സഭകളില്‍ ശുദ്ധീകരണം

ഗീവര്‍ഗീസും ഒരു കത്തോലിക്കാ വിശുദ്ധനോ?

Print By
about

ഗീവര്‍ഗീസ് സഹദാ എന്ന പേരില്‍ ഒരു വിശുദ്ധനെ കത്തോലിക്കാസഭ ഉയര്‍ത്തിയിട്ടുണ്ടോ? മനോവയുടെ താളുകളില്‍ കുറിച്ച ഒരു ലേഖനത്തില്‍ ഈ വിഷയം പരാമര്‍ശിക്കപ്പെട്ടിരുന്നു. വായനക്കാരില്‍നിന്ന്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ മനോവയ്ക്കു ലഭിച്ചു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരായിരുന്നു ഇവരില്‍ ഏറെയും. ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പലരും തയ്യാറായി. എന്നാല്‍, ചില യാഥാസ്ഥിതിക 'ഗീവര്‍ഗീസ്' ഭക്തന്മാര്‍ മനോവയ്ക്കെതിരെ വെല്ലുവിളികളുമായി രംഗത്തുവന്നു. ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്യേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി കരുതുകയാണ്. കാരണം, മുന്‍ലേഖനത്തില്‍ ചെറുതായി മാത്രം പരാമര്‍ശിക്കപ്പെട്ട ഒരു വിഷയമായിരുന്നു ഇത്. ആയതിനാല്‍, വ്യക്തമായ തെളിവുകളോടെയുള്ള ഒരു വിവരണം ഇവിടെ അനിവാര്യമായിരിക്കുന്നു. മാത്രവുമല്ല, ഗീവര്‍ഗീസ് എന്നൊരു വ്യക്തിയെ ദൈവമായ യാഹ്‌വെ മഹത്വപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അത് നിഷേധിക്കാന്‍ മനോവയ്ക്ക് എന്ത് അവകാശമാണുള്ളത്?

ഇവിടെ പ്രധാനമായും നാം ചിന്തിക്കുന്നത് രണ്ടു വിഷയങ്ങളാണ്. ഗീവര്‍ഗീസ് എന്നൊരാളെ ഏതെങ്കിലും മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതാണ് ആദ്യത്തെ വിഷയം. രണ്ടാമത്തെ വിഷയം, ഇദ്ദേഹത്തെ ആരെങ്കിലും വിശുദ്ധ പദവിയില്‍നിന്നു നീക്കംചെയ്തോ എന്നതാണ്. ഈ രണ്ടു വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ മറ്റു ചില വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയുന്നുമില്ല!

ഗീവര്‍ഗീസ് 'ചരിതം' ഒരു വാമൊഴി ഐതീഹ്യം!

മൂന്നാം നൂറ്റാണ്ടില്‍ (275/281 – 23 ഏപ്രില്‍ 303) ജീവിച്ചിരുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവര്‍ഗീസ്(Saint George) എന്ന് കരുതപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇല്ലെന്നു മാത്രമല്ല, പ്രചരിപ്പിക്കപ്പെടുന്ന കഥകളൊക്കെയും പരസ്പര വിരുദ്ധവുമാണ്! മരണത്തെക്കുറിച്ചുപോലും വ്യത്യസ്തമായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ക്രിസ്തീയതയുടെ അടിത്തറ ഐതീഹ്യമല്ല, പ്രവാചകന്മാരാല്‍ വെളിപ്പെടുത്തപ്പെട്ടതും ചരിത്രപരമായി സ്ഥിരീകരണമുള്ളതുമായ സത്യങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം ആമുഖമായിത്തന്നെ നാം അറിഞ്ഞിരിക്കണം. ഇവയുടെയെല്ലാം പരിപൂര്‍ണ്ണത യേഹ്ശുവായിലാണ്!

ഗീവര്‍ഗീസിനെ സംബന്ധിച്ച, സ്ഥിരീകരണമില്ലാത്തതും പരമ്പരാഗതമായി പ്രചരിപ്പിച്ചു വരുന്നതുമായ അനേകം ഐതീഹ്യങ്ങളുടെ ഏറ്റവും ആധുനീകമായ രൂപമാണ് ആദ്യമായി വിവരിക്കുവാന്‍ ഒരുങ്ങുന്നത്. മുന്‍കാലങ്ങളില്‍ പ്രചരിച്ചിരുന്ന നിറംപിടിപ്പിച്ച കഥകളുടെ സ്വീകാര്യത നഷ്ടമായപ്പോള്‍, യുക്തിക്കു നിരക്കുന്ന വിധത്തിലുള്ള കഥ അനിവാര്യമായി. പുതിയ കഥ പരിശോധിച്ചതിനുശേഷം പഴയ കഥകളുടെ സമാഹാരം പുറത്തെടുക്കുന്നതാകും ഉചിതം!

ഗീവര്‍ഗീസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന കഥ!

പല ക്രിസ്തീയസഭാവിഭാഗങ്ങളിലേയും പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായില്‍നിന്നുള്ള ഒരു റോമന്‍ പടയാളിയായിരുന്ന ഗീവര്‍ഗീസ്, ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പുണ്യവാളചരിതങ്ങള്‍ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍, ആംഗ്ലിക്കന്‍സഭ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളില്‍ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ് ഇദ്ദേഹം. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശഃസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. 'വിശുദ്ധസഹായകര്‍' എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളില്‍ ഒരാള്‍കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരില്‍ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രില്‍ 23-നാണ് ഗീവര്‍ഗീസിന്റെ തിരുനാള്‍ ആഘോഷിക്കാറുള്ളത്.

ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഗീവര്‍ഗീസ്. സ്പെയിനിലെ അരഗോണ്‍, കറ്റലോണിയ പ്രദേശങ്ങള്‍, ഇംഗ്ലണ്ട്, എത്യോപ്യ, ജോര്‍ജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോര്‍ട്ടുഗല്‍, സെര്‍ബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേര്‍സ്ഫൂര്‍ട്ട്, ബെയ്റൂട്ട്, മോസ്കോ, ജുബ്ലിയാനാ എന്നിവയുള്‍പ്പെടെ ഒട്ടേറെ നഗരങ്ങളും ഇദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍പെടുന്നു. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗാവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.

കേരളത്തില്‍ പുരാതനകാലം മുതല്‍ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഗീവര്‍ഗീസിന്റെ പേരിലുള്ള അനേകം ആരാധനാലയങ്ങള്‍ കേരളത്തിലുണ്ട്. ഇടപ്പള്ളി, എടത്വാ, പുതുപ്പള്ളി, അങ്കമാലി, അരുവിത്തുറ മുതലായ സ്ഥലങ്ങളില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള പള്ളികളും തിരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.

ഗീവര്‍ഗീസിനെ സംബന്ധിച്ചുള്ള ഐതീഹ്യത്തില്‍ അവിശ്വസനീയമായ ഒരു പ്രതിപാദ്യം ചൂണ്ടിക്കാണിച്ചതിനുശേഷം വിവരണം തുടരാം. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകനും സൈന്യത്തിലെ പുരോഹിതനുമായിരുന്നു ഗീവര്‍ഗീസ് എന്ന വിവരണത്തില്‍ ഒരു അവിശ്വസനീയതയുണ്ട്. സാധാരണഗതിയില്‍, ഏതെങ്കിലുമൊരു സൈന്യത്തില്‍ പുരോഹിതനെ(ചാപ്ലിന്‍) നിയമിക്കുന്നത് ഭരണകൂടമായിരിക്കും. പ്രത്യേകിച്ച്, ചക്രവര്‍ത്തിയുടെ അംഗരക്ഷകസേനയിലെ ഉദ്യോഗസ്ഥരെ, ചക്രവര്‍ത്തി അറിയാതെ നിയമിക്കുക സാധ്യമല്ല! ക്രൈസ്തവര്‍ക്കുനേരേ കടുത്ത പീഡനം നടപ്പാക്കിയിരുന്ന 'ഡയോക്ലീഷ്യന്‍' ചക്രവര്‍ത്തി, തന്റെ അംഗരക്ഷകസേനയ്ക്ക് ആത്മീയ കാര്യങ്ങള്‍ നിറവേറ്റാന്‍ ക്രിസ്ത്യാനിയായ ഒരു പുരോഹിതനെ നിയമിക്കുമെന്ന് കരുതാന്‍ കഴിയില്ല. സേനാംഗങ്ങള്‍ക്ക് ആത്മീയ ഉപദേശം, കുമ്പസാരം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് 'ചാപ്ലിനെ' നിയമിക്കുന്നത്! ഒരുവന്‍ സ്വയം തിരഞ്ഞെടുക്കുന്നതല്ല ഈ പദവി. 'ഡയോക്ലീഷ്യന്‍' ചക്രവര്‍ത്തിയെ മനസ്സിലാക്കിയിട്ടുള്ള ആരും ഈ കഥ സത്യസന്ധമാണെന്നു വിശ്വസിക്കില്ല. ആരായിരുന്നു 'ഡയോക്ലീഷ്യന്‍'?

ബി.സി. 27-ല്‍ സ്ഥാപിതമായതും ലോകചരിത്രത്തിലെ ഏറ്റവും വിസ്തൃതവുമായ സാമ്രാജ്യമായിരുന്നു 'റോമാസാമ്രാജ്യം'! ഈ സാമ്രാജ്യത്തിന്റെ ആദ്യത്തെ ചക്രവര്‍ത്തി 'അഗസ്റ്റസ് സീസര്‍' ആയിരുന്നു. 59 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേക്ക് ഈ സാമ്രാജ്യം വളരുകയും ശക്തിപ്രാപിക്കുകയും ചെയ്തു. എ.ഡി. 476 സെപ്തംബര്‍ 4-ന് പാശ്ചാത്യ-പൗരസ്ത്യ റോമാസാമ്രാജ്യങ്ങളായി പിരിയുന്നതുവരെ ഒറ്റ സാമ്രാജ്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പാശ്ചാത്യ റോമാസാമ്രാജ്യം തകര്‍ന്നുവെങ്കിലും, 1453 മെയ് 29 വരെ പൗരസ്ത്യ റോമാസാമ്രാജ്യം നിലനിന്നു. അവിഭക്ത റോമാസാമ്രാജ്യത്തിന്റെ അവസാനത്തെ ചക്രവര്‍ത്തി 'തിയോഡോഷ്യസ് പ്രഥമന്‍' (379-395)ആണ്. വിഭജനത്തിനുശേഷം റോമുലുസ് അഗസ്റ്റസ്(475-476) പാശ്ചാത്യ റോമാ സാമ്രാജ്യം ഭരിച്ചു. അതിനുശേഷം ഈ സാമ്രാജ്യത്തിലെ അവസാനത്തെ ചക്രവര്‍ത്തിയായ 'ജൂലിയസ് നേപോസ്' 480 വരെ ഭരണം നടത്തി. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പതിനൊന്നാമന്‍(1449-1453)ആയിരുന്നു. പാശ്ചാത്യ റോമാസാമ്രാജ്യം തകര്‍ന്നതിനുശേഷം ഏകദേശം ആയിരം വര്‍ഷംകൂടി പൗരസ്ത്യ റോമാസാമ്രാജ്യം നിലനിന്നു എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്.

