14 - 01 - 2026 YouTube
യേലിയാഹ് വരും, എല്ലാം പുനഃസ്ഥാപിക്കും! ഇത് യേഹ്ശുവായുടെ ഒരു പ്രഖ്യാപനമാണെന്ന് നമുക്കറിയാം. ഈ പ്രഖ്യാപനം നടത്തിയത് യേഹ്ശുവാ ആയതുകൊണ്ടുതന്നെ, അത് സംഭവിക്കും എന്നകാര്യം തീര്‍ച്ചയാണ്. എന്തെന്നാല്‍, അവന്‍ ഒരിക്കലും വെറുംവാക്ക് പറയുകയില്ല. വഴിയും സത്യവും ജീവനുമായ അവന്റെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്നത് സത്യം മാത്രമായിരിക്കും. യേഹ്ശുവായുടെ ഒരോ വാക്കും കൃത്യതയുള്ളതാണെന്ന് മാത്രമല്ല, അവന്‍ തന്റെ വാക്കുകളിലൊന്നിലും അതിശയോക്തി കലര്‍ത്തിയിട്ടുമില്ല. അതായത്, അവന്റെ അധരങ്ങളിലൂടെ പുറത്ത് വന്നത് അളന്ന് തൂക്കിയ വാക്കുകള്‍ മാത്രമാണ്. ഈ സത്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടായിരിക്കണം യേഹ്ശുവായുടെ വാക്കുകള്‍ പരിഗണിക്കുന്നത്. ആയതിനാല്‍, യേഹ്ശുവാ തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തത് ശ്രദ്ധിക്കുക: “അവന്‍ പറഞ്ഞു: യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുകതന്നെ ചെയ്യും”(മത്തായി: 17; 11). യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമെന്ന് പറയുമ്പോള്‍, ചില കാര്യങ്ങള്‍ നാം വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.
ആദ്യമായി നാം മനസ്സിലാക്കിയിരിക്കേണ്ടത് ‘പുനഃസ്ഥാപനം’ എന്ന വാക്കിന്റെ അര്‍ത്ഥമാണ്. അതുപൊലെതന്നെ, പുനഃസ്ഥാപിക്കപ്പെടുന്നത് എന്തെല്ലാമാണെന്നും മനസ്സിലാക്കിരിക്കണം. പുനഃസ്ഥാപിക്കുകയെന്നാല്‍ എന്താണെന്ന്, അഥവാ പുനഃസ്ഥാപനം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ആദ്യം വ്യക്തമാക്കാം. ലളിതമായി പറഞ്ഞാല്‍, പുനഃസ്ഥാപനം എന്നത് നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കല്‍ അല്ലെങ്കില്‍ യഥാര്‍ത്ഥ നിലയിലേക്ക് കൊണ്ടുവരല്‍ ആണ്. മുന്‍പ് ഉണ്ടായിരുന്ന എന്തെങ്കിലും നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് പുനഃസ്ഥാപനം ആവശ്യമായിവരുന്നത്. പുതിയതായി എന്തെങ്കിലും നിര്‍മ്മിക്കുന്നതിന് പുനഃസ്ഥാപനമെന്ന് പറയാറില്ല.
യെരുശലേമില്‍ ആദ്യമായി ഒരു ദൈവാലയം നിര്‍മ്മിച്ചത് ശലോമോനായിരുന്നു. പിന്നീട് പലപ്പോഴായി ആ ദൈവാലയം ശത്രുക്കളാല്‍ ആക്രമിക്കപ്പെടുകയും, ഒരിക്കല്‍ അത് പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബാബിലോണിയന്‍ രാജാവായ നെബുക്കദ്നേസ്സര്‍ ബി.സി. 586-ല്‍ യെരുശലേം കീഴടക്കിയപ്പോഴാണ് ദൈവാലയം ആദ്യമായി നശിപ്പിക്കപ്പെട്ടത്. അന്ന് അവര്‍ ദൈവാലയം പൂര്‍ണ്ണമായി നശിപ്പിച്ചു. ബാബിലോണിയന്‍ സൈന്യം ദൈവാലയം അഗ്നിക്കിരയാക്കുകയും, വിലപിടിപ്പുള്ള സ്വര്‍ണ്ണ-വെള്ളി പാത്രങ്ങളും വെങ്കല ഉപകരണങ്ങളും കൊള്ളയടിക്കുകയും ചെയ്തു. അവശേഷിച്ച കല്‍ക്കെട്ടുകള്‍പ്പോലും അവര്‍ ഇളക്കിമാറ്റി. മാത്രവുമല്ല, യെഹൂദാജനത്തെ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപൊകുകയും ചെയ്തു.
ബാബിലോണിയന്‍ പ്രവാസത്തിന് ശേഷം, പേര്‍ഷ്യന്‍ രാജാവായ കിറുസ് നല്‍കിയ വിളംബരപ്രകാരമാണ് ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. ബി.സി. 536-ല്‍ ആയിരുന്നു രാജാവിന്റെ വിളംബരം. ശത്രുക്കളുടെ എതിര്‍പ്പ് നിമിത്തം പണി തടസ്സപ്പെട്ടു. ബി.സി. 520-ല്‍ ഹഗ്ഗായി, ശെഖരിയാഹ് എന്നീ പ്രവാചകന്മാരുടെ പ്രോത്സാഹനത്താല്‍ സെറുബ്ബാബേലും യേഹ്ശുവായും ചേര്‍ന്ന് പണി പുനരാരംഭിച്ചു. ബി.സി. 516 -ല്‍ ആദാര്‍ മാസം 3-ാം തീയതി ദാരിയുസ് രാജാവിന്റെ ഭരണത്തിന്റെ ആറാം വര്‍ഷമാണ് ദൈവാലയത്തിന്റെ പുനഃസ്ഥാപനം പൂര്‍ത്തിയായത്. അതായത്, നശിപ്പിക്കപ്പെട്ടതിന് ശേഷം 70 വര്‍ഷക്കാലം യെരുശലേമില്‍ ദൈവാലയം ഉണ്ടായിരുന്നില്ല. ബി.സി. 516 -ല്‍ നടന്നത് ദൈവാലയത്തിന്റെ പുനഃസ്ഥാപനമായിരുന്നു. ജനനേതാവായിരുന്ന സെറുബ്ബാബേലും പുരോഹിതനായിരുന്ന യേഹ്ശുവായുമാണ് ആ പുനഃസ്ഥാപനത്തിന് നേതൃത്വം നല്‍കിയത്.
യെസ്രാ എന്ന പുസ്തകത്തില്‍ യേഹ്ശുവാ എന്നും ഹഗ്ഗായിയുടെ പ്രവചനപുസ്തകത്തില്‍ യോഹ്ശ്വ എന്നും രേഖപ്പെടുത്തിയിരിക്കുന്നത് ഒരാളെക്കുറിച്ചുതന്നെയാണ്. ‘യാഹ്‌വെ രക്ഷയാകുന്നു’ എന്നാണ് രണ്ട് പേരുകളുടെയും അര്‍ത്ഥം. മ്ശിയാഹ് ഈ ഭൂമിയിലേക്ക് വന്നതും ഇതേ പേരിലാണെന്ന് നമുക്കറിയാം. പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ പേരിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍, ആ വിഷയത്തിലേക്ക് ഇപ്പോള്‍ നാം കടക്കുന്നില്ല. കാരണം, ‘പുനഃസ്ഥാപനം’ എന്ന വാക്കിന്റെ അര്‍ത്ഥമാണ് ആദ്യമായി നാം ഗ്രഹിക്കേണ്ടത്. ദൈവാലയത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ച് ഇവിടെ കുറിച്ചതുതന്നെ ‘പുനഃസ്ഥാപനം’ എന്ന വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കാനാണ്. ദൈവാലയം നിന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും നിര്‍മ്മിക്കുന്നതിനെയാണ് ‘പുനഃസ്ഥാപനം’ എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നത്.
പുനഃസ്ഥാപനം എന്ന വാക്ക്, നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുക എന്ന ലളിതമായ അര്‍ത്ഥമാണ് നല്‍കുന്നതെങ്കിലും ആത്മീയതലത്തില്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. പുരാതനകാലത്ത് ദൈവം മനുഷ്യവര്‍ഗ്ഗത്തിന് കൈമാറ്റം ചെയ്യുകയും പിന്നീട് കാലക്രമേണ വികലമാക്കപ്പെടുകയും ചെയ്ത സത്യമായ ഉപദേശങ്ങളെയും നിയമങ്ങളെയും യേഹ്ശുവാ മ്ശിയാഹിന്റെ പ്രത്യാഗമനത്തിന് മുന്‍പ് അവയുടെ യഥാര്‍ത്ഥവും ആധികാരികവുമായ രൂപത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയയാണ് പുനഃസ്ഥാപനം. പാപപരിഹാരാര്‍ത്ഥം ഒരിക്കല്‍ യേഹ്ശുവാ ഈ ഭൂമിയില്‍ വന്നപ്പോഴും വികലമാക്കപ്പെട്ട നിയമങ്ങളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മോശയുടെ നിയമങ്ങളെ അവഗണിച്ച് പിതാക്കന്മാരുടെ പാരമ്പര്യങ്ങള്‍ക്ക് പിന്നാലെ പോയ ഒരു ജനത്തെയാണ് അന്ന് അവന്‍ കുറ്റപ്പെടുത്തിയത്. യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: “ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, യേശൈയാഹ് നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു”(മത്തായി: 15; 6-9).
