സഭകളില്‍ ശുദ്ധീകരണം

ഞങ്ങള്‍ 'കല്‍ദായ മെത്രാന്മാര്‍' അത് 'സബൂറാക്കി'!

Print By
about

27 - 01 - 2018

വിവാദങ്ങള്‍ അതിന്റെ വഴിയ്ക്കു പോകട്ടെ! സീറോമലബാര്‍ സഭയിലെ എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ മെത്രാന്മാര്‍ സബൂറാക്കി! എന്തെന്നാല്‍, സഭയുടെ സ്വത്തുക്കളുടെ പരമാധികാരികള്‍ ഞങ്ങളാണ്. ഞങ്ങള്‍ പറയുന്നതുപോലെ തുളളാനും തുളുമ്പാനുമായി കല്‍ദായവാദികളായ ഒരു സമൂഹത്തെ ഞങ്ങള്‍ വാര്‍ത്തെടുത്തിട്ടുമുണ്ട്. അവരില്‍ ചിലര്‍ മാത്രമായിരിക്കും സഭയിലെ അത്മായ പ്രതിനിധികള്‍! കല്‍ദായവാദികളല്ലാത്തവരെ സീറോമലബാര്‍സഭയില്‍ മെത്രാന്മാരായി ഞങ്ങള്‍ വാഴിക്കില്ല. ഇത് ഞങ്ങളുടെ അപ്രഖ്യാപിത നയമാണ്! ഞങ്ങളുടെ കണ്ണിലെ കരടായിരുന്ന മങ്കുഴിക്കരി ഇല്ലാതായതിനുശേഷം പുതുതായിവന്നവരെല്ലാം ഞങ്ങളുടെ ശക്തരായ വക്താക്കളാണ്! മെത്രാന്‍സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്ന പലരെയും ഞങ്ങള്‍ വെട്ടിനിരത്തിയിട്ടുണ്ട്! ഇനി നിങ്ങള്‍ വിശ്വാസികള്‍ക്ക് എന്താണു പറയാനുള്ളത്?

ഇനിയിപ്പോള്‍ വിശ്വാസികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ത്തന്നെ, അത് കേള്‍ക്കാന്‍ ആരുമില്ലെന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, വിശ്വാസികള്‍ സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടവരോ സംസാരിക്കേണ്ടവരോ അല്ല; മറിച്ച്, വൈദീകസമൂഹം സംസാരിക്കുമ്പോള്‍ അതിന് ആമ്മേന്‍ പറയാന്‍ നിയോഗിക്കപ്പെട്ടവരാണ്! ഏതെങ്കിലുമൊരു വിശ്വാസി തന്റെ അനുഭവജ്ഞാനത്തിന്റെ അഭാവത്താല്‍ എന്തെങ്കിലും ചോദിച്ചുപോയാല്‍, അവനെ സഭാവിരുദ്ധനും അഹങ്കാരിയുമായി പ്രഖ്യാപിക്കും! അരമനകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിശ്വാസികള്‍ അറിയാതിരിക്കേണ്ടതിന്, വിശ്വാസികളെ അരമനകളില്‍നിന്ന് തെല്ലൊരു അകലത്തില്‍ നിര്‍ത്താന്‍ മെത്രാനു പല വഴികളുമുണ്ട്. എന്നാല്‍, സീറോമലബാര്‍ സഭയില്‍ ശക്തമായിരിക്കുന്ന വിഭാഗിയതമൂലം ചില അരമനരഹസ്യങ്ങള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടാകുന്നു. ഇത്തരത്തില്‍ അങ്ങാടിപ്പാട്ടായ ഒരു സത്യമാണ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കിയത്! ആയതിനാല്‍, മെത്രാന്മാര്‍ സംഘംചേര്‍ന്നു സബൂറാക്കിയാലും അത്രയെളുപ്പത്തില്‍ സംഗതികള്‍ സബൂറാകുമെന്നു മനോവ കരുതുന്നില്ല! കൂപ്പര്‍ ബാലകൃഷ്ണന്റെ പുത്രന്റെ പതിമൂന്നുകോടി പാര്‍ട്ടിക്കാര്‍ സബൂറാക്കിയത് ഒറ്റ രാത്രികൊണ്ടാണ്. ജനങ്ങളുടെ മുന്നില്‍ ഇത് സബൂറാകാത്തതു പോലെതന്നെ, ആലഞ്ചേരിയുടെമേല്‍ പതിച്ച കളങ്കവും എക്കാലത്തും നിലനില്‍ക്കും!

കല്‍ദായവാദികള്‍, കല്‍ദായവിരുദ്ധര്‍ എന്നിങ്ങനെ രണ്ടു പ്രധാന ചേരികളാണ് സീറോമലബാര്‍സഭയില്‍ കാലങ്ങളായുള്ളത്. മനോവ എക്കാലത്തും കല്‍ദായവിരുദ്ധ നിലപാടിലാണെങ്കിലും, സീറോമലബാര്‍സഭയിലെ കല്‍ദായവിരുദ്ധ ചേരിയില്‍ നിലകൊണ്ടിട്ടില്ല. എന്തെന്നാല്‍, ഇരുവിഭാഗങ്ങളും പൈശാചിക ആചാരങ്ങളുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നവരാണ്. മാത്രവുമല്ല, ഇവരുടെ മത്സരത്തില്‍ പക്ഷംചേരാനല്ല മനോവയെ ദൈവം വിളിച്ചിരിക്കുന്നത്. സഭയില്‍ കടന്നുകൂടിയിരിക്കുന്ന എല്ലാ ജീര്‍ണ്ണതകളെയും തുറന്നുകാണിക്കുകയും ഈ ജീര്‍ണ്ണതയില്‍നിന്നു വിടുതല്‍ പ്രാപിക്കേണ്ടതിന്റെ അനിവാര്യത ദൈവവചനത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന സുപ്രധാന ശുശ്രൂഷയില്‍ മനോവ വ്യാപരിക്കുന്നു. ഈ ശുശ്രൂഷയില്‍ ഒരിക്കല്‍പ്പോലും മനോവ ആരുടേയും പക്ഷംചേര്‍ന്നിട്ടില്ല. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന എല്ലാ എതിര്‍പ്പുകളും നേരിട്ടുകൊണ്ടുതന്നെ ശുശ്രൂഷകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആയതിനാല്‍, മനോവയുടെ കല്‍ദായവിരുദ്ധ നിലപാടിന്റെ കാരണവും അതിന്റെ ആധികാരികതയും അവസാനം വ്യക്തമാക്കാം. ഇവിടെ പ്രധാനമായും ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആനുകാലിക സംഭവങ്ങളെയും അതിന്റെ ഉള്ളുകള്ളികളെയും സംബന്ധിച്ചാണ്.

സീറോമലബാര്‍ സഭയിലെ ഭൂമിവിവാദത്തെ സംബന്ധിച്ചുള്ള ഒരു ലേഖനം മുഖപ്രസംഗമായി മനോവ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ കുറിപ്പ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചതായി പ്രഖ്യാപിക്കുകയും, ആലഞ്ചേരിയ്ക്ക് പിന്തുണയുമായി മെത്രാന്മാര്‍ രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ യഥാര്‍ത്ഥ സത്യം വിശ്വാസികളെ അറിയിക്കേണ്ടതിന്റെ അനിവാര്യത മനോവ മനസ്സിലാക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവന്ന വൈദീകരെയും മാര്‍ എടയന്ത്രത്തിനെയും കുറ്റവാളികളാക്കുകയും, ആലഞ്ചേരിക്ക് വിശുദ്ധ പരിവേഷം നല്‍കുകയും ചെയ്തുകൊണ്ട് ഒരു നിഗൂഢസംഘം രംഗത്തിറങ്ങിയിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നാണ് ഇവരുടെ പ്രചരണം. തന്നോടൊപ്പം നിലകൊള്ളുന്ന ഉപജാപകസംഘത്തിനു കൃതജ്ഞതയര്‍പ്പിക്കാനും ആലഞ്ചേരി മറന്നില്ല. എന്നാല്‍, എന്താണ് യഥാര്‍ത്ഥ വസ്തുത? ഒതുക്കിത്തീര്‍ത്തുവെന്ന് കല്‍ദായ മെത്രാന്മാര്‍ അവകാശപ്പെടുന്ന ഈ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി എന്നതാണു യാഥാര്‍ത്ഥ്യം. വിഷയം പരിഹരിക്കുന്നതിനു പകരം, എതിര്‍ക്കുന്ന വൈദീകരെയും വിശ്വാസികളെയും 'ഒതുക്കി' എന്നു പറയുന്നതാണ് സത്യം! എണ്‍പത്തിനാലു കോടിയുടെ അഴിമതി നടത്തിയത് ആലഞ്ചേരിയും അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ടു വൈദീകരും ചേര്‍ന്നാണ്. മറ്റു മെത്രാന്മാരോ വൈദീകാരോ വിശ്വാസികളായ അത്മായരോ അറിയാതെ നടത്തിയ ഈ കച്ചവടത്തിന്റെ ഉത്തരവാദിത്വം ആലഞ്ചേരിക്കും തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ വൈദീകര്‍ക്കും മാത്രമാണ്. എന്നാല്‍, ഇപ്പോള്‍ ഭൂമികുംഭകോണത്തെ മറ്റൊരു തലത്തിലേക്കു വഴിമാറ്റുവാന്‍ കല്‍ദായ മാടമ്പിമാര്‍ ശ്രമിക്കുന്നു!

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിരമായി ചേര്‍ന്ന മെത്രാന്‍ സിനഡിന്റെ തീരുമാനങ്ങള്‍ സഭാമക്കളെ ഒന്നടങ്കം അമ്പരപ്പിച്ചു എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍, സീറോമലബാര്‍ സഭയുടെ മെത്രാന്‍ സമിതിയെ സംബന്ധിച്ച് ധാരണയുള്ള ഒരു വിശ്വാസിപോലും സിനഡിന്റെ തീരുമാനത്തില്‍ അദ്ഭുതംകൂറുമെന്നു ചിന്തിക്കാന്‍ വയ്യ! കാരണം, മെത്രാന്‍ സമിതിയെന്നത് ആലഞ്ചേരിയുടെ ആജ്ഞാനുവര്‍ത്തിളായ മെത്രാന്മാരുടെ ഒരു 'സിണ്ടിക്കേറ്റ്' മാത്രമാണ്! അതായത്, കൊള്ളവസ്തുക്കള്‍ പങ്കുവയ്ക്കുന്നവരുടെ കൂട്ടായ്മ! ഇവരുടെയിടയിലെ ഒറ്റപ്പെട്ട ശബ്ദമാണ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റേത്. അതിനാല്‍ത്തന്നെ, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ പ്രതിയാക്കിക്കൊണ്ട് ആലഞ്ചേരിയെ മോചിപ്പിക്കാന്‍ മെത്രാന്‍ സിനഡ് തീരുമാനിച്ചു! ക്രിസ്തുവിനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട് ബറാബാസിനെ മോചിപ്പിച്ചതിനേക്കാള്‍ ഗുരുതരമായ അവസ്ഥയായി ഇതിനെ കാണണം. എന്തെന്നാല്‍, യേഹ്ശുവായുടെ കാര്യത്തില്‍ ബറാബാസ് ഒരു കക്ഷിയായിരുന്നില്ല; മറിച്ച്, അവിടുത്തേയ്ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടതിലൂടെ, അര്‍ഹതയില്ലാതിരുന്നിട്ടും ബറാബാസിനെ തേടി അവസരം കടന്നുവരികയായിരുന്നു. എന്നാല്‍, എടയന്ത്രത്തിന്റെ കാര്യത്തില്‍ വാദിയെ പ്രതിയാക്കിക്കൊണ്ട് യഥാര്‍ത്ഥ പ്രതിയെ കുറ്റവിമുക്തനാക്കി! സത്യം തുറന്നുപറയുന്നവര്‍ക്കുള്ള താക്കീതായി ഇതിനെ പരിഗണിക്കേണ്ടിവരും. മെത്രാന്മാരുടെ കുറ്റകൃത്യങ്ങള്‍ തുറന്നുപറഞ്ഞ ഉന്നതനായ ഒരു മെത്രാന്റെ അവസ്ഥ ഇതാണെങ്കില്‍, അടിയാളന്മാരായി എക്കാലവും നിലകൊള്ളാന്‍ വിധിക്കപ്പെട്ട സഭാമക്കളുടെ അവസ്ഥ എന്തായിരിക്കും എന്നകാര്യം ഗൗരവമായി ചിന്തിക്കണം!

