സഭകളില്‍ ശുദ്ധീകരണം

പുര വാസ്തോലി അഥവാ വാസ്തുബലി!

Print By
about

ഗൃഹനിര്‍മ്മാണം കഴിഞ്ഞ് കയറിതാമസിക്കുന്നതിനുമുമ്പ് വാസ്തുദേവനെ ഉദ്ദേശിച്ചുനടത്തുന്ന പൂജയാണ് വാസ്തുബലി. ഇത് ലോപിച്ചുണ്ടായ പദമാണ് 'വാസ്തോലി' എന്നത്. വാസ്തുപുരുഷനെ പ്രീതിപ്പെടുത്താനും തദ്വാരാ ഗുണം ലഭിക്കുന്നതിനുംവേണ്ടി ചെയ്യുന്ന 'വാസ്തുശാന്തിപൂജ' യാണ് വാസ്തുപൂജ. ശിലാസ്ഥാപനം. കട്ടളവയ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാണ് ഇത് നടത്താറുള്ളത്. ആശാരിമാരാണ്‌ വാസ്തുപൂജ ചെയ്യുക. വാസ്തുപൂജയും വാസ്തുബലിയും ഒന്നല്ല. പുതിയ ഗൃഹത്തില്‍ താമസമാക്കുന്നതിന്റെ തലേരാത്രി നടത്തുന്ന കര്‍മ്മമാണ്‌ വാസ്തുബലി. മൂത്ത ആശാരിയാണ്‌ വാസ്തുബലി നടത്തുക. പൂജാവിധികളോടുകൂടിയ വാസ്തുബലി ചെയ്യുന്നതിന്റെ ഫലമായി സ്ഥലദോഷങ്ങള്‍ മാറി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നതാണ് വിശ്വാസം.

വാസ്തുബലി കൂടാതെ വാസ്തുപൂജ എന്നൊരു ആചാരം ഹിന്ദുക്കളുടെയിടയിലുണ്ട്. വാസ്തുപുരുഷനെ പ്രീതിപ്പെടുത്താനും തദ്വാരാ ഗുണം ലഭിക്കുന്നതിനുമായി ചെയ്യുന്ന 'വാസ്തുശാന്തിപൂജ' യാണ് വാസ്തുപൂജ. ശിലാസ്ഥാപനം. കട്ടളവയ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാണ് ഇത് നടത്താറുള്ളത്. ആശാരിമാര്‍തന്നെയാണ് വാസ്തുപൂജയുടെയും മുഖ്യകാര്‍മ്മികര്‍! ആരാണ് ഈ വാസ്തുപുരുഷന്‍ എന്ന് അറിയാതെയാണോ ക്രിസ്ത്യാനികള്‍ വാസ്തുവിനു പിന്നാലെ കറങ്ങുന്നത്? അങ്ങനെയാണെങ്കില്‍ വാസ്തുപുരുഷന്‍ ആരാണെന്നു വെളിപ്പെടുത്തേണ്ടത് മനോവയുടെ ഉത്തരവാദിത്വമായിരിക്കുന്നു. വാസ്തുവിന്റെ പ്രചാരകരുടെ സങ്കല്പങ്ങളെ പരിശോധിച്ചുകൊണ്ടുതന്നെ ഇവരുടെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അതു കൂടുതല്‍ ആധികാരികമാകും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ക്രൈസ്തവര്‍ ഈ അജ്ഞതയെ പിന്തുടരുന്നതിലെ അവമതിയും അപകടവും തിരിച്ചറിയാന്‍ അനുയോജ്യമായ മാര്‍ഗ്ഗവും ഈ പരിശോധനയായിരിക്കും.

ആരാണീ വാസ്തുപുരുഷന്‍?

ത്രേതായുഗത്തില്‍ സര്‍വ്വലോകവ്യാപിയായി പ്രത്യക്ഷപ്പെട്ട ഒരു മഹാഭൂതമാണ് വാസ്തുപുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില്‍നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുത്തുള്ളിയില്‍നിന്നാണ് വാസ്തുപുരുഷന്റെ ഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്‍ന്നു പ്രാര്‍ഥിച്ച്  ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. ദേവന്മാരുടെ സങ്കടങ്ങള്‍ കേട്ട ബ്രഹ്മാവ്‌ ആ ഭൂതവുമായി യുദ്ധം ചെയ്ത് അതിനെ എടുത്ത് ഭൂമിയിലേക്ക്‌ എറിയുവാന്‍ അവരോടു കല്പിച്ചു! ദേവന്മാര്‍ ഈ കല്പന ഏറ്റെടുക്കുകയും ഭൂതത്തെ ഭൂമിയിലേക്കു വലിച്ചെറിയുകയും ചെയ്തു. അതായത്, ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട ദുര്‍ഭൂതമാണ് വാസ്തുപുരുഷന്‍!

ദേവന്മാരുമായുണ്ടായ യുദ്ധത്തില്‍ തോറ്റ് ഭൂമിയില്‍ പതിച്ച വാസ്തുപുരുഷന്റെ ശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്‍പ്പാദങ്ങള്‍ നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള്‍ രണ്ടും അഗ്നികോണിലും (തെക്ക് കിഴക്ക്) വായു കോണി(വടക്ക് പടിഞ്ഞാറ്)ലുമായി  ഭൂമി മുഴുവനിലും വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന്‍ പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന്‍ തുടങ്ങി. ഉടനെ ഭൂവാസികള്‍ പ്രാര്‍ഥിച്ചപ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കാനായി അന്‍പത്തിമൂന്നു ദേവന്മാരോടും ആ കൂറ്റന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായി ബ്രഹ്മദേവന്‍ ഉപദേശിച്ചു.

അതെതുടര്‍ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ്‌ വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്‍), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹത്തില്‍ പലവിധ അനര്‍ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്‍വാദത്തില്‍ സംതൃപ്തനായ വാസ്തുപുരുഷന്‍ മനുഷ്യരാശിയില്‍നിന്നും പൂജകള്‍ ഏറ്റുവാങ്ങി ഭൂമിയില്‍ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

ഇതിനു സമാനമായ യുദ്ധവും അനുബന്ധ സംഭവങ്ങളും ബൈബിളില്‍ കാണുന്നുണ്ട്. ആര്യന്മാരുടെ കൗശലമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. വാസ്തുപൂജയും വാസ്തുബലിയുമൊക്കെ ആരംഭിച്ചതിന്റെ ചരിത്രത്തെക്കുറിച്ച് ഇവര്‍ പ്രചരിപ്പിക്കുന്ന കണക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമുള്ളതല്ല! നൂറ്റാണ്ടുകള്‍ക്കു മുന്‍പുമാത്രം തട്ടിക്കൂട്ടിയ തത്വസംഹിതകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രം അവകാശപ്പെടുകയും, കേള്‍വിക്കാര്‍ ഇതിനെതിരേ മൗനം അവലംബിക്കുകയും ചെയ്തതിലൂടെ വന്നുഭവിച്ച ദുരന്തമാണ് ഭാരതത്തിന്റെ സനാതനം! മൂലഗ്രന്ഥങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളതും ആധികാരികവുമായ ബൈബിളില്‍നിന്ന്‍ അടര്‍ത്തിയെടുത്ത ആശയങ്ങളില്‍ ചില അതിശയോക്തികള്‍ കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുമ്പോള്‍, പിടിച്ചുനില്‍ക്കാന്‍ ചില കുതന്ത്രങ്ങള്‍ അനിവാര്യമാണ്! ത്രേതായുഗം, കാക്കത്തൊള്ളായിരം, മുന്നൂറ്റിമുക്കോടി തുടങ്ങിയ കണക്കുകള്‍ ഈ കുതന്ത്രത്തിന്റെ ഭാഗമാണ്! സ്വര്‍ഗ്ഗത്തില്‍ വലിയൊരു യുദ്ധം ഉണ്ടായതിനെക്കുറിച്ചും, സാത്താന്‍ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടതിനെക്കുറിച്ചും ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളോടു ചേര്‍ത്തുവച്ച് അതീവഗുരുതരമായ മിഥ്യ പ്രചരിപ്പിക്കുന്ന കൗശലമാണ് ഇവരുടെ സങ്കല്പങ്ങളുടെ ആകെത്തുക!

ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ വചനങ്ങള്‍ ശ്രദ്ധിക്കുക: "അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി:12;7-9). സനാതനത്തിന്റെ കുതന്ത്രങ്ങള്‍ വെളിപ്പെടുത്തുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഇവയൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ആര്‍ഷഭാരത സംസ്കാരത്തിന്റെ അനുകരണമാണ് ബൈബിള്‍ എന്നു വാദിക്കാന്‍പോലും ഇവര്‍ തയ്യാറാകുന്നു. ഇവരുടെ വാദങ്ങളെ സാധൂകരിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ സഭയ്ക്കുള്ളില്‍ കടന്നുകൂടിയ 'സംഘപരിവാര്‍' ലോബി ആവിഷ്കരിച്ചു നടപ്പാക്കുന്നു. ദുരൂഹമായ നിസംഗതയിലൂടെ ഈ വാദങ്ങളെ ശരിവയ്ക്കുന്ന വ്യക്തികളും സംഘടനകളും ക്രൈസ്തവസഭകളില്‍ ഉണ്ടെന്നതും വിസ്മരിക്കരുത്.

വാസ്തുപുരുഷനെ കുറിച്ചുള്ള സങ്കല്പം എന്ത്?

വാസ്തുശാസ്ത്രത്തിലെ അദ്ഭുതകരമായ ആശയമാണ് വാസ്തുപുരുഷന്‍ എന്ന് ഇതിന്റെ പ്രചാരകര്‍ പറയുന്നു. കാലം എന്ന പ്രതിഭാസത്തെ കാലപുരുഷനും, വര്‍ഷം എന്ന പ്രതിഭാസത്തെ സംക്രമപുരുഷനും നിയന്ത്രിക്കുന്നതുപോലെ ഭൂമുഖത്തിലെ ഗൃഹനിര്‍മ്മാണയോഗ്യമായ ഭൂമിഖണ്ഡങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് വാസ്തുപുരുഷനാണ് എന്ന ധാരണയിലാണ് ഇക്കൂട്ടര്‍. വാസ്തു എത്ര ചെറുതായാലും വലുതായാലും അത് നാല് ചുവരുകളാല്‍ വേര്‍തിരിക്കപ്പെട്ടതാണെങ്കില്‍ അതിനെ നിയന്ത്രിക്കുന്ന ഒരു വാസ്തുപുരുഷനുണ്ടെന്നും ഇവര്‍ വാദിക്കുന്നു.

ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പരമാത്മതത്ത്വം പോലെയാണ് ലോകവ്യാപിയായ വാസ്തുതത്ത്വം. ഒരു വസ്തുവിലെ വാസ്തുപുരുഷന്‍ ജീവാത്മാവിനെപ്പോലെ ലോകവാസ്തുപുരുഷന്റെ അംശമാണ്. ജ്യോതിഷത്തില്‍ കാലത്തിനെ കാലപുരുഷന്‍ എന്ന് സങ്കല്‍പ്പിച്ചിരിക്കുന്നതുപോലെ, വാസ്തുശാസ്ത്രത്തില്‍ ഓരോ വസ്തുവിന്റേയും നാഥനായി വാസ്തുപുരുഷനെ സങ്കല്‍പ്പിച്ചിരിക്കുന്നു. ഒരു വസ്തുവുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാനായി ഒരു വാസ്തുപുരുഷനുണ്ട്. ഓരോ വസ്തുവിലും വസിക്കുന്ന വാസ്തുപുരുഷന്മാര്‍ ബ്രഹ്മാണ്ഡവ്യാപിയായ മഹാവാസ്തുപുരുഷന്റെ സൂക്ഷ്മരൂപങ്ങളാണ്; പരമാത്മാവും ജീവാത്മാക്കളും പോലെ! ഓരോ വസ്തുവിലും എത്ര ചെറുതായാലും എത്ര വലുതായാലും വാസ്തുപുരുഷന്‍ മുഖം മറച്ച് കമിഴ്ന്ന് കിടക്കുകയാണ്.

വാസ്‌തുപുരുഷന്‍ എല്ലാ വാസ്തുഭൂഖണ്ഡങ്ങളിലും അത് ചെറുതായാലും വലുതായാലും മഹാവാസ്തുപുരുഷന്റെ പ്രതീകമായി സ്ഥിതിചെയ്യുന്നു. ഓരോ വാസ്തുവിന്റെയും അതില്‍ സ്ഥിതിചെയ്യുന്ന വീട്ടിന്റെയും ആ വീട്ടില്‍ താമസിക്കുന്നവരുടേയും സുഖശാന്തിപൂര്‍ണ്ണമായ ജീവിതത്തിന്റെ ചുമതല ആ വാസ്തുവിന്റെ വാസ്തുപുരുഷനാണ്. വസ്തു ഉള്ളിടത്തോളം കാലം വാസ്തുപുരുഷന്‍ അവിടെത്തന്നെ സ്ഥിതിചെയ്യുന്നു. ഗൃഹനാഥന്‍ വസ്തു മാറിപ്പോയാലും വാസ്തുപുരുഷന്‍ പോകുന്നില്ല.

അത്യന്തം യുക്തിരഹിതമാണെങ്കിലും വാസ്തുപുരുഷന് ഒരു ദിവ്യപരിവേഷം നല്‍കാനാണ് ശ്രമിച്ചുകാണുന്നത്. വാസ്തുശാസ്ത്രത്തിലെ പ്രധാന സങ്കല്‍പമായ വാസ്തുപുരുഷന്റെ ഉദ്ഭവം സൂചിപ്പിക്കുന്നത് മത്സ്യപുരാണത്തിലാണ്. ബൃഹത്സംഹിതയില്‍ വാസ്തുപുരുഷനെ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വലിയ ജന്തു സ്വന്തം ശരീരംകൊണ്ട് ഭൂമിയേയും ആകാശത്തേയും മറച്ചു. ദേവതകള്‍ ഉടന്‍തന്നെ ആ ജന്തുവിനെ ഭൂമിക്കഭിമുഖമായി ഭൂമിയോട് ചേര്‍ത്തുപിടിച്ചു. ഏതു ദേവത ഏതു ശരീരാവയവത്തെ അമര്‍ത്തിപ്പിടിച്ചുവോ ആ ദേവത ആ ശരീരഭാഗത്തിന്റെ അധിദേവതയായി കല്‍പ്പിക്കപ്പെട്ടു. ഭൂമിയോടുകൂടി ചേര്‍ത്തുപിടിക്കപ്പെട്ട ജന്തു ആ വസ്തുവിന്റെ സംരക്ഷകനായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വാസ്തുശാസ്ത്രവും തച്ചുശാസ്ത്രവും!

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ് വാസ്തുശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. വാസ്തുശാസ്ത്രം തന്നെയാണ് തച്ചുശാസ്ത്രം. ഈ ശാസ്ത്രത്തെ വിശ്വകര്‍മ്മാവിന് ഉപദേശിച്ചുകൊടുത്തു.

പരമശിവന്റെ തൃക്കണ്ണില്‍ നിന്നാണ് വിശ്വകര്‍മ്മാവിന്റെ ജനനം. പൂണൂല്‍, ഗ്രന്ഥം, കുട, ദണ്ഡു, അഷ്ടഗന്ധം, കലശം, മുഴക്കോല്‍, ചിത്രപുല്ല് ഇവയോടുകൂടി ഉത്ഭവിച്ച വിശ്വകര്‍മ്മാവിനും മറ്റ് ദേവന്മാര്‍ക്കും വേണ്ടി ബ്രഹ്മാവ്‌ ഉപദേശിച്ച ശാസ്ത്രത്തില്‍നിന്ന് ഭോജരാജാവ് രചിച്ച ഗ്രന്ഥമാണ് സമരാങ്കണസൂത്രധാര. ക്ഷേത്രനിര്‍മ്മാണം, ഗൃഹനിര്‍മ്മാണം തുടങ്ങി വിമാന നിര്‍മ്മാണത്തെകുറിച്ചുള്ള വിവരങ്ങള്‍ വരെ ആ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

വാസ്തുപുരുഷന്‍ ഒരു ദുര്‍ഭൂതമാണെന്നു സമ്മതിക്കുമ്പോള്‍തന്നെ, ഈ ഭൂതത്തെ ദേവനായി കണക്കാക്കി പൂജിക്കുന്ന ശൈലിയാണ് സനാതനം ഉപദേശിക്കുന്നത്. ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട പുരാതന സര്‍പ്പമായ പിശാചിനെ ആരാധിക്കാനും പൂജിക്കാനും ക്രിസ്ത്യാനികള്‍ തയ്യാറാകണമെങ്കില്‍ ഇത്തരം കാപട്യങ്ങള്‍ അനിവാര്യമാണെന്ന് ഇതിന്റെ ഉപജ്ഞാതാക്കള്‍ക്കു നന്നായി അറിയാം! സാത്താന്യ ആരാധനയിലേക്ക് ദൈവജനത്തെ നയിക്കുന്ന ഈ കുതന്ത്രത്തില്‍ അറിഞ്ഞോ അറിയാതെയോ വിശ്വാസികള്‍ ഭാഗഭാക്കാകുന്നു എന്നതാണ് ഏറ്റവും അപകടകരമായ കാര്യം! അജ്ഞത ഒരു മഹാമാരിയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്! വാസ്തുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കൂടി പരിശോധിച്ചതിനുശേഷം ഇതിന്റെ ക്രിസ്തീയ കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.

തച്ചുശാസ്ത്രവും ജ്യോതിഷവും!

തച്ചുശാസ്ത്രത്തില്‍ ജ്യോതിഷത്തിന് ഏറെ സ്വാധീനമുണ്ട്. സ്ഥാനം (രാശി), നേരം (മുഹൂര്‍ത്തം) ഈ രണ്ട് ഘടകങ്ങളാണ് പ്രധാനമായും തച്ചുശാസ്ത്രത്തില്‍ ജ്യോതിഷത്തിന്റെ സ്വാധീനത്തെ പ്രകടമാക്കുന്നത്. മനുഷ്യരാശിയുടെ ജീവിതസുഖത്തിന് ഉതകത്തക്കതരത്തിലുള്ള വസതികളെ നിര്‍മ്മിക്കുന്നതിലേക്ക് ജ്യോതിഷവും വാസ്തുശാസ്ത്രവും മൈത്രി എന്ന നിലയില്‍ തോളോടു തോളുരുമ്മി നിലകൊള്ളുന്നു എന്നതാണ് വസ്തുത. ജ്യോതിഷത്തില്‍നിന്ന് ശില്പി ശാസ്ത്രോപയുക്തമായ പല ഭാഗങ്ങളെയും തെരഞ്ഞെടുത്ത് കോര്‍ത്തിണക്കേണ്ടതുണ്ട്. ചുരുക്കിപറഞ്ഞാല്‍, തച്ചുശാസ്ത്രവും ജ്യോതിഷവും രണ്ടല്ല, ഒന്നുതന്നെയാണ്! തച്ചുശാസ്ത്രപ്രകാരം 'വാസ്തു' എന്നതാണ് ഭൂമിയുടെ പേര്.

ഗൃഹപ്രവേശവും പാലുകാച്ചലും വാസ്തുപൂജയും!

ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍. നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണ്. ഇതുപോലെ നമ്മില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിര്‍വഹിക്കുന്നത്. പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക. ഇത്രയുമാണ്‌ പാലുകാച്ചല്‍ ചടങ്ങിലെ പ്രധാന ഭാഗങ്ങള്‍. ക്രിസ്ത്യാനികളില്‍ ചിലരെല്ലാം പാചകത്തിനുശേഷം അല്പമെടുത്ത് അടുപ്പില്‍ ഒഴിക്കുന്ന പതിവുണ്ട്. അഗ്നിദേവനു സമര്‍പ്പിക്കുന്ന ഈ പൈശാചിക അനുകരണത്തിന് പല ന്യായീകരണങ്ങള്‍ ഇവര്‍ നിരത്താറുണ്ട്! കൊതി കളയുകയാണെന്നു ചില പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്! അഗ്നിദേവന്റെ അണ്ണാക്കിലേക്കാണ് ഈ കൊതികളയല്‍ എന്ന് പലര്‍ക്കും അറിയില്ല!

അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാകുന്നു. ഈ പുരുഷനെ തൃപ്തിപ്പെടുത്താന്‍ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂര്‍ണ്ണത. ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുമുന്‍പ് വാസ്തുപൂജ നടത്തുന്നതിന്റെ കാരണം ഇതാണ്!

