സഭകളില്‍ ശുദ്ധീകരണം

'ആദിമസഭകളും ആധുനീകസഭകളും' ഒരു വിചിന്തനം!

Print By
about

മുഖവുര: 'കുളംകലക്കി പരുന്തിനു കൊടുക്കുന്ന ക്രൈസ്തവസഭകള്‍' എന്ന ഈ ലേഖനപരമ്പരയുടെ രണ്ടാംഭാഗമാണിത്. ഈ പരമ്പരയിലെ ആദ്യത്തെ ലേഖനം വായിച്ചിട്ടില്ലാത്തവര്‍ക്ക് 'സഭകളില്‍ ശുദ്ധീകരണം' എന്ന 'ലിങ്കില്‍' അത് വായിക്കുവാന്‍ സാധിക്കും.

'ആദിമസഭകളും ആധുനീകസഭകളും' ഒരു വിചിന്തനം!

വിവിധ ക്രൈസ്തവസഭകളിലെ വായനക്കാര്‍ മനോവയ്ക്കുണ്ട്. ഇവരില്‍ പല സഭാവിശ്വാസികള്‍ക്കും അത്ര പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലാത്ത ഒരു വിഷയമാണ് ഇവിടെ വിവരിക്കുവാന്‍ പോകുന്നത്. എന്നിരുന്നാലും, തിരുവെഴുത്തുകളോടും ക്രിസ്തുവിനോടും ചേര്‍ന്നുനിന്ന് മുന്‍വിധികളില്ലാതെ ഈ ലേഖനത്തെ സമീപിച്ചാല്‍ അജ്ഞത അനാവരണം ചെയ്യപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. അപ്രകാരം വചനത്തെ സമീപിച്ചതുമൂലം കൈവന്ന സ്വാതന്ത്യത്തോടെ തൂലികയെടുത്തതാണ് മനോവ! ഇത് ഏതെങ്കിലും സഭയെ വിമര്‍ശിക്കുവാനോ അവരുടെ ആധികാരികതയെ നിഷേധിക്കുവാനോ അല്ല; മറിച്ച് യേഹ്ശുവായുടെ നാമത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ആത്മീയ സ്വാതന്ത്ര്യം ഏതെങ്കിലും സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കുമുമ്പില്‍ തളച്ചിടരുതെന്ന് ഓര്‍മ്മപ്പെടുത്താനാണ്! സത്യം ഏവരെയും സ്വതന്ത്രരാക്കട്ടെ!

ഇന്ന് ഈ ഭൂമുഖത്തുള്ള ചെറുതും വലുതുമായ എല്ലാ ക്രൈസ്തവസഭകളും മലിനപ്പെട്ടു എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. പരിശുദ്ധാത്മാവിനാല്‍ സ്ഥാപിക്കപ്പെട്ട ആദ്യസഭ മുതല്‍ മനുഷ്യര്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഉണ്ടാക്കിയ വ്യക്തിസഭകള്‍വരെ എല്ലാ സഭകളിലേക്കും മ്ലേച്ഛതകള്‍ കടന്നുവന്നത് ദൈവഹിതപ്രകാരം അല്ല. ഇവ മലിനമാകാനുണ്ടായ കാരണം സഭകളുടെ പ്രബോധനങ്ങളില്‍ വന്നിട്ടുള്ള വ്യതിചലനം മാത്രമാണെന്നു കരുതരുത്. ഇതു കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ആദ്യമായി സഭ എന്താണെന്ന് അറിഞ്ഞിരിക്കണം. സഭയെ അറിയാന്‍ അതിന്റെ ആരംഭംമുതലുള്ള ചരിത്രമാണു പരിശോധിക്കേണ്ടത്.

മര്‍ക്കോസിന്റെ മാളികയിലെ ആദ്യ സമ്മേളനത്തിലൂടെ പന്തക്കുസ്താനാളില്‍ സഭ  ഔദ്യോഗികമായി രൂപംകൊണ്ടു. ഈ സഭയാണ് പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമായ  യേഹ്ശുവായുടെ സഭ! ഇത് സ്ഥാപിതമാകുന്നതിനു മുന്‍പേതന്നെ ആരായിരിക്കണം ഇതിനെ  ആത്മാവില്‍ നയിക്കേണ്ടതെന്ന് യേഹ്ശുവാ നിശ്ചയിച്ചിരുന്നു. ആരെല്ലാം എതിരഭിപ്രായം ഉന്നയിച്ചാലും യേഹ്ശുവാ പറഞ്ഞ വാക്കുകളെ അവഗണിക്കാന്‍ ആര്‍ക്കും  കഴിയുകയില്ല. ശിമയോന്‍ പത്രോസിനെ ഈ സഭയുടെ നായകനായി തിരഞ്ഞെടുത്തത് ഏതെങ്കിലും സഭാസമ്മേളനമോ സൂനഹദോസോ അല്ല; മറിച്ച്, സഭയുടെ ആദ്യ സമ്മേളനത്തിനുമുമ്പേ യേഹ്ശുവാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന വചനഭാഗങ്ങള്‍ നമുക്കു പരിശോധിക്കാം.

യേഹ്ശുവാ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്‍ക്കു പലവട്ടം പ്രത്യക്ഷനാവുകയും അവരോടു സംസാരിക്കുകയും ചെയ്തു. അങ്ങനെയൊരു സംഭവം ബൈബിളില്‍ വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേഹ്ശുവാ ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് യേഹ്ശുവായേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാംപ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് യേഹ്ശുവായേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവന്‍ മൂന്നാംപ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാംപ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. യേഹ്ശുവായേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേഹ്ശുവാ പറഞ്ഞു: നീ എന്റെ കുഞ്ഞാടുകളെ മേയിക്കുക"(യോഹ: 21; 15-17).

