സഭകളില്‍ ശുദ്ധീകരണം

ഭാരതീയവത്ക്കരണത്തിന്‍റെ മറവില്‍ വിജാതിയവത്ക്കരണം!

Print By
about

08 - 07 - 2013

മുഖവുര: നിങ്ങളുടെ സഭ ഏതുമാകട്ടെ! നിങ്ങള്‍ ക്രിസ്തുവിനെയും സഭയെയും സ്നേഹിക്കുന്നുവെങ്കില്‍ ഈ ലേഖനം ക്ഷമാപൂര്‍വ്വം വായിച്ചു തീര്‍ക്കുക!

ഈ ലേഖനത്തിന്റെ സൃഷ്ടിക്ക് സഹായകമായ വ്യക്തികളും പ്രസ്ഥാനങ്ങളും ഗ്രന്ഥങ്ങളും: കേരള കലാമണ്ഡലം, RSS തിരുവനന്തപുരംശാഖ, വിശ്വഹിന്ദുപരിഷത്ത്, പ്ലാനറ്റ് ജ്യോതിഷം, പ്രെസ്റ്റര്‍ ജോണ്‍, ബുക്ക് ഓഫ് ഹിന്ദുയിസം.

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കുന്ന എല്ലാ സഭകളെയും അക്കാരണത്താല്‍തന്നെ, മനോവ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വ്യക്തിപരമായി മറ്റുള്ളവരെ ഈ രക്ഷ അറിയിക്കുന്ന ഓരോ വ്യക്തികള്‍ക്കും മനോവ അഭിവാദ്യം അര്‍പ്പിക്കുകയാണ്. ഇതാ സമയം അടുത്തിരിക്കുന്നു; നമ്മുടെ രക്ഷകനായ യേഹ്ശുവാ തന്റെ മഹത്വത്തില്‍ എഴുന്നള്ളുവാനുള്ള സമയം അടുത്തതിനാല്‍, സാത്താനും അവന്റെ അനുയായികളും അവരുടെ സകല ശക്തിയും കുതന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുന്നു. വിധിദിനം ആരും ചിന്തിക്കുന്നതിനേക്കാള്‍ അടുത്തെത്തിക്കഴിഞ്ഞു.

ദൈവജനം സര്‍പ്പത്തെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ വേണ്ടത്! ഒരു ഭീകര പരിവേഷത്തിലല്ല സാത്താന്‍ വരുന്നത്. മുത്തശ്ശിക്കഥകളിലും ചിത്രകാരന്മാരുടെ കപടഭാവനയിലും നാം കണ്ട രൂപങ്ങളൊന്നും സാത്താന്റെതായിരുന്നില്ല. മറിച്ച്, അവനെക്കുറിച്ചുള്ള അറിവില്‍നിന്നു മനുഷ്യമക്കളെ വഴിതെറ്റിക്കാന്‍ അവന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു അത്. സഭകളും സഭാമക്കളും ഇത്തരം കെണികളില്‍ അകപ്പെട്ടുവെന്നത് വലിയ ദുരവസ്ഥയായിരിക്കുന്നു. ദൈവവചനത്തില്‍ ഒരിടത്തും ഒരു ഭീകരരൂപിയായി സാത്താനെ അവതരിപ്പിക്കുന്നില്ല. എന്നാല്‍, മനുഷ്യരെ വഞ്ചിക്കുന്ന വിനയവും കപടസമാധാനവും പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷവും അവനുണ്ടെന്നു വചനം മുന്നറിയിപ്പു തരുന്നുണ്ട്.

നന്മയുടെ രൂപംധരിച്ചു വരുന്ന സാത്താനെ മനുഷ്യര്‍ തിരിച്ചറിയാതിരിക്കേണ്ടതിനു 'വ്യാജ ഐഡന്റിറ്റി' സ്വയമണിയാന്‍ അവന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗമുണ്ട്. അവനെ വാലും കൊമ്പുമുള്ള ഭീകര രൂപിയായി വരച്ചുകാട്ടാന്‍ ചിലരെ അവന്‍ ഉപയോഗിക്കുന്നു. ബാല്യത്തില്‍തന്നെ ഇത്തരം ചിത്രങ്ങള്‍ മനസ്സില്‍ കുറിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ സാത്താനെ തിരിച്ചറിയാന്‍ കഴിയാതെ അവനു കീഴ്പ്പെടേണ്ടിവരുന്ന ദുരന്തകരമായ അവസ്ഥയാണുള്ളത്. മിന്നുന്നതെല്ലാം പൊന്നായി കരുതുന്നവര്‍ സാത്താനെ നന്മയെന്നും ദൈവമെന്നും വിളിക്കാന്‍ ഇതുമൂലം കാരണമായി. പഠിച്ചതിലും പഠിപ്പിച്ചതിലും വന്ന വഴിവിട്ട സഞ്ചാരം ഇതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു! പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍ സാത്താന്‍ വിഹരിക്കുമ്പോള്‍ അതു തിരിച്ചറിയാതെ അവനെ പുണരാന്‍ ഇത്തരം പഠനങ്ങള്‍ വഴിതെളിക്കുകയും ചെയ്തു.

സാത്താന്റെ സുരക്ഷിത ഒളിസങ്കേതം!

