സഭകളില്‍ ശുദ്ധീകരണം

കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികള്‍!

Print By
about

03 - 05 - 2013

ങ്ങനെയൊരു ശീര്‍ഷകത്തെ ജിജ്ഞാസയോടെ വായിച്ചവരോട് മനോവ ഒരു കാര്യം പറയാം: അല്പം വേദനയോടെതന്നെയാണ് ഈ ശീര്‍ഷകം കുറിച്ചത്. ഇതല്ലാതെ മറ്റു വഴികളൊന്നും മനോവയുടെ മുന്നില്‍ തെളിഞ്ഞുവന്നില്ല എന്നതാണു സത്യം. മാത്രവുമല്ല, സ്വന്തം ഭവനത്തിന്റെ ശുദ്ധീകരണത്തിന് മുന്തിയ പരിഗണന നല്‍കുകയെന്നതാണ് മനോവയുടെ എക്കാലത്തെയും നയം. മറ്റു സഭകളിലുള്ളവര്‍ക്ക് സ്വയംവിമര്‍ശനത്തിന്റെ അനിവാര്യത ഗ്രഹിക്കാനുള്ള വിവേകമുണ്ടെങ്കില്‍ അതിനു തയ്യാറാകുകയും, തങ്ങളുടെ സഭയില്‍ ക്രിസ്ത്യാനികളുണ്ടോ എന്ന പരിശോധന നടത്താവുന്നതുമാണ്. എന്തുകൊണ്ടാണ് ഈ ലേഖനത്തിന് ഇത്തരത്തിലൊരു 'തലക്കെട്ട്‌' നല്‍കിയതെന്ന് വായനയുടെ അന്ത്യത്തില്‍ ബോധ്യമാകും എന്ന പ്രതീക്ഷയോടെ ആരംഭിക്കുന്നു!

കത്തോലിക്കാസഭയില്‍ നൂറ്റിയിരുപതു കോടി അംഗങ്ങള്‍ ഉണ്ടെന്നതാണ് അറിയപ്പെടുന്ന കണക്ക്. ഇന്ത്യയില്‍ ഏകദേശം ആറുലക്ഷം ഗ്രാമങ്ങളില്‍ ക്രിസ്തുവിന്റെ പേര് കേട്ടിട്ടുപോലുമില്ലെന്ന് അതിശയോക്തിയോടെ പറയുമ്പോള്‍, ഈ പേര് അറിയാത്ത എത്രപേര്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്ന് ആരുമെന്തേ ചിന്തിക്കുന്നില്ല? യേഹ്ശുവായെ അവിടുന്നായിരിക്കുന്ന പൂര്‍ണ്ണതയില്‍ അറിയുന്നവര്‍ കത്തോലിക്കാസഭയില്‍ വിരളമാണെന്നിരിക്കെ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ യേഹ്ശുവായെ അറിയാത്തവരെയോര്‍ത്ത് വിലപിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല! യേഹ്ശുവായെ അറിയാത്തവരെക്കുറിച്ചുള്ള വേദന നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മനോവ ഇതു പറയുന്നത്.

കത്തോലിക്കാസഭയിലെ അംഗങ്ങളെ നോക്കി യേഹ്ശുവാ ഈ ചോദ്യം ആവര്‍ത്തിക്കുകയാണ്: "മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?"(മത്താ: 16; 13). കത്തോലിക്കര്‍ മറുപടിയായി ഇങ്ങനെ പറയും: അങ്ങ് ഒരു മഹാനാണെന്നു ചിലര്‍ പറയുന്നു; അങ്ങൊരു സാമൂഹീക പരിഷ്കര്‍ത്താവാണെന്നു മറ്റുചിലര്‍ പറയുന്നു. ചിലരാകട്ടെ, അങ്ങൊരു പ്രവാചകനാണെന്നും, വേറെ ചിലര്‍ അങ്ങു ദേവനാണെന്നും പറയുന്നു. യേഹ്ശുവാ വീണ്ടും അടുത്ത ചോദ്യം ഉയര്‍ത്തിയാല്‍ അത് ഇങ്ങനെയായിരിക്കും: "എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?"(മത്താ;16;15). ഈ ചോദ്യം അവിടുത്തെ ശിഷ്യന്മാരോടു ചോദിച്ചപ്പോള്‍, ശിഷ്യന്മാരില്‍ ഒരുവനായ കേപ്പാ ഇപ്രകാരം മറുപടി പറഞ്ഞു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്"(മത്താ: 16; 16). യേഹ്ശുവാ ആഗ്രഹിച്ച ഉത്തരംതന്നെ കേപ്പായില്‍നിന്നു ലഭിച്ചതിനാല്‍, അവിടുന്ന് ഏറെ സന്തോഷത്തോടെ ഇപ്രകാരം അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ: 16; 17).

യേഹ്ശുവാ സ്ഥാപിക്കുവാന്‍ പോകുന്ന സഭയുടെ നേതാവായി കേപ്പായെ പരിഗണിക്കാന്‍ പോന്നതായിരുന്നു അവന്റെ ഈ വിശ്വാസപ്രഖ്യാപനമെന്ന് പിന്നീടുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അവിടുന്ന് അരുളിച്ചെയ്തു: "ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19).

കത്തോലിക്കാസഭയിലെ അംഗങ്ങളോട് ഈ ചോദ്യം യേഹ്ശുവാ ആവര്‍ത്തിച്ചാല്‍ എന്തായിരിക്കും മറുപടി എന്നതാണ് ഇന്നിവിടെ നാം ചര്‍ച്ചചെയ്യുന്നത്. എന്നാല്‍, അതിനുമുന്‍പ്‌ മറ്റൊരു വിഷയം ആമുഖമായി ചിന്തിക്കാം. ഞാന്‍ ആരാണെന്നാണ്‌ നിങ്ങള്‍ പറയുന്നത് എന്ന ചോദ്യത്തിന് ആദ്യത്തെ പോപ്പായിരുന്നു ഉത്തരം പറഞ്ഞതെന്ന് നാം കണ്ടു. അതുകൊണ്ടുതന്നെ, ഇന്ന് കേപ്പായുടെ അധികാരങ്ങള്‍ കയ്യാളുന്നുവെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മറുപടി എന്തായിരിക്കുമെന്നാണ് ആദ്യമായി പരിശോധിക്കേണ്ടത്. പോപ്പിന്റെ പദവിയില്‍ ഫ്രാന്‍സീസ് കടന്നുകൂടിയ ആദ്യനാളുകളില്‍ത്തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. ചോദ്യകര്‍ത്താവ് യേഹ്ശുവാ ആയിരുന്നില്ല; ഇറ്റലിയിലെ ഒരു പ്രധാന പത്രത്തിന്റെ ലേഖകനും കമ്മ്യൂണിസ്റ്റുകാരനുമായ 'യുഗേനിയോ സ്കാല്‍ഫെരി'(Eugenio Scalfari) ആയിരുന്നു ചോദ്യമുയര്‍ത്തിയത്. ഫ്രാന്‍സീസ് നല്‍കിയ മറുപടി ഇങ്ങനെ: "ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം"(2013 ഒക്ടോബര്‍ 1-ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്‍).

യേഹ്ശുവായെ ഗുരുവായും ഇടയനായും അംഗീകരിച്ചിരുന്ന അനേകര്‍ അന്നുമുണ്ടായിരുന്നു. ബൈബിളില്‍ വിവരിച്ചിരിക്കുന്ന ഈ സംഭവം നോക്കുക: "യേഹ്ശുവാ വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?"(മര്‍ക്കോ: 10; 17). യേഹ്ശുവായെ ഗുരുവായി അംഗീകരിച്ചതുകൊണ്ട് ഇവനെ അവിടുന്ന് മാര്‍പ്പാപ്പയാക്കിയതായി നാം കാണുന്നില്ല! വഴിയില്‍ക്കൂടി പോകുന്ന പലരും യേഹ്ശുവായെ 'ഗുരോ' എന്നു സംബോധന ചെയ്തിട്ടുണ്ട്. യേഹ്ശുവായെ ഒറ്റിക്കൊടുത്ത യെഹൂദാസും ഇപ്രകാരംതന്നെ വിളിച്ചുകൊണ്ടാണ്‌ അവിടുത്തെ ചുംബനംകൊണ്ട് ഒറ്റിയത്: "അവന്‍ യേഹ്ശുവായെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ഗാഢമായി ചുംബിച്ചു"മര്‍ക്കോ: 14; 45). നാശത്തിന്റെ സന്തതിയെന്ന് യേഹ്ശുവാതന്നെ പരിചയപ്പെടുത്തിയ യെഹൂദാസും അവിടുത്തെ ഗുരുവെന്നാണ് വിളിച്ചത്!

മറ്റൊരു സംഭവം ശ്രദ്ധിക്കുക: "അവന്‍ രാത്രി യേഹ്ശുവായുടെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല"(യോഹ: 3; 2). നിക്കൊദേമോസ് എന്ന യെഹൂദപ്രമാണി യേഹ്ശുവായെ സന്ദര്‍ശിച്ചു പറഞ്ഞതാണ് ഈ വാക്കുകള്‍.  സഭയുടെ തലവനായി ഇവനെ അഭിഷേകം ചെയ്യാനും യേഹ്ശുവാ തയ്യാറായില്ല! താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനാണെന്ന് അംഗീകരിക്കുന്നതുകൊണ്ടോ, തന്നെയൊരു പ്രവാചകനായി പരിഗണിച്ചതുകൊണ്ടോ, താന്‍ നല്ലവനാണെന്നും ഗുരുവാണെന്നും സമ്മതിക്കുന്നതുകൊണ്ടോ പ്രത്യേക പരിഗണനകളൊന്നും യേഹ്ശുവാ ആര്‍ക്കും നല്‍കിയിട്ടില്ല! അവിടുന്ന് ആയിരിക്കുന്നതുപോലെ പൂര്‍ണ്ണമായി അറിഞ്ഞ് അംഗീകരിക്കുന്നവരെയാണ് അവിടുന്ന് അന്വേഷിക്കുന്നത്. യോനായുടെ പുത്രനായ ശിമയോനില്‍ അങ്ങനെയൊരുവനെ യേഹ്ശുവാ കണ്ടെത്തി!

യേഹ്ശുവാ ഗുരുവാണെന്നു മാത്രമല്ല, സത്യവാനാണെന്നുകൂടി പറഞ്ഞ ചിലരെ ബൈബിളില്‍ കാണാം. ഫരിസേയര്‍ അയച്ച തങ്ങളുടെ അനുയായികള്‍ യേഹ്ശുവായോടു പറയുന്നത് ഇങ്ങനെയാണ്: "ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു"(മത്താ: 22; 16). ദൈവത്തിന്റെ വഴികള്‍ നേരായി പഠിപ്പിക്കുന്ന ഒരു ഗുരുവായി മാത്രം യേഹ്ശുവായെ പരിഗണിക്കുന്നതുകൊണ്ട് പൂര്‍ണ്ണമായ പരിഗണന ആകുന്നില്ല. യേഹ്ശുവാ നല്ലവനാന്നെന്നതിനു ഭൂമിയില്‍നിന്ന്‍ ആരുടേയും സാക്ഷിപത്രം സ്വര്‍ഗ്ഗത്തിന് ആവശ്യമില്ല. അവിടുന്ന് ഗുരുവും നല്ലവനുമൊക്കെ ആണെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ഇത് ഏറ്റുപറയുന്നതിലൂടെയല്ല ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. യേഹ്ശുവാ യഥാര്‍ത്ഥത്തില്‍ ആരായിരിക്കുന്നുവോ അത് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ ഒരുവന്റെ രക്ഷ സാദ്ധ്യമാകുന്നു! യേഹ്ശുവാ ഒരു ഗുരുവാണെന്നു മാത്രമല്ല, യേഹ്ശുവായെക്കാള്‍ വലിയൊരു ഗുരുവില്ലെന്നു നാസ്തികവാദികള്‍പ്പോലും സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, യേഹ്ശുവായെ ഗുരുവായി ഫ്രാന്‍സീസ് അംഗീകരിക്കുന്നത് അത്ര മഹത്തരമായ കാര്യമായി മനോവ കാണുന്നില്ല!

