29 - 08 - 2015
യെരുശലേമില്‍ ഉണ്ടായിരുന്ന ദൈവാലയം പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദൈവാലയ നിര്‍മ്മാണത്തിനുള്ള എല്ലാ സാമഗ്രികളും അമേരിക്കയില്‍ ഒരുക്കിവച്ചിട്ടുണ്ടെന്ന വാര്‍ത്ത ആദ്യമായി മനോവ കേള്‍ക്കുന്നത് ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ദൈവാലയത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ പിച്ചള തൂണുകള്‍പ്പോലും തയ്യാറാക്കിക്കഴിഞ്ഞു എന്നായിരുന്നു പ്രചരണം. തയ്യാറാക്കിവച്ചിരിക്കുന്നവ യെരുശലേമിലെത്തിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ദൈവാലയം ഉയരും!
പെന്തക്കോസ്തു സഭകളിലെ വിശ്വാസികളായിരുന്നു ഈ പ്രചാരണത്തിന്റെ പിന്നില്‍ അന്നു പ്രവര്‍ത്തിച്ചിരുന്നത്. ഓരോ കാലങ്ങളിലും വ്യത്യസ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പെന്തക്കൊസ്തുകാര്‍ക്കുള്ള വൈഭവം ഒന്നു വേറെതന്നെയാണ്! ഈ അടുത്തകാലത്ത് ദൈവാലയ കഥയുമായി വീണ്ടും ഇവര്‍ തലപൊക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്രാവശ്യത്തെ പ്രചരണത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. എന്തെന്നാല്‍, ഇന്ന് പ്രചരണത്തില്‍ പെന്തക്കോസ്തുകാരോടൊപ്പം മറ്റു സഭകളിലെ ചിലരും ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, യെരുശലേമിലെ ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ മനോവ ശ്രമിക്കുകയാണ്. അതോടൊപ്പം ചുവന്ന പശുവിനെ സംബന്ധിച്ച വെളിപ്പെടുത്തലും അനിവാര്യമായിരിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങളിലേക്കു കടക്കുന്നതിനുമുമ്പ് മറ്റുചില വസ്തുതകള്‍ ചുരുക്കമായെങ്കിലും സൂചിപ്പിക്കുന്നത് നന്നായിരിക്കും.
സുവിശേഷം യെഹൂദരില്‍!
യേഹ്ശുവാ ഈ ഭൂമിയിലേക്കു വന്നപ്പോള്‍ അവിടുത്തെ സ്വീകരിക്കാന്‍ യെഹൂദനു കഴിഞ്ഞില്ല. എല്ലാ യെഹൂദരെയും ഒന്നടങ്കമല്ല മനോവ പറയുന്നത്; മറിച്ച്, യെഹൂദരിലെ ഫരിസേയ വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം ആളുകളും യേഹ്ശുവായെ നിഷേധിച്ചു. യെഹൂദര്‍ എന്തുകൊണ്ടാണ് അവിടുത്തെ നിഷേധിച്ചതെന്നു വ്യക്തമാക്കുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍ വലിയൊരു വിവരണത്തിന് ഇവിടെ മുതിരുന്നില്ല. എങ്കിലും ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്ക് സഹായകമാകും എന്നതിനാല്‍ ചെറിയൊരു സൂചന നല്‍കാം.
യേഹ്ശുവാ ഈ ലോകത്തേക്കു വന്നപ്പോള്‍ എല്ലാ യെഹൂദരും അവിടുത്തെ സ്വീകരിച്ചിരുന്നുവെങ്കില്‍ അവിടുന്ന് എങ്ങനെ വധിക്കപ്പെടും! ദൈവം മനുഷ്യനായി വന്നത് മരിക്കുവാന്‍ വേണ്ടിയാണ്. അവന്റെ മരണംമൂലമാണ് മനുഷ്യന്‍ മരണത്തില്‍നിന്നും മോചിതനായത്. മരിച്ചുയിര്‍ത്ത യേഹ്ശുവായെ സ്വീകരിച്ച ആദ്യത്തെ സമൂഹം യെഹൂദസമൂഹമായിരുന്നുവെന്ന് നമുക്കറിയാം. യെഹൂദരില്‍ സിംഹഭാഗവും യേഹ്ശുവായെ സ്വീകരിച്ചു എന്നതാണ് പരമാര്‍ത്ഥം! അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പന്തക്കുസ്താനാളില്‍ സഭയുടെ ആദ്യ സമ്മേളനം നടക്കുമ്പോള്‍ നൂറ്റിയിരുപത് വിശ്വാസികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാവരും യെഹൂദരായിരുന്നുവെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അപ്പസ്തോലനായ കേപ്പാ ആദ്യമായി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കെ, കേപ്പാ അവരുടെ മദ്ധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു"(അപ്പ. പ്രവര്‍: 1; 15). പന്തക്കുസ്താ ദിനത്തില്‍ ഇവരുടെമേല്‍ പരിശുദ്ധാത്മാവ് നിറഞ്ഞപ്പോള്‍, കേപ്പാ ധൈര്യപൂര്‍വ്വം ലോകത്തോടു പ്രസംഗിക്കാന്‍ ആരംഭിച്ചു. ആദ്യത്തെ പ്രസംഗം കേട്ടവരെല്ലാം യെഹൂദരായിരുന്നു. എന്തെന്നാല്‍, യെരുശലേമില്‍ തിരുനാള്‍ ആഘോഷിക്കാന്‍ വന്നവരോടാണ് അപ്പസ്തോലന്‍ പ്രസംഗിച്ചത്.
അപ്പസ്തോല ശ്രേഷ്ഠനായ കേപ്പായുടെ പ്രസംഗം ശ്രവിച്ച മുഴുവന്‍ ആളുകളും അന്നുമുതല്‍ സഭയുടെ ഭാഗമായിത്തീര്‍ന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു"(അപ്പ. പ്രവര്‍:2; 41, 42). പിന്നീടുള്ള സഭയുടെ വളര്‍ച്ച പെട്ടന്നായിരുന്നു. ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "രക്ഷപ്രാപിക്കുന്നവരെ ദൈവം അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). സഭയുടെ വളര്‍ച്ചയുടെ ഘട്ടം നോക്കുക: "അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി"(അപ്പ. പ്രവര്‍: 4; 4). വളര്‍ച്ചയുടെ അടുത്ത പടവ് നോക്കുക: "ശിഷ്യരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 6; 1). മറ്റൊരു വെളിപ്പെടുത്തല്‍ ഇങ്ങനെ: "ദൈവവചനം പ്രചരിക്കുകയും യെരുശലേമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 6; 7). ഈ നാളുകളിലൊക്കെ വിശ്വാസം സ്വീകരിച്ചത് യെഹൂദര്‍ മാത്രമായിരുന്നു.
സുവിശേഷം ശെമരിയായില്‍!
യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളില്‍ രണ്ടു ഗോത്രങ്ങള്‍ മാത്രമാണ് യെഹൂദര്‍ എന്നപേരില്‍ അറിയപ്പെടുന്നത്. ശലോമോന്റെ കാലത്തിനുശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, യെഹൂദായും ബെന്യാമിനും ഒഴികെയുള്ള പത്തുഗോത്രങ്ങള്‍ ചേര്‍ന്ന് യിസ്രായേല്‍ എന്ന രാജ്യം നിലവില്‍വന്നു. ഈ രാജ്യത്തിന്റെ തലസ്ഥാനമാണ് ശെമരിയാ! യെഹൂദായും ബെന്യാമിനും അടങ്ങുന്ന രാജ്യം യെഹൂദാരാജ്യം എന്നപേരില്‍ അറിയപ്പെട്ടു. ഇതിന്റെ തലസ്ഥാനം യെരുശലേം ആയിരുന്നു. ഇവരാണ് പിന്നീട് യെഹൂദര്‍ അഥവാ ജൂതന്മാര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. യാക്കോബിന്റെ മക്കളായ പന്ത്രണ്ടു പേരെയും ദൈവം തിരഞ്ഞെടുത്ത് അനുഗ്രഹിച്ചതാണ്. ആയതിനാല്‍ത്തന്നെ, ശെമരിയാക്കാര്‍ വിജാതിയരല്ല; യെഹൂദരുടെ സഹോദരങ്ങളാണ്!