ആദ്യകാലങ്ങളില്‍ ക്രിസ്തീയതയ്ക്ക് ഏറ്റവും ഭീഷണിയായി നിലകൊണ്ടത് റോമാസാമ്രാജ്യമായിരുന്നു. ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിക്കുന്നതില്‍ ഓരോ ചക്രവര്‍ത്തിമാരും അവരുടേതായ പങ്ക് വഹിച്ചു. ചില ഭരണാധികാരികള്‍ ക്രിസ്തീയതയോട് സഹിഷ്ണുത കാണിച്ചുവെങ്കിലും, ഈ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചവരായിരുന്നു അധികംപേരും! അവരില്‍ത്തന്നെ ഏറെ കുപ്രസിദ്ധിനേടിയ ചക്രവര്‍ത്തിമാര്‍ നീറോയും ഡയോക്ലീഷ്യനും ആയിരുന്നു! A.D. 54 മുതല്‍ A.D. 68 വരെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന 'നീറോ'യാണ് ക്രിസ്തീയതയെ തുടച്ചുനീക്കാന്‍ ആദ്യകാലത്ത് ഏറ്റവുമധികം പ്രവര്‍ത്തിച്ചത്. ഒടുവില്‍ ഇയാള്‍ ആത്മഹത്യചെയ്തു! ഇവനുശേഷം ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതു വിനോദമാക്കി മാറ്റിയ മറ്റൊരു ഭരണാധികാരി വന്നത്, A.D. 284-ലാണ്. A.D. 305 വരെയുള്ള ഇരുപത്തിയൊന്നു വര്‍ഷക്കാലമാണ് ക്രിസ്ത്യാനികള്‍ ഏറെ യാതനകള്‍ ഏറ്റുവാങ്ങിയത്. അന്ന് നരനായാട്ടു നടത്തിയ കിരാതനായ ആ ഭരണാധികാരി 'ഡയോക്ലീഷ്യന്‍'!

ഇയാളുടെ അംഗരക്ഷകസേനയിലെ അംഗവും സൈന്യത്തിന്റെ 'ചാപ്ലിനും' ആയിരുന്നു ഗീവര്‍ഗീസ് എന്ന കഥ അസംബന്ധമായി മാത്രമേ മനോവ കാണുന്നുള്ളൂ. കാരണം, സൈന്യത്തെ ഉപയോഗിച്ചു ക്രിസ്ത്യാനികളെ വകവരുത്തിയിരുന്ന ഒരു ഭരണാധികാരി, തന്റെ സൈന്യത്തിന് ക്രിസ്തീയമായ മതകാര്യങ്ങള്‍ക്കായി സൗകര്യമൊരുക്കുമോ? സൈന്യത്തിന്റെ ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ഭരണകൂടം നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് 'ചാപ്ലിന്‍'! തന്റെ സാമ്രാജ്യത്തില്‍ നിരോധിക്കപ്പെട്ട ക്രിസ്തുമതത്തെ പ്രചരിപ്പിക്കാന്‍, ചക്രവര്‍ത്തിതന്നെ സൗകര്യമൊരുക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ല! റോമാസാമ്രാജ്യത്തിലെ മതങ്ങളെക്കുറിച്ചും ക്രിസ്തീയതയുടെ ആരംഭത്തെക്കുറിച്ചും അല്പംകൂടി മനസ്സിലാക്കിയാല്‍ ഗീവര്‍ഗീസ് വെറുമൊരു കെട്ടുകഥയാണെന്നു വ്യക്തമാകും. അതിനാല്‍, ക്രിസ്തീയതയുടെ ആവിര്‍ഭാവത്തെ സംബന്ധിച്ചും അന്നത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചും ചെറിയൊരു വിവരണം നല്‍കാം.

റോമന്‍ സാമ്രാജ്യത്തിലെ മതങ്ങള്‍!

ഗ്രീസില്‍ ടോളമിയുടെ കാലത്ത്‌ പ്രചരിച്ചിരുന്ന സെറാപീസ്‌-ഐസിസ്‌ ക്ഷേത്രങ്ങളും പുരോഹിതന്മാരും റോമിലും പ്രചരിച്ചു. സെറാപീസ്‌ എന്നത്‌ പണ്ട്‌ ഈജിപ്തിലുണ്ടായിരുന്ന ഒസിരിസ്‌-ആപ്പീസിന്റെ പുതിയരൂപമാണ്‌. ഇതുതന്നെയാണ്‌ റോമില്‍ അന്നുണ്ടായിരുന്ന ജൂപിറ്റര്‍, ഗ്രീക്കുകാരുടെ സിയൂസ്‌, പാര്‍സികളുടെ സൂര്യ ഭഗവാന്‍ എന്നീ ദേവന്മാര്‍. ലോകത്തിനുതന്നെ ഈ വിശ്വാസരീതി വഴിതുറന്നു കൊടുത്തത്‌ റോമാക്കാരാണ്‌. സൂര്യന്റെതന്നെ വ്യത്യസ്ഥ പേരുകളാണ് ഇവ. ഇതിനോട്‌ മത്സരിച്ചു നിന്നത്‌ ഇറാനില്‍ ഉത്ഭവിച്ച മിത്ര മതമാണ്‌. കാളയെ ബലികൊടുക്കുന്നതും മറ്റുമാണ്‌ ഈ മതത്തിന്റെ വിശ്വാസാനുഷ്ഠാനം. ഈ മതത്തില്‍ ചേരുന്ന അവസരത്തില്‍ ഒരു കോണിപ്പടിയുടെ മുകളില്‍ വച്ച്‌ കാളയെ അറുക്കുകയും താഴെക്കൂടെ ആള്‍ കടന്നുപോവുകയും ചെയ്യണമായിരുന്നു. രക്തം ആ മതക്കാര്‍ക്ക്‌ ജീവനം തരുന്ന ഒന്നായിരുന്നു.

യാഗങ്ങള്‍ ഒരു പൊതു ചടങ്ങായിത്തന്നെ നടത്തപ്പെട്ടിരുന്നു. എന്നാല്‍, മതങ്ങളൊന്നും വ്യക്തിപരമായ ചുറ്റളവില്‍നിന്ന് വളര്‍ന്നില്ല. ജൂപ്പിറ്ററിനും സിയൂസിനും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ചില സീസര്‍മാരുടെ പേരിലും ക്ഷേത്രങ്ങള്‍ നിലവില്‍വന്നു. എന്നാല്‍, അവിടെയെല്ലാം രാജഭക്തി കാണിക്കാനുള്ള വികലമായ ആരാധനകള്‍ മാത്രമായിരുന്നു നടന്നത്. ചില സ്ഥലങ്ങളില്‍ വീനസിനും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. വീനസിന്റെ ആരാധകരും ക്ഷേത്രങ്ങളും അധികമായി ഉണ്ടായിരുന്നത് കാര്‍ത്തേജിലാണ്. ഈ മതങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടയിലേക്കാണ് ക്രിസ്തീയതയുടെ കടന്നുവരവ്! ശക്തവും വ്യക്തവുമായ നേതൃത്വവും, മരണത്തെപ്പോലും വരിക്കാന്‍ തയ്യാറുള്ള പ്രചാരകരുമായി ഈ ഭൂമുഖത്ത് ആവിര്‍ഭവിച്ച ആദ്യത്തെ മതവിഭാഗമായി ക്രിസ്തീയതയെ പരിഗണിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, ഈ വിശ്വാസസംഘത്തെ ജനതകള്‍ ഭയപ്പെട്ടു!

റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുമതം!

റോമാ സാമ്രാജ്യത്തിന്റെ ആദ്യ ചക്രവര്‍ത്തിയായ അഗസ്റ്റസ്‌ സീസറീന്റെ കാലത്താണ്‌ യേഹ്ശുവാ ജനിച്ചത്‌. ടൈബീരിയസിന്റെ കാലത്ത്‌ അദ്ദേഹം സുവിശേഷം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, അതിനു വളരെക്കാലങ്ങള്‍ക്കുശേഷം ആണ്‌ ക്രിസ്തുമതം റോമില്‍ പ്രചരിക്കുന്നത്‌. ഇതിന്റെ മുഖ്യ പങ്കു വഹിച്ചത്‌ വിശുദ്ധനായ പൗലോസ്‌ ആണ്‌. അപ്പസ്തോലനായ പൗലോസ് യേഹ്ശുവായെ കാണുകയോ സുവിശേഷം കേള്‍ക്കുകയോ ചെയ്തിട്ടുള്ള ആളല്ല. മറിച്ച്‌, ആദ്യകാലങ്ങളില്‍ യേഹ്ശുവായുടെ ശിഷ്യന്മാരുടെ പ്രവര്‍ത്തികള്‍ക്ക്‌ പ്രതിബന്ധം സൃഷ്ടിക്കുകയും അവരെ എതിര്‍ക്കുകയും ഉപദ്രവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ശൗവുല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യെഹൂദ പണ്ഡിതനായ ഇദ്ദേഹം പിന്നീട്‌ പൗലോസ്‌ എന്ന പേര്‌ സ്വീകരിക്കുകയും ക്രിസ്തുമത പ്രചരണത്തിന് അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്തു. റോമിലെ അടിമകളോട്‌ സുവിശേഷം പറയുകയും അവരെ ക്രിസ്തുമതത്തിലേക്ക്‌ ചേര്‍ക്കുകയും ചെയ്തത് ഇദ്ദേഹമാണ്. താമസിയാതെ ക്രിസ്തുവിനുശേഷമുള്ള രണ്ടു നൂറ്റാണ്ടുകളില്‍ ക്രിസ്തുമതത്തിന്‌ മറ്റെങ്ങുമില്ലാത്ത പ്രചാരം റോമില്‍ ലഭിച്ചു. റോമിലെ മറ്റു മതങ്ങള്‍ ഒന്നുകില്‍ ക്രിസ്തുമതത്തില്‍ ലയിക്കുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തു.

എന്നാല്‍, ചക്രവര്‍ത്തിമാരില്‍ പലരും ക്രിസ്തീയതയോട് സഹിഷ്ണുത കാണിക്കാത്തവരായിരുന്നു. ഭരണാധികാരികളില്‍ ചിലരെങ്കിലും മതസ്വാതന്ത്ര്യം അനുവദിച്ചുവെന്നതും വിസ്മരിക്കാന്‍ പാടില്ല! ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ A.D. 303-ല്‍ ക്രിസ്ത്യാനികളെ കിരാതമായ പിഢനങ്ങള്‍ക്ക്‌ വിധേയമാക്കി. ഗ്രന്ഥങ്ങളും പള്ളികളും തീവച്ച്‌ നശിപ്പിച്ചു. പലരേയും വധിച്ചു. എന്നാല്‍, ഇത്‌ പ്രതീക്ഷിച്ച ഫലം കണ്ടില്ല. കാരണം, അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരില്‍ പലരും ക്രിസ്ത്യാനികളായിരുന്നു. കിരാതനായ ഈ ചക്രവര്‍ത്തിയുടെ അംഗരക്ഷകനും റോമന്‍ സൈന്യത്തിന്റെ ആത്മീയ ഉപദേഷ്ടാവുമായിട്ടാണ് ഗീവര്‍ഗീസിനെ ചിത്രീകരിച്ചിരിക്കുന്നത്. വിശ്വാസിയായ ഒരുവന്‍ സൈന്യത്തില്‍ അംഗമായി എന്നത് അവിശ്വസനീയമല്ല; എന്നാല്‍, ക്രൈസ്തവരായ സേനാംഗങ്ങളെ അവരുടെ ആത്മീയ കാര്യങ്ങളില്‍ സഹായിക്കാനായി ഒരു ചാപ്ലിനെ നിയമിക്കാന്‍ 'ഡയോക്ലീഷ്യന്‍' ചക്രവര്‍ത്തി തയ്യാറാകുമെന്നു വിശ്വസിക്കാന്‍ സാധിക്കില്ല! കാരണം, ക്രിസ്ത്യാനിയുടെ പേരു കേള്‍ക്കുന്നതുപോലും ഇഷ്ടപ്പെടാത്തവനും, വിശ്വാസികളെ തിരഞ്ഞുപിടിച്ച് കിരാതമായ പീഢനങ്ങള്‍ക്കു വിധേയരാക്കുകയും വധിക്കുകയും ചെയ്യുന്നവനായിരുന്നു ഡയോക്ലീഷ്യന്‍! ക്രിസ്തീയമായ ഗ്രന്ഥങ്ങളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്ന ഇയാളുടെ അംഗരക്ഷകനായി ഒരു ക്രൈസ്തവപുരോഹിതന്‍ നിയമിതനാകുമെന്ന് കരുതാന്‍ വയ്യാ!

