കാലത്തിന്റെ അടയാളങ്ങള്‍

യുവാക്കള്‍ കാണുന്ന ദര്‍ശനങ്ങളും ശിശുക്കളുടെ പ്രവചനവും!

Print By
about

01 - 03 - 2012

"അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്‌നിയും ധൂമപടലവും. യാഹ്‌വെയുടെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. യാഹ്‌വെ അരുളിച്ചെയ്തതുപോലെ, സീയോന്‍ പര്‍വ്വതത്തിലും ജറുസലെമിലും രക്ഷപെടുന്നവരുണ്ടാകും. യാഹ്‌വെ വിളിക്കുന്നവര്‍ അതിജീവിക്കും"(ജോയേല്‍: 2; 28-32).

അന്ന് ഇങ്ങനെ സംഭവിക്കുമെന്ന മുഖവുരയോടെയാണ്‌ ഈ പ്രവചനം ആരംഭിച്ചിരിക്കുന്നത്. എന്നാണ് ഈ അന്ന്? ഈ ചോദ്യത്തിന്റെ ഉത്തരവും പ്രവചനത്തിന്റെ വ്യാഖ്യാനവുമാണ് നാമിവിടെ ചര്‍ച്ചചെയ്യാന്‍ പോകുന്നത്! 'അന്ന്' എന്ന മുഖവുരയോടെ ആരംഭിക്കുന്ന പ്രഖ്യാപനങ്ങളെല്ലാം ഇനിയും നടന്നിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ കാര്യങ്ങളായിരിക്കും. ഇവയെയാണ് പ്രവചനങ്ങള്‍ എന്നു നാം വിളിക്കുന്നത്. ബൈബിളിലെ പ്രവചനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇവയെല്ലാം യേഹ്ശുവായുമായി ബന്ധപ്പെടുത്തിയുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയും. 'അന്ന്' എന്ന പ്രയോഗത്തിലൂടെ, യേഹ്ശുവായ്ക്കുശേഷം വരാനിരിക്കുന്ന ഒരു യുഗത്തെയാണ് സൂചിപ്പിക്കുന്നത്. ലോകചരിത്രത്തെ രണ്ടായി തിരിച്ചിരിക്കുന്ന അതിര്‍വരമ്പ് 'യേഹ്ശുവാ മ്ശിഹാ' ആണെന്നു നമുക്കറിയാം. ക്രിസ്തുവിനുമുമ്പ്, ക്രിസ്തുവിനുശേഷം എന്നിങ്ങനെയാണല്ലോ ലോകചരിത്രം വിഭജിച്ചിരിക്കുന്നത്! യേഹ്ശുവായുടെ മനുഷ്യാവതാരത്തിന് മുമ്പുണ്ടായിരുന്ന കാലത്തെ പ്രവാചകയുഗമെന്ന് ആത്മീയമായി ചിന്തിക്കുന്ന നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. പ്രവാചകത്വം അവസാനിച്ചതിനുശേഷം മ്ശിഹായുടെ യുഗം അഥവാ കൃപയുടെ യുഗം സമാഗതമായി! ഏ.ഡി, ബി.സി, എന്നിവയെ ഇത്തരത്തിലുള്ള രണ്ടു യുഗങ്ങളായി പരിഗണിക്കണം. അതായത്, പ്രവാചകയുഗത്തെ 'ബി.സി' എന്നും കൃപയുടെ യുഗത്തെ 'ഏ.ഡി' എന്നും വേര്‍തിരിച്ചിരിക്കുന്നു!

കൃപയുടെ യുഗത്തില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം 'അന്ന്' എന്ന വാക്കിന് രണ്ടര്‍ത്ഥമുണ്ട്. പ്രവാചകയുഗത്തെ സൂചിപ്പിക്കാനും വരാനിരിക്കുന്ന അന്ത്യകാലത്തെ സൂചിപ്പിക്കാനും 'അന്ന്‍' എന്ന പദത്തെ പൊതുവായി ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍, യേഹ്ശുവായ്ക്കുശേഷമുള്ള കൃപായുഗത്തില്‍ തന്നെയാണ് അന്ത്യകാലവും എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം! അതായത്, പ്രവാചകയുഗത്തില്‍ ജീവിച്ച ഏതെങ്കിലും ഒരു പ്രവാചകന്‍ 'അന്ന്' എന്ന മുഖവുരയോടെ പ്രവചിച്ചിട്ടുണ്ടെങ്കില്‍, അത് യേഹ്ശുവായ്ക്കുശേഷം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യത്തെയാണ് പ്രവചിച്ചിരിക്കുന്നത്! കാരണം, പ്രവാചകയുഗത്തില്‍ പറയപ്പെടുന്ന 'അന്ന്' വരാനിരുന്ന ഈ യുഗമാണ്! ആദ്യനൂറ്റാണ്ടില്‍ ജീവിച്ച അപ്പസ്തോലനായ യോഹന്നാന്‍ ആ നാളുകളില്‍ പറഞ്ഞത് ഇതാണ്: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു (എതിര്‍ മ്ശിഹ)വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ (വ്യാജ മ്ശിഹാമാര്‍)പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം"(1യോഹ: 2; 18). അവസാനയുഗത്തിന്റെ ആരംഭത്തിലാണ്‌ ഇത് കുറിക്കപ്പെട്ടതെന്ന്‍ ഈ വാക്കുകളില്‍ത്തന്നെ വ്യക്തമാണല്ലോ!

അപ്പസ്തോലന്‍ സൂചിപ്പിച്ച അവസാന മണിക്കൂറിന്റെ അന്ത്യത്തിലാണ് ഇന്നു ലോകം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യബോധത്തിലേക്കു നാം വളരേണ്ടിയിരിക്കുന്നു! അതായത്, അവസാന മണിക്കൂറിന്റെ അന്ത്യനിമിഷങ്ങളിലാണ് മനോവ ഇത് കുറിക്കുന്നത്!

ജോയേല്‍പ്രവാചകന്റെ പ്രവചനവും രണ്ടാംയുഗവും!

ജോയേല്‍പ്രവാചകന്റെ പ്രവചനത്തില്‍നിന്നാണ് ഈ ലേഖനം ആരംഭിച്ചത്. ഈ പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട് പന്തക്കുസ്താദിനത്തില്‍ അപ്പസ്തോലനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. എന്റെ ദാസന്‍മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും. ആകാശത്തില്‍ അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും- രക്തവും അഗ്‌നിയും ധൂമപടലവും. യാഹ്‌വെയുടെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 2; 17-21). ബൈബിളില്‍ വായിക്കുന്ന കര്‍ത്താവെന്ന പദം മാറ്റി 'യാഹ്‌വെ' എന്നു ചേര്‍ത്തിരിക്കുന്നത് ബോധപൂര്‍വ്വംതന്നെയാണ്. കാരണം, ദൈവത്തിന്റെ നാമം 'കര്‍ത്താവ്' എന്നല്ല; ഞാന്‍ ആകുന്നവന്‍ എന്ന അര്‍ത്ഥമുള്ള 'യാഹ്‌വെ' എന്നാണ്! കര്‍ത്താവ് എന്ന അബദ്ധത്തില്‍നിന്നു ദൈവജനത്തെ വിടുവിച്ച്, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അറിയപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ട്‌ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധ നാമത്തിലേക്കു നയിക്കുകയെന്നത് മനോവയുടെ ദൗത്യമാണ്! അപ്പസ്തോലന്‍ പറഞ്ഞുനിര്‍ത്തിയ വാചകം ശ്രദ്ധിച്ചാല്‍ ഈ നാമത്തിന്റെ ഗൗരവം വ്യക്തമാകും. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമാണ് രക്ഷപ്രാപിക്കുന്നതെന്ന മുന്നറിയിപ്പിനെ ഗൗനിക്കാത്തവരുടെ ദുര്‍ഗതി മനോവയുടെ വായനക്കാര്‍ക്ക് ഉണ്ടാകരുത്!

'യാഹ്‌വെ' എന്ന ദൈവനാമം പൂര്‍ണ്ണമാകുന്നത് അവിടുത്തെ പുത്രനിലായതുകൊണ്ട്, രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നു വിളിക്കേണ്ട നാമം, യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള 'യാഹ്‌വെഷുവ' അഥവാ 'യേഹ്ശുവ' എന്ന നാമമാണ്! ഈ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും രക്ഷപ്രാപിക്കും! പിതാവായ ദൈവത്തിന്റെ നാമമാണ് പുത്രന്‍ വഹിക്കുന്നതെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കുന്ന ഈ വചനം ശ്രദ്ധിക്കുക; "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ:17;11). മറ്റൊരു തലത്തിലേക്ക് ഈ ചര്‍ച്ച വ്യതിചലിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഈ വിഷയത്തില്‍നിന്നു വിരമിക്കാന്‍ മനോവ ആഗ്രഹിക്കുന്നു. ദൈവനാമത്തെക്കുറിച്ചു വിശദമായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍, 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' എന്ന ലേഖനം വായിക്കുക!

