സഭകളില്‍ ശുദ്ധീകരണം

കത്തോലിക്കാസഭ ദിവ്യകാരുണ്യ കേന്ദ്രീകൃതം?

Print By
about

11 - 10 - 2012         YouTube

രു പാശ്ചാത്യസഭയും ഇരുപത്തിയൊന്നു പൗരസ്ത്യസഭകളും ചേരുന്ന ആദ്ധ്യാത്മിക കൂട്ടായ്മയാണ് ആഗോള കത്തോലിക്കാസഭ! ഓരോ പൗരസ്ത്യസഭകള്‍ക്കും ആരാധനാക്രമത്തിലും മറ്റും നിശ്ചിതമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ആഗോള കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പൊതുവായ നിയമം എല്ലാ സഭകള്‍ക്കും ബാധകമായിരിക്കും. ഇത്തരത്തിലുള്ള പൊതുവായ നിയമങ്ങള്‍ പിന്തുടരുന്ന സഭകളാണ് റോമന്‍ കത്തോലിക്കാസഭ എന്നപേരില്‍ ഒറ്റ കൂട്ടായ്മയായി മുന്നോട്ടുപോകുന്നത്. ഒന്നായിരിക്കുമ്പോഴും, വിഭിന്നമായ ആശയങ്ങള്‍ ഓരോ സഭകള്‍ക്കുമുള്ളത് ആരോഗ്യപരമല്ലെന്ന സത്യം തുറന്നുപറയാന്‍ മനോവയ്ക്കു മടിയില്ല. കാരണം, അതുതന്നെയാണു യാഥാര്‍ത്ഥ്യം!

ഒരു കൂട്ടുകക്ഷി ഭരണം രാഷ്ട്രീയമായിപ്പോലും അസ്ഥിരതയുണ്ടാക്കുമെങ്കില്‍, അതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ആദ്ധ്യാത്മിക തലത്തിലെ ഭിന്നസ്വരങ്ങള്‍മൂലം സംജാതമാകുന്നത്. കത്തോലിക്കാസഭയില്‍ ഇന്നു കാണുന്ന മുറുമുറുപ്പുകള്‍ ഇതിന്റെ പ്രകടമായ തെളിവാണ്. റീത്തുകള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന കുറുമുന്നണികളെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍, സാത്താന്റെ ദൗത്യത്തില്‍ അവന്‍ വിജയംവരിക്കും എന്നു മറക്കരുത്! ഒരിടയനും ഒരു തൊഴുത്തും എന്നതുകൊണ്ട് യേഹ്ശുവാ ഉദ്ദേശിച്ചത് എന്താണെന്നു നാം അറിഞ്ഞിരിക്കണം. ഒരിടയനു കീഴിലുള്ള ആടുകള്‍ ആ ഇടയന്റെ ആജ്ഞയനുസരിച്ചായിരിക്കും മേയുന്നത്. അതുപോലെതന്നെ, തൊഴുത്തിലും ആ ഇടയന്റെ നിയമങ്ങള്‍ ബാധകമാണ്! യേഹ്ശുവാ ആഗ്രഹിക്കുന്നതു തൊഴുത്തില്‍ക്കുത്തല്ലാത്തതുകൊണ്ട്, ഇടയനെ അനുസരിക്കാന്‍ കഴിയാത്തതും തൊഴുത്തിലെ നിയമങ്ങളോടു വിധേയത്വമില്ലാത്തതുമായ ആടുകളെ നിര്‍ബ്ബന്ധപൂര്‍വ്വം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കരുത്! മാത്രവുമല്ല, പുതുതായി വരാന്‍ തയ്യാറുള്ള ആടുകള്‍ക്കുവേണ്ടി തൊഴുത്തിലെ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതുമില്ല! അങ്ങനെ സംഭവിച്ചാല്‍, കാലങ്ങളായി ഇടയനും തൊഴുത്തിലെ നിയമങ്ങള്‍ക്കും വിധേയപ്പെട്ടു ജീവിക്കുന്ന ആടുകള്‍ക്കു വേദനാകരമാവുകയും അവയില്‍ അന്തച്ഛിദ്രം ഉടലെടുക്കുകയും ചെയ്യും!

നാനാത്വത്തിലെ ഏകത്വം കത്തോലിക്കാസഭയില്‍ ഭൂഷണമാണോ എന്നകാര്യം അനുഭവങ്ങളില്‍നിന്നു പഠിക്കേണ്ടിയിരിക്കുന്നു. വിഭിന്നമായ ആചാരങ്ങളും വിശ്വാസങ്ങളുമുള്ള മനുഷ്യര്‍ ഒരുമിച്ചു ജീവിക്കുന്ന മതേതര സങ്കല്‍പം ലോകത്തിനുപോലും പൂര്‍ണ്ണമായി വിജയകരമല്ല. മറ്റു പോംവഴികള്‍ ഇല്ലാത്തതുകൊണ്ട് സെക്കുലറിസത്തെ സഹിക്കുന്നുവെന്നതാണു യാഥാര്‍ത്ഥ്യം! നാനാത്വത്തില്‍ ഏകത്വത്തിനു പേരുകേട്ട ഇന്ത്യയുടെ സ്ഥിതി മാത്രം പരിഗണിച്ചാല്‍ ഇതു വ്യക്തമാകും. വിവിധ മതങ്ങള്‍തമ്മില്‍ മാത്രമല്ല, ഭാഷയുടെ അടിസ്ഥാനത്തില്‍പ്പോലും പോര്‍വിളികള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ! ഭൗതികതയിലെ സ്ഥിതി ഇതാണെങ്കില്‍ ആത്മീയതയില്‍ സെക്കുലറിസത്തിനു സ്ഥാനമുണ്ടോ?! അതായത്, മതത്തില്‍ മതേതരത്വത്തിനു സ്ഥാനമില്ലാത്തതുപോലെ, സഭയില്‍ സഭേതരത്വത്തിനും സ്ഥാനമില്ല! അതിനാല്‍ത്തന്നെ, മതാന്തരസംവാദങ്ങള്‍പ്പോലെ ഫലശൂന്യമാണ് സഭാന്തരസംവാദങ്ങളും!

എക്യുമെനിക്കല്‍ സംവാദങ്ങള്‍ നടത്തി സമയം പാഴാക്കുന്ന മൗഢ്യത്തില്‍നിന്നു പിന്തിരിയാന്‍ ഇനിയെങ്കിലും സഭ തയ്യാറായില്ലെങ്കില്‍, ഇപ്പോഴുള്ള കെട്ടുറപ്പിനെ അതു ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കത്തോലിക്കാസഭ മുറുകെപ്പിടിച്ചിരിക്കുന്നതും അനേകം ശ്രേഷ്ഠന്മാര്‍ പിന്തുടര്‍ന്നതുമായ വിശ്വാസസത്യങ്ങളെ ബലികഴിക്കുവാനും അതുവഴി സഭയെ ശിഥിലമാക്കുവാനുമുള്ള ഏതൊരു നീക്കത്തെയും സഭാമക്കള്‍ ചെറുക്കണം! വ്യത്യസ്ഥമായ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ഒരു തൊഴുത്തില്‍ കഴിയുന്നത് നല്ലതല്ലെന്ന് അനുഭവത്തിലൂടെ നാം പഠിച്ചതാണ്! കത്തോലിക്കാസഭയില്‍ ഇപ്പോള്‍തന്നെ ആവശ്യത്തിലേറെ കലഹങ്ങളുണ്ട്. ഇപ്പോള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്ന ഐക്യശ്രമങ്ങള്‍ അവയെ ഒന്നുകൂടി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

മരണമടഞ്ഞവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന രീതി വചനവിരുദ്ധമാണ് എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മനോവ ഒരുകാര്യം പറയാം. പ്രഖ്യാപിക്കപ്പെട്ട വിശുദ്ധരുടെ കാര്യത്തില്‍ റീത്തുകള്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. അതായത്, ആഗോള കത്തോലിക്കാസഭ അംഗീകരിക്കുന്ന എല്ലാ വിശുദ്ധരെയും അംഗീകരിക്കാത്ത സ്വതന്ത്രസഭകള്‍ കത്തോലിക്കാസഭയുടെ ഭാഗമായി ഇപ്പോഴുണ്ട്! താരതമ്യേന വിശുദ്ധര്‍ കുറവുള്ളതും തീരെ ഇല്ലാത്തതുമായ സഭകള്‍ ലത്തീന്‍സഭ വിശുദ്ധരായി പ്രഖ്യാപിച്ചിരിക്കുന്നവരെ നിന്ദിക്കുന്ന അവസ്ഥ മനോവയ്ക്കു നേരിട്ടറിയാം. മരണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശരീരം ജീര്‍ണ്ണിക്കാത്ത വിശുദ്ധരുടെ ശരീരത്തെക്കുറിച്ച് സീറോമലബാര്‍സഭയിലെ ഒരു കല്‍ദായവാദി പറഞ്ഞ വാക്കുകള്‍ അവരുടെ പൊതുവായ അഭിപ്രായമാണെന്ന കാര്യത്തില്‍ സംശയമില്ല! ‘ചത്തവന്റെ ശരീരത്തിലെ പുഴുക്കളെപ്പോലും തിരുശേഷിപ്പെന്ന പേരില്‍ അള്‍ത്താരയില്‍ വണങ്ങുന്ന റോമന്‍ കത്തോലിക്കാസഭ’ എന്നുപറയാന്‍ തയ്യാറാകുന്നവരെ സഭയുടെ ഭാഗമാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല! കല്‍ദായരില്‍ വിശുദ്ധരില്ലാത്തതിന്റെ ആത്മരോഷം ഇത്തരം വാക്കുകളിലൂടെ പുറത്തുവന്നതാണെന്നു മനോവ മനസ്സിലാക്കുന്നു! ജീവിച്ചിരുന്നപ്പോള്‍ തിരുമേനി എന്നു വിളിക്കപ്പെട്ടവരുടെ ശരീരങ്ങള്‍, മരണാനന്തരം ഇരുപത്തിനാലു മണിക്കൂറെങ്കിലും കേടുകൂടാതെ നിലനിന്നില്ല എന്നത്, ഇക്കൂട്ടരുടെ രോഷം വര്‍ദ്ധിപ്പിക്കുന്നു! വിശുദ്ധരെ പ്രഖ്യാപിക്കുന്നത് വചനവിരുദ്ധമാണെങ്കിലും, വിശുദ്ധിയില്‍ ജീവിച്ചവരെ നിന്ദിക്കുന്നത് ദൈവമക്കള്‍ക്കു യോജിച്ച നടപടിയല്ല. മാത്രവുമല്ല, ഇന്ത്യയില്‍ ക്രിസ്തുവിന്റെ സഭയെ കെട്ടിപ്പടുക്കാന്‍ ഫ്രാന്‍സീസ് സേവ്യറിനോളം സംഭാവനചെയ്ത മറ്റൊരു വ്യക്തിയെയും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ലാത്ത ഇന്ത്യയിലെ സുറിയാനികള്‍ക്ക് യഥാര്‍ത്ഥ സഭയെക്കുറിച്ച് അറിവുനല്കുന്നതില്‍ ഫ്രാന്‍സീസ് സേവ്യര്‍ വഹിച്ച പങ്ക് വലുതാണ്‌! ഇനി വിഷയത്തിലേക്കു വരാം.

ആരെയെങ്കിലുമൊക്കെ വിളിച്ചുകൂട്ടി സഭയുടെ അംഗബലം കൂട്ടുകയല്ല വേണ്ടത്. ഒരേ വിശ്വാസത്തിലും ബോദ്ധ്യത്തിലും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സമൂഹമായിരിക്കണം സഭ! ആദിമസഭയോളം അനുകരണീയമായ മറ്റൊരു മാതൃകയും ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ മനോവയുടെ മുന്നിലില്ല. മറ്റു സഭകളെ അവരുടെ ആചാരങ്ങളോടെ കത്തോലിക്കാസഭയിലേക്കു പ്രവേശിപ്പിക്കുവാന്‍ ആവേശം കാണിക്കുമ്പോള്‍ എന്തായിരുന്നു അപ്പസ്തോലിക സഭയെന്നു ബൈബിളില്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു”(അപ്പ. പ്രവര്‍: 2; 44). ഒരു വചനംകൂടി നോക്കുക: “അവര്‍ ഏകമനസ്സോടെ താല്പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ; പ്രവര്‍: 2; 46, 47).

വിശ്വാസികളുടെ കൂട്ടായ്മയെ വ്യക്തമാക്കുന്ന മറ്റൊരു വചനം നോക്കുക: “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു”(അപ്പ. പ്രവര്‍: 4; 32). ഒരേ ആത്മാവിലും ഹൃദയത്തിലും നിന്ന് വ്യത്യസ്ഥമായ ആശയങ്ങള്‍ വരുകയില്ല. അങ്ങനെ സംഭവിച്ചാല്‍, ഒരു വ്യക്തി തനിക്കെതിരെതന്നെ പോരാടുന്നതിനു തുല്യമാകും അത്! രക്ഷപ്രാപിക്കുന്നവരെ പ്രതിദിനം സഭയില്‍ ചേര്‍ക്കുന്നത് യേഹ്ശുവായാണ്. അതുകൊണ്ടുതന്നെ വരുന്നവരുടെ സൗകര്യാര്‍ത്ഥം സഭയിലെ നിയമങ്ങളില്‍ അയവുവരുത്തേണ്ടതില്ല! നിയമങ്ങള്‍ എന്ന് മനോവ ഇവിടെ ഉദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ നിയമത്തെയാണ്. മറിച്ച്, പൂര്‍വ്വപിതാക്കന്മാരെന്നു പറയപ്പെടുന്നവര്‍ അവതരിപ്പിച്ച വചനവിരുദ്ധമായ ആശയങ്ങളെയല്ല. അതുകൊണ്ടുതന്നെ, പൂര്‍വ്വീക പാരമ്പര്യങ്ങളുടെ വ്യര്‍ത്ഥതയില്‍നിന്ന് ബൈബിളിലെ സത്യങ്ങളിലേക്ക്‌ തിരിച്ചുപോകുകയെന്നത് എല്ലാ സഭകളുടെയും ഉത്തരവാദിത്വമാണ്. ഓരോ സഭാവിഭാഗങ്ങളും ഈ തിരിച്ചുപോക്കിന് തയ്യാറാകുമ്പോള്‍, എല്ലാ സഭകളും ആദിമസഭയില്‍ എത്തിച്ചേരും! വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്ന ആദിമസഭയില്‍ എത്തിച്ചേരുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണത കൈവരികയുള്ളു! ആശയഭിന്നത ഉടലെടുത്തത് വചനവിരുദ്ധമായ ആശയങ്ങള്‍ കടന്നുവന്നപ്പോഴായിരുന്നു. വിശ്വാസികള്‍ പരസ്പരം പങ്കുവയ്ക്കുന്നവരായിരുന്നപ്പോള്‍ വിജാതിയരുടെയിടയില്‍പ്പോലും സഭാമക്കള്‍ ശ്രദ്ധിക്കപ്പെട്ടു!

ഇവര്‍ മനുഷ്യരുടെ സംപ്രീതിക്കു പാത്രമായത് വിജാതിയത അനുകരിച്ചുകൊണ്ടോ അവരുടെ ദേവന്മാരെ ബഹുമാനിച്ചുകൊണ്ടോ ആയിരുന്നില്ല. ഏകമനസ്സോടെ ഇവര്‍ ജീവിച്ചുവെങ്കിലും ഒരു പ്രദേശത്തു മാത്രമായി ഒതുങ്ങിയ ഒരു സമൂഹമായിരുന്നില്ല എന്നും മനസ്സിലാക്കണം. യെരുശലെമിലെ ശ്രേഷ്ഠന്മാരുടെ ഉപദേശം അനുസരിക്കുന്ന പ്രാദേശിക നേതാക്കന്മാര്‍ ഓരോ സഭകള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ കത്തോലിക്കാസഭയുടെ അവസ്ഥ ഇതല്ല! റോമില്‍നിന്നും പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ ലത്തീന്‍സഭയ്ക്കു മാത്രമുള്ളതാണെന്നു പ്രചരിപ്പിച്ചുകൊണ്ട് തന്നിഷ്ടപ്രകാരം നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സഭകളെ ഒരു സമൂഹമായി കരുതാന്‍ കഴിയില്ല. ഉദാഹരണത്തിന്: യോഗ അഭ്യസിക്കുന്നത് പൈശാചികമാണെന്നു കത്തോലിക്കാസഭ പ്രഖ്യാപിച്ചപ്പോള്‍, മുഴുവന്‍ സെമിനാരികളിലും ഇതു പരിശീലിപ്പിച്ചുകൊണ്ട്‌ കേരളസഭ റോമന്‍സഭയെ വെല്ലുവിളിക്കുന്നു! ഇതാണ് ഏകമനസ്സോടെയുള്ള ഒന്നിച്ചുകൂടലെങ്കില്‍ പരിഹാസ്യമായി മാത്രമേ കാണാന്‍ കഴിയൂ!

ദിവ്യകാരുണ്യത്തെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പരമ്പരാഗത വിശ്വാസത്തെ അട്ടിമറിക്കാന്‍ സീറോമലബാര്‍സഭയിലെ കല്‍ദായവാദികള്‍ നടത്തുന്ന രഹസ്യനീക്കങ്ങളുടെ മറനീക്കുമ്പോള്‍, എക്യുമെനിസത്തിന്റെ വരാനിരിക്കുന്ന ദുരന്തവും വെളിപ്പെടും.

റോമന്‍ കത്തോലിക്കാസഭയും ദിവ്യകാരുണ്യ ആരാധനയും!

യേഹ്ശുവായുടെ പേരില്‍ വിഭജിക്കപ്പെടുന്ന അപ്പത്തില്‍ അവിടുത്തെ അദൃശ്യസാന്നിദ്ധ്യം ഉണ്ടെന്നത് അവിതര്‍ക്കിതമായ സത്യമാണ്! ഈ സത്യം അംഗീകരിക്കാത്തവര്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ഭാഗമല്ല! എന്നാല്‍, ദിവ്യകാരുണ്യ ആരാധനയെ ദൈവം അംഗീകരിക്കുന്നുണ്ടോ എന്നത് വചനാധിഷ്ഠിതമായി പരിശോധിക്കേണ്ടിയിരിക്കുന്നു. അത് പരിശോധിക്കുന്നതിനു മുന്‍പ് മറ്റുചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ദിവ്യകാരുണ്യ ആരാധനയുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്കിടയില്‍ രൂപീകൃതമായിരിക്കുന്ന വിശ്വാസവും, ആ വിശ്വാസത്തില്‍ എത്തിച്ചേര്‍ന്ന വഴികളുമാണ് അതിനായി പരിശോധിക്കേണ്ടത്. ആയതിനാല്‍, കത്തോലിക്കാസഭയില്‍ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചതിന്റെ നാള്‍വഴികള്‍ നമുക്ക് പരിശോധിക്കാം.

കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ത്രെന്തോസ് സൂനഹദോസില്‍ ദിവ്യകാരുണ്യത്തിലുള്ള യേഹ്ശുവായുടെ നിത്യസാന്നിദ്ധ്യത്തെ അടിവരയിട്ടു പഠിപ്പിക്കുന്നുണ്ട്. 1545 ഡിസംബര്‍ 13-നും 1563 ഡിസംബര്‍ 4-നും ഇടയ്ക്ക് മൂന്നു മാര്‍പ്പാപ്പമാരുടെ ഭരണകാലങ്ങളിലായി നടന്ന ഇരുപത്തിയഞ്ചു സമ്മേളനങ്ങളാണ് ഈ സൂനഹദോസില്‍ ഉള്‍പ്പെടുന്നത്. വടക്കന്‍ ഇറ്റലിയിലുള്ള ആല്‍പ്സ് താഴ്വാരത്തിലുള്ള ത്രെന്തോസ് നഗരത്തിലാണ് മിക്കവാറും സമ്മേളനങ്ങള്‍ നടന്നത്. അതിനാലാണ് ഈ സൂനഹദോസിനു ത്രെന്തോസ് സൂനഹദോസ് എന്ന പേരു ലഭിച്ചത്! പരിശുദ്ധ ദിവ്യകാരുണ്യത്തെക്കുറിച്ച് സൂനഹദോസിന്റെ പ്രഖ്യാപനം ഇപ്രകാരമായിരുന്നു: “ഏറ്റവും പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ നമ്മുടെ നാഥന്റെ ശരീരരക്തങ്ങള്‍ക്കൊപ്പം അപ്പത്തിന്റെയും വീഞ്ഞിന്റെയും പദാര്‍ത്ഥങ്ങള്‍ നിലനില്‍ക്കുന്നുവെന്നു പറയുകയും, പൂര്‍വ്വഛായ നിലനില്‍ക്കെത്തന്നെ അപ്പത്തിന്റെയും വീഞ്ഞിന്റെയും മുഴുവന്‍ പദാര്‍ത്ഥത്തിനും യേഹ്ശുവായുടെ ശരീരരക്തങ്ങളായി സംഭവിക്കുന്ന അത്ഭുതകരവും അന്യാദൃശവും കത്തോലിക്കാസഭ തികഞ്ഞ ഔചിത്യത്തോടെ ‘പദാര്‍ത്ഥാന്തരീകരണം’ (transubstantiation) എന്നു വിളിക്കുന്നതുമായ പരിവര്‍ത്തനത്തെ നിഷേധിക്കുകയും ചെയ്യുന്നവന്‍ ആരായാലും ശപിക്കപ്പെട്ടവനാകട്ടെ”

ഈ പ്രഖ്യാപനത്തിനു വിരുദ്ധമായ പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരുവനും കത്തോലിക്കാസഭയുടെ ഭാഗമല്ല! കാരണം, ശപിക്കപ്പെട്ടവനെന്നു സഭ പ്രഖ്യാപിച്ചിരിക്കുന്ന ഒരുവനെ ചുമക്കാന്‍ കത്തോലിക്കാസഭയ്ക്കു ധാര്‍മ്മീകമായ ഉത്തരവാദിത്വമില്ല എന്നതുതന്നെ! ഇതിനു വിരുദ്ധമായ പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്നും കത്തോലിക്കാസഭയുടെ ഭാഗമായി തുടരുന്നതിലെ വൈരുദ്ധ്യം ദുരൂഹമായി തുടരുന്നു! കത്തോലിക്കാസഭയുടെ ഈ വിശ്വാസപ്രഖ്യാപനത്തെ പരസ്യമായി തള്ളിപ്പറയുന്ന സീറോമലബാര്‍ പുരോഹിതരെ മനോവയ്ക്കു നേരിട്ടറിയാം. തൊഴുത്തിലെ നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് എങ്ങനെയാണ് അതില്‍ വസിക്കാന്‍ കഴിയുന്നത്? സീറോമലബാര്‍സഭയിലെ കല്‍ദായവാദികള്‍ കത്തോലിക്കാസഭയുടെ ദിവ്യകാരുണ്യ സംബന്ധമായ വിശ്വാസത്തിനു വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നവരാണ്. ഒരു പ്രത്യേക സമയത്തേയ്ക്കു മാത്രമേ പരിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുള്ളുവെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. കത്തോലിക്കാ ദൈവാലയങ്ങളില്‍ പ്രഥമ സ്ഥാനത്തു സ്ഥാപിച്ചിരിക്കുന്ന ദിവ്യസക്രാരി അവിടെനിന്നു മാറ്റി, പകരം ക്ലാവര്‍കുരിശ് അവിടെ സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പൈശാചിക വാദം! എന്നാല്‍, ഈ വിഷയത്തില്‍ റോമന്‍ കത്തോലിക്കാസഭയുടെ വിശ്വാസപ്രഖ്യാപനമാണു സത്യമെന്ന് യേഹ്ശുവായുടെ വചനങ്ങള്‍ സ്ഥിരീകരിക്കുന്നു!