ഹിന്ദുമതത്തിന്റെ ആത്മീയ ആചാര്യനായ വിവേകാനന്ദനും, അജ്ഞേയതാവാദിയായിരുന്ന ജവഹര്‍ലാല്‍ നെഹൃവും യേഹ്ശുവായെ ഗുരുവായി അംഗീകരിച്ചിരുന്നു. വിവേകാനന്ദ സൂക്തങ്ങള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു; 'മനുഷ്യനായി ജനിച്ച ഒരുവനെ ദൈവമായി ആരാധിക്കണമെങ്കില്‍, അതിന് 'യേശുവിനോളം' യോഗ്യനായ മറ്റാരുമില്ല'. ഇയാള്‍ യേഹ്ശുവായെ ദൈവവും രക്ഷകനുമായി ആരാധിച്ചില്ല എന്നതായിരുന്നു ഇയാളുടെ ജീവിതത്തിലെ പരാജയം. എന്തെന്നാല്‍, യേഹ്ശുവായോളം യോഗ്യതയുള്ള ആരെയുമല്ല വിവേകാന്ദന്‍ ദൈവമായി സ്വീകരിച്ചത്. സനാതനമതം എന്നപേരില്‍ പൈശാചികതയുടെ വക്താവായി ഇയാള്‍ അധഃപതിച്ചു. യേഹ്ശുവായുടെ പ്രബോധനങ്ങള്‍ ഉപയോഗിച്ചു സ്വയം വിഗ്രഹമാകുകയും, അവിടുത്തെ ദൈവമായോ ഏകരക്ഷകനായോ അംഗീകരിക്കാന്‍ തയ്യാറാകാതെ സ്വജീവിതത്തില്‍ പരാജയപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി. ലോകം ഒരുപക്ഷേ ഇദ്ദേഹത്തെ വിജയിച്ച വ്യക്തിയായി പരിഗണിച്ചേക്കാം. എന്നാല്‍, സ്വന്തം ആത്മാവിനെ രക്ഷിക്കാതെ, ലോകത്തിനു ഭൗതീകരക്ഷ നല്‍കിയവര്‍ തികച്ചും പരാജിതര്‍ തന്നെയാണ്! കാരണം, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?"(മത്താ: 16; 26). ആത്മരക്ഷയുടെ അടിസ്ഥാനം പ്രവര്‍ത്തിയല്ല; മറിച്ച്, ഒരുവന്റെ ആത്മരക്ഷ അവന്റെ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്!

ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല"(എഫേ: 2; 8, 9). ആയതിനാല്‍, യേഹ്ശുവായിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. എന്നാല്‍, ഈ വചനത്തെ ഖണ്ഡിക്കാനായി മറ്റുചില വചനങ്ങളെ ദുരുപയോഗിക്കുന്ന അവസ്ഥയുണ്ട്. വചനമിതാണ്: "എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ?"(യാക്കോ: 2; 14). വിശ്വാസത്തില്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായ സഹോദരങ്ങളെ സഹായിക്കുവാനുള്ള ഉത്തരവാദിത്വത്തെ അപ്പസ്തോലന്‍ ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു. സഹോദരങ്ങള്‍ പരസ്പരമുള്ള പങ്കുവയ്ക്കലിന്റെ പ്രാധാന്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു. മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?"(യാക്കോ: 2; 14).

വിശ്വാസം പൂര്‍ണ്ണമാകുന്നത്, വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തികളിലൂടെയാണ്. ഇവ രണ്ടിനെയും വേറിട്ടു കാണേണ്ടതില്ല; മറിച്ച്, വിശ്വാസവും പ്രവര്‍ത്തിയും പരസ്പരം പൂരകങ്ങളാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്. വിശ്വാസം വഴി കൃപയാല്‍ രക്ഷപ്രാപിച്ച ഒരു വ്യക്തി, താന്‍ പ്രാപിച്ച രക്ഷ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതാണ് പ്രവൃത്തി! രക്ഷയെ സംബന്ധിച്ചുള്ള ഈ വചനം സൂക്ഷ്മതയോടെ ഗ്രഹിച്ചാല്‍ ഇക്കാര്യം വ്യക്തമാകും: "ആകയാല്‍, യേഹ്ശുവാ രക്ഷകനാണ്‌ എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമ: 10; 9, 10). ഏറ്റുപറയല്‍ ഒരു പ്രവൃത്തിയാണ്‌! അദ്ധ്യാപനം ഒരു പ്രവൃത്തിയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല!

ഗാന്ധിയില്‍നിന്നും വിവേകാനന്ദനില്‍നിന്നും വ്യത്യസ്തനായ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. വിവേകാനന്ദനും ഗാന്ധിയും വ്യാജദൈവങ്ങളില്‍ വിശ്വസിച്ചു ജീവിക്കുകയും ആ വിശ്വാസത്തില്‍ത്തന്നെ അവസാനിക്കുകയും ചെയ്തുവെങ്കില്‍, നെഹ്‌റു ഒരു അജ്ഞേയതാവാദിയായിരുന്നു! നെഹ്‌റുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: "ഞാന്‍ ദൈവവിശ്വാസിയല്ല; ഞാന്‍ അങ്ങനെ ആയിരുന്നുവെങ്കില്‍, 'യേശുവിനെ'യല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാന്‍ കഴിയുമായിരുന്നില്ല". പിശാചുക്കളെ ദൈവമായി പരിഗണിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠം നാസ്തികവാദവും അജ്ഞേയതാവാദവുമാണെന്ന് മനോവ പറയും. നാസ്തികവാദികള്‍ ആത്മരക്ഷപ്രാപിക്കും എന്നതുകൊണ്ടല്ല മനോവ ഇങ്ങനെ പറയുന്നത്. മറിച്ച്, യിരെമിയാഹ് പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്ത രണ്ടു തിന്മകളില്‍ ഒന്നുമാത്രമേ നിരീശ്വരവാദികള്‍ ചെയ്യുന്നുള്ളു! "എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു"(യിരെമി: 2; 13). ഗാന്ധിയും വിവേകാനന്ദനും സത്യദൈവത്തെ ഉപേക്ഷിക്കുകയും, രക്ഷിക്കാന്‍ കഴിവില്ലാത്ത വ്യാജദേവന്മാരെ സേവിക്കുകയും ചെയ്തുകൊണ്ട് രണ്ടു തിന്മകളിലും നിര്‍ബ്ബാധം വ്യാപരിച്ചു. എന്നാല്‍, സത്യദൈവത്തെ സേവിക്കാന്‍ തയ്യാറാകാത്ത നെഹ്‌റു, വ്യാജദൈവങ്ങളില്‍ അഭയംതേടിയില്ല എന്നത് ഇദ്ദേഹത്തിന്റെ പാപം ഒന്നില്‍ ഒതുങ്ങാന്‍ കാരണമായി! ഇതുമൂലം നെഹ്‌റുവിനു വ്യക്തിപരമായ നേട്ടം ഉണ്ടായില്ലെങ്കിലും ലോകത്തിനു നേട്ടമുണ്ടായി!

ദൈവത്തെ വിശ്വസിക്കാത്ത ഒരുവനു ദൈവരാജ്യത്ത് പ്രവേശനം അസാധ്യമാണ്. അതുകൊണ്ടുതന്നെ, നാസ്തികവാദികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു. എന്നാല്‍, അസത്യദൈവങ്ങളെ സേവിക്കുന്ന വ്യക്തികള്‍, തങ്ങള്‍ക്കും ഈ സമൂഹത്തിനും ദുരന്തം വരുത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ഇവര്‍ സത്യദൈവത്തെ നിഷേധിക്കുന്നതോടൊപ്പം, പിശാചുക്കളെ ദൈവസ്ഥാനത്തു പരിഗണിച്ച്, ദൈവത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നു. ഇതാണ് യിരെമിയാഹ് പ്രവാചകന്‍ പറഞ്ഞ രണ്ടു തിന്മകള്‍! വിഗ്രഹാരാധകര്‍ സമൂഹത്തോടു ചെയ്യുന്ന തിന്മകള്‍ എന്താണെന്നു തിരിച്ചറിയുമ്പോള്‍, നെഹ്‌റു അജ്ഞേയതാവാദിയായിരുന്നതുമൂലം സമൂഹത്തിനു ലഭിച്ച നേട്ടമെന്തായിരുന്നുവെന്ന് മനസ്സിലാകും.

"ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു"(ഏശയ്യാ: 24; 4-6). മനുഷ്യര്‍ ചെയ്യുന്ന പാപങ്ങള്‍ മൂലം മണ്ണ് ശപിക്കപ്പെട്ടതാകുമെന്നു ദൈവം അരുളിചെയ്തിട്ടുണ്ട്. ഈ വചനം നോക്കുക: "ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും"(ഉത്പ: 3; 17). ദൈവത്തെ നിഷേധിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, ആ തിന്മകള്‍മൂലം ഭൂമി ശപിക്കപ്പെട്ടതായി തീരും! മനുഷ്യര്‍ ചെയ്യുന്ന പാപംമൂലം മണ്ണ് മനുഷ്യനു ഫലം നല്‍കാതിരിക്കുകയും, ഭൂവാസികളെ അതു പുറന്തള്ളുകയും ചെയ്യും. "നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല"(ഉത്പ: 4; 10-12).

ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയത്തില്‍നിന്നു വ്യതിചലിക്കുന്നതായി ആരും ചിന്തിക്കേണ്ടാ. കാരണം, ഇത് മനഃപൂര്‍വ്വമുള്ള വ്യതിചലനമാണ്. മഹാന്മാരെന്നു ലോകം വിശേഷിപ്പിക്കുന്ന പലരും യേഹ്ശുവായെ വികലമായി സ്വീകരിച്ച വ്യക്തികളായിരുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഇവിടെ നല്‍കിയത്. അനേകം ദേവന്മാരുടെ ഗണത്തില്‍ യേഹ്ശുവായെ ഒരു ദേവനായി അംഗീകരിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ തയ്യാറാണ്! ഇന്ത്യയിലെ ക്രിസ്ത്യാനികളില്‍ ചിലര്‍ ഇതില്‍ സന്തോഷിക്കുക മാത്രമല്ല, ഹിന്ദുക്കളോടുള്ള പ്രതിനന്ദി പ്രകാശിപ്പിക്കാനായി  'യേശു'ദേവന്‍ എന്ന് ക്രിസ്തുവിനെ വിളിക്കുവാന്‍ തയ്യാറായി! വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുള്ള വില്പനച്ചരക്കാണ് ക്രിസ്തീയതയെന്നു കരുതുന്ന ചില വിഡ്ഢികള്‍ ക്രൈസ്തവസഭകളുടെ തലപ്പത്ത് കയറിക്കൂടിയതാണ് ഈ ദുരന്തത്തിനു കാരണം!

