സഭകളില്‍ ശുദ്ധീകരണം

ക്രൈസ്തവ സഭകളിലും പുലയടിയന്തിരമോ?

Print By
about

29 - 04 - 2017

ഭാരതത്തിലെ ക്രൈസ്തവ സഭകളില്‍ മാത്രം കണ്ടുവരുന്ന ചില പൈശാചിക ആചാരങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ഒരു പൈശാചികതയാണ് പുലയടിയന്തിരം! ഹിന്ദുക്കളില്‍നിന്നു കടംകൊണ്ട അനേകം ദുരാചാരങ്ങള്‍ ഭാരതത്തിലെ ക്രിസ്ത്യാനികള്‍ ചുമക്കുന്നു. ബന്ധുക്കള്‍ മരിച്ചാല്‍ പെസഹാ ആചരിക്കാന്‍ പാടില്ലെന്നത് ആരുണ്ടാക്കിയ നിയമം?! ക്രിസ്തീയതയുമായി യാതൊരു ബന്ധമില്ലാത്തതും വചനംവഴി ദൈവം വിലക്കിയിട്ടുള്ളതുമായ ആചാരങ്ങള്‍ തലയിലേറ്റാന്‍ യാതൊരു സങ്കോചവുമില്ലാത്ത ഒരു സമൂഹമായി ഭാരതത്തിലെ ക്രിസ്ത്യാനികള്‍ എങ്ങനെയാണ് അധഃപതിച്ചത്? അപ്പസ്തോലനായ പൗലോസ് പരിതപിക്കുന്നത് ശ്രദ്ധിക്കുക: "ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലയോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാ: 4; 8-11).

ഋതുക്കളും മാസങ്ങളും ആചരിക്കുന്ന വിജാതിയ വ്യര്‍ത്ഥതയില്‍നിന്നു വിരമിക്കാത്ത ക്രൈസ്തവ നാമധാരികള്‍ നമുക്കിടയിലുണ്ട്. ഇവരെ ഇത്തരം പൈശാചികതയില്‍ കെട്ടിയിടുന്ന ആചാര്യന്മാരും കുറവല്ല! ഇവിടെയാണ്‌ പൗലോസ് അപ്പസ്തോലന്റെ വിലാപം പ്രസക്തമാകുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയിടയില്‍ ദുരാചാരങ്ങള്‍ വര്‍ദ്ധിക്കാനുണ്ടായ കാരണമെന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോള്‍, ആദ്യമായി തെളിഞ്ഞുവരുന്നത് ഭാരതീയ സംസ്കാരത്തിലെ പൈശാചികമായ ദുരാചാരങ്ങളാണ്. ഏറെ മേനിപറഞ്ഞു പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംസ്കാരം ഇന്ത്യയിലെത്തിയത് എവിടെനിന്നായിരുന്നു? തനിയെ മുളച്ചുപൊന്തിയ സംസ്കാരമല്ല ഭാരതീയ സനാതന സംസ്കാരം. 'ഗ്രീക്ക്' മിത്തോളജിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഈ സംസ്കാരമാണ് ഇന്ത്യയുടെ പൈതൃകമായി ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് തിരിച്ചറിയണമെങ്കില്‍ പൗലോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനങ്ങള്‍ വിശകലനം ചെയ്‌താല്‍ മതി. ഗ്രീക്കുകാര്‍ ആചരിച്ചിരുന്നതും, അവര്‍ക്കു സ്വബോധം ലഭിച്ചപ്പോള്‍ പുറന്തള്ളിയതുമായ പൈശാചിക ആചാരങ്ങള്‍ ഏറ്റെടുത്തു പരിപാലിക്കുകയും സ്വന്തം പൈതൃകമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അത് ആര്‍ഷഭാരത സംസ്ക്കാരമായി!

പൗലോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനങ്ങളില്‍ ഏറെയും വിജാതിയരില്‍നിന്നു കടന്നുവന്ന വിശ്വാസികളുടെ സഭകള്‍ക്കായിരുന്നു. ഗ്രീസ്, തുര്‍ക്കി, അന്ത്യോക്യാ, സിറിയ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഈ സഭകള്‍. കോറിന്തോസ്, തെസലോനിക്കാ, ഫിലിപ്പി, ഗലാത്തി, കൊളോസോസ്, എഫേസോസ് തുടങ്ങിയ സഭകളെല്ലാം ഈ പ്രദേശങ്ങളിലാണ്. യഹൂദരില്‍നിന്നു വ്യത്യസ്തമായ വിഗ്രഹ സംസ്കാരമായിരുന്നു ഇവരുടേത്. പൗലോസ് അപ്പസ്തോലന്‍ എഫേസോസിലെ വിശ്വാസികളെ അറിയിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇക്കാരണത്താല്‍, വിജാതിയരായ നിങ്ങള്‍ക്കുവേണ്ടി യേഹ്ശുവാ മ്ശിഹായെപ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ"(എഫേ: 3; 1, 2). പ്രകൃതിശക്തികളും ആകാശഗോളങ്ങളും അടങ്ങുന്ന അനേകം ദേവീ-ദേവന്മാരെ ആരാധിച്ചിരുന്ന ഈ സമൂഹങ്ങള്‍ക്കിടയില്‍ ക്രിസ്ത്യാനികളെ വിശ്വാസത്തില്‍ നിലനിര്‍ത്തുകയെന്നത് ഏറെ ദുസ്സഹമായിരുന്നു. വിശ്വാസം സ്വീകരിച്ചവര്‍പോലും തങ്ങളുടെ മുന്‍കാല ആചാരങ്ങള്‍ കൊണ്ടുനടന്നത് പൗലോസിനെ ഏറെ അസ്വസ്ഥനാക്കി. അപ്പസ്തോലന്റെ ഓരോ ലേഖനങ്ങളിലും ഈ സഭകളെക്കുറിച്ചുള്ള തന്റെ വ്യഗ്രത വ്യക്തമാക്കുന്നുണ്ട്. ഗലാത്തിയരെക്കുറിച്ചുള്ള ആകുലത വ്യക്തമാക്കുന്ന വാക്കുകള്‍ നാം കണ്ടു. പൗലോസ് അപ്പസ്തോലന്‍ പ്രവര്‍ത്തിച്ച മേഖലകളിലെ വിശ്വാസികളുടെ പൊതുസ്വഭാവമായിരുന്നു അത്.

പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ അനാചാരങ്ങള്‍ തുടരുന്നതിനു ന്യായീകരണമില്ല എന്നതുകൊണ്ടാണ് ഇത്തരം ആചാരങ്ങളെ സംബന്ധിച്ച് പൗലോസ് അസ്വസ്ഥനായത്. നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചത് വൃഥാവിലയോ എന്ന് ഗലത്തിയരെക്കുറിച്ചു വിലപിച്ചതും ഇക്കാരണത്താലാണ്. പാരമ്പര്യം മുറുകെപ്പിടിക്കുന്നതില്‍ അപാകതയൊന്നുമില്ലെങ്കില്‍ എന്തിനാണ് അപ്പസ്തോലന്‍ ഇപ്രകാരം വിലപിക്കുന്നത്! ക്രിസ്തീയതയ്ക്കു യോജിക്കാത്ത പാരമ്പര്യങ്ങളെ ദൈവം അംഗീകരിക്കുന്നില്ല എന്നുതന്നെവേണം മനസ്സിലാക്കാന്‍. ഋതുക്കളും മാസങ്ങളും ആചരിക്കുന്ന പാരമ്പര്യം ദൈവത്തിനു സ്വീകാര്യമാല്ലാത്തതും പൈശാചികതയോടു ചേര്‍ന്നുനില്‍ക്കുന്നതുമാണ്. വിജാതിയതയില്‍നിന്നു വിശ്വാസത്തിലേക്കു വന്ന കൊളോസോസിലെ സഭയ്ക്ക് അപ്പസ്തോലനായ പൗലോസ് എഴുതിയത് ഇപ്രകാരമാണ്: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8). ഇത്തരത്തിലുള്ള പാരമ്പര്യവാദങ്ങള്‍ നിലനിന്നതുകൊണ്ടാണ് അപ്പസ്തോലന്‍ ഇതു കുറിച്ചത്.

