കാലത്തിന്റെ അടയാളങ്ങള്‍

ഇന്ത്യയിലെ ക്രൈസ്തവര്‍; യഹൂദരില്‍നിന്നോ ബ്രാഹ്മണരില്‍നിന്നോ?

Print By
about

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് 'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ലേഖനപരമ്പരയുടെ നാലാമത്തെ ഭാഗമാണിത്. മുന്‍ ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ സാധിക്കും.

'ഭാരതത്തിലെ ക്രൈസ്തവര്‍; യഹൂദരില്‍നിന്നോ ബ്രാഹ്മണരില്‍നിന്നോ?'

യെഹൂദമതത്തിന്റെ പിന്തുടര്‍ച്ചയാണ് ക്രിസ്തീയത എന്ന വസ്തുത പലരും മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്ഥമായിട്ടാണ്! ഉദാഹരണത്തിന്, ചിലര്‍ മറ്റു മതങ്ങളില്‍നിന്ന് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച് ക്രൈസ്തവരായി ജീവിക്കുന്നവരുണ്ട്. ഒരുപക്ഷെ അവരില്‍ ചിലരെല്ലാം ഇന്ത്യയിലെ 'പാഗണ്‍'മതത്തില്‍നിന്ന് ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരാകാം. ഭൗതീകതലത്തില്‍ ഇവര്‍ വിജാതിയമതത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് വന്നവരാണെങ്കിലും ഈ മതത്തിന്റെ പരിണാമമായി ക്രിസ്തീയ വിശ്വാസത്തെ പരിഗണിക്കാന്‍ കഴിയില്ല. കാരണം, ക്രിസ്തീയതയ്ക്ക് വിജാതിയമതങ്ങളുമായി ഒരു പൊരുത്തവുമില്ല എന്നതുതന്നെ. യെഹൂദരുടെ ആചാരാനുഷ്ഠാനങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ തുടരുന്നതാണ് ക്രിസ്തുമാര്‍ഗ്ഗം. യേഹ്ശുവാ എന്ന യഥാര്‍ത്ഥ യെഹൂദനിലൂടെ യെഹൂദരായി പരിണമിക്കപ്പെട്ടവരുടെ സമൂഹമാണ് ക്രിസ്തീയത. ശാരീരികമായി യഹൂദരായിരുന്നവരും വിശ്വാസംവഴി യെഹൂദരായവരുമാണ് ക്രിസ്ത്യാനികള്‍!

യേഹ്ശുവാ വന്നത് നിയമത്തെ മാറ്റിമറിക്കാനോ അസാധുവാക്കാനോ അല്ല; മറിച്ച്, പൂര്‍ത്തീകരിക്കാനാണ്. അവിടുന്നുതന്നെ പറയുന്ന വാക്കുകളാണിത്. യെഹൂദരുടെ നിയമങ്ങള്‍ നല്‍കിയതും ആചാരങ്ങള്‍ നിര്‍ദ്ദേശിച്ചതും ദൈവമാണ്. യേഹ്ശുവാ അറിയാതെ ഒരു നിയമവും യിസ്രായേലിനു നല്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഈ നിയമങ്ങളൊന്നും അസാധുവാക്കാന്‍ അവിടുന്ന് ശ്രമിക്കുകയില്ല. നിയമങ്ങളെയും പ്രവചനങ്ങളെയും പൂര്‍ത്തിയാക്കാനാണ് യേഹ്ശുവാ വന്നത്.

എന്നാല്‍, നിയമങ്ങളും ആചാരങ്ങളും കാലാന്തരേണ അതിന്റെ പൂര്‍ണ്ണതയില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ ക്രിസ്തു അതിനെ പൂര്‍ണ്ണതയില്‍ പുനഃസ്ഥാപിച്ചു. അതാണ് പുതിയനിയമം! ഒന്നുകൂടി വ്യക്തമാക്കിയാല്‍, പഴയനിയമത്തില്‍ വ്യക്തത വരുത്തിയതാണ് പുതിയനിയമം. മറിച്ച്, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍നിന്നു വേറിട്ടതായ നിയമങ്ങളൊന്നും ക്രിസ്തു നല്‍കിയിട്ടില്ല. പഴയതും പുതിയതുമായ രണ്ടു നിയമങ്ങള്‍ ബൈബിളിലില്ല. ക്രിസ്തുവിനു മുന്‍പ് എഴുതപ്പെട്ട പുസ്തകങ്ങളും ക്രിസ്തുവിനുശേഷം എഴുതപ്പെട്ട പുസ്തകങ്ങളും ബൈബിളിലുണ്ട്. അതായത്, പഴയതും പുതിയതുമായ പുസ്തകങ്ങളുടെ സമാഹാരമാണ് ബൈബിള്‍! അതിനാല്‍ത്തന്നെ, പുരാതനഗ്രന്ഥങ്ങളെന്നും നവീനഗ്രന്ഥങ്ങളെന്നും ബൈബിളിനെ രണ്ടായി വിഭജിക്കാം. മോശയ്ക്കുശേഷം തലമുറകള്‍ കടന്നുപോയപ്പോള്‍ നിയമത്തിന്റെ വ്യക്തമായ വ്യാഖ്യാനം പടിപടിയായി വികലമാക്കപ്പെട്ടു. ആചാരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതിലും ഇതേ വ്യതിയാനം സംഭവിച്ചു. അങ്ങനെ നിയമങ്ങളും അനുഷ്ഠാനങ്ങളും വ്യാഖ്യാനിക്കുന്നതില്‍ മാനുഷീകത കടന്നുവന്ന് ദുഷിക്കപ്പെട്ടു. മോശയുടെ നിയമങ്ങളില്‍നിന്നു വഴിമാറി, മാനുഷികപാരമ്പര്യങ്ങളെ സ്വീകരിച്ചതാണ്‌ പുരാതന യിസ്രായേലിനു സംഭവിച്ച മൂല്യച്യുതി. ക്രിസ്തു അത് പരിഹരിച്ചപ്പോള്‍ നവീന യിസ്രായേല്‍ സ്ഥാപിതമായി! അതാണ്‌ ക്രിസ്തുവിന്റെ സഭ!

നിയമം അനുസരിക്കുന്നതിനേക്കാള്‍ ആചാരാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരുന്ന യെഹൂദരെ യേഹ്ശുവാ കുറ്റപ്പെടുത്തി. അത് ആചാരങ്ങള്‍ മോശമായിരുന്നതുകൊണ്ടല്ല; മറിച്ച്, കൂടുതല്‍ പ്രാധാന്യമുള്ളവ അവഗണിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങളെയാണ് വിമര്‍ശിച്ചത്! ഒരു നിയമങ്ങളെയും അസാധുവാക്കാതെ ആചാരങ്ങളെക്കുറിച്ചുള്ള അജ്ഞത അനാവരണം ചെയ്യുകയായിരുന്നു മനുഷ്യപുത്രന്‍ ചെയ്തത്! ആന്തരീകമായതിനെ മാറ്റിനിര്‍ത്തി ബാഹ്യമായ അനുഷ്ഠാനങ്ങളെ മുറുകെപ്പിടിക്കുന്ന ഫരിസേയര്‍ക്കെതിരെ യേഹ്ശുവാ പറഞ്ഞ വചനം നോക്കുക: "നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്- മറ്റുള്ളവ അവഗണിക്കാതെതന്നെ"(മത്താ: 23; 23). അപ്രധാനമായവയെ അവഗണിക്കണം എന്നല്ല; മറിച്ച്, ഓരോന്നിനും അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നാണ് യേഹ്ശുവാ പറഞ്ഞത്.

മത്തായി എഴുതിയ സുവിശേഷത്തിലെ ഇരുപത്തിമൂന്നാം അദ്ധ്യായം വായിച്ചാല്‍ വ്യക്തമാകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇവിടെ ഫരിസേയരുടെ കപടനാട്യത്തെക്കുറിച്ചും വചനം വ്യാഖ്യാനിക്കുന്നതില്‍ വന്ന വീഴ്ചകളെക്കുറിച്ചുമാണ് വ്യക്തമാക്കുന്നത്. വ്യാഖ്യാനത്തിലെ പരാജയംമൂലം വചനത്തിലെയും നിയമത്തിലെയും പവിത്രത ചോര്‍ന്നുപോയി. ഇതു പരിഹരിക്കുകയെന്നത് യേഹ്ശുവായുടെ ദൗത്യയമായിരുന്നു. മാത്രവുമല്ല, അന്നുവരെ അശുദ്ധമായിരുന്ന ചിലതെല്ലാം യേഹ്ശുവാ വഴി വിശുദ്ധീകരിക്കപ്പെടുകയും അതൊരു പുതിയനിയമം ആകുകയും ചെയ്തു. യേഹ്ശുവായുടെ വചനം സകലത്തെയും വിശുദ്ധീകരിക്കുന്നതിനാലാണ് അവിടുത്തെ വാക്കുമൂലം ഇത് സാധ്യമായത്.