യേഹ്ശുവായെ പ്രവാചകനായി അംഗീകരിക്കുന്ന മതത്തിന്റെ കൗശലം ക്രിസ്ത്യാനികളില്‍ പലരും തിരിച്ചറിയാത്തതും ക്രിസ്തീയതയുടെമേല്‍ വന്നുഭവിച്ച മഹാമാരിയാണ്. യേഹ്ശുവാ എന്ന ഏകരക്ഷകനെ ആ സ്ഥാനത്തുനിന്ന് മാറ്റി, പകരമൊരു പ്രവാചകനാക്കുന്നത് അവിടുത്തോടുള്ള സ്നേഹവും ആദരവുമാണെന്നു ചിന്തിക്കുന്നവരുടെ യുക്തി മനോവയ്ക്ക് മനസ്സിലാകുന്നില്ല. കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥത്തിന്റെ എണ്‍പത്തിനാലാം പേജില്‍ കുറിച്ചുവച്ചിരിക്കുന്ന അപകടം ഇതുതന്നെയാണ്! കുരിശില്‍ മരിക്കാത്തവനും വെറുമൊരു പ്രവാചകനുമായ ഈസാനബിയെ യേഹ്ശുവായാക്കി ദൈവജനത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചവര്‍ ആരുതന്നെയായാലും അവര്‍ സാത്താനില്‍നിന്നു വന്നവരാണെന്ന് നിസ്സംശയം മനോവ പറയും! ഈ വിശ്വാസത്തിനുമേലല്ല സഭ പണിയപ്പെട്ടത്; മറിച്ച്, യേഹ്ശുവായെ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മ്ശിഹയായി അംഗീകരിക്കുന്ന വിശ്വാസത്തിനുമേലാണ്!

ഏതു വിശ്വാസത്തിനുമേലാണോ സഭ പണിയപ്പെട്ടത്, ആ വിശ്വാസത്തില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് യേഹ്ശുവായുടെ വാഗ്ദാനവും നിലനില്‍ക്കുകയുള്ളൂ. അതായത്, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണെന്ന് ഏറ്റുപറഞ്ഞ കേപ്പായുടെ വിശ്വാസപ്രഖ്യാപനത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം അവിടുത്തെ വാഗ്ദാനവും നിലനില്‍ക്കും! വഴിപിഴച്ചുപോയ ഒരുവനെ സ്വര്‍ഗ്ഗത്തിന്റെ താക്കോലുകള്‍ ഏല്പിക്കാന്‍മാത്രം വിവേകശൂന്യനാണ് ദൈവമായ യേഹ്ശുവാ എന്ന ധാരണ ആരും വച്ചുപുലര്‍ത്തരുത്! യേഹ്ശുവായുടെ വാഗ്ദാനങ്ങളില്‍ മറ്റൊന്ന് ഇതായിരുന്നു: "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20). ഈ വാഗ്ദാനത്തില്‍ പ്രത്യാശ വയ്ക്കുന്നതിനെ മനോവ തള്ളിപ്പറയുകയില്ല. കാരണം, അവിടുന്ന് വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. എന്നാല്‍, യേഹ്ശുവാ വാഗ്ദാനത്തോടൊപ്പം ചില ദൗത്യങ്ങളും ഭരമേല്പിച്ചിരുന്നു. ആ ദൗത്യങ്ങള്‍ ഇവയാണ്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20).

എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക, വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുക, യേഹ്ശുവാ കല്പിച്ചവയെല്ലാം അവരെ അനുസരിക്കാന്‍ പഠിപ്പിക്കുക എന്നിങ്ങനെ മൂന്നു ദൗത്യങ്ങളില്‍നിന്ന്‍ സ്വമേധയാ വിരമിച്ചതിനുശേഷവും പ്രതിഫലത്തിനായി കൈനീട്ടുന്നത്, ചെയ്യാത്ത വേലയ്ക്ക് കൂലി കാത്തിരിക്കുന്നതുപോലുള്ള മൗഢ്യമാണ്! എന്തുകൊണ്ടാണ് മനോവ ഇങ്ങനെ പറയുന്നതെന്നു വ്യക്തമാക്കാം. പിതാവായ ദൈവമെന്നും പുത്രനായ ദൈവമെന്നും നാം വിളിക്കുന്നത് ഒരു ദൈവത്തെത്തന്നെയാണ്. യേഹ്ശുവാ പറഞ്ഞു: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍"(യോഹ: 14; 9-11). ഇത്ര വ്യക്തമായി യേഹ്ശുവാ ഈ സത്യം വെളിപ്പെടുത്തിയിട്ടും, പിതാവില്‍നിന്നു വ്യത്യസ്തമായ സ്വഭാവമുള്ള വ്യക്തിയായി യേഹ്ശുവായെ കാണേണ്ടതുണ്ടോ? പിതാവിന്റെ പ്രവര്‍ത്തികളാണ് പുത്രന്‍ ചെയ്യുന്നത്. പുത്രന്റെ വാഗ്ദാനങ്ങളെ പരിഗണിക്കുമ്പോള്‍ പിതാവു നല്‍കിയ വാഗ്ദാനങ്ങളെയും പരിഗണിക്കേണ്ടതുണ്ട്.

ദൈവമായ യാഹ്‌വെ മോശയിലൂടെ നിയമങ്ങള്‍ നല്‍കിയപ്പോള്‍, അവയോടൊപ്പം ചില വാഗ്ദാനങ്ങളും നല്‍കിയിരിക്കുന്നത് ബൈബിളില്‍ വായിക്കുന്നുണ്ട്. കല്പനകള്‍ അനുസരിക്കുമെങ്കില്‍ മാത്രമാണ് വാഗ്ദാനങ്ങള്‍ സ്വീകരിക്കാനുള്ള യോഗ്യത ലഭിക്കുന്നതെന്ന് അവിടെ കാണാം. "നിങ്ങള്‍ ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്. നിങ്ങളുടെ ദേശത്തു സ്തംഭങ്ങളുയര്‍ത്തുകയോ കൊത്തിയ കല്ലുകള്‍ നാട്ടുകയോ അരുത്. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെ ദൈവമായ യാഹ്‌വെ. നിങ്ങള്‍ എന്റെ ശബാത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ഞാനാണ് യാഹ്‌വെ. നിങ്ങള്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്പനകള്‍ പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും; ഭൂമി വിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും വൃക്ഷങ്ങള്‍ ഫലം നല്‍കുകയും ചെയ്യും"(ലേവ്യര്‍: 26; 1-4). തുടര്‍ന്നുള്ള വചനങ്ങള്‍ പരിശോധിച്ചാല്‍ അവിടുത്തെ വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക കാണാന്‍ കഴിയും! എന്നാല്‍, വിഗ്രഹങ്ങളിലേക്കു ജനം തിരിഞ്ഞപ്പോള്‍, ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത ജനതയായി യിസ്രായേല്‍ജനം അധഃപതിച്ചു! ഇത് ആധുനീക യിസ്രായേലായ നമുക്കും ബാധകമാണ്!

ദൈവത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെയും ഈ കല്പനകളെല്ലാം അനുസരിക്കാതെയും നടന്നാല്‍, എന്റെ നിയമങ്ങള്‍ ധിക്കരിക്കുകയും പ്രമാണങ്ങള്‍ വെറുത്ത് എന്റെ കല്പനകള്‍ അനുഷ്ഠിക്കാതിരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍, ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും. പെട്ടെന്നുള്ള ഭയവും ക്ഷയവും കണ്ണുകള്‍ക്കു ഹാനിയും ജീവനുതന്നെ നാശവും വരുത്തുന്ന പനിയും നിങ്ങളുടെമേല്‍ ഞാന്‍ വരുത്തും. നിങ്ങള്‍ വിതയ്ക്കുന്നതു വൃഥാവിലാകും; നിങ്ങളുടെ ശത്രുക്കള്‍ അതു ഭക്ഷിക്കും. ഞാന്‍ നിങ്ങള്‍ക്കെതിരേ മുഖംതിരിക്കും. ശത്രുക്കളുടെ മുന്‍പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും. പിന്‍തുടരാന്‍ ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും"(ലേവ്യര്‍: 26; 14-17).

ഇത് യഥാര്‍ത്ഥ ശിക്ഷയല്ലെന്നും വെറും താക്കീതു മാത്രമാണെന്നും മനസ്സിലാക്കാന്‍ തൊട്ടടുത്ത വചനം ശ്രദ്ധിച്ചാല്‍ മതി: "ഇതെല്ലാമായിട്ടും എന്റെ വാക്ക് കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ഞാന്‍ നിങ്ങളെ ഏഴിരട്ടി ശിക്ഷിക്കും. ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ നശിപ്പിക്കും, ആകാശം നിങ്ങള്‍ക്ക് ഇരുമ്പുപോലെയും ഭൂമി പിത്തളപോലെയും ആക്കും. നിങ്ങളുടെ കരുത്ത് ഞാന്‍ നിഷ്ഫലമാക്കും. നിങ്ങളുടെ ദേശം വിളവുതരുകയോ വൃക്ഷങ്ങള്‍ ഫലം പുറപ്പെടുവിക്കുകയോ ഇല്ല. നിങ്ങള്‍ എനിക്കു വിരുദ്ധമായി വ്യാപരിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ശിക്ഷയായി ഏഴിരട്ടി അനര്‍ഥങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വരുത്തും. ഞാന്‍ നിങ്ങളുടെയിടയിലേക്കു വന്യമൃഗങ്ങളെ കടത്തിവിടും. അവ നിങ്ങളുടെ മക്കളെ അപഹരിക്കുകയും കന്നുകാലികളെ നശിപ്പിക്കുകയും അങ്ങനെ നിങ്ങളെ എണ്ണത്തില്‍ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികള്‍ വിജനമാകും"(ലേവ്യര്‍: 26; 18-22). ഇതുകൊണ്ട് ശിക്ഷണം അവസാനിച്ചുവെന്നു കരുതരുത്. കാരണം, ഇതു രണ്ടാംഘട്ടം മാത്രമാണ്. തുടര്‍ന്നുള്ള വചനം നോക്കുക:

"ഈ ശിക്ഷകള്‍കൊണ്ടൊന്നും നിങ്ങള്‍ എന്നിലേക്കു തിരിയാതെ എനിക്കെതിരായി വ്യാപരിക്കുന്നെങ്കില്‍, ഞാനും നിങ്ങള്‍ക്കെതിരേ വ്യാപരിക്കും. നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും. എന്റെ ഉടമ്പടിയുടെ പേരില്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ വീശും. നിങ്ങള്‍ പട്ടണങ്ങളില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെമേല്‍ പകര്‍ച്ചവ്യാധികള്‍ വരുത്തും. നിങ്ങള്‍ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്യും. ഞാന്‍ നിങ്ങളുടെ അപ്പത്തിന്റെ അളവു കുറയ്ക്കും. പത്തു സ്ത്രീകള്‍ ഒരടുപ്പില്‍ അപ്പം പാകംചെയ്യും. അവര്‍ നിങ്ങള്‍ക്ക് അപ്പം തൂക്കി അളന്നേ തരൂ. നിങ്ങള്‍ ഭക്ഷിക്കും, എന്നാല്‍ തൃപ്തരാവുകയില്ല"(ലേവ്യര്‍: 26; 23-26). മൂന്നാമത്തെ ഘട്ടത്തിലെ ശിക്ഷണങ്ങള്‍ക്കൊണ്ടും ദൈവത്തിലേക്ക് തിരിയാന്‍ തയ്യാറാകാത്തവര്‍ക്കുള്ള ശിക്ഷ എന്താണെന്നു ശ്രദ്ധിക്കുക: "ഇതെല്ലാമായിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഞാനും നിങ്ങള്‍ക്കെതിരേ കോപത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും. നിങ്ങള്‍ നിങ്ങളുടെ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം ഭക്ഷിക്കും. ഞാന്‍ നിങ്ങളുടെ പൂജാഗിരികള്‍ നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ വെട്ടിവീഴ്ത്തുകയും നിങ്ങളുടെ ശവശരീരങ്ങള്‍ ജഡവിഗ്രഹങ്ങളുടെമേല്‍ വലിച്ചെറിയുകയും ചെയ്യും. ഹൃദയംകൊണ്ടു ഞാന്‍ നിങ്ങളെ വെറുക്കും. ഞാന്‍ നിങ്ങളുടെ പട്ടണങ്ങള്‍ വിജനമാക്കും; വിശുദ്ധസ്ഥലങ്ങള്‍ ശൂന്യമാക്കുകയും ചെയ്യും. നിങ്ങളുടെ സുരഭിലകാഴ്ചകള്‍ ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ദേശം ഞാന്‍ ശൂന്യമാക്കും"(ലേവ്യര്‍: 26; 27-31).

മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളെ അസാധുവാക്കിക്കൊണ്ടല്ല ക്രിസ്തീയത സ്ഥാപിതമായത്. കേപ്പായുടെ വാക്കുകള്‍തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്. കേപ്പായുടെ വാക്കുകള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 കേപ്പാ: 1; 19-21). ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തോടു പറഞ്ഞതാണെന്ന് ആരും ധരിക്കേണ്ടാ; സകല വിശ്വാസികള്‍ക്കുമുള്ള മുന്നറിയിപ്പാണിത്. പ്രവചനങ്ങളൊന്നും വ്യാഖ്യാനിച്ചു വികലമാക്കരുത്. അതില്‍ത്തന്നെ വ്യാഖ്യാനം ഉണ്ടെന്നതാണ് വസ്തുത! ദൈവീക കല്പനകള്‍ നിരസ്സിച്ചാല്‍ ഇസ്രായേലിനു ഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ആ ജനതയുടെ ഇന്നുവരെയുള്ള അവസ്ഥകളോടു ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍, ഒട്ടുമിക്ക കാര്യങ്ങളും സംഭവിച്ചുകഴിഞ്ഞുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആയതിനാല്‍, ദൈവത്തിന്റെ അഭിഷിക്തനും അവിടുത്തോടു ഗാഢബന്ധം പുലര്‍ത്തുന്നവനുമായ യേഹ്ശുവാ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളും പിതാവിന്റെ വാഗ്ദാനങ്ങളും തമ്മില്‍ വേറിട്ടു കാണേണ്ടതില്ല!

കത്തോലിക്കാസഭയും ക്രിസ്ത്യാനികളും!

കേപ്പായുടെ സിംഹാസനം സ്ഥിതിചെയ്യുന്ന സഭയാണ് കത്തോലിക്കാസഭ! എന്നാല്‍, കേപ്പായുടെ വിശ്വാസത്തില്‍നിന്നും ബഹുദൂരം അകന്നുപോയ ആചാര്യന്മാരാണ് കത്തോലിക്കാസഭയെ നയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വേദനയോടെയെങ്കിലും പറയേണ്ടിയിരിക്കുന്നു! കാലാകാലങ്ങളില്‍ കടന്നുവന്ന പരിഷ്കാരങ്ങളിലൂടെ നഷ്ടമായത് കേപ്പാ പ്രഖ്യാപിച്ച വിശ്വാസസത്യമാണ്! ഇന്ന് കേപ്പായുടെ സിംഹാസനം മാത്രമേ ഈ സഭയിലുള്ളൂ! ദൈവമായ യാഹ്‌വെ അരുളിച്ചെയ്ത മുന്നറിയിപ്പ് ആധുനീക യിസ്രായേലെന്നു വിളിക്കപ്പെടുന്നവര്‍ക്കും ബാധകമായതിനാല്‍, ആ താക്കീത് ഇവിടെയും ആവര്‍ത്തിക്കുന്നു: "ഇതെല്ലാമായിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഞാനും നിങ്ങള്‍ക്കെതിരേ കോപത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും"(ലേവ്യര്‍: 26; 27, 28). കേപ്പായുടെ സിംഹാസനം മലിനമാക്കാന്‍ അനുവദിക്കാതെ, ഈ സഭയില്‍നിന്നും അതു നീക്കംചെയ്യപ്പെടുന്ന അവസ്ഥയെ ഭയത്തോടെ നാം പ്രതീക്ഷിക്കണം! കാരണം, ദൈവദൂതന്മാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടുന്ന കാഴ്ചയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്! കേപ്പാ വിളിച്ചുപറഞ്ഞ വിശ്വാസത്തെ ഏറ്റുപറയുകയോ, അതിനെ അംഗീകരിക്കുകപോലുമോ ചെയ്യാത്തപ്പോള്‍, ഈ സിംഹാസനം അവമതിക്കപ്പെടുന്നു!

സഭയെ ഭരമേല്പിച്ച ദൗത്യങ്ങള്‍ എന്തായിരുന്നുവെന്ന് നാം കണ്ടു. ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, യേഹ്ശുവാ കല്പിച്ചത് അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക എന്നിവയായിരുന്നു അവിടുത്തെ കല്പനകള്‍! എന്നാല്‍, കേപ്പായുടെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് ഫ്രാന്‍സീസ് പറഞ്ഞ വാക്കുകള്‍ യഥാര്‍ത്ഥ വിശ്വാസികളെ അമ്പരപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സീസിന്റെ സുവിശേഷം ഇതാണ്: "ആരോടും ക്രിസ്ത്യാനിയാകാന്‍ പറയേണ്ടതില്ല; മറിച്ച്, നല്ല മനുഷ്യരാകാന്‍ അവരെ ഉപദേശിക്കുക." ഫ്രാന്‍സീസിനെ നയിക്കുന്ന 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' ആത്മാവിന്റെ അജണ്ടയാണ് ഈ വാക്കുകളില്‍ മുഴങ്ങിക്കേട്ടത്! ഇവിടെ ഒരു ചോദ്യം മനോവ ഉയര്‍ത്തുകയാണ്: "തെറ്റുപറ്റിയത് യേഹ്ശുവായ്ക്കും അവിടുത്തെ ശിഷ്യന്മാര്‍ക്കും ആയിരുന്നുവെന്നാണോ പുതിയ ദൈവശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്? അല്ലെങ്കില്‍, സുവിശേഷത്തിനു തടയിടുകയും, അതുവഴി മാനവരക്ഷ അസാദ്ധ്യമാക്കുകയും ചെയ്യുകയെന്ന 'ഫ്രീമേസണ്‍' അജണ്ട നടപ്പാക്കുകയാണോ നിങ്ങള്‍?"

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്തവര്‍ ദൈവരാജ്യം കാണുകയില്ലെന്നു പറഞ്ഞിരിക്കുന്നത് ദൈവംതന്നെയായ യേഹ്ശുവായാണ്! ദൈവരാജ്യത്തില്‍ ആരെല്ലാം പ്രവേശിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം, സ്വര്‍ഗ്ഗത്തിന്റെ സമ്പൂര്‍ണ്ണ അധികാരിയായ യേഹ്ശുവായില്‍ നിക്ഷിപ്തമാണ്! സുവിശേഷം അറിയിക്കുന്നതിലൂടെ വിശ്വാസത്തിലേക്കു കടന്നുവരാനും, അങ്ങനെ കടന്നുവരുന്നവര്‍ സ്നാനത്തിലൂടെ രക്ഷപ്രാപിക്കുന്നതും തടയുന്ന പ്രബോധനം ദൈവത്തില്‍നിന്നു വരുന്നില്ല. ഇതിലൂടെ ദൈവത്തില്‍നിന്നുള്ളവരെയും പിശാചില്‍നിന്നുള്ളവരെയും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും! യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കുന്നതിനു പകരമായി സന്മാര്‍ഗ്ഗപാഠം പ്രസംഗിക്കാനുള്ള ആഹ്വാനത്തിന്റെ ഉറവിടം സാത്താനില്‍നിന്നാണെന്നു തിരിച്ചറിയാന്‍ ദൈവശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല; മറിച്ച്, ദൈവാത്മാവിനെ സ്വീകരിക്കുന്നതുവഴി ലഭ്യമാകുന്ന പ്രകാശം മാത്രം മതി!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയുടെ മതബോധനത്തില്‍ കടന്നുകൂടിയ അശുദ്ധിയാണ് കത്തോലിക്കാസഭയിലെ സകല മൂല്യച്യുതികള്‍ക്കും ആധാരം! സുവിശേഷ വത്ക്കരണത്തിനു സമാപനംകുറിക്കുന്ന സമ്മേളനമായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിളിച്ചുകൂട്ടിയ ഈ പൈശാചിക സമ്മേളനം! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധ പ്രഖ്യാപനത്തോടെ, യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കുകയെന്നത് അപഹാസ്യമായി മാറി! സര്‍വ്വരാലും അപഹസിക്കപ്പെട്ടു കിടന്ന അപരിഷ്കൃത മതങ്ങള്‍ക്കുപോലും ഉണര്‍വ്വ് നല്‍കാന്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പ്രഖ്യാപനങ്ങള്‍ കാരണമായി! വിജാതിയതയെ വെള്ളപൂശാനാണോ അപ്പസ്തോലന്മാരെ യേഹ്ശുവാ നിയോഗിച്ചത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചുക്കള്‍ക്കാണെന്ന അപ്രിയസത്യം വിളിച്ചുപറയാനുള്ള ചങ്കുറ്റം ആദ്യനൂറ്റാണ്ടിലെ അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്നു! എന്നാല്‍, ഈ പിശാചുക്കളിലൂടെയും സ്വര്‍ഗ്ഗത്തിലെത്താന്‍ സാധിക്കുമെന്നാണ് അപ്പസ്തോലിക സഭയുടെ നേതാക്കന്മാരായി വേഷംകെട്ടിയാടുന്ന വിദൂഷകന്മാരുടെ പ്രബോധനം! ഇത്തരം കപട അപ്പസ്തോലന്മാരാല്‍ വഞ്ചിക്കപ്പെട്ടവരാണ് ഇന്നത്തെ കത്തോലിക്കാ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും!

ഈ വചനം അതിന്റെ പൂര്‍ണ്ണമായ ഗൗരവത്തോടെ ഗ്രഹിക്കുക: "വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിഹാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിര്‍ക്രിസ്തുവും. ഞങ്ങളുടെ അദ്ധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണ്ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍. ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 7-11). യേഹ്ശുവായുടെ ഹൃദയം തൊട്ടറിഞ്ഞ ശിഷ്യന്റെ വാക്കുകളാണിത്. ദൈവവും ഏകരക്ഷകനുമായി യേഹ്ശുവായെ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ക്രിസ്ത്യാനിയെന്ന വിശേഷണം ഭൂഷണമല്ല. ഇവര്‍ യഥാര്‍ത്ഥ ക്രിസ്തുവിന്റെ വൈരികളും അനേകരെ വഴിതെറ്റിക്കുന്ന വ്യാജന്മാരുമാണ്! യേഹ്ശുവായുടെ ദൈവത്വവും അവിടുത്തെ കുരിശുമരണവും നിഷേധിക്കുന്നവരെ അഭിവാദ്യംചെയ്യുകപോലും അരുതെന്നു കല്പിച്ചിരിക്കുന്നത് അപ്പസ്തോല ശ്രേഷ്ഠന്മാരില്‍ ഒരുവനായ യോഹന്നാനാണെന്നു മറക്കരുത്.