ഒന്നാമത്തെ ആഗമനത്തില്‍ യേഹ്ശുവാ ചെയ്തത് യിസ്രായേല്‍ജനത്തെ കുറ്റപ്പെടുത്തുക മാത്രമാണ്. എന്തെന്നാല്‍, അന്ന് അവന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം തന്റെ ദൗത്യത്തിന്റെ പ്രത്യേകതകൂടി പരിഗണിച്ചായിരുന്നു. യേഹ്ശുവാ ഈ ഭൂമിയിലേക്ക് പരിപൂര്‍ണ്ണ മനുഷ്യനായി വന്നത് പാപപരിഹാരാര്‍ത്ഥം തന്റെ ശരീരവും രക്തവും ബലിയായി അര്‍പ്പിക്കാനാണ്. എന്നാല്‍, അന്നത്തെപ്പോലെ ശാന്തനും വിനീത ഹൃദയനുമായി ആയിരിക്കില്ല പ്രത്യാഗമനത്തില്‍ അവന്‍ കാണപ്പെടുന്നത്. അസഹിഷ്ണുവായ ദൈവവും സര്‍വ്വാധിപതിയായ രാജാവുമായി അവന്‍ വരുകയും വ്യാജ മ്ശിയാഹിനെ വധിക്കുകയും ചെയ്യും. തിന്മയാല്‍ നിറഞ്ഞ ലോകത്തെ ശാപംകൊണ്ട് നശിപ്പിക്കാന്‍ തക്കവിധം ക്രോധത്തോടെയാണ് യേഹ്ശുവാ വരുന്നതെന്നും പ്രവചനമുണ്ട്. അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നാഥനായ യേഹ്ശുവാ തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ ഉന്മൂലനംചെയ്യുകയും ചെയ്യും”(2 തെസ്സലോനിക്കി: 2; 8).
മൃഗം, നിയമനിഷേധി എന്നിങ്ങനെയെല്ലാം ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്നത് വ്യാജ മ്ശിയാഹിനെ തന്നെയാണ്. ദൈവികനിയമങ്ങളെ നിഷേധിക്കുന്നതുകൊണ്ടാണ് അവനെ നിയമനിഷേധി എന്ന് വിളിക്കുന്നത്. മോശയിലൂടെ നല്‍കപ്പെട്ട ദൈവികനിയമങ്ങളെയെല്ലാം അവന്‍ നിഷേധിക്കുകയും, അവയ്ക്കുപരിയായി തന്റെ പൈശാചിക നിയമങ്ങള്‍ അവന്‍ സ്ഥാപിക്കുകയും ചെയ്യും. അധാര്‍മ്മികമായ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത് അവന്റെ ആത്മാവാണ്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളെ മഹത്വീകരിക്കുവാനും പ്രചരിപ്പിക്കുവാനും വിപുലമായ സംവിധാനങ്ങളാണ് നിയമനിഷേധി ഒരുക്കിയിരിക്കുന്നത്. അനീതി നിറഞ്ഞ നിയമങ്ങളെ നീതിയുക്തമായ നിയമങ്ങളായി പരിഗണിക്കാന്‍ ലോകമനുഷ്യനെ പ്രേരിപ്പിക്കുന്നത് അവന്റെ ആത്മാവാണ്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ കാലഹരണപ്പെട്ടുവെന്ന് വാദിക്കുന്നവര്‍ ക്രൈസ്തവരെന്ന് പറയപ്പെടുന്ന സമൂഹങ്ങളിലുണ്ടെങ്കില്‍, അവരെ നയിക്കുന്നത് നിയമനിഷേധി എന്ന വ്യാജ മ്ശിയാഹിന്റെ ആത്മാവാണെന്ന് നാം തിരിച്ചറിയണം. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് യേഹ്ശുവാ നല്‍കിയിരിക്കുന്ന ഗൗരവം പ്രസക്തമാകുന്നത് ഇവിടെയാണ്!
എന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് ലഭിച്ച ശിക്ഷയേക്കാള്‍ കഠിനമായ ശിക്ഷയാണ് യേഹ്ശുവായുടെ വാക്കുകളെ അനുസരിക്കാത്തവര്‍ക്ക് ലഭിക്കാനിരിക്കുന്നതെന്ന് അപ്പസ്തോലന്മാര്‍ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവന് ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?”(ഹെബ്രായര്‍: 10; 28-29). ശൗവുല്‍ നല്‍കിയ ഈ മുന്നറിയിപ്പിനെ നാം നിസ്സാരമായി കാണരുത്. എന്തെന്നാല്‍, മോശയിലൂടെ നിയമം നല്‍കിയ ദൈവമായ യാഹ്‌വെയും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രഖ്യാപനം നോക്കുക: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും. എന്റെ പേരില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോട് ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18-19). യേഹ്ശുവായുടെ വാക്കുകളെ അവഗണിക്കുകയും അവഗണിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ അവന്റെ പ്രത്യാഗമനത്തെ ഭയപ്പെടണം. എന്തെന്നാല്‍, പാപപരിഹാരാര്‍ത്ഥം ഒരിക്കല്‍ വന്നതുപോലെ ആയിരിക്കില്ല യേഹ്ശുവായുടെ പ്രത്യാഗമനം.
യേഹ്ശുവായുടെ പ്രത്യാഗമനം എപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളാണ് നാമിവിടെ പരിശോധിച്ചത്. അവന്‍ വരുന്നത് ക്രോധത്തോടെയായിരിക്കുമെന്ന് മലാക്ഖിയുടെ പ്രവചനത്തിലും വായിക്കാന്‍ സാധിക്കും. ഈ പ്രവചനം നോക്കുക: “യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിന് മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്ന് ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും”(മലാക്ഖി: 4; 5-6). ഈ പ്രവചനവും തെസ്സലോനിക്കി ലേഖനവും ചേര്‍ത്തുവച്ച് പഠിക്കുമ്പോള്‍ മറ്റൊരു കാര്യംകൂടി മനസ്സിലാക്കാന്‍ സാധിക്കും. അതായത്, യേഹ്ശുവാ വന്ന് വ്യാജ മ്ശിയാഹിനെ വധിക്കുമ്പോള്‍, അവനെ അനുഗമിച്ചവരും നശിപ്പിക്കപ്പെടും. അങ്ങനെ ഭൂമിയിലെ സകല മനുഷ്യരും വധിക്കപ്പെടാതിരിക്കാനാണ് യേലിയാഹും മോശയും അയയ്ക്കപ്പെടുന്നത്. അവര്‍ വന്ന് സകലതും പുനഃസ്ഥാപിക്കുന്നതിലൂടെ ശാപത്തില്‍നിന്നും നാശത്തില്‍നിന്നും വിടുതല്‍ നേടാന്‍ അനേകര്‍ക്ക് അവസരം ലഭിക്കും.
യേഹ്ശുവാ വന്ന് ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കുമെന്നതാണ് മലാക്ഖി പ്രവചനത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മറ്റൊരു കാര്യം. എന്താണ് ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്? ഇത് കൃത്യതയോടെ മനസ്സിലാകണമെങ്കില്‍ ഇവിടെ നാം വായിച്ച മലാക്ഖി പ്രവചനത്തിന്റെ തൊട്ടുമുന്‍പത്തെ വാക്യം പരിശോധിച്ചാല്‍ മതി. ആ വാക്യമിതാണ്: “എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ യിസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറെബില്‍വച്ച് ഞാന്‍ അവന് നല്‍കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍”(മലാക്ഖി: 4; 4). പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കുകയെന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളിലേക്ക് ഈ തലമുറയെ തിരിക്കുമെന്നാണ് നാം മനസ്സിലാക്കേണ്ടത്. അതായത്, മലാക്ഖിയുടെ പ്രവചനത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ പുനഃസ്ഥാപിക്കുമെന്നാണ്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍നിന്ന് പൂര്‍ണ്ണമായും അകന്നുപോയ ഒരു തലമുറയാണ് ഇന്നുള്ളത്. മോശയിലൂടെ നല്കപ്പെട്ടതും യേഹ്ശുവാ സ്ഥിരീകരിച്ചതുമായ നിയമങ്ങളെ ‘പഴയനിയമം’ എന്ന് ഇകഴ്ത്തുന്നത് ക്രൈസ്തവരെന്ന് പറയപ്പെടുന്നവര്‍ തന്നെയാണ്.
മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളെക്കുറിച്ച് യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്നത് എന്താണെന്ന് നോക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്ന് വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്ന് വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു”(മത്തായി: 5; 17-20). ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്നാണ് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമജ്ഞരെന്ന് പറയപ്പെടുന്ന നേതാക്കന്മാരുടെ നിയമപരിഷ്ക്കരണങ്ങളെ അവഗണിക്കണമെന്ന മുന്നറിയിപ്പും യേഹ്ശുവായുടെ ഈ വചനത്തിലുണ്ട്. നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുകയെന്നാല്‍, അവയെ മറികടക്കുകയെന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്!
വിജ്ഞാനികളും വിവേകികളും എന്ന് പറയപ്പെടുന്നവരും ലോകവും ഒന്നുചേര്‍ന്ന് നശിപ്പിച്ച നിയമങ്ങളുടെ പുനഃസ്ഥാപനം സംഭവിച്ചില്ലെങ്കില്‍ ഒരുവന്‍പോലും ദൈവരാജ്യം കാണുകയില്ല. സകല മനുഷ്യരെയും ദൈവരാജ്യത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനനിരതനായിരിക്കുന്ന നിയമനിഷേധിയുടെ ആത്മാവാണ് ദൈവികനിയമങ്ങളെ നീക്കംചെയ്തത്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ ഇന്ന് ക്രൈസ്തവരില്‍നിന്നുപോലും നീക്കംചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, അത് പുനഃസ്ഥാപിക്കപ്പെടും. യേലിയാഹ് വന്ന് പുനഃസ്ഥാപിക്കുന്നവയില്‍ ഒന്ന് മോശയുടെ നിയമങ്ങളാണ്!