എഫേസോസിലെ സഭയോടുള്ള ഉപദേശം ശ്രദ്ധിക്കുക: "നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടിരിക്കുന്നു"(എഫേ: 4; 17, 18). വളരെ ഗൗരവമുള്ള ഒരു വെളിപ്പെടുത്തല്‍ ഈ ഉപദേശത്തിലുണ്ട്. എഫേസോസുകാര്‍ വിജാതിയരായിരുന്നുവെന്നും വിജാതിയതയെന്നത് വ്യര്‍ത്ഥതയാണെന്നും വെളിപ്പെടുത്തിയിരിക്കുന്നതു കൂടാതെ, വിജാതിയര്‍ ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍, വിജാതിയ അനുകരണമെന്നത് മരണസംസ്കാരത്തെ സ്വയംവരിക്കലാണ്! ഈ ഗുരുതരമായ അവസ്ഥയെക്കുറിച്ചാണ് അപ്പസ്തോലന്‍ സദാ ജാഗരൂകനായി കാണപ്പെട്ടത്. പഴയ ശീലങ്ങളിലേക്കു മടങ്ങിപ്പോകാനുള്ള സാധ്യത പൗലോസ് മുന്നില്‍ക്കണ്ടിരുന്നു. അപ്പസ്തോലന്റെ ദീര്‍ഘദര്‍ശനം സത്യമായിരുന്നുവെന്ന് കാലം തെളിയിച്ചു. ഗ്രീസിലെ പട്ടണങ്ങളൊഴികെ, മറ്റെല്ലാ സഭകളും വിശ്വാസം ഉപേക്ഷിക്കുകയും പൈശാചികതയെ പുല്കുകയും ചെയ്തു. യഹൂദേതര ക്രിസ്ത്യാനികളില്‍ വിശ്വാസം കാത്തുസൂക്ഷിച്ചത് ഗ്രീസിലെ സഭകള്‍ മാത്രമാണ്. തുര്‍ക്കി, സിറിയ. ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ സഭകളും നാമമാത്രമായി. ഗലാത്തി, കൊളോസോസ് തുടങ്ങിയ സഭകള്‍ പൂര്‍ണ്ണമായും ഇല്ലാതായത് അവരുടെ വിജാതിയതയോടുള്ള പ്രണയംമൂലമായിരുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ വളരാത്തതിന്റെ കാരണവും മറ്റൊന്നല്ല.

മാര്‍ത്തോമായില്‍നിന്നു വിശ്വാസം സ്വീകരിച്ച യഹൂദ ക്രിസ്ത്യാനികളുടെമേല്‍, സിറിയയില്‍നിന്നു കടന്നുവന്ന വിജാതിയ ക്രിസ്ത്യാനികള്‍ ആധിപത്യം സ്ഥാപിച്ചതാണ് ഏറ്റവും വലിയ ദുരന്തത്തില്‍ കലാശിച്ചത്. തങ്ങള്‍ യഹൂദ ക്രിസ്ത്യാനികളാണെന്ന സിറിയാക്കാരുടെ പ്രഖ്യാപനത്തിലെ കാപട്യം തിരിച്ചറിയാന്‍ നസ്രാണികള്‍ക്കു സാധിച്ചില്ല. ബാബിലോണിയന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായ കല്‍ദായരും അസ്സീറിയയുടെ ഭാഗമായ അന്ത്യോക്യക്കാരും യഹൂദരുമായി എക്കാലത്തും ശത്രുക്കളായിരുന്നു. ക്രിസ്തീയ വിശ്വാസം കൂടുതലായി പ്രചരിക്കപ്പെട്ടതും ഇവരുടെയിടയിലാണ്. വലിയ ക്രൈസ്തവ സമൂഹങ്ങള്‍ ഇവരുടെയിടയില്‍ രൂപപ്പെട്ടുവെങ്കിലും, വളരെ പെട്ടന്നുതന്നെ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും ചെയ്തു. ഇന്ന് ഈ മേഖലകളെല്ലാം പൂര്‍ണ്ണമായും ഇസ്ലാമിക വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു! ഇവരില്‍ ചിലരാണ് ഇന്ത്യയില്‍ കടന്നുവന്ന് ഇവിടുത്തെ ക്രൈസ്തവരെ വിജാതിയവത്ക്കരിച്ചത്. എല്ലാവിധ ദുരാചാരങ്ങളും ക്രിസ്തീയതയോടു ചേര്‍ത്തുവച്ചതും ഇവര്‍തന്നെ. ആഭിചാരങ്ങളും മന്ത്രവാദങ്ങളും ക്രിസ്തീയതയുടെ ഭാഗമാക്കി. ജാതകം, രാഹുകാലം, ശകുനം തുടങ്ങിയ ദുരാചാരങ്ങള്‍ക്കൊണ്ട് ക്രിസ്തീയതയെ മലിനമാക്കുകയും ക്രിസ്ത്യാനികളെ വഴിതെറ്റിക്കുകയും ചെയ്തു. പോര്‍ച്ചുഗീസുകാരുടെ നേതൃത്വത്തില്‍ പാശ്ചാത്യ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ കടന്നുവന്നതിനുശേഷമാണ് ദുരാചാരങ്ങള്‍ കുറച്ചെങ്കിലും നീക്കംചെയ്യപ്പെട്ടത്.

എന്നാല്‍, പാശ്ചാത്യസഭയോട് കടുത്ത വിരോധം വച്ചുപുലര്‍ത്തിയിരുന്ന പൗരസ്ത്യ സുറിയാനികള്‍ക്ക് ഈ ശുദ്ധീകരണം സ്വീകാര്യമായില്ല. ഇവര്‍ വേര്‍പിരിയുകയും വിവിധ ഗ്രൂപ്പുകളായി തിരിയുകയും ചെയ്തു. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളിലെ അംഗങ്ങളില്‍ മിക്കവരും ജാതകം എഴുതി സൂക്ഷിച്ചിട്ടുള്ളവരാണ്. രാഹുകാലം നോക്കി കുര്‍ബ്ബാന സമയംപോലും ക്രമീകരിക്കുന്ന സുറിയാനിപ്പള്ളികള്‍ കേരളത്തിലുണ്ട്. ഗലാത്തിയില്‍ ജീവിച്ചിരുന്ന ഇവരുടെ പൂര്‍വ്വീകരോടാണ് അപ്പസ്തോലനായ പൗലോസ് ഇപ്രകാരം ചോദിച്ചത്: "ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലയോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാ: 4; 8-11). ഇത്തരം ദുരാചാരങ്ങളുടെ പിന്തുടര്‍ച്ചയെന്നവണ്ണം അനേകം പൈശാചികതകള്‍ ഭാരതത്തിലെ ക്രൈസ്തവര്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവയിലൊന്നാണ് പുലയടിയന്തിരം!

സുറിയാനി സഭകളിലെ പുലയടിയന്തിരം!

മരിച്ചവരെ അനുസ്മരിക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. അവരുടെ ഓര്‍മ്മ ദിനങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനെയും മനോവ ശ്ലാഘിക്കുന്നു. തങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തിയ പൂര്‍വ്വീകരോടും മാതാപിതാക്കളോടുമുള്ള കടമയാണ് ഈ പ്രാര്‍ത്ഥനകള്‍. മരിച്ചവരുടെ ഭൗതീകദേഹങ്ങളെ പരിമളതൈലം പൂശി ആദരിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും യോസഫിന്റെയും മൃതദേഹങ്ങള്‍ ആദരവോടെ സംസ്ക്കരിച്ചതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. പൂര്‍വ്വപിതാവായ യാക്കോബിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്മാരോടൊത്ത് എന്നെയും അടക്കുക"(ഉത്പ: 49; 29). യാക്കോബിന്റെ മരണശേഷം അവന്റെ മൃതദേഹം മക്കള്‍ ആദരവോടെ സംസ്കരിച്ചു. ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "യോസഫ് തന്റെ പിതാവിന്റെ മുഖത്തേക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു. അവന്‍ തന്റെ ദാസന്മാരായ വൈദ്യന്മാരോട് പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു നാല്പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു"(ഉത്പ: 50; 1-3).

ബന്ധുമിത്രാദികളുടെ മരണത്തെക്കുറിച്ചു വിലപിക്കുന്നതും അവരുടെ മൃതദേഹത്തെ ആദരിക്കുന്നതും ഇസ്രായേലിന്റെ പാരമ്പര്യമാണ്. സ്നേഹിതനായ ലാസറിന്റെ മരണത്തെപ്രതി വിലപിച്ചുകൊണ്ട് യേഹ്ശുവാ ഈ പാരമ്പര്യത്തെ പിന്തുണച്ചു. ആ സംഭവം ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേഹ്ശുവാ ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്ഥനായി ചോദിച്ചു: അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? അവര്‍ അവനോടു പറഞ്ഞു: ഗുരോ, വന്നു കാണുക. യേഹ്ശുവാ കണ്ണീര്‍ പൊഴിച്ചു"(യോഹ: 11; 33, 34). മരിച്ചവരെപ്രതി വിലപിക്കുന്നത് അവരുടെ പുനരുത്ഥാനത്തെക്കുറിച്ചു പ്രത്യാശയില്ലാത്തതുകൊണ്ടല്ല; മറിച്ച്, അവര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്തു നല്‍കിയ നന്മകളെപ്രതിയാണ്!

