷിക്കാന്‍വേണ്ടി യാഹ്‌വെ കുറെ ജനതകളെ ശേഷിപ്പിച്ചു. ഇസ്രായേല്‍ തലമുറകളെ യുദ്ധമുറ അഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്ധാനുഭവമുണ്ടായിട്ടില്ലാത്തവരെ യുദ്ധം പഠിപ്പിക്കാനും വേണ്ടിയാണിത്. ആ ജനതകള്‍ ഇവരാണ്: ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്‍മാര്‍, കാനാന്യര്‍, സിദോന്യര്‍, ബാല്‍ഹെര്‍മ്മോന്‍മല മുതല്‍ ഹമാത്തിന്റെ പ്രവേശനകവാടം വരെയുള്ള ലബനോന്‍ മലയില്‍ താമസിച്ചിരുന്ന ഹിവ്യര്‍. മോശവഴി യാഹ്‌വെ തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ കല്പനകള്‍ ഇസ്രായേല്‍ക്കാര്‍ അനുസരിക്കുമോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇവരെ അവശേഷിപ്പിച്ചത്. അങ്ങനെ ഇസ്രായേല്‍ജനം കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയില്‍ ജീവിച്ചു. അവരുടെ പുത്രിമാരെ ഇസ്രായേല്‍ക്കാര്‍ വിവാഹം ചെയ്തു; തങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. ഇസ്രായേല്‍ക്കാര്‍ അവരുടെ ദേവന്മാരെ സേവിക്കുകയും ചെയ്തു. തങ്ങളുടെ ദൈവമായ യാഹ്‌വെയെ മറന്ന് ബാല്‍ദേവന്മാരെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചുകൊണ്ട് ഇസ്രായേല്‍ യാഹ്‌വെയുടെ മുന്‍പാകെ തിന്മ പ്രവര്‍ത്തിച്ചു"(ന്യായാധിപന്മാര്‍: 3; 1-7).

പിന്നീട് എന്താണ് യാഹ്‌വെ അവരോടു ചെയ്തതെന്നു നോക്കുക: "അതിനാല്‍, യാഹ്‌വെയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്റിഷാത്തായിമിന്റെ കൈകളില്‍ ഏല്പിച്ചു. അവനെ അവര്‍ എട്ടുവര്‍ഷം സേവിച്ചു. ഇസ്രായേല്‍ജനം യാഹ്‌വെയോടു നിലവിളിച്ചു. കാലെബിന്റെ ഇളയ സഹോദരനായ കെനാസിന്റെ പുത്രന്‍ ഒത്ത്‌നിയേലിനെ യാഹ്‌വെ അവര്‍ക്കു വിമോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്തു. യാഹ്‌വെയുടെ ആത്മാവ് അവന്റെമേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ ന്യായവിധി നടത്തി"(ന്യായാധിപന്മാര്‍: 3; 8-10). ന്യായാധിപന്മാരെ നിയമിച്ചുവെങ്കിലും അവരെ അനുസരിക്കാത്ത കാലവും ഇസ്രായേലില്‍ ഉണ്ടായിരുന്നു. ഇസ്രായേല്‍ജനം എന്താണു ചെയ്തതെന്നു നോക്കുക: "അപ്പോള്‍ യാഹ്‌വെ ന്യായാധിപന്മാരെ നിയമിച്ചു. കവര്‍ച്ച ചെയ്തിരുന്നവരുടെ ആധിപത്യത്തില്‍നിന്ന് അവര്‍ അവരെ രക്ഷിച്ചു. എങ്കിലും ന്യായാധിപന്മാരെ അവര്‍ അനുസരിച്ചില്ല; പ്രത്യുത, അന്യദേവന്മാരുടെ പുറകേ പോയി അവരെ വന്ദിച്ചു. യാഹ്‌വെയുടെ കല്പനകള്‍ അനുസരിച്ചു ജീവിച്ച പിതാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്ന് അവര്‍ വേഗം വ്യതിചലിച്ചു"(ന്യായാധിപന്മാര്‍: 2; 16, 17). ഒരു വെളിപ്പെടുത്തക്കൂടി ശ്രദ്ധിക്കുക: "എന്നാല്‍, ന്യായാധിപന്‍ മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്മാരെ സേവിച്ചും നമസ്‌കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്ടിയും അവര്‍ ഉപേക്ഷിച്ചില്ല. യാഹ്‌വെയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നു പറഞ്ഞു: ഈ ജനം അവരുടെ പിതാക്കന്‍മാരോടു ഞാന്‍ ചെയ്ത ഉടമ്പടി ലംഘിച്ചിരിക്കുന്നു; എന്റെ വാക്കുകള്‍ അവര്‍ അനുസരിച്ചില്ല. അതിനാല്‍, ജോഷ്വ മരിക്കുമ്പോള്‍ അവശേഷിച്ചിരുന്ന ജനതകളെ അവരുടെ മുന്‍പില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല. അങ്ങനെ തങ്ങളുടെ പിതാക്കന്മാരെപ്പോലെ യാഹ്‌വെയുടെ വഴികളില്‍ നടക്കാന്‍ അവര്‍ ശ്രദ്ധിക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്ഷിക്കണം"(ന്യായാധിപന്മാര്‍: 2; 19-22).

ദൈവം നടത്തിയ പരീക്ഷയില്‍ ഇസ്രായേല്‍ജനം വിജയിച്ചത് ചുരുക്കംചില കാലങ്ങളില്‍ മാത്രമാണ്. ദാവിദിന്റെ കാലത്ത് പൂര്‍ണ്ണമായും യാഹ്‌വെയുടെ നിയമങ്ങളില്‍ വ്യാപരിച്ചതുപോലെ, രണ്ടോമൂന്നോ രാജാക്കന്മാരുടെ കാലത്തു മാത്രമേ ഇസ്രായേല്‍ജനം വിശ്വസ്തതയില്‍ വ്യാപരിച്ചിട്ടുള്ളു. ആധുനിക ഇസ്രായേലിന്റെ കാര്യത്തിലും ഇതിന്റെ തനിയാവര്‍ത്തനമാണ് നാം കാണുന്നത്. വിജാതിയരുടെയിടയില്‍ അവരില്‍നിന്നു വേറിട്ട സംസ്കാരം സൂക്ഷിക്കാന്‍ ക്രിസ്ത്യാനിക്ക് സാധിക്കുന്നില്ല! ദൈവത്തിന്റെ മുമ്പില്‍ വിശ്വസ്തതയോടെ വ്യാപരിക്കുന്ന ചുരുക്കം ചിലര്‍ മാത്രമേ ഇന്നുള്ളു! ഇവര്‍ക്കാണെങ്കില്‍ സഭയില്‍ യാതൊരു സ്ഥാനവുമില്ലെന്നു മാത്രല്ല, ആചാര്യന്മാര്‍ക്കും അവരുടെ സ്തുതിപാടകര്‍ക്കും ഇവര്‍ അനഭിമതരുമാണ്.