ഇപ്രകാരം വചനംമൂലം വിശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ ശ്രദ്ധിക്കുക: "നിങ്ങള്‍ കേട്ടുമനസ്സിലാക്കുവിന്‍; വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്ന് നീ അറിയുന്നുവോ? അവന്‍ മറുപടി പറഞ്ഞു: എന്റെ സ്വര്‍ഗ്ഗീയപിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും. അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 11-14).

നിയമം മോശവഴി നല്‍കപ്പെട്ടതിനുശേഷം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് യേഹ്ശുവാ മനുഷ്യനായി പിറന്നത്. ഈ കാലയളവില്‍ വന്നുഭവിച്ച മാറ്റങ്ങള്‍ നിയമത്തിലൂടെ നല്‍കപ്പെട്ട ആചാരങ്ങളിലെ അന്തഃസത്ത ചോര്‍ത്തിക്കളഞ്ഞു. അതുകൊണ്ടുതന്നെ, പ്രവചനങ്ങള്‍ കണ്‍മുമ്പില്‍ നിറവേറപ്പെട്ടിട്ടും യെഹൂദര്‍ തിരിച്ചറിഞ്ഞില്ല. പ്രവചനങ്ങളെയും നിയമത്തെയും വ്യാഖ്യാനിച്ചു നല്‍കുന്നതില്‍ പുരോഹിതരും ആചാര്യന്മാരും ഒന്നുപോലെ പരാജയപ്പെട്ടു. ബാഹ്യമായ ആചാരങ്ങള്‍ക്കപ്പുറമുള്ള ആന്തരീകമായ അര്‍ത്ഥവും വ്യാപ്തിയും ഗ്രഹിക്കാതെ നാടകീയമായ ജീവിതരീതിയിലേക്ക് യെഹൂദജനം അധഃപതിച്ചതിനാലാണ്, പുരോഹിതരെ നോക്കി 'വെള്ളയടിച്ച കുഴിമാടങ്ങള്‍' എന്ന് യേഹ്ശുവാ വിളിക്കുന്നത്!

ഇതിന്റെ തനിയാവര്‍ത്തനത്തിലാണ് ഇന്നത്തെ ചില ക്രൈസ്തവസഭകള്‍. പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കൊണ്ട് യെഹൂദരില്‍ വന്നുഭവിച്ചതിനേക്കാള്‍ ആത്മീയ വ്യതിചലനം ഇരുപത്തിയൊന്നു നൂറ്റാണ്ടുകള്‍ക്കൊണ്ട് ക്രിസ്തീയസഭകളില്‍ സംഭവിച്ചു. മോശയുടെ കാലത്ത് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ഉണ്ടായിരുന്ന തീഷ്ണതയില്‍നിന്ന് മ്ശിഹായുടെ കാലഘട്ടമായപ്പോഴേക്കും ജനം എത്രത്തോളം അകന്നുവോ അതിലേറെ വ്യതിചലിച്ച പാതയിലാണ് ക്രൈസ്തവര്‍ ഇന്നുള്ളത്. വ്യക്തമായ ആത്മീയതയില്‍ ഇടംവലം തിരിയാതെ ജീവിക്കുന്ന വിശുദ്ധര്‍ ഇന്നും ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല. അതുപോലെതന്നെ മ്ശിഹായുടെ കാലത്തും നീതിമാന്മാരായ യഹൂദരുണ്ടായിരുന്നു. അത്തരത്തിലൊരു കുടുംബത്തിലായിരുന്നുവല്ലോ അവിടുത്തെ ജനനവും!

ആദ്യനൂറ്റാണ്ടിലെ ക്രൈസ്തവ ചൈതന്യവും കൂട്ടായ്മയും പങ്കുവയ്ക്കലും ഇന്നത്തെ ക്രിസ്ത്യാനികളില്‍ ഇല്ലെന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മ്ശിഹായില്‍നിന്ന് നേരിട്ട് പഠിച്ച ക്രിസ്തീയതയായിരുന്നു അവരുടെ ഊര്‍ജ്ജം. ഈ അപ്പസ്തോലന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന സഭകള്‍ക്ക് പേരില്‍ മാത്രമെ അതു നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളു. കാലാകാലങ്ങളില്‍ മാറ്റം വരുത്തണമെന്നു വാദിക്കുന്നവര്‍ ഒരുകാര്യം മറക്കരുത്; ഇതുതന്നെയായിരുന്നു യഹൂദരില്‍ പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കൊണ്ട് സംഭവിച്ചത്! ഈ മാറ്റത്തെ സ്വര്‍ഗ്ഗവും ദൈവവും അംഗീകരിച്ചില്ല എന്നത് യഹൂദരുടെ ചരിത്രത്തില്‍നിന്നുതന്നെ മനസ്സിലാക്കാം. അങ്ങനെയെങ്കില്‍ അപ്പസ്തോലന്മാരുടെ നാളുകളില്‍ ക്രൈസ്തവരുടെ ജീവിതവും വചനത്തിലുള്ള ബോധ്യവും എപ്രകാരം ആയിരുന്നുവോ അതു തുടരുകയെന്നതാണ് ദൈവഹിതം!

അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുകയും വിജാതിയ പാരമ്പര്യത്തിനുവേണ്ടി മുറവിളികൂട്ടുകയും ചെയ്യുന്നവര്‍ ദൈവവചനത്തിന്റെ ശത്രുക്കളാണ്. നാടിന്റെ സംസ്കാരമെന്ന വ്യാജേന വിഗ്രഹസംസ്കാരം അശ്ലേഷിക്കുന്നവര്‍ ക്രിസ്തുവിനേയും അപ്പസ്തോലന്മാരെയും പുച്ഛിക്കുകയാണു ചെയ്യുന്നത്! യേഹ്ശുവായുടെ അപ്പസ്തോലനായ പൌലോസ് പറഞ്ഞത്; "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ് ദൈവത്തിനല്ല"(1കോറി: 10; 20)എന്നാണ്! അങ്ങനെയെങ്കില്‍ വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെ പിശാചിന്റെ ആചാരങ്ങളല്ലെ സ്വീകരിക്കുന്നത്?! പിശാചില്‍നിന്ന് കടം കൊള്ളേണ്ടവിധം ദൈവത്തിന്റെ ആലയം ദരിദ്രമാണോ? പിശാചില്‍നിന്ന് പഠിച്ച് ദൈവത്തെ ആരാധിക്കേണ്ട അവസ്ഥയാണെങ്കില്‍ പിശാചല്ലേ കുറേക്കൂടി ശ്രേഷ്ഠന്‍? ഇതുതന്നെയാണ് സാത്താനും ആഗ്രഹിക്കുന്നത്. വിജാതിയര്‍ക്കുമുന്നില്‍ മ്ശിഹായെയും ക്രിസ്തീയതയെയും അപകീര്‍ത്തിപ്പെടുത്തുകയെന്ന രഹസ്യ അജണ്ടയാണ്, സഭയില്‍ കടന്നുകൂടിയിരിക്കുന്ന 'വ്യാജന്മാര്‍' നടപ്പാക്കുന്നത്!

സഭയിലെ ചില 'പരിഷ്കാരികള്‍ക്ക്' ദൈവവും ക്രിസ്തുവും മോശയും പൌലോസുമൊക്കെ പഴഞ്ചന്മാരാണ്! എന്നിട്ട് സ്വന്തം ജല്പനങ്ങള്‍ക്ക് 'ആധുനിക ദൈവശാസ്ത്രം' എന്നു പേരുമിട്ടു! എന്നാല്‍, ഇത്തരം ആഭാസങ്ങളില്‍ അകപ്പെടാതെ ഇവയെ എതിര്‍ക്കുന്ന വിശുദ്ധരായ വൈദീകര്‍ കത്തോലിക്കാസഭയിലും ഇതര സഭകളിലുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരുടെ ശബ്ദങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് 'പൈശാചികലോബി'യുടെ സ്വാധീനം! സഭാനേതൃത്വങ്ങളെ ബന്ദികളാക്കി ഭരണം കൈയ്യാളുന്ന സാത്താന്യശക്തികളെ എതിരിടാന്‍ അത്മായശബ്ദം ഉണര്‍ന്നില്ലെങ്കില്‍ നേരിടാനിരിക്കുന്നത് ഭീകരമായ ദുരന്തത്തെയായിരിക്കും.