ഭൂമികുംഭകോണം ഒരു 'ലിറ്റര്‍ജിക്കല്‍' വിഭാഗിയതയോ?!

'ലിറ്റര്‍ജിക്കല്‍' വിഭാഗിയത എന്നുപറഞ്ഞ് വിവാദങ്ങളെ വഴിതിരിച്ചുവിടാനുള്ള നിഗൂഢ നീക്കത്തെ നാം കാണാതെപോകരുത്. എണ്‍പത്തിനാലു കോടിയുടെ തട്ടിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയെ മറ്റൊരു തലത്തിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് പഴയ ബന്ദിനാടകത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ്. സീറോമലബാര്‍ സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് എല്ലാ വിവാദങ്ങളുടെയും ആധാരമെന്നു വാദിക്കുമ്പോള്‍ കേരളത്തിലെ ഒരു കോടതിയില്‍ അരങ്ങേറിയ തമാശയാണ് ഓര്‍മ്മവരുന്നത്. കള്ളവാറ്റു കേസില്‍ ശിക്ഷ വിധിക്കുന്നതിനു മുന്‍പായി ന്യാധിപന്‍ പ്രതിയോട് താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. അപ്പോള്‍ ആ പ്രതി പറഞ്ഞ മറുപടി കേട്ട് ന്യായാധിപന്‍പോലും പൊട്ടിച്ചിരിച്ചുപോയി. തന്നോടു വ്യക്തിവൈരാഗ്യം മൂലം ഒരുവന്‍ തന്റെ വാറ്റുകേന്ദ്രം എക്സൈസ് അധികൃതര്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു എന്നാണ് ആ മനുഷ്യന്‍ കോടതിയില്‍ ബോധിപ്പിച്ചത്. ജഡ്ജിയടക്കം കോടതിയിലുണ്ടായിരുന്ന മുഴുവന്‍ വ്യക്തികളും പൊട്ടിച്ചിരിച്ചപ്പോള്‍ മനോവയും കാഴ്ച്ചക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള കുറ്റസമ്മതമാണ് ആലഞ്ചേരിയും സംഘവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സീറോമലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന മറ്റു തര്‍ക്കങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ഒരുപക്ഷെ, ആലഞ്ചേരിയുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നത് എതിര്‍പക്ഷമായിരിക്കാം. അവരുടെ നേതാവ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് എന്ന വാദത്തെയും എതിര്‍ക്കുന്നില്ല. എന്നാല്‍, എതിര്‍പക്ഷത്തുള്ളവരാണ് പുറത്തുകൊണ്ടുവന്നത് എന്ന കാരണത്താല്‍ സത്യത്തെ നിഷേധിക്കാന്‍ സാധിക്കുമോ? ഭരണപക്ഷത്തിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നത് പ്രതിപക്ഷമോ മാധ്യമങ്ങളോ ആകാം. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതുകൊണ്ട് ഭരണപക്ഷത്തിന്റെ ഗൗരവകരമായ കുറ്റം സാധൂകരിക്കപ്പെടില്ല. കേരളത്തിലെ മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട അശ്ലീല ഫോണ്‍ സംഭാഷണം നമ്മില്‍ പലരും കേട്ടിട്ടുണ്ട്. ഹണി ട്രാപ്പിലൂടെയാണ് ഈ മന്ത്രിയെ ഒരു മാധ്യമം കുടുക്കിയത്. ഹണി ട്രാപ്പിലൂടെയാണെങ്കിലും സ്ട്രിംഗ് ഓപ്പറേഷനിലൂടെയാണെങ്കിലും ശശീന്ദ്രന്‍ എന്ന വൃദ്ധന്റെ വായില്‍നിന്നു പുറത്തുവന്ന അശ്ലീലം സാധൂകരിക്കപ്പെടുന്നില്ല. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയാലും ശശീന്ദ്രന്റെ വാക്കുകളിലെ അശ്ലീലത എന്നുമൊരു കളങ്കമായി നിലനില്‍ക്കും! ആലഞ്ചേരിയും സംഘവും സീറോമലബാര്‍ സഭയെ കൊള്ളയടിച്ചു എന്ന കളങ്കം പണം തിരികെ നല്കിയാല്‍പ്പോലും കഴുകപ്പെടില്ല!

എറണാകുളം - അങ്കമാലി ലോബിയാണ് ആലഞ്ചേരിയെ കുടുക്കിയതെന്ന വാദവുമായിട്ടാണ് 'കല്‍ദായവാദികള്‍' രംഗത്തിറങ്ങിയിരിക്കുന്നത്. ആലഞ്ചേരിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കാന്‍ എടയന്ത്രത്തിനെ മുനിര്‍ത്തി കരുക്കള്‍ നീക്കുന്നത് ഈ ലോബിയാണെന്ന് കല്‍ദായര്‍ വിലപിക്കുന്നു. ഒരു വാദത്തിനുവേണ്ടി ഇവരുടെ വിലാപത്തെ അംഗീകരിക്കാം. എന്നിരുന്നാലും, നഷ്ടം സംഭവിച്ചത് എറണാകുളം - അങ്കമാലി രൂപതകളിലെ വിശ്വാസികള്‍ക്കാണ്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'കല്‍ദായവാദികള്‍ക്ക്' നഷ്ടം സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, ലാഭം മാത്രമേ അവര്‍ക്കുണ്ടായിട്ടുള്ളൂ. കാരണം, ഈ ഭൂമികുംഭകോണത്തിലൂടെ ലാഭമുണ്ടാക്കിയ വിരുതന്‍ ആലഞ്ചേരിയുടെ നോമിനിയാണ്. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ ഈ കല്‍ദായനെ പരിചയപ്പെടുത്തിയത് ആലഞ്ചേരിയാണെന്നു കൂട്ടുപ്രതികളായ വൈദീകര്‍ പറയുന്നു. ഈ വിവാദ ദല്ലാളും ആലഞ്ചേരിയും തമ്മിലുള്ള അവിഹിതബന്ധം എന്താണെന്നറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്. കാരണം, കല്‍ദായരുടെയോ എറണാകുളം - അങ്കമാലി രൂപതകളുടെയോ പ്രതിനിധി മാത്രമല്ല കര്‍ദ്ദിനാള്‍ ആലഞ്ചേരി! സീറോമലബാര്‍ സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും പ്രതിനിധിയായാതുകൊണ്ടുതന്നെ, ഒരു പ്രത്യേക പ്രവശ്യയില്‍ ഒതുങ്ങുന്ന പ്രശ്നമായി ഇതിനെ ലഘൂകരിക്കാന്‍ ആരും ശ്രമിക്കരുത്.

സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തെ ഇപ്പോള്‍ കല്‍ദായര്‍ തള്ളിപ്പറയുകയാണ്. ഇത് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമല്ല എന്നതാണ് കല്‍ദായര്‍ ഇപ്പോള്‍ പറയുന്നത്. ആലഞ്ചേരിയുടെ ഇപ്പോഴത്തെ നീക്കങ്ങളെ പരസ്യവിചാരണ ചെയ്യാന്‍ തയ്യാറാകുന്നതുവരെ സത്യദീപം കല്‍ദായര്‍ക്കു പ്രിയങ്കരമായിരുന്നു. ഇത് വ്യക്തമാകണമെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു പോകണം. 1995 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലേക്കാണ് മടങ്ങിപ്പോകേണ്ടത്. അക്കാലത്ത് ശാലോം മാസികയും സത്യദീപവും തമ്മില്‍ അക്ഷരയുദ്ധം അരങ്ങേറിയത് വിശാസികള്‍ മറന്നോ എന്ന് മനോവയ്ക്കറിയില്ല. ശാലോമിന്റെ സ്ഥാപകനായ ബെന്നി പുന്നത്തറ മറന്നാലും മനോവ അത് മറക്കില്ല. അക്കാലത്ത് കല്‍ദായ വിരുദ്ധതയുടെ നാവായി നിലകൊണ്ട മാസികയായിരുന്നു ശാലോം! ഓരോ മാസവും ശാലോമില്‍ പ്രസിദ്ധീകരിക്കുന്ന ബെന്നി പുന്നത്തറയുടെ എഡിറ്റോറിയലിനെ പ്രതിരോധിക്കാന്‍  കല്‍ദായശബ്ദമായി സത്യദീപം നിലകൊണ്ടു. സത്യദീപമാണ് സഭയുടെ മുഖപ്പത്രമെന്നും ഓരോ ഭവനങ്ങളും ഈ പ്രസിദ്ധീകരണത്തിന്റെ വരിക്കാരാകണമെന്നും പള്ളികളില്‍ അക്കാലത്ത് ഇടയലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. അന്ന് കല്‍ദായര്‍ക്കും കല്‍ദായ മെത്രാന്മാര്‍ക്കും പ്രിയങ്കരമായിരുന്ന സത്യദീപം എന്നുമുതല്‍ക്കാണ് മഞ്ഞപ്പത്രമായത്?! എതിര്‍ക്കുന്ന മാധ്യമങ്ങളെയെല്ലാം മഞ്ഞപ്പത്രങ്ങളെന്ന് ആക്ഷേപിക്കുന്ന കല്‍ദായരുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. എന്തെന്നാല്‍, ആലഞ്ചേരിക്ക് കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ ഇവര്‍ ഇന്ന് ആശ്രയിക്കുന്ന പത്രങ്ങളെ നോക്കിയാല്‍ ഇവരുടെ മഞ്ഞനിറം വ്യക്തമാകും. ഓണ്‍ലൈനില്‍ സജ്ജീവമായിരിക്കുന്ന യഥാര്‍ത്ഥ മഞ്ഞപ്പത്രങ്ങളിലൂടെയാണ് കല്‍ദായര്‍ ന്യായീകരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. പണം കൊടുത്താല്‍ എന്തും എഴുതാന്‍ തയ്യാറുള്ള അനേകം മാധ്യമങ്ങള്‍ ഇന്നു ലോകത്തുണ്ട്. ടെലിവിഷന്‍ മാധ്യമ രംഗത്തും അച്ചടിമാധ്യമ രംഗത്തും മാത്രമല്ല, സൈബര്‍ ലോകത്തും കൂലിയെഴുത്തുകാരുണ്ട്. ഇത്തരം മാധ്യമങ്ങളിലൂടെയാണ് കല്‍ദായര്‍ ഇന്ന് ആലഞ്ചേരിക്ക് ദിവ്യപരിവേഷം നല്‍കുന്നത്.