ഇസ്രായേല്‍ജനത്തിനിടയില്‍ പുരോഹിതന്മാര്‍ക്ക് മാറ്റിവച്ചിരിക്കുന്ന ചുമതലകളെ സംബന്ധിച്ചാണ് നാം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ലേവ്യരുടെ പുസ്തകമാണ് പുരോഹിതരുടെ അവകാശങ്ങളെയും  ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ച് കൂടുതല്‍ വിവരണങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനത്തിനുമേല്‍ അധികാരം പ്രയോഗിക്കാനോ അവരെ ഭരിക്കാനോ ഉള്ള അധികാരം ഇവര്‍ക്കു നല്‍കിയിട്ടുള്ളതായി ബൈബിളില്‍ എവിടെയും പറയുന്നില്ല. ഉപജീവനത്തിനപ്പുറം സമ്പത്ത് ശേഖരിക്കാനോ ഭൂമി സ്വന്തമാക്കാനോ അനുവാദമില്ലാത്ത വിഭാഗമാണ്‌ പുരോഹിതര്‍. എന്നാല്‍, വിശ്വാസപരമായ കാര്യങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും  പരിശോധിച്ച് തീര്‍പ്പുകല്പിക്കാനുള്ള അധികാരം പുരോഹിതരില്‍ നിക്ഷിപ്തമാണ്. അതായത്, നിയമങ്ങളെയും ചട്ടങ്ങളെയും സംബന്ധിച്ചുള്ള അറിവിലും ജ്ഞാനത്തിലും പുരോഹിതര്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരാകണം. പുരോഹിതന്‍ തന്റെ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി. നിയമലംഘനങ്ങള്‍ കണ്ടെത്തി, മോശയുടെ നിയമപ്രകാരമുള്ള ശിക്ഷവിധിക്കാന്‍ പുരോഹിതന് അധികാരമുണ്ട്. നിയമം അറിയാത്തവന് നിയമലംഘനം കണ്ടെത്താന്‍ കഴിയില്ലല്ലോ! ഇത്തരത്തിലുള്ള ദുരവസ്ഥകള്‍ ആദിമ ഇസ്രായേലിലെ പുരോഹിതരെ ഗ്രസിച്ചിരുന്നു. പലപ്പോഴും ഇവര്‍ രാജാക്കന്മാരുടെ കുഴലൂത്തുകാരായി നിലകൊണ്ടു.

ന്യായാധിപന്മാര്‍ക്കുശേഷം ഇസ്രായേല്‍ജനത്തെ ഭരിക്കാന്‍ നിയുക്തരായത് രാജാക്കന്മാരായിരുന്നു. അധാര്‍മ്മികരും അന്യദേവാരാധകരുമായ ഭരണാധികാരികള്‍ ഇസ്രായേലിലും യൂദയായിലും ഭരണം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം അവരുടെ സ്തുതിപാടകരായി ആ തിന്മകളുടെ ഓഹരി പറ്റിയിരുന്നവരാണ് പുരോഹിതര്‍! ഇവര്‍ക്കുള്ള അനേകം നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒരു നിയമം നോക്കുക: "വിശുദ്ധവും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം. യാഹ്‌വെ മോശവഴി കല്പിച്ചിട്ടുള്ളവയെല്ലാം അനുഷ്ഠിക്കാന്‍ നിങ്ങള്‍ ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുകയും വേണം"(ലേവ്യര്‍: 10; 10, 11). ആദിമ ഇസ്രായേലിലെ പുരോഹിതരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് അവകാശപ്പെടുന്നവരാണ് (വാസ്തവത്തില്‍ അങ്ങനെയല്ലെങ്കില്‍പ്പോലും) ആധുനിക ഇസ്രായേലിലെ വൈദീകര്‍! ഇവര്‍ക്ക് മോശയുടെ നിയമങ്ങളിലുള്ള അറിവില്‍ എത്രത്തോളം അജ്ഞതയും അവഗണനയുമാണ്‌ പുലര്‍ത്തുന്നതെന്നു നമുക്കറിയാം. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പഠിപ്പിക്കാന്‍ ബാധ്യതയുള്ളവരാണ് ഇവര്‍! എന്തെന്നാല്‍, യേഹ്ശുവാ പഠിപ്പിച്ചതും മോശയുടെ നിയമംതന്നെയാണ്!

ആദിമ ഇസ്രായേലിന്റെ ഗോത്രത്തലവനായ ലേവിയുടെ തലമുറയിലെ എല്ലാവരും പുരോഹിതരായിരുന്നില്ല. ലേവിയുടെ വംശാവലിയില്‍ ജനിച്ച അഹറോന്റെ തലമുറയില്‍നിന്നുള്ള പുരുഷന്മാര്‍ മാത്രമാണ് പൗരോഹിത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍, ലേവിയുടെ ഗോത്രത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക് പൗരോഹിത്യ ശുശ്രൂഷ ഒഴികെ, ദൈവാലയത്തിലെ മറ്റു ശുശ്രൂഷകള്‍ ചെയ്യാന്‍ അവകാശമുണ്ട്. പുരോഹിതരുടെ സഹായികളും ദൈവാലയത്തിലെ വസ്തുവകകളുടെ മേല്‍നോട്ടക്കാരും 'ലേവായര്‍' എന്നു വിളിക്കപ്പെടുന്ന ഇവരാണ്. മറ്റു ഗോത്രങ്ങള്‍ക്ക് ഈ അവകാശമില്ല. വളരെ ഗൗരവകരമായ ഒരു യാഥാര്‍ത്ഥ്യം ഇവിടെ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. അത് എന്താണെന്നു വ്യക്തമാക്കുന്നതിനു മുന്‍പ് ഈ നിയമം ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ലേവിഗോത്രത്തെ കൊണ്ടുവന്ന് അഹറോന്റെ ശുശ്രൂഷയ്ക്കു നിയോഗിക്കുക. അവര്‍ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം സമാഗമകൂടാരത്തിനു മുമ്പില്‍ അഹറോനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കട്ടെ. സമാഗമകൂടാരത്തിലെ വസ്തുക്കളുടെ മേല്‍നോട്ടവും അവര്‍ക്കുള്ളതായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ജനത്തിനും അവര്‍ സേവനം ചെയ്യണം"(സംഖ്യ: 3; 5-8). ദൈവാലയത്തിലെ വസ്തുക്കളുടെ മേല്‍നോട്ടക്കാര്‍ ലേവായരാണ്; പുരോഹിതര്‍ക്ക് അവയുടെമേല്‍ ചുമതലകള്‍ ഒന്നുമില്ല! ഇന്നത്തെ വൈദീകര്‍ക്ക് മോശയുടെ നിയമങ്ങളില്‍ കാതലായതോന്നും സ്വീകാര്യമല്ലെങ്കിലും, അഹറോന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് പറയാന്‍ മോശയുടെ നിയമങ്ങള്‍ വളച്ചൊടിക്കുന്നു. അഹറോന്റെ ക്രമപ്രകാരമുള്ള പുരോഹിത ശുശ്രൂഷയുടെ പൂര്‍ത്തീകരണം കാല്‍വരി കുരിശില്‍ സംഭവിച്ചുകഴിഞ്ഞു!