ഇത് ഒരു കരാര്‍ ഉറപ്പിക്കലായിരുന്നു. മൂന്നുവട്ടം സ്നേഹം ഏറ്റുപറയിക്കുകയും മൂന്നുവട്ടം ചുമതല ഉറപ്പിക്കുകയും ചെയ്തുകൊണ്ട് കാരാറിനെ ദൃഢമാക്കി! ഒരുകാര്യംതന്നെ മൂന്നുവട്ടം ആവര്‍ത്തിച്ചത് അതിന്റെ സ്ഥിരീകരണത്തിനാണ്. മറ്റൊരിടത്തും ഒരുകാര്യം യേഹ്ശുവാ മൂന്നുവട്ടം ആവര്‍ത്തിക്കുന്നതായി കാണുന്നില്ല. അപ്പസ്തോലന്മാരെ എല്ലാവരെയും സാക്ഷിയാക്കി ഈ തീരുമാനം യേഹ്ശുവാ ഉറപ്പിക്കുകയായിരുന്നു. ഭാവിയില്‍ ഈ നേതൃത്വം ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള അടിവരയിടല്‍ ആയിരുന്നു ഇത്. ഈ അധികാരത്തെ ചോദ്യംചെയ്യുന്ന ഒരുവനും ക്രിസ്തുവിന്റെ സഭയില്‍ ഓഹരിയോ നിത്യജീവനില്‍ പങ്കാളിത്തമോ ഇല്ല. കാരണം സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഈ അധികാരിയുടെ പക്കലാണ്! ബൈബിളില്‍ വിശ്വസിക്കുന്ന ഏവനും ഇത് അംഗീകരിച്ചേ തീരൂ! ഇത് ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യമാണ്.

ഈജിപ്തില്‍നിന്ന്‍ യിസ്രായേല്‍ജനത്തെ കാനാന്‍ദേശത്തേക്കു നയിക്കാന്‍ ദൈവമായ യാഹ്‌വെ ചുമതലപ്പെടുത്തിയത് മോശയെയായിരുന്നു. ഈ നേതൃത്വത്തെ ചോദ്യംചെയ്തവര്‍ക്ക് ലഭിച്ച ശിക്ഷ മറക്കാതിരുന്നാല്‍ നമുക്കു നല്ലത്! അന്ന്‍ വിഘടനവാദികള്‍ ഇപ്രകാരം പറഞ്ഞു: "സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്. യാഹ്‌വെ അവരുടെ മദ്ധ്യേ ഉണ്ട്. പിന്നെന്തിനു നിങ്ങള്‍ യാഹ്‌വെയുടെ ജനത്തിനുമീതെ നേതാക്കന്മാരായി ചമയുന്നു?"(സംഖ്യ: 16; 3). എന്നാല്‍, ഇവര്‍ക്കു ലഭിച്ച ശിക്ഷയും പിന്നീടുള്ള വചനഭാഗത്ത് വായിക്കാന്‍ സാധിക്കും. ഇന്ന്‍ പലരും പറയുന്നത് തങ്ങള്‍ പുരോഹിതരും വിശുദ്ധരുമാണ്; അതിനാല്‍, നേതാക്കന്മാരെ ആവശ്യമില്ല എന്നാണ്! ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമായി മാത്രമേ മനോവ കാണുന്നുള്ളു! കാരണം, യേഹ്ശുവാ അന്നും ഇന്നും എന്നും ഒരുവന്‍ മാത്രമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരിയായി വരുന്നത് ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയാണ്. അവനെക്കാള്‍ യോഗ്യനായ ഒരുവന്‍ ആ രാജ്യത്ത് ഇല്ലെന്ന് അതിനര്‍ത്ഥമില്ല. എങ്കിലും, അവന്റെ അധികാരത്തെ അംഗീകരിക്കുകയെന്നത് ജനങ്ങളുടെ കടമയാണ്. അങ്ങനെയെങ്കില്‍, ദൈവം സ്ഥാപിച്ച അധികാരത്തെ ചോദ്യംചെയ്യാന്‍ ശക്തരായവര്‍ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ഉണ്ടോ?

ഈ അധിഅകാരം കേപ്പായെ ഏല്പിക്കുമ്പോഴും വിശ്വാസം ഏറ്റുപറയിക്കുന്നത് ശ്രദ്ധേയമാണ്. ആ വചനം നോക്കുക: "അവന്‍ അവരോടു ചോദിച്ചു: എന്നാല്‍ ഞാന്‍ ആരാണെന്നാണ്, നിങ്ങള്‍ പറയുന്നത്? ശിമയോന്‍ എന്ന കേപ്പാ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍ ! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 15-19).

അന്നുവരെ ശിമയോനായിരുന്നവനെ അന്നുമുതല്‍ കേപ്പാ എന്ന് പുനര്‍നാമകരണം ചെയ്തു. ശിമയോന്‍ എന്ന പേരിന്, 'ഞാങ്ങണ' എന്നുകൂടി അര്‍ത്ഥമുണ്ട്. 'പാറ' എന്ന അര്‍ത്ഥമുള്ള കേപ്പാ ആക്കിയതിലൂടെ യേഹ്ശുവാ അവിടുത്തെ സഭയുടെ അടിത്തറ പണിയുകയായിരുന്നു. ദൈവമായ യാഹ്‌വെ ഒരുവനെ തലവനായി നിശ്ചയിക്കുമ്പോള്‍ ഒരു പുനര്‍നാമകരണം നടത്തുന്നതായി പ്രവാചകകാലത്തും കാണുന്നുണ്ട്. യിസ്രായേല്‍ എന്ന തന്റെ ജനതയ്ക്ക് ശിലയായവനെ പുനര്‍നാമകരണം ചെയ്യുന്നത് സൃഷ്ടിയുടെ പുസ്തകത്തില്‍ വായിക്കുന്നു. "ഇനിമേല്‍ നീ യാക്കോബ് എന്നല്ല, യിസ്രായേല്‍ എന്നു വിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു"(സൃഷ്ടി: 32; 28). പുതിയ യിസ്രായേലിനെ പണിതുയര്‍ത്തിയപ്പോഴും ചരിത്രം ആവര്‍ത്തിക്കുന്നതാണ് കണ്ടത്! അബ്രാമിനെ 'അബ്രാഹം' ആക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നത് എന്നകാര്യം ശ്രദ്ധേയമാകുന്നു!