അതുകൊണ്ടാണ് പുനഃസ്ഥാപനം എന്ന വാക്കിന് ആത്മീയതലത്തില്‍ വളരെ വലിയ പ്രാധാന്യമുണ്ടെന്ന് പറയുന്നത്. അപ്പസ്തോലനായ കേപ്ഫായുടെ വാക്കുകള്‍ ഈ പുനഃസ്ഥാപന കാലത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. മോശയുടെയും മറ്റ് പ്രവാചകന്മാരുടെയും ലിഖിതങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് കേപ്ഫാ നല്‍കിയ പ്രബോധനം ശ്രദ്ധിക്കുക: “നിങ്ങള്‍ക്ക് യാഹ്‌വെയുടെ സന്നിധിയില്‍നിന്ന് സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി മ്ശിയാഹായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേഹ്ശുവായെ അവന്‍ അയയ്ക്കുകയും ചെയ്യും. ആദിമുതല്‍ തന്റെ വിശുദ്ധ പ്രവാചകന്മാര്‍വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലംവരെ സ്വര്‍ഗ്ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോട് പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. ആ പ്രവാചകന്റെ വാക്ക് കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്ന് പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടും. ശമുയേലും തുടര്‍ന്നുവന്ന പ്രവാചകന്മാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 3; 20-24).
മോശയിലൂടെ യാഹ്‌വെ അരുളിച്ചെയ്ത കാര്യങ്ങള്‍തന്നെയാണ് കേപ്ഫാ ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നത്. കേപ്ഫാ ഇവിടെ പറഞ്ഞിരിക്കുന്ന പുനഃസ്ഥാപനത്തെ സംബന്ധിച്ചും ഗൗരവമായി നാം ചിന്തിക്കേണ്ടതുണ്ട്. യേഹ്ശുവാ ഒരിക്കല്‍ വന്നുവെങ്കിലും എല്ലാം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമെന്ന് യേഹ്ശുവാ അരുളിച്ചെയ്ത വചനവുമായി കേപ്ഫായുടെ വാക്കുകളെ ചേര്‍ത്തുവച്ച് മനസ്സിലാക്കണം. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുനഃസ്ഥാപിക്കപ്പെടേണ്ട മറ്റുകാര്യങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കേണ്ടത്. അതിനുമുന്‍പ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട മറ്റ് ചില തെളിവുകളുണ്ട്. അത് യേലിയാഹിന്റെയും മോശയുടെയും വരവിനെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ്.
യേലിയാഹും മോശയും!
പുനഃസ്ഥാപനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നാം മനസ്സിലാക്കി. പുനഃസ്ഥാപിക്കപ്പെടേണ്ടവയില്‍ ഒന്ന് നിയമങ്ങളാണെന്നും നാം കണ്ടു. മറ്റെന്തെല്ലാമാണ് പുനഃസ്ഥാപിക്കപ്പെടേണ്ടത് എന്നതിന്റെ വിവരണത്തിലേക്ക് കടക്കുന്നതിന് മുന്‍പ് യേലിയാഹിന്റെയും മോശയുടെയും വരവിനെക്കുറിച്ച് വിശുദ്ധലിഖിതങ്ങള്‍ നല്‍കുന്ന സാക്ഷ്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. യേലിയാഹിന്റെ വരവിനെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളിലും നവീനഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ടെങ്കിലും, മോശയുടെ വരവിനെ പേരെടുത്ത് പരാമര്‍ശിക്കുന്ന ലിഖിതങ്ങള്‍ പുരാതനഗ്രന്ഥങ്ങളില്‍ എവിടെയും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, നവീനഗ്രന്ഥങ്ങളുടെ ഭാഗമായ വെളിപാട് പുസ്തകത്തില്‍ മോശയുടെ വരവിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുമുണ്ട്.
യേലിയാഹിന്റെ വരവിനെക്കുറിച്ച് ഏറ്റവും വ്യക്തതയോടെ പ്രവചിച്ചിട്ടുള്ളത് മലാക്ഖി പ്രവാചകനാണ്. പ്രാരംഭത്തില്‍ നാം വായിച്ച ആ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിന് മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്ന് ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും”(മലാക്ഖി: 4; 5-6). യേലിയാഹിന്റെ വരവുമായി ബന്ധപ്പെട്ട് അപ്പസ്തോലന്മാര്‍ യേഹ്ശുവായോട് ചോദ്യമുന്നയിച്ചതും, യേഹ്ശുവാ അതിന് മറുപടി പറഞ്ഞതും ഈ പ്രവചനത്തെ അടിസ്ഥാനമാക്കിയാണ്. ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “അവര്‍ അവനോട് ചോദിച്ചു: യേലിയാഹ് ആദ്യം വരണമെന്ന് നിയമജ്ഞര്‍ പറയുന്നത് എന്തുകൊണ്ടാണ്? അവന്‍ പറഞ്ഞു: യേലിയാഹ് ആദ്യമേ വന്ന് എല്ലാം പുനഃസ്ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? ഞാന്‍ നിങ്ങളോട് പറയുന്നു: യേലിയാഹ് വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ, തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോട് ചെയ്തു”(മാര്‍ക്കോ: 9; 11-13).
യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, അവന്‍ വന്നുകഴിഞ്ഞു എന്നുകൂടി യേഹ്ശുവാ ഇവിടെ വ്യക്തമാക്കി. എന്താണ് ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്? ഇനിയും യേലിയാഹിനെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണോ? ഈ ഭൂമിയില്‍ എപ്പോഴെല്ലാം യേഹ്ശുവാ വരേണ്ടതുണ്ടോ, അപ്പോഴെല്ലാം അതിന്റെ മുന്നോടിയായി യേലിയാഹും വരേണ്ടതുണ്ട് എന്നതാണ് ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട യഥാര്‍ത്ഥ സത്യം. യേഹ്ശുവായുടെ ഒന്നാമത്തെ ആഗമനത്തിന് മുന്നോടിയായി സ്നാപകയോഹന്നാന്‍ വന്നത് അവന് വഴിയൊരുക്കാനായിരുന്നു. യോഹന്നാന്‍ തന്നെയാണ് യേലിയാഹ് എന്ന് യേഹ്ശുവാ വ്യക്തമാക്കിയതുകൊണ്ട് അക്കാര്യത്തില്‍ അവിശ്വസിക്കേണ്ടതായി ഒന്നുമില്ല. യേഹ്ശുവായുടെ സാക്ഷ്യം ശ്രദ്ധിക്കുക: “യോഹന്നാന്‍വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന യേലിയാഹ്. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”(മത്തായി: 11; 13-15).
യോഹന്നാനെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍നിന്ന് വന്ന ദൈവദൂതന്‍ നല്‍കിയ സാക്ഷ്യം നോക്കുക: “പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ യാഹ്‌വെയ്ക്കുവേണ്ടി ഒരുക്കാനും യേലിയാഹിന്റെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ നാഥന്റെ മുമ്പേ പോകും”(ലൂക്കാ: 1; 17). യേലിയാഹിന്റെ യഥാര്‍ത്ഥ ദൗത്യം എന്താണെന്ന് ദൈവദൂതന്‍ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. യേലിയാഹിന്റെ ദൗത്യത്തെക്കുറിച്ച് മലാക്ഖി പ്രവചിച്ചത് എന്തോ, അതുതന്നെയാണ് സ്നാപകയോഹന്നാന്റെ ദൗത്യവുമായി ബന്ധപ്പെടുത്തി ദൈവദൂതന്‍ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. യേലിയാഹിന്റെ ഈ ദൗത്യം പൂര്‍ണ്ണമായ അവസ്ഥയില്‍ നിര്‍വ്വഹിക്കപ്പെടുന്നത് യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്നോടിയായി വരുമ്പോഴാണ്. എന്തെന്നാല്‍, പുനഃസ്ഥാപിക്കപ്പെടേണ്ട കാര്യങ്ങള്‍ മറ്റേതൊരു കാലത്തേതിനേക്കാള്‍ അധികമായി ഇന്നുണ്ട്. ദൈവരാജ്യപ്രവേശത്തെപ്പോലും തടസ്സപ്പെടുത്തുന്ന വിധത്തില്‍ സത്യമാര്‍ഗ്ഗം അടയ്ക്കപ്പെട്ട അവസ്ഥയെയാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍പോലും ഇന്ന് അഭിമുഖീകരിക്കുന്നത്. യേലിയാഹ് വന്ന് ആ സത്യമാര്‍ഗ്ഗം പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ ഒരുവന്‍പോലും ദൈവരാജ്യം കാണുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം!
മലാക്ഖി പ്രവാചകന്‍ പ്രവചിച്ചതും ദൈവദൂതന്‍ സാക്ഷ്യപ്പെടുത്തിയതും യേഹ്ശുവാ പ്രഖ്യാപിച്ചതും യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. മോശയുടെ ദൗത്യത്തെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശം ഇവരാരും നടത്തിയില്ല. എന്നാല്‍, പരോക്ഷപരാമര്‍ശം ഇവരെല്ലാം നടത്തിയിട്ടുമുണ്ട്. യേഹ്ശുവായുടെ ആഗമനവുമായും പ്രത്യാഗമനവുമായും ബന്ധപ്പെട്ട് മോശയുടെ ദൗത്യം എന്താണ്?
മോശയുടെ ദൗത്യത്തെക്കുറിച്ച് പറയുമ്പോള്‍, മോശയും യേലിയാഹും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാന്‍ കഴിയില്ല. നിയമം നല്‍കപ്പെട്ടത് മോശയിലൂടെയാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, മോശ അറിയപ്പെടുന്നത് പ്രധാനമായും നിയമവുമായി ബന്ധപ്പെട്ടാണ്. അതുപോലെതന്നെ, യേലിയാഹിനും മറ്റൊരു വിധത്തില്‍ നിയമവുമായി ബന്ധമുണ്ട്. എന്നാല്‍, യേലിയാഹും നിയമവും തമ്മിലുള്ള ബന്ധം അധികമാരും ചിന്തിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിയമവുമായി യേലിയാഹിന്റെ ബന്ധം എന്താണ്?