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളുമാണ് നാമിവിടെ കണ്ടത്. വാസ്തുശാസ്ത്രം എന്ന ആധുനീക നാമത്തില്‍ സാത്താനെ പൂജിക്കുന്ന ഈ ദുരാചാരം ക്രൈസ്തവര്‍ അനുകരിക്കുന്നതിലൂടെ ദൈവകോപം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നതെന്ന് നാം അറിഞ്ഞിരിക്കണം. വാസ്തുവെന്ന ദുര്‍ഭൂതത്തെയാണ് പൂജിക്കുന്നതെന്ന ജാള്യത മറയ്ക്കാന്‍, 'ഭൂമിപൂജ' എന്ന ഓമനപ്പേരിട്ട് ഇതു ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്! വിദ്യാസമ്പന്നരെന്ന് പറയപ്പെടുന്ന ഉദ്യോഗസ്ഥരുടെയും നേതാക്കന്മാരുടെയും മുന്നില്‍വച്ച് സര്‍ക്കാരിന്റെ ഖജനാവിലെ പണം ഉപയോഗിച്ചു നടത്തുന്ന ക്ഷുദ്രപ്രയോഗത്തിനു നമ്മളും സാക്ഷികളായിട്ടുണ്ട്! പാലം പണിയുന്നതിനു മുതല്‍ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുവരെ മന്ത്രവാദം നടത്തുന്ന ഏക ജനാധിപത്യരാജ്യം ഇന്ത്യയാണെന്നു പറയാതെവയ്യാ! ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും മറ്റു മതക്കാരുടെമേല്‍ അടിച്ചേല്പിക്കുന്ന ഈ പ്രവണത മതേതരത്വത്തിനു ഭൂഷണമല്ല! ഭൂമിപൂജയെ സംബന്ധിച്ചുള്ള ഹൈന്ദവ വിശ്വാസം പരിശോധിച്ചാല്‍, ഇതൊരു അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ കഴിയും എന്താണ് വാസ്തു എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നുകൂടി പരിശോധിക്കാം.

'വസ് ' എന്ന സംസ്കൃത പദത്തില്‍നിന്നാണ് ' വാസ്തു ' എന്ന പദം ഉണ്ടായത്. വസ് എന്നതിന് താമസിക്കുക, വസിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി എന്നാണ് വാസ്തുവിന്റെ അര്‍ത്ഥം. മര്‍ത്ത്യരും അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദൈവങ്ങള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്. വാസ്തുവിന്, വസ്തു അല്ലെങ്കില്‍ വസ്തുക്കള്‍ എന്നും അര്‍ത്ഥം കാണുന്നു. വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ്‌ വാസ്തു ശാസ്ത്രം!

മഹാവിഷ്ണുവിന്റെ ദിവ്യ രൂപമാണ് വാസ്തുപുരുഷന്‍ എന്നാണു ഹൈന്ദവ സങ്കല്പം. ഭൂമിയുടെ ഉപരിതല ഭാഗമാണ് വാസ്തുപുരുഷന്റെ ശാരീരമെന്നു പറയുന്നത്. അതുകൊണ്ട് ഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്നതും ഇനി നിര്‍മ്മിക്കാനുള്ളതുമായ എല്ലാ കെട്ടിടങ്ങളും (വീടുകളും) വാസ്തുപുരുഷന്റെ അനുമതിയോടെ നിര്‍മ്മിക്കണം. ഏത് കെട്ടിടമായാലും (കുടിലായാലും കൊട്ടാരമായാലും) കടയാണെങ്കില്‍കൂടി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പായി ഭൂമി പൂജ നടത്തിയിരിക്കണം എന്നതാണ് ഹൈന്ദവം അനുശാസിക്കുന്നത്. ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു വാസ്തുപുരുഷന്‍ സഹായിക്കുമെന്നാണ് ഇവരുടെ സങ്കല്പം! നിര്‍മ്മാണഘട്ടം മുതല്‍ അത് പൂര്‍ത്തിയാകുന്നതുവരെയും, പിന്നീട് കെട്ടിടം ഉപയോഗിച്ച് തുടങ്ങുമ്പോഴും നല്ല അനുഭവങ്ങള്‍ കിട്ടുന്നതിനുവേണ്ടിയും 'വാസ്തു ഭഗവാന്റെ' അനുഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടിയുമാണ് ഭൂമിപൂജ!

വാസ്തുശാസ്ത്രത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവര്‍ക്ക് എല്ലാ ഭൗതീക നേട്ടങ്ങളും ആത്മീയ ബോധജ്ഞാനവും ലഭിക്കുമെന്ന് ഹിന്ദുക്കള്‍ കരുതുന്നു. നഗരങ്ങള്‍, വീടുകള്‍, കോളനികള്‍ തുടങ്ങി രാജ്യങ്ങള്‍വരെ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പൗരാണിക 'ശാസ്ത്രം' വിശദീകരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വികസനം അതിന്റെ വാസ്തുബലത്തെ ആശ്രയിച്ചിരിക്കും എന്നതാണ് ഇവരുടെ മറ്റൊരു പ്രചരണം. വാസ്തുനിയമങ്ങള്‍ എവിടെയൊക്കെ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം ദോഷഫലങ്ങള്‍ ഉണ്ടാകും എന്നുള്ള ഭയപ്പെടുത്തലും ഇതിന്റെ പ്രചാരകരുടെ ഭാഗത്തുനിന്നു കാണാം. ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നതിനുമുമ്പ് ഒരു വാസ്തുശാസ്ത്രിയുടേയോ  വാസ്തുവിദഗ്ദ്ധന്റേയോ ഉപദേശം നേടുകയാണെങ്കില്‍ ആ വീട്ടിലൂടെ എല്ലാ വിജയങ്ങളും നേടുമെന്ന വാഗ്ദാനം, അനേകരെ ഈ ദുരന്തത്തില്‍ കെട്ടിയിടാനുള്ള 'കയര്‍' ആയി!

കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റൊരു ആചാരമായ കട്ടിള വയ്പ്പിലെ കെണികൂടി നമുക്ക് പരിശോധിക്കാം.

'കട്ടിള വയ്പ്പിലെ വാസ്തുശാസ്ത്രം!'

ജാതി-മത വ്യത്യാസമില്ലാതെ നമ്മുടെ നാട്ടില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഒരു ചടങ്ങാണ് കട്ടിളവയ്പ്പ്! ഓരോ മതവിഭാഗങ്ങളും വ്യത്യസ്ഥമായ രീതികളിലാണ് ഇതു നടത്തുന്നതെങ്കിലും അടിസ്ഥാനപരമായ തത്വം ഒന്നുതന്നെയാണ്. അതു മനസ്സിലാകണമെങ്കില്‍, ഇതിനെക്കുറിച്ചുള്ള ഹൈന്ദവ സങ്കല്പം പരിശോധിച്ചാല്‍ മതിയാകും. അതിനാല്‍, കട്ടിളവയ്പ്പിനെ സംബന്ധിച്ചുള്ള ഹൈന്ദവ അനുശാസനം ശ്രദ്ധിക്കുക;

തേക്ക്, ഈട്ടി തുടങ്ങിയ നല്ല ഇനത്തില്‍പ്പെട്ട തടിയില്‍ നന്നായി പണിതിട്ടുള്ളതായിരിക്കണം പ്രധാന കവാടത്തിന്റെ ചട്ടകൂട് അഥവാ കട്ടിള. നല്ല ദിവസം തെരഞ്ഞെടുത്തുവേണം കട്ടിള സ്ഥാപിക്കാന്‍. സ്ഥാപിക്കുന്നതിനുമുമ്പ് കട്ടിള കഴുകി വൃത്തിയാക്കി, ചന്ദനവും കുങ്കുമവും പൂശി, പുഷ്പങ്ങളും തോരണങ്ങളുംകൊണ്ട് അലങ്കരിക്കണം. പിന്നീട്, വാതിലിനു സ്ഥാനം കണ്ട സ്ഥലത്ത് കട്ടിള കൊണ്ടുചെന്നു വച്ചശേഷം, കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട്‌ നോക്കിക്കൊണ്ട് പ്രധാന മേസ്തിരി ഒരു ചെറിയ പൂജ നടത്തണം. കട്ടിള അല്ലെങ്കില്‍ വാതിലിന്റെ ചട്ടക്കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത്, അതിന്റെ മദ്ധ്യത്തില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിനുള്ളില്‍ രത്നകല്ലുകള്‍, പഞ്ചലോഹതുണ്ടുകള്‍, ചില്ലറ നാണയങ്ങള്‍ എന്നിവ വസ്തുവിന്റെ ഉടമയോ അദ്ദേഹത്തിന്റെ ഭാര്യയോ നിക്ഷേപിക്കണം. എന്നിട്ട് അവിടെ നല്ലതുപോലെ 'പ്ലാസ്റ്റര്‍' ചെയ്ത് അടയ്ക്കണം. പ്രധാന കവാടത്തിന്റെ മദ്ധ്യത്തില്‍, കട്ടിളയ്ക്കടിയില്‍നിന്നും ഈ വസ്തുക്കള്‍ അനുകൂല ഊര്‍ജ്ജം പുറപ്പെടുവിച്ച് പ്രധാനവാതിലിലൂടെ വീടിനകത്തേയ്ക്ക് കടത്തിവിടും. ഇത് താമസക്കാര്‍ക്ക് നല്ല ഗുണങ്ങള്‍ ചെയ്യും.

മേല്‍പറഞ്ഞവ കഴിയുമ്പോള്‍ വസ്തുവിന്റെ ഉടമകളെല്ലാവരും വാതിലിന്റെ ചട്ടക്കൂടിനെ അഥവാ കട്ടിളയെ പൂജിക്കണം. പ്രധാന കവാടം നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുന്നതിന് എല്ലാ കുടുംബാംഗങ്ങളുംചേര്‍ന്ന് മേസ്തിരിയെ സഹായിക്കണം. കട്ടിള സ്ഥാപിച്ചു കഴിഞ്ഞാല്‍ കുടത്തില്‍ വെള്ളവുമായി മൂന്നോ അഞ്ചോ സുമംഗലികളായ സ്ത്രീകളെ മൂന്നു പ്രാവശ്യം അകത്തേയ്ക്ക് കടത്തിവിടണം. ഇതോടെ ചടങ്ങ് പൂര്‍ത്തിയായി. ഇതാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്ന വിധി!