യേഹ്ശുവാ അവിടുത്തെ സുവിശേഷം അപ്പസ്തോലന്മാരെ ഭരമേല്പിച്ചപ്പോള്‍ ഇപ്രകാരം അരുളിച്ചെയ്തു: "പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. യെരുശലേമിലും യെഹൂദാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 1; 8). ഇത് സുവിശേഷ പ്രഘോഷണത്തിന്റെ ക്രമമാണ്! ഈ ക്രമത്തില്‍ത്തന്നെയാണ് അപ്പസ്തോലന്മാര്‍ തങ്ങളുടെ പ്രേഷിത ദൗത്യത്തില്‍ മുന്നേറിയത്! ശെമരിയായിലെ സഹോദരങ്ങള്‍ സുവിശേഷത്തെ എപ്രകാരമാണ് സ്വീകരിച്ചതെന്നു നോക്കുക: "പീലിപ്പോസ് ശെമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്‌സോടെ ശ്രദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി"(അപ്പ. പ്രവര്‍: 8; 5-8). ശെമരിയാക്കാര്‍ ഇരു കയ്യും നീട്ടി സുവിശേഷത്തെ സ്വീകരിക്കുകയും സഭയോടു ചേരുകയും ചെയ്തു. ശെമരിയാക്കാര്‍ സുവിശേഷത്തെ സ്വീകരിച്ചുവെന്നതിന് ഒരു തെളിവുകൂടി നോക്കുക: "എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേഹ്ശുവാ മ്ശിഹായുടെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 8; 12).
യെഹൂദര്‍ യേഹ്ശുവായെ തള്ളിക്കളഞ്ഞു എന്ന വാദത്തെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും കുറിച്ചത്. എന്നാല്‍, യെഹൂദരില്‍ കുറച്ചുപേര്‍ക്കെങ്കിലും സുവിശേഷത്തെ സ്വീകരിക്കാന്‍ സാധിച്ചില്ല എന്നതും വസ്തുതയാണ്. വിജാതിയരെക്കൂടി രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ ഹൃദയങ്ങളെ ദൈവം കഠിനമാക്കി എന്നതാണു യാഥാര്‍ത്ഥ്യം! ഈ പ്രവചനം ശ്രദ്ധിക്കുക: "അവര്‍ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൌഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക"(യേശൈയാഹ്: 6; 10 ). സ്വന്തം ജനത്തിന്റെ ഹൃദയങ്ങളെ കഠിനമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്തുകൊണ്ട് മറ്റു ജനതകളെ രക്ഷിക്കാന്‍ ദൈവം തയ്യാറായി. എക്കാലത്തേക്കും ഇവരെ ഈ അവസ്ഥയില്‍ തുടരാന്‍ ദൈവം വിടുമെന്ന് ആരും കരുതരുത്! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യിസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ: 11; 25, 26). ആയതിനാല്‍, യേഹ്ശുവായെ പരിത്യജിച്ചവര്‍ എന്ന് യെഹൂദരെ പഴിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക: അവര്‍ താത്ക്കാലികമായെങ്കിലും യേഹ്ശുവായെ തിരസ്ക്കരിച്ചതുകൊണ്ടു മാത്രമാണ് വിജാതിയരിലേക്കു രക്ഷ കടന്നുവന്നത്!
യേഹ്ശുവായുടെ കാലത്തൊക്കെയും പരസ്പരം ഭിന്നിച്ചു നിന്നിരുന്ന യെഹൂദരും ശെമരിയാക്കാരും ഒരുമിച്ചത് അവിടുത്തെ സഭ സ്ഥാപിതമായതിനുശേഷമാണ്. യിരെമിയാഹിലൂടെ ദൈവം ഇത് മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രവചനം നോക്കുക: "യാഹ്‌വെയുടെ സിംഹാസനമെന്ന് അന്നു യെരുശലെം വിളിക്കപ്പെടും. സകല ജനതകളും അവിടെ യാഹ്‌വെയുടെ നാമത്തില്‍ സമ്മേളിക്കും. ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ഇംഗിതങ്ങള്‍ക്കു വഴിപ്പെടുകയില്ല. ആ ദിവസങ്ങളില്‍ യെഹൂദാകുടുംബം യിസ്രായേല്‍ കുടുംബത്തോടു ചേരും. അവര്‍ ഒരുമിച്ചു വടക്കുനിന്നു പുറപ്പെട്ട്, നിങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അവകാശമായി ഞാന്‍ കൊടുത്ത ദേശത്തു വരും"(യിരെമി:3; 17,18). ഇന്ന് യെഹൂദാ എന്നൊരു രാജ്യമില്ലെന്നും, സകലരും അറിയപ്പെടുന്നത് യിസ്രായേല്‍ എന്നാണെന്നും നമുക്കെല്ലാം അറിയാം.
യെഹൂദരില്‍ ചിലരെങ്കിലും യേഹ്ശുവായെ തള്ളിക്കളഞ്ഞുവെങ്കില്‍, അതിന്റെ വ്യക്തമായ കാരണങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍, ഇനിയുമേറെ വിവരണത്തിനു മുതിരാതെ, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യുന്ന വിഷയത്തിലേക്കു കടക്കുകയാണ്. യെഹൂദരുടെ തിരസ്കരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ അറിവിനായി ഈ ലേഖനം വായിക്കുക: യെഹൂദര്‍ യേഹ്ശുവായെ നിഷേധിച്ചതിലെ ദൈവശാസ്ത്രം!
യെഹൂദരുടെ അമളികള്‍!
നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നവരാണ് യെഹൂദരിലെ ഫരിസേയ വിഭാഗം. എന്നാല്‍, പ്രവചനങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ ഇവര്‍ സമ്പൂര്‍ണ്ണ പരാജയമാണ്! പ്രവചനങ്ങളെ വാച്യാര്‍ത്ഥത്തില്‍ മാത്രം കാണുന്ന ഇവര്‍ക്ക് അനേകം അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. യേഹ്ശുവായെ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇവര്‍ക്കു പറ്റിയ അബദ്ധങ്ങളില്‍ ഏറ്റവും വലുത്! ഈ വിഭാഗത്തിന്റെ പിന്മുറക്കാര്‍ ഇന്നും യെഹൂദരായി തുടരുന്നു. എല്ലാ മേഖലകളിലും സര്‍വ്വ ജനതളെയും അതിലംഘിക്കുന്ന വൈഭവം യെഹൂദര്‍ക്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല! ബുദ്ധിശക്തിയിലും കായികശേഷിയിലും ആരെക്കാളും പിന്നിലല്ല യെഹൂദര്‍! എന്നാല്‍, ആത്മീയ ജ്ഞാനത്തില്‍ ഇവര്‍ ഏറെ പിന്നിലാണെന്ന കാര്യം നിസ്സംശയം പറയാം!