ആഭ്യന്തിര മന്ത്രിയുടെ ഭവനത്തെക്കാള്‍ സുരക്ഷിതമായി ഒരു കുറ്റവാളിക്ക് ഒളിച്ചിരിക്കാന്‍ മറ്റൊരിടവും ഉണ്ടാകില്ല. അതുപോലെ, സാത്തനെതിരെ പോരാടുന്ന ക്രൈസ്തവസഭകള്‍ തന്നെയാണ് സാത്താനു മറഞ്ഞിരിക്കാന്‍ ഏറ്റവു അനുയോജ്യമായ സങ്കേതവും! സുവിശേഷം ലോകം മുഴുവന്‍ അറിയിക്കുവാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു സഭ പിന്നോക്കം പോയെങ്കിലും, ഏല്പിക്കപ്പെട്ട ചുമതല നിലനില്‍ക്കുന്നുണ്ടെന്നു സാത്താനു നന്നായി അറിയാം! രക്ഷയിലേക്കു മനുഷ്യരെ നയിക്കാന്‍ രൂപീകരിക്കുന്ന നിയമങ്ങളിലും പഠനങ്ങളിലും സാത്താന്‍ സ്വാധീനം ചെലുത്തുകയും അവന്റെ നിയമങ്ങളും ആചാരങ്ങളും തിരുകി കയറ്റുകയും ചെയ്യുന്ന രീതിയാണ് അവനിന്ന് അനുവര്‍ത്തിക്കുന്നത്! അങ്ങനെ സാത്താനെയും സൌജന്യമായി പ്രഘോഷിക്കാനാണു വിജാതിയ ആചാരങ്ങള്‍ സഭയില്‍ തിരുകി കയറ്റുന്നത്. അത് എപ്രകാരമൊക്കെയാണു നിറവേറ്റപ്പെടുന്നതെന്ന് നമുക്കു തിരിച്ചറിയാന്‍ ശ്രമിക്കാം!

തെറ്റായ പഠനങ്ങള്‍ക്കു പിന്നാലെ പോകുന്നവരും വികലമായി ദൈവവചനത്തെ വ്യാഖ്യാനിക്കുന്നവരുമായ എല്ലാവരും ചതിയന്മാരാണെന്നു മനോവ ചിന്തിക്കുന്നില്ല. മറിച്ച്, അവരും തീഷ്ണതയോടെ വചനശുശ്രൂഷയില്‍ വ്യാപരിക്കുന്നവരാണ്. എന്നാല്‍, അവരില്‍ അന്ധകാരം നിറച്ച് തന്റെ ഇംഗിതത്തിനായി സാത്താന്‍ ഉപയോഗിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിറവില്ലാത്ത വ്യക്തികളെ ഇത്തരം ആശയങ്ങള്‍ അടിച്ചേല്പിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും! അറിവു ലഭിക്കാത്തതുമൂലം വഴിതെറ്റിയാലും അറിവിനെ തള്ളിക്കളഞ്ഞാലും ഫലം ഒന്നുതന്നെ. അതിനാല്‍ ജാഗ്രത അനിവാര്യമാണ്!

ദൈവം മ്ലേച്ഛമായി പ്രഖ്യാപിച്ചിട്ടുള്ള സകലതും നന്മയുടെ പരിവേഷമണിയിച്ച് സഭകളില്‍ നിര്‍ബന്ധിത ആചാരമാക്കി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ സഭകളെ ബന്ദികളാക്കി സാത്താന്‍ അവന്റെ സാമ്രാജ്യം പണിയാന്‍ സഭകളുടെ ചിലവില്‍തന്നെ സൗകര്യമൊരുക്കി. 'കൈ നനയാതെ മീന്‍ പിടിക്കുന്ന' സാത്താന്റെ കുതന്ത്രം! സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കുന്ന ഇത്തരം കെണികളുടെ കാണാപ്പുറങ്ങളിലേക്കു വെളിച്ചം വീശുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്യമിക്കുന്നത്!

അടിച്ചേല്പിക്കപ്പെടുന്ന വിജാതിയ ആചാരങ്ങള്‍!

ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ മതത്തിന്റെ വിശ്വാസധാരയ്ക്ക് അനുസരിച്ച്‌ രൂപപ്പെടുത്തിയിട്ടുള്ളതാണ്‌. അത്തരം അനുഷ്ഠാനമുറകളിലെ ഓരോ ചലനത്തിനും ഉപയോഗിക്കുന്ന ബിംബങ്ങള്‍ക്കും ഉപാധികള്‍ക്കും വസ്തുക്കള്‍ക്കും ഉച്ചരിക്കുന്ന ശബ്ദങ്ങള്‍ക്കും താളങ്ങള്‍ക്കുപോലും ഹൈന്ദവ തത്വശാസ്ത്രപ്രകാരം കൃത്യമായ അര്‍ത്ഥവും പ്രതീകാത്മകതയും ഉള്ളതാണ്‌. അവയൊന്നും അറിയാതെ ആ ആചാരക്രമങ്ങളൊക്കെയെടുത്ത്‌ യഥേഷ്ടം മാറ്റം വരുത്തി തോന്നിയതുപോലെ ഉപയോഗിക്കുന്നത്‌ തികച്ചും നിന്ദ്യമായ കാര്യമാണ്‌. കുരങ്ങന്റെ കയ്യിലെ പൂമാലപോലെ നിരര്‍ത്ഥകവും നാഗപ്രതിമയ്ക്ക് മുന്‍പില്‍ കത്തിച്ചുവച്ച മെഴുകുതിരിപോലെ പരിഹാസ്യവുമാണത്‌.

