സഭകളില്‍ ശുദ്ധീകരണം

`ഓം`കാരവും നിലവിളക്കും ഗായത്രിമന്ത്രവും!

Print By
about

ന്നു കത്തോലിക്കാസഭ അതീവ ഗുരുതരമായ ചില തര്‍ക്കങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഏറ്റവും അധികം തര്‍ക്കങ്ങള്‍ നിലവിളക്കുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവാലയത്തില്‍ നിലവിളക്ക് ആവശ്യമോ അനാവശ്യമോ എന്നതാണ് പ്രശ്നം. കാര്യങ്ങള്‍ എന്തു തന്നെയായിരുന്നാലും കത്തോലിക്കാസഭയിലെ ശ്രേഷ്ഠന്മാര്‍ വാശിയിലാണ്. കുരിശില്ലെങ്കിലും വലിയ പ്രശ്നമില്ല, നിലവിളക്കു കൂടിയേ തീരൂ!

അഭിവന്ദ്യ പിതാക്കന്മാരില്‍ ചിലര്‍   ഇടയലേഖനത്തിലൂടെ  സഭാമക്കളെ നിലവിളക്കു വയ്ക്കാന്‍ നിര്‍ബന്ധിച്ചതായി കേട്ടു.  നിലവിളക്ക് നല്ലതോ  മോശമോ എന്നതു ചിന്തിക്കുന്നതിനു മുന്‍പ്,  ഈ  ശാഠ്യം എന്തിനു വേണ്ടിയാണെന്നു  ചിന്തിക്കുന്നതു നന്നായിരിക്കും.

കൂദാശ ജീവിതത്തെക്കുറിച്ചോ പ്രാര്‍ത്ഥനകളെക്കുറിച്ചോ  ആയിരുന്നുവെങ്കില്‍ നല്ലതെന്നു കരുതാമായിരുന്നു.  എന്നാല്‍, നിലവിളക്കു  കത്തിച്ചില്ലെങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കില്ലെന്നു ചിന്തിക്കാന്‍  കഴിയുമോ? വിശുദ്ധ ഗ്രന്ഥത്തില്‍ ഒരിടത്തും നിലവിളക്കു ദൈവാലയത്തില്‍  ആവശ്യമാണെന്നു  പറഞ്ഞിട്ടില്ല.

യാഹ്‌വെയുടെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന് എന്തു ചെയ്യണമെന്നു നിയമാവര്‍ത്തന പുസ്തകത്തില്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അനുഗ്രഹവും ശാപങ്ങളും എന്ന തലക്കെട്ടോടെ ഇക്കാര്യം എഴുതിയിരിക്കുന്നു. ദൈവമായ യാഹ്‌വെ മോശവഴി നിയമങ്ങളും ചട്ടങ്ങളും നല്‍കിയപ്പോള്‍ ഇപ്രകാരം അറിയിച്ചു; "നിന്റെ ദൈവമായ യാഹ്‌വെയുടെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും"(നിയമം: 28; 1, 2). പിന്നീടുള്ള വചനഭാഗത്ത് അനുഗ്രഹങ്ങളുടെ നീണ്ട പട്ടിക വിവരിക്കുന്നുണ്ട്.

"എന്നാല്‍, നീ നിന്റെ ദൈവമായ യാഹ്‌വെയുടെ സ്വരം ശ്രവിച്ച് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിന്റെമേല്‍ പതിക്കും"(നിയമം: 28; 15). ഏതുതരം ശാപങ്ങളാണ് വന്നു ഭവിക്കുന്നതെന്ന് തുടര്‍ന്നുള്ള വചനങ്ങളില്‍ കാണാം.

ചില ദൈവശാസ്ത്ര ഗവേഷകര്‍ വിചിത്രങ്ങളായ കണ്ടെത്തലുകളില്‍ കുരുങ്ങി കിടക്കുന്നുണ്ട്. ഇത്തരക്കാര്‍ സ്വയം നശിക്കുന്നതിനൊപ്പം ദുര്‍ബലരായവരെ വഴി തെറ്റിക്കുകയും ചെയ്യുന്നു. യേഹ്ശുവായുടെ വരവോടെ മോശയുടെ നിയമങ്ങള്‍ ലഘൂകരിച്ചുവെന്ന് ഇവര്‍ പഠിപ്പിക്കുന്നു. നിയമങ്ങളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്തുകയാണ് ഇക്കൂട്ടര്‍.