A.D. 317-ല്‍ കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ഗലീറിയസ്‌ ഒരു മതസ്വാതന്ത്ര്യ വിളംബരം പുറപ്പെടുവിച്ചു. എന്നാല്‍, ഏറ്റവും വലിയ വഴിത്തിരിവായത്‌ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ തന്റെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി സ്വീകരിച്ചതാണ്‌. അദ്ദേഹം തന്റെ സൈന്യത്തിന്റെ കൊടിയിലും പരിചകളിലും കുരിശ്‌ ഒരു ചിഹ്നമായി സ്വീകരിച്ചു, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തുമതം റോമില്‍ ചിരപ്രതിഷ്ഠ നേടി. എന്നാല്‍, ഇതിലൂടെ ക്രിസ്തുമതത്തിന് സ്വാതന്ത്ര്യവും പ്രചാരവും ലഭിച്ചുവെങ്കിലും, ഇതിനെ പൂര്‍ണ്ണമായും നന്മയായി പരിഗണിക്കാന്‍ മനോവയ്ക്കാവില്ല. കാരണം, ക്രിസ്തുമതം രാജകീയമതമായതിനൊപ്പം രാജാവിന്റെയും രാജ്യത്തിന്റെയും ദുരാചാരങ്ങള്‍ ക്രിസ്തീയതയുടെ ഭാഗമാക്കേണ്ടി വന്നിട്ടുണ്ട്. യേഹ്ശുവായുടെ യഥാര്‍ത്ഥ പേരുപോലും നീക്കംചെയ്യപ്പെട്ടത് ഇതിന്റെ തെളിവാണ്!

ക്രിസ്തീയതയുടെമേല്‍ രാജാക്കന്മാരുടെ സ്വാധീനം കടന്നുവന്നപ്പോള്‍, മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതുപോലും ഇവരുടെ ഇംഗിതത്തിനനസരിച്ചായി. യാതൊരു മാനദണ്ഡവും പരിഗണിക്കാതെ രാജാക്കന്മാരെയും അവരുടെ ബന്ധുക്കളെയും വിശുദ്ധരായി പ്രഖ്യാപിക്കേണ്ട ഗതികേടും സഭയ്ക്കുണ്ടായി! അഞ്ചാം നൂറ്റാണ്ടില്‍ പാശ്ചാത്യ റോമാസാമ്രാജ്യം തകര്‍ന്നുവെങ്കിലും ചില രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സ്വാധീനം പാശ്ചാത്യസഭയില്‍ നിലനിന്നു. എന്നാല്‍, പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ശക്തി പതിനഞ്ചാം നൂറ്റാണ്ടുവരെ എല്ലാ പ്രതാപത്തോടുംകൂടെ നിലനിന്നതുകൊണ്ട്, പൗരസ്ത്യസഭയുടെമേല്‍ സാമ്രാജ്യത്വത്തിന്റെ സ്വാധീനം കൂടുതലായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ പൗരസ്ത്യസഭയുടെ വിശുദ്ധനായി പരിഗണിക്കേണ്ടിവന്നതും ഈ സ്വാധീനത്തിന്റെ ഫലമാണ്!

മഹാനായ കോണ്‍സ്റ്റന്റൈന്‍ എന്ന് റോമന്‍ കത്തോലിക്കാസഭ വിളിക്കുമ്പോള്‍, പൗരസ്ത്യ ഓര്‍ത്തഡോക്സ്കാരുടേയും ബൈസന്റൈന്‍ കത്തോലിക്കരുടേയും ഇടയില്‍ വിശുദ്ധ കോണ്‍സ്റ്റന്റൈന്‍ എന്ന്‍ അറിയപ്പെടുന്ന ചക്രവര്‍ത്തിയാണ് 'കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍'! ക്രിസ്തുമതം സ്വീകരിക്കുകയും താന്‍ സ്വീകരിച്ച മതത്തെ രാജകീയമതമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് ഇയാളെ സ്വീകാര്യനാക്കിയത്! കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരം പൂര്‍ണ്ണമായിരുന്നുവെന്നും ക്രിസ്തീയതയുടെ വളര്‍ച്ചയുടെ കാരണം ഇയാളായിരുന്നുവെന്നും കരുതുന്നവരാണ് കത്തോലിക്കാസഭയില്‍ ഏറെയും! എന്നാല്‍, കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്റെ മാനസാന്തരം പൂര്‍ണ്ണമായിരുന്നില്ലെന്നു മാത്രമല്ല, ക്രിസ്തീയതയുടെമേല്‍ സാത്താന്‍ ഒരുക്കിയ കെണിയായിരുന്നു ഇതെന്നതാണ് യാഥാര്‍ത്ഥ്യം. മനോവയുടെ ഈ വിശ്വാസത്തിനു കാരണമായ വസ്തുതകള്‍ വെളിപ്പെടുത്തിയതിനുശേഷം, ഗീവര്‍ഗീസിന്റെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്ക് മടങ്ങിവരാം.

കോണ്‍സ്റ്റന്റൈന്‍ ഒന്നാമനും സാത്താന്റെ കുതന്ത്രവും!

ക്രിസ്ത്യാനിയായ ആദ്യ റോമന്‍ ചക്രവര്‍ത്തി എന്നനിലയിലാണ് 'കോണ്‍സ്റ്റന്റൈന്‍' പ്രധാനമായും അറിയപ്പെടുന്നത്. A.D. 306 മുതല്‍ 324-ല്‍ മരിക്കുന്നതുവരെ ഇദ്ദേഹം റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു. തന്റെ മുന്‍ഗാമിയായ ഡയക്ലിഷ്യന്‍, ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിവന്നിരുന്ന പീഡനങ്ങള്‍ ഇദ്ദേഹം നിര്‍ത്തലാക്കി. കോണ്‍സ്റ്റന്റൈനും സഹ ചക്രവര്‍ത്തിയായ ലൈസിനിയസും ചേര്‍ന്ന് 313-ല്‍ റോമാ സാമ്രാജ്യത്തില്‍ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള 'മിലാന്‍' വിളംബരം (Edict of Milan) പുറപ്പെടുവിച്ചു.

പാശ്ചാത്യ റോമാസാമ്രാജ്യം തകര്‍ന്നതിനുശേഷം പത്തു നൂറ്റാണ്ടുകള്‍ക്കൂടി പൗരസ്ത്യ റോമാസാമ്രാജ്യം പ്രൗഢിയോടെ നിലനിന്നു. പാശ്ചാത്യ റോമാസാമ്രാജ്യം തകര്‍ന്നതുമൂലം അവിടുത്തെ ക്രിസ്തീയതയ്ക്ക് ഒരു കോട്ടവും സംഭവിക്കാതെ ശക്തിപ്രാപിച്ചതിലൂടെ ഒരുകാര്യം വ്യക്തമാണ്. ക്രിസ്തീയതയുടെ സംരക്ഷകനായി പൗരസ്ത്യസഭ വാഴ്ത്തുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് വ്യക്തമാകുന്ന കാര്യം! പൗരസ്ത്യ റോമാസാമ്രാജ്യം ശക്തമായിരുന്ന കാലത്താണ് ഇസ്ലാമികത അവിടെ ശക്തിപ്രാപിക്കുകയും ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തത്. എന്നാല്‍, പാശ്ചാത്യസഭയുടെ സംരക്ഷകനായി ഉയര്‍ന്നുവന്ന ഒരു ചക്രവര്‍ത്തിയുണ്ടായിരുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ച നിലപാടെടുത്ത 'കാറല്‍മാന്‍' ചക്രവര്‍ത്തിയായിരുന്നു അത്. പാശ്ചാത്യ റോമന്‍സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഉടലെടുത്ത താരതമ്യേന ചെറിയൊരു സാമ്രാജ്യമായിരുന്നു ഇദ്ദേഹത്തിന്റെ 'ഫ്രാങ്കിഷ്' സാമ്രാജ്യം. കാറൽമാന്റെ സാമ്രാജ്യത്തില്‍ ഇന്നത്തെ ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്സര്‍ലാന്റ്, ജര്‍മ്മനിയുടെ പകുതി, ഇറ്റലിയുടെ പകുതി എന്നിവ ഉള്‍പ്പെട്ടിരുന്നു. അക്കാലത്ത് സ്പെയിനില്‍ ആധിപത്യമുണ്ടായിരുന്ന അറബികളുടെ വ്യാപനത്തെ തടഞ്ഞുനിര്‍ത്തിയ മഹാനായിരുന്നു 'കാറല്‍മാന്‍' എന്ന കാറോലുസ് മഗ്നുസ്‌!

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട മൂന്നു കുരിശുയുദ്ധങ്ങളില്‍ ആദ്യത്തേത് 1097-ല്‍ അന്നത്തെ മാര്‍പ്പപ്പയായിരുന്ന അര്‍ബന്‍ രണ്ടാമന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് അലക്സിയന്‍ ചക്രവര്‍ത്തി നടത്തിയതായിരുന്നു. തുര്‍ക്കികള്‍ പിടിച്ചടക്കിയ യെരുശലേമിനെ മോചിപ്പിക്കുകയായിരുന്നു ഈ യുദ്ധത്തിന്റെ ഉദ്ദേശം. അതില്‍ ക്രിസ്ത്യാനികള്‍ വിജയം വരിച്ചുവെങ്കിലും, പിന്നീടു നടന്ന രണ്ടു കുരിശുയുദ്ധങ്ങളിലും പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍, ഒന്നാം കുരിശുയുദ്ധത്തിനുമുമ്പും മൂന്നാം കുരിശുയുദ്ധത്തിനുശേഷവും പല വിശുദ്ധ യുദ്ധങ്ങളും യൂറോപ്പിന്റെ മണ്ണില്‍ അരങ്ങേറിയിട്ടുണ്ട്. ഇവയില്‍ അധികവും ലോകത്തിനുമുന്നില്‍ അറിയപ്പെടാതെപോയി എന്നതാണ് യാഥാര്‍ത്ഥ്യം! തുര്‍ക്കികളുടെ നേതൃത്വത്തില്‍ സ്പെയിനില്‍ കയറിക്കൂടി ആധിപത്യം സ്ഥാപിച്ച അറബികള്‍ യൂറോപ്പില്‍ വ്യാപിക്കുന്നതിനെ തടഞ്ഞുനിര്‍ത്തിയതും സ്പെയിനിന്റെ മണ്ണില്‍നിന്ന് ഇവറ്റകളെ തുരത്തുന്നതിനും ഈ യുദ്ധങ്ങള്‍ ഉപകരിച്ചു! ഈ കാലഘട്ടത്തില്‍ സ്പെയിനില്‍ ഇരുന്ന് തുര്‍ക്കികള്‍ കെട്ടിച്ചമച്ച പുസ്തകമാണ് ഇന്ന് മുസ്ലിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബര്‍ണബാസിന്റെ സുവിശേഷം!

കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ഇസ്ലാമിനെതിരെ നടത്തിയ യുദ്ധങ്ങളെ കുരിശുയുദ്ധങ്ങളുടെ ഗണത്തില്‍ ചേര്‍ത്തിട്ടില്ല. എട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ ആരംഭിച്ച്, ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവസാനിച്ച കാറല്‍മാന്റെ ഭരണം 47 വര്‍ഷം നീണ്ടുനിന്നു. ആദര്‍ശക്രിസ്തീയ സാമ്രാട്ടായി ഘോഷിക്കപ്പെട്ട കാറല്‍മാനെ, ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പ വിശുദ്ധറോമാസാമ്രാട്ടായി കിരീടം ധരിപ്പിച്ചു. പാശ്ചാത്യ യൂറോപ്പിനെ മാത്രമല്ല മദ്ധ്യകാലത്തെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പടയോട്ടങ്ങളും ആഭ്യന്തര ഭരണപരിഷ്കാരങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌. റോള്‍ദോന്‍, റിച്ചാര്‍ഡത്ത്, ഗുയ്‌ദിവേര്‍ കോഞ്ഞാ, ഒലിവേര്‍ എന്നിവരടങ്ങുന്ന പത്തു സൈന്യാധിപന്മാരെ അണിനിരത്തി താരതമ്യേന ചെറിയ സൈന്യവുമായിട്ടാണ് കാറല്‍മാന്‍ തുര്‍ക്കികളെ നിലംപരിശാക്കിയത്. ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും ഭരണാധികാരികളുടെ ശ്രേണിയില്‍ ഇദ്ദേഹത്തെ ചാള്‍സ് ഒന്നാമന്‍ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കത്തോലിക്കാസഭയോട് ഉദാരനയം സ്വീകരിച്ചിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന ഇദ്ദേഹം പോപ്പിന്റെ അധികാരത്തിന്റെ സംരക്ഷകനായി. ഫ്രഞ്ച്, ജര്‍മ്മന്‍ രാജകുടുംബങ്ങളുടെ സ്ഥാപകനെന്നതിനുപരി, യൂറോപ്പിന്റെതന്നെ പിതാവായി ചിലപ്പോഴൊക്കെ ഇദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം യൂറോപ്പിന്റെ മിക്കഭാഗങ്ങളും ഒരു ഏകീകൃത ഭരണസംവിധാനത്തിനു കീഴില്‍ വന്നത് കാറല്‍മാന്റെ കാലത്താണ്. ക്രിസ്തീയതയ്ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ മാനിച്ച്, മരണത്തിനുശേഷം മുന്നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, 1165-ല്‍ കത്തോലിക്കാസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കത്തോലിക്കാസഭയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും കടുത്ത മതവിശ്വാസിയായി ജീവിക്കുകയും ചെയ്ത കാറല്‍മാന്റെ സ്വകാര്യജീവിതം അത്ര വിശുദ്ധമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം!

നാലു ഭാര്യമാരെ കൂടാതെ ആറ് ഉപനാരിമാര്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിലെല്ലാംകൂടി പതിനെട്ട് മക്കളാണ് കാറല്‍മാനു ജനിച്ചത്. എന്നാല്‍, നിയമാനുസൃത ബന്ധത്തിലൂടെ എട്ടു മക്കള്‍ മാത്രമാണ് ഉണ്ടായത്. പെണ്‍മക്കളോട് അതിരറ്റ വാത്സല്യമുണ്ടായിരുന്നതുകൊണ്ട്, അവരെ പിരിയാതിരിക്കാന്‍ അവര്‍ വിവാഹം കഴിക്കുന്നതിനെ കാറല്‍മാന്‍ നിരുത്സാഹപ്പെടുത്തി. അതിനാല്‍, ആറു പെണ്‍മക്കളും വിവാഹിതരായില്ല. ഇക്കാരണത്താല്‍ ഇവര്‍ അവിഹിതബന്ധങ്ങളില്‍ ആശ്വാസം കണ്ടെത്തി. ഈ ബന്ധങ്ങളില്‍ പിറന്ന പേരക്കിടാങ്ങളെ കാറല്‍മാന്‍ ഈര്‍ഷ്യ കാട്ടാതെ സ്വാഗതം ചെയ്തു. ധാര്‍മ്മികതയിലെ ഈ മൂല്യച്യുതി അവഗണിച്ചുകൊണ്ട് ഇദ്ദേഹത്തെ വാഴത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ കത്തോലിക്കാസഭയുടെ നിലപാടിനെ അംഗീകരിക്കാന്‍ മനോവ തയ്യാറല്ല. ഇത്തരത്തിലുള്ളവരെയും കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്! ഇതു കത്തോലിക്കാസഭയുടെ മാത്രം പ്രശ്നമല്ല; പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ഈ വിധത്തില്‍ വിശുദ്ധരെ പ്രഖ്യാപിച്ചിട്ടുണ്ട്!

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ബൈസാന്റിയന്‍ ക്രമത്തിലുള്ള പൗരസ്ത്യ കത്തോലിക്ക സഭകളും ഉപയോഗിച്ചുവരുന്ന 'ബൈസന്റൈന്‍ സഭാ കലണ്ടര്‍' അനുസരിച്ച് കോണ്‍സ്റ്റന്റൈനും അദ്ദേഹത്തിന്റെ മാതാവ് ഹെലേനയും വിശുദ്ധരാണ്. എന്നാല്‍, റോമന്‍ കത്തോലിക്കാസഭയിലെ ലത്തീന്‍ റീത്തുകാര്‍ക്ക് ഇയാള്‍ വിശുദ്ധനല്ല. സഭയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 'മഹാന്‍' എന്ന പദവി നല്‍കി ആദരിക്കുക മാത്രമേ ഇവര്‍ ചെയ്തിട്ടുള്ളു. ഈ 'വിശുദ്ധന്റെ' യഥാര്‍ത്ഥ രൂപംകൂടി വെളിപ്പെടുത്തിയതിനുശേഷം 'ഗീവര്‍ഗീസിന്റെ ദുരൂഹതകള്‍ പരിശോധിക്കുന്നതാകും ഉചിതം.

കോണ്‍സ്റ്റന്റൈനും സൂര്യദേവനും!

ക്രിസ്തുമതം പ്രചരിക്കുന്നതിനു മുന്‍പ് റോമന്‍ സാമ്രാജ്യത്തിലെ ജനത വ്യാപകമായി ആരാധിച്ചിരുന്ന മൂര്‍ത്തിയായിരുന്നു സൂര്യദേവന്‍! റോമിന്റെ ആധിപത്യത്തിനുകീഴില്‍ 'പാഗണ്‍' മതമല്ലാതെ യെഹൂദരുടെ മതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സാമ്രാജ്യത്വത്തിന്റെ ആരംഭത്തിലാണ്‌ യേഹ്ശുവാ ജനിച്ചതെന്ന് നാം കണ്ടു. റോമന്‍ മതങ്ങള്‍ ഏതൊക്കെയായിരുന്നുവെന്നതും ആരംഭത്തില്‍ നാം മനസ്സിലാക്കി. ഇവര്‍ ആരാധിച്ചിരുന്ന സൂര്യവിഗ്രഹത്തെ ഓരോ ദേശങ്ങളിലും വ്യത്യസ്തമായ പേരുകളില്‍ വിളിച്ചുപോന്നു. ഇവര്‍ക്കൊക്കെ വ്യത്യസ്തമായ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.

ഈജിപ്തിലെ പ്രാചീന മൂര്‍ത്തികളായ ഒസിരിസ്‌-ആപ്പീസിന്റെ അനുകരണമായിരുന്നു ഗ്രീസിലെ സെറാപീസ്‌-ഐസിസ്‌ മൂര്‍ത്തികളും അവരുടെ ക്ഷേത്രങ്ങളും. റോമിലെ 'ജൂപിറ്റര്‍', ഗ്രീക്കുകാരുടെ സിയൂസ്‌, പാര്‍സികളുടെ സൂര്യമൂര്‍ത്തി എന്നീ വിഗ്രഹങ്ങളും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും ഒരേ മൂര്‍ത്തിതന്നെയാണ് ഇവയെല്ലാം! അതായത്, 'പാഗണ്‍' മതങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ വ്യത്യസ്തമായ പേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും അടിസ്ഥാനപരമായി അവരെല്ലാം ആരാധിച്ചത് സൂര്യനെ തന്നെയായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കുലദൈവമായ സൂര്യന്‍ അറിയപ്പെട്ടിരുന്നത് 'സീയൂസ്' എന്ന പേരിലാണ്! കോണ്‍സ്റ്റന്റൈനെ ക്രിസ്തുമതത്തിലേക്ക് നയിക്കാനുണ്ടായ കാരണങ്ങളില്‍ ഒന്ന്, യേഹ്ശുവായെക്കുറിച്ചുള്ള നീതിസൂര്യന്‍ എന്ന വിശേഷണം ആയിരുന്നു! ഇയാള്‍ ആരാധിച്ച സീയൂസ് എന്ന സൂര്യദേവന്റെ പുത്രനായ 'അപ്പോളോ'തന്നെയാണ് യേഹ്ശുവായെന്ന് ഇയാള്‍ വിശ്വസിച്ചു!

കോണ്‍സ്റ്റന്റൈന്‍ തന്റെ ആരാധനാമൂര്‍ത്തിയായ 'സീയൂസിന്റെ' പേരിനോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു പേര് യേഹ്ശുവായ്ക്കു നല്‍കി. ഈ പേരാണ് 'യി-സുസ്'! ദൈവമായ 'യാഹ്‌വെ' അവിടുത്തെ പുത്രനു നല്‍കിയ സ്വന്തം പേരായ 'യേഹ്ശുവാ' എന്ന പേരിനെ വികൃതവും പൈശാചികവുമാക്കിയതിന്റെ തുടക്കം ഇവിടെയായിരുന്നു. യി-സൂസ് പിന്നീട് ഈശോയും ഈസായുമായി മാറി. യെഹൂദരോടും ഹെബ്രായ ഭാഷയോടും കടുത്ത വിരോധമുണ്ടായിരുന്ന കോണ്‍സ്റ്റന്റൈന്‍, 'യേഹ്ശുവാ' എന്ന പേര് ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തി. മൊഴിമാറ്റം നടത്തിയപ്പോള്‍ ഗ്രീക്കില്‍ 'ശ്' എന്ന അക്ഷരം ഇല്ലായിരുന്നു . അതിനാല്‍ 'യി- സിയൂസ് ' (IE-ZIUS) എന്നായി മാറി. ഇതിനു വാഴ്ത്തപ്പെട്ട  'സിയൂസ്' എന്നാണ് അര്‍ത്ഥം(Hail Zeus). ഏകദേശം AD 400  ആയപ്പോള്‍ ലാറ്റിന്‍ഭാഷ ക്രിസ്ത്യാനികളുടെ പ്രധാന ഭാഷയായി മാറിയപ്പോള്‍, ഗ്രീക്കില്‍നിന്നും ലാറ്റിന്‍ ഭാഷയിലേക്ക് 'യി- സിയൂസ്' പരിഭാഷപ്പെടുത്തുകയും 'യിസൂസ്' എന്നായി മാറുകയും ചെയ്തു!

