സഭകളില്‍ ശുദ്ധീകരണം

മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നമുക്ക് ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാം!

Print By
about

07 - 07 - 2012

യേഹ്ശുവായുടെ നാമത്തില്‍ വിശുദ്ധജീവിതം നയിച്ച് അവിടുത്തെ നാമത്തില്‍ മരണമടഞ്ഞു കടന്നുപോയ വിശുദ്ധരെ ആദരിച്ചുകൊണ്ട് ഈ ലേഖനത്തിനു തുടക്കമിടുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ക്രിസ്ത്യാനിയായി ജീവിച്ച് കടന്നുപോയ സകലരേയും ഓര്‍ത്ത് മനോവ ദൈവത്തിനു നന്ദിപറയുകയാണ്! കാരണം, ക്രിസ്ത്യാനിയായിട്ടാണ് ഒരുവന്‍ മരിക്കുന്നതെങ്കില്‍, അവരെല്ലാം വിശുദ്ധരും ഭാഗ്യം ലഭിച്ചവരുമാണ്! ഇത് മനോവയുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ചിന്തയൊന്നുമല്ല; മറിച്ച്, ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള സത്യമാണ്!

“വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും”(ജ്ഞാനം: 6; 10). ഇതാണു വിശുദ്ധരെ സംബന്ധിച്ച് ദൈവവചനവും സഭയും നല്‍കുന്ന വിവരണം. ഇത്തരത്തില്‍ വിശുദ്ധരായ, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകര്‍ കടന്നുപോയിട്ടുണ്ട്. ഇന്ന് വിശുദ്ധരായി ജീവിച്ചിരിക്കുന്നവരും അനേകരുണ്ടെന്ന സത്യം നാം വിസ്മരിക്കുകയും അരുത്. ആദിമസഭയിലെ എല്ലാ അംഗങ്ങളെയും വിശുദ്ധരെന്നു പൗലോസ് അപ്പസ്തോലന്‍ സംബോധന ചെയ്തിരുന്നു. അതായത്, യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിച്ച സകലരും വിശുദ്ധരുടെ ഗണത്തിലേക്കാണു ചേര്‍ക്കപ്പെട്ടത്. ഇത് അപ്പസ്തോലനായ പൗലോസിന്റെ മാത്രം കണ്ടെത്തലായിരുന്നില്ല; സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയായിരുന്ന കേപ്പായുടെ വാക്കുകള്‍ ശ്രവിക്കുക: “എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനതയുമാണ്”(1 കേപ്പാ: 2; 9). ക്രൈസ്തവരായ സകലരോടുമുള്ള അപ്പസ്തോലശ്രേഷ്ഠന്റെ പ്രഖ്യാപനമാണിത്.

ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍:  വിശുദ്ധരല്ലാത്ത ആരും ക്രൈസ്തവരല്ല! ഇത് നാമാരും മറക്കാന്‍ പാടില്ലാത്ത ഒരു സത്യമാകുന്നു. വിശുദ്ധിയില്ലാത്ത ഒരുവനില്‍ ദൈവം പ്രസാദിക്കുകയില്ലെന്നു മാത്രമല്ല, അശുദ്ധിയില്‍ ദൈവത്തിനു നിലനില്‍ക്കാന്‍ കഴിയുകയുമില്ല. വചനം ഇങ്ങനെ പറയുന്നു: “വിശുദ്ധികൂടാതെ ആര്‍ക്കും യേഹ്ശുവായെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല”(ഹെബ്രാ: 12; 14). യേഹ്ശുവായെ ദര്‍ശിക്കാന്‍ കഴിയാത്തവന്‍ എങ്ങനെയാണ്, ക്രിസ്ത്യാനിയാകുന്നത്? നിത്യജീവനെക്കുറിച്ച് വചനം പറയുന്നത് ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും. “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണു നിത്യജീവന്‍”(യോഹ: 17; 3). ഇതു പറഞ്ഞിരിക്കുന്നത് യേഹ്ശുവാതന്നെയാണ്! പിതാവിനെയും പുത്രനെയും അറിയണമെങ്കില്‍ അവിടുത്തെ ദര്‍ശിക്കണം. ദര്‍ശിക്കണമെങ്കില്‍ വിശുദ്ധി അനിവാര്യവുമാണ്! ഇതിലൂടെയെല്ലാം വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം, വിശുദ്ധരല്ലാത്ത ഒരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം ലഭിക്കുന്നില്ല എന്നുതന്നെയാകുന്നു.

സ്വര്‍ഗ്ഗീയ യെരുശലെമിനെക്കുറിച്ച് യോഹന്നാനു ലഭിച്ച വെളിപാടില്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: “എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല”(വെളി: 21; 27). കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെടുകയെന്നാല്‍, അവന്റെ നാമത്തില്‍ സ്നാനം സ്വീകരിച്ചവരും വിശുദ്ധരായവരുമാണ്. അപ്രകാരമുള്ളവരാണു ക്രിസ്ത്യാനികള്‍! ശിക്ഷിക്കപ്പെട്ടവരോ നരകത്തില്‍ ആയിരിക്കുന്നവരോ ക്രിസ്ത്യാനികള്‍ ആണെന്നു പറയുവാന്‍ കഴിയില്ല. അതിനാല്‍, രക്ഷിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികളും ദൈവരാജ്യം അവകാശപ്പെടുത്തുന്നവരും. ക്രിസ്ത്യാനികള്‍ ആരാണെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ വിശുദ്ധര്‍ ആരാണെന്നു തിരിച്ചറിയാനും സാധിക്കും!

വിശുദ്ധരുടെ മറ്റൊരു പദവിയാണ് ദൈവപുത്രസ്ഥാനം! ദൈവത്തിന്റെ ഏകജാതനായ യേഹ്ശുവാ മ്ശിഹാവഴി വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവര്‍ക്ക് അവിടുത്തെ പുത്രസ്ഥാനത്തിന്റെ ഓഹരിയും ലഭിക്കുന്നു. യേഹ്ശുവാ അയയ്ക്കുന്ന ആത്മാവുമുഖേനയാണ് ഇതിനു പാത്രമായിത്തീരുന്നത്. വചനം പറയുന്നു: “ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല,  മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ -പിതാവേ- എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും”(റോമാ: 8; 14-17). ഇതിലൂടെ ഒരു സത്യവുംകൂടി വെളിപ്പെടുന്നു; സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശനം ലഭിക്കുന്നവരെല്ലാം ദൈവമക്കളായിരിക്കും. ദൈവമക്കളാകണമെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും വേണം!

സഭയിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോരുത്തരെയും വിശുദ്ധരായി പരിഗണിക്കപ്പെടുകയും അപ്രകാരം വിളിക്കുകയും ചെയ്യുന്നതായി വചനത്തിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ ലേഖനത്തിന്‍റെ ശീര്‍ഷകവുമായി പൊരുത്തമില്ലാത്ത വിഷയത്തിലൂടെ മുന്നോട്ടുപോകുന്നുവെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ തെറ്റി. കാരണം, ഇവിടെ ചര്‍ച്ചചെയ്യപ്പെടാന്‍ പോകുന്ന വിഷയത്തിന്‍റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് നല്ലൊരു അടിത്തറയുടെ പ്രാധാന്യം മനോവ തിരിച്ചറിയുന്നു. ഒരു കെട്ടിടം പണിയുമ്പോള്‍, അതിനുള്ള വസ്തുക്കള്‍ ആദ്യം കരുതുന്നതുപോലെയും വാഹനം നിര്‍മ്മിക്കുന്നതിനുമുമ്പ് 'പാര്‍ട്ട്സുകള്‍' തയ്യാറാക്കി വയ്ക്കുന്നതുപോലെയും ചില ഒരുക്കങ്ങള്‍ നടത്തുകയാണു ചെയ്തത്. വിശുദ്ധര്‍ ആരാണെന്ന വിവരണം ഈ ലേഖനത്തിലെ ഒരു പ്രാധാനപ്പെട്ട 'പാര്‍ട്ട്സ്' ആണ്! ഇനിയും ഒന്നുരണ്ട് അവയവങ്ങള്‍ക്കൂടി ഒരുക്കിയാല്‍, അത് സംയോജിപ്പിച്ച് വിഷയം പൂര്‍ണ്ണമാക്കാം! അതുകൊണ്ട് അടുത്ത ഘടകത്തിലേക്ക് കടക്കാം!

മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ!

മത്തായി, ലൂക്കാ എന്നീ സുവിശേഷകര്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവത്തിലാണ് ഇങ്ങനെയൊരു വചനം ലഭിച്ചിരിക്കുന്നത്. ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങളെക്കുറിച്ചുള്ള സൂചനയായി ഇരു സുവിശേഷത്തിലും ശീര്‍ഷകം നല്‍കിയിട്ടുള്ളതിനാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ലക്‌ഷ്യം വ്യക്തമാണ്‌! യേഹ്ശുവായോട് മൂന്ന് വ്യത്യസ്ഥരായ വ്യക്തികള്‍ നടത്തുന്ന സംഭാഷണം ഈ വചനഭാഗത്ത് കുറിച്ചിരിക്കുന്നു. യേഹ്ശുവായെ അനുഗമിക്കാന്‍ സ്വയം തീരുമാനിക്കുന്ന ഒരുവനോട് അതുമൂലമുണ്ടാകുന്ന വിഷമതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവിടുന്ന് പറയുന്നു: “കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തല ചായ്ക്കാന്‍ ഇടമില്ല”(മത്താ: 8; 20). താന്‍ തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന വഴിയിലെ സഹനങ്ങളെക്കുറിച്ചുള്ള മുന്നറിവ് യേഹ്ശുവാ അവനു നല്‍കുകയാണിവിടെ.

മറ്റൊരുവനെ തന്റെ ശിഷ്യനാകാന്‍ ക്ഷണിക്കുമ്പോള്‍ അവന്‍ യേഹ്ശുവായോട് ആവശ്യപ്പെടുന്ന കാര്യവും അതിനുള്ള അവിടുത്തെ മറുപടിയുമാണ്, ലൂക്കാ സുവിശേഷകന്‍ വിവരിച്ചിരിക്കുന്നതില്‍ ഒന്ന്. അത് ഇപ്രകാരമാകുന്നു: “യേഹ്ശുവായേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. യേഹ്ശുവാ പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യനല്ല”(ലൂക്കാ: 9; 61, 62). വളരെ പ്രധാനമെന്നു തോന്നുന്ന പല കാര്യങ്ങളും ഒരു ശുശ്രൂഷകന്‍ എന്ന നിലയില്‍ ത്യജിക്കേണ്ടിവരും എന്ന മുന്നറിയിപ്പാണ് ഇതിലൂടെ നമുക്കു ലഭിക്കുന്നത്.

മറ്റൊരുവനോടുള്ള ഉപദേശം ശ്രദ്ധിക്കുക: “അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: യേഹ്ശുവായേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും. അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക”(ലൂക്കാ: 9; 59, 60). തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഉണ്ടാകാവുന്ന ലൗകീകനഷ്ടങ്ങളെക്കുറിച്ച് മൂന്നു വ്യത്യസ്ഥരായ ആളുകള്‍ക്കുള്ള ഉപദേശത്തിലൂടെ യേഹ്ശുവാ നമുക്ക് വ്യക്തമാക്കിത്തരുന്ന വചനഭാഗമാണ് ഇവിടെ നാം കാണുന്നത്. ഈ മൂന്ന് ഉപദേശങ്ങളെയും പൂര്‍ണ്ണമായി വിശകലനം ചെയ്യാന്‍ മനോവ ഇവിടെ ഉദ്യമിക്കുന്നില്ല. എന്നാല്‍, ഈ ലേഖനത്തിന്റെ ശീര്‍ഷകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഉപദേശത്തെ വിചിന്തനം ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക!

ഈ വചനത്തെ വ്യത്യസ്ഥമായ വീക്ഷണകോണുകളില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യുന്ന അനേകം ആളുകളെ മനോവ ശ്രവിച്ചിട്ടുണ്ട്. വചനവുമായി ഏറെ പൊരുത്തമുള്ള വിവരണങ്ങള്‍ ഉണ്ടെങ്കിലും, ബുദ്ധി, യുക്തി തുടങ്ങിയ സമവാക്യങ്ങളില്‍ നിലയുറപ്പിച്ച ആശയങ്ങളാണ് പലതുമെന്നു തിരിച്ചറിയാന്‍ ആത്മാവിന്റെ സഹായത്താല്‍ മനോവയ്ക്കു സാധിച്ചിട്ടുമുണ്ട്. മനോവ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ, യേഹ്ശുവായുടെ ഓരോ വാക്കുകളിലും ഒന്നിലധികം ഉദ്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സത്യം ഇവിടെയും ആവര്‍ത്തിക്കുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ആശയം യേഹ്ശുവായുടെ വാക്കുകളില്‍ ഉണ്ടെന്നത് ആരും വിസ്മരിക്കരുത്. ഇത്തരത്തില്‍ അക്ഷരാര്‍ത്ഥത്തിലുള്ള സൂചന മിക്കവാറും യെഹൂദരുടെ നിലവിലുള്ള ആചാരങ്ങളെയോ വിശ്വാസങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും! ഇവിടെ പറഞ്ഞിരിക്കുന്ന വാക്കുകളിലും ഇത്തരത്തിലുള്ള യെഹൂദവിശ്വാസത്തിന്റെ അടിസ്ഥാനമുണ്ട്.

ഒരുവന്‍ മരിക്കുമ്പോള്‍ അവന്റെ ആത്മാവിനെ മരിച്ചുപോയ പൂര്‍വ്വീകര്‍ വന്ന് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് സൂചനയുള്ള ഒരു വിശ്വാസം യെഹൂദരുടെയിടയില്‍ ഉണ്ടായിരുന്നു. ഇവിടെ യേഹ്ശുവാ പറയുന്ന വാചകവും ഈ വിശ്വാസത്തെ സ്മരിച്ചുകൊണ്ടായിരുന്നു എന്നത് അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനമായി കരുതാം! എന്നാല്‍, യേഹ്ശുവായുടെ ഓരോ വാക്കുകളിലുമുള്ളതുപോലെ ഈ വചനത്തിലും അനന്തതവരെ നിലനില്‍ക്കേണ്ടതായ വേറെയും ഉപദേശങ്ങളുണ്ട്. ചില സഭക്കാര്‍ പറഞ്ഞുനടക്കുന്നതുപോലെ, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുതെന്ന സൂചന ഈ വചനത്തിലില്ല!

ഓരോ ദൈവവചനവും അനന്തതവരെ നിലനില്‍ക്കുന്നതിനാല്‍, ഒരു വചനത്തിനുതന്നെ വ്യത്യസ്ഥമായ കാലഘട്ടങ്ങളില്‍, അന്ന് നിലവിലുള്ള സാഹചര്യത്തെ സൂചിപ്പിക്കുന്നവിധം പുതിയ വ്യാഖ്യാനങ്ങള്‍ തെളിഞ്ഞുവരാം. എന്നാലിത് പഴയ വ്യാഖ്യാനങ്ങളെ അസാധുവാക്കാന്‍ കാരണമാകുന്നില്ല എന്നകാര്യം വിസ്മരിക്കരുത്! കാലാനുസരണമായ പുതിയ വ്യാഖ്യാനങ്ങള്‍ക്കൂടി ചേര്‍ക്കപ്പെടുന്നു എന്നേയുള്ളു. ആത്മാക്കളുടെ രക്ഷയെപ്രതി സഭ നടത്തുന്ന പരിശ്രമങ്ങളെ ശ്ലാഘിച്ചുകൊണ്ട്, അവഗണിക്കപ്പെടുന്ന പരമപ്രധാനമായ ദൗത്യത്തെ ഓര്‍മ്മപ്പെടുത്തുവാന്‍ മനോവ ശ്രമിക്കുന്നതും ഈ വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ്! ഇന്ന് കണ്ടുവരുന്ന ചില അവസ്ഥകളില്‍ കാലത്തിന്റെ പ്രത്യേകതയനുസരിച്ചു വരുത്തേണ്ടതായ മാറ്റങ്ങളുടെ മുന്‍കൂട്ടിയുള്ള വെളിപ്പെടുത്തല്‍ ഈ വചനത്തില്‍ മനോവ കാണുന്നു. അതിനാല്‍,  ഈ വിഷയത്തിന് ഒരു ഉപശീര്‍ഷകം നല്‍കാന്‍ ഇവിടെ ഒരുങ്ങുകയാണ്. 'മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക' എന്ന വചനത്തിന് ഈ കാലഘട്ടവുമായി ബന്ധപ്പെടുത്തി മനോവ നല്‍കുന്ന വ്യാഖ്യാനമാണ് ഈ ഉപശീര്‍ഷകം!