ക്രിസ്തുവിന്റെ ശരീരമാണു സഭയെന്നും ഈ സഭയുടെ ശിരസ്സ് ക്രിസ്തുവാണെന്നും ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "എന്തെന്നാല്‍ , ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ്"(എഫേ: 5; 23). ക്രിസ്തു ഏകനായതുകൊണ്ട് സഭയ്ക്ക് ഒരു ശിരസ്സു മാത്രമേയുള്ളു. അതുപോലെ അടിത്തറയും ഒന്നുമാത്രം. അതുകൊണ്ടുതന്നെ, ഈ അടിത്തറയില്‍നിന്ന് വേറിട്ട് പണിയുന്ന സഭകള്‍ക്ക് ശിരസ്സില്ല! ഇത് മാറ്റമില്ലാത്ത സത്യമാണ്!

ഒരുപക്ഷെ ചിലരെങ്കിലും ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. അങ്ങനെയെങ്കില്‍ അപ്പസ്തോലന്മാരുടെ കാലത്ത് കോറിന്തോസിലും എഫേസോസിലുമെല്ലാം വെവ്വേറെ സഭകള്‍ ഉണ്ടായിരുന്നത് ബൈബിളിലൂടെ വായിക്കുന്നുണ്ടല്ലോ എന്നതാണ് സ്വാഭാവികമായി ഉരുത്തിരിയുന്ന ഈ ചിന്ത! അന്നുണ്ടായിരുന്ന പ്രാദേശിക സഭകളെല്ലാം പത്രോസിന്റെ അധികാരത്തിനു വിധേയമായിട്ടാണു പ്രവര്‍ത്തിച്ചത്.നിയമങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പത്രോസും അവനോടുചേര്‍ന്ന് സഹായിക്കുന്ന യാക്കോബും യോഹന്നാനുമായിരുന്നു നല്‍കിയിരുന്നത്. ഇവരുടെ വാക്കുകളില്‍നിന്ന് വ്യതിചലിക്കാതെയാണ് പ്രാദേശികസഭകള്‍ മുന്നോട്ടുപോയിരുന്നത് എന്നകാര്യത്തില്‍ വചനം സാക്ഷ്യം നല്‍കുന്നുണ്ട്. ഈ നേതൃത്വത്തെ പിന്നീടുവന്ന പൗലോസും അംഗീകരിച്ചു. ഇവരുടെ കൈവപ്പുവഴിയാണ് പൗലോസിനു അപ്പസ്തോലപദവി ലഭിക്കുന്നത്. മറിച്ച്, തന്നിഷ്ടപ്രകാരം ഇറങ്ങിത്തിരിക്കുകയായിരുന്നില്ല. ഇന്നത്തെ ചില ശുശ്രൂഷകരെപ്പോലെ സ്വയം കൈവപ്പുനടത്തി ശുശ്രൂഷകരായി ഇറങ്ങുന്ന രീതി അന്നില്ലായിരുന്നു!

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന വചനഭാഗങ്ങള്‍ ഇതിനോടുചേര്‍ന്നു പരിശോധിക്കുന്നത് യുക്തമായിരിക്കും. ശൗവുലിന്റെ മാനസാന്തരവും പിന്നീട് പൗലോസ് എന്ന അപ്പസ്തോലന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗത്ത് കൈവപ്പിന്റെ ആധികാരികത വ്യക്തമാക്കുന്നുണ്ട്. ശൗവുല്‍ അന്ധനായി മാറുകയും യെഹൂദാസിന്റെ ഭവനത്തില്‍ താമസിക്കുകയും ചെയ്തിരുന്ന സമയത്ത് അനനിയാസ് എന്നു പേരുള്ള ശിഷ്യനെ പരിശുദ്ധാത്മാവ് അവന്റെയടുത്തേക്ക് അയച്ചു. "അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ട് പറഞ്ഞു: സഹോദരനായ ശൗവുല്‍, മാര്‍ഗ്ഗമദ്ധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട രക്ഷകനായ യേഹ്ശുവാ, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു"(അപ്പ. പ്രവ: 9; 17). ജ്ഞാനസ്നാനം സ്വീകരിച്ച സാവൂള്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചുവെന്ന് ആരും കരുതരുത്. "അനന്തരം, അവന്‍ ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യന്മാരോടുകൂടെ കുറേ ദിവസം താമസിക്കുകയും ചെയ്തു"(അപ്പ. പ്രവ: 9; 19).

ശൗവുലിന്റെ പിന്നീടുള്ള നീക്കങ്ങളും പുത്തന്‍ സഭകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. "യെരുശലെമിലെത്തിയപ്പോള്‍ ശിഷ്യന്മാരുടെ സംഘത്തില്‍ ചേരാന്‍ അവന്‍ പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന്‍ ഒരു ശിഷ്യനാണെന്ന് അവര്‍ വിശ്വസിച്ചില്ല. ബര്‍ണബാസ് അവനെ അപ്പസ്തോലന്മാരുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. ശൗവുല്‍ വഴിയില്‍വച്ചു യേഹ്ശുവായെ ദര്‍ശിച്ചതും ദമാസ്ക്കസില്‍വച്ച് യേഹ്ശുവായുടെ നാമത്തില്‍ അവന്‍ ധൈര്യപൂര്‍വ്വം പ്രസംഗിച്ചതും ബര്‍ണബാസ് അവരെ വിവരിച്ചു കേള്‍പ്പിച്ചു. അനന്തരം, സാവൂള്‍ അവരോടൊപ്പം യെരുശലെമില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് യേഹ്ശുവായുടെ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു"(അപ്പ.പ്രവ:9;26-28).