പതിനഞ്ചാം നൂറ്റാണ്ടുവരെ ഇംഗ്ലീഷില്‍ 'J' എന്ന ഉച്ചാരണം ഇല്ലായിരുന്നു. അതിനുമുന്‍പ്‌ ഇംഗ്ലീഷില്‍ 24 അക്ഷരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 'J' അക്ഷരത്തിനു  'ഐ' ( I ) യുടെയും  'വൈ' (Y)യുടെയും  ശബ്ദമാണ് നല്‍കിയിരുന്നത്. അതുകൊണ്ടാണ് ഇംഗ്ലീഷില്‍ 'Hallelujah' എന്നെഴുതുകയും 'Halleluyah'  എന്ന് വായിക്കുകയും ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍ 'യ' (Y/i)  എന്ന ശബ്ദം വേണ്ടിടത്ത്  എല്ലാം 'J' എന്ന അക്ഷരം ഉപയോഗിച്ചു. 'Jacob' എന്ന് എഴുതുകയും  Yacob (യാക്കോബ്)  എന്ന് വായിക്കുകയും ചെയ്തിരുന്നു. അതുപോലെ, അന്ന് യേഹ്ശുവയെ ഇംഗ്ലീഷുകാര്‍ 'ജീസസ്'(Jesus) എന്ന് എഴുതുകയും 'യിസുസ്'(IESUS)  എന്ന് വായിക്കുകയും ചെയ്തു. അഞ്ഞൂറോളം  വര്‍ഷങ്ങള്‍കൊണ്ടാണ് 'ജെ' എന്ന ഉച്ചാരണം 'J' ക്ക് ലഭിക്കുന്നത്. ഈ മാറ്റം വന്നപ്പോള്‍ പുതിയ ഉച്ചാരണ വ്യത്യാസമനുസരിച്ച് അക്ഷരം  മാറ്റി എഴുതിയില്ല.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ കത്തോലിക്കാസഭയിലും ഇതര ക്രൈസ്തവസഭകളിലും സാത്താന്‍ പിടിമുറുക്കുകയായിരുന്നു. 'യേഹ്ശുവാ' എന്ന പരിശുദ്ധമായ പേരിനെ സൂര്യബിംബത്തിന്റെ പേരുമായി ലയിപ്പിക്കുകയും ഈശോ, ഈസാ തുടങ്ങിയ അര്‍ത്ഥമില്ലാത്ത പേരുകളിലേക്കു പരിവര്‍ത്തനം നടത്തുകയും ചെയ്യേണ്ടത് സാത്താനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. കാരണം, 'യേഹ്ശുവാ' എന്ന പേര് വിളിച്ചപേക്ഷിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നത്! മുഹമ്മദിനു മുന്‍പേ അല്ലാഹുവെന്ന പിശാച് ഈ ഭൂമിയിലേക്ക് അയച്ച അവന്റെ ദൂതനായിരുന്നു കോണ്‍സ്റ്റന്റൈന്‍! ഇയാളുടെ മരണത്തിനു രണ്ടര നൂറ്റാണ്ടുകള്‍ക്കുശേഷം മുഹമ്മദ്‌ ജനിക്കുകയും 'കോണ്‍സ്റ്റന്റൈന്‍' ഭരിച്ചിരുന്ന പ്രദേശങ്ങളിലാകമാനം ഇസ്ലാമികത വ്യാപിക്കുകയും ചെയ്തു. ഈസാനബിയാക്കി യേഹ്ശുവായെ മാറ്റുന്നതില്‍ മുഹമ്മദിനു വഴിയൊരുക്കുക എന്നതായിരുന്നു ഇയാളുടെ ദൗത്യം!

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചത് യേഹ്ശുവായോടോ ക്രിസ്തുമതത്തോടോ ഉള്ള താത്പര്യംകൊണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന 'ഡയോക്ലീഷ്യന്റെ' കാലത്തുപോലും ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തവിധം ക്രിസ്തീയത ശക്തിപ്രാപിച്ചിരുന്നു. വിശുദ്ധ പൗലോസിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തിയുടെ ഫലമായിരുന്നു അത്! നീറോയുടെയും ഡയോക്ലീഷ്യന്റെയും കിരാതമായ മര്‍ദ്ദനമുറകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ക്രിസ്തീയതയെ നേരിടുന്നതിനു കോണ്‍സ്റ്റന്റൈന്‍ ഒരുക്കിയ കെണിയില്‍ സഭാനേതൃത്വം വീണുപോയി എന്നതാണ് സത്യം! ഉന്മൂലനം ചെയ്യപ്പെട്ടുപോകുമായിരുന്ന തന്റെ ദൈവത്തിന്റെ പേര് നിലനിര്‍ത്താന്‍ കോണ്‍സ്റ്റന്റൈന്‍ എന്ന 'സൂര്യഭക്തന്' സാധിച്ചു! പൗരസ്ത്യസഭയുടെ കിഴക്കുനോക്കി പ്രാര്‍ത്ഥനയുടെ പിന്നിലും ഈ സൂര്യഭക്തിയുടെ സ്വാധീനം തള്ളിക്കളയാന്‍ കഴിയില്ല! ഇയാളെയും ഇയാളുടെ മാതാവായിരുന്ന 'ഹെലേന'യെയും പൗരസ്ത്യസഭ വിശുദ്ധരാക്കി എന്നതാണ് സാത്താന്റെ ഏറ്റവും വലിയ വിജയം! കോണ്‍സ്റ്റന്റൈനിലൂടെ ഈ ഭൂഖത്തു വന്നുഭവിച്ച മഹാദുരന്തത്തോടു തുലനംചെയ്യുമ്പോള്‍, കാറല്‍മാനെ വാഴ്ത്തപ്പെട്ടവനാക്കിയതിലെ ദുരന്തം തുലോം ലഘുവാണ്!

ഗീവര്‍ഗീസിന്റെ ഇരുളടഞ്ഞ ചരിത്രം!

ഇന്റര്‍നെറ്റ് മാധ്യമമായ 'വിക്കിപീഡിയ'യിലും മറ്റും ഗീവര്‍ഗീസ് ഭക്തര്‍ വ്യാജമായി ചമയ്ക്കുന്ന കഥകളല്ലാതെ, ഒരു തുണ്ടുകടലാസില്‍പ്പോലും ഇദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല! ഗീവര്‍ഗീസിനെ സംബന്ധിച്ചുള്ള പ്രധാന ദുരൂഹതയും ഇതുതന്നെയാണ്! ഏറ്റവുമധികം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ ജീവിച്ചുവെന്ന രീതിയിലുള്ള പ്രചരണം, ഈ കെട്ടുകഥകള്‍ക്ക് വിശ്വാസ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്! കാരണം, നീറോ, ഡയോക്ലീഷ്യന്‍ തുടങ്ങിയവരുടെ കാലത്ത് രക്തസാക്ഷികളായ അനേകം വിശുദ്ധരുണ്ടായിരുന്നു. ഇവരുടെ സമകാലീനരായിരുന്നു ഗീവര്‍ഗീസ് എന്ന് വരുത്തിതീര്‍ത്താല്‍, സ്വീകാര്യത വര്‍ദ്ധിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടി. എന്നാല്‍, പേരറിയാത്ത അനേകരുടെയിടയില്‍നിന്ന്‍ 'ഗീവര്‍ഗീസ്' എന്നൊരു പേര് ഉയര്‍ന്നുവരുമ്പോള്‍, വ്യക്തമായ ചരിത്രമോ ശേഷിപ്പുകളോ ആവശ്യമാണ്‌!

ഗീവര്‍ഗീസ് എന്നൊരു വ്യക്തി രക്തസാക്ഷിയായില്ല എന്നുപറയാന്‍ മനോവ തയ്യാറാകില്ലെന്നു മാത്രമല്ല, അങ്ങനെ പറയാനുള്ള അവകാശവും മനോവയ്ക്കില്ല! എന്നാല്‍, ജീവിച്ചിരുന്നതിനുപോലും വ്യക്തമായ തെളിവുകളില്ലാതെ ഒരുവനെ വിശുദ്ധനാക്കുന്നതിലെ അപകടം മറച്ചുവയ്ക്കാനും മനോവയ്ക്കു കഴിയില്ല. ഗീവര്‍ഗീസ് എന്നൊരു വ്യക്തി ജീവിച്ചിരുന്നു എന്നുതന്നെ കരുതുക. യേഹ്ശുവായുടെ പേരില്‍ അനേകര്‍ രക്തസാക്ഷികളായതുപോലെ ഇദ്ദേഹവും രക്തസാക്ഷിയായി എന്നുമിരിക്കട്ടെ. ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാതിരിക്കുകയോ ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥം തേടാതിരിക്കുകയോ ചെയ്യുന്നതിലൂടെ ഇദ്ദേഹത്തിനു ദൈവം വാഗ്ദാനംചെയ്ത രക്ഷ തടയുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അതുപോലെതന്നെ, ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥം തേടാത്തതുകൊണ്ട് ഒരുവനു രക്ഷപ്രാപിക്കാന്‍ കഴിയാതെ പോകുമോ? ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായി നല്‍കിയിരിക്കുന്ന ഏക പേര് 'ഗീവര്‍ഗീസ്' എന്ന പേരല്ലാത്തതുകൊണ്ടും, രക്ഷയ്ക്കായി ദൈവം നല്‍കിയ പേര് 'യേഹ്ശുവ' എന്ന പേര് ആയതുകൊണ്ടും, മനോവ ആവര്‍ത്തിച്ചു പറയുന്നു: ഇതിന്റെ പിന്നില്‍ ഒരു കെണിയുണ്ട്!

ഒരുവന്‍ വചനം അനുസരിച്ചാണ് ജീവിച്ചതെങ്കില്‍, അവന്റെ പുനരുത്ഥാനത്തില്‍ അവന്‍ യേഹ്ശുവായ്ക്കുള്ളവനായിരിക്കും. ഇതു തടയാന്‍ ഈ ഭൂമിയിലെ ഏതെങ്കിലും പ്രഭുത്വങ്ങള്‍ക്കോ അധികാരങ്ങള്‍ക്കോ സാധിക്കുകയില്ല. മറിച്ച്, യേഹ്ശുവായുടെ കല്പനകള്‍ക്കു വിരുദ്ധമായി ജീവിച്ച ഒരു വ്യക്തിയെ ആരെങ്കിലും വിശുദ്ധരായി പ്രഖ്യാപിച്ചാല്‍ അവരുടെ നരകം ഇല്ലാതാക്കാനും കഴിയില്ല! എന്നാല്‍, നരക ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരുവനോട് മാദ്ധ്യസ്ഥം തേടുന്നതുവഴി ജീവിച്ചിരിക്കുന്നവരുടെ രക്ഷ തടയപ്പെടാന്‍ ഇതു കാരണമായേക്കാം! അതുകൊണ്ടുതന്നെ, ഇത്രമാത്രം പരീക്ഷണങ്ങളും കടമ്പകളും കടന്ന് ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല! സഭ ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നതിലൂടെ മാത്രമേ അവന്റെ ആത്മാവിനു നിത്യരക്ഷ ലഭിക്കുകയുള്ളുവെങ്കില്‍, ഇതിനെ അംഗീകരിക്കാന്‍ മനോവ തയ്യാറായിരുന്നു. അതുപോലെതന്നെ, ഈ വിധത്തില്‍ വിശുദ്ധനാക്കപ്പെടുന്ന ഏതെങ്കിലും വ്യക്തിയുടെ മാദ്ധ്യസ്ഥത്തിലൂടെ മാത്രമേ മറ്റുള്ളവര്‍ക്ക് ആത്മരക്ഷ സാദ്ധ്യമാകുകയുള്ളുവെന്ന് യേഹ്ശുവായോ അപ്പസ്തോലന്മാരോ പഠിപ്പിച്ചിരുന്നുവെങ്കിലും മനോവ ഇതിനെ പിന്തുണയ്ക്കും!