ദാവീദിന്റെ സിംഹാസനത്തിലിരുന്നു ഭരണം നടത്തുന്ന രാജാവിനെ പ്രതീക്ഷിച്ചാണ് ഇന്നും യെഹൂദര്‍ കാത്തിരിക്കുന്നത്. യേഹ്ശുവാ വന്നപ്പോള്‍ ഇവര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്തതും ഇക്കാരണത്താലാണ്. യേഹ്ശുവായെക്കുറിച്ചു പ്രതീകാത്മകമായി അറിയിച്ച പ്രവചനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കു സാധിച്ചില്ല. ഇന്നും ഈ സ്ഥിതിയിലാണ് ഇവര്‍ തുടരുന്നത്. യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങളും ചുവന്ന നിറമുള്ള പശുവിനു വേണ്ടിയുള്ള അന്വേഷണവും ഇവരുടെ അജ്ഞതയുടെ ഭാഗമാണ്! എന്നാല്‍, ചുവപ്പു നിറമുള്ള പശു ആരെയാണ് പ്രതീകാത്മകമായി സൂചിപ്പിക്കുന്നതെന്നും പുതുക്കിപ്പണിയപ്പെടുമെന്നു പ്രവചിച്ച ദൈവാലയം ഏതാണെന്നും തിരിച്ചറിയുമ്പോള്‍, യെഹൂദരുടെ ആദ്ധ്യാത്മിക അജ്ഞത കൂടുതല്‍ വ്യക്തമാകും!
ചുവപ്പ് നിറമുള്ള പശു ആരുടെ പ്രതീകം!
കുഞ്ഞാട് എന്ന വിശേഷണം യേഹ്ശുവായെ സംബന്ധിച്ചുള്ളതാണെന്ന് യഹൂദരില്‍ അവശേഷിക്കുന്നവര്‍ ഇന്നും മനസ്സിലാക്കിയിട്ടില്ല. അതുപോലെതന്നെ, ചുവപ്പു നിറമുള്ള പശുവിന്റെ കാര്യത്തിലും ഇവര്‍ ഇരുട്ടില്‍ തപ്പുകയാണ്! ഊനമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ ചുട്ടുകരിച്ച ഭസ്മംകൊണ്ടാണ് ദൈവാലയത്തിന്റെ ശുദ്ധീകരണ കര്‍മ്മങ്ങള്‍ നടത്തേണ്ടതെന്നു പറയുന്നു. ആയതിനാല്‍ത്തന്നെ, യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഈ പശുക്കുട്ടി അനിവാര്യമാണ്! കാള പെറ്റുവെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന ചില 'ക്രിസ്ത്യാനികള്‍' ഈ പ്രചരണം ഇപ്പോള്‍ ഏറ്റെടുത്തുകഴിഞ്ഞു! എന്നാല്‍, എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്നു വചനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കു പരിശോധിക്കാം.
"ഞാന്‍ കല്പിക്കുന്ന അനുഷ്ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്ക്കാത്തതും ആയ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ യിസ്രായേല്യരോടു പറയുക. അതിനെ പുരോഹിതനായ യെലെയാസറിനെ ഏല്പിക്കണം. പാളയത്തിനു വെളിയില്‍ കൊണ്ടുപോയി അവന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം. പുരോഹിതനായ യെലെയാസര്‍ അതിന്റെ രക്തത്തില്‍ വിരല്‍ മുക്കി സമാഗമകൂടാരത്തിന്റെ മുന്‍ഭാഗത്ത് ഏഴു പ്രാവശ്യം തളിക്കണം. പശുക്കുട്ടിയെ അവന്റെ മുമ്പില്‍വച്ചു ദഹിപ്പിക്കണം: തുകലും മാംസവും രക്തവും ചാണകവും എല്ലാം ദഹിപ്പിക്കണം. സെദാര്‍മരത്തിന്റെ തടി, ഹിസ്സോപ്പ്, ചെമന്ന നൂല്‍ ഇവയെടുത്തു പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്‌നിയില്‍ ഇടണം. പിന്നീട്, അവന്‍ വസ്ത്രങ്ങളലക്കി, കുളിച്ച്, പാളയത്തിലേക്കു വരണം: സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. പശുക്കിടാവിനെ ദഹിപ്പിച്ചവനും വസ്ത്രങ്ങളലക്കി കുളിക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. ശുദ്ധിയുള്ള ഒരാള്‍ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു നിക്ഷേപിക്കണം; അത് യിസ്രായേല്‍ക്കാര്‍ക്കു പാപമോചനത്തിനുള്ള ശുദ്ധീകരണജലം തയ്യാറാക്കുന്നതിനായി സൂക്ഷിക്കണം"(സംഖ്യ: 19; 1-9). ശുദ്ധീകരണജലം തയ്യാറാക്കുന്ന വിധമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
യേഹ്ശുവാ വരികയും അവന്റെ യാഗം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് തിരിച്ചറിയാത്ത യെഹൂദരിലെ അവശേഷിക്കുന്ന വിഭാഗം ചെയ്യുന്ന ഈ ഭോഷ്ക്കിനെ ക്രൈസ്തവര്‍ ഏറ്റുപിടിക്കുമ്പോള്‍, പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്: "കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച മ്ശിഹായുടെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജ്ജീവ പ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!"(ഹെബ്രാ: 9; 13,14). ചുവന്ന പശുക്കുട്ടിയുടെ ഭസ്മംകൊണ്ട് ഉണ്ടാക്കിയ ജലം സകലത്തെയും ശുദ്ധീകരിച്ചു. ഇത് ഒരു പ്രതീകം മാത്രമായിരുന്നുവെന്ന തിരിച്ചറിവ് ലഭിക്കാത്ത യെഹൂദരാണ് ഇന്നും ചുവന്ന പശുക്കുട്ടിയുടെ പിന്നാലെ നടക്കുന്നത്. കുഞ്ഞാട് യേഹ്ശുവായുടെ പ്രതീകമായിരുന്നുവെന്നു തിരിച്ചറിയാന്‍ എല്ലാ യെഹൂദര്‍ക്കും കഴിഞ്ഞില്ലെന്നു നാം കണ്ടു. അതുപോലെതന്നെ, സകലത്തെയും ശുദ്ധീകരിക്കുന്ന ഊനമില്ലാത്തതും നുകം വയ്ക്കാത്തതുമായ ചുവന്ന പശുക്കുട്ടി യേഹ്ശുവായുടെ പ്രതീകമായിരുന്നുവെന്ന യാഥാര്‍ത്ഥ്യവും ഇവര്‍ തിരിച്ചറിഞ്ഞില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അവിടുത്തെ പുത്രനായ യേഹ്ശുവായുടെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു"(1 യോഹ: 1;7). കുഞ്ഞാടിനെ ബലിയര്‍പ്പിച്ചത് വരാനിരിക്കുന്ന മഹായാഗത്തിന്റെ പ്രതീകമായിരുന്നതുപോലെ, ശുദ്ധീകരണത്തിനായി ചുവന്ന പശുക്കുട്ടിയെ ചുട്ടുകരിച്ച ഭസ്മം ഉപയോഗിച്ചതും ഒരു പ്രതീകം മാത്രമായിരുന്നു.