കേപ്പായെയും യാക്കോബിനെയുമെല്ലാം സഭയുടെ നേതാക്കന്മാരായി പരിഗണിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങളെ അനുസരിക്കുകയും ചെയ്ത പാരമ്പര്യമാണ് പൗലോസിനുള്ളത്. ചില തെറ്റുകളെ ചൂണ്ടിക്കാണിച്ചതിലൂടെ സഭയുടെ വിമര്‍ശകനും നേതാക്കന്മാര്‍ക്ക് അനഭിമതനുമായിരുന്നു പൗലോസെന്നു ചിന്തിക്കുന്ന ചില 'ഫാമിലിസഭകള്‍' ഇന്നുണ്ട്. തങ്ങളുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കാന്‍ പഴുതുനോക്കി ഇരിക്കുന്ന കുളംകലക്കികളാണ് ഇക്കൂട്ടര്‍! പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അന്നത്തെ സഭകളുടെ ഐക്യം മനസ്സിലാകും. "നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്നുകണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബര്‍ണബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതിയരുടെ അടുത്തേക്ക് ഞങ്ങളും പരിച്ഛേദിതരുടെ അടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി. പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താല്പര്യം"(ഗലാ: 2; 9, 10). ഇത് ആദിമസഭകള്‍ വ്യത്യസ്ഥമായ പേരുകളില്‍ അറിയപ്പെട്ടിരുന്നുവെങ്കിലും ഏകമനസ്സോടെ വ്യാപരിച്ചിരുന്നു എന്നതിനുള്ള തെളിവാണ്!

സ്വന്തം ഇംഗിതമനുസരിച്ച് സഭകളുണ്ടാക്കി പ്രഘോഷണം നടത്തുന്ന വ്യക്തിസഭകള്‍ക്ക് ആരാണു കൈവപ്പ് നല്‍കിയതെന്ന് സ്വയം ചിന്തിക്കുകയും സമൂഹത്തോടു വെളിപ്പെടുത്തുകയും ചെയ്യണം! ആദ്യനൂറ്റാണ്ടില്‍ അനേകം സഭകളുണ്ടായിരുന്നുവെന്നാണ് പരസ്പരം പോരടിച്ചുകൊണ്ട് രൂപംകൊള്ളുന്ന പുത്തന്‍ സഭകളുടെ വാദം! യെരുശലെമില്‍ കേന്ദ്രീകരിച്ചിരുന്ന സഭയുടെ ഘടകങ്ങള്‍ മാത്രമായിരുന്നു പ്രാദേശികസഭകള്‍. സൂനഹദോസുകളിലും പ്രത്യേക സമ്മേളനങ്ങളിലും ഓരോ പ്രദേശങ്ങളിലെയും സഭകളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നുവെന്ന് മറക്കരുത്. അവിടെ എടുക്കുന്ന തീരുമാനങ്ങളാണ് സഭകളുടെ നിയമങ്ങള്‍! അപ്പസ്തോലന്മാരോ അവരുടെ പ്രതിനിധികളോ എല്ലാ സഭകളിലും സന്ദര്‍ശനം നടത്തുകയും മാസങ്ങളോളം അവരോടൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി ബൈബിളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഒരു വചനം ശ്രദ്ധിക്കുക: "ഞങ്ങള്‍ യെരുശലെമില്‍ എത്തിയപ്പോള്‍ സഹോദരര്‍ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു. അടുത്ത ദിവസം പൗലോസ് ഞങ്ങളോടൊത്ത് യാക്കോബിന്റെ അടുക്കലേക്ക് പോയി. ശ്രേഷ്ഠന്മാരെല്ലാം അവിടെ വന്നുകൂടി. അവരെ അഭിവാദനം ചെയ്തതിനുശേഷം പൗലോസ് തന്റെ ശുശ്രൂഷവഴി വിജാതിയരുടെയിടയില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. അവര്‍ അതുകേട്ട് ദൈവത്തെ സ്തുതിച്ചു"(അപ്പ. പ്രവ: 21; 17-20).

ആശയപരവും ആചാരപരവുമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അവയെല്ലാം രമ്യമായി പരിഹരിച്ച് സാഹോദര്യത്തോടെ മുന്നേറുകയാണ് ആദ്യകാല സഭ ചെയ്തത്. ആ കാലത്തുണ്ടായിരുന്ന പ്രാദേശികസഭകളുടെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ പെന്തക്കോസ്തു സഭകള്‍ എന്ന വാദത്തിന് സത്യവുമായി പുലബന്ധംപോലുമില്ല. അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിലനില്‍ക്കാത്ത വ്യക്തികളും സംഘങ്ങളും സഭയില്‍നിന്ന് സ്വയം പുറത്തുപോവുകയോ പുറത്താക്കപ്പെടുകയോ ആണുണ്ടായത്. അത്തരം ചില സംഘങ്ങള്‍ ആദ്യനൂറ്റാണ്ടിലും ഉണ്ടായിരുന്നതായി ബൈബിളില്‍ കാണുന്നുണ്ട്. ഇവരെയൊന്നും ക്രിസ്തുവിന്റെ സഭയില്‍ കണക്കാക്കുകയോ വിശ്വാസികള്‍ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. സൂനഹദോസുകളിലും അപ്പസ്തോലിക സമ്മേളനങ്ങളിലും ഉരുത്തിരിയുന്ന തീരുമാനങ്ങളെ അംഗീകരിക്കാത്തവര്‍ സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താക്കപ്പെടുമായിരുന്നു. ക്രിസ്തുവിന്റെ സഭയില്‍ ഓഹരിയില്ലാത്ത ഇത്തരക്കാരുടെ തലമുറയാണ് ഇന്നത്തെ സ്വാതന്ത്രസഭകള്‍!

യേഹ്ശുവാ ആഗ്രഹിച്ചത് ഒരിടയനും ഒരു തൊഴുത്തും എന്ന അവസ്ഥയായിരിക്കെ അനേകം സഭകള്‍ ഉടലെടുക്കുന്നത് ദൈവഹിതത്തിന് എതിരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദ്യനൂറ്റാണ്ടിലെ സഭകളെല്ലാം ഒരിടയനു കീഴില്‍ ആയിരുന്നു. ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് നിയമങ്ങള്‍ നിര്‍മ്മിച്ച് മുന്നേറിയിരുന്നില്ല. യേഹ്ശുവാ ഏതു പാറയില്‍ സഭയെ പണിതുവോ, ആ പാറയില്‍നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ട ഒരു സഭയും യേഹ്ശുവായുടെ സഭയല്ല! ഈ തിരിച്ചറിവ് ഇല്ലാത്തവരാണ് സഭകളില്‍ ഭിന്നിപ്പുണ്ടാക്കി പുറത്തുപോകുന്നത്. തങ്ങളുടെ വ്യക്തിസഭകളിലേക്ക് ആളെ കൂട്ടാന്‍ മറ്റുസഭകളില്‍ ഭിന്നതയുണ്ടാക്കുന്നവര്‍ പൗലോസിന്റെ വാക്കുകള്‍ ഓര്‍ക്കുക: "അങ്ങനെ മറ്റൊരുവന്‍ സ്ഥാപിച്ച അടിസ്ഥാനത്തിന്മേല്‍ പണിയാതെ ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത്സാഹം കാണിച്ചു. ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവനെ അവര്‍ ദര്‍ശിക്കും. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അവനെ മനസ്സിലാക്കും എന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ"(റോമാ: 15; 20, 21).