ക്രമാനുഗതമല്ലെങ്കില്‍ക്കൂടി, വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹൈന്ദവര്‍ പിന്തുടരുന്ന ആചാരങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം നാം കണ്ടുകഴിഞ്ഞു. ഇവയെല്ലാംതന്നെ ക്രൈസ്തവര്‍ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുന്നു എന്നതാണ് ഏറെ ലജ്ജാകരമായ കാര്യം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായി ഹൈന്ദവര്‍ പിന്തുടരുന്ന എല്ലാ ആചാരങ്ങളും വാസ്തുവുമായി ബന്ധപ്പെട്ടതാണെന്ന് നാം ഇവിടെ വിശദമായി മനസ്സിലാക്കി. വാസ്തു ആരാണെന്ന യാഥാര്‍ത്ഥ്യവും ഇവരില്‍നിന്നുതന്നെ മനസ്സിലാക്കുകയുണ്ടായി. ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട ഒരു ഭൂതമാണ്‌ വാസ്തുവെന്നു വ്യക്തമാക്കിയത് മനോവയല്ല; മറിച്ച്, ഹൈന്ദവ തത്വസംഹിതകള്‍തന്നെ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ ഇവിടെ പകര്‍ത്തിയെഴുതുക മാത്രമാണ് ചെയ്തത്. ആര്യന്മാരുടെ കുതന്ത്രമാണ് നാമിവിടെ തിരിച്ചറിയേണ്ട പ്രധാന കാര്യം. ദൈവത്താല്‍ തിരസ്ക്കരിക്കപ്പെട്ട ഒരു ജനത രൂപംനല്‍കിയ പ്രത്യയശാസ്ത്രത്തിലെ കൗശലം സനാതനധര്‍മ്മത്തില്‍ വ്യക്തമായി കാണാം. ആര്യന്മാര്‍ ആരായിരുന്നു എന്നതിനെക്കുറിച്ച് മനോവ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാഹ്‌വെയാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത അബ്രാഹത്തില്‍നിന്നാണ് ഉടലെടുത്തതെന്നു നമുക്കറിയാം. ഈ ജനതയ്ക്കു സമാന്തരമായി വേറിട്ടുനിന്ന മറ്റൊരു ജനതയായിരുന്നു ആര്യന്മാര്‍! അതുകൊണ്ടുതന്നെ, തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ വിശ്വാസവും സംസ്കാരവും ഇവര്‍ക്കു വ്യക്തമായി അറിയാം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു ബദലായി ഒരു സംസ്കാരം ആര്യന്മാര്‍ നിര്‍മ്മിച്ചപ്പോള്‍, സത്യവുമായി സാദൃശ്യമുണ്ടായത് സ്വാഭാവികമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനതയെ വരുംകാലങ്ങളില്‍ വഴിതെറ്റിക്കാന്‍ ഈ സാദൃശ്യം ഉപകാരപ്പെടുമെന്ന് പിശാചിനു നന്നായി അറിയാമായിരുന്നു. ഇതിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്, ക്രിസ്ത്യാനികള്‍ ഈ കെണിയില്‍ വീണുകിടക്കുന്നതാണ് നാമിന്നു കാണുന്നത്. എല്ലാ മതങ്ങളിലും നന്മയുടെ കണികയുണ്ടെന്നും, അവയെ നാം അംഗീകരിക്കണമെന്നും വിളിച്ചുകൂവാന്‍ സഭാശ്രേഷ്ഠന്മാരെ പ്രേരിപ്പിക്കാന്‍പോലും ഈ കൗശലം കാരണമായി! മതബോധനഗ്രന്ഥത്തില്‍ ഈ ഭോഷ്ക്ക് എഴുതിപ്പിടിപ്പിക്കാന്‍ ചില കുബുദ്ധികള്‍ തയ്യാറായതും ഈ കൗശലത്തിന്റെ പരിണിതഫലമാണ്!

ആര്യന്മാരാല്‍ നിര്‍മ്മിക്കപ്പെട്ട 'സനാതനധര്‍മ്മം' എന്ന ഹൈന്ദവ തത്വസംഹിതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാവനാകഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ബൈബിളിലെ വ്യക്തികളും സംഭവങ്ങളുമായി സാദൃശ്യമുള്ളതിനാല്‍, എല്ലാ ദൈവങ്ങളും ഒന്നാണെന്ന മിഥ്യാധാരണ ജനിക്കാന്‍ കാരണമായിട്ടുണ്ട്. ഹൈന്ദവവേദത്തില്‍(ആര്യവേദം) നിന്നാണ് ബൈബിള്‍ ഉണ്ടായതെന്നുപോലും വാദിക്കാന്‍ സാത്താനും അവന്റെ അനുചരന്മാരും ശ്രമിക്കുന്നതും ഈ മിഥ്യാ പ്രചാരണത്തിന്റെ ഭാഗമാണ്! ഭാരതത്തിലെ ചില മെത്രാന്മാരും വൈദീകരും ഈ ദുരന്തത്തിന്റെ വാഹകരും പ്രചാരകരുമായി ഉലകം ചുറ്റുന്നത് നാം കാണുന്നുണ്ട്! ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്.

വാസ്തു വിധിപ്രകാരം ഭവനങ്ങള്‍ നിര്‍മ്മിക്കുന്ന ക്രൈസ്തവ നാമധാരികള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ, അതിനേക്കാള്‍ ദുരന്തകരമായ അവസ്ഥയാണ് ക്രൈസ്തവസഭകളില്‍ ഉള്ളത്. വിശ്വാസികളുടെ വിജാതിയ അനുകരണം അതീവഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. എന്നിരുന്നാലും, വാസ്തുവിദ്യപ്രകാരം പള്ളികള്‍ പണിയുന്നതിനേക്കാള്‍ അപഹാസ്യമാണ്, വിശ്വാസികളുടെ ഈ ഭോഷ്ക്ക് എന്നുപറയാന്‍ മനോവയ്ക്കാവില്ല. ഇങ്ങനെയുള്ള പൈശാചിക സഭകളും ക്രൈസ്തവസഭകളെന്ന നാട്യത്തില്‍ നമുക്കിടയിലുണ്ട്! ആര്യന്മാരുടെ ഭാവനാസൃഷ്ടിയായ വാസ്തുവിനു ബലിയര്‍പ്പിക്കുമ്പോള്‍, പിശാചിനാണ് അതു സമര്‍പ്പിക്കുന്നത് എന്നകാര്യം എന്തുകൊണ്ടാണ് നിങ്ങള്‍ തിരിച്ചറിയാത്തത്? പൗലോസ് അപ്പസ്തോലന്‍ ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോള്‍, അതിനെ നിഷേധിക്കാനായി വിജാതിയതയ്ക്ക് പുതിയ നിര്‍വ്വചനം രചിച്ചവരല്ലേ നിങ്ങള്‍? അപ്പസ്തോലന്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). വിജാതിയര്‍ത്തന്നെ ഇതു സമ്മതിക്കുമ്പോള്‍, വിയോജനക്കുറിപ്പുമായി രംഗത്തിറങ്ങുന്നത് ക്രൈസ്തവസഭകളിലെ സംഘപരിവാര്‍ ലോബിയാണ്! വാസ്തുവിനു നല്‍കുന്ന പൂജയാണ് വാസ്തുബലി എന്ന് അവരുടെ ഗ്രന്ഥം വ്യക്തമാക്കിയിട്ടും അതു തിരിച്ചറിയാതെപോകുന്നത് പരിശുദ്ധാത്മാവില്ലാത്തതുകൊണ്ടാണ്!

പിശാചിന്റെ ഉത്പത്തിയെ സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന സൂചനയും, വാസ്തുവിന്റെ ഉത്പത്തിയെക്കുറിച്ച് ആര്യന്മാര്‍ മെനഞ്ഞെടുത്ത കഥയും ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. തിന്മയുടെ പ്രതീകമാണ് വാസ്തുവെന്ന് വിജാതിയര്‍ സമ്മതിക്കുന്നുമുണ്ട്. സ്വര്‍ഗ്ഗത്തില്‍നിന്നു വലിച്ചെറിയപ്പെട്ട പിശാച് ഇപ്പോള്‍ ഭൂമിയിലാണെന്നു വ്യക്തമാക്കിയിരുന്ന ബൈബിള്‍ഭാഗം നാം കണ്ടു. ഈ വചനത്തെ സ്ഥിരീകരിക്കുന്ന ഇണവചനംകൂടി വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാം: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും, ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കുമീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും"(ഏശയ്യാ:14;12-14). സാത്താന്‍ ഭൂമിയിലേക്കു വലിച്ചെറിയപ്പെടാനുണ്ടായ സാഹചര്യമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. സമാനമായ വിവരണം വാസ്തുവിനെ സംബന്ധിച്ച് വിജാതിയരും നല്‍കുന്നു! ആര്യന്മാര്‍ മെനഞ്ഞെടുത്ത കഥയില്‍ ദൈവത്തിനും അവിടുത്തെ ദൂതന്മാര്‍ക്കും പകരമായി ബ്രഹ്മാവും ദേവന്മാരുമാണ് കഥാപാത്രങ്ങള്‍! ബ്രഹ്മാവിന്റെ കല്പനപ്രകാരം ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട പരാക്രമശാലിയായ ദുര്‍ഭൂതമാണ് വാസ്തുപുരുഷന്‍!

ഇപ്രകാരം വലിച്ചെറിയപ്പെടുന്നത് സാത്താനെയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാവനയില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണെങ്കില്‍ക്കൂടി വാസ്തുപുരുഷന്‍ പ്രതിനിധാനം ചെയ്യുന്നത് പിശാചിനെയാണെന്ന കാര്യത്തില്‍ വിജാതിയര്‍ക്കും എതിരഭിപ്രായമില്ല! ഹൈന്ദവ തത്വസംഹിതയനുസരിച്ച് സാത്താനെയും ദേവനായി പരിഗണിച്ചു പൂജിക്കുന്നതില്‍ തെറ്റില്ല! ബ്രഹ്മാവിന്റെ നിര്‍ദ്ദേശാനുസരണമാണ് വാസ്തുപുരുഷനെ സേവിക്കുന്നതെന്ന് ഹൈന്ദവ സനാതനം വ്യക്തമാക്കിയിട്ടുണ്ട്. സാത്താനെ പൂജിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ബ്രഹ്മാവും പിശാചുതന്നെയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ വെളിപ്പെടുത്തലുകള്‍ വിരല്‍ചൂണ്ടുന്നത്! ബ്രഹ്മാവ്‌ ദൈവമായിരുന്നുവെങ്കില്‍ സാത്താനെ ആരാധിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കുമായിരുന്നില്ല! ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ആരംഭത്തില്‍ത്തന്നെ നാം കണ്ടതാണ്. അതില്‍നിന്ന് ഒരുഭാഗം ഇവിടെ ആവര്‍ത്തിക്കുന്നു: "ശിലാന്യാസം (കല്ലിടീല്‍), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹത്തില്‍ പലവിധ അനര്‍ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്‍വാദത്തില്‍ സംതൃപ്തനായ വാസ്തുപുരുഷന്‍ മനുഷ്യരാശിയില്‍നിന്നും പൂജകള്‍ ഏറ്റുവാങ്ങി ഭൂമിയില്‍ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