മരണംവഴി നമ്മില്‍നിന്നു വേര്‍പിരിഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇവിടെ ജീവിച്ചിരുന്ന കാലത്ത് നമുക്കു നല്‍കിയ നന്മകളെപ്രതി ദൈവത്തിനു നന്ദിപറയാന്‍ കടമയുണ്ട്. ഇത് ദൈവത്തിനു പ്രീതികരവുമാണ്. എന്തെന്നാല്‍, ദൈവമാണ് അവരിലൂടെ നമുക്ക് നന്മ നല്‍കിയത്. അവരുമായി നമ്മെ ബന്ധപ്പെടുത്തിയതും ദൈവമാണ്. ദൈവം നമുക്കു നല്‍കാന്‍ ആഗ്രഹിച്ച പലതും അവരിലൂടെ നമുക്ക് അവിടുന്ന് നല്‍കി. മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. മരിച്ചവര്‍ക്കുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം നിഷ്ഫലമാണെന്നു വാദിക്കുന്ന അനേകരെ നമുക്കറിയാം. മാരകപാപത്തില്‍ (മരണാര്‍ഹമായ പാപം) മരണമടഞ്ഞ വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഫലമൊന്നുമില്ലെങ്കിലും, മരണാര്‍ഹമല്ലാത്ത പാപങ്ങളില്‍ മരിച്ചവര്‍ക്ക് ശുദ്ധീകരണം അനിവാര്യമാണ്! മരണാര്‍ഹമായ പാപം, മരണാര്‍ഹമാല്ലാത്ത പാപം എന്നിങ്ങനെ പാപത്തിനു വേര്‍തിരിവുണ്ടെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ, അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്"(1 യോഹ: 5; 16, 17). ശാരീരികമായി ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമായി ഇതിനെ ചുരുക്കിക്കാണാന്‍ കഴിയില്ല. മരിച്ചവര്‍ക്കുവേണ്ടിയാണെങ്കില്‍പ്പോലും ഈ പ്രാര്‍ത്ഥനകള്‍ക്കു പ്രസക്തിയുണ്ട്. എന്താണ് ആ പ്രസക്തിയെന്നു നോക്കാം.

മരിച്ചുപോയ ഏതെങ്കിലും പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍, അത് അവരുടെ ആത്മാക്കള്‍ക്കു സ്വര്‍ഗ്ഗരാജ്യം ലഭിക്കേണ്ടതിനുവേണ്ടി മാത്രമാണ്. അവരുടെ മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവിമില്ലെന്നു നമുക്കറിയാം. സ്വര്‍ഗ്ഗരാജ്യം, നിത്യജീവന്‍, ആത്മരക്ഷ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് രണ്ടുവിധത്തിലുള്ള ഗുണങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഗുണം, മരിച്ചവര്‍ക്കു പുനരുത്ഥാനമുണ്ടെന്നു വിശ്വസിക്കാനും അത് പ്രഖ്യാപിക്കാനും തയ്യാറാകുന്നതിലൂടെ പ്രാര്‍ത്ഥിക്കുന്ന വ്യക്തി അനുഗൃഹം പ്രാപിക്കുന്നു. പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രതീക്ഷയുള്ളവരാണ് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ഈ പ്രത്യാശയെ ദൈവം മാനിക്കുന്നുവെന്നു മാത്രമല്ല, പ്രാര്‍ത്ഥന അര്‍പ്പിക്കുന്ന വ്യക്തിയുടെ വിശ്വാസം കൂടുതല്‍ ദൃഢമാക്കപ്പെടുകയും ചെയ്യുന്നു. ബൈബിളിലെ രണ്ടു സന്ദേശങ്ങള്‍ ഇവിടെ നാം സ്മരിക്കേണ്ടിയിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ അംഗീകരിക്കാത്ത പുസ്തകത്തില്‍നിന്നുള്ളതാണ് ഒന്നാമത്തെ സന്ദേശം. യഹൂദരുടെമേല്‍ യവനാചാരങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഗ്രീക്കുകാര്‍ ശ്രമിക്കുകയും വിഗ്രഹാരാധനകള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്തപ്പോള്‍, അതിനെതിരേ യഹൂദര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ സംബന്ധിച്ചുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു പുസ്തകങ്ങളാണ് ഒന്നും രണ്ടും മക്കബായര്‍. യുദ്ധത്തില്‍ മരണപ്പെട്ട യഹൂദരുടെ മൃതദേഹങ്ങളില്‍ തങ്ങള്‍ക്കു നിഷിദ്ധമായ ചില തകിടുകള്‍ കണ്ടു. യുദ്ധപരാജയത്തിനും ഇവരുടെ മരണത്തിനും കാരണം ഈ തകിടുകളാണെന്നു തിരിച്ചറിഞ്ഞതിനാല്‍, മരിച്ചുപോയ ഇവരുടെ പാപങ്ങള്‍ക്കു പരിഹാരമായി ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ ബലിയെ സംബന്ധിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു"(2 മക്കബായര്‍: 12; 43, 44).

ഈ പ്രവൃത്തിയെ ശ്രേഷ്ഠമായിട്ടാണ് ബൈബിള്‍ പരിഗണിച്ചിരിക്കുന്നത്. ഈ പുസ്തകത്തെ അംഗീകരിക്കാത്തവര്‍ക്കു മനസ്സിലാക്കാന്‍, പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു സന്ദേശം കുറിക്കാം. ഇതാണ് സന്ദേശം: "അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം"(1 കോറി: 15; 29). പൗലോസിന്റെ കാലത്തു കോറിന്തോസിലുണ്ടായിരുന്ന ക്രിസ്തീയ സഭയോടു ചോദിച്ച ചോദ്യമാണിത്. ജീവിച്ചിരിക്കുന്നവര്‍ തങ്ങളുടെ മരിച്ചുപോയ പൂര്‍വ്വീകര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാം. ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അപ്പസ്തോലന്‍ ഒരിക്കലും പറയില്ല. മാത്രവുമല്ല, ഇത്തരത്തിലുള്ള സ്നാനം ഫലശൂന്യമാണെന്ന ഒരു സൂചനയും പൗലോസിന്റെ വാക്കുകളില്‍ കാണുന്നില്ല. അതിനാല്‍ത്തന്നെ, ആദിമ സഭകളില്‍ നിലനിന്നിരുന്ന വിശ്വാസപരമായ ഒരു ശുശ്രൂഷയായിരുന്നു ഇത്. പിന്നീട് ഈ ശുശ്രൂഷ അപ്രത്യക്ഷമായത് എങ്ങനെയെന്നുമാത്രം ചിന്തിച്ചാല്‍ മതി. ക്രിസ്തീയതയില്‍ കടന്നുകൂടിയ അപകടകരമായ ആശയങ്ങളും വിജാതിയ സ്വാധീനങ്ങളും മൂലം യഥാര്‍ത്ഥ സത്യത്തില്‍നിന്നു ക്രിസ്തീയത ബഹുദൂരം വ്യതിചലിച്ചു. ക്രിസ്തീയതയിലേക്കു കടന്നുവന്ന വിജാതിയര്‍ തങ്ങളുടെ പാരമ്പര്യങ്ങളെ ക്രിസ്തീയതയോടു ലയിപ്പിച്ചപ്പോള്‍ അപ്പസ്തോലിക പാരമ്പര്യങ്ങള്‍ അപ്രസക്തമായി. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ബൈബിള്‍ വായിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നില്ല. വാമൊഴിയായി പകര്‍ന്നുകിട്ടിയ അറിവുകളും ശ്രേഷ്ഠന്മാര്‍ പഠിപ്പിച്ച പ്രാര്‍ത്ഥനകളും മാത്രമേ വിശ്വാസികള്‍ക്ക് ലഭിച്ചിട്ടുള്ളു. പരിമിതമായ ഈ അറിവുകളെ അനുധാവനം ചെയ്തവര്‍ യഥാര്‍ത്ഥ സത്യത്തില്‍നിന്നു വ്യതിചലിച്ചുവെങ്കില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല.