പരിശുദ്ധ കുര്‍ബാനയിലുള്ള യേഹ്ശുവായുടെ സജ്ജീവ സാന്നിദ്ധ്യത്തേയും രൂപാന്തരീകരണത്തെയും സ്ഥിരീകരിക്കാന്‍ അനേകം തെളിവുകള്‍ ബൈബിളിലുണ്ട്! കത്തോലിക്കാസഭ അര്‍പ്പിക്കുന്ന കുര്‍ബാനകളില്‍ ഗോതമ്പപ്പവും മുന്തിരിച്ചാറും രൂപാന്തരീകരണത്തിലൂടെ യേഹ്ശുവായുടെ ശരീരരക്തങ്ങളായി മാറുന്നുവെന്നത് മിഥ്യാധാരണയല്ലെന്നും ജീവിക്കുന്ന സത്യമാണെന്നും തെളിയിക്കുന്നതാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സാക്ഷ്യങ്ങള്‍! കത്തോലിക്കാസഭയുടെ അപ്പം മുറിക്കല്‍ വെറുമൊരു വിരുന്നല്ല; കാല്‍വരിയില്‍ ക്രിസ്തു പൂര്‍ത്തിയാക്കിയ ബലിയുടെ അനുസ്മരണമാണ്! യേഹ്ശുവായുടെ വചനത്തെ അടിസ്ഥാനമാക്കി അനുഷ്ഠിക്കുന്നതാണ് ഈ ബലി! ബലിവസ്തുക്കളായി അര്‍പ്പിക്കപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും യേഹ്ശുവായുടെ സാന്നിദ്ധ്യം അവിടുന്ന് നല്‍കുന്നത് അവിടുത്തെ വചനത്തിന്റെ യോഗ്യതയാലാണ്; അത് അര്‍പ്പിക്കുന്ന വ്യക്തിയുടെ യോഗ്യതയാലല്ല! അതുകൊണ്ടുതന്നെ, അപ്പത്തിലും വീഞ്ഞിലുമുള്ള അവിടുത്തെ സാന്നിദ്ധ്യം എപ്പോള്‍വരെയാണെന്ന് പറയാന്‍ സാധിക്കുന്നത് യേഹ്ശുവായ്ക്ക് മാത്രമാണ്. അതുപോലെതന്നെ, രൂപാന്തരീകരണം സംഭവിക്കുന്നുണ്ടോ എന്നതും വചനാടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ പഠനം മുന്നോട്ടുപോകുമ്പോള്‍ അതും നാം പരിശോധിക്കും.

യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അപ്പസ്തോലന്മാരിലൂടെ പ്രവര്‍ത്തിച്ചത് പരിശുദ്ധാത്മാവാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ വചനത്തെ സ്ഥിരീകരിക്കാന്‍ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ആത്മാവാണ്! സത്യസന്ധമായി വചനം പ്രസംഗിക്കുന്ന എല്ലായിടത്തും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കും! എന്നാല്‍, അടയാളങ്ങളെയും അദ്ഭുതങ്ങളെയും വിവേചിക്കാതിരുന്നാല്‍ വലിയ അപകടത്തില്‍ അകപ്പെടുമെന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കിയിരിക്കണം. കാരണം, അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ പിശാചുക്കള്‍ക്കും സാധിക്കും. പിശാചുക്കള്‍ പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങളെയും അടയാളങ്ങളെയും സംബന്ധിച്ച് ബൈബിളില്‍ നമുക്കു വായിക്കാന്‍ കഴിയും. മോശയിലൂടെ ദൈവം അടയാളങ്ങള്‍ കാണിച്ചപ്പോള്‍, അതേ അടയാളങ്ങള്‍ത്തന്നെ ഈജിപ്തിലെ മന്ത്രവാദികളും കാണിച്ചു. ദൈവത്തില്‍നിന്നുള്ള അടയാളങ്ങളെയും പിശാചുക്കളില്‍നിന്നുള്ള അടയാളങ്ങളെയും വിവേചിക്കേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്‌. വചനസത്യങ്ങള്‍ പ്രസംഗിക്കുമ്പോള്‍ നടക്കുന്ന അടയാളങ്ങള്‍ ദൈവത്തില്‍നിന്നുള്ളതായിരിക്കും. അതുപോലെതന്നെ, യേഹ്ശുവാ എന്ന പേരില്‍ സംഭവിക്കുന്ന അടയാളങ്ങളും ദൈവത്തില്‍നിന്നാണെന്നു നമുക്കു മനസ്സിലാക്കാം. എന്നാല്‍, വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇടങ്ങളിലും യേഹ്ശുവാ എന്ന പേരിലല്ലാത്ത പ്രാര്‍ത്ഥനകളിലും സംഭവിക്കുന്ന അടയാളങ്ങള്‍ ദൈവത്തിനിന്നുള്ള അടയാളങ്ങളായി നാം പരിഗണിക്കരുത്. നമ്മില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും നമ്മെ വഴിതെറ്റിക്കാനും സാത്താന്‍ കാണിക്കുന്ന അടയാളമാണത്. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും”(മത്താ: 24; 23-28).

ക്രിസ്തുവിന്റെ വേഷത്തില്‍പ്പോലും കടന്നുവന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ സാത്താന് കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ക്രിസ്തുതന്നെയാണ്. ആയതിനാല്‍, അടയാളങ്ങളെയും അദ്ഭുതങ്ങളെയും സ്വീകരിക്കുമ്പോള്‍ നാം സൂക്ഷ്മത പാലിക്കണം. എല്ലാം വിവേചിച്ചറിയാന്‍ നമുക്ക് സാധിക്കുന്നത് വചനത്തിലൂടെയാണ്. ദൈവത്തിന്റെ വചനത്തിനുമേല്‍ സാത്താനും അവന്റെ സേവകര്‍ക്കും അധികാരമില്ലാത്തതിനാല്‍, വചനാധിഷ്ഠിതമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാത്താനു സാധിക്കില്ല. അതിനാല്‍ത്തന്നെ, യേഹ്ശുവായുടെ പേരില്‍ മുറിക്കപ്പെടുന്ന അപ്പത്തിലും അവിടുത്തെ പേരില്‍ പകരപ്പെടുന്ന വീഞ്ഞിലും സാത്താനു കടന്നുവരാന്‍ കഴിയില്ല. അപ്പംമുറിക്കല്‍ ശുശ്രൂഷയെ യേഹ്ശുവാ അവിടുത്തെ വചനത്താല്‍ മുദ്രയിട്ടിരിക്കുന്നു! മനുഷ്യപുത്രനായ യേഹ്ശുവായുടെ ശരീരവും രക്തവുമായാണ് അവിടെ രൂപാന്തരീകരണം സംഭവിക്കുന്നത്. യേഹ്ശുവായുടെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും അവിടുത്തെ സാന്നിദ്ധ്യം നിലനില്‍ക്കുന്നത് എത്രനേരത്തേക്കാണെന്നു പറയാന്‍ മനുഷ്യനു സാധിക്കുമോ? അതുകൊണ്ടുതന്നെ, പൗരസ്ത്യസഭകളുടെ വിശ്വാസം വചനാധിഷ്ഠിതമാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, പാശ്ചാത്യറോമന്‍സഭയുടെ പഠനങ്ങള്‍ ഇതില്‍നിന്നു തികച്ചും വിഭിന്നമാണ്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിദ്ധ്യം നിത്യമാണെന്ന വിശ്വാസമാണ് പാശ്ചാത്യസഭയിലെ ആചാര്യന്മാര്‍ പഠിപ്പിക്കുന്നത്! അതായത്, ഈ വിഷയത്തില്‍ ഏകീകരിക്കപ്പെട്ട വിശ്വാസമല്ല കത്തോലിക്കാസഭയിലെ റീത്തുകള്‍ പിന്തുടരുന്നത്!

പൗരസ്ത്യസഭകള്‍ കത്തോലിക്കാസഭയില്‍ ലയിച്ചത് പാഷണ്ഡതകളെ പൂര്‍ണ്ണമായി ത്യജിച്ചുകൊണ്ടായിരുന്നില്ല എന്നതാണ് ഇവരുടെ മുറുമുറുപ്പുകള്‍ക്കു കാരണം. പഴയ പാഷണ്ഡതകള്‍ പൊടിതട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നതും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ദിവ്യകാരുണ്യ ആരാധനയെ രഹസ്യമായി എതിര്‍ക്കുന്നവരാണ് കത്തോലിക്കാസഭയിലുള്ള പൗരസ്ത്യസഭകളെങ്കില്‍, ഇതിനെ പരസ്യമായി പരിഹസിക്കുന്നവരാണ് മറ്റു പൗരസ്ത്യസഭകളും പ്രൊട്ടസ്റ്റന്റ് സഭകളും. ചുരുക്കത്തില്‍, ദിവ്യകാരുണ്യത്തിലെ യേഹ്ശുവായുടെ നിത്യസാന്നിദ്ധ്യത്തെ പൂര്‍ണ്ണമായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് ലത്തീന്‍ റീത്തു മാത്രമാണ്. സീറോമലബാര്‍ സഭയിലെ അനേകം വൈദീകരും ബഹുഭൂരിപക്ഷം വിശ്വാസികളും ഈ വിശ്വാസം പിന്തുടരുന്നു!

എന്നാല്‍, ഈ ആരാധനയില്‍ വചനവിരുദ്ധതയുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നന്മയുടെ രൂപത്തില്‍ കടന്നുവന്ന് വിശ്വാസികളുടെമേല്‍ ആധിപത്യമുറപ്പിച്ച അനേകം തിന്മകള്‍ ഇന്ന് നിലവിലുണ്ട്. പാരമ്പര്യത്തിന്റെ പേരില്‍ പിന്തുടരുന്ന പല ആചാരങ്ങളും ഇത്തരത്തില്‍ കടന്നുവന്നതാണ്. വിഗ്രഹാരാധനയുടെ തലത്തിലേക്ക് വഴിമാറിയ ആചാരങ്ങളും അനേകമുണ്ട്. ദിവ്യകാരുണ്യ ആരാധനയും വിഗ്രഹാരാധനയാണെന്ന് കത്തോലിക്കാസഭയ്ക്ക് പുറത്തുള്ളവര്‍ ആരോപിക്കുന്നു. ഈ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്നാണ് ഇനി നാം പരിശോധിക്കുന്നത്. വചനവിരുദ്ധയുണ്ടോ എന്ന് അറിയണമെങ്കില്‍ വചനം ഇക്കാര്യത്തില്‍ എന്തുപറയുന്നുവെന്ന് ആദ്യം അറിയണം. ആയതിനാല്‍, അപ്പം മുറിക്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന ചില വചനങ്ങള്‍ പരിശോധിക്കാം. താന്‍ നല്‍കുന്ന അപ്പത്തെക്കുറിച്ച് യേഹ്ശുവാ എന്താണ് പറയുന്നതെന്നു നോക്കുക: “നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെമേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേഹ്ശുവാ മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. യേഹ്ശുവാ മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പം തരുന്നത്. എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ”(യോഹ: 6; 27-33).

താന്‍ നല്‍കുന്ന അപ്പത്തെക്കുറിച്ച് ആദ്യമായി യേഹ്ശുവാ വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. താന്‍തന്നെയാണ് ഈ അപ്പമെന്നും അവിടുന്ന് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം ശ്രദ്ധിക്കുക: “അപ്പോള്‍ അവര്‍ അവനോട് അപേക്ഷിച്ചു: ഗുരോ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ. യേഹ്ശുവാ അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും”(യോഹ: 6; 34-40). സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവന്റെ അപ്പം താനാണെന്ന് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, അക്കാലത്തെ ഫരിസേയര്‍ക്ക് അത് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല! പാരമ്പര്യത്തിന്റെ തടവറയില്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു അവര്‍! പുരോഹിതരും ഫരിസേയരും മാത്രമല്ല, അവരുടെ അധികാരത്തെ അടിമത്വമനോഭാവത്തോടെ സ്വീകരിച്ച യെഹൂദര്‍ക്കും സത്യം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല! തുടന്നുള്ള വെളിപ്പെടുത്തലുകള്‍ക്കൂടി പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.

ഈ വെളിപ്പെടുത്തല്‍ നോക്കുക: “സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ് എന്ന് അവന്‍ പറഞ്ഞതിനാല്‍ യെഹൂദര്‍ അവനെതിരേ പിറുപിറുത്തു. അവര്‍ പറഞ്ഞു: ഇവന്‍ യോസെഫിന്റെ മകനായ യേഹ്ശുവായല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? യേഹ്ശുവാ അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടതില്ല. എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു. ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ത്ഥം. ദൈവത്തില്‍നിന്നുള്ളവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാന്‍ ജീവന്റെ അപ്പമാണ്”(യോഹ: 6; 41-48). യേഹ്ശുവാ ജീവന്റെ അപ്പമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അവിടുന്നുതന്നെ പ്രഖ്യാപിച്ചിരിക്കുന്നു! ഈ പ്രഖ്യാപനത്തെ അംഗീകരിക്കാത്തവര്‍ക്ക് ക്രിസ്തുവിന്റെ സഭയുടെ ഭാഗമായി തുടരാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍, അതിന്റെ സാംഗത്യം മനോവയ്ക്കറിയില്ല!

ഈ വിഷയത്തില്‍ യേഹ്ശുവാ നല്‍കുന്ന വിശദ്ദീകരണംകൂടി ശ്രദ്ധിക്കുക: “നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യെഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും. ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും”(യോഹ: 6; 49-58). വ്യാഖ്യാനം ആവശ്യമില്ലാത്തവിധം വ്യക്തതയോടെയാണ് യേഹ്ശുവാ തന്നെക്കുറിച്ച് വെളിപ്പെടുത്തിയത്. ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുകയെന്നത് ഗ്രഹിക്കാന്‍ യെഹൂദര്‍ക്ക് കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പിന്നീട് അവര്‍ അത് ഗ്രഹിച്ചു.

യേഹ്ശുവായോടൊപ്പം ആയിരുന്ന ശിഷ്യന്മാര്‍ക്കുപോലും ഇത് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ വാക്യങ്ങള്‍ നോക്കുക: “ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? തന്റെ ശിഷ്യന്മാര്‍ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേഹ്ശുവാ അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ? അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്. എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യംമുതലേ അവന്‍ അറിഞ്ഞിരുന്നു. അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല”(യോഹ: 6; 60-66). അപ്പസ്തോലന്മാര്‍പ്പോലും അത് വ്യക്തയോടെ മനസ്സിലാക്കിയത് അന്ത്യത്താഴവേളയിലാണ്!

അന്ത്യത്താഴവേളയില്‍ എന്താണ് സംഭവിച്ചതെന്നു നോക്കുക: “പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്ഞതാസ്തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്”(ലൂക്കാ: 22; 19, 20). അടിവരയിട്ടിരിക്കുന്ന ഭാഗമാണ് ഇവിടെ പ്രത്യകം ശ്രദ്ധിക്കേണ്ടത്. ഒരിക്കല്‍ യേഹ്ശുവാ അരുളിച്ചെയ്തത് തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട് എന്നാണ്. അതുപോലെതന്നെ, താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമാണെന്നും അവിടുന്ന് പ്രഖ്യാപിച്ചു. ഈ രണ്ടു പ്രഖ്യാപനങ്ങളും എങ്ങനെ അന്വര്‍ത്ഥമായി എന്നതാണ് അന്ത്യത്താഴവേളയില്‍ നാം കണ്ടത്. ജീവനുള്ള അപ്പമായതുകൊണ്ടും, ഇത് ഭക്ഷിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ലാത്തതുകൊണ്ടും ഈ അപ്പം പ്രദാനംചെയ്യുന്നത് നിത്യജീവനാണെന്ന് നാം മനസ്സിലാക്കണം. നിത്യജീവന്‍ പ്രദാനംചെയ്യുന്ന അപ്പത്തില്‍ ജീവന്റെ സാന്നിദ്ധ്യം നിത്യമായിരിക്കുമെന്ന് ഇതില്‍നിന്നുതന്നെ വ്യക്തം! യേഹ്ശുവാ നല്‍കുന്ന അപ്പത്തിലുള്ള ജീവന്റെ സാന്നിദ്ധ്യം ഏതെങ്കിലും പ്രത്യേക സമയത്തേക്കു മാത്രമാണെന്നു പറയാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ?

യേഹ്ശുവായുടെ പേരില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ അവിടുന്ന് നല്‍കുന്ന സാന്നിദ്ധ്യം അവിടുന്നുതന്നെ പിന്‍വലിക്കുമോ എന്നൊരു ചോദ്യംകൂടി അവശേഷിക്കുന്നുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് മറ്റു ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കൂടി നാം അറിഞ്ഞിരിക്കേണ്ടതായുണ്ട്. അതിലൊന്ന് ഈ അപ്പത്തില്‍ വസിക്കുന്നത് മനുഷ്യനായ യേഹ്ശുവായാണോ ദൈവമായ യേഹ്ശുവായാണോ എന്നതാണ്. യേഹ്ശുവായുടെ വാക്കുകള്‍ത്തന്നെ ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല”(യോഹ: 6; 53). മനുഷ്യപുത്രന്റെ ശരീരവും രക്തവുമാണ് നമുക്ക് ഭക്ഷണപാനിയങ്ങളായി നല്‍കുന്നതെന്ന് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഈ ഭൂമിയില്‍ യേഹ്ശുവാ ജീവിച്ചത് പരിപൂര്‍ണ്ണമനുഷ്യനായിട്ടാണെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുരിശുമരണംവരെ പരിപൂര്‍ണ്ണ മനുഷ്യനായിരുന്നുവെന്നാണ് യേഹ്ശുവായെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍. അപ്പസ്തോലനായ പൗലോസ് വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി”(ഫിലിപ്പി: 2; 6-8).

ആരംഭവും അവസാനവുമില്ലാത്ത ദൈവത്തിനു മരണമില്ലെന്ന് നമുക്കറിയാം. സദാസമയവും പ്രവര്‍ത്തനനിരതനായിരിക്കുന്ന ദൈവം മരണമില്ലാത്തവനാണ്! അവിടുന്ന് ഒരുവേള കണ്ണുചിമ്മിയാല്‍ ഈ പ്രപഞ്ചം മുഴുവന്‍ നിശ്ചലമാകും. ആയതിനാലാണ് ദൈവം എന്ന അവസ്ഥ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പൂര്‍ണ്ണമനുഷ്യനായി ഈ ഭൂമിയിലേക്ക് യേഹ്ശുവാ വന്നത്. മനുഷ്യന്‍ നഷ്ടപ്പെടുത്തിയ നിത്യജീവന്‍ അവനു തിരിച്ചുനല്കാനായി അവിടുന്ന് മരണമുള്ളവനായി ഈ ഭൂമിയിലേക്ക് വന്നു! ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായിത്തന്നെ ഈ ഭൂമിയില്‍ ജീവിക്കുകയും മരണത്തെ വരിക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു”(ഹെബ്രാ: 2; 9). ഈ ഭൂമിയില്‍ യേഹ്ശുവാ ആയിരുന്നത് ഈ അവസ്ഥയിലാണ്. ഒരു മനുഷ്യന്‍മൂലം മനുഷ്യരാശിയെ മുഴുവന്‍ ഗ്രസിച്ച മരണത്തെ ഇല്ലാതാക്കി നിത്യജീവന്‍ പ്രദാനംചെയ്യുന്നതിനുവേണ്ടിയാണ്‌ യേഹ്ശുവാ മനുഷ്യനായി വന്ന് മരണത്തെ ആശ്ലേഷിച്ചത്! തന്റെ മരണംവഴി അനേകര്‍ക്ക് അവിടുന്ന് ജീവന്‍ നല്‍കി! ബൈബിളിലെ രണ്ടു വെളിപ്പെടുത്തലുകള്‍ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ അത് വ്യക്തമാകും. ഒരു വെളിപ്പെടുത്തല്‍ ഇതാണ്: “ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു”(റോമാ: 5; 12). ചേര്‍ത്തുവച്ചു വായിക്കേണ്ട വെളിപ്പെടുത്തല്‍ നോക്കുക: “ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേഹ്ശുവാ മ്ശിഹാ എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും! അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും”(റോമാ: 5; 17-19). ഈ വെളിപ്പെടുത്തല്‍ക്കൂടി ചേര്‍ത്തുവച്ചു വായിക്കുക: “ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്”(റോമാ: 5; 14).

ഒരു മനുഷ്യന്‍മൂലം സകല മനുഷ്യരെയും മരണം ഗ്രസിച്ചുവെങ്കില്‍, ഒരു മനുഷ്യന്‍മൂലം മരണത്തിന്റെ ആധിപത്യം അവസാനിച്ചു. അതായത്, ഈ ഭൂമിയില്‍ വന്ന് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത് മനുഷ്യനായ യേഹ്ശുവായാണ്! ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തോളം  യേഹ്ശുവാ ജീവിച്ചതും മരിച്ചതും പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ് എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്. എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് ദൈവദൂതന്മാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്. ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാക്കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ”(ഹെബ്രാ: 2; 14-18). ഇതില്‍നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്; എന്തെന്നാല്‍, നമുക്ക് ഭക്ഷിക്കാനും പാനംചെയ്യാനുമായി നല്കപ്പെട്ടിരിക്കുന്നത് മനുഷ്യപുത്രന്റെ ശരീരവും രക്തവുമാണ്! അങ്ങനെയെങ്കില്‍, പരിപൂര്‍ണ്ണ മനുഷ്യനായ യേഹ്ശുവായെ ആരാധിക്കാന്‍ പാടുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കാം. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.