ക്രിസ്ത്യാനികളുടെ ചാര്‍ച്ചക്കാരായി ഇസ്ലാമിനെ പ്രകീര്‍ത്തിക്കുന്ന കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം പൈശാചികമാണെന്ന മനോവയുടെ വാദത്തിന് അപ്പസ്തോലന്മാരുടെ കൈയ്യൊപ്പുണ്ടെന്നു തെളിയിക്കുന്നതാണ് യോഹന്നാന്റെ ഈ വാക്കുകള്‍! എതിര്‍ക്രിസ്തുവിനെയും അവന്റെ അനുയായികളെയും വിശ്വാസികളുടെ ആദരവിനു പാത്രമാക്കാന്‍ സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയാണ്‌ യുവജന മതബോധനഗ്രന്ഥം. ഇതിന്റെ ശില്പിയായ കര്‍ദ്ദിനാള്‍ 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' ആരാണെന്ന് അന്വേഷിച്ചാല്‍ ഇതു വ്യക്തമാകും! ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ മറ്റൊരു ലേഖനത്തില്‍ മനോവ കുറിച്ചിട്ടുള്ളതിനാല്‍, കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. എന്നിരുന്നാലും, ഈ പഠനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചില സൂചനകള്‍ അനിവാര്യമായിരിക്കുന്നു.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായിരുന്ന ഓസ്ട്രിയയിലെ വിയന്നാ അതിരൂപതയുടെ മെത്രാപ്പോലിത്ത കര്‍ദ്ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ആണ് യുവജന മതബോധനഗ്രന്ഥത്തിന്റെ എഡിറ്റര്‍. എന്നാല്‍, ഇതില്‍ എഴുതിവച്ചിരിക്കുന്ന വചനവിരുദ്ധമായ ആശയങ്ങള്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെമേല്‍ കെട്ടിവയ്ക്കാനുള്ള കുത്സിതശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ഉത്തരവാദി ബെനഡിക്റ്റ് പപ്പായാണെന്ന പൊതുധാരണ വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായത് ഇതിന്റെ പരിണിതഫലമാണ്! 'ഫ്രീമേസണ്‍' ആശയങ്ങളുടെ വക്താവായ ക്രിസ്റ്റഫര്‍ ഷോണ്‍ബോണിന്റെ ആശയങ്ങള്‍, കടുത്ത 'ഫ്രീമേസണ്‍' വിരോധിയും വിമര്‍ശകനുമായ ബെനഡിക്റ്റ് പതിനാറാമന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിലൂടെ രണ്ടു ലക്ഷ്യമാണ്‌ നിറവേറപ്പെട്ടത്! പണ്ഡിതനും യാഥാസ്ഥിതികനുമായ ഈ പാപ്പായില്‍നിന്ന്‍ സത്യവിശ്വാസികള്‍ ഒരു അപകടം പ്രതീക്ഷിക്കാത്തതുകൊണ്ട്, പുസ്തകത്തിന്റെ സ്വീകാര്യത സാര്‍വ്വജനികമാകും എന്നതാണ് നിറവേറ്റപ്പെട്ട ഒരു ലക്‌ഷ്യം!

ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ 'ഫ്രീമേസണ്‍' വിരുദ്ധതയ്ക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയായിരുന്നു ഫലംകണ്ട മറ്റൊരു ലക്‌ഷ്യം. ക്രിസ്റ്റഫര്‍ ഷോണ്‍ബോണിനെ സംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ മാത്രം കുറിച്ചുകൊണ്ട് ഇയാളെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കാം. എല്ലാ തരത്തിലുമുള്ള കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെയും കത്തോലിക്കാസഭ എതിര്‍ക്കുമ്പോള്‍, ഇയാള്‍ നടത്തിയ പ്രസ്താവന സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്ക് എതിരായിരുന്നു. എയിഡ്സ് രോഗം തടയാന്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാനുള്ള ആഹ്വാനമാണ് ഇയാള്‍ നടത്തിയത്. സഭാവിരുദ്ധമായ മറ്റൊരു പ്രഖ്യാപനംകൂടി ഇയാളില്‍നിന്നുണ്ടായി. പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കണമെന്ന വാദമായിരുന്നു അത്. ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനുപോലും വ്യക്തതയില്ലാത്ത ഈ ആശയം ഷോണ്‍ബോണിനു ലഭിച്ചത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനത്തില്‍നിന്നാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. കാരണം, ഈ പ്രസ്ഥാനത്തിന്റെ പ്രചരണങ്ങളിലെ മുഖ്യ വിഷയമാണ് പരിണാമസിദ്ധാന്തം!

സ്വവര്‍ഗ്ഗവിവാഹത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വ്യക്തി അജപാലന സമിതിയില്‍ വന്നത് വികാരി എതിര്‍ക്കുകയും വീറ്റോ ചെയ്തു പുറത്താക്കുകയും ചെയ്തപ്പോള്‍, ഷോണ്‍ ഇടപെട്ട് ഈ തീരുമാനം റദ്ദാക്കി. ഇത്തരം കാര്യങ്ങളില്‍ അയഞ്ഞ തീരുമാനമേ കൈക്കൊള്ളാവൂ എന്ന ഉപദേശം വികാരിമാര്‍ക്ക് ഇയാള്‍ നല്‍കുകയും ചെയ്തു. ക്രിസ്റ്റഫര്‍ ഷോണ്‍ബോണിന്റെ മറ്റൊരു പൈശാചികത ഇസ്ലാമുമായി ബന്ധപ്പെട്ടതാണ്. ക്രിസ്ത്യന്‍-ഇസ്ലാം സംവാദങ്ങള്‍ അനിവാര്യമാണെന്നു വാദിക്കുന്ന സഭയിലെ ചില പൈശാചിക ശക്തികളുടെ വക്താവാണ്‌ ഇയാള്‍. ഇസ്ലാമിനെ ക്രൈസ്തവരുടെ ചാര്‍ച്ചക്കാരായി ഉയര്‍ത്താനുള്ള ഇവന്റെ പൈശാചിക അജണ്ടയാണ്, യുവജന മതബോധന ഗ്രന്ഥത്തിലെ എണ്‍പത്തിനാലാം പേജില്‍ തെളിഞ്ഞുനില്‍ക്കുന്നത്! സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ അഭിഷിക്തനാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എഴുതിയുണ്ടാക്കിയതെങ്കില്‍, ഇതുതന്നെയാണ് കത്തോലിക്കാസഭയുടെ ഏറ്റവും വലിയ ദുരന്തം! കാരണം, ഇവനെപ്പോലെയുള്ളവരാണ് കത്തോലിക്കാസഭയില്‍ ക്രിസ്ത്യാനികളെ രൂപപ്പെടുത്തുന്നതെങ്കില്‍, ക്രിസ്ത്യാനികളില്ലാത്ത സഭയായി കത്തോലിക്കാസഭ മാറാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല!

ഇസ്ലാമിക സംവാദം നടത്താന്‍ അറിവോ യോഗ്യതയോ ഉള്ള ഒരുവന്‍പോലും കത്തോലിക്കാസഭയിലെ വൈദീകസമൂഹത്തില്‍ ഇല്ലെന്നതാണ് ഏറ്റവും ഗുരുതരമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം! അതിനാല്‍ത്തന്നെ, ഇസ്ലാമിക സംവാദം മാത്രമല്ല, ഏതൊരു മതാന്തരസംവാദവും അപകടകരമാണ്. വിജാതിയ മതങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടാനല്ല ക്രിസ്തു നമ്മെ അയച്ചിരിക്കുന്നത്. ഇന്നുവരെയുള്ള എല്ലാ സംവാദങ്ങളും ക്രിസ്തീയതയുടെ അന്തസത്ത നഷ്ടപ്പെടുത്തുവാന്‍ മാത്രമേ കാരണമായിട്ടുള്ളുവന്നത് അപകടം തിരിച്ചറിയാനുള്ള അടയാളമായി പരിഗണിക്കണം. എന്നാല്‍, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സഭയില്‍ കടന്നുകൂടിയ പൈശാചിക സന്തതികളെ ബോധാവത്കരിക്കേണ്ട ആവശ്യമില്ല. അവറ്റകളെ അവഗണിച്ചുകൊണ്ട്, വചനത്തെ മുറുകെപ്പിടിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാത്തപക്ഷം, യേഹ്ശുവാ ചോദിച്ച ഈ ചോദ്യം നമുക്കുള്ള താക്കീതായി മാറും: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8).

കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ!

"അവരുടെ ദേവന്മാരെ സേവിക്കാനായി നമ്മുടെ ദൈവമായ യാഹ്‌വെയില്‍നിന്ന് ഇന്നു തന്റെ ഹൃദയത്തെ അകറ്റുന്ന പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്. കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്"(നിയമം: 29; 18). വിജാതിയ അനുകരണവുമായി ദൈവജനത്തെ വഞ്ചിക്കുന്നവര്‍ കയ്പുള്ള വിഷഫലം കായ്ക്കുന്ന മരമാണെന്നും, ഇവയുടെ വേരുപോലും നമുക്കിടയില്‍ ഉണ്ടാകയരുതെന്നും കല്പിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! എല്ലാം ഒന്നാണെന്ന മിഥ്യാധാരണയിലേക്കു ദൈവജനത്തെ നയിക്കുന്ന പ്രബോധനങ്ങള്‍ ദൈവത്തില്‍നിന്നാണോ എന്നറിയാന്‍ ഈ വചനം നോക്കുക: "അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും. ഈ നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഉടമ്പടിയുടെ ശാപങ്ങള്‍ക്കനുസൃതമായി അവനെ നശിപ്പിക്കുന്നതിന് ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് അവനെ മാറ്റിനിര്‍ത്തും"(നിയമം: 29; 19-21).

കത്തോലിക്കാസഭയിലെ നേതാക്കന്മാര്‍ അലിഖിതമായി സ്വീകരിച്ചിരിക്കുന്ന അയവുള്ള സമീപനത്തെയാണ് മൂവായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് മോശ പ്രവചിച്ചത്. കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍ ജീവിക്കുകയും ദൈവജനത്തെ അതു പഠിപ്പിക്കുകയും ചെയ്യുന്നു! നിയമങ്ങളെ വെറും പ്രഹസനമാക്കി മാറ്റുകയും പാപത്തിനെല്ലാം ഒഴിവു പ്രഖ്യാപിക്കുകയും ചെയ്യുന്നത് നാം കാണാതെപോകരുത്. സ്വവര്‍ഗ്ഗരതി എന്ന മ്ലേച്ഛമായ പാപത്തെപ്പോലും ന്യായീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്! എല്ലാ മാരകപാപങ്ങളുടെയും മൂലകാരണം 'ഹോര്‍മ്മോണ്‍' ആണെന്നു പഠിപ്പിക്കുന്ന 'ദൈവശാസ്ത്രം' ഇവര്‍ എഴുതിയുണ്ടാക്കുന്നു. പ്രമാണങ്ങള്‍ നല്‍കിയ ദൈവത്തെ വിജ്ഞാനം അഭ്യസിപ്പിക്കുന്ന അല്പന്മാരാണ് ഇന്ന് കത്തോലിക്കാസഭയില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. തങ്ങളുടെ ദുഷ്തഴക്കങ്ങളെ സാമാന്യവത്ക്കരിച്ചുകൊണ്ട്, അവയെല്ലാം ലോകത്തിന്റെ ബലഹീനതയാണെന്ന്‍ ഇവര്‍ പ്രഖ്യാപിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തെ തെറ്റായി നിര്‍വ്വചിക്കുന്ന ഇക്കൂട്ടര്‍, അവിടുത്തെ ക്രോധത്തെ മറച്ചുവയ്ക്കുന്നതിലെ അപകടം ചെറുതല്ല!