യിസ്രായേല്‍ജനത ദൈവീകനിയമങ്ങളില്‍നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം അവരുടെ ഇടയിലേക്ക് പ്രവാചകന്മാരെ ദൈവം അയച്ചു. എന്നാല്‍, അന്നത്തെ പുരോഹിതരും പ്രമാണികളും ഇവരെ പീഡിപ്പിക്കുകയും വധിക്കുകയുമാണ് ചെയ്തത്. പ്രവാചക ദൌത്യങ്ങളുടെ പരിസമാപ്തിയിലാണ് യേഹ്ശുവാ വന്നതെന്ന് നമുക്കറിയാം. യേഹ്ശുവായ്ക്കുമുമ്പ് അവസാനമായി വന്ന പ്രവാചകനായ സ്നാപകയോഹന്നാനെയും വധിച്ചുകളഞ്ഞു.

ഇന്നത്തെ ക്രൈസ്തവസഭയെ സസൂക്ഷ്മം വീക്ഷിച്ചാല്‍ ഇവിടെയും ചരിത്രം ആവര്‍ത്തിക്കുന്നതു കാണാം. യഥാര്‍ത്ഥ ക്രിസ്തീയ ചൈതന്യത്തില്‍നിന്ന് വ്യതിചലിച്ച് സഭ കളങ്കപ്പെടുമ്പോള്‍ ശുദ്ധീകരണത്തിന്റെ സന്ദേശവുമായി ചിലരെ ദൈവം തിരഞ്ഞെടുത്ത് അയക്കാറുണ്ട്. പ്രവാചക കാലത്തെന്നപോലെ വധിക്കാന്‍ സാമൂഹിക പശ്ചാത്തലം ഇല്ലാത്തതുകൊണ്ടും രാജ്യഭരണവും നിയമങ്ങളും സഭയുടെ അധീനതയില്‍നിന്ന് മാറ്റപ്പെട്ടതുകൊണ്ടും അതു ചെയ്യുന്നില്ല. എങ്കിലും ഇതിനു ബദലായി, സഭയില്‍നിന്ന് പുറത്താക്കലും സാമൂഹികമായ ഒറ്റപ്പെടുത്തലുംകൊണ്ട് പീഡിപ്പിക്കുകയാണു ചെയ്യുന്നത്. സഭയുടെ ആധിപത്യം ഭരണതലത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ 'ഗലീലിയോ'യില്‍ അവസാനിക്കുകയില്ലായിരുന്നു ഇവരുടെ ക്രൂരതകള്‍!

യേഹ്ശുവായുടെ രണ്ടാം വരവിന്റെയും ലോകാന്ത്യത്തിന്റെയും അടയാളമായി ഇതിനെയും ഗണിക്കാവുന്നതാണ്. കാരണം, അത്തിമരത്തില്‍നിന്നു പഠിക്കണമെന്നാണല്ലോ യേഹ്ശുവാ പറഞ്ഞത്. അന്നത്തെ ഇസ്രായേല്‍ ജനതയുടെ തുടര്‍ച്ചയായ ക്രിസ്തീയ സഭകളും അത്തിമരത്തിന്റെ ഭാഗംതന്നെയാണ്. അനേകം പ്രവാചകന്മാര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ അന്ത്യത്തിലായിരുന്നു യേഹ്ശുവാ അയക്കപ്പെട്ടത്. ഇപ്പോഴത്തെ പീഡനങ്ങളും അവിടുത്തെ കാലൊച്ചയായിത്തന്നെ കാണണം!

ഒരു സാധാരണ ദൈവഭക്തനു ലഭിക്കുന്ന വെളിപാടുകളെ സംശയത്തോടെയും അവജ്ഞയോടെയും കാണുന്നവരാണ് അന്നത്തെപ്പോലെ ഇന്നത്തെയും പുരോഹിതവര്‍ഗ്ഗം! അംഗീകാരം മരണാനന്തര ബഹുമതിയായി നല്‍കുകയെന്നതാണ് സഭയുടെ രീതി. മരണംവരെ പീഡിപ്പിക്കുകയും കഴിയുന്നത്ര അവഗണിക്കുകയും ചെയ്ത് പിന്നീട് വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമൊക്കെയായവരെ നമുക്കറിയാം. അല്‍ഫോന്‍സാമ്മപോലും ഇവരില്‍പ്പെടും!

മരണാനന്തരം നല്‍കുന്ന ബഹുമതി സഭയുടെ വരുമാന മാര്‍ഗ്ഗവുംകൂടി ആയതിനാല്‍ ഇതിന് വളരെ പ്രാധാന്യം കൊടുക്കാനും മറക്കാറില്ല. ജീവിച്ചിരുന്ന നാളുകളില്‍ കിടന്നുറങ്ങാന്‍ ഒരു നല്ല കട്ടിലുപോലും നല്‍കാത്തവര്‍ മരണാനന്തരം ഇവരുടെ പ്രതിമയില്‍ സ്വര്‍ണ്ണം പൂശുന്നത്, അതുവഴി ലഭിക്കാന്‍ പോകുന്ന വരുമാനത്തെ ലക്ഷ്യം വച്ചുകൂടിയാണ്! ഭാരത 'സഭയുടെ പൊന്മുത്തെ' എന്നൊക്കെ വാഴ്ത്തിപ്പാടുന്നതു കേട്ട് അല്‍ഫോന്‍സാമ്മ പറുദീസായിലിരുന്ന് ചിരിക്കും. കാരണം, ഇന്നു വാഴ്ത്തുന്നവരില്‍ പലരും അന്നു 'വീഴ്ത്താന്‍' നോക്കിയവരായിരുന്നു എന്ന സത്യം സ്മരിക്കുന്നതുകൊണ്ട്!

ഇത്രയേറെ ദൈവശാസ്ത്രം പഠിച്ച തങ്ങളൊക്കെ ഈ ഭൂമിയിലുള്ളപ്പോള്‍ ദരിദ്രരും സാധാരണക്കാരുമായ പാമരന്മാരിലൂടെ ദൈവത്തിനു സംസാരിക്കേണ്ടതുണ്ടോ എന്നാണ് ശ്രേഷ്ഠന്മാരുടെ ആലോചന!

ഇസ്രായേല്‍ജനം റോമന്‍ അധിനിവേശത്തില്‍ കഴിയുന്ന കാലത്താണ് യേഹ്ശുവാ അവരുടെ ഇടയിലേക്ക് വന്നത്. ഈ അടിമത്വത്തിന്റെ കാരണം, അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ചട്ടങ്ങളില്‍നിന്നും നിയമങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിരുന്നു. ഇടംവലം വ്യതിചലിക്കാതെ പാലിക്കണമെന്ന് കല്പിച്ചുകൊണ്ടായിരുന്നല്ലോ മോശയിലൂടെ ദൈവം പ്രമാണങ്ങള്‍ നല്‍കിയിരുന്നത്! മുന്‍കാലങ്ങളിലൊക്കെയും ഇത്തരം വ്യതിചലനങ്ങളും അതുമൂലമുള്ള പ്രഹരങ്ങളും ഇസ്രായേലില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പന്ത്രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് പൂര്‍ണ്ണമായി അധഃപതിച്ച സ്ഥിതിയിലായി ഈ ജനം!