ജീവിച്ചിരിക്കുന്നവരെ വിശുദ്ധരാക്കുക; മരിച്ച വിശുദ്ധര്‍ പറുദീസയില്‍ ആനന്ദിക്കട്ടെ!

നാഥനും രക്ഷകനുമായ യേഹ്ശുവായുടെ നാമത്തെപ്രതി രക്തസാക്ഷികളാകുകയോ അവിടുത്തെ നാമത്തില്‍ സഹനജീവിതമോ വിശുദ്ധജീവിതമോ നയിക്കുകയോ ചെയ്ത് ഈ ഭൂമുഖത്തുനിന്ന് കടന്നുപോയ വ്യക്തികളെ ബഹുമാനിക്കുകയും സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുണ്ട്. ഇത് ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതവും അനിവാര്യവുമായ കാര്യമാകുന്നു. എന്നാല്‍, മഹിമയണിഞ്ഞവരെ ദുഷിക്കുന്ന പ്രവണത ചില കേന്ദ്രങ്ങളില്‍നിന്ന് കാണുമ്പോള്‍, അവരെ നയിക്കുന്ന ആത്മാവിനെ തിരിച്ചറിയാനുള്ള അടയാളമായി അതിനെ പരിഗണിച്ചാല്‍ മതി! വിശുദ്ധരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ സത്പ്രവര്‍ത്തിയെ മാനിച്ചുകൊണ്ടല്ല; മറിച്ച്,  യേഹ്ശുവായുടെ നാമത്തില്‍ അവ ചെയ്തു എന്നതുകൊണ്ടാണ്. വ്യക്തിപരമായി നന്മ ചെതിട്ടുള്ള അനേകം വ്യക്തികള്‍ ഇതര മതവിഭാഗങ്ങളിലും മതവിശ്വാസികള്‍ അല്ലാത്തവരുമായി ഇവിടെ ജീവിച്ചിട്ടുണ്ട്. അവര്‍ക്കുള്ള പ്രതിഫലം അവരെക്കുറിച്ചുള്ള സ്മരണയിലൂടെയോ മറ്റേതെങ്കിലും വിധേനയോ ലോകം കൊടുക്കുന്നു. എന്നാല്‍, ഇവരാരും വിശുദ്ധരാണെന്ന് ക്രിസ്ത്യാനികള്‍ പറയാറില്ല എന്നത് വിശുദ്ധിയുടെ മാനദണ്ഡം ക്രൈസ്തവര്‍ തിരിച്ചറിയുന്നതുകൊണ്ടാണ്!

സ്വര്‍ഗ്ഗരാജ്യത്ത് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്, യേഹ്ശുവായുടെ നാമത്തില്‍ ചെയ്യുന്ന സത്പ്രവര്‍ത്തികള്‍ക്കു മാത്രമാകുന്നു. അതില്‍ പ്രധാനപ്പെട്ടത് നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയെക്കരുതിയുള്ള പ്രവര്‍ത്തനങ്ങളാണ് എന്നകാര്യവും നാം വിസ്മരിക്കരുത്. നിത്യശിക്ഷയിലേക്ക് നടന്നടുക്കുന്ന ഒരുവനെ രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു പ്രവര്‍ത്തിയുമില്ല. കാരണം, മരണാനന്തരവും നിലനില്‍ക്കുന്നത് നിത്യജീവന്‍ മാത്രമാണ്!

ആര്‍ക്കെങ്കിലും ചെയ്യുന്ന ഉപകാരങ്ങള്‍ക്കാണ് യേഹ്ശുവാ പ്രതിഫലം വാഗ്ദാനം ചെയ്തതെന്ന് ആരും കരുതരുത്. യേഹ്ശുവായുടെ അവകാശികളായവര്‍ക്കു അവന്റെ നാമത്തില്‍ നാം ചെയ്യുന്ന നന്മകളെയാണ് ദൈവം മാനിക്കുകയും പ്രതിഫലം നല്‍കി അംഗീകരിക്കുകയും ചെയ്യുന്നത്. വചനത്തെ വ്യക്തമായി മനസ്സിലാക്കാതെ മൂഢസങ്കല്പത്തില്‍ കഴിയുന്നവര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തി മറ്റുള്ളവരെ വഞ്ചിക്കുകയും സ്വയം വഞ്ചിതരാകുകയും ചെയ്യുന്നുണ്ട്. വചനം എന്താണ് പറയുന്നതെന്നു നോക്കുക: “ഈ ചെറിയവരില്‍ ഒരുവന് ശിഷ്യന്‍ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 10; 42). യേഹ്ശുവായുടെ ശിഷ്യനെന്നനിലയില്‍ ആയിരിക്കുന്ന ഒരുവനെ സഹായിക്കുന്നവര്‍ക്കാണു പ്രതിഫലമുള്ളത്. ഈ വചനം മര്‍ക്കോസിന്റെ സുവിശേഷത്തിലും കാണുന്നുണ്ട്. അവിടെ ഇതു കുറച്ചുകൂടി സ്പഷ്ടമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആ വചനം നോക്കുക: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരുപാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല”(മര്‍ക്കോ: 9; 41).

എപ്രകാരമാണ് ഒരുവന്‍ വിശുദ്ധനാകുന്നതെന്നും ആരാണു വിശുദ്ധരെന്നുമുള്ള ഏകദേശരൂപം വായനക്കാര്‍ക്കു ലഭിച്ചു കഴിഞ്ഞതിനാല്‍, ഉപശീര്‍ഷകത്തിലെ വിഷയത്തിലേക്കു കടക്കാം. ഇത്രയും സൂചനകളിലൂടെ മനോവ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്, യേഹ്ശുവാ നല്‍കുമെന്നു വാഗ്ദാനംചെയ്ത പ്രതിഫലം ലഭ്യമാകാന്‍ മറ്റാരുടെയെങ്കിലും ശുപാര്‍ശയുടെ ആവശ്യമില്ല എന്നതാണ്! അതായത്, ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കാതിരുന്നാല്‍, അവന്റെ വിശുദ്ധിക്കു കോട്ടംവരുകയോ സ്വര്‍ഗ്ഗരാജ്യ പ്രാപ്തിക്കു ഭംഗംവരുകയോ ഇല്ല! യേഹ്ശുവാ അവിടുത്തെ പിതാവിന്റെ മുന്നില്‍ ഒരുവനെ ഏറ്റുപറയുന്നത് ആരുടെയെങ്കിലും ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ല! മാത്രവുമല്ല, വിശുദ്ധനായി ഒരുവനെ ഉയര്‍ത്താനുള്ള വ്യഗ്രതയെക്കാള്‍ ജീവിച്ചിരിക്കുന്നവരെ വിശുദ്ധരാക്കാനുള്ള തീഷ്ണതയാണ് സഭയില്‍നിന്ന് ക്രിസ്തു ആഗ്രഹിക്കുന്നത്! ഇതാണ് സഭയുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം! കടന്നുവരാന്‍ സാദ്ധ്യതയുള്ള ഒരു അപകടത്തെ മുന്നില്‍ക്കണ്ട് മനോവ വെളിപ്പെടുത്തുന്ന ആകുലതയാണിത്. റീത്തിന്റെയും പാശ്ചാത്യ-പൗരസ്ത്യ വിഭാഗിയതയുടെയും അടിസ്ഥാനത്തില്‍ കര്‍ദ്ദിനാള്‍മാരെ വീതംവയ്ക്കുന്ന ശൈലി വിശുദ്ധരുടെ വീതംവയ്പ്പിലേക്കും കടന്നുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വീതംവയ്പ്പിലൂടെ സഭയുടെ ഉന്നതസ്ഥാനത്ത് കയറിക്കൂടിയ 'ആര്‍ഷഭാരത ആള്‍ദൈവത്തെ' കണ്ടുകൊണ്ടു തന്നെയാണ് മനോവ വേദനിക്കുന്നത്. ഏകലവ്യാശ്രമത്തില്‍ യതീപൂജയ്ക്കായി കാലുകള്‍ നീട്ടിക്കൊടുക്കുന്ന കര്‍ദ്ദിനാളിനെക്കണ്ട് യഥാര്‍ത്ഥ ക്രൈസ്തവര്‍ വേദനിച്ചാല്‍, സാത്താന്‍ അതില്‍ സന്തോഷിക്കും! ആധുനിക വിശുദ്ധരില്‍ പലരും ഇത്തരത്തില്‍ ജീവിച്ചവരാണ്!