ക്ളിമ്മീസിന്റെ കക്ഷത്തില്‍ ബെന്നി പുന്നത്തറയുടെ കഴുത്ത് കുരുങ്ങിയതിനുശേഷം ശാലോമിന്റെ നിറവും മഞ്ഞയായി! പൈശാചികതയ്ക്ക് അവതാരിക എഴുതുന്ന ശുശ്രൂഷയിലാണ് ഇന്ന് ശാലോം ടെലിവിഷനും സണ്‍ഡേ ശാലോമും! എല്ലാ തിന്മകള്‍ക്കും നന്മയുടെ പരിവേഷം ചാര്‍ത്താന്‍ ശാലോമിനു യാതൊരു മടിയുമില്ല. കൊട്ടിയൂര്‍ പീഡനത്തിലെ പ്രതിയായ വൈദീകനുവേണ്ടി ബെന്നി പുന്നത്തറ എഴുതിയതും നാം കണ്ടതാണ്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോട് 'മോളേ, നീ എന്തുകൊണ്ട് വൈദീകനെ തടഞ്ഞില്ല' എന്ന ചോദ്യവുമായി ഇറങ്ങാന്‍ ധാര്‍മ്മീകതയുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ? പെണ്‍കുട്ടിയെ ഉപദേശരൂപേണ കുറ്റപ്പെടുത്തിക്കൊണ്ട് ശാലോം അന്നെഴുതിയപോലുള്ള ഒരു ലേഖനം എഴുതാന്‍ കൂലിയെഴുത്തുകാര്‍ക്കുപോലും സാധിക്കുമെന്നു തോന്നുന്നില്ല! ആലഞ്ചേരി പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഭൂമിയിടപാട് കേസിലും ശാലോമിന്റെ നിലപാട് വ്യത്യസ്തമല്ല.

ഇവിടെ നാം വിശ്വാസികള്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത്? സീറോമലബാര്‍ സഭയിലെ തര്‍ക്കത്തിന്റെ ഭാഗമായി ലഘൂകരിക്കാന്‍ കഴിയുന്നതാണോ ഈ വന്‍ അഴിമതി? ആരാധാനാക്രമത്തിലെ തര്‍ക്കത്തില്‍ ഏതു നിലപാട് സ്വീകരിക്കാനും വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ദൈവവചനത്തെ അടിസ്ഥാനമാക്കി ഇക്കാര്യത്തില്‍ ഓരോരുത്തര്‍ക്കും തീരുമാനമെടുക്കാം. ചേരിതിരിഞ്ഞു നില്‍ക്കുന്ന ഇരുവിഭാഗങ്ങളിലും പൈശാചികതയുണ്ടെന്ന കാര്യത്തില്‍ മനോവയ്ക്കു വ്യക്തമായ ബോധ്യമുണ്ട്. അതിനാല്‍ത്തന്നെ, ആത്മീയതലത്തില്‍ ഇരുവിഭാഗങ്ങളെയും ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കാന്‍ മനോവ ഒരുക്കമല്ല. വിജാതിയ അനുകരണങ്ങളുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന വിഭാഗങ്ങളായതുകൊണ്ട്, ഈ വിഷയത്തില്‍ ഇരുവിഭാഗങ്ങളും എതിര്‍ക്കപ്പെടണം. സത്യദൈവത്തില്‍നിന്നും ദൈവവചനത്തില്‍നിന്നും ബഹുദൂരം അകന്നുപോയ സംഘടനയായി കത്തോലിക്കാസഭ മാറിയിരിക്കുന്നു. ഉറകെട്ടുപോയ ഉപ്പിന്റെ അവസ്ഥയിലാണ് എല്ലാ റീത്തുകളും! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ആധിപത്യം സ്ഥാപിച്ച പിശാചാണ് സഭയുടെ ഭരണം ഇന്നു കയ്യാളുന്നത്! സത്യത്തിലേക്കു മടങ്ങാനുള്ള യാതൊരു നീക്കങ്ങളും സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നു കാണുന്നില്ല. തിന്മയെ നന്മയെന്നു വിളിക്കാനാണ് സകലര്‍ക്കും താത്പര്യം! എന്നാല്‍, നേതൃത്വത്തിന്റെ വഴിപിഴച്ച അവസ്ഥയെയോര്‍ത്തു വിലപിക്കുന്ന അനേകം ദൈവമക്കള്‍ ഓരോ റീത്തുകളിലുമുണ്ട്. ഈ ന്യൂനപക്ഷത്തെക്കൂടി തങ്ങളോടു ചേര്‍ത്തു നശിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്ന തിരക്കിലാണ് വൈദീകവര്‍ഗ്ഗം!

ആലഞ്ചേരി സത്യം പറയട്ടെ!

ആലഞ്ചേരി തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍, ആരാണ് സമ്പത്ത് കൊള്ളയടിച്ചതെന്നു പറയാന്‍ തയ്യാറാകണം. ഇത് പറയാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും വിശ്വാസികള്‍ക്കുണ്ടെന്നു കല്‍ദായസംഘം അറിഞ്ഞിരിക്കണം. ആരെ രക്ഷിക്കാനാണ് ആലഞ്ചേരി ഒളിച്ചുകളിക്കുന്നത്? എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്ന ഉത്തരമല്ല ആലഞ്ചേരിയില്‍നിന്ന് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. സഭയുടെ സമ്പത്ത് ധൂര്‍ത്തടിച്ചത് ആരൊക്കെയാണെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചത് എങ്ങനെയാണെന്നും സഭയ്ക്ക് അറിയണം. ആലഞ്ചേരിയോ മറ്റു മെത്രാന്മാരോ വൈദീകാരോ മാത്രമല്ല സഭ! ഈ വിഭാഗങ്ങള്‍ എല്ലാം ചേര്‍ന്നാല്‍പ്പോലും സഭയിലെ വിശ്വാസികളുടെ ഒരുശതമാനം ആകില്ല. ആയതിനാല്‍, സത്യം അറിയാനുള്ള വിശ്വാസികളുടെ അവകാശത്തെ ധാര്‍ഷ്ട്യംകൊണ്ടു നേരിടാനാണ് ഭാവമെങ്കില്‍, അതൊക്കെ നടപ്പാകുമെന്നത് വ്യാമോഹം മാത്രമാണ്! വിശ്വാസികളുടെ അജ്ഞതയും, അതില്‍നിന്നുണ്ടായ ഭയവും ചൂഷണംചെയ്തു വൈദീകസമൂഹം വിഹരിച്ച ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍നിന്നു വിശ്വാസസമൂഹം ബഹുദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു. നിങ്ങള്‍ പഠിപ്പിച്ച അസത്യങ്ങള്‍ക്കപ്പുറമുള്ള സത്യങ്ങളെ കണ്ടെത്തിയ വിശ്വാസികളാണ് സഭയുടെ ശക്തി! അവരിന്ന് നിങ്ങളുടെ കീഴാളന്മാരോ ആജ്ഞാനുവര്‍ത്തികളോ അല്ല. അധികാരം എന്താണെന്നും അധികാരികള്‍ ആരാണെന്നും തിരിച്ചറിയുകയും, അടിമത്തത്തിന്റെ നുകം കഴുത്തില്‍നിന്നു നീക്കളയാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തത് നിങ്ങള്‍ അവരില്‍നിന്നു മറച്ചുവച്ച സത്യവചനമാണ്!

വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ചില വ്യക്തികളുടെ അടിമത്വത്തെക്കുറിച്ചല്ലാതെ, ദൈവവചനം പ്രഖ്യാപിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചു നിങ്ങള്‍ വിശ്വാസികളെ പഠിപ്പിച്ചില്ല. മെത്രാന്‍ വിലക്കിയതുകൊണ്ട് ദൈവവചന പ്രഘോഷണം അവസാനിപ്പിച്ച വിനീതവിധേയനാണ് ഏറ്റവും യോഗ്യനെന്നു ധരിപ്പിക്കാന്‍, ഇത്തരം വചനവിരോധികളെ നിങ്ങള്‍ വിശുദ്ധരായി വാഴിച്ചു. ദൈവവചനത്തെക്കാള്‍ ഉന്നതമായ ഗ്രന്ഥങ്ങളായി 'വിശുദ്ധരുടെ' ആത്മകഥകളും ചരിത്രങ്ങളും നിങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അത് ഏറ്റെടുക്കാന്‍ നിരക്ഷരരായ അടിമകള്‍ സഭയിലുണ്ടായിരുന്നു. ഗീവര്‍ഗ്ഗീസിന്റെ പാമ്പിനെയും വസൂരിയെന്ന മാരകരോഗത്തെയും നേരിടാന്‍ ഒറ്റമൂലികളായി ചില ചെപ്പടിവിദ്യകള്‍ ഉയര്‍ത്തിക്കാട്ടിയത് വിശ്വാസികളെ കൊള്ളയടിക്കാനായിരുന്നുവെന്ന്‍ തിരിച്ചറിയാന്‍ അന്നവര്‍ക്കു കഴിഞ്ഞില്ല. അമ്പും വില്ലും മുതല്‍ വെടിവഴിപാടുകളിലും തുലാഭാരത്തിലും തുടരുന്ന ദുരാചാരങ്ങളില്‍ വിശ്വാസികളെ നിങ്ങള്‍ കെട്ടിയിട്ടത് നിങ്ങളുടെ ഉപജീവനത്തിനായിരുന്നുവെന്നു തിരിച്ചറിയാനും അവര്‍ വൈകി! ദൈവമക്കളെ അടിമകളാക്കി എക്കാലവും അടക്കിവാഴണം എന്ന അതിമോഹമാണ് നിങ്ങളെ ഇന്നും ഭരിക്കുന്നത്. ദൈവമക്കളുടെമേല്‍ ആധിപത്യം ഉറപ്പിക്കേണ്ടതിനു ദൈവവചനത്തില്‍ നിങ്ങള്‍ മായംചേര്‍ത്തു!

