കാലത്തിന്റെ അടയാളങ്ങള്‍

അന്ത്യവിധിയും അസ്ഥികളുടെ താഴ്വരയും!

Print By
about

25 - 02 - 2016

"അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28). യേഹ്ശുവാ വീണ്ടും വരുന്നത് അന്ത്യവിധിക്കാണെന്നു ചിന്തിക്കുന്ന അനേകര്‍ നമ്മുടെയിടയിലുണ്ട്. എന്നാല്‍, ഉടന്‍തന്നെ സംഭവിക്കാനിരിക്കുന്ന അവിടുത്തെ പുനരാഗമനത്തിന്റെ ലക്‌ഷ്യം അന്ത്യവിധിയല്ല! തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയരുടെ രക്ഷയ്ക്കായിട്ടാണ് അവിടുന്ന് വരുന്നത്! അവിടുത്തെ ജനത്തിന്റെ വൈരികളെ പരിപൂര്‍ണ്ണമായി നശിപ്പിച്ചതിനുശേഷം ഈ ഭൂമിയില്‍ അവിടുന്ന് രാജാവായി വാഴുകയും ചെയ്യും! ഈ യാഥാര്‍ത്ഥ്യമാണ് മുന്‍ലേഖനത്തില്‍ നാം വായിച്ചത്. 'അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല' എന്ന ലേഖനത്തിലൂടെ നാം നടത്തിയ പഠനത്തിന്റെ തുടര്‍ച്ചയായതുകൊണ്ട്, ആദ്യലേഖനം വായിക്കാത്തവര്‍ അതു തീര്‍ച്ചയായും വായിച്ചിരിക്കണം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പുത്രനെ ഭൂമിയിലേക്ക് അയച്ചത് (മനുഷ്യപുത്രനായി അവതരിച്ചത്) മൂന്നു ദൗത്യങ്ങളുമായാണ്. അനേകരുടെ മോചനദ്രവ്യമായി സ്വയം ബലിയായി അര്‍പ്പിക്കുകയും പുനരുത്ഥാനത്തിലൂടെ മരണത്തെ തോല്പിക്കുകയുമായിരുന്നു ആദ്യത്തെ ദൗത്യം. ഈ ദൗത്യം യേഹ്ശുവാ വിജയകരമായി പൂര്‍ത്തീകരിക്കുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു തിരികെപ്പോകുകയും ചെയ്തു. എന്നാല്‍, ഇനിയും രണ്ടു ദൗത്യങ്ങള്‍ക്കൂടി അവിടുത്തേക്കു പൂര്‍ത്തിയാക്കാനുണ്ട്. യേഹ്ശുവായുടെ പ്രത്യാഗമനത്തില്‍, ശേഷിക്കുന്ന രണ്ടു ദൗത്യങ്ങളും അവിടുന്ന് പൂര്‍ത്തീകരിക്കും. തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരെ രക്ഷിക്കുകയെന്നതാണ് അടുത്തതായി പൂര്‍ത്തീകരിക്കുവാനുള്ള അവിടുത്തെ ദൗത്യം! ഭൂമി മുഴുവന്റെയും രാജാവായി ആയിരം വര്‍ഷം ഭരണം നടത്തിക്കൊണ്ടായിരിക്കും ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നത്. രണ്ടാമത്തെ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തോടെ അവിടുന്ന് മൂന്നാമത്തെ ദൗത്യത്തിലേക്കു പ്രവേശിക്കും. വിജയം വരിച്ചവര്‍ക്കു നിത്യരക്ഷയും തിന്മയില്‍ വ്യാപരിക്കുന്നവര്‍ക്കു നിത്യശിക്ഷയും വിധിക്കുന്ന അന്ത്യവിധിയാണു മൂന്നാമത്തേതും അവസാനത്തേതുമായ ദൗത്യം!

മൂന്നു വ്യത്യസ്ത ഭാവങ്ങളിലാണ് ഓരോ ദൗത്യങ്ങളിലും അവിടുന്ന് കടന്നുവരുന്നത്. ഒന്നാമത്തെ ദൗത്യം പൂര്‍ത്തീകരിക്കുവാനായി അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായി. മരണംവരെ അവിടുന്ന് അങ്ങനെത്തന്നെയായിരുന്നു. എന്നാല്‍, ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ പരിപൂര്‍ണ്ണ മനുഷ്യനും പരിപൂര്‍ണ്ണ ദൈവവുമായിരുന്നു. ദൈവവും മനുഷ്യനുമായ ഈ അവസ്ഥയില്‍ തന്നെയാണ് അവിടുത്തെ പ്രത്യാഗമനവും! അന്ത്യവിധിവരെ അവിടുന്ന് അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. എന്നാല്‍, അന്ത്യവിധി നടപ്പാക്കിയതിനുശേഷം പിന്നീടൊരിക്കലും യേഹ്ശുവാ മനുഷ്യനായിരിക്കില്ല; അവിടുന്ന് എന്നേക്കും പരിപൂര്‍ണ്ണ ദൈവം മാത്രമായിരിക്കും! ഇത്രയും വിഷയങ്ങളുടെ വിവരണമാണ് ഈ ലേഖനത്തിലൂടെ മനോവ ലക്ഷ്യമിടുന്നത്.

യേഹ്ശുവാ ഒരിക്കല്‍ വരികയും അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. രണ്ടാംവരവും അന്ത്യവിധിയുമാണ് ശേഷിക്കുന്ന അവിടുത്തെ ദൗത്യങ്ങള്‍. ഭൂമിമുഴുവന്റെയും രാജാവായി ആയിരം വര്‍ഷം വാണതിനുശേഷം അവിടുന്ന് അന്ത്യവിധി നടപ്പാക്കും.  മുന്‍ലേഖനം നാം അവസാനിപ്പിച്ചത്, ആയിരം വര്‍ഷത്തെ ഭരണവുമായി ബന്ധപ്പെട്ട വിവരണത്തോടെയായിരുന്നു. ആയതിനാല്‍, ആ ഭരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരണങ്ങളിലേക്ക് ഇനിയും പ്രവേശിക്കേണ്ടതില്ല. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമായ ചില വിഷയങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതില്‍ അലോസരമുണ്ടാകില്ല എന്ന ചിന്തയോടെ ആരംഭിക്കുന്നു.

വ്യാജ മ്ശിഹായുടെ ഭരണം!

"ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം"(മത്താ: 24; 23- 27). ആഴമായി ചിന്തിക്കേണ്ട ഒരു വചനമാണിത്. കാരണം, അനേകരെ വഴിതെറ്റിക്കാന്‍ തക്കവിധം അടയാളങ്ങളും അദ്ഭുതങ്ങളുമായി അവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അവനില്‍നിന്നു രക്ഷനേടണമെങ്കില്‍ ഈ വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെയുള്ള ഓട്ടം അപകടം വിളിച്ചുവരുത്തും എന്ന മുന്നറിയിപ്പ് ഈ വചനത്തിലുണ്ട്. ഈ കാലത്തിനിടയില്‍ അനേകമാളുകള്‍ യേഹ്ശുവായുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചിലരെയെങ്കിലും അനുയായികളാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഒന്നിലധികം ആളുകള്‍ ഈ വാദമുയര്‍ത്തിക്കൊണ്ട് ചുറ്റിനടക്കുന്നതായി നമുക്കറിയാം.

ഇത്തരത്തിലുള്ള വ്യാജ ക്രിസ്തുമാരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളുമായി വിവിധ സഭകളിലെ വിഘടിത പ്രസ്ഥാനങ്ങളും നിലയുറപ്പിച്ചിരിക്കുന്നു എന്നതാണ് കൂടുതല്‍ അപകടകരമായ അവസ്ഥ. യേഹ്ശുവായുടെ പുനരാഗമനത്തെ സംബന്ധിച്ചുള്ള അജ്ഞതമൂലം അനേകര്‍ അപകടത്തില്‍ പതിക്കുന്നതിന് ഇക്കൂട്ടര്‍ കാരണമായിട്ടുമുണ്ട്. അവിടുന്ന് ഇനിയും ശിശുവായി ജനിക്കുമെന്ന അബദ്ധം പ്രചരിപ്പിക്കുന്ന അനേകം 'സെക്റ്റുകളില്‍' ഒന്ന് കേരളത്തിലുമുണ്ടെന്നു നമുക്കറിയാം. ഈ അവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍ നാം ഒരുകാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കുക; യേഹ്ശുവാ ഇനി വരുന്നത് മനുഷ്യന്‍ മാത്രമായിട്ടല്ല; അവിടുന്ന് ദൈവവും മനുഷ്യനുമായിട്ടാണ് ഇനി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഒരു സ്ത്രീയില്‍നിന്നുള്ള ജനനം അനാവശ്യവും അസാദ്ധ്യവുമാണ്! മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്നാണ് യേഹ്ശുവാതന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ മുന്‍ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍, ഇനിയുമൊരു വിവരണത്തിന്റെ അനിവാര്യതയില്ല. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ ദൃഢതയ്ക്കായി ഒരു വചനം ഇവിടെ കുറിക്കുന്നു: "അല്ലയോ ഗെലീലെയാക്കാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 11). ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാക്കുകളാണിത്. യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയപ്പോള്‍ എങ്ങനെയായിരുന്നോ ശിഷ്യന്മാര്‍ ദര്‍ശിച്ചത്, അതുപോലെതന്നെയായിരിക്കും അവിടുത്തെ തിരിച്ചുവരവും! ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!