ചുവന്ന പശുക്കുട്ടിയെ നാം കാണുന്നത് പീലാത്തോസിന്റെ പ്രത്തോറിയത്തിലാണ്. ബൈബിളില്‍ ഇങ്ങനെയാണ് അത് വായിക്കുന്നത്: "അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേഹ്ശുവായെ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി. അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചുവന്ന പുറങ്കുപ്പായം അണിയിച്ചു"(മത്താ: 27; 27, 28). മാര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: "അവര്‍ അവനെ ചെമപ്പുവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു"(മര്‍ക്കോ: 15; 17). യോഹന്നാനു ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു ശ്രദ്ധിക്കുക: "പീലാത്തോസ് യേഹ്ശുവായെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു; ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു"(യോഹ: 19; 1,2). മോശയുടെ നിയമത്തിലെ ബലികളെല്ലാം യേഹ്ശുവായുടെ ബലിയില്‍ പ്രതീകാത്മകമായി നിറവേറുന്നുണ്ട്. യേഹ്ശുവായെ ചമ്മട്ടികൊണ്ട് അടിച്ചതിനുശേഷമാണ് ചുവന്ന വസ്ത്രം ധരിപ്പിച്ചത് എന്നു നാം മനസ്സിലാക്കി. അവിടുത്തെ ശരീരത്തില്‍ പ്രഹരമേല്‍ക്കാത്ത ഒരിടംപോലും ഉണ്ടായിരുന്നില്ല. രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന ഈ യേഹ്ശുവാ തന്നെയാണ് മോശ പറയുന്ന ചുവന്ന പശുക്കുട്ടി! കാരണം, എല്ലാറ്റിനെയും ശുദ്ധീകരിക്കാന്‍ ശക്തിയുള്ളത് യേഹ്ശുവായ്ക്ക് മാത്രമാണ്! അവിടുന്ന് യാഗമായിത്തീരുമ്പോള്‍, അവിടുത്തെ ശരീരം രക്തവര്‍ണ്ണമായിരുന്നുവെന്നു നമുക്കറിയാം. പശുക്കുട്ടിയെ കത്തിച്ച ചാരം എന്നത് യേഹ്ശുവായുടെ ദഹനബലിയെ സൂചിപ്പിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്കെങ്കിലും സാധിക്കണം. മറിച്ച്, യെഹൂദര്‍ കാണിക്കുന്ന ഭോഷ്ക്കുകളുടെ പ്രചാരകരായി അധഃപതിക്കരുത്! കാല്‍നൂറ്റാണ്ടു മുന്‍പുമുതല്‍ പെന്തക്കൊസ്തുകാര്‍ പ്രചരിപ്പിക്കുന്ന അബദ്ധങ്ങള്‍ ഇന്ന് ഇതര സഭകളിലെ വിശ്വാസികളും ഏറ്റെടുത്തുകഴിഞ്ഞു!
പുരാതന യിസ്രായേല്‍ മോശയുടെ നിയമപ്രകാരം ആടുകളെയും മാടുകളെയും പ്രാവുകളെയുമൊക്കെ ബലിയര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ബലിയിലൂടെ ആരുടെയെങ്കിലും പാപം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍, ഈ ബലികളില്‍ പലതിനെയും പാപപരിഹാര ബലി എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് ഈ ബലികള്‍ അര്‍പ്പിച്ചതിലൂടെ അവരുടെ പാപങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കിയത് യേഹ്ശുവാ സ്വയം കുരിശില്‍ ബലിയായി തീര്‍ന്നതിലൂടെയാണ്! അതായത്, പുരാതന യിസ്രായേല്‍ അര്‍പ്പിച്ചിരുന്ന ബലി പൂര്‍ണ്ണമായത് ദൈവം മനുഷ്യപുത്രനായി കടന്നുവന്ന് അര്‍പ്പിച്ച ബലിയിലൂടെയായിരുന്നു. എന്നേക്കുമുള്ള ഏകബലി അര്‍പ്പിക്കപ്പെട്ടതിനുശേഷം അഹറോന്റെ ബലിയുടെ സാധുതതന്നെ ഇല്ലാതായി. നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടതൊക്കെ വരാനിരിക്കുന്നതിന്റെ നിഴല്‍ മാത്രമായിരുന്നു. ബലിയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മനോവ ഇതു പറയുന്നത്. ഹെബ്രായര്‍ക്ക് എഴുതിയ ലേഖനം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. "നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍, ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നു"(ഹെബ്രാ: 10; 1,2). ദാവീദ് തന്റെ സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിവച്ചു: "ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്. ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ സന്തോഷവാര്‍ത്ത അറിയിച്ചു"(സങ്കീ: 40; 6-9).
ഇവിടെ ദാവീദ് തന്നെക്കുറിച്ചുതന്നെ പറഞ്ഞതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പുസ്തകച്ചുരുളില്‍ എഴുതിവച്ചിരിക്കുന്നത് ദാവീദിനെക്കുറിച്ചല്ല; മറിച്ച്, എല്ലാ പ്രവചനങ്ങളും എത്തിനില്‍ക്കുന്നത് യേഹ്ശുവായിലാണ്! അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിച്ച യേഹ്ശുവായെയും ഈ അവസരത്തില്‍ സ്മരിക്കണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം"(യോഹ: 4; 34). ഹെബ്രായ ലേഖനത്തിലെ മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു"(ഹെബ്രാ: 10; 5-7). വെളിപ്പെടുത്തല്‍ തുടരുന്നത് ഇപ്രകാരമാണ്: "അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേഹ്ശുവാ മ്ശിഹായുടെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു"(ഹെബ്രാ: 10; 9, 10).
ഇനിയും ചുവന്ന പശുവിനെ വളര്‍ത്തുന്നവരുടെ ആദ്ധ്യാത്മികമായ മൗഢ്യം വായനക്കാര്‍ക്ക് വ്യക്തമായെന്നു കരുതുന്നു. എങ്കിലും ഒരു വെളിപ്പെടുത്തല്‍ക്കൂടി നല്‍കാം: "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു"(ഹെബ്രാ: 10; 11-13). സകലത്തെയും ശുദ്ധീകരിക്കുന്ന യേഹ്ശുവായുടെ രക്തം ഈ ഭൂമുഖത്ത് ചൊരിയപ്പെട്ടതിനുശേഷം പശുക്കുട്ടിയുടെ ഭസ്മത്തിന് എന്തു പ്രസക്തി!?
ആ ദൈവാലയം മനുഷ്യനിര്‍മ്മിതമല്ല!
"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ദൈവമായ യാഹ്‌വെ മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്"(അപ്പ. പ്രവര്‍: 17; 24). ശലോമോന്‍ ദൈവത്തിനുവേണ്ടി യെരുശലേമില്‍ ഒരു ആലയം നിര്‍മ്മിച്ചതിനുശേഷം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ് പൗലോസ് അപ്പസ്തോലന്‍ നല്‍കിയിരിക്കുന്നത്. ശലോമോന്റെ ചോദ്യം ഇതായിരുന്നു: "എന്നാല്‍, ദൈവം മനുഷ്യനോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളും അവിടുത്തേക്കു മതിയാകുകയില്ല. പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയം എന്തുണ്ട്?"(2 ദിനവൃത്താന്തം: 6; 18). ഈ ചോദ്യവും അതിനുള്ള ഉത്തരവും ഇവിടെ നില്‍ക്കട്ടെ. കാരണം, ഈ ആലയം ആദ്യനൂറ്റാണ്ടില്‍ത്തന്നെ തകര്‍ക്കപ്പെട്ടു. ഇനി ഈ ആലയം പുനര്‍നിര്‍മ്മിക്കുക എന്നത് ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള കാര്യമല്ല. എന്തെന്നാല്‍, ഈ ആലയം തകര്‍ക്കപ്പെടുന്നതിനു മുന്‍പുതന്നെ യഥാര്‍ത്ഥ ആലയം പണിയപ്പെട്ടു കഴിഞ്ഞു! മ്ശിഹാ ശിരസ്സും മൂലക്കല്ലുമായിരിക്കുന്നതും കേപ്പാ എന്ന പാറമേല്‍ സ്ഥാപിതമായതും അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടതുമായ തിരുസഭയാണ് ദൈവത്തിന്റെ യഥാര്‍ത്ഥ ആലയം! ഈ ആലയത്തിന്റെ പടവുകള്‍ പണിതിരിക്കുന്ന കല്ലുകള്‍ സഭയിലെ വിശ്വാസികളാണ്! ചില വസ്തുതകള്‍ വചനാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
യേഹ്ശുവായുടെ വീണ്ടുംവരവിനു മുന്‍പ് നിരന്തരദഹനബലി നിര്‍ത്തലാക്കപ്പെടുമെന്നു ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചത് നമുക്കറിയാം. ഈ നിരന്തര ദഹനബലി ജറുസലേം ദൈവാലയത്തിലെ ബലിയാണോ? ഇതുവരെ പൂര്‍ത്തീകരിക്കപ്പെടാത്തതും യഥാകാലം പൂര്‍ത്തീകരിക്കപ്പെടേണ്ടതുമായ പ്രവചനത്തില്‍ നാം വായിക്കുന്നത് യെരുശലേം ദൈവാലയത്തിലെ ബലിയല്ല! ഇന്നു യെരുശലേമില്‍ ഒരു ദൈവാലയം ഇല്ലാത്തതുകൊണ്ടുതന്നെ അവിടെയൊരു ബലിയര്‍പ്പണവും നടക്കുന്നില്ലെന്നു നാം മനസ്സിലാക്കി. അങ്ങനെയെങ്കില്‍, നിരന്തര ദഹനബലി നിര്‍ത്തലാക്കിയിട്ട് പത്തൊന്‍പത് നൂറ്റാണ്ടുകള്‍ കഴിഞ്ഞു! ഒരുകാര്യം വിസ്മരിക്കാതിരിക്കുക: യെരുശലേമിലേക്കു ജനശ്രദ്ധതിരിച്ചുകൊണ്ട് ഫലംകൊയ്യാന്‍ ആഗ്രഹിക്കുന്ന ഒരു അജ്ഞാതശക്തി നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വളച്ചുകെട്ടില്ലാതെ ഒരുകാര്യം വ്യക്തമാക്കാം. അന്ത്യകാലത്തെ സംബന്ധിച്ചുള്ള പ്രബോധനങ്ങള്‍ ഏറ്റവുമധികമായി നല്‍കിക്കൊണ്ടിരിക്കുന്നത് ആധുനിക സഭകളാണ്. ഇവരുടെ ആത്മാര്‍ത്ഥതയെ ശ്ലാഘിച്ചുകൊണ്ടുതന്നെ മനോവ വെളിപ്പെടുത്തുന്നു: അറിഞ്ഞോ അറിയാതെയോ ഇവരിലൂടെ പുറത്തുവരുന്നത് അപകടകരമായ അര്‍ദ്ധസത്യങ്ങളാണ്!