ജോയേല്‍പ്രവാചകന്‍ പ്രവചിച്ച ആ 'അന്ന്' ഒരു യുഗത്തെക്കുറിച്ചായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിശുദ്ധ പത്രോസിലൂടെ പരിശുദ്ധാത്മാവ് നല്‍കിയത്. എന്തെന്നാല്‍, പത്രോസ് അപ്പസ്തോലന്‍ ഈ പ്രഖ്യാപനം നടത്തിയതിനുശേഷം 1977 വര്‍ഷം പിന്നിട്ടു! ഇതുവരെയും ജോയേല്‍പ്രവചനം പൂര്‍ണ്ണമായും സംഭവിക്കാത്തതുകൊണ്ടുതന്നെ, പത്രോസ് അപ്പസ്തോലന്‍ പ്രഖ്യാപിച്ച ദിനത്തില്‍ ജോയേല്‍പ്രവചനത്തിന്റെ നിറവേറല്‍ ആരംഭിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പന്തക്കുസ്താദിനത്തില്‍ ആരംഭിച്ച്, യേഹ്ശുവായുടെ പുനരാഗമനത്തിലും ലോകാന്ത്യത്തിലും അവസാനിക്കേണ്ട സംഭവങ്ങളാണ് ജോയേല്‍ പ്രവചിച്ചത്! അന്ന്, ആ നാളുകളില്‍ തുടങ്ങിയ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയത് ഒരു കാലഘട്ടത്തെ ആയിരുന്നു. ഈ കാലഘട്ടത്തിന്റെ അന്ത്യത്തോട്‌ നാം ഏറ്റവും അടുത്തിരിക്കുന്നു എന്നതിന്റെ അടയാളം പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്വാഭാവികത വിട്ട്‌ അസ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതാണ് കാലത്തിന്റെ അടയാളങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്‍! ആത്മീയതയിലും ഈ അസ്വാഭാവികത പ്രകടമാകുമെന്ന് ജോയേല്‍പ്രവാചകന്‍ പ്രവചിച്ചിരുന്നു. ഇത്തരത്തില്‍ ആത്മീയതയില്‍ സംഭവിക്കുന്ന അസ്വാഭാവികത എന്താണെന്നു നമുക്ക് പരിശോധിക്കാം.

യുവാക്കളുടെ ദര്‍ശനങ്ങളും വൃദ്ധന്മാരുടെ സ്വപ്നങ്ങളും!

സാധാരണഗതിയില്‍ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണുന്നത് വൃദ്ധന്മാരല്ല; മറിച്ച്, യുവാക്കളാണ്. ദര്‍ശനങ്ങളും വെളിപാടുകളും ലഭിക്കുന്ന ദീര്‍ഘദര്‍ശികള്‍ എപ്പോഴും പക്വതപ്രാപിച്ച വൃദ്ധന്മാരായിരിക്കും! ദര്‍ശനങ്ങളും വെളിപാടുകളും യുവാക്കളില്‍നിന്ന്‍ ആരും പ്രതീക്ഷിക്കാറില്ല. ഏതെങ്കിലും യുവാക്കള്‍ക്ക് ഇപ്രകാരം വെളിപാടുകള്‍ ലഭിച്ചാല്‍ത്തന്നെ ആരുമത് ഗൗനിക്കുകയുമില്ല! ഇത്തരത്തില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. ബാലനായിരിക്കെത്തന്നെ പ്രവാചകദൗത്യം ഭരമേല്പിക്കപ്പെട്ട മഹാപ്രവാചകന്മാരെ വിരളമായിട്ടെങ്കിലും ബൈബിളില്‍ കാണുന്നുണ്ട്! ബാല്യത്തില്‍ത്തന്നെ വിളിക്കപ്പെട്ട പ്രവാചകന്മാരില്‍ ഒരുവനായിരുന്നു ജറെമിയാ!

പ്രവാചകദൗത്യം ഭരമേല്പിക്കപ്പെട്ട സമയത്ത് ജറെമിയായും ദൈവവും തമ്മില്‍ നടന്ന സംഭാഷണം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ യാഹ്‌വേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല. യാഹ്‌വെ എന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; യാഹ്‌വെയാണിതു പറയുന്നത്. അനന്തരം യാഹ്‌വെ കൈ നീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു"(ജറെ: 1; 6-10). പ്രായത്തില്‍ ചെറുപ്പമായിരിക്കുന്ന ഒരു വ്യക്തിയുടെ ദര്‍ശനങ്ങളെ സമൂഹം മാനിക്കുകയില്ലെന്ന പൊതുവായ അവസ്ഥയാണ് ജറെമിയായെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. പിന്നീടുള്ള ജറെമിയായുടെ പ്രവാചക ജീവിതത്തില്‍ ഉടനീളം ഈ തിരസ്കരണം കാണാന്‍ കഴിയും!

യുവാക്കളെയും ബാലന്മാരെയുമൊക്കെ അവഗണിക്കുന്നതില്‍ ജനങ്ങളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല! അന്നും ഇന്നും സമൂഹത്തിലെ പൊതുവായ ധാരണ ഇതുതന്നെയാണ്! വാര്‍ദ്ധക്യമാണ് ദാര്‍ശനീകതയുടെ അടയാളമായി ആളുകള്‍ കരുതിപ്പോരുന്നത്. ബൈബിളില്‍ത്തന്നെ ഇത്തരത്തിലുള്ള സൂചന നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: "മനുഷ്യര്‍ക്കു വിവേകമാണ് നരച്ചമുടി, കറയറ്റ ജീവിതമാണ് പക്വതയാര്‍ന്ന വാര്‍ദ്ധക്യം"(ജ്ഞാനം: 4; 9). പക്വതയാര്‍ന്ന തീരുമാനങ്ങള്‍ പക്വതപ്രാപിച്ചവരില്‍ നിന്നായിരിക്കും ഉണ്ടാകുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല! ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തു നിയോഗിച്ച യുവാക്കളില്‍നിന്നല്ലാതെ ദര്‍ശനങ്ങള്‍ പ്രതീക്ഷിക്കരുത്. അപക്വമായ തീരുമാനങ്ങള്‍ യുവാക്കളില്‍നിന്നു സ്വീകരിച്ച മന്ദബുദ്ധിയായ ഒരു രാജാവിനെയും ബൈബിളില്‍ കാണുന്നുണ്ട്. മഹാജ്ഞാനിയായിരുന്ന സോളമന്റെ പുത്രനും പിന്‍ഗാമിയുമായ റഹോബോവാം ആയിരുന്നു ആ രാജാവ്! പിതാവിന്റെ മരണശേഷം പുത്രനായ റഹോബോവാം ഭരണമേറ്റപ്പോള്‍, തന്റെ രാജ്യത്തെ വിമതര്‍ വന്ന് സന്ധിചെയ്യാന്‍ തയ്യാറായി. ജറോബോവാം ആയിരുന്നു അവരുടെ നേതാവ്. സോളമന്റെ കാലത്ത് ഈജിപ്തിലേക്ക് ഒളിച്ചോടിയ ജറോബോവാമിനെ അവന്റെ അനുയായികള്‍ ആളയച്ചുവരുത്തി. അവന്റെ നേതൃത്വത്തില്‍ വിമതര്‍ രാജാവിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: "അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരിച്ച നുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങള്‍ അങ്ങയെ സേവിക്കാം"(2ദിന: 10; 4).

പിന്നീടു നടന്നത് ഇങ്ങനെ: "മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരുവിന്‍, റഹോബോവാം അവരോടു പറഞ്ഞു. ജനം പരിഞ്ഞു പോയി. അപ്പോള്‍ റഹോബോവാം രാജാവ് തന്റെ പിതാവായ സോളമന്റെ വൃദ്ധരായ ഉപദേശകന്‍മാരോട് ആലോചിച്ചു: ഈ ജനത്തിന് എന്തുത്തരം നല്‍കണമെന്നാണു നിങ്ങളുടെ അഭിപ്രായം? അവര്‍ പറഞ്ഞു: അങ്ങ് ഈ ജനത്തോട് നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയ കാണിക്കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്‍മാരായിരിക്കും.എന്നാല്‍, പക്വമതികളായ അവരുടെ ഉപദേശം നിരസിച്ച് തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ ചെറുപ്പക്കാരോട് അവന്‍ ആലോചിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെ മേല്‍ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം? അവനോടൊത്തു വളര്‍ന്ന ആ ചെറുപ്പക്കാര്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരം കൂട്ടി; അങ്ങ് അതു കുറച്ചുതരണമെന്നു പറഞ്ഞ ഈ ജനത്തോടു പറയുക. എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വലുതാണ്. അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു; ഞാന്‍ അതിന്റെ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും"(2ദിന: 10; 5-11). വൃദ്ധരായ ഉപദേശികളുടെ വാക്കുകളെ തള്ളിക്കളയുകയും ചെറുപ്പക്കാരുടെ അപക്വമായ ഉപദേശത്തെ സ്വീകരിക്കുകയുമാണ് റഹോബോവാം ചെയ്തത്.

ഇതിന്റെ പരിണിതഫലമായി രാജ്യം വിഭജിക്കപ്പെടുകയും പന്ത്രണ്ടു ഗോത്രങ്ങളില്‍ പത്തും വിമതര്‍ പിടിച്ചടക്കുകയും ചെയ്തു. യൂദാ, ബഞ്ചമിന്‍ എന്നീ രണ്ടു ഗോത്രങ്ങളായി ദാവീദിന്റെ രാജ്യം ചെറുതാക്കപ്പെട്ടു! റഹോബോവാമിനെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: "സോളമന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു! അവന്റെ സന്തതികളില്‍ ഒരുവന്‍ സ്ഥാനമേറ്റു; വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാമിന്റെഭരണം ജനങ്ങളുടെ കലാപത്തിനുകാരണമായി. നെബാത്തിന്റെ പുത്രന്‍ ജറോബോവാമും ഇസ്രായേലിനെ തിന്‍മയിലേക്കു നയിച്ചു; എഫ്രായിമിനെ പാപമാര്‍ഗത്തില്‍ നടത്തി. സ്വദേശത്തുനിന്നും ബഹിഷ്‌കരിക്കപ്പെടത്തക്കവിധം അവര്‍ പാപത്തില്‍ മുഴുകി. തങ്ങളുടെമേല്‍ പ്രതികാരം പതിക്കുന്നതുവരെ എല്ലാ തിന്‍മകളിലും അവര്‍ വിഹരിച്ചു"(പ്രഭാ: 47; 23-25). എന്നാല്‍, യൗവനത്തില്‍ത്തന്നെ ജ്ഞാനിയായിരുന്നു ഇവന്റെ പിതാവെന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നത് ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "യൗവനത്തില്‍തന്നെ നീ എത്രജ്ഞാനിയായിരുന്നു! നിന്റെ വിജ്ഞാനം നദിപോലെകവിഞ്ഞൊഴുകി. നിന്റെ ജ്ഞാനം ലോകമാസകലം വ്യാപിച്ചു. അതിനെ നീ ഉപമകളും സൂക്തങ്ങളുംകൊണ്ടു നിറച്ചു. നിന്റെ പ്രശസ്തി വിദൂരദ്വീപുകളില്‍ എത്തി. സമാധാനപൂര്‍ണമായ ഭരണം നിമിത്തംനീ പ്രിയങ്കരനായി. നിന്റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയുടെ  നാമത്തില്‍ തകരംപോലെ സ്വര്‍ണവും ഈയംപോലെ വെള്ളിയും നീ ശേഖരിച്ചു"(പ്രഭാ: 47; 14-18).