കത്തോലിക്കാസഭയിലെ വൈദീകര്‍ ഇന്ന് സ്വീകരിക്കപ്പെടുന്നുവെങ്കില്‍, അത് ക്രിസ്തുവിന്റെ പിന്മുറ പ്രകാരമാണ്. എന്നാല്‍, ചില പ്രത്യേക അവകാശങ്ങളും അധികാരങ്ങളും സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി അഹറോന്റെ പാരമ്പര്യവും ക്രിസ്തുവിന്റെ പാരമ്പര്യവും സൗകര്യംപോലെ മാറിമാറി ഉപയോഗിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു പാരമ്പര്യങ്ങളിലും പുരോഹിത്യത്തിനു ജനത്തിനുമേല്‍ അവകാശങ്ങള്‍ ഒന്നുംതന്നെ നല്‍കുന്നില്ല. മോശയുടെ കാലത്ത് ജനത്തിന്റെ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനായി ചെറിയ ഗ്രൂപ്പുകളുണ്ടാക്കി അവയ്ക്ക് ശ്രേഷ്ഠന്മാരെയും നിയോഗിച്ചു. എന്നാല്‍, അവരിലാരും അഹറോന്റെ തലമുറയില്‍പ്പെട്ടവരായിരുന്നില്ല. അതായത്, ഇസ്രായേല്‍ജനത്തിന്റെമേല്‍ ഭരണം നടത്തുന്നതിനുള്ള അധികാരമോ സമ്പത്തുവകകളുടെ മേല്‍നോട്ടത്തിനുള്ള ഉത്തരവാദിത്തമോ  ഒരിക്കല്‍പ്പോലും പുരോഹിതരെ ഏല്പിച്ചിട്ടില്ല. ഇസ്രായേലിലെ ഒരുതരി മണ്ണില്‍പ്പോലും അവകാശമില്ലാത്ത ഗോത്രമാണ് ലേവിഗോത്രം എന്നതും നാം വിസ്മരിക്കരുത്. ബലിപീഠത്തില്‍ ശുശ്രൂഷകള്‍ ചെയ്യാനും ജനങ്ങളെ നിയമം പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ട വിഭാഗമാണ്‌ പുരോഹിതര്‍! ഈ ഉത്തരവാദിത്വത്തില്‍നിന്ന് ഇവര്‍ വ്യതിചലിക്കുമ്പോഴാണ്‌ പ്രവാചകന്മാരെ അയച്ച് ഇവരെ തിരുത്താന്‍ ദൈവമായ യാഹ്‌വെ ശ്രദ്ധിച്ചിട്ടുള്ളത്. എന്നാല്‍, പ്രവാചകന്മാരെ ചെവിക്കൊള്ളാനോ, അവരുടെ വാക്കുകേട്ട് വചനത്തിലേക്കു മടങ്ങിവരാനോ പുരോഹിതര്‍ കൂട്ടാക്കിയിട്ടില്ല. ഇത്തരത്തില്‍ അധഃപതനം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിനിന്ന കാലത്ത് യേഹ്ശുവാ ഭൂമിയിലേക്ക് പരിപൂര്‍ണ്ണ മനുഷ്യനായി കടന്നുവന്നു!

ഇസ്രായേലിന്റെ അന്നത്തെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നു വ്യക്തമാക്കുന്ന ഒരു ഉപമ യേഹ്ശുവാ അവരോടു പറഞ്ഞു. ആ ഉപമ ശ്രദ്ധിക്കുക: "ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മ്മിക്കുകയും ചെയ്തു. അനന്തരം അത് കൃഷിക്കാരെ ഏല്പിച്ചിട്ട് അവന്‍ പോയി. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു. പിന്നീട് അവന്‍, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നു പറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടന്മാരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്പിക്കുകയും ചെയ്യും. യേഹ്ശുവാ അവരോടു ചോദിച്ചു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇത് യാഹ്‌വെയുടെ പ്രവര്‍ത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും. ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നുപോകും. ഇത് ആരുടെമേല്‍ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും"(മത്താ: 21; 33-44).

യേഹ്ശുവാ അറിയിച്ച ഈ ഉപമയുടെ വിവരണത്തിനുമുമ്പ്, ഈ ഉപമ ശ്രവിച്ച പുരോഹിതരുടെയും ഫരിസേയരുടെയും പ്രതികരണം എന്തായിരുന്നുവെന്ന് നോക്കാം: "പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി. അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു"(മത്താ: 21; 45, 46). തങ്ങളെക്കുറിച്ചാണ് യേഹ്ശുവാ പറയുന്നതെന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും അന്നത്തെ പുരോഹിതന്മാര്‍ക്കും ഫരിസേയര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ വൈദീകര്‍ക്കോ ആചാര്യന്മാര്‍ക്കോ ആ വിവേകംപോലും ഇല്ല. ക്രിസ്തുവിന്റെ കാലത്തും അതിനു മുന്‍പും ഉണ്ടായിരുന്ന പുരോഹിത സമൂഹത്തെ മാത്രമാണ് യേഹ്ശുവാ ഉദ്ദേശിച്ചതെന്ന്‍ ഇവര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. യേഹ്ശുവാ പറഞ്ഞ ഉപമയെ സൂക്ഷമതയോടെ പരിശോധിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സത്യം മനസ്സിലാക്കാന്‍ കഴിയും. ക്രിസ്തു നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടം അവിടുത്തെ സഭയാണ്! അവിടുന്ന് നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടത്തില്‍ കൃഷിചെയ്യാന്‍ നിയുക്തരായിരിക്കുന്ന കൃഷിക്കാരാണ് ഓരോ ക്രിസ്ത്യാനികളും. അനധികൃതമായാണെങ്കില്‍ക്കൂടി, അധികാരസ്ഥാനങ്ങള്‍ പിടിച്ചെടുത്ത വൈദീകസമൂഹത്തിനു സാധാരണ വിശ്വാസികളില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.