ഇത്തരത്തില്‍ ഒരു പ്രത്യക്ഷീകരണം ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, ആരെങ്കിലും താന്‍ ക്രിസ്തുവാണെന്ന് അവകാശപ്പെട്ടാല്‍, അവനെ നിങ്ങള്‍ വിശ്വസിക്കരുത്. അവിടുന്ന് ഇറങ്ങിവരുന്നത് ഒലിവുമലയില്‍ തന്നെയായിരിക്കും. കാരണം, അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്തത് ഒലിവുമലയില്‍ നിന്നായതുകൊണ്ടു മാത്രമല്ല, ശെഖരിയാഹ് പ്രവാചകന്റെ പ്രവചനവും ഇത് സ്ഥിരീകരിക്കുന്നു! ആ പ്രവചനം ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കാം: "യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന്‍ അവിടുന്ന് നിലയുറപ്പിക്കും"(ശെഖരിയാഹ്: 14; 4). ഇതാണ് യേഹ്ശുവായുടെ പ്രത്യാഗമനം! ഇതിനു വിരുദ്ധമായ രീതിയില്‍ ആരെങ്കിലും പ്രത്യക്ഷപ്പെടുകയും, താന്‍ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെങ്കില്‍, ഒരുപക്ഷെ അവനായിരിക്കാം വ്യാജ മ്ശിഹാ അഥവാ എതിര്‍ക്രിസ്തു! തങ്ങളുടെ അജ്ഞതമൂലം ആരെങ്കിലും ഇവനെ അനുഗമിച്ചാല്‍, ദൈവത്തില്‍നിന്ന് എന്തെങ്കിലും ഇളവുകള്‍ പ്രതീക്ഷിക്കുന്നവര്‍ ലജ്ജിതരാകും. അജ്ഞതയുടെ കാലഘട്ടം പരിഗണിക്കുന്നില്ല എന്ന ബൈബിള്‍ വാക്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിഡ്ഢികളായി തുടരുന്ന അനേകരുണ്ട്. യേഹ്ശുവായുടെ വരവോടെ അജ്ഞതയുടെ കാലഘട്ടം അവസാനിച്ചുവെന്ന് മനസ്സിലാക്കണം. ട്രാഫിക് നിയമങ്ങള്‍ അറിയാത്ത ഒരുവനെ വാഹനമിടിച്ചാല്‍ എന്തു സംഭവിക്കുമോ, അതുതന്നെയായിരിക്കും അജ്ഞതമൂലം ദൈവീകനിയമങ്ങള്‍ ലംഘിക്കുന്നവരുടെയും ഓഹരി! ആയതിനാല്‍, ആത്മാവിനു സര്‍വ്വനാശം സംഭവിക്കാതിരിക്കേണ്ടതിന്, ആത്മീയജ്ഞാനം അന്വേഷിക്കുകയും അറിവില്‍ വ്യാപരിക്കുകയും ചെയ്യുക. കാരണം, വ്യാജപ്രവാചകനെയും വ്യാജ മ്ശിഹായെയും അനുഗമിക്കുന്നവരുടെ ഓഹരി ഗന്ധകാഗ്നിത്തടാകമായിരിക്കും!

എതിര്‍ക്രിസ്തുവിന്റെ ഭരണത്തെ സംബന്ധിച്ച് അനേകം അബദ്ധങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തെ സഗൗരവം പ്രഘോഷിക്കുന്നതില്‍ പെന്തക്കോസ്തു സഭാവിഭാഗങ്ങള്‍ കാണിക്കുന്ന ആവേശം ശ്ലാഘനീയമാണെങ്കിലും, ഈ അടുത്ത നാളുകളില്‍ ചില അബദ്ധങ്ങള്‍ പ്രചരിക്കപ്പെടുന്നതിനെ ഗൗരവമായി കാണണം!എതിര്‍ക്രിസ്തുവിന്റെ ഭരണകാലം മൂന്നരവര്‍ഷമാണെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളിലൊക്കെ പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇത് പ്രസംഗ വിഷയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് ഏഴു വര്‍ഷമാണ്‌! ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രചരണം നടത്തുന്നതെന്ന് മനോവയ്ക്കറിയില്ല! എതിര്‍ക്രിസ്തുവിനു ഭരണം നടത്താന്‍ ദൈവം അനുവദിച്ചിരിക്കുന്ന കാലയളവ് മൂന്നര വര്‍ഷമായിരിക്കെ, ഈ ഭരണകാലം ഇരട്ടിപ്പിച്ചു കൊടുക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ ദുരൂഹമാണ്! വെളിപാടു പുസ്തകത്തിലെ ഈ പ്രവചനം നോക്കുക: "സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും അതിനു കൊടുത്തു. അതിന്റെ തലകളിലൊന്ന് മാരകമായി മുറിപ്പെട്ടതുപോലെ തോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമി മുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു. മൃഗത്തിന് അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും? ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്പത്തിരണ്ടു മാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു"(വെളി: 13; 2- 5). സര്‍പ്പം എന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നത് പിശാചിനെയും, മൃഗം എന്ന സൂചന എതിര്‍ക്രിസ്തുവിനെയുമാണ്! ഇവിടെ പറഞ്ഞിരിക്കുന്നത് നാല്പത്തിരണ്ടു മാസത്തെ ഭരണമായിരിക്കെ, പെന്തക്കൊസ്തുകാര്‍ക്ക് എവിടെനിന്നാണ് ഏഴു വര്‍ഷത്തിന്റെ കണക്കു ലഭിച്ചത്?

മൂന്നരവര്‍ഷം എന്നു സ്ഥിരീകരിക്കുന്ന പ്രവചനങ്ങള്‍ വേറെയുമുണ്ട്. ഈ പ്രവചനം നോക്കുക: "നാല്പത്തിരണ്ടു മാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും"(വെളി: 11; 2). യേലിയാഹും മോശയും കടന്നുവരുമെന്നും എതിര്‍ക്രിസ്തുവിന്റെ ഭരണകാലം മുഴുവന്‍ അവര്‍ പ്രവചനം നടത്തുമെന്നും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ പരിശോധിക്കുമ്പോഴും മൂന്നരവര്‍ഷത്തിന്റെ സൂചന കാണാം. ഇതു ശ്രദ്ധിക്കുക: "ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്‌നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്."(വെളി: 11; 3- 6). ദാനിയേല്‍ പ്രവാചകന്റെ പ്രവചനം നോക്കുക: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും. എന്നാല്‍, ന്യായധിപസഭ വിധി പ്രസ്താവിക്കാന്‍ ഉപവിഷ്ടനാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും"(ദാനി: 7; 25, 26). സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നതുകൊണ്ട് 'മൂന്നര' എന്നാണ് അര്‍ത്ഥമാക്കുന്നത്! മറ്റൊരു പ്രവചനം നോക്കുക: "അതു സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ ആയിരിക്കും. വിശുദ്ധജനത്തിന്റെ ശക്തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവ നിവൃത്തിയാകും"(ദാനി: 12; 7).

ഇനിയുമുണ്ട് വെളിപ്പെടുത്തല്‍; ഈ പ്രവചനം ശ്രദ്ധിക്കുക: "നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുന്നൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും"(ദാനി: 12; 11). ഇവിടെ പ്രതിപാദിച്ചിരിക്കുന്ന നിരന്തര ദഹനബലി ഇപ്പോള്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എങ്ങനെയാണു നിര്‍ത്തലാക്കുന്നത്! നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നത് പിശാചിന്റെ പിന്തുണയോടെയായതുകൊണ്ടുതന്നെ, ദൈവത്തിനു പ്രീതികരമായ പ്രവര്‍ത്തിയല്ല എന്നകാര്യം വ്യക്തമാണ്! യെരുശലേം ദൈവാലയത്തില്‍ നടന്നുകൊണ്ടിരുന്ന ബലി അസാധുവാക്കപ്പെട്ടു എന്നകാര്യം നമുക്കറിയാം. യേഹ്ശുവായുടെ ബലിയോടെ മൃഗബലിയുടെ സാധുതതന്നെ ഇല്ലാതായി! യെരുശലേം ദൈവാലയം പുതുക്കിപ്പണിയുകയും, അവിടെ മൃഗബലി ആരംഭിക്കുന്നതുമാണ് പെന്തക്കോസ്തു വിഭാഗങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നത്. എന്നാല്‍, യഥാര്‍ത്ഥ ദൈവാലയം തന്റെ ശരീരമാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. അത് നശിപ്പിക്കുകയും മൂന്നു ദിവസംകൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തു. അതായത്, യേഹ്ശുവാ പുതുക്കിപ്പണിത ദൈവാലയം അവിടുത്തെ സഭയാണ്! ഭാര്യാഭര്‍തൃ ബന്ധത്തെ സംബന്ധിച്ചുള്ള വിവരണത്തില്‍ ഇങ്ങനെ വായിക്കുന്നു: "എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്‌സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും"(എഫേ: 5; 23).