പരിപൂര്‍ണ്ണ മനുഷ്യനായിരുന്നപ്പോഴും ആരാധിക്കപ്പെടാന്‍ യോഗ്യതയുള്ളവനായി ഒരുവന്‍ മാത്രമേ ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളു. അത് യേഹ്ശുവായാണ്! തന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്ന് യേഹ്ശുവാ അരുളിച്ചെയ്ത വചനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു സത്യമാണ്, തന്നെ ആരാധിക്കുന്നവന്‍ പിതാവിനെ ആരാധിക്കുന്നുവെന്നത്! താനും പിതാവും ഒന്നാണ് എന്ന പ്രഖ്യാപനത്തിലൂടെ അവിടുന്ന് പരോക്ഷമായി പറഞ്ഞുവച്ചത് അതുതന്നെയാണ്! മാത്രവുമല്ല, പരിപൂര്‍ണ്ണ മനുഷ്യനായിരിക്കെത്തന്നെ (കുരിശുമരണത്തിന് മുന്‍പ്) യേഹ്ശുവാ ആരാധിക്കപ്പെട്ടിട്ടുള്ളതായി ബൈബിളില്‍നിന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ താണുവീണ് ആദരിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് സ്വര്‍ണ്ണവും കുന്തിരിക്കവും മീറയും കാഴ്ചയര്‍പ്പിച്ചു”(മത്താ: 2; 11). ശിശുവായിരുന്നപ്പോള്‍ യേഹ്ശുവായെ സന്ദര്‍ശിച്ച ജ്യോതിശ്ശാസ്ത്രജ്ഞരാണ് ഇപ്രകാരം അവിടുത്തെ താണുവീണ് ആദരിച്ചത്. അതുപോലെതന്നെ, യേഹ്ശുവായുടെ ദൗത്യകാലത്ത് അനേകര്‍ അവിടുത്തെ മുന്‍പില്‍ കുമ്പിട്ട്‌ ആദരിച്ചിട്ടുണ്ട്. അവിടുത്തെ ശിഷ്യന്മാര്‍ താണുവണങ്ങിയപ്പോള്‍ അത് വിലക്കാന്‍ അവിടുന്ന് തയ്യാറായില്ല എന്നതും നാം മനസ്സിലാക്കിയിരിക്കണം. ഈ വെളിപ്പെടുത്തല്‍ നോക്കുക: “വഞ്ചിയിലുണ്ടായിരുന്നവര്‍ യേഹ്ശുവായുടെ മുമ്പില്‍ കുമ്പിട്ടുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നു പറഞ്ഞു”(മത്താ: 14; 33). ആരാധനയ്ക്ക് യോഗ്യനാണ് യേഹ്ശുവാ എന്ന് അവിടുത്തെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല, ശിഷ്യന്മാരുടെ പ്രവൃത്തിയെ ഒരുതരത്തിലും അവിടുന്ന് തടഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കിയിരിക്കണം.

യേഹ്ശുവായെ കൂടാതെ, ആരാധനയ്ക്ക് യോഗ്യനായി മറ്റൊരു മനുഷ്യനുമില്ല എന്ന് സ്ഥിരീകരിക്കുന്ന അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവം നോക്കുക: “കേപ്ഫാ അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ സ്വീകരിച്ച് കാല്‍ക്കല്‍വീണു നമസ്‌കരിച്ചു. എഴുന്നേല്‍ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് കേപ്ഫാ അവനെ എഴുന്നേല്പിച്ചു”(അപ്പ. പ്രവര്‍: 10; 25, 26). യേഹ്ശുവായുടെ മുന്‍പില്‍ കുമ്പിട്ടു നമസ്ക്കരിച്ച കേപ്ഫായാണ് തന്റെ കാല്‍ക്കല്‍വീണു നമസ്ക്കരിക്കുന്നതില്‍നിന്ന് കൊര്‍ണേലിയൂസിനെ തടയുന്നത്! മാത്രവുമല്ല, തന്നെ നമസ്ക്കരിക്കുന്നതില്‍നിന്ന് കൊര്‍ണേലിയൂസിനെ കേപ്ഫാ വിലക്കിയത് താനും ഒരു മനുഷ്യനാണെന്നു ചൂണ്ടിക്കാണിച്ചാണ്. സഭയുടെ പ്രഥമ ആചാര്യന്‍ നടത്തിയ ഈ പ്രഖ്യാപനത്തില്‍നിന്ന് നാമൊരു യാഥാര്‍ത്ഥ്യം തിരിച്ചറിയണം. എന്തെന്നാല്‍, മനുഷ്യരില്‍ ആരെയും കുമ്പിട്ട് ആരാധിക്കാന്‍ പാടില്ലെന്നത് ക്രിസ്തീയതയിലെ നിയമമാണ്. തന്റെ കുഞ്ഞാടുകളെ നയിക്കാന്‍ ക്രിസ്തു ചുമതലപ്പെടുത്തിയത് കേപ്ഫയെയാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, ആടുകള്‍ അനുസരിക്കേണ്ടത് കേപ്ഫാ എന്ന കാര്യസ്ഥനെയാണ്. തന്റെ മുന്‍പില്‍ കുമ്പിടാന്‍ ആരെയും അനുവദിക്കാത്ത കേപ്ഫാ നമുക്കൊരു ദൃഷ്ടാന്തമായിരിക്കെ, അഭിനവ കാര്യസ്ഥന്‍മാരിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ നമുക്ക് പ്രയാസമുണ്ടാകില്ല! പാദപൂജയ്ക്കായി കാലുകള്‍ നീട്ടിക്കൊടുക്കുന്ന അഭിനവാചാര്യന്മാരെ കേപ്ഫായുടെ പിന്‍ഗാമികളായി പരിഗണിക്കേണ്ടതില്ലെന്നു സാരം! സഹോദരങ്ങള്‍ പരസ്പരം ശുശ്രൂഷിക്കുന്നവരാകാം; എന്നാല്‍, പരസ്പരം ആരാധിക്കുന്ന അവസ്ഥ ദൈവം അംഗീകരിക്കുന്നില്ല! നമുക്കു വിഷയത്തിലേക്കുതന്നെ വരാം.

ദൈവം എന്ന അവസ്ഥയിലല്ല ഈ ഭൂമിയില്‍ യേഹ്ശുവാ ജീവിച്ചതെങ്കിലും അവിടുത്തെ അസ്തിത്വം എന്താണെന്ന് ഓരോ ക്രൈസ്തവര്‍ക്കും അറിയാം. ആദിമനുഷ്യനായ ആദം ജനിച്ചത് ദൈവത്തില്‍നിന്നാണെന്നും ക്രൈസ്തവര്‍ അറിയുന്നു. അതുപോലെതന്നെ, യേഹ്ശുവാ മനുഷ്യനായി ജനിച്ചതും ദൈവത്തില്‍നിന്നാണ്. പാപമില്ലാതെയാണ് ജനിച്ചതെങ്കിലും ആദം പാപം ചെയ്തു. എന്നാല്‍, പാപമില്ലാതെ ജനിച്ച യേഹ്ശുവാ ഒരിക്കലും പാപം ചെയ്തില്ല! സ്ത്രീയില്‍നിന്നു ജനിച്ചു എന്നതാണ് ആദത്തിന്റെ ജനനത്തില്‍നിന്ന് യേഹ്ശുവായുടെ ജനനത്തെ വ്യത്യസ്തമാക്കുന്നത്. ആദം എന്ന പേരിലാണ് ആദ്യമനുഷ്യന്‍ അറിയപ്പെടുന്നതെങ്കിലും, ആ പേരിന് മനുഷ്യന്‍ എന്ന അര്‍ത്ഥം മാത്രമേയുള്ളു. അതായത്, ദൈവം തന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും മണ്ണില്‍നിന്നു മെനഞ്ഞെടുത്ത മനുഷ്യനെ അവിടുന്ന് മനുഷ്യന്‍ എന്ന് മാത്രമാണ് വിളിച്ചത്. അത് അവന് പേരായിത്തീര്‍ന്നു! ആദ്യമനുഷ്യനെ സൃഷ്ടിച്ചത് ദൈവമായതുകൊണ്ടുതന്നെ, ദൈവമാണ് അവന്റെ പിതാവ്! അതെ, ആദം ദൈവത്തിന്റെ മകനാണ്! ആദ്യമനുഷ്യന്‍ (ഒന്നാം ആദം) പാപം ചെയ്തതിലൂടെ ദൈവപുത്രന്‍ എന്ന പദവി അവന്‍ നഷ്ടപ്പെടുത്തി. ഒന്നാം ആദം നഷ്ടപ്പെടുത്തിയ ദൈവപുത്രസ്ഥാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയാണ് രണ്ടാം ആദം അയയ്ക്കപ്പെട്ടത്! പാപമില്ലാതെയാണ് ഒന്നാം ആദം സൃഷ്ടിക്കപ്പെട്ടതെന്നു നാം കണ്ടു. അതുപോലെതന്നെ, രണ്ടാം ആദവും പാപമില്ലാതെ ഈ ഭൂമിയില്‍ പിറന്നു! ആദിയില്‍ ഉണ്ടായിരുന്നവനും ഇപ്പോള്‍ ഉള്ളവനും അവസാനമില്ലാത്തവനുമായ ദൈവം ഒരുവന്‍ മാത്രമേയുള്ളു. ആ ദൈവംതന്നെയാണ് രണ്ടാം ആദമായി ഈ ഭൂമിയില്‍ ജനിച്ചത്! യേഹ്ശുവായെ ബൈബിള്‍ വിശേഷിപ്പിക്കുന്നത് രണ്ടാം ആദം എന്നുതന്നെയാണ്! അതെ, രണ്ടാം ആദത്തിലൂടെ സകലര്‍ക്കും ദൈവമക്കളാകാന്‍ അവസരമൊരുങ്ങി. അതുതന്നെയാണ് യേഹ്ശുവാ എന്ന മനുഷ്യാവതാരത്തിലൂടെ ദൈവം ഒരുക്കിയ രക്ഷാകരപദ്ധതി! അതുകൊണ്ടുതന്നെ, യേഹ്ശുവാ ഏതവസ്ഥയിലും ആരാധനക്ക് യോഗ്യനാണ്! എന്നാല്‍, യേഹ്ശുവാ അവിടുത്തെ ശരീരം അപ്പമായി നമുക്കു നല്‍കിയത് ആരാധിക്കേണ്ടതിനുവേണ്ടിയാണോ?

ഇനി നാം ചിന്തിക്കുന്നത് ഈ വിഷയമാണ്. ദൈവം നമ്മോട് എന്ത്‌ ആവശ്യപ്പെടുന്നുവോ, അത് ചെയ്യുമ്പോഴാണ് നാം അവിടുത്തെ ബഹുമാനിക്കുന്നവരായി പരിഗണിക്കപ്പെടുന്നത്. ദൈവത്തെ സ്നേഹിക്കുന്നവന്‍ അവിടുത്തെ കല്പന അനുസരിക്കും. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്”(യോഹ: 14; 23, 24). തന്റെ ഹിതമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭൃത്യനില്‍ യജമാനന്‍ സംപ്രീതനാകുന്നു. ഒരു വചനംകൂടി ശ്രദ്ധിക്കുക: “യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും”(ലൂക്കാ: 12; 47). ദൈവഹിതം അറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെയാണ് ദൈവം മാനിക്കുന്നത്. യേഹ്ശുവാ എന്ത് പറഞ്ഞുവോ, അവ അതേപടി അനുസരിക്കാന്‍ വിളിക്കപ്പെട്ടവരുടെ സമൂഹമാണ് സഭ! അവിടുന്ന് പറഞ്ഞതില്‍നിന്ന് എന്തെങ്കിലും വിട്ടുകളയുകയോ, അതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത് വലിയ ദുരന്തത്തില്‍ കലാശിക്കും. നിസ്സാരമെന്നു കരുതുന്ന കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളുമാണ് പടിപടിയായി വലിയ അപചയങ്ങളായി പരിണമിക്കുന്നത്. സഭകളില്‍ ഇന്ന് കാണുന്ന എല്ലാ പാരമ്പര്യങ്ങളും ഇങ്ങനെയുണ്ടായ ദുരന്തങ്ങളാണ്! പുരാതന യിസ്രായേലിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

പുരാതന യിസ്രായേലിലെ ഫരിസേയരെയും നിയമജ്ഞരെയും ഇക്കാര്യത്തില്‍ യേഹ്ശുവാ കുറ്റപ്പെടുത്തിയിട്ടുണ്ട്. ആ സംഭവം ഇപ്രകാരം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു: “അനന്തരം യെരുശലെമില്‍നിന്നു ഫരിസേയരും നിയമജ്ഞരും യേഹ്ശുവായുടെ അടുത്തുവന്നു പറഞ്ഞു: നിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്? ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ. അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്? പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്‌ഷേപിക്കുന്നവന്‍ മരിക്കണം എന്നു ദൈവം കല്പിച്ചിരിക്കുന്നു. എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്ഷിക്കേണ്ടതില്ല എന്ന്. ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, യേശൈയാഹ് നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു”(മത്താ: 15; 1-9). ആരാധനകളില്‍ എങ്ങനെയാണ് വ്യര്‍ത്ഥതകള്‍ സ്ഥാനംപിടിച്ചതെന്നറിയാന്‍ ഈ വചനം ഹൃദയപരമാര്‍ത്ഥതയോടെ ഗ്രഹിച്ചാല്‍ മതി! ദിവ്യകാരുണ്യാരാധനയുടെ കാര്യത്തിലും ഈ വചനം അന്വര്‍ത്ഥമാണ്. യജമാനന്റെ ഹിതം നിറവേറ്റുന്നതില്‍ ഭൃത്യന്‍ പുലര്‍ത്തേണ്ട ജാഗ്രതയും, ജാഗ്രത പുലര്‍ത്താത്തതുമൂലം ആരാധനകളില്‍ സ്ഥാനംപിടിച്ച വ്യര്‍ത്ഥതകളുമാണ് ഇവിടെ ചേര്‍ത്തുവച്ചു മനസ്സിലാക്കേണ്ടത്.

വചനം നാം അനുസരിക്കേണ്ടത് നമുക്കിഷ്ടമുള്ളതുപോലെയല്ല. ഇടംവലം തിരിയാതെ അനുസരിക്കേണ്ടതാണ് യേഹ്ശുവായുടെ വചനം. യേഹ്ശുവാ ആഗ്രഹിക്കുന്നത് അനുവര്‍ത്തിക്കുമ്പോഴാണ്‌ നാം അവിടുത്തെ ഹിതം നിറവേറ്റുന്നവരായി പരിഗണിക്കപ്പെടുന്നത്. യേഹ്ശുവായുടെ ശരീരമാകുന്ന അപ്പത്തെ സംബന്ധിച്ചും ഇത് ബാധകമാണ്. നാം ഭക്ഷിക്കേണ്ടതിനും, അതുവഴി ജീവന്‍പ്രാപിക്കേണ്ടതിനുമാണ് യേഹ്ശുവാ അവിടുത്തെ ശരീരം നമുക്ക് പങ്കിട്ടുനല്കിയത്. അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്ക് നല്‍കിക്കൊണ്ട് അവിടുന്ന് അരുളിച്ചെയ്തത് വാങ്ങി ഭക്ഷിക്കുക എന്നാണ്. ആദിമക്രൈസ്തവസമൂഹം അത് കൃത്യതയോടെ അനുസരിച്ചു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു”(അപ്പ. പ്രവര്‍: 2; 42). തുടര്‍ന്നുള്ള വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: “അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു”(അപ്പ. പ്രവര്‍: 2; 46). യേഹ്ശുവായുടെ ശരീരം നമുക്ക് നല്‍കിയത് ഭക്ഷിക്കാനാണോ ആരാധിക്കാനാണോ എന്നത് ഓരോരുത്തരും വിവേചിക്കുക!

മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയത് അതിലേക്ക് യിസ്രായേല്‍ജനം നോക്കേണ്ടതിനായിരുന്നു. എന്നാല്‍, യിസ്രായേല്‍ക്കാര്‍ പിന്നീട് അതിനെ ആരാധിക്കാന്‍ തുടങ്ങിയപ്പോള്‍ ദുരന്തമായി മാറി. മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പം മനുഷ്യപുത്രന്റെ പ്രതീകമായിരുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു”(യോഹ: 3; 14, 15). യേഹ്ശുവായുടെ വാക്കുകളെ നാം അവിശ്വസിക്കാന്‍ പാടില്ല. പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: “അവിടുത്തെ ജനം വന്യമൃഗങ്ങളുടെ ക്രൗര്യത്തിനിരയാകുകയും സര്‍പ്പദംശനമേറ്റു നശിക്കുകയും ചെയ്തപ്പോള്‍ അങ്ങയുടെ ക്രോധം നീണ്ടുനിന്നില്ല. അവര്‍ അല്പകാലം, താക്കീതെന്ന നിലയില്‍, പീഡനമേറ്റു; അങ്ങയുടെ നിയമത്തിലെ അനുശാസനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്‍കി. അതിലേക്കു നോക്കിയവര്‍ രക്ഷപ്പെട്ടു; അവര്‍കണ്ട വസ്തുവിനാലല്ല, എല്ലാറ്റിന്റെയും രക്ഷകനായ അങ്ങുമൂലം രക്ഷപ്പെട്ടു”(ജ്ഞാനം: 16; 5-7). ക്രിസ്തു പഠിപ്പിച്ച ആരാധന പിണ്ഡാധിഷ്ഠിതമല്ല. വസ്തുക്കള്‍ക്കു മുന്‍പിലുള്ള ആരാധനകള്‍ പര്യവസാനിക്കുന്നത് വിഗ്രഹാരാധനയിലായിരിക്കും. അതുതന്നെയാണ് പുരാതന യിസ്രായേലിനും സംഭവിച്ചത്! അവര്‍ പിച്ചളസര്‍പ്പത്തെ പ്രതിഷ്ഠിച്ച് അതിനു ധൂപാര്‍പ്പണം നടത്തുകയും അവര്‍ക്കത് നാശമായി ഭവിക്കുകയും ചെയ്തു! അവര്‍ ആരാധിച്ച പിച്ചളസര്‍പ്പത്തെ അഗ്നിക്കിരയാക്കാന്‍ ഹെസെക്കിയാഹ് എന്ന രാജാവ് വരേണ്ടിവന്നു! ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ യിസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു”(2 രാജാ: 18; 4).

ക്രിസ്തു പഠിപ്പിച്ച ആരാധന പിണ്ഡാധിഷ്ഠിതമല്ലെന്നു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. യഥാര്‍ത്ഥ ആരാധനയെക്കുറിച്ച് യേഹ്ശുവാ നടത്തിയ പ്രഖ്യാപനമിതാണ്: “എന്നാല്‍, യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്”(യോഹ: 4; 23, 24). രൂപങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും മുന്‍പിലുള്ള പ്രാര്‍ത്ഥന ക്രിസ്തീയമല്ല, അത് വിജാതിയരുടെ പ്രാര്‍ത്ഥനാരീതിയാണ്! ദിക്കുനോക്കിയുള്ള പ്രാര്‍ത്ഥനയും അവിടുന്ന് വചനത്താല്‍ അസാധുവാക്കി! ശെമരിയാക്കാരി സ്ത്രീയോട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്ത നിമിഷംമുതല്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധന പ്രാബല്യത്തില്‍വന്നു! ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോഴും യേഹ്ശുവായുടെ ഈ വചനം ഗൗരവമായി പരിഗണിക്കണം. എന്തെന്നാല്‍, ആത്മീയതയില്‍ കടന്നുകൂടിയ അപകടങ്ങളെല്ലാം നന്മയുടെ രൂപത്തിലായിരുന്നു. മുറിക്കപ്പെട്ട അപ്പത്തില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉള്ളപ്പോള്‍ മാത്രമേ ആരാധനയ്ക്ക് യോഗ്യമാകുകയുള്ളു. മറിച്ച്, ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിനു പകരം പിശാചിന്റെ സാന്നിദ്ധ്യമാണുള്ളതെങ്കില്‍ ആരാധന അപകടമായി മാറും! ബൈബിളില്‍ അതിനു തെളിവുണ്ട്.

അയോഗ്യതയോടെയാണ് അപ്പം സ്വീകരിക്കുന്നതെങ്കില്‍, ആ അപ്പത്തില്‍ യേഹ്ശുവായുടെ സാന്നിദ്ധ്യത്തിനു പകരം സാത്താന്റെ സാന്നിദ്ധ്യമായിരിക്കും ഉണ്ടായിരിക്കുകയെന്നതിന്റെ തെളിവ് യെഹൂദാസ്‌ യിസ്ക്കറിയോത്ത് ആണ്! പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കപ്പെട്ട രാത്രിയില്‍ത്തന്നെ ആ തെളിവ് നമുക്കു ലഭിച്ചു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവന്‍ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍തന്നെ. അവന്‍ അപ്പക്കഷണം മുക്കി ശിമയോന്‍ യിസ്ക്കറിയോത്തിന്റെ മകന്‍ യെഹൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു”(യോഹ: 13; 26, 27). യെഹൂദാസ്‌ അപ്പം സ്വീകരിച്ചത് യേഹ്ശുവായുടെ കയ്യില്‍നിന്ന് നേരിട്ടാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ അപ്പം മുറിച്ചുകൊണ്ട് യേഹ്ശുവാ ആദ്യം പറഞ്ഞത് എന്തായിരുന്നുവെന്ന് നോക്കുക: “അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേഹ്ശുവാ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനംചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്”(മത്താ: 26; 26-28). ഈ അപ്പത്തില്‍നിന്നുതന്നെയാണ് യെഹൂദാസിനും അവിടുന്ന് നല്‍കിയത്! ഒരേ അപ്പത്തില്‍നിന്നാണ് പന്ത്രണ്ട് അപ്പസ്തോലന്മാരും ഭക്ഷിച്ചത്! എന്നാല്‍, മറ്റു പതിനൊന്നു പേര്‍ ഭക്ഷിച്ചത് യേഹ്ശുവായുടെ ശരീരമായിരുന്നുവെങ്കില്‍, യെഹൂദാസിന് അതേ അപ്പത്തില്‍നിന്നുതന്നെ ലഭിച്ചത് സാത്താനെയാണ്! അതിനാല്‍ത്തന്നെ, ഭക്ഷിക്കാനായി നല്‍കപ്പെട്ട അപ്പം ആരാധനയ്ക്കായി പരിഗണിക്കുമ്പോള്‍ വലിയ അപകടം പതിയിരിപ്പുണ്ട് എന്നകാര്യം ഓര്‍മ്മയിലുണ്ടായിരിക്കണം!

യേഹ്ശുവായുടെ സാന്നിദ്ധ്യം നിത്യമാണോ?