വഴിതെറ്റിപ്പോയ ഇസ്രായേലിനെ നേര്‍വഴിക്കു നയിക്കുന്നതിനും നിയമത്തെ പൂര്‍ത്തീകരിക്കുന്നതിനുമാണ് ദൈവപുത്രനായിരുന്ന യേഹ്ശുവാ മനുഷ്യപുത്രനായി കടന്നുവന്നത്. ഈ സത്യം യേഹ്ശുവാതന്നെ വെളിപ്പെടുത്തുന്നുമുണ്ട്. ആ വചനം ഏതാണെന്നു നോക്കുക: "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്"(മത്താ: 15; 24). ദൈവത്തില്‍നിന്നു വന്ന യേഹ്ശുവാ വെറുംവാക്കു പറയുകയില്ല. ഇതു മനസ്സിലാക്കാതെ ഇസ്രായേലിനെയും യഹൂദനെയും തള്ളിപ്പറയുന്ന ക്രൈസ്തവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. മുഴുവന്‍ യഹൂദരും യേഹ്ശുവായെ തള്ളിക്കളഞ്ഞുവെന്നു ചിന്തിക്കുന്നവര്‍, പന്ത്രണ്ട് അപ്പസ്തോലന്മാരെയും ആദ്യത്തെ ക്രൈസ്തവസമൂഹത്തിലെ നൂറ്റിയിരുപത് വ്യക്തികളെയും തിരിച്ചറിയണം. പത്രോസിന്റെ ആദ്യപ്രസംഗം കേട്ട് ഒറ്റദിവസംതന്നെ ജ്ഞാനസ്നാനം സ്വീകരിച്ച മൂവായിരം ആളുകളും യഹൂദരായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.

ചിതറിക്കപ്പെട്ട ഇസ്രായേലിനെത്തേടി അപ്പസ്തോലന്മാരുടെ യാത്ര!

ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇസ്രായേല്‍ജനത ഭൂമിയുടെ വിവിധ കോണുകളിലേക്ക് ചിതറിക്കപ്പെട്ടിരുന്നു. കച്ചവടങ്ങള്‍ക്കും മറ്റുമായി യഹൂദര്‍ വിദേശരാജ്യങ്ങളില്‍ പാര്‍ത്തിരുന്നതിന് ചരിത്രപരമായ അനേകം തെളിവുകളുണ്ട്. പലഘട്ടങ്ങളിലായി വിദേശികളുടെ അധിനിവേശം ഇസ്രായേലില്‍ ഉണ്ടായപ്പോഴൊക്കെ സ്വദേശികളില്‍ പലര്‍ക്കും പലായനം ചെയ്യേണ്ടി വന്നിരുന്നു. ബൈബിളിലും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ! പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടവരും അനേകരാണ്!

ഇസ്രായേല്‍ജനത റോമന്‍ ആധിപത്യത്തിനു കീഴിലായിരിക്കുമ്പോഴാണ് യേഹ്ശുവാ വന്നതെന്നു നാം കണ്ടു. അതിനാല്‍ത്തന്നെ, അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും ഈ കാലഘട്ടത്തിലായിരുന്നു എന്നത് വ്യക്തം!

അപ്പസ്തോലന്മാര്‍ വചനശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തത് യഹൂദര്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളെയായിരുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ ചരിത്രവഴി പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. പ്രേഷിതയാത്രകള്‍ കടന്നുപോയ വഴികളെ സൂക്ഷമതയോടെ വീക്ഷിച്ചാല്‍, യഹൂദരെ ഉന്നംവച്ചുള്ള യാത്രകളായിരുന്നു ഇവയെല്ലാമെന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്!

ക്രിസ്തീയതയുടെ ആഗോളചരിത്രത്തിലേക്ക് കടക്കാതെ ഭാരതക്രൈസ്തവ ചരിത്രത്തിന്റെ നാള്‍വഴികളെ പഠിക്കുന്നതാണ് കൂടുതല്‍ ഉത്തമം. കാരണം, ഭാരതത്തിലെയും വിശിഷ്യാ കേരളത്തിലെയും ക്രിസ്തീയ ചരിത്രത്തെക്കുറിച്ചാണ് അബദ്ധങ്ങളുടെ ഘോഷയാത്രതന്നെ ഉള്ളത്. പാടിപ്പതിഞ്ഞ തെറ്റുകള്‍ 'പൊടിപ്പും തൊങ്ങലും' ചേര്‍ത്ത് പ്രചരിപ്പിച്ചതിലൂടെ മായ്ക്കാനാകാത്തവിധം അബദ്ധങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഭാവിതലമുറയെ അപകടത്തില്‍ വീഴ്ത്താന്‍ ഉതകുന്ന വലിയ തെറ്റുകള്‍ ഇതിലുണ്ട്.

ലോകത്തില്‍ അറിവു വര്‍ദ്ധിക്കുകയും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ പുതുയുഗം തുറക്കുകയും ചെയ്യുമ്പോള്‍, അറിഞ്ഞതൊന്നും സത്യമായിരുന്നില്ലെന്നു തിരിച്ചറിഞ്ഞാല്‍ വിശ്വാസംപോലും നഷ്ടപ്പെട്ടുപോകാം. അബദ്ധപ്രചാരകരുടെ ലക്ഷ്യവും ഇതുതന്നെ!

കേരളത്തിലെ ആദ്യത്തെ ക്രൈസ്തവര്‍ യഹൂദരില്‍നിന്നുതന്നെ!

ഇസ്രായേല്‍ ഗോത്രത്തിലെ കാണാതെപോയ ആളുകളെയാണ് തൃശൂരിലെ പാലയൂരില്‍ തോമാശ്ലീഹാ കണ്ടെത്തുന്നത്. യഹൂദരുടെ പിന്‍ഗാമികളാണെന്ന ചിരസ്മരണയും അരമായഭാഷയുടെ ഉപയോഗവും ഇസ്രായേലില്‍നിന്ന് ഒരു രക്ഷകന്‍ വരുമെന്നുള്ള ദൃഢപ്രതീക്ഷയുമാണ് തോമാശ്ലീഹായിലേക്ക് ഇവരെ ആകൃഷ്ടരാക്കിയതും ക്രിസ്തുമാര്‍ഗ്ഗം സ്വീകരിക്കാന്‍ പാലയൂര്‍ ജൂതന്മാരെ പ്രേരിപ്പിച്ചതും.

എന്നാല്‍, ഇവര്‍ ബ്രാഹ്മണരായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിനുപിന്നില്‍ നിക്ഷിപ്തമായ താത്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളുമുണ്ട്. ഇതിലെ യാഥാര്‍ത്ഥ്യം ഈ തലമുറയെ അറിയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. അതിനുവേണ്ടിയാണ് ചരിത്രത്തിന്റെ ശവക്കല്ലറകള്‍ തുറന്നുള്ള ഈ 'റി പോമോസ്റ്റ്മോര്‍ട്ടം'! ക്രിസ്തീയതയെ ഹൈന്ദവത്വത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ പരിശ്രമിക്കുന്ന സത്യനിഷേധികള്‍ക്ക് ഭാവിതലമുറയുടെ വിശ്വാസം സംരക്ഷിക്കേണ്ട ആവശ്യമില്ല. അവരില്‍ അവസാനിക്കുന്ന തലമുറയുടെ അവസാന കണ്ണിയാണല്ലോ അവര്‍! 'ഹിന്ദു' എന്നപേരില്‍ ഒരു മതമുണ്ടായിട്ട് രണ്ടു നൂറ്റാണ്ടുകള്‍പോലും തികഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം കഥ ചമയ്ക്കുന്നവര്‍ അറിഞ്ഞിട്ടില്ല! മാത്രവുമല്ല, ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുന്നവര്‍ക്ക് ജാതിവ്യവസ്ഥ കേരളത്തില്‍ ഉടലെടുത്ത കാലവും അറിയില്ല! എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ ഉടലെടുത്ത ജാതിവ്യവസ്ഥയുടെ ഭാഗമാണ് നമ്പൂരിമാര്‍! A.D. 52-ല്‍ തോമാശ്ലീഹാ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ബ്രാഹ്മണര്‍ എന്നൊരു വിഭാഗം ഉണ്ടായിരുന്നില്ല. ബുദ്ധമതക്കാരും ജൈനമതക്കാരും യഹൂദരുമായിരുന്നു കേരളത്തിലെ ജനവിഭാഗങ്ങള്‍! ഈഴവര്‍ എന്ന വിഭാഗം ബുദ്ധമതത്തിന്റെ ഒരു ശാഖയാണ്‌!