യഥാര്‍ത്ഥ ദൈവാലയം അവിടുത്തെ സഭ ആയിരിക്കുന്നതുകൊണ്ടുതന്നെ, അന്ത്യകാലത്തെ സംബന്ധിക്കുന്ന വിവരണങ്ങളില്‍ കാണുന്ന ദൈവാലയം യേഹ്ശുവായുടെ സഭയാണ്! ഈ സഭയില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെയാണ് നിരന്തര ദഹനബലി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. നിരന്തരം ബലിയര്‍പ്പിക്കുന്ന ഒരേയൊരു സഭ മാത്രമേ ഇന്ന് ഈ ഭൂമുഖത്ത് നിലവിലുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഇവിടെ ചേര്‍ത്തുവായിക്കണം. ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍ ബലിയര്‍പ്പണം ഉണ്ടെങ്കിലും, എല്ലാ ദിവസവും ബലിയര്‍പ്പണമില്ല. അതുകൊണ്ടുതന്നെ, പകുതി ആഴ്ചത്തേക്ക് ബലിയര്‍പ്പണം നിരോധിക്കും എന്ന പ്രവചനം കത്തോലിക്കാസഭയുടെ നേരെയാണ് തിരിഞ്ഞുനില്‍ക്കുന്നത്! ഈ പ്രവചനം ശ്രദ്ധിക്കുക: "പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും"(ദാനി: 9; 27). ആഴ്ചയില്‍ ഒരിക്കല്‍മാത്രം ബലിയര്‍പ്പിക്കുന്ന സഭകളെയല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നകാര്യം വ്യക്തം! കത്തോലിക്കാസഭയുടെ പോപ്പ് കല്പിച്ചാല്‍ മാത്രമേ ഈ ബലിയര്‍പ്പണം നിരോധിക്കാന്‍ സാധിക്കുകയുള്ളു എന്ന വസ്തുതയും ഓര്‍മ്മയിലുണ്ടായിരിക്കട്ടെ!

ഇത്രയും വ്യക്തതയോടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കെ, ഏഴു വര്‍ഷം എന്ന കണക്കുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവരെ നിങ്ങള്‍ സ്വീകരിക്കുകയോ കേള്‍ക്കുകയോ അരുത്! കാരണം, യാഥാര്‍ത്ഥ്യത്തില്‍നിന്നു മനുഷ്യമനസ്സുകളെ വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവന്റെ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. എതിര്‍ക്രിസ്തുവിന്റെ ഭരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നിറഞ്ഞ കെട്ടുകഥകള്‍ക്ക് ആരും ചെവികൊടുക്കരുത്. വചനത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മവിശകലനം ചെയ്യാതെ ഒന്നിനെയും നിങ്ങള്‍ സ്വീകരിക്കുകയുമരുത്! എന്നാല്‍, ഒരുകാര്യം എല്ലാവരും ഓര്‍മ്മയില്‍ സൂക്ഷിക്കുക; എതിര്‍ക്രിസ്തുവിന്റെ ഭരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന ഭൂമിയിലെ രാജാക്കന്മാരുടെ അധരങ്ങളില്‍നിന്നു സമാധാനം എന്ന വാക്ക് എപ്പോഴും പുറപ്പെട്ടുകൊണ്ടിരിക്കും. ഭൂമിയില്‍ സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ അനേകം സമ്മേളനങ്ങള്‍ ഇവര്‍ വിളിച്ചുചേര്‍ക്കും. ഈ പ്രവചനം നോക്കുക: "ഒരേ മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് അവര്‍ അസത്യം പറയും, പക്ഷേ, ഒന്നും ഫലിക്കുകയില്ല. കാരണം, അവസാനത്തിനുള്ള നിശ്ചിതസമയം ആസന്നമായിട്ടില്ല"(ദാനി: 11; 27). സിറിയയില്‍ സമാധാനം സ്ഥാപിക്കാനും ആ രാജ്യത്തെ പുനരുദ്ധരിക്കാനും നടത്തുന്ന ശ്രമങ്ങള്‍പ്പോലും അപഹാസ്യമാകുന്നത് ഈ പ്രവചനത്തിനു മുന്നിലാണ്!

പീഡനത്തിന്റെ ഇരകള്‍!

എതിര്‍ക്രിസ്തുവും അവന്റെ അനുയായികളും നടത്തുന്ന ഭരണത്തിന്‍കീഴില്‍ പീഡനത്തിന് ഇരയാകുന്നവര്‍ ആരെല്ലാമാണെന്നു നാം അറിഞ്ഞിരിക്കണം. "മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരും വലത്തുകയ്യിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാദ്ധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്. ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളി: 13; 15- 18). എതിര്‍ക്രിസ്തുവിനെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ അവന്‍ ഉപദ്രവിക്കില്ല. എന്നാല്‍, അവനെ നിഷേധിക്കുന്ന സകലരും അവന്റെ പീഡനത്തിന് ഇരയാകുമെന്ന് ആരും ധരിക്കരുത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അവനുവേണ്ടി സേവനം ചെയ്യുന്ന അവന്റെ ആളുകളാണ്! അവനെ നിഷേധിക്കുന്നവര്‍ക്ക് ഭൂമിയില്‍ ഞെരുക്കങ്ങളുണ്ടാകും എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, സത്യദൈവത്തിന്റെ നാമം അറിയുന്ന സകലരെയും അവിടുന്ന് സംരക്ഷിക്കും! ഇത് ദൈവവചനം നല്‍കുന്ന വാഗ്ദാനമാണ്!

ഉഗ്രപീഡനത്തിന്റെ നാളുകളില്‍ സംരക്ഷണം നല്‍കുന്ന ഒരു നാമമുണ്ട്. ഈ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും രക്ഷിക്കപ്പെടും! അവരെ തൊടാന്‍ ഒരു ശക്തിക്കും കഴിയില്ല എന്നതുകൊണ്ടുതന്നെയാണ്, ഈ ഭൂമുഖത്ത് മൂന്നിലൊരുഭാഗം ജനങ്ങള്‍ അവശേഷിക്കുകയും മൂന്നില്‍ രണ്ടുഭാഗം ജനങ്ങള്‍ യേഹ്ശുവായാല്‍ നിഹനിക്കപ്പെടുകയും ചെയ്യുന്നത്. അന്നു സംഹരിക്കപ്പെടുന്നവര്‍ മൃഗത്തിന്റെ അനുയായികള്‍ മാത്രമായിരിക്കും!

നിര്‍ണ്ണായക യുദ്ധം!

"അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധം ചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു"(വെളി: 19; 19). ആയിരം വര്‍ഷത്തെ ഭരണത്തിനു മുന്‍പു നടക്കുന്ന നിര്‍ണ്ണായക യുദ്ധത്തില്‍ വ്യാജപ്രവാചകനും അവനെ അനുഗമിക്കുന്നവരും പിടിക്കപ്പെടും. എന്നാല്‍, അതിനുമുന്‍പുതന്നെ, ആഗോള മതം സ്ഥാപിക്കാന്‍ ഭൂമിയിലെ രാജാക്കന്മാരെല്ലാം ഒരുമിക്കുമെന്ന മുന്നറിയിപ്പാണ് സ്വര്‍ഗ്ഗത്തില്‍നിന്നു നല്കപ്പെട്ടിരിക്കുന്നത്. വര്‍ത്തമാനകാലത്തെ സംഭവങ്ങള്‍ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കിയാല്‍, ആഗോളമതം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നു മനസ്സിലാകും. വത്തിക്കാനിലെ രാജാവും സംഘവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എതിര്‍ക്രിസ്തുവിനുവേണ്ടി ആഗോളമതം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. കത്തോലിക്കാസഭയിലെ ആചാര്യന്മാരുടെ നേതൃത്വത്തില്‍ നടത്തുന്ന മതാന്തരസംവാദങ്ങളുടെ ലക്ഷ്യവും ഇതുതന്നെ! ഈസാനബി വരുമ്പോള്‍, അവന് അധികാരം കൈമാറേണ്ടതിനുള്ള മുന്നൊരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നതു നാം കാണാതെപോകരുത്. ദൈവീകനിയമങ്ങള്‍ക്കു ബദല്‍നിയമങ്ങള്‍ സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ അനേകം ദൈവമക്കള്‍ ഇന്നുണ്ട്. ഇവരുടെയൊക്കെ ശബ്ദങ്ങളെ നിര്‍വ്വീര്യമാക്കാന്‍ ശക്തിയുള്ള മാഫിയാകളുടെ പിടിയില്‍ സഭ അമര്‍ന്നുകഴിഞ്ഞു. എന്നാല്‍, ദുഷ്ടശക്തികളുടെ അന്ത്യം എങ്ങനെയായിരിക്കുമെന്നു നോക്കുക: "മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍ അശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്തിയടഞ്ഞു"(വെളി: 19; 20, 21).