എന്തിനാണ് ഇത്രമാത്രം പരീക്ഷണങ്ങള്‍ നടത്തിയും പ്രാദേശിക സഭകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായും ഇങ്ങനെ വിശുദ്ധരെ പ്രഖ്യാപിക്കുന്നത്? യേഹ്ശുവായുടെ നാമത്തെപ്രതി സഹിക്കുകയും വിശുദ്ധജീവിതം നയിക്കാന്‍ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത സകല വിശുദ്ധരോടുമുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ മനോവ ചോദിക്കുകയാണ്: ഏതു വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശുദ്ധ പ്രഖ്യാപനങ്ങള്‍? ആദ്യമായി യേഹ്ശുവായുടെ പേരില്‍ രക്തസാക്ഷിയായ സ്തെഫാനോസിനെയോ ശിരച്ഛേദം ചെയ്യപ്പെട്ട യാക്കോബിനെയോ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കേപ്ഫയോ ആദിമസഭയോ തയ്യാറായിട്ടുണ്ടോ? മരിച്ചു പറുദീസായിലേക്കു പോയവരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള ചുമതലയായിരുന്നില്ല ഇവരൊന്നും യേഹ്ശുവായില്‍നിന്നു ഭാരമേറ്റത്; മറിച്ച്, ലോകത്തെ സുവിശേഷം അറിയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു! മരിച്ചുയര്‍ത്ത യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ശിഷ്യന്മാരെയും അതുവഴി നമ്മെയും ഏല്പിച്ച ദൗത്യം ഇതായിരുന്നു: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20).

മരിച്ചുപോയവരെ വിശുദ്ധരാക്കാനുള്ള ആഹ്വാനമൊന്നും യേഹ്ശുവാ നല്‍കിയിട്ടില്ല. ജീവിച്ചിരിക്കുന്നവരെ വിശുദ്ധിയിലേക്കു നയിക്കാനാണ് അവിടുന്ന് നമ്മോട് ആഹ്വാനം ചെയ്തത്. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, മരിക്കുന്നതിനു മുന്‍പുതന്നെ വിശുദ്ധരായി വണങ്ങപ്പെടാന്‍ കൊതിക്കുന്നവരും മാനദണ്ഡങ്ങളെ കാറ്റില്‍പ്പറത്തി അശുദ്ധരെപ്പോലും വിശുദ്ധരാക്കാന്‍ തയ്യാറായവരെയും ഈ നാളുകളില്‍ നാം കണ്ടു. മരണാനന്തരം താന്‍ വിശുദ്ധനായി വണങ്ങപ്പെടേണ്ടതിനു നിയമങ്ങള്‍ പൊളിച്ചെഴുതിയ പോപ്പിനെയും നാം കണ്ടുകഴിഞ്ഞു. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും പ്രീതി നേടേണ്ടതിനായി, അവരില്‍ ചിലരെ ജീവിച്ചിരിക്കുമ്പോള്‍തന്നെ 'വിശുദ്ധ സാമ്രാട്ട്' എന്ന പദവി നല്‍കി ആദരിക്കാനും കത്തോലിക്കാസഭ തയ്യാറായിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട്, ജീവിച്ചിരുന്നതായി യാതൊരു തെളിവുമില്ലാത്ത ചിലരെ വിശുദ്ധരാക്കി വിശ്വാസികളുടെ തലയില്‍ കെട്ടിയേല്പിക്കുന്ന പ്രവണതയും കാണുന്നു. ഇത്തരത്തിലുള്ള അജ്ഞാത വിശുദ്ധനാണ് 'ഗീവര്‍ഗീസ്'!

ഗീവര്‍ഗീസുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ കേള്‍ക്കുന്ന കഥകളും മുന്‍കാലങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന കഥകളും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. അന്‍പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് അര ഡസനിലധികം പുസ്തകങ്ങള്‍ ഗീവര്‍ഗീസിന്റെ ചരിത്രമെന്ന രീതിയില്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു. ഇവയില്‍ പലതും മനോവയുടെ ശേഖരത്തിലുണ്ട്. 'ഗീവര്‍ഗീസ് പാന'യും ഇക്കൂട്ടത്തില്‍പ്പെടും. കേരളത്തിലെ ക്രിസ്ത്യാനികളുടെ തനതു കലകളായ പരിചമുട്ടുകളിയിലും ചവിട്ടുനാടകങ്ങളിലും 'ഗീവര്‍ഗീസ് ചരിത്രം' (കെട്ടുകഥ)സ്ഥാനംപിടിച്ചിട്ടുണ്ട്. അക്കാലത്ത് വാമൊഴിയായും വരമൊഴിയായും പ്രചരിപ്പിക്കപ്പെട്ടിരുന്ന കഥകള്‍ ആധുനികലോകം പരിഹസിച്ചുതള്ളും എന്നതുകൊണ്ടാണ് പുതിയ കഥകള്‍ ചമയ്ക്കുന്നതിന് ഗീവര്‍ഗീസ് ഭക്തര്‍ നിര്‍ബന്ധിതരായത്.

വ്യാളിയെ കൊല്ലുന്ന ഐതീഹ്യം ഗീവര്‍ഗീസിന്റെ കഥയിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. ഗീവര്‍ഗീസിനെക്കുറിച്ചു കേള്‍ക്കുന്നവരുടെ ചിന്തകളില്‍ തെളിഞ്ഞുവരുന്ന ചിത്രവും ഇതുതന്നെയായിരിക്കും! ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ അജ്ഞാതമായതും പഴയ തലമുറ പാടിനടന്നതുമായ ആ കഥയുടെ സാരാംശം ഇവിടെ കുറിക്കാം.

ഒരു ദേശത്തെ ജനങ്ങള്‍ മുഴുവന്‍ കുടിവെള്ളം ശേഖരിക്കുന്ന ഒരു നീരുറവയുണ്ടായിരുന്നു. ഈ ഉറവയെ അടച്ചുകൊണ്ട് ഒരു വലിയ പാമ്പ്‌(വ്യാളി) നിലകൊണ്ടു. ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടിയപ്പോള്‍ രാജാവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. രാജാവ് വ്യാളിയുമായി സന്ധിസംഭാഷണം നടത്തി. വ്യാളിയുടെ നിലപാട് ഇതായിരുന്നു: ഓരോ ആഴ്ചയിലേയും ഒരു പ്രത്യേക ദിവസം, പത്തു പറ ഗോതമ്പും മറ്റുചില ഭക്ഷ്യവസ്തുക്കളും ഒരു കന്യകയായ ഒരു യുവതിയെയും വ്യാളിയ്ക്കു നല്‍കണം. ഇതു ഭക്ഷിക്കാനായി പുറത്തുവരുന്ന സമയത്ത് ജനങ്ങള്‍ക്ക് വെള്ളം ശേഖരിക്കാം. പ്രജാതത്പരനായ രാജാവ് ഈ ഉപാധികള്‍ സമ്മതിച്ചു. വ്യാളി ആവശ്യപ്പെട്ട കാര്യങ്ങള്‍ രാജാവ് ചെയ്തുപോന്നു. ദേശത്തെ കന്യകമാരെല്ലാം വ്യാളിയുടെ ഇരയായപ്പോള്‍ ശേഷിച്ചത് രാജകുമാരി മാത്രമായി. നീതിമാനായ രാജാവ് തന്റെ മകളെ വ്യാളിയ്ക്കു നല്‍കാന്‍ തയ്യാറായി. അങ്ങനെ രാജകുമാരിയുടെ ഊഴം വന്നു! അപ്പോഴാണ്‌ മറ്റേതോ രാജ്യത്തെ പട്ടാളക്കാരന്‍ അതുവഴി വന്നത്. കരഞ്ഞുകൊണ്ട് നില്‍ക്കുന്ന രാജകുമാരിയോട് ഇയാള്‍ കാര്യം തിരക്കി. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ പടയാളി വ്യാളിയെ വധിക്കുകയും രാജകുമാരിയെ രക്ഷിക്കുകയും ചെയ്തു. അതിനുശേഷം പട്ടാളക്കാരന്‍ അവിടെനിന്നും കടന്നുപോയി.

രാജകുമാരിയെയും രാജ്യത്തെയും വ്യാളിയില്‍നിന്നു രക്ഷിച്ച ആ ധീരനെ രാജാവ് അന്വേഷിച്ചു. രാജകുമാരിയെ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ആദരിക്കുകയും ചെയ്യുക എന്നതായിരുന്നു രാജാവിന്റെ ലക്‌ഷ്യം! ഇതറിഞ്ഞ പലരും തങ്ങളാണ് വ്യാളിയെ വധിച്ചതെന്ന അവകാശവാദവുമായി രംഗപ്രവേശം ചെയ്തുവെങ്കിലും, രാജകുമാരി അതൊന്നും സമ്മതിച്ചില്ല. ഒടുവില്‍, ഗീവര്‍ഗീസ് രാജസന്നിധിയിലെത്തി. വ്യാളിയെ വധിച്ചപ്പോഴുണ്ടായ രക്തപ്രവാഹത്തില്‍ കൈമുക്കി ഗീവര്‍ഗീസിന്റെ പടച്ചട്ടയില്‍ മുദ്രയിടാന്‍ രാജകുമാരി മറന്നിരുന്നില്ല. ആ അടയാളം കണ്ട്, രാജകുമാരി ഗീവര്‍ഗീസിനെ തിരിച്ചറിഞ്ഞു. എന്നാല്‍, രാജകുമാരിയെയോ മറ്റു സമ്മാനങ്ങളോ സ്വീകരിക്കാന്‍ ഗീവര്‍ഗീസ് തയ്യാറായില്ല എന്നതാണ് പഴയ കഥയുടെ സാരാംശം! ഈ കഥയെ ഇതിവൃത്തമാക്കി രൂപപ്പെടുത്തിയ പരിചമുട്ടുകളി ഇന്നും പ്രാബല്യത്തിലുണ്ട്. എന്നാല്‍, ഗീവര്‍ഗീസിന്റെ ഭക്തര്‍ ഇന്ന് ഈ കഥ അവതരിപ്പിക്കുന്നത് മറ്റൊരു വിധത്തിലാണ്! ഒരു സ്ത്രീയെ പാമ്പില്‍നിന്നു രക്ഷിച്ചു എന്ന ലളിതമായ കഥയാണ് ഇന്നു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനപ്പുറത്തേക്കുള്ള വിവരണത്തിനു മുതിര്‍ന്നാല്‍, ഗീവര്‍ഗീസ് എന്ന കെട്ടുകഥ പൊളിയുമെന്നു തിരിച്ചറിയാനുള്ള വിവേകം ഇന്നിവര്‍ക്കുണ്ട്!

ഗീവര്‍ഗീസിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടും അനേകം നിറംപിടിപ്പിച്ച കഥകള്‍ മുന്‍കാലങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഏഴുപ്രാവശ്യം മരിക്കുകയും ആറുപ്രാവശ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഗീവര്‍ഗീസ് എന്ന കഥയും ഇപ്പോള്‍ വിഴുങ്ങി. ഇന്നത്തെ കഥയില്‍ ഒരു മരണം മാത്രമേ വിവരിച്ചിട്ടുള്ളു. പണ്ടത്തെ കഥയില്‍, 'ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിന്റെ പടയാളിയായിരുന്നു ഗീവര്‍ഗീസ്.....' ഇങ്ങനെയായിരുന്നു തുടക്കം. എന്നാല്‍, ഇന്നത്തെ കഥയില്‍ ആ രാജാവിന്റെ പേര് 'ഡയോക്ലീഷ്യന്‍' എന്നായി!