മോശ 40 പകലും 40 രാവും ഹോറെബ് മലയില്‍ ചിലവഴിച്ച് നിയമം സ്വീകരിച്ചതുപോലെ, യേലിയാഹും 40 പകലും 40 രാവും യാത്ര ചെയ്ത് അതേ ഹോറെബ് മലയിലെത്തി ഉപേക്ഷിക്കപ്പെട്ട ഉടമ്പടിയെക്കുറിച്ച് ദൈവത്തോട് വിലപിച്ചു. താബോര്‍ മലയില്‍ യേഹ്ശുവാ മ്ശിയാഹിന്റെ മഹത്വീകരണ വേളയില്‍ മോശയും യേലിയാഹും പ്രത്യക്ഷപ്പെട്ടത് വെറുമൊരു ദൃഷ്ടാന്തമല്ല. മറിച്ച്, അന്ത്യകാലത്ത് സകലതും പുനഃസ്ഥാപിക്കാന്‍ ഇവര്‍ രണ്ടുപേരും വരുന്നുവെന്നതിന്റെ ശക്തമായ തെളിവാണ്. നിയമനിഷേധി നിയമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, നിയമദാതാവായ മോശയും നിയമസംരക്ഷകനായ യേലിയാഹും വന്ന് സത്യത്തെ അതിന്റെ പൂര്‍ണ്ണതയില്‍ പുനഃസ്ഥാപിക്കുകതന്നെ ചെയ്യും. നിയമസംരക്ഷകന്‍ എന്ന വിശേഷണം എങ്ങനെയാണ് യേലിയാഹിന് ലഭിക്കുന്നതെന്ന് അറിയണമെങ്കില്‍ രാജാക്കന്മാരുടെ ഒന്നാം പുസ്തകം പരിശോധിച്ചാല്‍ മതി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവന്‍ എഴുന്നേറ്റ് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ട് നാല്പത് രാവും നാല്പത് പകലും നടന്ന് യാഹ്‌വെയുടെ മലയായ ഹോറെബിലെത്തി”(1 രാജാക്കന്‍മാര്‍: 19; 8).
നിയമത്തിന്റെ സാരഥിയായാണ് മോശ അറിയപ്പെടുന്നത്. യാഹ്‌വെ തന്റെ ജനത്തിന് ജീവിക്കാനായി നല്‍കിയ കല്പനകളും ചട്ടങ്ങളും കൈമാറപ്പെട്ടത് മോശയിലൂടെയാണ്. എന്നാല്‍, കാലക്രമേണ യിസ്രായേല്‍ ജനം ഈ നിയമങ്ങളെ വിസ്മരിക്കുകയും വികലമാക്കുകയും ചെയ്തു. ഇവിടെയാണ് നിയമത്തിന്റെ സംരക്ഷകനായി യേലിയാഹ് കടന്നുവരുന്നത്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍നിന്ന് ദൈവജനം പരിപൂര്‍ണ്ണമായി അകലുകയും, അവര്‍ ബാല്‍ദൈവങ്ങള്‍ക്ക് തങ്ങളെത്തന്നെ സമര്‍പ്പിച്ച് അശുദ്ധരാകുകയും ചെയ്ത കാലത്താണ് യേലിയാഹ് അയയ്ക്കപ്പെട്ടത്. അവന്‍ വന്ന് നിയമങ്ങള്‍ പുനഃസ്ഥാപിക്കുകയും ബാലിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ വെട്ടിവീഴ്ത്തി നശിപ്പിക്കുകയും ചെയ്തു. മാത്രവുമല്ല, അന്ന് തകര്‍ക്കപ്പെട്ട് കിടന്ന യാഹ്‌വെയുടെ ബലിപീഠം യേലിയാഹ് പുനര്‍നിര്‍മ്മിച്ചു. യിസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 കല്ലുകള്‍ കൊണ്ടാണ് അവന്‍ ബലിപീഠം പണിതത്. ഇത് മോശയിലൂടെ നല്‍കപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലേക്ക് (The Foundation of the Law) ജനത്തെ തിരികെ വിളിക്കുന്നതിന്റെ പ്രതീകമായിരുന്നു.
ഉപേക്ഷിക്കപ്പെട്ട ഉടമ്പടിയെക്കുറിച്ച് (നിയമത്തെക്കുറിച്ച്) ഇത്രയധികം വേദനിക്കുന്ന മറ്റൊരു പ്രവാചകനില്ല. നിയമം ലംഘിക്കപ്പെടുമ്പോള്‍ ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവനാണ് ‘സംരക്ഷകന്‍’. യേലിയാഹിന്റെ വിലാപം നോക്കുക: “അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെപ്രതി ഞാന്‍ അതീവതീക്ഷ്ണതയാല്‍ ജ്വലിക്കുകയാണ്. യിസ്രായേല്‍ജനം നിന്റെ ഉടമ്പടി ലംഘിച്ചു. അവര്‍ നിന്റെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും നിന്റെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്റെയും ജീവന്‍ അവര്‍ വേട്ടയാടുന്നു”(1 രാജാക്കന്‍മാര്‍: 19; 14). മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള യേലിയാഹിന്റെ തീക്ഷ്ണത ഈ വാക്കുകളില്‍ ദര്‍ശിക്കാന്‍ കഴിയും. മോശ നിയമം സ്വീകരിച്ച അതേ ഹോറെബ് മലയിലേക്ക് 40 ദിവസത്തെ യാത്രയിലൂടെ യേലിയാഹ് എത്തിയത് ഉപേക്ഷിക്കപ്പെട്ട ‘ഉടമ്പടി’യെക്കുറിച്ച് ദൈവത്തോട് വിലപിക്കാനായിരുന്നു. നിയമത്തോടുള്ള ഈ തീക്ഷ്ണതയാണ് അവനെ നിയമത്തിന്റെ സംരക്ഷകനാക്കുന്നത്. അതുകൊണ്ട്, യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമ്പോള്‍, അത് മോശയിലൂടെ നല്‍കപ്പെട്ട സത്യമായ നിയമങ്ങളുടെ ആധികാരികമായ പുനഃസ്ഥാപനം കൂടിയായിരിക്കും.
യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമെന്ന് യേഹ്ശുവാ അരുളിച്ചെയ്തപ്പോള്‍, അതില്‍ മോശയുടെ സാന്നിദ്ധ്യവും ദൗത്യവും അദൃശ്യമായി അടങ്ങിയിരിക്കുന്നു. പുനഃസ്ഥാപനം എന്നത് നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കലാണെങ്കില്‍, എന്ത് നഷ്ടപ്പെട്ടുവോ അത് നല്‍കിയ വ്യക്തിയും (മോശ), അത് സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയും (യേലിയാഹ്) ഒരുമിച്ച് വരേണ്ടത് അനിവാര്യമാണ്. വിശുദ്ധ ലിഖിതങ്ങളില്‍ ഉടനീളം ഇവര്‍ രണ്ടുപേരും ഒരേ ദൗത്യത്തിന്റെ രണ്ട് വശങ്ങളായി നില്‍ക്കുന്നത് കാണാം. ചുരുക്കത്തില്‍, മോശ നിയമം കൊണ്ടുവന്നു; ആ നിയമം ലംഘിക്കപ്പെട്ടപ്പോള്‍ അത് പുനഃസ്ഥാപിക്കാന്‍ യേലിയാഹ് പോരാടി. അതുകൊണ്ടാണ് വെളിപാടിലെ രണ്ട് സാക്ഷികളായി ഇവര്‍ രണ്ടുപേരും വരുന്നത് ഏറ്റവും യുക്തിസഹമായിരിക്കുന്നത്.
രണ്ട് സാക്ഷികളെക്കുറിച്ച് വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനമിതാണ്: “ചാക്കുടുത്ത് ആയിരത്തിയിരുന്നൂറ്റിയറുപത് ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ട് സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ട് ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നിപുറപ്പെട്ട് ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ട് ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരം ഉണ്ട്”(വെളിപാട്: 11; 3-6). യേഹ്ശുവായുടെ ഒന്നാമത്തെ ആഗമനത്തിന് ശേഷമാണ് യോഹന്നാന് വെളിപാട് ലഭിച്ചതെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത് യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്നോടിയായി സംഭവിക്കേണ്ട കാര്യമാണെന്ന് വ്യക്തം!
ഈ പ്രവചനത്തില്‍ രണ്ട് സാക്ഷികള്‍ അയയ്ക്കപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അവരെക്കുറിച്ച് നല്‍കിയ അടയാളങ്ങള്‍ പരിശോധിക്കുമ്പോള്‍ അവര്‍ ആരെല്ലാമാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. അവര്‍ ഈ ഭൂമിയില്‍ പ്രവചനം നടത്തിയ കാലത്ത് മഴ പെയ്യാതിരിക്കാന്‍ ആകാശം അടയ്ക്കാനുള്ള അധികാരമുള്ളവരായിരുന്നുവെന്നതാണ് അവരുടെ അടയാളങ്ങളില്‍ ഒന്ന്. ഇങ്ങനെയൊരു അടയാളം പ്രവര്‍ത്തിച്ചത് ആരായിരുന്നുവെന്ന് നോക്കുക: “ഗിലെയാദിലെ തിഷ്‌ബെയില്‍നിന്നുള്ള യേലിയാഹ്പ്രവാചകന്‍ ആഹാബിനോട് പറഞ്ഞു: ഞാന്‍ സേവിക്കുന്ന യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയാണേ, വരുംവര്‍ഷങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല”(1 രാജാക്കന്‍മാര്‍: 17; 1). ആകാശം അടയ്ക്കാന്‍ മാത്രമല്ല, തുറക്കാനുള്ള അധികാരവും യേലിയാഹിന് നല്‍കപ്പെട്ടിരുന്നുവെന്ന് അപ്പസ്തോലനായ യാക്കോബ് വ്യക്തമാക്കിയിട്ടുണ്ട്. യാക്കോബിന്റെ വാക്കുകള്‍ നോക്കുക: “യേലിയാഹ് നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല. വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു”(യാക്കോബ്: 5; 17, 18). യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്നോടിയായി അയയ്ക്കപ്പെടുന്ന സാക്ഷികളില്‍ ഒരാള്‍ യേലിയാഹ് ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന തെളിവാണിത്.