അബദ്ധങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുന്നവരും കേട്ടറിഞ്ഞ ചരിത്രങ്ങളിലെ സത്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ തെറ്റിദ്ധാരണകളില്‍ ജീവിക്കുന്നവരും ഇന്നുണ്ട്. ഇവര്‍ ഇരുകൂട്ടരും സത്യത്തിനു ശവക്കുഴിയൊരുക്കുന്ന അപകടകാരികളാണ്. ക്രിസ്തീയസഭകളില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിച്ച സംഘപരിവാര്‍ ശക്തികളാണ് നമ്പൂരിവാദത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഹിന്ദുമതത്തിന് ഇല്ലാത്ത പഴക്കം ഉണ്ടാക്കിയെടുക്കുകയും, ക്രിസ്തീയതയുടെ ഉത്പത്തിയെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് ഇവരുടെ ലക്‌ഷ്യം. വിവിധ ജാതികളെ ഒരുമിച്ചുചേര്‍ത്ത് ഹിന്ദു എന്നൊരു മതമുണ്ടാക്കാന്‍ ശ്രമമാരംഭിച്ചത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയിലാണ്. തങ്ങളില്‍നിന്നു രൂപപ്പെട്ട വിഭാഗമാണ്‌ ക്രിസ്തുമതക്കാര്‍ എന്നു വരുത്തിത്തീര്‍ക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്വമായി. ഇന്ത്യയിലെ അടിസ്ഥാനമതം ഹിന്ദുമതമാണെന്നു സ്ഥാപിക്കണമെങ്കില്‍ ഈ വ്യാജപ്രചരണങ്ങള്‍ അനിവാര്യവുമാണ്‌.

ക്രൈസ്തവസഭകളില്‍ കയറിക്കൂടിയിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന വ്യാജപ്രചരണങ്ങളില്‍ വഞ്ചിക്കപ്പെട്ട ക്രിസ്ത്യാനികള്‍ തങ്ങളുടെ നമ്പൂരിപാരമ്പര്യത്തില്‍ നിലകൊള്ളുന്നു. ഈ പാരമ്പര്യത്തെ സ്ഥിരീകരിക്കാനായി കഥകള്‍ ചമയ്ക്കുകയും ചെയ്യുന്നു. AD 52-ല്‍ ഇന്ത്യയില്‍ വന്ന അപ്പസ്തോലനായ തോമസാണ് തങ്ങളെ ക്രിസ്ത്യാനികളാക്കിയതെന്ന വാദം ഒരുവശത്തു നിലനില്‍ക്കുമ്പോള്‍, തോമാശ്ലീഹായ്ക്ക് ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായ നമ്പൂരി സമുദായമാണ് തങ്ങളുടെ പൈതൃകമെന്ന് അവകാശപ്പെടുന്നതിലെ സാംഗത്യം എന്താണ്? പരിഷ്കൃത സമൂഹത്തിനു മുന്‍പില്‍ അപഹാസിതരാകുന്നത് ഇവര്‍ തിരിച്ചറിയുന്നില്ല. നമ്പൂരി പാരമ്പര്യം എന്ന കോമാളിവേഷം അഴിച്ചുവയ്ക്കാന്‍ ഇനിയെങ്കിലും മാര്‍ത്തോമാ നസ്രാണികള്‍ തയ്യാറാകണം!

A.D. 52-ലാണ്, തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതെന്ന് നമുക്കെല്ലാം അറിയാം. തോമാശ്ലീഹ ഇന്ത്യയില്‍ വന്നില്ലെന്നു വാദിക്കുന്ന ചിലര്‍ പുതുതലമുറയിലുണ്ട്. ചില വികലമായ അറിവുകളില്‍ നിന്നുകൊണ്ട് സ്വയം ജ്ഞാനിയായി പ്രഖ്യാപിക്കുന്ന ചരിത്രാന്വേഷണ നാട്യക്കാരാണിവര്‍. കപ്പല്‍ യാത്രകളിലെ വൈഷമ്യങ്ങളും മറ്റിതര യാത്രകളുടെ ദുഷ്കരാവസ്ഥയും നിരത്തി, വാദങ്ങളുയര്‍ത്തുന്ന ഇവര്‍ 'ഓഷ്യോളജിക്കല്‍ ' അറിവുകളില്‍ ശിലായുഗത്തിലാണെന്നു പറയാതെവയ്യാ! ഹനുമാന്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് ചാടിക്കടന്നുവെന്നും, മരുന്നിന്റെ പേരു മറന്നതിനാല്‍ 'മല' ഒന്നടങ്കം ചുമന്നുകൊണ്ട് വന്നുവെന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ചില വിദ്വാന്മാര്‍ക്ക്, തോമാശ്ലീഹ ഇന്ത്യയിലേക്ക് കപ്പല്‍യാത്ര ചെയ്തത് യുക്തിസഹമല്ലാത്തതിലെ യുക്തിയാണ് മനസ്സിലാകാത്തത്!

തോമാശ്ലീഹ വന്നിറങ്ങിയ കൊടുങ്ങല്ലൂര്‍ (മുസ്സിരീസ്) അക്കാലത്ത് അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ നഗരമായിരുന്നു. 'മുസ്സിരിസ്' റോമന്‍ വാണിജ്യത്തിന്റെ പ്രധാന കേന്ദ്രം ആയിരുന്നുവെന്നും ഇവിടെ 'അഗസ്റ്റസ്' ദൈവാലയം ഉണ്ടായിരുന്നതായും ചരക്കുകള്‍ സംരക്ഷിക്കാന്‍ റോമന്‍ പട്ടാളക്കാര്‍ അവിടെ കാവല്‍ നിന്നിരുന്നതായും പറയുന്നു.

പുരാതനകാലം മുതല്‍ക്കെ ഈജിപ്തില്‍നിന്നും കപ്പലുകള്‍ ഇന്ത്യയില്‍ വരികയും പോവുകയും ചെയ്തിരുന്നു. തുറമുഖ നഗരം കൊടുങ്ങല്ലൂര്‍(മുസ്സിരീസ്) ആയിരുന്നുവെന്ന് ചരിത്രരേഖകള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍, എഴുതിവച്ച രേഖകള്‍ കേരള ചരിത്രത്തെ സംബന്ധിച്ച് ഇല്ലെന്നുള്ളതാണ് വസ്തുത! 'ആര്‍ക്കിയോളജി' വിഭാഗം ഇക്കാലങ്ങളില്‍ കണ്ടെത്തുന്നവയാണ് പ്രധാന തെളിവുകള്‍! ഇവിടെയാണ് പാരമ്പര്യമായ വിശ്വാസങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇന്നത്തെ കപട ചരിത്രകാരന്മാര്‍ യുക്തിയുടെ 'മറ' പിടിച്ച് യാതൊരു യുക്തിയുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പാരമ്പര്യത്തെ ഖണ്ഡിക്കുകയാണ്. സമുദ്രശാസ്ത്രമോ, ഭൂമിശാസ്ത്രമോ, കാലാവസ്ഥാശാസ്ത്രമോ അന്വേഷിക്കാന്‍ ശ്രമിക്കാതെ ഇവരെ കേള്‍ക്കുന്നവര്‍ വഴിതെറ്റും.

ഈജിപ്തില്‍നിന്ന് മണ്‍സൂണ്‍ കാറ്റിന് ഇന്ത്യയിലെത്താന്‍ നാല്‍പ്പതു ദിവസം മതി. അതായത്, ഒരു പായ്കപ്പലിന് ഈജിപ്തില്‍നിന്ന് ഇന്ത്യന്‍ തീരത്തെത്താന്‍ നാല്‍പ്പത് ദിവസം! 'നാവിഗേഷനും' മറ്റ് ആധുനിക സൌകര്യങ്ങളും ഇപ്പോള്‍ ലഭ്യമായതിനാല്‍, ഇരുപത്തിയേഴു ദിവസംകൊണ്ട് ഈജിപ്തിന്റെ തീരത്തുനിന്ന് ഇന്ത്യന്‍ തീരത്ത് എത്താന്‍ കഴിയും! യേഹ്ശുവായുടെ മരണത്തിനും ഉയിര്‍പ്പിനുംശേഷം പത്തൊമ്പതാമത്തെ വര്‍ഷം തോമാശ്ലീഹായ്ക്ക് ഇന്ത്യയിലെത്താന്‍ സാധ്യമായില്ലെന്ന യുക്തി ചില ഗൂഢമായ ഉദ്ദേശത്തോടെ ഉള്ളതാണ്.