വൃദ്ധന്മാര്‍ക്കു ദര്‍ശനങ്ങളും യുവാക്കള്‍ക്കു സ്വപ്നങ്ങളും എന്നതാണ് ഒന്നാം യുഗമായ പഴയനിയമത്തിലെ സ്വാഭാവികത. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട യുവാക്കളെ ഇതില്‍നിന്നു വിഭിന്നരാക്കാന്‍ ദൈവം തയ്യാറായി. യാഹ്‌വെയുടെ അഭിഷിക്തരെയാണ് ഈ വിധത്തില്‍ അവിടുന്നു മാറ്റിനിര്‍ത്തിയത്. ദാവീദ്, സോളമന്‍, ജറെമിയ, ദാനിയേല്‍ എന്നിവരൊക്കെ യാഹ്‌വെയുടെ നിയോഗം ലഭിച്ച തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. എന്തുകൊണ്ടാണ് മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി ഇവര്‍ക്ക് ഈ കൃപ ലഭിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം നമുക്കു പരിശോധിക്കാം. അതിനായി ആദ്യമേ നാം അറിഞ്ഞിരിക്കേണ്ടത് പരിശുദ്ധാത്മാവിനെക്കുറിച്ചാണ്!

പരിശുദ്ധാത്മാവ് പ്രവാചകയുഗത്തില്‍!

പ്രവാചകകാലത്ത് പരിശുദ്ധാത്മാവിനെ എല്ലാവര്‍ക്കും നല്‍കപ്പെട്ടിരുന്നില്ല! അബ്രാഹത്തിന്റെ ഇസഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളായിരുന്നു എന്നതുകൊണ്ട് എല്ലാ ഇസ്രായേല്‍ക്കാര്‍ക്കും പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ വെളിപാടുകളും ദര്‍ശനങ്ങളും ലഭിച്ചിട്ടുള്ളത് ജോസഫിനു മാത്രമാണെന്ന് ബൈബിള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ജോസഫിനു ലഭിച്ച ഈ പ്രത്യേകമായ അഭിഷേകത്തെപ്രതി മറ്റു സഹോദരന്മാര്‍ക്ക് അവനോട് അസൂയയായിരുന്നു. ജോസഫിനെ ഈജിപ്തുകാര്‍ക്ക് വില്‍ക്കാനുണ്ടായ കാരണവും ഇതുതന്നെയായിരുന്നു! അവന്റെ സഹോദരന്മാരുടെ വാക്കുകള്‍ നോക്കുക: "അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെകൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ"(ഉത്പ: 37; 19, 20).

എന്തായിരുന്നു ജോസഫിന്റെ ദര്‍ശനം എന്ന്‍ ബൈബിളില്‍ വിവരിച്ചിരിക്കുന്നത് ഇങ്ങനെ വായിക്കുന്നു: "ഒരിക്കല്‍ ജോസഫിന് ഒരു സ്വപ്നമുണ്ടായി. അവന്‍ അത് സഹോദരന്‍മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുത്തു. അവന്‍ അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക: നമ്മള്‍ പാടത്തു കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റും വന്ന് എന്റെ കറ്റയെ താണുവണങ്ങി. അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്നവും വാക്കുകളും കാരണം അവര്‍ അവനെ അത്യധികം ദ്വേഷിച്ചു. അവനു വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന്‍ തന്റെ സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങി"(ഉത്പ: 37; 5-9). ദൈവം നല്‍കുന്ന ദര്‍ശനങ്ങളെ പരിശുദ്ധാത്മാവില്‍ നിറയാത്തവര്‍ കേട്ടാലുള്ള അവസ്ഥ ഇതാണ്! ആത്മീയ ദര്‍ശനങ്ങളും വെളിപാടുകളും ലോകം അവമതിക്കുന്നതിന്റെ കാരണം ഇതാണ്! എന്നാല്‍, പരിശുദ്ധാത്മാവില്‍ നിറഞ്ഞ വ്യക്തികള്‍ ഈ ദര്‍ശനങ്ങളെ വിവേചിക്കുകയോ വിവേചനത്തിനായി അത് ഹൃദയത്തില്‍ സംഗ്രഹിക്കുകയോ ചെയ്യും. ജോസഫിന്റെ സ്വപ്നത്തെക്കുറിച്ചു കേട്ടപ്പോള്‍ പിതാവായ യാക്കോബ് മറ്റു പുത്രന്മാര്‍ക്കു മുന്നില്‍ അല്പം ശകാരിച്ചുവെങ്കിലും, അവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചുവെന്ന്‍ ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്!

ഈ വിവരണം നോക്കുക: "അവന്‍ ഇതു പിതാവിനോടും സഹോദരന്‍മാരോടും പറഞ്ഞപ്പോള്‍ പിതാവ് അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം? ഞാനും നിന്റെ അമ്മയും സഹോദരന്‍മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ? സഹോദരന്‍മാര്‍ക്ക് അവനോട് അസൂയതോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു"(ഉത്പ: 37; 10, 11). തനിക്കു ജോസഫിനോടുള്ള വാത്സല്യക്കൂടുതല്‍ നിമിത്തം സഹോദരങ്ങള്‍ക്കെല്ലാം മുന്‍പേതന്നെ അവനോടു താത്പര്യം ഇല്ലെന്നു യാക്കോബിന് അറിയാം. ഈ സ്വപ്നത്തോടെ അവരുടെ വെറുപ്പ് കഠിനമാകാതിരിക്കാനാണ് യാക്കോബ് ജോസഫിനെ ശകാരിച്ചത്‌! ഇത്തരം വിഷയങ്ങളില്‍ വിവേകത്തോടെ പെരുമാറുന്നതില്‍ യാക്കോബിന്റെ കൗശലങ്ങള്‍ പ്രസിദ്ധമാണ്. അമ്മാവന്റെ വീട്ടില്‍നിന്നു സ്വദേശത്തേക്കു മടങ്ങിവരുന്ന യാക്കോബ്, തന്റെ ജ്യേഷ്ഠനായ ഏസാവിനെ അനുനയിപ്പിക്കാന്‍ നടത്തുന്ന കൗശലങ്ങള്‍ ഉത്പത്തിയുടെ പുസ്തകം മുപ്പത്തിമൂന്നാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.

അബ്രാഹത്തിനു ലഭിച്ചിരുന്ന വെളിപാടുകളുടെ പിന്തുടര്‍ച്ച ഇസഹാക്കിനും, പിന്നീട് യാക്കോബിനും പകര്‍ന്നുകിട്ടിയിരുന്നുവെന്ന് ബൈബിളില്‍ ഇത് വ്യക്തമായി കാണാം. ഇവരുടെ പിന്തുടര്‍ച്ചയാണ് ജോസഫിനു ലഭിച്ചത്. യാക്കോബിനുണ്ടായ ഒരു ദര്‍ശനം ഇങ്ങനെയായിരുന്നു: "രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും"(ഉത്പ: 46; 2, 3). ഒരു വ്യക്തിയിലൂടെ വെളിപ്പെടുന്ന പരിശുദ്ധാത്മാവിന്റെ സ്വരം തിരിച്ചറിയുന്നവര്‍ അതിനെ വിവേചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യും. ലോകത്തിനു വെളിപ്പെടുത്തിയാല്‍ അവ സ്വീകരിക്കപ്പെടില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അവയെല്ലാം ഇവര്‍ ഹൃദയത്തില്‍ സംഗ്രഹിക്കുന്നത്! ഒരുവന് ആത്മാവു നല്‍കുന്ന വെളിപാടുകള്‍ മറ്റൊരാളോടു പറയുമ്പോള്‍, കേള്‍ക്കുന്ന വ്യക്തി പരിശുദ്ധാത്മാവുള്ള വ്യക്തിയാണെങ്കില്‍ക്കൂടി വെളിപാടുകളുടെ വ്യാഖ്യാനം അപ്പോള്‍ത്തന്നെ വെളിപ്പെടണമെന്നില്ല. എന്നാല്‍, ആത്മാവിനാല്‍ നിറഞ്ഞ വ്യക്തികള്‍ ഈ വെളിപാടുകളെ നിഷേധിക്കാതെ ഹൃദയത്തില്‍ സംഗ്രഹിക്കും! ഈ വിധത്തില്‍ ആത്മാവിന്റെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ അവ ഹൃദയത്തില്‍ സംഗ്രഹിച്ച ഒരു വ്യക്തിയെ പുതിയനിയമത്തിന്റെ ആരംഭത്തില്‍ കാണുന്നുണ്ട്. യേഹ്ശുവായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമായിരുന്നു അത്.