മരിച്ചുപോയവരെ വിശുദ്ധരാക്കുന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്നവരെ വിശുദ്ധരാക്കാനുള്ള പ്രവര്‍ത്തനമാണ് സഭയുടെ ഭാഗത്തുനിന്ന് ദൈവം ആഗ്രഹിക്കുന്നത്. ദൈവം ഉയര്‍ത്തിയവനെ താഴ്ത്താന്‍ ഈ ഭൂമിയില്‍ ആരു ശ്രമിച്ചാലും സാദ്ധ്യമല്ലാത്തതിനാല്‍, മരിച്ചുപോയ വിശുദ്ധരെക്കുറിച്ച് നാമാരും ആകുലപ്പെടേണ്ടതില്ല! മരിച്ചുപോയ ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കാതിരുന്നാല്‍, അതിന്റെപേരില്‍ യേഹ്ശുവാ ആരെയും ശിക്ഷിക്കുമെന്ന് മനോവ കരുതുന്നില്ല; എന്നാല്‍, ജീവിച്ചിരിക്കുന്ന ഒരുവനെ രക്ഷയിലേക്കു നയിക്കുന്നതില്‍ അലസത വന്നാല്‍ അവിടുത്തെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും!

വിശുദ്ധരെപ്രതി യേഹ്ശുവാ പുറന്തള്ളപ്പെടരുത്!

പോപ്പുമാരാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവര്‍ യഥാര്‍ത്ഥത്തില്‍ വിശുദ്ധരാണെങ്കില്‍ അവരും, ആരാലും പ്രഖ്യാപിക്കപ്പെടാത്ത വിശുദ്ധരും മനോവയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം, യേഹ്ശുവായുടെ നാമം മഹത്വപ്പെടുത്തുന്നവരെല്ലാം വിശുദ്ധരുടെ മാര്‍ഗ്ഗം പിന്തുടരുന്നവരാണ്! യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്നതുപോലെ ലോകത്തിനു പരിചയപ്പെടുത്താനും സാത്താന്റെ പ്രവര്‍ത്തികളെ നശിപ്പിക്കാനും മനോവയെ ചുമതലപ്പെടുത്തിയവന്റെ ഹിതം വിശുദ്ധര്‍ അറിയുന്നു. ആയതിനാല്‍, സകല വിശുദ്ധരുടെയും പ്രാര്‍ത്ഥന യാചിച്ചുകൊണ്ടുതന്നെ മനോവ ചില അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്!

ആചാരങ്ങള്‍ ആഭാസങ്ങളായും വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളായും പരിണമിക്കുന്ന ധാരുണമായ അവസ്ഥകള്‍ ഇന്ന് സഭാമക്കളുടെ ഇടയിലുണ്ട്. വിശുദ്ധരോടുള്ള മാദ്ധ്യസ്ഥം അപേക്ഷിച്ചില്ലെങ്കില്‍ അവരുടെ കോപം രോഗങ്ങളായും ദുരിതങ്ങളായും നമ്മുടെമേല്‍ നിപതിക്കുമെന്ന അന്ധവിശ്വാസം വിജാതിയരില്‍നിന്ന് കടമെടുത്ത് പൈശാചിക തിന്മായാണെന്ന് പറയാതെവയ്യാ! ഗീവര്‍ഗ്ഗീസ് പുണ്യവാളനു നേര്‍ച്ചയിടാതിരുന്നാല്‍ പാമ്പു വരുമെന്നു പറയുന്നവര്‍ യൂറോപ്പിലില്ലാത്തത് അവിടെ പാമ്പുകള്‍ ഇല്ലാത്തതുകൊണ്ടാണ്! ഇത്തരത്തിലുള്ള പീഡനങ്ങള്‍ അയയ്ക്കുന്നവരെ എങ്ങനെയാണ് ക്രിസ്തുവിന്റെ വിശുദ്ധരായി പരിഗണിക്കാന്‍ കഴിയുന്നത്? ജീവിച്ചിരുന്ന കാലങ്ങളില്‍ ക്രിസ്തുവിന്റെ സ്നേഹം പങ്കുവച്ചിരുന്നവര്‍ മരണാനന്തരം ഇത്തരത്തില്‍ അധഃപതിക്കുമെന്നു മനോവ വിശ്വസിക്കുന്നുമില്ല. ക്രിസ്തുവിന്റെ ദൗത്യകാലത്ത് അവിടുത്തെ അനുഗമിക്കാത്തവരും അവിടുത്തെ പരിഹസിച്ചവരും ഉണ്ടായിരുന്നു. അവരെയാരെയും അവിടുന്ന് ശപിച്ചിട്ടില്ല. അവരുടെമേല്‍ നാശം വരുത്തിയിട്ടുമില്ല. അതിനാല്‍ത്തന്നെ, ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരോ അവിടുത്തെ നാമത്തില്‍ വിശ്വസിച്ച വിശുദ്ധരോ ആര്‍ക്കും ഉപദ്രവമുണ്ടാക്കുകയില്ല.

വിഷയത്തിലേക്കു വരാം. ചിലയിടങ്ങളിലെല്ലാം യേഹ്ശുവായെക്കാള്‍ അധികമായി ചില പ്രത്യേക വിശുദ്ധരെ പരിഗണിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം ഭക്താഭാസങ്ങള്‍ ദൈവീകമല്ലെന്നും, ദൈവകോപം ക്ഷണിച്ചുവരുത്തുന്ന കാര്യമാണെന്നും മറക്കരുത്. ഈവിധത്തിലുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളെ വിശുദ്ധര്‍ അംഗീകരിക്കുമെന്ന ചിന്തയും അസ്ഥാനത്താണ്! വിജാതിയരെപ്പോലും ലജ്ജിപ്പിക്കുന്ന ആഭാസങ്ങള്‍ വിശുദ്ധരുടെ നാമത്തില്‍ അരങ്ങുകൊഴുക്കുമ്പോള്‍ സഭാചാര്യന്മാരുടെ മൗനസമ്മതം ദുരൂഹമാകുന്നു!

കുടുംബ പ്രാര്‍ത്ഥനയ്ക്കായി മാറ്റിവച്ചിരിക്കുന്ന സമയത്തിന്റെ ഏറിയ പങ്കും വിശുദ്ധരുടെ നാമത്തിലുള്ള നൊവേനകള്‍ക്ക് ചിലവഴിക്കുമ്പോള്‍ അപഹരിക്കപ്പെടുന്നത് യേഹ്ശുവായ്ക്കു നല്‍കേണ്ട പ്രാധാന്യമാണ്! അറിയപ്പെടുന്ന എല്ലാ വിശുദ്ധരുടെയും നൊവേനകള്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ ഭാഗമാക്കിയിരിക്കുന്ന ഭവനങ്ങളെ മനോവയ്ക്കറിയാം! സഭ പുതിയൊരു വിശുദ്ധനെ പ്രഖ്യാപിക്കുന്നത് ഭീതിയോടെയാണ് ഈ ഭവനത്തിലെ കുട്ടികള്‍ കാണുന്നത്!