ബ്രഹ്മാവ്‌ ദൈവമായിരുന്നുവെങ്കില്‍, ഇത്തരത്തിലൊരു മാരണത്തെ മനുഷ്യരുടെ തലയില്‍ കെട്ടിവയ്ക്കുമായിരുന്നോ? സ്വര്‍ഗ്ഗത്തിലെ ദൈവത്തിന് ഏറ്റവും അസ്വീകാര്യമായ കാര്യം അന്യദേവാരാധനയാണെന്നു നമുക്കറിയാം! അന്യദേവന്മാരെ ആരാധിക്കുന്നതും സാത്താനെ ആരാധിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന സത്യം ബൈബിളിലെ ദൈവം വ്യക്തമാക്കിയിട്ടുണ്ട്. അലംഘനീയമായ കല്പനയിലൂടെ യാഹ്‌വെ വിലക്കിയിട്ടുള്ള അന്യദേവാരാധന അവിടുന്ന് ഒരിക്കലും പുനഃസ്ഥാപിച്ചിട്ടില്ല! കേരളത്തിലെ ക്രൈസ്തവസഭകളില്‍ കയറിക്കൂടിയ വിജാതിയവാദികള്‍ നടത്തുന്ന പ്രചാരണത്തിന്റെ ഗൂഢോദ്ദേശമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. വിശ്വാസികളുടെയിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് കൈക്കൊണ്ട അബദ്ധജടിലമായ തീരുമാനങ്ങളുടെ മറപിടിച്ചാണ് ദുരന്തകരവും ക്രിസ്തീയവിരുദ്ധവുമായ ആശയങ്ങള്‍ ഇവര്‍ പഠിപ്പിക്കുന്നത്. ഇതിനുവേണ്ടി ഇവര്‍ തട്ടിക്കൂട്ടിയ പൈശാചിക ഗ്രന്ഥമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'! ഹൈന്ദവപുരാണങ്ങളിലെ ഭാവനാസൃഷ്ടികളായ കഥാപാത്രങ്ങളുമായി ബൈബിളിലെ വ്യക്തികളെയും ദൈവംതന്നെയായ യേഹ്ശുവായെയും ചേര്‍ത്തുവയ്ക്കാന്‍ ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുണ്ട്.

കത്തോലിക്കാസഭയിലെ ഉന്നതരുടെ ഗണത്തില്‍ പരിഗണിക്കപ്പെടുന്ന ഇവര്‍മൂലം അനേകം വിശ്വാസികള്‍ വഴിതെറ്റിക്കപ്പെടുന്നു. സംഘപരിവാര്‍ സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തുന്ന ഇവരുടെ പേരിനുമുന്നിലുള്ള 'ഡോക്ടര്‍' വിശേഷണം കണ്ട് വിദ്യാസമ്പന്നര്‍പ്പോലും വഴിതെറ്റുന്നു! ഇത്തരം ഡോക്ടര്‍മാര്‍ ഉപരിപഠനം നടത്തിയിരിക്കുന്നത് വേദങ്ങളിലും ഉപനിഷത്തുകളിലും ആഭിചാരക്രിയകളിലുമാണെന്ന് വിശ്വാസികള്‍ അറിയുന്നില്ല! ഇറ്റലിയിലും സ്പെയിനിലുമൊക്കെയായി ഉപരിപഠനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തുന്ന പുരോഹിതന്മാര്‍ ദൈവശാസ്ത്ര പണ്ഡിതന്മാരാണെന്നു പാവപ്പെട്ട വിശ്വാസികള്‍ തെറ്റിദ്ധരിക്കുന്നു! ബൈബിള്‍ എന്താണെന്നുപോലും അറിയാത്ത ഇവരാണ് സഭാമക്കളുടെമേല്‍ ഭരണമേല്‍ക്കുന്നത്! ഈസാനബിയും യേഹ്ശുവായും ഒരുവന്‍തന്നെയാണെന്ന് ഇവര്‍ പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെ മറിയംബീവിയെന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നു! കൃഷ്ണനും മീരാഭായിയും തമ്മിലുള്ള ബന്ധത്തോട്‌ യേഹ്ശുവായും മഗ്ദലേനമറിയവും തമ്മിലുള്ള വിശുദ്ധബന്ധത്തെ താദാത്മ്യപ്പെടുത്തുന്നതും ഇവര്‍തന്നെ! യേഹ്ശുവായാണ് ഏകരക്ഷകനെന്ന്‍ ആരെങ്കിലും പറഞ്ഞാല്‍, അവരെ വിഡ്ഢികളെന്നു വിളിക്കാന്‍ മടിയില്ലാത്തവരാണ് കത്തോലിക്കാസഭയുടെ നിയന്ത്രണം സ്വയം ഏറ്റെടുത്തിരിക്കുന്നത്! ഇത്തരക്കാരെക്കുറിച്ചാണ് ബൈബിള്‍ ഇങ്ങനെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1കോറി:8;2).

വാസ്തുപുരുഷന്‍ പിശാചാണെന്ന്‍ ഹൈന്ദവര്‍ സമ്മതിച്ചാലും ചില ക്രിസ്ത്യാനികള്‍ക്ക് ഇതു സമ്മതിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത! ഹൈന്ദവരെ സംബന്ധിച്ചിടത്തോളം പിശാചിനെ സേവിക്കുന്നതും അവരുടെ ദേവന്മാരെ സേവിക്കുന്നതും തമ്മില്‍ അന്തരമൊന്നും ഇല്ലെന്ന് അവര്‍ക്കുതന്നെ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ്, ഇവര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കിയത്. ഇതു സമ്മതിച്ചാല്‍ തങ്ങളുടെ പൊള്ളത്തരങ്ങള്‍ പുറത്താകും എന്നതുകൊണ്ടാണ് ക്രൈസ്തവസഭകളിലെ സംഘപരിവാര്‍ സംഘം വിജാതിയദേവന്മാര്‍ക്കു ദൈവപരിവേഷം നല്‍കാന്‍ തയ്യാറാകുന്നത്. ഇവര്‍ അനുകരിക്കുന്ന മുഴുവന്‍ ആചാരങ്ങളും അന്യദേവന്മാരായ പിശാചുക്കളില്‍നിന്നാണ്. ദൈവമായ യാഹ്‌വെ കല്പനയിലൂടെ വിലക്കിയിട്ടുള്ള സകലതും കൗശലപൂര്‍വ്വം ക്രിസ്തീയ പാരമ്പര്യത്തിന്റെ ഭാഗമാക്കുകയും വിശ്വാസികളുടെമേല്‍ അടിച്ചേല്പിക്കുകയും ചെയ്തത് നാം കാണാതെപോകരുത്!

യേഹ്ശുവായും വാസ്തുപുരുഷനും!

ഭൂമിയുടെമേല്‍ അധികാരിയായി വിലസിയിരുന്ന ഒരു സാത്താനെ ബൈബിളില്‍ നാം കാണുന്നുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയുമായി മരുഭൂമിയില്‍ ചിലവഴിച്ചിരുന്ന നാളുകളില്‍ യേഹ്ശുവായുടെ മുന്‍പില്‍ പ്രലോഭനങ്ങളുമായി കടന്നുവരുന്ന സാത്താനെയാണ് ബൈബിളില്‍ നാം കാണുന്നത്. വാസ്തുപുരുഷന്‍ എന്ന് ഹിന്ദുക്കള്‍ വിളിക്കുന്നത് ഈ സാത്താനെ തന്നെയാണെന്ന് അവിടെ വ്യക്തമായി വായിക്കാന്‍ കഴിയും. ഈ ബൈബിള്‍ഭാഗം ശ്രദ്ധിക്കുക: "പിന്നെ പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു. പിശാച് അവനോടു പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേതാകും"(ലൂക്കാ:4;5-7). വാസ്തുവിനെ ആരാധിക്കുന്നവര്‍ക്ക് അവന്‍ ഭൂമിയില്‍ ഐശ്വര്യവും സമാധാനവും വാഗ്ദാനംചെയ്യുന്നതുപോലെ, യേഹ്ശുവായെ പ്രലോഭിപ്പിക്കാന്‍ കടന്നുചെന്നതും വാസ്തുതന്നെയായിരുന്നു!

യേഹ്ശുവാ അന്ന് വാസ്തുപുരുഷനോടു പറഞ്ഞു: "നിന്റെ ദൈവമായ യാഹ്‌വെയെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു"(ലൂക്കാ:4;8). എന്നാല്‍, ക്രൈസ്തവരെന്ന് അഭിമാനിക്കുന്നവര്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്? വാസ്തുവിനെ പൂജിച്ച്, അവന്റെ ഔദാര്യത്തിനുവേണ്ടി ഒന്നാംപ്രമാണം ലംഘിക്കുന്നു! 'പുരവാസ്തോലി' നടത്തുന്ന ക്രിസ്ത്യാനി ഓര്‍ത്തുകൊള്ളുക: 'യേഹ്ശുവാ ഈ വിടിന്റെ നാഥന്‍' എന്ന് കട്ടിളപ്പടിയില്‍ എഴുതിവച്ചിട്ടു കാര്യമില്ല. കാരണം, ഒന്നാംപ്രമാണം ലംഘിക്കുന്നവന്റെ ഭവനത്തില്‍ ക്രിസ്തു വന്നു വസിക്കുകയില്ല!