യേഹ്ശുവായ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ജറുസലെമില്‍ മാതാപിതാക്കളോടൊപ്പം തിരുനാളില്‍ പങ്കെടുക്കാന്‍ പോകുന്നതായി ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനാള്‍ കഴിഞ്ഞു മടങ്ങിപ്പോയ മാതാപിതാക്കള്‍ യേഹ്ശുവാ തങ്ങളോടുകൂടെയില്ലെന്ന കാര്യം മനസ്സിലാക്കുകയും, അന്വേഷണഫലമായി മൂന്നാംനാള്‍ ദൈവാലയത്തില്‍ കണ്ടെത്തുകയും ചെയ്തു. ഈ അവസരത്തില്‍ മാതാവ് യേഹ്ശുവായോട് ഉത്ക്കണ്ടയോടെ ചോദിച്ച ചോദ്യത്തിന് അവിടുന്ന് നല്‍കുന്ന ഉത്തരം ഗ്രഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇതിനെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്: "അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു"(ലൂക്കാ: 2; 50, 51). ചില പ്രവചനങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ വ്യാഖ്യാനം ആവശ്യമില്ലാത്തതിനാല്‍, പരിശുദ്ധാത്മാവില്‍ നിറഞ്ഞവരാണെങ്കില്‍ക്കൂടി ഉടന്‍തന്നെ ഗ്രഹിക്കണമെന്നില്ല. ആത്മാവിനു വിധേയപ്പെടുന്ന വ്യക്തികള്‍ ഈ അവസരങ്ങളില്‍ അവ ഹൃദയത്തില്‍ സംഗ്രഹിക്കും!

ഒന്നാമത്തെ യുഗമായ പഴയനിയമകാലത്ത് പരിശുദ്ധാത്മാവിനെ നല്‍കിയിരുന്നത് തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കു മാത്രമായിരുന്നുവന്നത് ജോയേല്‍പ്രവാചകന്റെ പ്രവചനത്തില്‍നിന്നുതന്നെ വ്യക്തമാണ്! ആ പ്രവചനം ആരംഭിക്കുന്നത് ഒന്നുകൂടി ശ്രദ്ധിക്കുക: "അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും"(ജോയേല്‍: 2; 28). ആത്മാവിനെ സമൃദ്ധമായി വര്‍ഷിക്കുവാനിരിക്കുന്ന രണ്ടാംയുഗത്തെക്കുറിച്ചാണ് പ്രവാചകനിലൂടെ ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്!

'പരിശുദ്ധാത്മ' ഉദാരവത്ക്കരണം!

"മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!"(ലൂക്കാ: 11; 13). പരിശുദ്ധാത്മാവിനെ ഉദാരമായി നല്‍കാന്‍ തയ്യാറുള്ള ദൈവത്തെ അവിടുത്തെ പുത്രന്‍തന്നെ വെളിപ്പെടുത്തുന്ന വചനമാണിത്! യേഹ്ശുവായുടെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ അവിടുന്നു ദാനമായി നല്‍കും. 'യേഹ്ശുവ' എന്ന നാമത്തില്‍ ചോദിക്കേണ്ടതിന്, പ്രവാചകകാലത്ത് ഈ നാമം വെളിപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, തീഷ്ണതയോടെ ദൈവാത്മാവിനായി ദാഹിച്ച ഒരു വ്യക്തിയെ പഴയനിയമത്തില്‍ നാം കാണുന്നുണ്ട്. അവന്‍ ആഗ്രഹിച്ചതുപോലെതന്നെ അതു നേടുകയും ചെയ്തു. മരിച്ചവരെ ഉയിര്‍പ്പിക്കുകപോലും ചെയ്തുകൊണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച എലീഷാ ആയിരുന്നു ആ മഹാപ്രവാചകന്‍!

അത്യുന്നത ദൈവത്തിന്റെ പ്രവാചകനായ ഏലിയായുടെ ശിഷ്യനായിരുന്നു എലീഷാ! തന്റെ ഗുരുവായ ഏലിയാ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനു മുന്‍പ് എലീഷായോടു ചോദിച്ചു: "നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനു മുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ"(2രാജാ: 2; 9). തീഷ്ണതയോടെ ആത്മാവിനുവേണ്ടി ദാഹിക്കുകയും അതിലൂടെ ആത്മാവിനെ നേടുകയും ചെയ്ത മറ്റൊരു വ്യക്തിയെയും പ്രവാചകയുഗത്തില്‍ കാണുന്നില്ല! എന്നാല്‍, ആത്മാവിന്റെ ചില ദാനങ്ങള്‍ക്കുവേണ്ടി അഭിലഷിച്ച വ്യക്തികള്‍ ആ യുഗത്തിലുണ്ടായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു സോളമന്‍! ദൈവത്തോടു സോളമന്‍ ആവശ്യപ്പെട്ടത് പരിശുദ്ധാത്മാവിനുവേണ്ടി ആയിരുന്നില്ല; മറിച്ച്, ആത്മാവിന്റെ ദാനങ്ങളില്‍ ഒന്നുമാത്രമായ ജ്ഞാനത്തിനുവേണ്ടിയായിരുന്നു! അത് അവനു ലഭിക്കുകയും ചെയ്തു! പരിശുദ്ധാത്മാവിന്റെ ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ജ്ഞാനമാണെങ്കില്‍ക്കൂടി, അതോടൊപ്പം ചേര്‍ത്തുവയ്ക്കേണ്ട ഉത്കൃഷ്ടദാനങ്ങള്‍ വേറെയുമുണ്ട്.

ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ഭക്തി, ദൈവഭയം എന്നിവയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍. ഇതില്‍ ഏറ്റവും പ്രഥമ സ്ഥാനത്തു നില്‍ക്കുന്നത് ജ്ഞാനമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ജ്ഞാനമാണ് പരിശുദ്ധാത്മാവെന്നു ധരിച്ചുവയ്ക്കുകയും, അതു പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ സോളമന്റെ പതനത്തെക്കുറിച്ച് അജ്ഞത നടിക്കുന്നു! ജ്ഞാനം, ബുദ്ധി, അറിവ് എന്നീ പരിശുദ്ധാത്മദാനങ്ങള്‍ സോളമനു വേണ്ടുവോളമുണ്ടായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നിരുന്നാലും, വളരെ പ്രാധാന്യമുള്ള ചില ദാനങ്ങളുടെ അഭാവം സോളമനെ വന്‍ദുരന്തത്തില്‍ കൊണ്ടുചെന്നെത്തിച്ചു. ദൈവഭയത്തിന്റെയും ആത്മശക്തിയുടെയും കാര്യത്തില്‍ സോളമന്‍ പരാജയമായിരുന്നു എന്നതിന് ഇദ്ദേഹത്തിന്റെ ജീവിതംതന്നെയാണ് തെളിവ്! മോശയുടെ നിയമത്തെ അവഗണിച്ചുകൊണ്ടു ജീവിച്ചപ്പോള്‍, സോളമനു തന്റെ ജ്ഞാനം ഗുണകരമായി ഭവിച്ചില്ല.

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍പ്പോലെ പ്രാധാന്യമുള്ളതാണ് അവിടുത്തെ ഫലങ്ങളും. സോളമന് ഇല്ലാതെപോയതും ഈ ഫലങ്ങളായിരുന്നു. ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ അനേകം ഭാര്യമാരെ സ്വീകരിച്ചുവെന്നു മാത്രമല്ല, നിയമവിരുദ്ധമായി വിജാതിയ സ്ത്രീകളെ വിവാഹംചെയ്തതും അത്തരം സ്ത്രീകളുമായി അവിഹിതവേഴ്ചയില്‍ ഏര്‍പ്പെട്ടതും ആത്മാവിന്റെ ഫലങ്ങള്‍ സോളമനില്‍ ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവാണ്! ആത്മാവിന്റെ ഫലങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നോക്കുക: "എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്"(ഗലാ: 5; 22, 23). ആത്മസംയമനം ഇല്ലാത്ത ജീവിതം സോളമനെ നയിച്ചത് ലോകത്തിന്റെ മ്ലേച്ഛതയിലേക്കായിരുന്നു. ജഡത്തിന്റെ വ്യാപാരങ്ങളെക്കുറിച്ചുള്ള പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രവിച്ചാല്‍ ഇതു വ്യക്തമാകും. ആത്മാവും ജഡവും പരസ്പരം പോരടിക്കുമ്പോള്‍, ആത്മാവു ജഡത്തെ കീഴ്പ്പെടുത്തിയില്ലെങ്കില്‍ അവന്‍ ജഡികമനുഷ്യനായി അധഃപതിക്കും. എന്നാല്‍, ജഡികവാസനകളെ ആത്മാവിനാല്‍ നിഹനിക്കുന്നവനാണ് ആത്മീയമനുഷ്യന്‍!

ഈ പ്രബോധനം നോക്കുക: "നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു"(ഗലാ: 5; 16-21). ജ്ഞാനിയായിരുന്ന സോളമന്‍ വിഗ്രഹങ്ങളിലേക്കു തിരിഞ്ഞത് അവന്റെ ഭാര്യമാര്‍ നിമിത്തമായിരുന്നു. മോശയുടെ നിയമത്തെ അവഗണിച്ചുകൊണ്ട്, വിജാതിയ സ്ത്രീകളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതിന്റെ പരിണിതഫലമായിരുന്നു ഈ ദുരന്തമെന്നു പറയുന്നതാണ് കൂടുതല്‍ അനുയോജ്യം! വ്യഭിചാരദുര്‍ഭൂതത്തെ വിവേചിക്കാനുള്ള വിവേചനത്തിന്റെ ആത്മാവ് സോളമനില്‍ ഇല്ലാതെപോയി. ഈ വചനം നോക്കുക: "വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ: 4; 12).

എത്ര ജ്ഞാനിയായ മനുഷ്യനാണെങ്കിലും, അവന്‍ വ്യഭിചാരത്തില്‍ അകപ്പെട്ടാല്‍ അന്ധനായിത്തീരും. വിജാതിയരുമായി പ്രണയത്തില്‍ കഴിയുന്നവരും ആത്മീയ അന്ധതയില്‍ തന്നെയാണ്! ജ്ഞാനമെന്നത് പരിശുദ്ധാത്മാവിന്റെ മഹത്തായ ദാനമാണ്. ഈ മഹാദാനത്തെ ആരും കുറച്ചുകാണരുത്! ശിരസ്സ് ശരീരത്തിലെ പ്രധാന ഘടകമാണെങ്കിലും, ശരീരമെന്നാല്‍ ശിരസ്സു മാത്രമല്ല! അതുപോലെതന്നെ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളില്‍ പ്രധാനപ്പെട്ടത് ജ്ഞാനമാണ്! "യാഹ്‌വെയോടുള്ള ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു"(പ്രഭാ: 1; 14). അതുപോലെതന്നെ, "യാഹ്‌വെയോടുള്ള ഭക്തി ജ്ഞാനത്തിന്റെ പൂര്‍ണ്ണതയാണ്"(പ്രഭാ:1;16).

പ്രവാചകന്മാര്‍ക്കും മറ്റുചില തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കും മാത്രമായി നല്‍കിയിരുന്ന പരിശുദ്ധാത്മാവിനെ, പിതാവായ ദൈവം അവിടുത്തെ പുത്രനില്‍ വിശ്വസിക്കുന്ന സകലര്‍ക്കും പ്രദാനംചെയ്യുമെന്ന വാഗ്ദാനമാണ് ജോയേല്‍പ്രവാചകനിലൂടെ നല്‍കപ്പെട്ടത്‌. ഇതാണ് യാഹ്‌വെയുടെ ഉദാരവത്ക്കരണ നയം! പന്തക്കുസ്താദിനത്തില്‍ ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണം ആരംഭിച്ചു. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി"(അപ്പ. പ്രവര്‍: 2; 1-4). പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള കഴിവ് ലോകത്തിന് ഇല്ലാത്തതുപോലെതന്നെ, ആത്മാവില്‍ നിറഞ്ഞ മനുഷ്യരെ സ്വീകരിക്കാനും ലോകത്തിനു സാധിക്കില്ല! പന്തക്കുസ്താനാളിലും ഇതുതന്നെയാണ് കണ്ടത്. ആത്മാവില്‍ പൂരിതരായ വ്യക്തികളെ നോക്കി അന്നുമിന്നും ലോകം പറയുന്നത് ഇതാണ്: "എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്"(അപ്പ. പ്രവര്‍: 2; 13).

ക്രൈസ്തവരാണ് തങ്ങളെന്ന് അവകാശപ്പെടുന്ന ആളുകള്‍പോലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ നിഷേധിക്കുന്ന അവസ്ഥയുടെ കാരണം, അവര്‍ ഈ സത്യാത്മാവിനെ സ്വീകരിച്ചിട്ടില്ല എന്നതുകൊണ്ടാണ്. മാമോദീസാ സ്വീകരിച്ചുവെന്നതുകൊണ്ട് ഒരുവന്‍ ആത്മാവിനെ സ്വീകരിക്കണമെന്നില്ല. ഇതു വ്യക്തമാക്കുന്ന ബൈബിള്‍ഭാഗം നോക്കുക: "അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ രക്ഷകനായ യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു"(അപ്പ. പ്രവര്‍: 8; 15-17). ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരാണെന്ന ധാരണയെ അതിലംഘിക്കുന്നതാണ് ഈ വിവരണം! അതിനാല്‍, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളെ പരിഹസിച്ചുകൊണ്ട്, ക്രൈസ്തവനാമധാരികളായി നിലകൊള്ളുന്നവര്‍ നല്‍കുന്ന പ്രബോധനങ്ങളെ നാം വിവേചിക്കണം.

ഇങ്ങനെയുള്ള പരിഹാസകര്‍ക്ക് പത്രോസ് അപ്പസ്തോലന്‍ നല്‍കുന്ന മറുപടിതന്നെ മനോവ ഇവിടെ ആവര്‍ത്തിക്കുന്നു: "യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിന്‍; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ? മറിച്ച്, ജോയേല്‍ പ്രവാചകന്‍ പറഞ്ഞതാണിത്: ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. എന്റെ ദാസന്മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 2; 14-18). വിശ്വാസികള്‍ എന്നറിയപ്പെടുന്ന എല്ലാവരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരല്ല. ആദിമസഭയിലും ഇത്തരക്കാരുണ്ടായിരുന്നു. പരിശുദ്ധാത്മാവ് ആരാണെന്നുപോലും അറിവില്ലാത്ത ജനങ്ങള്‍ കോറിന്തോസിലെ സഭയില്‍ ഉണ്ടായിരുന്നതിന്റെ തെളിവ് ഇതാണ്: "അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല"(അപ്പ. പ്രവര്‍: 19; 2).

വിശ്വാസം സ്വീകരിച്ചവരാണെങ്കിലും പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവരായ വ്യക്തികള്‍ എല്ലാ സഭകളിലുമുണ്ട്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തികളെയും ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെയും ദുഷിക്കുകയെന്നത് ഇത്തരം വ്യക്തികളുടെ പൊതുവായ ശൈലിയാണ്. ആത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വജീവിതത്തില്‍ അനുഭവവേദ്യമല്ലാത്തതുകൊണ്ടാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നത്. തങ്ങള്‍ക്ക് അജ്ഞാതമായ എല്ലാക്കാര്യങ്ങളെയും ഇക്കൂട്ടര്‍ നിഷേധിക്കും! എന്നാല്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ ഇവരില്‍നിന്നു വ്യത്യസ്തരാണ്. എല്ലാ വരങ്ങളും ലഭിച്ചിട്ടില്ലെങ്കില്‍ക്കൂടി, ആത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു വ്യക്തികളില്‍ കാണുമ്പോള്‍ ഇവര്‍ പരിഹസിക്കുകയില്ല! ആത്മാക്കളെ വിവേചിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിച്ചു കാത്തിരിക്കും! എന്തെങ്കിലും അദ്ഭുതങ്ങളോ അടയാളങ്ങളോ കാണുമ്പോള്‍, അവയോടു മൂന്നു തരത്തില്‍ പ്രതികരിക്കുന്ന വ്യക്തികള്‍ നമുക്കിടയിലുണ്ട്. ഏത് അടയാളങ്ങളെയും അപ്പാടെ വിശ്വസിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ഒരു കൂട്ടര്‍. വിവേചനത്തിന്റെ ആത്മാവിനെ സ്വീകരിക്കാത്തവരാണ് ഇവര്‍! എല്ലാറ്റിനെയും ഒറ്റയടിക്ക് തള്ളിക്കളയുന്ന മറ്റൊരു കൂട്ടരും നമുക്കിടയിലുണ്ട്. പരിശുദ്ധാത്മാവ് എന്താണെന്നുപോലും അറിയാത്ത വ്യക്തികളാണ് ഈ നിഷേധകര്‍!

എന്നാല്‍, പരിശുദ്ധാത്മാവിനെ യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചവര്‍ ഇവരില്‍നിന്നെല്ലാം വ്യത്യസ്തരാണ്. എന്തെങ്കിലുമൊരു അടയാളമോ അദ്ഭുതമോ സംഭവിച്ചുവെന്നു കേട്ടാല്‍, അവയെ അപ്പാടെ തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ ഇവര്‍ തയ്യാറാകില്ല. പരിശുദ്ധാത്മാവില്‍നിന്നാണോ എന്നറിയാന്‍ ഇവര്‍ കാത്തിരിക്കും. വചനത്തിനു വിരുദ്ധമായതൊന്നും പരിശുദ്ധാത്മാവില്‍നിന്നു വരില്ലെന്ന യാഥാര്‍ത്ഥ്യം അറിയാവുന്നവര്‍, എല്ലാക്കാര്യങ്ങളെയും വചനവുമായി ചേര്‍ത്തുവച്ച് പരിശോധിക്കുകയും വിവേചിക്കുകയും ചെയ്യും. സഭയില്‍ ഉടലെടുക്കുന്ന പുത്തന്‍ ആശയങ്ങളോടും ഇതേ മനോഭാവം സ്വീകരിക്കുന്നവരാണ് യഥാര്‍ത്ഥ ആത്മീയ മനുഷ്യര്‍! യഹൂദരിലെ ഉന്നത പണ്ഡിതനായിരുന്ന ഗമാലിയേലിന്റെ ഉപദേശം സ്വീകരിക്കുകയാണ് ഇവിടെ ഏറ്റവും പ്രായോഗികമായ രീതി.

ക്രിസ്ത്യാനികളോടുള്ള യഹൂദരുടെ എതിര്‍പ്പിനോട് ഗമാലിയേല്‍ ഇപ്രകാരമാണ് പ്രതികരിച്ചത്: "ഇസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം. കുറെനാളുകള്‍ക്കുമുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍തെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു. അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച് അനുയായികളാക്കി. അവനും നശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു. അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും"(അപ്പ. പ്രവര്‍: 5; 35-39). അദ്ഭുതങ്ങളോടും അടയാളങ്ങളോടും ആത്മീയ മുന്നേറ്റങ്ങളോടും നാം സ്വീകരിക്കേണ്ട പക്വതയുള്ള നിലപാട് ഇതുതന്നെയാണ്! ദൈവത്തെയും അവിടുത്തെ പരിശുദ്ധാത്മാവിനെയും നിഷേധിച്ചവരുടെ ഗണത്തില്‍ എന്തിനും നാം എണ്ണപ്പെടണം?