വിശുദ്ധരോടുള്ള മാദ്ധ്യസ്ഥം അതിരുകടക്കുന്നില്ലെങ്കില്‍ തെറ്റില്ലെന്നു സമ്മതിച്ചുകൊണ്ടുതന്നെ മനോവ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്; വിശുദ്ധരോട് മാദ്ധ്യസ്ഥം തേടാതിരുന്നാല്‍ അത് അപരാധമായി ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ല. അതിനാല്‍, വിശുദ്ധരോടുള്ള മാദ്ധ്യസ്ഥം നിര്‍ബ്ബന്ധിത ആചാരമോ അലംഘനീയമായ നിയമമോ അല്ല! അതുപോലെതന്നെ, ഇവരിലൂടെയുള്ള പ്രാര്‍ത്ഥനകള്‍ പാപമാണെന്നു പറയാനുള്ള മൗഢ്യവും മനോവയ്ക്കില്ല. വിശുദ്ധരോടുള്ള മാദ്ധ്യസ്ഥത്തെ സംബന്ധിക്കുന്ന വിഷയമല്ല ഇവിടെ ചര്‍ച്ചചെയ്യുന്നത് എന്നതിനാല്‍, കൂടുതല്‍ വിവരണത്തിലേക്ക് കടക്കുന്നില്ല. എന്നാല്‍, ദൈവത്തിനും ഉപരിയായ സ്ഥാനത്തേയ്ക്ക് വിശുദ്ധരെ ഉയര്‍ത്തുന്ന പ്രവണതയും വിജാതിയമായ ശൈലികളിലേക്കുള്ള ചുവടുമാറ്റവും ഗുരുതരമായ പാപമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ദൈവകല്പന പ്രകാരം മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ മഹാമാരിയില്‍നിന്ന് വിടുതല്‍ നേടി. പിന്നീട് ഇതേ പിച്ചളസര്‍പ്പത്തെ ആരാധിക്കുന്ന വിധത്തിലേക്ക് ഭക്തി അതിരുകടന്നപ്പോള്‍ യിസ്രായേല്‍ജനം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു!

സ്വര്‍ഗ്ഗീയ വിശുദ്ധരും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരും!

യേഹ്ശുവായുടെ നാമത്തില്‍ വിശുദ്ധജീവിതം നയിച്ച് ഈ ഭൂമിയില്‍നിന്നു കടന്നുപോയവരെ വിശുദ്ധരായി പരിഗണിക്കുന്നതിനെ ഒരുതരത്തിലും എതിര്‍ക്കേണ്ടതില്ല. ഈ ലേഖനത്തിന്റെ ആരംഭത്തില്‍തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിരുന്നു. എല്ലാ ക്രൈസ്തവരെയും വിശുദ്ധരായി പരിഗണിച്ചിരുന്നുവെന്ന പൗലോസ് അപ്പസ്തോലന്റെ പ്രബോധനങ്ങളാണ് ഈ വിശ്വാസത്തിന് ആധാരം. എന്നാല്‍, അതിനൊരു പ്രഖ്യാപനത്തിന്റെ ആവശ്യമുണ്ടോ? മാത്രവുമല്ല, ഈ വിശുദ്ധരെല്ലാം സ്വര്‍ഗ്ഗത്തിലാണെന്ന പ്രചരണം ദൈവവചനത്തിനു വിരുദ്ധവും അജ്ഞതയില്‍നിന്ന് ഉരുത്തിരിഞ്ഞതുമാണ്! വചനവിരുദ്ധമായതും സാങ്കല്പികവുമായ ആശയങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. കാരണം, ആരിലൂടെ ഈ വചനങ്ങള്‍ ലോകത്തിനു വെളിപ്പെടുത്തിയോ അവരിലൂടെതന്നെ മര്‍മ്മപ്രധാനമായ ചില ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്.

ക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ് എല്ലാ വിശ്വാസികളോടുമായി പ്രഖ്യാപിച്ചിരിക്കുന്ന ഉപദേശമിതാണ്: “ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാ: 1; 8, 9). അപ്പസ്തോലന്മാര്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ എന്ന് ഇവിടെ നല്‍കിയിരിക്കുന്ന സൂചനയിലൂടെ കാര്യത്തിന്റെ ഗൗരവമാണു വ്യക്തമാക്കുന്നത്. ഈ വചനത്തിന്റെ സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് മനോവ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: 'വിശുദ്ധര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ അല്ല; പറുദീസായിലാണ്!'

ബൈബിളില്‍ ഈ സത്യം വളരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ഇതിനു വിരുദ്ധമായി പഠിപ്പിക്കുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്! ഈ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ഇവിടെ ഉദ്യമിക്കാതെ, യഥാര്‍ത്ഥ സത്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുവാനാണ് മനോവയുടെ ശ്രമം! യേഹ്ശുവാ നേരിട്ടു പറഞ്ഞ വചനവും അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് നല്‍കുന്ന വെളിപ്പെടുത്തലും ശ്രദ്ധിച്ചാല്‍ സത്യം മനസ്സിലാക്കാന്‍ സാധിക്കും. സ്വര്‍ഗ്ഗരാജ്യത്തിലേക്ക് എപ്പോഴാണ് ക്രിസ്തുവില്‍ മരണമടഞ്ഞവരെ അവിടുന്ന് കൂട്ടിക്കൊണ്ടുപോകുന്നത് എന്നകാര്യം യേഹ്ശുവാതന്നെ വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 1-3). യേഹ്ശുവാ വീണ്ടും വന്ന് കൂട്ടിക്കൊണ്ട് പോകുമെന്ന് പറഞ്ഞത് അവിടുത്തെ പ്രിയ ശിഷ്യന്മാരോടാണ്!

യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരിക്കുന്ന ഈ ശിഷ്യന്മാരെപ്പോലും അവിടുത്തെ വീണ്ടും വരവിലാണു സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതെങ്കില്‍, അവരെക്കാള്‍ ശ്രേഷ്ഠരാണോ മറ്റു വിശുദ്ധര്‍? ആണെങ്കില്‍തന്നെയും സ്വര്‍ഗ്ഗത്തില്‍ രണ്ടുതരം നീതിയുണ്ടെന്നു മനോവ കരുതുന്നില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നല്‍കപ്പെടുമെന്ന വാഗ്ദാനം സ്വീകരിച്ച കേപ്പായെയും പിന്തള്ളി മറ്റുചിലരെ അവിടേക്ക് തള്ളിക്കയറ്റാന്‍ ധൃതികൂട്ടുന്നവര്‍ വചനം വായിക്കാത്തവരാണെന്നു കരുതുന്നില്ല; മറിച്ച്, വചനം ഗ്രഹിക്കാത്തവരാണ്! താക്കോല്‍ക്കൂട്ടം കേപ്പായ്ക്കാണ് നല്കപ്പെടുന്നതെങ്കില്‍, കേപ്പാ എത്തുന്നതിനുമുമ്പ് ആര്‍ക്കെങ്കിലും സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയുമോ?

പൗലോസ് അപ്പസ്തോലന്‍ പറയുന്നതുകൂടി ശ്രദ്ധിക്കുക: “യേഹ്ശുവായുടെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു യാഹ്‌വെയുടെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍,   അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, യേഹ്ശുവാ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ യേഹ്ശുവായെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും യേഹ്ശുവായോടുകൂടെ ആയിരിക്കുകയും ചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍”(1 തെസലോ: 4; 15-18). ഈ വാക്കുകളാലാണ് നാം ആശ്വസിക്കേണ്ടതും പരസ്പരം ആശ്വസിപ്പിക്കേണ്ടതും; അല്ലാതെ, ഊഹോപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യര്‍ത്ഥമായ മോഹനവാഗ്ദാനങ്ങളിലല്ല!

എന്നാല്‍, യേഹ്ശുവായോടൊപ്പം ഉത്ഥാനം ചെയ്യപ്പെട്ടവരെക്കുറിച്ച് വചനം പറയുന്നുണ്ട്. അന്ന് ഉത്ഥിതരായവര്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടിട്ടില്ല; മറിച്ച്, അവര്‍ ഉയര്‍ത്തപ്പെട്ടത് പറുദീസായിലേക്കാണ്! ഇക്കാര്യം വ്യക്തമാക്കുന്ന വചനവും ബൈബിളിലുണ്ട്. “യേഹ്ശുവാ മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേഹ്ശുവായില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും”(1 തെസലോ: 4; 14). യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളിലൊരുവനോട് അവിടുന്ന് വാഗ്ദാനംചെയ്ത വചനം പൗലോസിന്റെ വെളിപ്പെടുത്തലിനെ ഉറപ്പിക്കുന്നതാണ്. യേഹ്ശുവാ കുരിശില്‍ കിടന്നുകൊണ്ട് പറഞ്ഞു: “സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും”(ലൂക്കാ: 23; 43). പറുദീസായും സ്വര്‍ഗ്ഗവും ഒന്നാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഉത്ഥിതനായ യേഹ്ശുവാ വെളിപ്പെടുത്തുന്ന വചനം നോക്കുക: “എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക”(യോഹ: 20; 17). യേഹ്ശുവാ വിശുദ്ധരോടൊപ്പം ആദ്യം പറുദീസായിലേക്കു പോയി എന്നത് ഈ വചനങ്ങള്‍ കൂട്ടിവായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും!