വ്യക്തികള്‍ക്കും വ്യക്തിസഭകള്‍ക്കും പിന്നാലെ നടക്കുന്ന ആത്മീയ അന്ധരെക്കുറിച്ച് അപ്പസ്തോലന്‍ പറയുന്നത് ശ്രദ്ധിക്കുക: "എന്തെന്നാല്‍ നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ? ലൗകീകരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ അപ്പോളോസിന്റെ ആളാണെന്നും പറഞ്ഞു നടക്കുന്നത്?"(1 കോറി: 3; 3, 4).

സഭകളുടെ ഉല്‍പത്തിയും പരിണാമവും!

ആദിമസഭയുടെ ശാഖകളായി രൂപംകൊണ്ട പ്രാദേശികസഭകള്‍ തായ്ത്തണ്ടിനോടുചേര്‍ന്ന് വളര്‍ന്നതും ഒരേ അടിത്തറയില്‍ പണിയപ്പെട്ടതും ആയിരുന്നുവെന്ന് നാം കണ്ടു. എന്നാല്‍, വ്യത്യസ്ഥമായ അടിത്തറയില്‍ നിര്‍മ്മിക്കപ്പെടുകയും തായ്ത്തണ്ടില്‍നിന്ന് വിച്ഛേദിക്കപ്പെടുകയും ചെയ്ത സഭകളാണ് ആധുനികസഭകള്‍! ബൈബിളും ചരിത്രവും അപ്പസ്തോലിക പാരമ്പര്യവും അടുത്തറിഞ്ഞാല്‍ മാത്രമെ ഈ സത്യം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. വിവരണത്തില്‍ മിതത്വം പാലിച്ചുകൊണ്ട് ഈ സത്യത്തിന്റെ അനാവരണത്തിനായി മനോവ ഇവിടെ ശ്രമിക്കുകയാണ്!

A.D. 421-ല്‍ ക്രൈസ്തവസഭ ആഗോളതലത്തില്‍ പിരിഞ്ഞ് രണ്ടായി. ആശയപരമായി വഴിപിരിഞ്ഞ്, രണ്ട് ഇടയനു കീഴിലായ സഭകള്‍ പരസ്പരം ശത്രുക്കളായി മാറുന്നതാണ് പിന്നീട് കണ്ടത്. ക്രിസ്തുവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി രണ്ടു തൊഴുത്തും രണ്ടിടയനുമായി മാറിയ ഈ പിരിയല്‍, അനേകം തൊഴുത്തുകളിലേക്കുള്ള അധഃപതനത്തിന്റെ ആരംഭം മാത്രമായിരുന്നു. ആശയപരമായി ഭിന്നിച്ചുണ്ടാകുന്ന ഇത്തരം സഭകളെയെല്ലാം യേഹ്ശുവാ അംഗീകരിക്കുന്നുവെന്ന് ആരും ധരിക്കരുത്. ഇത് അവിടുന്ന് കല്പിച്ചതിനു വിരുദ്ധമായ നിലപാടാണ് എന്നതില്‍ സംശയമില്ല.

റോമിനെ കേന്ദ്രീകരിച്ച് കത്തോലിക്കാസഭയും റോമിന്റെ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ അന്ത്യോക്യായെ കേന്ദ്രമാക്കി ഓര്‍ത്തഡോക്സ് സഭയുമുണ്ടാക്കി. ഓരോരുത്തരും തങ്ങളുടേതാണ് അപ്പസ്തോലിക സഭയെന്നു വാദിച്ചു. ഇന്നും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു! എന്നാല്‍, ഇതില്‍ ഏതാണ് യഥാര്‍ത്ഥത്തില്‍ അപ്പസ്തോലിക പാരമ്പര്യം സൂക്ഷിക്കുന്നതെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്! യേഹ്ശുവാ അനേകം സഭകള്‍ സ്ഥാപിച്ചിട്ടില്ല. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ് പത്രോസിനെ തിരഞ്ഞെടുത്തത് നാം കണ്ടു. 'സഭകള്‍' സ്ഥാപിക്കും എന്നല്ല പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍, ഏതു സഭയാണ് പത്രോസിന്റെ പിന്തുടര്‍ച്ചയെന്ന് തിരിച്ചറിയുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ യേഹ്ശുവാ സ്ഥാപിച്ച സഭ ഏതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. തങ്ങളുടെ വ്യക്തിസഭകളും യേഹ്ശുവായുടെ സഭയാണെന്ന് ധരിപ്പിക്കാന്‍ സഭയുടെ നിര്‍വ്വചനംപോലും സ്വന്തമായി ഉണ്ടാക്കിയാണ് പലരുടെയും നീക്കം! 'ഒറ്റയാള്‍' സഭപോലും തന്റെ സഭയാണ് ദൈവസഭയെന്നു വാദിക്കുന്നത് രസകരമായ അവസ്ഥയാണ്.