ഈ വചനം ഓര്‍ക്കുക: "ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്; കരുണയും കോപവും യാഹ്‌വെയോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത്. അവിടുത്തെ കാരുണ്യംപോലെതന്നെ ശിക്ഷയും വലുതാണ്; പ്രവൃത്തികള്‍ക്കനുസരണമായി അവിടുന്ന് മനുഷ്യനെ വിധിക്കുന്നു"(പ്രഭാ: 16; 11, 12). അപ്പസ്തോലനായ കേപ്പായുടെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും! നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപ്പെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!"(1 കേപ്പാ: 4; 17, 18). ദൈവത്തിന്റെ പ്രമാണങ്ങളെ നിസ്സാരമായി കാണുകയും പാപത്തിന് ഒഴിവുകഴിവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന ആധുനീക ദൈവശാസ്ത്രജ്ഞര്‍ ദൈവജനത്തിന്റെ ശത്രുക്കളാണെന്ന തിരിച്ചറിവാണ് നമുക്കു വേണ്ടത്! സത്യത്തെ മറച്ചുവച്ചുകൊണ്ട്, ദൈവത്തിന്റെ കാരുണ്യം വിളിച്ചുപറയുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം അവിടുത്തെ ഉയര്‍ത്തുകയല്ല; മറിച്ച്, ദൈവജനത്തെ ദൈവകോപത്തിനു പാത്രീഭൂതരാക്കുകയാണ്!

അന്യദേവന്മാരുടെ പേരുകള്‍ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കുകപോലും അരുതെന്നു കല്പിച്ച ദൈവമാണ് ക്രിസ്ത്യാനിയുടെ ദൈവം! ഈ വചനം നോക്കുക: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധവയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ദൈവത്തിന്റെ കല്പന ഇതായിരിക്കെ, ഏതു ദേവന്മാരെ വിളിച്ചപേക്ഷിച്ചാലും അവിടെയെല്ലാം ഓടിയെത്തി പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ് സത്യദൈവമെന്നു പഠിപ്പിക്കുന്നവരുടെ ലക്‌ഷ്യം നാം തിരിച്ചറിയണം! ഇന്ത്യയിലെ 'ജെസ്യൂട്ട്' വൈദീകരുടെ ആഭാസങ്ങള്‍ ഇതിനോടകം പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. ശിവലിംഗത്തിലേക്കു നോക്കി ആരാധിക്കുമ്പോള്‍ യേഹ്ശുവാ സംപ്രീതനാകുമെന്നു പഠിപ്പിക്കുന്ന ഈ ശപിക്കപ്പെട്ടവരെ ബഹുമാനിക്കുന്നവര്‍പോലും ശിക്ഷാവിധിയില്‍ അകപ്പെടും! കത്തോലിക്കാസഭയിലെ അവശേഷിക്കുന്ന ക്രിസ്ത്യാനികളെ ഉന്മൂലനംചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന അനേകം പ്രസ്ഥാനങ്ങളില്‍ ഒന്നാണ് 'ജെസ്യൂട്ട്' അഥവാ 'ഈശോസഭ'! മനോവയുടെ വെളിപ്പെടുത്തലുകളെ അവിശ്വസിക്കുന്നവര്‍ ഈ വീഡിയോ കണ്ട് വിശ്വസിക്കുക!

ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ഫ്രീമേസണ്‍' തലവന്‍ കത്തോലിക്കാസഭയുടെ നേതൃത്വം പിടിച്ചെടുത്തത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. കത്തോലിക്കാസഭയില്‍നിന്ന്‍ ക്രിസ്തീയതയെ തുടച്ചുമാറ്റുകയെന്നതായിരുന്നു ആ ലക്‌ഷ്യം! ക്രൈസ്തവ വന്‍കരകളായി അറിയപ്പെട്ടിരുന്ന യൂറോപ്പിന്റെയും അമേരിക്കയുടെയും ഓസ്ത്രേലിയയുടെയും ഇന്നത്തെ അവസ്ഥ നോക്കിയാല്‍ ഇതു വ്യക്തമാകും.

പാശ്ചാത്യ സംസ്കാരം ഒരു അപകട സംസ്കാരമോ?

ജാതിമതഭേദമന്യേ മുഴുവന്‍ പൗരസ്ത്യരും പുഛ്ചത്തോടെ നോക്കിക്കാണുന്ന സംസ്കാരമാണ് പാശ്ചാത്യസംസ്കാരം! തങ്ങളുടെ ദേശത്ത് എന്തെങ്കിലും മൂല്യച്യുതികള്‍ സംഭവിക്കുമ്പോള്‍, അത് പാശ്ചാത്യസംസ്കാരത്തിന്റെ കടന്നുകയറ്റമാണെന്നു പറഞ്ഞ് കൈകഴുകുന്ന പ്രവണത പൗരസ്ത്യരുടെയിടയില്‍ കാണാം. പല പൗരസ്ത്യരും മനുഷ്യരെപ്പോലെ ജീവിക്കുന്നത് പാശ്ചാത്യരുടെ സംസ്കാരം അവര്‍ ദാനമായി നല്കിയതുകൊണ്ടാണെന്ന സത്യം ഇവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു! എന്താണ് പാശ്ചാത്യസംസ്കാരമെന്നും ഈ സംസ്കാരത്തിന്റെ പരിണാമം എങ്ങനെയായിരുന്നുവെന്നും അറിയാതെ, എന്തിനുമേതിനും പാശ്ചാത്യസംസ്കാരത്തെ ചീത്തവിളിക്കുന്നത് സാംസ്കാരിക ലോകത്തിനു ഭൂഷണമല്ല എന്നതാണു യാഥാര്‍ത്ഥ്യം. ആയതിനാല്‍, ഈ സംസ്കാരത്തെ ചുരുക്കമായെങ്കിലും നാം അറിയണം.

പാശ്ചാത്യസംസ്കാരം എന്നാല്‍ ക്രൈസ്തവ സംസ്കാരമാണ്! ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് വിജാതിയരോടു തോള്‍ചേര്‍ന്ന് പൗരസ്ത്യ ക്രൈസ്തവരും ഈ സംസ്കാരത്തെ അവഹേളിക്കുന്നത്! പാശ്ചാത്യസംസ്കാരം എങ്ങനെയാണ് ക്രൈസ്തവ സംസ്കാരമാകുന്നതെന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. യൂറോപ്യന്‍ വന്‍കരയിലെ ജനങ്ങളെയും ഇവിടെനിന്നു കുടിയേറിയ അമേരിക്ക അടക്കമുള്ള മറ്റു രാജ്യങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങളെയും പൊതുവായി വിളിക്കുന്ന വിളിപ്പേരാണ് പാശ്ചാത്യര്‍ എന്നത്! പാശ്ചാത്യര്‍, പാശ്ചാത്യസംസ്കാരം തുടങ്ങിയ വാക്കുകള്‍ ഉണ്ടായത് ഈ അടുത്തനാളുകളില്‍ അല്ലെന്നു നമുക്കറിയാം. ചരിത്രാധീത കാലംമുതല്‍ ദേശങ്ങളെ അടിസ്ഥാനമാക്കി പാശ്ചാത്യരെന്നും പൗരസ്ത്യരെന്നും ജനതകള്‍ വിളിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, ഇന്നു കാണുന്ന സംസ്കാരത്തെ അടിസ്ഥാനപ്പെടുത്തി പാശ്ചാത്യസംസ്കാരത്തെ വിധിച്ചാല്‍ അത് നീതിരഹിതമായ വിധിയാകും!

ഒരു രാജ്യത്തെ സംസ്കാരം രൂപപ്പെടുന്നതില്‍ അവിടുത്തെ ജനങ്ങളുടെ മതവിശ്വാസം വലിയ പങ്കുവഹിക്കുന്നുണ്ട്. യൂറോപ്യന്‍ സംസ്കാരം അഥവാ പാശ്ചാത്യസംസ്കാരം എന്ന ആക്ഷേപം ആരംഭിക്കുന്ന കാലത്ത് ഈ സംസ്കാരത്തിനു കീഴിലുണ്ടായിരുന്ന ഏക മതം ക്രിസ്തുമാതമായിരുന്നു! അതുകൊണ്ടുതന്നെ, ഈ സംസ്കാരം എന്നത് ക്രൈസ്തവ സംസ്കാരമായിരുന്നുവെന്ന് നാം തിരിച്ചറിയണം. ക്രിസ്തീയതയെ പേരെടുത്തു വിമര്‍ശിക്കുന്നതിനു പകരം, ഈ മതത്തെ അവഹേളിക്കാന്‍ വിജാതിയര്‍ കൗശലപൂര്‍വ്വം കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു പാശ്ചാത്യസംസ്കാരത്തെ പരിഹസിക്കുന്ന രീതി! ഈ കൗശലം തിരിച്ചറിയാത്തതുകൊണ്ടും, ദേശീയതയോടു കൂറ് പ്രഖ്യാപിക്കേണ്ടതുകൊണ്ടും പൗരസ്ത്യരായ ക്രിസ്ത്യാനികളും ഇത് ഏറ്റുപിടിച്ചു! മാത്രവുമല്ല, പാശ്ചാത്യ-പൗരസ്ത്യ വിഭാഗങ്ങളായി ക്രിസ്തീയതയിലുണ്ടായ വേര്‍തിരിവ്, ഇവര്‍ തമ്മിലുള്ള ശീതസമരങ്ങളിലേക്കു നയിച്ചിട്ടുണ്ട്. ആയതിനാല്‍, പാശ്ചാത്യരെ പരിഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പൗരസ്ത്യസഭകള്‍ ഇന്നും നഷ്ടപ്പെടുത്താറില്ല!

ഇനി വിഷയത്തിലേക്കു കടക്കാം. മതാധിഷ്ഠിതമായ ഒരു രാജ്യത്തിന്റെ സംസ്കാരം അവിടുത്തെ മതത്തിന്റെ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാദ്ധ്യതയില്ല. ക്രിസ്തുമതം അല്ലാതെ മറ്റു മതങ്ങള്‍ക്ക് യാതൊരു സ്വാധീനവും ഇല്ലാതിരുന്ന കാലത്താണ് യൂറോപ്പിലെ രാജ്യങ്ങള്‍ അവരുടെ നിയമങ്ങള്‍ നിര്‍മ്മിച്ചത്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ് അവരുടെ സംസ്കാരം. അതുകൊണ്ടുതന്നെ, ക്രിസ്തീയ നിയമങ്ങളില്‍ ഓരോ കാലങ്ങളിലും സംഭവിച്ച മൂല്യച്യുതി അവിടുത്തെ സംസ്കാരത്തെയും സ്വാധീനിച്ചു എന്നതാണ് പരമാര്‍ത്ഥം! പാശ്ചാത്യസംസ്കാരത്തെ ഇകഴ്ത്തിക്കൊണ്ട് ഇന്ന്‍ പൗരസ്ത്യര്‍ ആരോപിക്കുന്ന ഒരു കാര്യങ്ങളും അമ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറോപ്പിലെ സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ വന്നുഭവിച്ച മാരകമായ നയവ്യതിയാനമാണ് ഇന്നത്തെ പാശ്ചാത്യസംസ്കാരം! ഇതു തിരിച്ചറിയണമെങ്കില്‍, 1958-നു മുന്‍പുണ്ടായിരുന്ന യൂറോപ്പിനെയും അവിടെ അന്ന് നിലനിന്നിരുന്ന സംസ്കാരത്തെയും അടുത്തറിഞ്ഞാല്‍ മതി!