യേഹ്ശുവാ കാല്‍വരിക്കുരിശില്‍ ചിന്തിയ രക്തത്താല്‍ വാസ്തുപുരുഷന്റെ തല തകര്‍ത്തുകളഞ്ഞതാണ്. ഇപ്പോള്‍ അവന്റെ പ്രേതത്തെയാണ് വിജാതിയര്‍ പൂജിച്ചുകൊണ്ടിരിക്കുന്നത്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെമേല്‍ വാസ്തുപുരുഷനു യാതൊരു അധികാരവും ശക്തിയുമില്ല. തന്നെ അനുഗമിക്കുന്നവര്‍ക്ക്‌ യേഹ്ശുവാ നല്‍കിയിരിക്കുന്ന അധികാരം ഇതാണ്: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല"(ലൂക്കാ:10;19). ഈ അധികാരം കയ്യാളുന്ന ക്രിസ്ത്യാനികള്‍, തങ്ങള്‍ക്കു ലഭിച്ച അധികാരത്തെ തിരിച്ചറിയാതെ ശത്രുവിനു കീഴ്പ്പെടുന്ന അപഹാസ്യമായ അവസ്ഥയാണ് വാസ്തുപൂജ! കാരണം, ഭൂമിയുടെമേല്‍ അധികാരം സ്ഥാപിച്ചിരുന്ന വാസ്തുപുരുഷനില്‍(സാത്താനില്‍)നിന്ന്‍ ഈ അധികാരം തിരിച്ചുപിടിച്ചത് യേഹ്ശുവായാണ്. അവിടുന്ന് ഇതു തിരിച്ചുപിടിക്കുന്നതിനു മുന്‍പുവരെ സാത്താനാകുന്ന വാസ്തുപുരുഷന്‍ അധികാരം കൈവശംവച്ചിരുന്നു. അതുകൊണ്ടാണ്, ഭൂമിയിലെ സകല രാജ്യങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇവയെല്ലാം തനിക്കു നല്‍കപ്പെട്ടിരിക്കുന്നു എന്ന സാത്താന്റെ പ്രഖ്യാപനത്തെ യേഹ്ശുവാ നിഷേധിക്കാത്തത്! എന്നാല്‍, കുരിശുമരണത്തിനും പുനഃരുത്ഥാനത്തിനുശേഷം യേഹ്ശുവാ പറയുന്നത് ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ:28;18).

മുന്‍പ് യേഹ്ശുവായോട് സാത്താന്‍ പറഞ്ഞത് ഭൂമിയിലെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നുവെങ്കില്‍, യേഹ്ശുവാ നമ്മോടു പറയുന്നത് ഭൂമിയിലെയും സ്വര്‍ഗ്ഗത്തിലെയും അധികാരത്തെക്കുറിച്ചാണ്! രാജാവു സ്ഥാനഭ്രഷ്ടനാക്കപ്പെട്ട യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത പ്രജകള്‍ അവനെ വീണ്ടും സേവിക്കുന്നതുപോലെയാണ് വാസ്തുപൂജ നടത്തുന്നവരുടെ അവസ്ഥ! അതുവഴി യഥാര്‍ത്ഥ രാജാവിന്റെ കോപം ഇവര്‍ വിളിച്ചുവരുത്തുന്നു! വാസ്തുപൂജ നടത്തുന്നതിലൂടെ യേഹ്ശുവാ കാല്‍വരിയില്‍ അര്‍പ്പിച്ച രക്തത്തിനെതിരേ ഇവര്‍ പാപം ചെയ്യുന്നുവന്നതാണ് യാഥാര്‍ത്ഥ്യം! അധികാരമില്ലാത്ത ഒരുവനെ പൂജിക്കന്നതുവഴി അവനെ അധികാരത്തില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അതായത്, കിടപ്പാടമില്ലാതെ അലഞ്ഞുനടക്കുന്ന വാസ്തുപുരുഷനു കിടപ്പാടമൊരുക്കിക്കൊടുക്കുന്ന സംവീധാനത്തെയാണ് വാസ്തുപൂജ എന്നു വിളിക്കുന്നത്! അതിനായി വാസ്തുപുരുഷന്‍(സാത്താന്‍) അയച്ചിരിക്കുന്ന അവന്റെ സേവകരാണ് വാസ്തുശില്പികള്‍ എന്നറിയപ്പെടുന്ന മൂത്താശാരിമാര്‍!

ക്രിസ്ത്യാനികള്‍ ഇത്തരം പൈശാചിക കൃത്യങ്ങള്‍ നടത്തുവാന്‍ പാടില്ല. ഏതെങ്കിലും കാരണവശാല്‍, വാസ്തുപുരുഷന്‍ നമ്മുടെ ഭവനങ്ങളില്‍ കടന്നുകൂടിയാല്‍, അവനെ ആട്ടിപ്പുറത്താക്കാനുള്ള അധികാരവും ശക്തിയും ക്രിസ്തുവില്‍ നമുക്കുണ്ട്. വചനം ഇപ്രകാരം നമ്മെ അധികാരപ്പെടുത്തിയിരിക്കുന്നു:

ചരട് വെഞ്ചരിപ്പും കുരിശ് കുഴിച്ചിടലും!

ക്രൈസ്തവരായ ഇരകളെ വീഴ്ത്താന്‍ ചില പൈശാചിക തന്ത്രങ്ങള്‍ മൂത്താശാരിമാര്‍ പ്രയോഗിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വെഞ്ചരിച്ച കുരിശ് തറയുടെ മൂലകളിലും കട്ടിളപ്പടിയുടെ ചുവട്ടിലും കുഴിച്ചിടുന്ന രീതിയാണ്. മൂത്താശാരിയുടെ ഈ ഉപദേശം കേള്‍ക്കുന്ന 'ക്രിസ്ത്യാനികള്‍' ആശാരിയുടെ 'സെക്കുലര്‍' ആശയത്തെ ആദരവോടെ സ്വീകരിക്കുകയും അവനെ സമ്മാനങ്ങള്‍(മദ്യം) നല്‍കി ബഹുമാനിക്കുകയും ചെയ്യുന്നു! മൂത്താശാരിയുടെ ഈ നിര്‍ദ്ദേശത്തെ ക്രിസ്തുവിനോടുള്ള ആദരവായി ആരും കരുതരുത്. രണ്ടാംപ്രമാണത്തിനെതിരെയുള്ള മഹാപാപവും തീരാശാപത്തിലേക്കുള്ള ചവിട്ടുപടിയുമാണ്‌ ഇതെന്ന് മിക്കവര്‍ക്കും അറിയില്ല! ആശാരിയുടെ ഉപദേശപ്രകാരം കുരിശുമായി ഇടവക വൈദീകനെ സമീപിക്കുമ്പോള്‍, സന്തോഷത്തോടെ അതു വെഞ്ചരിച്ചുകൊടുക്കുന്ന ഇടയന്റെ കാര്യമാണ് മഹാകഷ്ടം!

ആഭിചാരക്രിയകള്‍ ക്രിസ്തീയവത്ക്കരിച്ചു നടപ്പാക്കുന്ന വൈദീകര്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും ഉണ്ടെന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങളെ ജ്ഞാനം അഭ്യസിപ്പിക്കേണ്ട 'വൈദീകര്‍' അവരെ അന്ധകാരത്തിലേക്കു തള്ളിയിടുന്ന ദുരവസ്ഥയാണിത്! വചനം ഇങ്ങനെ മുന്നറിയിപ്പു തരുന്നു: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി"(മലാക്കി:2;7,8). ജ്ഞാനം തേടി ജനം പുരോഹിതനെ സമീപിക്കാറുണ്ടെങ്കിലും, അധരത്തില്‍ ജ്ഞാനം ഇല്ലെന്നതാണ് പ്രധാന പ്രശ്നം! വചനത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ലാത്ത ഇവര്‍, സ്വന്തം യുക്തിവിചാരങ്ങളെ നിയമമായി പഠിപ്പിക്കുന്നു. ഇവര്‍ നല്‍കുന്ന ഉപദേശത്തെ യഥാര്‍ത്ഥ ജ്ഞാനമായി പരിഗണിക്കുന്ന സാധാരണ വിശ്വാസികള്‍ വഴിതെറ്റിപ്പോകുകയും ചെയ്യുന്നു! കാരണം, പുരോഹിതരെക്കുറിച്ച് യേഹ്ശുവാ ഇങ്ങനെ അരുളിചെയ്തിരിക്കുന്നു: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ:15;14). ഇതുതന്നെയാണ് ക്രൈസ്തവസഭകളില്‍ സംഭവിച്ച ദാരുണമായ അപചയവും!

ഭവനത്തിലെ അംഗങ്ങളും അതിഥികളും അടക്കം വിജാതിയരോ സ്വജാതീയരോ എന്ന വ്യത്യാസമില്ലാതെ സകലരും ചവിട്ടിനടക്കുന്ന കട്ടിളപ്പടിയുടെ ചുവട്ടില്‍ കുഴിച്ചിടാനായി കുരിശു വെഞ്ചരിച്ചു കൊടുക്കുന്ന കത്തോലിക്കാ വൈദീകര്‍ക്ക് രണ്ടാംപ്രമാണത്തിന്റെ അര്‍ത്ഥം അറിയില്ലേ? അറിയില്ലെങ്കില്‍ മനോവ പറഞ്ഞുതരാം. യാഹ്‌വെയുടെ തിരുനാമം വൃഥാ ഉപയോഗിക്കരുത് എന്ന കല്പനയില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് എല്ലാ ക്രൈസ്തവരും അറിഞ്ഞിരിക്കണം. ഒറ്റവാക്കില്‍ ഈ കല്പനയുടെ ആന്തരാര്‍ത്ഥം പൂര്‍ണ്ണമായി വിവരിക്കുക പ്രയാസമാണ്. ദൈവകല്പനകള്‍ എന്ന ലിങ്കില്‍ ഓരോ പ്രമാണങ്ങളെയും വിശകലനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് മനോവ. ആയതിനാല്‍, രണ്ടാംപ്രമാണത്തെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരണം ഇവിടെ നല്‍കുന്നില്ല. എന്നിരുന്നാലും, കുരിശിനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. കുരിശിനെ നിന്ദിക്കുന്നതുവഴി എങ്ങനെയാണ് രണ്ടാംപ്രമാണം ലംഘിക്കപ്പെടുന്നതെന്നു പരിശോധിക്കാം.

യാഹ്‌വെയുടെ തിരുനാമം വൃഥാ ഉപയോഗിക്കുക എന്നാല്‍, കരിസ്മാറ്റിക് പ്രാര്‍ത്ഥനയാണെന്നു പ്രചരിപ്പിക്കുന്ന ചില കുബുദ്ധികള്‍ ശ്ലൈഹീകസഭകളിലുണ്ട്. കരിസ്മാറ്റിക്കുകളും പെന്തക്കൊസ്തുകാരും ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതും, 'ഹല്ലേലൂയാഹ്' പറയുന്നതും രണ്ടാംപ്രമാണ ലംഘനമായി വ്യാഖ്യാനിക്കുന്നതിന്റെ കാരണം, ഇത്തരക്കാര്‍ പരിശുദ്ധാത്മാവിനെക്കുറിച്ചു കേട്ടിട്ടുപോലും ഇല്ലാത്തതുകൊണ്ടാണ്! യഥാര്‍ത്ഥത്തില്‍ ഈ പ്രമാണലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഘടകങ്ങളില്‍ ഒന്നാണ് കുരിശിനോടുള്ള അനാദരവ്! യാഹ്‌വെയുടെ തിരുനാമം എന്നാല്‍, അവിടുത്തെ നാമം വഹിക്കുന്ന വസ്തുക്കള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ദൈവത്താല്‍ മഹത്വീകരിക്കപ്പെട്ട വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും നമ്മുടെ ആദരവ് അര്‍ഹിക്കുന്നുണ്ട്. ഇവ മൂന്നിനും ഓരോ ഉദാഹരണങ്ങള്‍ ബൈബിളില്‍നിന്നു വെളിപ്പെടുത്താം. "നിന്റെ പാദങ്ങളില്‍നിന്നു ചെരുപ്പ് അഴിച്ചുമാറ്റുക. നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാണ്"(യോഹ്ഷ്വ: 5; 15). യാഹ്‌വെയുടെ സൈന്യാധിപന്‍ പ്രത്യക്ഷനായി യോഹ്ഷ്വയോടു പറഞ്ഞ വാക്കുകളാണ് ഇത്. യാഹ്‌വെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ച സ്ഥലങ്ങള്‍ അവിടുത്തെ നാമം വഹിക്കുന്നു. അതുകൊണ്ടുതന്നെ, അനാദരവോടെ ഈ സ്ഥലങ്ങളെ സമീപിക്കുന്നതും, അവയുടെ പേരുകള്‍ ദുഷിക്കുന്നതും രണ്ടാംപ്രമാണം ലംഘിക്കുന്നതിനു തുല്യമാണ്!