ദാനിയേല്‍പ്രവാചകന്റെ പ്രവചനങ്ങളെയും വെളിപാട് പുസ്തകത്തെയും വ്യാഖ്യാനിച്ചുകൊണ്ട് ഇവര്‍ പ്രഖ്യാപിക്കുന്ന ദൈവാലയം ഇവരുടെ ഭാവന മാത്രമാണ്. എന്നാല്‍, പ്രവാചകന്‍ പ്രവചിച്ച ദൈവാലയം ഏതാണെന്ന് സത്യസന്ധമായി അന്വേഷിക്കുന്നവര്‍ ചെന്നെത്തുന്നത് കത്തോലിക്കാസഭയിലായിരിക്കും. ഇക്കാരണത്താല്‍ത്തന്നെ, ആധുനിക സഭകള്‍ ഇവ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. യെഹൂദരുടെ ദൈവാലയത്തെ ചുറ്റിപ്പറ്റി പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ യേഹ്ശുവായെ അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ച് യേഹ്ശുവാ പറഞ്ഞപ്പോള്‍, അവിടുത്തെ ശിഷ്യന്മാര്‍പോലും അത് ഗ്രഹിച്ചില്ല! ബൈബിളിലെ ഈ വിവരണം നോക്കുക: "യേഹ്ശുവാ മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും. യെഹൂദര്‍ ചോദിച്ചു: ഈ ദൈവാലയം പണിയാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അത് പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്"(യോഹ: 2; 19-21). മ്ശിഹായുടെ ശരീരമാണ് ദൈവാലയമെന്ന് അവിടുന്നുതന്നെ നമ്മോടു വ്യക്തമാക്കി. അവിടുത്തെ ശരീരം ഏതാണെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ വിവരണം ശ്രദ്ധിക്കുക: "നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"(1 കോറി: 12; 27). ഈ വാക്യങ്ങള്‍ക്കൂടി വായിക്കുക: "എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ്"(എഫേ: 5; 23).
ഈ വചനങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍, ഏതാണ് യഥാര്‍ത്ഥ ദൈവാലയമെന്നും ആ ദൈവാലയം ഇന്ന് എവിടെയാണെന്നും വ്യക്തമാകും. ദൈവാലയം എന്നതുകൊണ്ട് യേഹ്ശുവാ ഉദ്ദേശിച്ചത് തന്റെ ശരീരത്തെയാണെന്നു നാം മനസ്സിലാക്കി. റോമാക്കാര്‍ നശിപ്പിച്ച ഈ ആലയം മൂന്നു ദിവസത്തിനകം പുനരുദ്ധരിക്കപ്പെട്ടുവെന്നും നമുക്കറിയാം. യേഹ്ശുവായുടെ ശരീരത്തെ ഉയിര്‍പ്പിച്ചത് പിതാവായ ദൈവമാണെന്നു നമുക്കെല്ലാം അറിവുള്ളതാണ്. എന്നാല്‍, ഈ ആലയം നശിപ്പിച്ചാല്‍ താന്‍ അത് പുനരുദ്ധരിക്കുമെന്നാണ് യേഹ്ശുവാ പറഞ്ഞത്. അതിനാല്‍ത്തന്നെ, ഈ വാക്കുകള്‍ പ്രതീകാത്മകമായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, താന്‍ സ്ഥാപിക്കാന്‍ പോകുന്ന സഭയെയാണ് തന്റെ ശരീരം എന്നതിലൂടെ പ്രതീകാത്മകമായി സൂചിപ്പിച്ചത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉത്ഥിതനായ യേഹ്ശുവായുടെ ശരീരമാണ് അവിടുത്തെ സഭ. ഈ സഭയുടെ ശിരസ്സും അവിടുന്നുതന്നെ! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്"(എഫേ: 2;19, 20).
ദൈവഭവനത്തിലെ അംഗങ്ങള്‍ എന്നാണു നാം വിളിക്കപ്പെടുന്നതെങ്കില്‍, നാംതന്നെയല്ലേ അവിടുത്തെ ആലയം? അതായത്, ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സമൂഹമാണ് ഭൗമീകമായ ദൈവാലയം! "നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്"(2 കോറി: 6; 16). അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറയുടെ മൂലക്കല്ലും ശിരസ്സും ശരീരവും ക്രിസ്തുതന്നെയാണെന്നു നാം മനസ്സിലാക്കി. ഈ ആലയം പണിയപ്പെട്ടിരിക്കുന്ന പ്രതലം ഭൂമിയാണോ? അല്ല എന്നകാര്യം യേഹ്ശുവാതന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും"(മത്താ: 16; 18). കേപ്പായുടെമേലാണ് സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം അംഗീകരിക്കാന്‍ വിഷമിക്കുന്ന ചില സഭകളുണ്ട്. ഇക്കൂട്ടര്‍ കേപ്പായെ പാറക്കഷണമാക്കുകയും ഇവിടെ പ്രഖ്യാപിച്ച പാറ യേഹ്ശുവായാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു! തൊട്ടടുത്ത വചനം പരിശോധിച്ചാല്‍ ഇവരുടെ വാദങ്ങളിലെ പൊള്ളത്തരം മനസ്സിലാകും. വചനം നോക്കുക: "സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 19). യേഹ്ശുവായുടെ വാക്കുകളാണിത്! ഞാന്‍ നിനക്കു തരും എന്ന് യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ സ്വയം പറഞ്ഞതാണെന്ന് സാമാന്യബോധമുള്ള ആരെങ്കിലും കരുതുമോ? എന്നാല്‍, കേപ്പായെ ഈ മഹത്തായ പദവിയിലേക്ക് ഉയര്‍ത്തിയത് തന്റെ വിശ്വാസപ്രഖ്യാപനമായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്. ഇതാണ് ആ പ്രഖ്യാപനം: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(മത്താ: 16; 16). വിശ്വാസം ഏറ്റുപറഞ്ഞപ്പോള്‍ കേപ്പായുടെമേല്‍ സഭ സ്ഥാപിച്ചുവെങ്കില്‍, തന്റെ സ്നേഹം പ്രഖ്യാപിച്ചപ്പോള്‍ അജപാലകനായി ഈ അപ്പസ്തോലനെ ഉയര്‍ത്തി!
