സഭകളില്‍ ശുദ്ധീകരണം

സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍!

Print By
about

`മിന്നുന്നതെല്ലാം പൊന്നല്ല` എന്നതൊരു പഴഞ്ചൊല്ലാണ്. എന്നാല്‍, ഇത് നമ്മുടെ ജീവിതങ്ങളില്‍ ചിന്തനീയമായ ഒരു കാര്യമാണെന്നോര്‍ക്കണം. നന്മയുടെ രൂപം ധരിച്ചാണ് സാത്താന്‍ കടന്നുവന്ന് മനുഷ്യരെ തന്റെ അടിമകളാക്കുന്നത്. സാത്താന്‍ അവന്റെ ദുഷ്ടരൂപത്തില്‍ വന്നാല്‍ അവനെ തിരിച്ചറിഞ്ഞ്, അവനില്‍നിന്നും അകന്നു നില്‍ക്കാന്‍ നമുക്കു സാധിക്കും. എന്നാല്‍, ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിക്കുന്ന ഒളിഞ്ഞിരിക്കുന്ന വലിയ തിന്മയാണവന്‍!

"പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി  വേഷംകെട്ടാറുണ്ടല്ലോ. അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി  വേഷംകെട്ടുന്നെങ്കില്‍ അതിലെന്തത്ഭുതം?"(2കോറി: 11; 14, 15). വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു വചനമാണിത്. ഒരുപക്ഷെ പലവട്ടം കേട്ടിട്ടും അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയാത്ത വചനമാണിതെങ്കില്‍; ഇന്ന് ഈ വചനത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാം. ആരാണ് നീതിയുടെ ശുശ്രൂഷകര്‍ എന്നു ഗണിക്കപ്പെടുന്നവര്‍? ദൈവികശുശ്രൂഷയില്‍ ആയിരിക്കുന്നവരെയാണ് നീതിയുടെ ശുശ്രൂഷകരായി വചനം  ചൂണ്ടിക്കാണിച്ചിരിക്കുന്നത്.  ദൈവവചന ശുശ്രൂഷയിലും സഭാശുശ്രൂഷകളിലും ആയിരിക്കുന്നവര്‍ തന്നെ, വചനത്തിനു വിരുദ്ധമായ പഠനങ്ങളാണ് നല്‍കുന്നതെങ്കില്‍ അവരുടെ ഉത്ഭവം ദൈവത്തില്‍ നിന്നല്ല. മറിച്ച് ഇത്തരക്കാര്‍ പുറപ്പെട്ടിരിക്കുന്നത് എവിടെ നിന്നാണെന്ന് വചനം തന്നെ പറയുന്നുണ്ട്.

വിശുദ്ധ ഗ്രന്ഥത്തിനും സഭയുടെ പഠനങ്ങള്‍ക്കും വിരുദ്ധമായി ആരുതന്നെ പഠിപ്പിച്ചാലും അതിനെ പിഞ്ചെല്ലാന്‍ ദൈവം അനുവദിച്ചിട്ടില്ല. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8).ഇവിടെ ദൂതന്‍ തന്നെയോ എന്നു പറഞ്ഞിരിക്കുന്നത് എഴുതപ്പെട്ടിരിക്കുന്ന വചനത്തിന്റെ ഗൗരവമാണ് സൂചിപ്പിക്കുന്നത്. സാത്താന്‍, ദൈവദൂതന്റെ വേഷത്തിലും അപ്പസ്തോലനായ പൗലോസിന്റെ വേഷത്തിലും വന്നേക്കാം. അതുപോലെതന്നെ നീതിയുടെ ശുശ്രൂഷകരായി സഭയിലും കടന്നുകൂടിയിട്ടുണ്ട്. സ്വയം വളരുകയെന്നതില്‍ കവിഞ്ഞ് സഭയുടെയും ദൈവരാജ്യത്തിന്റെയും വളര്‍ച്ച ഇത്തരക്കാര്‍ക്കു പ്രശ്നമല്ല. 