പുനരുത്ഥാനത്തെക്കുറിച്ചും യേഹ്ശുവായുടെ വീണ്ടും വരവിനെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമൊക്കെ വ്യക്തതയില്ലാത്ത ബുദ്ധിജീവികളുടെ പഠനങ്ങളാണ് ഇത്തരം വാദങ്ങളുടെ പിന്നില്‍. അപ്പസ്തോലന്മാരുടെ കാലത്തും ഇതുപോലുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. വചനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: “ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും. പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍നിന്നും വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവര്‍ തകിടം മറിക്കുകയും ചെയ്യുന്നു”(2 തിമോത്തി: 2; 17, 18). ഹ്യുമനേയോസിന്റെയും ഫിലേത്തോസിന്റെയും പിന്‍ഗാമികളാണ്, ഇന്ന് വിശുദ്ധരെ സ്വര്‍ഗ്ഗത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍! ഭൂമിയില്‍നിന്ന് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് കടന്നുപോയിട്ടുള്ള ചില വ്യക്തികളെക്കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. പ്രവാചകന്മാരില്‍ ചിലര്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഉയത്തപ്പെട്ടതിന്റെ സൂചനയും വചനത്തിലുണ്ട്. അത്തരത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടവരെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന സൂചനകള്‍ പരിശോധിക്കാം.

കബറിടങ്ങള്‍ക്ക് പിടിച്ചുവയ്ക്കാന്‍ സാധിക്കാത്തവര്‍!

ഭൂമിക്കു താങ്ങാനാകാത്തവിധം വിശുദ്ധിയുടെ നിറകുടമായി ഇവിടെ ജീവിച്ച ചില വിശുദ്ധരെ ബൈബിളിലും ചരിത്രത്തിലും നമുക്കു കാണാം. ഇവരുടെ ഭൗതീകശേഷിപ്പുകളെപ്പോലും സൂക്ഷിക്കാനുള്ള ശക്തി ഭൂമിക്കില്ലായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഭൗതീകശേഷിപ്പുകളെപ്പോലും ഭൂമിക്കു വിട്ടുകൊടുക്കാന്‍ ദൈവം തയ്യാറാകാത്തവിധം അവിടുത്തെ മഹത്വപ്പെടുത്തിയ വിശുദ്ധര്‍!

ഇത്തരത്തില്‍ ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ വ്യക്തി ഹെനോക്കാണ്. ഹെനോക്കിനെക്കുറിച്ച് ദൈവവചനം ഇങ്ങനെയാണു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്: “ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു”(ഉല്പ: 4; 24). അടുത്തതായി യാഹ്‌വെ ജീവനോടെ തിരിച്ചെടുത്തുവെന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത് മഹാപ്രവാചകനായ യേലിയാഹിനെ ആണ്. രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ആ സംഭവം ശ്രദ്ധിക്കുക: “അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്‌നേയരഥവും ആഗ്‌നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. യേലിയാഹ് ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു. യെലീശാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! യിസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ യേലിയാഹിനെ കണ്ടില്ല”(2 രാജാ: 2; 11, 12).

ഇവിടെ ഒരുകാര്യം വ്യക്തമായി മനസ്സിലാക്കണം. എന്തെന്നാല്‍, ഹെനോക്കിനെക്കുറിച്ച് സൃഷ്ടിയുടെ പുസ്തകത്തില്‍ പറയുന്നത്, ദൈവം അവനെ എടുത്തുവെന്നാണ്. എടുത്തുവെന്ന് പറഞ്ഞാല്‍ അത് സ്വര്‍ഗ്ഗത്തിലേക്കാണെന്നു ചിന്തിക്കാന്‍ മറ്റു വചനങ്ങളുടെ പിന്തുണയൊന്നുമില്ല. ദൈവം എടുത്താല്‍ അത് സ്വര്‍ഗ്ഗത്തിലേക്കായിരിക്കുമെന്നത് സ്വാഭാവികമായ ഒരു ചിന്ത മാത്രമാണ്. എന്തെന്നാല്‍, മരണാനന്തരം നീതിമാന്മാരുടെ ആത്മാക്കള്‍ അബ്രാഹത്തിന്റെ മടിയില്‍ എത്തിച്ചേരും എന്നത് യിസ്രായേല്‍ക്കാരുടെ ഒരു പരമ്പരാഗത വിശ്വാസമായിരുന്നു. ഈ പരമ്പരാഗത വിശ്വാസത്തെ ബന്ധിപ്പിച്ചുകൊണ്ട് യേഹ്ശുവാ ഒരു ഉപമയും പറഞ്ഞിട്ടുണ്ട്. അതായത്, ഈ പരമ്പരാഗത വിശ്വാസത്തെ യേഹ്ശുവാ തള്ളിപ്പറഞ്ഞില്ല. കാരണം, മരണമടയുന്ന നീതിമാന്മാരുടെ ആത്മാക്കള്‍ എത്തിച്ചേരുന്നത് അബ്രാഹം എവിടെയോ അവിടെയായിരിക്കും എന്നത് സത്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ, മടി എന്ന വ്യാഖ്യാനത്തിലെ പിഴവ് ഒഴിച്ചുനിര്‍ത്തിയാല്‍, അബ്രാഹത്തിന്റെ സന്നിധിയില്‍ എത്തിച്ചേരും എന്ന പരമ്പരാഗത വിശ്വാസത്തിന് അടിസ്ഥാനമുണ്ട്. അങ്ങനെയെങ്കില്‍, അബ്രാഹം അന്ന് എവിടെയായിരുന്നുവോ അവിടേക്കു തന്നെയാണ് ഹെനോക്കും എടുക്കപ്പെട്ടത്. അത് സ്വര്‍ഗ്ഗമോ പറുദീസായോ അല്ല. എന്തെന്നാല്‍, യേഹ്ശുവാ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല”(യോഹന്നാന്‍: 3; 13). യേഹ്ശുവായെക്കാള്‍ ആധികാരികമായി സ്വര്‍ഗ്ഗത്തിലെ കാര്യം പറയാന്‍ മറ്റാര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ, ഇതാണ് അവസാനവാക്ക്! ഹെനോക്ക് എടുക്കപ്പെട്ടു എന്നകാര്യം സത്യമാണെങ്കിലും, എടുക്കപ്പെട്ടത് സ്വര്‍ഗ്ഗത്തിലേക്കല്ല എന്നതിന്റെ സ്ഥിരീകരണമാണ് യേഹ്ശുവായിലൂടെ നമുക്കു ലഭിച്ചത്. അങ്ങനെയെങ്കില്‍ യേലിയാഹിന്റെ കാര്യത്തിലും അതുതന്നെയല്ലേ യാഥാര്‍ത്ഥ്യം?! യേലിയാഹും  യെലീശായും തമ്മില്‍ നടന്ന സംഭാഷണം നോക്കുക: “മറുകരെ എത്തിയപ്പോള്‍ യേലിയാഹ് യെലീശായോടു പറഞ്ഞു: നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനു മുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? യെലീശാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്കു ലഭിക്കട്ടെ. അവന്‍ പറഞ്ഞു: ദുഷ്‌കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല”(2 രാജാക്കന്മാര്‍: 2; 9, 10). ഇവിടെ യേലിയാഹ് പറയുന്നത് എടുക്കപ്പെടുന്ന കാര്യമാണ്. സ്വര്‍ഗ്ഗത്തിലേക്കാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, എടുക്കപ്പെടുന്നത് യെലീശാ കണ്ടു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് യെലീശായും പറഞ്ഞില്ല. സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നത് രാജാക്കന്മാരുടെ ചരിത്രം എഴുതിയ എഴുത്തുകാരന്റെ വ്യാഖ്യാനമാണ്. ദൈവം എടുത്ത ഒരുവന്‍ സ്വാഭാവികമായും സ്വര്‍ഗ്ഗത്തിലായിരിക്കും എന്ന ചിന്തയാണ് ഇവിടെയും സ്വാധീനിച്ചത്. ഒരുകാര്യം ഇവിടെയും പരിഗണിക്കേണ്ടതുണ്ട്; എന്തെന്നാല്‍, രാജാക്കന്മാരുടെ പുസ്തകങ്ങളില്‍ പ്രവചനങ്ങളുണ്ടെങ്കിലും, ആ പുസ്തകങ്ങള്‍ ചരിത്രഗ്രന്ഥങ്ങളാണ്.