ക്രിസ്തുവര്‍ഷത്തിനുമുമ്പും അതിന് ഏതാനും ശതാബ്ദങ്ങള്‍ക്കുശേഷവും ലോകത്തെ പ്രമുഖരായ സഞ്ചാരികളും ശാസ്ത്രജ്ഞന്മാരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. മെഗസ്തനീസ്, പെരിപ്ലസിന്റെ കര്‍ത്താവ്, പ്ലീനി, ടോളമി, ഫായിയാന്‍, ഹുന്‍സാങ് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. 'മെഗസ്തനീസ്' എന്ന ഗ്രീക്കുസഞ്ചാരിയാണ് ആദ്യം കേരളത്തെക്കുറിച്ച് സൂചന നല്കുന്നത്. 'ചന്ദ്രഗുപ്തമൗര്യന്റെ' കൊട്ടാരത്തിലേക്ക് ബി.സി. 302-ല്‍ സെലൂക്കസ് നിക്കട്ടോര്‍ അയച്ച ഗ്രീക്ക് സഞ്ചാരിയാണ് മെഗസ്തനീസ്. അദ്ദേഹം എഴുതിയ 'ഇന്‍ഡിക്ക' ചരിത്രകാരുടെ സഹായിയാണ്. കേരളത്തിലെ മുത്തുകള്‍, കുരുമുളക്, ചന്ദനം എന്നിവയെക്കുറിച്ച് മെഗസ്തീനിസ് വിവരിക്കുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്നവര്‍ ചരിത്രമെഴുതിയില്ലെങ്കിലും, ഇവിടം സന്ദര്‍ശിച്ചവരില്‍ പലരും ഇവിടുത്തെ അവസ്ഥകള്‍ കുറിച്ചുവച്ചിരുന്നു എന്നതാണ് വസ്തുത!

എ.ഡി. 23-ല്‍ വടക്കേ ഇറ്റലിയില്‍ ജനിച്ച പ്ലീനി, ലോകത്ത് ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ്. കേരളവും റോമും തമ്മിലുള്ള ബന്ധം, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെപ്പറ്റി പ്ലീനിയുടെ പുസ്തകത്തിലുണ്ട്. എ.ഡി. 60-ല്‍ രചിച്ച 'പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ' (ചെങ്കടലിലൂടെയുള്ള പര്യടനം)യുടെ ഗ്രന്ഥകര്‍ത്താവ് അജ്ഞാതനാണ്. അതിലും കേരളത്തെക്കുറിച്ച് വിവരണമുണ്ട്. വിഖ്യാതശാസ്ത്രജ്ഞനും ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര പണ്ഡിതനുമായ ഗ്രീക്കുകാരന്‍ ടോളമി (എ.ഡി. 95-162)യും ചൈനീസ് സഞ്ചാരികളായ ഫാഹിയാന്‍ (എ.ഡി. 399-414)നും, ഹുന്‍സാങ്(എ.ഡി. 629-645) എന്നിവരും കേരളത്തെപ്പറ്റി വിവരം നല്കുന്നു.

ക്രിസ്തുവിന്, നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യയില്‍ പാശ്ചാത്യരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതിന് അനേകം ശേഷിപ്പുകളുണ്ട്. അവയില്‍ ഒന്നുമാത്രമെങ്കിലും എടുത്തു പറയേണ്ടിയിരിക്കുന്നു. 1984-ല്‍ കേരളത്തിലെ 'വളുവള്ളി' മാധവിയമ്മയുടെ പുരയിടത്തില്‍നിന്ന് ആയിരത്തിലധികം സ്വര്‍ണ്ണനാണയങ്ങള്‍ കുഴിച്ചെടുത്തതില്‍ 'നീറോ, അഗസ്റ്റസ്' എന്നിവരെയാണ്, ആലേഖനം ചെയ്തിരുന്നത്. പുരാവസ്തു മ്യൂസിയത്തില്‍ ഇവയില്‍ അഞ്ഞൂറെണ്ണം സൂക്ഷിച്ചിട്ടുണ്ട്. ഇത് വ്യാപാരബന്ധത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ബൈബിളിലെ പഴയനിയമ പുസ്തകത്തില്‍ ഇന്ത്യയുമായി വ്യാപാര ബന്ധമുണ്ടായിരുന്നു എന്ന സൂചനയെ ഉറപ്പിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ള നാണയങ്ങളില്‍ പലതും യേഹ്ശുവായ്ക്കുനമുമ്പ് നിലനിന്നിരുന്നവയാണ്.

ഈ ലേഖനത്തെ ഒരു വലിയ ചരിത്രഗ്രന്ഥമാക്കാന്‍ ഉദ്ദേശിക്കാത്തതുകൊണ്ട് കൂടുതല്‍ ചരിത്രത്തിലേക്ക് കടക്കുന്നില്ല. ഇത്രയും വിവരിച്ചത് കേരളത്തില്‍ ഉണ്ടായിരുന്ന യഹൂദ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടിയാണ്!

തോമാശ്ലീഹായുടെ 'ഇന്ത്യന്‍ മിഷന്‍'!

അപ്പസ്തോലനായ തോമസ് ഇന്ത്യയിലേക്ക് കപ്പല്‍ കയറിയത് ഇവിടെയുള്ള വിജാതിയരെ മാനസാന്തരപ്പെടുത്തി ക്രൈസ്തവരാക്കാന്‍ വേണ്ടിയായിരുന്നില്ല. സുവിശേഷവത്ക്കരണത്തിന്റെ പത്തൊമ്പതാം വര്‍ഷം തോമാശ്ലീഹാ ഇന്ത്യയിലെത്തി. ഈ നാളുകളിലൊന്നും വിജാതിയരോട് സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയിരുന്നില്ല. ജറുസലെമില്‍ സഭ വളര്‍ന്നുവരുന്ന കാലമായിരുന്നു അത്. സ്തെഫാനോസ് വധിക്കപ്പെട്ടതിനുശേഷമാണ് പൌലോസ് പ്രഘോഷണം ആരംഭിച്ചത്. വിജാതിയരോടു സുവിശേഷം അറിയിക്കാനുള്ള ദൌത്യം ഏറ്റെടുത്തത് പൌലോസ് ആയിരുന്നു. വിജാതിയരുടെ അപ്പസ്തോലന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് അദ്ദേഹമായിരുന്നല്ലോ! തോമാശ്ലീഹാ അതിനു മുന്‍പുതന്നെ ഇന്ത്യന്‍ ദൌത്യം ആരംഭിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.

തോമാശ്ലീഹ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് രൂപംകൊടുത്തത് കൊടുങ്ങല്ലൂര്‍, പറവൂര്‍, പാലയൂര്‍, കൊല്ലം, കോതമംഗലം, നിരണം, ചായല്‍ എന്നിവിടങ്ങളിലാണ്. ഇതില്‍ ആദ്യത്തെ ആറ് സ്ഥലങ്ങളിലും യഹൂദരുണ്ടായിരുന്നു. ഇതുമായി കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം ഇന്ത്യക്കാരെ അറിയിക്കുക എന്നതിനേക്കാള്‍, ചിതറിക്കിടക്കുന്ന യഹൂദരെ സത്യം അറിയിക്കുക എന്ന ദൌത്യമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടേത്! കൂട്ടത്തില്‍ വിജാതിയരും സത്യവിശ്വാസം സ്വീകരിച്ചുവെന്നത് വസ്തുതയാണ്. എന്നാല്‍, ഇവരാരും ഹിന്ദുക്കള്‍ ആയിരുന്നില്ല. (ഹിന്ദുവെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു മതം ഈ ഭൂമുഖത്ത് അന്ന് ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം!) വിജാതിയരെക്കുറിച്ച് കരുതലുള്ള ദൈവം, അവരെ രക്ഷിക്കാനായി യഹൂദനെ ആദ്യം ചിതറിച്ചു എന്നും ചിന്തിക്കാം. അല്ലെങ്കില്‍ ചിലരെങ്കിലും പാമ്പിനെയും പഴുതാരയെയും ആരാധിച്ച് നശിക്കുമായിരുന്നു.

തോമാശ്ലീഹായില്‍നിന്ന് മാമോദീസാ സ്വീകരിച്ച് കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് രൂപംകൊടുത്ത കുടുംബങ്ങളാണ് ഗുരുവായൂരിനടുത്ത പാലയൂര്‍ ഗ്രാമത്തിലെ ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയാങ്കല്‍ എന്നിവ. പാലയൂരിനടുത്ത് കുന്ദംകുളം മേഖലയിലെ അരിയന്നൂര്‍, ഇയ്യാല്‍, പോര്‍ക്കളം, കാട്ടകമ്പാല്‍, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ കാണപ്പെടുന്ന കല്ലറകളും കുടക്കല്ലുകളും തൊപ്പിക്കല്ലുകളും ഹൈന്ദവരീതിയില്‍നിന്ന് വ്യത്യസ്തമാണ്. അതായത്, ഇവിടെ ഹൈന്ദവരീതിയില്‍നിന്ന് വേറിട്ട ശവസംസ്കാര രീതികളുള്ള ജനസമൂഹമായിരുന്നു  ഉണ്ടായിരുന്നത് എന്നതിന്, വ്യക്തവും കൃത്യവുമായ തെളിവായി ഇതിനെ സ്വീകരിക്കാം.