ഇനി കാര്യത്തിലേക്ക് കടക്കാം. ക്രൈസ്തവസഭയില്‍ ആദ്യമായുണ്ടായ ഈ പിളര്‍പ്പിനെയാണ് വിഭജനമായി കണക്കാക്കാന്‍ കഴിയുകയുള്ളു. പിന്നീടുണ്ടായതെല്ലാം വ്യക്തികള്‍ ഉയര്‍ത്തിയ വാദങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടവരുടെ ഒത്തുചേരല്‍ മാത്രമായിരുന്നു. കത്തോലിക്കാസഭയില്‍നിന്നും ഓര്‍ത്തഡോക്സ് സഭകളില്‍നിന്നും പലരും ഇത്തരം ആശയങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭ വീണ്ടും പിളര്‍ന്നിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥസഭ ഏതാണെന്നു മനസ്സിലാക്കുമ്പോഴാണ് ഇത് ക്രൈസ്തവസഭയുടെ പിളര്‍പ്പാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയുകയുള്ളു. രാഷ്ട്രീയപാര്‍ട്ടികള്‍ പിളരുന്നത് നമുക്ക് സുപരിചിതമാണ്! പിളര്‍പ്പിലൂടെ ഉണ്ടാകുന്ന രണ്ടു കഷണങ്ങളും തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്ന് അവകാശം ഉന്നയിക്കാറുണ്ട്. എന്നാല്‍, അംഗീകാരം കിട്ടുന്നത് ഏതെങ്കിലും ഒന്നിനു മാത്രമാകും. അപ്പോള്‍, അംഗീകാരം ലഭിക്കാത്ത വിഭാഗം മറ്റൊരു പേരില്‍ അറിയപ്പെടും. സ്ഥാപകനേതാവിന്റെ ചിത്രം രണ്ടു കൂട്ടരുടെയും 'ഓഫീസുകളില്‍' മാലയിട്ടുവച്ചാലും ഒന്നുമാത്രമായിരിക്കും ഔദ്യോഗികം!

മാതൃസംഘടനയുടെ നിയമാവലികളെ അതേപോലെ പിന്തുടരുന്നവരാകും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്നത്. അതുപോലെതന്നെ ക്രൈസ്തവസഭയുടെ പിളര്‍പ്പില്‍ യഥാര്‍ത്ഥ അപ്പസ്തോലികസഭയെ തിരിച്ചറിയാനും ഈ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്!

എന്താണ് സഭയുടെ നിയമാവലി?

ദൈവവചനമാണ് സഭയുടെ അടിസ്ഥാന നിയമം എന്നതാകുന്നു ഈ ചോദ്യത്തിതിനുള്ള വ്യക്തമായ ഉത്തരം! ഇതോടൊപ്പം അപ്പസ്തോലന്മാരുടെ പാരമ്പര്യങ്ങളും അവരുടെ സമ്മേളനങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളും സഭയുടെ അടിസ്ഥാന നിയമങ്ങള്‍ തന്നെയാണ്! സഭാശ്രേഷ്ഠന്മാര്‍ സമ്മേളിക്കുന്ന സൂനഹദോസുകളില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ തീരുമാനങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് സഭയിലെ ഓരോ അംഗങ്ങള്‍ക്കും ബാധകമായ നിയമങ്ങളാകുന്നു.

A.D.421-ല്‍ സഭ പിളര്‍ന്നതിനുശേഷം അന്നുവരെയുള്ള സൂനഹദോസ് തീരുമാനങ്ങളും വചനവ്യാഖ്യാനവും അതേപടി തുടരുന്ന സഭയാണ് യേഹ്ശുവായുടെ യഥാര്‍ത്ഥ സഭ! (ഈ പിളര്‍പ്പ് റോമാസാമ്രാജ്യത്തിന്റെ പിളര്‍പ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്) സഭയുടെ പിളര്‍പ്പ് സംഭവിച്ച കാലത്ത് ബൈബിളില്‍ 73 പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അന്നുവരെയുള്ള എല്ലാ ക്രൈസ്തവവിശ്വാസികളും ഈ 73 പുസ്തകങ്ങളെയും അംഗീകരിച്ചിരുന്നു. A.D. 393-ലെ ഹിപ്പോ സൂനദോസും A.D. 397-ലെ കാര്‍ത്തെജ് സൂനഹദോസും A.D. 419-ല്‍ വീണ്ടും കാര്‍ത്തെജില്‍ നടന്ന സൂനഹദോസുമാണ് വിശുദ്ധഗ്രന്ഥത്തിന്റെ 'കാനനുകള്‍ ' തീരുമാനിച്ചത്. അന്ന് സഭ ഒന്നായിരുന്നു. അതായത് കത്തോലിക്കരുടെ കൈവശമുള്ള ബൈബിളിലെ 73 പുസ്തകങ്ങളും അംഗീകരിക്കപ്പെട്ടതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് സഭ പിളര്‍ന്നത്. ഇന്നും 73 പുസ്തകങ്ങളുമായി മുന്നോട്ടുപോകുന്ന ഏക ക്രൈസ്തവസഭ കത്തോലിക്കാസഭ മാത്രമാണ്!

സഭ വേര്‍പിരിയുന്നതിനു മുമ്പുതന്നെ റോമിലേക്ക് ആസ്ഥാനം മാറ്റിയിരുന്നു. ജറുസലെമില്‍നിന്ന് ക്രിസ്ത്യാനികളെ പുറത്താക്കിയെന്നതുകൊണ്ടാണ് സഭയുടെ ആസ്ഥാനം റോമിലേക്ക് മാറ്റേണ്ടിവന്നത്. അപ്പസ്തോലന്മാരുടെ കാലംമുതല്‍ റോമില്‍ ക്രൈസ്തവസഭയുണ്ടായിരുന്നു എന്നത് ബൈബിളില്‍നിന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും. പൗലോസ് അപ്പസ്തോലന്‍ റോമായിലെ സഭയ്ക്കായി ലേഖനം എഴുതിയിട്ടുള്ളത് നമുക്കെല്ലാം അറിയാവുന്നതാണല്ലോ!

ബൈബിളില്‍ എത്ര പുസ്തകങ്ങളുണ്ട്?