ഇതുതന്നെയാണ് ശെഖരിയാഹ് പ്രവാചകന്‍ പ്രവചിച്ചത്. ജനതകളെ സംഹരിക്കുന്നത് എപ്രകാരമാണെന്നുള്ള ശെഖരിയാഹിന്റെ പ്രവചനം  നോക്കുക: "യെരുശലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കൈയ്യുയര്‍ത്തും"(ശെഖരിയാഹ്: 14; 12, 13). പ്രത്യാഗമനത്തിന്റെ ദിനത്തില്‍പ്പോലും ഇപ്രകാരമാണെങ്കില്‍, അന്തിവിധിദിനം എത്ര ഭയാനകമായിരിക്കും! ഈ പ്രവചനങ്ങളില്‍ 'യാഹ്‌വെ' എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്, യേഹ്ശുവായുടെ പ്രത്യാഗമനമല്ല പ്രവചിച്ചിരിക്കുന്നതെന്ന് ആരും കരുതരുത്. എന്തെന്നാല്‍, ശെഖരിയാഹ് പ്രവാചകനിലൂടെ നല്‍കിയിരിക്കുന്ന മഹനീയമായ മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(ശെഖരിയാഹ്: 14; 9). അതായത്, ത്രിത്വം എന്ന മഹാസത്യത്തിന്റെ യഥാര്‍ത്ഥ ഭാവം അന്നു സകലരും ദര്‍ശിക്കും! ഇത് കരുണയുടെ ദിനമല്ല; പ്രതികാരത്തിന്റെയും സംഹാരത്തിന്റെയും ദിനമാണ്! യേഹ്ശുവായുടെ വീണ്ടും വരവില്‍ പാപമോചനം നേടാമെന്നു കരുതുന്നവര്‍ ലജ്ജിതരാകും എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മപ്പെടുത്തേണ്ടത് അനിവാര്യമായി മനോവ കരുതുന്നു. ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നതുപോലെ, യേഹ്ശുവായുടെ കരുണയുടെ ഭാവം അന്നു ദര്‍ശിക്കാന്‍ സാധിക്കില്ല. മഹാപ്രതാപത്തോടും സംഹാരശക്തിയോടുംകൂടെ അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍, അവിടുത്തെ മുന്‍പില്‍ പാപികള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയുകയുമില്ല. അവിടുത്തെ ശത്രുക്കളെയെല്ലാം അവിടുന്ന് സംഹരിക്കും! ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ പുറപ്പെട്ട്‌ യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും"(ശെഖരിയാഹ്: 14; 3).

ഭൂമിയില്‍ അന്നു ജീവിച്ചിരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗം ജനങ്ങളും നശിപ്പിക്കപ്പെടും. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും"(ശെഖരിയാഹ്: 13; 8, 9). ഇവിടെ വെളിപ്പെടുത്തിയിരിക്കുന്ന വലിയൊരു സത്യം തിരിച്ചറിഞ്ഞേ തീരൂ. എന്തെന്നാല്‍, അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും എന്ന ശക്തമായ വെളിപ്പെടുത്തല്‍ ഇവിടെ നല്‍കിയിരിക്കുന്നു. അതായത്, യേഹ്ശുവായുടെ രക്ഷ സ്വീകരിക്കാന്‍ യോഗ്യത നേടുന്നവരെല്ലാം അവിടുത്തെ നാമം അറിയുന്നവരും ആ നാമം വിളിച്ചപേക്ഷിക്കുന്നവരും ആയിരിക്കും. ഈ വചനംകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും"(സങ്കീ: 91; 14; 15).

യേഹ്ശുവായുടെ നാമം അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന അനേകം വചനങ്ങള്‍ ഇതിനോടകം മനോവ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന അനേകം ദൈവമക്കള്‍ അന്ന് ഭൂമിയിലുണ്ടായിരിക്കും എന്ന വസ്തുതകൂടിയാണ് ബൈബിളില്‍നിന്നു വെളിപ്പെടുന്നത്. കാരണം, മൂന്നില്‍ ഒരു ഭാഗം ജനങ്ങള്‍ രക്ഷപ്രാപിക്കുമെന്ന വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത് ഈ സത്യത്തെയാണ്‌! ഇന്നു ലോകത്താകമാനമുള്ള ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തോളം ക്രൈസ്തവരും യെഹൂദരും അടങ്ങുന്ന വിഭാഗമാണെന്നതു ഗൗരവമായി കാണണം. ഇന്ന് ഭൂമുഖത്തുള്ള ക്രൈസ്തവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഈ അനുപാതം. കാരണം, യേഹ്ശുവായുടെ പ്രത്യാഗമനം എന്നാണെന്ന് നമുക്കാര്‍ക്കും അറിയില്ല. അവിടുന്ന് വരുമ്പോള്‍, ഭൂമിയില്‍ അവശേഷിക്കുന്നവരില്‍നിന്നാണ് മൂന്നില്‍ ഒരു ഭാഗത്തെ തിരഞ്ഞെടുക്കുന്നത്. ഇവര്‍ വിശുദ്ധിയില്‍ പൂര്‍ണ്ണത പ്രാപിച്ചവരായിരിക്കുമെന്ന് ചിന്തിക്കാന്‍ കഴിയില്ല. കാരണം, ഈ മൂന്നില്‍ ഒരു ഭാഗത്തെ വെള്ളിയെന്നപോലെ അഗ്നിശുദ്ധി വരുത്തുകയും സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കുകയും ചെയ്യുമെന്നുള്ള പ്രവചനം സൂചിപ്പിക്കുന്നത് ഇതാണ്! യേഹ്ശുവാ ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്തുമ്പോള്‍. ഈ മൂന്നില്‍ ഒരു ഭാഗത്തെ കൂടാതെ മറ്റൊരു വിഭാഗവുംകൂടി ആ ഭരണത്തിന്‍കീഴില്‍ ഉണ്ടായിരിക്കുമെന്ന് വചനം പറയുന്നു. അവര്‍ ആരെല്ലാമാണെന്നു നോക്കാം.

"പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം യേഹ്ശുവായോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല"(വെളി: 20; 4, 5). വിവരണം കൂടാതെതന്നെ മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തലാണ് നാം വായിച്ചത്. യേഹ്ശുവായുടെ പ്രത്യാഗമനത്തിനുശേഷം രണ്ടു പുനരുത്ഥാനമുണ്ടെന്ന് ഇവിടെ സ്ഥിരീകരിക്കുന്നു. യേഹ്ശുവായെ പരിപൂര്‍ണ്ണമായി അനുഗമിച്ചവരുടെ ആത്മാക്കളാണ് ആദ്യത്തെ പുനരുത്ഥാനത്തില്‍ പങ്കാളികളാകുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇപ്പോള്‍ പറുദീസയിലായിരിക്കുന്ന ആത്മാക്കളാണ് യേഹ്ശുവായുടെ ഭരണം ആസ്വദിക്കാന്‍ ഉയിര്‍പ്പിക്കപ്പെടുന്ന വിഭാഗം! ആയിരം വര്‍ഷത്തെ ഭരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ വിളിക്കപ്പെട്ടവര്‍ ഇവര്‍ ഇരുകൂട്ടരും മാത്രമാണ്!

ബന്ധനസ്ഥനായ സാത്താന്‍ പാതാളത്തില്‍ അടയ്ക്കപ്പെടുന്നു!

ആയിരം വര്‍ഷം യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്തുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍പ്പോലും സാത്താന്‍ സ്വതന്ത്രനായിരിക്കില്ല. അപ്പസ്തോലനായ യോഹന്നാനു ലഭിച്ച വെളിപാടില്‍ ഇപ്രകാരം വായിക്കുന്നു: "സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കയ്യില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയുമുണ്ട്. അവന്‍ ഉഗ്രസര്‍പ്പത്തെ -സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ- പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു"(വെളി: 20; 1- 3).