ഇതിനോട് ചേര്‍ത്ത് വയ്ക്കാവുന്ന അടയാളം മോശയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശം തുറന്ന് കന്മഴ പെയ്യിച്ചുകൊണ്ടാണ് മോശ അടയാളം നല്‍കിയത്. ഈ വിവരണം ശ്രദ്ധിക്കുക: “മോശ തന്റെ വടി ആകാശത്തേക്ക് നീട്ടി. യാഹ്‌വെ ഇടിയും കന്‍മഴയും അയച്ചു. മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി. യാഹ്‌വെ ഈജിപ്തില്‍ കന്‍മഴ പെയ്യിച്ചു”(പുറപ്പാട്: 9; 23). ആകാശം അടയ്ക്കാനും തുറക്കാനുമുള്ള അധികാരം യേലിയാഹിന് ഉണ്ടായിരുന്നതുപോലെ മോശയ്ക്കും ഉണ്ടായിരുന്നു. ആകാശം തുറന്ന് കന്മഴ പെയ്യിക്കാന്‍ മാത്രമല്ല മോശ ആകാശത്തേക്ക് വടി ഉയര്‍ത്തിയത്. ഈ വിവരണം ശ്രദ്ധിക്കുക: “മോശ ഫറവോയുടെ അടുക്കല്‍നിന്ന് പുറപ്പെട്ട് പട്ടണത്തിന് വെളിയിലേക്ക് പോയി, യാഹ്‌വെയുടെ നേര്‍ക്ക് കൈകള്‍ വിരിച്ച് പ്രാര്‍ത്ഥിച്ചു. ഉടനെ ഇടിമുഴക്കവും കന്‍മഴയും നിലച്ചു. അതിനുശേഷം മഴ പെയ്തില്ല”(പുറപ്പാട്: 9; 33, 34). മഹാമാരികള്‍ക്കൊണ്ട് ഭൂമിയെ പീഡിപ്പിക്കാന്‍ ദൈവത്തില്‍നിന്ന് അധികാരം ലഭിച്ചത് മോശയ്ക്ക് മാത്രമായിരുന്നു. അവന്‍ ഈജിപ്തിനെ പീഡിപ്പിക്കാന്‍ അയച്ചത് പത്ത് മഹാമാരികളാണ്.
വെളിപാട് പുസ്തകത്തില്‍ പറയുന്ന അടയാളങ്ങളില്‍ ഒന്ന് വിരല്‍ചൂണ്ടുന്നത് മോശയിലേക്കും യേലിയാഹിലേക്കുമാണെന്ന് ഇവിടെ നാം മനസ്സിലാക്കി. അതായത്, ആകാശം അടയ്ക്കാനും തുറക്കാനും അധികാരമുള്ളവരായി കാണപ്പെട്ട രണ്ട് പ്രവാചകന്മാര്‍ മോശയും യേലിയാഹും ആയിരുന്നു! സാക്ഷികളെക്കുറിച്ച് വെളിപാട് പുസ്തകത്തില്‍ പറയുന്ന മറ്റൊരടയാളം ജലം രക്തമാക്കി മാറ്റുന്നതാണ്. ഈ അധികാരം നല്‍കപ്പെട്ടത് ആര്‍ക്കാണെന്ന് നോക്കുക: “യാഹ്‌വെ കല്പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍ വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി. നദിയിലെ മത്‌സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗ്ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍നിന്ന് വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു”(പുറപ്പാട്: 7; 20, 21). ജലം രക്തമാക്കി മാറ്റിക്കൊണ്ട് അടയാളം നല്‍കിയത് മോശയാണെന്ന് വ്യക്തമാക്കുന്ന ലിഖിതമാണ് ഇവിടെ നാം വായിച്ചത്.
ജലം രക്തമാക്കി മാറ്റിയപ്പോള്‍ സ്വാഭാവികമായും ഈജിപ്തില്‍ ജലക്ഷാമം രൂക്ഷമായെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെതന്നെ, യേലിയാഹിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി മൂന്നര വര്‍ഷം മഴ പെയ്യാതിരുന്നപ്പോഴും ജലക്ഷാമംകൊണ്ട് ജനം പൊറുതിമുട്ടി! പ്രാണവായു കഴിഞ്ഞാല്‍, ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായത് ജലമാണെന്ന് നമുക്കറിയാം! ജലം രക്തമായി മാറുന്നത് ‘നിയമങ്ങളുടെ അശുദ്ധി’യെയോ ‘സത്യത്തിന്റെ വികലത’യെയോ ആണ് സൂചിപ്പിക്കുന്നത്. നിയമം വികലമാക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അത് നിത്യജീവനിലേക്കുള്ള മാര്‍ഗ്ഗം അടയ്ക്കപ്പെടുന്നു. ജീവജലത്തിന്റെ ഉറവയുമായി ബന്ധപ്പെടുത്തി ഈ വിഷയം ഗൗരവമായി പഠിക്കേണ്ടതാണ്. എന്നാല്‍, ജീവജലത്തിന്റെ ഉറവ എന്ന വിഷയത്തിലേക്ക് ഈ പഠനം വഴിതിരിക്കാന്‍ ഉദ്ദേശിക്കാത്തതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന രണ്ട് സാക്ഷികള്‍ മോശയും യേലിയാഹും ആണെന്ന് വ്യക്തമാക്കാനാണ് ഈ വചനങ്ങള്‍ ഇവിടെ കുറിച്ചത്. അതായത്, യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കുമ്പോള്‍ അവനോടൊപ്പം മോശയും ഉണ്ടായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
പുനഃസ്ഥാപിക്കപ്പെടേണ്ടത് എന്തെല്ലാം?
യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കുമെന്നാണ് യേഹ്ശുവാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. സകലതും പുനഃസ്ഥാപിക്കുമെന്ന് പറയുമ്പോള്‍ അത് എന്തെല്ലാമാണെന്ന് നാം മനസ്സിലാക്കിയിരിക്കണം. പുനഃസ്ഥാപനം എന്ന വാക്ക് സൂചിപ്പിക്കുന്നതുപോലെ, മുന്‍പ് ഉണ്ടായിരുന്നതും, എന്നാല്‍ ഇപ്പോള്‍ ഇല്ലാത്തതുമായത് എന്തെല്ലാമാണോ, അവയുടെയെല്ലാം വീണ്ടെടുക്കപ്പെടലാണ് ഉടന്‍ സംഭവിക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ, മാറ്റപ്പെടാന്‍ പാടില്ലാത്ത എന്തെല്ലാമാണ് മാറ്റപ്പെട്ടതെന്ന് പരിശോധിക്കണം. അതായത്, സമസ്തവും നിറവേറുവോളം വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചത് എന്തിനെക്കുറിച്ചാണോ, അതില്‍ എന്തെങ്കിലും ഇന്ന് ഇല്ലാതായിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍, പുനഃസ്ഥാപിക്കപ്പെടേണ്ടത് എന്തെല്ലാമാണെന്ന് വ്യക്തമാകും.
സമസ്തവും നിറവേറുവോളം വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചത് മോശയിലൂടെ നല്‍കപ്പെട്ട നിയമത്തെക്കുറിച്ചാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു”(മത്തായി: 5; 17, 18). സമസ്തവും നിറവേറുകയെന്നാല്‍, പ്രവചനങ്ങളെല്ലാം നിറവേറുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. എല്ലാ പ്രവചനങ്ങളും ഇതുവരെ നിറവേറിയിട്ടില്ലെന്ന് നമുക്കറിയാം. സുപ്രധാനമായ പല പ്രവചനങ്ങളും ഇനിയും നിറവേറാനുണ്ട്. യേലിയാഹിന്റെയും മോശയുടെയും വരവ്, യേഹ്ശുവായുടെ പ്രത്യാഗമനം, ഭൂമിയില്‍ സ്ഥാപിതമാകുന്ന യേഹ്ശുവായുടെ രാജ്യം അഥവാ ദൈവരാജ്യം, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഇനിയും നിറവേറാനുള്ളത്. അതായത്, മോശയിലൂടെ നല്കപ്പെട്ടതും യേഹ്ശുവാ സ്ഥിരീകരിച്ചതുമായ നിയമങ്ങളുടെയും, യേഹ്ശുവായുടെ കല്പനകളെ അടിസ്ഥാനമാക്കി അപ്പസ്തോലന്മാര്‍ നല്‍കിയ പ്രബോധനങ്ങളുടെയും പ്രാബല്യം അന്ത്യവിധി വരെയാണ്!
യാഹ്‌വെ നല്‍കിയ നിയമങ്ങളില്‍ എന്തെങ്കിലും ഭേദഗതി വരുത്താന്‍ അധികാരമുള്ള ഏക വ്യക്തി യേഹ്ശുവാ ആണെന്ന് മോശ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, യേഹ്ശുവാ അരുളിച്ചെയ്തതാണ് നിയമത്തെ സംബന്ധിക്കുന്ന അവസാനവാക്ക്! എന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ മാത്രമല്ല, അവയോട് ചേര്‍ത്ത് വച്ച് യേഹ്ശുവാ നല്‍കിയ കല്പനകളും ഇന്ന് ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു.