ദൈവവചനത്തെ പരസ്യമായി ലംഘിക്കുന്നതാണ് വിജാതിയമായ അനുകരണം. എത്രത്തോളം വളച്ചൊടിച്ചാലും യാതൊരു ന്യായീകരണവുമില്ലാത്ത കാര്യമാണിത്. ഇത്തരം ആചാരാനുഷ്ടാനങ്ങള്‍ ദൈവം ഒരിക്കലും അംഗീകരിക്കുന്നില്ല. മോശയിലൂടെ നിയമം നല്‍കിയപ്പോള്‍ ഇതിനെക്കുറിച്ച് വളരെ ഗൌരവത്തോടെ ദൈവം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഒരു താക്കീതോടുകൂടിയാണു പ്രമാണങ്ങള്‍ നല്‍കിയത്. ആരംഭത്തില്‍തന്നെ ഇപ്രകാരം പറയുന്നു: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നു കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്"(നിയമം: 4; 2). ഈ കല്പനകള്‍ അനുസരിച്ചാല്‍ ഉണ്ടാകുന്ന നേട്ടങ്ങളെന്തെന്നും വിവരിക്കുന്നുണ്ട്. "എന്റെ ദൈവമായ യാഹ്‌വെ  എന്നോടു കല്പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും"(നിയമം: 4; 5, 6). ദൈവത്തിന്റെ ജനം ഏതു ദേശത്തുപോയി വസിച്ചാലും അവിടുത്തെ ജനതകളുടെ ആരാധനാരീതികള്‍ അനുകരിക്കരുതെന്നു വ്യക്തമായി മുന്നറിയിപ്പു തരുന്നു. "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 30, 31).

വിജാതിയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു വിഗ്രഹങ്ങളും ദൈവമല്ലെന്ന് ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം അരുളിച്ചെയ്യുന്നു. ദൈവമല്ലെന്നു മാത്രമല്ല, അതു പിശാചാണെന്നു ബൈബിള്‍ വ്യക്തമായും മനസ്സിലാക്കി തരുന്നുമുണ്ട്. "ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍പോലെയാണ് വിജാതിയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാര്‍. അവിടെ പ്രവേശിക്കുന്നവര്‍ പറത്തുന്ന പൊടികൊണ്ട് അവയുടെ കണ്ണുകള്‍ മൂടിയിരിക്കുന്നു. രാജദ്രോഹത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കിടക്കുന്നവനെ എല്ലാവശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങള്‍ കള്ളന്മാര്‍ അപഹരിക്കാതിരിക്കാന്‍ പുരോഹിതന്മാര്‍ വാതിലുകളും താഴുകളും ഓടാമ്പലുകളുംകൊണ്ട് ക്ഷേത്രം സുരക്ഷിതമാക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ വിളക്കുകള്‍ അവര്‍ ദേവന്മാര്‍ക്കുവേണ്ടി കത്തിക്കുന്നു. എന്നാല്‍, അവയില്‍ ഒന്നുപോലും കാണാന്‍ ദേവന്മാര്‍ക്കു കഴിവില്ല. അവ ക്ഷേത്രത്തിന്റെ തുലാത്തിനു തുല്യമാണ്"(ബാറൂക്ക്: 6; 17-20).

"അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചുനിര്‍ത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും"(ബാറൂക്ക്: 6; 27). "മരിച്ചവരുടെ മുമ്പിലെന്നപോലെയാണ് അവയുടെ മുമ്പില്‍ കാഴ്ചകള്‍ അര്‍പ്പിക്കുന്നത്"(ബാറൂക്ക്: 6; 27).

ചിലരെങ്കിലും വാദിക്കുന്നത്, യേഹ്ശുവായുടെ വരവോടെ പ്രവാചകരിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ മാറി പുതിയനിയമം വന്നുവെന്നാണ്. എന്നാല്‍, യേഹ്ശുവാതന്നെ ഇതിന് ഉത്തരം നല്‍കുന്നുണ്ട്. "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍ , അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 17-19).