പിശാചിനെ ബന്ധിച്ചു പാതാളത്തില്‍ അടച്ചതിനുശേഷമാണ് യേഹ്ശുവായുടെ ഭരണം ഈ ഭൂമിയില്‍ സ്ഥാപിതമാകുന്നത്. ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയാകുന്നതും ഈ അവസരത്തിലാണെന്നു മനസ്സിലാക്കാന്‍ കഴിയും. കന്യക ഗര്‍ഭംധരിച്ച് പുത്രനെ പ്രസവിക്കുകയും, അവന്‍ അനേകരുടെ മോചന ദ്രവ്യമായി സ്വയം അര്‍പ്പിക്കുകയും ചെയ്തുവെങ്കിലും, ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നു ഭരണം നടത്തുകയോ ദൈവം നമ്മോടുകൂടെ എന്ന അവസ്ഥ പ്രദാനംചെയ്യുകയോ ഉണ്ടായിട്ടില്ല. എന്തെന്നാല്‍, അവിടുന്ന് ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷക്കാലം പൂര്‍ണ്ണ മനുഷ്യനായിട്ടാണ് ജീവിച്ചത്! എന്നാല്‍, ഇനി അവിടുന്ന് വരികയും ദാവീദിന്റെ സിംഹാസനത്തില്‍ ഭരണം നടത്തുകയും ചെയ്യുമ്പോള്‍, പരിപൂര്‍ണ്ണ മനുഷ്യനും പരിപൂര്‍ണ്ണ ദൈവവുമായി അവിടുത്തെ നാം ദര്‍ശിക്കും. ഇതു വ്യക്തമാക്കുന്ന ഒന്നിലധികം വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിശുദ്ധ നഗരമായ പുതിയ യെരുശലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും"(വെളി: 21; 2, 3). ദൈവം നമ്മോടുകൂടെ എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് ഇവിടെ വായിക്കുന്നത്. അതായത്, പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് ഭരണം നടത്തുമെന്നുള്ള പ്രവചനം പൂര്‍ത്തിയാകുന്നതിനോടൊപ്പം, ദൈവം നമ്മോടുകൂടെ എന്ന പ്രവചനവും പൂര്‍ത്തിയാകും! അതുകൊണ്ടുതന്നെ, അവിടുത്തെ പുനരാഗമനം പൂര്‍ണ്ണ ദൈവത്വത്തോടുകൂടെ ആണെങ്കിലും, പൂര്‍ണ്ണനായ മനുഷ്യനുംകൂടി ആയിരിക്കും. പൂര്‍ണ്ണ ദൈവം മാത്രമായ യേഹ്ശുവാ ഒരിക്കലും ദാവീദിന്റെ പുത്രനല്ല എന്നതുതന്നെയാണ് ഇതിനു കാരണം.

പുനരാഗമനത്തില്‍ യേഹ്ശുവാ മനുഷ്യനുകൂടി ആയിരിക്കുമെന്നു തെളിയിക്കുന്ന വചനങ്ങള്‍ ബൈബിളിലുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). യേഹ്ശുവായുടെ മറ്റൊരു വചനം നോക്കുക: "മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും"(മര്‍ക്കോ: 14; 62). അന്ത്യവിധി പൂര്‍ത്തിയാകുന്നതുവരെ അവിടുത്തേക്ക്‌ മനുഷ്യഭാവം ഉപേക്ഷിക്കുകയില്ല. ഇതു വ്യക്തമാക്കുന്ന വചനംകൂടി ശ്രദ്ധിക്കുക: "മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ: 5; 27). ഈ അധികാരം ലഭിച്ചിരിക്കുന്നത് പിതാവായ ദൈവത്തില്‍നിന്നാണെന്നു വ്യക്തമാക്കുന്ന വചനമിതാണ്: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു"(യോഹ: 5; 22). എന്നാല്‍, അന്ത്യവിധിയ്ക്കുശേഷം അവിടുന്നു ദൈവം മാത്രമായിരിക്കും. വിധിയെക്കുറിച്ചുള്ള വിവരണത്തില്‍ ഈ വചനങ്ങള്‍ നമുക്കു ചര്‍ച്ചചെയ്യുമ്പോള്‍, ഈ വിഷയവും പരിഗണനയിലെടുക്കാം.

പാപപരിഹാരം, രക്ഷ, അന്ത്യവിധിയും നിത്യജീവനും!

യേഹ്ശുവായുടെ മൂന്നു ദൗത്യങ്ങളാണ് ഇവ. ഒന്നാമതായി അവിടുത്തെ ദൗത്യം പാപപരിഹാരാര്‍ത്ഥം ബലിയര്‍പ്പിക്കുക എന്നതായിരുന്നുവെന്നു നാം കണ്ടു. അവിടുന്ന് വീണ്ടും വരുന്നത് പാപപരിഹാരാര്‍ത്ഥമല്ല; രക്ഷ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്! ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28). ഈ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ആദ്യലേഖനത്തില്‍ നാം നടത്തിയത്! യേഹ്ശുവായുടെ പ്രത്യാഗമനത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൈവജനത്തെ രക്ഷിക്കാന്‍ അവിടുന്ന് വീണ്ടുംവരും. യേഹ്ശുവായുടെ വീണ്ടും വരവിനെ ഗൗരവമായി പരിഗണിക്കാത്ത അനേകം വ്യക്തികള്‍ ക്രൈസ്തവനാമധാരികളായി വിവിധ സഭകളിലുണ്ട്. അപ്പസ്തോലിക സഭകള്‍ എന്ന് അവകാശപ്പെടുന്ന സഭകളിലാണ് ഇക്കൂട്ടര്‍ അധികവും. ഈ സഭകളുടെ നേതാക്കന്മാരായി പരിഗണിക്കപ്പെട്ടിട്ടുള്ള മിക്കവരും പുനരാഗമനത്തെ പുച്ഛിച്ചുതള്ളുന്നവരാണ്. വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും മതബോധനത്തില്‍ മൗനം അവലംബിക്കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണ് ഇക്കൂട്ടര്‍ പിന്തുടരുന്നത്!

എന്നാല്‍, ബൈബിള്‍ നല്‍കുന്ന പാഠങ്ങളെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന ദൈവജനത്തിന്റെ രക്ഷയ്ക്കായി അവിടുന്ന് വരികതന്നെ ചെയ്യും! യേഹ്ശുവായുടെ പുനരാഗനത്തെ സംബന്ധിച്ച് എന്തെങ്കിലും സംശയമുള്ള ആരുംതന്നെ അവിടുന്നു നല്‍കുന്ന രക്ഷയ്ക്കു പാത്രീഭൂതരാകുകയില്ല എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. കാരണം, അവിടുത്തെ വരവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ മാത്രം രക്ഷയാണ് അവിടുത്തെ പുനരാഗമനത്തിലെ പ്രഥമ ലക്‌ഷ്യം. യേഹ്ശുവായുടെ ഭരണം പൂര്‍ത്തിയാക്കിയതിനുശേഷം അവിടുന്ന് വിധി നടപ്പാക്കും. അവിടുത്തെ വാഴ്ചയില്‍ പങ്കാളികളാകുന്നതിനു യോഗ്യത ലഭിക്കുന്നത് ആര്‍ക്കെല്ലാമായിരിക്കുമെന്ന് അവിടുത്തെ ആത്മാവ് വെളിപ്പെടുത്തിയതു നാം കണ്ടു. യേഹ്ശുവായുടെ പ്രത്യാഗമനത്തിന്റെ നാളില്‍ ഈ ഭൂമിയില്‍ വസിക്കുന്ന ജനങ്ങളില്‍ മൂന്നില്‍ ഒരുഭാഗം മാത്രമാണ് അവിടുത്തെ ഭരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ അവശേഷിക്കുകയുള്ളൂ.

യേഹ്ശുവാ രാജത്വം ഏറ്റെടുത്തു കഴിയുമ്പോള്‍, ആ ഭരണത്തിന്‍കീഴില്‍ നടമാടുന്ന സമാധാനത്തെ സംബന്ധിച്ചുള്ള വിവരണം മുന്‍ലേഖനത്തില്‍ നാം കണ്ടുകഴിഞ്ഞു. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു പ്രവചനം ഇവിടെ കുറിക്കുന്നു: "ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി യാഹ്‌വെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും"(യേശൈയാഹ്: 11; 6-9).

ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: "ശിശുക്കളോ ആയുസ്‌സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപ ലക്ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ യാഹ്‌വെയാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല"(യേശൈയാഹ്: 65; 17-25). ഈ പ്രവചനം സ്വര്‍ഗ്ഗത്തെ സംബന്ധിച്ചുള്ളതല്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇതാണ് യേഹ്ശുവാ രാജാവായി ഭരണം നടത്തുമ്പോഴുള്ള അവസ്ഥ!

യേഹ്ശുവായുടെ രണ്ടാമത്തെ ദൗത്യം പൂര്‍ത്തിയാകുന്നതോടെ മൂന്നാമത്തെ ദൗത്യം ആരംഭിക്കും. തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരെ രക്ഷിക്കുകയും രക്ഷിക്കപ്പെട്ടവരെ ചേര്‍ത്തുവച്ചുകൊണ്ടുള്ള ഭരണം നടത്തുകയും ചെയ്യുന്ന രണ്ടാം ദൗത്യത്തിന്റെ അന്ത്യത്തിലാണ് വിധി നടപ്പാക്കിക്കൊണ്ട് മൂന്നാം ദൗത്യത്തിലേക്ക് യേഹ്ശുവാ പ്രവേശിക്കുന്നത്!

അന്ത്യവിധിയും അസ്ഥികളുടെ താഴ്വരയും!