ലോകത്തിനും ലോകത്തിന്റെ മനുഷ്യര്‍ക്കും പരിശുദ്ധാത്മാവിനെയോ അവിടുത്തെ പ്രവര്‍ത്തികളെയോ അംഗീകരിക്കാന്‍ കഴിയുകയില്ലെന്ന് യേഹ്ശുവാതന്നെ നമുക്കു മുന്നറിയിപ്പു തന്നിട്ടുണ്ട്. "ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും"(യോഹ: 14; 17). പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികളെ എതിര്‍ത്തുകൊണ്ട് പ്രചരണം നടത്തുന്നവര്‍ ആരാണെന്നു മനസ്സിലാക്കാന്‍ ഈ വചനം മാത്രം മതി. പിതാവായ ദൈവം പ്രവാചകന്മാരിലൂടെ നമുക്കു നല്‍കിയ വാഗ്ദാനമാണ് പരിശുദ്ധാത്മാവ്. ദൈവത്തിന്റെ ഏകജാതനിലൂടെ ഈ ആത്മാവിനെ ഉദാരമായി നല്‍കാന്‍ അവിടുന്ന് തയ്യാറായി. പ്രവാചകന്മാര്‍ക്കും ജനനേതാക്കള്‍ക്കും മറ്റുചില പ്രത്യേക വ്യക്തികള്‍ക്കും മാത്രമായി നല്‍കിയിരുന്ന ഈ സത്യത്മാവിനെ സകലര്‍ക്കും ഉദാരമായി നല്‍കാന്‍ അവിടുന്നു തയ്യാറായത് രണ്ടാമത്തെ യുഗത്തിലാണ്. യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനം നോക്കുക: "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും"(യോഹ: 14; 16).

ചെറിയവരോ വലിയവരോ ആയ എല്ലാ ദൈവശുശ്രൂഷകരെയും നയിക്കുന്നത് പരിശുദ്ധാത്മാവാണ്. യേശുവിനു സാക്ഷ്യംവഹിക്കുക എന്നതാണ് പരിശുദ്ധാത്മാവിന്റെ പ്രഥമവും പ്രധാനവുമായ ദൗത്യം. ഈ വചനം ശ്രദ്ധിക്കുക: "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ.പ്രവര്‍ത്തനങ്ങള്‍:1;8). യേഹ്ശുവാ ഏകരക്ഷകനാണെന്നു ലോകത്തോടു വിളിച്ചുപറയുന്ന സകലരെയും ഈ ആത്മാവാണ് നയിക്കുന്നത്. ആത്മാക്കളെ എങ്ങനെയാണു നാം വിവേചിക്കേണ്ടതെന്ന് അപ്പസ്തോലനായ യോഹന്നാന്‍ നല്‍കിയ ഉപദേശം നോക്കുക: "ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്"(1യോഹ: 4; 2, 3). ആയതിനാല്‍, ഇത്തരം ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ദുഷിക്കുന്നവര്‍ ഭയപ്പെടുവിന്‍! കാരണം, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ: 12; 31, 32).

ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാനുള്ള ഉപദേശമാണ് ഈ വചത്തോടൊപ്പം യേഹ്ശുവാ ചേര്‍ത്തുവച്ചത്. അവിടുന്നു പറഞ്ഞു: "ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്‌സിലാക്കുന്നത്. അണലിസന്തതികളേ! ദുഷ്ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്. നല്ല മനുഷ്യന്‍ നന്മയുടെ ഭണ്ഡാരത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്മയുടെ ഭണ്ഡാരത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും"(മത്താ: 12; 33-37).

പഴയനിയമ കാലഘട്ടത്തില്‍ പരിശുദ്ധാത്മാവ് എപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പുതിയനിയമ കാലഘട്ടത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നുമുള്ള ഏകദേശരൂപമാണ് ഇതുവരെ വ്യക്തമാക്കിയത്. ഇനി ഈ ലേഖനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു. പന്തക്കുസ്താ തിരുനാളില്‍ അപ്പസ്തോലന്മാര്‍ സ്വീകരിച്ച പരിശുദ്ധാത്മാവ് ഇന്നും പ്രവര്‍ത്തനനിരതനാണ്. ഓരോ കാലഘട്ടത്തിനും ആവശ്യമായ രീതിയിലാണ് ഈ സത്യാത്മാവ് സഭയില്‍ പ്രവര്‍ത്തിക്കുന്നത്! ഇപ്പോള്‍ എങ്ങനെയാണ് സഭയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിശോധിച്ചുകൊണ്ട് ഈ പഠനം ഉപസംഹരിക്കാം.

ദാര്‍ശനീക യുവത്വവും അന്ത്യകാല അടയാളവും!

മനുഷ്യന്റെ ചിന്താധാരകളെ മുഴുവന്‍ തകിടംമറിച്ചുകൊണ്ടാണ് അന്ത്യകാലത്ത് പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്. സ്വപ്നംകണ്ടു നടന്നിരുന്ന യുവാക്കള്‍ ദാര്‍ശനീകരാവുകയും ശിശുക്കള്‍പ്പോലും പ്രവചിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെക്കുറിച്ചാണ് ജോയേല്‍പ്രവാചകന്‍ അന്നു പ്രവചിച്ചത്! വാര്‍ദ്ധക്യം എന്നാല്‍, ദാര്‍ശനീകതയുടെ അടയാളമായിരുന്ന അവസ്ഥ മാറി, വൃദ്ധന്മാര്‍ സ്വപ്നജീവികളായി പരിണമിക്കുന്ന പ്രതിഭാസം അന്ത്യകാലത്തിന്റെ അടയാളമാണ്! എന്നാല്‍, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ലോകത്തിനു കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ അപകടം. വൃദ്ധന്മാര്‍ കാണുന്ന സ്വപ്നങ്ങളെ ദര്‍ശനങ്ങളായി പരിഗണിക്കുകയും യുവാക്കളുടെ ദര്‍ശനങ്ങളെ സ്വപ്നങ്ങളായി അവഗണിക്കുകയും ചെയ്യുന്നതിലൂടെ വലിയ ദുരന്തമാണ് സഭകളിലും ഈ ലോകത്തും സംഭവിക്കുന്നത്!

സഭകളിലെ അവസ്ഥയും ഇതില്‍നിന്നു വ്യത്യസ്ഥമല്ല. യുവാക്കളുടെ ദര്‍ശനങ്ങളെ പുച്ഛിച്ചുതള്ളുകയും, വൃദ്ധന്മാര്‍ കാണുന്ന സ്വപ്‌നങ്ങള്‍ ദര്‍ശനങ്ങളാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്ന രീതി സഭയുടെ ആരംഭംമുതല്‍ ഉണ്ട്. സഭയുടെ പ്രഥമസ്ഥാനത്ത് പത്രോസിനോടൊപ്പം നിയോഗിക്കപ്പെട്ടവരില്‍ യാക്കോബും യോഹന്നാനും ഉണ്ടായിരുന്നുവന്നത് ആരും പരിഗണിക്കുന്നില്ല. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു"(ഗലാ: 2; 9). യോഹന്നാനുശേഷം അനേകം യുവാക്കളെ ആദിമസഭ ശ്രേഷ്ഠരായി പരിഗണിച്ചിട്ടുണ്ട്. അവരില്‍ പ്രധാനിയായിരുന്നു തിമോത്തേയോസ്! പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിനു നല്‍കുന്ന ഉപദേശം ഇതായിരുന്നു: "ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം പഠിപ്പിക്കുക. ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക. വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. പ്രവചനപ്രകാരവും സഭാശ്രേഷ്ടന്മാരുടെ കൈവയ്പൂവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്"(1തിമോത്തി: 4; 11-14). യുവാവായിരിക്കുമ്പോഴാണ്‌ സാവൂള്‍ വിളിക്കപ്പെട്ടു പൗലോസായി പരിണമിച്ചത്.

ആദിമസഭയില്‍ യുവാക്കളെയും അവരുടെ ദര്‍ശനങ്ങളെയും അംഗീകരിച്ചിരുന്നു എന്നതിന് അനേകം തെളിവുകളുണ്ട്. എന്നാല്‍, പടിപടിയായി ഇവര്‍ അവഗണിക്കപ്പെടുകയും അവരുടെ ദര്‍ശനങ്ങള്‍ പരിഹസിക്കപ്പെടുകയും ചെയ്തു. അതുവഴി നിന്ദിക്കപ്പെട്ടത് പരിശുദ്ധാത്മാവും അവിടുത്തെ ദാനങ്ങളുമാണ്! സഭയിലെ ചില മൂപ്പന്മാര്‍ കണ്ട ദുഃസ്വപ്നങ്ങളെ സഭയുടെ നിയമമാക്കി മാറ്റിയതിലൂടെ പരിശുദ്ധാത്മാവിന്റെ വഴിനടത്തല്‍ ഇല്ലാതായി. വൃദ്ധരായ സഭാപിതാക്കളുടെ ദര്‍ശനങ്ങളെ അപ്പാടെ തള്ളിക്കളയണമെന്ന വാദമല്ല മനോവ ഇവിടെ ഉയര്‍ത്തുന്നത്. പ്രവാചകകാലത്ത് യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നതുപോലെ, ഈ കാലത്ത് വൃദ്ധന്മാര്‍ക്കു വെളിപാടുകളും ദര്‍ശനങ്ങളും ലഭിക്കും! അതുപോലെതന്നെ, സ്വപ്നജീവികളായ യുവാക്കള്‍ ഈ കാലഘട്ടത്തിലുമുണ്ട്. അതായത്, മുന്‍ധാരണകളെ മുഴുവന്‍ അതിലംഘിക്കുന്ന വിധത്തിലാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം! എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ ഇന്നത്തെ സഭാധികാരികള്‍ തയ്യാറല്ല. യേഹ്ശുവായെ ഏകരക്ഷകനായി അംഗീകരിക്കാന്‍പോലും മടിക്കുന്നവരാണ് സഭയുടെ നേതാക്കന്മാരായി വിലസുന്നത്. ഇവര്‍ കണ്ട ദുഃസ്വപ്നങ്ങള്‍ സഭയുടെ നിയമമാക്കിയപ്പോള്‍, എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക പ്രബോധനം സഭയുടെ ഔദ്യോഗിക പ്രബോധനമായി!