ക്രിസ്തുവിന്റെ കാലത്തേക്കുതന്നെ തിരിച്ചുപോകാം. അന്ന് ഇസ്രായേലായിരുന്നു ദൈവമായ യാഹ്‌വെയുടെ മുന്തിരിത്തോട്ടം. ജനനേതാക്കളും പുരോഹിതരും ന്യായാധിപന്മാരും രാജാക്കന്മാരുമൊക്കെ ആ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരും മേല്‍നോട്ടക്കാരുമായിരുന്നു. പ്രവാചകന്മാരെയാണ് വിളവുകള്‍ ശേഖരിക്കാന്‍ അയയ്ക്കപ്പെട്ട ഭൃത്യന്മാരോട് ഉപമിച്ചിരിക്കുന്നത്. ദൈവീകനിയമങ്ങളില്‍നിന്ന് അകന്നുപോയ ഇസ്രായേലിനെ അതിലേക്കു തിരികെക്കൊണ്ടുവരാന്‍ ദൈവം നിയോഗിച്ച പ്രവാചകന്മാരെ അവര്‍ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. അയയ്ക്കപ്പെട്ട ഓരോ പ്രവാചകന്മാരുടെയും വാക്കുകള്‍ പരിശോധിച്ചാല്‍, ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ വഴിപിഴച്ച അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. ഓരോ പ്രവചനങ്ങളും ഇവിടെ ഉദ്ധരിക്കാന്‍ മനോവ ശ്രമിക്കുന്നില്ല. ആ പ്രവചനങ്ങളെ ആധാരമാക്കി അനേകം ലേഖനങ്ങള്‍ മനോവ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിനാല്‍, ആദിമ ഇസ്രായേലിലേക്ക് അയയ്ക്കപ്പെട്ട അവസാനത്തെ രാജാവും ന്യായാധിപനും പ്രവാചകനും പുരോഹിതനുമായ യേഹ്ശുവായിലൂടെ ഈ പഠനം മുന്നോട്ടുകൊണ്ടുപോകാം. യേഹ്ശുവായുടെ വരവിന് മുന്നോടിയായി അയയ്ക്കപ്പെട്ട സ്നാപകയോഹന്നാന്‍ ഇപ്രകാരം വിളിച്ചുപറഞ്ഞു: "അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലിവയ്ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും"(ലൂക്കാ: 3; 7-9). 

യോഹന്നാന്‍ വിളിച്ചുപറഞ്ഞത് പുരോഹിതരോടോ രാജാക്കന്മാരോടോ മാത്രമായിരുന്നില്ല; മറിച്ച്, ഇസ്രായേല്‍ജനം മുഴുവനോടുമായിരുന്നു. യോഹന്നാന്റെ പ്രഖ്യാപനത്തില്‍നിന്നാണ് യേഹ്ശുവാ അവിടുത്തെ ദൗത്യം ആരംഭിച്ചതെന്നു നമുക്കറിയാം. പ്രവാചകന്മാരിലൂടെ അറിയിച്ച സകലതും അവിടുന്ന് ഇസ്രായേലിനെ ഓര്‍മ്മപ്പെടുത്തി. മോശയുടെ നിയമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്, ആ നിയമങ്ങളിലേക്ക് ദൈവജനത്തെ തിരികെക്കൊണ്ടുവരാന്‍ അവിടുന്ന് ശ്രമിച്ചു. മോശയിലൂടെ ഇസ്രായേലിനു നല്‍കപ്പെട്ട നിയമങ്ങള്‍ ഈ ലോകത്ത് സുരക്ഷിതരായി ജീവിക്കാന്‍വേണ്ടി മാത്രമുള്ള ചട്ടങ്ങളായിരുന്നുവെന്ന് ധരിച്ചുവച്ചിരുന്ന ദൈവജനത്തെ അവിടുന്ന് തിരുത്തി. ഈ ലോകത്ത് സുരക്ഷിതത്വവും വരാനിരിക്കുന്ന ലോകത്ത് നിത്യജീവനും പ്രാപിക്കേണ്ടതിനുള്ള നിയമങ്ങളാണ് മോശയിലൂടെ നല്കപ്പെട്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അവിടുന്ന് സ്ഥിരീകരിച്ചു. നിത്യജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗ്ഗമായി അവിടുന്ന് പ്രഖ്യാപിച്ചത് മോശയുടെ നിയമങ്ങളാണെന്ന വസ്തുത നാം വിസ്മരിക്കരുത്. നിത്യജീവന്‍ പ്രാപിക്കാന്‍ താന്‍ എന്തുചെയ്യണം എന്ന ചോദ്യവുമായി യേഹ്ശുവായെ സമീപിച്ച യുവാവിനു നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാണ്. അതായത്, നിത്യജീവന്‍ പ്രാപിക്കേണ്ടതിനായി ഒരുവന്‍ യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ അനുസരിക്കുകയും വേണം. മോശയുടെ നിയമം പൂര്‍ണ്ണമാകുന്നത് യേഹ്ശുവായിലൂടെയാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്തുവിന്റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും മോശയുടെ നിയമങ്ങള്‍ ഇടംവലം വ്യതിചലിക്കാതെ പാലിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നതാണ് സ്വര്‍ഗ്ഗരാജ്യം!

ഇവിടെ നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവും മോശയുടെ നിയമങ്ങളും പരസ്പരം പൂരകങ്ങളായിരിക്കുന്നു എന്ന സത്യത്തെയാണ്‌. അതായത്, മോശയുടെ നിയമങ്ങള്‍ അനുസരിച്ചതുകൊണ്ടു മാത്രമോ, യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിച്ചതുകൊണ്ടു മാത്രമോ ഒരുവനു നിത്യജീവനിലേക്കുള്ള വാതില്‍ തുറന്നുകിട്ടുന്നില്ല; മറിച്ച്, ഇവരണ്ടും അനിവാര്യമാണ്! സ്നാനം സ്വീകരിച്ച ഒരുവന്‍ വ്യഭിചാരത്തിലും വിഗ്രഹാരാധനയിലും ജീവിച്ചാല്‍ അവന് സ്വര്‍ഗ്ഗരാജ്യം അപ്രാപ്യമാണ്. അതുപോലെതന്നെ, മോശയുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുകയും, യേഹ്ശുവായുടെ നാമത്തിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവന്റെ ഭാവിയും ഇതുതന്നെ! യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരും മോശയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരുമായ ജനതയാണ് 'ക്രിസ്ത്യാനികള്‍'! യാക്കോബിന്റെ മക്കളെ തിരഞ്ഞെടുത്ത്, അവരെ ഇസ്രായേല്‍ എന്നുവിളിച്ചത്‌ ക്രിസ്തുവിലൂടെ അവര്‍ പൂര്‍ണ്ണതപ്രാപിക്കേണ്ടതിനായിരുന്നു. അതായത്, പഴയ ഇസ്രായേല്‍ പൂര്‍ണ്ണത പ്രാപിക്കുന്നത് ക്രിസ്ത്യാനിയാകുമ്പോള്‍ മാത്രമാണ്! ആയതിനാല്‍, യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുകയും മോശയുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളാണ് യഥാര്‍ത്ഥ ഇസ്രായേല്‍!