ബൈബിള്‍ വായിക്കാനും പഠിക്കാനും സാഹചര്യം ഒരുങ്ങിയപ്പോള്‍, വിശ്വാസികളെ അതില്‍നിന്നു പിന്തിരിപ്പിക്കാനാണ്‌ നേതാക്കന്മാര്‍ ശ്രമിച്ചത്. വിശ്വാസികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പാരമ്പര്യങ്ങള്‍ പൈശാചികമാണെന്ന തിരിച്ചറിവ് ലഭിക്കുന്നതിലൂടെ നേതാക്കന്മാരുടെ ഉപജീവനം നിലച്ചുപോകുമെന്ന് അവര്‍ മനസ്സിലാക്കി. ബൈബിള്‍ വായന നിരുത്സാഹപ്പെടുത്തിയത് ഇക്കാരണത്താല്‍ തന്നെയാണ്. അങ്ങനെ സത്യം മറച്ചുവയ്ക്കപ്പെട്ടു! ബൈബിള്‍ വായിക്കാനുള്ള സൗകര്യമില്ലാതിരുന്ന കാലത്ത് പഠിച്ചുവച്ച അപകടകരമായ ആശയങ്ങളും പാരമ്പര്യങ്ങളും തുടര്‍ന്നുപോരുന്ന ക്രിസ്ത്യാനികളെ ശ്രേഷ്ഠരായി പരിഗണിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിഷയത്തില്‍നിന്നു വഴിമാറിപ്പോകാതെ, മരിച്ചവര്‍ക്കുവേണ്ടിയുള്ള സ്നാനത്തിലേക്കുതന്നെ മടങ്ങിവരാം. കോറിന്തോസിലെ സഭയ്ക്കുള്ള കത്തിലാണ് പൗലോസ് അപ്പസ്തോലന്‍ ഇക്കാര്യം ഉന്നയിച്ചത്. വിജാതിയതയില്‍നിന്നു ക്രിസ്തീയതയിലേക്കു കടന്നുവന്ന ഒരു സമൂഹമായിരുന്നു കോറിന്തോസിലെ സഭ. അതിനാല്‍ത്തന്നെ, ഇവരുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ സത്യം അറിയുകയോ സ്നാനം സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. തങ്ങള്‍ സ്വീകരിച്ച സത്യം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു സ്വീകരിക്കാന്‍ അവസരം ലഭിക്കാത്തത് ഇവരെ അസ്വസ്ഥരാക്കും എന്നത് സ്വാഭാവികമാണ്. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്ത ആരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഇവര്‍ തങ്ങളുടെ പൂര്‍വ്വീകര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുക എന്നത് സ്വാഭാവികമാണ്. എന്തെന്നാല്‍, മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചവനിലാണ് ഇവര്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്തത്. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കള്‍ ചെയ്യുന്ന ഈ മഹനീയമായ പ്രവൃത്തിയെ സ്വീകരിക്കാതിരിക്കാന്‍ മാത്രം കരുണയില്ലാത്ത ദൈവത്തിലല്ല കോറിന്തോസിലെ സഭ പടുത്തുയര്‍ത്തപ്പെട്ടത്!

മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്നത് ദൈവസന്നിധിയില്‍ സ്വീകാര്യമാകുമെങ്കില്‍, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന സ്വീകര്യമാകും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ടാ! എന്നാല്‍, മരണാര്‍ഹമായ പാപം ചെയ്യാത്തവര്‍ക്കുവേണ്ടി മാത്രമായിരിക്കണം ഈ പ്രാര്‍ത്ഥനകള്‍. എന്താണ് മരണാര്‍ഹമായ പാപം? മരണാര്‍ഹമായ പാപങ്ങള്‍ പലതുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല. മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന്‍ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു"(റോമാ: 1; 21-25). ദൈവത്തിന്റെ സത്യം യേഹ്ശുവാ മ്ശിഹായാണ്. ഈ സത്യത്തെ അറിഞ്ഞതിനുശേഷം അന്യദൈവങ്ങളിലേക്കു പോകുന്നവര്‍ മരണാര്‍ഹരാണ്. തുടര്‍ന്നുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്ത്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു"(റോമാ: 1; 26, 27).

ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി കരുതുന്നവര്‍ അര്‍ഹിക്കുന്നത് ഈ ശിക്ഷയാണ്. ഇക്കൂട്ടരെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു"(റോമാ: 1; 32). സ്വവര്‍ഗ്ഗരതിയെ അംഗീകരിക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവരും മരണാര്‍ഹമായ പാപത്തിലാണെന്ന സത്യമാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്! അത്തരത്തിലുള്ള ഒരുവനുവേണ്ടി അവന്‍ ജീവിച്ചിരിക്കുമ്പോഴോ മരിച്ചതിനുശേഷമോ പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന യാഥാര്‍ത്ഥ്യം ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. മരണാര്‍ഹമല്ലാത്ത പാപത്തില്‍ മരിച്ച ഒരു വ്യക്തിയുടെ ആത്മാവിനു വിടുതല്‍ ലഭിക്കുന്നതിനായുള്ള പ്രാര്‍ത്ഥന ദൈവസന്നിധില്‍ സ്വീകാര്യമാകും എന്നതും ബൈബിള്‍തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുകാര്യംകൂടി വ്യക്തമാക്കട്ടെ: യേഹ്ശുവായെ രക്ഷകനായി സ്വീകരിച്ച ഒരു വ്യക്തിയാണെങ്കില്‍പ്പോലും അവന്‍ മരിക്കുമ്പോള്‍ പരിപൂര്‍ണ്ണ വിശുദ്ധിയില്‍ അല്ലെങ്കില്‍ അവനു ദൈവരാജ്യത്തു പ്രവേശിക്കുവാന്‍ സാധിക്കില്ല. എന്തെന്നാല്‍, ഏതെങ്കിലുമൊരു പാപത്തിന്റെ മലിനതയുള്ള ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തവിധം പരിശുദ്ധമായ ഇടമാണു സ്വര്‍ഗ്ഗരാജ്യം. മനസ്സില്‍പ്പോലും അശുദ്ധിയില്ലാത്ത അവസ്ഥയില്‍ മരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ മാത്രമേ സ്വര്‍ഗ്ഗരാജ്യ പ്രവേശം സാധ്യമാവുകയുള്ളു!

യേഹ്ശുവായുടെ നാമത്തില്‍ ഒരുവന്‍ രക്തസാക്ഷിയായാല്‍ അവനു സ്വര്‍ഗ്ഗരാജ്യം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുപോലെതന്നെ, പൂര്‍ണ്ണമായ ഒരുക്കത്തോടെ മരണമടയുന്നവര്‍ക്കും അത് സാധ്യമാണ്. എന്നാല്‍, രക്ഷിക്കപ്പെട്ടുവെന്നു പറയപ്പെടുന്നവരില്‍പ്പോലും പൂര്‍ണ്ണമായ വിശുദ്ധി എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. ഗുരുതരമല്ലാത്ത പാപത്തില്‍ മരിക്കുന്ന ഒരു വിശ്വാസിക്ക് സ്വര്‍ഗ്ഗരാജ്യപ്രവേശം സാധ്യമാകണമെങ്കില്‍ ഒരു ശുദ്ധീകരണ പ്രക്രിയ കൂടിയേ തീരൂ. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു"(മത്താ: 5; 26). ഇവിടെയാണ്‌ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അനിവാര്യമാകുന്നത്! മരണാര്‍ഹമല്ലാത്ത പാപം ചെയ്തവര്‍ക്കു മരണാനന്തരം ക്ഷമ ലഭിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? രക്തസാക്ഷികള്‍ക്കു മാത്രമല്ല സ്വര്‍ഗ്ഗരാജ്യം! മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളെ മനോവ നിഷേധിക്കാത്തതിന്റെ കാരണം ഇതാണ്. ഇനി നമുക്ക് യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം.

മരണാനന്തരം നടത്തപ്പെടുന്ന ചടങ്ങുകളില്‍ കടന്നുകൂടിയ വിജാതിയ ആചാരങ്ങളെ സംബന്ധിച്ചാണ് നാം ചിന്തിക്കാന്‍ പോകുന്നത്. പൗരസ്ത്യ സുറിയാനിസഭകള്‍ പിന്തുടരുന്ന മറ്റ് ആചാരങ്ങളിലെല്ലാം കടന്നുകൂടിയതുപോലെ, മരണാനന്തര ചടങ്ങുകളിലും വിജാതിയതയുടെ ശക്തമായ സ്വാധീനം കടന്നുകൂടിയിട്ടുണ്ട്. യഹൂദരുടെയിടയിലോ ആദിമ ക്രൈസ്തവരുടെയിടയിലോ ഇല്ലാത്തതും വിജാതിയര്‍ ആചരിക്കുന്നതുമായ സകല വ്യര്‍ത്ഥതകളും അനുകരിക്കാന്‍ ഇവര്‍ തയ്യാറായി. കേരളത്തിലെ വിജാതിയര്‍ ശ്രേഷ്ഠമായി പരിഗണിച്ചിരിക്കുന്ന സകലതും തങ്ങളുടെ പാരമ്പര്യമായി ഏറ്റെടുക്കുന്നതിനുവേണ്ടി ബൈബിള്‍ വചനങ്ങളെപ്പോലും വളച്ചൊടിക്കുന്ന രീതിയും ഇവര്‍ക്കുണ്ട്. പുലകുളി, പുലവീടല്‍, ശ്രാദ്ധം (ചാത്തം) തുടങ്ങിയവയെല്ലാം സുറിയാനികളുടെയിടയില്‍ കാണാന്‍ കഴിയും. പോര്‍ച്ചുഗീസുകാരുടെ നേതൃത്വത്തില്‍ പാശ്ചാത്യസഭ കേരളത്തില്‍ കടന്നുവരികയും ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ റോമന്‍ കത്തോലിക്കാസഭയോടു ചേര്‍ക്കാന്‍ തയ്യാറാവുകയും ചെയ്തപ്പോള്‍ പല ദുരാചാരങ്ങളും നീക്കംചെയ്യപ്പെട്ടു. ഉദയംപേരൂര്‍ സൂന്നഹദോസിലൂടെയാണ് ഈ ലയനം സാധ്യമായത്. സൂനഹദോസിന്റെ അവസാനദിവസം അസന്മാര്‍ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, താലികെട്ട്, പുലകുളി തുടങ്ങിയ വിജാതിയാചാരങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്ത്യാനികള്‍ തികച്ചും ക്രൈസ്തവ സമ്പ്രദായത്തില്‍ ജീവിക്കണമെന്ന സന്ദേശമാണ് സുനഹദോസില്‍ പ്രധാനമായി അംഗീകരിക്കപ്പെട്ടത്. ഇത്തരം ദുരാചാരങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, കൂനന്‍കുരിശു സത്യത്തിലൂടെ പഴയ ദുരാചാരങ്ങളിലേക്ക് സുറിയാനികളില്‍ ചിലര്‍ മടങ്ങിപ്പോയി.