കത്തോലിക്കാസഭയിലെ 'കരിസ്മാറ്റിക്' ഉണര്‍വ് പ്രസ്ഥാനം ആരംഭിച്ചത് യുവാക്കളിലാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്. 'ജീസസ് യൂത്ത്' എന്നപേരില്‍ കത്തിജ്ജ്വലിച്ചുനിന്ന യുവജന മുന്നേറ്റത്തെ വെള്ളമൊഴിച്ചു കെടുത്തിയത് കത്തോലിക്കാസഭ തന്നെയാണ്. ഇവരുടെ നിയന്ത്രണം മൂപ്പന്മാര്‍ ഏറ്റെടുത്തതിലെ കൗശലം ഇവര്‍ തിരിച്ചറിഞ്ഞില്ല! ആത്മാവിനാല്‍ നയിക്കപ്പെട്ട സമൂഹത്തിന്റെ നിയന്ത്രണം ആത്മാവില്ലാത്തവര്‍ ഏറ്റെടുത്തപ്പോള്‍, ജീസസ് യൂത്ത്' വെറും 'സാത്താന്‍ ഊത്തായി' മാറി! ഇന്ന്‍ 'ഫ്രീമേസണ്‍' അജണ്ടകളുമായി ഇവര്‍ നടക്കുന്നു! എന്നാല്‍, ഒരു സംഘടനയുടെയും കീഴിലല്ലാത്ത അനേകം യുവാക്കളെ പരിശുദ്ധാത്മാവ് വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു!

ഇന്നത്തെ സഭകള്‍ക്ക് യുവാക്കളെക്കൊണ്ടുള്ള ആവശ്യം ചില പ്രത്യേക കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്! പള്ളി പണിയാനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കളെ വേണം. സ്വാശ്രയ കോളേജുകള്‍ക്കോ സഭയുടെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ക്കോ ഭരണകൂടങ്ങളില്‍നിന്ന്‍ എതിര്‍പ്പുവന്നാല്‍, തെരുവിലിറങ്ങി സമരംചെയ്യാന്‍ യുവാക്കള്‍ അനിവാര്യമാണ്! അതായത്, ആത്മീയ കാര്യങ്ങള്‍ നോക്കാനുള്ള പക്വത യുവാക്കള്‍ക്കില്ല; മറിച്ച്, അവരുടെ കായികശേഷി മാത്രം മതി! മജ്ജയുടെ പ്രായം നോക്കിയാണ് പരിശുദ്ധാത്മാവിനെ ദൈവം അഭിഷേകംചെയ്യുന്നതെന്ന മിഥ്യാധാരണയിലാണ് ഇന്നും അനേകര്‍! ഏതെങ്കിലും കാരണവശാല്‍ യുവാക്കളെ അംഗീകരിക്കണമെങ്കില്‍, അവര്‍ 'സെമിനാരിയില്‍' ചേര്‍ന്ന് 'യോഗ' പഠിച്ചു പുറത്തിറങ്ങണം! 'ഡോക്ടര്‍' എന്ന വാലുമായി നടക്കുന്ന പല 'റവ'മാരും ബിരുദമെടുത്തിരിക്കുന്നത് ദൈവശാസ്ത്രത്തിലല്ലെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ക്ക് അറിയില്ല! രാമായണം, ഭാഗവതം, മന്ത്രവാദം, ഉപനിഷത്തുകള്‍, വേദങ്ങള്‍, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ശാസ്ത്രീയ സംഗീതം തുടങ്ങിയവയിലാണ് ഇന്നത്തെ വൈദീകരില്‍ മിക്കവരും 'ഡോക്ടറേറ്റ്' എടുത്തിരിക്കുന്നത്! ഇവര്‍ ദൈവജനത്തെ പഠിപ്പിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നു പറയേണ്ടതില്ലല്ലോ!

ലോകചരിത്രത്തിലെ രണ്ടു യുഗങ്ങളില്‍ അവസാനത്തെ യുഗത്തിന്റെ അന്ത്യയാമത്തിലാണ് ഇന്നു ലോകം. അതുകൊണ്ടുതന്നെ, പ്രവചനങ്ങളില്‍ പലതും കൂട്ടത്തോടെ പൂര്‍ത്തീകരിക്കുന്നത് ആത്മീയജ്ഞാനമുള്ളവര്‍ തിരിച്ചറിയുന്നു. നിവൃത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രവചനങ്ങളെയും ഈ ഒരു ലേഖനത്തില്‍ വിവരിക്കുക സാധ്യമല്ല. ആയതിനാലാണ്, ജോയേല്‍പ്രവാചകനിലൂടെ നല്‍കപ്പെട്ട ഒരേയൊരു പ്രവചനം മാത്രം ഇവിടെ കുറിക്കുന്നത്! പരിശുദ്ധാത്മാവിനെ ഉദാരമായി ദാനംചെയ്യപ്പെടുമെന്ന പ്രവചനം നിറവേറുന്നതിന്റെ ആരംഭം മാത്രമായിരുന്നു 'സെഹിയോന്‍' മാളികയില്‍ സംഭവിച്ചത്! പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ, വിശ്വസിക്കുന്ന സകലര്‍ക്കും യേഹ്ശുവായിലൂടെ ഈ ആത്മാവിനെ ലഭിക്കുന്നു! വൈവിധ്യമാര്‍ന്ന വരങ്ങളും ഫലങ്ങളും ദാനങ്ങളും അവിടുന്ന് തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുമ്പോള്‍ ആരും അസ്വസ്ഥപ്പെട്ടിട്ടു കാര്യമില്ല!

പരിശുദ്ധാത്മാവിന്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും കുത്തകയായി കരുതിയിരിക്കുന്ന സഭാധികാരികള്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല! ഇവരുടെ ദൃഷ്ടിയില്‍ ഏറ്റവും താഴേക്കിടയിലുള്ള വിഭാഗമായ 'അത്മായര്‍' സുവിശേഷം പ്രസംഗിക്കുകയോ പ്രവചിക്കുകയോ ദര്‍ശനങ്ങള്‍ കാണുകയോ ചെയ്‌താല്‍ മഹാപരാധമായിട്ടാണ് പരിഗണിക്കപ്പെടുന്നത്! എന്നാല്‍, പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്‌തോലന്‍മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; യേഹ്ശുവായില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു"(എഫേ: 2; 19-22). വിശ്വാസികളുടെയിടയില്‍ ഒരു തരംതിരിവ് ദൈവം അനുവദിച്ചിട്ടില്ല! ക്രിസ്തു ശിരസ്സായിരിക്കുന്ന സഭയിലെ അവയവങ്ങളാണ് ഓരോ അംഗങ്ങളും. വരങ്ങളിലും ശുശ്രൂഷകളും വൈവിധ്യമുണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ!

"ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും യേഹ്ശുവാ ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം"(1കോറി: 12; 4-11). എന്നാല്‍, ഈ വരങ്ങളെല്ലാം വൈദീകര്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്! ക്രിസ്ത്യാനികളെല്ലാം യേഹ്ശുവാവഴി ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരാണെങ്കിലും, അത്മായരെ സമര്‍പ്പിതരായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.

ഈ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ? എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍"(1കോറി: 12; 27-31). അധികാരികള്‍ എന്ന്‍ സ്വയം പ്രഖ്യാപിച്ചു ഭരണം കയ്യാളുന്ന വര്‍ഗ്ഗം അംഗീകരിച്ചില്ലെങ്കിലും പരിശുദ്ധാത്മാവിന് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല! ആത്മീയനേത്രങ്ങള്‍ തുറന്നാല്‍ അതു സകലര്‍ക്കും ഇന്നു ദര്‍ശിക്കാന്‍ കഴിയും. പരിശുദ്ധാത്മാവ് നല്‍കുന്ന ദര്‍ശനങ്ങളോട് സഹകരിക്കുന്ന അനേകം യുവാക്കള്‍ ഇന്നു സഭയില്‍ ഉണര്‍ന്നു ശോഭിക്കുന്നത് ഇതിന്റെ അടയാളമാണ്! അധികാരികള്‍ അടിക്കുന്ന വഴി നിത്യനാശത്തിലേക്കാണെന്നു തിരിച്ചറിഞ്ഞ യുവത്വം ഇന്ന്‍ പരിശുദ്ധാത്മാവ് നല്‍കുന്ന ദര്‍ശനങ്ങള്‍ക്ക് അനുസരണമായി വ്യാപരിക്കുന്നു!