ദൈവം ശരീരത്തോടെ എടുത്തുവെന്ന് പറഞ്ഞിട്ടുള്ളത് ഹെനോക്കിനെയും യേലിയാഹിനെയും ആണെങ്കിലും, സൂചനകളിലൂടെ വ്യക്തമാക്കുന്ന മറ്റു ചിലര്‍കൂടി പട്ടികയിലുണ്ട്. യേലിയാഹിനു മുമ്പ് ഭൂമിയില്‍ ജീവിച്ച മോശയായിരുന്നു അവരിലൊരുവന്‍! മോശ മൊവാബുദേശത്തുവച്ച് മരിച്ചുവെന്നും അവിടെത്തന്നെ സംസ്കരിച്ചുവെന്നും നിയമഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍,  മറ്റൊരു കാര്യംകൂടി അവിടെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബൈബിളില്‍ ഇങ്ങനെയാണു അതു വായിക്കുന്നത്: “യാഹ്‌വെയുടെ ദാസനായ മോശ അവിടുന്ന് അരുളിച്ചെയ്തതുപോലെ മൊവാബുദേശത്തുവച്ചു മരിച്ചു. മൊവാബുദേശത്തു ബെത്പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിവില്ല”(നിയമം: 34; 5, 6).

അബ്രാഹം മുതല്‍ യിസ്രായേലിലെ എല്ലാ പിതാക്കന്മാരുടെയും കബറിടങ്ങള്‍ സൂക്ഷിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും മഹാപ്രവാചകനായ മോശയുടെ കബറിടം സൂക്ഷിക്കാതിരിക്കില്ലായിരുന്നു. കാനാന്‍ദേശത്തേക്ക് പൂര്‍വ്വീകരുടെ അസ്ഥിയും വഹിച്ചുകൊണ്ടു പോയവരാണ് യിസ്രായേല്‍ജനം എന്നകാര്യം നാം വിസ്മരിക്കരുത്. എന്നാല്‍, മോശയുടെ കബറിടം യിസ്രായേലിലെ ഒരുവനും കണ്ടെത്താന്‍ കഴിയാതിരുന്നത്, അങ്ങനെയൊരു കബറിടമോ ശരീരമോ ഭൂമിയില്‍ അവശേഷിക്കാത്തതുകൊണ്ടാണ്! ഇത് തെളിയിക്കുന്ന ഒരു സംഭവം ബൈബിളില്‍ നമുക്കു കാണാന്‍ സാധിക്കും. താബോര്‍ മലയില്‍വച്ച് യേഹ്ശുവാ രൂപാന്തരപ്പെടുമ്പോള്‍ യേലിയാഹിനോടൊപ്പം മോശയും പ്രത്യക്ഷനായത് മൂന്നു ശിഷ്യന്മാര്‍ കണ്ടു! മൂന്നു സാക്ഷികളുടെ മൊഴി അംഗീകരിക്കപ്പെടണം! രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വിശ്വസനീയമാണെന്നത് യിസ്രായേലിലെ നിയമമാണ്! ആ സംഭവം ഇങ്ങനെ: “അവന്‍ ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങള്‍ കഴിഞ്ഞ് കേപ്പാ, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറിപ്പോയി. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്‍മയോടെ ശോഭിച്ചു. അപ്പോള്‍ രണ്ടുപേര്‍ -മോശയും യേലിയാഹും- അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ മഹത്വത്തോടെ കാണപ്പെട്ടു.   അടുത്തുതന്നെ യെരുശലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. നിദ്രാവിവശരായിരുന്നിട്ടും കേപ്പായും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു.   അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു”(ലൂക്കാ: 9; 28-32).

ഭൂമിയില്‍ കബറിടം ശേഷിപ്പിക്കാത്ത മൂന്നു വ്യക്തികള്‍ക്കൂടിയുണ്ട്. അതിലൊരാള്‍ യേലിയാഹ് തന്നെയെന്ന് യേഹ്ശുവാ വെളിപ്പെടുത്തിയ സ്നാപകയോഹന്നാനാണ്! സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവനായി യേഹ്ശുവാ സാക്ഷ്യം നല്‍കിയ യോഹന്നാന്റെ കബറിടത്തെക്കുറിച്ച് യാതൊരറിവും ലോകത്തിനില്ല. യേഹ്ശുവായുടെ വളര്‍ത്തുപിതാവും നീതിമാനുമായ യോസെഫിന്റെ (യൗസേപ്പിതാവ്) കബറിടവും അജ്ഞാതമാണ്! കബറിടത്തില്‍ ഒതുക്കപ്പെടാത്ത പരിശുദ്ധിയുടെ നിറകുടമായി മനോവ വെളിപ്പെടുത്തുന്ന മറ്റൊരു വ്യക്തിയാണു പരിശുദ്ധ കന്യകാമറിയം!

ഇവരില്‍ പലരുടെയും കബറിടങ്ങള്‍ എന്നുപറഞ്ഞ് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന കുബുദ്ധികള്‍ക്കൊന്നും തെളിവു നല്‍കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല! മാത്രവുമല്ല, ഈ കബറിടങ്ങളിലൊന്നും ശരീരത്തിന്റേതായ ശേഷിപ്പുകള്‍ ആര്‍ക്കും ലഭിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ലോകത്തിനു താങ്ങാനാകാത്ത പരിശുദ്ധ ശരീരങ്ങള്‍ ഏഴാണെന്നു പറയുമ്പോള്‍, അത് പൂര്‍ണ്ണതയുടെ സംഖ്യയുമാണ്! യേഹ്ശുവാ, കന്യകാമറിയം, ഹെനോക്ക്, മോശ, യേലിയാഹ്, സ്നാപകയോഹന്നാന്‍, യോസെഫ് എന്നിവരാണ് ആ ഏഴുപേര്‍!

ഈ ഏഴുപേരില്‍ ആറുപേരും ഇന്ന് പറുദീസായിലുണ്ട്. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനും അവിടുത്തോടൊപ്പം പറുദീസയില്‍ പ്രവേശിച്ചുവെന്ന് നമുക്കറിയാം. ക്രിസ്തുവിന്റെ മരണത്തിനുശേഷമാണ് പറുദീസാ വീണ്ടും തുറക്കപ്പെട്ടത്. ആദംമുതല്‍ ഇന്നോളം മരണമടഞ്ഞവരില്‍ ക്രിസ്തുവിനുള്ളവരെല്ലാം ഇന്ന് പറുദീസയിലുണ്ട്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, അപസ്തോലന്മാരെപ്പോലും പ്രവേശിപ്പിക്കാത്ത സ്വര്‍ഗ്ഗരാജ്യത്തിലേക്ക് മറ്റുചിലരെ പ്രവേശിക്കാന്‍ തിടുക്കം കൂട്ടുന്നത് എന്തിനാണെന്നു മനോവയ്ക്കു മനസ്സിലാകുന്നുമില്ല. വിശുദ്ധരാക്കാന്‍ പരിഗണിച്ച് ഇപ്പോള്‍ 'വെയിറ്റിങ് ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയിരിക്കുന്ന പലരും ദൈവവചനത്തിനു വിരുദ്ധമായി ജീവിച്ചവരും സാക്ഷ്യം നല്‍കിയവരുമാണെന്ന് അറിയുമ്പോള്‍ ഇതിന്റെ ഗൗരവം മനസ്സിലാകും. വിശുദ്ധിയില്‍ ജീവിച്ച ഒരുവന്, ദൈവം നല്‍കുമെന്നു പറഞ്ഞിട്ടുള്ളത് ആരുടെയും ശുപാര്‍ശയില്ലാതെ ലഭിക്കുകതന്നെ ചെയ്യും!