അപ്പവും വീഞ്ഞും യേഹ്ശുവായുടെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്നത് എങ്ങനെയാണെന്നും, രൂപാന്തരീകരിക്കപ്പെട്ടതിനുശേഷം അവിടുത്തെ സാന്നിദ്ധ്യം നിത്യമാണോ എന്നുമാണ് ഇവിടെ നാം പരിശോധിക്കുന്നത്. ഒരിക്കല്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തിയിലുള്ള യേഹ്ശുവായുടെ സാന്നിദ്ധ്യം നിത്യമാണെന്ന മതബോധനമാണ് കത്തോലിക്കാസഭയില്‍ നിലവിലുള്ളത്. ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ ദിവ്യകാരുണ്യ ആരാധന സഭയില്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം ഇപ്രകാരമാണെങ്കിലും, പൗരസ്ത്യ റീത്തുകള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായമുള്ളത് പരസ്യമായ രഹസ്യമാണ്. വിശുദ്ധ കുര്‍ബ്ബാനയിലുള്ള ക്രിസ്തുസാന്നിദ്ധ്യം താത്ക്കാലികമാണെന്നു വിശ്വസിക്കുന്നവരാണ് പൗരസ്ത്യരില്‍ ഏറെയും!

പരിശുദ്ധ പരമ ദിവ്യകാരുണ്യം എന്ന് കത്തോലിക്കാസഭയില്‍ വിശേഷണമുള്ള തിരുവോസ്തിയെ സംബന്ധിച്ച് പഠിക്കാന്‍ തയ്യാറാകുമ്പോള്‍, ആമുഖമായി ചിന്തിക്കേണ്ട പല മേഖലകളുണ്ട്. ആ മേഖലകളിലൂടെയെല്ലാം പഠനാര്‍ത്ഥമോ ഉപരിപഠനാര്‍ത്ഥമോ യാത്രചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പരിശുദ്ധ കുര്‍ബ്ബാനയിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം നിത്യമാണോ താത്ക്കാലികമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ സാധിക്കും. അതിനായി നാം ആദ്യം പരിശോധിക്കേണ്ടത് പരിശുദ്ധ കുര്‍ബ്ബാനയെ സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ പ്രബോധനമാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവത്തിന്റെ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന് ലോകത്തിനു ജീവന്‍ നല്കുന്നതത്രേ"(യോഹ: 6; 33). സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് ലോകത്തിനു ജീവന്‍ നകുന്നത് യേഹ്ശുവായാണ്. കാത്തോലിക്കാസഭയിലെ വിശ്വാസികള്‍ ദിവ്യകാരുണ്യത്തെ ആരാധിക്കുന്നവരാണെന്നു നമുക്കറിയാം. ഇവിടെയും ചില പഠനങ്ങള്‍ അനിവാര്യമായിരിക്കുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ ഇന്നത്തെ നിലപാടിനു സാധൂകരണമുണ്ടോ എന്ന് നാം അറിഞ്ഞിരിക്കണം. യാഹ്‌വെ ഏത് രൂപത്തിലായിരുന്നാലും അവിടുന്ന് ദൈവംതന്നെയാണ്. യേഹ്ശുവായുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അതായത്, യേഹ്ശുവാ ഏതു രൂപത്തില്‍ അവതരിച്ചാലും അവിടുന്ന് വിഗ്രഹമാകുകയില്ല. മനുഷ്യനായി വന്നാലും ആത്മാവായി വന്നാലും മെല്‍ക്കിസെദെക്ക് ആയി വന്നാലും അവിടുന്ന് ആരാധനയ്ക്കു യോഗ്യന്‍തന്നെ! തോട്ടക്കാരനെപ്പോലെ കാണപ്പെട്ടാലും (മറിയം മഗ്ദലേനക്ക് കാണപ്പെട്ടത്) സഹയാത്രികനെപ്പോലെ കാണപ്പെട്ടാലും (എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് കാണപ്പെട്ടത്) ക്രിസ്തുവിനെ വിഗ്രഹമായി കാണുന്നത് വിഗ്രഹങ്ങളെ സംബന്ധിച്ചുള്ള അറിവില്‍ പക്വത പ്രാപിക്കാത്തതുകൊണ്ടാണ്. അപ്പത്തിന്റെ രൂപത്തില്‍ ഇറങ്ങിവരുന്ന യേഹ്ശുവായെ ആരാധിക്കുകയോ വണങ്ങുകയോ ചെയ്യുന്നതിലൂടെ ആരും വിഗ്രഹാരാധകരായി മാറുന്നില്ല!

ഇനിയാണ് നാം ഗൗരവമുള്ള വിഷയം നാം ചിന്തിക്കുന്നത്. എന്തെന്നാല്‍, ആശിര്‍വദിച്ച അപ്പം യേഹ്ശുവായുടെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെട്ടുവെന്ന ഉറപ്പാണ് ആരാധനയുടെ അടിസ്ഥാന ഘടകം! അതുപോലെതന്നെ, രൂപാന്തരീകരിക്കപ്പെട്ടതിനുശേഷം അവിടുത്തെ സാന്നിദ്ധ്യം നിലനില്‍ക്കുന്നുവെന്ന ഉറപ്പും അനിവാര്യമാണ്. അതിനായി നാം ആദ്യം അറിഞ്ഞിരിക്കേണ്ടത് ഏത് സാഹചര്യത്തിലാണ് യേഹ്ശുവായുടെ ശരീരമായി ഗോതമ്പപ്പം രൂപാന്തരപ്പെടുന്നത് എന്ന കാര്യമാണ്. യേഹ്ശുവാ അരുളിച്ചെയ്ത അവിടുത്തെ വചനത്തിന്റെ യോഗ്യതയാലാണ് രൂപാന്തരീകരണം സംഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം പ്രാഥമികമായി നാം മനസ്സിലാക്കിയിരിക്കണം. അവിടുത്തെ വചനമിതാണ്: “എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍”(ലൂക്കാ: 22; 19). യേഹ്ശുവായുടെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നതാണ് അവിടുത്തെ വചനം. അവിടുന്ന് വചനത്തിലൂടെ നല്‍കിയിരിക്കുന്ന ഒരു വാഗ്ദാനംകൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ പേരില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും”(മത്താ: 18; 20). ഈ രണ്ടു വചനങ്ങളും ചേര്‍ത്തുവച്ചു പറയുമ്പോള്‍, യേഹ്ശുവായുടെ ഓര്‍മ്മയ്ക്കായി അവിടുത്തെ പേരില്‍ ഒരുമിച്ചുകൂടുന്ന സമൂഹത്തിനു മദ്ധ്യേ അവിടുന്നുണ്ട്. അതായത്,യേഹ്ശുവാ എന്ന അവിടുത്തെ പേരില്‍ ഒരുമിച്ചുചേരുന്ന സമൂഹത്തിലാണ് അവിടുത്തെ സാന്നിദ്ധ്യമുണ്ടായിരിക്കുന്നത്. അതുപോലെതന്നെ, രൂപാന്തരീകരണം സംഭവിക്കുന്നതും അവിടുത്തെ പേരില്‍ മുറിക്കപ്പെടുമ്പോഴാണ്‌! എന്തെന്നാല്‍, അവിടുത്തെ പേരിന് വലിയ പ്രാധാന്യമുണ്ട്. ഈ പ്രബോധനം നോക്കുക: “നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം യേഹ്ശുവാ വഴി പിതാവായദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ പേരില്‍ ചെയ്യുവിന്‍”(കൊളോ: 3; 17).

പേരിന്റെ പ്രാധാന്യം ഇവിടെ അവഗണിക്കരുത്! സ്വര്‍ഗ്ഗത്തില്‍നിന്നു പ്രഖ്യാപിക്കപ്പെട്ട പേരല്ലാതെ, മറ്റൊരു പേരിലും അവിടുന്ന് സംബോധനചെയ്യപ്പെടാന്‍ പാടില്ല! ഓരോരുത്തര്‍ക്കും തോന്നുന്നതുപോലെ വികലമാക്കാനുള്ളതല്ല അവിടുത്തെ പരിശുദ്ധമായ പേര്! അപ്പസ്തോലനായ കേപ്ഫായുടെ ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 12). യേഹ്ശുവാ എന്ന പേരില്‍ രക്ഷയുണ്ട്; ഈ പേരില്‍ മാത്രമേ രക്ഷയുള്ളു! ഈ പേരിലുള്ള വിശ്വാസം നിമിത്തം രക്ഷയിലേക്കു കടന്നുവന്നവരുടെ സമൂഹമാണ് ക്രൈസ്തവര്‍! അതിനാല്‍ത്തന്നെ, യേഹ്ശുവാ എന്ന പേരില്‍ ഒരുമിച്ചുചേരുന്ന സമൂഹത്തില്‍ അവിടുത്തെ ഓര്‍മ്മയ്ക്കായി ചെയ്യണം എന്നതും, വാക്കാലോ പ്രവൃത്തിയാലോ എന്തുചെയ്താലും അതെല്ലാം യേഹ്ശുവാ എന്ന പേരില്‍ ചെയ്യണമെന്നതും ഇവിടെ പ്രത്യേകം പരിഗണിക്കണം. അപ്പോള്‍ മാത്രമേ ഗോതമ്പപ്പം യേഹ്ശുവായുടെ ശരീരമായി മാറുകയുള്ളു. എന്ത് ചെയ്യുമ്പോഴും തന്റെ പേരില്‍ ചെയ്യേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കിയത് യേഹ്ശുവാ തന്നെയായിരിക്കെ, അവിടുത്തെ പേരുപോലും വികലമാക്കിയത്തിനു പിന്നില്‍ ആരുടെ താത്പര്യമാണെന്നത് ഓരോ ക്രൈസ്തവരും ചിന്തിക്കണം. ക്രിസ്തു അവിടുത്തെ പേരില്‍ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നവ നമുക്കു ലഭിക്കാതിരിക്കേണ്ടതിനുവേണ്ടി സാത്താന്‍ കൗശലപൂര്‍വ്വം ഇടപെട്ടതുകൊണ്ടാണ് യേഹ്ശുവാ എന്ന പേര് വികലമാക്കപ്പെട്ടത്. അപ്പസ്തോലന്മാരുടെ കാലത്തും അതിനുശേഷം നിഖ്യാസൂനഹദോസ് വരെയും സഭയിലേക്ക് ഓരോരുത്തരും ചേര്‍ക്കപ്പെട്ടത് യേഹ്ശുവാ എന്ന പേരില്‍ സ്നാനം സ്വീകരിച്ചാണ്! ഇന്ന് യേഹ്ശുവാ എന്ന പേരില്‍ സ്നാനം സ്വീകരിച്ച ആരെങ്കിലും ക്രൈസ്തവസഭകളിലുണ്ടോ? ഒരുകാര്യം നാം ഗൗരവമായി അറിഞ്ഞിരിക്കണം. എന്തെന്നാല്‍, നാം മുന്‍പ് കണ്ടതുപോലെ യേഹ്ശുവാ എന്ന പേരില്‍ ഒരുമിച്ചുകൂടുന്ന കൂട്ടായ്മയില്‍ മാത്രമേ അവിടുന്ന് സന്നിഹിതനാകുകയുള്ളു! അതുപോലെതന്നെ, യേഹ്ശുവാ എന്ന പേരില്‍ മുറിക്കുന്ന അപ്പം മാത്രമേ അവിടുത്തെ ശരീരമായി മാറുകയുമുള്ളു!

യേഹ്ശുവായുടെ സാന്നിദ്ധ്യം ലഭിക്കാന്‍ പ്രാഥമികമായി വേണ്ടത് ഇതാണെങ്കില്‍, അവിടുത്തേക്ക് സാന്നിദ്ധ്യം നല്‍കാന്‍ സാധിക്കാത്ത ചില സാഹചര്യങ്ങളുമുണ്ട്. ആ സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്നുകൂടി നാം അറിഞ്ഞിരിക്കണം. ആദിയിലുണ്ടായിരുന്നവനും ഇപ്പോഴുള്ളവനും അവസാനമില്ലാത്തവനുമായ ദൈവം ഒരുവന്‍ മാത്രമാണെന്നും, ആ ഒരുവനാണ് യേഹ്ശുവാ എന്നും വ്യക്തതയോടെ മനസ്സിലാക്കിയാല്‍ മാത്രമേ അവിടുത്തേക്ക് കടന്നുവരാന്‍ സാദ്ധ്യമല്ലാത്ത സാഹചര്യങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാകുകയുള്ളു. വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ള ഒരിടത്തും അവിടുത്തേക്ക്‌ കടന്നുവരാന്‍ കഴിയില്ല! അവിടുന്ന് ആദിമുതല്‍ക്കേ അങ്ങനെയാണ്! ആഖാന്‍ എന്ന ഒരുവന്റെ ഭവനത്തില്‍ നിഷിദ്ധവസ്തുക്കള്‍ സൂക്ഷിച്ചതിന്റെ പേരില്‍ യിസ്രായേല്‍ജനം മുഴുവനില്‍നിന്നും തന്റെ സാന്നിദ്ധ്യം പിന്‍വലിച്ച ദൈവമാണ് അവിടുന്ന്! അന്നും ഇന്നും എന്നും അവിടുന്ന് ഒരുവനായിരിക്കുന്നതുപോലെ, അവിടുത്തെ പരിശുദ്ധിക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല! പരിശുദ്ധിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവിടുന്ന് തയ്യാറാകുകയുമില്ല! എന്തുകൊണ്ടാണ് യെരുശലേം ദൈവാലയത്തില്‍നിന്ന് തന്റെ മഹത്വം യാഹ്‌വെ പിന്‍വലിച്ചത്? ദൈവാലയത്തില്‍ മ്ലേച്ഛതകള്‍ സ്ഥാപിക്കപ്പെടുമ്പോള്‍, ആ മ്ലേച്ഛതകളോടൊപ്പം സഹവസിക്കാന്‍ അവിടുത്തേക്ക്‌ സാധിക്കുകയില്ല! ഇത്തരം സാഹചര്യങ്ങളില്‍ യാഹ്‌വെ അവിടുത്തെ മഹത്വം പിന്‍വലിക്കും!

ദൈവാലയത്തില്‍നിന്നോ യെരുശലേം പട്ടണത്തില്‍നിന്നോ യിസ്രായേലില്‍ നിന്നുതന്നെയോ യാഹ്‌വെയുടെ മഹത്വം അവിടുന്ന് പിന്‍വലിക്കുമ്പോള്‍, വിശുദ്ധരായ പ്രവാചകന്മാര്‍ക്ക് അവിടുന്ന് ദര്‍ശനങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊടുക്കുന്നത്. യെസെക്കിയേല്‍ പ്രവാചകനു ലഭിച്ച ദര്‍ശനം ശ്രദ്ധിക്കുക: “കെരൂബുകള്‍ ചിറകുകളുയര്‍ത്തി; ചക്രങ്ങളും അവയുടെ വശങ്ങളിലുയര്‍ന്നു. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മീതേ നിലകൊണ്ടു. യാഹ്‌വെയുടെ മഹത്വം നഗരമദ്ധ്യത്തില്‍നിന്നുയര്‍ന്ന്, നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു”(യെസെക്കിയേല്‍: 11; 22, 23). വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ള ഒരിടത്തും യാഹ്‌വെയുടെ മഹത്വം നിലനില്‍ക്കില്ല എന്നതിനു വേറെയും അനേകം തെളിവുകള്‍ ബൈബിളില്‍നിന്നു കണ്ടെത്താന്‍ കഴിയും. പ്രവാചകനു ലഭിച്ച മറ്റൊരു ദര്‍ശനം നോക്കുക: “അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്‌കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യെഹൂദാഭവനം ഇവിടെ കാട്ടുന്ന മേച്ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല”(യെസെക്കിയേല്‍: 8; 15-18). 

കിഴക്കോട്ടു തിരിഞ്ഞുള്ള സൂര്യനമസ്ക്കാരമാണ് യാഹ്‌വെയുടെ സാന്നിദ്ധ്യം യെരുശലേം ദൈവാലയത്തില്‍നിന്നു പിന്‍വലിക്കപ്പെടാന്‍ കാരണമായി ഇവിടെ കാണുന്നത്. വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോഴും വിജാതിയമായ ആചാരങ്ങള്‍ അനുകരിച്ചപ്പോഴും അവിടുന്ന് തന്റെ സാന്നിദ്ധ്യം ദൈവാലയത്തില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യെരുശലെമില്‍ എന്റെ പേര് എന്നേക്കും വസിക്കുമെന്ന് ഏത് ആലയത്തെക്കുറിച്ചു യാഹ്‌വെ അരുളിച്ചെയ്തിരുന്നുവോ ആ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. ദൈവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ പണിതു. സ്വന്തം പുത്രന്മാരെ അവന്‍ ബെന്‍ഹിന്നോം താഴ്‌വരയില്‍ ഹോമിച്ചു. ജ്യോത്‌സ്യം, ആഭിചാരം, ശകുനം എന്നിവ സ്വീകരിക്കുകയും പ്രേതാവിഷ്ടരുടെയും മന്ത്രവാദികളുടെയും ഉപദേശം ആരായുകയും ചെയ്തു. യാഹ്‌വെയുടെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു. താന്‍ ഉണ്ടാക്കിയ വിഗ്രഹം അവന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഈ ആലയത്തെക്കുറിച്ചാണ് ദാവീദിനോടും പുത്രനായ ശലോമോനോടും ദൈവം ഇപ്രകാരം അരുളിച്ചെയ്തത്: ഈ ആലയത്തിലും യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്ത യെരുശലെമിലും എന്റെ പേര് ഞാന്‍ എന്നേക്കും പ്രതിഷ്ഠിക്കും”(2 ദിന: 33; 4-7). പന്ത്രണ്ടാം വയസ്സില്‍ യെഹൂദായുടെ രാജാവാകുകയും അമ്പത്തഞ്ചു വര്‍ഷം ഭരിക്കുകയും ചെയ്ത മനാസ്സെയാണ് ഈ മ്ലേച്ഛത പ്രവര്‍ത്തിച്ചത്. പിന്നീട് അവന്‍ പശ്ചാത്തപിക്കുകയും താന്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ നശിപ്പിക്കുകയും ചെയ്തു. അത് ഇപ്രകാരം നാം വായിക്കുന്നു: “യാഹ്‌വെയുടെ ആലയത്തില്‍നിന്ന് അന്യദേവന്മാരെയും വിഗ്രഹത്തെയും അവന്‍ നീക്കം ചെയ്തു. ദൈവാലയഗിരിയിലും യെരുശലെമിലും താന്‍ നിര്‍മ്മിച്ചിരുന്ന ബലിപീഠങ്ങള്‍ തകര്‍ത്ത് നഗരത്തിനു വെളിയില്‍ എറിഞ്ഞു. അവന്‍ യാഹ്‌വെയുടെ ബലിപീഠം വീണ്ടും പ്രതിഷ്ഠിക്കുകയും അതില്‍ സമാധാനബലികളും കൃതജ്ഞതാബലികളും അര്‍പ്പിക്കുകയും ചെയ്തു. യാഹ്‌വെയെ സേവിക്കാന്‍ യെഹൂദായോടു കല്പിച്ചു”(2 ദിന: 33; 15, 16).

ദൈവാലയത്തില്‍ മ്ലേച്ഛവിഗ്രഹങ്ങള്‍ സ്ഥാപിച്ചപ്പോഴെല്ലാം യാഹ്‌വെയുടെ മഹത്വം അവിടെനിന്നു പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, നിലവിളക്ക് എന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ആരാധനാലയങ്ങളില്‍ യേഹ്ശുവാ കടന്നുവരുമോ? യേഹ്ശുവാ തന്നെയാണ് യാഹ്‌വെ എന്ന് തിരിച്ചറിഞ്ഞവരുടെ സമൂഹമല്ലേ ക്രൈസ്തവര്‍? യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവരെ പ്രതിനിധീകരിച്ചുകൊണ്ട് മനോവ പറയുന്നു, മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ട ഒരിടത്തും യേഹ്ശുവാ കടന്നുവരില്ല! അങ്ങനെയുള്ള ഇടങ്ങളില്‍ മുറിക്കപ്പെടുന്ന അപ്പം യേഹ്ശുവായുടെ ശരീരമായി മാറുകയുമില്ല! യെഹൂദാസ്‌ യിസ്ക്കറിയോത്തിന്റെ ഉള്ളില്‍ പ്രവേശിച്ച സാത്താനാണ്‌ വിഗ്രഹാലയങ്ങളില്‍ മുറിക്കുന്ന അപ്പത്തില്‍ കുടികൊള്ളുന്നത്! കിഴക്കോട്ടു തിരിഞ്ഞും ജനങ്ങള്‍ക്കുനേരേ പൃഷ്ഠം തിരിച്ചും ആഭാസനാടകം കളിക്കുന്ന നാടകശാലകളില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ വസിക്കുന്നതും സാത്താനാണ്! ക്രിസ്തുവിന്റെ വചനത്തിന്റെ പിന്തുണയുള്ളതിനാല്‍ ഇത് വിളിച്ചുപറയാന്‍ മനോവയ്ക്ക് ഈ ലോകത്തെ ഒരു ശക്തിയെയും ഭയമില്ല!