ഈ വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ ശിമയോന്‍ എന്ന കേപ്പായോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ"(യോഹ: 21; 15). മൂന്നുവട്ടം ഇതേ ചോദ്യം യേഹ്ശുവാ ആവര്‍ത്തിക്കുകയും കേപ്പായെക്കൊണ്ട് തന്റെ സ്നേഹപ്രഖ്യാപനം നടത്തിക്കുകയും ചെയ്തതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. കേപ്പായുടെ പ്രഖ്യാപനത്തിനു മറുപടിയായി യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "എന്റെ കുഞ്ഞാടുകളെ മേയിക്കുക"(മത്താ: 16; 16). കേപ്പായ്ക്ക് യേഹ്ശുവായില്‍ ഉണ്ടായിരുന്ന വിശ്വാസവും സ്നേഹവും അതേയളവില്‍ ഇല്ലാത്തവര്‍ക്ക് അവന്റെ പിന്‍ഗാമിയാകാന്‍ കഴിയില്ല! യേഹ്ശുവായെ സ്നേഹിക്കുന്നവനെ തിരിച്ചറിയാനുള്ള അടയാളം അവിടുന്ന് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്"(യോഹ: 14; 21). സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് യേഹ്ശുവാ നല്‍കിയ കല്പന ഇതായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍ യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20). സഭയുടെ അജപാലക ദൗത്യം ഏറ്റെടുത്തുകൊണ്ട് കേപ്പാ ഇപ്രകാരം ലോകത്തോടു വിളിച്ചുപറഞ്ഞു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12).
ഈ വിശ്വാസം ഏറ്റുപറയാത്ത ഒരുവനും കേപ്പായുടെ പിന്‍ഗാമിയല്ല! സകല മതങ്ങളിലും രക്ഷയുണ്ടെന്ന പ്രഖ്യാപനവുമായി നടക്കുന്നവരും, ക്രിസ്തീയതയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുന്നത് അപരാധമായി പ്രഖ്യാപിക്കുന്നവരും കേപ്പായുടെ അധികാരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്! എന്നിരുന്നാലും, ദൈവത്തിന്റെ ആലയമായ സഭ കത്തോലിക്കാസഭ മാത്രമാണ്! കത്തോലിക്കാസഭയാണ് യേഹ്ശുവാ സ്ഥാപിച്ച യഥാര്‍ത്ഥ സഭയെന്നു പറയാന്‍ മനോവയ്ക്കു മുന്നില്‍ വ്യക്തമായ തെളിവുകളുണ്ട്. കേപ്പായുടെ അധികാരകൈമാറ്റം കൃത്യതയോടെ തുടരുന്നത് ഈ സഭ മാത്രമാണ്. എന്നാല്‍, ഇതിനേക്കാളെല്ലാം ഉപരിയായ ഒരു അടയാളം കത്തോലിക്കാസഭയുടെമേലുണ്ട്; അതാണ് നിരന്തരദഹനബലി!
കത്തോലിക്കാസഭയും നിരന്തരദഹനബലിയും!
എല്ലാ ദിവസവും ബലിയര്‍പ്പിക്കുന്ന ഏക സഭ കത്തോലിക്കാസഭയാണെന്ന യാഥാര്‍ത്ഥ്യം എത്രപേര്‍ക്ക് അറിയാം? ബലിയര്‍പ്പണം നടത്തുന്ന അനേകം സഭകളുണ്ടെങ്കിലും, കത്തോലിക്കാസഭയ്ക്ക് മാത്രമാണ് അനുദിനബലിയര്‍പ്പണം നിയമമായി നിലനില്‍ക്കുന്നത്! എല്ലാ ദിവസവും ദിവ്യബലി അര്‍പ്പിക്കണമെന്ന നിയമം ഈ സഭയിലെ ഓരോ വൈദീകരുടെമേലും നിലനില്‍ക്കുന്നു. യുവതലമുറയിലെ വൈദീകര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെങ്കിലും, കത്തോലിക്കാസഭയുടെ എക്കാലത്തെയും നിയമം ഇതാണ്!
ആടുമാടുകളെ ബലിയര്‍പ്പിക്കുന്ന രീതി അവസാനിപ്പിച്ചത് യേഹ്ശുവായാണ്. അതിനു പകരമായി മറ്റൊരു ബലിയും ഉടമ്പടിയും അവിടുന്ന് സ്ഥാപിക്കുകയും ചെയ്തു. അഹറോന്റെ ക്രമപ്രകാരം അര്‍പ്പിച്ചുകൊണ്ടിരുന്ന ബലിയാണ് യേഹ്ശുവാ കാല്‍വരിയില്‍ അര്‍പ്പിച്ചത്. അവിടെ അര്‍പ്പിക്കപ്പെട്ട ബലിയില്‍ ബലിവസ്തുവായ കുഞ്ഞാട് യേഹ്ശുവായായിരുന്നു. അന്നുവരെ അര്‍പ്പിച്ചിരുന്ന ബലികളുടെയെല്ലാം പോരായ്മകള്‍ പരിഹരിക്കപ്പെടുകയും എന്നേയ്ക്കുമുള്ള ഏക ബലി അര്‍പ്പിക്കപ്പെടുകയും ചെയ്തു! ഇനിമേല്‍ അഹറോന്റെ ക്രമപ്രകാരമുള്ള ബലികള്‍ അപ്രസക്തമാണ്. അതിനു പകരമായി സ്ഥാപിക്കപ്പെട്ട ബലിയുടെ ഉടമ്പടി അന്ത്യത്താഴവേളയിലാണ് നാം കാണുന്നത്. ഇതാണ് 'മെല്‍ക്കിസെദേക്കിന്റെ' ക്രമപ്രകാരമുള്ള ബലി! ആരാണ് മെല്‍ക്കിസെദേക്ക് എന്ന് നോക്കുക: "രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, ശലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു ശലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ: 7; 1-3). അബ്രാഹത്തിനുമുമ്പ് താനുണ്ടായിരുന്നുവെന്ന യേഹ്ശുവായുടെ വാക്കുകള്‍ ഇതുമായി ചേര്‍ത്തുവായിക്കണം. മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതന്‍ യേഹ്ശുവായാണെന്നതിന്റെ അടയാളമാണ് 'അപ്പവും വീഞ്ഞും'! "ശലേം രാജാവായ മെല്‍ക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍"(സൃഷ്ടി: 14; 18). ഇതാണ് അന്ത്യത്താഴവേളയില്‍ ദൃഷ്ടാന്തമായത്!
പുതിയ ഉടമ്പടി സ്ഥാപിതമായതോടെ പഴയ ഉടമ്പടി അസാധുവാകുകയെന്നത് സ്വാഭാവിക പ്രതിഭാസം മാത്രമാണ്! ആയതിനാല്‍ത്തന്നെ, അഹറോന്റെ ക്രമപ്രകാരമുള്ള ബലിയുടെ പ്രസക്തി ഇല്ലാതായി! യേഹ്ശുവാ അര്‍പ്പിക്കാനിരിക്കുന്ന പരിപൂര്‍ണ്ണമായ ബലിയുടെ പ്രതീകം മാത്രമായിരുന്നു ഈ ബലി. മാനവരക്ഷയ്ക്കായി അര്‍പ്പിക്കപ്പെടേണ്ട യഥാര്‍ത്ഥ ബലി അന്വര്‍ത്ഥമായതിനുശേഷവും ഈ ബലിയുടെ സൂചനയായി അര്‍പ്പിച്ചുകൊണ്ടിരുന്ന ബലി തുടരുകയെന്നത് ദൈവഹിതമല്ല! സംഭവിച്ചുകഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് പ്രവചിക്കുന്നത് പ്രവാചകനു ഭൂഷണമല്ലാത്തതുപോലെ, അഹറോന്റെ ക്രമപ്രകാരമുള്ള ബലി ഇനിയും അര്‍പ്പിക്കുന്നത് നിരര്‍ത്ഥകമാണ്! എന്നാല്‍, അന്ത്യകാലത്തെക്കുറിച്ചുള്ള ദാനിയേല്‍പ്രവചനം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. യേഹ്ശുവായും അപ്പസ്തോലന്മാരും ഇതേ പ്രവചനം ആവര്‍ത്തിച്ചു എന്നത് ഗൗരവത്തോടെ നാം കാണണം. വിനാശകരമായ മ്ലേച്ഛത ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും നിരന്തരദഹനബലി നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമെന്നുള്ള പ്രവചനം യെഹൂദരുമായി ബന്ധപ്പെട്ടതല്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്! കാരണം, യെഹൂദരുടെ ദൈവാലയം തകര്‍ക്കപ്പെടുകയും ബലി അസാധുവാക്കപ്പെടുകയും ചെയ്തു. ദൈവാലയം പുനഃസ്ഥാപിക്കപ്പെട്ടാലും, അസാധുവാക്കപ്പെട്ട ബലി പുനഃസ്ഥാപിക്കപ്പെട്ടാലും ദൈവസന്നിധിയില്‍ അതിനു സാധുതയില്ല.