ഇസ്രായേലിന്റെ പൂര്‍ണ്ണതയായ തന്റെ സഭയില്‍ അശുദ്ധി കടന്നുവരുന്നതിനെ അംഗീകരിക്കാന്‍ ക്രിസ്തു തയ്യാറാകില്ല എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തം ജറുസലേമില്‍ നാം കണ്ടതാണ്. ദൈവാലയത്തില്‍ കടന്നുകൂടിയ മ്ലേച്ഛതകളോട് അവിടുന്ന് തന്റെ അസഹിഷ്ണുത വ്യക്തമാക്കി. മറ്റൊരു വേളയിലും ശാന്തത കൈവിടാത്ത യേഹ്ശുവായാണ് ജറുസലേം ദൈവാലയത്തിലെ തിന്മകള്‍ക്കെതിരേ ചാട്ടവാറെടുത്ത് ആക്രോശിച്ചത്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു"(മത്താ: 21; 13). യേഹ്ശുവാ അവിടെ എന്താണു ചെയ്തതെന്നു നോക്കുക: "കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദൈവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദൈവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അനുസ്മരിച്ചു"(യോഹ: 2; 14-17). ഇന്നും യേഹ്ശുവായ്ക്ക് അവിടുത്തെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണതയില്‍ മാറ്റമൊന്നുമില്ല!

യേഹ്ശുവായ്ക്ക് ഇപ്രകാരം പ്രവര്‍ത്തിക്കാനുള്ള അധികാരമുണ്ടെന്ന് തെളിയിക്കുന്നതിന് അടയാളം ആവശ്യപ്പെട്ട യഹൂദരോട് അവിടുന്ന് പറഞ്ഞു: "നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും"(യോഹ: 2; 19). യേഹ്ശുവായുടെ ശരീരമാകുന്ന ദൈവാലയത്തെ യഹൂദര്‍ നശിപ്പിച്ചുവെങ്കിലും മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെട്ടുകൊണ്ട് ആ ആലയം അവിടുന്ന് പുനരുദ്ധരിച്ചു. അതാണ്‌ ക്രിസ്തുവിന്റെ സഭ! അതിന്റെ മൂലക്കല്ലും ശിരസ്സും ശരീരവും ക്രിസ്തുതന്നെയാണ്. ജറുസലേമിലെ ആലയത്തിന്റെ പ്രസക്തി ഇല്ലാതായത് ക്രിസ്തു സ്ഥാപിച്ച അവിടുത്തെ സഭയിലൂടെയാണ്. ജറുസലേം ദൈവാലയത്തില്‍ യഹൂദര്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന എല്ലാ ബലികളും യേഹ്ശുവായിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ ഇല്ലാതായത് ആ ദൈവാലയത്തിന്റെ പ്രസക്തികൂടെയായിരുന്നു. ജറുസലേമില്‍ ഒരു ആലയം സ്ഥാപിക്കുകയും ബലിയര്‍പ്പണം പുനരാരംഭിക്കുകയും ചെയ്താലും ആ ബലികളിലൂടെ പാപമോചനം സാധ്യമാകില്ല. അതായത്, ഒരിക്കല്‍ നശിപ്പിക്കപ്പെടാനുള്ള ദൈവാലയത്തെക്കുറിച്ചാണ് യേഹ്ശുവാ അവിടുത്തെ തീക്ഷ്ണത പ്രകടിപ്പിച്ചതെങ്കില്‍, അനശ്വരതയ്ക്കുവേണ്ടി അവിടുന്ന് നിര്‍മ്മിച്ച ആലയം മലിനമാക്കുന്നവരോടുള്ള അവിടുത്തെ പ്രതികാരം എത്ര വലുതായിരിക്കും! ഇത് നാം ഭയത്തോടെ ചിന്തിക്കേണ്ട ഒരു വിഷയമാണ്!

അപ്പസ്തോലന്മാരെ ഭരമേല്പിച്ച സഭ ഇന്ന് കളങ്കപ്പെട്ടിരിക്കുന്നുവെന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. ഈ കളങ്കം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ വരാത്തവിധം മറച്ചുവയ്ക്കുകയും, മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ സഭ മലിനതയില്‍ത്തന്നെ തുടരുന്നു. സഭയ്ക്ക് യോജിക്കാത്ത എല്ലാ മ്ലേച്ഛതകളും നീക്കംചെയ്യുമ്പോള്‍ മാത്രമാണ് സഭ ശുദ്ധീകരിക്കപ്പെടുന്നത്. ആദിമ ഇസ്രായേലിനെ ശുദ്ധീകരിക്കാന്‍ പ്രവാചകന്മാരെ അയച്ചതുപോലെ, ആധുനിക ഇസ്രായേലിന്റെ ശുദ്ധീകരണത്തിനായും പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള ഓരോ ക്രിസ്ത്യാനിയുടെമേലും അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത് പ്രവാചകത്വത്തിന്റെ ആത്മാവിനെയാണ്. ആയതിനാല്‍, സഭയുടെ ഉള്ളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങള്‍ അവഗണിക്കാന്‍ പാടില്ല. മറിച്ച്, ഇത്തരം ശബ്ദങ്ങളെ ദൈവവചനവുമായി ചേര്‍ത്തുവച്ചു പരിശോധിക്കുകയും, ഈ ശബ്ദങ്ങളിലെ പ്രവചനങ്ങള്‍ വിവേചിക്കുകയുമാണു വേണ്ടത്.