ഇതുമായി ബന്ധപ്പെടുത്താവുന്ന ഒരു വചനംകൂടി കുറിക്കാം: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ട് ആണയിടരുത്; അത് ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. യെരുശലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്"(മത്താ: 5; 34, 35). യെരുശലെമിനെക്കൊണ്ട് ആണയിടുകയോ അനാദരവോടെ സംസാരിക്കുകയോ ചെയ്യുന്നത് തിന്മയാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത് യേഹ്ശുവായാണ്! ദൈവം തിരഞ്ഞെടുത്ത ചില പ്രത്യേക സ്ഥലങ്ങള്‍ ഉണ്ടെന്ന കാര്യം ഇവിടെ വ്യക്തമാണ്. ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നീടു നല്‍കാം.

ദൈവംതിരഞ്ഞെടുത്ത വ്യക്തികളെ അധിക്ഷേപിക്കുമ്പോള്‍, രണ്ടാംപ്രമാണം ലംഘിക്കപ്പെടുന്നു എന്നകാര്യം പലരും മനസ്സിലാക്കുന്നില്ല. ഇതു പറയുമ്പോള്‍, മനോവയുടെ നേരേ ചിലര്‍ നെറ്റിചുളിക്കും എന്നറിയാം. കാരണം, ചില വ്യക്തികളെ അതിരൂക്ഷമായി വിമര്‍ശിക്കാനും വിചാരണ ചെയ്യാനും മനോവ പലപ്പോഴും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് അപ്രകാരം ചെയ്തത് എന്നകാര്യം പലവട്ടം മനോവ വ്യക്തമാക്കിയിട്ടുള്ളതുമാണ്. യേഹ്ശുവായാല്‍ അയയ്ക്കപ്പെട്ടവരല്ലെന്നു നൂറുശതമാനം സ്പഷ്ടമായതിനുശേഷം മാത്രമേ മനോവ ആരെയെങ്കിലും വിമര്‍ശിക്കാറുള്ളു. ദൈവജനത്തെ ഒന്നടങ്കം നാശത്തിലേക്കു നയിക്കുന്നവരെ തുറന്നുകാണിക്കുകയെന്നത് സുവിശേഷ ശുശ്രൂഷയുടെ ഭാഗംതന്നെയാണ്! ദൈവത്താല്‍ അയയ്ക്കപ്പെട്ടവരെയും വ്യാജന്മാരെയും തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ബൈബിളിനെ അടിസ്ഥാനമാക്കി വ്യക്തമാക്കിയിട്ടുള്ള ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍, കൂടുതല്‍ വിവരണത്തിനു മുതിരാതെ മുന്നോട്ടുപോകാം.

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെയും സമൂഹത്തെയും അധിക്ഷേപിക്കുന്നതിലൂടെ യാഹ്‌വെയെ തന്നെയാണ് അധിക്ഷേപിക്കുന്നത്. ദൈവമായ യാഹ്‌വെ അബ്രാഹത്തോടു പറഞ്ഞ വാക്കുകള്‍ നോക്കുക: "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും"(സൃഷ്ടി: 12; 3). ഒരു വചനംകൂടി ശ്രദ്ധിക്കുക: "ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യാഹ്‌വെ ഭര്‍ത്സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്സിക്കും?"(സംഖ്യ: 23; 8). ആദ്യത്തെ വചനം അബ്രാഹം എന്ന വ്യക്തിയെ സംബന്ധിച്ചാണെങ്കില്‍, രണ്ടാമത്തേത് ഒരു ജനതയെക്കുറിച്ചാണ്. യിസ്രായേല്‍ജനത്തെ ശപിക്കാനായി ബാലാക് കൂലിക്കെടുത്ത ബാലാമിന്റെ വാക്കുകളാണ് ഇവ! യാഹ്‌വെയുടെ നാമം വഹിക്കുന്ന ജനത്തെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവര്‍, യാഹ്‌വെയെ തന്നെയാണ് അധിക്ഷേപിക്കുന്നത്. സൈന്യങ്ങളുടെ ദൈവത്തിന്റെ നാമം വഹിക്കുന്ന അവിടുത്തെ ജനമാണ് യിസ്രായേല്‍ജനം! ഈ വചനം നോക്കുക: "യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം: 28; 10). യിസ്രായേലിനെക്കുറിച്ചാണ് ഇവിടെ അറിയിക്കുന്നത്!

യേഹ്ശുവായുടെ നാമത്തെപ്രതി പീഡകളേല്‍ക്കുകയും രക്തസാക്ഷികളാകുകയും ചെയ്തിട്ടുള്ള അനേകരുണ്ട്. അവരൊക്കെയും വഹിക്കുന്നത് യേഹ്ശുവായുടെ നാമമാണെന്നു നാം വിസ്മരിക്കരുത്! യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 40, 41). അപ്പസ്തോലനായ കേപ്പാ പറയുന്നത് നോക്കുക: "മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിയില്ലാത്തവരാണ് അവര്‍"(2 കേപ്പാ: 1; 11). മഹിമയണിഞ്ഞവര്‍ എന്നൊരു വിഭാഗം ഉണ്ടെന്നുതന്നെയല്ലേ ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്!

യാഹ്‌വെയുടെ നാമം വഹിക്കുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്ന്‍ ഇനി നമുക്കു പരിശോധിക്കാം. സ്ഥലങ്ങളും വ്യക്തികളും സമൂഹവും എന്നതുപോലെതന്നെ വസ്തുക്കളും യാഹ്‌വെയുടെ നാമം വഹിക്കുന്നുണ്ട്. യിസ്രായേല്‍ജനം വാഗ്ദത്ത നാട്ടിലേക്കു യാത്രചെയ്തപ്പോള്‍, ഇവര്‍ വഹിച്ചിരുന്ന വാഗ്ദാനപേടകം ഇത്തരത്തില്‍ യാഹ്‌വെയുടെ നാമം വഹിക്കുന്ന വസ്തുവാണ്! അനാദരവോടെ വാഗ്ദാനപേടകത്തിനുനേരേ കൈനീട്ടിയ ഒരുവനെ തത്ക്ഷണം വധിച്ചുകൊണ്ട് യാഹ്‌വെ ഇതിനു ദൃഷ്ടാന്തം നല്‍കി! ശമുയേല്‍ പ്രവാചകന്റെ രണ്ടാംപുസ്തകത്തില്‍ ആറാമത്തെ അദ്ധ്യായത്തിലാണ് ഈ സംഭവം കാണുന്നത്. യാഹ്‌വെയുടെ നാമം വഹിക്കുന്ന മറ്റൊരു വസ്തുവാണ് അവിടുത്തെ ബലിപീഠം! ബലിപീഠത്തെ എത്ര പവിത്രതയോടെ സമീപിക്കണം എന്നത് നിയമത്തില്‍ വിവരിച്ചിട്ടുണ്ട്. ബലിപീഠത്തെ സമീപിക്കാന്‍ അഹറോനും അവന്റെ സന്തതികള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അനുവാദമില്ല. ഈ നിയമം ശ്രദ്ധിക്കുക: "എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും"(സംഖ്യ:18;3). പ്രവാചകകാലത്തെ ബലികളെല്ലാം യേഹ്ശുവായുടെ ബലിയുടെ നിഴല്‍ മാത്രമായിരുന്നു. അഹറോനും സന്തതികളും അര്‍പ്പിച്ച പാപപരിഹാര ബലികള്‍ പൂര്‍ത്തിയായത് യേഹ്ശുവാ അര്‍പ്പിച്ച ബലിയിലാണ്. അതായത്, അഹറോന്‍ അര്‍പ്പിച്ച ബലികളുടെ ഫലപ്രാപ്തി കൈവന്നത് കാല്‍വരിമലയിലെ മരക്കുരിശിലാണ്!

അതുകൊണ്ടാണ്, പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തിയത്: "നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ?"(ഹെബ്രാ:10;1,2). അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് വീണ്ടും അറിയിക്കുന്നു: "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായി"(ഹെബ്രാ:10;11,12). എന്നേക്കുമുള്ള ഏക ബലി അര്‍പ്പിക്കപ്പെട്ട ബലിപീഠമാണ് യേഹ്ശുവായുടെ കുരിശ്! ആടുകളെ അര്‍പ്പിച്ചിരുന്ന ബലിപീഠത്തിന് മഹനീയമായ സ്ഥാനം നല്‍കിയ ദൈവം, അവിടുത്തെ ഏകജാതന്‍ സ്വന്തം ശരീരം ബലിയായി അര്‍പ്പിച്ച ബലിപീഠത്തെ എത്രയോ പവിത്രമായി പരിഗണിക്കും! വെഞ്ചരിച്ച് വാതില്‍പ്പടിയുടെ കീഴില്‍ കുഴിച്ചിടാനുള്ളതല്ല രക്ഷയുടെ അടയാളമായ ഈ കുരിശ്! കുരിശിനെ അനാദരിക്കുന്ന വിഭാഗങ്ങളും ക്രിസ്തീയതയുടെ പേരില്‍ത്തന്നെ നിലകൊള്ളുന്നു എന്നകാര്യം മറക്കുന്നില്ല. ഈ വചനം പരിശോധിച്ചാല്‍, കുരിശിനോടുള്ള അവഗണനയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാകും: "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ"(1 കോറി: 1; 18).