ഇതാണ് ജോയേല്‍പ്രവാചകന്‍ പ്രവചിച്ച ആ 'അന്ന്'! ദൈവവചനത്തിനു വിരുദ്ധമായ നിയമങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള അനേകം യുവാക്കാള്‍ കത്തോലിക്കാസഭയില്‍ ഇന്നുള്ളത് നാം തിരിച്ചറിയണം. അന്യദേവന്മാരിലേക്കു നയിക്കുന്ന സെക്കുലറിസത്തിന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ്, അതിനെ പുച്ഛിച്ചുതള്ളാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ്! യുവാക്കളുടെ ആത്മീയവീര്യം കെടുത്തിക്കളയാന്‍ പരിശ്രമിക്കുന്ന അലസതയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന സഭാധികാരികള്‍ ഇന്നുണ്ട്. "അലസന്‍ പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്"(സുഭാ: 26; 13). ദൈവരാജ്യ ശുശ്രൂഷയ്ക്കായി ജ്വലിക്കുന്ന യുവാക്കളോട് പക്വത നടിക്കുന്ന അധികാരികളുടെ ഉപദേശം ഇതായിരിക്കും. ആത്മീയതയില്‍ അലസതയോടെ വ്യാപരിക്കുകയും മറ്റുള്ളവരെ തടയുകയും ചെയ്യുന്നവരെക്കുറിച്ച് ചുഴികുറ്റിയില്‍ കിടന്നുതിരിയുന്ന കതകിനോടാണ് സുഭാഷിതങ്ങള്‍ ഉപമിച്ചിരിക്കുന്നത്! എങ്കിലും, എന്നത്തേക്കാളും ഉപരിയായി ആത്മാവില്‍ പൂരിതരായ യുവാക്കള്‍ ഇന്ന്‍ ഉണര്‍ന്നു ശോഭിക്കുന്നത് ശ്ലാഘനീയമായ അവസ്ഥയാണ്! ഇരുപതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള യുവാക്കാള്‍ യേഹ്ശുവായ്ക്കുവേണ്ടി ജ്വലിക്കുന്നതു കാണുമ്പോള്‍, ജോയേല്‍പ്രവചനം നിറവേറുന്നത് മനോവ തിരിച്ചറിയുന്നു!

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന യുവത്വത്തെ തടഞ്ഞുനിര്‍ത്താന്‍ ഇനി ആര്‍ക്കും സാധിക്കുകയില്ല. കാരണം, ഇത് സമയത്തിന്റെ പൂര്‍ത്തീകരണമാണ്! ജോയേല്‍പ്രവചനം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്ന സമയം! വ്യര്‍ത്ഥസ്വപ്നങ്ങളുടെ ചിറകിലേറി അപഥസഞ്ചാരം ചെയ്യുന്ന അവിവേകികളുടെ ഉപദേശങ്ങളെ തള്ളിക്കളയാനുള്ള ജ്ഞാനം ലഭിച്ചവരാണ് ഇന്നത്തെ യുവാക്കള്‍! ഇത് സ്വാഭാവികതയുടെ തകിടംമറിച്ചിലാണ്! യുവത്വം ആഘോഷമാക്കിയത്തിനുശേഷം വാര്‍ദ്ധക്യത്തില്‍ ദൈവത്തെ അന്വേഷിക്കാമെന്ന ശൈലിയായിരുന്നു മുന്‍പൊക്കെ യുവാക്കള്‍ സ്വീകരിച്ചിരുന്നത്! ആത്മീയ ഉപദേശങ്ങളെ അവര്‍ അസഹിഷ്ണുതയോടെ സമീപിച്ചിരുന്നു. ഈ അവസ്ഥകള്‍ മാറിമറിഞ്ഞത് പ്രവചനത്തിന്റെ പൂര്‍ത്തീകരണമല്ലാതെ മറ്റെന്താണ്?!

ഇന്നത്തെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണുന്നവരും അതിനെ ദര്‍ശനങ്ങളായി പരിഗണിച്ച് മായാലോകത്ത് ജീവിക്കുന്നവരുമാണ് എന്ന മനോവയുടെ വാദത്തെ അതിശയോക്തിപരമെന്ന്‍ ആരും കരുതേണ്ടാ. കണ്ണുതുറന്നു നോക്കിയാല്‍ ആര്‍ക്കുമിത് ദര്‍ശിക്കാന്‍ കഴിയും! ലോകാന്ത്യത്തെക്കുറിച്ചോ യേഹ്ശുവായുടെ വീണ്ടുംവരവിനെക്കുറിച്ചോ സംസാരിച്ചാല്‍, അതിനെ പരിഹസിക്കുന്ന വൃദ്ധന്മാര്‍ ഇന്നുണ്ട്. ഇതേ കാര്യംതന്നെ സഭാധികാരികളോട് പറഞ്ഞാല്‍, അവരുടെ പ്രതികരണവും മറിച്ചായിരിക്കില്ല! അതായത്, കത്തോലിക്കാസഭ ഇന്നു യാഥാര്‍ത്ഥ്യലോകത്തുനിന്നു വളരെ അകലെയാണ്! വിജാതിയതയുമായി അവിഹിതബന്ധം സ്ഥാപിച്ച് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനും ആഗോളമതം സ്ഥാപിച്ച്, അതിന്റെ പരമാധികാരികളായി വിലസാനും ദാഹിക്കുന്നവരാണ് പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നത്! ഇവരുടെ വ്യര്‍ത്ഥ സ്വപനങ്ങള്‍ക്ക് അനുസരിച്ച് സഭയെ നയിക്കുമ്പോള്‍, പ്രഭാഷകന്‍ കുറിച്ചുവച്ച ഈ വചനം ശ്രദ്ധിക്കുക: "അവിവേകിയുടെ പ്രതീക്ഷകള്‍ വ്യര്‍ത്ഥവും നിരര്‍ത്ഥകവുമാണ്; സ്വപ്‌നങ്ങള്‍ ഭോഷന്മാര്‍ക്കു ചിറകു നല്‍കുന്നു. സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്‌"(പ്രഭാ: 34; 1,2).

പന്തക്കുസ്താദിനത്തില്‍ 'സെഹിയോന്‍' മാളികയില്‍വച്ച് അപ്പസ്തോലന്മാര്‍ സ്വീകരിച്ച പരിശുദ്ധാത്മാവിനെക്കുറിച്ചു തന്നെയാണ് ജോയേല്‍പ്രവാചകന്‍ പ്രവചിച്ചത്! എന്നാല്‍, പ്രവചനം നിറവേറുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. ഈ പ്രവചനം പൂര്‍ത്തീകരിക്കുന്നത് യേഹ്ശുവായുടെ പ്രത്യാഗമനത്തോട് അടുക്കുമ്പോഴാണ്. ഇത് വ്യക്തമാകണമെങ്കില്‍, നാം ആരംഭത്തില്‍ വായിച്ച വചനം ഒന്നുകൂടി സൂക്ഷ്മതയോടെ പരിശോധിക്കണം. ആ പ്രവചനം ഇവിടെ ആവര്‍ത്തിക്കാം: "അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്‌നിയും ധൂമപടലവും. യാഹ്‌വെയുടെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. യാഹ്‌വെ അരുളിച്ചെയ്തതുപോലെ, സീയോന്‍ പര്‍വ്വതത്തിലും ജറുസലെമിലും രക്ഷപെടുന്നവരുണ്ടാകും. യാഹ്‌വെ വിളിക്കുന്നവര്‍ അതിജീവിക്കും"(ജോയേല്‍: 2; 28-32).

ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും എന്ന വാഗ്ദാനത്തിനുശേഷം ഇപ്രകാരം വെളിപ്പെടുത്തുന്നു: ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്‌നിയും ധൂമപടലവും. യാഹ്‌വെയുടെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. ഇത് അന്ത്യദിനത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യമാണെന്ന് യേഹ്ശുവായും പത്രോസ് അപ്പസ്തോലനും വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായുടെ പ്രത്യാഗമനത്തിന്റെയും യുഗാന്ത്യത്തിന്റെയും അടയാളമെന്താണെന്ന ശിഷ്യന്മാരുടെ ചോദ്യത്തിനുള്ള മറുപടിയായി അവിടുന്നു ചൂണ്ടിക്കാണിച്ച അടയാളങ്ങളോടൊപ്പം ഈ വചനവും ഉണ്ട്: "അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും"(മത്താ: 24; 29, 30). ജോയേല്‍പ്രവാചകന്‍ പ്രവചിച്ചതും യേഹ്ശുവാ വെളിപ്പെടുത്തിയതും ഒന്നായതുകൊണ്ട്, ഇവ അന്ത്യകാല സംഭവങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല!

അപ്പസ്തോലനായ പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം! ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍"(2പത്രോ: 3; 10-12).

അങ്ങനെയെങ്കില്‍, ജോയേല്‍പ്രവാചകന്‍ പ്രവചിച്ചത് അന്ത്യകാലത്ത് പൂര്‍ത്തിയാകേണ്ട കാര്യങ്ങളാണ്! ഇതാണ് ഇന്നത്തെ യുവതയില്‍ ദര്‍ശിക്കുന്ന ആദ്ധ്യാത്മിക ഉണര്‍വ്! ഇവര്‍ കാണുന്ന ദര്‍ശനങ്ങള്‍ സത്യമാണെന്നു സഭാധികാരികള്‍ തിരിച്ചറിയുകയും അവയെ ഔന്നത്യം വെടിഞ്ഞ് അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്‌താല്‍, സഭയൊന്നാകെ രക്ഷപ്രാപിക്കും! യുവാക്കള്‍ കാണുന്ന ദര്‍ശനങ്ങളെയും അവരില്‍ സംഭവിച്ചിരിക്കുന്ന ഉണര്‍വിനെയും അസഹിഷ്ണുതയോടെ കാണുന്നവര്‍ തങ്ങളുടെതന്നെയും അനേകരുടെയും നാശത്തിനു കാരണഭൂതരാകുകയാണു ചെയ്യുന്നത്! എന്നാല്‍, ആകൃതിയില്‍ യുവാക്കളെങ്കിലും ദര്‍ശനങ്ങളില്‍ വാര്‍ദ്ധക്യം ബാധിച്ച യുവാക്കളും ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല! അധികാരികളുടെ ഏറാന്‍മൂളികളും വിനീതവിധേയരും ദൈവത്തെക്കാളുപരി മനുഷ്യരെ മാനിക്കുന്നവരുമായ ഇക്കൂട്ടരാണ് സഭയുടെ ദുരന്തം! പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിനുപകരം, ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍ അനുധാവനം ചെയ്യുന്നവരാണ് ഇക്കൂട്ടര്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5008 views

LOG IN

Lost your password?

SIGN UP

LOST PASSWORD