കാലത്തിന്റെ അടയാളങ്ങള്‍

വത്തിക്കാന്‍ രാജാവ് പുറത്തേയ്ക്കോ?

Print By
about

08 - 09 - 2018

ലോകത്തെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ സിറ്റിയുടെ ഭരണാധികാരിയാണു ഫ്രാന്‍സീസ്! അതുപോലെതന്നെ, ഈ ലോകത്തെ ഏറ്റവും സുശക്തമായ രാജ്യമെന്നു പറയപ്പെടുന്ന അമേരിക്കയുടെ ഭരണാധികാരി ഡോണാള്‍ഡ് ട്രംപാണ്! ഒരാളെ ഇസ്ലാമിന്റെ തോഴനായും മറ്റേയാളെ ഇസ്ലാമിന്റെ എതിരാളിയുമായി ലോകം വിലയിരുത്തുന്നു. ഇവരെ താരതമ്യം ചെയ്യുമ്പോള്‍ അനേകം വൈരുദ്ധ്യങ്ങള്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയും. നിലപാടുകളുടെ കാര്യത്തിലും ജനപിന്തുണയുടെ കാര്യത്തിലും മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ കാര്യത്തിലും ഈ വൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. ഫ്രാന്‍സീസിനെ അനുകൂലിക്കുന്ന എല്ലാവരും ട്രംപിനെ എതിര്‍ക്കുന്നവരാണെങ്കില്‍, ട്രംപിന്റെ എല്ലാ മിത്രങ്ങളും ഫ്രാന്‍സീസിന്റെ ശത്രുക്കളായി നിലകൊള്ളുന്നു! ക്രിസ്ത്യാനികളെയും യഹൂദരെയും പിന്തുണയ്ക്കുന്ന നിലപാട് ട്രംപ് സ്വീകരിക്കുമ്പോള്‍, ഈ സമൂഹങ്ങളെ വെറുക്കുകയും ഇവരുടെ പൊതുശത്രുവായ ഇസ്ലാമിനെ തുണയ്ക്കുകയും ചെയ്യുന്നവനായി ഫ്രാന്‍സീസ് നിലകൊള്ളുന്നു!

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നവരുടെയും സ്വവര്‍ഗ്ഗാനുരാഗികളുടെയും ഉറ്റ ചങ്ങാതിയായി ഫ്രാന്‍സീസ് കുപ്രസിദ്ധനാണ്. എന്നാല്‍ ഇതിനു നേരേ വിപരീതമായി, ഈ വിഭാഗങ്ങളുടെയെല്ലാം ആജന്മശത്രുവായാണ് ട്രംപ് ശ്രദ്ധേയനാകുന്നത്. അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കെല്ലാം ഫ്രാന്‍സീസിനോടുള്ള പ്രണയം നമുക്കെല്ലാമറിയാം. അതുപോലെതന്നെ, ഈ മാധ്യമങ്ങള്‍ക്ക് ട്രംപിനോടുള്ള അസഹിഷ്ണുതയും നാം മനസ്സിലാക്കിയിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍പ്പോലും തങ്ങളാലാകുന്നവിധം ട്രംപിനെ ചൊറിയുന്നതിന്റെ കാരണവും ഈ അസഹിഷ്ണുതയാണ്! ട്രംപിനെയും ഫ്രാന്‍സീസിനെയും താരതമ്യം ചെയ്യുകയെന്നതല്ല ഈ ലേഖനത്തിന്റെ ലക്‌ഷ്യം. ഈ ലോകത്തിന്റെ ആത്മാവ് ഏതു പക്ഷത്താണെന്ന് വ്യക്തമാക്കാനാണ് ഇത്തരത്തിലൊരു മുഖവുര വേണ്ടിവന്നത്. ഈ ലോകത്തിന്റെ ആത്മാവ് ആരെ പിന്തുണയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി നിരീക്ഷണം നടത്തിയാല്‍, സത്യത്തെയും അസത്യത്തെയും എളുപ്പത്തില്‍ വിവേചിക്കാന്‍ സാധിക്കും. ഈ സത്യം നമ്മോടു പറഞ്ഞത് യേഹ്ശുവായാണ്. അവിടുത്തെ വചനം നോക്കുക: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും"(യോഹ: 15; 18-20).

നാം വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു വചനമാണ് ഇവിടെ നാം വായിച്ചത്. ലോകത്തിന്റെ പിന്തുണ കാണുമ്പോള്‍ അതാണ്‌ സത്യമെന്നു തെറ്റിദ്ധരിക്കുന്ന അനേകരുണ്ട്. ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ സത്യമാണെന്നു ധരിക്കുന്നവര്‍ അസത്യത്തിന്റെ കെണിയില്‍ അകപ്പെട്ടുപോയവരാണ്. അതിനാല്‍ത്തന്നെ, ആള്‍ക്കൂട്ടത്തെ കണ്ട് ആരും വഞ്ചിതരാകരുത്! ലോകം സൃഷ്ടിക്കുന്ന ഈ ആള്‍ക്കൂട്ടങ്ങളാണ് ദൈവീകനിയമങ്ങളെ പൊളിച്ചെഴുതാന്‍ വ്യഗ്രതകാണിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ദൈവീകനിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നു ചിന്തിക്കുന്നവരെയാണ് നാം കൂടുതല്‍ സൂക്ഷിക്കേണ്ടത്. ലോകത്തിന്റെ നശ്വരസുഖങ്ങള്‍ ആസ്വദിക്കുന്നതിനു വിഘാതമായി നില്‍ക്കുന്നത് ദൈവീകനിയമങ്ങളാണെന്നു ചിന്തിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഒരു രാജ്യത്തു വര്‍ദ്ധിക്കുമ്പോള്‍, ആ രാജ്യത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയുള്ള വ്യക്തിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ്! അധര്‍മ്മികളായ സമൂഹം തങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കുന്നത് അധാര്‍മ്മികതയില്‍ പൂര്‍ണ്ണതപ്രാപിച്ച ഒരുവനെയായിരിക്കും. ഓരോ രാജ്യങ്ങളില്‍നിന്നും ദൈവീകനിയമങ്ങള്‍ നീക്കംചെയ്യപ്പെടുന്നത് ഈ പ്രക്രിയയിലൂടെയാണ്!

ഭൂരിപക്ഷത്തിന്റെ ശബ്ദമാണ് സത്യമെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്"(പുറ: 23; 1, 2). ദൈവജനത്തിനു തങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്ന കല്പനയാണിത്. ഈ കല്പന ഏറെ ഗൗരവത്തോടെ ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്തെന്നാല്‍, കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നു എന്നതല്ല സത്യത്തിനുള്ള സാക്ഷ്യമെന്ന് ഈ കല്പന നമുക്കു മുന്നറിയിപ്പു നല്‍കുന്നു. സത്യവും അസത്യവും തമ്മില്‍ വിവേചിക്കുന്നത് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടോ പറയുന്ന (പ്രവര്‍ത്തിക്കുന്ന) വ്യക്തിയുടെ സ്വീകാര്യത പരിഗണിച്ചുകൊണ്ടോ ആകരുത്; മറിച്ച്, ദൈവത്തിന്റെ നിയമത്തെ അടിസ്ഥാനപ്പെടുത്തിയും വസ്തുത അന്വേഷിച്ചറിഞ്ഞുകൊണ്ടും ആയിരിക്കണം! സമൂഹമാധ്യമങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഈ കാലത്ത് അറിയാതെതന്നെ പലരും തിന്മയുടെ പ്രചാരകരായി മാറാറുണ്ട്. വ്യക്തമായ ബോധ്യമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ദൈവീകനിയമത്തിന്റെ ലംഘനമാണെന്നു പലരും തിരിച്ചറിയുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ തങ്ങള്‍ക്കും സമൂഹത്തിനും തിന്മ വരുത്തിവയ്ക്കുന്നു.

വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ മാത്രമല്ല, നാലു സുപ്രധാനമായ നിയമങ്ങളാണ് ഈ വചനത്തിലുള്ളത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്, കള്ളസാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്, ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്, ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത് എന്നിങ്ങനെ നാലു കല്പനകള്‍ ദൈവം നമുക്കു മുന്നില്‍ വച്ചിരിക്കുന്നു. ഒന്നാമത്തെ കല്പനയാണ് നാമിപ്പോള്‍ പരിശോധിച്ചത്. രണ്ടാമത്തേതും നാലാമത്തേതും പരസ്പരം ബന്ധപ്പെട്ട വിഷയമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, കള്ളസാക്ഷ്യം പറയരുത് എന്ന എട്ടാംപ്രമാണത്തിന്റെ വിശദാംശങ്ങളില്‍ രണ്ടെണ്ണമാണ് ഇവ. ഈ വചനത്തിലൂടെ എടുത്തുപറഞ്ഞിരിക്കുന്ന നാലു കാര്യങ്ങളും തുല്യപ്രാധാന്യമുള്ളതാണെങ്കിലും, വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുള്ള നിയമമാണ് മൂന്നാമത്തേത്! കാരണം, ഭൂരിപക്ഷത്തിന്റെ ശബ്ദത്തെ നീതിയായി പരിഗണിക്കുന്ന ഗുരുതരമായ അവസ്ഥ ഇന്നുണ്ട്. ഗുരുതരമായ ഈ അവസ്ഥ സംജാതമാകാനുള്ള കാരണം അന്വേഷിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട ഒരു മുന്നറിയിപ്പ് ബൈബിളില്‍നിന്നുതന്നെ കണ്ടെത്താന്‍ കഴിയും. അന്ത്യകാലത്ത്, പ്രത്യേകിച്ച് യേഹ്ശുവായുടെ പുനരാഗമനം സമീപിക്കുന്ന നാളുകളില്‍ രൂപപ്പെടുമെന്നു പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പ്രതിഭാസമാണിത്. സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളെയും ഗ്രസിക്കുന്ന ഒരു മിഥ്യാബോധം ഉണര്‍ത്തപ്പെടുമെന്നുള്ള മുന്നറിയിപ്പായിരുന്നു ആ പ്രവചനം!

പ്രവചനം ഇതാണ്: "അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. രക്ഷകനായ യേഹ്ശുവാ തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും. സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 7-12). തെറ്റായ വാര്‍ത്തകള്‍ക്കും അസത്യത്തിനും മുന്‍പൊന്നുമില്ലാത്തവിധം സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ പ്രവചനത്തിലുണ്ട്. സാമാന്യബുദ്ധിയും പ്രായോഗിക അറിവുകളും മാത്രം കൈമുതലായുള്ളവര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുന്നവിധത്തില്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ക്ക് ഇന്ന് വന്‍പ്രചാരം ലഭിക്കുന്നു. വ്യാജമാണെന്നു പ്രഥമദൃഷ്ട്യാതന്നെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്തകളാണ് ഇവയില്‍ പലതും. അഭ്യസ്തവിദ്യരായ വ്യക്തികള്‍ക്കുപോലും വ്യാജത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിനാല്‍ത്തന്നെ, ഇവരും വ്യാജവാര്‍ത്തകളുടെ പ്രചാരകരായി മാറുന്നു.

കെട്ടിച്ചമച്ച വാര്‍ത്തകളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം മിഥ്യാബോധം ലോകത്തെയാകമാനം ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണ് നാം മനസ്സിലാക്കേണ്ടത്. യേഹ്ശുവായുടെ പ്രത്യാഗമനത്തിനു മുന്നോടിയായി സംഭവിക്കേണ്ട അടയാളങ്ങളില്‍ ഒന്ന് ലോകത്തെ ഗ്രസിക്കുന്ന മിഥ്യാബോധമാണ്. സത്യത്തെ സ്നേഹിക്കാന്‍ തയ്യാറാകാത്തവരില്‍ ദൈവംതന്നെയാണ് ഈ മിഥ്യാബോധം ഉണര്‍ത്തുന്നതെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു. വിജ്ഞാനികളും വിവേകികളുമായി പരിഗണിക്കപ്പെടുന്നവര്‍പോലും വിഡ്ഢിത്വം പുലമ്പുന്നത് ഇക്കാരണത്താലാണ്! ദൈവത്തെ വിശ്വസിക്കുകയും ദൈവീകനിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നത് പോരായ്മയായി കരുതുന്ന യുക്തിവാദികള്‍പ്പോലും രഹസ്യത്തില്‍ ആഭിചാരക്കാരെയും മന്ത്രവാദികളെയും സമീപിക്കുന്നുവെങ്കില്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം ഇവരില്‍ ഭരണം നടത്തുന്നുവെന്ന് മനസ്സിലാക്കണം. ഇവിടെയാണ്‌ ഭൂരിപക്ഷത്തിന്റെ വ്യര്‍ത്ഥത നാം തിരിച്ചറിയേണ്ടത്. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ, ദൈവനിഷേധികളെയെല്ലാം മിഥ്യാബോധം ബാധിച്ചിരിക്കുന്നതിനാല്‍ അധാര്‍മ്മികതയുടെ ശബ്ദം ഉച്ചസ്ഥായിയിലാകും.

പണ്ഡിതരും വിജ്ഞാനികളും ഉന്നതസ്ഥാനീയരും എടുക്കുന്ന നിലപാടുകളെ നീതിയായി കണക്കാക്കുന്ന അനേകം വ്യക്തികളുണ്ടെന്നു നമുക്കറിയാം. 'ഏറാന്‍മൂളികള്‍' എന്നാണ് ഇക്കൂട്ടരെ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയക്കാര്‍, സമ്പന്നര്‍, ആത്മീയാചാര്യന്മാര്‍ എന്നിങ്ങനെയുള്ള ഉന്നതരുടെ അടിമകളായി നിലകൊള്ളുന്ന ഇവര്‍ക്ക് സ്വന്തമായ അഭിപ്രായങ്ങളില്ല. തങ്ങളുടെ നേതാവിന്റെ അഭിപ്രായമാണ് ഇക്കൂട്ടരുടെ അഭിപ്രായം. ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന അപകടകരമായ ഈ അവസ്ഥ ആത്മീയമേഖലയിലും ശക്തമാണ്! ദൈവത്തിന്റെ വചനത്തെക്കാള്‍ ഉപരിയായി ആത്മീയാചാര്യന്മാരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുന്നവരാണ് ക്രിസ്തീയതയെ ബാധിച്ച മിഥ്യാബോധത്തിന്റെ ഇരകള്‍! സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ കടന്നുകൂടിയിരിക്കുന്ന കപട അപ്പസ്തോലന്മാരുടെ ആജ്ഞാനുവര്‍ത്തികളായി അധഃപതിച്ച ഈ സമൂഹത്തിനു ദൈവത്തിന്റെ നിയമങ്ങളെക്കാള്‍ പ്രിയങ്കരമായത് നവീകരിക്കപ്പെട്ട നിയമങ്ങളാണ്. എന്തെന്നാല്‍, നവീകരിക്കപ്പെട്ട നിയമങ്ങളെല്ലാംതന്നെ തങ്ങളുടെ ജഢികാഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതും ലോകത്തിന്റെ ആസ്വാദനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമാണ്. കേള്‍വിക്ക് ഇമ്പമുള്ളവ പ്രഘോഷിക്കാന്‍ സന്നദ്ധരായ അനേകം കപട ശുശ്രൂഷകര്‍ ക്രൈസ്തവസഭകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

അന്ത്യകാലത്തിന്റെ അടയാളമായി നല്‍കപ്പെട്ടിരിക്കുന്ന ഒരു മുന്നറിയിപ്പു ശ്രദ്ധിക്കുക: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോത്തി: 4; 3, 4). ദൈവത്തിന്റെ നിയമങ്ങള്‍ക്കു പകരം മാനുഷികനിയമങ്ങളെ പ്രമാണമാക്കാന്‍ ശ്രമിക്കുന്ന സംഘമാണ് കത്തോലിക്കാസഭയെയും മറ്റിതര ക്രൈസ്തവസഭകളെയും നയിക്കുന്നത്. ജനത്തിന്റെ അഭിരുചിക്കിണങ്ങിയ വിധത്തില്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ആചാര്യന്മാര്‍ തയ്യാറാണ്. അതിനാല്‍ത്തന്നെ, ഇത്തരം നിയമനിര്‍മ്മാതാക്കള്‍ ലോകം മുഴുവന്റെയും ആദരം ഏറ്റുവാങ്ങുന്നു. കത്തോലിക്കാസഭയിലെ നിയമപരിഷ്കരണങ്ങളാണ് നാമിവിടെ ഗൗരവമായി കാണേണ്ടത്. സഭയില്‍ കടന്നുകൂടുകയും ഉന്നതസ്ഥാനങ്ങള്‍ പിടിച്ചടക്കുകയും ചെയ്തിട്ടുള്ള വ്യാജ ഇടയന്മാര്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയാണ്. ദൈവത്തിന്റെ നിയമങ്ങള്‍ക്കു പകരമായി ലോകത്തിന്റെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഇവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയാന്‍ ദൈവമക്കള്‍ തയ്യാറാകണം. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ: 15; 7-9).

മനുഷ്യന്റെ യുക്തിയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കൊണ്ട് കത്തോലിക്കാസഭയെ വെറുമൊരു പ്രസ്ഥാനമാക്കി മാറ്റാനാണ് പൈശാചിക സന്തതികള്‍ ശ്രമിക്കുന്നത്. ഇക്കൂട്ടര്‍ വഹിക്കുന്ന സ്ഥാനങ്ങളെക്കുറിച്ചു തെറ്റായ പഠനങ്ങള്‍ ലഭിച്ചിട്ടുള്ള വിശ്വാസികള്‍, തങ്ങള്‍പ്പോലും അറിയാതെ പിശാചിനെ ശുശ്രൂഷിക്കുകയാണ്. എന്തെന്നാല്‍, ദൈവീകനിയമങ്ങളെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ആരെയും ദൈവം അഭിഷേകം ചെയ്തിട്ടില്ല; മറിച്ച്, ഇത്തരക്കാരെ അഭിഷേകംചെയ്ത് അയച്ചിരിക്കുന്നത് പിശാചാണ്. തന്റെ നിയമങ്ങളെ നീക്കംചെയ്യാനായി ആരെയെങ്കിലും ദൈവം അഭിഷേകംചെയ്ത് അയയ്ക്കുമോ? ദൈവത്തിന്റെ നിയമങ്ങള്‍ ഇല്ലാതാക്കാന്‍ ദൈവത്തിനു മാത്രമേ അവകാശമുള്ളു. അതിനാല്‍ത്തന്നെ, സഭയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ഉദ്യമിക്കുന്നവരെ ബഹുമാനിക്കുകയോ ആദരിക്കുകയോ ഭവനങ്ങളില്‍ സ്വീകരിക്കുകയോ അരുത്! കാരണം, ക്രിസ്തുവും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങള്‍ പഠിപ്പിക്കുന്നത് ദൈവദൂതന്‍ ആയിരുന്നാല്‍പ്പോലും അത് സ്വീകരിക്കാനുള്ള ബാധ്യത നമുക്കില്ല. ദൈവദൂതന്മാരുടെ വേഷത്തില്‍പ്പോലും നമ്മുടെ ശത്രുവായ സാത്താന്‍ കടന്നുവരും.

അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധയോടെ വായിക്കുക: "ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്‍േറതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു"(ഗലാത്തി: 1; 6-10). ഈ വെളിപ്പെടുത്തലിനെ നിസ്സാരമായി ആരും കാണരുത്.

പൗലോസിന്റെ ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തത്ഭുതം?"(2കോറി: 11; 14, 15). ഇന്ന് കത്തോലിക്കാസഭയില്‍ നാം കാണുന്നത് ഇതുതന്നെയാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ വന്നുഭവിച്ച ദുരന്തത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ തീവ്രയജ്ഞം നടത്തുന്ന സംഘത്തിന്റെ നിയന്ത്രണത്തിലാണ് കത്തോലിക്കാസഭ! തങ്ങള്‍ കാട്ടിക്കൂട്ടുന്നതെല്ലാം പരിശുദ്ധാത്മാവിന്റെ തീരുമാനങ്ങളാണെന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്നവിധം അവരുടെ ആത്മീയതയെ പാകപ്പെടുത്തിയെടുക്കാന്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കു സാധിച്ചു. പിശാചിന്റെ ശുശ്രൂഷകരെപ്പോലും 'പിതാവേ' എന്നു സംബോധനചെയ്യാന്‍ വിശ്വാസികള്‍ക്കു മടിയില്ല. എന്തെന്നാല്‍, ഇവര്‍ പരിശീലനം സിദ്ധിച്ചിരിക്കുന്നത് വ്യാജന്മാരില്‍നിന്നാണ്! ഇവിടെയാണ്‌ ആമുഖത്തില്‍ നാം പരിഗണിച്ച താരതമ്യ ചിന്ത പ്രസക്തമാകുന്നത്. ക്രിസ്തീയ നിയമങ്ങള്‍ക്ക് സ്വീകാര്യത ഇല്ലാതാകുകയും ലോകത്തിന്റെ നിയമങ്ങളെ മനുഷ്യന്‍ നെഞ്ചിലേറ്റുകയും ചെയ്യുന്ന ഈ കാലഘട്ടത്തിനു കത്തോലിക്കാസഭ നല്‍കുന്ന സംഭാവന എന്താണ്?

ഫ്രാന്‍സീസ് വ്യാജനോ?!

ആഗോള കത്തോലിക്കാസഭയുടെ അധികാരസ്ഥാനങ്ങള്‍ പിടിച്ചടക്കിയിരിക്കുന്നത് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം ഇതിനോടകം അനേകംതവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ മനോവയെ ക്രൂശിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട വ്യക്തികളും സംഘടനകളും അനേകമാണ്. സത്യത്തിനു സാക്ഷ്യംവഹിക്കുകയെന്ന നിലപാടില്‍നിന്ന് അണുവിട വ്യതിചലിക്കാതെ മനോവയെ ഉറപ്പിച്ചുനിര്‍ത്തുന്നത് മനുഷ്യന്റെയോ ലോകത്തിന്റെ ഏതെങ്കിലും ശക്തികളുടെയോ പിന്തുണയല്ല! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഉറപ്പിച്ചുനിര്‍ത്തുന്നില്ലെങ്കില്‍, ലോകത്തിന്റെ ഏതൊരു പിന്തുണയും വ്യര്‍ത്ഥമാണെന്നു മനോവയ്ക്ക് ഉറപ്പുണ്ട്. ആയതിനാല്‍, മനോവ ആവര്‍ത്തിക്കുന്നു: കത്തോലിക്കാസഭയുടെ അന്തകരാണ് ഇന്ന് ഈ സഭയുടെ നേതാക്കന്മാരായി വിഹരിക്കുന്നത്! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ അനേകം കാതങ്ങള്‍ യാത്രചെയ്യേണ്ടാതില്ല; മറിച്ച്, വത്തിക്കാനിലെ ഭരണാധികാരിയെ ശ്രദ്ധിച്ചാല്‍ മാത്രം മതി.

അധികാരം പിടിച്ചെടുത്ത നാള്‍മുതല്‍ ഇന്നോളം ഇയാള്‍ നടത്തിയിട്ടുള്ള ദൈവദൂഷണപരമായ പ്രഖ്യാപനങ്ങളും ഇയാള്‍ കത്തോലിക്കാസഭയുടെ വളര്‍ച്ചയ്ക്കും നിലനില്പിനും ചെയ്തിട്ടുള്ള സേവനങ്ങളും പരിശോധിച്ചാല്‍ ഇയാളുടെ നിഗൂഢമായ താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ദൈവീകനിയമങ്ങളില്‍നിന്നു കത്തോലിക്കാസഭയെ വിടുവിച്ച്, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവാക്കി ഈ സഭയെ മാറ്റുകയെന്നതാണ് ഈ മനുഷ്യാവതാരത്തിന്റെ ലക്‌ഷ്യം! പൈശാചിക അജണ്ട നടപ്പാക്കുന്നതിനുവേണ്ടിയുള്ള ഇയാളുടെ ഓരോ നീക്കത്തെയും പിന്തുണയ്ക്കാന്‍ ഈ ലോകത്തിന്റെ എല്ലാ സംവീധാനങ്ങളും തയ്യാറായി. ലോകത്തിന്റെ മുഴുവന്‍ ആദരവും പിന്തുണയും ഫ്രാന്‍സീസിനോടൊപ്പം നിലയുറപ്പിച്ചപ്പോള്‍, ഭൂരിപക്ഷത്തിന്റെ പിന്തുണ കണ്ട് കത്തോലിക്കാസഭയിലെ വിശ്വാസികള്‍പ്പോലും വഞ്ചിക്കപ്പെട്ടു. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോഴൊക്കെ പീഡകരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫ്രാന്‍സീസ് സ്വീകരിച്ചത്. എന്നാല്‍, കത്തോലിക്കാസഭയിലെ വിശ്വാസികളെന്നു പറയപ്പെടുന്ന ആള്‍ക്കൂട്ടത്തിന് ഇയാളിലെ പൈശാചികത തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികളുടെ സംഖ്യ വിരലിലെണ്ണാവുന്ന വിധം കുറഞ്ഞുപോയതാണ് ഇതിനു കാരണം. ദൈവത്തിന്റെ നിയമങ്ങളെ വെറുക്കുന്നവരുടെ സംഖ്യ ഇന്ന് കത്തോലിക്കാസഭയില്‍പ്പോലും ക്രമാതീതമായിരിക്കുന്നു. ദൈവത്തിന്റെ നിയമങ്ങളെക്കാള്‍ മാനുഷികനിയമങ്ങള്‍ അഭിലഷിക്കുന്ന ആള്‍ക്കൂട്ടമായി കത്തോലിക്കാസഭ മാറിയെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഫ്രാന്‍സീസിനു ലഭിക്കുന്ന സ്വീകാര്യത!

സാങ്കേതികമായി മാത്രം അംഗങ്ങളായിരിക്കുന്നവരാണ് ഇന്ന് കത്തോലിക്കാസഭയില്‍ അധികവും. ദൈവം ആരാണെന്നുപോലും അറിയാത്ത ആചാര്യന്മാര്‍ ഇന്നു സാങ്കേതികമായി സഭയിലുണ്ട്. ഇത്തരത്തിലൊരുവന്റെ അനര്‍ഹവും അധാര്‍മ്മികവുമായ വളര്‍ച്ചയുടെ അന്ത്യമാണ് ഫ്രാന്‍സീസ് എന്ന വത്തിക്കാനിലെ ഭരണാധികാരി! വത്തിക്കാനിലെ ഏതൊരു ഭരണാധികാരിക്കും മറ്റൊരു പദവികൂടിയുണ്ടെന്നു നമുക്കറിയാം. ലോകഭൂപടത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ ഭരണാധികാരിയാണെങ്കില്‍ക്കൂടി, ലോകത്തെ മറ്റേതു ഭരണാധികാരിയെക്കാളും ആദരവും അംഗീകാരവും ഈ രാജ്യത്തിന്റെ അധികാരിക്ക് ലഭിക്കുന്നത് രാജ്യത്തിന്റെ വിസ്തീര്‍ണ്ണം പരിഗണിച്ചല്ല; മറിച്ച്, ഈ രാഷ്ട്രത്തലവന്‍ വഹിക്കുന്ന മറ്റൊരു പദവിയുടെ യോഗ്യത പരിഗണിച്ചാണ്. അതായത്, കത്തോലിക്കാസസഭയുടെ ഇടയന്‍ എന്ന പദവിയാണ്‌ വത്തിക്കാനിലെ രാജാവിനെ ഉയര്‍ത്തിനിര്‍ത്തുന്നത്. ക്രിസ്തുവിന്റെ ആടുകളെ നയിക്കാനും സംരക്ഷിക്കാനുമുള്ള ചുമതലയാണ് പോപ്പ് എന്ന പദവിയിലൂടെ ഒരുവന്‍ ഏറ്റെടുക്കുന്നത്. എന്നാല്‍, ക്രിസ്തുവിന്റെ ആടുകള്‍ ചെന്നായ്ക്കള്‍ക്ക് ഇരയായപ്പോള്‍ ഈ ഇടയന്‍ എന്തുചെയ്തു? ആടുകള്‍ക്കുവേണ്ടി വാദിക്കുകയോ ചെന്നായ്ക്കളോടു പൊരുതുകയോ ചെയ്യാത്ത ഈ ഇടയന്‍ ഒരു വിലാപഗാനംപോലും ആടുകള്‍ക്കുവേണ്ടി ആലപിച്ചില്ല! ഒരുകാലത്തും അനുഭവിക്കാത്ത തരത്തിലുള്ള അരക്ഷിതാവസ്ഥയാണ് ഈ ഇടയവേഷധാരിയുടെ മേല്‍നോട്ടത്തില്‍ ആടുകള്‍ അനുഭവിച്ചത്!

അതിശയോക്തി കലര്‍ത്തി ഒന്നും മനോവ പറയുന്നില്ല. ഫ്രാന്‍സീസിന്റെ ഭരണത്തിന്‍കീഴില്‍ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ അനുഭവിച്ച യാതനകളുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുമ്പോള്‍, അതില്‍ ഏതാണ് അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചത് എന്ന് വായനക്കാര്‍തന്നെ വിലയിരുത്തുക! ക്രിസ്തു ഭരമേല്പിച്ച അപ്പസ്തോലിക ദൗത്യം നിറവേറ്റുന്നതില്‍ ഫ്രാന്‍സീസ് എത്രത്തോളം ജാഗ്രത പുലര്‍ത്തിയെന്ന് ഓരോരുത്തരും ചിന്തിക്കുക. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാമൊരു താരതമ്യപഠനത്തിനു ശ്രമിച്ചു. ഫ്രാന്‍സീസിനു ലഭിക്കുന്ന ജന-മാധ്യമ പിന്തുണയും, ഡൊണാള്‍ഡ് ട്രംപിനെ അകാരണമായി എതിര്‍ക്കുന്ന മാധ്യമ-സാംസ്ക്കാരിക സംഘങ്ങളെയും ചൂണ്ടിക്കാട്ടിയുള്ള താരതമ്യമാണ് നാം നടത്തിയത്. സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നപേരില്‍ വാഴ്ത്തപ്പെടുന്ന സാംസ്കാരിക അശ്രീകരങ്ങളെ സംബന്ധിച്ചിടത്തോളം, ദൈവനിഷേധം പറഞ്ഞു ശ്രദ്ധനേടുക എന്ന അജണ്ടയോടെ നിലകൊള്ളുന്ന ഒരു സമൂഹമാണ്! ഇത്തരം 'സാംസ്കാരിക' പ്രവര്‍ത്തകാരെയും മുഖ്യധാരാമാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങളാണെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ ലോകം ഇന്ന് എത്തിനില്‍ക്കുന്നത് എത്രത്തോളം പൈശാചിക അവസ്ഥയിലാണെന്നു മനസ്സിലാകുകയുള്ളു. ഇവിടെയാണ്‌ ട്രംപ്-ഫ്രാന്‍സീസ്-പുട്ടിന്‍ എന്നീ രാഷ്ട്രത്തലവന്മാര്‍ക്ക്  മാധ്യമങ്ങളും സാംസ്കാരിക ലോകവും നല്‍കുന്ന പിന്തുണകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായി വരുന്നത്.

ട്രംപ്-ഫ്രാന്‍സീസ്-പുട്ടിന്‍!

ലോകത്തിന്റെ അംഗീകാരം എന്നത് ദൈവത്തിന്റെ അംഗീകാരമായി ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ ആയിരിക്കുന്നത് അപകടകരമായ അബദ്ധചിന്തയുടെ തടവറയിലാണ്! ഈ സത്യം മനസ്സിലാക്കേണ്ടതിനുവേണ്ടിയാണ് ദീര്‍ഘമായൊരു ആമുഖം ഈ ലേഖനത്തിന് അനിവാര്യമായത്. ആയതിനാല്‍, മുന്‍വിധികള്‍ മാറ്റിവച്ച്, തങ്ങളുടെ ആത്മരക്ഷയുടെ കാര്യമാണ് എന്ന പരിഗണന നല്‍കിക്കൊണ്ട് ഈ ലേഖനത്തെ സമീപിക്കുവാന്‍ ഓരോരുത്തരെയും മനോവ ആഹ്വാനംചെയ്യുന്നു. സ്വന്തം ആത്മാവിന്റെ വില മനസ്സിലാക്കുകയും, മുന്‍കൂട്ടി നല്‍കപ്പെട്ടിരിക്കുന്ന രക്ഷയുടെ ഏകമാര്‍ഗ്ഗത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കുവാനുമുള്ള ഉത്തരവാദിത്വം തികച്ചും വ്യക്തിപരമാണ്. അപകടകരമായ ആശയങ്ങളുമായി കടന്നുവരുന്നവരെ, അവരുടെ പദവികള്‍ പരിഗണിക്കാതെതന്നെ തള്ളിക്കളഞ്ഞില്ലെങ്കില്‍, ഇവരില്‍ ഒരുവനും രക്ഷിക്കാന്‍ കഴിയാത്തവിധം നിത്യശിക്ഷയ്ക്കു പാത്രമാകുന്നത് നിങ്ങള്‍ മാത്രമായിരിക്കും. ഈ മുന്നറിയിപ്പു ദൈവത്തില്‍നിന്നാണെന്നു തിരിച്ചറിഞ്ഞ് യോജിച്ചവിധം പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും. എന്തെന്നാല്‍, ദൈവം അവിടുത്തെ തിരുഹിതം വെളിപ്പെടുത്തിയിരിക്കുന്ന തിരുവചനങ്ങള്‍ മാത്രമേ ഇവിടെ ഉദ്ധരിക്കുകയുള്ളു!

ഏകസത്യദൈവത്തെ അറിയുകയും അവിടുന്ന് അയച്ച രക്ഷ സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കുകയുള്ളു. ഇതിനു വിരുദ്ധമായ പ്രബോധനവുമായി ആരെങ്കിലും നിങ്ങളെ സമീപിക്കുന്നുവെങ്കില്‍, അവരെ ഭവനത്തില്‍ സ്വീകരിക്കുകയോ അഭിവാദ്യം ചെയ്യുകപോലുമോ അരുത്. ഇത് ബൈബിള്‍ നല്‍കുന്ന പാഠവും പഠനവുമാണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ജന്മംകൊണ്ടത് നിത്യരക്ഷയെ സംബന്ധിച്ചുള്ള അപകടകരമായ ആശയമായിരുന്നു. ഇക്കാര്യം മനസ്സിലാക്കുന്നതോടൊപ്പം, കത്തോലിക്കാസഭ അച്ചടിച്ചിറക്കിയിരിക്കുന്ന രണ്ടു മതബോധനഗ്രന്ഥങ്ങളിലും ഒളിഞ്ഞിരിക്കുന്നത് പൈശാചിക സന്ദേശങ്ങളാണെന്ന തിരിച്ചറിവും പ്രാപിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ സംഭവിച്ച ദുരന്തങ്ങള്‍ ഇതുമായി ചേര്‍ത്തുവച്ചു പരിശോധിക്കപ്പെടണം. കത്തോലിക്കാസഭയുടെ ഈറ്റില്ലം എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന യൂറോപ്പിന്റെ ഇന്നത്തെ ആദ്ധ്യാത്മിക അധഃപതനത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചു യാത്രചെയ്താല്‍ അത് രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ചെന്നെത്തും. ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയോ വില്‍ക്കപ്പെടുകയോ ചെയ്യേണ്ടവിധം വിശ്വാസികള്‍ ഇല്ലാതായ അവസ്ഥയാണ് ഇന്ന് യൂറോപ്പിലുള്ളത്.

മറ്റെല്ലാ മതങ്ങളെയും ഗ്രസിച്ച ആത്മീയശോഷണമാണ് കത്തോലിക്കാസഭയെ ബാധിച്ചതെന്ന് ആരും കരുതേണ്ടാ! ഇസ്ലാംമതവും ഹിന്ദുമതവുമടക്കം മറ്റെല്ലാ മതങ്ങളും ശക്തമായി വളരുകയും അവയിലുള്ള വിശ്വാസികള്‍ തങ്ങളുടെ വിശ്വാസതീക്ഷ്ണത നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ്, ക്രിസ്ത്യാനികളില്‍ വിശ്വാസത്യാഗം സംഭവിക്കുന്നത്! ഇടയനില്ലാത്ത ആടുകളെപ്പോലെ ആലകള്‍ തേടിനടക്കുന്ന അവസ്ഥയിലാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍! രണ്ടാംവത്തിക്കാന്‍ സൂനഹദോസും കത്തോലിക്കാ മതബോധനഗ്രന്ഥങ്ങളും വരുത്തിവച്ച ഈ ദുരന്തത്തെ അനുഗൃഹമായി കരുതുന്ന അനേകര്‍ കത്തോലിക്കാസഭയിലുണ്ട്. സത്യത്തിന്റെ മാര്‍ഗ്ഗത്തെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ് ഇക്കൂട്ടര്‍! ദൈവീകനിയമങ്ങളുടെ അനുഗൃഹദായകമായ സ്നേഹത്തില്‍നിന്നു പുറത്തുകടന്ന് ലോകമോഹങ്ങളില്‍ വ്യാപരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് സഭയിലെ ആചാര്യന്മാര്‍ നിലകൊള്ളുന്നത്. ഈ ലോകത്തില്‍ മാത്രം പ്രത്യാശയര്‍പ്പിച്ചു ജീവിക്കുന്നവര്‍ക്കു സ്വീകാര്യമായ നിയമങ്ങളും പ്രബോധനങ്ങളുമായി ക്രിസ്തുവിന്റെ സഭയെ ഇവര്‍ മലീമസമാക്കി! നിഗൂഢമായ ആശയങ്ങള്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്പിച്ച പൈശാചിക സന്തതികളില്‍ ഒന്നാമന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആണെങ്കില്‍, രണ്ടാമനും അവസാനത്തവനും ഫ്രാന്‍സീസ് എന്ന 'ഹോസെ മരിയോ ബെര്‍ഗോളിയോ' ആണ്!

ഫ്രാന്‍സീസ് എന്ന വ്യക്തിയെ വിലയിരുത്തേണ്ടത് ഇയാള്‍ ഉയര്‍ത്തുന്ന ആശയങ്ങളെയും ഇയാളില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യത്തോടു പുലര്‍ത്തുന്ന സത്യസന്ധതയും പരിഗണിച്ചായിരിക്കണം. ഫ്രാന്‍സീസ് വഹിക്കുന്ന രണ്ടു സ്ഥാനങ്ങള്‍ ഏതെല്ലാമാണെന്നു നമുക്കറിയാം. വത്തിക്കാനിലെ ഭരണാധികാരി എന്നതിലുപരി, കത്തോലിക്കാസഭയിലെ ആടുകളെ നയിക്കാന്‍ നിയുക്തനായിരിക്കുന്ന ഇടയന്‍ എന്ന പദവിയെ വിലയിരുത്തിക്കൊണ്ട് നമ്മുടെ പഠനം തുടരാം. ഇടയനാകാനുള്ള ഒരുവന്റെ യോഗ്യത എന്താണെന്നും ഇടയനില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം എന്താണെന്നും മനസ്സിലാക്കിക്കൊണ്ട് ഫ്രാന്‍സീസിന്റെ ആധികാരികത പരിശോധിക്കുന്നതായിരിക്കും ഉചിതം. കത്തോലിക്കാസഭയുടെ ഇടയന്മാരുടെ പരമ്പരയില്‍ ഒന്നാമത്തെയാള്‍ പത്രോസായിരുന്നുവെന്നും ഈ പത്രോസിനെ ചുമതലയേല്പിച്ചത് ക്രിസ്തുവാണെന്നു നമുക്കറിയാം. അതിനാല്‍, പത്രോസില്‍ യേഹ്ശുവാ കണ്ട യോഗ്യതയും അവിടുന്ന് പത്രോസിനെ ഏല്പിച്ച ദൗത്യവും എന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

പത്രോസിന്റെ യോഗ്യത സഭ അറിയേണ്ടതിനായി യേഹ്ശുവാ ഇപ്രകാരം അവനോടു ചോദിച്ചു: "യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ?"(യോഹ: 21; 15). വളരെ ലളിതമായ ഒരു ചോദ്യമാണ് യേഹ്ശുവാ പത്ത്രോസിന്റെ മുന്‍പില്‍ വച്ചത്. മൂന്നുവട്ടം ഈ ചോദ്യം ആവര്‍ത്തിക്കുകയും, അപ്പോഴൊക്കെ പത്രോസ് ഒരേ ഉത്തരംതന്നെ നല്‍കുകയും ചെയ്തു. യേഹ്ശുവായുടെ ചോദ്യത്തിനു മറുപടിയായി പത്രോസ് ആവര്‍ത്തിച്ചു പറഞ്ഞ മറുപടി ഇതായിരുന്നു: "ഉവ്വ് യേഹ്ശുവായേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ"(യോഹ: 21; 16). പത്രോസ് മറുപടി പറഞ്ഞപ്പോഴൊക്കെ അവനെ ഒരു ദൗത്യം ഭരമേല്പിച്ചുകൊണ്ട് യേഹ്ശുവാ ഇപ്രകാരം ആവശ്യപ്പെട്ടു: "എന്റെ കുഞ്ഞാടുകളെ മേയിക്കുക"(യോഹ: 21; 17). പത്രോസിന്റെ യോഗ്യതയും അവനില്‍ ഭരമേല്പിക്കപ്പെട്ട ദൗത്യവും എന്താണെന്നു വായനക്കാര്‍ ഗ്രഹിച്ചുവെന്നു മനോവ കരുതുന്നു. യേഹ്ശുവാ അന്വേഷിച്ചറിഞ്ഞത് പത്രോസിനു തന്നോടുള്ള സ്നേഹത്തിന്റെ അളവാണ്. എല്ലാറ്റിലും ഉപരിയായി യേഹ്ശുവായെ സ്നേഹിക്കുന്നുവരെ മാത്രമേ അവിടുത്തെ കുഞ്ഞാടുകളെ മേയിക്കാനുള്ള ചുമതല ഏല്പിക്കുകയുള്ളു.

യേഹ്ശുവായെ സ്നേഹിക്കുന്നതിന്റെ അടയാളം എന്താണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്?(യോഹ: 14; 23, 24). യേഹ്ശുവാ പഠിപ്പിച്ചതെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുക എന്നത് അവിടുത്തെ അഭിഷിക്തരുടെ ഉത്തരവാദിത്വമാണ്. യേഹ്ശുവായുടെ വചനം അനുസരിക്കുക എന്നതിന് യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. എന്തെന്നാല്‍, യേഹ്ശുവാ അറിയിച്ചതെല്ലാം പിതാവിന്റെ വചനമാണെന്ന് വ്യക്തമാക്കിയതും അവിടുന്നുതന്നെയാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ നിയമങ്ങളോ ചട്ടങ്ങളോ തിരുത്താന്‍ യേഹ്ശുവാ തയ്യാറായിട്ടില്ല എന്നതും നാം ഓര്‍ക്കണം. അതായത്, മോശയിലൂടെ നല്‍കപ്പെട്ടതും യേഹ്ശുവാ സ്ഥിരീകരിച്ചതുമായ നിയമങ്ങള്‍ അടങ്ങുന്ന വചനം പാലിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ അവിടുത്തെ സ്നേഹിക്കുന്നവന്‍! ഇപ്രകാരം യേഹ്ശുവായെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ ആടുകളെ മേയിക്കാനുള്ള യോഗ്യതയുണ്ട്.

യേഹ്ശുവായെ സ്നേഹിക്കുന്നവന്‍ അവിടുത്തെ ആടുകളെ സ്നേഹിക്കും. ക്രിസ്തുവാണ്‌ ആടുകളുടെ ഉടമസ്ഥനായ യഥാര്‍ത്ഥ ഇടയനെന്നു നമുക്കറിയാം. ഈ ഇടയന്‍ ചുമതപ്പെടുത്തിയിരിക്കുന്ന ജോലിക്കാര്‍ മാത്രമാണ് മറ്റിടയന്മാര്‍! യഥാര്‍ത്ഥ ഇടയനെ ജോലിക്കാരന്‍ എത്രകണ്ട് സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍, അവന്‍ ഉടമസ്ഥന്റെ ആടുകളെ എങ്ങനെ പരിപാലിക്കുന്നുവെന്ന് നോക്കിയാല്‍ മതി. അതായത്, ആടുകളെ പരിചരിക്കുന്നതിലെ ആത്മാര്‍ത്ഥതയാണ് ജോലിക്കാരന് ഉടമസ്ഥനോടുള്ള സ്നേഹവും വിശ്വസ്തതയും അളക്കാനുള്ള അളവുകോല്‍! വ്യാജഇടയന്മാരെ തിരിച്ചറിയാനുള്ള അടയാളവും ഇതുതന്നെ. യേഹ്ശുവാ അറിയിച്ച ഈ വചനം ശ്രദ്ധിക്കുക: "നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്"(യോഹ: 10; 11-13). ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി നിരീക്ഷിച്ചാല്‍ യഥാര്‍ത്ഥ ഇടയന്മാരെയും വ്യാജഇടയന്മാരെയും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കും. ഒരു ഇടയന്റെ എല്ലാ യോഗ്യതകളും സമ്മേളിക്കുന്നത് യേഹ്ശുവായില്‍ മാത്രമാണ്. എന്നാല്‍, യഥാര്‍ത്ഥ ഇടയനില്‍ കാണേണ്ടതായ അടയാളങ്ങളില്‍ ഒന്നുപോലുമില്ലാത്തവരെ എങ്ങനെ ഇടയനായി പരിഗണിക്കാന്‍ സാധിക്കും?

ഈ ചോദ്യത്തില്‍നിന്നുകൊണ്ട് ഫ്രാന്‍സീസിനെ പരിശോധിച്ചാല്‍, ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടയനുയോജിച്ച ഒന്നും ഈ വ്യക്തിയില്‍ ദര്‍ശിക്കാന്‍ കഴിയില്ല. യേഹ്ശുവായുടെ വചനം പാലിക്കുന്നവനാണ് അവിടുത്തെ സ്നേഹിക്കുന്നവന്‍. ഏതൊരു ക്രിസ്ത്യാനിയും ക്രിസ്തുവിന്റെ ഇടയനുംകൂടിയാണ്. എന്തെന്നാല്‍, രാജത്വവും പ്രവാചകത്വവും പൗരോഹിത്യവും അഭിഷേകമായി സ്വീകരിച്ചിട്ടുള്ളവരാണ് എല്ലാ ക്രൈസ്തവരും. എന്നാല്‍, എല്ലാ ക്രൈസ്തവരും രാജാവോ പ്രവാചകനോ പുരോഹിതനോ ആയി ശുശ്രൂഷ ചെയ്യുന്നില്ല. എല്ലാ ക്രൈസ്തവരിലും പൊതുവായുള്ള അഭിഷേകങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഏതെങ്കിലും പ്രത്യേക ശുശ്രൂഷകള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആ ശുശ്രൂഷ ചെയ്യുന്നു. അതുപോലെതന്നെ, അഭിഷിക്തരായ ക്രൈസ്തവരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇടയന്‍! അപ്പസ്തോലന്മാരില്‍ എല്ലാവരും ക്രിസ്ത്യാനികളായിരുന്നുവെങ്കിലും പത്രോസിനെ മാത്രമാണ് കുഞ്ഞാടുകളെ മേയിക്കാനുള്ള ചുമതല ഏല്പിച്ചത്. മറ്റ് അപ്പസ്തോലന്മാരിലും ക്രൈസ്തവരായി അന്നുണ്ടായിരുന്ന സകലരിലും ഇടയന്റെ അഭിഷേകം ഉണ്ടായിരുന്നുവെങ്കിലും അത് ഒരു പദവിയായി നല്‍കപ്പെട്ടിരുന്നില്ല! ചുരുക്കത്തില്‍ നാം മനസ്സിലാക്കേണ്ടത്, ഏതൊരു ക്രിസ്ത്യാനിയിലും ഉണ്ടായിരിക്കേണ്ട എല്ലാ അഭിഷേകവും അതിന്റെ പൂര്‍ണ്ണതയില്‍ ഉണ്ടെങ്കില്‍ മാത്രമേ അവനൊരു ഇടയനാകാന്‍ കഴിയുകയുള്ളു.

പത്രോസിന് യേഹ്ശുവായോട് ഉണ്ടായിരുന്ന സ്നേഹമാണ് അവനെ ഇടയന്റെ പദവിക്ക് അര്‍ഹനാക്കിയത്. തന്നെ സ്നേഹിക്കുകയെന്നാല്‍, തന്റെ വചനം അനുസരിക്കുക എന്നതാണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നതിനാല്‍, പത്രോസിന്റെ യഥാര്‍ത്ഥ യോഗ്യത എന്തായിരുന്നുവെന്ന് സ്പഷ്ടം! വചനം പാലിക്കുന്നവന്‍ എന്നതായിരുന്നു പത്രോസിന്റെ അടിസ്ഥാന യോഗ്യത! യേഹ്ശുവാ തന്റെ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അവസാനമായി അറിയിച്ച വചനം ഇതാണ്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). ഈ വചനമാണ് പത്രോസും സഹശിഷ്യന്മാരും അനുസരിച്ചത്! ഈ ശുശ്രൂഷ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത് ഏതെങ്കിലും പ്രത്യേക കാലത്തേക്കു മാത്രമായിരുന്നില്ല; മറിച്ച്, യുഗാന്തംവരെ തുടരേണ്ട ശുശ്രൂഷയാണ് യേഹ്ശുവാ ഭരമേല്പിച്ചത്. പത്രോസും സഹശിഷ്യന്മാരും ഈ ദൗത്യം ഏറ്റെടുക്കുകയും ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.

ജറുസലേമില്‍ തീര്‍ത്ഥാടകരായി വന്ന യഹൂദരോട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). യേഹ്ശുവായുടെ വചനം അനുസരിക്കുന്നതിന്റെ തുടക്കമായിരുന്നു അത്. ആടുകളെ മേയിക്കാന്‍ നിയുക്തനായ പ്രഥമ ഇടയന്റെ പ്രഥമ ശുശ്രൂഷ അവിടെത്തുടങ്ങി! ലോകാന്തംവരെ തുടരേണ്ട ശുശ്രൂഷയുടെ തുടക്കമായിരുന്നു അതെങ്കില്‍, പത്രോസിന്റെ ശുശ്രൂഷ തുടരുകയെന്നതാണ് അവന്റെ പദവി വഹിക്കാനുള്ള ഒരുവന്റെ അടിസ്ഥാനയോഗ്യത! എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസുവരെ മാത്രമാണ് കത്തോലിക്കാസഭയിലെ ഇടയന്മാര്‍ ഈ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണമായി ഉറച്ചുനിന്നിട്ടുള്ളു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ തിരുത്തിയത് പത്രോസ് നടത്തിയ വിശ്വാസത്തിന്റെയും പ്രഖ്യാപനങ്ങളായിരുന്നുവെങ്കില്‍ അതിലൂടെ അയാള്‍ പ്രഖ്യാപിച്ചത് താനൊരു വ്യാജനാണെന്ന യാഥാര്‍ത്ഥ്യമാണ്. ഈ പ്രഖ്യാപനംതന്നെയാണ് ഫ്രാന്‍സീസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും! എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവാനും അവര്‍ക്കു ജ്ഞാനസ്നാനം നല്‍കി സഭയില്‍ ചേര്‍ക്കുവാനുമുള്ള യേഹ്ശുവായുടെ ആഹ്വാനത്തോട് ഫ്രാന്‍സീസ് പ്രതികരിച്ചത് എങ്ങനെയാണെന്നു നമുക്കറിയാം. ആരെയും ക്രിസ്ത്യാനിയാകാന്‍ ക്ഷണിക്കരുതെന്നും നല്ല മനുഷ്യരായി ജീവിക്കാന്‍ അവരെ ഉപദേശിച്ചാല്‍ മതിയെന്നും പറഞ്ഞ ഫ്രാന്‍സീസിനെ പത്രോസിന്റെ പദവിയില്‍ പരിഗണിക്കാന്‍ ക്രിസ്ത്യാനികളായ ദൈവമക്കളില്‍ ആര്‍ക്കും സാധിക്കില്ല!

യേഹ്ശുവായുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ ഒരുവനെ അവിടുത്തെ സഭയുടെ നേതൃത്വത്തില്‍ അവിടുന്ന് പ്രതിഷ്ഠിക്കുമെന്ന് ആരും ചിന്തിക്കരുത്. രക്ഷയുടെ സന്ദേശം അറിയിക്കാനാണ് സഭയെ അവിടുന്ന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതുപോലെതന്നെ, രക്ഷപ്രാപിച്ചു സഭയോടുചേരുന്ന കുഞ്ഞാടുകളെ മേയിക്കുകയെന്നതാണ് ഇടയന്റെ ചുമതല. ഈ രണ്ടുകാര്യങ്ങളിലും വിശ്വസ്തത പുലര്‍ത്താത്തവര്‍ സഭയുടെ ഭാഗംപോലുമല്ല. ക്രിസ്ത്യാനികളാകാന്‍ ആരെയും ക്ഷണിക്കരുതെന്നു പറയുന്ന ഒരുത്തനെ സഭയുടെ നേതാവായി അംഗീകരിക്കുന്നതുപോലും ദൈവനിഷേധമാണ്! ഇടയന്മാരുടെ തലവനും സഭയുടെ രക്ഷകനും ദൈവവുമായ യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും"(യോഹ: 10; 14-16).

ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകള്‍ തനിക്കുണ്ടെന്ന് യേഹ്ശുവാ പറഞ്ഞതിന്റെ അര്‍ത്ഥം നാം ഗ്രഹിക്കണം. യഹൂദരെക്കൂടാതെ, എല്ലാ ജാതികളില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവിടുത്തെ ആട്ടിന്‍പറ്റമാകുന്ന സഭയില്‍ ചേര്‍ക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ് യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചത്. പത്രോസും പൗലോസും അടങ്ങുന്ന അപ്പസ്തോല സമൂഹം ഏറ്റെടുത്തത് ഈ ശുശ്രൂഷയാണ്. എന്നാല്‍, ക്രിസ്തീയതയിലേക്ക് ആരെയും ക്ഷണിക്കരുതെന്നു ജല്പിച്ചതിലൂടെ, താന്‍ ക്രിസ്തുവിനെയോ അവിടുത്തെ ആഹ്വാനത്തെയോ അംഗീകരിക്കുന്നില്ല എന്ന പ്രഖ്യാപനമാണ്  ഫ്രാന്‍സീസ് നടത്തിയത്! ഒരു ഇറ്റാലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തോടെയായിരുന്നു ഫ്രാന്‍സീസിന്റെ ദൈവനിഷേധപരമായ ജല്പനങ്ങളുടെ തുടക്കം. ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെന്നും തന്റെ ഗുരുവായിട്ടാണ് അവിടുത്തെ കണക്കാക്കുന്നതെന്നും ഫ്രാന്‍സീസ് പ്രസ്താവിച്ചു. 'ലാ റിപ്പബ്ലിക്ക' എന്ന ഈ പത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെ തന്റെ അജണ്ടകള്‍ ഫ്രാന്‍സീസ് വ്യക്തമാക്കുകയായിരുന്നു. സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശനം സാധ്യമാകാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നു നിര്‍ബ്ബന്ധമില്ല എന്ന പ്രഖ്യാപനവും ഇയാള്‍ നടത്തി! കമ്മ്യൂണിസ്റ്റ് പത്രംകൂടിയായ 'ലാ റിപ്പബ്ലിക്ക'യിലൂടെ തന്റെ നിരീശ്വരചിന്തകളെയും ഫ്രാന്‍സീസ് അന്ന് വെളിപ്പെടുത്തുകയുണ്ടായി! ദൈവമില്ല എന്ന പ്രഖ്യാപനത്തോടെ ചത്തുപോയ ചെഗുവേരയെ തന്റെ വീരനായകനായി പ്രഖ്യാപിക്കാന്‍ തയ്യാറായ ഫ്രാന്‍സീസ്, ക്യൂബയില്‍ വച്ച് അര്‍പ്പിച്ച കുര്‍ബ്ബാനയില്‍ ചെഗുവേരയെ ക്രിസ്തുവിനു സമനാക്കിയതും ലോകം കണ്ടു!

സ്വവര്‍ഗ്ഗരതിക്കാരും നിരീശ്വരവാദികളുമടക്കം മ്ലേച്ഛതയില്‍ ജീവിക്കുന്ന സകലരെയും മഹത്വവത്ക്കരിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് ഇന്നുവരെ നിലകൊണ്ടത്. പത്രോസിന്റെ പദവിക്കു യോജിച്ച ഒരു പ്രഖ്യാപനംപോലും ഇന്നുവരെ നടത്തിയിട്ടില്ലാത്ത ഈ മനുഷ്യനെ ദിവ്യപുരുഷനായി ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നവര്‍ കത്തോലിക്കാസഭയില്‍പ്പോലുമുണ്ട്. ദൈവത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ഇക്കൂട്ടരെയാണ് സാങ്കേതികമായി മാത്രം കത്തോലിക്കാസഭയില്‍ അംഗങ്ങളായി തുടരുന്നവരെന്നു മനോവ സംബോധന ചെയ്യുന്നത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ കത്തോലിക്കാസഭയുടെ ഭാഗമായി 'ലിസ്റ്റ്' ചെയ്യപ്പെട്ടവരും അംഗത്വത്തില്‍ തുടരുന്നവരുമാണ് ഇക്കൂട്ടര്‍!

ഇറ്റാലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ അജണ്ട ഫ്രാന്‍സീസ് വ്യക്തമാക്കിയത്. അതിനുശേഷം ഒരിക്കല്‍പ്പോലും ക്രൈസ്തവ മൂല്യങ്ങളെയോ അപ്പസ്തോലിക പാരമ്പര്യങ്ങളെയോ ദൈവീകനിയമങ്ങളെയോ അംഗീകരിക്കുന്ന വാക്കുകള്‍ ഫ്രാന്‍സീസില്‍നിന്ന് ആരും കേട്ടിട്ടില്ല. അതിനാല്‍ത്തന്നെ, ആദ്യത്തെ ദൈവനിഷേധം മുതല്‍ ഒരു ഘട്ടത്തിലും ഫ്രാന്‍സീസിനെ പത്രോസിന്റെ പിന്‍ഗാമിയായി മനോവ അംഗീകരിച്ചിട്ടുമില്ല! കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അധികാരം പിടിച്ചടക്കിയ വ്യക്തിയാണിയാള്‍ എന്നകാര്യത്തില്‍ മനോവയ്ക്കുള്ള ഉറപ്പ് ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഒരിക്കല്‍പ്പോലും സംസാരിച്ചിട്ടില്ലാത്ത ഇയാളെ എങ്ങനെയാണ് ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ സാധിക്കുന്നത്? ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയാത്ത ഒരാളെ കത്തോലിക്കാസഭയുടെ പോപ്പായി അംഗീകരിക്കാന്‍ ഒരുകാലത്തും സാധിക്കില്ല! ഇവിടെയാണ്‌ ട്രംപിന്റെയും പുട്ടിന്റെയും അധികാരങ്ങള്‍ പ്രസക്തമാകുന്നത്.

ഫ്രാന്‍സീസ് ഒരു ഭരണാധികാരികൂടിയാണെന്നു നമുക്കറിയാം. വത്തിക്കാന്‍ എന്ന കൊച്ചുരാജ്യത്തിന്റെ ഭരണാധികാരിയും കത്തോലിക്കാസഭയുടെ ആഗോളതലവനും ഒരാള്‍ത്തന്നെയായിരിക്കും. ഇത് ക്രിസ്തുവിലുള്ള രാജത്വവും നല്ലിടയന്‍ എന്ന സ്ഥാനവും സമന്വയിപ്പിച്ച ഒരു പദവിയാണ്‌. അതിനാല്‍ത്തന്നെ, ഇസ്രായേലിന്റെ ശ്രേഷ്ഠനായ രാജാവായി യാഹ്‌വെ അംഗീകരിച്ച ദാവീദിന്റെയും, തന്റെ കുഞ്ഞാടുകളെ നയിക്കാന്‍ യേഹ്ശുവാ തിരഞ്ഞെടുത്ത പത്രോസിന്റെയും സ്ഥാനങ്ങള്‍ ഒരേസമയം വഹിക്കുന്ന വ്യക്തിയായിരിക്കും പോപ്പിന്റെ സ്ഥാനം അലങ്കരിക്കുന്നവന്‍! പത്രോസില്‍ യേഹ്ശുവാ കണ്ട യോഗ്യതകളൊന്നും ഫ്രാന്‍സീസില്‍ ഇല്ലെന്നു നാം മനസ്സിലാക്കി. ആയതിനാല്‍, ഇനി നാം ഫ്രാന്‍സീസിനെ പരിശോധിക്കേണ്ടത് ദാവീദിനോടു താരതമ്യം ചെയ്തായിരിക്കണം. ഇസ്രായേലിന്റെ രാജാവായി തിരഞ്ഞെടുക്കപ്പെടാന്‍ ദാവീദിലുണ്ടായിരുന്ന യോഗ്യതകള്‍ എന്തൊക്കെയായിരുന്നുവെന്ന് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. അത് ദൈവത്തിന്റെ ജനത്തെ സംബന്ധിച്ചുള്ള ദാവീദിന്റെ കരുതലും തീക്ഷ്ണതയുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്രായേല്‍ ജനത്തെ വെല്ലുവിളിച്ച ഗോലിയാത്തിനെതിരേ ദാവീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്‌ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്ഷിച്ച യാഹ്‌വെ ഈ ഫിലിസ്ത്യന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും"(1 സാമു: 17; 34-37). ഇസ്രായേലിനെ വെല്ലുവിളിച്ച ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടുന്നതിനുള്ള അനുവാദമാണ് സാവൂള്‍ രാജാവിനോടു ദാവീദു ചോദിച്ചത്. ദൈവത്തിന്റെ ജനത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ബാലനായ ദാവീദ് ജ്വലിക്കുകയായിരുന്നു. ദാവീദ് ഇടയനും രാജാവുമായിരുന്നുവെന്നു നമുക്കറിയാം. ഇടയന്‍ തന്റെ ആടുകളെ സംരക്ഷിക്കുന്നതുപോലെ, രാജാവ് തന്റെ ജനത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കടപ്പെട്ടവനാണ്. ഇക്കാര്യത്തില്‍ ഉത്തമ മാതൃകയായി ദൈവം പരിഗണിക്കുന്നത് ദാവീദിനെയാണെന്നു നമുക്കറിയാം. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍നിന്ന് ഇസ്രായേലിനു രക്ഷകനായി യേഹ്ശുവായെ ദൈവം ഉയര്‍ത്തിയിരിക്കുന്നു"(അപ്പ. പ്രവര്‍: 13; 22, 23). ഇടയനായും രാജാവായും ദാവീദ് ദൈവസന്നിധിയില്‍ വിശ്വസ്തത തെളിയിച്ചു.

ആടുകളെ നന്നായി പരിപാലിക്കുകയും അവയുടെ ആലകളിലേക്കു നയിക്കുകയും ചെയ്യാത്ത ഇടയന്‍ യഥാര്‍ത്ഥ ഇടയനല്ല. ദാവീദിനുശേഷം ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്ത രാജാക്കന്മാരില്‍ ഏറെയും വ്യാജന്മാരായിരുന്നുവെന്ന് ബൈബിളിലൂടെ ചരിത്രം പഠിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. അതുപോലെതന്നെ, പത്രോസിനുശേഷം കുഞ്ഞാടുകളെ മേയിക്കാന്‍ ചുമതലയേറ്റവരില്‍ വ്യാജന്മാരായ ഇടയന്മാരും ഉണ്ടായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ കഴിഞ്ഞ നൂറ്റാണ്ടിലെ വ്യാജനായിരുന്നുവെങ്കില്‍, ഈ നൂറ്റാണ്ടിലെ വ്യാജന്‍ ഫ്രാന്‍സീസ് ആണ്. ആടുകളെ യഥാര്‍ത്ഥ ആലയിലേക്കു നയിക്കുന്നതിനു പകരം, ചെന്നായ്ക്കളുടെ ഗുഹയിലേക്ക് നയിക്കുന്ന വ്യാജയിടയനെ തിരിച്ചറിയാന്‍ പല ആടുകള്‍ക്കും കഴിയുന്നില്ല. ക്രിസ്തുവിലൂടെയുള്ള ഏകരക്ഷ അറിയിക്കാന്‍ ചുമതലപ്പെട്ട ഇടയന്റെ പ്രബോധനങ്ങള്‍ നാം കേട്ടുകൊണ്ടാണിരിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കാതെ ദൈവരാജ്യം സ്വന്തമാക്കാന്‍ കഴിയുമെന്നും സ്വവര്‍ഗ്ഗഭോഗം പാപമല്ലെന്നു പറഞ്ഞുകൊണ്ട് ആടുകളെ ഇവന്‍ വഞ്ചിക്കുകയാണ്. ലോകത്തെ ഒന്നടങ്കം വഴിതെറ്റിക്കുന്ന പ്രബോധനങ്ങള്‍ നടത്തുമ്പോഴും, ഈ പ്രബോധനങ്ങളെയെല്ലാം താത്പര്യപൂര്‍വ്വം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം ക്രൈസ്തവനാമധാരികളില്‍പ്പോലും ഉണര്‍ന്നിരിക്കുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം.

ആത്മീയമായ സംരക്ഷണത്തില്‍ മാത്രമല്ല, ശാരീരികമായ സംരക്ഷണത്തിന്റെ കാര്യത്തിലും ഫ്രാന്‍സീസ് സഭയുടെ വഞ്ചകനാണ്. വത്തിക്കാനിലെ രാജാവായി ഭരണം ആരംഭിച്ച നാള്‍മുതല്‍ ഇന്നോളം അരക്ഷിതമായ അവസ്ഥയിലാണ് സഭ! ഇസ്ലാമിക നരഭോജികള്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുമ്പോള്‍, ദുരൂഹമായ മൗനത്തിലൂടെ ഫ്രാന്‍സീസ് തന്നിലെ പൈശാചികത വെളിപ്പെടുത്തുന്നു. ക്രിസ്തീയമുക്ത ആഫ്രിക്ക സൃഷ്ടിക്കാന്‍ ഇസ്ലാമിക ഭീകരന്മാര്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ കണ്ടതായി ഭാവിക്കാത്ത ഒരുവനെ ഇടയനായി അംഗീകരിക്കുന്നതുപോലും ദൈവനിന്ദയായി ഗണിക്കപ്പെടുമെന്നു മറക്കരുത്. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍പ്പോലും ഒരു ആശ്വാസവാക്ക് ഫ്രാന്‍സീസില്‍നിന്നു ലോകം കേട്ടിട്ടില്ല. കുഞ്ഞുങ്ങളെയും അമ്മമാരെയും നിഷ്ഠൂരമായി വധിച്ച ഇസ്ലാമിക ഭീകരന്മാരെ അംഗീകരിക്കുന്ന വാക്കുകള്‍ മാത്രമല്ല, പ്രവൃത്തിയും ഫ്രാന്‍സീസില്‍നിന്നുണ്ടായി. മ്യാന്മാറില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായി റോഹിങ്കികള്‍ രാജ്യത്തുനിന്നു പുറത്തായപ്പോള്‍, അവര്‍ക്കുവേണ്ടി നെഞ്ചുപൊട്ടി വിലപിച്ച ഫ്രാന്‍സീസിന്റെ മനുഷ്യസ്നേഹ ജല്പനങ്ങള്‍ നാം കേട്ടതാണ്. യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാന്‍ ഇയാള്‍ നടത്തുന്ന യജ്ഞങ്ങള്‍ നാം കാണുന്നുമുണ്ട്. ഇയാള്‍ ക്രിസ്ത്യാനികളുടെ ചോരയ്ക്കുവേണ്ടി കൊതിക്കുന്ന ഇസ്ലാമിനുവേണ്ടി കുഴലൂതുന്ന ഇയാളെ കത്തോലിക്കാസഭയുടെ ഇടയനായി പരിഗണിക്കാന്‍ തക്കവിധം ബുദ്ധിഭ്രമം ബാധിച്ച ആടുകളും ക്രൈസ്തവരുടെയിടയിലുണ്ട്.

കത്തോലിക്കാസഭയുടെ ഇടയവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഫ്രാന്‍സീസ് ക്രിസ്തീയതയുടെതന്നെ അന്തകനാകാന്‍ ശ്രമിക്കുമ്പോള്‍, ട്രംപിനെയും പുട്ടിനെയും സ്മരിക്കാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ക്രിസ്ത്യാനികള്‍ക്ക് ആശ്വാസം പകരുന്ന രണ്ടു വ്യക്തിത്വങ്ങളാണ് ഇവര്‍! ദശാബ്ദങ്ങളായി തുര്‍ക്കിയുമായുണ്ടായിരുന്ന ശക്തമായ ബന്ധത്തെ അറുത്തുമുറിക്കാന്‍ ട്രംപ് തയ്യാറായത് ഒരു സുവിശേഷകനുവേണ്ടിയായിരുന്നു എന്നത് ഇവിടെ സ്മരിക്കപ്പെടണം. തുര്‍ക്കി തടവിലാക്കിയ സുവിശേഷകനെ വിട്ടുകിട്ടുന്നതിനായി അവരുടെമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഒരു ശുഭസൂചനയാണ്. തുര്‍ക്കിയുടെ നട്ടെല്ലൊടിക്കുന്ന ഉപരോധമാണ് ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി ഏതറ്റംവരെ പോകാനും താന്‍ തയ്യാറാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഏതൊരു ക്രിസ്ത്യാനിയുടെയും ചുമതല എന്നതില്‍ക്കവിഞ്ഞ്‌, ഏതെങ്കിലും ക്രൈസ്തവസഭയുടെ നേതാവായി ട്രംപിനെ ആരും അഭിഷേകം ചെയ്തിട്ടില്ല. ഇവിടെയാണ്‌ ഫ്രാന്‍സീസ് എന്ന വ്യക്തിയുടെമേലുള്ള പൈശാചിക അഭിഷേകം വിവേചിക്കേണ്ടത്! ലോകത്തിന്റെ ആത്മാവ് ട്രംപിനെ എതിര്‍ക്കുകയും ഫ്രാന്‍സീസിനെ മഹത്വംകൊണ്ടു മൂടുകയും ചെയ്യുമ്പോള്‍, വിവേചനത്തിന്റെ ആത്മാവിനെ സ്വീകരിച്ചിട്ടുള്ളവര്‍ വിവേചിക്കട്ടെ!

പുട്ടിന്റെ കാര്യവും വ്യത്യസ്തമല്ല. ഫ്രാന്‍സീസിന്റെ ആശിര്‍വാദത്തില്‍ തഴച്ചുവളര്‍ന്ന ഇസ്ലാമിക് സ്റ്റേറ്റിനെ അവരുടെ മാളത്തില്‍ കടന്നുചെന്ന് ഉന്മൂലനംചെയ്ത പുട്ടിന്‍, താനൊരു ക്രിസ്ത്യാനിയാണെന്നു ലോകത്തോടു പ്രഖ്യാപിക്കുകയായിരുന്നു! പുട്ടിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന പ്രസ്താവനകളെ വെറും 'നയതന്ത്ര' കൗശലം മാത്രമായി കണ്ടാല്‍മതി. രാജ്യങ്ങള്‍ തമ്മിലുള്ള ചേരിതിരിവ്‌ ട്രംപും പുട്ടിനും തമ്മിലില്ല എന്നതാണു യാഥാര്‍ത്ഥ്യം! പുട്ടിന്റെ ചെയ്തികളെ ട്രംപും, ട്രംപിന്റെ നീക്കങ്ങളെ പുട്ടിനും പിന്തുണയ്ക്കുന്നു എന്നത് ലോകത്തിനുമുന്‍പില്‍ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഒരു രഹസ്യമാണ്! 

കെട്ടിച്ചമയ്ക്കുന്ന പീഡനകഥകള്‍!

തന്നെ എതിര്‍ക്കുന്നവരെ സ്ത്രീപീഡകരെന്നു മുദ്രകുത്തി പുറത്താക്കുന്ന ശൈലിയാണ് ഫ്രാന്‍സീസ് അവലംബിക്കുന്നത്. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ അനേകം ആഭാസന്മാര്‍ കടന്നുകൂടിയിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇത്തരക്കാരില്‍ ഒരുവനെപ്പോലും ഫ്രാന്‍സീസ് പുറത്താക്കിയിട്ടില്ല. തന്റെ പൈശാചിക ആശയങ്ങളെ എതിര്‍ക്കുന്നവരെയാണ് ഇയാള്‍ ഇന്നുവരെ പുറത്താക്കിയിട്ടുള്ളത്. സഭയുടെ നേതൃത്വത്തിലുള്ള ഒരു വ്യക്തിയില്‍ കുറ്റം കണ്ടാല്‍, അവനെ പുറത്താക്കുകതന്നെവേണം. എന്നാല്‍, ഈ വ്യക്തിയെ പുറത്താക്കാന്‍ അന്താരാഷ്ട്രതലത്തില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ക്കുന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ്. തന്റെ ശത്രുക്കളെ നിഷ്ക്കാസനം ചെയ്യുന്നതോടൊപ്പം കത്തോലിക്കാസഭയെ ആക്ഷേപിക്കാന്‍ ലഭിക്കുന്ന അവസരമായും ഫ്രാന്‍സീസ് ഇതിനെ കാണുന്നു.

സ്ത്രീവിഷയത്തില്‍ ഒരുവന്‍ ആരോപണ വിധേയനായാല്‍, ആ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പിന്നീടു തെളിഞ്ഞാലും അവനില്‍ പതിച്ച കളങ്കം നീങ്ങിപ്പോകില്ല. ഇക്കാര്യം സാത്താനും അവന്റെ അനുചാരന്മാര്‍ക്കും വ്യക്തമായി അറിയാം. ആത്മീയരംഗത്തുള്ള ശ്രേഷ്ഠന്മാരെ ഒതുക്കാന്‍ സാത്താനും അവന്റെ ആജ്ഞാനുവര്‍ത്തികളും സ്വീകരിക്കുന്ന ആയുധമാണ് സ്ത്രീപീഡനം! ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിനുവേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന അഭിസാരികമാര്‍ ലോകത്തെല്ലായിടത്തുമുണ്ട്. ഇത്തരം 'സരിതമാരെ' ഉപയോഗിച്ചാണ് ഫ്രാന്‍സീസ് തന്റെ എതിരാളികളെ ഉന്മൂലനം ചെയ്യുന്നത്! തിരഞ്ഞെടുപ്പുകാലത്ത്‌ ട്രംപിനെതിരേ പ്രയോഗിച്ചതും ഇതുതന്നെയാണ്. ഇത് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ ഔദ്യോഗിക കുതന്ത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്ന ട്രംപിനെതിരേ സരിതമാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍, മനോവ പറഞ്ഞത് ഓര്‍മ്മിക്കുക! എന്തെന്നാല്‍, സാത്താന്‍ ആരെയെങ്കിലും തകര്‍ക്കാനായി ഉപയോഗിക്കുന്ന ആയുധം സ്ത്രീയാണ്! ചരിത്രാതീത കാലംമുതല്‍ അവന്‍ അവലംബിക്കുന്നത് ഈ മാര്‍ഗ്ഗമാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പൂര്‍വ്വപിതാവായ ജോസഫ്! അന്ന് ജോസഫിനെ വ്യാജപീഡനം ആരോപിച്ചത് പൊത്തിഫറുടെ ഭാര്യയായിരുന്നെങ്കില്‍, ഇന്നു സാത്താനുവേണ്ടി രംഗത്തിറങ്ങാന്‍ അനേകം അഭിസാരികമാരുണ്ട്.

സ്ത്രീപീഡനം ആരോപിച്ചുകൊണ്ട്‌ ശത്രുക്കളെ നേരിടുന്നതാണ് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങളുടെ ശൈലിയെന്നതിലൂടെ വ്യക്തമാകുന്നത് ഈ സംഘങ്ങള്‍ക്ക് പിശാചുമായുള്ള അഭേദ്യമായ ബന്ധമാണ്. എതിരാളികളെ നേരിടാന്‍ ഫ്രാന്‍സീസ് തിരഞ്ഞെടുക്കുന്നതും ലൈംഗീകാരോപണം എന്ന ആയുധമാണെന്നും നാം വിസ്മരിക്കരുത്. നാല്പത്തേഴു വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതൊ സ്ത്രീയുടെ നേരേ കണ്ണിറുക്കിക്കാട്ടി എന്നതിന്റെ പേരില്‍പ്പോലും കര്‍ദ്ദിനാള്‍ പദവിയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ കത്തോലിക്കാസഭയിലുണ്ട്. കര്‍ദ്ദിനാള്‍മാരെ പുറത്താക്കാന്‍ പത്രസമ്മേളനം നടത്തുന്നതിലൂടെ ഫ്രാന്‍സീസ് ലക്ഷ്യമിടുന്നത് മൂന്നുകാര്യങ്ങളാണ്. എതിരാളികളുടെ മാനംകെടുത്തുക, കത്തോലിക്കാസഭയെ അവഹേളിക്കുക, താന്‍ അത്യുന്നതനായ പരിശുദ്ധനാണെന്നു ലോകത്തെ ധരിപ്പിക്കുക എന്നീ മൂന്നുകാര്യങ്ങളും ഫ്രാന്‍സീസ് സാധിച്ചെടുക്കുന്നു. എന്നാല്‍, ഇവിടെ നാം തിരിച്ചറിയേണ്ട വലിയൊരു സത്യമുണ്ട്. എന്തെന്നാല്‍, കത്തോലിക്കാസഭയില്‍ കടന്നുകൂടിയ സ്ത്രീപീഡകാരായ ഒരുവനെപ്പോലും ഫ്രാന്‍സീസ് പുറത്താക്കിയിട്ടില്ല. മാത്രവുമല്ല, വ്യഭിചാരികളും സ്വവര്‍ഗ്ഗരതിക്കാരുമായ തന്റെ സ്നേഹിതരെ സംരക്ഷിച്ചു നിര്‍ത്തുന്നതും ഇയാള്‍തന്നെയാണ്. 'ഫ്രാങ്കോ മുളയ്ക്കല്‍' എന്ന മെത്രാന്‍വേഷധാരിയെ ചീഞ്ഞുനാറുന്നതിനായി താങ്ങിനിര്‍ത്തിയിരിക്കുന്നത് ഫ്രാന്‍സീസ് ആണെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്.

ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പദവിയില്‍നിന്നു മാറ്റിനിര്‍ത്തപ്പെടണം എന്നത് സഭയുടെ നിയമമാണ്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനായിരിക്കണം"(1 തിമോ: 3; 2). ഫ്രാങ്കോയുടെ വിഷയവുമായി തട്ടിക്കുമ്പോള്‍, നിസ്സാരമെന്നു പറയാന്‍ കഴിയുന്ന ആരോപണത്തിന്റെ പേരില്‍പ്പോലും പദവിയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട മെത്രാനെ നമുക്കറിയാം. അന്ന് കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പ ബെനഡിക്റ്റ് പതിനാറാമനായിരുന്നു. ഫ്രാങ്കോയെ സംരക്ഷിക്കുന്ന ഫ്രാന്‍സീസിന്റെ സദാചാര ജല്പനങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തവരെക്കുറിച്ചു കൂടുതലൊന്നും മനോവ പറയുന്നില്ല. എന്നാല്‍, കത്തോലിക്കാസഭയിലും യൂറോപ്പിലെ ജനങ്ങളുടെയിടയിലും തിരിച്ചറിവ് ലഭിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നത് ഒരു നല്ല സൂചനയായി മനോവ കാണുന്നു. എല്ലാ ഹിതപരിശോധനകളിലും ഫ്രാന്‍സീസിന്റെ ജനസമ്മതി താഴോട്ടുപോകുന്നത് ശരവേഗത്തിലാണ്! ഫ്രാന്‍സീസിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദങ്ങള്‍ സഭയില്‍ ഉയരാന്‍ തുടങ്ങിയതും ശുഭസൂചനയായി മനോവ കാണുന്നു! സ്വമേധയാ പുറത്തുപോകാന്‍ തയ്യാറായില്ലെങ്കില്‍, 'സൂത്രി' കമ്മീഷന്‍ വിളിച്ചുചേര്‍ത്ത് ഇയാളെ പിടിച്ചു പുറത്താക്കണം!

ദൈവീകനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നു വാദിക്കുന്ന അധര്‍മ്മികള്‍ ക്രൈസ്തവസഭകളുടെ ഭാഗമായി കടന്നുകൂടിയിട്ടുണ്ട്. 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങളുടെ അജണ്ട നടപ്പാക്കാന്‍ നിഴഞ്ഞുകയറിയ പൈശാചിക മനുഷ്യരാണിവര്‍. ദൈവം വെറുക്കുന്നതും പ്രകൃതിവിരുദ്ധവുമായ മ്ലേച്ഛതകളെ പ്രോത്സാഹിപ്പിക്കുകയും ഇത്തരം പാപങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുക്കുകയും ചെയ്യുകയെന്നത് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങളുടെ സ്ഥാപിതലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണ്. ഈ സംഘങ്ങളുടെ വക്താക്കളില്‍നിന്നുള്ള പ്രതിനിധിയാണ് ഫ്രാന്‍സീസ്! കത്തോലിക്കാസഭയുടെ നാശമാണ് ഇയാളുടെ ലക്‌ഷ്യം! ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അവിടുത്തേക്ക്‌ സമര്‍പ്പിക്കപ്പെടാനുള്ളതാണ്‌ കത്തോലിക്കാസഭ. എന്നാല്‍, അവിടുത്തെ ആഗമനത്തിനുമുമ്പ് കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഫ്രാന്‍സീസിന്റെയും ഇല്ല്യുമിനാറ്റി സംഘങ്ങളുടെയും ലക്‌ഷ്യം! ഇതു തിരിച്ചറിഞ്ഞ്, വചനാടിസ്ഥാനത്തില്‍ തങ്ങളെത്തന്നെ കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം. എന്തെന്നാല്‍, വചനത്താല്‍ വെണ്മയുള്ളതായി സൂക്ഷിക്കപ്പെടുന്ന വ്യക്തികള്‍ മാത്രമായിരിക്കും അവിടുത്തെ സഭയുടെ ഭാഗമായി അംഗീകരിക്കപ്പെടുക! അതായത്, തങ്ങളുടേതല്ലാത്ത കാരണത്താല്‍ കത്തോലിക്കാസഭയുടെ 'ലിസ്റ്റില്‍' പേരുചേര്‍ക്കപ്പെട്ടവരെയും, സാങ്കേതികമായി മാത്രം കത്തോലിക്കാസഭയില്‍ എണ്ണപ്പെടുന്നവരെയും ക്രിസ്തു പരിഗണിക്കില്ല; മറിച്ച്, ജലത്താല്‍ ശുദ്ധീകരിക്കപ്പെടുകയും വചനത്താല്‍ വെണ്മയുള്ളതാക്കി തങ്ങളെത്തന്നെ സൂക്ഷിക്കുന്നവരെയും മാത്രമേ അവിടുന്ന് സ്വീകരിക്കുകയുള്ളു.

ഈ വചനം ശ്രദ്ധിക്കുക: "അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്"(എഫേ: 5; 26, 27). ക്രിസ്തുവിന്റെ നിയമങ്ങളെ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ സഭയെ കളങ്കിതയാക്കാന്‍ ശ്രമിക്കുന്നവരാണെന്നു തിരിച്ചറിയുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4379 views

LOG IN

Lost your password?

SIGN UP

LOST PASSWORD