കത്തോലിക്കാസഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളാണുള്ളത്. എന്നാല്‍, മറ്റെല്ലാ സഭകളും ഏഴു പുസ്തകങ്ങളെ ഒഴിവാക്കിക്കൊണ്ട് '66' പുസ്തകങ്ങളെ മാത്രം സ്വീകരിച്ചിരിക്കുന്നു. കത്തോലിക്കാസഭ അംഗീകരിച്ചിട്ടുള്ള തോബിത്ത്, യൂദിത്ത്, ജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക്, മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങള്‍ എന്നിവ ഓര്‍ത്തഡോക്സ് വിഭാഗങ്ങളും 'പ്രൊട്ടസ്റ്റന്റ്' വിഭാഗങ്ങളും തള്ളിക്കളഞ്ഞു. ഇതുകൂടാതെ ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളും ഇവര്‍ ഒഴിവാക്കി. എന്തുകൊണ്ടാണ് ഈ പുസ്തകങ്ങള്‍ ഒഴിവാക്കിയതെന്ന് അറിയുമ്പോള്‍ ഏതാണ് ക്രിസ്തുവിന്റെ സഭ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

യേഹ്ശുവാ മനുഷ്യനായി ഈ ഭൂമിയിലേക്കു വന്ന കാലത്ത് യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങളായി അംഗീകരിച്ചിട്ടുള്ള പുസ്തകങ്ങളായിരുന്നു ഒഴിവാക്കപ്പെട്ട ഈ ഏഴു ഗ്രന്ഥങ്ങളും. പിന്നീട് ക്രിസ്തുവിനുശേഷം 80-നും 100-നും ഇടയില്‍ നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ച് യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനികഗ്രന്ഥങ്ങള്‍ നിര്‍ണ്ണയിച്ചപ്പോള്‍, ഈ ഏഴു പുസ്തകങ്ങളെ അപ്രാമാണികം എന്നുപറഞ്ഞ് തള്ളി. ഹെബ്രായഭാഷയില്‍ ഉണ്ടായിരുന്ന ബൈബിള്‍ ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു. 'ഗ്രീക്ക്-അരമായ' ഭാഷകളിലുള്ളവയെ അവര്‍ തള്ളിക്കളയുകയാണുണ്ടായത്. ഈ പുസ്തകങ്ങള്‍ 'ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ക്രിസ്തുവോ അവിടുത്തെ ശിഷ്യന്മാരോ തള്ളിക്കളയാന്‍ പറഞ്ഞിട്ടില്ലാത്തവ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ തള്ളിക്കളയുന്നത്?

അതുമാത്രമല്ല, ഹെബ്രായമൂലങ്ങള്‍ ഇല്ലെന്ന വാദത്തില്‍ തള്ളിക്കളഞ്ഞത് അജ്ഞതയുടെ പരിണിതഫലമാണെന്ന് പിന്നീട് ലോകത്തിനു വ്യക്തമായി! സമീപകാലത്തെ കണ്ടുപിടുത്തങ്ങളും പഠനങ്ങളും(ചാവുകടല്‍ രേഖകള്‍) ഈ ഏഴു പുസ്തകങ്ങള്‍(ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍) ഹീബ്രു, അരമായ ഭാഷകളിലും എഴുതപ്പെട്ടിട്ടുള്ളതായി തെളിയിച്ചു. ഈ ഗ്രന്ഥങ്ങളുടെ ഹെബ്രായമൂലം കണ്ടുകിട്ടിയ സ്ഥിതിക്ക് കത്തോലിക്കാവിരുദ്ധ സഭകള്‍ ഇനിയെന്തു ചെയ്യും? വചനത്തെമാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയതെന്ന് വാദിക്കുന്ന 'തട്ടിക്കൂട്ടുസഭകള്‍ക്ക്' ഇനിയെന്തെങ്കിലും പറയാനുണ്ടോ?

പിരിഞ്ഞുപോയ ഓര്‍ത്തഡോക്സ് സഭ വീണ്ടും കഷ്ണങ്ങളായെങ്കിലും ഇരു കഷ്ണങ്ങള്‍ക്കും '66' പുസ്തകങ്ങളാണ് ഇപ്പോഴുമുള്ളത്! ക്രിസ്തുവിന്റെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും പാരമ്പര്യത്തില്‍നിന്ന് വ്യതിചലിക്കാതെ ഇന്നും തുടരുന്ന സഭ ഏതാണെന്ന് ഇനി വായനക്കാര്‍ക്ക് നിശ്ചയിക്കാം!

ബൈബിളില്‍നിന്ന് ഏഴു പുസ്തകങ്ങളെ തള്ളിക്കളയാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവരുടെ ഗ്രന്ഥത്തെ 'സത്യവേദപുസ്തകം' എന്നു വിളിക്കുന്നതിലെ യുക്തി മനോവയ്ക്ക് മനസ്സിലാകുന്നില്ല! ബൈബിള്‍ സമ്പൂര്‍ണ്ണം ആകണമെങ്കില്‍ അതില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളുണ്ടാകണം. കത്തോലിക്കാസഭ സ്വീകരിച്ച നിലപാടാണ്, ദൈവഹിതപ്രകാരം എടുത്ത തീരുമാനമെന്ന് നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ ശാസ്ത്രവും ഗവേഷണങ്ങളും തെളിവുകള്‍ നല്‍കി! സത്യം എല്ലാക്കാലവും മറഞ്ഞിരിക്കില്ല; എന്നെങ്കിലും അത് മറനീക്കി പുറത്തുവരും!

'66' എന്ന സംഖ്യയില്‍തന്നെ എതിര്‍ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഒളിഞ്ഞിരിപ്പുണ്ട്; കാരണം, അവന്റെ നാമത്തിന്റെ സംഖ്യ '666' ആണ്! അതുപോലെതന്നെ ഖുറാനിലെ ആയത്തുകളുടെ എണ്ണം '6666' ആണെന്നും ഓര്‍ക്കണം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതും യാദൃശ്ചികമല്ല!

രണ്ടു സഭകളായി പിരിയുന്ന കാലത്ത് വിശുദ്ധരോടുള്ള മധ്യസ്ഥവും മാതാവിനോടുള്ള ഭക്തിയും നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്, ഓര്‍ത്തഡോക്സും അവരില്‍നിന്ന് വീണ്ടും പിളര്‍ന്നുണ്ടായ യാക്കോബായസഭയും ഈ ശൈലി പിന്തുടരുന്നത്!

ഇത് യേഹ്ശുവായുടെ സഭകളല്ല!