നൂറുകണക്കിനു വിശുദ്ധരെയാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ പ്രഖ്യാപിച്ചത്. അവരില്‍ ഒരാളെങ്കിലും സുവിശേഷം പ്രസംഗിച്ചതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? ദൈവവചനം പ്രഘോഷിക്കുന്നവരോട് വൈദീകവിഭാഗത്തിനു പുച്ഛവും അവഗണനയുമാണ്. സഭയില്‍നിന്നു വചനം മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ കച്ചടക്കാരുടെയും കൊള്ളക്കാരുടെയും സകലവിധ അധാര്‍മ്മികരുടേയും ഗുഹയായി അതു മാറി! ആലഞ്ചേരിയും സംഘവും അതിന്റെ ചെറിയൊരു ദൃഷ്ടാന്തം മാത്രമാണ്! ഇവിടെ നടന്നത് ചെറിയൊരു പിഴവോ നിസ്സാരമായ അഴിമതിയോ ആണെന്നല്ല മനോവ പറഞ്ഞുവച്ചത്. സഭയെ ആകമാനം ഗ്രസിച്ചിരിക്കുന്ന പൈശാചികതയുടെ ചെറിയൊരു ഉദാഹരണമായി ആലഞ്ചേരിയും സംഘവും നടത്തിയ തട്ടിപ്പിനെ ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നു. ആലഞ്ചേരിയും തന്റെ വിശ്വസ്തരും മാത്രം അറിഞ്ഞുകൊണ്ട് ഭൂമി കച്ചവടം നടത്തിയത് അതീവഗുരുതരമായ അഴിമതിതന്നെയാണ്. മാപ്പപേക്ഷയുമായി ആലഞ്ചേരി ഇറങ്ങിയിരിക്കുന്നതിന്റെ പിന്നിലും ഒരു കല്‍ദായ കുതന്ത്രം മറഞ്ഞിരിപ്പുണ്ട്. എറണാകുളം - അങ്കമാലി രൂപതകളില്‍ നടന്ന ഭൂമിയിടപാടുകളിലെ കോടികളുടെ അഴിമതികള്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കും അന്വേഷണങ്ങളിലേക്കും കടന്നുപോകാതിരിക്കാനുള്ള മുന്‍‌കൂര്‍ ജാമ്യമാണ് ഈ മാപ്പുപറച്ചില്‍! കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടന്നാല്‍ അത് കൂടുതല്‍ കള്ളക്കളികളെ പുറത്തുകൊണ്ടുവരുമെന്നു കല്‍ദായര്‍ക്കറിയാം.

സഭയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമി ഇപ്പോള്‍ മറ്റാരുടേതോ ആയി എന്നത് വാസ്തവമാണ്. ഇവ ഓരോന്നും വിറ്റത് ആലഞ്ചേരിതന്നെയായിരുന്നു എന്നതിന് പ്രമാണങ്ങളിലെ ഒപ്പില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍, എണ്‍പത്തിനാലു കോടി രൂപാ മതിപ്പുവിലയുള്ള ഈ വസ്തു വിറ്റതിലൂടെ ലഭിച്ച പണമെവിടെ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനു പകരം മാര്‍ എടയന്ത്രത്തിനെ പ്രതിയാക്കുന്നതിലെ സാംഗത്യമാണ് വിശ്വാസികള്‍ക്കു മനസ്സിലാകാത്തത്! മാപ്പുപറഞ്ഞാല്‍ തീരുന്ന കളങ്കമല്ല ആലഞ്ചേരിയുടെയും കല്‍ദായ മാടമ്പികളുടെയുംമേല്‍ പതിച്ചിട്ടുള്ളത്. സീറോമലബാര്‍ സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചടക്കാന്‍ കല്‍ദായര്‍ നടത്തുന്ന ഈ ശ്രമത്തിനുപിന്നില്‍ അതീവരഹസ്യമായ മറ്റൊരു അജണ്ടകൂടിയുണ്ട്. ഈ അജണ്ട നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ആലഞ്ചേരി സത്യം പറയുമെന്ന് ആരും കരുതേണ്ടാ. ഈ അജണ്ടയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അടുത്ത ഉപശീര്‍ഷകത്തിനുശേഷം ചര്‍ച്ചചെയ്യാം.

അവിശ്വസ്തനായ കാര്യസ്ഥന്‍!

സഭാമക്കള്‍ വിശ്വസിച്ചേല്പിച്ച സമ്പത്താണ്‌ ആലഞ്ചേരിയും സംഘവും കൊള്ളയടിച്ചത്. ബൈബിളിലെ ഒരു വചനം ഇവിടെ കുറിക്കുന്നു: "ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാര്‍മ്മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തനായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആരു നിങ്ങളെ ഏല്പിക്കും. മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍ നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കു തരും? ഒരു ഭൃത്യന് രണ്ടു യജമാനന്മാരെ സേവിക്കാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തികാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല"(ലൂക്കാ: 16; 10-13). ഓരോ വാക്കുകള്‍ക്കും വലിയ അര്‍ത്ഥതലങ്ങളുള്ള വചനമാണിത്. ആയതിനാല്‍, ഗൗരവത്തോടെതന്നെ ഈ വചനത്തിലെ ഓരോ വാക്കുകളും നമുക്കു പരിശോധിക്കേണ്ടിയിരിക്കുന്നു. ആദ്യഭാഗത്തെ വാക്കുകളില്‍ വ്യക്തമാക്കിയിരിക്കുന്നത് വിശ്വസതതയുടെ അനിവാര്യതയെ സംബന്ധിച്ചാണ്. സഭയുടെ ശുശ്രൂഷകന് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട യോഗ്യതകളില്‍ ഒന്നാണ് വിശ്വസ്തത. ഇക്കാര്യത്തില്‍ ആലഞ്ചേരി പൂര്‍ണ്ണ പരാജയമാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്!

സഭയുടെ ഭൌതിക സമ്പത്തു കൈകാര്യം ചെയ്യുന്നതില്‍ അവിശ്വസ്തത പുലര്‍ത്തുന്ന ഇദ്ദേഹത്തിന് സഭാമക്കളുടെ ആത്മീയകാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്താന്‍ എങ്ങനെ സാധിക്കും? യഥാര്‍ത്ഥ ധനം എന്ന വിശേഷണത്തിലൂടെ യേഹ്ശുവാ വിവക്ഷിച്ചത് നിത്യജീവനിലേക്കു നയിക്കുന്ന ആത്മീയതയെയാണ്. ഓരോ പ്രസംഗങ്ങളിലും ആര്‍ഷഭാരത മഹിമ ഉയര്‍ത്തിപ്പിടിക്കുന്ന ആലഞ്ചേരിയെ നമുക്കറിയാം. രുദ്രാക്ഷമാലയും കാവിവസ്ത്രവും ഇദ്ദേഹത്തെ വിനീതനാക്കുന്ന അടയാളങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. ഭാരതീയ പൈശാചികതയുടെ അടയാളങ്ങളില്‍ ചിലതുമാത്രമാണ് ഇവ! സീറോമലബാര്‍ സഭയുടെ എല്ലാ പള്ളികളിലും ശിവലിംഗം പ്രതിഷ്ഠിക്കുകയും താമരയെ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കുകയും ചെയ്തതിലൂടെ തങ്ങളും പൈശാചികതയുടെ ഭാഗമാണെന്ന് ഇവര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇങ്ങനെയുള്ള ആചാര്യന്മാരെ അനുഗമിക്കുന്ന വിശ്വാസികളുടെ പ്രതിഫലം നിത്യനരകാഗ്നിയായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ദൈവത്തിന്റെ വചനം ഇപ്രകാരം നമ്മോടു കല്പിച്ചിരിക്കുന്നു: "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഈ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മധ്യേ വസിക്കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെ അസഹിഷ്ണുവായ ദൈവമാണ്"(നിയമം: 6; 14, 15). അസഹിഷ്ണുവായ ദൈവത്തിനു സ്വീകാര്യമല്ലാത്ത എന്തെങ്കിലും ദൈവജനത്തിനിടയിലോ ദൈവാലയത്തിലോ കണ്ടാല്‍ എന്തായിരിക്കും പ്രതിഫലമെന്നു നാം കണ്ടു. അങ്ങനെയെങ്കില്‍, അന്യദേവന്മാരുടെ ആചാരങ്ങളെല്ലാം സഭയുടെ ഭാഗമാക്കി മാറ്റിയാലുള്ള ദുരന്തവും വ്യത്യസ്തമായിരിക്കില്ല.

വിജാതിയരുടെ ദേവന്മാരെ സ്വന്തമായി പരിഗണിച്ച് 'അന്യദേവന്മാര്‍' എന്ന വിഷയം പരിഹരിക്കാനുള്ള പരീക്ഷണത്തിലാണ് ഇന്ത്യയിലെ മെത്രാന്മാര്‍! ദൈവമായ യാഹ്‌വെ അന്നും ഇന്നും ഒരുവന്‍തന്നെയാണ്! അവിടുത്തേക്ക്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, സംഭവിക്കുകയുമില്ല. അതിനാല്‍ത്തന്നെ, സീറോമലബാര്‍ സഭയിലെ ദൈവമക്കളെ ആദ്ധ്യാത്മികതയില്‍ നയിക്കുന്ന കാര്യത്തില്‍ ഇന്നത്തെ നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണ്. ചെറിയ കാര്യത്തിലും വലിയ കാര്യത്തിലും ഒന്നുപോലെ അവിശ്വസ്തത പുലര്‍ത്തുന്ന ഇവരെ എത്രയോ കാലം മുന്‍പുതന്നെ ദൈവം സ്ഥാനഭ്രാഷ്ടരാക്കി കഴിഞ്ഞു! ഇന്നിവര്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നുവെങ്കില്‍, അത് അനധികൃതമായാണ്! നാം വായിച്ച വചനത്തിലെ വരികള്‍ക്കിടയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ദൈവീകശുശ്രൂഷയും സമ്പത്തിന്റെ ശുശ്രൂഷയും ഒരുമിച്ചുകൊണ്ടുപോകാന്‍ ആര്‍ക്കും സാധിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത് യേഹ്ശുവായാണ്. ഇന്നത്തെ സഭാനേതൃത്വം ദൈവത്തെയും സമ്പത്തിനെയും ഒരുമിച്ചു സേവിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ കാര്യത്തിലെ കെടുകാര്യസ്ഥതയെക്കാള്‍ തുലോ ഗൗരവമുള്ളതാണ് ദൈവശുശ്രൂഷയിലെ കെടുകാര്യസ്ഥത. ഇന്ത്യയില്‍ വസിക്കുന്ന വിജാതിയരെക്കാള്‍ അധാര്‍മ്മിക ആചാരങ്ങളുമായി സീറോമലബാര്‍സഭ അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കുന്നു. അധഃപതനത്തിന്റെ കാര്യത്തില്‍ മറ്റു റീത്തുകളും സീറോമലബാറിനോടു മത്സരിച്ച് 'ഫോട്ടോ ഫിനീഷിങ്ങിലേക്കു' നീങ്ങുകയാണ്!

ഒരുകാര്യം വൈദീകര്‍ മനസ്സിലാക്കുക; എന്തെന്നാല്‍, നിങ്ങള്‍ അവിവാഹിതരായിരിക്കാന്‍ സഭ നിര്‍ദ്ദേശിച്ചത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ ഭാരപ്പെടുത്താനല്ല; മറിച്ച്, കുടുംബ ജീവിതത്തിന്റെ ഭാരത്തില്‍നിന്നു നിങ്ങളെ മാറ്റിനിര്‍ത്താനാണ്. ഭാര്യയേയും മക്കളെയും സംരക്ഷിക്കാനും സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്താനും ഓടിനടക്കുമ്പോള്‍ നിങ്ങള്‍ക്ക് ദൈവത്തെ പൂര്‍ണ്ണതയോടെ ശുശ്രൂഷിക്കാന്‍ സാധിക്കില്ല. ഈ പ്രബോധനം ഒന്നു ശ്രദ്ധിക്കുക: "അവിവാഹിതന്‍ യേഹ്ശുവായെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് യേഹ്ശുവായുടെ കാര്യങ്ങളില്‍ തല്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തല്പരനാകുന്നു"(1 കോറി: 7; 32-34). വൈദീകരായിരിക്കുന്ന നിങ്ങള്‍ ഇന്ന് അവിവാഹിതരായിരിക്കുന്നതിന്റെ കാരണമിതാണ്. മറിച്ച്, ശാരീരികമായ എന്തെങ്കിലും ക്ഷമതയുടെ അഭാവംകൊണ്ടല്ല! വിവാഹജീവിതത്തില്‍നിന്നു നിങ്ങളെ മാറ്റിനിര്‍ത്തിയിരിക്കുന്നതിലൂടെ സഭയുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയം നിങ്ങള്‍ക്ക് ദൈവം ഒരുക്കിത്തന്നതായി ആരും കരുതരുത്. സുവിശേഷത്തിനുവേണ്ടിയും ദൈവത്തിനുവേണ്ടിയും ശുശ്രൂഷ ചെയ്യുന്ന ഏതൊരുവനും മാതൃകയാക്കേണ്ടത് ആദിമസഭയിലെ അപ്പസ്തോലന്മാരെയാണ്. അവര്‍ എപ്രകാരമായിരുന്നു സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നു നോക്കുക: "ശിഷ്യന്മാരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം"(അപ്പ. പ്രവര്‍: 6; 1-4).