യേഹ്ശുവായുടെ ശരീരമായി മാറിയ അപ്പത്തില്‍നിന്ന് അവിടുത്തെ സാന്നിദ്ധ്യം പിന്‍വലിക്കപ്പെടുമോ? ഇനി നാം പരിശോധിക്കുന്നത് അതാണ്‌. തന്റെ പേരില്‍ നിര്‍മ്മിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത ആലയത്തില്‍ നിത്യമായി വസിക്കുമെന്ന് യാഹ്‌വെ അരുളിചെയ്തിരുന്നുവെങ്കിലും, ആ ആലയത്തില്‍ മ്ലേച്ഛവിഗ്രഹങ്ങള്‍ സ്ഥാപിച്ചതോടെ അവിടുന്ന് തന്റെ വാസം അവസാനിപ്പിച്ചുവെന്ന് നമുക്കറിയാം. ദൈവാലയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അപ്പത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. വാഴ്ത്തിയ അപ്പമാണെങ്കില്‍പ്പോലും, അയോഗ്യരുടെ കരങ്ങളിലെത്തുമ്പോള്‍ അതില്‍ വസിക്കുന്നത് യേഹ്ശുവാ ആയിരിക്കില്ല. മറിച്ച്, യെഹൂദാസ്‌ യിസ്ക്കറിയോത്ത് അയോഗ്യതയോടെ അപ്പം സ്വീകരിച്ചപ്പോള്‍ സംഭവിച്ച മാറ്റം ഇവിടെയും സംഭവിക്കും. ഇത് ബൈബിളിലൂടെ ചരിത്രം നല്‍കുന്ന സാക്ഷ്യമാണ്! അതായത്, ബ്ലാക്ക് മാസ് ചെയ്യുവാനും മറ്റേതെങ്കിലും തരത്തില്‍ അവഹേളിക്കുവാനുമായി അപ്പം കൈവശപ്പെടുത്തുന്നവര്‍ക്ക് ലഭിക്കുന്നത് സാത്താനെയായിരിക്കും! പാപപരിഹാരാര്‍ത്ഥം യേഹ്ശുവാ വന്നപ്പോള്‍, തുപ്പാനും നിന്ദിക്കാനും സ്വയം നിന്നുകൊടുത്തതുപോലെ, ഇനിയും അതിനു നിന്നുകൊടുക്കുമെന്ന് ആരും ചിന്തിക്കരുത്! എന്തെന്നാല്‍, അവിടുന്ന് അസഹിഷ്ണുവായ ദൈവമാണ്! അവിടുന്ന് ദഹിപ്പിക്കുന്ന അഗ്നിയുമാണ്! ആയതിനാല്‍, നിലവിളക്ക് എന്ന മ്ലേച്ഛവിഗ്രഹത്തിനു മുന്‍പില്‍ പ്രതിഷ്ഠിക്കപ്പെട്ട അപ്പത്തില്‍ അവിടുന്ന് വസിക്കുന്നില്ല! മാത്രവുമല്ല, അവിടുന്ന് അപ്പം നല്‍കിയത് ഭക്ഷിക്കാനാണ്, ധൂപാര്‍പ്പണം ചെയ്ത് ആരാധിക്കാനല്ല! യേഹ്ശുവായുടെ പേരില്‍ ഭക്ഷിക്കുമ്പോള്‍ മാത്രമേ അപ്പം അവിടുത്തെ ശരീരമാകുന്നുള്ളു! എന്തെന്നാല്‍, ഭക്ഷിക്കുകയും അതുവഴി ജീവന്‍പ്രാപിക്കുകയും ചെയ്യേണ്ടതിനാണ് അവിടുത്തെ ശരീരം അപ്പമായി നമുക്കു നല്‍കിയത്!

വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമില്ലാത്തയിടങ്ങളില്‍ യേഹ്ശുവായുടെ പേരില്‍ ഒരുമിച്ചുകൂടുന്ന സമൂഹത്തില്‍ വച്ച് യേഹ്ശുവായുടെ പേരില്‍ത്തന്നെ മുറിക്കപ്പെടുന്ന അപ്പം അവിടുത്തെ ജീവനുള്ള ശരീരമായി മാറുന്നു. ഭക്ഷിക്കാനായി നല്‍കുന്നതാണ് ഈ അപ്പമെങ്കിലും, ഈ അപ്പം ജീവനുള്ള അപ്പമായതിനാലും യേഹ്ശുവായുടെ ജീവനുള്ള ശരീരമായതിനാലും ആരാധനയ്ക്ക് യോഗ്യമാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അപകടം പതിയിരിക്കുന്നതുകൊണ്ട് ഈ ആരാധനയെ പ്രോത്സാഹിപ്പിക്കരുത്! സഭയുടെ ഔദ്യോഗിക ആരാധനയായി പരിഗണിക്കുന്നതും അപകടമാണ്! എന്തെന്നാല്‍, ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ആരാധകരെയാണ് യേഹ്ശുവാ അന്വേഷിക്കുന്നത്! അവിടുത്തെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്”(യോഹ: 4; 23, 24). രൂപങ്ങള്‍ക്ക് മുന്‍പിലോ പ്രതിമകള്‍ക്ക് മുന്‍പിലോ ആരാധിക്കാന്‍ ക്രൈസ്തവരെ ദൈവം അനുവദിച്ചിട്ടില്ല! ക്രിസ്തു പഠിപ്പിച്ച ആരാധന പിണ്ഡാധിഷ്ഠിതമല്ലാത്തതുകൊണ്ടുതന്നെ, ക്രിസ്തീയതയില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ്! ദൈവം ആഗ്രഹിക്കുന്നവിധത്തില്‍ അവിടുത്തെ ആരാധിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവമക്കള്‍!

യിസ്രായേല്‍ജനത്തിനു ഭക്ഷിക്കാനായി ദൈവം സ്വര്‍ഗ്ഗീയമന്നാ നല്‍കി. എന്നാല്‍, ഭക്ഷിക്കാതെ സൂക്ഷിച്ചുവച്ച മന്നാ പുഴുത്തു മോശമായതായി ബൈബിളില്‍ നാം വായിക്കുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “മോശ അവരോടു പറഞ്ഞു: ആരും അതില്‍നിന്ന്‌ അല്പംപോലും പ്രഭാതത്തിലേക്കു നീക്കിവയ്‌ക്കരുത്‌. എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്നും ഒരുഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. അത്‌ പുഴുത്തു മോശമായി. മോശ അവരോടു കോപിച്ചു”(പുറപ്പാട്: 16; 19, 20). പുരാതന യിസ്രായേല്‍ ഭക്ഷിച്ച മന്നാ ഒരു പ്രതീകമായിരുന്നു. ആധുനിക യിസ്രായേല്‍ ഭക്ഷിക്കാനിരിക്കുന്ന ജീവനുള്ള അപ്പത്തിന്റെ പ്രതീകം! മോശയുടെ നിര്‍ദ്ദേശപ്രകാരം വരാനിരിക്കുന്ന തലമുറയ്ക്ക് സാക്ഷ്യത്തിന് മന്നാ സൂക്ഷിച്ചുവച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണം ശ്രദ്ധിക്കുക: “മോശ പറഞ്ഞു: യാഹ്‌വെയുടെ കല്പന ഇതാണ്‌: ഈജിപ്‌തില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍ വച്ചു നിങ്ങള്‍ക്കു ഭക്‌ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അതില്‍നിന്ന്‌ ഒരു ഓമെര്‍ എടുത്ത്‌ സൂക്‌ഷിച്ചു വയ്‌ക്കുവിന്‍. മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നാ എടുത്ത്‌ നിങ്ങളുടെ പിന്‍തലമുറകള്‍ക്കുവേണ്ടി യാഹ്‌വെയുടെ സന്നിധിയില്‍ സൂക്‌ഷിച്ചു വയ്‌ക്കുക. യാഹ്‌വെ മോശയോട്‌ കല്പിച്ചതുപോലെ അഹറോന്‍ അതു സാക്‌ഷ്യപേടകത്തിനു മുന്‍പില്‍ സൂക്‌ഷിച്ചു വച്ചു”(പുറപ്പാട്: 16; 32-34). എന്നാല്‍, ആധുനിക യിസ്രായേലിനെ സംബന്ധിച്ചിടത്തോളം നാളത്തെ തലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കേണ്ട ആവശ്യമില്ല! എന്തെന്നാല്‍, അവിടുത്തെ പുനരാഗമനം വരെ എല്ലാ തലമുറകള്‍ക്കും ഈ അപ്പം ലഭിക്കുമെന്നതാണ് മാറ്റമില്ലാത്ത വാഗ്ദാനം! മന്നായുമായി ബന്ധപ്പെട്ട് യേഹ്ശുവാ നല്‍കിയ സാക്ഷ്യം ഇപ്രകാരം ബൈബിളില്‍ വായിക്കുന്നു: “അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. യേഹ്ശുവാ മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പം തരുന്നത്. എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ”(യോഹ: 6; 30-33).

യേഹ്ശുവാ നല്‍കുന്ന ഒരു സാക്ഷ്യംകൂടി ശ്രദ്ധിക്കുക: “ഞാന്‍ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്”(യോഹ: 6; 48-51). യേഹ്ശുവായുടെ ശരീരമാകുന്ന ജീവനുള്ള അപ്പത്തിന്റെ പ്രതീകമായിരുന്നു പിതാക്കന്മാര്‍ മരുഭൂമിയില്‍ വച്ച് ഭക്ഷിച്ച മന്നാ! എന്നിരുന്നാലും, പിതാക്കന്മാര്‍ മരുഭൂമിയില്‍ വച്ച് ഭക്ഷിച്ച അപ്പവും യേഹ്ശുവായുടെ ശരീരമാകുന്ന അപ്പവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ധരിക്കരുത്. മരുഭൂമിയിലെ അപ്പം ഒരു പ്രതീകം മാത്രമായിരുന്നു. യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: “ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും”(യോഹ: 6; 58). അതുകൊണ്ടുതന്നെയാണ്, യേഹ്ശുവായുടെ ശരീരമാകുന്ന ജീവനുള്ള അപ്പം ആരാധയ്ക്ക് യോഗ്യമാകുന്നത്. എന്നാല്‍, ഈ അപ്പം അവിടുന്ന് നമുക്ക് നല്‍കിയത് ആരാധിക്കാനല്ലാത്തതുകൊണ്ട് നാം ആരാധനയെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല! അതായത്, അവിടുത്തെ ശരീരമാകുന്ന അപ്പം നമുക്ക് നല്കപ്പെട്ടിരിക്കുന്നത് ഭക്ഷിക്കാനാണ്, ആരാധിക്കാനല്ല! 

ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍!

ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ എന്ന് നാം കേട്ടിട്ടുണ്ട്. ചില മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് അവയിലേറെയും പ്രചരിപ്പിക്കപ്പെടാറുള്ളത്. ദിവ്യകാരുണ്യ അദ്ഭുതമെന്നു വിശേഷിപ്പിക്കുന്നത് അപ്പവും വീഞ്ഞും മാംസരക്തങ്ങളായി രൂപാന്തരപ്പെടുന്ന പ്രതിഭാസത്തെയാണ്! ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഇന്നും അത് സൂക്ഷിക്കപ്പെടുന്നു. ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ പേരില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറിയ ആരാധനാലയങ്ങളും ഈ ഭൂമിയിലുണ്ട്. കത്തോലിക്കാസഭയില്‍, വിശിഷ്യാ ലത്തീന്‍ റീത്തിന്റെ ആരാധനാലയങ്ങളില്‍ പരികര്‍മ്മം ചെയ്യുന്ന അപ്പത്തിലും വീഞ്ഞിലുമാണ് അദ്ഭുതങ്ങള്‍ കൂടുതലും കണ്ടുവരുന്നത്! ദിവ്യകാരുണ്യ അദ്ഭുതങ്ങളെ അതിന്റെ പ്രചാരകര്‍ കാണുന്നത് പരികര്‍മ്മം ചെയ്യപ്പെട്ട അപ്പത്തിലെ ക്രിസ്തു സാന്നിദ്ധ്യത്തെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പ്രഖ്യാപിതസത്യങ്ങളെ സ്ഥിരീകരിക്കുന്നതിനു സ്വര്‍ഗ്ഗം നല്‍കുന്ന അംഗീകാരമുദ്രയായിട്ടാണ്! ക്രിസ്തുവിന്റെ ബലിയോടെ എന്നേക്കുമുള്ള ബലി അര്‍പ്പിച്ചു കഴിഞ്ഞതിനാല്‍, കത്തോലിക്കാസഭ അര്‍പ്പിക്കുന്ന ബലികള്‍ വെറും പ്രഹസനമാണെന്ന് വിരുദ്ധസഭകള്‍ വാദിക്കുന്നു. ഈ വാദത്തെ പിന്തുണയ്ക്കാന്‍ മനോവയ്ക്ക് ഒരിക്കലും സാധിക്കില്ല. കാരണം, യേഹ്ശുവായുടെ പേരില്‍ ഒരുമിച്ചുകൂടുന്ന സമൂഹത്തിനു മദ്ധ്യത്തില്‍ അവിടുന്ന് ഉണ്ടെന്നു മനോവ വിശ്വസിക്കുന്നത് മനുഷ്യരുടെ വാക്കുകള്‍ പരിഗണിച്ചല്ല; മറിച്ച്, യേഹ്ശുവായുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ്! അതുപോലെതന്നെ, യേഹ്ശുവായുടെ പേരില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ അവിടുന്ന് ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നതും അവിടുത്തെ മാറ്റമില്ലാത്ത വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ്! മനുഷ്യരുടെ സാക്ഷ്യമോ ദിവ്യകാരുണ്യ അദ്ഭുതം എന്ന അടയാളമോ ഇവിടെ മനോവയ്ക്കാവശ്യമില്ല! അങ്ങനെയൊരു അടയാളം യേഹ്ശുവാ വാഗ്ദാനം ചെയ്തിട്ടുമില്ല! എന്നാല്‍, അടയാളങ്ങള്‍ക്കും അദ്ഭുതങ്ങള്‍ക്കും പിന്നാലെ പോകരുതെന്ന മുന്നറിയിപ്പ് അവിടുന്ന് നല്‍കിയിട്ടുണ്ട്.

യേഹ്ശുവാ അര്‍പ്പിച്ച യാഗബലി എല്ലാക്കാലത്തേക്കുമുള്ള ഏകബലിയാണ് എന്നകാര്യത്തില്‍ മനോവയ്ക്കു യാതൊരു സംശയവുമില്ല. എന്നാല്‍, അതിന്റെ അനുസ്മരണത്തിനു സ്വര്‍ഗ്ഗം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും, ഇതൊരു കല്പനയാണെന്നും വചനത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയും. യേഹ്ശുവായുടെ വാഗ്ദാനം നിലനില്‍ക്കുന്നതുപോലെ, കുര്‍ബ്ബാനയിലെ അവിടുത്തെ സാന്നിദ്ധ്യവും മാറ്റമില്ലാത്ത ഒന്നാകുന്നു! എന്നേക്കുമുള്ള ഏകബലി യേഹ്ശുവാ അര്‍പ്പിച്ചുകഴിഞ്ഞതിനാല്‍, ഇതിന്റെ പുനരവതരണം അനാവശ്യമാണെന്നു വാദിക്കുന്ന സഭകള്‍ക്ക് ഈ അബദ്ധധാരണ എവിടെനിന്നു ലഭിച്ചുവെന്ന് അവര്‍തന്നെ വ്യക്തമാക്കണം. അന്ത്യത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് യേഹ്ശുവാ പറഞ്ഞ വാക്കുകളിലേക്കു നമ്മുടെ ശ്രദ്ധതിരിക്കാം: “പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്ഞതാസ്തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്”(ലൂക്കാ: 22; 19, 20). ഈ വെളിപ്പെടുത്തലിന്റെ വ്യക്തമായ വ്യാഖ്യാനം പൗലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് കത്തിലൂടെ നല്‍കുന്നതു നോക്കുക: “നാഥനായ യേഹ്ശുവാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ച തിനുശേഷം അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്‌ അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാനപാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്”(1 കോറി: 11; 23-26).

യേഹ്ശുവായുടെ പ്രത്യാഗമനംവരെ അവിടുത്തെ അനുസ്മരിക്കുന്ന ഈ ശുശ്രൂഷയെ പുതുതലമുറക്കാര്‍ തള്ളിപ്പറയുന്നുണ്ടെങ്കില്‍, അവര്‍ യേഹ്ശുവായുടെ മരണത്തെ തള്ളിപ്പറയുകയാണു ചെയ്യുന്നത്. ആഴ്ചയില്‍ ഒരുതവണയോ ദിവസത്തില്‍ ഒരുതവണയോ മാത്രമേ ഈ അനുസ്മരണ ശുശ്രൂഷ പാടുള്ളുവെന്ന അബദ്ധമാണ് ഓര്‍ത്തഡോക്സ് സഭകള്‍ പരസ്യമായി വിളിച്ചുപറയുന്നതെങ്കില്‍, കത്തോലിക്കാസഭയിലെ പൗരസ്ത്യസഭകള്‍ രഹസ്യമായി ഇതിനെ പിന്താങ്ങുന്നു! വചനപരമായി യാതൊരു അടിസ്ഥാനവും ഇല്ലെന്നുമാത്രമല്ല, സാത്താന്റെ പ്രബോധനമാണിതെന്നു മനോവ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു! കാരണം, യേഹ്ശുവായുടെ കുരിശുമരണത്തെക്കുറിച്ചുള്ള ഓര്‍മ്മ എത്രത്തോളം ഇല്ലാതാക്കുവാന്‍ സാധിക്കുന്നുവോ, അത്രത്തോളം പിശാചിനു മനുഷ്യരുടെമേല്‍ സ്വാധീനമുറപ്പിക്കുവാന്‍ കഴിയും! അതിനാല്‍ത്തന്നെ, അവനുള്ള സൗകര്യമൊരുക്കലിന്റെ ഭാഗമാണ് ഇത്തരം അബദ്ധപ്രചരണങ്ങള്‍! നാം യേഹ്ശുവായുടെ പേരില്‍ ഒരുമിച്ചുകൂടുമ്പോഴൊക്കെ ഇതു ചെയ്യണമെന്നാണ് അവിടുന്നു കല്പിച്ചത്. അങ്ങനെയെങ്കില്‍ ഒരു ദിവസം ഒരുതവണ മാത്രമേ ഇങ്ങനെ സമ്മേളിക്കാവൂ എന്ന ദുരുദ്ദേശപരമായ പഠനം എവിടെനിന്നു ലഭിച്ചു?

മുറിക്കപ്പെടുന്ന അപ്പത്തില്‍ യേഹ്ശുവായുടെ സജ്ജീവസാന്നിദ്ധ്യത്തെ വ്യക്തമാക്കുന്ന വചനമാണ് പൗലോസ് തുടര്‍ന്നു വ്യക്തമാക്കിയിരിക്കുന്നത്. ആ വചനം ഇങ്ങനെ: “തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു”(1 കോറി: 11; 27). ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നില്ലെങ്കില്‍ ഈ വചനത്തിനു യാതൊരു പ്രസക്തിയും ഇല്ലെന്നു കരുതേണ്ടിവരും! യേഹ്ശുവായുടെപുനരാഗമനംവരെ തുടരേണ്ടതാണ് ഈ അനുസ്മരണബലി എന്നതിനു പ്രവാചകന്മാരുടെയും യേഹ്ശുവായുടെയും സാക്ഷ്യം ബൈബിളിലുണ്ട്. എന്തുകൊണ്ടാണ് ചിലരില്‍നിന്നും ഈ സത്യം നീക്കിക്കളയപ്പെട്ടതെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അന്ത്യകാലവുമായി ബന്ധപ്പെട്ട് ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നതു നോക്കുക: “പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും”(ദാനി: 9; 27). ഇതിനെക്കുറിച്ച് അപ്പസ്തോലനായ പൗലോസ് പറയുന്നത് ഇപ്രകാരമാണ്: “എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും”(2 തെസലോ: 2; 3, 4). ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ സൂക്ഷമമായി നിരീക്ഷിച്ചാല്‍, ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും എന്നത് ഒരു വ്യക്തിയെ അല്ല സൂചിപ്പിക്കുന്നത് എന്നു വ്യക്തമാകും. ഇതൊരു വസ്തുവിനെ സൂചിപ്പിക്കുന്ന വാക്കുകളാണ്. വ്യക്തിയെയോ വ്യക്തികളെയോ സൂചിപ്പിക്കുമ്പോള്‍, ദൈവമെന്നു വിളിക്കപ്പെടുന്നവര്‍, ആരാധനാവിഷയമായിരിക്കുന്നവര്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ആയിരിക്കും കുറിക്കുക! സഭയില്‍ ആരാധനാവിഷയമായിരിക്കുന്നതും ദൈവമെന്നു വിളിക്കപ്പെടുന്നതുമായ ഒന്നുമാത്രമേയുള്ളു; അതു തിരുവോസ്തിയിലെ ദിവ്യകാരുണ്യമാണ്! അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗോതമ്പപ്പം മാത്രമാണെങ്കിലും വിശ്വാസികളായ നമുക്ക് അങ്ങനെയല്ല! നമുക്കത് ജീവനുള്ള അപ്പവും യേഹ്ശുവായുടെ ശരീരവുമാണ്!

ദാനിയേല്‍പ്രവാചകന്റെ ഒരു പ്രവചനംകൂടി കാണുക: “അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും”(ദാനി: 11; 31). മറ്റൊരു പ്രവചനം ഇങ്ങനെ: “നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും”(ദാനി: 12; 11). ഇത്രയും വചനങ്ങള്‍ ഇവിടെ കുറിച്ചത്, അന്ത്യകാലത്തു സംഭവിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍തന്നെ സംഭവിച്ചുകഴിഞ്ഞുവെന്ന വാദവുമായി ഇറങ്ങിയിരിക്കുന്ന സഭകള്‍ക്കും വ്യക്തികള്‍ക്കുമുള്ള മറുപടിയായിട്ടാണ്. നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നത് യേഹ്ശുവായുടെ മരണത്തോടെയായിരുന്നുവെങ്കില്‍ പൗലോസ് അപ്പസ്തോലന്‍ ഇത് ആവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല! അരാജകത്വത്തിന്റെ മനുഷ്യന്‍ അഥവാ ആന്റിക്രൈസ്റ്റ് പ്രത്യക്ഷപ്പെടുമ്പോള്‍, നിരന്തര ദഹനബലി നിര്‍ത്തലാക്കണമെങ്കില്‍ അന്ന് നിരന്തരദഹനബലിയുണ്ടായിരിക്കണം. ഇല്ലാത്ത ഒന്ന് നിര്‍ത്തലാക്കാന്‍ ആര്‍ക്കും കഴിയില്ല! അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ മരണം അവിടുത്തെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കപ്പെടുമെന്നു പറഞ്ഞിരിക്കുന്നത് ഈ നിരന്തരദഹനബലി തന്നെയാണ്. ഈ ബലിയില്‍ അര്‍പ്പിക്കപ്പെടുന്ന കാഴ്ചകളായ അപ്പത്തിലും വീഞ്ഞിലും തന്റെ സജ്ജീവസാന്നിദ്ധ്യം വെളിപ്പെടുത്തുവാന്‍ യേഹ്ശുവാ അടയാളങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്തിട്ടുണ്ടോ? അടയാളങ്ങള്‍ നല്‍കിക്കൊണ്ട് തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്താന്‍ യേഹ്ശുവാ തയ്യാറാകുമോ? ഇനി നാം പരിശോധിക്കുന്നത് ഈ വിഷയമാണ്!