പുലകുളി പോലുള്ള ദുരാചാരങ്ങള്‍ സുറിയാനികളുടെയിടയില്‍ ഉണ്ടായിരുന്നതുകൊണ്ടാണല്ലോ അവ നിഷിദ്ധമാക്കേണ്ടിവന്നത്! ഇന്നും ഇത്തരം ദുരാചാരങ്ങള്‍ ഇവര്‍ തുടരുന്നു. കത്തോലിക്കാസഭയുമായി ചേര്‍ന്നുനില്‍ക്കുന്ന വിഭാഗമായ സീറോമലബാര്‍ റീത്തിലും സീറോമലങ്കര റീത്തിലും ഇത്തരം ദുരാചാരങ്ങള്‍ പിന്തുടരുന്നവരുണ്ട്. അടിയന്തിരങ്ങളും ശ്രാദ്ധവുമൊക്കെ ഇതിന്റെ ഭാഗമാണ്. വിജാതിയര്‍ ഇത് ആചരിക്കുന്നത് ഏതുതരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു പരിശോധിച്ചാല്‍ ഇതിലുള്ള ക്രിസ്തീയവിരുദ്ധത മനസ്സിലാക്കാന്‍ കഴിയും. ആയതിനാല്‍, അടിയന്തിരങ്ങളുമായി ബന്ധപ്പെട്ടുള്ള വിജാതിയരുടെ വിശ്വാസം എന്താണെന്നു പരിശോധിക്കാം.

മരിച്ചുപോയ ബന്ധുമിത്രാദികള്‍ക്കോ പിതൃക്കള്‍ക്കോ മരിച്ച നാളില്‍ (നക്ഷത്രം) അര്‍പ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം. പ്രധാനമായും ഹിന്ദു സംസ്കാരത്തിലെ ഒരു ആചാരമാണിത്. പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. പരശുരാമന്‍ പിതാവിന്റെ ശ്രാദ്ധത്തിന് അദ്ദേഹത്തെ കൊന്നയാളിന്റെ രക്തംകൊണ്ട് തര്‍പ്പണം ചെയ്തതതായി പുരാണങ്ങള്‍ പറയുന്നു. ബുദ്ധമതത്തിലും ശ്രാദ്ധം അര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ശ്രാദ്ധങ്ങള്‍ ചെയ്യേണ്ട രീതിയെക്കുറിച്ച് സ്മൃതികളില്‍ വിസ്തരിച്ച് പ്രതിപാദിക്കുന്നു. ബ്രാഹ്മണര്‍ക്കാണ് ശ്രാദ്ധം അര്‍പ്പിക്കേണ്ടത്. എന്നാല്‍, ഇന്ന് മിക്കവരും ശ്രാദ്ധം നടത്തുന്നുണ്ടെങ്കിലും അത് ബ്രാഹ്മണര്‍ക്കയി മാത്രം അര്‍പ്പിച്ചുകാണുന്നില്ല.

മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കള്‍ തറവാട് നിലനിര്‍ത്തിയവരാണ് എന്നതുകൊണ്ട് ജലതര്‍പ്പണം, അന്നം എന്നിവയാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കില്‍ തലേദിവസം മുതല്‍ക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. ആത്മാക്കള്‍ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെനിന്ന് അവര്‍ ദേവലോകത്തേക്കു യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമത്രെ. ഈ യാത്രയില്‍ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് മരിച്ച ദിവസത്തെ തിയ്യതിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ബലിച്ചോറുകൊണ്ട് പിതൃദേവതകള്‍ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം. ചോറ്, എള്ള്, പാല്, തൈര്, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദീ തീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു എന്നാണ് വിശ്വാസം.

കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇദ്രാദി ദേവകര്‍ സത്രത്തില്‍ സന്നിഹിതരായിരുന്നു. ഈ വിവരം അറിഞ്ഞ് രാക്ഷസ രാജാവായ രാവണന്‍ അവിടേക്കു വന്നു. ഭയവിഹ്വലരായ ദേവന്മാര്‍ ഓരോരോ പക്ഷികളുടെ വേഷംപൂണ്ടു. ആ കൂട്ടത്തില്‍ യമധര്‍മ്മന്‍ രക്ഷപ്പെട്ടത് കാക്കയുടെ രൂപത്തിലായിരുന്നുവത്രേ. അന്നു മുതല്‍ കാക്കകളോടു കാലന് സന്തോഷം തോന്നി. മനുഷ്യര്‍ പിതൃക്കളെ പൂജിക്കുമ്പോള്‍, മേലില്‍ ബലിച്ചോറ് കാക്കകള്‍ക്ക് അവകാശമായിത്തീരുമെന്ന് യമധര്‍മ്മന്‍ അനുഗ്രഹിച്ചു. അന്നു മുതലാണ് കാക്കകള്‍ ബലിച്ചോറിന് അവകാശികളായി തീര്‍ന്നതെന്ന് കരുതുന്നു. രാക്ഷസ രാജാവായ രാവണനെ ഭയന്നുകഴിയുന്നവരാണ് ദേവന്മാര്‍! ഈ ദേവന്മാരെ പ്രീതിപ്പെടുത്തി ജീവിക്കുന്ന വിജാതിയരെയാണ് ക്രിസ്ത്യാനികള്‍ അനുകരിക്കുന്നത്!

ഇത്തരത്തിലുള്ള ദുരാചാരങ്ങളിലൂടെ ഒരാളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്ന വിജാതിയ ഭോഷ്ക്കുകളെ തോളിലേറ്റിയതുകൊണ്ടാണ് സുറിയാനികളും തങ്ങളുടെ ആചാരത്തിനു 'ശ്രാദ്ധം' എന്ന പേര് നല്‍കിയത്. യൗസേപ്പിതാവിന്റെ പേരില്‍ ഊട്ടുനെര്‍ച്ച നടത്തുന്നവരുമുണ്ട്. ശ്രാദ്ധവും അടിയന്തിരങ്ങളും നടത്തുന്നതിനുവേണ്ടി യഹൂദ പാരമ്പര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതിയും ഇവര്‍ അവലംബിക്കുന്നു. മരണാനന്തരമുള്ള ഇത്തരം ദുരാചാരങ്ങള്‍ ഒന്നുംതന്നെ യഹൂദര്‍ ആചരിച്ചിരുന്നില്ല. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും മാത്രമല്ല, മോശയുടെ മരണദിനംപോലും ഇസ്രായേല്‍ജനത ആചരിച്ചതായി കാണാന്‍ കഴിയില്ല. ഇതൊക്കെ വിജാതിയതയില്‍നിന്നു കടന്നുവന്ന ദുരാചാരങ്ങള്‍ മാത്രമാണ്. യാക്കോബിന്റെ മൃതദേഹത്തില്‍ നാല്പതു ദിവസം പരിമളദ്രവ്യങ്ങള്‍ പൂശിയത് ഈജിപ്തിലെ ആചാരങ്ങളുടെ ഭാഗമായിട്ടായിരുന്നു. യാക്കോബും മക്കളും ഈജിപ്തില്‍ പ്രവാസികളായി ജീവിച്ചിരുന്ന കാലത്താണ് ഇത് ചെയ്തത്. ഈജിപ്തില്‍ പ്രഭുപദവി ലഭിച്ചിരുന്ന സമൂഹമായിരുന്നതുകൊണ്ട്, ഈ ബഹുമാനം യാക്കോബിനും യോസഫിനും ലഭിച്ചു. ഇവര്‍ ഇരുവരുടെയും മരണാനന്തര ചടങ്ങുകള്‍ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ ബഹുമതികളോടെ നടന്നതിനാല്‍, ഈ പാരമ്പര്യത്തെ ദൈവജനത്തിന്റെ പാരമ്പര്യമായി പരിഗണിക്കാന്‍ കഴിയില്ല. മാത്രവുമല്ല, ഇസ്രായേല്‍ക്കാര്‍ തങ്ങളുടെ പൂര്‍വ്വീകരില്‍ ആരുടെയെങ്കിലും ദിനം വര്‍ഷംതോറും ആചരിക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. പൗരസ്ത്യ സുറിയാനികളുടെ വിജാതിയ സ്വാധീനത്തില്‍നിന്നു രൂപപ്പെട്ട ഈ പൈശാചിക പാരമ്പര്യങ്ങള്‍ക്ക് ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ല.