എന്നാല്‍, അന്ത്യകാലത്ത് പ്രത്യക്ഷപ്പെടുന്ന അരാജകത്വത്തിന്റെ മനുഷ്യനിലൂടെ നിരന്തരദഹനബലി നിരോധിക്കപ്പെടുന്നതിനെ ഗൗരവത്തോടെയാണ് വചനം മുന്നറിയിപ്പു തരുന്നത്. അങ്ങനെയെങ്കില്‍ ഈ ദൈവാലയവും അവിടെ അര്‍പ്പിക്കപ്പെടുന്ന നിരന്തരദഹനബലിയും അതീവപ്രാധാന്യമുള്ളതുതന്നെ! തന്റെ പ്രത്യാഗമനംവരെ അനുസ്മരിക്കപ്പെടണം എന്ന കല്പനയോടെ യേഹ്ശുവാ സ്ഥാപിച്ച ബലിയുടെ പ്രസക്തി ഇവിടെയാണ് നാം തിരിച്ചറിയേണ്ടത്! അപ്പവും വീഞ്ഞും ദൈവസന്നിധിയില്‍ അര്‍പ്പിച്ച മഹാപുരോഹിതനായ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കുമുള്ള പുരോഹിതനായ യേഹ്ശുവായുടെ പൗരോഹിത്യമാണ് ക്രൈസ്തവരില്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നതെങ്കില്‍, യെരുശലേം ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മിതിയിലേക്കും അവിടെ പുനരാരംഭിക്കാന്‍ സാദ്ധ്യതയുള്ള അഹറോന്റെ ബലിയിലേക്കും കണ്ണുംനട്ടിരിക്കേണ്ട ആവശ്യം ഇവര്‍ക്കില്ല! മാത്രവുമല്ല, ഇത്തരത്തിലുള്ള കാത്തിരിപ്പിലൂടെ മറ്റൊരു അപകടവും സംജാതമാകും.
എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചുള്ള അബദ്ധധാരണ പ്രചരിപ്പിക്കുന്നതില്‍ പിശാച് നിതാന്തജാഗ്രതയിലാണ്! നിലവിലില്ലാത്ത യെരുശലേം ദൈവാലയം നിര്‍മ്മിച്ചതിനുശേഷമേ അവന്‍ പ്രത്യക്ഷപ്പെടുകയുള്ളുവെന്ന ചിന്തയിലേക്കു ദൈവജനത്തെ നയിക്കാനുള്ള കുതന്ത്രമാണ് ഇന്നു പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്! ഇനിയും സമയമുണ്ടെന്ന ധാരണയില്‍ ദൈവജനം കഴിയുമ്പോള്‍, ആ ദിവസം ഒരു കെണിപോലെ കടന്നുവരും! ബൈബിളില്‍ വായിക്കുന്ന ഏതെങ്കിലും പ്രവചനങ്ങളില്‍ തിന്മയുടെ സൂചനയുണ്ടെങ്കില്‍, അവയെല്ലാം കത്തോലിക്കാസഭയെ സൂചിപ്പിക്കുന്നതാണെന്ന് പ്രസംഗിച്ചുനടക്കുന്ന ആധുനിക 'വെളിച്ചപ്പാടുകള്‍' ഒരുകാര്യം ഓര്‍ക്കുക: അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന മുഴുവന്‍ സംഭവങ്ങളും കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്! ആയതിനാല്‍ത്തന്നെ, നിങ്ങള്‍ പരിഹസിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയാണ് ഈ നിരന്തരദഹനബലി! പിശാചുപോലും ഇത് തിരിച്ചറിഞ്ഞിട്ടും നിങ്ങളില്‍നിന്ന് എന്തുകൊണ്ട് ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെട്ടു? ഇതിന് ഒരുത്തരമേയുള്ളൂ: നിങ്ങളുടെ ഉദ്ഭവം ദൈവം അഭിലഷിച്ചതല്ല!
വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നത് കത്തോലിക്കാസഭയിലാണെന്നു വിശ്വസിക്കുന്നവര്‍ എന്തുകൊണ്ടാണ് പ്രവചിക്കപ്പെട്ടിരിക്കുന്ന ദൈവാലയം കത്തോലിക്കാസഭയാണെന്നു സമ്മതിക്കാന്‍ വിമുഖത കാണിക്കുന്നത്? അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ട് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്ന നിരന്തരദഹനബലിയാണ് ഇന്നും കത്തോലിക്കാസഭ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നു സമ്മതിക്കുന്ന നിമിഷംതന്നെ മറ്റെല്ലാ സഭകളുടെയും ആധികാരികത ഇല്ലാതാകും! കാരണം, നിരന്തരദഹനബലിയുടെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിച്ചുകൊണ്ട് അത് അര്‍പ്പിക്കുന്ന ഏക സഭ 'റോമന്‍ കത്തോലിക്കാസഭ' മാത്രമാണ്! ഈ സഭയുടെ ഭാഗമായി കരുതപ്പെടുന്ന പൗരസ്ത്യ 'റീത്തുകള്‍' അനുദിനബലിയെ അംഗീകരിക്കുന്നവരല്ല. ആഴ്ചയില്‍ ഒരിക്കല്‍മാത്രം അര്‍പ്പിക്കപ്പെടേണ്ടതാണ് വിശുദ്ധ കുര്‍ബ്ബാനയെന്നും വാദിക്കുന്നവരും കത്തോലിക്കാസഭയുടെ ഭാഗമായി നിലനില്‍ക്കുന്നതിനുവേണ്ടി മാത്രം അനുദിനബലിയര്‍പ്പണം അംഗീകരിക്കുന്നു! പ്രവചനത്തെ ആധാരമാക്കി ഇവരോട് ഒരു ചോദ്യം മനോവ ചോദിക്കുന്നു. ഇതാണ് ആ പ്രവചനം: "പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും"(ദാനി: 9; 27). എല്ലാ ദിവസവും ബലിയര്‍പ്പണം ഇല്ലെങ്കില്‍ എങ്ങനെയാണ് പകുതി ആഴ്ചത്തേക്ക് മാത്രമായി ഇത് നിര്‍ത്തലാക്കപ്പെടുന്നത്? ഉത്തരം തരണമെന്നില്ല; സ്വയം ചിന്തിച്ചാല്‍ മതി.