അപ്പസ്തോലന്മാരുടെ പദവിയിലാണ് തങ്ങള്‍ ആയിരിക്കുന്നതെന്നു ഗീര്‍വാണം മുഴക്കിയാല്‍ മാത്രം പോരാ; മറിച്ച്, അവര്‍ കാണിച്ചുതന്ന മാതൃക നിങ്ങളില്‍ കാണാന്‍ ഞങ്ങള്‍ക്കു സാധിക്കുകയും വേണം. സഭയുടെ സമ്പത്തു കൈവശംവച്ചുകൊണ്ട് തന്നിഷ്ടപ്രകാരം അത് വ്യയം ചെയ്യുമ്പോള്‍ ചോദ്യം ചെയ്യപ്പെടാത്ത കാലം മുന്‍പുണ്ടായിരുന്നു. ഇന്നും തത്സ്ഥിതി തുടരുന്നുവെന്ന ചിന്തയിലാണ് ആലഞ്ചേരിയെങ്കില്‍ അത് ധാര്‍ഷ്ട്യമാണ്. കേരളത്തിലെ ഒരു വിഷയത്തില്‍ കോടതി നടത്തിയ ഒരു പരാമര്‍ശമുണ്ട്. വിശ്വപ്രസിദ്ധമായ ആ പ്രയോഗമിതാണ്: 'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം'. ഇവിടെ സീസര്‍തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യം നിലനിക്കുമ്പോള്‍ ആലഞ്ചേരിക്ക് ഇനിയും സീസറായി തുടരാനുള്ള ധാര്‍മ്മിക അവകാശമുണ്ടോ? കളങ്കിതനായത് ആലഞ്ചേരി മാത്രമല്ല; ആലഞ്ചേരിയെ പിന്തുണച്ചുകൊണ്ട് ദൈവജനത്തെ ബന്ദിയാക്കിയ മുഴുവന്‍ മെത്രാന്മാരും കളങ്കിതരാണ്! ഇത്തരക്കാര്‍ ദൈവത്തിന്റെ ശുശ്രൂഷയില്‍നിന്നു വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. അഭിഷേകം നഷ്ടപ്പെട്ടതിനുശേഷവും സിംഹാസനത്തില്‍ അനധികൃതമായി ഉപവിഷ്ടനായ സാവൂളിനെപ്പോലെയാണ് ഇക്കൂട്ടര്‍! ദാവീദാണ് നിലവില്‍ രാജാവെന്ന് അംഗീകരിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല! അജ്ഞതമൂലം ഇവരുടെ വ്യാജ അധികാരത്തിനു കീഴ്പ്പെട്ടു ജീവിക്കുന്ന 'കെന്നഡി'മാരാണ് ഇക്കൂട്ടരുടെ ശക്തി!

കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കേണ്ട സമയം സമാഗതമായി. അന്ന് ഇപ്രകാരം സംഭവിക്കുമെന്ന് ഒരു ഉപമയിലൂടെ യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു: "യേഹ്ശുവാ ശിഷ്യന്മാരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനന്‍ അവനെ വിളിച്ചുചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ എന്റെ കാര്യസ്ഥനായിരിക്കാന്‍ പാടില്ല"(ലൂക്കാ: 16; 1, 2). ആത്മീയവും ഭൗതികവുമായ സ്വത്തുക്കള്‍ ദുര്‍വ്യയം ചെയ്തവരാണ് കത്തോലിക്കാസഭയിലെ ഭൂരിപക്ഷം കാര്യസ്ഥന്മാരും. അതിനാല്‍ത്തന്നെ, ഇനിയും ഇവര്‍ക്ക് കാര്യസ്ഥതയില്‍ തുടരാനുള്ള അവകാശമില്ല! ഒരുവന്റെ കെടുകാര്യസ്ഥമൂലം അനേകം ദൈവമക്കളുടെ ആത്മാക്കളാണ് നിത്യനാശത്തില്‍ നിപതിക്കുന്നത്. തന്റെ ഈ മക്കളുടെ കാര്യത്തില്‍ ദൈവം ശ്രദ്ധാലുവാണ്. അതിനാല്‍, കാര്യസ്ഥതയില്‍ അവിശ്വസ്തത കാണിക്കുന്നവരെ അവിടുന്നു നീക്കംചെയ്യും എന്നകാര്യത്തില്‍ സംശയം വേണ്ടാ.

കല്‍ദായവാദികളുടെ രഹസ്യ അജണ്ട!

മുന്‍പ് സൂചിപ്പിച്ചതും പരമപ്രധാനവുമായ വിഷയത്തിലേക്കു കടക്കാം. സീറോമലബാര്‍ സഭയുടെ ആസ്തികള്‍ മുഴുവന്‍ വില്‍ക്കുകയെന്നത് കല്‍ദായപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ്. എന്നാല്‍, കല്‍ദായവിരുദ്ധര്‍ക്ക് ഈ അജണ്ട മനസ്സിലാക്കാനുള്ള വിവേകമില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്താണ് ഈ വില്പനയുടെ പിന്നിലെ അജണ്ടയെന്നു പരിശോധിക്കാം.

'കൂനന്‍ കുരിശു സത്യം' എന്ന പൈശാചിക ആഭാസത്തിനുശേഷവും കത്തോലിക്കാസഭയില്‍ ഉറച്ചുനിന്ന സുറിയാനി വിഭാഗമാണ്‌ സീറോമലബാര്‍സഭ. എന്നാല്‍, ഇവരില്‍ ഒരു വിഭാഗം ഒരിക്കലും റോമന്‍ കത്തോലിക്കാസഭയോടു ചേര്‍ന്നുനില്‍ക്കുന്നതില്‍ പരിപൂര്‍ണ്ണ സംതൃപ്തരായിരുന്നില്ല. ഒരു ആഗോള മേല്‍വിലാസം ഉണ്ടാക്കിയെടുക്കുകയും പോര്‍ച്ചുഗീസ് മിഷനറിമാര്‍ ഇഷ്ടദാനമായി തന്നിട്ടുപോയ സമ്പത്തിനുമേലുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്യേണ്ടാതിനാല്‍, അര്‍ദ്ധമനസ്സോടെ റോമന്‍ കത്തോലിക്കാസഭയുടെ ഭാഗമായി ഇന്നുവരെ ഇവര്‍ തുടരുന്നു. എന്നിരുന്നാലും, ഇടയ്ക്കൊക്കെ ഇവരുടെ ഉള്ളിലിരിപ്പ് ഇവര്‍പ്പോലും അറിയാതെ പുറത്തുവരാറുമുണ്ട്. 'റോമന്‍ കത്തോലിക്കാസഭയെ ഒന്നടങ്കം 'പറങ്കികള്‍' എന്നുവിളിച്ച് ആക്ഷേപിക്കുന്നത് ഇക്കൂട്ടരാണ്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള ചില 'കല്‍ദായക്കുഞ്ഞുങ്ങള്‍' സുറിയാനിഭാഷാ പണ്ഡിതരാണെന്ന ധാരണ ജനിപ്പിക്കുംവിധം 'ആലാഹാ, മാലാഹാ' ആലപിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കല്‍ദായരുടെ 'സൈബര്‍' പോരാളികളാണ് ഇവര്‍! ചരിത്രത്തെക്കുറിച്ചു യാതൊരു ധാരണയുമില്ലാത്ത ഇവര്‍ ചരിത്രകാരന്മാരാകാന്‍ ശ്രമിക്കുന്നതും കാണാം. 'പറങ്കിക ള്‍' എന്ന് ഇവര്‍ ആക്ഷേപിക്കുന്നവരുടെ സ്ഥാവരജംഗമ വസ്തുക്കളാണ് ഇവരുടെ ഇന്നത്തെ ആസ്തികള്‍ മുഴുവനുമെന്ന് അറിയാനുള്ള ചരിത്രബോധംപോലും ഇവക്ക് ഇല്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! കല്‍ദായരുടെ പരിശീലനക്കളരിയായ കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയും കല്‍ദായ വിരുദ്ധരുടെ മേജര്‍ സെമിനാരിയായ മംഗലപ്പുഴ മേജര്‍ സെമിനാരിയും 'പറങ്കികള്‍' ഇഷ്ടദാനം നല്‍കിയതാണ്.

മലബാറിലെ സീറോമലബാര്‍ രൂപതകളായ, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പള്ളികളും പള്ളിക്കൂടങ്ങളും അടക്കമുള്ള ആസ്തികളില്‍ ഭൂരിഭാഗവും പോര്‍ച്ചുഗീസ് വൈദീകര്‍ ദാനമായി നല്‍കിയതാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കാന്‍ പാടില്ല. കത്തോലിക്കാസഭയോടു ചേര്‍ന്നുനിന്നതുകൊണ്ടു മാത്രമാണ് ഇവയെല്ലാം സീറോമലബാര്‍ സഭയുടെ ആസ്തികളായി മാറിയത്! ഏതെല്ലാം സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ സീറോമലബാര്‍ സഭയ്ക്കു ലഭിച്ചതെന്ന് അക്കമിട്ടു പറയാന്‍ മനോവ ഒരുക്കമാണ്. കല്‍ദായ മാടമ്പിമാരുടെ തലസ്ഥാനമായ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാസനമന്ദിരം ആരില്‍നിന്നാണ് ലഭിച്ചതെന്ന് അറിയണമെങ്കില്‍, രൂപതയുടെ അലമാരയില്‍ പൊടിപിടിച്ചിരിക്കുന്ന ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ മതി! മൂന്നു തലമുറ മുന്‍പുവരെ ചങ്ങനാശ്ശേരിയിലെ മെത്രാന്മാര്‍ പോര്‍ച്ചുഗീസുകാരായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കല്‍ദായക്കുഞ്ഞുങ്ങള്‍ക്ക് അറിയാമോ? ഒന്നു നീട്ടി ശ്വാസമെടുത്താല്‍ നിങ്ങളുടെ ദേഹത്തുനിന്നും പറങ്കിയണ്ടിയുടെ 'ചൊനമണം' നാസാരന്ദ്രങ്ങളിലേക്ക് അടിച്ചുകയറും! ആയതിനാല്‍, 'പറങ്കികള്‍' എന്ന് പോര്‍ച്ചുഗീസുകാരെയും റോമന്‍ കത്തോലിക്കാരെയും ആക്ഷേപിക്കുന്നതിനു മുന്‍പ് സ്വയമൊന്നു മണപ്പിച്ചു നോക്കുക! വിഷയത്തിലേക്കു മടങ്ങിവരാം.