കത്തോലിക്കാസഭയില്‍ ലയിച്ചതോടെ ഉപേക്ഷിച്ചുകളഞ്ഞ പൈശാചികതയിലേക്ക് കേരളത്തിലെ ക്രിസ്ത്യാനികളെ മടക്കിക്കൊണ്ടുപോകാന്‍ നിയുക്തനായി കടന്നുവന്ന വ്യക്തിയായിരുന്നു അബ്ദുള്‍ ജലീല്‍! ഇയാള്‍ക്കു യഹൂദരുമായി യാതൊരു ബന്ധവുമില്ലെന്ന് പേരില്‍നിന്നുതന്നെ വ്യക്തമാണ്. 'പരിശുദ്ധ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവാ' എന്നാണ് ഇയാളെ സുറിയാനികള്‍ വിളിക്കുന്നത്. സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള അബ്ദുള്‍ ജലീലിന്റെ മുന്നൂറ്റിമുപ്പത്താറാമത് 'ശ്രാദ്ധ പെരുന്നാള്‍ 2017 ഏപ്രില്‍ 24 മുതല്‍ 27 വരെ നടന്നു. 'ശ്രാദ്ധം എന്ന ചാത്തം ആചരിക്കല്‍ ഇന്നും തുടരുന്നുവെന്നതിന്റെ തെളിവാണിത്. ഇത്തരം ദുരാചാരങ്ങള്‍ക്കെതിരേ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ചില വ്യക്തികള്‍ ഓരോ കാലങ്ങളിലും സുറിയാനികളുടെയിടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവരില്‍ പ്രമുഖന്‍ പാലക്കുന്നത്ത്‌ അബ്രഹാം മല്‍പ്പാന്‍ എന്ന വൈദികനായിരുന്നു. മല്‍പ്പാന്‍ ഇത്‌ ആദ്യം പരീക്ഷിച്ചത്‌ 1837-ല്‍ പരിഷ്ക്കരിച്ച പ്രാര്‍ത്ഥനാക്രമം (തക്സ) ഉപയോഗിച്ച്‌ മരാമണ്‍ പള്ളിയില്‍ മലയാളത്തില്‍ വിശുദ്ധ കുര്‍ബ്ബാന ആദ്യമായി അര്‍പ്പിച്ചു കൊണ്ടായിരുന്നു. സുറിയാനി ഭാഷയില്‍ മാത്രം കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന കാലത്താണ് ഇങ്ങനെയൊരു വിപ്ലവത്തിന് ഇദ്ദേഹം തുടക്കംകുറിച്ചത്.

മുത്തപ്പന്റെ ചാത്തം (ശ്രാദ്ധം) എന്ന പൂര്‍വ്വീക പൂജാസമ്പ്രദായം മല്‍പ്പാന്‍ നിറുത്തിവയ്ക്കുകയും ചെയ്തു. വലിയൊരു പുരുഷാരത്തെ സാക്ഷിനിര്‍ത്തി മുത്തപ്പന്റെ കോലം നശിപ്പിച്ച്‌ കിണറ്റിലെറിഞ്ഞതു മല്‍പ്പാനായിരുന്നു. അബ്രഹാം മല്‍പ്പാന്റെ പരിഷ്ക്കരണ വാദത്തെ സുറിയാനിക്രൈസ്തവ സഭ അസഹിഷ്ണുതയോടെയാണു സ്വീകരിച്ചത്‌. ഇദ്ദേഹം ഉയര്‍ത്തിയ കലാപ കൊടുങ്കാറ്റ്‌ ക്രൈസ്തവ ജനസാമാന്യങ്ങളില്‍ പ്രതികരണങ്ങളുണ്ടാക്കുന്നത്‌ സഭാമേലധ്യക്ഷന്മാരെ ഉല്‍ക്കണ്ഠാകുലരാക്കി. ഇദ്ദേഹത്തെ ജനങ്ങളില്‍ നിന്നകറ്റാന്‍ അവര്‍ കഠിനശ്രമങ്ങള്‍ നടത്തുകയുണ്ടായി. അനുയായികള്‍ ഏറെ ഇഷ്ടപ്പെടുന്ന ആദ്ധ്യാത്മിക നേതാവായി അബ്രഹാം ഉയര്‍ന്നെങ്കിലും ഇദ്ദേഹത്തിന്‌ മെത്രാനാകാന്‍ കഴിഞ്ഞില്ല. ശ്രാദ്ധം എന്ന ആചാരം ക്രിസ്തീയമാല്ലെന്നു മനസ്സിലാക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ല. സുറിയാനി പാരമ്പര്യം എന്നത് ക്രിസ്തീയ പാരമ്പര്യമായി ആരും തെറ്റിദ്ധരിക്കരുത്. ആചാരങ്ങളിലെ പൈശാചികത തിരിച്ചറിഞ്ഞ് അവയെ തള്ളിപ്പറയുന്ന ചിലരെങ്കിലും ഓരോ കാലത്തും സഭകളില്‍ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍, അവരെയൊക്കെ സഭാവിരുദ്ധരായി മുദ്രകുത്തി പുറത്താക്കാനാണ് പൈശാചിക പാരമ്പര്യക്കാര്‍ ശ്രമിച്ചിട്ടുള്ളത്. വിശുദ്ധരുടെ പേരില്‍ ശ്രാദ്ധവും ഊട്ടുനേര്‍ച്ചയും നടത്താനാണോ യേഹ്ശുവാ നമ്മെ അഭിഷേകം ചെയ്തത്? ലോകമെങ്ങും പോയി സുവിശേഷം അറിയിക്കാനുള്ള ആഹ്വാനം ഏറ്റെടുത്തവരാണ് ക്രൈസ്തവര്‍! ഭക്താഭാസങ്ങളില്‍ സംപ്രീതനാകുന്ന ദൈവത്തെയല്ല ക്രിസ്ത്യാനികള്‍ ശുശ്രൂഷിക്കുന്നത്.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേച്ഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതിനിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു"(ഏശയ്യാ: 1; 13, 14). ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ ലഹരിപിടിക്കുന്നത് വിജാതിയരുടെ ദേവീ-ദേവന്മാര്‍ക്കാണ്. ലോകമെങ്ങും സുവിശേഷം അറിയിക്കാനുള്ള ദൗത്യത്തില്‍നിന്നു ക്രൈസ്തവസഭകള്‍ പിന്മാറി. ഇന്ന് ആണ്ടുനേര്‍ച്ചയിലും മറ്റിതര കച്ചവടങ്ങളിലുമാണ് ഇവരുടെ ശ്രദ്ധ! എന്നാല്‍, ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു കുറവും വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നു. ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്തതും ദൈവം വെറുക്കുന്നതുമായ ആചാരങ്ങളെ സ്വന്തമാക്കാനുള്ള ഒട്ടത്തിലാണ് ഇവര്‍! ഋതുക്കളും മാസങ്ങളും ആചരിച്ചിരുന്ന ഗലാത്തിയിലെ പൈശാചികതയെ പൈതൃകമായി ചുമക്കുന്ന ഇവര്‍ തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റുന്നു! വിജാതിയരുടെ ദേവീ-ദേവന്മാര്‍ക്കു ശ്രേഷ്ഠമായതൊക്കെയും ദൈവമായ യാഹ്‌വെയ്ക്കും ശ്രേഷ്ഠമാണെന്ന മിഥ്യാധാരണയില്‍ ഇവര്‍ ജീവിക്കുന്നു. ആത്മാക്കളുടെ രക്ഷ ഇവരുടെ ആചാരങ്ങളില്‍ അധിഷ്ഠിതമാണെന്നു കരുതുകയും ചെയ്യുന്നു.

പെസഹാ ആചരണത്തിലും വിജാതിയ സ്വാധീനം!

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പെസഹാ ആചരണത്തില്‍പ്പോലും വിജാതിയത ദര്‍ശിക്കാന്‍ കഴിയും. ഭവനത്തില്‍ ആരെങ്കിലും മരിച്ചാല്‍, ആ വര്‍ഷം പെസഹാ ആചരണത്തില്‍ മാറ്റംവരുത്തുന്ന രീതി ഇവര്‍ക്ക് എവിടെനിന്നു ലഭിച്ച പൈതൃകമാണ്? യഹൂദരുടെ യഥാര്‍ത്ഥ പിന്മുറക്കാര്‍ തങ്ങളാണെന്നു പ്രഖ്യാപിക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ സജ്ജീവമാണ്. ഇവരുടെ ഓരോ പ്രചരണ മാധ്യമങ്ങളിലും ഇത് കാണാന്‍ കഴിയും. സുറിയാനികളുടെ ആത്മീയാചാര്യനായിരുന്ന അബ്ദുള്‍ ജലീലിനെ യഹൂദനാക്കാനുള്ള ശ്രമമാണ് ഏറ്റവും ശ്രദ്ധേയം. ഇസ്രായേല്‍ക്കാരോ യഹൂദരോ ഒരുകാലത്തും ഇസ്മായീല്‍ വംശജരുടെ പേരുകള്‍ സ്വീകരിച്ചിട്ടില്ല. പേരുകള്‍ സ്വീകരിക്കുന്നതില്‍ വലിയ ശ്രദ്ധകൊടുക്കുന്നവരാണ് ഇസ്രായേല്‍ക്കാര്‍. അബ്ദുള്‍ ജലീല്‍ എന്ന പേരുതന്നെ ഇയാളുടെ പൈതൃകം വ്യക്തമാക്കുന്നതാണ്.