ഈ കല്ലറ സംസ്കാരം വയനാട്, ചിത്രദുര്‍ഗയിലെ ബ്രഹ്മഗിരി, ബലൂചിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ കല്ലറ സംസ്കാരത്തോട് സമാനതകളുള്ളതുകൊണ്ട് ഇവയെല്ലാം ഒരേ ജനതയുടെതാണെന്ന് അനുമാനിക്കുന്നു. കല്ലറ സംസ്കാരമുള്ള ലോകത്തിലെ ഏറ്റവും പ്രാചീന ജനവിഭാഗം ഇസ്രായേലികളാണ്. തെന്നിന്ത്യയിലേയും വടക്കുപടിഞ്ഞാറെ ഇന്ത്യയിലെയും കോക്കസ് പര്‍വ്വതനിരകളിലേയും കല്ലറകള്‍ ചിതറിക്കപ്പെട്ട ഇസ്രായേല്‍ ജനതയുടെ സാന്നിദ്ധ്യം അറിയിക്കുന്നു. ബി. സി. ഒന്നാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും യഹൂദര്‍ പാര്‍ത്തിരുന്നു എന്നത് അവിടങ്ങളിലെ കല്ലറകള്‍ വിളിച്ചുപറയുന്നു.

ഈ ചിന്തകള്‍ക്കു ബലമേകുന്ന മറ്റു തെളിവുകളുമുണ്ട്. പശ്ചിമഘട്ട മലയോരങ്ങളില്‍ വസിച്ചിരുന്ന യഹൂദര്‍ അവിടെനിന്നുള്ള മലഞ്ചരക്കുകള്‍ കൊടുങ്ങല്ലൂരില്‍ എത്തിച്ച് പശ്ചിമേഷ്യയില്‍നിന്നും അലക്സാണ്ട്രിയയില്‍നിന്നും എത്തുന്ന വ്യാപാരികള്‍ക്ക് നല്‍കിയിരുന്നു. വയനാട്, നിലമ്പൂര്‍, കോയമ്പത്തൂര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ കാണുന്ന കല്ലറകള്‍, തൃശൂരിലെ ജൂതവ്യാപാരികളുടെ പൂര്‍വ്വീകര്‍ വസിച്ചിരുന്നതിന്റെ ശേഷിപ്പുകളായി അനുമാനിക്കാം.

പാലയൂര്‍ ജൂതന്മാര്‍ തോമാശ്ലീഹായ്ക്ക് ആതിഥ്യമേകിയ യഹൂദസങ്കേതം ഇന്ന് 'യൂദര്‍കുന്ന്' എന്നപേരില്‍ അറിയപ്പെടുന്നു. അപ്പസ്തോലന്‍ പാലയൂരില്‍വച്ച് മാമോദീസാ മുക്കിയത് 'ജൂത' വിഭാഗത്തില്‍പ്പെട്ടവരെയാണ്. യഹൂദന്മാരെപ്പോലെ യാഗങ്ങള്‍ കഴിച്ചിരുന്നതുകൊണ്ട് ഇവര്‍ ഒരു പുരോഹിത വിഭാഗമായും മറ്റുള്ളവര്‍ കരുതിയിരുന്നു. ഈ കുടുംബക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ യഹൂദ പാരമ്പര്യങ്ങളില്‍ പെസഹാപോലെ ചില ആചാരങ്ങള്‍ തുടര്‍ന്നുപോന്നു.

പിന്നീട് ബ്രാഹ്മണ സമുദായം ഉണ്ടായപ്പോള്‍, യാഗം ചെയ്യുന്ന വിഭാഗമായിരുന്നതിനാല്‍ ജൂതരെയും ക്രിസ്ത്യാനികളെയും 'ബ്രാഹ്മണ' ഗണത്തില്‍ പെടുത്തുകയായിരുന്നു. പൊതുവെ ക്രൈസ്തവരില്‍പ്പോലും ഇതിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളുണ്ട്. പാലയൂരില്‍ ക്രിസ്തുമതം സ്വീകരിച്ച ഈ നാലു ജൂത കുടുംബങ്ങളെയല്ലാതെ മറ്റാരെയും തോമാശ്ലീഹാ നേരിട്ട് മാമോദീസാ നല്‍കിയതായി അറിവില്ല. ഇവരായിരുന്നു കേരള ക്രൈസ്തവസഭയുടെ ആദ്യത്തെ കൂട്ടായ്മ.

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച പാലയൂരിലെ ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയാങ്കല്‍ കുടുംബങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ടുകാലം പാലയൂരില്‍ താമസിച്ചതിനുശേഷമാണ് എ. ഡി. 169-ല്‍ അങ്കമാലിയിലേക്ക് താമസം മാറ്റുന്നത്! ഈ മാറ്റത്തിനും വ്യക്തമായ കാരണമുണ്ട്.

റോമന്‍ സാമ്രാജ്യവുമായി ശക്തമായ വാണീജ്യബന്ധം ഉണ്ടായിരുന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമാണ്‌ 'മുസിരിസ്'! ഇവിടെ പാര്‍ത്തിരുന്ന ജൂതരെക്കുറിച്ചും ജൂതക്രിസ്ത്യാനികളെക്കുറിച്ചും റോമന്‍ ഭരണകൂടത്തിന് അറിവ് ലഭിക്കുക സ്വാഭാവികമാണ്. കടുത്ത യഹൂദ-ക്രൈസ്തവ വിരോധിയായിരുന്ന 'ഹര്‍ഡിയന്‍' A.D. 132-ല്‍ റോമന്‍ ചക്രവര്‍ത്തി ആയതോടെ തന്റെ സാമ്രാജ്യ പരിധിയില്‍ ജൂതന്മാര്‍ക്കെതിരെ കടുത്ത മര്‍ദ്ദന മുറകള്‍ അഴിച്ചുവിട്ടിരുന്നു.

പാലയൂര്‍ ഉള്‍പ്പെടുന്ന ചേരരാജ്യത്തിന്റെ അധിപതിക്കും റോമന്‍ അധികാരികളുടെ താക്കീതു ലഭിച്ചതുകൊണ്ടാകാം ജൂതക്രിസ്ത്യാനികള്‍ക്ക് നാടുവിടേണ്ടി വന്നത്. ചേരന്മാരുമായി നല്ല ബന്ധത്തിലായിരുന്ന ഇവര്‍ രാജകല്പന മാനിച്ചാകാം മുസിരീസില്‍നിന്ന് അങ്കമാലിയിലേക്ക് ചേക്കേറിയത്.

ഇവരുടെ പിന്നീടുള്ള ചരിത്രം വളരെ സംഭവബഹുലമായിരുന്നു. വ്യക്തമായ രേഖകളും തെളിവുകളും ജൂതക്രിസ്ത്യാനികളുടെ ചരിത്രത്തിനുണ്ട്. ശങ്കരപുരി കുടുംബം കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ്, കേന്ദ്രീകരിച്ചതെങ്കിലും ഇടുക്കിയിലും, പത്തനംതിട്ടയിലും മറ്റു സമീപ ജില്ലകളിലുമെല്ലാം വ്യാപിച്ചു. പിന്നീട് ഇവരുടെ തലമുറയിലെ ചിലര്‍ മലബാറിലേക്ക് കുടിയേറി. ഈ ലേഖനത്തില്‍ ഒതുങ്ങാത്ത ചരിത്രം ഈ നാലു കുടുംബങ്ങളെ പിന്തുടരുമ്പോള്‍ ഉണ്ടെങ്കിലും നാം ചിന്തിക്കുന്നത് ഇവരുടെ കുടുംബ ചരിത്രമല്ലല്ലോ! ഇത്രയും വിവരിച്ചത് ആദ്യത്തെ ക്രൈസ്തവര്‍ ഹിന്ദുക്കളല്ല എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടിയാണ്. തോമാശ്ലീഹായില്‍നിന്ന് നേരിട്ട് മാമോദീസാ സ്വീകരിച്ചവര്‍ ഈ നാലു കുടുംബക്കാരാണെങ്കിലും ഇവരിലൂടെ അനേകം യഹൂദര്‍ ക്രിസ്തുമതം സ്വീകരിച്ചു. മറ്റിടങ്ങളില്‍ വിട്ടുനിന്നതുപോലെതന്നെ, വളരെ ചുരുക്കം യഹൂദര്‍ മാത്രമെ ഇവിടെയും വിട്ടുനിന്നുള്ളു. അവരില്‍ ചിലരെല്ലാം ഇസ്രായേലിലേക്ക് മടങ്ങിപ്പോകുകയും ശേഷിച്ചവര്‍ മട്ടാഞ്ചേരിയിലും പരിസരത്തുമായി ജീവിക്കുകയും ചെയ്തു. അവസാനത്തെ യഹൂദനും ഇസ്രായേലിലേക്കു മടങ്ങിയതായി ഈ അടുത്തകാലത്ത് വാര്‍ത്തകളുണ്ടായിരുന്നു.