നാം ഭക്ഷിക്കുകയും അതുവഴി ജീവന്‍പ്രാപിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ്‌ യേഹ്ശുവാ അവിടുത്തെ ശരീരം നമുക്ക് അപ്പമായി നല്‍കിയതെന്നാണ് വചനാധിഷ്ഠിതമായ പഠനത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. മാംസം മാംസമായും രക്തം രക്തമായും നല്‍കിയാല്‍ നമുക്ക് ഭക്ഷിക്കാനും പാനംചെയ്യാനും സാധിക്കില്ല! യേഹ്ശുവായുടെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുമ്പോള്‍ നമുക്ക് ഭൗതികമായി ഗോതമ്പപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണമാണ് ആസ്വദിക്കാന്‍ കഴിയുന്നത്. പച്ചമാംസത്തിന്റെയും രക്തത്തിന്റെയും രുചി നാം അനുഭവിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ നമുക്കാര്‍ക്കും ഭക്ഷിക്കാനോ പാനംചെയ്യുവാനോ കഴിയുമായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! മാത്രവുമല്ല, രക്തം പാനംചെയ്യാന്‍ നമ്മെ അവിടുന്ന് അനുവദിച്ചിട്ടുമില്ല! അതായത്, യേഹ്ശുവായുടെ പേരില്‍ മുറിക്കപ്പെട്ട അപ്പം ഭക്ഷിക്കുമ്പോള്‍ ആത്മീയമായി നമുക്കു ലഭിക്കുന്നത് യേഹ്ശുവായെയാണെങ്കില്‍, ഭൗതികമായി നാം ആസ്വദിക്കുന്നത് ഗോതമ്പപ്പത്തിന്റെയും വീഞ്ഞിന്റെയും രുചിയാണ്! അതുതന്നെയാണ് ദൈവഹിതവും! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നമുക്കു ഭക്ഷിക്കാന്‍ യോഗ്യമായ വിധത്തില്‍ അപ്പമായും, പാനംചെയ്യാന്‍ യോഗ്യമായ വിധത്തില്‍ വീഞ്ഞായും അവിടുന്ന് തന്റെ ശരീരവും രക്തവും നല്‍കിയിരിക്കുന്നു! മറിച്ച്, ഭൗതികമായിത്തന്നെ ശരീരവും രക്തവുമായി രൂപാന്തരപ്പെട്ടാല്‍ നമുക്കത് നമുക്കു ഭക്ഷിക്കാനും പാനംചെയ്യാനും കഴിയില്ല! അതുകൊണ്ടുതന്നെ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ദൈവത്തില്‍നിന്നുള്ള അടയാളമായി ആരും പരിഗണിക്കരുത്. എന്തെന്നാല്‍, ഭക്ഷിക്കാനും പാനംചെയ്യാനും സാധിക്കാത്തവിധത്തില്‍ യേഹ്ശുവാ അവിടുത്തെ ശരീരവും രക്തവും നല്‍കില്ല! ഭക്ഷിക്കുവിന്‍ എന്ന് കല്പിച്ചുകൊണ്ട് ഭക്ഷ്യയോഗ്യമായത് മാത്രമേ അവിടുന്ന് നല്‍കുകയുള്ളു!

അങ്ങനെയെങ്കില്‍ ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ക്കു പിന്നിലെ ആത്മാവ് ഏതാണ്? എല്ലാ അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നില്‍ ദൈവമാണെന്നു ചിന്തിച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും വഴിതെറ്റും! യേഹ്ശുവാ നല്‍കിയിട്ടുള്ള മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26). യേഹ്ശുവാ നല്‍കിയിരിക്കുന്ന ഈ മുന്നറിയിപ്പില്‍ ഒന്നിലധികം സത്യങ്ങളുണ്ട്. ഒന്നാമതായി നാം അറിഞ്ഞിരിക്കേണ്ട സത്യം പ്രത്യക്ഷീകരണങ്ങളെ സംബന്ധിച്ചുള്ളതാണ്. അവിടുത്തെ പുനരാഗമനത്തിനു മുന്‍പ് അവിടുന്ന് പ്രത്യക്ഷീകരണങ്ങള്‍ നല്‍കില്ല എന്ന പ്രഖ്യാപനം ഈ വചനത്തിലുണ്ട്. ക്രിസ്തു പ്രത്യക്ഷപ്പെട്ടുവെന്നുള്ള പ്രചരണങ്ങളുണ്ടാകുമെന്നും, ആരും അതില്‍ വഞ്ചിതരാകരുതെന്നും അവിടുന്നുതന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കള്ളക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കുമെന്ന മുന്നറിയിപ്പിനെ ഗൗരവമായി പരിഗണിക്കണം. യേഹ്ശുവായുടെ പുനരാഗമനത്തെ സംബന്ധിച്ചുള്ള എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയായതിനുശേഷം അവിടുന്ന് വരും. അത് എപ്പോഴാണെന്ന് അറിയാനുള്ള എല്ലാ അടയാളങ്ങളും അവിടുന്ന് നല്‍കിയിട്ടുണ്ട്. ഈ അടയാളങ്ങളെല്ലാം സംഭവിച്ചുകഴിയുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്രിസ്തു വരികയുള്ളു!

ഇവിടെയാണ്‌ വളരെ പ്രധാനപ്പെട്ട ഒരുകാര്യം നാം തിരിച്ചറിയേണ്ടത്. എന്തെന്നാല്‍, ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ എന്നപേരിലുള്ള പ്രചാരണങ്ങളെല്ലാം നടക്കുന്നത് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്. കേരളത്തില്‍ നടന്നിട്ടുള്ളതും നടന്നുവെന്ന് പറയപ്പെടുന്നതുമായ ഒട്ടുമിക്ക ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ക്കും വേളാങ്കണ്ണിയുമായി ബന്ധമുണ്ട്. വേളാങ്കണ്ണി എന്ന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം പ്രസിദ്ധമായത് മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ടാണെന്നു നമുക്കറിയാം. ഇന്ത്യന്‍ വേഷത്തില്‍ ഒരു സ്ത്രീയും കുഞ്ഞും പ്രത്യക്ഷപ്പെട്ടുവെന്നതാണ് വേളാങ്കണ്ണിയേ സംബന്ധിക്കുന്ന ഐതീഹ്യം! സ്ത്രീയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞ് ക്രിസ്തുവാണെന്ന് അവര്‍ പറയുന്നു! ക്രിസ്തു ഇപ്പോഴും ഒരു ശിശുവാണെന്ന് വിശ്വസിക്കുന്നവരാണോ ക്രിസ്ത്യാനികള്‍? താന്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ യേഹ്ശുവാ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ വഞ്ചിക്കുമോ? ക്രിസ്തു ഒരിക്കലും വ്യാജം പറയില്ലെന്നിരിക്കെ, വേളാങ്കണ്ണിയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയോടൊപ്പം കണ്ട കുഞ്ഞ് ആരാണ്? യേഹ്ശുവാ അറിയിച്ച വചനത്തെ സാക്ഷിയാക്കി മനോവ പറയുന്നു, വേളാങ്കണ്ണിയിലും വല്ലാര്‍പാടത്തും മറ്റു പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന കുഞ്ഞും തള്ളയും വ്യാജമാണ്! യേഹ്ശുവായോ മനുഷ്യപുത്രന്റെ അമ്മയായ കന്യകാമറിയമോ ഈ ഭൂമിയിലെവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല! അതുകൊണ്ടുതന്നെ, ഈ തീര്‍ത്ഥാടനകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന അദ്ഭുതങ്ങള്‍ ദൈവത്തില്‍നിന്നുള്ളതല്ല; മറിച്ച്, തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കാന്‍ എതിര്‍ക്രിസ്തു പ്രവര്‍ത്തിക്കുന്ന അടയാളങ്ങളാണ്!

പ്രതിമയ്ക്ക് ജീവശ്വാസം നല്കുകപോലും ചെയ്തുകൊണ്ട് വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എതിര്‍ക്രിസ്തുവിനു കഴിയുമെന്ന് ബൈബിള്‍ നമ്മോടു പറയുന്നു! ഈ പ്രവചനം ശ്രദ്ധിക്കുക: “ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്”(വെളിപാട്: 13; 13-15). അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെ ഓടുന്നവര്‍ ഈ പ്രവചനം ഓര്‍മ്മിക്കണം. ഫറവോയുടെ മുന്‍പില്‍ മോശ പ്രവര്‍ത്തിച്ച അടയാളങ്ങളെല്ലാം ഈജിപ്തിലെ മന്ത്രവാദികളും പ്രവര്‍ത്തിച്ചുവെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്! ആയതിനാല്‍, അദ്ഭുതങ്ങളെയും അടയാളങ്ങളെയും നാം പരിഗണിക്കേണ്ടത് വചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. യേഹ്ശുവാ എന്ന പേരില്‍ മാത്രമേ ദൈവത്തില്‍നിന്നുള്ള അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുകയുള്ളു! മാത്രവുമല്ല, യേഹ്ശുവാ അറിയിച്ച വചനങ്ങളെ സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് അടയാളങ്ങള്‍ നല്‍കുന്നത്! ആയതിനാല്‍, അടയാളങ്ങളെയും അദ്ഭുതങ്ങളെയും വിവേചിക്കേണ്ടത് വചനത്തെ അടിസ്ഥാനമാക്കിയായിരിക്കണം! ദിവ്യകാരുണ്യ അദ്ഭുതങ്ങളെന്നു പറയപ്പെടുന്ന അടയാളങ്ങളെല്ലാം വചനവിരുദ്ധമാണ്!

തിരശ്ശീലയ്ക്കുള്ളിലെ രഹസ്യം!

പരിശുദ്ധ കുര്‍ബ്ബാനയെ സംബന്ധിക്കുന്ന ചില സത്യങ്ങള്‍ക്കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. യെഹൂദരുടെ പാരമ്പര്യങ്ങള്‍ തുടരുന്ന രീതി ക്രൈസ്തവര്‍ക്കുണ്ടെങ്കിലും യേഹ്ശുവായുടെ വരവിനുശേഷം ആചാരങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആടുകളെയും, പ്രാവുകളെയും, ധാന്യങ്ങളും മറ്റും അഗ്നിയില്‍ ദഹിപ്പിക്കുന്ന രീതിയായിരുന്നു യെഹൂദര്‍ അര്‍പ്പിച്ചിരുന്ന ബലികള്‍ എന്നു നമുക്കറിയാം. എന്നാല്‍, പിതാവായ ദൈവംതന്നെ മനുഷ്യപുത്രനായി അവതരിച്ച് സ്വശരീരം ബലിയര്‍പ്പിച്ചതിലൂടെ മറ്റു ബലികള്‍ ഇനിയും അര്‍പ്പിക്കേണ്ട ആവശ്യമില്ലാതായി! ഇനി അര്‍പ്പിക്കപ്പെടേണ്ടത് യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ അനുസ്മരണം മാത്രമാകുന്നു. ഇത് എപ്രകാരമാണ് അനുസ്മരിക്കേണ്ടതെന്ന് അന്ത്യത്താഴവേളയില്‍ അവിടുന്നു നമ്മെ പഠിപ്പിച്ചു! അതുകൊണ്ടാണ്, അന്ത്യത്താഴ ശുശ്രൂഷയെ അനുകരിച്ചുകൊണ്ട് ക്രൈസ്തവര്‍ ബലിയര്‍പ്പിക്കുന്നത്. പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ വ്യത്യാസമില്ലാതെ, എല്ലാ അപ്പസ്തോലിക സഭകളും ഈ ശൈലിയാണു പിന്തുടരുന്നത്. എന്നാല്‍, ബലിയര്‍പ്പണത്തിലെ അനുഷ്ഠാനങ്ങളിലുള്ള ചില വൈരുദ്ധ്യങ്ങള്‍ ഇരുവിഭാഗങ്ങളുടെയും ബലികളെ വ്യത്യസ്തമാക്കുന്നു! അതുകൊണ്ടുതന്നെ, ബലിയെ സംബന്ധിക്കുന്ന അടിസ്ഥാനസത്യങ്ങള്‍ നാം മനസ്സിലാക്കിയിരിക്കണം.

അഹറോന്റെ ക്രമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളെല്ലാം വരാനിരിക്കുന്ന പരമമായ ബലിയുടെ പ്രതീകമായിരുന്നു. പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെടാനിരിക്കുന്ന ഏകബലിയില്‍ അവസാനിക്കേണ്ട ബലികളാണ് അഹറോനും പിന്‍ഗാമികളും അര്‍പ്പിച്ചത്. അഹറോന്റെ ക്രമപ്രകാരം അര്‍പ്പിച്ചുവന്ന ബലികളില്‍ പാപപരിഹാരബലി ഉണ്ടായിരുന്നുവെങ്കിലും, ആ ബലികള്‍ ആരുടേയും പാപങ്ങള്‍ പരിഹരിച്ചില്ല! എന്നിരുന്നാലും, അഹറോന്റെ ക്രമപ്രകാരമുള്ള ബലികളില്‍ ഭാഗഭാക്കുകളായവര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. എന്തെന്നാല്‍, ആ ബലികളെല്ലാം ക്രിസ്തുവിന്റെ ബലിയില്‍ അര്‍പ്പിതമാകുകയും, അതുവഴി സ്വീകാര്യമാകുകയും ചെയ്തു! അപ്പസ്തോലനായ പൗലോസ് നല്‍കുന്ന പ്രബോധനം ശ്രദ്ധിക്കുക: “നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേഹ്ശുവാ മ്ശിഹായുടെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി”(ഹെബ്രാ: 10; 8-12). വളരെ വ്യക്തതയോടെയാണ് അപ്പസ്തോലന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ബലി പൂര്‍ണ്ണമാകുന്നത് രണ്ടാമത്തേതും എന്നേക്കുമുള്ളതുമായ ഏകബലിയിലാണ്! രണ്ടാമത്തെ ബലി അര്‍പ്പിക്കപ്പെട്ടതുകൊണ്ടുതന്നെ അപൂര്‍ണ്ണമായ ഒന്നാമത്തെ ബലിയുടെ പ്രാബല്യം ഇല്ലാതായി!

ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. എന്തെന്നാല്‍, അഹറോന്റെ ക്രമപ്രകാരമുള്ള ബലികളുടെ നിയമങ്ങള്‍ക്ക് പ്രാബല്യം നഷ്ടപ്പെട്ടിരിക്കുന്നു. പുരോഹിതന്റെ വസ്ത്രങ്ങളെ സംബന്ധിക്കുന്നതും ബലിപീഠത്തെ സംബന്ധിക്കുന്നതുമായ എല്ലാ നിയമങ്ങളും കാലഹരണപ്പെട്ടുവെന്നതാണ്‌ യാഥാര്‍ത്ഥ്യം! ക്രിസ്തുവിന്റെ ബലിയില്‍ പൂര്‍ണ്ണതയുള്ളതുകൊണ്ടും, ഈ ബലിയുടെ അനുസ്മരണം അവിടുന്ന് ആവശ്യപ്പെട്ടതുകൊണ്ടും, ക്രിസ്ത്യാനികള്‍ പിന്തുടരേണ്ടത് അഹറോന്റെ ക്രമപ്രകാരമുള്ള ബലിയല്ല; ക്രിസ്തു അര്‍പ്പിച്ച എന്നേക്കുമുള്ള ഏകബലിയുടെ അനുസ്മരണമാണ് നാം ആചരിക്കേണ്ടത്. അപ്പസ്തോലന്മാര്‍ ആചരിച്ചതും, നമ്മോട് ആചരിക്കാന്‍ കല്പിച്ചതും ഈ അനുസ്മരണമാണ്! ധൂപാര്‍പ്പണമോ മണികിലുക്കലോ മറ്റു പ്രകടനങ്ങളോ ഇവിടെ ആവശ്യമില്ല. അന്ത്യത്താഴവേളയില്‍ യേഹ്ശുവാ ചെയ്തതെന്തോ, അതുമാത്രമേ ആവശ്യമുള്ളു! ഈ തിരിച്ചറിവാണ് ഓരോ ക്രിസ്ത്യാനിക്കും വേണ്ടത്! ഈ വെളിപ്പെടുത്തല്‍ നോക്കുക: “എന്റെ സഹോദരരേ, യേഹ്ശുവായുടെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു”(ഹെബ്രാ: 10; 19, 20). ഈ സത്യത്തെ അപ്പാടെ തമസ്ക്കരിച്ചുകൊണ്ടാണ് ക്രൈസ്തവസഭകള്‍ ഇന്ന് ബലികള്‍ തുടരുന്നത്. അഹറോന്റെ ബലികളിലെ നിയമങ്ങള്‍ അതേപടി പിന്തുടരുന്ന സമൂഹങ്ങളും ക്രൈസ്തവരുടെയിടയിലുണ്ട്.

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക“ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധസ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധസ്ഥലം എന്നു വിളിക്കപ്പെടുന്നു. അതില്‍ സ്വര്‍ണ്ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞ വാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ്ണകലശവും അഹറോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. പേടകത്തിനുമീതെ കൃപാസനത്തിന്മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല. ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതന്മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വ്വഹിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്. നവീകരണകാലംവരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പലവിധ ക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളു”(ഹെബ്രാ: 9; 1-10). ഇതാണ് അഹറോന്റെ ക്രമപ്രകാരം അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ബലി!

എന്നാല്‍, വിശുദ്ധീകരിക്കാന്‍ കഴിവുള്ള ബലി ഏതാണെന്നു നോക്കുക: “എന്നാല്‍, വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണ്ണവും മനുഷ്യനിര്‍മ്മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി അതിവിശുദ്ധമന്ദിരത്തില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു”(ഹെബ്രാ: 9; 11-15). ക്രിസ്ത്യാനികള്‍ എന്നനിലയില്‍ നാം പിന്തുടരേണ്ടത് ഇതില്‍ ഏത് ബലിയാണ്? പാപങ്ങളകറ്റാന്‍ കഴിവുള്ള ക്രിസ്തുവിന്റെ ബലിയുടെ അനുസ്മരണമല്ലേ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്? അങ്ങനെയെങ്കില്‍, അഹറോന്റെ വേഷഭൂഷാദികളും തിരശീലയും ധൂപാര്‍പ്പണവും വിറപ്പിക്കലും പൃഷ്ഠം തിരിയലും കോലാഹലങ്ങളുമൊക്കെ നമുക്കാവശ്യമുണ്ടോ? അന്ത്യത്താഴവേളയില്‍ ഇതൊക്കെ നാം കണ്ടോ?

കലാനിലയം നാടകവേദിയുടെ ഭീകരനാടകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അള്‍ത്താരയുടെ മുന്‍വശം തിരശ്ശീലയിട്ടു മറയ്ക്കുന്ന പതിവ് പൗരസ്ത്യസഭകള്‍ പിന്തുടരുന്നു. യെരുശലേം ദൈവാലയത്തില്‍ ഇത്തരത്തില്‍ ഒരു തിരശ്ശീലയുണ്ടായിരുന്നു എന്നതാണ് ഇവര്‍ ഇതിനു നല്‍കുന്ന വിശദ്ദീകരണം! ബലിയര്‍പ്പണത്തില്‍ ഉണ്ടായിരുന്ന രഹസ്യസ്വഭാവങ്ങളെ മുഴുവന്‍, പരസ്യമായി തന്റെ ശരീരം അര്‍പ്പിച്ച യേഹ്ശുവാ നീക്കിക്കളഞ്ഞു! ഇനിയും രഹസ്യങ്ങളൊന്നും അവശേഷിക്കുന്നില്ല എന്നതിനു സ്വര്‍ഗ്ഗത്തിലെ ദൈവം ദൃഷ്ടാന്തവും നല്‍കി! കാല്‍വരിയില്‍ ബലിയര്‍പ്പണം നടന്നപ്പോള്‍, യെരുശലേമിലെ ദൈവാലയത്തിലാണ് ഈ ദൃഷ്ടാന്തം നല്‍കിയത്. എന്തായിരുന്നു ആ ദൃഷ്ടാന്തമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നതു നോക്കുക: “യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി”(മത്താ: 27; 50, 51). മനുഷ്യരാണ് അതു കീറിയതെങ്കില്‍, താഴെമുതല്‍ മുകളിലോട്ടു കീറാനേ സാധിക്കുമായിരുന്നുള്ളു. എന്നാല്‍, മുകള്‍മുതല്‍ താഴെവരെ കീറി എന്നു വ്യക്തമായി കുറിച്ചുവച്ചത് നിസ്സാരമായി കരുതരുത്! സ്വര്‍ഗ്ഗത്തിലെ ദൈവം നീക്കിക്കളഞ്ഞ തിരശ്ശീലയുമായി ഇപ്പോഴും കറങ്ങുന്നവര്‍, ക്രിസ്തുവിനെ യഥാര്‍ത്ഥമായി അറിയാത്തവരും പുതിയ ബലിയുടെ മാഹാത്മ്യവും സത്യവും തിരിച്ചറിയാത്തവരുമാണ്!

വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ രണ്ടുഭാഗങ്ങള്‍ ദൈവാലയത്തിലുണ്ടായിരുന്നു. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്ന വിരിയാണ് തിരശ്ശീല! പുരോഹിതന്മാര്‍ എല്ലാദിവസവും വിശുദ്ധസ്ഥലത്തു ശുശ്രൂഷ ചെയ്തിരുന്നുവെങ്കിലും അതിവിശുദ്ധസ്ഥലത്ത് ഇവര്‍ക്കു പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. പ്രധാനപുരോഹിതന്‍ മാത്രം അവിടെ പ്രവേശിച്ച് ആണ്ടിലൊരിക്കല്‍ ബലിരക്തം സമര്‍പ്പിക്കും. ബൈബിള്‍ എന്തുപറയുന്നുവെന്ന് നോക്കുക: “രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍ മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു”(ഹെബ്രാ: 9; 7). എന്നാല്‍, എന്നേക്കുമുള്ള ഏകബലിയായി തന്നെത്തന്നെ സമര്‍പ്പിച്ച നിത്യപുരോഹിതനായ യേഹ്ശുവാ ആ ബലി പൂര്‍ത്തിയാക്കി! അതിനാല്‍ത്തന്നെ, ഇപ്പോള്‍ അര്‍പ്പിക്കപ്പെടുന്ന ബലികള്‍, യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ അനുസ്മരണം മാത്രമാണ്! വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും രണ്ടു കാലഘട്ടങ്ങളുടെ പ്രതീകങ്ങളായിരുന്നുവെന്ന് അപ്പസ്തോലന്‍ വ്യക്തമാക്കുന്നു: “ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം അതിവിശുദ്ധമന്ദിരത്തിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കുന്നത്”(ഹെബ്രാ: 9; 8, 9).