രക്ഷയുടെ അടയാളമായിട്ടാണ് ബൈബിളില്‍ നാം കുരിശു കാണുന്നത്. ശിക്ഷയുടെ അടയാളമായ കുരിശിനെ രക്ഷയുടെ അടയാളമായി കാണാന്‍ യെഹൂദര്‍ക്കു സാധിച്ചില്ല. ക്രൂശിക്കപ്പെട്ട ക്രിസ്തു യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായിരുന്നു. എന്നാല്‍ വിളിക്കപ്പെട്ടവര്‍ക്ക് ക്രിസ്തു ദൈവത്തിന്റെ ശക്തിയാണ്. അതുപോലെ വിളിക്കപ്പെട്ടവര്‍ക്ക് കുരിശു രക്ഷയുടെ അടയാളമാണ്. ഇന്നു പലര്‍ക്കും കുരിശ് ഇടര്‍ച്ചക്ക് കാരണമാണെങ്കില്‍, അവര്‍ ഏതു ഗണത്തിലാണെന്ന് ഊഹിക്കാവുന്നതേയുള്ളു. പൗലോസ് പറയുന്നു: "അങ്ങനെ ഞാന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ കുരിശിന്റെ പേരിലുള്ള ഇടര്‍ച്ച ഉണ്ടാകുമായിരുന്നില്ല."(ഗലാത്തി: 5; 11). "എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനംകൊള്ളുന്നു. ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്" (ഫിലി:3;18-20).

കുരിശിനെ നിഷേധിക്കുന്നവരല്ല; മറിച്ച്, ആദരിക്കുന്നുവെന്നു വാദിക്കുന്നവരാണ് ഇതിനെ നിന്ദിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാമിവിടെ തിരിച്ചറിയണം. ഇതുതന്നെയാണ് സാത്താന്റെ ലക്ഷ്യവും! നാം ആദരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം നിലത്തിട്ടു ചവിട്ടാന്‍ തയ്യാറാകില്ല. കുരിശിനെ ആദരിക്കുന്നവര്‍ അത് മണ്ണില്‍ കുഴിച്ചിടുകയോ, വാതില്‍പ്പടിയുടെ ചുവട്ടില്‍ സ്ഥാപിക്കുകയോ ഇല്ല. ഏറ്റവും പ്രധാന സ്ഥാനത്ത് ആദരവോടെതന്നെ അതു പ്രതിഷ്ഠിക്കും. കുരിശ് കുഴിച്ചിടാന്‍ ഉപദേശിക്കുന്ന മൂത്താശാരി തന്റെ വീട് നിര്‍മ്മിച്ചപ്പോള്‍ 'ഓം' എന്ന ചിഹ്നം കട്ടിളപ്പടിയുടെ ചുവട്ടില്‍ കുഴിച്ചിട്ടിരുന്നോ? ഹൈന്ദവരായ വ്യക്തികളോട് ഇപ്രകാരം ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുമോ? ഇവിടെയാണ്‌ സാത്താന്റെ കൗശലം തിരിച്ചറിയേണ്ടത്! തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന ധാരണയില്‍ ജീവിക്കുന്നവരല്ലാതെ, മറ്റൊരു മതക്കാരും തങ്ങളുടെ മതചിഹ്നങ്ങളെ ദുരുപയോഗിക്കില്ല! ആഭിചാരക്കാരായ ചില വൈദീകരാണ് ഇത്തരം പൈശാചിക പ്രവര്‍ത്തികള്‍ക്കു പ്രോത്സാഹനം നല്‍കുന്നത്!

ക്രൈസ്തവ ഭവനങ്ങളിലെ തകര്‍ച്ചകളുടെ മൂലകാരണം അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ഇത്തരം ആഭിചാരങ്ങളുടെ അനുഭവങ്ങളിലായിരിക്കും. പെണ്‍മക്കള്‍ അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടുന്നു, ആണ്‍മക്കള്‍ താന്തോന്നികളായി അധഃപതിക്കുന്നു, അദ്ധ്വാനഫലം അനുഭവിക്കാന്‍ യോഗമില്ലാത്ത ദുരവസ്ഥ, പെട്ടന്നുള്ള മരണങ്ങള്‍, മാറാരോഗങ്ങള്‍, പ്രാര്‍ത്ഥിക്കാനോ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ കഴിയാത്ത ബന്ധനങ്ങള്‍, കുടുംബത്തില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതി തുടങ്ങിയവ ഇത്തരം ആഭിചാരകര്‍മ്മങ്ങളുടെ പരിണിതഫലമാണ്! പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ജീവിക്കാന്‍ വഴിയില്ലാതെ, വിദേശങ്ങളില്‍ ജോലിതേടി പോകുന്ന അനേകര്‍ നമ്മുടെയിടയില്‍ ഉണ്ട്. വാസ്തുവിനെ പരിഗണിക്കാതെ ശാസ്ത്രീയമായി നിര്‍മ്മിച്ച സ്ഥാപനങ്ങളില്‍ ജോലിചെയ്യുകയും, ബുദ്ധിയുള്ള എഞ്ചിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായിത്തന്നെ നിര്‍മ്മിച്ച വീടുകളില്‍ അന്തിയുറങ്ങുകയും ചെയ്തപ്പോള്‍ സാമ്പത്തീകമായി അഭിവൃത്തിയുണ്ടായി. എന്നാല്‍, നാട്ടില്‍ തിരുച്ചുവരുന്ന ഇവര്‍ വീടുപണിയാന്‍ വാസ്തുവിദ്യക്കാരനെ അന്വേഷിക്കുന്നത് എത്ര അപഹാസ്യം! മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയതുപോലെ!

വീടുപണിയാന്‍ തയ്യാറെടുക്കുന്നവര്‍ ഈ വചനം ഓര്‍ക്കുക: "യാഹ്‌വെ വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമാണ്. യാഹ്‌വെ നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം"(സങ്കീ:127;1). ക്രിസ്ത്യാനി ഭയപ്പെടേണ്ടത് ദൈവത്തെ മാത്രമാണ്; രാഹുവിനെയോ ഗുളികനെയോ വാസ്തുപുരുഷനെയോ അല്ല! ദൈവം നിങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്ന ഭൂമി ഏതുമായിക്കൊള്ളട്ടെ, നിങ്ങളുടെ സാഹചര്യത്തിനു യോജിക്കുന്നവിധത്തില്‍ വീട് പണിയുക. പ്രകാശവും ശുദ്ധവായുവും ലഭ്യമാകുന്ന രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള എഞ്ചിനിയര്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. അവരുടെ കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുകയും സത്യദൈവത്തെ ആശ്രയിക്കുകയും ചെയ്യുക! വാസ്തുപുരുഷന്‍ നിങ്ങളുടെ നിഴല്‍വീഴുന്ന ഒരിടത്തും നില്‍ക്കുകയില്ല. കാരണം, നിങ്ങള്‍ യേഹ്ശുവായുടെ നാമം വഹിക്കുന്നവരാണ്! ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രമാണങ്ങളുടെ പരസ്യമായ ലംഘനമാണ് വിജാതിയമായ അനുകരണങ്ങളിലൂടെ നടപ്പാകുന്നത്. ഒരുവന്‍ എന്നേയ്ക്കുമായി നശിക്കാന്‍ ഇതുമാത്രം മതി!

'യാഹ്‌വെ ഈ ഭവനത്തിന്റെ നാഥന്‍' എന്ന്‍ എഴുതപ്പെട്ടിരിക്കുന്ന പല ഭവനങ്ങളുടെയും യഥാര്‍ത്ഥ നാഥന്‍ വാസ്തുപുരുഷനാണ്! ഇതൊക്കെത്തന്നെയാണ് ക്രൈസ്തവഭവനങ്ങളിലെ ദുരന്തവും! 'പുരവാസ്തോലി' എന്ന വാക്കുപോലും ക്രിസ്ത്യാനിയുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്. കാരണം, അന്യദേവന്മാരുടെ നാമം നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാന്‍ ഇടയാവരുതെന്നത് യാഹ്‌വെയുടെ കല്പനയാണ്. "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). ക്രിസ്തീയമാണെന്നു പലരും ധരിച്ചുവച്ചിരിക്കുന്ന ആചാരങ്ങളിലും ആഘോഷങ്ങളിലും സ്മരിക്കപ്പെടുന്നത് അന്യദേവന്മാരുടെ നാമങ്ങളാണ്. ഇവരെ പ്രകീര്‍ത്തിക്കുന്ന അനേകം താളങ്ങള്‍ ഇന്നു ക്രൈസ്തവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇവയുടെ പ്രത്യാഘാതങ്ങള്‍ സഭകള്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നു. തിരുനാളുകളില്‍ നടത്തപ്പെടുന്ന ചെണ്ടമേളങ്ങളുടെ താളങ്ങള്‍ ഇത്തരത്തിലുള്ള ഒരു ദുരന്തമാണെന്ന് പലര്‍ക്കും അറിയില്ല.

ക്രിസ്തീയമാക്കപ്പെട്ട ദുരാചാരങ്ങളിലൂടെ സഭകള്‍ മലിനമാക്കപ്പെട്ടത് ആരും തിരിച്ചറിയുന്നില്ല. ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളില്‍ സ്ഥിരമായി വസിക്കുന്നവര്‍ക്ക് ഈ അശുദ്ധി തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും, പുറത്തുനിന്നു വരുന്ന ഒരുവന് ഇത് അസഹനീയമായിരിക്കും. ക്രിസ്തീയതയിലേക്ക് ആരെയും ആകര്‍ഷിക്കാന്‍ ഇന്നു കഴിയുന്നില്ലെങ്കില്‍, അതിന്റെ പ്രധാന കാരണവും ഇതുതന്നെ! മീന്‍ വില്പനക്കാരന് അവന്റെ ശരീരത്തില്‍നിന്നു വമിക്കുന്ന ദുര്‍ഗന്ധം അറിയില്ല; എന്നാല്‍, അവനെ സമീപിക്കുന്നവര്‍ അത് അറിയുന്നു!

ക്രൈസ്തവര്‍ സ്വന്തമാക്കിവച്ചിരിക്കുന്ന മുഴുവന്‍ ആഭിചാരകര്‍മ്മങ്ങളെയും തുറന്നുകാണിക്കാന്‍ മനോവ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്! ആഭിചാരങ്ങളെ തുറന്നുകാണിക്കുന്ന പല ലേഖനങ്ങളും ഇപ്പോള്‍ത്തന്നെ മനോവയുടെ താളുകളിലുണ്ട്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    11301 views

LOG IN

Lost your password?

SIGN UP

LOST PASSWORD