കത്തോലിക്കാസഭയിലെ 'സീറോ മലബാര്‍ ' റീത്തിലാണ് യഹൂദ ക്രൈസ്തവരില്‍ അധികം പേരുമെങ്കിലും ഓര്‍ത്തഡോക്സ്, യാക്കോബായ, മര്‍ത്തോമ, തുടങ്ങിയ എല്ലാ ക്രൈസ്തവസഭകളുടെയും പൂര്‍വ്വീകര്‍ ഇവരാണ്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ആദ്യകാല ക്രൈസ്തവരെല്ലാം യഹൂദരില്‍ നിന്നുള്ളവരായിരുന്നു.

ചുരുക്കമായി വ്യക്തമാക്കുന്ന ഒരുകാര്യം ഇതാണ്: യഹൂദ പാരമ്പര്യമനുസരിച്ചുള്ള ഹോമയാഗാദികള്‍ നടത്തുകയും, താടിയും തലമുടിയും വളര്‍ത്തുകയും ചെയ്തിരുന്ന ഇസ്രായേല്‍ ഗോത്രത്തിലെ ചില കുടുംബക്കാരാണ് ആദ്യമായി മാമോദീസാ സ്വീകരിച്ച് ക്രിസ്ത്യാനികള്‍ ആയത്. ഇസ്രായേല്‍ വിട്ടു പോന്നതിനുശേഷം ഏകദേശം ആറു നൂറ്റാണ്ടുകാലം ഇന്ത്യയില്‍ ജീവിക്കുകയും ആര്യജനങ്ങളുമായി കൂടുതല്‍ സഹകരിച്ച് ജീവിക്കുകയും ചെയ്തതുകൊണ്ട്, ഈ പ്രവാസി ജൂതന്മാരെ ആര്യന്മാരായിട്ടാണ് ആര്യേതര ജനവിഭാഗങ്ങള്‍ കണ്ടിരുന്നത്. എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ ജാതിവ്യവസ്ഥ ഉടലെടുത്തപ്പോള്‍, സവര്‍ണ്ണ വിഭാഗമായി ജൂതക്രിസ്ത്യാനികളും പരിഗണിക്കപ്പെട്ടു. കാരണം, ഇന്ത്യയില്‍ ജീവിച്ചിരുന്ന ദ്രാവിഡരെ സംബന്ധിച്ചിടത്തോളം വര്‍ണ്ണത്തില്‍ തങ്ങളില്‍നിന്നും വ്യത്യസ്തരായ ജൂത വിഭാഗത്തെ അവര്‍ സവര്‍ണ്ണരായി പരിഗണിച്ചു എന്നതാണു വസ്തുത! ഈ കാലത്തൊന്നും ഹിന്ദുമതം എന്നൊരു മതം ഉണ്ടായിട്ടുപോലുമില്ല. അതായത്, ജാതിവ്യവസ്ഥ ഉടലെടുത്തതിനുശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴാണ് ഹിന്ദു എന്നൊരു മതം ഉണ്ടായത്!

ഒരു കാര്യവുംകൂടി ഈ അവസരത്തില്‍ മനസ്സിലാക്കിയിരിക്കണം. യഹൂദരില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരെയാണ് 'നസ്രാണികള്‍' എന്നു വിളിച്ചിരുന്നത്. 'നസ്രാണികള്‍' എല്ലാവരും ക്രിസ്ത്യാനികള്‍ ആണെങ്കിലും എല്ലാ ക്രിസ്ത്യാനികളും 'നസ്രാണികള്‍' അല്ല. അതായത് നസ്രാണികള്‍ നാട്ടൊലിവിന്റെ യഥാര്‍ത്ഥ ശാഖതന്നെയാണ്! മറ്റു മതങ്ങളില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരെയാണ് കാട്ടൊലിവിന്റെ ശാഖയോട് ഉപമിച്ചുകൊണ്ട് പൌലോസ് അപ്പസ്തോലന്‍ വിവരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളെ നോക്കി 'ഞങ്ങളില്‍നിന്ന് വിട്ടുപോയവര്‍' എന്ന് പരിഭവം പറയേണ്ട! തങ്ങളുടെ പൈതൃകം ഹൈന്ദവ സംസ്കാരമാണെന്ന് ധരിച്ച് നിലവിളക്ക് നെഞ്ചത്ത് വച്ച് ക്രൈസ്തവരും ജീവിക്കേണ്ട! ഈ ലേഖനത്തോടു ചേര്‍ത്ത് കൊടുത്തുരിക്കുന്ന ചിത്രം, രണ്ടു മെഴുകുതിരിയാണ്. യഹൂദരുടെ ചിത്രപ്രദര്‍ശനത്തില്‍ നിന്നെടുത്ത ഈ ചിത്രത്തിനുതാഴെ അവര്‍ കൊടുത്തിരുന്ന അടിക്കുറിപ്പ് 'സാബത്ത് കാന്‍ഡില്‍സ്' (Sabbath candles) എന്നാണ്. ഇതുതന്നെയാണ് ക്രൈസ്തവരുടെ പാരമ്പര്യവും! ബൈബിളില്‍ വിളക്കെന്ന് എവിടെയെങ്കിലും വായിച്ചാല്‍ 'ഭാരതീയവത്ക്കരണ' വാദികളുടെ തലയില്‍ ഓടിയെത്തുന്നത് പിശാചിന്റെ 'ജനനേന്ദ്രിയ'മാണ്!

ഇനിയും വ്യക്തമാകുന്നില്ലെങ്കില്‍ ജൂതനെ തിരിച്ചറിയാനുള്ള ചില അടയാളങ്ങള്‍ക്കൂടി മനോവ തരാം. കൃഷി- കന്നുകാലി വളര്‍ത്തല്‍, കച്ചവടം, പണമിടപാട്, മീന്‍പിടുത്തം എന്നിവ യഹൂദന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്! ഈ മേഖലകളിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. തോമാശ്ലീഹ ഇന്ത്യയില്‍വന്ന് കൃഷിയും മീന്‍പിടുത്തവും പഠിപ്പിക്കുകയും തൃശൂരിലെ 'പ്രാഞ്ചിയേട്ടന്മാര്‍ക്ക്' പരിശീലനം കൊടുക്കുകയും ചെയ്തിട്ടില്ല! അത് അവരുടെ രക്തത്തില്‍ കട്ടപിടിച്ചിരിക്കുന്ന പൈതൃകമാണ്!

അത്തിമരത്തില്‍നിന്ന് പഠിക്കുവിന്‍ എന്ന ലേഖനപരമ്പരയുടെ നാലാംഭാഗം ഇവിടെ അവസാനിപ്പിക്കുമ്പോള്‍ ഒരുകാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം ക്രൈസ്തവരും നാട്ടൊലിവിന്റെ സ്വാഭാവിക ശാഖകളും അത്തിമരത്തിന്റെ ചില്ലകളുമാണ്! ലോകാന്ത്യത്തെ സംബന്ധിച്ചുള്ള അടയാളങ്ങള്‍ അത്തിമരത്തില്‍ ദൃശ്യമാകുമ്പോള്‍ ഇവരെ മാറ്റിനിര്‍ത്താനാകില്ല!

തുടരും....

'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ഈ ലേഖനപരമ്പരയുടെ അഞ്ചാം ഭാഗം: 'ആ നീതിമാന്റെ രക്തത്തിന്, യഹൂദര്‍ നല്‍കേണ്ടിവന്ന വില!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    14995 views

LOG IN

Lost your password?

SIGN UP

LOST PASSWORD