അപൂര്‍ണ്ണമായിരുന്ന എല്ലാ ബലികളെയും പൂര്‍ണ്ണമാക്കാന്‍ ഒരു ബലി അനിവാര്യമായിരുന്നു. പൂര്‍ണ്ണതയുടെ ബലിയര്‍പ്പിച്ച പുരോഹിതനും ബലിവസ്തുവും ഒരുവന്‍തന്നെയായിരുന്നു എന്ന് നമുക്കറിയാം. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നാല്‍, വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണ്ണവും മനുഷ്യനിര്‍മ്മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി അതിവിശുദ്ധമന്ദിരത്തില്‍ അവന്‍ പ്രവേശിച്ചു”(ഹെബ്രാ: 9; 11). യേഹ്ശുവായുടെ ബലിയിലൂടെ പഴയതും പുതിയതുമായ കാലഘട്ടങ്ങളുടെ വേര്‍തിരിവ് ഇല്ലാതായി. തിരശ്ശീലയെ കീറിക്കൊണ്ട് ഇതിനുള്ള ദൃഷ്ടാന്തം നമുക്കു നല്‍കിയത് ദൈവമാണ്! ക്രിസ്തുവിനു മുന്‍പ് മരിച്ച നീതിമാന്മാരോടൊപ്പം യേഹ്ശുവായുടെ സമീപം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനെയും ഒരേ ദിവസം പറുദീസയില്‍ ചേര്‍ക്കാന്‍ അവിടുന്ന് തിരുമനസ്സായി. കാലഘട്ടങ്ങളുടെ വേര്‍തിരിവ് യേഹ്ശുവാ ഇല്ലാതാക്കിയെങ്കില്‍, ഈ തിരശ്ശീല ഇനി ആവശ്യമില്ല! അന്ത്യത്താഴവേളയില്‍ യേഹ്ശുവാ അപ്പം മുറിച്ച് അപ്പസ്തോലന്മാര്‍ക്ക് നല്‍കിയപ്പോള്‍ തിരശ്ശീലയോ മറയോ ഉണ്ടായിരുന്നില്ല എന്നതും നാം തിരിച്ചറിയണം. അവിടുത്തെ ഓര്‍മ്മയ്ക്കായി ചെയ്യണമെന്ന് കല്പിച്ചത് അതായിരുന്നു. ദൈവം കീറിക്കളഞ്ഞ തിരശ്ശീല തുന്നിക്കൂട്ടാന്‍ തുനിയാതെ, അവിടുത്തെ തീരുമാനങ്ങള്‍ക്കു വിധേയപ്പെടുക! തങ്ങളുടെ അപാകതകള്‍ തിരിച്ചറിഞ്ഞ്, ഉചിതമായതു പ്രവര്‍ത്തിച്ചാല്‍ നിങ്ങളും സ്വീകാര്യരാകും!

ജനാഭിമുഖവും അല്ലാതെയും!

ലത്തീന്‍ ക്രമത്തില്‍ ജനങ്ങള്‍ക്ക് അഭിമുഖമായി പുരോഹിതന്‍ നില്‍ക്കുമ്പോള്‍, പൗരസ്ത്യസഭകളിലെ കാര്‍മ്മികര്‍ ജനങ്ങള്‍ക്കു പുറംതിരിഞ്ഞു നിന്നാണു കുര്‍ബ്ബാനയര്‍പ്പിക്കുന്നത്! ഓരോ വിഭാഗവും താന്താങ്ങളുടെ വശങ്ങള്‍ ന്യായീകരിക്കാറുമുണ്ട്. ഈ വിഷയത്തില്‍ മനോവയുടെ അഭിപ്രായം ദൈവവചനത്തെ അടിസ്ഥാനമാക്കി വെളിപ്പെടുത്തുന്നതിനുമുമ്പ് കല്‍ദായവാദികളുടെ ന്യായീകരണം നോക്കാം.

ജനത്തിനുവേണ്ടി അവരുടെ പ്രതിനിധിയായി കാര്‍മ്മികന്‍ ദൈവസന്നിധിയില്‍ ബലിയര്‍പ്പിക്കുന്നതുകൊണ്ടാണ്, കല്‍ദായ കാര്‍മ്മികര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ജനങ്ങളുടെ പ്രതിനിധിയായതിനാല്‍, ജനങ്ങളില്‍ ഒരുവനെപ്പോലെ കര്‍മ്മി അള്‍ത്താരയിലേക്കു തിരിഞ്ഞു നില്‍ക്കുന്നു! കൂടുതല്‍ വിശകലനത്തിലേക്കു കടക്കാന്‍ ആഗ്രഹിക്കാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം വളരെ അര്‍ത്ഥവത്തും സ്വീകാര്യവുമായ ഒരു വാദമാണിത്. പ്രവാചകകാലത്ത് പുരോഹിതന്‍ ജനങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിച്ചതിനെ അനുസ്മരിച്ചാണ് ഇന്നും ബലിയര്‍പ്പണം നടത്തുന്നതെങ്കില്‍, ഈ വാദത്തെ പൂര്‍ണ്ണമനസ്സോടെ മനോവ സ്വീകരിക്കുമായിരുന്നു! എന്നാല്‍, ക്രിസ്തുവിന്റെ ബലിയുടെ ഓര്‍മ്മ പുതുക്കലാണു കത്തോലിക്കാസഭയുടെ ബലിപീഠങ്ങളില്‍ നടക്കുന്നതെങ്കില്‍ കല്‍ദായവാദത്തെ അടിമുതല്‍ മുടിവരെ മനോവ തള്ളിക്കളയുന്നു! ഈ തള്ളിക്കളയലിനു വ്യക്തമായ കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ എന്താണെന്നു മനോവ വ്യക്തമാക്കാം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് കുര്‍ബ്ബാന എന്താണെന്നാണ്. ക്രിസ്തുവിന്റെ രക്ഷാകരചരിത്രത്തിലെ രണ്ടു സംഭവങ്ങളുടെ സമന്വയമാണ് പരിശുദ്ധ കുര്‍ബ്ബാന! അന്ത്യത്താഴം, കുരിശിലെ ബലി എന്നീ സംഭവങ്ങളാണത്.

ഈ രണ്ടു സംഭവങ്ങളെയും തിരശ്ശീലയാല്‍ വേര്‍തിരിച്ചിരുന്നില്ലെന്നു മാത്രമല്ല, രണ്ടു സംഭവങ്ങളിലും തിരശ്ശീല ഉണ്ടായിരുന്നില്ല! അതുപോലെതന്നെ, രണ്ടു സംഭവങ്ങളിലും പുരോഹിതന്‍ ജനാഭിമുഖമായാണ് കര്‍മ്മം ചെയ്തത്! അതായത്, ഒന്നാമത്തെ സംഭവത്തില്‍ കാര്‍മ്മികനായിരുന്നതും രണ്ടാമത്തെ സംഭവത്തില്‍ കാര്‍മ്മികനായിരുന്നതും യേഹ്ശുവായാണ്. മാത്രവുമല്ല, രണ്ടാമത്തെ സംഭവത്തില്‍ പുരോഹിതനും ബലിവസ്തുവും അവിടുന്നുതന്നെയായിരുന്നു!

പുരാതന യിസ്രായേലിലെ പുരോഹിതന്‍ അഹറോന്റെ പിന്‍ഗാമിയായിരുന്നു എന്നകാര്യം നമുക്കറിയാം. എന്നാല്‍, ആധുനിക യിസ്രായേലിലെ പുരോഹിതന്‍ അഹറോന്റെ പിന്‍ഗാമിയല്ല; മറിച്ച്, ക്രിസ്തുവിന്റെ പ്രതിപുരുഷനാണ്! അവന്‍ ക്രിസ്തുവിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി അവിടുത്തെ ശരീരം പങ്കിട്ടു നല്‍കുകയാണു ചെയ്യുന്നത്. യേഹ്ശുവാ നമുക്കുവേണ്ടി ബലിയര്‍പ്പിച്ചത് ജനാഭിമുഖമായിരുന്നോ എന്ന് അറിയണമെങ്കില്‍ കാല്‍വരിയിലെ കുരിശിലേക്കു നോക്കണം! കുരിശിലേക്കു നോക്കി, ഈ സത്യം അറിയാതിരിക്കാന്‍, കല്‍ദായകുബുദ്ധികള്‍ ക്രൂശിതരൂപത്തെയും നിഷേധിക്കുന്നു! ജനങ്ങള്‍ക്ക് അഭിമുഖമായി കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ടാണ് യേഹ്ശുവാ തന്നെത്തന്നെ ബലിയര്‍പ്പിച്ചത്. മാത്രവുമല്ല, തന്റെ ശരീരം പങ്കുവച്ചു നല്‍കുന്നതിന്റെ പ്രതീകമായി അപ്പം മുറിച്ചു നല്‍കിയതും പുറംതിരിഞ്ഞു നിന്നായിരുന്നില്ല. അങ്ങനെയെങ്കില്‍, പെസഹായും കുരിശിലെ ബലിയും ഒരേ വേദിയില്‍ അനുസ്മരിക്കുന്ന പരിശുദ്ധ കുര്‍ബാന എങ്ങനെയാണ് ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ അര്‍പ്പിക്കേണ്ടത്? യെഹൂദ പുരോഹിതരെയാണോ ക്രിസ്തുവിനെയാണോ ക്രിസ്ത്യാനികള്‍ അനുകരിക്കേണ്ടത്?

ജനാഭിമുഖ കുര്‍ബാനയ്ക്കെതിരേ കല്‍ദായവാദികളുടെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിന്റെ പരിഹാസം മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. റോമന്‍ കത്തോലിക്കാ വൈദീകരെക്കുറിച്ച് യേഹ്ശുവായ്ക്കു പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ എന്നാണ് ഇയാള്‍ പരിഹസിച്ചത്! കല്‍ദായരുടെ പള്ളികളില്‍ യേഹ്ശുവായ്ക്കുള്ള ഇരിപ്പിടം എവിടെയാണെന്നു നമുക്കറിയാം. അള്‍ത്താരയുടെ ഒരു മൂലയില്‍ സ്ഥാപിച്ചിരിക്കുന്ന വീഞ്ഞപ്പെട്ടിയിലാണു യേഹ്ശുവായ്ക്കുള്ള സ്ഥാനം! ഈ അവഗണന സഹിച്ച് യേഹ്ശുവാ ആ പെട്ടിയില്‍ വസിക്കുമെന്ന് വിചാരിക്കുന്നവരുടെ മൂഢതയെക്കുറിച്ച് കൂടുതലൊന്നും മനോവ പറയുന്നില്ല! എന്നാല്‍, ഇവര്‍ പവിത്രമായി പരിഗണിക്കുന്ന താമരക്കുരിശിന് ക്രിസ്തുവുമായി എന്തു ബന്ധമാണുള്ളതെന്നു ചോദിക്കാതിരിക്കാന്‍ കഴിയില്ല. താമരയും താമരയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു അധികചിഹ്നവും അതിലേക്ക് പറന്നിറങ്ങുന്ന കഴുകനെയും ചിത്രീകരിച്ചാല്‍ മാര്‍ത്തോമാക്കുരിശ് ആകുമോ? കുരിശിലേക്കു പറന്നിറങ്ങുന്നത് പ്രാവാണെന്ന് കല്‍ദായര്‍ പറയുന്നു. ഏത് വര്‍ഗ്ഗത്തില്‍പ്പെട്ട പ്രാവാണ് തലകീഴായി പറക്കുന്നതെന്നു ചോദിച്ചാല്‍ ഇവര്‍ക്ക് ഉത്തരമില്ല! ഭൂമിയില്‍ ഒരു പ്രാവും തല കീഴ്പ്പോട്ടാക്കി പറക്കില്ലെന്ന് മനസ്സിലാക്കാനുള്ള വിവരമെങ്കിലും കല്‍ദായര്‍ ആര്‍ജ്ജിക്കണം. പ്രാവ് താഴോട്ട് പറന്നാലും മേലോട്ട് പറന്നാലും തല മുകളിലും വാല് താഴെയുമായിരിക്കും! എന്നാല്‍, കുരിശിലേറ്റപ്പെടുന്നവരുടെ കണ്ണുകള്‍ കൊത്തിപ്പറിക്കാനും ശവം ഭക്ഷിക്കാനുമായി കഴുകന്മാര്‍ പറന്നിറങ്ങാറുണ്ട്. എന്നാല്‍, യേഹ്ശുവായുടെ ശരീരം ഉടന്‍തന്നെ താഴെയിറക്കിയതുകൊണ്ട് കഴുകന്മാര്‍ വന്നില്ല! ഇത്രയും സത്യങ്ങളെങ്കിലും തിരിച്ചറിയാന്‍ ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവര്‍ക്ക് സാധിക്കണം. ക്രിസ്തുവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വിചിത്രരൂപത്തെ ആദരിക്കാന്‍ ക്രിസ്ത്യാനിക്ക് ഉത്തരവാദിത്തമില്ലെന്നു മാത്രമല്ല, അതിനെ പുച്ഛിച്ചുതള്ളാനുള്ള ആര്‍ജ്ജവം ഉണ്ടാകുകയും വേണം! ജനാഭിമുഖം ബലിയര്‍പ്പിക്കുന്ന ഒരു പുരോഹിതന്റെ പിന്‍ഭാഗത്തുള്ളത് ഈസാനബി എസ്കേപ്പ് ചെയ്തുപോയ ‘ക്ലാവര്‍'കുരിശാണ്! ഈ ചിഹ്നത്തെ ക്രിസ്ത്യാനികളാരും ബഹുമാനിക്കുന്നുമില്ല!

റോമന്‍ കത്തോലിക്കാസഭയില്‍ കേന്ദ്രഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ദിവ്യസക്രാരിക്കു മുന്നില്‍ നിന്നുകൊണ്ട് ശുശ്രൂഷചെയ്യുന്ന കാര്‍മ്മികന്‍ യേഹ്ശുവായ്ക്കുവേണ്ടിയുള്ള ജനത്തിന്റെ ശുശ്രൂഷകനാണ്! സക്രാരി തുറന്നുവച്ചല്ല അവിടെ ശുശ്രൂഷ നടത്തുന്നതെന്ന കാര്യവും കല്‍ദായര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും! നിത്യപുരോഹിതനായ യേഹ്ശുവായുടെ പ്രതിനിധിയായി, അവിടുത്തേക്കുവേണ്ടി നിലകൊള്ളുന്നവന്‍ നില്‍ക്കേണ്ട സ്ഥാനം അതുതന്നെയാണ്. താന്‍, യേഹ്ശുവായുടെ പ്രതിപുരുഷനാണെന്നുള്ള തിരിച്ചറിവു ലഭിക്കാത്തിടത്തോളം ക്ലാവര്‍കുരിശില്‍ നോക്കിനില്‍ക്കുകയും, യേഹ്ശുവായുടെ ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെടുന്ന ബലിവസ്തുക്കളില്‍ അവിടുന്നു സജ്ജീവനായി വരുന്നതു തിരിച്ചറിയാതിരിക്കുകയും ചെയ്യും! സക്രാരിയുടെ മുന്നില്‍ നില്‍ക്കുന്ന കാര്‍മ്മികന്‍, സക്രാരിയില്‍ വസിക്കുന്നവന്റെ പ്രതിനിധിയാണ്! കാര്‍മ്മികനെ മുന്നില്‍നിര്‍ത്തി ശുശ്രൂഷ ചെയ്യിപ്പിക്കുന്നത് യേഹ്ശുവാ തന്നെയാണെന്നു നാം തിരിച്ചറിയണം! മാത്രവുമല്ല, അടച്ചിട്ട സക്രാരിയുടെ മുന്നില്‍നില്‍ക്കുന്നത് അവഹേളനമാണെങ്കില്‍, ദൈവാലയത്തിനു മുന്നില്‍നില്‍ക്കുന്നതും അപ്രകാരംതന്നെയാണ്! കുറച്ചുകൂടി വിശാലമായി ചിന്തിച്ചാല്‍, നാം എവിടെ നിന്നാലും നമുക്കു പിന്നില്‍ ഒരു ദൈവാലയം ഉണ്ടായേക്കാം!

എക്യുമെനിസമെന്ന കെണി!

ഒരിടയനും ഒരു തൊഴുത്തും എന്ന ഏകീകരിച്ച വിശ്വാസത്തിലേക്കും ആചാരത്തിലേക്കും ദൈവജനം എത്തിച്ചേരണമെന്നത് യേഹ്ശുവായുടെ ആഗ്രഹമാണെന്നു നമുക്കറിയാം. മനോവയും ഇതുതന്നെ ആഗ്രഹിക്കുന്നു! യേഹ്ശുവായെ സ്നേഹിക്കുന്നവര്‍ തങ്ങളുടെ ഇഷ്ടങ്ങളെക്കാള്‍ അവിടുത്തെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കും. എന്നാല്‍, ഒരിടയനും ഒരു തൊഴുത്തുമെന്ന ആശയം നടപ്പാക്കുന്നതിനായി വിശ്വാസസത്യങ്ങളെ ബലികഴിക്കുന്ന അവസ്ഥ ശരിയല്ല. എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ വചനസത്യങ്ങളില്‍ മായംചേര്‍ക്കുന്നത് ശരിയല്ല. എക്യുമെനിസത്തില്‍ ഇത്തരത്തിലുള്ള ചില ദുരന്തങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പൗരസ്ത്യസഭകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇത്തരത്തിലുണ്ടായ ദുരന്തമാണ്. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ അംഗീകരിച്ചുകൊണ്ടാണ് കടന്നുവന്നതെങ്കിലും ചില പാരമ്പര്യങ്ങള്‍ തുടരാന്‍ അവസരം നല്‍കിയത് വലിയ അപകടമായി! പാരമ്പര്യങ്ങളുടെ പേരില്‍ എല്ലാവിധ പാഷണ്ഡതകളും സഭയിലേക്കു കടത്തിക്കൊണ്ടുവരാന്‍ ഈ സ്വാതന്ത്ര്യം കാരണമായി. മാത്രവുമല്ല, ഒളിഞ്ഞുംതെളിഞ്ഞും കത്തോലിക്കാസഭയുടെ പാവനമായ വിശ്വാസങ്ങളെ അവമതിക്കുന്ന രീതിയും ഇവര്‍ സ്വീകരിക്കുന്നു! കുരിശുയുദ്ധങ്ങളെ ഇസ്ലാമിനോടുചേര്‍ന്നു പരസ്യമായി അവഹേളിക്കാന്‍ കല്‍ദായവാദികള്‍ തയ്യാറാകുന്നത് വത്തിക്കാന്‍ അറിയുന്നില്ല! കത്തോലിക്കാസഭയുടെ അണ്ണാക്കില്‍ ബാധിച്ച വൃണംപോലെയാണ് കല്‍ദായവാദികള്‍!

വിജാതിയത ഒരു അലങ്കാരമായി തലയില്‍ ചൂടുന്ന ക്ളിമ്മീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് ലയന ശ്രമം എക്യുമെനിസത്തിന്റെ പുതിയ ദുരന്തമാകും എന്നകാര്യത്തില്‍ സംശയമില്ല! കാരണം, ക്ളിമ്മീസിന്റെ ആശയങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന വിജാതിയവാദികളുടെ സംഘമാണ് ഇന്നത്തെ ഓര്‍ത്തഡോക്സ് സഭ! ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വിമര്‍ശിക്കാനോ വിചാരണ ചെയ്യാനോ അല്ല മനോവ ശ്രമിക്കുന്നത്. എന്നാല്‍, കത്തോലിക്കാസഭയുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ഇവരുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഏറെ അന്തരമുണ്ടായിരിക്കെ, ഇവരുമായുള്ള ലയനത്തിലൂടെ ഉണ്ടാകാവുന്ന ദുരന്തങ്ങളെ ചൂണ്ടിക്കാട്ടേണ്ടത് മനോവയുടെ ധര്‍മ്മമാകുന്നു. മലങ്കരസുറിയാനി സഭയുടെ പുനരൈക്യം വഴി സംഭവിച്ചത് ഒരു പാഠമായി നമുക്കു മുന്നിലുണ്ട്. എണ്ണയും വെള്ളവും പോലുള്ള കൂടിച്ചേരലിനേക്കാള്‍ നല്ലത് വേറിട്ടുനില്‍ക്കുന്നതു തന്നെയാണെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം! വ്യത്യസ്ഥ ആചാരങ്ങളില്‍ തുടര്‍ന്നുകൊണ്ടുള്ള ഒന്നാകല്‍ വെറും പ്രഹസനം മാത്രമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!

ദിവ്യകാരുണ്യത്തില്‍ വസിക്കുന്ന യേഹ്ശുവായെ സാത്താന്‍ തിരിച്ചറിയുന്നു!

ദിവ്യകാരുണ്യത്തില്‍ നിത്യമായി യേഹ്ശുവാ വസിക്കുന്നുവെന്ന സത്യം കത്തോലിക്കാസഭയിലെ ചില റീത്തുകള്‍ തിരിച്ചറിഞ്ഞിട്ടില്ല! മറ്റു ക്രൈസ്തവസഭകള്‍ തിരിച്ചറിയാത്തതിനേക്കാള്‍ ഗൗരവകരമായ വിപത്താണ് ഇവരുടെ അജ്ഞത! തങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണെന്നു മേനിപറയുന്ന ക്രൈസ്തവര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും, ദിവ്യകാരുണ്യത്തില്‍ സജ്ജീവനായി വസിക്കുന്ന യേഹ്ശുവായെ പിശാചിനു നന്നായി അറിയാം! അതുകൊണ്ടാണ്, കത്തോലിക്കാസഭയില്‍ ആശിര്‍വദിക്കപ്പെടുന്ന തിരുവോസ്തി തട്ടിയെടുക്കുകയും, ആ ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ട് സാത്താനെ പ്രീതിപ്പെടുത്താന്‍ (ബ്ലാക്ക് മാസ്) ശ്രമിക്കുന്നത്! എന്നാല്‍, സാത്താന്റെ സന്തതികള്‍ക്ക് നിന്ദിക്കാന്‍ യേഹ്ശുവാ നിന്നുകൊടുക്കുമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ അവിടുത്തെ അറിഞ്ഞിട്ടില്ല! എന്തെന്നാല്‍, അശുദ്ധിയിലും അശുദ്ധിയില്‍ വ്യാപരിക്കുന്നവരുടെയിടയിലും അവിടുത്തെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയില്ല! ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുക എന്നതില്‍ക്കവിഞ്ഞ്‌ സാത്താന്‍ സേവകര്‍ക്ക് യേഹ്ശുവായുടെ ശരീരം കൊണ്ടുപോകാന്‍ കഴിയുമോ? അവര്‍ നടത്തുന്നത് വിഫലശ്രമം മാത്രമാണ്! എന്നിരുന്നാലും അവര്‍ കരുതുന്നത് യേഹ്ശുവായെ അവമാനിക്കാന്‍ അവര്‍ക്കു സാധിക്കുന്നുവെന്നാണ്!