രക്ഷകനായ യേഹ്ശുവാ ഇങ്ങനെ പറയുന്നു; "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17-18). ആകാശവും ഭൂമിയും ഇപ്രകാരം നിലനില്‍ക്കുന്നിടത്തോളം മോശയുടെ നിയമവും മാറ്റപ്പെടുവാന്‍ പാടില്ലെന്നാണ് യേഹ്ശുവാ കല്പിക്കുന്നത്. ദൈവവചനം ശ്രദ്ധയോടെ പഠിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. മോശയുടെ നിയമങ്ങള്‍ കുറച്ചുകൂടി കടുപ്പപ്പെടുത്തുകയാണ് യേഹ്ശുവാ ചെയ്തത്. അവിടുന്ന് പഠിപ്പിച്ച രണ്ട് നിയമങ്ങള്‍ മാത്രം പരിശോധിച്ചാല്‍ അതു മനസ്സിലാകും.

മോശയുടെ നിയമത്തില്‍ വ്യഭിചാരം ചെയ്യരുത് എന്നു  കല്പിച്ചപ്പോള്‍;  സ്ത്രീയെ, ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍  വ്യഭിചാരം ചെയ്തു കഴിഞ്ഞു എന്ന് യേഹ്ശുവാ പഠിപ്പിക്കുന്നു(മത്ത: 5; 28). നിയമത്തെ മയപ്പെടുത്തുകയല്ല കഠിനമാക്കുകയാണ് അവിടുന്ന് ചെയ്തതെന്നു കാണാം. മോശയുടെ നിയമപ്രകാരം ഉപേക്ഷാപത്രം കൊടുത്ത് ഭാര്യയെ  ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നാല്‍, യേഹ്ശുവാ അറിയിക്കുന്നു; "പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു"(മത്ത: 5; 32).

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന കാര്യം; യേഹ്ശുവാ ഒരു  നിയമങ്ങളെയും തിരുത്തിയിട്ടില്ല എന്നുള്ളതാണ്. നിയമങ്ങളെ അതിന്‍റെ പൂര്‍ണ്ണതയില്‍ അവിടുന്നു പഠിപ്പിച്ചു. കാരണം മോശയ്ക്കു നിയമം കൊടുത്തത് യേഹ്ശുവായിലൂടെയാണ്. സകലതും  സൃഷ്ടിക്കപ്പെട്ടതും യേഹ്ശുവായിലൂടെതന്നെ. "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ; 1; 1-3). ദൈവം, മോശവഴി അറിയിച്ച നിയമങ്ങള്‍ ഒന്നുപോലും അസാധുവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്രയും സൂചിപ്പിച്ചത്.

ഭാരതീയ വത്ക്കരണത്തിന്റെ മറവില്‍ സഭയിലേക്കു തിരുകികയറ്റുന്ന ആചാര രീതികള്‍ ദൈവത്തിനു സ്വീകാര്യമാണോയെന്ന് ഇനി പരിശോധിക്കാം. "പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2 കോറി: 11; 14-15). നന്മയുടെ രൂപത്തിലാണ് തിന്മ കടന്നുവരുന്നത്. തിരിച്ചറിയണമെങ്കില്‍ വലിയ ജ്ഞാനം ആവശ്യമാണ്. ദൈവത്തിനു സ്വീകാര്യമല്ലാത്തവ ദൈവാലയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ പാടില്ല. നമ്മുടെ ശരീരവും ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണ്(2 കോറി: 6; 16). ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത് എന്നു പൗലോസ് അപ്പസ്തോലന്‍ ചോദിക്കുന്നു(2 കോറി: 6; 16). ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലും സുവിശേഷ ഭാഗങ്ങളിലും വളരെ പ്രാധാന്യത്തോടെ നല്‍കുന്ന ഒരു മുന്നറിയിപ്പാണിത്. "വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്ത: 24; 15-16).

"ദൈവാലയത്തിന്‍റെ ചിറകിന്‍മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്ക്കും"(ദാനിയേല്‍: 9; 27). "അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍: 11; 31).

`ഓംകാരവും നിലവിളക്കും ആരതിയും ഗായത്രി മന്ത്രവുമൊക്കെ  എന്താണെന്ന് ആദ്യം തന്നെ മനസ്സിലാക്കിയാല്‍ മാത്രമെ അതിലെ അപകടങ്ങള്‍  തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.  ഇവയെല്ലാം വിജാതിയര്‍ അവരുടെ ആരാധനയ്ക്കായി  ഉപയോഗിച്ചിരുന്നവയും, ഇപ്പോഴും തുടര്‍ന്നു പോരുന്നതുമാണ്. തെറ്റും ശരിയും മനുഷ്യനേക്കാള്‍ നന്നായി ദൈവത്തിനറിയാമല്ലോ! ജ്ഞാനത്തിന്റെ പൂര്‍ണ്ണതയായ ദൈവത്തെ; മനുഷ്യന്‍ ജ്ഞാനം അഭ്യസിപ്പിക്കേണ്ട ആവശ്യമില്ല.