യേഹ്ശുവായ്ക്കുശേഷം വന്ന അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവു പറയുന്നത് ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). സാത്താനെ ആരാധിക്കാന്‍ അനുഷ്ഠിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ദൈവാരാധനയ്ക്കായി കടമെടുക്കുമ്പോള്‍ ആരാധനയല്ല നിന്ദനമാണു നടക്കുന്നത്. ഭിക്ഷക്കാരന്റെ ചീഞ്ഞുനാറിയ മേലങ്കി രാജാവിനെ ധരിപ്പിക്കുന്നതിനെക്കാള്‍ അപമാനകരമാണിത്! ഇതു വായിക്കുന്ന വിജാതിയര്‍ക്ക് ഒരുപക്ഷെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകാം. എങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നല്ല! വിജാതിയരുടെ പ്രീതിക്കുവേണ്ടി സത്യത്തെ മറച്ചുവക്കാന്‍ മനോവ ഒരുക്കമല്ല. ജ്ഞാനികളെന്ന് അവകാശപ്പെടുന്ന ക്രൈസ്തവസഭകളിലെ 'നിയമജ്ഞരും ഫരിസേയരും' എന്തിന് ഇത്രമാത്രം വ്യക്തമായി കുറിക്കപ്പെട്ട വചനത്തെ വളച്ചൊടിക്കണം? ഇതു വ്യക്തികളുടെയോ സഭകളുടെയോ പ്രശ്നമല്ല; മറിച്ച്, സഭകളെ ബന്ദികളാക്കിയിരിക്കുന്ന സാത്താന്റെ പ്രവൃത്തിയാണ്.

ദൈവവചനത്തിലൂടെ യാഹ്‌വെ വിലക്കിയിട്ടുള്ളവ ആചരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വിധേയത്വത്തിന്റെ പേരില്‍ ഒരുവനും അനുസരിക്കേണ്ടതില്ല. മനുഷ്യരെ ദൈവവചനത്തിലേക്കു നയിക്കാനുള്ള അധികാരമാണ് നേതാക്കന്മാരില്‍ ഭരമേല്‍പ്പിക്കപ്പേട്ടത്; മറിച്ച്, സത്യത്തില്‍നിന്നും വ്യതിചലിപ്പിച്ച് വ്യാജങ്ങളിലേക്കു നയിക്കാനല്ല. ഇത്തരം അധികാരങ്ങളെ ഭയപ്പെടുകയോ അനുസരിക്കുകയോ വേണ്ടെന്നകാര്യം അപ്പസ്തോലന്മാരുടെയും പൂര്‍വ്വീകരുടെയും ചരിത്രത്തില്‍നിന്നു മനസ്സിലാകും. എത്ര ഉന്നതനായാലും സ്വര്‍ഗ്ഗത്തിലെ ഒരു ദൂതന്‍തന്നെയോ ആവശ്യപ്പെട്ടാലും അവരെ ഗൗനിക്കേണ്ടതില്ല! ഏതെല്ലാം രീതിയിലാണ് സഭകളില്‍ വിജാതിയവത്ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അവ ഏതെല്ലമെന്നും അതിലെ ദുരന്തമെന്തെന്നും തിരിച്ചറിയാന്‍ ശ്രമിക്കുന്നതു നല്ലതാണ്.

സാംസ്ക്കാരിക വത്ക്കരണത്തിന്റെ മറവില്‍ വിജാതിയവത്ക്കരണം!

യേഹ്ശുവാ പറഞ്ഞിട്ടുള്ള ഓരോ വചനങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് തങ്ങളുടെ ഇഷ്ട നിര്‍വ്വഹണത്തിനായി ഉപയോഗിക്കുമ്പോള്‍ അവിടുന്ന് ആഗ്രഹിച്ചതിന്റെ വിപരീത ഫലമാണുണ്ടാകുന്നത്. നാം വസിക്കുന്ന രാജ്യത്തോടും നാടിനോടും സ്നേഹവും വിശ്വസ്തതയും ഉണ്ടാകണം. എന്നാല്‍, ദൈവത്തോടുള്ള സ്നേഹത്തിനുപരിയായി ഒന്നിനെയും സ്നേഹിക്കേണ്ടതില്ല. ദൈവീക നിയമങ്ങള്‍ക്കു വിരുദ്ധമാണു രാജ്യത്തിന്റെ നിയമമെങ്കില്‍ അതനുസരിക്കാന്‍ നമുക്കു അനുവാദമോ ബാധ്യതയോ ഇല്ല. നമ്മുടെ മാതൃരാജ്യമായ ഭാരതത്തില്‍ ഓരോ മത വിശ്വാസിക്കും അവരവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള വിശ്വാസ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. മതപരമായ ആചാരങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ള നമ്മുടെ രാജ്യത്ത് ഓരോ വിഭാഗങ്ങളും തങ്ങളുടേതായ അനുഷ്ഠാനങ്ങള്‍ പുലര്‍ത്തുമ്പോള്‍, കപട ദേശസ്നേഹികള്‍ വിജാതിയത്വം സ്വയംവരിക്കുന്ന കാഴ്ച്ച അപഹാസ്യമാണ്! ഈ അനുകരണങ്ങളിലൂടെ തങ്ങളുടെ വിശ്വാസത്തില്‍ പോരായ്മകളുണ്ടെന്നും അവരുടെ ആരാധനകളാണു ശ്രേഷ്ഠമെന്നും പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. ക്രിസ്തുവും ക്രിസ്തുമാര്‍ഗ്ഗവും പോരായ്മകള്‍ നിറഞ്ഞതാണെന്നു പ്രഖ്യാപിക്കേണ്ടത് സാത്താന്റെ ഉത്തരവാദിത്വമാണ്. അതു ഭംഗിയായി നിറവേറ്റുവാന്‍ അവന്‍ ചിലരെ ഉപയോഗിക്കുന്നു. യേഹ്ശുവായില്‍ മാത്രമെ പൂര്‍ണ്ണതയുള്ളുവെന്ന യാഥാര്‍ത്ഥ്യം ആരേക്കാളും നന്നായി സാത്താനറിയാം.

ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കാതെ സീസറിനുള്ളതും 'ഇല്ലാത്തതും' കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ദൈവത്തെയോ രാജ്യത്തെയോ അല്ല സ്നേഹിക്കുന്നത്. ഈ വിധേയത്വം ദൈവവചനത്തെയോ രാഷ്ട്രനിയമങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. മറിച്ച്, വിജാതിയമതങ്ങളെ നയിക്കുന്ന സാത്താന്റെ അജണ്ട നടപ്പാക്കുകയാണ്. ഇന്ത്യയില്‍ വസിക്കുന്ന ഇസ്ലാംമത വിശ്വാസിക്കളും സിക്കുകാരും അവരവരുടെ ആചാരങ്ങള്‍ അനുസരിച്ചു ജീവിക്കുന്നുണ്ട്. അവരുടെ ആചാരങ്ങളെ രാജ്യം എതിര്‍ക്കുന്നില്ല. ക്രിസ്ത്യാനിയുടെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ ഇക്കാലംവരെയും എതിര്‍ത്തിട്ടുമില്ല. വിവിധ സംസ്കാരങ്ങളുടെ സംഗമകേന്ദ്രമാണ് മതേതര ഇന്ത്യ! ഇന്ത്യയുടെ ഭരണഘടനാ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിക്കുകയും ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയുമാണ് നാം ചെയ്യേണ്ടത്. ഇന്ത്യക്കാരെല്ലാം ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെങ്കിലും സംസ്കാരങ്ങള്‍ അനുകരിക്കണമെന്നു ഭരണഘടന അനുശാസിക്കുന്നില്ല!

ഇന്ത്യന്‍ സംസ്കാരം എന്നത് നാനാത്വത്തില്‍ ഏകത്വമാണ്. ഓരോ മതങ്ങളെയും അവയുടെ സംസ്കാരങ്ങളോടെതന്നെ ഉള്‍ക്കൊള്ളുകയെന്ന വിശാലമായ നയമാണ് രാഷ്ട്രശില്പികളിലൂടെ ദൈവം ഒരുക്കിയ സംവിധാനം! അല്ലാതെ ഏതെങ്കിലും മതത്തിന്റെ സംസ്കാരമല്ല ഇന്ത്യന്‍ സംസ്കാരം. എന്നാല്‍, ഭൂരിപക്ഷമായ മതം അനുവര്‍ത്തിക്കുന്ന ആചാരങ്ങളെ ദേശത്തിന്റെ സംസകാരമായി തെറ്റിദ്ധരിക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. എല്ലാ മതങ്ങളെയും സ്വീകരിക്കുന്നത് ഇന്ത്യന്‍ സംസകാരത്തിന്റെ ഭാഗമാണ്. മറ്റു രാജ്യത്തുനിന്ന് ഇവിടെ വരുന്ന ഒരു വ്യക്തി, സ്വാഭാവികമായും കൂടുതല്‍ ആളുകള്‍ ആചരിക്കുന്ന രീതികളെ രാജ്യത്തിന്റെതന്നെ ആചാരമായി ചിന്തിക്കാം. അങ്ങനെ അത്തരം ആചാരങ്ങള്‍ രാജ്യത്തിന്റെ പൊതുവായ സംസ്കാരമായി വ്യാഖ്യാനിക്കാന്‍ കാരണമാകുന്നു. ചില മതങ്ങള്‍ ഭൂരിപക്ഷ സമൂഹത്തെ അനുകരിക്കുന്ന രീതിയുമുണ്ടാകാം. വ്യക്തമായ നിയമങ്ങള്‍ ഇല്ലാത്തതും ഭൂരിപക്ഷ മതങ്ങളില്‍നിന്നു വേര്‍പിരിഞ്ഞവയുമായ മതങ്ങളാണ് ഇത്തരത്തില്‍ പെടുന്നത്. സുദൃഢമായ നിയമങ്ങളുള്ള ഒരു മതവും മറ്റു മതങ്ങളെ അനുകരിക്കുകയില്ല. അതിന് ഏറ്റവും യോജിക്കുന്ന ഉദാഹരണം ഇസ്ലാംമതമാണ്. അവര്‍ക്കു തനതായ ആചാരങ്ങളും നിയമങ്ങളും ഉള്ളതുപോലെ, അലംഘനീയമായ നിയമങ്ങളുള്ള മതമാണു ക്രിസ്തുമതവും!