ഗീവര്‍ഗ്ഗീസിന്റെ ഒരു കടുത്ത ആരാധകന്‍ തന്റെ ബ്ലോഗില്‍ കുറിച്ചിട്ടിരിക്കുന്ന പഴയ 'മരണകഥ' ഇവിടെ പകര്‍ത്തിയെഴുതാം. കഥയിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള പുതിയ ഉപകരണം തയാറാക്കാന്‍ ചക്രവര്‍ത്തി നിര്‍ദ്ദേശം നല്‍കി. അത് ലഭിക്കുന്നതുവരെ തുറങ്കിലടക്കാനും കല്പിച്ചു. മര്‍ദ്ദനമുറകള്‍ തുടങ്ങിയെങ്കിലും തെല്ലും ഭയമില്ലാതെ നില്‍ക്കുന്ന ഗീവര്‍ഗീസിന്റെ തേജസുറ്റ മുഖഭാവവും കണ്ടു ഭടന്മാര്‍ അമ്പരന്നു. വെട്ടി കഷണങ്ങളാക്കി വറക്കുന്നതിനുള്ള വറച്ചട്ടികളും ചൂടുവെള്ളത്തില്‍ മുക്കുന്നതിനുള്ള ചെമ്പുപാത്രങ്ങളും നാക്ക് മുറിക്കുന്നതിനുള്ള ആയുധങ്ങളും പല്ലുകള്‍ പറിക്കുന്നതിനുള്ള കൊടിലുകളും കഴുത്തു കുനിച്ചു നിര്‍ത്തുന്നതിനുള്ള കൊളുത്തുകളും തുടലുകളും കൂടാതെ പച്ചമാംസം ചീകി എടുക്കുവാനുള്ള ഇരുമ്പു ചീപ്പുകളും മുപ്പല്ലികളും ആണികളും എല്ലാം നിരനിരന്നു. എങ്കിലും ഗീവര്‍ഗീസ് ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറായില്ല. ശരീരത്തെ മാത്രമേ നിങ്ങള്‍ക്ക് ഇല്ലാതാക്കുവാന്‍ സാധിക്കൂ. ശരീരത്തിനുള്ളില്‍ കുടികൊള്ളുന്ന ആത്മാവിനെ നശിപ്പിക്കുവാന്‍ കഴിയുകയില്ലായെന്നു ഗീവര്‍ഗീസ് പറഞ്ഞുകൊണ്ടിരുന്നു.

ചുട്ടുപഴുപ്പിച്ച ഇരുമ്പാണികള്‍ കാലിന്റെ അടിയില്‍ അടിച്ചു കയറ്റി പീഡിപ്പിച്ചു. കൂര്‍ത്ത ആണികള്‍ പതിച്ച ഇരുമ്പു ചെരുപ്പുകള്‍ ഇട്ടു നടക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം ഗീവര്‍ഗീസ് കൂടുതല്‍ തേജോമയനും ഉന്മേഷവാനുമായി കാണപ്പെട്ടു. കാലിന്റെ വേദന ഒപ്പിയെടുക്കാന്‍ അദൃശ്യരായ മാലാഖമാര്‍ ഓടിയെത്തി. ചാട്ടവാറു ചുഴറ്റി ആഞ്ഞടിച്ചു. ദേഹത്തുനിന്ന് ധാരധാരയായി ചോര ഒലിച്ചു. അപ്പോഴും ദൈവത്തെ സ്തുതിച്ച്, ഇദ്ദേഹം യേശുവിന്റെ രൂപം മനസ്സില്‍ ദര്‍ശിച്ചു. പച്ചമാംസം ചീകുന്ന ഇരുമ്പുചക്രത്തില്‍ ഗീവര്‍ഗീസിന്റെ ശരീരം മുട്ടിയുരുമ്മി, ചീകിത്തുടങ്ങി. രക്തം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ദാരുണമായ ഈ അവസ്ഥ കണ്ടുനിന്നവര്‍ മോഹാലസ്യപ്പെട്ട് വീണു. മറ്റു ചിലര്‍ വാവിട്ടു കരഞ്ഞു. എന്നാല്‍, ഇദ്ദേഹത്തിന്റെ വേദനകള്‍ ആരോ ഇല്ലാതാക്കിക്കൊണ്ടിരുന്നു. ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ മുന്‍പില്‍ മാലാഖമാര്‍ വന്നുനിന്ന് പനിനീര്‍ തളിക്കുന്നത് ഇദ്ദേഹം മാത്രം കണ്ടു. (പിന്നീട് ഈ ഭക്തന്‍ എങ്ങനെ ഇത് അറിഞ്ഞുവെന്ന് ആരും ചോദിക്കരുത്. കാരണം, കഥയില്‍ ചോദ്യമില്ല)

ഗീവര്‍ഗീസിനെ കമഴ്ത്തി കിടത്തി അറപ്പുവാളിന്റെ പല്ലുകളുള്ള വണ്ടി കയറ്റി പത്ത് തുണ്ടമാക്കി അറുത്തുമുറിച്ചു. അഗാധമായ കുഴിയില്‍ എറിഞ്ഞു, കുഴിയുടെ വാതില്‍ കല്ല് വച്ച് അടച്ചു. പിറ്റേദിവസം മുമ്പില്‍ എത്തിയ ഗീവര്‍ഗീസിനെ കണ്ട് രാജാവ് അമ്പരന്നു. ഭടന്മാരുടെ തലവനിലൊരുവനായ അന്തോനിയോസും അനുയായികളും അതുവഴി ക്രിസ്തുവില്‍ വിശ്വസിച്ചു. ഒരഗ്നികുണ്ഡം ഉണ്ടാക്കി അതില്‍ ഗീവര്‍ഗീസിനെ എറിഞ്ഞു. മൂന്നു ദിവസം അതില്‍ കിടന്നു.  ഗീവര്‍ഗീസ് മരിച്ചു എന്നു കരുതിയെങ്കിലും മൂന്നാം ദിവസം തലമുടി നാരിനുപോലും കേടു സംഭവിക്കാതെ പുറത്തുവന്നു. രാജാവിന്റെ കോപം വര്‍ദ്ധിച്ചു. വറച്ചട്ടിയിലിട്ടു വറക്കുവാന്‍ ആജ്ഞാപിച്ചു. അങ്ങനെ ചെയ്തിട്ടും ജീവിച്ചെഴുന്നേറ്റ സഹദായെ കണ്ട രാജാവ് അമ്പരന്നു.

ഒടുവില്‍ ഗീവര്‍ഗീസ് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി കുരിശു വരച്ചു. മരണം ആസ്വദിക്കാന്‍ കഴുത്തു നീട്ടിക്കൊടുത്തു. വെട്ടേറ്റ് വീണ ഇദ്ദേഹം മരണത്തെ പുല്‍കി. ഗീവര്‍ഗീസ് ഭക്തന്റെ വിവരണം ഇനിയും തുടരുന്നുണ്ട്. അതു മുഴുവന്‍ ഇവിടെ കുറിക്കുന്നതിനുപകരം ആ ബ്ലോഗിന്റെ 'ലിങ്ക്' ഇവിടെ ചേര്‍ക്കുന്നു: 'ഗീവര്‍ഗീസിന്റെ അപസര്‍പ്പക കഥ'

ഈ വിവരണമനുസരിച്ച്, ക്രിസ്തുവിനെക്കാള്‍ അധികമായി സഹിച്ച വ്യക്തിയാണ് ഗീവര്‍ഗീസ്. മാത്രവുമല്ല, നമ്മുടെ രക്ഷകനായ യേഹ്ശുവാ ഒരുവട്ടമേ മരിച്ചിട്ടുള്ളൂ. ഇത്രമാത്രം കൊടിയ പീഡനങ്ങള്‍ സഹിക്കുകയും പലവട്ടം മരിക്കുകയുംചെയ്ത ഗീവര്‍ഗീസ് അക്കാലത്ത് വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ടാകും എന്നകാര്യത്തില്‍ സംശയമില്ല! എന്നാല്‍, ഇങ്ങനെയൊരു വ്യക്തിയുടെ ചരിത്രം ഒരു തുണ്ടുകടലാസില്‍പ്പോലും കുറിച്ചുവയ്ക്കാന്‍ ആരും മിനക്കെട്ടില്ല എന്നുപറഞ്ഞാല്‍, അതു വിശ്വസിക്കാന്‍ ഇക്കാലത്ത് ആരെയെങ്കിലും കിട്ടുമോ? ക്രിസ്തുവിന്റെ സഹനത്തെ കുറച്ചുകാണിക്കാന്‍ ഏതോ കുബുദ്ധികള്‍ മെനഞ്ഞുണ്ടാക്കിയ വ്യാജകഥയാണ് ഗീവര്‍ഗീസ് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! ഗീവര്‍ഗീസിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന മന്ത്രവാദങ്ങളും ആഭിചാരങ്ങളും ഈ പൈശാചികതയെ കൂടുതല്‍ വ്യക്തമാക്കുന്നു! വ്യാജകഥകള്‍ ചമയ്ക്കുന്ന കാര്യത്തില്‍ പൗരസ്ത്യര്‍ പണ്ടേ വിരുതന്മാരാണ്‌! 'ഈശോ മറിയം യൗസേപ്പ്' എന്നാല്‍ പരിശുദ്ധ ത്രിത്വമാണെന്നു കഥചമച്ചതും ഇക്കൂട്ടര്‍തന്നെയാണ്! ഇവരുടെ ഏറ്റവും വലിയ പൈശാചിക കഥയായിരുന്നു ഖുറാന്‍!

യേഹ്ശുവായുടെ പേരില്‍ ഇത്രയേറെ സഹിച്ചുവെന്നു പറയപ്പെടുന്ന ഗീവര്‍ഗീസിന്റെ ഇന്നത്തെ പണി വളരെ ശ്രദ്ധേയമാണ്. ദരിദ്രരും ആലംബഹീനരുമായ ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച്, അവരുടെ ഭവനങ്ങളിലേക്ക് പാമ്പുകളെ അയയ്ക്കുക, പള്ളികളില്‍ നേര്‍ച്ചയിടാന്‍ മറന്നുപോകുന്നവരുടെ വാഹനങ്ങള്‍ക്ക് 'അള്ള്' വയ്ക്കുക തുടങ്ങിയ കുസൃതികളുമായിട്ടാണ് ഗീവര്‍ഗീസ് ഇന്നു നിലകൊള്ളുന്നത്. പലസ്തീനായിലാണ് ഇദ്ദേഹത്തിന്റെ സ്വദേശമെന്ന് ഭക്തര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെയുള്ള 'ഹമാസ്' എന്ന തീവ്രവാദികള്‍ എത്രയോ നിരപരാധികളെ വകവരുത്തുന്നു! നൈജീരിയയിലെയും ഗീവര്‍ഗീസിന്റെ വിഹാരഭൂമിയായിരുന്ന സിറിയയിലും എത്രയോ ആളുകളെ നിഷ്കരുണം ഇസ്ലാമിക ഭീകരന്മാര്‍ ക്രൂരമായി വധിക്കുന്നു! ഇവരെയൊന്നും കണ്ടതായി ഭാവിക്കാത്ത ഗീവര്‍ഗീസ്, പാവപ്പെട്ട ക്രിസ്ത്യാനികളുടെമേല്‍ 'കുതിരകയറുന്നത്' എന്തിനാണെന്ന് മനോവയ്ക്ക് മനസ്സിലാകുന്നില്ല!

ഗീവര്‍ഗീസിനെ ആരാണ് വിശുദ്ധനാക്കിയത്?

ഗീവര്‍ഗീസിനെ കത്തോലിക്കാസഭ വിശുദ്ധനാക്കി എന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ പ്രചരണം. കത്തോലിക്കാസഭയിലെ ചിലരും ഇതുതന്നെ പാടിനടക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെയൊരു വ്യക്തിയെ കത്തോലിക്കാസഭയിലെ ഒരു മാര്‍പ്പാപ്പയും വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം! ഗെലാസിയൂസ് മാര്‍പ്പാപ്പയാണ്‌ ഗീവര്‍ഗീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നാണ് പറയപ്പെടുന്നത്. ഗീവര്‍ഗീസ് എന്ന വ്യക്തിയെ ഈ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു എന്ന പ്രചരണം ഒരു കള്ളക്കഥയാണ്. ഗീവര്‍ഗീസ് എന്ന വ്യക്തിയെ വിശുദ്ധനാക്കുന്നതിനുപകരം 'ഗീവര്‍ഗീസ്' എന്ന നാമത്തെ വിശുദ്ധീകരിക്കുകയാണ് അന്ന് മാര്‍പ്പാപ്പ ചെയ്തത്. അന്ന് പാപ്പാ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: "whose names are justly reverenced among men, but whose actions are known only to God."

കത്തോലിക്കാസഭ ഒരു വ്യക്തിയെ വിശുദ്ധനാക്കണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. ജീവിച്ചിരുന്നതിനുപോലും തെളിവില്ലാത്ത ഒരുവനെ വിശുദ്ധനാക്കാന്‍ കത്തോലിക്കാസഭ തയ്യാറാകില്ല. മാനദണ്ഡങ്ങളില്‍ ചിലതൊക്കെ അവഗണിച്ചുകൊണ്ട് ചിലരെയൊക്കെ വിശുദ്ധരാക്കിയിട്ടുണ്ട് എന്നകാര്യം വിസ്മരിക്കുന്നുമില്ല. എന്നാല്‍, എല്ലാ മാനദണ്ഡങ്ങളെയും മാറ്റിവച്ചുകൊണ്ട് ഒരുവനെ വിശുദ്ധനാക്കിയിട്ടുണ്ടെങ്കില്‍, പിന്നീട് അവരെ ആ പദവിയില്‍നിന്നു നീക്കംചെയ്യും! സഭകളുടെ പുനരേകീകരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭയില്‍ അനധികൃതമായി കടന്നുകൂടിയ ചില വിശുദ്ധരുണ്ട്. ഇവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ വ്യക്തത ലഭിക്കാതിരുന്നാല്‍, വിശുദ്ധ പദവിയില്‍നിന്നു മാറ്റിനിര്‍ത്തുകയോ വണക്കത്തെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യും.

ഗീവര്‍ഗീസിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതു മാത്രമായിരുന്നില്ല. അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്നതിനും അയാളുടെ പേരില്‍ അദ്ഭുതങ്ങള്‍ നടന്നുവെന്നതിനും തെളിവ് ലഭിക്കാത്തതുകൊണ്ട്, വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിച്ചില്ല. അത് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണെന്നു പറഞ്ഞുകൊണ്ട്, ഗെലാസിയൂസ് മാര്‍പ്പാപ്പ ആ പേരിനെ മാത്രം ആശിര്‍വദിച്ചു! പേരിനെ ആശിര്‍വദിക്കുകയെന്നാല്‍ വ്യക്തിയെ വിശുദ്ധനാക്കുക എന്ന് അര്‍ത്ഥമില്ല. മാമോദീസാ സ്വീകരിക്കുമ്പോള്‍ ഒരുവന്‍ തിരഞ്ഞെടുക്കുന്ന പേര് സഭ അംഗീകരിച്ച പേരായിരിക്കണം എന്ന നിര്‍ബന്ധം സഭയ്ക്കുണ്ട്. ഇത്തരത്തില്‍ മാമോദീസാപ്പേരായി ഗീവര്‍ഗീസ് എന്ന പേര് സ്വീകരിക്കാനുള്ള അനുവാദമാണ്, പേരിനെ വിശുദ്ധീകരിച്ചതിലൂടെ ലഭിച്ചത്! ഗീവര്‍ഗീസ്, വര്‍ഗീസ്‌, ജോര്‍ജ്ജ് തുടങ്ങിയ പേരുകള്‍ മാമോദീസാപ്പേരായി സ്വീകരിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ഇതുമൂലം ഇവരുടെ പേരുകളെക്കുറിച്ച് ആകുലത വേണ്ടാ! എന്നാല്‍, ഈ പ്രഖ്യാപനത്തെ ഗീവര്‍ഗീസ് ഭക്തര്‍ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുകയും അമിതമായ പ്രാധാന്യത്തോടെ ഗീവര്‍ഗീസിനെ ഉയര്‍ത്തുകയും ചെയ്തു.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനപ്രകാരം ഗീവര്‍ഗീസിനെ അജ്ഞാതനായി പ്രഖ്യാപിക്കുകയും തരംതാഴ്ത്തുകയും ചെയ്തത് സൗകര്യപൂര്‍വ്വം ഇവര്‍ മറച്ചുവയ്ക്കുന്നു. ഈ സൂനഹദോസിനെ സ്വര്‍ഗ്ഗീയ സൂനഹദോസായി പ്രകീര്‍ത്തിക്കുന്നവര്‍ തന്നെയാണ് ഗീവര്‍ഗീസ് ഭക്തരില്‍ ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ, ഈ സൂനഹദോസ് തീരുമാനങ്ങളില്‍ ഒന്നായ ഈ പ്രഖ്യാപനത്തെ മാത്രമായി അവഗണിക്കുന്നതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇക്കാരണത്താലാണ്, ഗീവര്‍ഗീസിനെ അയോഗ്യനാക്കിയ തീരുമാനം മറച്ചുവയ്ക്കാന്‍ തയ്യാറായത്! ഗീവര്‍ഗീസിനോടുള്ള ഭക്തിയെ പ്രോത്സാഹിപ്പിക്കരുതെന്നു വത്തിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അറിയാവുന്ന അനേകം വൈദീകര്‍ കത്തോലിക്കാസഭയിലുണ്ട്. സംശയമുള്ളവര്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങള്‍ പരിശോധിക്കട്ടെ! ഈ സൂനഹദോസിനെ വാനോളം പുകഴ്ത്തുന്നവര്‍ എന്തുകൊണ്ട് ഇതു മറച്ചുവയ്ക്കുന്നുവെന്ന് മനോവ ചോദിക്കുന്നില്ല! മാര്‍ത്തോമാശ്ലീഹായുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ള പുസ്തകം മരവിപ്പിച്ചു നിര്‍ത്തിയവര്‍ ഇക്കാര്യത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചു! ഒരു പൈശാചികതയെ നീക്കംചെയ്യുകയും അനേകം പൈശാചികതകള്‍ സഭയില്‍ സ്ഥാപിക്കുകയും ചെയ്ത സൂനഹദോസായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ഗീവര്‍ഗീസിനെ അയോഗ്യനാക്കി എന്നതുകൊണ്ടല്ല മനോവ ഇയാളെ തള്ളിക്കളഞ്ഞത്; മറിച്ച്, ആരും ഇങ്ങനെയൊരാളെ യോഗ്യനാക്കിയില്ല എന്നതും ഇങ്ങനെയൊരുവന്‍ ജീവിച്ചിരുന്നതായി തെളിവില്ല എന്നതുമാണ്‌ തിരസ്ക്കരണത്തിനു കാരണം.

അതായത്, രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ഗീവര്‍ഗീസിനെ അയോഗ്യനാക്കിരുന്നില്ലെങ്കിലും മനോവയെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു വിശുദ്ധനെ അംഗീകരിക്കാന്‍ കഴിയുകയില്ല. ജീവിച്ചിരുന്നതായി തെളിവില്ലാത്ത ഒരു വ്യക്തിയെ വിശുദ്ധനായി വണങ്ങാന്‍ ദൈവജനത്തിനുമേല്‍ കെട്ടിവച്ചാല്‍ അത് വിഗ്രഹത്തെ നിര്‍മ്മിച്ചു നല്‍കുന്നതിനു തുല്യമാണ്! ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു കരുതി ആരാധിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്! ദൈവമാണെന്നു കരുതി ദൈവമാല്ലാത്തതിനെ ആരാധിക്കുന്നതാണ് വിഗ്രഹാരാധനയുടെ പല രീതികളില്‍ ഒന്ന്! അതുകൊണ്ടുതന്നെ, അജ്ഞാതരായ വ്യക്തികളെ വിശുദ്ധരാക്കി ദൈവജനത്തെക്കൊണ്ട് പാപം ചെയ്യിക്കുന്ന പ്രവണത ഈ ആധുനീകകാലത്തും സഭ തുടരുന്നത് ഭൂഷണമല്ല! ദൈവജനം മുഴുവന്‍ വിശുദ്ധരായിരിക്കെ  ചിലരെമാത്രം വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കാലഹരണപ്പെട്ട നടപടിയാണ്. ആദിമസഭയില്‍ വിശ്വാസത്തെപ്രതി വിശുദ്ധ പോളിക്കാര്‍പ്പിനെപ്പോലുള്ളവര്‍ വീരമരണം വരിച്ചിട്ടുണ്ട്. അവരെ ദൈവജനം പ്രത്യേക വിശുദ്ധരായി കണ്ടിരുന്നു. എന്നാല്‍, ഇന്ന് വിശുദ്ധരോടുള്ള വിശ്വാസികളുടെ വണക്കത്തിന്റെ  ഉപോത്പന്നം (byproduct ) സാമ്പത്തിക ആദായമാണന്ന്  മനസ്സിലാക്കിയ സഭാധികാരികള്‍ വിശുദ്ധരെ സൃഷ്ടിക്കുന്നതില്‍ ഉത്സുകരായിരിക്കയാണ്. ഓരോ റീത്തുകളും തങ്ങള്‍ക്ക് വിശുദ്ധരെ ലഭിക്കാത്തതിന്റെ പേരില്‍ 'കേന്ദ്ര അവഗണനയ്ക്കെതിരേ' സമരത്തിലാണ്! അപലപനീയമായ ഒരു വഴക്കമാണിതെന്നു പറയാതെവയ്യാ!

ഈ സഭാധികാരികളെക്കുറിച്ച് പ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചു: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാഹ്:4;8).

ചേര്‍ത്തുവായിക്കാന്‍: കത്തോലിക്കാസഭ ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ കുറഞ്ഞത്, അയാളുടെ മാമോദീസാ കുറിയെങ്കിലും പള്ളിയില്‍ ഉണ്ടാകണ്ടേ? ഇയാളെ ഏതു പള്ളിയില്‍ മാമോദീസാ മുക്കി? ആദ്യകുര്‍ബ്ബാനയും സ്ഥൈര്യലേപനവും എവിടെയായിരുന്നു?

വിശുദ്ധരെ പ്രഖ്യാപിക്കുന്നത് ദൈവത്തിനു സ്വീകാര്യമാണോ എന്നതിനെക്കുറിച്ച് ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യുന്ന ലേഖനം: വിശുദ്ധരെ പ്രഖ്യാപിക്കലും വിഗ്രഹ നിര്‍മ്മാണവും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9164 views

LOG IN

Lost your password?

SIGN UP

LOST PASSWORD