ബൈബിളിലെ ഒരു സംഭവം ഇവിടെ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. യിസ്രായേല്‍ജനം പ്രത്യാശയോടെ കാത്തിരുന്നത് മ്ശിഹായുടെ വരവിനെയായിരുന്നുവെന്നു നമുക്കറിവുള്ളതാണല്ലോ! എന്നാല്‍, അവിടുന്നു വരികയും അടയാളങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടും യെഹൂദരിലെ വിജ്ഞാനികള്‍ അവിടുത്തെ തിരിച്ചറിഞ്ഞില്ല! നിയമങ്ങളിലും പ്രവചനങ്ങളിലും ആഴമായ അറിവുണ്ടെന്നു ഭാവിച്ചിരുന്ന ഫരിസേയര്‍ക്കും പുരോഹിതപ്രമാണിമാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത മ്ശിഹായെ, സാത്താന്‍ തിരിച്ചറിയുന്ന സംഭവം ബൈബിളില്‍ വായിക്കുന്നുണ്ട്! പിശാചുബാധിതരും ദുരാത്മാക്കളല്‍ ബന്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നവരും അവര്‍ തിരിച്ചറിഞ്ഞ സത്യം വിളിച്ചുപറഞ്ഞു. ഒരു സംഭവം നോക്കുക: “യേഹ്ശുവാ മറുകരെ, ഗെരസേനരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു. അവര്‍ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?”(മത്താ: 8; 28, 29). സമയത്തിനുമുമ്പ് എന്ന ഇവരുടെ ചോദ്യത്തിനു കാരണമുണ്ട്. കാരണം, പിശാചുക്കളെ എന്നേക്കുമായി നരകത്തിലടയ്ക്കുവാനുള്ള സമയം അപ്പോള്‍ ആയിരുന്നില്ല; യേഹ്ശുവായുടെ രണ്ടാമത്തെ ആഗമനത്തിലാണ് അപ്രകാരം ചെയ്യുന്നത്! ഈ കാരണത്താലാണ് അവര്‍ ഇപ്രകാരം യേഹ്ശുവായോടു ചോദിച്ചത്. നമ്മുടെ വിഷയം മറ്റൊന്നായിരിക്കുന്നതിനാല്‍, ഈ വിഷയത്തിലേക്കു കടക്കാന്‍ മുതിരുന്നില്ല!

അന്നത്തെ യെഹൂദപ്രമാണിമാരെപ്പോലെതന്നെ ഇന്നത്തെ വിജ്ഞാനികളും യേഹ്ശുവായെ തിരിച്ചറിയാത്ത അവസ്ഥയുണ്ട്. അതുകൊണ്ടാണ്, ഇക്കൂട്ടര്‍ പുതിയ പരീക്ഷണങ്ങളും മറ്റുമായി വിജാതിയര്‍ക്കു പിന്നാലെ കറങ്ങുന്നതും അവരുടെ സിനഗോഗുകളിലെ നിത്യസന്ദര്‍ശകരായി അധഃപതിക്കുന്നതും! അന്നത്തെ പൗരോഹിത്യസമൂഹം മ്ശിഹാ വന്നത് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇന്നത്തെ പൗരോഹിത്യവിഭാഗത്തില്‍ പലരും അവിടുന്നു കൂടെ വസിക്കുന്നത് തിരിച്ചറിയുന്നില്ല! എന്നാല്‍, ദിവ്യകാരുണ്യ നാഥനായി നമ്മോടുകൂടെ നിത്യം വസിക്കുന്ന യേഹ്ശുവായെ തിരിച്ചറിയാന്‍ സാത്താന്റെ സന്തതികള്‍ക്കു സാധിക്കുന്നു! ഇക്കാരണത്താലാണു സാത്താന്‍സേവക്കാര്‍ കത്തോലിക്കാ പള്ളികളില്‍നിന്നു തിരുവോസ്തി മോഷ്ടിക്കാന്‍ തയ്യാറാവുന്നത്. തട്ടിയെടുക്കുന്ന തിരുവോസ്തിയെ അപമാനിക്കുന്ന സംഘങ്ങള്‍ ലോകം മുഴുവനിലും വ്യാപിച്ചുകഴിഞ്ഞു! പോപ്പ് ജോണ്‍പോളിന്റെ കാലത്തുണ്ടാക്കിയ ചില തുഗ്ലക്ക് പരിഷ്കാരങ്ങളായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കിയത്! സാത്താന്റെ സന്തതികള്‍ തട്ടിയെടുക്കുന്ന വോസ്തിയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കില്ലെങ്കിലും, അവരുടെ ലക്‌ഷ്യം ക്രിസ്തുവിനെ നിന്ദിക്കലാണല്ലോ! അതിനാല്‍ത്തന്നെ, അതിനുള്ള അവസരമൊരുക്കുന്നവരും പൈശാചികകൃത്യത്തില്‍ ഭാഗഭാക്കുകളാകുന്നു.

ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും വിഭക്തിയും!

ദിവ്യകാരുണ്യ ആരാധനയും പരസ്യവണക്കവും കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളില്‍ പരമപ്രധാനമാണെങ്കിലും, കുറേക്കാലങ്ങളായി ചില ദുഃസൂചനകള്‍ കണ്ടുവരുന്നത് പലരും ഗൗരവമായി കാണുന്നില്ല! ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ദിവ്യകാരുണ്യ ആരാധനയില്‍ അപകടം പതിയിരിക്കുന്നതുപോലെ, ദിവ്യകാരുണ്യത്തെ അനാദരിക്കുന്നതും അപകടമാണ്! വചനവിരുദ്ധമായ ആചാരങ്ങളുമായി ചുറ്റിത്തിരിയുന്നവരെല്ലാം, തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആണെന്നതും ശ്രദ്ധേയമാണ്!  ഈ സൂനഹദോസില്‍ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങളുടെ ആശയങ്ങളോടു സമരസപ്പെടുത്താനും ഇവറ്റകള്‍ തയ്യാറാകുന്നു! അവ്യക്തതയോടെയുള്ള പ്രഖ്യാപനങ്ങളില്‍ പലതും ഫ്രീമേസണ്‍സംഘങ്ങള്‍ക്കു തങ്ങളുടെ ഇംഗിതത്തിനനുസരണം വളച്ചൊടിക്കാന്‍ പര്യാപ്തമായി എന്നതും ശ്രദ്ധേയമാണ്. വിജാതിയ ആലയങ്ങളിലും ആള്‍ദേവതകളുടെ അന്തപ്പുരങ്ങളിലും നിരങ്ങിനടക്കുന്ന സാത്താന്റെ അഭിഷിക്തരും രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ഉത്പന്നങ്ങളാണ്! വത്തിക്കാനില്‍നിന്നുള്ള തീരുമാനങ്ങളാണെന്ന വാദത്തോടെ സാധാരണ വിശ്വാസികള്‍ക്കു മനസ്സിലാക്കാന്‍ പ്രയാസമുള്ള ദൈവശാസ്ത്രങ്ങള്‍ ഇവരുടെമേല്‍ അടിച്ചേല്പിക്കുന്ന പ്രവണതയെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ദുരന്തം അകലെയല്ല!

ദിവ്യകാരുണ്യത്തിനു നല്‍കിയിരുന്ന ആദരവില്‍ മായം കലര്‍ന്നത് എപ്പോള്‍ മുതലായിരുന്നുവെന്നു ചിന്തിച്ചാല്‍ ചില ദുരൂഹതകളുടെ കെട്ടുകള്‍ ആഴിയും. ഒരു തലമുറ മുന്‍പുവരെ ദിവ്യകാരുണ്യത്തോടു പുലര്‍ത്തിയിരുന്ന ആദരവും ഇന്നത്തെ അവസ്ഥയും ചുരുക്കമായെങ്കിലും ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ തലമുറയിലെ മുതിര്‍ന്ന വ്യക്തികള്‍ക്ക് അനുഭവമുള്ളതും യുവതലമുറ കേട്ടറിഞ്ഞിട്ടുണ്ടാവാന്‍ സാദ്ധ്യതയുള്ളതുമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്താം.

ആശുപത്രികളിലോ വീടുകളിലോ കിടപ്പുരോഗികളായി കഴിയുന്ന വ്യക്തികള്‍ക്കു നല്‍കുവാന്‍ കുര്‍ബാനയും വഹിച്ചുകൊണ്ട് വൈദീകര്‍ പോകാറുണ്ട്. പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളിലൊക്കെ ഇത്തരം കാഴ്ചകള്‍ പതിവായിരുന്നു. വഴിയില്‍ കണ്ടുമുട്ടുന്ന ആരോടും സംസാരിക്കാതെ കടന്നുപോകുന്ന പുരോഹിതനെ കണ്ടാല്‍, അതു ദിവ്യകാരുണ്യവും വഹിച്ചുള്ള യാത്രയാണെന്നു വിശ്വാസികള്‍ക്കു മനസ്സിലാകുമായിരുന്നു! കാരണം, ഇത്തരം വിഷയങ്ങളില്‍ വിശ്വാസികള്‍ക്കു വ്യക്തമായ അവബോധം നല്‍കാന്‍ കത്തോലിക്കാസഭ ജാഗ്രത പാലിച്ചിരുന്നു. മതബോധന ക്ലാസുകളില്‍ കുട്ടികളോടു ചോദിച്ചിരുന്ന ഒരു ചോദ്യം ഇതായിരുന്നു: മുക്കോണ്‍ തൊപ്പി ധരിച്ച ഒരു പുരോഹിതന്‍ കടന്നുപോകുന്നതു കണ്ടാല്‍ നിങ്ങള്‍ എന്തു ചെയ്യണം? പരിശുദ്ധ കുര്‍ബാനയുമായി പുരോഹിതര്‍ യാത്രചെയ്യുമ്പോള്‍ ധരിക്കുന്ന തൊപ്പിയിലൂടെ വിശ്വാസികള്‍ക്ക് അടയാളം നല്‍കിയത്, അറിയാതെപോലും ദിവ്യകാരുണ്യം അനാദരിക്കപ്പെടരുതെന്ന ചിന്തയോടെയാണ്! ഒരു പുരോഹിതന്‍ മുക്കോണ്‍ തൊപ്പി ധരിച്ചു നടന്നുപോകുന്നത് എവിടെവച്ചു കണ്ടാലും മുട്ടുകുത്തി ആദരവു പ്രകടിപ്പിക്കുന്ന ശീലം കത്തോലിക്കാസഭാ വിശ്വാസികള്‍ വച്ചുപുലര്‍ത്തിയിട്ടുണ്ട്. അറുപതുവര്‍ഷം മുന്‍പുവരെ ദിവ്യകാരുണ്യത്തോടുള്ള ആദരവ് ഇതായിരുന്നുവെങ്കില്‍, ഇന്നത്തെ അവസ്ഥ എന്താണെന്നു മനോവ വ്യക്തമാക്കാതെതന്നെ വായനക്കാര്‍ക്കു ചിന്തിക്കാന്‍ സാധിക്കും!

ഇത്രത്തോളം ആദരവു നല്‍കിയിരുന്ന ദിവ്യകാരുണ്യത്തെ അവമതിക്കാന്‍ ആരംഭിച്ചത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമായിരുന്നുവെന്ന് മനോവ പറയുമ്പോള്‍, അതിനെതിരെ വാളെടുക്കുന്നവര്‍ ചരിത്രത്തെ വേണ്ടവിധം ഗ്രഹിച്ചിട്ടില്ല എന്നതാണു സത്യം. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ യേഹ്ശുവായെക്കാള്‍ അധികമായി പരിഗണിക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാര്‍ സഭയിലുള്ളതാണ് ഇതിനു കാരണം. ഈ സൂനഹദോസില്‍ ഒളിഞ്ഞിരുന്ന തിന്മയെ കൂടുതല്‍ ഒളിപ്പിക്കാനുള്ള വ്യഗ്രത ഫ്രീമേസണ്‍സംഘം പുലര്‍ത്തിയിരുന്നു! ഇത്തരക്കാരുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരായവര്‍, ഇവരുടെ കുഴലൂത്തുകാരായി സഭയില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നതുകൊണ്ട്, ദൈവജനത്തില്‍നിന്നു സത്യം മറച്ചുവയ്ക്കപ്പെട്ടു! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം അമ്പതുവര്‍ഷം തികഞ്ഞ കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. ക്രിസ്തുവിനുമുന്‍പും ക്രിസ്തുവിനുശേഷവും എന്ന് കാലഘട്ടത്തെ രണ്ടായി ഭാഗിക്കുന്നതുപോലെ, കത്തോലിക്കാസഭയുടെ ആദ്ധ്യാത്മികതയെ രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പും പിന്‍പും എന്ന് വിഭജിച്ചാല്‍, മനോവ പറയുന്നതിലെ പൊരുള്‍ ഗ്രഹിക്കാന്‍ വായനക്കാര്‍ക്കു സാധിക്കും!

ആത്മാവില്ലാത്ത ആശയങ്ങളെ പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചു എന്നതാണ് ഈ സൂനഹദോസിലൂടെ സാത്താന്‍ നേടിയ വിജയം! ആദ്ധ്യാത്മികമെന്ന ധ്വനി വിശ്വാസികള്‍ക്കിടയില്‍ നല്‍കിക്കൊണ്ട് അവരെ ഭക്തിരാഹിത്യത്തിലേക്കു നയിക്കുന്ന കുതന്ത്രങ്ങള്‍ സാത്താന്‍ ഇവിടെ പ്രയോഗിച്ചു. യൂറോപ്പിലെ ആദ്ധ്യാത്മിക അധഃപതനത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍, ആ അന്വേഷണം രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ചെന്നെത്തും! ദിവ്യകാരുണ്യത്തിന്റെ കാര്യത്തില്‍ ഇത് അന്വര്‍ത്ഥമാകുന്നു. വാചക കസര്‍ത്തുകൊണ്ട് ദിവ്യകാരുണ്യത്തെ മഹത്വപ്പെടുത്തുകയും പ്രവര്‍ത്തികൊണ്ട് അവമതിക്കുകയും ചെയ്ത നിഗൂഢതന്ത്രം സൂക്ഷ്മനിരീക്ഷണത്തിലൂടെ മാത്രമേ ഗ്രഹിക്കാന്‍ കഴിയുകയുള്ളു! ഏറ്റവും വലിയ ദിവ്യകാരുണ്യ ഭക്തനായി പരിഗണിക്കപ്പെട്ട വ്യക്തിയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍! എന്നാല്‍, ദിവ്യകാരുണ്യത്തെ ഏറ്റവുമധികം അവമാനിച്ച വ്യക്തിയായിരുന്നു ഇദ്ദേഹമെന്നു തെളിവുകള്‍ നിരത്തി പ്രഖ്യാപിക്കാന്‍ മനോവ തയ്യാറാണ്! ദൈവജനം മനസ്സിലാക്കിയിരിക്കേണ്ട ഈ സത്യം ലളിതമായെങ്കിലും അവതരിപ്പിക്കേണ്ടത് മനോവയുടെ കര്‍ത്തവ്യമായിരിക്കുന്നു.

നമ്മുടെ ഭവനത്തില്‍ അതിഥിയായി വന്നിരിക്കുന്ന വ്യക്തിയെ മഹാനായി മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുന്നത് വാക്കുകള്‍കൊണ്ടുള്ള ബഹുമാനിക്കലാണ്! ആതിഥേയമര്യാദയുടെ ഭാഗമായി ഇതു ശ്ലാഘനീയവുമാകുന്നു. എന്നാല്‍, ഭക്ഷണത്തിന് ഇരിക്കുമ്പോള്‍, ഇദ്ദേഹത്തിനു പട്ടിപ്പാത്രത്തില്‍ ചോറ് വിളമ്പുകയും ചായ്പ്പില്‍ ചാക്കുവിരിച്ചു കിടക്കയൊരുക്കുകയും ചെയ്‌താല്‍ അതു ബഹുമാനമായി കണക്കാക്കാന്‍ കഴിയുമോ? ഇതുതന്നെയായിരുന്നു ജോണ്‍പോളിന്റെ ദിവ്യകാരുണ്യ ഭക്തി! പരിശുദ്ധ കുര്‍ബാനയെ വാക്കുകൊണ്ട് ബഹുമാനിക്കുകയും പ്രവര്‍ത്തികൊണ്ട് നിന്ദിക്കുകയും ചെയ്തത് തിരിച്ചറിയാന്‍ ദൈവജനത്തിനു കഴിയാതെപോയത് ദുരൂഹമാണ്! മുന്‍കാലങ്ങളില്‍ ദിവ്യകാരുണ്യത്തിനു നല്‍കിയ ആദരവുകള്‍ പടിപടിയായി എടുത്തുമാറ്റിയത് ആരായിരുന്നുവെന്ന് നാം ചിന്തിച്ചിട്ടുണ്ടോ?!

പണ്ടൊക്കെ പുരോഹിതന്‍ വിശ്വാസികള്‍ക്കു പരിശുദ്ധ കുര്‍ബാന നല്‍കുമ്പോള്‍ ഒരു പൊടിപോലും തറയില്‍ വീഴാതിരിക്കാന്‍ താലവുമായി ശുശ്രൂഷി നില്‍ക്കുമായിരുന്നു. തിരുവോസ്തിയില്‍നിന്ന് അടര്‍ന്നുവീഴുന്ന ചെറിയ പൊടിപോലും പുരോഹിതന്‍ തുടച്ചെടുത്ത് കാസയിലെ വീഞ്ഞിനോടൊപ്പം ചേര്‍ത്തു കുടിക്കും. തിരുവോസ്തിയെ സ്പര്‍ശിച്ച വിരലുകള്‍ കഴുകിയ വെള്ളവും പുരോഹിതന്‍ കുടിക്കുകയായിരുന്നു പതിവ്! ഏതെങ്കിലും കാരണവശാല്‍ ഒരു തിരുവോസ്തി തറയില്‍ വീണാല്‍, ആദരവോടെ മുട്ടുകുത്തി എടുക്കുകയും, അവിടെയൊരു വെള്ളത്തുവാല വിരിച്ച്, അതിനുമേലെ കൈമണി(അള്‍ത്താരയില്‍ ഉപയോഗിക്കുന്നത്)വയ്ക്കുകയും ചെയ്യും! കുര്‍ബാനയ്ക്കുശേഷം ആ ഭാഗം തുടച്ചു വൃത്തിയാക്കുന്നതുവരെ ആരും അവിടെ ചവിട്ടാതിരിക്കാന്‍ മുന്നറിയിപ്പായിട്ടാണ് ഇപ്രകാരം ചെയ്തിരുന്നത്! താഴെവീഴുകയോ അവമതിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അപ്പത്തില്‍നിന്നു തന്റെ സാന്നിദ്ധ്യം യേഹ്ശുവാ പിന്‍വലിക്കുമെങ്കിലും, ഈ അപ്പം കൈകാര്യം ചെയ്യുന്നത് ആദരവോടെയായിരിക്കണം. ഇന്നത്തെ സ്ഥിതി എന്താണെന്നു മനോവ വിവരിക്കാതെതന്നെ വായനക്കാര്‍ക്കറിയാം! ഏതു വ്യഭിചാരിക്കും സ്വവര്‍ഗ്ഗഭോഗിക്കും തിരുവോസ്തി കൈകാര്യം ചെയ്യുവാന്‍ സാഹചര്യമൊരുക്കിയത് ജോണ്‍പോള്‍ എന്ന ദിവ്യകാരുണ്യ ഭക്തന്‍ ആണ്! ദിവ്യകാരുണ്യം കൈകളില്‍ നല്‍കുന്ന പരിഷ്കാരവും ഇദ്ദേഹത്തിന്റെ വകയായിരുന്നു. സാത്താന്‍സേവക്കാരുടെ കൈകളില്‍ എത്താനുള്ള സൗകര്യം ഇതുവഴി ജോണ്‍പോള്‍ സൃഷ്ടിച്ചു! സാത്താന്‍ സേവക്കാരുടെ കരങ്ങളിലെത്തുന്നത് യെഹൂദാസ്‌ യിസ്ക്കരിയോത്ത് സ്വീകരിച്ച അപ്പമാണെങ്കിലും, അത് അവരുടെ കരങ്ങളിലെത്താന്‍ വഴിയൊരുക്കുന്നത് പൈശാചികമായ ചെയ്തിയാണ്!

ദിവ്യകാരുണ്യ ഭക്തനായി നടിക്കുകയും ഏറ്റവും പരിശുദ്ധമായ യേഹ്ശുവായുടെ ശരീരത്തെ നിന്ദിക്കുകയും ചെയ്ത ആദ്യത്തെ പോപ്പ് ജോണ്‍പോള്‍ രണ്ടാമനായിരുന്നു എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! പുരോഹിതര്‍ ആദരവോടെ മാത്രം സ്പര്‍ശിച്ചിരുന്ന അരളിക്കയിലെ ദിവ്യകാരുണ്യം, ചന്തയില്‍നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങി വരുന്ന ലാഘവത്തോടെ ‘കന്യാസ്ത്രീകള്‍’ (കളപ്പുര ലൂസിമാര്‍) കൈകാര്യം ചെയ്യുന്നത് യൂറോപ്പിലെ പള്ളികളില്‍ കാണാം! അറുപതുവര്‍ഷം മുന്‍പുണ്ടായിരുന്ന അതേ യേഹ്ശുവാ തന്നെയല്ലേ ഇന്നും ദിവ്യകാരുണ്യത്തില്‍ വസിക്കുന്നത്?

ദിവ്യകാരുണ്യ അനാദരിക്കുന്ന കല്‍ദായവാദികള്‍ക്കു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പ്രിയങ്കരമായിത്തീര്‍ന്നതും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രിയങ്കരരായി മാറിയതും വെറുതെയല്ല! ഈ സൂനഹദോസ് സാത്താനുവേണ്ടി അവന്റെ പ്രവാചകന്‍ നടത്തിയതാണെന്നു തിരിച്ചറിയാത്തവര്‍ ഈ ലേഖനം വായിക്കുക: ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സൂനഹദോസ്! കപട വിനയത്തോടെ ദൈവജനത്തെ വഞ്ചിക്കുന്ന അരാജകത്വത്തിന്റെ മനുഷ്യന്‍ കത്തോലിക്കാസഭയുടെ പരമോന്നത സ്ഥാനത്ത് ഇടംപിടിച്ചു എന്നത് ജാഗ്രതയോടെ നോക്കിക്കാണണം! ഈ വിഷയങ്ങളെ വ്യക്തമായി വിവരിക്കുന്ന ലേഖനം ഉടന്‍തന്നെ പ്രസിദ്ധീകരിക്കാന്‍ യേഹ്ശുവാ മനോവയെ സഹായിക്കട്ടെ! യേഹ്ശുവാ നല്‍കുന്ന അപ്പം ആദരവോടെ ഭക്ഷിക്കാനുള്ളതാണെന്നും ആരാധിക്കാനുള്ളതല്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ട് ഈ വിഷയാവതരണം ഇവിടെ ഉപസംഹരിക്കുന്നു! എന്തെന്നാല്‍, കത്തോലിക്കാസഭ ദിവ്യകാരുണ്യ കേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്!

തുടരും...

തുടര്‍ച്ച: കത്തോലിക്കാസഭയെ വീഴ്ത്തിയവര്‍ ഇന്നു വാഴ്ത്തപ്പെട്ടവര്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5888 views

LOG IN

Lost your password?

SIGN UP

LOST PASSWORD