യേഹ്ശുവായുടെ ഉപദേശങ്ങളെ അടിസ്ഥാനമാക്കിയാണ് അപ്പസ്തോലന്മാര്‍ പ്രബോധനം നല്‍കിയതെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, അപ്പസ്തോലിക പ്രബോധനങ്ങളെ അവഗണിക്കുന്നവര്‍ യേഹ്ശുവായെത്തന്നെയാണ് അവഗണിക്കുന്നത്. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ക്ക് യേഹ്ശുവാ നല്‍കിയ അംഗീകാരം എന്താണെന്ന് നോക്കുക: “നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്റെ വാക്ക് കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു”(ലൂക്കാ: 10; 16). അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ക്ക് യേഹ്ശുവാ നല്‍കിയ അപ്രമാദിത്യാധികാരമാണിത്. ഈ അധികാരം അപ്പസ്തോലന്മാര്‍ അറിയിച്ച സുവിശേഷത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് അപ്പസ്തോലനായ ശൗവുല്‍ ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അതിശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. ശൗവുലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാത്തിയാ: 1; 8).
ശൗവുലിന്റെ മറ്റൊരു മുന്നറിയിപ്പ് നോക്കുക: “എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്ന് പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക”(2 കോറിന്ത്: 11; 4). അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവായ്ക്ക് പകരം കോണ്‍സ്റ്റന്റൈന്‍ നിര്‍ദ്ദേശിച്ച യീസുസിനെ പ്രസംഗിക്കാന്‍ ആരംഭിച്ചതോടെ നഷ്ടമായത് രക്ഷയ്ക്കായി നല്‍കപ്പെട്ട ഒരേയൊരു പേരാണ്! ജീവജലത്തിന്റെ ഉറവയായ യേഹ്ശുവായെ നീക്കംചെയ്തതിനുശേഷം, വിഷജലം പുറപ്പെടുവിക്കുന്ന യീസുസിനെ പ്രതിഷ്ഠിച്ചതിലൂടെ യിരെമിയാഹിന്റെ പ്രവചനം നിറവേറി! പ്രവചനമിതാണ്: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ട് തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു”(യിരെമിയാഹ്: 2; 11-13).
യേഹ്ശുവായെ മാത്രമല്ല, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനവും നീക്കംചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. നിഖ്യാ സൂനഹദോസിലെ തീരുമാനങ്ങളില്‍ രണ്ടാമത്തേത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം നിരോധിച്ചതാണ്! അതോടെ അപ്പസ്തോലികസഭയില്‍ അംഗമാകാനുള്ള അവസരം മനുഷ്യര്‍ക്ക് നിഷേധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ, യേലിയാഹ് വന്ന് പുനഃസ്ഥാപിക്കുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് യേഹ്ശുവാ എന്ന രക്ഷാകരമായ പേരും ആ പേരിലുള്ള ജ്ഞാനസ്നാനവുമാണ്! യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തിന് മാത്രമാണ് സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുള്ളതെന്ന് വ്യക്തമാക്കുന്ന ലേഖനം മനോവ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍, ജ്ഞാനാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക്: (യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം!) (YouTube)
യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കുമ്പോള്‍, അതില്‍ പ്രധാനപ്പെട്ടത് മോശയുടെ നിയമമാണ്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ നിയോഗങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും. പ്രാര്‍ത്ഥനയിലെ നിയോഗങ്ങളില്‍ ഒന്ന് യേഹ്ശുവാ എന്ന പേരിന്റെ പുനഃസ്ഥാപനമാണെങ്കില്‍, ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം എന്നതാണ് മറ്റൊരു നിയോഗം! ദൈവത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാകണമെങ്കില്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ പരിശോധിച്ചാല്‍ മതി. ദൈവമായ യാഹ്‌വെയ്ക്ക് അനിഷ്ടകരമായത് കല്പനകളിലൂടെ അവന്‍ നിഷിദ്ധമാക്കുകയും, അവന് പ്രീതികരമായവ അനുഷ്ഠിക്കാന്‍ കല്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകുന്നത് ദൈവികനിയമങ്ങള്‍ സകല മനുഷ്യരും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോഴാണ്. ഇവിടെയാണ് മൂന്നാം പ്രമാണമായ ശബാത്ത് പുനഃസ്ഥാപിക്കപ്പെടേണ്ടതിന്റെ അനിവാര്യത ശ്രദ്ധേയമാകുന്നത്.
സകലത്തിന്റെയും സ്രഷ്ടാവായി യാഹ്‌വെയെ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ഓരോ ശബാത്താചരണവും. യാഹ്‌വെ തന്റെ വിരലുകളാല്‍ കല്പലകകളില്‍ എഴുതി നല്‍കിയ പത്ത് കല്പനകളില്‍ ഒന്നാണ് ശബാത്ത്! യാഹ്‌വെയുടെ വാക്കുകള്‍ ഇപ്രകാരമാണ് നാം വായിക്കുന്നത്: “എന്നാല്‍ ഏഴാംദിവസം ശബാത്താണ്; യാഹ്‌വെയ്ക്ക് വിശുദ്ധമായ വിശ്രമദിനം. ശബാത്ത് ദിവസം ജോലിചെയ്യുന്നവന്‍ വധിക്കപ്പെടണം. യിസ്രായേല്‍ജനം ശാശ്വതമായ ഒരുടമ്പടിയായി തലമുറതോറും ശബാത്താചരിക്കണം. ഇത് എനിക്കും യിസ്രായേല്‍ജനത്തിനും മദ്ധ്യേ ശാശ്വതമായ ഒരടയാളമാണ്; യാഹ്‌വെ ആറ് ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാംദിവസം ജോലിയില്‍നിന്ന് വിരമിച്ച് വിശ്രമിക്കുകയും ചെയ്തതിന്റെ അടയാളം”(പുറപ്പാട്: 31; 15-17). ദൈവമായ യാഹ്‌വെ നിശ്ചയിച്ചുറപ്പിച്ച ദിനത്തില്‍ത്തന്നെ ശബാത്ത് നാം ആചരിക്കണം. യാഹ്‌വെയുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: യിസ്രായേല്‍ജനത്തോട് പറയുക, നിങ്ങള്‍ എന്റെ ശബാത്ത് സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, യാഹ്‌വെയായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്ന് നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മദ്ധ്യേ തലമുറതോറും അടയാളമായിരിക്കും”(പുറപ്പാട്: 31; 12-13).
സൂക്ഷ്മമായി ആചരിക്കുകയെന്നാല്‍, യാഹ്‌വെ കല്പിച്ച ദിനത്തില്‍ത്തന്നെ ശബാത്ത് ആചരിക്കണം എന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. ദൈവം വിശുദ്ധീകരിച്ച ദിനത്തില്‍നിന്ന് മറ്റൊരു ദിനത്തിലേക്ക് ശാബത്തിനെ മാറ്റാന്‍ ആരെങ്കിലും ശ്രമിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് എതിര്‍ക്രിസ്തു എന്ന വ്യാജ മ്ശിയാഹിനെ സംബന്ധിക്കുന്ന പ്രവചനമാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: “അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും”(ദാനിയേല്‍: 7; 25).
നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് ആലോചിക്കുന്നത് എതിര്‍ക്രിസ്തു എന്ന വ്യാജ മ്ശിയാഹ് ആണെങ്കില്‍, ശാബത്ത് ദിനം മാറ്റിയത് അവന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളാണ്. വ്യാജ മ്ശിയാഹിനെക്കുറിച്ച് അപ്പസ്തോലനായ യോഹന്നാന്‍ പറയുന്നത് നോക്കുക: “യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ മ്ശിയാഹിന്റെ -എതിര്‍ക്രിസ്തു - ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അത് ലോകത്തിലുണ്ട്”(1 യോഹന്നാന്‍: 4; 3). ഇപ്പോള്‍ത്തന്നെ അത് ലോകത്തുണ്ട് എന്ന് യോഹന്നാന്‍ പറഞ്ഞത് അവന്റെ ആത്മാവിനെക്കുറിച്ചാണ്.
ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തിലാണ് A.D. 321 -ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച വിളംബരത്തെ നാം മനസ്സിലാക്കേണ്ടത്. സത്യദൈവത്തിന്റെ വിശുദ്ധ ദിനമായ ശബാത്തിനെ (ശനിയാഴ്ച) അട്ടിമറിച്ച് സൂര്യന്റെ ദിനത്തെ (Sunday) പ്രതിഷ്ഠിച്ചത് A.D. 321 മാര്‍ച്ച് 7-ന് കോണ്‍സ്റ്റന്റൈന്‍ പുറപ്പെടുവിച്ച വിളംബരത്തിലൂടെയാണ്. വിളംബരത്തിലെ വരികളിതാണ്: “സൂര്യന്റെ മാന്യമായ ദിനത്തില്‍ (venerable day of the Sun) നഗരവാസികളും എല്ലാ കരകൗശല വിദഗ്ദ്ധരും വിശ്രമിക്കട്ടെ”(കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍). ശബാത്തിനെ ചവിട്ടിമെതിച്ചുകൊണ്ടുള്ള ചക്രവര്‍ത്തിയുടെ ഈ വിളംബരത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് അന്നത്തെ ‘ക്രൈസ്തവാചാര്യന്മാര്‍’ ചെയ്തത്.
ശബാത്താചരണത്തെ ഗൗരവമായിത്തന്നെയാണ് യേഹ്ശുവായും പരിഗണിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യുഗാന്തത്തെക്കുറിച്ചും യെരുശലേമിന്റെ നാശത്തെക്കുറിച്ചും പ്രവചിക്കുമ്പോള്‍ യേഹ്ശുവാ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ പലായനം ശീതകാലത്തോ ശബാത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍”(മത്തായി: 24; 20). വിശ്രമദിനമായ ശബാത്തില്‍ പലായനമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍ എന്ന് അരുളിച്ചെയ്തത് നിയമത്തില്‍ ഇളവില്ല എന്നതിന്റെ കൂടി ദൃഷ്ടാന്തമാണ്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ആദ്യഭാഗം പൂര്‍ണ്ണമായും പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള അപേക്ഷകളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദൈവത്തിന്റെ പേര് ശുദ്ധീകരിക്കണമെന്ന് പറഞ്ഞാല്‍, അശുദ്ധമായത് നീക്കംചെയ്ത് പരിശുദ്ധമായത് സ്ഥാപിക്കണം എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ രണ്ടാമത്തെ നിയോഗം ദൈവരാജ്യം സ്ഥാപിതമാകണമെന്നാണ്. മൂന്നാമത്തെ നിയോഗമാണ് ദൈവികനിയമങ്ങള്‍ പുനഃസ്ഥാപിക്കപ്പെടണമെന്നത്. അതായത്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ ഒന്നാമത്തെയും മൂന്നാമത്തെയും നിയോഗങ്ങള്‍ നിവര്‍ത്തിയാകുന്നത് യേലിയാഹ് വന്ന് അവ പുനഃസ്ഥാപിക്കുമ്പോഴാണ്. രണ്ടാമത്തെ നിയോഗമാകട്ടെ, യേഹ്ശുവാ വന്ന് രാജ്യം സ്ഥാപിക്കുമ്പോള്‍ യാഥാര്‍ത്ഥ്യമാകും!
‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥന വ്യാഖ്യാനിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: ‘യുഗാന്തവും യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയും!’ (YouTube)
പുനഃസ്ഥാപിക്കപ്പെടേണ്ട മറ്റൊന്ന് സത്യവചനമാണ്. എന്തെന്നാല്‍, ആമോസിന്റെ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന കാലമാണിത്. ആ പ്രവചനം എന്താണെന്ന് ശ്രദ്ധിക്കുക: “എന്റെ നാഥനായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, യാഹ്‌വെയുടെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്”(ആമോസ്: 8; 11). ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ട കാലമാണിതെന്ന് പറയുമ്പോള്‍ ആരും നെറ്റി ചുളിക്കേണ്ടാ. കാരണം, ഒരുകാലത്തും ഇല്ലാത്തവിധം വചനപ്രഘോഷണം ഇന്ന് നടക്കുന്നുണ്ടെങ്കിലും, സത്യവചനം ആരും പ്രഘോഷിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തെറ്റായ പരിഭാഷകളും വളച്ചൊടിക്കപ്പെട്ട വ്യാഖ്യാനങ്ങളുമാണ് ഇന്ന് പ്രസംഗിക്കപ്പെടുന്നത്. സുവിശേഷ പ്രഘോഷകരായി ഇന്ന് രംഗത്തുള്ളവരില്‍ പലരും സാത്താന്റെ സിനഗോഗില്‍നിന്നുള്ളവരാണ്. യേലിയാഹും മോശയും വന്ന് സത്യവചനം പ്രസംഗിക്കുകയും സാത്താന്റെ സിനഗോഗില്‍നിന്നുള്ള വ്യാജപ്രവാചകന്മാരെ നശിപ്പിക്കുകയും ചെയ്യും. പ്രവാചകകാലഘട്ടത്തില്‍ യേലിയാഹ് വന്നപ്പോഴും അവന്‍ ചെയ്തത് ഇതുതന്നെയാണ്. അവന്‍ അന്ന് ബാലിന്റെ പുരോഹിതരെയും വ്യാജപ്രവാചകന്മാരെയും നശിപ്പിച്ചു. അതായത്, സത്യവചനം പുനഃസ്ഥാപിക്കുക എന്നതും യേലിയാഹിന്റെ ദൗത്യത്തിന്റെ ഭാഗമാണ്.
അതുപോലെതന്നെ മറ്റൊന്നുകൂടി പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. യിരെമിയാഹിന്റെ പ്രവചനം പൂര്‍ത്തിയാക്കിക്കൊണ്ട് ജീവജലത്തിന്റെ ഉറവയായ യേഹ്ശുവായെ ഉപേക്ഷിച്ച്, ഗ്രീക്കുകാരുടെ ദൈവമായ ‘വാഴ്ത്തപ്പെട്ട സിയൂസ്’ എന്ന യീസുസിനെ പ്രതിഷ്ഠിച്ചപ്പോള്‍ തമസ്ക്കരിക്കപ്പെട്ട യഥാര്‍ത്ഥ ജ്ഞാനസ്നാനമാണ് പുനഃസ്ഥാപിക്കപ്പെടേണ്ട മറ്റൊന്ന്. ആയിരത്തിയെഴുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിഖ്യാസൂനഹദോസിന്റെ തീരുമാനപ്രകാരം നിരോധിച്ച, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടണം. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ അപ്പസ്തോലികസഭ പുനഃസ്ഥാപിക്കപ്പെടും. യേഹ്ശുവാ സ്ഥാപിച്ച ഈ സഭയില്‍ അംഗമാകാന്‍ ഒരുവന് സാധിക്കുന്നത് അവന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ മാത്രമാണ്!
യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിച്ച്, അപ്പസ്തോലികസഭയുടെ ഭാഗമാകാത്ത ഒരുവന്‍പോലും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ സത്യം പ്രഖ്യാപിച്ചത് ദൈവരാജ്യത്തിന്റെ സര്‍വ്വാധിപതിയും രാജാവുമായി യേഹ്ശുവാ തന്നെയാണ്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല”(യോഹന്നാന്‍: 3; 3). ജലത്താലും ആത്മാവിനാലുമുള്ള വീണ്ടും ജനനമായ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ മാത്രമാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്. ഈ സത്യം ആധികാരികതയോടെ പറയാന്‍ കഴിയുന്നത് ദൈവരാജ്യത്തിന്റെ പരമാധികാരിയായ യേഹ്ശുവായ്ക്ക് മാത്രമാണ്!
യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം സ്വീകരിക്കാന്‍ സാധിക്കാതെ മരിച്ചുപോയ പൂര്‍വ്വീകരുടെ കാര്യം ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച അപൂര്‍ണ്ണമായ അറിവിന്റെ അടിസ്ഥാനത്തില്‍ വിശ്വാസജീവിതം നയിച്ചാണ് അവര്‍ കടന്നുപോയത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ യഥാര്‍ത്ഥ ജ്ഞാനസ്നാനം സ്വീകരിക്കാന്‍ കഴിയാതെപോയ ഇവര്‍ക്ക് ദൈവരാജ്യം നിഷേധിക്കപ്പെടുന്നത് അനീതിയല്ലേ എന്ന ചോദ്യം ഇവിടെ സ്വാഭാവികമായും ഉയരും. യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. എന്നാല്‍, നീതിമാനായ ദൈവം ഇവര്‍ക്കുള്ള അവസരവും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചിരുന്നു. ബൈബിളിലെ ഒരു പ്രബോധനം ശ്രദ്ധിക്കുക: “അല്ലെങ്കില്‍, മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ എന്തുചെയ്യും? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ അവര്‍ക്കുവേണ്ടി ഇവര്‍ സ്നാനം സ്വീകരിക്കുന്നത് എന്തിനാണ്?”(1 കോറിന്ത്: 15; 29).
മരിച്ചുപോയ തങ്ങളുടെ പൂര്‍വ്വികര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്ന വിശ്വാസപാരമ്പര്യം അപ്പസ്തോലന്മാരുടെ കാലത്ത് ആദിമസഭയില്‍ നിലനിന്നിരുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ശൗവുലിന്റെ ഈ വാക്കുകള്‍. അതായത്, തങ്ങളുടെ കുറ്റമല്ലാതെ, തെറ്റായ പഠനങ്ങള്‍ ലഭിച്ചതുകൊണ്ട് മാത്രം യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള യഥാര്‍ത്ഥ സ്നാനം ലഭിക്കാതെ പോയവരോട് ദൈവം അനീതി കാണിക്കില്ല. അവര്‍ക്കായി സ്വര്‍ഗ്ഗം ഒരുക്കിയ ഒരു ‘ഉപഹാരമാണ്’ ഈ പ്രായശ്ചിത്ത സ്നാനം. ഇവിടെ നാം മനസ്സിലാക്കേണ്ടത്, “വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയില്ല” എന്ന യേഹ്ശുവായുടെ വാക്ക് മാറ്റമില്ലാത്തതാണ്. അപ്പോള്‍ മരണപ്പെട്ടവര്‍ക്കും ആ വാക്ക് ബാധകമായിരിക്കും. മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനം പ്രസക്തമാകുന്നത് ഇവിടെയാണ്. ദൈവത്തിന്റെ അനന്തമായ കരുണയും നീതിയും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ വലിയൊരു ദൃഷ്ടാന്തമാണിത്.
എന്നാല്‍, ഈ മഹത്തായ വിശ്വാസപാരമ്പര്യത്തെ കോണ്‍സ്റ്റന്റൈന്‍ സഭയിലെ ആചാര്യന്മാര്‍ നിരോധിച്ചുവെന്നതാണ് ചരിത്രസത്യം. മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഈ സ്നാന രീതി ഔദ്യോഗികമായി നിരോധിച്ചത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നേരിട്ടല്ലെങ്കിലും, അദ്ദേഹത്തിന്റെ കാലത്തിന് ശേഷമുള്ള ചില സഭാ കൗണ്‍സിലുകളാണ് ഈ ദൈവിക പദ്ധതിയെ തള്ളിക്കളഞ്ഞത്. പ്രധാനമായും എ.ഡി. 393-ലെ ഹിപ്പോ കൗണ്‍സിലും (Synod of Hippo) പിന്നീട് എ.ഡി. 397-ലെ കാര്‍ത്തേജ് കൗണ്‍സിലുമാണ് (Third Council of Carthage) ഇത് പൂര്‍ണ്ണമായി നിരോധിച്ചത്. അതായത്, കോണ്‍സ്റ്റന്റൈന്‍ നേരിട്ട് ഇത് നിരോധിച്ചില്ലെങ്കിലും, സഭയുടെ നിയമങ്ങളെ ഏകീകരിക്കാനും (Standardization) റോമന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കനുസരിച്ച് സഭയെ മാറ്റിയെടുക്കാനുമുള്ള പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. നിഖ്യാ സൂനഹദോസിലൂടെ യേഹ്ശുവായുടെ പേരിലുള്ള യഥാര്‍ത്ഥ സ്നാനം മാറ്റിയതുപോലെ, അപ്പസ്തോലികമായ പല രീതികളും ക്രമേണ ഇല്ലാതാക്കപ്പെട്ടു.
യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കുമ്പോള്‍, അത് ഈ തലമുറയെ മാത്രമല്ല, വികലമാക്കപ്പെട്ട സ്നാനത്താല്‍ രക്ഷ നഷ്ടപ്പെട്ടുപോയ പൂര്‍വ്വികരെക്കൂടി ദൈവരാജ്യത്തിലേക്ക് ചേര്‍ക്കുന്ന ഒരു പ്രക്രിയയായി മാറുന്നു. “പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും” എന്ന പ്രവചനത്തിന്റെ മറ്റൊരു മാനം കൂടി ഇവിടെ വെളിപ്പെടുകയാണ്. മക്കള്‍ പിതാക്കന്മാര്‍ക്കായി സ്നാനം സ്വീകരിക്കുമ്പോള്‍ ആ ഹൃദയബന്ധം ആത്മീയമായി പൂര്‍ണ്ണമാകുന്നു. ഇത് കാലാതീതമായ ഒരു ദൈവിക പദ്ധതിയും പുനഃസ്ഥാപനത്തിന്റെ പൂര്‍ണ്ണതയുമാണ്.
പുനഃസ്ഥാപനത്തിന്റെ അനിവാര്യത!
ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുന്നതിന് മുന്‍പ് യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കേണ്ടത് വെറുമൊരു പ്രവചന പൂര്‍ത്തീകരണം മാത്രമല്ല, മറിച്ച് അത് രക്ഷാകരമായ ഒരു അനിവാര്യതയാണ്. യേഹ്ശുവാ ഈ ഭൂമിയെ ശാപം കൊണ്ട് നശിപ്പിക്കാതിരിക്കണമെങ്കില്‍, അവന്‍ നല്‍കിയ വിശുദ്ധ നിയമങ്ങളിലേക്കും സത്യമായ പേരിലേക്കും മനുഷ്യര്‍ മടങ്ങി വരേണ്ടതുണ്ട്. സത്യദൈവത്തിന്റെ പേരും, അവന്‍ നല്‍കിയ വിശുദ്ധ നിയമങ്ങളും, അപ്പസ്തോലിക ജ്ഞാനസ്നാനവും, വികലമാക്കപ്പെടാത്ത സത്യവചനവും വിസ്മരിക്കപ്പെട്ട ഒരു ലോകത്ത്, ഈ അടിസ്ഥാന സത്യങ്ങള്‍ വീണ്ടെടുക്കാതെ ഒരുവനും വരാനിരിക്കുന്ന രാജ്യം കാണാന്‍ സാധിക്കുകയില്ല. ആമോസ് പ്രവചിച്ച വചനക്ഷാമത്തിന്റെ ഈ കാലഘട്ടത്തില്‍, സത്യം തിരിച്ചറിയുന്നവര്‍ മാത്രമാണ് ഈ പുനഃസ്ഥാപന പ്രക്രിയയില്‍ പങ്കാളികളാകുന്നത്.
യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് സജ്ജീകൃതമായ ഒരു ജനത്തെ ഒരുക്കുക എന്നതാണ് ഈ പുനഃസ്ഥാപനത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനാല്‍, അപ്പസ്തോലനായ കേപ്ഫാ പ്രഖ്യാപിച്ച ആ വലിയ സത്യത്തിലേക്ക് നാം ഓരോരുത്തരും മടങ്ങേണ്ടിയിരിക്കുന്നു. ആ ശാശ്വത സത്യം ഇതാണ്: “കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38). കേപ്ഫായെ തന്റെ സഭയുടെ നേതൃത്വം ഭരമേല്പിച്ചത് യേഹ്ശുവാ ആയതുകൊണ്ടുതന്നെ, കേപ്ഫായുടെ വാക്കുകള്‍ക്ക് യേഹ്ശുവായുടെ അംഗീകാരമുദ്രയുണ്ട്. അങ്ങനെയെങ്കില്‍, പാപമോചനത്തിനുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനമാണ്. ഈ ജ്ഞാനസ്നാനം നിരോധിച്ചത് മ്ശിയാഹിന്റെ വൈരികളാണെന്നും അവരുടെ ലക്‌ഷ്യം സകല മനുഷ്യരുടെയും രക്ഷയ്ക്ക് തടയിടുകയാണെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. യേലിയാഹ് വന്ന് ജ്ഞാനസ്നാനം പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്! മാത്രവുമല്ല, യേഹ്ശുവാ എന്ന പേര് വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അന്ത്യകാലത്തെ ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ സാധിക്കുകയുള്ളു!
ശൗവുലിന്റെ പ്രബോധനം ശ്രദ്ധിക്കുക: “എന്തെന്നാല്‍, യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും”(റോമാ: 10; 13). യോയേല്‍ പ്രവചനത്തെ ആധാരമാക്കി അപ്പസ്തോലനായ കേപ്ഫാ പ്രഖ്യാപിച്ചത് എന്താണെന്ന് നോക്കുക: “യാഹ്‌വെയുടെ മഹനീയവും പ്രകാശപൂര്‍ണ്ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 20-21). യാഹ്‌വെയുടെ ദിനം എന്നത് യേഹ്ശുവായുടെ ദിനംതന്നെയാണെന്നും യാഹ്‌വെയുടെ പേരിന്റെ പൂര്‍ണ്ണത യേഹ്ശുവാ എന്നാണെന്നും നമുക്കറിയാം. ഇക്കാര്യങ്ങളെല്ലാം തെളിവുകള്‍ സഹിതം മനോവ വ്യക്തമാക്കിയിട്ടുള്ളതാണ്. യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിക്കപ്പെടുന്നില്ലെങ്കില്‍, പാപമോചനത്തിനുള്ള സാദ്ധ്യതയും ഉഗ്രപീഡനത്തെ അതിജീവിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാകുമെന്നതാണ് യാഥാര്‍ത്ഥ്യം!
എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ഈ പേര് പുനഃസ്ഥാപിക്കപ്പെടുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിന്റെ പേര് അവരെ ഞാന്‍ അറിയിച്ചു. നീ എനിക്ക് നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹന്നാന്‍: 17; 26). ഞാന്‍ ഇനിയും അത് അറിയിക്കും എന്നാണ് യേഹ്ശുവാ ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ അറിയിച്ച പേര് എന്തിനാണ് വീണ്ടും അറിയിക്കുന്നത്? അറിഞ്ഞ പേര് മറന്നുപോയാല്‍, അത് വീണ്ടും അറിയിക്കണം. അതായത്, താന്‍ അറിയിച്ച പേര് തന്റെ ജനത്തില്‍നിന്ന് മറയ്ക്കപ്പെടുകയും, വീണ്ടും അത് വെളിപ്പെടുത്തുകയും ചെയ്യുമെന്നാണ് യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചത്.
നിഖ്യാസൂനഹദോസിന്റെ തീരുമാനപ്രകാരം യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചത് യീസുസ് എന്ന വ്യാജ മ്ശിയാഹിനെ പ്രതിഷ്ഠിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. രക്ഷിക്കാന്‍ കഴിവുള്ള സത്യദൈവത്തിന് പകരം, രക്ഷിക്കാന്‍ കഴിവില്ലാത്ത വ്യാജദൈവത്തെ അവര്‍ പ്രതിഷ്ഠിച്ചു. അന്ന് സംഭവിച്ചത് യിരെമിയാഹിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നുവെങ്കില്‍, യെസെക്കിയേല്‍ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് യേലിയാഹിന്റെ വരവില്‍ സംഭവിക്കാന്‍ പോകുന്നത്. എന്തെന്നാല്‍, ദൈവത്തിന്റെ പരിശുദ്ധമായ പേര് അതേ പരിശുദ്ധിയില്‍ത്തന്നെ പുനഃസ്ഥാപിക്കപ്പെടുമെന്ന് യെസെക്കിയേല്‍ പ്രവചിച്ചിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “എന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ എന്റെ പരിശുദ്ധമായ പേര് ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധമായ പേര് ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെ എന്ന് ജനതകള്‍ അറിയും. നാഥനായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇതാ, അത് വരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. ആ ദിനത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്”(യെസെക്കിയേല്‍: 39; 7, 8).
ഈ ലേഖനം ഇവിടെ ഉപസംഹരിക്കുമ്പോള്‍ ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍, വികലമാക്കപ്പെട്ട ആരാധനാക്രമങ്ങളില്‍നിന്നും മനുഷ്യനിര്‍മ്മിത പാരമ്പര്യങ്ങളില്‍നിന്നും വിമുക്തരായി, ആദിമ സഭയുടെ ആ ചൈതന്യത്തിലേക്കും സത്യമായ പേരിലേക്കും മടങ്ങുക എന്നതാണ് ഈ കാലഘട്ടത്തിന്റെ വിളി. ഈ പുനഃസ്ഥാപനത്തിലൂടെ മാത്രമേ, യേഹ്ശുവാ വരുമ്പോള്‍ അവന്റെ മുന്‍പില്‍ കളങ്കമില്ലാത്തവരായി നില്‍ക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കട്ടെ!
“ആദിമുതല്‍ തന്റെ വിശുദ്ധ പ്രവാചകന്മാര്‍വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലംവരെ സ്വര്‍ഗ്ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 3; 21).
ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്ത വിഷയവുമായി ചേര്‍ത്തുവച്ച് പഠിക്കേണ്ട ലേഖനങ്ങള്‍!
യുഗാന്തവും യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയും! (ശബ്ദസന്ദേശം)
യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം! (ശബ്ദസന്ദേശം)
അപ്പസ്തോലിക സഭയും കോണ്‍സ്റ്റന്റൈന്‍ സഭകളും! (ശബ്ദസന്ദേശം)
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube

