കാലത്തിന്റെ അടയാളങ്ങള്‍

യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം!

Print By
about

10 - 12 -2025                   YouTube

നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ആരുടെ പേരിലാണ്? ഇങ്ങനെയൊരു ചോദ്യം മനോവ നിങ്ങളുടെ മുമ്പില്‍ വയ്ക്കുകയാണ്! ഈ ചോദ്യത്തിന്റെ പ്രാധാന്യം നിങ്ങള്‍ വിലകുറച്ച് കാണേണ്ട. എന്തെന്നാല്‍, അപ്പസ്തോലനായ ശൗവുല്‍ ഒരിക്കല്‍ ഒരു സഭാസമൂഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന വിശ്വാസികളോട് ചോദിച്ച ചോദ്യമാണിത്. ബൈബിളില്‍ അത് ഇങ്ങനെയാണ് വായിക്കുന്നത്: “അപ്പൊല്ലോ കോറിന്തിലായിരുന്നപ്പോള്‍ ശൗവുല്‍ ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു. അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല, പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല. അവന്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ, നിങ്ങള്‍ ഏത് സ്‌നാനമാണ് സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം. അപ്പോള്‍ ശൗവുല്‍ പറഞ്ഞു: യോഹന്നാന്‍ തനിക്ക് പിന്നാലെ വരുന്നവനില്‍, അതായത്, യേഹ്ശുവായില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണ് നല്‍കിയത്. അവര്‍ ഇതുകേട്ട് നാഥനായ യേഹ്ശുവായുടെ പേരില്‍ സ്‌നാനം സ്വീകരിച്ചു. ശൗവുല്‍ അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 19; 1-6).

യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശമാണ് ഇവിടെ നാം വായിച്ചത്. തുടര്‍ന്നുള്ള പഠനവഴികളിലുടനീളം ഈ സന്ദേശം നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം. എന്തെന്നാല്‍, ഇത് ദൈവരാജ്യത്ത് പ്രവേശിക്കാന്‍ മനുഷ്യന്റെ മുന്‍പിലുള്ള ഏകമാര്‍ഗ്ഗമാണ്. അതിനാല്‍ത്തന്നെ, ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്ന് നിലവിലുള്ള സ്നാനങ്ങളെക്കുറിച്ചും, അവയില്‍ ഏതാണ് ദൈവരാജ്യപ്രവേശം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം എന്നതിനെക്കുറിച്ചും ക്രമമായി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ അറിവിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?”(മത്തായി: 16; 26). ഇവിടെ നാം നടത്തുന്ന പഠനത്തിന്റെ പ്രാധാന്യമാണ് യേഹ്ശുവായുടെ ഈ ചോദ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആയതിനാല്‍, ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള പഠനം നാമിവിടെ ആരംഭിക്കുകയാണ്.

ജ്ഞാനസ്നാനത്തിന്റെ അനിവാര്യത!

ജ്ഞാനസ്നാനത്തിന്റെ അനിവാര്യതയെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത് യേഹ്ശുവായായിരുന്നു. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യം കാണുകപോലുമില്ലെന്ന് യേഹ്ശുവാ അസന്ദിഗ്ദമായി പ്രഖ്യാപിച്ചു. ഇത് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല”(യോഹന്നാ‌ന്‍: 3; 3). ജ്ഞാനസ്നാനം എന്നത് ജലത്താലും ആത്മാവിനാലുമുള്ള വീണ്ടും ജനനമാണ്‌. ജ്ഞാനസ്നാനം സ്വീകരിക്കാത്തവര്‍ ദൈവരാജ്യം കാണുകയില്ലെന്ന് മാത്രമല്ല, ദൈവരാജ്യത്ത് പ്രവേശിക്കണമെങ്കിലും ജ്ഞാനസ്നാനം അനിവാര്യമാണെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്കൊദേമോനുമായി യേഹ്ശുവാ നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗം ശ്രദ്ധിക്കുക“നിക്കൊദേമോന്‍ ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവന് ജനിക്കുവാന്‍ കഴിയുമോ? യേഹ്ശുവാ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല. മാംസത്തില്‍നിന്ന് ജനിക്കുന്നത് മാംസമാണ്; ആത്മാവില്‍നിന്ന് ജനിക്കുന്നത് ആത്മാവും”(യോഹന്നാ‌ന്‍: 3; 4-6).

ദൈവരാജ്യം എന്നതുകൊണ്ട് യേഹ്ശുവാ ഇവിടെ ഉദ്ദേശിച്ചത് സ്വര്‍ഗ്ഗത്തെക്കുറിച്ചാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന അനേകരുണ്ട്. പറുദീസാ, ദൈവരാജ്യം, സ്വര്‍ഗ്ഗം എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവരാണ് അവര്‍. ആദവും ഹവ്വായും വസിച്ചിരുന്നതും ഉന്നതത്തിലേക്ക് ദൈവം സംവഹിച്ചതുമായ ദൈവത്തിന്റെ തോട്ടമാണ് പറുദീസാ എന്ന് വിളിക്കപ്പെടുന്ന ഏദന്‍തോട്ടം. പാപം ചെയ്തതിലൂടെയാണ് ഈ തോട്ടത്തില്‍നിന്ന് ആദവും ഹവ്വായും പുറത്താക്കപ്പെട്ടത്. യേഹ്ശുവായുടെ മരണത്തോടെ ഈ തോട്ടം വീണ്ടും തുറക്കപ്പെട്ടു. അന്നുവരെ മരണമടഞ്ഞ നീതിമാന്മാരുടെയെല്ലാം ആത്മാക്കള്‍ യേഹ്ശുവായോടുകൂടെ പറുദീസാ എന്ന് വിളിക്കപ്പെടുന്ന ഏദന്‍തോട്ടത്തില്‍ പ്രവേശിച്ചു. അതായത്, യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരും അപ്പസ്തോലികസഭയുടെ ഭാഗമായവരുമായ നീതിമാന്മാരുടെ ആത്മാക്കള്‍ ഇപ്പോള്‍ വസിക്കുന്നത് പറുദീസായിലാണ്. 

എന്നാല്‍, സ്വര്‍ഗ്ഗംതന്നെയാണ് പറുദീസാ എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവര്‍ കോണ്‍സ്റ്റന്റൈന്‍ ക്രൈസ്തവരുടെയിടയിലുണ്ട്. സ്വര്‍ഗ്ഗവും പറുദീസായും ഒന്നല്ല എന്നതിന് വ്യക്തമായ തെളിവ് ബൈബിളിലുള്ളപ്പോഴാണ് ഇക്കൂട്ടര്‍ ഈ പ്രചാരണം നടത്തുന്നത്. യേഹ്ശുവാ അരുളിച്ചെയ്ത രണ്ട് വചനങ്ങള്‍ ചേര്‍ത്തുവെച്ച് പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും. ആദ്യവചനം പറുദീസായെ സംബന്ധിക്കുന്ന വെളിപ്പെടുത്തലാണ്. അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും”(ലൂക്കാ: 23; 43).  തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനോട് യേഹ്ശുവാ അരുളിച്ചെയ്ത വചനമാണിത്. നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞിട്ടുണ്ടെങ്കില്‍, അത് അപ്രകാരംതന്നെ സംഭവിച്ചിട്ടുണ്ട്. എന്തെന്നാല്‍, അവന്‍ വെറുംവാക്ക് പറയില്ലെന്ന് നമുക്കറിയാം. അതായത്, യേഹ്ശുവാ ഉയിര്‍പ്പിക്കപ്പെടുന്നതിന് മുന്‍പുതന്നെ പറുദീസാ സന്ദര്‍ശിച്ചുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മാത്രവുമല്ല, അവന്‍ പാതാളത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തിരുന്നു.

ഇത് വ്യക്തമാക്കുന്ന ലിഖിതം ശ്രദ്ധിക്കുക: “ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു”(1 കേപ്ഫാ: 3; 19, 20). നാലാം അദ്ധ്യായത്തിലെ ഒരു ലിഖിതംകൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്”(1 കേപ്ഫാ: 4; 6). ബന്ധനസ്ഥരായ ആത്മാക്കളോട് യേഹ്ശുവാ സുവിശേഷം പ്രസംഗിച്ചുവെന്നതിന്റെ തെളിവാണ് ഇവിടെ നാം കണ്ടത്. എന്നാല്‍, അവന്‍ സുവിശേഷം പ്രസംഗിക്കുക മാത്രമല്ല, വിശ്വസിച്ചവരെ തന്നോടൊപ്പം പറുദീസായിലേക്ക് കൂടെക്കൊണ്ടുപോകുകയും ചെയ്തുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി”(എഫേസോസ്: 4; 8). ഈ തടവുകാര്‍ കഴിഞ്ഞിരുന്നത് പാതാളത്തിലായിരുന്നുവെന്ന് തുടര്‍ന്നുള്ള വിവരണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വിവരണം ഇങ്ങനെയാണ്: “അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ?”(എഫേസോസ്: 4; 9).

ഈ ലിഖിതങ്ങളെല്ലാം അനേകം കാര്യങ്ങള്‍ നമ്മോട് പറയുന്നുണ്ട്. ഈ പഠനം മുന്നോട്ടുപോകുമ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ അനിവാര്യമായി വന്നാല്‍ മാത്രമേ ആ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യുകയുള്ളൂ. എന്തെന്നാല്‍, പറുദീസായും സ്വര്‍ഗ്ഗവും വ്യത്യസ്ത ഇടങ്ങളാണെന്ന് വ്യക്തമാക്കാനാണ് ഈ ലിഖിതങ്ങള്‍ നാം പരിശോധിച്ചത്. ഈ ലിഖിതങ്ങളിലെല്ലാം പരാമര്‍ശിക്കുന്നത് പറുദീസായെ സംബന്ധിച്ചാണ്. യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം നാല്പത് ദിവസം അവന്‍ ഈ ഭൂമിയില്‍ത്തന്നെയുണ്ടായിരുന്നുവെന്ന് വിശുദ്ധലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തത് നാല്പതാംനാള്‍ ആയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ലിഖിതം ശ്രദ്ധിക്കുക“പീഡാനുഭവത്തിനുശേഷം നാല്പത് ദിവസത്തേക്ക് യേഹ്ശുവാ അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്ക് വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 1; 3). ഇത് കൂടാതെ, താന്‍ ഇതുവരെ സ്വര്‍ഗ്ഗത്തിലേക്ക് കയറിയിട്ടില്ലെന്ന് പലപ്പോഴായി ചിലരോട് യേഹ്ശുവാ പറഞ്ഞിട്ടുള്ളത് ബൈബിളില്‍ വായിക്കാന്‍ കഴിയും. ഈ വചനം ശ്രദ്ധിക്കുക: “യേഹ്ശുവാ പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്ന് പറയുക”(യോഹന്നാ‌ന്‍: 20; 17).

ഈ ലിഖിതങ്ങള്‍ ചേര്‍ത്തുവച്ച് പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ നാല്പത് ദിവസം തികയുന്നതുവരെ സ്വര്‍ഗ്ഗത്തിലേക്ക് കയറിയിട്ടില്ലെന്നതാണ്. എന്നാല്‍, മനുഷ്യപുത്രനായ യേഹ്ശുവാ മരിച്ച ദിവസംതന്നെ പറുദീസാ സന്ദര്‍ശിച്ചിരുന്നുവെന്ന് അവന്റെ വാക്കുകള്‍ തന്നെ സ്ഥിരീകരിക്കുന്നു. സ്വര്‍ഗ്ഗവും പറുദീസായും വ്യത്യസ്ത ഇടങ്ങളാണെന്ന് വ്യക്തമാക്കാനാണ് ഈ വചനങ്ങള്‍ ഇവിടെ പങ്കുവവച്ചത്. ഇനി നാം മനസ്സിലാക്കിയിരിക്കേണ്ടത് സ്വര്‍ഗ്ഗവും ദൈവരാജ്യവും തമ്മിലുള്ള വ്യത്യാസമാണ്. സ്വര്‍ഗ്ഗവും പറുദീസായും ഒന്നാണെന്ന തെറ്റിദ്ധാരണപോലെ, സമാനമായ ഒരു അബദ്ധധാരണ ദൈവരാജ്യത്തിന്റെ കാര്യത്തിലും അനേകര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ദൈവരാജ്യവും സ്വര്‍ഗ്ഗവും വ്യത്യസ്ത ഇടങ്ങളാണ്. എന്നാല്‍, ദൈവരാജ്യത്തെ സ്വര്‍ഗ്ഗരാജ്യം എന്നും വിശേഷിപ്പിച്ചിട്ടുള്ളതായി മനസ്സിലാക്കാന്‍ സാധിക്കും.

ഒരേ സംഭവംതന്നെ മൂന്ന് സുവിശേഷകര്‍ വിവരിക്കുന്നിടത്ത് ലൂക്കാ, മാര്‍ക്കോ എന്നിവര്‍ ദൈവരാജ്യം എന്നും, മത്തായി സ്വര്‍ഗ്ഗരാജ്യം എന്നും വിശേഷിപ്പിച്ചിരിക്കുന്നതിനാല്‍, രണ്ടും ഒന്നാണെന്ന് വ്യക്തം. സമാനമായ ഒരു സംഭവത്തില്‍ ഈ മൂന്ന് സുവിശേഷകര്‍ നല്‍കിയ വിവരണം പരിശോധിച്ചാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൈവരും. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്നുള്ള ഒരു വചനം ശ്രദ്ധിക്കുക: “യേഹ്ശുവാ ശിഷ്യന്മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്”(മത്തായി: 19; 23). ഇവിടെ സ്വര്‍ഗ്ഗരാജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവംതന്നെ മാര്‍ക്കോ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “യേഹ്ശുവാ ചുറ്റും നോക്കി ശിഷ്യരോട് പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം!”(മാര്‍ക്കോ: 10; 23). മാര്‍ക്കോ ഇവിടെ ദൈവരാജ്യം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നതും ഇങ്ങനെതന്നെയാണ്. അതുകൂടി ശ്രദ്ധിക്കുക: “യേഹ്ശുവാ അവനെ നോക്കിക്കൊണ്ട് പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം!”(ലൂക്കാ: 18; 24).

സ്വര്‍ഗ്ഗരാജ്യവും ദൈവരാജ്യവും ഒന്നുതന്നെയാണെന്ന് ഈ വചനങ്ങള്‍ ചേര്‍ത്തുവച്ച് പരിശോധിച്ചതിലൂടെ വ്യക്തമായി. ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എന്തെന്നാല്‍, ഈ സംഭവം രേഖപ്പെടുത്തിയ സുവിശേഷകരില്‍ മത്തായി മാത്രമാണ് യേഹ്ശുവായുടെ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ സംഘത്തിലുണ്ടായിരുന്നത്. യേഹ്ശുവായുടെ ദൗത്യകാലയളവില്‍ ഉടനീളം അവനോടൊപ്പം സഞ്ചരിച്ച ശിഷ്യനായിരുന്നു മത്തായി. അതുകൊണ്ടുതന്നെ, ഈ വചനം യേഹ്ശുവായില്‍നിന്ന് നേരിട്ട് ശ്രവിച്ച സുവിശേഷകന്‍ മത്തായി മാത്രമായിരിക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കില്‍ ഒരു ഉപമയുടെ ഭാഗമായി യേഹ്ശുവാ പറഞ്ഞത് സ്വര്‍ഗ്ഗരാജ്യം എന്നുതന്നെയായിരുന്നുവെന്ന് മനസ്സിലാക്കാം. ഇവിടെയാണ്‌ മാര്‍ക്കോയും ലൂക്കായും ദൈവരാജ്യം എന്ന് രേഖപ്പെടുത്താനുണ്ടായ കാരണമെന്താണെന്ന് നാം ചിന്തിക്കേണ്ടത്.

മാര്‍ക്കോ, ലൂക്കാ എന്നീ സുവിശേഷകര്‍ തങ്ങളുടെ സുവിശേഷരചനകളില്‍ ദൈവരാജ്യം എന്ന് രേഖപ്പെടുത്തിയതിന് കാരണമുണ്ട്. അത് വ്യക്തമാക്കുന്നതിന് മുന്‍പ് സ്വര്‍ഗ്ഗരാജ്യം എന്ന് യേഹ്ശുവായും മത്തായിയും പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്താം. ദൈവത്തിന്റെ പേരോ ദൈവം എന്നുതന്നെയോ മറ്റെന്തിനോടെങ്കിലും ചേര്‍ത്ത് പറയാതിരിക്കാന്‍ യിസ്രായേല്‍ജനം, വിശിഷ്യാ യെഹൂദര്‍ ശ്രമിച്ചിരുന്നു. ദൈവം എന്നതിന് പകരം സ്വര്‍ഗ്ഗം എന്നാണ് കൂടുതലായും ഇവര്‍ പറഞ്ഞിരുന്നത്. യേഹ്ശുവാ പ്രസംഗിച്ചത് യെഹൂദരും ശെമരിയാക്കാരും അടങ്ങുന്ന യിസ്രായേല്‍ജനത്തിനിടയില്‍ ആയിരുന്നുവെന്ന് നമുക്കറിയാം. അതുപോലെതന്നെ, മത്തായി സുവിശേഷം എഴുതിയതും പലസ്തീനായിലും പരിസരപ്രദേശങ്ങളിലും ചിതറിപ്പാര്‍ത്തിരുന്ന യെഹൂദ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയായിരുന്നു. അതുകൊണ്ടാണ് ഇവര്‍ പൊതുവായി അംഗീകരിച്ചിരുന്ന സ്വര്‍ഗ്ഗരാജ്യം എന്ന വാക്ക് യേഹ്ശുവായും മത്തായിയും തിരഞ്ഞെടുത്തത്.

ദൈവം എന്ന വാക്കും യാഹ്‌വെ എന്ന പേരും ഉച്ചരിച്ചാല്‍ അത് ദുരുപയോഗമാകുമോ എന്ന ഭയമാണ് യിസ്രായേല്‍ക്കാര്‍ അത്യാവശ്യത്തിനുപോലും അത് ഉപയോഗിക്കാന്‍ മടിച്ചിരുന്നതിന്റെ ഒരു കാരണം. പ്രവാസകാലത്ത് തങ്ങളുടെ ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നതിന് പോലും വിലക്കുണ്ടായിരുന്നതുകൊണ്ട് ആ പേര് വിളിച്ചപേക്ഷിക്കുന്ന ശീലം പടിപടിയായി അവരില്‍നിന്ന് അകന്നുപോയതാണ് മറ്റൊരു കാരണം. വളരെയേറെക്കാലം യിസ്രായേല്‍ജനം പ്രവാസത്തിലായിരുന്നുവെന്ന് നമുക്കറിയാം. വിജാതിയര്‍ക്ക് കീഴ്പ്പെട്ട്‌ ജീവിച്ച ആ നാളുകളില്‍ അവരെ ഗ്രസിച്ച ഭയം പിന്നീടുള്ള കാലത്തും അവരെ വേട്ടയാടി. ദൈവം എന്നും യാഹ്‌വെ എന്നും ഉച്ചരിക്കുന്നത് യെഹൂദരുടെയിടയില്‍ സര്‍വ്വസാധാരണമല്ലാതായത് ഇത്തരത്തില്‍ രണ്ടുതരം ഭയം അവരെ ഗ്രസിച്ചത് മൂലമായിരുന്നു. യെഹൂദരെ ഉദ്ദേശിച്ച് രചന നിര്‍വ്വഹിച്ച മത്തായി തന്റെ സുവിശേഷത്തില്‍ ദൈവരാജ്യം എന്നതിന് പകരം സ്വര്‍ഗ്ഗരാജ്യം എന്ന് രേഖപ്പെടുത്തിയതിന്റെ കാരണമാണ് ഇവിടെ വ്യക്തമാക്കിയത്.   

എന്നാല്‍, മാര്‍ക്കോയും ലൂക്കായും തങ്ങളുടെ രചനകള്‍ നിര്‍വ്വഹിച്ചത് യിസ്രായേല്‍ക്കാരെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും മനസ്സിലാകുന്നതും പൊതുവായി എല്ലാവരും അംഗീകരിച്ചിരുന്നതുമായ ദൈവരാജ്യം എന്ന വാക്ക് അവര്‍ തിരഞ്ഞെടുത്തു. ദൈവരാജ്യം എന്നതിന് ഹീബ്രുഭാഷയില്‍ മല്‍ഖൂത്ത് എലോഹിം എന്നും, സ്വര്‍ഗ്ഗരാജ്യം എന്നതിന് മല്‍ഖൂത്ത് ശെമായിം എന്നുമാണ് പറയുന്നത്. ഒരേ ആശയം തന്നെ ഉള്‍ക്കൊള്ളുന്ന ഈ പദങ്ങളിലെ ഏക വ്യത്യാസം ഒന്നില്‍ എലോഹിം (ദൈവം) എന്ന പദം ചേരുന്നുണ്ട് എന്നതാണ്. സ്വര്‍ഗ്ഗരാജ്യം എന്നത് ദൈവരാജ്യത്തിന്റെ മറ്റൊരു വിശേഷണമാണെന്ന് ഇവിടെ നാം മനസ്സിലാക്കി. പറുദീസാ എന്നത് സ്വര്‍ഗ്ഗമല്ലെന്നും നാം കണ്ടു. അതുപോലെതന്നെ നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. അതായത്, യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനത്തെക്കുറിച്ച് പഠിക്കുന്നതിന് മുന്‍പ് പറുദീസാ, ദൈവരാജ്യം, സ്വര്‍ഗ്ഗം എന്നിങ്ങനെ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്നത് മൂന്ന് വ്യത്യസ്ത ഇടങ്ങളെക്കുറിച്ചാണെന്ന് മനസ്സിലാക്കിയിരിക്കണം.

യേഹ്ശുവായുടെ മരണത്തിനുശേഷം നീതിമാന്മാരുടെ ആത്മാക്കള്‍ വസിക്കുന്ന ഇടമാണ് പറുദീസാ! എന്നാല്‍, സ്വര്‍ഗ്ഗം എന്നത് അന്ത്യവിധിക്കുശേഷം നീതിമാന്മാര്‍ക്ക് ലഭിക്കുന്ന വാസസ്ഥലമാണ്. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവന് അന്നുതന്നെ പറുദീസായിലേക്ക് കടന്നുപോകാന്‍ സാധിച്ചുവെങ്കില്‍, അപ്പസ്തോലന്മാര്‍ക്ക് സ്വര്‍ഗ്ഗം അവകാശമായി നല്‍കുന്നത് തന്റെ പ്രത്യാഗമനത്തിന് ശേഷമായിരിക്കുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം”(യോഹന്നാ‌ന്‍: 14; 1-4).

യേഹ്ശുവാ ഇവിടെ പരാമര്‍ശിച്ചത് സ്വര്‍ഗ്ഗത്തെക്കുറിച്ചാണ്. യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് മരണമടയുന്ന നീതിമാന്മാരുടെ ആത്മാക്കള്‍, അവന്റെ പ്രത്യാഗമനംവരെ പറുദീസായിലാണ് വസിക്കുന്നത്. അതിനുശേഷമാണ് അവര്‍ ശരീരത്തോടെ ഉയിര്‍പ്പിക്കപ്പെടുന്നത്. അതാണ്‌ വെളിപാട് പുസ്തകത്തില്‍ പറയുന്ന ഒന്നാമത്തെ പുനരുത്ഥാനം. അതായത്, യേഹ്ശുവാ ഇനി വരുന്നത് തന്റെ വിശുദ്ധരെയും കൂട്ടിയായിരിക്കും. ശെഖരിയാഹിന്റെ പ്രവചനം നോക്കുക: “എന്റെ ദൈവമായ യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും”(ശെഖരിയാഹ്: 14; 5). യേഹ്ശുവാ എന്ന പൂര്‍ണ്ണമായ പേര് വെളിപ്പെടുത്തുന്നതിന് മുന്‍പാണ് ശെഖരിയാഹ് ഇപ്രകാരം പ്രവചിച്ചത്. മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “ഒരു കുഞ്ഞാട് സീയോന്‍മലമേല്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ പേരും അവന്റെ പിതാവിന്റെ പേരും എഴുതിയിട്ടുണ്ട്”(വെളിപാട്: 14; 1). കുഞ്ഞാട് എന്ന് ഇവിടെ പറയുന്നത് മനുഷ്യപുത്രനായ യേഹ്ശുവായെക്കുറിച്ചാണ്. കുഞ്ഞാടിന്റെ പേരും പിതാവിന്റെ പേരും എന്ന് ഇവിടെ പരാമര്‍ശിക്കുന്നത് ഒന്നിലധികം പേരിനെക്കുറിച്ചാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്തെന്നാല്‍, കുഞ്ഞാട് ധരിച്ചിരിക്കുന്നത് പിതാവിന്റെ പേര് തന്നെയാണ്. പിതാവിന്റെ പേരിന്റെ പൂര്‍ണ്ണരൂപമാണ് യേഹ്ശുവാ എന്നത്!

യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി വന്നപ്പോള്‍ അരുളിച്ചെയ്ത വാക്കുകള്‍ നോക്കുക: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് നീ എനിക്ക് നല്‍കിയ നിന്റെ പേരില്‍ അവരെ നീ കാത്തുകൊള്ളണമേ!”(യോഹന്നാന്‍: 17; 11). മനുഷ്യപുത്രനായ യേഹ്ശുവാ സ്വര്‍ഗ്ഗത്തിലെ ദൈവത്തോട് പറയുന്നത് നീ എനിക്ക് നല്‍കിയത് നിന്റെ പേര് എന്നാണ്. അതായത്, യേഹ്ശുവാ എന്നതാണ് പിതാവിന്റെ പേരിന്റെ പൂര്‍ണ്ണത! മാത്രവുമല്ല, പ്രത്യാഗമനത്തെക്കുറിച്ചുള്ള ശെഖരിയാഹിന്റെ പ്രവചനത്തില്‍ പറയുന്നത് അവന്‍ ഒരുവന്‍ മാത്രമെന്നും അവന് ഒരു പേര് മാത്രമെന്നുമാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവന് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). അതുകൊണ്ടുതന്നെ, കുഞ്ഞാടിന്റെ പേരും അവന്റെ പിതാവിന്റെ പേരും നെറ്റിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞാല്‍, അത് യേഹ്ശുവാ മ്ശിയാഹ് എന്നാണെന്ന് മനസ്സിലാക്കണം. യേഹ്ശുവാ മ്ശിയാഹ് എന്ന പേര് നെറ്റിയില്‍ മുദ്രയടിക്കുകയെന്നാല്‍, ആ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. എന്തെന്നാല്‍, ജ്ഞാനസ്നാനം എന്നത് ശാശ്വതമായ ഉടമ്പടിയുടെ മുദ്രയാണ്!

ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ജ്ഞാനസ്നാനത്തിലൂടെ ലഭിക്കുന്നതുകൊണ്ടാണ് അത് ഒരു മുദ്രയാണെന്ന് പറയുന്നത്. ശൗവുലിന്റെ ഈ പ്രബോധനം നോക്കുക: “അവന്‍ നമ്മില്‍ തന്റെ മുദ്ര പതിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു”(2 കോറിന്ത്: 1; 22). മറ്റൊരു പ്രബോധനം ഇങ്ങനെ വായിക്കുന്നു: “രക്ഷയുടെ സദ്‌വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്ത നിങ്ങളും വാഗ്ദാനംചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു”(എഫേസോസ്: 1; 13). ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഒരുവന്റെ നെറ്റിയില്‍ മുദ്രയിടപ്പെടുന്നത് യേഹ്ശുവാ മ്ശിയാഹ് എന്ന പേരാണ്. ഈ മുദ്രയുള്ളവര്‍ക്ക് മാത്രമാണ് ദൈവരാജ്യത്ത് പ്രവേശനം സാദ്ധ്യമാകുന്നത്. അതായത്, യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴുമ്പോള്‍, ആ രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കണംനിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ആരുടെ പേരിലാണെന്ന് മനോവ ചോദിച്ചത് ഈ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ്. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലല്ലാത്ത സ്നാനങ്ങളിലൂടെ ആര്‍ക്കും പാപമോചനം ലഭിക്കുകയില്ലെന്ന് മാത്രമല്ല, യേഹ്ശുവായുടെ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുകയുമില്ല. 

ദൈവരാജ്യം!

ദൈവരാജ്യം എന്നത് പറുദീസായോ സ്വര്‍ഗ്ഗമോ അല്ല! എന്നാല്‍, ഇവയ്ക്ക് രണ്ടിനും ഇടയിലാണ് ദൈവരാജ്യത്തിന്റെ സ്ഥാനം. പറുദീസായ്ക്ക് ശേഷവും സ്വര്‍ഗ്ഗത്തിന് മുന്നോടിയായും നീതിമാന്മാര്‍ വസിക്കുന്ന ഇടമാണ് ദൈവരാജ്യം. നീതിമാന്മാരുടെ ആത്മാക്കളാണ് പറുദീസായില്‍ ഇപ്പോള്‍ ആയിരിക്കുന്നതെങ്കില്‍, ദൈവരാജ്യത്ത് ഒരുവന്‍ പ്രവേശിക്കുന്നത് അവന്റെ രൂപാന്തരീകരിക്കപ്പെട്ട ശരീരത്തോടെയാണ്. അതായത്, തിരഞ്ഞെടുക്കപ്പെട്ടവര്‍ ദൈവരാജ്യത്ത് പ്രവേശിക്കുന്നത് വൈകല്യങ്ങളോടെയോ രോഗഗ്രസ്ഥരായോ ആയിരിക്കില്ല. വൈകല്യങ്ങളോടെ ജനിച്ചവര്‍ മാത്രമല്ല, ജനനശേഷം വികലാംഗരായവരുമുണ്ട്. യേഹ്ശുവായുടെ പേരിനെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരും അഗ്നിയില്‍ ദഹിപ്പിക്കപ്പെട്ടവരും അനേകരാണ്. ഇവരുടെ പുനരുത്ഥാനം വൈകല്യങ്ങളോടെ ആയിരിക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. യാതൊരു ന്യൂനതയുമില്ലാതെ, തേജസ്സുറ്റ ശരീരങ്ങളോടെ ഇവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കും.

ദൈവരാജ്യം എന്നും സ്വര്‍ഗ്ഗരാജ്യം എന്നും ബൈബിളില്‍ പരാമര്‍ശിക്കുന്നത് യേഹ്ശുവായുടെ ഈ രാജ്യത്തെക്കുറിച്ചാണ്. ഈ രാജ്യം സ്ഥാപിതമാകുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് യേഹ്ശുവാ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന പ്രാര്‍ത്ഥനയില്‍ രണ്ടാമത്തെ നിയോഗമായി ഉയര്‍ത്തുന്നത് നിന്റെ രാജ്യം വരണം എന്നാണ്! അതുതന്നെയാണ്, യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴുന്ന ദൈവരാജ്യം! അവന്‍ തന്റെ വിശുദ്ധരോടുകൂടി വന്ന് ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കും. ഈ പ്രവചനം ശ്രദ്ധിക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല”(വെളിപാട്: 20; 4, 5).

ഇപ്പോള്‍ പറുദീസായിലായിരിക്കുന്നവര്‍ മ്ശിയാഹിനോടുകൂടി ആയിരം വര്‍ഷത്തെ വാഴ്ചയില്‍ പങ്കാളികളാകാന്‍ തങ്ങളുടെ ശരീരങ്ങള്‍ വീണ്ടും ധരിക്കും. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. യേഹ്ശുവായുടെ വാഗ്ദാനം സ്വീകരിക്കുന്നതിനുവേണ്ടിയാണ് അവര്‍ ഉയിര്‍പ്പിക്കപ്പെടുന്നത്. തന്റെ പേരിനെപ്രതി എന്തെങ്കിലും ഉപേക്ഷിക്കുന്നവര്‍ക്ക് അവ ഇവിടെത്തന്നെ നൂറിരട്ടിയായി നല്‍കുമെന്നത് അവര്‍ക്ക് യേഹ്ശുവാ നല്‍കിയ വാഗ്ദാനമാണ്. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായവന്‍ അത് നല്കാതിരിക്കില്ല. യേഹ്ശുവായുടെ വാഗ്ദാനം ശ്രദ്ധിക്കുക: “എന്റെ പേരിനെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും”(മത്തായി: 19; 29). മാര്‍ക്കോയും ലൂക്കായും ഈ വചനം തങ്ങളുടെ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടി പരിശോധിച്ചതിനുശേഷം വിശദാംശങ്ങളിലേക്ക് കടക്കാം.

മാര്‍ക്കോ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “യേഹ്ശുവാ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്ത് നിത്യജീവനും”(മാര്‍ക്കോ: 10; 29-30). ലൂക്കാ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: “യേഹ്ശുവാ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേകമടങ്ങ് ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും”(ലൂക്കാ: 18; 29-30).

ഈ മൂന്ന് ലിഖിതങ്ങളിലും നാം കാണുന്നത് യേഹ്ശുവാ നല്‍കിയിരിക്കുന്ന രണ്ട് സുപ്രധാന വാഗ്ദാനങ്ങളാണ്. യേഹ്ശുവായുടെ പേരിനെപ്രതിയോ ദൈവരാജ്യത്തെപ്രതിയോ ആരെങ്കിലും എന്തെങ്കിലും ത്യജിക്കേണ്ടിവന്നാല്‍, ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കുമെന്നതാണ് ഒരു വാഗ്ദാനമെങ്കില്‍, വരാനിരിക്കുന്ന കാലത്ത് നിത്യജീവന്‍ ലഭിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. നിത്യജീവന്‍ ലഭിക്കുമെന്ന് പറഞ്ഞാല്‍, സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. മൂന്ന് സുവിശേഷകരും അവരവരുടേതായ ശൈലിയില്‍ എഴുതിയെങ്കിലും, എല്ലാവരും നല്‍കുന്ന സന്ദേശം ഒന്നുതന്നെയാണ്. നിത്യജീവന്‍ ലഭിക്കുന്നത് വരാനിരിക്കുന്ന കാലത്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍, ഇവിടെവച്ചുതന്നെ ലഭിക്കുന്ന നൂറിരട്ടിയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാം. തന്റെ പേരിനെപ്രതിയോ ദൈവരാജ്യത്തെ പ്രതിയോ എന്തെങ്കിലും നഷ്ടപ്പെടുന്നവര്‍ക്ക് നൂറിരട്ടിയായി ലഭിക്കുമെന്നാണ് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരിക്കലും വെറുംവാക്ക്‌ പറയാത്തവനാണ് യേഹ്ശുവാ എന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍, ആദിമസഭയുടെ ഭാഗമായിരുന്ന വിശ്വാസികള്‍ക്ക് അവര്‍ നഷ്ടപ്പെടുത്തിയതെല്ലാം ഇവിടെവച്ചുതന്നെ ലഭിച്ചിരുന്നോ? അവര്‍ നഷ്ടപ്പെടുത്തിയതൊന്നും അവരുടെ മരണംവരെ അവര്‍ക്ക് ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  

യേഹ്ശുവായുടെ പേരിനെപ്രതി ജീവന്‍ നഷ്ടമാക്കിയ അനേകര്‍ അപ്പസ്തോലിക സഭയിലുണ്ട്. കിരാതമായ പീഡനമുറകളാണ് അപ്പസ്തോലിക സഭയ്ക്കെതിരേ ശത്രുക്കള്‍ പ്രയോഗിച്ചിരുന്നത്. ജീവനോടെ തിളച്ച എണ്ണയില്‍ ജീവനോടെ ഇടുക, സിംഹങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുക, ഇരുമ്പ് കസേര പഴുപ്പിച്ച് അതില്‍ ഇരുത്തുക, അരക്കവാള്‍കൊണ്ട് ശരീരം നെടുകേ പിളര്‍ക്കുക, ജീവനുള്ള ശരീരത്തില്‍ എണ്ണയൊഴിച്ച് തീപ്പന്തമാക്കുക എന്നീ പീഡനമുറകള്‍ക്ക് അപ്പസ്തോലിക സഭയിലെ വിശുദ്ധരെ വിധേയരാക്കിയത് യേഹ്ശുവാ എന്ന പേരിന് അവര്‍ സാക്ഷ്യംവഹിച്ചതുകൊണ്ടാണ്. ഇവരിലാര്‍ക്കും ഈ ലോകത്ത് നീതി ലഭിച്ചിട്ടില്ല. നീതിക്കുവേണ്ടി പീഡനം സഹിച്ച ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതാണ് ദൈവരാജ്യം! യേഹ്ശുവായുടെ മറ്റൊരു വാഗ്ദാനം ശ്രദ്ധിക്കുക: “നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ സന്തോഷിക്കുവിന്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്”(മത്തായി: 5; 10-12).

ഇവിടെ സ്വര്‍ഗ്ഗത്തെക്കുറിച്ചും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും യേഹ്ശുവാ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗ്ഗരാജ്യം മാത്രമല്ല, നിത്യജീവനാകുന്ന സ്വര്‍ഗ്ഗവും നീതിമാന്മാര്‍ക്കുള്ള അവന്റെ വാഗ്ദാനമാണ്. തന്റെ പേരിനെപ്രതിയും ദൈവരാജ്യത്തെപ്രതിയും ഒരുവന്‍ നഷ്ടപ്പെടുത്തിയതെല്ലാം നൂറിരട്ടിയായി തിരികെ ലഭിക്കുന്നത് ഈ ഭൂമിയില്‍ സ്ഥാപിതമാകുന്ന ദൈവരാജ്യത്താണെങ്കില്‍, അതിനുശേഷം അവന് നിത്യജീവനും നല്‍കുമെന്ന് യേഹ്ശുവാ വാഗ്ദാനം ചെയ്തിരിക്കുന്നു. ഉപമകളിലൂടെയും ഉപമകളിലൂടെയല്ലാതെ നേരിട്ടും ഏറെ പ്രാധാന്യത്തോടെ യേഹ്ശുവാ ആവര്‍ത്തിച്ചിട്ടുള്ള വാക്കാണ്‌ ദൈവരാജ്യം എന്ന വാക്ക്. അന്ത്യത്താഴവേളയില്‍ ഉപമയിലൂടെയല്ലാതെ ദൈവരാജ്യത്തെക്കുറിച്ച് അവന്‍ അരുളിച്ചെയ്ത വചനം നോക്കുക: “ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്ത് നവമായി ഇത് പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല”(മത്തായി: 26; 29).

ദൈവരാജ്യം എന്നതിന് പകരം പിതാവിന്റെ രാജ്യം എന്നാണ് ഇവിടെ യേഹ്ശുവാ പറഞ്ഞിരിക്കുന്നത്. ഇത് പറയുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ മനുഷ്യനായിരുന്നുവെന്ന് നമുക്കറിയാം. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ രാജ്യം വരണമേ എന്ന് പ്രാര്‍ത്ഥിക്കാനാണ് യേഹ്ശുവാ പഠിപ്പിച്ചത്. അതായത്, പിതാവിന്റെ രാജ്യം, സ്വര്‍ഗ്ഗരാജ്യം, ദൈവരാജ്യം എന്നിങ്ങനെയെല്ലാം പരാമര്‍ശിച്ചിരിക്കുന്നത് ഈ ഭൂമിയില്‍ സ്ഥാപിക്കാനിരിക്കുന്ന യേഹ്ശുവായുടെ രാജ്യത്തെക്കുറിച്ചാണ്. അന്ത്യത്താഴവേളയില്‍ യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകള്‍ മാര്‍ക്കോ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇത് നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല”(മാര്‍ക്കോ: 14; 25). പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്ത് നവമായി ഇത് പാനംചെയ്യുന്ന ദിവസംവരെ എന്നാണ് മത്തായി രേഖപ്പെടുത്തിയതെങ്കില്‍, മാര്‍ക്കോ രേഖപ്പെടുത്തിയിരിക്കുന്നത് ദൈവരാജ്യത്തില്‍ ഞാന്‍ ഇത് നവമായി പാനംചെയ്യുന്ന ദിവസംവരെ എന്നാണ്. പിതാവിന്റെ രാജ്യവും ദൈവരാജ്യവും ഒന്നാണെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. 

ലൂക്കായും ഈ വചനം ആവര്‍ത്തിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ് വായിക്കുന്നത്: “ഞാന്‍ നിങ്ങളോട് പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല”(ലൂക്കാ: 22; 18). ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ’ എന്നാണ്. ലൂക്കായുടെ ഈ ലിഖിതത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒരു സത്യമുണ്ട്. എന്തെന്നാല്‍, ദൈവരാജ്യം എന്നത് ഭൂമിയിലേക്ക് വരാനിരിക്കുന്നതാണ്. അതായത്, സ്വര്‍ഗ്ഗം, പറുദീസാ എന്നിവ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇടങ്ങളാണെങ്കില്‍, ദൈവരാജ്യം എന്നത് അങ്ങനെയല്ല. അത് ഇപ്പോള്‍ നിലവിലില്ലാത്തതും, ഭാവിയില്‍ വരാനിരിക്കുന്നതുമാണ്. ഈ രാജ്യം വരാനുള്ള പ്രാര്‍ത്ഥനയാണ് യേഹ്ശുവാ പഠിപ്പിച്ചത്. യേഹ്ശുവായുടെ പ്രത്യാഗമനത്തിന് വേണ്ടിയുള്ള ഓരോ പ്രാര്‍ത്ഥനയും അവന്റെ രാജ്യം സ്ഥാപിതമാകാനുള്ള പ്രാര്‍ത്ഥനകൂടിയാണ്. അതുപോലെതന്നെ, യേഹ്ശുവായുടെ പ്രത്യാഗമനത്തെ സംബന്ധിച്ച് നടത്തപ്പെടുന്ന പ്രഘോഷണങ്ങളിലും അവന്റെ രാജ്യം പ്രഘോഷിക്കപ്പെടുന്നു. യേഹ്ശുവായുടെ പ്രത്യാഗമനം വിളംബരം ചെയ്യപ്പെടാത്ത അപ്പസ്തോലിക ലേഖനങ്ങള്‍ ഒന്നുപോലും ബൈബിളിന്റെ കാനോനില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളിലെ കാതലായ വിഷയം ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നും, അതിനാല്‍ എല്ലാവരും അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കണം എന്നതായിരുന്നു. യേഹ്ശുവായുടെ അധരങ്ങളില്‍നിന്നുതന്നെയാണ് അവര്‍ ഇത് പഠിച്ചത്. യേഹ്ശുവാ തന്റെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് മാര്‍ക്കോ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേഹ്ശുവാ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗെലീലെയായിലേക്ക് വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍”(മാര്‍ക്കോ: 1; 14, 15). മത്തായിയുടെ സുവിശേഷത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് സന്ദര്‍ഭങ്ങളില്‍ എന്നതുപോലെ ഇവിടെയും സ്വര്‍ഗ്ഗരാജ്യം എന്നാണ് മത്തായി കുറിച്ചിരിക്കുന്നത്. ഇത് ശ്രദ്ധിക്കുക: “അപ്പോള്‍ മുതല്‍ യേഹ്ശുവാ പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു”(മത്തായി: 4; 17). അതായത്, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് യേഹ്ശുവാ തന്റെ ദൗത്യം ആരംഭിച്ചത്.

താന്‍ തിരഞ്ഞെടുത്ത തന്റെ ശിഷ്യന്മാര്‍ക്ക് സുവിശേഷ പ്രചാരണത്തില്‍ പരിശീലനം നല്‍കാന്‍ യേഹ്ശുവാ തയ്യാറായതായി ബൈബിളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. താന്‍ പോകാനിരുന്ന പട്ടണങ്ങളിലേക്ക് തനിക്ക് മുന്‍പേ ശിഷ്യന്മാരെ അയച്ചുകൊണ്ടാണ് അവര്‍ക്ക് പരിശീലനം നല്‍കിയത്. ഒരിക്കല്‍ പന്ത്രണ്ടുപേരെയും പിന്നീട് എഴുപത്തിരണ്ടുപേരെയും ആണ് അവന്‍ തനിക്ക് മുന്‍പേ അയച്ചത്. അവര്‍ ചെന്നെത്തുന്ന പട്ടണങ്ങളില്‍ എന്താണ് പ്രസംഗിക്കേണ്ടതെന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അവന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യേഹ്ശുവാ അവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ദൈവരാജ്യം പ്രസംഗിക്കുക എന്നതായിരുന്നു. ഈ ലിഖിതം ശ്രദ്ധിക്കുക: “അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല ദുര്‍ഭൂതങ്ങളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു”(ലൂക്കാ: 9; 1-2). മത്തായി, മാര്‍ക്കോ എന്നിവരും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മത്തായിയുടെ സുവിശേഷത്തില്‍ സ്വര്‍ഗ്ഗരാജ്യം എന്നാണ് വായിക്കുന്നത്.

എഴുപത്തിരണ്ടുപേരെ അയച്ചുകൊണ്ട് യേഹ്ശുവാ അരുളിച്ചെയ്തത് എന്താണെന്ന് നോക്കുക: “അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ‘ദൈവരാജ്യം’ നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോട് പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ട് പറയണം: നിങ്ങളുടെ നഗരത്തില്‍നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ‘ദൈവരാജ്യം’ സമീപിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ നിങ്ങളോട് പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റേതിനെക്കാള്‍ സഹനീയമായിരിക്കും”(ലൂക്കാ: 10; 9-12). തന്നോടൊപ്പം ആയിരുന്നപ്പോള്‍പ്പോലും ശിഷ്യന്മാര്‍ അയയ്ക്കപ്പെട്ടത് ദൈവരാജ്യം പ്രസംഗിക്കാനായിരുന്നു.

യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റ ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെയും ദൈവരാജ്യം എന്ന വിഷയം പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഈ വിവരണം ശ്രദ്ധിക്കുക: “പീഡാനുഭവത്തിനുശേഷം നാല്പത് ദിവസത്തേക്ക് യേഹ്ശുവാ അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്ക് വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 1; 3). ഇതില്‍നിന്ന് നാം തിരിച്ചറിയേണ്ടത് ദൈവരാജ്യം പ്രസംഗിക്കേണ്ടതിന്റെ അനിവാര്യതയാണ്. നാം തിരിച്ചറിയേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. എന്തെന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് യേഹ്ശുവാ പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ സ്നാപകയോഹന്നാന്‍ അത് പ്രസംഗിച്ചിരുന്നു. മത്തായി അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “അക്കാലത്ത് സ്‌നാപകയോഹന്നാന്‍ യെഹൂദായിലെ മരുഭൂമിയില്‍ വന്ന് പ്രസംഗിച്ചു: മാനസാന്തരപ്പെടുവിന്‍; ‘സ്വര്‍ഗ്ഗരാജ്യം’ സമീപിച്ചിരിക്കുന്നു”(മത്തായി: 3; 1-2). 

ശെഖരിയാഹിന്റെ പ്രവചനത്തില്‍ ദൈവരാജ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും, യേഹ്ശുവായുടെ മനുഷ്യാവതാരകാലത്ത് ദൈവരാജ്യം വിളംബരം ചെയ്ത ആദ്യത്തെ വ്യക്തി സ്നാപകയോഹന്നാനാണ്. അതായത്, സ്നാപകയോഹന്നാനും യേഹ്ശുവായും അപ്പസ്തോലന്മാരും ഒരേപോലെ പ്രസംഗിച്ച വിഷയമാണ് ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നത്. ദൈവരാജ്യം സ്ഥാപിതമാകുന്നതുവരെ ഓരോ സുവിശേഷകരും പ്രസംഗിക്കേണ്ട വിഷയവും ഇതുതന്നെ! എന്തെന്നാല്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച സകലരും അയയ്ക്കപ്പെട്ടിരിക്കുന്നത് ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രഘോഷിക്കാനാണ്. രാജ്യത്തിന്റെ സുവിശേഷം എന്ന വിശേഷണംകൂടി വചനപ്രഘോഷണത്തിന് യേഹ്ശുവാ നല്‍കിയിട്ടുണ്ട്. യുഗാന്തത്തെക്കുറിച്ച് അവന്‍ അരുളിച്ചെയ്ത വചനം നോക്കുക: “എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും”(മത്തായി: 24; 14). ക്രിസ്ത്യാനികള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത് ദൈവരാജ്യം പ്രസംഗിക്കാനാണെന്ന് വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും.

യേഹ്ശുവാ പ്രസംഗിച്ചതും ദൈവരാജ്യത്തിന്റെ സുവിശേഷമായിരുന്നു. ഈ വിവരണം ശ്രദ്ധിക്കുക: “അതിനുശേഷം യേഹ്ശുവാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു”(ലൂക്കാ: 8; 1). യേഹ്ശുവാ പ്രസംഗിച്ച ദൈവരാജ്യം തന്നെയാണ് അപ്പസ്തോലന്മാരും പ്രസംഗിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മാനസാന്തരപ്പെടാനുള്ള ആഹ്വാനവും ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന വിളംബരവുമാണ് സുവിശേഷപ്രഘോഷണത്തിന്റെ അടിസ്ഥാനം. എന്നാല്‍, ദൈവരാജ്യം എന്താണെന്നുപോലും അറിയാത്തതുകൊണ്ടായിരിക്കാം, റോമന്‍ കത്തോലിക്കാസഭയിലെയോ മറ്റിതര സഭകളിലെയോ ആരുംതന്നെ ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രഘോഷിക്കുന്നതായി കാണുന്നില്ല.

ഈ ഭൂമി മുഴുവന്റെയും രാജാവായി ആയിരംവര്‍ഷം യേഹ്ശുവാ ഭരണം നടത്തുന്ന രാജ്യമാണ് ദൈവരാജ്യമെങ്കില്‍, ആ രാജ്യത്ത് പ്രവേശനം ലഭിക്കുന്നത് ആര്‍ക്കെല്ലാമാണെന്ന് നാം അറിഞ്ഞിരിക്കണം. യേഹ്ശുവാ ഭരണം നടത്തുന്ന ദൈവരാജ്യത്തില്‍ ആരെല്ലാം പ്രവേശിക്കും? ആ രാജ്യത്ത് പ്രവേശിക്കാനുള്ള അടിസ്ഥാന യോഗ്യത എന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി നാം അന്വേഷിക്കുന്നത്.

വീണ്ടും ജനിക്കാത്തവന്‍ ദൈവരാജ്യം കാണുകയില്ല!

ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന വചനം പ്രാരംഭത്തില്‍ നാം ശ്രവിച്ചതാണ്. ജ്ഞാനസ്നാനത്തിന്റെ അനിവാര്യതയാണ് ഈ സന്ദേശത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, നിക്കൊദേമോനോട്‌ യേഹ്ശുവാ അരുളിച്ചെയ്ത ഈ വാക്കുകള്‍ ഒരു മുന്നറിയിപ്പായി നാം പരിഗണിക്കണം. പറുദീസാ, ദൈവരാജ്യം, സ്വര്‍ഗ്ഗം എന്നിങ്ങനെ ബൈബിളില്‍ നാം വായിക്കുന്നത് മൂന്ന് വ്യത്യസ്ത ഇടങ്ങളെക്കുറിച്ചാണെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ യേഹ്ശുവായുടെ ഈ മുന്നറിയിപ്പിന്റെ ഗൗരവം പൂര്‍ണ്ണതയോടെ ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇതുവരെയുള്ള പഠനത്തിലൂടെ അത് നാം മനസ്സിലാക്കി. ഇനി നാം മനസ്സിലാക്കേണ്ടത് ഒരുവന് എങ്ങനെ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ്. 

ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല എന്നാണ് നിക്കൊദേമോനോട്‌ യേഹ്ശുവാ പറഞ്ഞതെന്ന് നാം കണ്ടു. ഈ സന്ദര്‍ഭത്തില്‍ത്തന്നെ യേഹ്ശുവാ അറിയിച്ച മറ്റൊരു വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല”(യോഹന്നാ‌ന്‍: 3; 3). ഇവിടെ പരാമര്‍ശിക്കുന്ന ദൈവരാജ്യമാണ് യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴുന്ന രാജ്യം! മരണമടഞ്ഞ നീതിമാന്മാരുടെ ആത്മാക്കള്‍ ഇപ്പോള്‍ ആയിരിക്കുന്നത് പറുദീസായിലാണെന്ന് നാം കണ്ടു. പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും ആത്മാക്കള്‍ മാത്രമല്ല, യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ആ പേരിനെപ്രതി പീഡിപ്പിക്കപ്പെടുകയും ചെയ്ത ആദിമസഭ മുഴുവന്‍ ഇന്ന് പറുദീസായിലാണുള്ളത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആദംമുതല്‍ മ്ശിയാഹ് വരെയുള്ള രണ്ട് യുഗങ്ങളിലായി ജീവിച്ചവരില്‍ മ്ശിയാഹിനെ പ്രതീക്ഷിച്ച് കാത്തിരുന്നവരും, യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച് മരണമടഞ്ഞ നീതിമാന്മാരും ഇപ്പോള്‍ അപ്പസ്തോലികസഭയുടെ ഭാഗമായി പറുദീസായിലുണ്ട്. അതായത്, ഇന്ന് പറുദീസായില്‍ ആയിരിക്കുന്നവരെല്ലാം അപ്പസ്തോലികസഭയുടെ ഭാഗമാണ്! എന്തെന്നാല്‍, അപ്പസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിത്തറമേലാണ് മ്ശിയാഹിന്റെ സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 

ഇപ്പോള്‍ പറുദീസായിലായിരിക്കുന്ന സകലരും വിശുദ്ധരാണ്. അതുപോലെതന്നെ, അവരെല്ലാം അപ്പസ്തോലികസഭയുടെ ഭാഗവുമാണ്. പുനഃരുദ്ധരിക്കപ്പെട്ട യിസ്രായേലാണ് യേഹ്ശുവാ സ്ഥാപിച്ച സഭ. അപ്പസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിത്തറമേല്‍ സ്ഥാപിതമായിരിക്കുന്നതുകൊണ്ടുതന്നെ, പ്രവാചക കാലഘട്ടത്തില്‍ ജീവിച്ചവരും മ്ശിയാഹിന്റെ ദിനം പ്രതീക്ഷിച്ചിരുന്നവരുമായ സകലരും അപ്പസ്തോലിക സഭയുടെ ഭാഗമായി പരിഗണിക്കപ്പെടും. ഈ സഭയാണ് യേഹ്ശുവായുടെ രാജ്യത്ത് പ്രവേശിക്കുന്നത്. മുന്‍പ് നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “എന്റെ ദൈവമായ യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും”(ശെഖരിയാഹ്: 14; 5). ശെഖരിയാഹ് പ്രവചിച്ചത് യേഹ്ശുവായെക്കുറിച്ച് തന്നെയാണ്അതായത്, ഇപ്പോള്‍ പറുദീസായിലായിരിക്കുന്ന സകല വിശുദ്ധരോടുംകൂടെ വന്ന് തന്റെ രാജ്യം യേഹ്ശുവാ ഭൂമിയില്‍ സ്ഥാപിക്കും. അപ്പോള്‍ യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരും അവനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുമായി ഭൂമിയില്‍ അവശേഷിക്കുന്ന സകലരും അവന്റെ രാജ്യത്ത് ചേര്‍ക്കപ്പെടും. എന്തെന്നാല്‍, അവരുടെ നെറ്റിയില്‍ കുഞ്ഞാടിന്റെ പേരും അവന്റെ പിതാവിന്റെ പേരും ജ്ഞാനസ്നാനത്തിലൂടെ മുദ്രയിടപ്പെട്ടിരിക്കുന്നു. ആ പേരാണ് യേഹ്ശുവാ മ്ശിയാഹ്!

ഈ പ്രവചനം ശ്രദ്ധിക്കുക: “നമുക്ക് ആനന്ദിക്കാം; ആഹ്ളാദിച്ച് ആര്‍പ്പുവിളിക്കാം. അവന് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവന്റെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്. ദൂതന്‍ എന്നോട് പറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ അനുഗ്രഹീതര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്”(വെളിപാട്: 19; 7-9). അന്ത്യത്താഴവേളയില്‍ യേഹ്ശുവാ അരുളിച്ചെയ്ത വചനത്തോട് ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കേണ്ട പ്രവചനമാണിത്. അവന്‍ അരുളിച്ചെയ്ത വചനമിതാണ്: “ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്ത് നവമായി ഇത് പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല”(മത്തായി: 26; 29).

യേഹ്ശുവാ രാജാവായി വാഴുന്ന രാജ്യം സ്ഥാപിതമാകുന്ന ദിനത്തെക്കുറിച്ചാണ് കുഞ്ഞാടിന്റെ വിവാഹവിരുന്ന് എന്ന വിശേഷണത്തോടെ വെളിപാട് പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്നത്. അന്ത്യത്താഴത്തിനുശേഷം മുന്തിരിയുടെ ഫലത്തില്‍നിന്ന് അവന്‍ വീണ്ടും കുടിക്കുന്നത് ആ ദിനത്തിലാണ്. അന്ന് അവന്‍ തന്റെ രാജ്യത്ത് അത് നവമായി പാനംചെയ്യുന്നത് തന്റെ തിരഞ്ഞെടുക്കപ്പെട്ടവരോടൊപ്പമായിരിക്കുംഇക്കാര്യമാണ് തന്റെ ശിഷ്യന്മാരോട് യേഹ്ശുവാ പ്രഖ്യാപിച്ചത്. ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് ആരംഭിച്ച ദൗത്യം അവന്‍ പൂര്‍ത്തിയാക്കിയതും ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് തന്നെയായിരുന്നു. സ്വര്‍ഗ്ഗത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും യേഹ്ശുവാ പ്രസംഗിച്ചിരുന്നുവെങ്കിലും അതിനേക്കാള്‍ പ്രാധാന്യത്തോടെയാണ് ദൈവരാജ്യത്തെക്കുറിച്ച് അവന്‍ പ്രസംഗിച്ചത്. സ്വര്‍ഗ്ഗത്തെക്കാള്‍ പ്രാധാന്യത്തോടെ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുക മാത്രമല്ല, അത് തുടരാന്‍ ശിഷ്യന്മാരോട് യേഹ്ശുവാ കല്പിക്കുകയും ചെയ്തു. അതിന് വ്യക്തമായ കാരണമുണ്ട്. എന്താണ് ആ കാരണം? മനോവ അത് വ്യക്തമാക്കാം.

നിത്യജീവന്‍, നിത്യത എന്നിങ്ങനെ ബൈബിളില്‍ വിശേഷിപ്പിച്ചിരിക്കുന്നത് സ്വര്‍ഗ്ഗത്തെക്കുറിച്ചാണെന്ന് നമുക്കറിയാം. സ്വര്‍ഗ്ഗത്തെക്കാള്‍ വിലമതിക്കുന്നതായി മറ്റൊന്നും ഇല്ലെന്നിരിക്കെ, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രബോധനത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത്, ദൈവരാജ്യം എന്നത് സ്വര്‍ഗ്ഗത്തിന്റെ മുന്നോടിയായതുകൊണ്ടാണ്. ഒരിക്കലും അവസാനമില്ലാത്ത ജീവനിലേക്ക് ഒരുവന്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി ദൈവരാജ്യത്ത് വെച്ച് ഒരു മാറ്റ് പരിശോധനയുണ്ട്‌. ആ പരിശോധനയില്‍ ശുദ്ധത തെളിയിക്കപ്പെട്ടാല്‍ മാത്രമേ അവന് നിത്യജീവനില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, നിത്യജീവനെ സംബന്ധിക്കുന്ന പഠനങ്ങളിലേക്ക് പ്രവേശിക്കുന്നത് ദൈവരാജ്യം യാഥാര്‍ത്ഥ്യമായതിനുശേഷം മാത്രമാണ്. ദൈവരാജ്യത്ത് വെച്ച് നടക്കുന്ന മാറ്റ് പരിശോധനയെക്കുറിച്ചുള്ള പ്രവചനം നോക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടുഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരുഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ പേര് വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്ന് ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും”(ശെഖരിയാഹ്: 13; 8-9). യേഹ്ശുവായുടെ രാജ്യത്ത് പ്രവേശനം ലഭിക്കുന്നവര്‍ക്കിടയിലാണ് ഈ അഗ്നിശുദ്ധിവരുത്തലും മാറ്റ് പരിശോധനയും നടക്കുന്നത്.

യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണകാലത്ത് സര്‍ഗ്ഗത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും വ്യക്തതയോടെ പഠിക്കുവാന്‍ ആ രാജ്യത്ത് പ്രവേശനം ലഭിക്കുന്നവര്‍ക്ക് സാധിക്കും. എന്തെന്നാല്‍, ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന പ്രവചനം പൂര്‍ത്തിയാകുന്നത് അപ്പോഴാണ്‌. യേശൈയാഹിന്റെ പ്രവചനം ഉദ്ധരിച്ചുകൊണ്ട് യേഹ്ശുവാ അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു”(യോഹന്നാ‌ന്‍: 6; 44, 45). യേശൈയാഹ് പ്രവചിച്ചത് എന്തായിരുന്നുവെന്ന് നോക്കുക: “യാഹ്‌വെ നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജ്ജിക്കും”(യേശൈയാഹ്: 54; 13). സ്ഥാപിതമാകാനിരിക്കുന്ന പുതിയ യെരുശലേം എന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രവചനത്തിലെ ഒരു വാക്യമാണിത്. ദൈവരാജ്യം സ്ഥാപിതമാകുമ്പോള്‍ ആ രാജ്യത്ത് വസിക്കുന്നവരെല്ലാം ദൈവത്താല്‍ പഠിപ്പിക്കപ്പെടും. യേഹ്ശുവായുടെ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ദൈവവും രാജാവുമായ യേഹ്ശുവാ തന്നെയായിരിക്കും ഗുരുനാഥന്‍. അവന്‍ തന്റെ ജനത്തെ പഠിപ്പിക്കും.

സ്വര്‍ഗ്ഗത്തെക്കുറിച്ച് ആധികാരികതയോടെ പഠിപ്പിക്കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് വരുന്നവന് മാത്രമേ സാധിക്കുകയുള്ളൂ. ദൈവം എന്ന പദവിയിലും രാജാധികാരത്തിലും വരുന്ന യേഹ്ശുവാ തന്റെ ജനത്തെ പഠിപ്പിക്കുമ്പോഴാണ് അവര്‍ ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകുന്നത്. അതായത്, ദൈവം നമ്മോടുകൂടെ എന്ന അവസ്ഥയില്‍ യേഹ്ശുവാ ഈ ഭൂമിയില്‍ വസിക്കുന്നത് അവന്റെ രാജ്യം സ്ഥാപിതമാകുമ്പോഴാണ്സ്വര്‍ഗ്ഗത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും അവനില്‍നിന്ന് നേരിട്ട് പഠിക്കുമ്പോള്‍, അത് വ്യക്തതയോടെ ഗ്രഹിക്കാന്‍ പഠിതാക്കള്‍ക്ക് സാധിക്കും. യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി വന്നപ്പോള്‍, അവന്‍ പഠിപ്പിച്ചത് പലര്‍ക്കും ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. നിന്റെ വചനം കഠിനമാണെന്ന് പറഞ്ഞുകൊണ്ട് പലരും അവനെവിട്ട് പോയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദൈവരാജ്യത്തിലെ അവസ്ഥ ഇതായിരിക്കില്ലഅവിടെ വ്യാജപ്രബോധകരുടെ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ടുതന്നെ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ സത്യം ഗ്രഹിക്കാന്‍ സകലര്‍ക്കും സാധിക്കും.

സത്യപ്രബോധനത്തില്‍ നിലനില്‍ക്കാന്‍ പലര്‍ക്കും സാധിക്കാത്തത് വ്യാജപ്രബോധനങ്ങളുടെ ബാഹുല്യം നിമിത്തമാണ്. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട കാലംമുതല്‍ ഇന്നോളം അനേകം വ്യാജപ്രബോധകര്‍ ഈ ഭൂമിയിലുണ്ട്. ഭൂവാസികളെ വഴിതെറ്റിക്കുന്ന ഇവരെ നയിക്കുന്നത് സാത്താനാണ്‌. വിതക്കാരന്റെ ഉപമയ്ക്ക് യേഹ്ശുവാ നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധിക്കുക: “അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍. രാജ്യത്തിന്റെ വചനം കേട്ടിട്ട് മനസ്സിലാകാതിരിക്കുന്നവനില്‍നിന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് ദുഷ്ടന്‍ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്”(മത്തായി: 13; 18-20). സത്യവചനം അപഹരിക്കപ്പെടുകയും അസത്യമാകുന്ന കളകള്‍ വിതയ്ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്. ഈ അവസ്ഥ ഇല്ലാതാകണമെങ്കില്‍ സാത്താന്റെ പ്രവര്‍ത്തനം തടയപ്പെടണം. യേഹ്ശുവായുടെ രാജ്യം സ്ഥാപിതമാകുമ്പോള്‍ അത് സംഭവിക്കും.

ഈ പ്രവചനം ശ്രദ്ധിക്കുക: “അവന്‍ ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ച് മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു”(വെളിപാട്: 20; 2-3). ദൈവരാജ്യത്തില്‍ വെച്ച് ദൈവത്താല്‍ പഠിപ്പിക്കപ്പെടുന്നവരെ ആശയക്കുഴപ്പത്തിലേക്ക്‌ നയിക്കാന്‍ വ്യാജപ്രബോധകര്‍ കടന്നുവരില്ലെന്നതാണ് നാം മനസ്സിലാക്കിയിരിക്കേണ്ട യാഥാര്‍ത്ഥ്യം. സാത്താന്റെ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ടുതന്നെ, പാപത്തിലേക്ക് നയിക്കാന്‍ അവിടെ ആരുമുണ്ടായിരിക്കില്ല. യേശൈയാഹിന്റെ ഒരു പ്രവചനം നോക്കുക: “ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ച് വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ച് മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്ത് മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ച് കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിന് മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കയ്യിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി യാഹ്‌വെയെക്കുറിച്ചുള്ള ജ്ഞാനംകൊണ്ട് നിറയും”(യേശൈയാഹ്: 11; 6-9).

സമാധാനത്തിന്റെ രാജാവ് എന്നുകൂടി വിളിക്കപ്പെടുന്ന യേഹ്ശുവാ ഭരണം നടത്തുമ്പോള്‍ രാജ്യത്ത് നടമാടുന്ന അന്തരീക്ഷം വ്യക്തമാക്കുന്നതാണ് യേശൈയാഹിന്റെ ഈ പ്രവചനം. യേശൈയാഹിന്റെ മറ്റൊരു പ്രവചനം നോക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6-7). ഭൂമി മുഴുവന്റെയും രാജാവായി ആയിരം വര്‍ഷം യേഹ്ശുവാ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ക്ക് അനുഭവവേദ്യമാകുന്ന സമാധാനാന്തരീക്ഷത്തെ സൂചിപ്പിക്കുന്ന പ്രവചനമാണിത്. നീതിയിലും ധര്‍മ്മത്തിലും സമാധാനത്തിലും സ്ഥാപിച്ച് പരിപാലിക്കപ്പെടുന്നതുകൊണ്ടുതന്നെ, സകലരുടെയും ജീവിതങ്ങള്‍ ഭയരഹിതമായിരിക്കും. അധര്‍മ്മിയും ഭിന്നത വിതയ്ക്കുന്നവനും സകല നീതിക്കും എതിരായവനുമായ സാത്താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ് അത്.

തന്നെ അനുഗമിക്കുന്നവര്‍ക്ക് യേഹ്ശുവാ നല്‍കിയത് ഈ ദൈവരാജ്യം സ്ഥാപിതമാകുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. നിന്റെ രാജ്യം വരണമേ എന്ന് ഒരുവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അത് ദൈവരാജ്യം സ്ഥാപിതമാകുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണെന്ന് പലരും തിരിച്ചറിയുന്നില്ല. വരാനിരിക്കുന്ന ദൈവരാജ്യത്ത് പ്രവേശനം ലഭിക്കുന്നവരെക്കുറിച്ച് വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു”(വെളിപാട്: 20; 4). യേഹ്ശുവായുടെ പേരില്‍ രക്തസാക്ഷികളായവരുടെ ആത്മാക്കള്‍ മാത്രമല്ല, അവന്റെ പ്രത്യാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവരും ആ രാജ്യത്ത് പ്രവേശിക്കും. വിജാതീയ ആരാധനകളിലോ ആചാരങ്ങളിലോ പങ്കാളികളാകാത്തവരും, വിജാതീയതയുടെ മുദ്രകള്‍ നെറ്റിയിലോ കയ്യിലോ സ്വീകരിക്കാത്തവരുമാണ് ദൈവരാജ്യത്ത് പ്രവേശിക്കുന്നത്. അതുപോലെതന്നെ, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കാത്ത ആരും ദൈവരാജ്യത്ത് പ്രവേശിക്കില്ലെന്ന് മാത്രമല്ല, ദൈവരാജ്യം കാണുകപോലുമില്ല എന്ന യാഥാര്‍ത്ഥ്യംകൂടി അറിഞ്ഞിരിക്കണം.

യേഹ്ശുവായുടെ രാജ്യത്തെക്കുറിച്ച് ഒരുകാര്യംകൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് അവന്റെ രാജ്യത്തിന്‌ അവസാനമില്ല എന്നതാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ദൂതന്‍ അവളോട് പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ രാജപീഠം ദൈവമായ യാഹ്‌വെ അവന് കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല”(ലൂക്കാ: 1; 30-33). അങ്ങനെയെങ്കില്‍ ആയിരം വര്‍ഷത്തെ ഭരണം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് എന്താണ്? ഭൂമിയിലെ ഭരണം ആയിരം വര്‍ഷമാണ് എന്നകാര്യത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍, ഈ ഭരണത്തിന് സ്വര്‍ഗ്ഗത്തില്‍ തുടര്‍ച്ചയുണ്ടായിരിക്കും. അതായത്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്ന യേഹ്ശുവാ, ഈ ഭൂമിയിലെ ആയിരം വര്‍ഷത്തെ വാഴ്ചയ്ക്ക് ശേഷം സ്വര്‍ഗ്ഗത്തിലെ രാജപീഠത്തില്‍ ഉപവിഷ്ടനാകും. ആ ഭരണത്തിന് അവസാനമുണ്ടായിരിക്കുകയില്ല! ഭരണസിരാകേന്ദ്രം മാറുമെങ്കിലും ഭരണാധികാരി മാറുന്നില്ല! എന്നാല്‍, സ്വര്‍ഗ്ഗത്തെക്കുറിച്ചോ സ്വര്‍ഗ്ഗത്തിലെ ജീവിതത്തെക്കുറിച്ചോ ഇപ്പോള്‍ നാം അന്വേഷിച്ചറിയാന്‍ ശ്രമിക്കരുത്. എന്തെന്നാല്‍, അത് ഗ്രഹിക്കാന്‍ ഭൂവാസികളില്‍ ആര്‍ക്കും ഇപ്പോള്‍ സാധിക്കില്ല.

യേഹ്ശുവാ വന്ന് പഠിപ്പിക്കുന്നതുവരെ നാം അന്വേഷിക്കേണ്ടത് ദൈവരാജ്യത്തെക്കുറിച്ച് മാത്രമാണ്. അവന്‍ വരികയും ഭൂമി മുഴുവന്റെയും രാജാവായി വാഴുകയും ചെയ്യുന്നതിന് മുന്‍പ് സകലതും പുനഃസ്ഥാപിക്കുമെന്നുള്ള വചനത്തെ നാം ഗൗരവമായി കാണണം. ദൈവരാജ്യം സ്ഥാപിതമാകുന്നതിന് മുന്‍പ് പുനഃസ്ഥാപിക്കപ്പെടേണ്ടത് എന്തെല്ലാമാണ്? യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിക്കപ്പെട്ടതോടെ പാപമോചനം അസാദ്ധ്യമാകുകയും അപ്പസ്തോലികസഭയില്‍ അംഗങ്ങളാകാനുള്ള അവസരം മനുഷ്യര്‍ക്ക് നഷ്ടമാകുകയും ചെയ്തു. ഇവിടെയാണ്‌, തന്റെ പ്രത്യാഗമനത്തിന് മുന്‍പ് യേലിയാഹ് വരികയും സകലതും പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നുള്ള യേഹ്ശുവായുടെ പ്രഖ്യാപനത്തിന്റെ പ്രസക്തി. യേലിയാഹിന്റെ ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത് പുനഃസ്ഥാപനമാണ്. ശിഷ്യന്മാരുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് യേഹ്ശുവാ അത് പ്രഖ്യാപിച്ചത്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ശിഷ്യന്മാര്‍ അവനോട് ചോദിച്ചു: ആദ്യം യേലിയാഹ് വരണമെന്ന് നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുകതന്നെ ചെയ്യും”(മത്തായി: 17; 10-11). മുന്‍പ് ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ഒന്ന് ആദ്യം ഉണ്ടായിരുന്നതുപോലെ ആക്കിത്തീര്‍ക്കുന്നതിനെയാണ് പുനഃസ്ഥാപനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനാണ് പുനഃസ്ഥാപനമെന്ന് വിശേഷിപ്പിക്കുന്നതെങ്കില്‍, ആദ്യം പുനഃസ്ഥാപിക്കപ്പെടേണ്ടത് യേഹ്ശുവാ മ്ശിയാഹിനെയും, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനവുമാണ്. അപ്പസ്തോലന്മാര്‍ നല്‍കിയിരുന്ന ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ അപ്പസ്തോലികസഭയും പുനഃസ്ഥാപിക്കപ്പെടും! യേഹ്ശുവായെ ഉപേക്ഷിച്ച്, യീസുസിനെ സ്വീകരിച്ച ആര്‍ക്കും അപ്പസ്തോലിക സഭയില്‍ അംഗങ്ങളാകാന്‍ സാധിക്കില്ല. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ അപ്പസ്തോലിക സഭയുടെ ഭാഗമായിരിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കല്ലാതെ, മറ്റാര്‍ക്കും യേഹ്ശുവാ രാജാവായി വാഴുന്ന ദൈവരാജ്യത്ത് പ്രവേശനം ലഭിക്കുകയുമില്ല! അതുപോലെതന്നെ, അവന്‍ രാജാവായി വാഴുന്ന ദൈവരാജ്യത്ത് പ്രവേശനം ലഭിക്കുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂഎന്നാല്‍, ദൈവരാജ്യത്ത് പ്രവേശിക്കുന്നവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെന്നില്ല! കാരണം, മാറ്റ് പരിശോധിക്കപ്പെടുന്നത് അവിടെവെച്ചാണ്.

ഈ മാറ്റ് പരിശോധന എങ്ങനെയായിരിക്കും എന്നുകൂടി വ്യക്തമാക്കാം. ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കപ്പെടുന്ന സാത്താന്‍, കാലാവധി പൂര്‍ത്തിയാകുന്നതോടെ ബന്ധനത്തില്‍നിന്ന് മോചിതനാകുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യുമെന്ന് വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്ന് മോചിതനാകും. ഭൂമിയുടെ നാല് കോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളം ആയിരിക്കും”(വെളിപാട്: 20; 7-8). മാറ്റ് പരിശോധിക്കപ്പെടുന്നത് ഇങ്ങനെയാണ്.

ആയിരം വര്‍ഷം ദൈവരാജ്യത്ത് സമാധാനവും സന്തോഷവും ആസ്വദിച്ച ജനമാണ് സാത്താന്റെ മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി അവനെ അനുഗമിക്കുന്നത്. യേഹ്ശുവായുടെ ഭരണത്തിന്‍ കീഴില്‍ അനുഭവിച്ച സകല നന്മകളും ഒരു നിമിഷംകൊണ്ട് അവര്‍ വിസ്മരിക്കും. മോശയുടെ അസാന്നിദ്ധ്യത്തില്‍ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞ യിസ്രായേല്‍ജനത്തെപ്പോലെ, അവരും പ്രവര്‍ത്തിക്കുമെന്നാണ് പ്രവചനങ്ങളില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. അല്പകാലത്തേക്ക് സാത്താനെ അഴിച്ചുവിടുമ്പോള്‍, ആ കാലയളവിലേക്ക് മാത്രമായി യേഹ്ശുവാ പിന്‍വാങ്ങും എന്ന സൂചന വിശുദ്ധ ലിഖിതങ്ങളില്‍നിന്ന് ലഭിക്കുന്നുണ്ട്. ഗോഗ്, മാഗോഗ് എന്നിവയെ ഒന്നിച്ചുകൂട്ടി വിശുദ്ധര്‍ക്കെതിരേ യുദ്ധംചെയ്യാന്‍ സാത്താന്‍ പുറത്തുവരുന്ന നാളുകളിലാണ്‌ യേഹ്ശുവായുടെ ഈ താത്ക്കാലിക പിന്മാറ്റം സംഭവിക്കുന്നത്. അത് മാറ്റ് പരിശോധനയുടെ ഭാഗമാണ്. സാത്താനെ അനുഗമിക്കുന്നവരെല്ലാം ആ പരിശോധനയില്‍ പരാജയപ്പെടും! അതായത്, വിശുദ്ധര്‍ക്കെതിരേയുള്ള അന്തിമയുദ്ധത്തില്‍ അവര്‍ സാത്താന്റെ പക്ഷം ചേരും. അല്പകാലത്തേക്ക് പിന്മാറിയ യേഹ്ശുവാ തിരികെവരുന്നത് ആ യുദ്ധത്തിന്റെ അന്ത്യഘട്ടത്തിലാണ്. അതാണ്‌ അന്തിമയുദ്ധം! ഈ യുദ്ധത്തില്‍ വിശുദ്ധരുടെ പക്ഷംചേരാനും, സാത്താനെയും അവനെ അനുഗമിക്കുന്നവരെയും നിത്യശിക്ഷയ്ക്ക് വിധിക്കാനുമായി യേഹ്ശുവാ വരുന്നതിനെയാണ് മൂന്നാംവരവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  

ജ്ഞാനസ്നാനം എന്ന വിഷയത്തിന്റെ മര്‍മ്മപ്രധാനമായ ഭാഗത്തേക്ക് കടക്കുന്നതിന് മുന്‍പ് യേഹ്ശുവായുടെ മൂന്നാം വരവിനെക്കുറിച്ച് ഒരു ലഘുവിവരണം ആവശ്യമാണ്‌. അപ്പോള്‍ മാത്രമേ ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയത്തിന് പൂര്‍ണ്ണത കൈവരുകയുള്ളു. മൂന്നാം വരവ് എന്ന വാക്ക് ബൈബിളില്‍ അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് സാധിക്കില്ല. എന്തെന്നാല്‍, മൂന്നാം വരവ് എന്ന പ്രയോഗത്തോടെയല്ല ഇക്കാര്യത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. യേഹ്ശുവായുടെ ആഗമനം, പ്രത്യാഗമനം, പുനരാഗമനം, വീണ്ടുംവരവ് എന്നിങ്ങനെയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്, അത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് എന്ന തെറ്റിദ്ധാരണ പലരും വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍, പ്രത്യാഗമനവുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ആ പ്രവചനങ്ങള്‍ ഒരിക്കല്‍ മാത്രം നടക്കാനിരിക്കുന്ന സംഭവത്തെക്കുറിച്ചല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.    

യേഹ്ശുവായുടെ പ്രത്യാഗമനവും തുടര്‍ന്നുള്ള ആയിരം വര്‍ഷത്തെ അവന്റെ ഭരണവും വ്യക്തതയോടെ രേഖപ്പെടുത്തിയിരിക്കുന്നത് ശെഖരിയാഹിന്റെ പ്രവചനഗ്രന്ഥത്തിലും വെളിപാട് പുസ്തകത്തിലുമാണ്. ഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദൈവരാജ്യസ്ഥാപനവുമായി ബന്ധപ്പെട്ട പ്രവചനങ്ങളാണ്. ഈ വരവിലാണ് അവന്‍ ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്തുന്നത്. ആയിരം വര്‍ഷം എന്ന പരാമര്‍ശം വെളിപാട് പുസ്തകത്തില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍, ഭൂമി മുഴുവന്റെയും രാജാവായി അവന്‍ വാഴുമെന്ന് ശെഖരിയാഹ് പ്രവചിച്ചിരിക്കുന്നു. യേശൈയാഹും യിരെമിയാഹും ഈ ഭരണത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. യേശൈയാഹിന്റെ പ്രവചനങ്ങളില്‍ ചിലത് ഇതിനോടകം നാം കണ്ടുകഴിഞ്ഞതിനാല്‍, യിരെമിയാഹിന്റെ ഒരു പ്രവചനം ശ്രദ്ധിക്കുക: “ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു - യാഹ്‌വെ അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വ്വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയും ന്യായവും അവന്‍ നടപ്പാക്കും”(യിരെമിയാഹ്: 23; 5). ഇവിടെയെല്ലാം നാം വായിക്കുന്നത് ഈ ഭൂമിയില്‍ സ്ഥാപിക്കാനിരിക്കുന്ന ദൈവരാജ്യസ്ഥാപനത്തെ സംബന്ധിച്ചാണ്. അതാണ്‌ യേഹ്ശുവായുടെ രണ്ടാംവരവ്!

എന്നാല്‍, കേപ്ഫായുടെ ലേഖനത്തില്‍ വായിക്കുന്നത് ഈ വരവിനെക്കുറിച്ചുള്ള പ്രവചനമല്ല. മറിച്ച്, യേഹ്ശുവാ വന്ന് അന്ത്യവിധി നടപ്പാക്കുകയും ഭൂമി മുഴുവനെയും നശിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രവചനമാണ്. കേപ്ഫായുടെ ലേഖനത്തില്‍ ഇപ്രകാരം വായിക്കുന്നു: “യേഹ്ശുവായുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞ് ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണം! ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവന്റെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു”(2 കേപ്ഫാ: 3; 10-13). ഇതാണ് യേഹ്ശുവായുടെ മൂന്നാംവരവ്!

യേഹ്ശുവായും ഇത് പ്രവചിച്ചിട്ടുണ്ട്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്ന് നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നത് കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്മാരെ അവന്‍ അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാല് ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും”(മത്തായി: 24; 29-31). അന്ത്യവിധിയെക്കുറിച്ചും ഭൂമിയുടെ സര്‍വ്വനാശത്തെക്കുറിച്ചുമാണ് യേഹ്ശുവാ ഇവിടെ പറയുന്നത്. കേപ്ഫായുടെ പ്രബോധനവും അതുതന്നെയാണ്. യേശൈയാഹ്, യോയേല്‍, മലാക്ഖി, സെഫാനിയാഹ് എന്നീ പ്രവാചകന്മാരും ഭൂമിയുടെ നാശത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.

അതായത്, യേഹ്ശുവായുടെ ഉടന്‍ സംഭവിക്കാനിരിക്കുന്ന വരവില്‍ ഭൂമിയെ നശിപ്പിക്കുകയല്ല, ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്തുകയാണ് ചെയ്യുന്നത്. ആയിരം വര്‍ഷത്തെ വാഴ്ച പൂര്‍ത്തിയാകുമ്പോള്‍, അല്പകാലത്തേക്ക് സാത്താനെ അഴിച്ചുവിടുകയും യേഹ്ശുവാ പിന്മാറുകയും ചെയ്യും. അതിനുശേഷമുള്ള വരവിലാണ് ഭൂമിയെയും ആകാശഗോളങ്ങളെയും നശിപ്പിക്കുകയും, അന്ത്യവിധി നടപ്പാക്കുകയും ചെയ്യുന്നത്. ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു”(2 കേപ്ഫാ: 3; 7).

ഉടന്‍ സ്ഥാപിതമാകാനിരിക്കുന്ന ദൈവരാജ്യത്തിലും അതിനുശേഷമുള്ള നിത്യജീവനിലും പ്രവേശനം സാദ്ധ്യമാകണമെങ്കില്‍ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം അനിവാര്യമാണ്. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്തവര്‍ ദൈവരാജ്യം കാണുകപോലുമില്ലെന്ന് ആ രാജ്യത്തിന്റെ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നു. യേഹ്ശുവായുടെ പ്രഖ്യാപനത്തെ നിസ്സാരമായി ആരും കാണരുത്. ജലത്താലും ആത്മാവിനാലുമുള്ള വീണ്ടുംജനനമാണ്‌ ജ്ഞാനസ്നാനം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കണമെന്നാണ് യേഹ്ശുവാ കല്പിച്ചതെന്ന് നമുക്കറിയാം. ഏതാണ് ആ പേര്? പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നവന്റെ ഒരേയൊരു പേര് യേഹ്ശുവാ മ്ശിയാഹ് എന്നാണ്! പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോള്‍ കേപ്ഫാ ഇത് പ്രഖ്യാപിച്ചു. അതെ, കേപ്ഫാ പ്രഖ്യാപിച്ച ജ്ഞാനസ്നാനമാണ് സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുള്ള ഒരേയൊരു ജ്ഞാനസ്നാനം! ഈ ജ്ഞാനസ്നാനം പുനഃസ്ഥാപിക്കുന്ന യേലിയാഹിന് വഴിയൊരുക്കുക എന്ന ദൗത്യമാണ് മനോവയെ ദൈവം ഭരമേല്പിച്ചിരിക്കുന്നത്.

അപ്പസ്തോലികസഭയുടെ ജ്ഞാനസ്നാനം നിരോധിച്ചത് ശാപഗ്രസ്തര്‍!

വിജാതീയനായ കോണ്‍സ്റ്റന്റൈന്‍ വിളിച്ചുചേര്‍ത്ത നിഖ്യാ സൂനഹദോസിലാണ് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, അപ്പസ്തോലനായ ശൗവുല്‍ മുന്‍കൂറായി ശപിച്ച് തള്ളിയ സൂനഹദോസാണ് നിഖ്യാസൂനഹദോസ്. എന്തെന്നാല്‍, അപ്പസ്തോലന്മാര്‍ പ്രസംഗിച്ചതില്‍നിന്ന് വ്യത്യസ്തമായ സുവിശേഷം പ്രസംഗിക്കുന്നത് സ്വര്‍ഗ്ഗത്തില്‍നിന്ന് വരുന്ന ഒരു ദൂതന്‍ ആയിരുന്നാലും അവന്‍ ശപിക്കപ്പട്ടവനായിരിക്കും എന്ന് പ്രഖ്യാപിച്ചത് ശൗവുല്‍ ആണ്. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “മ്ശിയാഹിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്ക് തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും മ്ശിയാഹിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോട് പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാത്തിയാ: 1; 6-9).

കേപ്ഫാ പ്രഖ്യാപിച്ചതും മറ്റ് അപ്പസ്തോലന്മാര്‍ പ്രഘോഷിച്ചതുമായ ജ്ഞാനസ്നാനത്തെ നിരോധിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കുപോലും അവകാശമില്ലെന്നിരിക്കെ, ആരെങ്കിലും അതിന് മുതിര്‍ന്നാല്‍, അവര്‍ ശപിക്കപ്പെട്ടവരായിരിക്കുമെന്ന് പ്രഖ്യാപിച്ചത് അപ്പസ്തോലനായ ശൗവുല്‍ തന്നെയാണ്. ഇത് ശൗവുലിന്റെ മാത്രം മുന്നറിയിപ്പായി ആരും കാണരുത്. വ്യാജ ഉപദേഷ്ടാക്കള്‍ക്കെതിരേ യേഹ്ശുവാ തന്നെയും അപ്പസ്തോല പ്രമുഖരായ കേപ്ഫാ, യോഹന്നാന്‍ എന്നിവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശപിക്കപ്പെട്ടവര്‍ അഥവാ ശാപഗ്രസ്തര്‍ എന്ന വാക്ക് ഇവര്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും, വ്യാജ ഉപദേഷ്ടാക്കളെ കാത്തിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള പ്രഖ്യാപനത്തില്‍നിന്ന് അത് ശാപമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും”(മത്തായി: 24; 11). അപ്പസ്തോലന്മാര്‍ പ്രസംഗിച്ച ജ്ഞാനസ്നാനമല്ലാതെ, മറ്റൊരു ജ്ഞാനസ്നാനം പ്രസംഗിക്കുന്നവരും, അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവാ മ്ശിയാഹിനെ അല്ലാതെ, മറ്റൊരു മ്ശിയാഹിനെ ആരെങ്കിലും പ്രസംഗിക്കുകയും ചെയ്‌താല്‍, അവര്‍ വ്യാജപ്രവാചകന്മാരാണെന്ന് നാം തിരിച്ചറിയണം. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവായ്ക്ക് പകരം കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ച യീസുസിനെ പ്രസംഗിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ വ്യാജന്മാരാണ്! യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: “ഇതാ, മ്ശിയാഹ് ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള മ്ശിയാഹുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും”(മത്തായി: 24; 23, 24).

യീസുസ് എന്നപേരില്‍ അവതരിപ്പിക്കപ്പെട്ട മ്ശിയാഹ് ആണ് യേഹ്ശുവാ മുന്നറിയിപ്പ് നല്‍കിയ കള്ള മ്ശിയാഹ്! കേപ്ഫായുടെ മുന്നറിപ്പ് എന്താണെന്ന് നോക്കുക: “യിസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജംപറഞ്ഞ് നിങ്ങളെ അവര്‍ ചൂഷണംചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്ക് കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു”(2 കേപ്ഫാ: 2; 1-3). ശപിക്കപ്പെട്ടവര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും, വ്യാജന്മാരെ കാത്തിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ചും അവരെ ഗ്രസിക്കുന്ന വിനാശത്തെക്കുറിച്ചും കേപ്ഫാ ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തില്‍ അത് ശാപംതന്നെയാണ്.

പരിപൂര്‍ണ്ണ മനുഷ്യനായി വന്ന യേഹ്ശുവായെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന വ്യാജന്മാരെക്കുറിച്ച് യോഹന്നാന്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിയാഹ് മനുഷ്യശരീരം ധരിച്ച് വന്നു എന്ന് സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണ് വഞ്ചകനും എതിര്‍മ്ശിയാഹും”(2 യോഹന്നാ‌ന്‍: 1; 7).

ദൈവരാജ്യം പ്രസംഗിക്കാനും ജ്ഞാനസ്നാനം നല്‍കാനും തന്റെ സഭയെ കെട്ടിപ്പടുക്കാനും യേഹ്ശുവാ അധികാരപ്പെടുത്തിയത് കേപ്ഫായെയും സഹ അപ്പസ്തോലന്മാരെയും ആയിരുന്നു. അവരുടെ പ്രബോധനങ്ങളെ അതേപടി ഏറ്റെടുത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ മാത്രമാണ് അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി പരിഗണിക്കപ്പെടുന്നത്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ചത് തങ്ങള്‍ തൊട്ടറിഞ്ഞ യേഹ്ശുവായെയാണ്. അവന്‍ അവരില്‍നിന്ന് ഒന്നും മറച്ചുവച്ചില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്ന് വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്ന് വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്ന് കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു”(യോഹന്നാ‌ന്‍: 15; 15, 16). ദൈവരാജ്യത്തെ സംബന്ധിച്ചും രക്ഷയെ സംബന്ധിച്ചും അറിയേണ്ടതെല്ലാം അപ്പസ്തോലന്മാര്‍ക്ക് യേഹ്ശുവാ വെളിപ്പെടുത്തി. അവരില്‍നിന്ന് ഒന്നും അവന്‍ മറച്ചുവച്ചില്ല. യേഹ്ശുവാ കല്പിച്ചതെല്ലാം അപ്പസ്തോലന്മാര്‍ ജനത്തോട് പ്രഖ്യാപിച്ചു. പാപമോചനത്തിനും രക്ഷയ്ക്കുമുള്ള ഏകമാര്‍ഗ്ഗം എന്താണെന്ന് സകല മനുഷ്യരോടും പ്രഖ്യാപിച്ചത് അപ്പസ്തോലന്മാരാണ്. അവര്‍ പ്രസംഗിച്ചതിനോട്‌ ഒന്ന് കൂട്ടാനോ, അതില്‍നിന്ന് ഒന്ന് കുറയ്ക്കാനോ ആര്‍ക്കും അവകാശമില്ല.

ഇവിടെയാണ്‌ യേലിയാഹിന്റെ ദൗത്യം പ്രസക്തമാകുന്നത്. അവന്‍ വന്ന് സകലതും പുനഃസ്ഥാപിക്കും എന്നത് യേഹ്ശുവായുടെ മാറ്റമില്ലാത്ത പ്രഖ്യാപനമാണ്! അല്ലാത്തപക്ഷം ഒരുവന്‍പോലും ദൈവരാജ്യം കാണുകയില്ല! ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവചനം നോക്കുക“എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ യിസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറെബില്‍വച്ച് ഞാന്‍ അവന് നല്‍കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍. യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിന് മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്ന് ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും”(മലാക്ഖി: 4; 4-6). യേഹ്ശുവാ പ്രഖ്യാപിച്ച പുനഃസ്ഥാപിക്കലും മലാക്ഖിയുടെ പ്രവചനവും ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കുമ്പോള്‍ യഥാര്‍ത്ഥ സത്യം ഗ്രഹിക്കാന്‍ സാധിക്കും. മലാക്ഖി പ്രവചിച്ചതും യേഹ്ശുവാ പ്രഖ്യാപിച്ചതുപോലെതന്നെ ഒരു പുനഃസ്ഥാപിക്കലിനെക്കുറിച്ചാണ്. പിതാക്കന്മാരും മക്കളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെയാണ് ഹൃദയങ്ങളെ തമ്മില്‍ അടുപ്പിക്കും എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.

പിതാക്കന്മാരുടെ നിയമത്തിലേക്ക് മക്കളെ തിരികെക്കൊണ്ടുവരും എന്ന പ്രഖ്യാപനമായി ഇതിനെ പരിഗണിക്കാവുന്നതാണ്. മോശയുടെ നിയമത്തില്‍നിന്ന് യിസ്രായേല്‍ജനം അകന്നുപോയപ്പോഴെല്ലാം, ആ നിയമത്തിലേക്ക് അവരെ തിരികെക്കൊണ്ടുവരാന്‍ പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടിട്ടുണ്ട്. ആധുനിക യിസ്രായേലിനെ സംബന്ധിച്ച് അപ്പസ്തോലിക പ്രബോധനങ്ങളാണ് പിതാക്കന്മാരുടെ നിയമമായി പരിഗണിക്കേണ്ടത്. എന്തെന്നാല്‍, അപ്പസ്തോലന്മാര്‍ പ്രബോധനങ്ങള്‍ നല്‍കിയത് യേഹ്ശുവാ സ്ഥിരീകരിച്ച്‌ ഉറപ്പിച്ച മോശയുടെ നിയമത്തിലും പ്രവാചകലിഖിതങ്ങളിലും ഊന്നിയാണ്. അതായത്, അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനമാണ് യേലിയാഹ് വന്ന് പുനഃസ്ഥാപിക്കുന്നത്. ആദിമസഭയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനമാണ്. യേലിയാഹ് വന്ന് അത് പുനഃസ്ഥാപിക്കുന്നതോടെ അപ്പസ്തോലിക സഭയില്‍ പ്രവേശിക്കാനുള്ള അവസരവും പുനഃസ്ഥാപിക്കപ്പെടും.

അതുപോലെതന്നെ, മലാക്ഖിയുടെ പ്രവചനത്തിലെ ശാപം എന്ന പരാമര്‍ശവും ശൗവുല്‍ പറഞ്ഞ ശാപവും ചേര്‍ത്തുവച്ച് മനസ്സിലാക്കേണ്ടതുണ്ട്. യാഹ്‌വെ വന്ന് ദേശത്തെ ശാപംകൊണ്ട്‌ നശിപ്പിക്കാതിരിക്കേണ്ടതിന് പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കാനാണ് യേലിയാഹിനെ അയയ്ക്കുന്നതെന്ന് മലാക്ഖി പ്രവചിച്ചതെങ്കില്‍, അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവാ മ്ശിയാഹിനെയല്ലാതെ മറ്റൊരു മ്ശിയാഹിനെ പ്രസംഗിക്കുകയോ, അവര്‍ പ്രസംഗിച്ച സുവിശേഷമല്ലാതെ മറ്റൊരു സുവിശേഷം പ്രസംഗിക്കുകയോ ചെയ്യുന്നവര്‍ ശപിക്കപ്പെട്ടവരാകട്ടെ എന്നാണ് ശൗവുല്‍ പ്രഖ്യാപിച്ചത്.  മലാക്ഖി പ്രവചിച്ചതും ശൗവുല്‍ പ്രഖ്യാപിച്ചതും ഒരേ ശാപത്തെക്കുറിച്ച് തന്നെയാണ്അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവാ മ്ശിയാഹിന് പകരം യീസുസിനെ പ്രസംഗിക്കുകയും, പാപമോചനത്തിനുള്ള ഏകമാര്‍ഗ്ഗമായ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിക്കുകയും ചെയ്തതാണ് ആ ശാപം! മലാക്ഖി പ്രവചിച്ചതുപോലെ, യേഹ്ശുവാ വന്ന് ദേശത്തെ ശാപംകൊണ്ട്‌ നശിപ്പിക്കാതിരിക്കണമെങ്കില്‍, അവന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടണം. യേലിയാഹ് വന്ന് സകലതും പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് യേഹ്ശുവാ ആയതുകൊണ്ട്, അത് സംഭവിക്കുക തന്നെചെയ്യും!

യേഹ്ശുവാ മ്ശിയാഹിന്റെ പേരിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?

ശൗവുലിന്റെ ഈ ചോദ്യം അനുസ്മരിച്ചുകൊണ്ടാണ് ഈ പഠനം നാം ആരംഭിച്ചത്. ജ്ഞാനസ്നാനത്തിന്റെ അനിവാര്യതയെക്കുറിച്ച് ഇതിനോടകം ചില കാര്യങ്ങള്‍ വചനാധിഷ്ഠിതമായി നാം മനസ്സിലാക്കി. യേഹ്ശുവാ കല്പിച്ചതും അപ്പസ്തോലന്മാര്‍ പ്രാവര്‍ത്തികമാക്കിയതുമായ യഥാര്‍ത്ഥ ജ്ഞാനസ്നാനത്തെക്കുറിച്ചാണ് ഇനി മനസ്സിലാക്കാന്‍ പോകുന്നത്. പാപമോചനത്തിനായുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഇവിടെ വ്യക്തമാക്കാം. ആദ്യമായി നാം മനസ്സിലാക്കിയിരിക്കേണ്ടത് ജ്ഞാനസ്നാനം എന്നത് യേഹ്ശുവാ മ്ശിയാഹുമായുള്ള ശാശ്വതമായ ഉടമ്പടിയാണ് എന്ന സത്യമാണ്. ശാശ്വതമായ ഉടമ്പടിയില്‍ ഒരുവന്‍ പ്രവേശിച്ചാല്‍, പിന്നീട് അവന്‍ മറ്റൊരു ഉടമ്പടിയുടെ ഭാഗമാകാന്‍ പാടില്ല. എന്തെന്നാല്‍, പുതിയ ഉടമ്പടിയില്‍ ഒരുവന്‍ ഏര്‍പ്പെടുന്നതോടെ പഴയ ഉടമ്പടി കാലഹരണപ്പെടും. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ ഇക്കാര്യം വിസ്മരിക്കരുത്. 

യേഹ്ശുവാ തന്റെ സഭയോട് ആഹ്വാനം ചെയ്തതും ജ്ഞാനസ്നാനം നല്‍കുവിന്‍ എന്നാണ്. മാര്‍ക്കോയുടെ സുവിശേഷത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 
“അവന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മാര്‍ക്കോ: 16; 15, 16). നിര്‍ബ്ബന്ധപൂര്‍വ്വം നല്‍കേണ്ടതല്ല സ്നാനമെന്ന് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. വിശ്വസിച്ച് സ്വന്തം ആഗ്രഹപ്രകാരം മാത്രമേ സ്നാനം സ്വീകരിക്കാന്‍ പാടുള്ളു. ജ്ഞാനസ്നാനം നല്‍കേണ്ടതും അങ്ങനെയുള്ളവര്‍ക്ക് മാത്രമാണ്. അപ്പോള്‍ മാത്രമാണ് ജ്ഞാനസ്നാനം സാധുവാകുന്നത്. വിശ്വാസം സ്വീകരിച്ച ഒരു വ്യക്തി സ്നാനം ആവശ്യപ്പെട്ടാല്‍ അവന് സ്നാനം നിഷേധിക്കാന്‍ പാടില്ല.

പാപമോചനത്തിന്റെയും രക്ഷയുടെയും ദൈവരാജ്യത്തിന്റെയും സുവിശേഷം പ്രസംഗിക്കാനാണ് ശിഷ്യന്മാര്‍ അയയ്ക്കപ്പെട്ടത്. അന്ന് അവിടെയുണ്ടായിരുന്ന ശിഷ്യന്മാരോടാണ് യേഹ്ശുവാ ഈ ആഹ്വാനം നടത്തിയതെങ്കിലും, സുവിശേഷം പ്രസംഗിക്കുകയെന്നത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്. സുവിശേഷത്തില്‍ വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും എന്നതാണ് യേഹ്ശുവായുടെ വാഗ്ദാനം! എന്നാല്‍, വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും എന്ന മുന്നറിയിപ്പും അവന്‍ നല്‍കിയിട്ടുണ്ട്. ജനതകള്‍ കൂട്ടത്തോടെ ശിക്ഷിക്കപ്പെടാതിരിക്കണമെങ്കില്‍ സുവിശേഷം പ്രസംഗിക്കപ്പെടണം. സുവിശേഷം പ്രസംഗിക്കാനും ജ്ഞാനസ്നാനം നല്‍കാനുമായി അയയ്ക്കപ്പെട്ടവര്‍ അത് ചെയ്യുന്നില്ലെങ്കില്‍, സുവിശേഷം കേട്ട് വിശ്വസിക്കാനുള്ള അവസരം ജനതകള്‍ക്ക് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ കാരണത്താല്‍ ക്രിസ്ത്യാനികളും വിചാരണ നേരിടേണ്ടിവരും. യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷയില്‍ നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ അവന്‍ നമ്മോടുകൂടെ ഉണ്ടായിരിക്കുകയുള്ളു.

യേഹ്ശുവായുടെ ആഹ്വാനവും വാഗ്ദാനവും രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: 
“യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ - സമയത്തിന്റെ അവസാനംവരെ - എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്തായി: 28; 18-20). വിശ്വാസം സ്വീകരിക്കുന്നവര്‍ തങ്ങള്‍ക്ക് ജ്ഞാനസ്നാനം വേണമെന്ന് ആഗ്രഹിച്ചാല്‍, അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുകയെന്നത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്! ജ്ഞാനസ്നാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രാധാന കാര്യമുണ്ട്. എന്തെന്നാല്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്നാനം നല്‍കാനാണ് യേഹ്ശുവാ ആഹ്വാനംചെയ്തത്. ഇവിടെ അവന്‍ പറഞ്ഞത് പേരുകളില്‍ എന്നല്ല, പേരില്‍ എന്നാണ്! അതുകൊണ്ടുതന്നെ, അത് ഒരേയൊരു പേരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, യേഹ്ശുവാ ആ പേര് ഇവിടെ പറഞ്ഞിട്ടില്ല. പേരിന്റെ അനിവാര്യതയെക്കുറിച്ച് വ്യക്തമാക്കിയതിനുശേഷം ആ പേര് നമുക്ക് കണ്ടെത്താം.

ഒരുവന്‍ തന്റെ സ്വത്തുക്കള്‍ തന്റെ പുത്രന് ഇഷ്ടദാനം ചെയ്യുമ്പോള്‍, എന്റെ സ്വത്തുക്കളുടെമേലുള്ള അവകാശം എന്റെ പുത്രന് ഇഷ്ടദാനം ചെയ്യുന്നുവെന്നായിരിക്കുമോ എഴുതുന്നത്? പുത്രന് അഥവാ പുത്രന്റെ പേരില്‍ ഇഷ്ടദാനം ചെയ്യുന്നു എന്ന് എഴുതിയാല്‍ ആ രേഖയ്ക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല. സ്വത്തുക്കള്‍ ഇഷ്ടദാനം ചെയ്യുമ്പോള്‍ ആര്‍ക്കാണോ അത് ലഭിക്കേണ്ടത്, ആ വ്യക്തിയുടെ പേര് വ്യക്തമായി എഴുതണമെന്ന് നിയമപരമായി നിര്‍ബ്ബന്ധമുണ്ട്. ലോകത്തിന്റെ നിയമത്തില്‍പ്പോലും പേരിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. ജനന സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തിയ പേരില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ നിയമപരമായ അനേകം നടപടിക്രമങ്ങള്‍ പാലിക്കണം. പഴയ പേരും പുതിയ പേരും നിലവിലെ മേല്‍വിലാസവും മാത്രമല്ല, പേര് മാറ്റാനുള്ള കാരണവും വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം തയ്യാറാക്കിയശേഷം നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയെന്നതാണ് ആദ്യത്തെ നടപടിക്രമം. അടുത്ത നടപടിക്രമം ഗസറ്റില്‍ പരസ്യം ചെയ്യലാണ്.

മൂന്നാമത്തെ നടപടിക്രമമായി പത്രങ്ങളില്‍ പരസ്യം ചെയ്യണം. രണ്ട് പ്രമുഖ പത്രങ്ങളിലാണ് പരസ്യം ചെയ്യേണ്ടത്. ഒരു ഇംഗ്ലീഷ് പത്രത്തിലും ഒരു പ്രാദേശിക ഭാഷാ പത്രത്തിലും പരസ്യം ചെയ്യണമെന്നതാണ് ഇന്ത്യയിലെ നിയമം. ഇവകൂടാതെ സങ്കീര്‍ണ്ണമായ മറ്റൊരു നടപടിക്രമം കൂടിയുണ്ട്. ഗസറ്റില്‍ പ്രസിദ്ധീകരിച്ചശേഷം ആ ഗസറ്റ് വിജ്ഞാപനമുപയോഗിച്ച് എല്ലാ പ്രധാന രേഖകളിലും പുതിയ പേര് ചേര്‍ക്കണം. പാസ്പോര്‍ട്ട്, ആധാര്‍, ലൈസന്‍സുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലെല്ലാം ഇതിലുള്‍പ്പെടുന്നു. ഒരക്ഷരം മാത്രം മാറ്റുന്നതിനും ഈ നടപടിക്രമങ്ങളെല്ലാം പാലിക്കണം. ഈ ലോകംപോലും പേരിന് നല്‍കിയിരിക്കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് ഇതിവിടെ കുറിച്ചത്.

ലോകം നല്‍കിയിട്ടുള്ളതിന്റെ അനേകം മടങ്ങ്‌ ഗൗരവമാണ് ദൈവം പേരിന് നല്‍കുന്നതെന്ന് ബൈബിളിലൂടെ പഠനം നടത്തുമ്പോള്‍ ഗ്രഹിക്കാന്‍ സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികള്‍ക്ക് അവരുടെ നിലവിലുണ്ടായിരുന്ന പേരിന് പകരം പുതിയ പേര് ദൈവം നല്‍കിയിട്ടുണ്ട്. ചെറിയ മാറ്റങ്ങളോടെ ചിലരുടെ പേരുകള്‍ അവന്‍ പരിഷ്ക്കരിച്ചിട്ടുള്ളതായും മനസ്സിലാക്കാന്‍ സാധിക്കും. അബ്രാം എന്ന പേര് അബ്രാഹം എന്നാക്കിയതും സാറായി എന്ന പേര് സാറാ എന്നാക്കിയതും അങ്ങനെയാണ്. മാത്രവുമല്ല, യാക്കോബിന് യിസ്രായേല്‍ എന്ന പേരും ശിമെയോന് കേപ്ഫാ എന്ന പേരും അവന്‍ നല്‍കി. ഇവരുടെ പേരുകള്‍ മാറ്റിയതിന് ഒരു പ്രത്യേക കാരണമുണ്ട്. എന്തെന്നാല്‍, പുരാതന യിസ്രായേലിന്റെ പിതാവാണ് യിസ്രായേല്‍ എന്ന പേര് ലഭിച്ച യാക്കോബ് എങ്കില്‍, ആധുനിക യിസ്രായേലിനെ യേഹ്ശുവാ സ്ഥാപിച്ചത് കേപ്ഫാ എന്ന പാറമേലാണ്! ഈ സഭയിലേക്കാണ് ജ്ഞാനസ്നാനത്തിലൂടെ ഒരുവന്‍ പ്രവേശിക്കുന്നത്.

മറ്റൊരു പ്രധാന പേര് മാറ്റം കൂടി പുരാതന യിസ്രായേലില്‍ നടന്നിട്ടുണ്ട്. അത് ഹൊശെയാ എന്ന് പേരുണ്ടായിരുന്ന നൂനിന്റെ മകന് യോഹ്ശ്വ എന്ന പേര് നല്‍കപ്പെട്ടതാണ്‌. മോശയാണ് അവന്റെ പേര് മാറ്റിയത്. ഈ തിരുവെഴുത്ത് ശ്രദ്ധിക്കുക: “നൂനിന്റെ മകന്‍ ഹൊശെയായ്ക്ക് മോശ യോഹ്ശ്വ എന്ന് പേര് കൊടുത്തു”(സംഖ്യ: 13; 16). യോഹ്ശ്വ എന്ന പേരിനും ഈ പേരിന്റെ ഉടമയ്ക്കും യേഹ്ശുവായുമായി ചില സമാനതകള്‍ ഉള്ളതായി മനസ്സിലാക്കാന്‍ സാധിക്കും. രണ്ട് പേരുകളുടെയും യഥാര്‍ത്ഥ അര്‍ത്ഥം യാഹ്‌വെ രക്ഷയാകുന്നു അഥവാ, ഞാന്‍ രക്ഷയാകുന്നു’ എന്നാണ്. പുരാതന യിസ്രായേലിന് അതിര്‍ത്തികള്‍ നിശ്ചയിച്ച് നല്‍കുകയും യിസ്രായേല്‍ എന്നപേരില്‍ രാജ്യം സ്ഥാപിക്കുകയും ചെയ്തത് യോഹ്ശ്വ ആയിരുന്നുവെങ്കില്‍, യിസ്രായേലിനെ പുനരുദ്ധരിക്കുകയും ആധുനിക യിസ്രായേലിന് തുടക്കമിടുകയും ചെയ്തവനാണ് യേഹ്ശുവാ! പുരാതന യിസ്രായേലിന്റെ നായകനും സര്‍വ്വസൈന്യാധിപനും യോഹ്ശ്വ ആയിരുന്നുവെങ്കില്‍, ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴാനിരിക്കുന്നവനും സൈന്യങ്ങളുടെ ദൈവവും യേഹ്ശുവായാണ്. യോഹ്ശ്വ എന്ന ജനനായകന്‍ വരാനിരിക്കുന്ന യേഹ്ശുവായുടെ നിഴലായിരുന്നു.

പേരിന്റെ പ്രാധാന്യമാണ് ഇതുവരെ നാം പരിശോധിച്ചത്. പേരിനെ അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന യേഹ്ശുവാ അരുളിച്ചെയ്തത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്നാനം നല്‍കണമെന്നാണ്. പേരുകളില്‍ എന്നല്ല, പേരില്‍ എന്നാണ് യേഹ്ശുവാ അരുളിച്ചെയ്തത്! അതുകൊണ്ടുതന്നെ, ആ പേര് ഏതാണെന്ന് കണ്ടെത്തണം. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിളിക്കപ്പെടുന്നത് ആരാണെന്നും അവന്റെ പേര് എന്താണെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേശൈയാഹിന്റെ പ്രവചനം നോക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6, 7).

പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് യേഹ്ശുവായാണെന്ന് ഈ പ്രവചനത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദാവീദിന്റെ രാജപീഠത്തില്‍ ഭരണം നടത്താനിരിക്കുന്നത് യേഹ്ശുവായാണ്! അതായത്, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലാണ് ജ്ഞാനസ്നാനം നല്‍കേണ്ടത്. ഈ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ പാപമോചനം ലഭിക്കുകയുള്ളു. പാപം മോചിക്കപ്പെടാതെ ആര്‍ക്കും മ്ശിയാഹിന്റെ സഭയുടെ ഭാഗമാകാന്‍ സാധിക്കുകയില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതായത്, മറ്റേതെങ്കിലും സ്നാനംകൊണ്ട് പാപമോചനം സാദ്ധ്യമാകുമെന്നും ദൈവരാജ്യത്തില്‍ പ്രവേശിക്കാമെന്നും ആരും വ്യാമോഹിക്കരുത്.

പൈശാചികതയില്‍ അധിഷ്ഠിതമായ വിജാതിയ മതങ്ങളിലും സ്നാനങ്ങള്‍ നിലവിലുണ്ട്. ഇന്ത്യയിലെ ഹൈന്ദവര്‍ നടത്തുന്ന കുംഭമേളയും ഒരു സ്നാനമാണ്! ശിവന്റെ പേരിലുള്ള ക്ഷേത്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സ്നാനഘട്ട് ഉള്ളതായി മനസ്സിലാക്കാന്‍ സാധിക്കും. ഒരുവന്‍ ഹിന്ദുമതത്തിലേക്ക് മതം മാറാന്‍ താല്പര്യപ്പെടുമ്പോള്‍, അവനുവേണ്ടി നടത്തുന്ന ശുദ്ധീകരണ ചടങ്ങിനെ ശുദ്ധികര്‍മ്മം എന്ന് വിളിക്കാറുണ്ട്. ഈ ചടങ്ങില്‍ വെച്ച്, ഹിന്ദുമതത്തില്‍ ചേരുന്ന വ്യക്തിയെ മന്ത്രോച്ചാരണങ്ങളോടെ ശുദ്ധീകരിച്ച പുണ്യജലം തളിച്ച് ശുദ്ധീകരിക്കുന്നു. ഈ ക്രിയയെ പുണ്യാഹജലം തളിക്കല്‍ എന്നാണ് സാധാരണയായി പറയാറ്. 
മന്ത്രങ്ങള്‍ ചൊല്ലി അരി, തുളസി, നെല്ല്, ചന്ദനം, ദര്‍ഭ തുടങ്ങിയ വസ്തുക്കള്‍ ഇട്ട വെള്ളം തളിച്ചാണ് ശുദ്ധീകരിക്കുന്നത്. ഇതും സ്നാനം തന്നെയാണ്. എന്നാല്‍, പാപമോചനം നല്‍കാന്‍ ഈ സ്നാനങ്ങളില്‍ ഒന്നിനുപോലും കഴിയില്ലെന്ന് മാത്രമല്ല, പൈശാചികതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അവ കാരണമാകുകയും ചെയ്യും. പാപമോചനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തില്‍ മാത്രമാണ്. സ്നാപകയോഹന്നാന്റെ സ്നാനത്തിലൂടെപോലും പാപമോചനം സാദ്ധ്യമാകില്ലെന്നിരിക്കെ, മറ്റേതെങ്കിലും സ്നാനത്തിലൂടെ പാപങ്ങള്‍ മോചിക്കപ്പെടുമെന്ന് ആരും തെറ്റിദ്ധരിക്കരുത്വിജാതീയ മതങ്ങളിലും സ്നാനമുണ്ടെന്ന് ഇവിടെ വ്യക്തമാക്കിയത് യേഹ്ശുവാ മ്ശിയാഹിന്റെ പേര് പറയാതെയുള്ള സ്നാനങ്ങളുടെ വ്യര്‍ത്ഥത ചൂണ്ടിക്കാണിക്കാനാണ്. 

യോഹന്നാന്റെ സ്നാനം സ്വീകരിച്ചവരോട് യേഹ്ശുവായുടെ പേരിലുള്ള സ്നാനം സ്വീകരിക്കാന്‍ ശൗവുല്‍ നിര്‍ബ്ബന്ധിച്ചതായി ബൈബിളില്‍ വായിക്കാന്‍ സാധിക്കും. ഈ വിവരണം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: 
“അപ്പൊല്ലോ കോറിന്തിലായിരുന്നപ്പോള്‍ ശൗവുല്‍ ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു. അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല, പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല. അവന്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ, നിങ്ങള്‍ ഏത് സ്‌നാനമാണ് സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം. അപ്പോള്‍ ശൗവുല്‍ പറഞ്ഞു: യോഹന്നാന്‍ തനിക്ക് പിന്നാലെ വരുന്നവനില്‍, അതായത്, യേഹ്ശുവായില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണ് നല്‍കിയത്. അവര്‍ ഇതുകേട്ട് നാഥനായ യേഹ്ശുവായുടെ പേരില്‍ സ്‌നാനം സ്വീകരിച്ചു. ശൗവുല്‍ അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 19; 1-6). പരിശുദ്ധാത്മാവിനെ സ്വീകരിക്കണമെങ്കില്‍ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം.

ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന അപ്പസ്തോലിക വിളംബരം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: 
“കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38). രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗവും യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 11, 12). രക്ഷയ്ക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്നത് ഒരേയൊരു പേരാണെങ്കില്‍, ആ പേരിലാണ് രക്ഷയ്ക്കായുള്ള ജ്ഞാനസ്നാനം സ്വീകരിക്കേണ്ടത്. രക്ഷപ്രാപിച്ചവര്‍ ദൈവരാജ്യം കാണുകയും അതില്‍ പ്രവേശിക്കുകയും ചെയ്യും!

അപ്പസ്തോലികസഭയില്‍ അംഗമാകുന്നത് രക്ഷപ്രാപിക്കുന്നവര്‍ മാത്രമാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: 
“വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്ക് പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 44-47). ഈ സഭയിലെ അംഗങ്ങളെക്കുറിച്ച് കേപ്ഫാ വെളിപ്പെടുത്തിയത് എന്താണെന്ന് നോക്കുക: “നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്”(1 കേപ്ഫാ: 2; 9). അപ്പസ്തോലനായ ശൗവുലിന്റെ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: “സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്”(ഹെബ്രായര്‍: 12; 22). ഇതാണ് അപ്പസ്തോലികസഭ!

ജ്ഞാനസ്നാനം സ്വീകരിക്കുന്നത് എങ്ങനെ?

ജ്ഞാനസ്നാനം എന്നത് ഒരു ഉടമ്പടിയാണ്. ഏതൊരു ഉടമ്പടിയിലും വ്യവസ്ഥകളുണ്ടായിരിക്കും. വ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന കാലത്തോളമേ ഉടമ്പടി സാധുവായിരിക്കുകയുള്ളു. അതായത്, വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ഉടമ്പടി അസാധുവാകും. ജ്ഞാനസ്നാനത്തിലൂടെ ശാശ്വതമായ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതിനുള്ള വ്യവസ്ഥ എന്നത് അപ്പസ്തോലികസഭയുടെ വിശ്വാസപ്രമാണമാണ്. ഈ വിശ്വാസപ്രമാണം ഓരോ സ്നാനാര്‍ത്ഥിയും അധരംകൊണ്ട് ഏറ്റുപറയണം. സ്നാനം നല്‍കുന്ന വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സ്നാനം സ്വീകരിക്കുന്ന വ്യക്തി തന്റെ വിശ്വാസം പ്രഖ്യാപിക്കേണ്ടത്‌. ഉപേക്ഷിക്കപ്പെടേണ്ട തിന്മകളെക്കുറിച്ചും യേഹ്ശുവായിലുള്ള വിശ്വാസം സ്വീകരിക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരിക്കും.

തിന്മയായത് ഉപേക്ഷിക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി, ഉപേക്ഷിക്കുന്നു എന്നാണ് പറയേണ്ടത്. യേഹ്ശുവായെ സംബന്ധിക്കുന്ന സത്യങ്ങള്‍ വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി, വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കണം. പൂര്‍ണ്ണമായ അറിവോടെയും സമ്മതത്തോടെയും ആഗ്രഹത്തോടെയും ആണോ നീ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി പറയേണ്ടത്, പൂര്‍ണ്ണമായ അറിവോടെയും സമ്മതത്തോടെയും ആഗ്രഹത്തോടെയുമാണ് ഞാന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് എന്നാണ്. നീ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് മറ്റാരുടെയെങ്കിലും പ്രേരണയാലാണോ എന്ന ചോദ്യത്തിന്, എന്റെ സ്വന്തം തീരുമാനപ്രകാരമാണ് ഞാന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് എന്ന് മറുപടി പറയണം!

യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നല്‍കാന്‍ ഏതൊരു ക്രിസ്ത്യാനിക്കും അധികാരമുണ്ട്. സ്നാനം നല്‍കുന്ന വ്യക്തിയുടെ ഏതെങ്കിലും പ്രത്യേക പദവിയോ യോഗ്യതയോ അല്ല ജ്ഞാനസ്നാനത്തെ സാധുവാക്കുന്നത്; മറിച്ച്, സ്നാനം സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസവും ആഗ്രഹവുമാണ് പ്രധാനം! പാപം മോചിക്കപ്പെടാനും ദൈവരാജ്യത്തില്‍ പ്രവേശിക്കാനും ആഗ്രഹിക്കുന്നവരെല്ലാം യേഹ്ശുവാ മ്ശിയാഹില്‍ വിശ്വസിച്ച് അവന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കണം എന്നതാണ് ഗൗരവമായി നാം മനസ്സിലാക്കിയിരിക്കേണ്ട യാഥാര്‍ത്ഥ്യം. പ്രായഭേദമന്യേ സകലര്‍ക്കും ഈ നിയമം ബാധകമാണ്. എന്തെന്നാല്‍, ആദംമൂലം മാനവരാശിയെ ഗ്രസിച്ച പാപത്തിന് പരിഹാരമായാണ് യേഹ്ശുവാ തന്റെ ശരീരവും രക്തവും ബലിയര്‍പ്പിച്ചത്. അതായത്, ജ്ഞാനസ്നാനത്തിലൂടെ പാപമോചനം ലഭിക്കുന്നത് വ്യക്തിപരമായി ഒരുവന്‍ ചെയ്ത പാപത്തിന് മാത്രമല്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അമ്മയുടെ ഉദരത്തില്‍ ഉരുവാക്കപ്പെടുന്ന നിമിഷം മുതല്‍ ഓരോ മനുഷ്യനും പാപാവസ്ഥയിലാണ്. അതിനാല്‍ത്തന്നെ, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കാതെ ഒരു ശിശുവിനുപോലും ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

ബൈബിളിലെ ഒരു പ്രബോധനം ശ്രദ്ധിക്കുക: “ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു”(റോമാ: 5; 12). പതിനേഴ്‌ മുതലുള്ള വാക്യങ്ങള്‍ക്കൂടി ശ്രദ്ധിക്കുക: “ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേഹ്ശുവാ മ്ശിയാഹ് എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും! അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്ക് കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിന് കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും. പാപം വര്‍ദ്ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ നാഥനായ യേഹ്ശുവാ മ്ശിയാഹിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും”(റോമാ: 5; 17-21).

പ്രായപൂര്‍ത്തിയായ ഒരുവന് സ്നാനം നല്‍കുമ്പോള്‍, അവന്റെ വിശ്വാസവും പശ്ചാത്താപവും പരിഗണിക്കപ്പെടുമെങ്കിലും, ശിശുക്കള്‍ക്ക് സ്നാനം നല്‍കുമ്പോള്‍ പരിഗണിക്കപ്പെടുന്നത് അവരുടെ മാതാപിതാക്കളുടെ വിശ്വാസമാണ്. കാരണം, ശിശുക്കള്‍ക്ക് സ്നാനം നല്‍കാന്‍ അവരുടെ പശ്ചാത്താപം ആവശ്യമില്ല. അവര്‍ പാപം ചെയ്തിട്ടില്ലാത്തതുകൊണ്ടാണ് അത്. എന്നാല്‍, സകല മനുഷ്യരെയും ഗ്രസിച്ച മൂലപാപം ശിശുക്കളെയും വേട്ടയാടുന്നുണ്ട്. യേഹ്ശുവായുടെ പേരിലുള്ള ജലസ്നാനത്തിലൂടെ അതിന് പരിഹാരമാകും എന്നതുകൊണ്ടാണ് ശിശുക്കള്‍ക്ക് ജലസ്നാനം മാത്രം നല്‍കുന്നത്. അവര്‍ക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായമാകുമ്പോള്‍, ആത്മാവിലുള്ള സ്നാനത്തിന്റെ അടയാളമായ തൈലാഭിഷേകം നല്‍കണം. അപ്പോള്‍ അവര്‍ തങ്ങളുടെ വിശ്വാസം സ്വയം ഏറ്റുപറയുകയും പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്യേണ്ടതാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് അവര്‍ മരണപ്പെട്ടാലും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജലസ്നാനം സ്വീകരിച്ചവരായതുകൊണ്ട് അവര്‍ക്ക് ദൈവരാജ്യം നിഷേധിക്കപ്പെടുകയില്ല!

യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെയും, ആ പേരുപോലും അറിയാതെയും മരണപ്പെട്ടുപോയ പൂര്‍വ്വികര്‍ നമുക്കുണ്ടെങ്കില്‍, അവര്‍ക്ക് വേണ്ടി സ്നാനം സ്വീകരിക്കാന്‍ ജീവിച്ചിരിക്കുന്ന നമുക്ക് അവസരം നല്കിയിരിക്കുന്നുവെന്നതാണ് നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു സത്യം. ഇത് ദൈവത്തിന്റെ അനന്തകാരുണ്യമാണ് വെളിവാക്കുന്നത്. മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഒരിക്കല്‍ അവന്‍ തന്റെ അനന്തകാരുണ്യം വെളിപ്പെടുത്തിയതാണ്. അതുപോലെതന്നെയാണ്, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ യേഹ്ശുവായുടെ പേര് അറിയാന്‍ കഴിയാതിരിക്കുകയും അവന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കാതെ മരണമടയുകയും ചെയ്തവര്‍ക്ക് നീതിനിഷേധിക്കപ്പെടാതിരിക്കാന്‍ അവന്‍ അവസരമൊരുക്കിയത്. അപ്പസ്തോലന്മാരുടെ കാലത്ത് നിലനിന്നിരുന്ന ഒരു ജ്ഞാനസ്നാനത്തെക്കുറിച്ച് ശൗവുല്‍ നല്‍കുന്ന സൂചന നോക്കുക: “അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിന് ജ്ഞാനസ്‌നാനം സ്വീകരിക്കണം?”(1 കോറിന്ത്: 15; 29).

അപ്പസ്തോലന്മാരുടെ കാലത്ത് നിലനിന്നിരുന്ന ഈ സ്നാനം അവഗണിക്കപ്പെട്ടുവെങ്കില്‍, അതില്‍ അതിശയിക്കേണ്ട കാര്യമില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനംപോലും നിരോധിച്ചവരാണ് നിഖ്യാവിശ്വാസപ്രമാണത്തിന്റെ വക്താക്കള്‍! മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചാല്‍, തങ്ങളുടെ പൈശാചിക തീരുമാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അവര്‍ക്കറിയാം. അനേകരെ ദൈവരാജ്യത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സാത്താന്‍ കോണ്‍സ്റ്റന്റൈനിലൂടെ യഥാര്‍ത്ഥ ജ്ഞാനസ്നാനം നിരോധിച്ചത്. അപ്പസ്തോലിക പാരമ്പര്യങ്ങളിലേക്ക് ആരെങ്കിലും തിരികെപ്പോകുകയും യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കുകയും ചെയ്യാതിരിക്കാന്‍ സാത്താനും അവന്റെ അനുചരന്മാരും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടുകയും, മരിച്ചവര്‍ക്കുവേണ്ടി ഈ ജ്ഞാനസ്നാനം സ്വീകരിക്കാനുള്ള ബോദ്ധ്യത്തിലേക്ക് വിശ്വാസികള്‍ നയിക്കപ്പെടുകയും ചെയ്‌താല്‍, തകര്‍ന്നടിയുന്നത് ഗ്രീക്ക് മിത്തോളജിയില്‍ അധിഷ്ഠിതമായി കെട്ടിപ്പൊക്കിയ കോണ്‍സ്റ്റന്റൈന്‍ സഭകളുടെ അസ്തിവാരവും സാത്താന്റെ സാമ്രാജ്യവുമാണ്.

യേഹ്ശുവാ കല്പിച്ച ജ്ഞാനസ്നാനമാണ് നിഖ്യാസൂനഹദോസില്‍ നിരോധിച്ചത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്നാനം നല്‍കാന്‍ യേഹ്ശുവാ കല്പിച്ചപ്പോള്‍, ആ പേര് ഏതാണെന്ന് അറിയാമായിരുന്ന കേപ്ഫായും മറ്റ് അപ്പസ്തോലന്മാരും ആ പേരില്‍ ജ്ഞാനസ്നാനം നല്‍കി! ഈ ജ്ഞാനസ്നാനം നിരോധിച്ചതിലൂടെ നിഖ്യാസൂനഹദോസിനെ നയിച്ച ആത്മാവ് ഏതാണെന്ന് വെളിപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുമെന്നാണ് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നത്. അവന്റെ പ്രഖ്യാപനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “അവന്‍ പറഞ്ഞു: യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുകതന്നെ ചെയ്യും”(മത്തായി: 17; 11). യേലിയാഹ് വരുമ്പോള്‍ എല്ലാം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് യേഹ്ശുവാ ആയതുകൊണ്ട്, അത് സംഭവിക്കുകതന്നെചെയ്യും. എന്നാല്‍, യേലിയാഹ് വരുമ്പോള്‍ നാമെല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിച്ചവരായി അവന്‍ കാണുമ്പോള്‍, അവനോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം നമുക്കും ലഭിക്കും.

ആയതിനാല്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച് അപ്പസ്തോലികസഭയുടെ ഭാഗമാകാന്‍ നമുക്ക് ലഭിച്ചിരിക്കുന്ന വിളിയെ നാം അവഗണിക്കരുത്. നമുക്ക് ലഭിച്ചിരിക്കുന്ന അവസരം നഷ്ടപ്പെടുത്തിയാല്‍, അതോടൊപ്പം നഷ്ടപ്പെടുന്നത് ദൈവരാജ്യവും നിത്യജീവനുമായിരിക്കും. അതുപോലെതന്നെ, യേഹ്ശുവായുടെ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം സ്വീകരിക്കാന്‍ കഴിയാതെ മരണമടഞ്ഞ നമ്മുടെ പൂര്‍വ്വികരോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാന്‍ കഴിയാതെപോയത് മാത്രമായിരിക്കാം അവരുടെ അയോഗ്യത. ആ അയോഗ്യത പരിഹരിക്കപ്പെട്ടാല്‍ അവര്‍ക്ക് പറുദീസയില്‍ പ്രവേശിക്കാനും, യേഹ്ശുവായുടെ പ്രത്യാഗമനത്തില്‍ അവനോടൊപ്പം ദൈവരാജ്യത്ത് പ്രവേശിക്കാനും സാധിക്കും. ഒരുകാര്യം മറക്കാതിരിക്കുക. എന്തെന്നാല്‍, ജ്ഞാനസ്നാനം എന്നത് കേവലം ഒരു ശുദ്ധീകരണ കര്‍മ്മമല്ല, മറിച്ച് ഒരു വ്യക്തിയെ യേഹ്ശുവാ മ്ശിയാഹിനോടൊപ്പം മരണത്തിലും ഉയിര്‍പ്പിലും പങ്കാളിയാക്കുകയും, ജലത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും പുതിയൊരു ജീവിതത്തിലേക്ക് പുനര്‍ജ്ജനിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ്.

തങ്ങള്‍ക്കുവേണ്ടിയോ തങ്ങളുടെ പൂര്‍വ്വികര്‍ക്കുവേണ്ടിയോ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍, അവര്‍ ഭൂമിയുടെ ഏത് കോണില്‍ ജീവിക്കുന്നവരായാലും മനോവ അവരെ അതിന് സഹായിക്കും. ലൗകികമായ നഷ്ടങ്ങളെപ്രതി ദൈവരാജ്യം നിങ്ങള്‍ നഷ്ടമാക്കരുത്. അതായത്, സെമിത്തേരിയിലെ ആറടി മണ്ണിനെപ്രതി ദൈവരാജ്യം നഷ്ടമാക്കിയാല്‍, അത് തിരിച്ചുനല്‍കാന്‍ ഒരു മനുഷ്യനും സാധിക്കില്ല. യേഹ്ശുവായുടെ പ്രഖ്യാപനം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ സന്ദേശം ഇവിടെ ഉപസംഹരിക്കുന്നു! പ്രഖ്യാപനമിതാണ്: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. നിക്കൊദേമോന്‍ ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവന് ജനിക്കുവാന്‍ കഴിയുമോ? യേഹ്ശുവാ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല”(യോഹന്നാന്‍: 3; 3-5).

ചേര്‍ത്തുവായിക്കാന്‍: യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കേണ്ടതും നല്‍കേണ്ടതും എങ്ങനെയെന്ന് വ്യക്തമാക്കുന്ന വിവരണം മനോവ ബൈബിളില്‍ പ്രാര്‍ത്ഥനകള്‍ എന്ന ഭാഗത്ത് നല്‍കിയിട്ടുണ്ട്.

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    403 views

LOG IN

Lost your password?

SIGN UP

LOST PASSWORD