നിയമാവര്‍ത്തന പുസ്തകത്തില്‍ പറയുന്നു; "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). യിരെമിയാഹ് പ്രവാചകന്‍ പറയുന്നു: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(യിരെമി: 10; 2). വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ എങ്ങനെ സേവിച്ചുവെന്ന് അന്വേഷിക്കുകപോലും അരുതെന്നാണ് ദൈവം കല്പിച്ചിട്ടുള്ളത്"(നിയമം: 13; 30).

ദൈവം ഇപ്രകാരമെല്ലാം കല്പിച്ചിരിക്കുന്നതിനാല്‍ എത്രതന്നെ  നന്മയെന്നു തോന്നിയാലും ഈ  ആചാരങ്ങള്‍ നമുക്ക് അനുവദനീയമല്ല. എന്നിട്ടും ഇത്തരം  ആചാരങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം  അടിച്ചേല്‍പ്പിക്കപ്പെടുന്നെങ്കില്‍ അതിനെ  തിരിച്ചറിയേണ്ടിയിരിക്കുന്നു. ദൈവത്തെക്കാള്‍ അധികമായി മനുഷ്യരെ  അനുസരിക്കേണ്ട ആവശ്യമില്ല. അവര്‍ ആരുമായിക്കൊള്ളട്ടെ! എത്ര  ഉന്നതരുമായിക്കൊള്ളട്ടെ!(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 19)(അപ്പ. പ്രവര്‍: 5; 29).

ഇനി ഈ ആചാരങ്ങളുടെ അര്‍ത്ഥമെന്താണെന്നു  പരിശോധിക്കാം. മലയാളഭാഷാ നിഘണ്ടുവില്‍ `ഓം` എന്ന വാക്കിനു പ്രണവമന്ത്രം എന്നാണര്‍ത്ഥം. വിഷ്ണു, ശിവന്‍, ബ്രഹ്മാവ് എന്നിവരോടുള്ള എല്ലാ പ്രാര്‍ത്ഥനകളും ആരംഭിക്കേണ്ടത് `ഓം`എന്ന വാക്കില്‍ നിന്നാണ്.

നിലവിളക്കിന്റെ രൂപവും അതിന്റെ അടയാളവും പൂര്‍ണ്ണമായും വിജാതിയമാണെന്നു സ്ഥിരീകരിക്കുന്നു. ഹൈന്ദവ വിശ്വാസം അനുസരിച്ച് ശിവ-പാര്‍വ്വതി ലൈംഗീക ബന്ധത്തിന്റെ അടയാളമാണിത്. എണ്ണയൊഴിക്കുന്ന ഭാഗം പാര്‍വ്വതിയുടെ `യോനി`യും(ലൈംഗീകാവയവം), മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന സ്തൂപം ശിവന്റെ `ലിംഗ`വും ആയിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ശിവ-പാര്‍വ്വതീ സംഭോഗത്തില്‍ നിന്നുണ്ടാകുന്ന `തീപ്പോരി`(സ്പാര്‍ക്കിങ്)യാണ് വിശ്വപ്രകാശം! ലൈംഗീക ബന്ധത്തിനിടയില്‍ ശിവനില്‍നിന്നും ഉണ്ടായ നെടുവീര്‍പ്പാണ് `ഓംകാരം`.  ഈ ശബ്ദമാണത്രെ വിശ്വത്തെ താങ്ങി  നിര്‍ത്തുന്നത്. ശിവലിംഗത്തിനു മുകളില്‍ കുരിശു വയ്ക്കുന്നത് രണ്ടാം പ്രമാണത്തിനെതിരെയുള്ള പാപമാണ് കുരിശ് യേഹ്ശുവായുടെ തിരുനാമം വഹിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പാവനമായി കരുതണം.

ഗായത്രീ മന്ത്രമെന്നാല്‍; സൂര്യനെ സ്തുതിക്കുന്ന വൈദീക മന്ത്രമെന്നാണ് അര്‍ത്ഥം. സൃഷ്ടാവിനു പകരം സൃഷ്ടിയെ ആരാധിക്കല്‍!

"അവര്‍ കിഴക്കോട്ടു തിരിഞ്ഞ് സൂര്യനെ  നമസ്കരിക്കുകയായിരുന്നു"(എസക്കി: 8; 16-18)

"നിങ്ങള്‍ ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എല്ലാ ആകാശഗോളങ്ങളെയും കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രതേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19).

നിരവധി പഠനങ്ങള്‍ നടത്തി നിലവിളക്കിന്റെ നന്മയും തിന്മയും കണ്ടുപിടിക്കേണ്ട കാര്യമില്ല. വിജാതിയമായ ആരാധനരീതികള്‍ അനുകരിക്കാന്‍ `ബുദ്ധിജീവികള്‍` പ്രേരിപ്പിക്കും എന്നു മുന്‍കൂട്ടി അറിഞ്ഞുകൊണ്ടു തന്നെയാണ് ദൈവം കല്പന നല്‍കിയിരിക്കുന്നത്.

അപകടം ഇല്ലാത്തതും സുതാര്യവുമായ മാര്‍ഗ്ഗങ്ങള്‍  ഉണ്ടായിരിക്കെ കൃത്യമായി അറിയില്ലാത്ത വഴികള്‍ നാം  തിരഞ്ഞെടുക്കേണ്ടതുണ്ടോ​?

ഈ പറഞ്ഞവയൊന്നും സത്യമല്ലെങ്കില്‍ തന്നെ നിലവിളക്കും ഓംകാരവും സ്വീകരിക്കാതിരുന്നാല്‍ സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുമെന്നു കരുതാന്‍ കഴിയുമോ? എന്നാല്‍, ദൈവം അരുതെന്നു കല്പിച്ചിട്ടുള്ളവ ചെയ്താല്‍ എന്തായിരിക്കും അവസ്ഥയെന്നു വചനത്തിലൂടെ നാം മനസ്സിലാക്കി. അനുസരണക്കേടിന്റെ ഫലമായി ഭൂമിയിലേക്കു വന്ന മരണം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ആചാരങ്ങള്‍ അനുകരിക്കുന്ന, സഭകളുടെ ഇന്നത്തെ രീതി ആദിമസഭ സ്വീകരിച്ചിരുന്നെങ്കില്‍ തോമാശ്ലീഹ രക്തസാക്ഷിയാകുമായിരുന്നില്ല. ആദ്യനൂറ്റാണ്ടിനുശേഷം സഭയും ഉണ്ടാകുമായിരുന്നില്ല. ഇന്നു സഭ വളരാത്തതിന്റെ കാരണം ഇതുതന്നെയാണ്. ഏറ്റവും അധികം അനാചാരങ്ങള്‍ ചുമന്നുകൊണ്ട് നടക്കുന്നത് ഇന്ത്യയിലെ സഭയാണ്. ഇന്ത്യയില്‍ ഇന്നും രണ്ടര ശതമാനം മാത്രം ക്രിസ്ത്യാനികള്‍ എന്നു പറയുമ്പോള്‍ ചിന്തിക്കുക! ആദ്യ നൂറ്റാണ്ടില്‍ യേഹ്ശുവായെ സ്വീകരിച്ചവരുടെ തലമുറ മാത്രമെ ഇന്നും ഉള്ളൂ.

സഭാശ്രേഷ്ഠന്മാരേ, നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് വാശിപിടിക്കുന്നത്? ആരുടെ രാജ്യം വളര്‍ത്താന്‍? അപ്പസ്തോലന്മാരുടെ സ്ഥാനം വഹിക്കുന്ന വ്യക്തികളാണ് നിങ്ങള്‍. യേഹ്ശുവായെ അറിയാത്ത ആരെയെങ്കിലും തിരുവചനം അറിയിച്ചിട്ടുണ്ടൊയെന്നു ചിന്തിക്കുന്നത് നല്ലതാണ്. ഇല്ലായെന്നു പറയുന്നില്ല. എന്നാല്‍; ഇല്ലായെന്നാണ് ഉത്തരമെങ്കില്‍ അത് അപകടമാണ്!

"നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16).

ചേര്‍ത്തു വായിക്കാന്‍: സഭാ ഇടയന്മാര്‍ നിലവിളക്കിന്റെ പ്രചാരണത്തിനു കണ്ടെത്തുന്ന സമയവും തീഷ്ണതയും; സുവിശേഷ പ്രഘോഷണത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ നൂറ് ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ടാകുമായിരുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4692 views

LOG IN

Lost your password?

SIGN UP

LOST PASSWORD