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും"(യോഹ: 5; 25- 29). ഈ വചനത്തിന്റെ വിശദാംശങ്ങളിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും തന്നെക്കുറിച്ച് യേഹ്ശുവാ ഈ വചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ബൈബിളില്‍ മറ്റൊരിടത്തും അവിടുന്ന് തന്നെക്കുറിച്ച് ദൈവപുത്രന്‍ എന്നു പരിചയപ്പെടുത്തിയിട്ടില്ല. അതായത്, മനുഷ്യന്റെ പാപപരിഹാരത്തിനായി ബലിയര്‍പ്പിച്ചത് പൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായ യേഹ്ശുവായായിരുന്നു. അവിടുന്ന് ദൈവമായിരുന്നുവെങ്കിലും, മുപ്പത്തിമൂന്നു വര്‍ഷക്കാലം പരിപൂര്‍ണ്ണ മനുഷ്യനായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാരണം, ദൈവമായിരിക്കെ, യേഹ്ശുവായ്ക്ക് മരിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, രക്ഷിക്കാനും ഭരണം നടത്താനും വിധി നടപ്പാക്കാനുമായി അവിടുന്ന് വീണ്ടും വരുന്നത്, ആകൃതിയില്‍ മനുഷ്യപുത്രനും പ്രകൃതിയില്‍ സമ്പൂര്‍ണ്ണ ദൈവവുമായിട്ടായിരിക്കും! എന്നേയ്ക്കുമുള്ള ഏകബലി അവിടുന്ന് അര്‍പ്പിച്ചുകഴിഞ്ഞു.അതുകൊണ്ടുതന്നെ, ഇനിയൊരു ബലി അവിടുന്ന് അര്‍പ്പിക്കുകയില്ല!

അന്ത്യവിധി നടപ്പാക്കുന്നതിനു മുന്‍പ് അല്പകാലത്തേക്ക് പിശാചിനെ തുറന്നുവിടേണ്ടിയിരിക്കുന്നു. പ്രവചനം ഇപ്രകാരമാണ്: "എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ ബന്ധത്തില്‍നിന്നു മോചിതനാകും. ഭൂമിയുടെ നാലു കോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒരുമിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരിയോളം ആയിരിക്കും"(വെളി: 20; 7, 8). ഈ പ്രവചനം വളരെ സൂക്ഷ്മതയോടെ മനസ്സിലാക്കേണ്ട ഒന്നാണ്. കാരണം, ഈ പ്രവചനത്തെ അനേകര്‍ തെറ്റിദ്ധരിക്കുകയും, ഈ പ്രവചനം എടുത്തുപയോഗിച്ചുകൊണ്ട്‌ അനേകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം അവസാനിച്ചതിനുശേഷം സംഭവിക്കുന്ന കാര്യമാണെന്ന് പ്രവചനത്തില്‍ത്തന്നെ വ്യക്തമാക്കിയിരിക്കുന്നതിനാല്‍, 'എതിര്‍ക്രിസ്തു' (എതിര്‍ മ്ശിഹാ) വീണ്ടും വരികയില്ല. കാരണം, മൃഗവും വ്യാജപ്രവാചകനും ഗന്ധകാഗ്നിത്തടാകത്തിലേക്കു എറിയപ്പെട്ടു കഴിഞ്ഞു. നരകത്തിലേക്ക് എറിയപ്പെട്ടവര്‍ പിന്നീടൊരിക്കലും തിരിച്ചു വരികയില്ല. മുന്നോട്ടുള്ള പഠനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എതിര്‍ക്രിസ്തുവിനെയും (ഈസാനബി), വ്യാജപ്രവാചകനെയും(മുഹമ്മദുനബി) അഗ്നിത്തടാകത്തിലേക്ക് എറിഞ്ഞത് ആയിരം വര്‍ഷം മുന്‍പാണ്. അന്ന് പിശാചിനെ ബന്ധിച്ചിട്ട ഇടം പാതാളമായിരുന്നുവെന്ന് നാം കണ്ടു.

സാത്താന്‍ എന്നേക്കുമായി ശിക്ഷിക്കപ്പെടുന്നത് ആയിരം വര്‍ഷത്തെ ഭരണത്തിനു മുന്‍പാണെന്നു ചില പെന്തക്കോസ്തു സമൂഹങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇതു തികച്ചും അവാസ്തവമാണ്. കാരണം, ആയിരം വര്‍ഷം ഇവനെ ബന്ധിക്കുമെന്ന പ്രവചനത്തോടൊപ്പം, അല്പകാലത്തേക്ക് ഇവന്‍ മോചിതനാകേണ്ടിയിരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ വായിക്കുന്നുണ്ട്. പെന്തക്കോസ്തു വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന അബദ്ധം ഇതുമാത്രമല്ല. ആയിരം വര്‍ഷം ബന്ധനസ്ഥനായിരുന്ന സാത്താന്‍ മോചനം പ്രാപിക്കുന്ന അവസരത്തില്‍, ഭൂമിയിലെ ഭരണാധികാരികളുമായി ചേര്‍ന്ന് യിസ്രായേലിനോടു യുദ്ധംചെയ്യുമെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. ഈ വ്യാഖ്യാനം അടിസ്ഥാനരഹിതമാണ്; എന്തെന്നാല്‍, യേഹ്ശുവായുടെ ഭരണം സ്ഥാപിതമാകുന്നത്, മറ്റെല്ലാ ഭരണകൂടങ്ങളെയും നീക്കിക്കളഞ്ഞതിനുശേഷമായിരിക്കും. ഭൂമി മുഴുവന്റെയും രാജാവായി വാഴുന്ന യേഹ്ശുവായുടെ ഭരണത്തിന്‍കീഴില്‍ മറ്റൊരു ഭരണകൂടം ഉണ്ടാകില്ല എന്നകാര്യം പെന്തക്കൊസ്തുകാര്‍ ചിന്തിച്ചില്ല! ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി ഒരുമിച്ചുകൂട്ടും എന്ന പ്രവചനത്തെ ഇവര്‍ തെറ്റിദ്ധരിച്ചു. അവിടെയുള്ള ഭരണകൂടങ്ങളാണ് യുദ്ധത്തിനായി ഒരുമിക്കുന്നത് എന്ന ധാരണയിലാണ് ഇക്കൂട്ടര്‍! എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല; മറിച്ച്, ബന്ധനത്തില്‍നിന്നു മോചനംപ്രാപിക്കുന്ന സാത്താന്‍, ഭൂമിയുടെ നാലു കോണുകളില്‍നിന്നായി യേഹ്ശുവായ്ക്കെതിരേ ഒരു സൈന്യത്തെ സ്വരുക്കൂട്ടും! ഇവിടെ ഒരു പ്രധാനപ്പെട്ട ചോദ്യം ഉയര്‍ന്നുവരാം. എന്തെന്നാല്‍, ആയിരം വര്‍ഷത്തെ ഭരണത്തിന്‍കീഴിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധര്‍ എങ്ങനെയാണ് യേഹ്ശുവായുടെ എതിരാളികളായി പരിണമിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

സ്വര്‍ഗ്ഗത്തിലെ അതിവിശുദ്ധിയിലേക്കു യോഗ്യത നല്‍കുന്നതിന് ഇനിയും അഗ്നിശുദ്ധി അനിവാര്യമാണ്. അതിനുള്ള പരീക്ഷണ കാലഘട്ടമാണ് ആയിരം വര്‍ഷം! യേഹ്ശുവായുടെ നാമത്തില്‍ ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കള്‍ ഉയിര്‍പ്പിക്കപ്പെടുകയും ഇവര്‍ ആയിരം വര്‍ഷത്തെ ഭരണത്തിന്റെ ഭാഗമാകുകയും ചെയ്യുന്നതോടൊപ്പം, മൃഗത്തിന്റെ മുദ്ര സ്വീകരിക്കാത്തവരെയും ഈ ഭരണം ആസ്വദിക്കാനായി തിരഞ്ഞെടുക്കുന്നുണ്ട്. ഈ ഭരണകാലത്ത് ജനനവും മരണവുമുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. നൂറു വയസ്സിനു മുന്‍പ് ആരെങ്കിലും മരിച്ചാല്‍ അതു ശിശുമരണമായിരിക്കും എന്ന പ്രവചനത്തിലൂടെ മരണമുണ്ടെന്ന സ്ഥിരീകരണം നമുക്കു ലഭിക്കുന്നു. അതുപോലെതന്നെ, ആയിരം വര്‍ഷത്തെ ഭരണകാലത്ത് ജനനം ഉണ്ടായിരിക്കും എന്നു സ്ഥിരീകരിക്കുന്ന പ്രവചനവും ബൈബിളിലുണ്ട്. ഈ പ്രവചനം നോക്കുക: "മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും"(യേശൈയാഹ്: 11; 8). അതായത്, യേഹ്ശുവായുടെ ഭരണകാലത്ത് മരണനിരക്ക് ഏറ്റവും താഴ്ന്നനിലയിലും വന്ധ്യത ഇല്ലാത്തതുകൊണ്ട് ജനന നിരക്ക് വളരെ ഉയര്‍ന്ന നിലയിലുമായിരിക്കും. അതിനാല്‍ത്തന്നെ, ആയിരം വര്‍ഷംകൊണ്ട് ഭൂമുഖമാകെ ജനനിബിഡമാകും! പ്രവചനവും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ബന്ധനത്തില്‍നിന്നു മോചിതനാകുന്ന സാത്താനാല്‍ വഴിതെറ്റിക്കപ്പെടുന്ന ജനങ്ങളുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരിയോളം ആയിരിക്കുമെന്നുള്ള പ്രവചനം നാം വായിച്ചതാണ്! യുദ്ധസജ്ജരായി വരുന്ന ഈ ജനത്തെ നേരിടുന്നത് യേഹ്ശുവായുടെ സൈന്യമല്ല. ഈ പ്രവചനം നോക്കുക: "അവര്‍ ഭൂതലത്തില്‍ കയറിവന്നു വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങി. അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും"(വെളി: 20; 9, 10).

ജനത്തെ വഴിതെറ്റിക്കാന്‍ സാദ്ധ്യതയുണ്ടായിരിക്കെ, എന്തിനാണ് സാത്താനെ തുറന്നുവിടുന്നത്? സ്വര്‍ഗ്ഗത്തില്‍ മാലാഖാമാരായി സൃഷ്ടിക്കപ്പെട്ടവരാണ് സാത്താനായി പരിണമിച്ചതെന്നു നമുക്കറിയാം. ഇവര്‍ ദൈവത്തെ മുഖാമുഖം കണ്ട് അവിടുത്തോടൊപ്പം ജീവിച്ചിട്ടും വ്യതിചലിച്ചു. എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനിന്ന ദൂതന്മാര്‍ ഇന്നും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. അതിനാല്‍ത്തന്നെ, യേഹ്ശുവായുടെ ഭരണത്തിന്‍കീഴിലും വ്യതിചലിക്കുന്നവരുടെ സംഘമുണ്ടാകും. ഇക്കൂട്ടര്‍ സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനു യോഗ്യതനേടുന്നത്, സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തും. ഇക്കാരണത്താല്‍ത്തന്നെ, വീണ്ടുമൊരു ശുദ്ധീകരണം അനിവാര്യമാകുന്നു. ഈസാനബിയും മുഹമ്മദും വസിക്കുന്ന അഗ്നിത്തടാകത്തിലേക്ക് സാത്താനോടൊപ്പം എറിയപ്പെടുന്ന ദിനംവരെ ഇവര്‍ യേഹ്ശുവായുടെ ഭരണത്തിന്‍കീഴില്‍ ജീവിക്കും!

എതിര്‍ക്രിസ്തു എന്നപേരില്‍ അറിയപ്പെടുന്ന ഈസാനബിയോ (മൃഗം), വ്യാജപ്രവാചകനായ മുഹമ്മദുനബിയോ ഈ കാലത്തെല്ലാം അഗ്നി എരിയുന്ന തടാകത്തിലായിരിക്കും എന്ന സ്ഥിരീകരണവും മുകളില്‍ നാം കണ്ട പ്രവചനത്തിലുണ്ട്. പിശാചിനെ ഇവരോടൊപ്പം നരകാഗ്നിയില്‍ തള്ളിയതിനുശേഷമാണ് അന്ത്യവിധി! ഈ വിധിയെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ഒന്നിതാണ്: "ഞാന്‍ വെണ്‍മയേറിയ ഒരു വലിയ സിംഹാസനവും അതില്‍ ഇരിക്കുന്നവനെയും കണ്ടു. അവന്റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിയകന്നു. അവയ്ക്ക് ഒരു സങ്കേതവും ലഭിച്ചില്ല. മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു. തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു. മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്‌നിത്തടാകം. ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു"(വെളി: 20; 11- 15).

പലവിധത്തിലുള്ള മരണത്തിലൂടെ ഇഹലോകവാസം വെടിഞ്ഞ ആളുകളുണ്ടെന്നു നമുക്കറിയാം. ചിലരുടെയെങ്കിലും മൃതദേഹങ്ങള്‍ എവിടെയാണെന്നുപോലും ആര്‍ക്കും അറിയില്ല. വിമാനം കടലില്‍ പതിച്ചും കപ്പല്‍ തകര്‍ന്നും മരണമടഞ്ഞ അനേകരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു ലഭിച്ചിട്ടില്ല. അഗ്നിക്കിരയായ പലരുടെയും അസ്ഥികള്‍പ്പോലും അവശേഷിക്കാത്ത അവസ്ഥയുമുണ്ട്. ഇത്തരം ശരീരങ്ങളടക്കം മൃതിയടഞ്ഞ സകലരും ശരീരത്തോടെതന്നെ വീണ്ടും ജീവന്‍ പ്രാപിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. യെസെക്കിയേല്‍ പ്രവചനത്തില്‍ നാം വായിക്കുന്ന അസ്ഥികളുടെ താഴ്വര ഇതാണു സൂചിപ്പിക്കുന്നത്! പ്രവചനം ഇപ്രകാരമാണ്: "യാഹ്‌വെയുടെ കരം എന്റെമേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി. അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ യാഹ്‌വേ, അങ്ങേക്കറിയാമല്ലോ. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, യാഹ്‌വെയുടെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക. ദൈവമായ യാഹ്‌വെ ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും"(യെസെക്കി: 37; 1- 5). ഇതാണ് ഓരോ മനുഷ്യരുടെയും പുനരുത്ഥാനം! ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കാളികളാകാത്ത സകല മര്‍ത്യരും ഉയിര്‍പ്പിക്കപ്പെടുന്നത് ഈ അവസരത്തിലാണ്! പ്രവചനത്തിന്റെ തുടര്‍ച്ച നോക്കുക: "ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് യാഹ്‌വെ എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും"(യെസെക്കി: 37; 6).

സത്യദൈവത്തെ തിരിച്ചറിയാത്തവരും, അവിടുത്തെ ദൈവമായി ആരാധിക്കാത്തവരുമായ ജനതകളും ഉയിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. തുടര്‍ന്നുള്ള ഭാഗം ശ്രദ്ധിക്കുക: "എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ചേര്‍ന്നു. ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മ്മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്ന് ഈ നിഹിതന്മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ. അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു"(യെസെക്കി: 37; 7- 10). അതായത്, ശരീരത്തെ ഉയിര്‍പ്പിക്കുകയും ശരീരത്തില്‍ ആത്മാവിനെ നിവേശിപ്പിച്ചുകൊണ്ട് ജീവന്‍ നല്‍കുകയും ചെയ്യുന്നു. കാരണം, വചനം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്"(യോഹ: 6; 63). കുറച്ചുകൂടി പൂര്‍ണ്ണതയോടെയുള്ള വെളിപ്പെടുത്തലാണ് യേഹ്ശുവാ നടത്തിയിരിക്കുന്നത്. ആത്മാവും ജീവനുമായ വചനമാണ് മരിച്ചവര്‍ക്കു പുനരുത്ഥാനം നല്‍കുന്നത്! ആ വചനം യേഹ്ശുവാ തന്നെയാണ്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു"(യോഹ: 5; 21).

യിസ്രായേല്‍ജനത്തിന്റെ ആത്മീയവും ഭൗതീകവുമായ അവസ്ഥകളെ പ്രതീകമാക്കിക്കൊണ്ടാണ് പ്രവാചകന്മാര്‍ പ്രവചനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. അന്ത്യകാലത്തു സംഭവിക്കേണ്ട കാര്യങ്ങളെല്ലാം ഇത്തരത്തില്‍ പ്രവചിച്ചിരിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയും. അന്ത്യവിധിയുമായി ബന്ധപ്പെട്ട ഓരോ പ്രവചനങ്ങളും ഇപ്രകാരംതന്നെയാണ്! ആത്മാവില്‍ വിവേചിക്കാതെ വ്യാഖ്യാനത്തിനു മുതിരുന്നവര്‍ക്ക് പിഴവുവരുന്നതും ഇക്കാരണത്താല്‍തന്നെ! യെരുശലേം ദൈവാലയത്തിന്റെ നിര്‍മ്മാണം, ചുവന്ന പശു, മൃഗത്തിന്റെ പ്രതിമ ദൈവാലയത്തില്‍ സ്ഥാപിക്കല്‍, ദൈവാലയത്തിലെ ബലി നിര്‍ത്തലാക്കല്‍ തുടങ്ങിയ വിഷയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചരണം നടത്തുന്ന പെന്തക്കോസ്തുകാരും ഇരുട്ടില്‍ത്തപ്പുകയാണ്! യിസ്രായേലുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ എല്ലാംതന്നെ, ആധുനീക യിസ്രായേലായ ക്രൈസ്തവരിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. സത്യം മനസ്സിലാക്കിയാല്‍ സ്വന്തം സഭകളെ പിരിച്ചുവിട്ട് കത്തോലിക്കാസഭയോടു ചേരേണ്ടിവരും എന്നതാണു പരമാര്‍ത്ഥം! ഈ വിഷയത്തെ മുഖ്യമായെടുത്തുകൊണ്ടുള്ള ഒരു ലേഖനം പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നതിനാല്‍, കൂടുതല്‍ വിവരണങ്ങളിലേക്കു മനോവ കടക്കുന്നില്ല. എന്നാല്‍, യെസെക്കിയേല്‍ പ്രവചനത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന യിസ്രായേല്‍ ഏതാണെന്നു നമുക്കു പരിശോധിക്കേണ്ടിയിരിക്കുന്നു.