"മറ്റൊരുവനിലും രക്ഷയില്ല, ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍ത്ത: 4; 12) എന്ന വചനത്തെ മറികടന്നുകോണ്ട്, ഏതു മതത്തിലും രക്ഷയുണ്ടെന്നു പഠിപ്പിക്കുന്ന ചിലര്‍ സഭയില്‍ ഉണ്ട്. കൈവശമിരിക്കുന്ന ഭീമമായ് ഭൗതീക സമ്പത്തിന്റെ സരക്ഷണമാണ് ഇക്കൂട്ടര്‍ ലകഷ്യമിടുന്നത്. വചനത്തിലെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിലൂടെ രക്തസാക്ഷികളായിതീര്‍ന്ന അപ്പസ്തോലന്മാരുടെ ചുടുനിണത്തിനുമേല്‍ പടുത്തയര്‍ത്തപ്പെട്ട സഭയാണ് ക്രിസ്തുവിന്റെ സഭ!

ഒരു പഠനം നമുക്ക് ലഭിക്കുമ്പോള്‍ അത് ദൈവത്തില്‍നിന്നോ സാത്താനില്‍നിന്നോ മനുഷ്യനില്‍നിന്നോ എന്നു നാം തിരിച്ചറിയണം. ദൈവവചനത്തിനു വിരുദ്ധമായതൊന്നും ദൈവത്തില്‍നിന്നും വരികയില്ല. അപ്പോള്‍ പഠനങ്ങളെ തിരിച്ചറിയാന്‍, വചനം മുന്‍കൂട്ടി പഠിക്കുകയാണു വേണ്ടത്. വചനത്തില്‍ അറിവില്ലാത്തവരുടെമേല്‍ തെറ്റായ പഠനങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ വളരെ എളുപ്പമാണല്ലോ!

"നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വ്വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂതെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരത്"(എഫേസോ: 4; 14). നാം ഏറെ ജാഗ്രതയോടെ നിന്നാല്‍ മാത്രമെ ഒളിഞ്ഞിരിക്കുന്ന തിന്മകളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

"സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേസോ: 6; 11, 12).

സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ തന്നെയാണ് തിന്മയുടെ ദുരാത്മാക്കള്‍  വസിക്കുന്നതെങ്കില്‍ അതിനെ തിരിച്ചറിയുവാനും പടവെട്ടുവാനും വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍, വചനത്തെക്കുറിച്ച് അറിവുണ്ടെങ്കില്‍ ഇവയെ പെട്ടന്നുതന്നെ തിരിച്ചറിയാന്‍  കഴിയും. അതുകൊണ്ട്, ഈ ആത്മീയ സമരത്തില്‍ എന്തു ചെയ്യണമെന്നു ദൈവാത്മാവ്  വചനത്തിലൂടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.   അപ്രിയ സത്യങ്ങള്‍ പലരെയും വേദനിപ്പിചേക്കാം. എന്നാല്‍, സത്യത്തില്‍ നടക്കുന്നവരെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം നശിച്ചുകൊള്ളും.

ഈ വചനം ഓര്‍ക്കുക!

"അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി,ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫേസോ: 6; 14-17).

പ്രിയപ്പെട്ടവരെ, പല ആധുനിക ദൈവശാസ്ത്രങ്ങളും ദൈവീക സത്യങ്ങളില്‍നിന്നും അകലെയാണ്. മാനുഷിക ചിന്തകള്‍ ദൈവീക നിയമങ്ങളാണെന്നു പഠിപ്പിക്കുന്ന ദൈവശാസ്ത്രങ്ങളെയും നമുക്കു ജാഗ്രതയോടെ വീക്ഷിക്കാം! പതിയിരിക്കുന്ന അപകടങ്ങളും കപടങ്ങളായ 'നന്മ'കളെയും തിരിച്ചറിഞ്ഞ് ക്രിസ്തുവിനായി ജീവിക്കാം!

അടിമത്വത്തില്‍നിന്നും ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു!!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6696 views

LOG IN

Lost your password?

SIGN UP

LOST PASSWORD