ക്രിസ്തുമതം അതിന്റെ ആരംഭത്തില്‍തന്നെ മറ്റുമതങ്ങളില്‍നിന്നു വേറിട്ടുനിന്ന മതമായിരുന്നു. ഇടകലരാതെ നില്‍ക്കണമെന്ന ദൈവപ്രമാണത്തെ ജീവിതത്തില്‍ പകര്‍ത്തിയിരുന്നതിനാല്‍ മറ്റുമതങ്ങളില്‍നിന്ന് ഏറെ സഹിക്കേണ്ടിവന്നിട്ടുണ്ട്. രാജ്യങ്ങളുടെ പല നിയമങ്ങളും ക്രിസ്തീയതയ്ക്കു വിരുദ്ധമായിരുന്നതിനാല്‍ നിയമലംഘനം രക്തസാക്ഷിത്വത്തോളം എത്തിയിട്ടുണ്ട്. കേപ്പായും പൗലോസും അടക്കം അനേകം അപ്പസ്തോലന്മാര്‍ രക്തസാക്ഷികള്‍ ആകേണ്ടിവന്നത് ആചാരങ്ങള്‍ സ്വീകരിക്കാത്തതുകൊണ്ടാണ്. ദൈവത്തിന്റെ നിയമത്തെക്കാള്‍ മനുഷ്യരുടെ നിയമത്തെ അനുസരിക്കേണ്ടതില്ലെന്ന ദൃഢനിശ്ചയം ക്രിസ്തീയതയുടെ ഭാഗംതന്നെയാണ്. രാജഭരണകാലത്തെ ഏകാധിപത്യത്തെപോലും അതിജീവിച്ച വിശ്വാസപാരമ്പര്യം, ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ സാത്താന് അടിയറവയ്ക്കുന്ന രീതി ലജ്ജാകരമാണെന്നു പറയാതെ വയ്യാ! ഇതു സഭയെ പടുത്തുയര്‍ത്താന്‍ വീരരക്തസാക്ഷിത്വം വഹിച്ച സഭാപിതാക്കന്മാരോടും ദൈവത്തോടുതന്നെയുമുള്ള വെല്ലുവിളിയായി കാണണം.

മതസൗഹാര്‍ദ്ദം എന്നത് ആചാരങ്ങള്‍ അനുകരിക്കലോ?

മറ്റുമതങ്ങളുടെ അവകാശങ്ങളില്‍ കൈകടത്താതെ അവരെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുകയാണു മതസൗഹാര്‍ദ്ദം! അല്ലാതെ അവരുടെ മതങ്ങളിലെ രീതികള്‍, സ്വന്തം മതത്തില്‍ അനുഷ്ഠാനങ്ങളാക്കി മാറ്റുകയല്ല. എല്ലാറ്റിനെയും ദൈവമായി കരുതുന്ന മതങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ പ്രത്യേകമായി ഒന്നുമില്ല. വേണമെങ്കില്‍ യേഹ്ശുവായെയും അനേക ദേവന്മാരില്‍ ഒരുവനായി സ്വീകരിക്കുവാനും സാധിക്കും! മുന്നൂറ്റിമുക്കോടി ദേവഗണങ്ങളോടൊപ്പം അവര്‍ ക്രിസ്തുവിനെ സ്വീകരിച്ചതുകൊണ്ട്, അവരുടെ ചിലതൊക്കെ സ്വീകരിച്ചേക്കാം എന്ന മനോഭാവം ക്രിസ്തീയതയുടെ അന്തഃസത്തയെതന്നെ ഇല്ലാതാക്കും.

വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണസാധനങ്ങള്‍ കഴിക്കരുതെന്നു ക്രൈസ്തവര്‍ക്കു നിയമമുണ്ട്. എന്നാല്‍, മതസൗഹാര്‍ദ്ദത്തിന്റെ മറവില്‍ ഇതു വിസ്മരിക്കപ്പെടുന്നു. അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനംപോലും നമുക്കു അനുവദിച്ചിട്ടില്ലാത്തപ്പോള്‍, മതസൗഹാര്‍ദ്ദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലൂടെ ഈ നിയമങ്ങളെയെല്ലാം മറികടക്കുന്നു!

സഭയുടെ നേതാവായി യേഹ്ശുവായില്‍നിന്നു നേരിട്ട് അഭിഷേകം സ്വീകരിച്ച കേപ്പാ സഭാമക്കളോടു പറയുന്നത് ശ്രദ്ധിക്കാം: "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം"(അപ്പ. പ്രവര്‍ത്തനങ്ങള്‍: 15; 29). യെരുശലെം സൂനഹദോസില്‍ എടുത്ത തീരുമാനങ്ങളായിരുന്നു ഇവ. താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയെന്നു പറഞ്ഞതിനുശേഷമാണ് ഇതറിയിക്കുന്നത്. അന്നു പരിശുദ്ധാത്മാവ് അറിയിച്ചത് കുറച്ചുകാലത്തേക്കുള്ള നിയമമായിരുന്നില്ല. നമ്മുടെ സഹായകനായി യേഹ്ശുവായുടെ നാമത്തില്‍ നാം സ്വീകരിച്ച ആത്മാവിനെക്കാള്‍ വലുതാണോ വിജാതിയ സൗഹൃദം? പരിശുദ്ധാത്മാവിനെക്കാള്‍ ജ്ഞാനികളെന്നു ഭാവിക്കുന്ന ചിലര്‍ പറയുന്നത്; നാം അങ്ങനെ ചിന്തിക്കാതെ ഭക്ഷിച്ചാല്‍ മതിയെന്നാണ്. അതായത് പാപത്തെ പുണ്യമായി സങ്കല്പിച്ചു ചെയ്താല്‍ മതിയെന്ന്!

പൗലോസ് അപ്പസ്തോലനിലൂടെ അറിയിക്കുന്നത് നോക്കുക; "എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്"(1 കോറി: 10; 28). ഭൂരിപക്ഷം ആളുകള്‍ ചെയ്യുന്ന തിന്മയെ അനുകരിക്കുന്നവര്‍ ഓര്‍ക്കേണ്ടതായ ഒരു കാര്യമുണ്ട്; വെറും നൂറ്റിയിരുപതു വ്യക്തികളില്‍ ആരംഭിച്ചതാണു ക്രിസ്തീയസഭ! അന്നുണ്ടായിരുന്ന കോടാനുകോടി ജനങ്ങളില്‍നിന്നു വേറിട്ട ജീവിതം നയിക്കുകയും കര്‍ശനമായി നിയമങ്ങള്‍ പാലിക്കുകയും ചെയ്ത് വളര്‍ന്നതാണു ക്രിസ്തീയത!

ദേശീയ ആഘോഷമെന്നു പറഞ്ഞുകൊണ്ട് മാവേലിക്കുവേണ്ടി പൂക്കളമൊരുക്കുമ്പോള്‍ ചിന്തിക്കുക; ഇതിനുമുമ്പും തങ്ങള്‍ ദേവന്മാരാണെന്നു രാജാക്കന്മാര്‍ സ്വയം പ്രഖ്യാപിക്കുകയും തങ്ങളെയല്ലാതെ ആരെയും ആരാധിക്കരുതെന്നു കല്പിക്കുകയും ചെയ്തിരിന്നു. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത്(എ. ഡി. 81-96) അവനെ 'കര്‍ത്താവും' ദൈവവും എന്നു വിളിക്കണമെന്ന കല്പനയോട് അന്നത്തെ സഭയെടുത്ത നിലപാട് നേതാക്കന്മാരോട് മനോവ വിശദ്ദീകരിക്കേണ്ടതില്ലല്ലോ? വിശുദ്ധരായ പൂര്‍വ്വീക ക്രൈസ്തവര്‍ അതിനെ എതിര്‍ത്തുകൊണ്ട് ജീവന്‍ ബലിയര്‍പ്പിച്ചു. ആ രക്തത്തില്‍ പടുത്തുയര്‍ത്തപ്പെട്ട സഭകള്‍ 'പിച്ചക്കാശി'നു വിഗ്രഹങ്ങളെ പ്രണമിക്കുന്നത് ദൈവത്തിനു സ്വീകാര്യമോ? വിജാതിയരുടെ സംഖ്യാബലം കണ്ട് വിരണ്ടുപോകുന്ന ദൈവമാണു സൈന്യങ്ങളുടെ യാഹ്‌വെയെന്നു ധരിക്കരുത്. അബ്രാഹത്തെ വിളിച്ചത് വലിയൊരു സംഘമായിട്ടല്ല. ഇസ്രായേലിനെ തിരഞ്ഞെടുത്തതും ലോകത്തിലെതന്നെ ഏറ്റവും ചെറിയ സമൂഹമായി അറിഞ്ഞുകൊണ്ടാണ്.

ശക്തിപ്രകടനം കണ്ട് ഭയപ്പെട്ട് തീരുമാനങ്ങള്‍ മാറ്റുന്നവനായി ദൈവത്തെ കാണരുത്. ഭൂരിപക്ഷം പാപികളും വിഢികളും ചേര്‍ന്നാല്‍ ജനാധിപത്യത്തില്‍ ഒരു അധികാരിയെ പ്രതിഷ്ഠിക്കാം! ദൈവത്തിന്റെ രാജ്യത്തു പാപികളുടെ നിയമം അസാധുവാണ്. ലോത്തിനെയും മക്കളെയുമൊഴികെ ഒരു ദേശത്തെ മുഴുവന്‍ ചാമ്പലാക്കിയ ദൈവം തന്നെയാണ് ഇന്നും ഭരിക്കുന്നത്! ഭൂരിപക്ഷത്തെ പരിഗണിച്ച് സ്വവര്‍ഗ്ഗരതിയെ ദൈവം നിയമമാക്കിയില്ല. പത്തു നീതിമാന്മാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ നാടു നശിപ്പിക്കാതിരിക്കാമെന്നു യാഹ്‌വെ പറഞ്ഞിരുന്നു. അതു നീതിമാനായ അബ്രാഹത്തിന്റെ യാചന പരിഗണിച്ചാണെന്നു വിസ്മരിക്കരുത്!

വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നതെന്നു വിളിച്ചുപറഞ്ഞ നാളുകളില്‍ സഭകള്‍ വളര്‍ന്നതുപോലെ സകല വിഗ്രഹങ്ങളെയും തോളില്‍ ചുമക്കുന്ന ഈ കാലത്തു വളരുന്നില്ലെന്നത് തിരിച്ചറിവിനു കാരണമാകണം! ഇന്നു ക്രൈസ്തവസഭകള്‍ വെള്ളപൂശി അവതരിപ്പിക്കുന്ന മ്ലേച്ഛതകളെ അനാവരണം ചെയ്യുമ്പോള്‍, അതു വായനക്കാര്‍ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞേക്കും. ഇത്തരം മ്ലേച്ഛതകളില്‍ ചിലതുമാത്രം തുറന്നുവയ്ക്കുകയാണ്; ബാക്കിയുള്ളവ ഓരോരുത്തരും സ്വയം ചിന്തിക്കുക! ഒരുകാര്യം വ്യക്തമാക്കട്ടെ; എത്ര നന്മയാണെങ്കിലും വിജാതിയ ആചാരങ്ങള്‍ പ്രാര്‍ത്ഥനയിലും ആരാധനയിലും അനുകരിക്കുകയോ അവ എങ്ങനെയെന്നു പഠിക്കാന്‍ ശ്രമിക്കുകയോ അരുതെന്നു പറഞ്ഞിരിക്കുന്നത് ദൈവമായ യാഹ്‌വെയാണ്. അവയുടെ നന്മയും തിന്മയും അന്വേഷിക്കാന്‍ അവരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ദൈവം കല്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ താഴെ വിവരിക്കുന്ന ആചാരങ്ങള്‍ സഭയില്‍ ദൈവം അനുവദിച്ചിട്ടുണ്ടോ എന്നതു ക്രിസ്തുവിന്റെ സഭയെ സ്നേഹിക്കുന്ന വായനക്കാര്‍ തീരുമാനിക്കുക!

അപകടം തിരിച്ചറിയാതെ ക്രൈസ്തവര്‍ അനുകരിക്കുന്നതും നിരുപദ്രവകാരി എന്ന ധാരണയോടെ ക്രൈസ്തവ നേതാക്കന്മാര്‍ പ്രോത്സാഹിപ്പിക്കുന്നതുമായ ആചാരങ്ങള്‍ ദൈവസന്നിധിയില്‍ എത്രത്തോളം സ്വീകാര്യമാണെന്ന് തിരിച്ചറിയണമെങ്കില്‍ അവയുടെ അര്‍ത്ഥം ഗ്രഹിക്കണം. ഈ ലേഖനത്തില്‍ ഇവ പൂര്‍ണ്ണമായും കുറിക്കുകയെന്നത് ശ്രമകരമായതിനാല്‍,  ഓരോ ദുരാചാരങ്ങളെയും വ്യത്യസ്ഥമായ ലേഖനങ്ങളായി പ്രസിദ്ധീകരിക്കുകയാണ്. ചുവടെ കുറിക്കുന്ന ഓരോ ശീര്‍ഷകവും മനോവയുടെ മറ്റു താളുകളില്‍ ഉണ്ട്. 'വിജാതിയതയുടെ ദുരന്തം' എന്ന ലിങ്കില്‍ സന്ദര്‍ശിച്ചാല്‍ ഓരോ ദുരാചാരങ്ങളെയും വ്യക്തമായി വിശകലനം ചെയ്തിട്ടുള്ള ലേഖനങ്ങള്‍ വായിക്കാന്‍ സാധിക്കും! ഇവിടെ ചേര്‍ത്തിരിക്കുന്ന ശീര്‍ഷകങ്ങളിലുള്ള എല്ലാ ലേഖനങ്ങളും നിങ്ങള്‍ തീര്‍ച്ചയായും വായിക്കുകയും, ഈ ആചാരങ്ങള്‍ ക്രൈസ്തവസഭകളില്‍ നിലനിര്‍ത്തണമോ എന്ന്‍ ചിന്തിക്കുകയും ചെയ്യുക!

കത്തോലിക്കാസഭയിലെ ചില പൈശാചിക ഗ്രൂപ്പുകള്‍ നടത്തുന്ന ആഭാസങ്ങള്‍ വെളിപ്പെടുത്താന്‍ മനോവ തയ്യാറായിട്ടുണ്ട്. ഇവിടെയൊരു വീഡിയോ നിങ്ങള്‍ക്കായി ചേര്‍ക്കുന്നു. ഇത്തരം സന്യാസസഭകള്‍ക്ക് ദൈവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന്‍ നിങ്ങള്‍ത്തന്നെ ചിന്തിക്കുക! ചുവടെ ചേര്‍ത്തിരിക്കുന്ന ലേഖനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എവിടെനിന്നു ലഭ്യമായി എന്നറിയണമെങ്കില്‍, ഈ ലേഖനത്തിന്റെ ആമുഖമായിത്തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്.

ആ-രതി ആ-രതി ആരാധന!

നിലവിളക്കിനുവേണ്ടിയുള്ള ‘നിലവിളി’!

‘ഓം’കാരവും നിലവിളക്കും ഗായത്രിമന്ത്രവും!

ശാസ്ത്രീയനൃത്തങ്ങളും കീര്‍ത്തനങ്ങളും!

‘തിരുവോണം പൊന്നോണം പിന്നെ ചുമ്മാവോണം’!

‘ശ്രീയേശുവും’, ‘യേശുദേവനും’!

നെറ്റിയിലെ ‘പൊട്ടും’ ശിവഭക്തിയുടെ പ്രഖ്യാപനവും!

താലിയും മന്ത്രകോടിയും!

മന്ത്രച്ചരടുകളും ക്രൈസ്തവന് അലങ്കാരമോ?!

ക്രൈസ്തവ സഭകളിലും പുലയടിയന്തിരമോ?

പുര ‘വാസ്തോലി’ അഥവാ ‘വാസ്തുബലി’!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3740 views

LOG IN

Lost your password?

SIGN UP

LOST PASSWORD