പ്രവചനം ശ്രദ്ധിക്കുക: "അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ യിസ്രായേല്‍ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്ന് നിങ്ങളെ ഉയര്‍ത്തും, യിസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും. എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് യാഹ്‌വെ എന്ന് നിങ്ങള്‍ അറിയും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും. യാഹ്‌വെയായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. യാഹ്‌വെ അരുളിച്ചെയ്യുന്നു"(യെസെക്കി: 37; 11- 14). യിസ്രായേലിന്റെ പ്രവാസത്തെ പ്രതീകമാക്കി പുനരുത്ഥാനത്തെക്കുറിച്ചു പ്രവചിച്ചിരിക്കുന്നതാണ് നാമിവിടെ വായിച്ചത്. ഈ അസ്ഥികള്‍ യിസ്രായേല്‍ഭവനം മുഴുവനുമാണ് എന്ന പ്രയോഗം ഗൗരവമായി എടുക്കണം. കാരണം, ക്രൈസ്തവരെ മാറ്റിനിര്‍ത്തിയാല്‍ യിസ്രായേല്‍ഭവനം മുഴുവനാകുകയില്ല. പഴയ യിസ്രായേല്‍ പൂര്‍ണ്ണതപ്രാപിക്കുന്നത് ആധുനീക യിസ്രായേലിലൂടെയാണ്! പഴയ യിസ്രായേലില്‍ അവശേഷിക്കുന്നവരെക്കൂടി പുതിയ യിസ്രായേലിന്റെ ഭാഗമാക്കുമ്പോള്‍, യേഹ്ശുവായുടെ ദൗത്യം അന്ത്യഘട്ടത്തിലേക്കു പ്രവേശിക്കും. ആയിരം വര്‍ഷത്തെ ഭരണത്തിനു മുന്‍പുതന്നെ യിസ്രായേല്‍ രക്ഷപ്രാപിക്കുകയും, യേഹ്ശുവായുടെ ഭരണത്തിന്റെ ഭാഗമാകുകയും ചെയ്യും. ആയതിനാല്‍, അന്ത്യവിധിയുടെ സമയത്താണ് യിസ്രായേല്‍ സത്യം ഗ്രഹിക്കുന്നതെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്! അന്ത്യവിധി മാനസാന്തരത്തിന്റെ ദിനമല്ല; നീതിമാന്മാര്‍ക്കു രക്ഷയുടെയും യേഹ്ശുവായുടെ വൈരികളായ നിയമലംഘകര്‍ക്കു പ്രതികാരത്തിന്റെയും ദിനമാണ് അത്!

അന്ത്യവിധിയുടെ നാളില്‍ അവിടുന്ന് എപ്രകാരമാണു വര്‍ത്തിക്കുന്നതെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്ന വചനം നോക്കുക: "അന്ന് പലരും എന്നോടു ചോദിക്കും: യേഹ്ശുവായേ, യേഹ്ശുവായേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും"(മത്താ: 7; 22- 24). ദൈവവചനത്തോടു വിമുഖത കാണിക്കുകയും അവയ്ക്കുപരിയായി ലോകത്തിന്റെ നിയമങ്ങള്‍ അനുശാസിക്കുകയും ചെയ്യുന്നവര്‍ ഭയത്തോടെ തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ് യേഹ്ശുവാ അനാവരണം ചെയ്തിരിക്കുന്നത്. സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് അവിടുന്നു നല്‍കിയ പരമപ്രധാനമായ കല്പന ഇതായിരുന്നു; "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18- 20). സുവിശേഷം പ്രചരിപ്പിക്കുന്നതിനെ പരിഹസിക്കുന്ന ചില ഊളന്മാര്‍ സഭയുടെ അധികാരശ്രേണികളില്‍ അനധികൃതമായി കടന്നുകൂടിയിട്ടുണ്ട്. എല്ലാ മതങ്ങളിലും രക്ഷ പ്രഘോഷിക്കുന്ന ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്തില്ലെങ്കില്‍, നിങ്ങള്‍ക്കുവേണ്ടി ഇനിയും മരിക്കാന്‍ മറ്റൊരു യേഹ്ശുവാ ഇല്ല! മായംചേര്‍ക്കാതെയും വളച്ചൊടിക്കാതെയും വചനം പ്രഘോഷിക്കുകയെന്നത് ഓരോ ക്രൈസ്തവന്റെയും കടമയാണ്. വചനത്തെ പൂര്‍ണ്ണതയോടെ പ്രസംഗിക്കാത്തവരോട് 'നിങ്ങളെ ഞാന്‍ അറിയില്ല' എന്ന് യേഹ്ശുവാ പറയും!

ആയതിനാല്‍, അവിടുത്തെ മഹാദിനത്തെ നേരിടുന്നതിനുള്ള ശക്തിയാര്‍ജ്ജിക്കാന്‍ നമുക്കു പരിശ്രമിക്കാം. ഭൂമിയുടെ അന്ത്യം അസംഭവ്യമാണെന്നു പ്രചരിപ്പിക്കുന്നവര്‍ സഭകളില്‍തന്നെയുണ്ട്. ഇത്തരക്കാരുടെ ജല്പനങ്ങള്‍ക്കു ചെവികൊടുക്കുന്നതുപോലും അപകടമാണ്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണ് രണ്ടാമത്തെ മരണം- അഗ്നിത്തടാകം. ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു"(വെളി: 20; 14, 15).  അവിടുത്തെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിയകന്നുവെന്ന പ്രവചനത്തിന്റെ സ്ഥിരീകരണമാണ് അപ്പസ്തോലനായ കേപ്പാ നല്‍കിയിരിക്കുന്നത്. ആ വചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം! ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു"(2 കേപ്പാ: 3; 10- 13).

ഉപസംഹാരം!

യേഹ്ശുവായുടെ പുനരാഗമനം അവിടുത്തെ രണ്ടാമത്തെ ദൗത്യത്തിന്റെ ആരംഭമായിരിക്കുമെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കി. എതിര്‍ മ്ശിഹായെയും വ്യാജപ്രവാചകനെയും അഗ്നിത്തടാകത്തിലേക്ക് എറിയുകയും സാത്താനെ ആയിരം വര്‍ഷത്തേക്ക് പാതാളത്തില്‍ ബന്ധിക്കുകയും ചെയ്തതിനുശേഷമാണ് യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴുന്നത്. ഈ ഭരണത്തില്‍ പങ്കാളികളാകാന്‍ യോഗ്യത ലഭിക്കാത്തവരുടെ ആത്മാക്കള്‍ ആയിരം വര്‍ഷംവരെ ഉയിര്‍പ്പിക്കപ്പെടുകയില്ല. ആയിരം വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോള്‍, അല്പകാലത്തേക്കു സാത്താന്‍ മോചിപ്പിക്കപ്പെടുകയും, അവന്റെ ആളുകള്‍ അവനെ സ്വീകരിക്കുകയും ചെയ്യും. ആകാശത്തുനിന്ന് ഇറങ്ങിവരുന്ന അഗ്നിയാല്‍ ഇവരെല്ലാം നിഹനിക്കപ്പെടുകയും സാത്താനും അവനെ അനുഗമിക്കുന്നവരും നിത്യകാലത്തേക്ക് നരകത്തില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. നീതിമാന്മാര്‍ യേഹ്ശുവായോടൊപ്പം സംവഹിക്കപ്പെടുമ്പോള്‍ അവിടുത്തെ ദൗത്യം പൂര്‍ത്തിയാകുകയും, അവിടുന്ന് പരിപൂര്‍ണ്ണ ദൈവമായി സ്വര്‍ഗ്ഗത്തില്‍ എന്നേക്കും വാഴുകയും ചെയ്യും. അന്ന് അവിടുന്ന് ഒരുവന്‍ മാത്രമായിരിക്കും; അവിടുത്തേക്ക്‌ ഒരു നാമം മാത്രവും!

ഈ ലേഖനം വായിക്കുന്നവരില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചില സംശയങ്ങളെ ദൂരീകരിക്കേണ്ടത്‌ മനോവയുടെ ഉത്തരവാദിത്വമാണ്. ആയതിനാല്‍, ഇതിന്റെ തുടര്‍ച്ചയായി ഒരു ലേഖനംകൂടി അനിവാര്യമായിരിക്കുന്നു. 'കത്തോലിക്കാസഭയും ആധുനീക യിസ്രായേലും' എന്ന ലേഖനം ഉടന്‍ പ്രതീക്ഷിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7727 views

LOG IN

Lost your password?

SIGN UP

LOST PASSWORD