ലോകത്തുള്ള എല്ലാ അന്യദേവന്മാരുടെ ആലയങ്ങളിലും മുട്ടുകുത്തിയിട്ടുള്ള പലരെയും വിശുദ്ധരാക്കിയ ചരിത്രം നമുക്കറിയാം. അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് വിശുദ്ധരുടെ ഗണത്തിലേക്ക് ഒരുവനെ ഉയര്‍ത്തുമ്പോള്‍ സാത്താനും അദ്ഭുതം പ്രവര്‍ത്തിക്കുമെന്ന് മറക്കരുത്. സാത്താന്‍ അദ്ഭുതം പ്രവര്‍ത്തിക്കില്ലായിരുന്നെങ്കില്‍ വിജാതിയ മതങ്ങള്‍ ഈ ഭൂമുഖത്ത് അവശേഷിക്കില്ലായിരുന്നു! മോശ പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ ഈജിപ്തിലെ മന്ത്രവാദികളും പ്രവര്‍ത്തിച്ചു. ആ അദ്ഭുതങ്ങള്‍ക്കു പിന്നില്‍ ദൈവമായിരുന്നില്ല. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷംപോലും സാത്താന്‍ എടുത്തണിയും. സാത്താന്‍ അദ്ഭുതം പ്രവര്‍ത്തിക്കില്ലായിരുന്നുവെങ്കില്‍, മനുഷ്യനിര്‍മ്മിതമാണെന്ന് അറിഞ്ഞിട്ടും മകരവിളക്കിനുമുന്നില്‍ വിഢികള്‍ തടിച്ചുകൂടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
 
ദൈവവചനത്തോട് എത്രമാത്രം നീതിപുലര്‍ത്തി എന്നതായിരിക്കണം വിശുദ്ധിയുടെ മാനദണ്ഡം!
യേഹ്ശുവാ ദൈവമല്ലെന്നു വാദിക്കുകയും അവിടുത്തെ കുരിശുമരണത്തെ എതിര്‍ക്കുകയും ചെയ്യുന്ന ഖുറാനെ ചുംബിക്കുകവഴി ആ പൈശാചികതയെ അംഗീകരിച്ച വ്യക്തിയെ കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ക്രിസ്തുവിനെതിരെയുള്ള പടയൊരുക്കമായി അതിനെ കാണേണ്ടിവരും! ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നവനെ എതിര്‍ക്രിസ്തു(Anti Christ) എന്നാണു ബൈബിള്‍ വ്യക്തമാക്കുന്നത്! അനേകര്‍ക്ക് ഇടര്‍ച്ച വരുത്തിക്കൊണ്ട് എതിര്‍സാക്ഷ്യം നല്‍കുന്നവരെ അംഗീകരിക്കുന്നതു സഭാചാര്യന്മാരുടെ വ്യതിചലനമാണ് സൂചിപ്പിക്കുന്നത്. മാത്രവുമല്ല, മരിച്ചുപോയവരെ വിശുദ്ധരാക്കുന്ന പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവിച്ചിരിക്കുന്നവരെ വിശുദ്ധരാക്കാനുള്ള പ്രവര്‍ത്തനമാണ് സഭയില്‍നിന്ന് യേഹ്ശുവാ ആഗ്രഹിക്കുന്നത്! കാരണം, യേഹ്ശുവാ ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്! “അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്”(മത്താ: 22; 32).

നമ്മുടെ അലംഭാവംമൂലം യേഹ്ശുവായെ അറിയാതെ പാപത്തില്‍ മരിച്ചുപോയവരുടെ രക്ഷയ്ക്കുവേണ്ടി വചനത്തില്‍ എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അന്വേഷിക്കുന്നതു നല്ലതാണ്! അല്ലെങ്കില്‍ അത് നമുക്ക് നാശത്തിനു കാരണമായേക്കാം. മരിച്ചുപോയ വിശുദ്ധരെക്കുറിച്ച് ആരും ഉത്ക്കണ്ഠപ്പെടേണ്ടതില്ല. അവര്‍ക്കുള്ള സമ്മാനം അന്ത്യവിധിദിനത്തില്‍ യേഹ്ശുവാ നല്‍കും! വിശുദ്ധരോട് മാദ്ധ്യസ്ഥം യാചിക്കുകയോ യാചിക്കാതിരിക്കുകയോ ചെയ്താലും അതു യേഹ്ശുവായ്ക്കു കൊടുക്കേണ്ട സമയത്തെയും മഹത്വത്തെയും അപഹരിക്കുന്നില്ലെങ്കില്‍ തെറ്റില്ല. വിശുദ്ധരോടുള്ള പ്രാര്‍ത്ഥനകളില്‍ അധികവും ഭൗതീക ആവശ്യങ്ങളാണ്. ഇത്തരം ആവശ്യങ്ങളും നിറവേറ്റപ്പെടേണ്ടതു തന്നെയാണെങ്കിലും ആത്മരക്ഷയാണ് എല്ലാറ്റിലും പ്രധാനം!

സ്വന്തം പിതാവിന്റെ വ്യാപരങ്ങള്‍ നോക്കിനടത്താതെ, സമ്പത്ത് മുഴുവന്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ട ഫ്രാന്‍സീസ് അസീസിയോട് സാമ്പത്തീക ഉയര്‍ച്ചയ്ക്കായി യാചിക്കുന്നതിലെ വൈരുദ്ധ്യം മനസ്സിലാക്കണം! വിശുദ്ധിയില്‍ ദൈവത്തെ മഹത്വപ്പെടുത്താനുള്ള കൃപ വിശുദ്ധര്‍ക്കു ലഭിച്ചതുപോലെ നമുക്കും ആ കൃപാവരം ലഭിക്കുവാന്‍ അവരുടെ മാദ്ധ്യസ്ഥം തേടുകയാണ് ഉചിതമായ പ്രാര്‍ത്ഥന! അപ്പോള്‍ നമുക്ക് ആവശ്യമുള്ളതു ദൈവം നല്‍കും! ഭൗതീകമായ ഏതു വിഷയത്തിലും പ്രതിനിധീകരിക്കാന്‍ ആവശ്യത്തിലേറെ വിശുദ്ധര്‍ ഇപ്പോള്‍ത്തന്നെ നമുക്കുണ്ട്! യൂറോപ്യന്‍ രാജ്യങ്ങളില്‍ പള്ളികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വിശുദ്ധരെ താങ്ങാനുള്ള പള്ളികളും ഭക്തരുമില്ലെന്ന സത്യം തിരിച്ചറിഞ്ഞ് വിശ്വാസികളെ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്. പ്രഖ്യാപിക്കപ്പെട്ടവരും പെടാത്തവരുമായ സകലവിശുദ്ധരും സുവിശേഷവേലയില്‍ നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. ഇനിയും യേഹ്ശുവായുടെ ആലയില്‍ ഇടമുണ്ട്; അതിനാല്‍ ഈ ആല നിറയ്ക്കാന്‍ ആടുകളെ നമുക്കു തേടാം!

യേഹ്ശുവായുടെ ഈ വചനം ശ്രദ്ധിക്കുക: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹന്നാന്‍: 14; 2, 3). യേഹ്ശുവായുടെ പുനരാഗമനത്തിനുശേഷം സംഭവിക്കേണ്ട കാര്യമാണ് അന്ത്യവിധി. ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നത് ആ വിധിദിനത്തിലാണ്. ഓരോ ക്രിസ്ത്യാനിയും ആകാംക്ഷാപൂര്‍വ്വം അവിടുത്തെ പുനരാഗമനത്തെ കാത്തിരിക്കുന്നു. അതിനാല്‍, അശുദ്ധിയിലും അന്ധകാരത്തിലും കഴിയുന്ന കോടാനുകോടി മനുഷ്യരെ വിശുദ്ധരാക്കാനുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ദൈവത്തിനുമുന്നില്‍ വിശുദ്ധരോടൊപ്പം കാഴ്ചവയ്ക്കാം. യേഹ്ശുവാ പറഞ്ഞതുതന്നെ വീണ്ടും മനോവ ആവര്‍ത്തിക്കുന്നു: “മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക”(ലൂക്കാ: 9; 60).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4119 views

LOG IN

Lost your password?

SIGN UP

LOST PASSWORD