റോമന്‍ കത്തോലിക്കാസഭയില്‍ തുടരുന്നതില്‍ അസംതൃപതരായ ഒരു വിഭാഗമാണ്‌ സീറോമലബാര്‍ സഭയിലെ കല്‍ദായര്‍! കൂനന്‍കുരിശു സത്യത്തോടെ പിരിഞ്ഞുപോയ വിഭാഗമായ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ പ്രതിപത്തി! സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അവരോടു ചേരുകയെന്നത് ഇവരുടെ അജണ്ടയുടെ ഭാഗമാണ്. കുര്‍ബ്ബാന ക്രമത്തെക്കുറിച്ചുള്ള തര്‍ക്കംപോലും ഈ ലയനത്തിനായുള്ള ഇവരുടെ അഭിലാഷത്തിന്റെ ഭാഗമായി കാണണം. റോമന്‍ കത്തോലിക്കാസഭയുടെ കുര്‍ബ്ബാനയോ മറ്റ് ആചാരങ്ങളോ ഇവര്‍ക്കു ദഹിക്കുന്നില്ല. ജപമാല പ്രാര്‍ത്ഥനയ്ക്കു പകരമായി യാമപ്രാര്‍ത്ഥനകളെ പ്രോത്സാഹിപ്പിക്കുന്നത് ഇവരുടെയുള്ളിലെ കത്തോലിക്കാ വിരുദ്ധതയുടെ ബഹിര്‍സ്ഫുരണമായി കണക്കാക്കാം. എന്നാല്‍, കത്തോലിക്കാസഭയുമായി ബന്ധമൊന്നുമില്ലാത്ത ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുര്‍ബ്ബാനയും ആചാരങ്ങളും ഇവര്‍ക്കു ശ്രേഷ്ഠവും സ്വീകാര്യവുമാണ്! ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട വലിയൊരു വസ്തുതയുണ്ട്. എന്തെന്നാല്‍, കല്‍ദായപക്ഷക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ എല്ലാ ആചാരങ്ങളിലും ഏറെ പൊരുത്തപ്പെട്ടിരിക്കുന്നത് ഓര്‍ത്തഡോക്സ് സഭയുടെ ആചാരങ്ങളുമായിട്ടാണ്. സാങ്കേതികമായി മാത്രം കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്ന ഒരു വിഭാഗമായി മാത്രമേ കല്‍ദായരെ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. കത്തോലിക്കാസഭയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ താത്പര്യമുണ്ടെങ്കിലും, തങ്ങള്‍ കത്തോലിക്കരാണെന്നു പറയാന്‍പോലും ഇവര്‍ക്ക് താത്പര്യമില്ല. സുറിയാനി ക്രിസ്ത്യാനി, സിറിയന്‍ ക്രിസ്ത്യാനി, മാര്‍ത്തോമാ ക്രിസ്ത്യാനി എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ സ്വയം അണിഞ്ഞിരിക്കുന്നവരാണ് ഇവര്‍!

റോമന്‍ കത്തോലിക്കരോട് സഹിഷ്ണുതയില്ലാത്ത ഇവര്‍ ഇന്ന് റോമിന്റെ കീഴില്‍ നില്‍ക്കുന്നതിന്റെ പല കാരണങ്ങളില്‍ ഒന്ന്‍ യൂറോ എന്ന കറന്‍സിയോടുള്ള ആര്‍ത്തി മാത്രമാണ്. 'പരുന്ത് കുരിശും' നിലവിളക്കും കൈകളിലേന്തി യൂറോപ്പിലേക്കു വിമാനം കയറുന്ന കല്‍ദായ വൈദീകരുടെ മറ്റൊരു ലക്‌ഷ്യമാണ് 'സീറോമലബാര്‍' വിഭാഗിയത ആളിക്കത്തിക്കുക എന്നത്. യൂറോപ്പിലും ആസ്ട്രേലിയയിലും അമേരിക്കയിലും മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍പ്പോലും രൂപതകള്‍ സ്ഥാപിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം നാം അറിഞ്ഞിരിക്കണം. റോമന്‍ കത്തോലിക്കാസഭയുടെ മാതൃറീത്തായ ലത്തീന്‍ സമൂഹത്തോട് സ്നേഹം നടിച്ചുകൊണ്ട് യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും അനേകം പള്ളികള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇവിടെയെല്ലാം തങ്ങളുടെ കുലവിഗ്രഹമായ നിലവിളക്കും പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. ഉടന്‍തന്നെ സംഭവിക്കാന്‍ പോകുന്ന ഒരു വഴിപിരിയലിനുള്ള കോപ്പുകൂട്ടലാണ് ഇതെല്ലാം. ലോകത്താകമാനം ചിതറിപ്പാര്‍ക്കുന്ന സീറോമലബാര്‍ സമൂഹത്തെ ഏകോപിപ്പിച്ചു നിര്‍ത്തണമെങ്കില്‍ ആ രാജ്യങ്ങളിലെല്ലാം പള്ളികളും രൂപതകളും അനിവാര്യമാണ്. യാതൊരു ആവശ്യവുമില്ലാതെ 'സീറോമലബാര്‍' രൂപതകള്‍ സകല രാജ്യങ്ങളിലും സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് വഴിപിരിയലിന്റെ മുന്നൊരുക്കമാണെന്നു നാം തിരിച്ചറിയണം.

ഓര്‍ത്തഡോക്സ് - യാക്കോബായ സഭകളുമായി കല്‍ദായര്‍ അനൗദ്യാഗിക ചര്‍ച്ചകള്‍ ആരംഭിച്ചത് പലരും അറിഞ്ഞിട്ടില്ല. പതുങ്ങിനിന്നു കാര്യങ്ങള്‍ നേടിയെടുക്കാന്‍ വിരുതനായ ക്ളിമ്മീസാണ് ഇവരുടെ ഇടനിലക്കാരന്‍! ഓര്‍ത്തഡോക്സ്, യാക്കോബായ, സീറോമലബാര്‍, സീറോമലങ്കര തുടങ്ങിയ സഭകളുടെ ലയന ചര്‍ച്ചയും ത്വരിതപ്പെടുന്നുണ്ട്. അതു സാധ്യമാകുന്നതോടെ, സീറോമലബാര്‍ സഭയിലെ കല്‍ദായ വിഭാഗവും ക്ളിമ്മീസിന്റെ സഭയും കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോകും. ഇതിനുള്ള തയ്യാറെടുപ്പിലാണ് ആലഞ്ചേരിയും കല്‍ദായരും. ഒരുകാര്യംകൂടി മനസ്സിലാക്കിയിരിക്കുക; എന്തെന്നാല്‍, ആലഞ്ചേരിയും സംഘവും നടത്തിയ ഭൂമിയിടപാടില്‍ ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! സീറോമലബാര്‍ സഭയിലെ കല്‍ദായ വിരുദ്ധരുടെ കണ്ണുകള്‍ യാഥാര്‍ത്ഥ്യത്തിനുനേരേ തുറക്കാത്തതുകൊണ്ടാണ് സത്യം ഗ്രഹിക്കാന്‍ സാധിക്കാത്തത്. ഭൂമിയിടപാടില്‍ ലഭിച്ച പണം മുഴുവന്‍ ചങ്ങനാശ്ശേരിയിലെ കല്‍ദായരുടെ 'ലോക്കറില്‍' സുരക്ഷിതമാണ്. വിവാദമായതുകൊണ്ടു മാത്രമാണ് മറ്റു വില്പനകള്‍ നടക്കാതെപോയത്. വില്പന നടന്ന വസ്തുക്കളില്‍ ഒന്ന് ഇറ്റലിയിലെ അലക്സിയന്‍ സന്യാസസഭ ചില വ്യവസ്ഥകളോടെ സീറോമലബാര്‍ സഭയെ സൂക്ഷിക്കാനേല്പിച്ച ഭൂമിയാണ്‌!

യാക്കോബായ - ഓര്‍ത്തഡോക്സ് പക്ഷങ്ങള്‍ വേര്‍പിരിഞ്ഞപ്പോള്‍ പള്ളികള്‍ക്കുവേണ്ടി നടന്ന യുദ്ധങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന കാര്യം നമുക്കറിയാവുന്നതു പോലെതന്നെ കല്‍ദായര്‍ക്കും അറിയാം. ആ അന്തരീക്ഷം സംജാതമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് തുടക്കത്തിലേതന്നെ പാളിപ്പോയത്. സകല വസ്തുക്കളും വില്‍ക്കുകയോ ബാങ്കില്‍ പണയം വയ്ക്കുകയോ ചെയ്തുകൊണ്ട് 'സീറോമലബാര്‍' സഭയുടെ സ്ഥാവരജംഗമ വസ്തുക്കളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ സഭയെ ഒന്നടങ്കം വരുതിയിലാക്കാന്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പിടിക്കപ്പെടാന്‍ അല്പം വൈകിയിരുന്നെങ്കില്‍, ആലുവാ സെമിനാരിയും അതിനു ചുറ്റുമുള്ള വസ്തുവകകളും വില്പന നടത്തുമായിരുന്നു. ആലഞ്ചേരിയുടെ അജണ്ടകള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനാണ് ഫാദര്‍ തെലേക്കാട്ടിനെ വക്താവു സ്ഥാനത്തുനിന്നു നീക്കിയത്! എറണാകുളം - അങ്കമാലി അതിരൂപതകളില്‍ നടന്നത് വെറുമൊരു ഭൂമിക്കച്ചവടം മാത്രമായിരുന്നില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ജാഗ്രതപാലിക്കാന്‍ വിശ്വാസികള്‍ ഇനിയും തയ്യാറായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല.

സകലതും വില്പന നടത്തുകയും വിവാദമാകുമ്പോള്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നത് ഇവരുടെ ശൈലിയാണ്. ദീപിക പത്രത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരിക്കാം സംഭവിച്ചത്! വിറ്റുകിട്ടിയ പണം കല്‍ദായരുടെ ലോക്കറില്‍ നിക്ഷേപിച്ചതിനുശേഷം വിശ്വാസികളുടെ മുന്‍പില്‍ പാട്ടകുലുക്കിയതാകാനും സാധ്യതയുണ്ട്. കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞതിനുശേഷവും രാജകീയമായി ജീവിക്കാനുള്ള ഫണ്ടുശേഖരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്! ഇതിനുവേണ്ടി ആരെയും കൂട്ടുപിടിക്കാന്‍ ഇവര്‍ തയ്യാറാണ്. ഇപ്പോഴത്തെ ഭൂമിയിടപാടില്‍ മാത്രമല്ല, മറ്റേതൊരു കാര്യത്തിലും ഇവര്‍ കൂട്ടുപിടിക്കുന്നത് അധോലോക മാഫിയകളെയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളും ദേശദ്രോഹികളും വിവാദ വ്യവസായികളും ഇസ്ലാമിക ഭീകരന്മാരുമൊക്കെയാണ് കല്‍ദായ മെത്രാന്മാരുടെ ഉറ്റമിത്രങ്ങള്‍! ഫാരീസ് അബുബക്കര്‍ എന്ന വിവാദനായകനും കല്‍ദായ മെത്രാന്മാരും തമ്മിലുള്ള അവിഹിതബന്ധത്തെക്കുറിച്ചു കേരളം ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍, മെത്രാന്മാരുടെ മോതിരങ്ങള്‍ മുത്തി ജീവിക്കുന്ന സാധാരണ വിശ്വാസികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി!

അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും സീറോമലബാര്‍ രൂപതകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ഭൂമി എത്രയാണെന്ന്‍ സഭയിലെ ചില കല്‍ദായ മെത്രാന്മാര്‍ക്കും അവരുടെ നിഗൂഢ സംഘത്തിനും മാത്രമേ അറിയുകയുള്ളു. കാനഡയില്‍ സീറോമലബാര്‍സഭ വച്ചുപിടിപ്പിച്ച മുന്തിത്തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന റോബിനെ അറിയാത്തവര്‍ കേരളത്തിലുണ്ടാകില്ല. കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയായ റോബിന്റെ കാര്യമാണ് മനോവ പറഞ്ഞത്. കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇയാള്‍ പിടിക്കപ്പെട്ടു. കേരളത്തിലെ പീഡനവീരന്മാരുടെ ഒളിവുകേന്ദ്രങ്ങള്‍ അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമൊക്കെയാണ്. വിശ്വാസികളുടെ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന സമ്പത്തിന്റെ മേല്‍നോട്ടക്കാരായി നിയോഗിക്കപ്പെടുന്നത് കേരളത്തിലെ പിടികിട്ടാപ്പുള്ളികളായ വൈദീകവേഷധാരികളെയാണ്. ഇവര്‍ക്കു തഴച്ചുവളരാന്‍ അനുയോജ്യമായ മണ്ണും പ്രകൃതിയും കാലാവസ്ഥയും അവിടെയുണ്ട്.

വിഷയത്തില്‍നിന്നു വ്യതിചലിക്കുന്നില്ല. സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പിളര്‍പ്പിനെ മുന്നില്‍ക്കണ്ട് കല്‍ദായര്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍, കല്‍ദായവിരുദ്ധരും റോമിനോടു കൂറുപുലര്‍ത്തുന്നവരുമായ വിഭാഗം ഇപ്പോള്‍ കറുത്ത പൂച്ചയെ ഇരുട്ടില്‍ത്തപ്പുകയാണ്! സീറോമലബാര്‍ സഭയുടെ എല്ലാ പള്ളികളുടെയും സ്ഥാപനങ്ങളുടെയും മറ്റു സ്വത്തുക്കളുടെയും അവകാശം മെത്രാന്മാരില്‍ നിക്ഷിപ്തമായിരിക്കെ, റോമന്‍ കത്തോലിക്കാസഭയില്‍ തുടരാനാഗ്രഹിക്കുന്ന വൈദീകരുടെയും വിശ്വാസികളുടെയും പക്ഷത്ത് എടയന്ത്രത്ത് അല്ലാതെ മറ്റൊരു മെത്രാനുണ്ടോ? എടയന്തത്തിന്റെ സ്ഥാനംതന്നെ സഹായമെത്രാന്‍ എന്നതാണ്. മരിച്ചുപോയ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഭാഷയില്‍ 'നിസ്സഹായ മെത്രാന്‍' എന്നാണ് ഈ പദവിയുടെ വിശേഷണം! വര്‍ക്കി വിതയത്തിലിന്റെ കാലംമുതല്‍ സഹായ മെത്രാനായി തുടരുന്ന വ്യക്തിയാണ് എടയന്ത്രത്ത്. വര്‍ക്കി വിതയത്തില്‍ മരിച്ചപ്പോള്‍ എല്ലാവരും കരുതിയത് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി എടയന്ത്രത്ത് വരുമെന്നായിരുന്നു. എന്നാല്‍, കല്‍ദായനല്ലാത്ത ഒറ്റ കാരണത്താല്‍ എടയന്ത്രത്തിനു പദവി ലഭിച്ചില്ല. അങ്ങനെ തക്കല രൂപതിയില്‍നിന്നു കെട്ടിയിറക്കപ്പെട്ട 'കല്‍ദായദുരന്തം' സീറോമലബാര്‍ സഭയുടെ ആസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു!

മെത്രാന്മാരെ വാഴിച്ചുകൊണ്ട് 'കല്‍ദായ ലോബി' നടത്തുന്ന നീക്കങ്ങളുടെ പിന്നിലും നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്‌. സീറോമലബാര്‍ സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുക എന്നതാണ് ആ ലക്‌ഷ്യം. കല്‍ദായവാദത്തില്‍ 'ബിരുദാനന്തരബിരുദം' നേടിയിട്ടുള്ള തീവ്രവാദികളെ തിരഞ്ഞുപിടിച്ചാണ് 'മെത്രാന്‍ പദവി' നല്‍കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള രൂപതകളില്‍ ഇവരെ പ്രതിഷ്ഠിച്ചുകൊണ്ട് പള്ളികള്‍ പിടിച്ചെടുക്കാന്‍ ഇവര്‍ കോപ്പുകൂട്ടുന്നു. നാം നമ്മുടെ ഇടവകയില്‍ ഒരു ദൈവാലയം നിര്‍മ്മിച്ചുകഴിയുമ്പോള്‍, ആ ദൈവാലയത്തിന്റെ അവകാശം മെത്രാന് എഴുതിക്കൊടുക്കും. അതായത്, നമ്മുടെ ഇടവക ദൈവാലയത്തിന്റെ ആധാരം മെത്രാന്റെ(രൂപതയുടെ) പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അതായത്, നമ്മുടെ പള്ളിയുടെ ആധാരം മെത്രാന്റെ കയ്യിലാണുള്ളത്. ഇന്ന് കേരളത്തിലുള്ള ഭൂരിഭാഗം പള്ളികളുടെയും ആധാരങ്ങള്‍ മൂന്നു ബാങ്കുകളുടെ ലോക്കറുകളില്‍ 'സുരക്ഷിതമാണ്'! സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചതാണെന്ന് ആരും കരുതരുത്. മറിച്ച്, ഈ ആധാരങ്ങള്‍ പണയപ്പെടുത്തി കോടികള്‍ പിന്‍വലിക്കുകയും, ഈ കോടികള്‍ കല്‍ദായരുടെ സ്വകാര്യനിക്ഷേപമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ഈ ബാങ്കുകളുമായി സീറോമലബാര്‍ സഭയ്ക്കുള്ള ബന്ധം നമുക്കെല്ലാം അറിയാം. ജനറല്‍ മാനേജര്‍ മുതല്‍ താഴോട്ടുള്ള ജീവനക്കാരില്‍ ഒട്ടുമിക്ക ജീവനക്കാരും സുറിയാനിസഭയുടെ നോമിനികളാണ്! അതായത്, ഈ ബാങ്കുകളുടെ രഹസ്യ അറകളിലാണ് സീറോമലബാര്‍ സഭയുടെ സമ്പത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്!

സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പിളര്‍പ്പ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ മാത്രമേ വിശ്വാസികള്‍ സത്യം മനസ്സിലാക്കുകയുള്ളൂ. ഓര്‍ത്തഡോക്സ് - യാക്കോബായ പിളര്‍പ്പിന്റെ ദുരന്തം ഇന്നും ആ സഭകള്‍ പേറുകയാണ്. പള്ളികള്‍ക്കുവേണ്ടി തെരുവുയുദ്ധങ്ങള്‍ അരങ്ങേറുന്നത് നിത്യസംഭവമായിരിക്കുന്നു. എന്നാല്‍, സീറോമലബാര്‍ സഭയില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഒരു യുദ്ധവും അരങ്ങേറില്ല. എന്തെന്നാല്‍, റോമിനെ അനുകൂലിക്കുന്ന വൈദീകര്‍ വികാരിമാരായിരിക്കുന്ന പള്ളികളുടെമേല്‍ അവകാശവാദവുമായി കല്‍ദായര്‍ വരില്ല! ആധാരം ബാങ്കില്‍ പണയപ്പെടുത്തപ്പെട്ട പള്ളികള്‍ എന്തിനാണ് കല്‍ദായര്‍ക്ക്! പണയത്തിലിരിക്കുന്ന പള്ളികളുടെ അവകാശികളായി കല്‍ദായവിരുദ്ധരായ വിശ്വാസികളും വൈദീകരും വഞ്ചിക്കപ്പെടും. ഇപ്പോഴും ഈ പള്ളികളില്‍ മിക്കതും പണയത്തില്‍ തന്നെയാണ്! വിശ്വാസികള്‍ ഇനിയെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തിലേക്ക്‌ ഉണര്‍ന്നില്ലെങ്കില്‍ 'കല്‍ദായമാഫിയ' നിങ്ങളെയും പണയപ്പെടുത്തും!

മനോവയുടെ കല്‍ദായവിരുദ്ധത!?

സീറോമലബാര്‍ സഭയിലെ വിഭാഗിയതയില്‍ പക്ഷം ചേര്‍ന്നുകൊണ്ടുള്ള  നിലപാടല്ല മനോവയുടെ കല്‍ദായവിരുദ്ധത. കല്‍ദായരും കല്‍ദായവിരുദ്ധരും ഒന്നുപോലെ മലിനപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്നുള്ളത്. ശിവലിംഗവും പരുന്ത് കുരിശും മാത്രമല്ല, സലകവിധ പൈശാചികതകളും ഇരുപക്ഷവും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. യോഗ പരിശീലിക്കുന്ന കാര്യത്തിലും കത്തോലിക്കാസഭയുടെ ഉപദേശത്തെ തള്ളിക്കളഞ്ഞവരാണ് ഇരുപക്ഷവും. ആയതിനാല്‍, ആചാരങ്ങളെയോ ഭക്താഭാസങ്ങളെയോ ആത്മീയബോധ്യങ്ങളിലെ മാഹാത്മ്യമോ പരിഗണിച്ചുകൊണ്ട് കല്‍ദായവിരുദ്ധരെ പിന്തുണയ്ക്കാന്‍ മനോവയ്ക്കാവില്ല. പത്രോസ് എന്ന പാറമേല്‍ സ്ഥാപിതമായിരിക്കുന്ന സഭയോടു ചേര്‍ന്നുനില്‍ക്കുന്നതിലൂടെ കൈവരുന്ന ആധികാരികത മാത്രമേ മനോവ ഇവരില്‍ കാണുന്നുള്ളൂ! ആദിമസഭയുടെ ചൈതന്യത്തില്‍ നിലനില്‍ക്കാന്‍ റോമിലെ സഭ തയ്യാറാകുന്നില്ല എന്നത് ആ സഭയുടെ ഏറ്റവും വലിയ ദുരന്തമാണ്. പുതിയ നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുകയും, ഇവ ദൈവീക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ബദലായി സ്ഥാപിക്കുകയും ചെയ്തതിലൂടെ അപ്പസ്തോലികസഭയുടെ ചൈതന്യം ഇല്ലാതായി. എന്നിരുന്നാലും, പത്രോസിനുമേല്‍ സ്ഥാപിതമായ സഭയിലുണ്ടായിരുന്ന ചൈതന്യത്തിലേക്കു റോമിലെ സഭ മടങ്ങിവരുമ്പോള്‍ പഴയ അവസ്ഥ പുനഃസ്ഥാപിതമാകും. മറ്റു സഭകളില്‍നിന്നു വ്യത്യസ്തമായ ആധികാരികത റോമിലെ സഭയ്ക്കുണ്ട് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. രണ്ടോമൂന്നോ വിശ്വാസികള്‍ മാത്രമേ യഥാര്‍ത്ഥ ചൈതന്യത്തില്‍ നിലനില്‍ക്കുന്നവരായി ഈ സഭയിലുള്ളുവെങ്കില്‍പ്പോലും ഈ സഭതന്നെയായിരിക്കും ഔദ്യോഗിക സഭ! ഇത് യേഹ്ശുവായുടെ വാഗ്ദാനത്തിന്റെ ശക്തിയും സ്ഥിരതയും ആധികാരികതയുമാണ്! പോപ്പ് അധഃപതിച്ചാല്‍ അയാളും അയാളുടെ അധഃപതനത്തെ അനുഗമിക്കുന്നവരും മാത്രമേ നശിക്കുകയുള്ളു.

അതായത്, ആദിമസഭയുടെ ചൈതന്യം തിരിച്ചറിഞ്ഞ്, ആ ചൈതന്യത്തില്‍ പൂര്‍ണ്ണതയോടെ ചരിക്കുന്ന ആരൊക്കെ റോമന്‍ കത്തോലിക്കാസഭയിലുണ്ടോ, അവരെല്ലാം അനുഗ്രഹിക്കപ്പെടുകയും വിശുദ്ധര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സൗഭാഗ്യം ആസ്വദിക്കുകയും ചെയ്യും! അതിനാല്‍ത്തന്നെ, റോമന്‍ കത്തോലിക്കാസഭയില്‍ ഉറച്ചുനില്‍ക്കാന്‍ മനോവ എടുത്ത ദൃഢനിശ്ചയത്തിനു പിന്നില്‍ ഫ്രാന്‍സീസിന്റെ ജീവിതസാക്ഷ്യമോ കത്തോലിക്കാ മതബോധഗ്രന്ഥത്തിന്റെ മഹത്വമോ പരിഗണനീയമാകുന്നില്ല. ക്രിസ്തുവിന്റെ വചനത്തിന്റെ ആധികാരികത മാത്രമാണ് മനോവയുടെ പ്രത്യാശ! പോപ്പും കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വൈദീകരും വിശ്വാസികളും ഒന്നടങ്കം വ്യതിചലിക്കുകയോ സഭയില്‍നിന്നു പുറത്തുപോകുകയോ ചെയ്താലും മനോവ കത്തോലിക്കാസഭയില്‍ അവസാനത്തെ വിശ്വാസിയായി നിലകൊള്ളും!

മനോവയുടെ കല്‍ദായവിരുദ്ധ നിലപാടിന്റെ അടിസ്ഥാനം വചനത്താല്‍ ഉറപ്പിക്കപ്പെട്ടതാണ്. കേരളത്തിലെ ഒരു ക്രിസ്ത്യാനിപോലും കല്‍ദായ പാരമ്പര്യത്തില്‍ നിന്നുള്ളവനല്ല എന്ന യാഥാര്‍ത്ഥ്യവും മനോവ മനസ്സിലാക്കുന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യം യഹൂദരില്‍നിന്നുള്ളതാണ്. ഈ സത്യം ഇവരില്‍നിന്നു മറച്ചുവയ്ക്കാന്‍ സാത്താന്‍ ഉപയോഗിച്ചത് ഇന്ത്യയിലേക്കു കടന്നുവന്ന സിറിയന്‍ അഭയാര്‍ത്ഥികളെയായിരുന്നു. ഇസ്ലാമിന്റെ വാളില്‍നിന്നു രക്ഷപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പലായനം ചെയ്യപ്പെട്ട സിറിയാക്കാരില്‍ ചിലര്‍ ഇന്ത്യയിലും അഭയംപ്രാപിച്ചു. ഇന്ത്യയിലുണ്ടായിരുന്ന യഹൂദക്രിസ്ത്യാനികളുടെ നിയന്ത്രണം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഏറ്റെടുത്തപ്പോഴാണ്‌ ഇവര്‍ സുറിയാനി ക്രിസ്ത്യാനികളായി മാറിയത്. യഹൂദരുമായി കടുത്ത വിദ്വേഷം പുലര്‍ത്തിയിരുന്ന ഇസ്മായീല്‍ സന്തതികളില്‍നിന്നുള്ളവരാണ് സിറിയന്‍ ക്രിസ്ത്യാനികള്‍. നാഥനില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇന്ത്യയിലെ യഹൂദക്രിസ്ത്യാനികള്‍ക്ക് സിറിയന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ പഠനങ്ങള്‍ ദൈവവചനംപോലെ സ്വീകാര്യമായി. സിറിയാക്കാര്‍ പകര്‍ന്നുകൊടുത്ത നുണക്കഥകള്‍ വിശ്വസിച്ചതിലൂടെ യഹൂദക്രിസ്ത്യാനികള്‍ തങ്ങളുടെ പൈതൃകം കല്‍ദായമാണെന്നു തെറ്റിദ്ധരിച്ചു. ഇങ്ങനെയാണ് യഹൂദക്രിസ്ത്യാനികള്‍ സുറിയാനികളായി രൂപാന്തരപ്പെട്ടതും കല്‍ദായവാദം ആരംഭിച്ചതും! യഥാര്‍ത്ഥത്തില്‍ ഇവര്‍ വഞ്ചിക്കപ്പെട്ട ഒരു ജനതയാണ്! 

കല്‍ദായര്‍ എക്കാലത്തും യഹൂദരുടെ ശത്രുപക്ഷത്തായിരുന്നു എന്നതിന് നൂറുകണക്കിനു തെളിവുകള്‍ ബൈബിളിലുണ്ട്. പിതാവായ അബ്രാഹത്തെ ദൈവം വിളിച്ചത് കല്‍ദായരുടെ ദേശത്തു നിന്നായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ദായദേശം എന്നത് ഇന്നത്തെ ഇറാക്കാണ്. ബാബിലോണ്‍ എന്നും ഇതിനു പേരുണ്ടായിരുന്നു. ഈ ദേശത്തുനിന്ന് അബ്രാഹത്തെ വിളിക്കുമ്പോള്‍ അവനോടു യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമാരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും"(ഉത്പ: 12; 1-3). ഇവിടെ നാം മനസ്സിലാക്കേണ്ടതായ ചില വസ്തുതകളുണ്ട്. ദൈവമായ യാഹ്‌വെ അബ്രാഹത്തോടു കല്പിച്ചത് മൂന്ന് അവസ്ഥകളെ ഉപേക്ഷിക്കാനാണ്. ദേശം, ബന്ധുക്കള്‍, പിതൃഭവനം ഇവ മൂന്നുമാണ് അബ്രാഹം ഉപേക്ഷിക്കേണ്ടതും ഉപേക്ഷിച്ചതും. ദേശത്തെയും ബന്ധുതകളെയും പിതൃഭവനത്തെയും വിട്ടുകളയുകയെന്നാല്‍, പാരമ്പര്യത്തെ പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നാണ്. അതായത്, അബ്രാഹത്തില്‍ തുടങ്ങുന്ന ഒരു പുത്തന്‍ പാരമ്പര്യം തലമുറകളിലേക്കു പകരാന്‍ ദൈവം തീരുമാനിച്ചു. ആയതിനാല്‍, അബ്രാഹത്തിനും അവന്റെ സന്തതിപരമ്പരകള്‍ക്കും പഴയ പാരമ്പര്യം അസാധുവാക്കപ്പെടുകയും പുതിയൊരു പാരമ്പര്യം നല്‍കപ്പെടുകയും ചെയ്തു.

മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ ഇസ്ലാംമതക്കാര്‍ ആദം സന്തതികള്‍ എന്നാണു വിശേഷിപ്പിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, ഇസ്രായേല്‍ക്കാരും യഹൂദരും ക്രിസ്ത്യാനികളും പറയുന്നത് അബ്രാഹത്തിന്റെ സന്തതികള്‍ എന്നാണ്! അബ്രാഹത്തിനു മുന്‍പുള്ള പാരമ്പര്യത്തെ ദൈവജനം പരിഗണിക്കുന്നില്ല എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. അബ്രാഹം ഉപേക്ഷിച്ച പാരമ്പര്യമാണ് കല്‍ദായ പാരമ്പര്യം എന്നതിനുള്ള തെളിവ് മനോവ നല്‍കാം. ഇതാണ് ആ ദൃഷ്ടാന്തം: "തേരാഹിന്റെ പുത്രന്മാരാണ് അബ്രാമും നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ് ലോത്ത്. തന്റെ പിതാവായ തേരാഹ് മരിക്കുന്നതിനുമുമ്പ് ഹാരാന്‍ ജന്മനാടായ കല്‍ദായരുടെ ഊറില്‍ വച്ചു ചരമമടഞ്ഞു. അബ്രാമും നാഹോറും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി. നാഹോറിന്റെ ഭാര്യയുടെ പേര് മില്‍ക്കാ. അവള്‍ മില്‍ക്കായുടെയും ഇസ്ക്കയുടെയും പിതാവായ പിതാവായ ഹാരാന്റെ മകളാണ്. സാറായി വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളുണ്ടായില്ല. തേരാഹ് കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കു യാത്ര പുറപ്പെട്ടു"(ഉത്പ: 11; 27-31). കല്‍ദായരുടെ ദേശത്തുനിന്നു കാനാനിലേക്കുള്ള വഴിമധ്യേ ഹാരാനില്‍ വാസമുറപ്പിച്ചു എന്നകാര്യം തുടര്‍ന്നുള്ള വിവരണത്തില്‍ വായിക്കാന്‍ കഴിയും. ഇവിടെനിന്നാണ് അബ്രാം ദൈവമായ യാഹ്‌വെയാല്‍ വിളിക്കപ്പെടുന്നത്. തന്റെ സകല പാരമ്പര്യങ്ങളെയും വിട്ടുകളഞ്ഞുകൊണ്ട് ദൈവത്തിന്റെ വിളിയോടു പ്രത്യുത്തരിച്ച അബ്രാമിനെ, അബ്രാഹം എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് അനുഗ്രഹത്തിന്റെ പുതിയൊരു പാരമ്പര്യം അവനും അവന്റെ സന്തതികള്‍ക്കും ദൈവം നല്‍കി! ആയതിനാല്‍, അബ്രാഹത്തിന്റെ സന്തതികളാണെങ്കില്‍ അവര്‍ ഒരിക്കലും കല്‍ദായ പാരമ്പര്യത്തില്‍ നിന്നുള്ളവരാകില്ല.

കല്‍ദായരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ഈ ലേഖനം വായിക്കുക: 'കല്‍ദായ' വത്ക്കരണവും ഭാരതീയ വത്ക്കരണവും പിശാചിന്റെ കുതന്ത്രം! മനോവയുടെ കല്‍ദായവിരുദ്ധതയ്ക്ക് ആധാരം ഇതാണ്! ഇനിയും കൂടുതല്‍ വിവരണങ്ങള്‍ക്കു മുതിരാതെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    13038 views

LOG IN

Lost your password?

SIGN UP

LOST PASSWORD