പ്രധാന വിഷയത്തിലേക്കു കടക്കാന്‍ സമയമായി. വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കപ്പെടുന്ന ദൈവാലയവും അവിടെ അര്‍പ്പിക്കപ്പെടുന്ന നിരന്തരദഹനബലിയും ഏതാണെന്ന പഠനമാണ് ഇതുവരെ നാം നടത്തിയത്. പ്രവചിക്കപ്പെട്ട ദൈവാലയത്തെയും ബലിയെയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ആയിരിക്കുന്നത് ഗുരുതരമായ അപകടത്തിലാണെന്ന ഓര്‍മ്മപ്പെടുത്തലും ഇതോടൊപ്പം മനോവ ചേര്‍ത്തുവയ്ക്കുന്നു! കത്തോലിക്കാസഭയില്‍ പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനാശകരമായ മ്ലേച്ഛതകള്‍ എന്താണെന്നു പരിശോധിച്ചുകൊണ്ട് ഈ പഠനം നമുക്കു ഉപസംഹരിക്കാം.
വിനാശകരമായ മ്ലേച്ഛത!
വിനാശകരമായ മ്ലേച്ഛതകള്‍ പലതുണ്ടെങ്കിലും, അതിന്റെ പൂര്‍ണ്ണതയെന്നത് വിജാതിയ അനുകരണമാണെന്ന് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 31). വിജാതിയതയുടെ അടിസ്ഥാനം വിഗ്രഹാരാധനയാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ഹുബാല്‍ എന്ന ചന്ദ്രദേവനെ ആരാധിക്കുന്ന ഇസ്ലാം അടക്കം എല്ലാ വിജാതിയ മതങ്ങളുടെയും ആരാധനാ മൂര്‍ത്തികള്‍ വിഗ്രഹങ്ങളാണ്. ദൈവമല്ലാത്ത ഒന്നിനെ ദൈവമായി കരുതുന്നതും ആരാധിക്കുന്നതും വിഗ്രഹാരാധനയുടെ പൂര്‍ണ്ണതയാണെന്നു പലരും തിരിച്ചറിയുന്നില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ വിജാതിയതയുടെ പ്രചാരകരായി അധഃപതിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്! മ്ലേച്ഛതയാണെന്നു ദൈവം പ്രഖ്യാപിച്ചിട്ടുള്ള എന്തിനെയെങ്കിലും വിശുദ്ധമാണെന്നു പ്രചരിപ്പിക്കലല്ല ക്രൈസ്തവരുടെ ദൗത്യം. ദൈവത്തിന്റെ വചനം ഇതാണ്: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(യേശൈയാഹ്: 5; 20). ഇത്തരത്തിലുള്ള ദുരിതം ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും തിരിച്ചറിഞ്ഞ് എതിര്‍ക്കാനുള്ള ഉത്തരവാദിത്വം സഭാമക്കള്‍ക്കുണ്ട്.
മ്ലേച്ഛതകള്‍ എങ്ങനെയാണ് വിനാശകരമാകുന്നതെന്നു നോക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ വിസ്മരിക്കുകയും മറ്റു ദേവന്മാരുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ മുന്നറിയിപ്പു തരുന്നു"(നിയമം: 8; 19). വിജാതിയത എന്ന മ്ലേച്ഛതയെ അംഗീകരിക്കുന്നതിലൂടെ വന്നുഭവിക്കുന്ന നാശത്തെയാണ് 'വിനാശകരമായ മ്ലേച്ഛത' എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്! മ്ലേച്ഛത നാശത്തിനു കാരണമാകുമെങ്കില്‍, ആ മ്ലേച്ഛത വിനാശകരം തന്നെയാണ്! വിജാതിയതയെ മഹത്വപ്പെടുത്തുന്ന വിധത്തിലുള്ള പ്രസ്താവനകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ലക്‌ഷ്യം എന്താണെന്ന് ഇതിലൂടെ നമുക്ക് വ്യക്തമാകും. അന്യദേവന്മാരുടെ പ്രചാരകരെ വിളിച്ചുവരുത്തി ആദരിക്കുന്നതിലൂടെ നാശത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്. മ്ലേച്ഛതകളുടെ പ്രചാരകര്‍ക്ക് വത്തിക്കാനില്‍ സ്വീകരണമൊരുക്കുകയും വിനാശത്തെ സമാധാനമെന്നു പ്രഘോഷിക്കുകയും ചെയ്യുമ്പോള്‍, വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു പ്രതിഷ്ഠിക്കപ്പെടുകയാണെന്നു നാം തിരിച്ചറിയണം!
വിജാതിയതയാണ് വിനാശമെങ്കില്‍, ഏതെങ്കിലും ഒരു വിജാതിയതയെ മാത്രം വിനാശമായി പരിഗണിക്കുന്നതില്‍ യാതൊരു സത്യവുമില്ല. കാരണം, എല്ലാ വിജാതിയതയും അസത്യത്തിലേക്കു നയിക്കുന്ന ദുരന്തംതന്നെ! വിനാശകരമായ മ്ലേച്ഛതയെ വിശുദ്ധസ്ഥലത്തു പ്രതിഷ്ഠിക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയുടെ അകത്തളങ്ങളില്‍ അധികാരം കൈയ്യാളുകയാണ്. ആയതിനാല്‍, ഇത് തിരിച്ചറിയാത്തവരെല്ലാം ദുരന്തത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന അബദ്ധസിദ്ധാന്തം ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് സഭയില്‍ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും വലിയ മ്ലേച്ഛത!
ഉപസംഹാരം!
യേഹ്ശുവായുടെ വരവ് സമീപിച്ചുകഴിഞ്ഞു. എന്നാല്‍, യെരുശലേമില്‍ പണിയുവാനൊരുങ്ങുന്ന ആലയവുമായി അവിടുത്തെ വരവിനെ ചേര്‍ത്തുവയ്ക്കേണ്ട ആവശ്യമില്ല! കാരണം, യേഹ്ശുവായുടെ ആലയം മനുഷ്യനിര്‍മ്മിതമായ ആലയമല്ല! അവിടുത്തെ യഥാര്‍ത്ഥ ആലയത്തെ ശുദ്ധീകരിക്കുന്നത് ചുവന്ന പശുക്കുട്ടിയെ കത്തിച്ച ഭസ്മംകൊണ്ടല്ല; മറിച്ച്, കുഞ്ഞാടിന്റെതിനേക്കാള്‍ നിഷ്കളങ്കമായ അവിടുത്തെ തിരുരക്തംകൊണ്ടാണ്! ഈ രക്തത്താല്‍ തളിക്കപ്പെട്ടവരായ നാം ഇനിയും ചുവന്ന പശുക്കുട്ടിയെ പ്രാധാന്യത്തോടെ നോക്കുമ്പോള്‍, യേഹ്ശുവായുടെ രക്തത്തെ അവഗണിക്കുകയും ഈ രക്തത്തിനെതിരേ പാപം ചെയ്യുകയുമാണ്! യെരുശലേമിലെ ആലയവും അതിനെ ശുദ്ധീകരിക്കുമെന്ന് യെഹൂദര്‍ കരുതുന്ന ചുവന്ന പശുക്കിടാവും അവരുടെ മാത്രം കാര്യമാണെന്നു നാം മനസ്സിലാക്കണം. എന്നാല്‍, നമ്മുടെ ആലയം സഭയും അതിനെ ശുദ്ധീകരിക്കുന്നത് യേഹ്ശുവായുടെ തിരുരക്തവുമാണ്! ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ട് വാര്‍ത്തകള്‍ക്കുപിന്നാലെ പോകുന്നവര്‍ അപകടത്തിലേക്കാണു യാത്രചെയ്യുന്നത്. കാല്‍നൂറ്റാണ്ടു മുന്‍പു മുതല്‍ പെന്തക്കൊസ്തുകാര്‍ പ്രചരിപ്പിക്കുന്ന അബദ്ധങ്ങള്‍ക്കു ചെവികൊടുത്താല്‍, യേഹ്ശുവാ വരുമ്പോള്‍ നിങ്ങള്‍ പശുവിനെ നോക്കിയിരിക്കുന്നവരായി അവിടുന്ന് നിങ്ങളെ കാണും. എന്നാല്‍, അവിടുന്ന് വീണ്ടും വരുന്നത് തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായിട്ടാണ്. ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-