യേഹ്ശുവാ സംസാരിച്ചത് സുറിയാനി ഭാഷയായിരുന്നുവെന്ന നുണപ്രചരണമാണ് ഇവരുടെ മറ്റൊരു കൗശലം! സുറിയാനി ഭാഷതന്നെയാണ് അരമായ ഭാഷയെന്ന വാദമാണ് ഇവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകം കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ നുണയാണിത്. ഹെബ്രായ ഭാഷയില്‍നിന്ന് ഉദ്ഭവിച്ച ഒരു സംസാരഭാഷയാണ് അരമായ ഭാഷ! ഇതിന് സുറിയാനിയുമായി യാതൊരു ബന്ധവുമില്ല. അറബിയുമായി സാമ്യമുള്ള ഭാഷയാണ്‌ സുറിയാനി. സുറിയാനി ഭാഷയും അരമായ ഭാഷയും ഒന്നായിരുന്നുവെങ്കില്‍, യേഹ്ശുവായുടെ നാമം സുറിയാനികള്‍ക്ക് എങ്ങനെ ഈശോയായി? ഈസാ എന്ന അറബിവാക്കുമായല്ലേ ഈശോയ്ക്കു കൂടുതല്‍ ബന്ധം? സുറിയാനികളുടെ ആലാഹയും അറബികളുടെ അല്ലാഹുവും തമ്മിലല്ലേ ഏറ്റവും യോജിപ്പുള്ളത്? ന്യായമായ ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്ന സുറിയാനികള്‍ തങ്ങളുടെ അനുയായികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ വിഫലശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സുറിയാനി എന്ന് എഴുതുമ്പോള്‍ ബ്രാക്കറ്റില്‍ അറമായ എന്നുകൂടി ചേര്‍ക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. ഈയടുത്ത കാലത്ത് ആരംഭിച്ചതാണ് ഈ പ്രവണത! യേഹ്ശുവായെ ഈശോയും ഈസായുമാക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ വാദവുമായി ഇറങ്ങിയിരിക്കുന്നത്.

പെസഹാ ആചരണവുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടക്കാം. സുറിയാനി സഭകളുടെ പെസഹാ ആചരണത്തില്‍ ശ്ലാഘിക്കപ്പെടേണ്ട പല നല്ല വശങ്ങളുമുണ്ട്. ഇവയെ ശ്ലാഘിക്കാന്‍ മനോവയ്ക്കു യാതൊരു മടിയുമില്ല. എന്തെന്നാല്‍, നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും വിളിക്കാന്‍ മനോവ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. എക്കാലത്തും മനോവയുടെ നയവും ഇതുതന്നെയാണ്. ആയതിനാല്‍, സുറിയാനി സഭകളുടെ പെസഹാ ആചരണത്തിലെ നന്മകളെ ചൂണ്ടിക്കാണിച്ചതിനുശേഷം ഈ ആചരണത്തില്‍ കൂട്ടിച്ചേര്‍ത്ത വിജാതിയതയെ വെളിപ്പെടുത്താം.

പെസഹാ ഭക്ഷണം വീട്ടില്‍തന്നെ പാകപ്പെടുത്തി അവിടെ വച്ചുതന്നെ ഭക്ഷിക്കുക എന്നതാണ് നസ്രാണികളുടെ പാരമ്പര്യം. ആ ദിവസം ഉണ്ടാകുന്ന പുളിപ്പില്ലാത്ത അപ്പവും പാലും ആണ് നസ്രാണികളുടെ പെസഹായുടെ ഒരു സവിശേഷത. വിവിധയിനം പഴവര്‍ഗ്ഗങ്ങളും ആ അത്താഴത്തിന് ഉപയോഗിക്കുന്നു. എന്നാല്‍, പുളിപ്പുള്ള യാതൊന്നും ഉപയോഗിക്കില്ല. ഇതിനായി പുതിയ പാത്രങ്ങളോ പെസഹാ ഭക്ഷണത്തിനു മാത്രമായുള്ള പാത്രങ്ങളോ ഉപയോഗിക്കുന്നു. കുടുംബത്തിലെ മുതിര്‍ന്ന പുരുഷനാണ് പെസഹാ ഭക്ഷണം പാകം ചെയ്യേണ്ടത്. ഭക്ഷണമുണ്ടാക്കുന്നതിനു മുന്‍പായി അടുക്കളയും വീടിന്റെ പരിസരവും നന്നായി വൃത്തിയാക്കുക എന്നതാണ് പെസഹായുടെ മറ്റൊരു സവിശേഷത. പെസഹായ്ക്ക് ഉണ്ടാക്കുന്ന ആദ്യ അപ്പത്തിലും പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോല ഉപയോഗിച്ച് കുരിശാകൃതി ഉണ്ടാക്കി വയ്ക്കുന്ന പതിവുണ്ട്. ഇക്കാരണത്താല്‍, പെസഹാ അപ്പവും പാലും മാമോദീസാ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കു ഭക്ഷിക്കാന്‍ നല്കാറില്ല. എന്നാല്‍, കുരിശാകൃതി വയ്ക്കാതെ ഉണ്ടാക്കുന്ന അപ്പം എല്ലാവര്‍ക്കും ഭക്ഷിക്കാം. പെസഹാ അപ്പം മുറിക്കുന്നത് വീട്ടിലെ ഏറ്റവും മുതിര്‍ന്ന പുരുഷനാണ്.

ഇവയൊന്നും സുറിയാനികളുടെ പാരമ്പര്യത്തിന്റെ ഭാഗമല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കേരളത്തില്‍ ജീവിച്ചിരുന്ന യഹൂദരില്‍നിന്നാണ് ഇവിടെ ക്രിസ്തീയത ഉദ്ഭവിച്ചത്. തോമാശ്ലീഹാ മാമോദീസാ നല്‍കി ക്രിസ്ത്യാനികളാക്കുന്നതിനു മുന്‍പുതന്നെ ഇവര്‍ പെസഹാ ആചരിച്ചിരുന്നു. അതിനാല്‍ത്തന്നെ, യഹൂദരുടെ ഈ പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ സുറിയാനികള്‍ക്കു കഴിഞ്ഞില്ല. ഇക്കാരണത്താലാണ് സുറിയാനികളുടെ ആധിപത്യത്തിന്‍ കീഴിലും നസ്രാണികള്‍ യഹൂദരുടെ പെസഹാ ആചരണരീതി തുടര്‍ന്നത്.

എന്നാല്‍, സുറിയാനികള്‍ തങ്ങളുടേതായ ചില പൈശാചികതകള്‍ പെസാഹാ ആചരണത്തോടു കൂട്ടിച്ചേര്‍ത്തു. എന്താണ് അതെന്നു ശ്രദ്ധിക്കുക: 'ഒരു വീട്ടിലെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വര്‍ഷം അവിടെ പെസഹാ ഭക്ഷണം പാകം ചെയ്യാറില്ല. അയല്‍വീടുകളില്‍നിന്നോ ബന്ധുവീടുകളില്‍നിന്നോ അവര്‍ക്കായി പെസഹാ ഭക്ഷണം എത്തിക്കുകയോ മറ്റു ഭവനങ്ങളിലേക്കു പോവുകയോ ആണ് പതിവ്.' ഇത് യഹൂദരുടെ പാരമ്പര്യമാണോ? വിജാതിയരുടെ ഈ പാരമ്പര്യത്തെ യഹൂദ പാരമ്പര്യമായി പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയല്ല. വിജാതിയര്‍ തങ്ങളുടെ ഭവനത്തിലെ ആരെങ്കിലും മരിച്ചാല്‍ ആ വര്‍ഷം വിഷുവും ഓണവും ആഘോഷിക്കാറില്ല. ഇത്തരത്തില്‍ മാറ്റിവയ്ക്കേണ്ടതാണ് പെസഹാ ആചരണമെന്നു കരുതുന്നവര്‍ ഈ ആചരണത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. പെസഹാ ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ, എങ്ങനെയാണ് പെസഹാ ആചരിക്കേണ്ടതെന്നും ആര്‍ക്കെല്ലാമാണ്‌ പെസഹാ ഭക്ഷിക്കാന്‍ അര്‍ഹതയുള്ളതെന്നും മോശ വ്യക്തമാക്കി.

യിസ്രായേലിന്റെ പെസഹാ ആചരണം!

ഈജിപ്തില്‍ അടിമകളായി ജീവിച്ച യിസ്രായേല്‍ മക്കള്‍ക്ക് സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകാനുള്ള അനുവാദം ഫറവോ നല്‍കിയില്ല. ദൈവമായ യാഹ്‌വെയുടെ നിര്‍ദ്ദേശപ്രകാരം മോശയാണ് ഈ ആവശ്യം ഫറവോയുടെ മുന്നില്‍ അവതരിപ്പിച്ചത്. ഫറവോ വഴങ്ങാതെവന്നപ്പോള്‍, ഈജിപ്തിലേക്ക് മഹാമാരികള്‍ അയയ്ക്കാന്‍ ദൈവം തയ്യാറായി. പത്തു മഹാമാരികളാണ് ദൈവം അയച്ചത്. ഒന്‍പതു മഹാമാരികള്‍ അയച്ചിട്ടും ഫറവോയുടെ ഹൃദയം കഠിനമായിത്തന്നെ തുടര്‍ന്നു. ഈ അവസരത്തിലാണ് അവസാനത്തെ മഹാമാരി അയയ്ക്കാന്‍ യാഹ്‌വെ തയ്യാറായത്. ഇക്കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "മോശ പറഞ്ഞു: യാഹ്‌വെ അരുളിച്ചെയ്യുന്നു, ഞാന്‍ അര്‍ദ്ധരാത്രിയില്‍ ഈജിപ്തിലൂടെ കടന്നുപോകും. സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതന്‍ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ ചാകും. ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും. എന്നാല്‍, യിസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും യിസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ യാഹ്‌വെ ഭേദം കല്പിക്കുന്നുവെന്ന്‍ അങ്ങനെ നിങ്ങള്‍ മനസ്സിലാക്കും"(പുറ: 11; 4-7). ഫറവോയോട് മോശ പറഞ്ഞ വാക്കുകളാണിത്. 

ഫറവോയുടെ ഹൃദയം കഠിനമാക്കപ്പെട്ടതിനാല്‍ അവന്‍ യിസ്രായേല്‍ക്കാരെ വിട്ടയച്ചില്ല. അപ്പോള്‍ യാഹ്‌വെ മോശയോടും അഹറോനോടും അരുളിച്ചെയ്തു: "ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം. യിസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍‌കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം"(പുറ: 12; 2, 3). പെസഹാ ആചരിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നുള്ള വിവരമാണ് പിന്നീട് വായിക്കുന്നത്. യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് യാഹ്‌വെ. കട്ടിളയിലുള്ള രക്തം നിങ്ങള്‍ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല"(പുറ: 12; 12, 13). യിസ്രായേല്‍ ഭവനങ്ങളെ ശിക്ഷിക്കാതെ യാഹ്‌വെ അവരെ കടന്നുപോയതിന്റെ സ്മരണയാണ്‌ പെസഹാ ആചരണം. യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു: "ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും യാഹ്‌വെയുടെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്പനയായിരിക്കും"(പുറ: 12; 14).

മരണം നടന്നിട്ടുള്ള ഭവനങ്ങളെ പെസഹാ ആചരണത്തില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് സുറിയാനികള്‍ അങ്ങനെ ചെയ്യുന്നു? ഇതാണ് വിജാതിയ അനുകരണം! ദൈവത്തിന്റെ കല്പനയോടുപോലും വിജാതിയത ചേര്‍ത്തുവയ്ക്കാനുള്ള ഈ അഭിവാഞ്ജയെ പൈശാചികതയായി മാത്രമേ കാണാന്‍ കഴിയൂ! യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്യുന്നു: "പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ്, പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്. എന്നാല്‍ വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം"(പുറ: 12; 43-45). അവിടുന്ന് ഇപ്രകാരം തുടരുന്നു: "യിസ്രായേല്‍സമൂഹം മുഴുവന്‍ ഇത് ആചരിക്കണം. നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്"(പുറ: 12; 47, 48). ശവശരീരം സ്പര്‍ശിച്ച് അശുദ്ധരായ ആളുകള്‍ പെസഹാ ആചരിക്കണമോ എന്നതിനെക്കുറിച്ച് ദൈവം എന്തുപറയുന്നു എന്ന് നോക്കുക: "നിങ്ങളോ നിങ്ങളുടെ മക്കളില്‍ ആരെങ്കിലുമോ ശവശരീരം സ്പര്‍ശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ യാഹ്‌വെയ്ക്കു പെസഹാ ആചരിക്കണം. രണ്ടാംമാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അത് ആചരിക്കണം"(സംഖ്യ: 9; 10, 11). പെസഹാ ആചരിക്കാത്തവര്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം എന്നതാണു നിയമം. വചനമിതാണ്: "എന്നാല്‍, ഒരുവന്‍ അശുദ്ധനല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിതസമയത്ത് യാഹ്‌വെയ്ക്കു കാഴ്ച നല്‍കാത്തതുകൊണ്ട് സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(സംഖ്യ: 9; 13). പെസഹാ ആചരണത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് നിയമം. ഈ നിയമം നിലനില്‍ക്കുമ്പോള്‍, മരണം നടന്നിട്ടുള്ള ഭവനങ്ങളെ എങ്ങനെ മാറ്റിനിര്‍ത്തും? വിജാതിയര്‍ വിഷുവും ഓണവും ആഘോഷിക്കുന്നതിനെ അനുകരിക്കുന്നവരാണ് ദൈവീകനിയമങ്ങളില്‍ വിജാതിയത കൂട്ടിക്കലര്‍ത്തുന്നത്!

വിജാതിയരെ സംബന്ധിച്ചിടത്തോളം മരണം ഒരു നഷ്ടമാണെങ്കില്‍, ക്രിസ്ത്യാനികള്‍ക്ക് നിത്യജീവനിലേക്കുള്ള കവാടമാണ് മരണം. ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഒരുവന്റെമേല്‍ മരണത്തിന് യാതൊരു അധികാരവുമില്ല. മരണത്തിന്റെ നിയമത്തിനുമേല്‍ ജീവന്റെ നിയമം ആധിപത്യം സ്ഥാപിച്ചതിലൂടെ ക്രിസ്ത്യാനികള്‍ പുനരുത്ഥാനത്തിന്റെ മക്കളായി. നിത്യതയെക്കുറിച്ചു പ്രത്യാശയില്ലാത്ത വിജാതിയരുടെ ആചാരങ്ങള്‍ ഏറ്റെടുക്കുന്നവര്‍ മരണസംസ്കാരത്തിലേക്ക് മടങ്ങിപ്പോവുകയാണു ചെയ്യുന്നത്. യഹൂദരോ ക്രിസ്ത്യാനികളോ പിന്തുടരാത്ത ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മാവ് ദൈവത്തില്‍നിന്നുള്ളതല്ല. വിജാതിയരുടെ മ്ലേച്ഛതകള്‍ അനുകരിച്ച ഗലാത്തിയര്‍ക്ക് വന്നുഭവിച്ച ദുരന്തം നമ്മുടെ കണ്‍മുന്‍പിലുണ്ട്. ഋതുക്കളും വര്‍ഷങ്ങളും ആചരിച്ചുകൊണ്ടും, ശകുനം നോക്കുകയും ജാതകം എഴുതിക്കുകയും ചെയ്തുകൊണ്ടും ദൈവത്തെ ആരും പ്രകോപിപ്പിക്കരുത്. രാഹുകാലത്തെ ഭയപ്പെടുന്ന ആരെയും ക്രിസ്ത്യാനികളായി ദൈവം പരിഗണിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയണം. ദൈവത്തിനു സ്വീകാര്യമല്ലാത്ത ആചാരങ്ങളില്‍നിന്നു പിന്തിരിയാന്‍ ഇനിയും വൈകരുത്. "അങ്ങനെ ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം. കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്"(ഹെബ്രാ: 12; 28, 29).

യഹൂദരുടെ പാരമ്പര്യമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരെ സൂക്ഷിക്കണം. വിജാതിയമായ ആചാരങ്ങള്‍ അനുകരിക്കുന്ന തങ്ങളുടെ പൈശാചിക പ്രവര്‍ത്തികളെ സാധൂകരിക്കാനാണ് ഇവര്‍ യഹൂദപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത്. അരമായ ഭാഷയും സുറിയാനിയും ഒന്നാണെന്നു പറയുന്നതിന്റെ പിന്നിലും വ്യക്തമായ പൈശാചിക അജണ്ടയുണ്ട്. യേഹ്ശുവായെ ഈശോയും ഈസായുമാക്കാനുള്ള കുതന്ത്രമാണിത്. ദൈവത്തിന്റെ അലംഘനീയമായ നിയമങ്ങളെ അവഗണിച്ചുകൊണ്ടുള്ള എല്ലാ ആചാരങ്ങളെയും ഉപേക്ഷിക്കാന്‍ ദൈവജനം തയ്യാറാകണം. എന്തെന്നാല്‍, നമ്മുടെ ദൈവം അസഹിഷ്ണുവായ ദൈവവും മുഖം നോക്കാതെ വിധി നടപ്പാക്കുന്നവനുമാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6459 views

LOG IN

Lost your password?

SIGN UP

LOST PASSWORD