ജറുസലേമിലെ ദൈവാലയത്തില്‍ യേഹ്ശുവാ നടത്തിയ ശുദ്ധീകരണം ഒരു ദൃഷ്ടാന്തമാണ്. കത്തോലിക്കാസഭയില്‍ ഇന്ന് കടന്നുകൂടിയ മ്ലേച്ഛതകളുമായി തട്ടിച്ചുനോക്കുമ്പോള്‍, ജറുസലേം ദൈവാലയത്തില്‍ അന്നുണ്ടായിരുന്ന അശുദ്ധി വളരെ ലഘുവാണെന്നു മനസ്സിലാകും. അന്ന് പ്രാവുകളെ വില്‍ക്കുന്നവരും നാണയമാറ്റക്കാരുമാണ് ദൈവാലയത്തില്‍ ഇടംപിടിച്ചതെങ്കില്‍, ഇന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയയും വിവിധതരം പൈശാചിക വഴിപാടുകളുടെ വില്പനക്കാരുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്! വിജാതിയരുടെ പൈശാചിക ആലയങ്ങളുമായി യാതൊരു അന്തരവുമില്ലാത്ത അവസ്ഥയിലാണ് ക്രിസ്തുവിന്റെ സഭ ഇന്ന്! അന്ന് കച്ചവടക്കാരുടെ ഗുഹയായി ദൈവാലയത്തെ അവര്‍ മാറ്റിയെങ്കില്‍, ഇന്ന് കച്ചവടക്കാരുടെയും വ്യഭിചാരികളുടെയും ഗുഹ മാത്രമല്ല, പിശാചിന്റെ വാസസ്ഥലമായും സഭയെ മാറ്റിയിരിക്കുന്നു. പിശാചിന്റെ ആലയങ്ങളിലുള്ള സകല മ്ലേച്ഛതകളും അതിനേക്കാള്‍ നൂറിരട്ടിയായി കത്തോലിക്കാസഭയില്‍ ഇന്നുണ്ട്. ഈ മ്ലേച്ഛതകള്‍ തുറന്നുകാണിക്കുന്നത് സഭയോടുള്ള എതിര്‍പ്പായി പരിഗണിക്കുന്ന ആചാര്യന്മാരുടെ ലക്‌ഷ്യം നാം തിരിച്ചറിയണം. ദൈവത്തിന്റെ ഉഗ്രകോപവും ക്രോധവും ക്ഷണിച്ചുവരുത്തുന്ന ഇവരാണ് സഭയുടെ യഥാര്‍ത്ഥ ശത്രുക്കള്‍!

ശുദ്ധീകരണം ക്രോധത്തോടെ!

ക്രിസ്തുവിന്റെ സഭയുടെ പരിശുദ്ധിയ്ക്ക് യോജിക്കാത്ത ആചാരങ്ങളിലൂടെ സഭയെ മലിനമാക്കുകയും വിഗ്രഹാലയങ്ങളിലെ പൈശാചിക സംസ്ക്കാരത്തെ സഭയ്ക്കുവേണ്ടി ഏറ്റെടുക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശമ്പളം ഇനിയും വൈകില്ല. എന്തെന്നാല്‍, ഇത് ശുദ്ധീകരണത്തിനുള്ള നാളുകളാണ്. താക്കീതുകളെ തള്ളിക്കളഞ്ഞവരുടെമേല്‍ ക്രോധം അയച്ചുകൊണ്ടായിരിക്കും അവിടുന്ന് ശുദ്ധീകരണം നടത്തുന്നത്. അനേകം വ്യക്തികളിലൂടെ ദൈവം അവിടുത്തെ ഹിതം വെളിപ്പെടുത്തിയിട്ടും, പൈശാചികതയില്‍ തുടരുന്ന സകലരെയും അവിടുന്ന് പ്രഹരിച്ചു പുറത്താക്കും. തങ്ങളാണ് യജമാനന്മാര്‍ എന്ന ധാര്‍ഷ്ട്യത്തോടെ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുന്ന സകലരെയും അവിടുന്ന് പരസ്യമായി വിചാരണ ചെയ്യാന്‍ തുടങ്ങിയത് ശുദ്ധീകരണം അവിടുന്ന് നേരിട്ട് ഏറ്റെടുത്തതിന്റെ അടയാളമായി മനസ്സിലാക്കണം! ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളയുവിന്‍"(1 കോറി: 5; 13). ദുഷ്ടനെ നമ്മുടെയിടയില്‍നിന്നു നീക്കിക്കളഞ്ഞില്ലെങ്കില്‍, ദുഷ്ടന്റെമേല്‍ ദൈവത്തിന്റെ ക്രോധം കടന്നുവരികയും ദുഷ്ടനോടൊപ്പം ശിഷ്ടരും അതിന്റെ ഇരകളായിത്തീരുകയും ചെയ്യും. ഇസ്രായേല്‍ജനം ജോഷ്വയുടെ നാളുകളിലും തുടര്‍ന്നുള്ള കാലങ്ങളിലും അനുഭവിച്ചത് ഈ വിധത്തിലുള്ള ദുരന്തമായിരുന്നു.

ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "സത്യത്തെ സംബന്ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ. മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്റെതാണ്. ഞാന്‍ പകരംവീട്ടും എന്നും യാഹ്‌വെ തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്"(ഹെബ്രാ: 10; 26-31). യേഹ്ശുവായുടെ കാരുണ്യത്തെക്കുറിച്ചു തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവര്‍ ഈ മുന്നറിയിപ്പിനെ ഗൗരവമായിത്തന്നെ സമീപിക്കണം. ദൈവത്തിന്റെ സഭയെ അശുദ്ധമാക്കുന്ന വ്യഭിചാരികളുടെമേലും വിഗ്രഹാരധകരുടെമേലും അവിടുന്ന് അയയ്ക്കുന്ന പ്രതികാരമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായ ശുദ്ധീകരണം യാഥാര്‍ത്ഥ്യമാകുന്നതുവരെ ഈ ക്രോധത്തെ ശമിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

ദൈവം നടത്തിക്കൊണ്ടിരിക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിന് ചില നുറുങ്ങു പ്രാര്‍ത്ഥനകളുമായി ഇറങ്ങിയിരിക്കുന്ന വിരുതന്മാരും നമുക്കിടയിലുണ്ട്. സഭയുടെ നേതൃത്വത്തില്‍ കയറിക്കൂടിയ വ്യഭിചാരികള്‍ക്കും വിഗ്രഹാരാധകര്‍ക്കും സംരക്ഷണം തീര്‍ക്കാനുള്ള വിഫലശ്രമത്തിലാണ് ഇക്കൂട്ടര്‍. കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ വ്യഭിചാരദുര്‍ഭൂതം എങ്ങനെ കടന്നുകൂടി എന്ന അന്വേഷണവും അതിനെ പുറത്താക്കാനുള്ള ശ്രമവുമാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഈ ദുര്‍ഭൂതം കടന്നുകയറിയ വഴികളൊക്കെ യഥാര്‍ത്ഥ വിശ്വാസികള്‍ക്കറിയാം. എന്നാല്‍, ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവയെ പുറത്താക്കാനുള്ള സാഹചര്യം ഇന്ന് സഭയിലില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍പോലും അവസരങ്ങളില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് പുറത്താക്കല്‍പോലെയുള്ള കടുത്ത നടപടികളിലേക്ക് വിശ്വാസികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നത്!?