മനുഷ്യന്റെ ഹൃദയം തിന്മയിലേക്കാണ് ചാഞ്ഞിരിക്കുന്നത്. വചനം പറയുന്നത് ഇങ്ങനെയാണ്: "എന്തെന്നാല്‍ തുടക്കം മുതലേ അവന്റെ അന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്"(ഉത്പ: 8; 21). എന്നാല്‍, നിത്യജീവനെ ലക്ഷ്യമാക്കി ജീവിക്കുന്ന ദൈവഭയമുള്ള വ്യക്തികള്‍ ഈ തിന്മയില്‍നിന്ന്‍ അകന്നുനില്‍ക്കാന്‍ പരിശ്രമിക്കുന്നു. ഇവരാണ് ആത്മീയ മനുഷ്യര്‍! ലോകത്തിന്റെ മനുഷ്യരാകട്ടെ, തങ്ങളുടെ ശരീരത്തിന്റെ സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നു. മനുഷ്യന്റെ ഉത്പത്തിമുതല്‍ ഈ ഇരുവിഭാഗങ്ങളും ഭൂമിയിലുണ്ട്. നിയമങ്ങളാണ് പലപ്പോഴും മനുഷ്യനെ തിന്മയില്‍നിന്ന്‍ അകറ്റിനിര്‍ത്തുന്നത്. നിയമങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം അതിനെ ഭയപ്പെട്ടു ജീവിക്കുന്നവര്‍, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചു തിന്മയില്‍ വ്യാപരിക്കും. അതായത്, ലൗകീക മനുഷ്യനെ സംബന്ധിച്ചിടത്തോളം നിയമം അവന്റെ കഴുത്തില്‍ വച്ചിരിക്കുന്ന ഒരു നുകമാണ്! എന്നാല്‍, യഥാര്‍ത്ഥ ആത്മീയനു നിയമം ഒരു ഭാരമല്ല. നിയമം ഇല്ലെങ്കില്‍ക്കൂടി അവന്‍ പാപം ചെയ്യുന്നില്ല. പ്രവാചക കാലഘട്ടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

മോശയിലൂടെ നിയമം നല്കപ്പെടുന്നതിനു മുന്‍പും ലോകത്ത് ജനങ്ങള്‍ വസിച്ചിരുന്നു എന്നകാര്യം നമുക്കറിയാം. നിയമം നല്കപ്പെടാത്ത കാലത്ത് ജീവിച്ചിരുന്നവരില്‍ നീതിമാന്മാരും നീതിരഹിതരും ഉണ്ടായിരുന്നു. നിയമം ഇല്ലാതിരുന്നിട്ടും അധാര്‍മ്മികമായതു പ്രവര്‍ത്തിക്കാതെ ദൈവത്തെ ഭയപ്പെട്ടു ജീവിച്ചവരാണ് നീതിമാന്മാര്‍! നോഹ്, ലോത്ത്, അബ്രഹാം, യിസഹാക്ക്, യാക്കോബ് തുടങ്ങിയവര്‍ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയത് നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല; മറിച്ച്, ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു! യാക്കോബിനു നാനൂറു വര്‍ഷങ്ങള്‍ക്കുശേഷം നിയമങ്ങളും ചട്ടങ്ങളും അവതരിക്കപ്പെട്ടപ്പോള്‍, ഈ നിയമങ്ങളെയും ചട്ടങ്ങളെയും ഹൃദയപരമാര്‍ത്ഥതയോടെ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തവര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ നിയമങ്ങള്‍ ഭാരമായി കരുതിയ ലൗകീകരായിരുന്നു അധികവും! ഇവര്‍ നിയമം അനുസരിച്ചത് ഹൃദയപൂര്‍വ്വമായിരുന്നില്ല; നിയമത്തെ ഭയപ്പെട്ടതുകൊണ്ട്, അനുസരിക്കാന്‍ നിര്‍ബന്ധിരാകുകയായിരുന്നു. അന്നത്തെപ്പോലെതന്നെ ഇന്നും നിയമത്തെ ഭാരമുള്ള ഒരു നുകമായി കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും! ഇക്കാരണത്താല്‍ത്തന്നെ, ഭൂരിപക്ഷത്തിന്റെ ഇച്ഛയ്ക്കനുസരണമായി നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍, ദൈവത്തിന്റെ നിയമങ്ങള്‍ അപ്രസക്തമാകും എന്നത് സ്വാഭാവികമാണ്!

ക്രിസ്തീയതയെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ നിലനിന്നിരുന്ന കാലത്ത്, മറ്റേതു ജനതകളുടെ സംസ്കാരങ്ങളെക്കാള്‍ ശ്രേഷ്ഠമായ സംസ്കാരം പാശ്ചാത്യനാടുകളില്‍ ഉണ്ടായിരുന്നു! യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമനിര്‍മ്മാണത്തില്‍ കത്തോലിക്കാസഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമാണ് ഉണ്ടായിരുന്നത്. ആയതിനാല്‍, കത്തോലിക്കാസഭയുടെ സംസ്കാരമാണ് അന്നത്തെ പാശ്ചാത്യസംസ്കാരം എന്ന് നിസ്സംശയം പറയാന്‍ കഴിയും. പേരിനെങ്കിലും ഈ സ്വാധീനം ചില രാജ്യങ്ങളുടെമേല്‍ ഇന്നും സഭയ്ക്കുണ്ട്! കത്തോലിക്കാസഭയുടെ നയവ്യതിയാനം യൂറോപ്യന്‍ രാജ്യങ്ങളുടെ ധാര്‍മ്മീക അധഃപതനനത്തിനു കാരണമായത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഇതില്‍ക്കൂടുതല്‍ വിവരണത്തിന്റെ ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല!

ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടാണ് കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികളെക്കുറിച്ച് നാം പരിശോധിക്കേണ്ടത്. ആദ്യനൂറ്റാണ്ടിനുശേഷം ക്രിസ്തീയതയുടെ വ്യാപനത്തിനു ദൈവം തിരഞ്ഞെടുത്തത് യൂറോപ്പിലെ ക്രൈസ്തവരെയായിരുന്നു എന്നതാണ് ചരിത്രം. മാര്‍ട്ടിന്‍ ലൂഥറിനു മുന്‍പുവരെ കത്തോലിക്കാസഭ മാത്രമായിരുന്നു യൂറോപ്പില്‍ ഉണ്ടായിരുന്നത്. അതായത്, മറ്റു മതങ്ങളുടെയോ സഭകളുടെയോ സാന്നിദ്ധ്യം യൂറോപ്പില്‍ ഉണ്ടായിരുന്നില്ല. ലൂഥറുടെ വരവോടെ പ്രോട്ടസ്റ്റന്റ് സഭകള്‍ യൂറോപ്പില്‍ ഉടലെടുത്തുവെങ്കിലും, ഭരണതലത്തിലുള്ള സ്വാധീനം കത്തോലിക്കാസഭയ്ക്കു തന്നെയായിരുന്നു! അതുകൊണ്ടുതന്നെ, യൂറോപ്യന്‍ സംസ്കാരത്തിന്റെ പരിണാമം എന്നത് കത്തോലിക്കാസഭയുടെ പരിണാമമാണ്! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, യൂറോപ്പിലും യൂറോപ്പിനെ അനുകരിക്കുന്ന മറ്റിടങ്ങളിലും വന്നിട്ടുള്ള എല്ലാ അധഃപതനങ്ങളുടെയും ധാര്‍മ്മീക ഉത്തരവാദിത്വത്തില്‍നിന്ന് കത്തോലിക്കാസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പും പിന്‍പും!

കത്തോലിക്കാസഭയിലെ ക്രിസ്തീയത പരിശോധിക്കുമ്പോള്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പും പിന്‍പും എന്ന് രണ്ടായി തിരിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ വിമര്‍ശകര്‍ ആരോപിക്കുന്ന എല്ലാ അവസ്ഥകളും യൂറോപ്പില്‍ കടന്നുവന്നത് ഈ സൂനഹദോസിന്റെ പരിണിതഫലമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. കത്തോലിക്കാസഭയില്‍ സംഭവിച്ച മൂല്യച്യുതിയാണ് ഇവയ്ക്കെല്ലാം ആധാരം. ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള യാഥാസ്ഥിതിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ സഭ അക്കാലംവരെ ശ്രദ്ധവച്ചിരുന്നു. എന്നാല്‍, സഭയുടെ വാതായനങ്ങള്‍ തുറന്ന് അശുദ്ധവായു പുറത്തുകളയാന്‍ എന്ന പ്രഖ്യാപനത്തോടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിളിച്ചുകൂട്ടിയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സഭയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഈ സമ്മേളനത്തിന്റെ സ്തുതിപാടകര്‍ കഥയറിയാതെ ആട്ടംനടത്തുന്നവരാണെന്നു പറയാതെവയ്യ!

ഇന്ന് യൂറോപ്പില്‍ കത്തോലിക്കരുണ്ടെങ്കിലും അവരില്‍ ക്രിസ്ത്യാനികളെ കണ്ടെത്താന്‍ നന്നേ പാടുപെടേണ്ടിവരും. യേഹ്ശുവാ ആരാണെന്നു വ്യക്തമായി പറയാന്‍ അറിയാവുന്ന യുവാക്കള്‍ യൂറോപ്പില്‍ ഇന്നില്ല. പള്ളിയില്‍ പോകുന്നവരും ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരുമായ ചെറുപ്പക്കാരെയും പാശ്ചാത്യരാജ്യങ്ങളില്‍ കാണാന്‍ കഴിയില്ലാ! ശരീരമാസകലം പച്ചകുത്തി, അവിഹിത വേഴ്ചകളില്‍ ജീവിക്കുന്നവരെ വാര്‍ത്തെടുത്തതില്‍ സഭാനേതൃത്വത്തിന്റെ പങ്ക് ചെറുതായി കാണരുത്! നിയമങ്ങളില്‍ അയവുവരുത്തുകയും എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധം പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ, കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ചിന്തയില്‍ പുതുതലമുറ നശിക്കുന്നു! മുട്ടിനുമുട്ടിനു പണിതുയര്‍ത്തിയിരുന്ന ദൈവാലയങ്ങള്‍ വിജാതിയര്‍ക്കു വില്‍ക്കുന്ന തിരക്കിലാണ് സഭാനേതൃത്വം!

സഭാനിയമപ്രകാരം വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു കുടുംബജീവിതം നയിക്കുന്നത് ഒരു പഴങ്കഥയായി മാറി! വിവാഹമോചനം നടത്താന്‍ അനുവദിക്കാത്തതുമൂലം സഭയില്‍നിന്നു പുറത്തുപോയ രാജകുടുംബംപോലും യൂറോപ്പിലുണ്ടായിരുന്നു. രാജാവിനുപോലും നിയമത്തില്‍ ഇളവു നല്കാത്ത മഹത്തായ പാരമ്പര്യം എങ്ങനെയാണ് അധഃപതിച്ചു പോയത്? യൂറോപ്പിലെ ആതുരാലയങ്ങളുടെ നടത്തിപ്പ് ഇന്നും ക്രൈസ്തവസഭകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍, യേഹ്ശുവായെക്കുറിച്ചോ സുവിശേഷത്തെക്കുറിച്ചോ ഇവിടെ ശബ്ദിക്കരുതെന്നാണ് സഭയുടെ നിര്‍ദ്ദേശം! കടലുകള്‍ കടന്നു സുവിശേഷം പ്രചരിപ്പിച്ചവരുടെ തലമുറ ഇങ്ങനെയായത് എന്നുമുതലാണ്? പാപത്തെക്കുറിച്ചോ ശിക്ഷാവിധിയെക്കുറിച്ചോ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പാടില്ലെന്ന നിയമം യൂറോപ്പില്‍ എങ്ങനെയുണ്ടായി? കേരളത്തില്‍നിന്ന് ഏതെങ്കിലും സുവിശേഷകന്‍ യൂറോപ്പില്‍ പ്രസംഗിക്കാന്‍ വന്നാല്‍, ഇവിടുത്തെ സഭാധികാരിയുടെ കര്‍ശനമായ നിര്‍ദ്ദേശം എന്താണെന്ന് ഇവിടെ പ്രസംഗിച്ചിട്ടുള്ളവര്‍ക്ക് അറിയാം. പാപത്തെക്കുറിച്ചു മിണ്ടാന്‍ പാടില്ല! പ്രത്യേകിച്ച്, ചില മാരകപാപങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകപോലും പാടില്ല! പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പറയാതെ എന്തു സുവിശേഷമാണ് പ്രസംഗിക്കാന്‍ സാധിക്കുക? ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചു മാത്രം പ്രസംഗിച്ചു ജനത്തെ വഞ്ചിക്കുന്നതാണോ സുവിശേഷം?

"പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേ സമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു"(യിരെ: 6; 13, 14). ഒരേ വചനംതന്നെ രണ്ടുവട്ടം യിരെമിയാഹ് പ്രവചിച്ചിരിക്കുന്നത് ഗൗരവമായി കാണണം. "പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു. അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ അവര്‍ വച്ചുകെട്ടുന്നത്. സമാധാനം ഇല്ലാതിരിക്കേ സമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു"(യിരെ: 8; 10, 11). പാപത്തെ പുണ്യമായി വ്യാഖ്യാനിക്കുന്ന പുതിയ ദൈവശാസ്ത്രജ്ഞന്മാര്‍ കത്തോലിക്കാസഭയില്‍ അരങ്ങുവാഴുമ്പോള്‍ ദൈവജനത്തിന്റെ ചെറിയ മുറിവുകള്‍ വൃണമായി മാറുകയും ശരീരമാകെ കാര്‍ന്നുതിന്നുകയും ചെയ്യുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയും വേണം.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് നല്ല ക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. നല്ല കുടുംബജീവിതങ്ങളും യൂറോപ്പില്‍ ഉണ്ടായിരുന്നതിന്റെ ശേഷിപ്പ് ഇവിടെ കാണണമെങ്കില്‍ ഈ സൂനഹദോസിനുമുന്‍പ് ജനിച്ചവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ വൃദ്ധദമ്പതിമാരുമായി അല്പസമയം സംസാരിച്ചാല്‍ മതി! ഒന്നിലധികം വിവാഹങ്ങള്‍ ഇവര്‍ കഴിച്ചിട്ടില്ല. ശരീരത്തില്‍ പച്ചകുത്തുകയോ മ്ലേച്ഛമായ വസ്ത്രധാരണം നടത്തുകയോ ചെയ്തിട്ടില്ല! മക്കളും കൊച്ചുമക്കളുമായി നല്ല കുടുംബജീവിതം നയിക്കുകയും, ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുകയും ചെയ്തിരുന്ന പഴയ തലമുറയുടെ ചരിത്രം ഇവര്‍ പറഞ്ഞുതരും! ഇവരും യൗവ്വനം പിന്നിട്ടാണ് വാര്‍ദ്ധക്യത്തിലെത്തിയത്. പച്ചകുത്തലും അവിഹിത ജീവിതങ്ങളും ഇവരുടെ കാലത്തും ലോകത്തുണ്ടായിരുന്നു! മോശയുടെ കാലത്തുപോലും ഉണ്ടായിരുന്ന മ്ലേച്ഛതകളെയാണല്ലോ അന്ന് നിയമംമൂലം നിഷിദ്ധമാക്കിയത്! ഈ വചനം നോക്കുക: "നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്. ചെന്നി മുണ്‍ഡനം ചെയ്യരുത്. ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്. മരിച്ചവരെ പ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് യാഹ്‌വെ"(ലേവ്യര്‍: 19; 26-28).

ക്രിസ്തീയതയില്‍നിന്നു യൂറോപ്പ് അകന്നുപോകുന്നതുവരെ ഇവിടെയാരും പച്ചകുത്തുകയോ മ്ലേച്ഛതകള്‍ അനുകരിക്കുകയോ ചെയ്തിരുന്നില്ല. ദൈവീകനിയമങ്ങളെ നിസ്സാരമാക്കുന്ന ആധുനിക ദൈവശാസ്ത്രത്തിന്റെ കടന്നുവരവോടെയാണ് എല്ലാ അശുദ്ധിയും ക്രിസ്തീയതയുടെ ഭാഗമായത്. ഇറച്ചി പൊരിക്കുമ്പോള്‍, അതിനുമേല്‍ പച്ച രക്തം ചേര്‍ത്തു പാചകം ചെയ്യുന്നത് ഇറ്റാലിയന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ്! ഇതു പാചകം ചെയ്യുന്നവര്‍ കത്തോലിക്കാസഭയില്‍ അംഗമാണെങ്കിലും, ഇവരെയാരും വചനം പഠിപ്പിച്ചിട്ടില്ല എന്നതാണ് സത്യം! സാധാരണ വിശ്വാസികളെ എന്തിനു പഴിക്കണം? പച്ചകുത്തി മാന്യനായി പോപ്പ് ഫ്രാന്‍സീസിനോടൊപ്പം ഞെളിഞ്ഞു നില്‍ക്കുന്ന കത്തോലിക്കാവൈദീകന്റെ ചിത്രംലിങ്കില്‍ ഉണ്ട്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍നിന്നു ക്രിസ്തീയത പടിയിറങ്ങിയതിന്റെ നാള്‍വഴികള്‍ ഇനിയും വ്യക്തമായില്ലെങ്കില്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടാല്‍ മതി. സൂനഹദോസിനു മുന്‍പുമുതല്‍ ഇന്നുവരെയുള്ള ലോകകപ്പിന്റെ വീഡിയോ പരിശോധിക്കുന്നവര്‍ക്ക് കത്തോലിക്കാസഭയുടെ പരിണാമം വ്യക്തമാകും. ലോകകപ്പിനു യോഗ്യത നേടിയ മുപ്പത്തിരണ്ടു ടീമുകളിലായി അണിനിരന്ന കളിക്കാരില്‍ തൊണ്ണൂറു ശതമാനത്തിലേറെയും ക്രൈസ്തവരാണ്. ഇവരില്‍ത്തന്നെ എഴുപതു ശതമാനവും കത്തോലിക്കരാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! പഴയ കളികള്‍ പരിശോധിച്ചാല്‍, കളത്തിലിറങ്ങുമ്പോഴും ഗോളടിക്കുമ്പോഴും മുട്ടുകുത്തി ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാന്‍ കഴിയും. യൂറോപ്പിലെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും കളിക്കാര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരായിരുന്നില്ല. എന്നാല്‍, ഇന്ന് യൂറോപ്പിലെ ഒരു കളിക്കാരനും ദൈവഭക്തി പ്രകടിപ്പിക്കുന്നത് കാണാന്‍ നമുക്കു സാധിക്കില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ചുരുക്കം ചില കളിക്കാരില്‍നിന്ന് ഇതു ദര്‍ശിക്കാന്‍ കഴിയുമെങ്കിലും, ദേഹമാസകലം പച്ചകുത്തി വികൃതമാക്കുന്നതില്‍ യൂറോപ്പും ലാറ്റിനമേരിക്കയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നതാണ് സത്യം! 2014-ലെയോ 2018-ലെയോ ലോകകപ്പുകളില്‍ പൊടുന്നനെ സംഭവിച്ച വ്യതിയാനമായി ഇതിനെ ആരും കാണരുത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ പടിപടിയായി സംഭവിച്ച ദുരന്തമാണിത്!

ലോകത്തെ ഏറ്റവും വലിയ രണ്ടു കത്തോലിക്കാ രാജ്യങ്ങളാണ് ബ്രസീലും അര്‍ജന്റീനയും. ഇന്ന് ഈ രാജ്യങ്ങളില്‍ വന്നുഭവിച്ച വ്യതിയാനത്തെ നോക്കിയാല്‍, കത്തോലിക്കാസഭയുടെ ആദ്ധ്യാത്മിക ചുവടുമാറ്റം വ്യക്തമാകും. സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ എന്നിവ നിയമംമൂലം അംഗീകരിച്ചിരിക്കുന്ന രാജ്യമാണ് അര്‍ജന്റീന എന്നകാര്യം നാം വിസ്മരിക്കരുത്. ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട പാവം ജനങ്ങളാണ് ലാറ്റിനമേരിക്കയില്‍ ജീവിക്കുന്നത്. 'കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ' എന്ന കത്തോലിക്കാ മതബോധനത്തിന്റെ ജീവിക്കുന്ന തെളിവുകളായി ഈ കത്തോലിക്കാരാജ്യങ്ങള്‍ നമുക്കു മുന്നില്‍ ദൃഷ്ടാന്തമാകുന്നു! ദരിദ്രരും ദൈവഭക്തരുമായ ഈ ജനതയെ പഠിപ്പിക്കുന്നവര്‍ ദൈവവിരുദ്ധരായതാണ് ഈ ദുരന്തത്തിന്റെ കാരണമെന്നുകൂടി നാം തിരിച്ചറിഞ്ഞേ മതിയാകൂ! മെസ്സിയും നെയ്മറും അടക്കമുള്ള ഫുട്ബോള്‍ താരങ്ങളുടെ ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത് പൈശാചിക മുദ്രകളാണ്. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങള്‍ രൂപകല്പന നല്‍കിയിട്ടുള്ള പൈശാചിക മുദ്രകള്‍ ഇവര്‍ക്കു പ്രിയങ്കരമായത് എങ്ങനെയാണ്. മാന്യരായ വ്യക്തിളിലാരെങ്കിലും ശരീരത്തില്‍ പച്ചകുത്തുന്നത് മനോഹരമായി കരുതുമെന്നു തോന്നുന്നില്ല. കാഴ്ചക്കാരില്‍ അറപ്പുളവാക്കുന്ന ഈ മുദ്രകള്‍ തങ്ങളുടെ ശരീരത്തില്‍ പതിപ്പിച്ച് സ്വന്തം ശരീരത്തെപ്പോലും അവഹേളിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത് സാത്താന്‍തന്നെയാണ്. കാരണം, ദൈവത്തിന്റെ കല്പനകളെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് സാത്താന്റെ ആത്മാവാണ് എന്നതുതന്നെ! (പച്ചകുത്തലിനെ സംബന്ധിച്ചുള്ള ലേഖനം വായിക്കാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ദേഹത്ത് പച്ച കുത്തരുത്!'

മനോഹരമായ തങ്ങളുടെ ശരീരങ്ങളെ പച്ചകുത്തി വിരൂപമാക്കാന്‍ പ്രേരിപ്പിക്കുന്നത് അവരില്‍ കുടികൊള്ളുന്ന പിശാചാണ് എന്നകാര്യത്തില്‍ സംശയംവേണ്ട! പുരോഹിതനും പ്രവാചകനും മാത്രമല്ല, ഇവരാല്‍ നയിക്കപ്പെടുന്ന വിശ്വാസസമൂഹവും ഒന്നുപോലെ ദുഷിച്ചുപോയിരിക്കുന്നു! ഇനി ചിന്തിച്ചുനോക്കുക: കത്തോലിക്കാസഭയില്‍ ക്രിസ്ത്യാനികള്‍ക്ക് വംശനാശം സംഭവിച്ചുവോ? ആരാണ് ഇതിന്റെ ഉത്തരവാദി? ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ തട്ടിക്കൂട്ടിയ മതബോധന ഗ്രന്ഥം വലിച്ചെറിഞ്ഞ്, ബൈബിളിലേക്കു മടങ്ങേണ്ട സമയം അതിക്രമിച്ചില്ലേ?

യേഹ്ശുവാ ചോദിക്കുന്നു: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). മനോവ ചോദിക്കുന്നു: "യേഹ്ശുവാ വീണ്ടുംവരുമ്പോള്‍ കത്തോലിക്കാസഭയില്‍ അവിടുന്ന് ക്രിസ്ത്യാനികളെ കണ്ടെത്തുമോ?"(മനോവ).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4991 views

LOG IN

Lost your password?

SIGN UP

LOST PASSWORD