ഭൗതീക സമ്പത്തിനുവേണ്ടി തെരുവുയുദ്ധം നടത്തുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളെ വീക്ഷിച്ചാല്‍ അവരുടെ അടിത്തറ ആത്മീയതയിലല്ലെന്നു വ്യക്തമാകും. ക്രൈസ്തവസഭയില്‍ ആദ്യത്തെ പിളര്‍പ്പിലേക്ക് വഴിവച്ചതും അധികാരത്തിന്റെ പേരിലായിരുന്നു. റോമിലെ അധികാരത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ വേറിട്ടുപോയ വിഭാഗം ശിഥിലമായത് ദൈവഹിതത്തിന് എതിരായ അവരുടെ നീക്കം മൂലമാണ്. വിജാതിയരുടെ മുന്നില്‍പ്പോലും ക്രിസ്തീയത നിന്ദിക്കപ്പെടുന്നവിധം ഭൗതീക സമ്പത്തിനുവേണ്ടിയുള്ള ലഹളയിലാണിവര്‍!

ആദിമസഭയിലെ അംഗങ്ങള്‍ പരസ്പരം സാഹോദര്യത്തിലൂടെയാണ് മുന്നോട്ടുപോയതെന്ന് നമുക്കറിയാം. ഇവര്‍ അന്യോന്യം 'വിശുദ്ധര്‍' എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. ഇന്ന് ഓര്‍ത്തഡോക്സ് വിശ്വാസി യാക്കോബയാ വിശ്വാസിയെ എങ്ങനെയാണ് സംബോധന ചെയ്യുന്നതെന്ന് നോക്കിയാല്‍ ഇവര്‍ യഥാര്‍ത്ഥ ക്രിസ്തീയസഭയാണോ എന്ന് മനസ്സിലാകും. ഓരോ ദേശങ്ങളിലെയും ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളെ മറ്റുസഭകളിലെ സമ്പന്നര്‍ സഹായിച്ചിരുന്നു. വിശുദ്ധ പൗലോസ് ഇക്കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുരണ്ടു വചനങ്ങള്‍ ശ്രദ്ധിക്കുന്നത് സത്യം മനസ്സിലാക്കുന്നതിന് ഉപകരിക്കും: "അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക അപ്പസ്തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു"(അപ്പ. പ്രവര്‍: 4; 34, 35).

മറ്റു രാജ്യങ്ങളിലുള്ള സഭകളെയും സ്വന്തം സഹോദരങ്ങളായി പരിഗണിച്ച് അവരെയും സഹായിക്കാന്‍ ഓരോ സഭകളും ശ്രദ്ധിച്ചിരുന്നതായി ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോമായിലെ സഭയോടുള്ള പൗലോസിന്റെ വാക്കുകളില്‍ ഈ സൂചനയുണ്ട്: "ഇപ്പോള്‍ ഞാന്‍ വിശുദ്ധരെ സഹായിക്കാന്‍ ജറുസലെമിലേക്ക് പോവുകയാണ്. എന്തെന്നാല്‍, ജറുസലെമിലെ വിശുദ്ധരില്‍ നിര്‍ദ്ധനരായവര്‍ക്ക് കുറേ സംഭാവന കൊടുക്കാന്‍ മക്കെദോനിയായിലും അക്കായിയായിലും ഉള്ളവര്‍ സന്മനസ്സു പ്രകടിപ്പിച്ചിരിക്കുന്നു. അവര്‍ അതു സന്തോഷത്തോടെയാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് അതിനു കടപ്പാടുമുണ്ട്"(റോമാ: 15; 25-27). ഇതാണ് ക്രിസ്തീയസഭകള്‍! ഇതില്‍നിന്ന് വ്യത്യസ്ഥമായ ഒരു പാരമ്പര്യവും ക്രിസ്തീയമല്ല. അതിനാല്‍, ക്രൈസ്തവമെന്ന് അവകാശപ്പെട്ടുകൊണ്ട്, മറ്റുസഭകളെ ശത്രുക്കളായി കാണുകയും ഭൗതീക സ്വത്തിനുവേണ്ടി പരസ്പരം കടിച്ചുകീറുകയും ചെയ്യുന്ന ഒരു സഭയും ക്രിസ്തീയസഭയല്ല. മറിച്ച്, ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും ശത്രുക്കളാണിവര്‍!

ക്രൈസ്തവസഭയുടെ ആദ്യത്തെ പിളര്‍പ്പിലൂടെ രൂപംകൊണ്ട ഒരു കഷ്ണത്തിന്റെ ഇന്നത്തെ ജീര്‍ണ്ണിച്ച അവസ്ഥയാണിത്! ഏതായിരുന്നു പത്രോസിന്റെമേല്‍ ക്രിസ്തു സ്ഥാപിച്ച സഭയെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയണം. ഇത് കത്തോലിക്കാസഭയെ വെള്ളപൂശാനുള്ള മനോവയുടെ ശ്രമമല്ല. കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനം ബൈബിളിലും അപ്പസ്തോലിക പാരമ്പര്യത്തിലും അടിയുറച്ചതാണെന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ്. എന്നാല്‍, ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലാത്ത 'മാഫിയാസംഘങ്ങള്‍' കത്തോലിക്കാസഭയുടെ രക്തംകുടിച്ച് വളരുന്നുണ്ട്. സന്യാസസഭകള്‍ എന്നപേരില്‍ കത്തോലിക്കാസഭയുടെ തണലില്‍ വളരുന്ന ഈ കളകളാണ് പരിശുദ്ധമായ ഈ സഭയുടെ ഇന്നത്തെ ജീര്‍ണ്ണത!
തുടരും....

'കുളംകലക്കി പരുന്തിനു കൊടുക്കുന്ന ക്രൈസ്തവസഭകള്‍' എന്ന ഈ ലേഖനപരമ്പരയുടെ മൂന്നാംഭാഗമായ 'മാര്‍ട്ടിന്‍ ലൂഥറും പ്രൊട്ടസ്റ്റന്റ് മഹാമാരിയും' വായിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3984 views

LOG IN

Lost your password?

SIGN UP

LOST PASSWORD