വിഗ്രഹാരാധനയുടെ പരിണിതഫലമായിട്ടാണ് വ്യഭിചാരദുര്‍ഭൂതം സഭയില്‍ കടന്നുകൂടിയത്. എന്തെന്നാല്‍, വിഗ്രഹാരാധനയെ വ്യഭിചാരത്തോട് ഉപമിച്ചുകൊണ്ടുള്ള വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. വിഗ്രഹാരാധന എന്നത് വിഗ്രഹങ്ങളുമായുള്ള വ്യഭിചാരമാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഒഹോലായെയും, ഒഹോലിബായെയും നീ വിധിക്കുകയില്ലേ? എങ്കില്‍, അവരുടെ മ്ലേച്ഛതകള്‍ നീ അവരുടെ മുമ്പില്‍ തുറന്നുകാട്ടുക. അവര്‍ വ്യഭിചാരം ചെയ്തു. അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു; എനിക്ക് അവരില്‍ ജനിച്ച പുത്രന്മാരെ അവയ്ക്കു ഭക്ഷണമായി അഗ്‌നിയില്‍ ഹോമിച്ചു. അതിനും പുറമേ ഇതുകൂടി അവര്‍ എന്നോടു ചെയ്തു; അന്നുതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ സാബത്തുകള്‍ അശുദ്ധമാക്കുകയും ചെയ്തു. വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധിച്ച ദിവസംതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അതു മലിനപ്പെടുത്തി. ഇതാണ് അവര്‍ എന്റെ ഭവനത്തില്‍ ചെയ്തത്"(എസക്കി: 23; 36-39). വിഗ്രഹാരാധനയെ വ്യഭിചാരമായി കണക്കാക്കുന്നു എന്നതിന്റെ തെളിവാണ് നാം കണ്ടത്. വിജാതിയ അനുകരണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന അവസ്ഥ കത്തോലിക്കാസഭയില്‍ ഇന്നുണ്ട്. യോഗാഭ്യാസങ്ങളിലൂടെ വ്യഭിചാരം ചെയ്യുന്ന സന്യാസിമാരും സന്യസിനിമാരുമാണ് ഇന്ന് സഭയിലെ ദൈവമക്കളെ പഠിപ്പിക്കുന്നത്. എല്ലാവിധ മ്ലേച്ഛതകളും അനുകരിക്കുന്ന ഇവരില്‍നിന്നു പഠിക്കേണ്ട ഗതികേടിലാണ് സഭയിലെ ദൈവമക്കള്‍!

വിജാതിയ ആചാരങ്ങളെ ആശ്ലേഷിക്കുന്നവര്‍ വ്യഭിചാരത്തില്‍ അകപ്പെടുമെന്ന് മറക്കരുത്. എന്തെന്നാല്‍, ബൈബിള്‍ നമുക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നോക്കുക: "നിങ്ങളുടെ വിശുദ്ധീകരണമാണ്; ദൈവം അഭിലഷിക്കുന്നത്-അസന്മാര്‍ഗ്ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം; നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം; ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് യേഹ്ശുവാ"(1 തെസലോ: 4; 3-6). കാമവികാരങ്ങള്‍ക്ക് വിധേയരാകുന്നത് വിജാതിയ സ്വാധീനംമൂലമാണ്.

വിഗ്രഹങ്ങളെ ആരാധിക്കുന്നതിന്റെ പേരിലോ വിജാതിയ ആചാരങ്ങള്‍ സഭയില്‍ അനുകരിക്കുന്നതിന്റെ പേരിലോ ആരെയെങ്കിലും ശിക്ഷിക്കാന്‍ ലോകത്തിന്റെ നിയമങ്ങളില്‍ വ്യവസ്ഥയില്ല. എന്നാല്‍, വിഗ്രഹാരാധനയുടെ പരിണിതഫലമായ വ്യഭിചാരത്തിന് ശിക്ഷ നല്‍കാനുള്ള നിയമം ഇന്നുണ്ട്. അതിനാല്‍ത്തന്നെ, വിഗ്രഹാരാധകരെല്ലാം വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇന്ത്യയിലെ യോഗിമാരില്‍ ഭൂരിഭാഗവും ഇന്ന് ജയിലറകളില്‍ അടയ്ക്കപ്പെട്ടത് വ്യഭിചാരക്കുറ്റത്തിനാണ്. ജലന്തറിലെ സംഘിമെത്രാന്‍ ജയിലഴികള്‍ക്കുള്ളില്‍ അകപ്പെടാന്‍ പോകുന്നതും വ്യഭിചാരക്കുറ്റത്തിനുതന്നെ! ശ്രീമാന്‍ ഫ്രാങ്കോയില്‍ ഇത് അവസാനിക്കുമെന്ന് ആരും കരുതേണ്ടാ! ഇക്കാലമത്രയും സഭയുടെ ഉന്നതന്മാരുടെയിടയില്‍ ഒതുക്കിത്തീര്‍ത്ത വ്യഭിചാരങ്ങളെല്ലാം മറനീക്കി പുറത്തുവരും. എന്തെന്നാല്‍, സഭ ശുദ്ധീകരിക്കപ്പെടണമെങ്കില്‍ വ്യഭിചാരികളെയും വിഗ്രഹാരാധകരെയും അവര്‍ ആയിരിക്കുന്ന പദവികളില്‍നിന്നു പുറത്താക്കേണ്ടിയിരിക്കുന്നു.

വിശ്വാസികളുടെമേല്‍ കെട്ടിവച്ചിരിക്കുന്ന ഈ പൈശാചിക വ്യക്തിത്വങ്ങളെ പുറത്താക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് സഭയിലുള്ളത്. അത്രമാത്രം സംഘടിത ശക്തിയായി സഭയുടെ അധികാരകേന്ദ്രങ്ങളില്‍ ഇവര്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് ഇവരെ ഭയക്കേണ്ട ആവശ്യമില്ല. അതിനാല്‍ത്തന്നെ, ലോകത്തിന്റെ നിയമങ്ങളെ ഉപയോഗിച്ച് സഭയെ ശുദ്ധീകരിക്കാന്‍ ദൈവം തീരുമാനിച്ചിരിക്കുകയാണ്. സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ ശുദ്ധീകരണത്തെക്കുറിച്ച് വിശ്വാസികള്‍ ആകുലപ്പെടേണ്ടതില്ല; മറിച്ച്, സഭ ശുദ്ധീകരിക്കപ്പെടുന്നതിനെയോര്‍ത്ത് സന്തോഷിക്കുകയും ദൈവത്തിനു നന്ദിപറയുകയും ചെയ്യുക. ദൈവത്തിന്റെ ഈ പ്രവൃത്തിയെപ്രതി വിശുദ്ധരായ വൈദീകരും വേദനിക്കരുത്. എന്തെന്നാല്‍, വ്യാജന്മാര്‍ പുറത്താക്കപ്പെടുമ്പോള്‍ നിങ്ങളുടെമേലുള്ള അവമാനം നീങ്ങിപ്പോകും! യേഹ്ശുവാ അവിടുത്തെ വീശുമുറം എടുത്തുകഴിഞ്ഞു. സാത്താന്റെ പ്രതിനിധികളായി സഭയില്‍ കടന്നുകൂടിയിരിക്കുന്ന സകലരും, അവരുടെ സ്ഥാനങ്ങളുടെ വലിപ്പം പരിഗണിക്കാതെന്നെ പിടിക്കപ്പെടും. എന്നാല്‍, അവര്‍ പിടിക്കപ്പെടുമ്പോള്‍, അവരുടെ സംരക്ഷകരായി വര്‍ത്തിച്ചുകൊണ്ട്‌ സഭയുടെ ശുദ്ധീകരണത്തെ തടസ്സപ്പെടുത്തിയാല്‍, അവരോടൊപ്പം നിങ്ങളും വിധിക്കപ്പെടുമെന്നു മറക്കരുത്. കാരണം, ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്‌!

ഇന്ന് കത്തോലിക്കാസഭയെ ഗ്രസിച്ചിരിക്കുന്ന വചനവിരുദ്ധമായ അവസ്ഥയെക്കുറിച്ചുള്ള പ്രവചനം ശ്രദ്ധിക്കുക: "യാക്കോബ്ഭവനത്തിന്റെ തലവന്മാരേ, ഇസ്രായേല്‍ കുടുംബത്തിലെ അധിപന്മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു. രക്തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മത്താല്‍ ജറുസലെമും. അതിന്റെ ന്യായാധിപന്മാര്‍ കോഴ വാങ്ങി വിധിക്കുന്നു. പുരോഹിതന്മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ഭാവിപറയുന്നു. എന്നിട്ടും അവര്‍ യാഹ്‌വെയില്‍ ആശ്രയിച്ചുകൊണ്ടു പറയുന്നു: യാഹ്‌വെ നമ്മുടെ മധ്യത്തിലില്ലേ? നമുക്ക് ഒരു അനര്‍ത്ഥവും വരുകയില്ല. നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതുമറിക്കപ്പെടും; ജറുസലെം നാശക്കൂമ്പാരമാകും; ദൈവാലയഗിരി വനമായിത്തീരും"(മിക്കാ: 3; 9-12). വ്യഭിചാരത്താലും സകലവിധ അനീതികളാലും സഭയെ ദുഷിപ്പിച്ചവര്‍ക്കുള്ള മുന്നറിയിപ്പു നോക്കുക: "അതിനാല്‍, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാന്‍ അനര്‍ത്ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതില്‍നിന്നു തലവലിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഇത് അനര്‍ത്ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്കു തല ഉയര്‍ത്തി നടക്കാനാവില്ല"(മിക്കാ: 2; 3). ഇതല്ലേ വൈദീകരുടെ ഇന്നത്തെ അവസ്ഥ?

ഒരുകാര്യം വിസ്മരിക്കാതിരിക്കുക! എന്തെന്നാല്‍, യേഹ്ശുവാ ജലംകൊണ്ടു ശുദ്ധീകരിച്ച് വചനത്താല്‍ വെണ്മയുള്ളതാക്കി ശിഷ്യന്മാരെ ഭരമേല്പിച്ച സഭയാണിത്. അവിടുന്ന് എപ്രകാരം സഭയെ സ്ഥാപിച്ചുവോ, ആ അവസ്ഥ പുനഃസ്ഥാപിച്ചതിനുശേഷം മാത്രമേ അവിടുന്ന് ഈ സഭയുടെ രാജാവായി കടന്നുവരികയുള്ളു. അവിടുത്തെ പുനരാഗമനത്തിന്റെ അടയാളമായും ഈ ശുദ്ധീകരണത്തെ പരിഗണിക്കാവുന്നതാണ്. ജലത്താല്‍ ശുദ്ധീകരിക്കുന്നതിലും വചനത്താല്‍ വെണ്മയുള്ളതാക്കുന്നതിലും വീഴ്ചവരുത്തിയ സകലരും പ്രഹരിക്കപ്പെടും. വചനത്താല്‍ വെണ്മയുള്ളതായി സൂക്ഷിക്കാന്‍ ചുമതലയുള്ളവര്‍ ഇന്ന് രാമായണ മാസാചരണവും യോഗാധ്യാനങ്ങളും ഇഫ്ത്താര്‍ വിരുന്നുകളുമായി തിരക്കിലാണ്. കച്ചവടസംബന്ധമായ തിരക്കുകളെക്കുറിച്ചും കോടതികള്‍ കയറിയിറങ്ങുന്നതിന്റെ തിരക്കുകളെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നില്ല. സഭയിലെ ആചാര്യന്മാരുടെ ബഹുവിധ തിരക്കുകളെക്കുറിച്ച് അറിയാത്തവരായി ആരുമില്ലല്ലോ! എന്നാല്‍, യേഹ്ശുവാ ഏല്പിച്ച ശുശ്രൂഷകളില്‍ വ്യാപരിക്കുന്ന ആരെയും കത്തോലിക്കാസഭയുടെ ആചാര്യസ്ഥാനങ്ങളില്‍ കണ്ടെത്താന്‍ കഴിയുന്നില്ല! ആയതിനാല്‍, യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്പിക്കാന്‍ ഉടമസ്ഥന്‍ അവന്റെ സന്ദര്‍ശനം ത്വരിതപ്പെടുത്തുന്നു!

"അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടന്മാരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്പിക്കുകയും ചെയ്യും. യേഹ്ശുവാ അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു യാഹ്‌വെയുടെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും. ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നുപോകും. ഇത് ആരുടെമേല്‍ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും"(മത്താ: 21; 41-44).

ഈ മുന്നറിയിപ്പുകൂടി ഓര്‍മ്മയില്‍ ഉണ്ടായിരിക്കട്ടെ: "എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!"(1 പത്രോസ്: 4; 17).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3405 views

LOG IN

Lost your password?

SIGN UP

LOST PASSWORD